2019 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ഇപ്പോൾ കാശ്മീരിലുള്ള ശാന്തതയെ എങ്ങനെ കാണാം? ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കിയ പാകിസ്ഥാൻറ്റെ നടപടിയും, കൈലാസ്-മാനസരോവർ യാത്രക്കാർക്ക് വിസ നിഷേധിച്ച ചൈനയുടെ നടപടിയും എന്താണ് കാണിക്കുന്നത്? ഇന്ത്യയും അതേ രൂപത്തിൽ തിരിച്ചു പ്രതികരിക്കണമോ? - വേണ്ടന്നാണ് തോന്നുന്നത്.

കാശ്മീർ വിഷയത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കി പാകിസ്ഥാനും, കൈലാസ്-മാനസസരോവർ യാത്രക്കാർക്ക് വിസ നിഷേധിച്ച് ചൈനയും പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും ഇത്തരം രൂക്ഷമായ പ്രതികരണങ്ങൾ അധികം നാൾ നീണ്ടു നിൽക്കാൻ സാധ്യതയില്ല. കാരണം അറബ് രാജ്യങ്ങളിൽ നിന്നോ, റഷ്യയിൽ നിന്നോ, അമേരിക്കയിൽ നിന്നോ ആർട്ടിക്കിൾ 370-ഉം, 35 A -യും റദ്ദാക്കിയതിൽ ഒരു പ്രതിഷേധവും വന്നിട്ടില്ല. അത്തരത്തിലുള്ള പ്രതിഷേധങ്ങളൊന്നും വരാത്തതിന് ആഴമേറിയ കാരണങ്ങളുണ്ട്. അതൊക്കെ ഒന്ന് പരിശോധിക്കുന്നത് ഇപ്പോൾ നന്നായിരിക്കും.

ചൈനയെ സംബന്ധിച്ചിടത്തോളം ഷിൻജിയാങ് പ്രവിശ്യയിലെ ഉയിരൂർ വംശജർ വലിയ തലവേദനയാണ്. 1949-ൽ 'ഓട്ടോണമസ്' പദവി കൊടുത്തു ചൈനയിൽ ചേർന്ന ഒരു വലിയ പ്രവിശ്യയാണ് ഷിൻജിയാങ്. അവിടെ ജീവിക്കുന്നവർ ഉയിരൂർ മുസ്ലിങ്ങൾ (ഉയകുർ എന്നും പറയാം) ടർക്കിഷ് പാരമ്പര്യം ഉള്ളവരാണ്. കശ്മീരികളെ പോലെ തന്ന പ്രത്യേക സംസ്കാരവും, ഭാഷയും ഉള്ളവരാണ് ഉയിരൂർ വംശജരും. അവർക്കിടയിൽ തീവ്രവാദവും സ്വതന്ത്ര രാജ്യത്തിന് വേണ്ടിയുള്ള മുറവിളിയും, ടർക്കി ദേശിയതും മുർച്ഛിച്ചതോടെ ചൈനയുടെ സ്വഭാവം മാറി. മുസ്‌ലീം പള്ളികൾ തകർത്തു; ഭൂരിപക്ഷമായ ഹാൻസ് വംശജരെ ഷിൻജിയാങ്ങിൽ കുടിയേറുവൻ ചൈനീസ് ഭരണകൂടം പ്രോത്സാഹിപ്പിച്ചു; അതിന് എല്ലാ സഹായവും ചൈനീസ് പട്ടാളം കൊടുത്തു. മത ചിന്ത മാറ്റിയെടുക്കുവാൻ ചൈനീസ് സർക്കാർ വക ക്യാമ്പുകൾ തുടങ്ങി. ഇപ്പോൾ ഒരു മില്യണിൽ ഏറെ ഉയിരൂർ വംശജർ ചൈനീസ് ക്യാമ്പുകളിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ക്രൂരമായ പീഢനങ്ങളും, കുടുംബത്തിൽ നിന്ന് ബലമായി പിടിച്ചുകൊണ്ട് പോകുന്നതും ഒക്കെ ഷിൻജിയാങ് പ്രവിശ്യയിൽ പതിവാണെന്നും പറയപ്പെടുന്നു. ആംനെസ്റ്റി പോലെയുള്ള മനുഷ്യാവകാശ സംഘടനകൾ ചൈനീസ് പട്ടാളം ഉയിരൂർ മുസ്ലീങ്ങളോട് കാണിക്കുന്ന ഈ വംശീയ വിദ്വേഷത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. ആംനെസ്റ്റി മാത്രമല്ലാ; പല ലോക രാജ്യങ്ങളും ഉയിരൂർ മുസ്ലീങ്ങളോട് ചൈന കാണിക്കുന്ന ഈ അടിച്ചമർത്തൽ നയങ്ങളോട് പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷെ ചൈന ഷിൻജിയാങ് പ്രവിശ്യയിൽ നിയന്ത്രണങ്ങളുടേയും, അടിച്ചമർത്തലിൻറ്റേയും കാര്യത്തിൽ ഒരു അയവും വരുത്താൻ ഒരുക്കമല്ല. ഇസ്‌ലാമിക തീവ്രവാദത്തെ ചൈന വല്ലാതെ ഭയപ്പെടുന്നതാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ നീങ്ങുമ്പോൾ ചൈന പിന്നെങ്ങനെ കാശ്മീരിലെ മുസ്ലീങ്ങൾക്ക് അനുകൂലമായി സംസാരിക്കും?

ഇനി റഷ്യയുടെ കാര്യം നോക്കാം. റഷ്യൻ പ്രസിഡൻറ്റ് വ്ളാഡിമീർ പുടിൻ ഭീകരതക്കെതിരേ വലിയ വാചകമടിച്ചു. പക്ഷെ തീവ്ര ഇസ്‌ലാമിനെ അനുകൂലിക്കുന്ന ടർക്കി റഷ്യയുടെ അത്യാധുനിക യുദ്ധവിമാനം ആക്രമിച്ചു വീഴ്ത്തി. നേരത്തെ റഷ്യയുടെ യാത്രാവിമാനം ഇസ്‌ലാമിക ഭീകരർ ബോംബ് വെച്ച് തകർത്തിരുന്നു. റഷ്യൻ അംബാസിഡറും ടർക്കിയിൽ വെച്ച് വെടിവെച്ചു കൊല്ലപ്പെട്ടിരുന്നു. പുടിൻ ഐസിസിനെതിരെ സിറിയയിൽ ആക്രമണം തുടങ്ങിയപ്പോൾ ഐസിസിലേക്ക് രണ്ടായിരത്തോളം റഷ്യക്കാരെ ചേർന്നിരിന്നുള്ളൂ. ഏറ്റവും ഒടുവിലായി റഷ്യൻ ടി. വി. പോലും പറഞ്ഞത് 7000-ലേറെ പേർ റഷ്യയിൽ നിന്ന് ഐസിസിലേക്ക്  ചേർന്നു എന്നാണ്. മതം പശ്ചിമേഷ്യയിലും, സമീപ രാജ്യങ്ങളിലും ഒരു മൊബിലൈസിങ്ങ് ഫാക്ടർ ആണെന്നുള്ള കാര്യം ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആണവ ശക്തിയായ പാക്കിസ്ഥാനിലെ അസ്ഥിരത ലോകം മുഴുവൻ ഭയക്കുന്ന ഒന്നാണ്. പാക്കിസ്ഥാനിൽ നിന്നും, അഫ്‌ഗാനിസ്ഥാനിൽ നിന്നും മധ്യേഷ്യയിലുള്ള മുൻ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളായിരുന്ന പല രാജ്യങ്ങളിലേക്കും ഇസ്ലാമിക തീവ്രവാദം പടരുന്നത് റഷ്യയെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്.

അമേരിക്കയും ഈ ഇസ്‌ലാമിക തീവ്രവാദത്തിൻറ്റെ കാര്യത്തിൽ ആശങ്കാകുലരാണ്. പശ്ചിമേഷ്യൻ രാജ്യമായ ഇറാനിലോക്കെ കടുത്ത അമേരിക്കൻ വിരുദ്ധതയാണ് ഇപ്പോൾ വളരുന്നത്. ഐ.എസ്സി - നെ പോലെയുള്ള തീവ്രവാദി ഗ്രൂപ്പുകൾക്ക് വളരെ വിദഗ്ദ്ധരായ സൈബർ പോരാളികൾ ഉണ്ടെന്ന് ഇപ്പോൾ അമേരിക്ക തന്നെ അംഗീകരിച്ചു കഴിഞ്ഞു. തീവ്രവാദ സംഘടനകളിലെ സൈബർ പോരാളികൾ ഇനി അമേരിക്കയിലെയും, യൂറോപ്പിലെയും സൈനിക പാസ് വേർഡുകൾ മനസ്സിലാക്കുകയാണെങ്കിൽ ലോകം ഭീതിയുടെ കാലത്തേക്കായിരിക്കും പോകുക എന്നത് നിസംശയം പറയാം. അതൊക്കെ '24' പോലുള്ള അമേരിക്കൻ ടെലിവിഷൻ സീരിയലുകൾ ഇപ്പോൾ തന്നെ കാണിക്കുന്നുണ്ട്. പാശ്ചാത്യ ശക്തികളുടെ കയ്യിലുള്ള ആണവായുധം കൊണ്ടൊന്നും ഇനീയിപ്പോൾ ഒരു കാര്യവുമില്ല. മത തീവ്രവാദത്തിനെതിരെ പൗര സമൂഹത്തിൽ ഇടപെടുന്നതിനും, വിവിധ മത വിശ്വാസങ്ങളിലുള്ള ജന വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കുന്നതിനും മുമ്പ് മതം ഉപയോഗിച്ച് ഭീകരപ്രവർത്തനം നടത്തുന്നവരെ അമർച്ച ചെയ്യേണ്ടതുണ്ട്.

അധികാരത്തിൽ കേറിയ ആദ്യ നാളുകളിൽ അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപ് ഐസിസി - ൻറ്റെ നാളുകൾ എണ്ണപ്പെട്ടിരിക്കയാണെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ ട്രംപിനും കാര്യങ്ങൾ പതുക്കെ മനസ്സിലായി വരികയാണ്. 2011 മെയ് 2-ന് ഒസാമ ബിൻ ലാദൻ  വധിക്കപ്പെട്ടതോടെ അമേരിക്കയേയും പാശ്ചാത്യരാജ്യങ്ങളേയും ഭയത്തിലാഴ്ത്തിയ ഇസ്ലാമിക ഭീകരവാദം അവസാനിച്ചെന്നു കരുതിയവർക്കു തെറ്റി എന്ന് ഇപ്പോൾ ട്രംപ് പോലും അംഗീകരിക്കുകയാണ്. തൻറ്റെ  ആയുഷ് കാലത്ത് യാഥാർഥ്യമാവുമെന്ന് ബിൻ ലാദന് പോലും സ്വപ്നം കാണാത്ത അവകാശവാദങ്ങളുമായിട്ടാണ് അൽ ഖ്വെയ്ദയുടെ പിൻഗാമിയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് അൽഷം (ഐ.എസ്.ഐ.എസ്.) വന്നത്. സൗദി അറേബ്യയിൽ നിന്ന് അമേരിക്ക പുറത്തുപോവുക, ഇസ്രായേലിനെ ഇല്ലാതാക്കുക തുടങ്ങിയ മിനിമം ലക്ഷ്യങ്ങളേ ലാദനും അൽ ഖ്വെയ്ദയ്ക്കുമുണ്ടായിരുന്നുള്ളൂ. എന്നാൽ, പാകിസ്താൻ മുതൽ പൂർവ യൂറോപ്പു വരേയും പശ്ചിമേഷ്യ മുതൽ വടക്കനാഫ്രിക്ക വരേയും പരന്നുകിടക്കുന്ന ഖിലാഫത്ത് രൂപവൽകരിക്കുകയും, വരാൻ പോകുന്ന ലോകാവസാനത്തിനു മുമ്പ് അവിശ്വാസികളെ മുഴുവൻ കൊന്നൊടുക്കുകയുമാണ് ഇസ്ലാമിക് സ്റ്റേറ്റിൻറ്റെ ലക്ഷ്യം. 2014 അവസാനിച്ചപ്പോൾ എണ്ണപ്പാടങ്ങളും അണക്കെട്ടുകളും ഹൈവേകളും ഉൾപ്പെടുന്ന 90,000 ചതുരശ്രകിലോമീറ്റർ പ്രദേശം ഇറാഖിലും സിറിയയിലുമായി ഐ.എസ്സിൻറ്റെ നിയന്ത്രണത്തിലായി. ഇപ്പോൾ സൈനികമായി ഐസിസി - നെ കീഴ്‌പ്പെടുത്തി അവർക്ക് നേരിട്ട് സ്വാധീനമുള്ള മേഖലകളിൽ നിന്ന് തുരത്തിയോടിച്ചു എന്നേയുള്ളൂ. ലോകത്തിലെ പലയിടങ്ങളിലും വിവിധ ഗ്രൂപ്പുകളിൽ പെട്ട ഇസ്‌ലാമിക തീവ്രവാദികൾക്ക് ഗണ്യമായ സ്വാധീനം ഇപ്പോഴും ഉണ്ട്. നാഷണൽ ജ്യോഗ്രഫിക്ക് ഇത് നന്നായി കാണിച്ചിട്ടുണ്ട്. അമേരിക്കയിലെ കറുത്ത വർഗക്കാർക്കിടയിൽ പോലും തീവ്ര ഇസ്‌ലാമിക സ്വാധീനം ഏറുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇത്ര വിപുലമായ സംവിധാനമുള്ള ഇസ്‌ലാമിക തീവ്രവാദത്തെ പെട്ടെന്നൊന്നും കീഴ്പ്പെടുത്താൻ പറ്റില്ലെന്ന് കാര്യത്തോടടുത്തപ്പോൾ ട്രംപിനും മനസ്സിലായി. ചുമ്മാ വാചകമടിക്കുന്നതു പോലെയല്ലല്ലോ യഥാർഥ്യത്തിലുള്ള കാര്യങ്ങൾ!

അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ കേറിയത്തിൽ പിന്നെ ഭീകര പ്രവർത്തകർക്കെതിരെ നിലപാട് ശക്തമാക്കാൻ  പാക്കിസ്ഥാനെതിരെ സമ്മർദം ശക്തമാക്കിയിരിക്കയാണ്. ഇസ്‌ലാമിക തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും, അവരെ കുറ്റ വിചാരണ ചെയ്യുകയും, ശിക്ഷിക്കുകയും ചെയ്യണം എന്ന് യാതൊരു അർത്ഥശങ്കയ്ക്കും ഇടയില്ലാത്ത രീതിയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. 16 വർഷത്തിൽ ഏറെയായി അഫ്ഗാനിസ്ഥാനിൽ ഇടപെട്ടിട്ട് അമേരിക്കക്ക് വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തിലാണ് അമേരിക്കയുടെ ഭീകരതക്കെതിരെയുള്ള ഈ നീക്കം. വൻതോതിൽ അമേരിക്കൻ സഹായം കൈക്കൊള്ളുന്ന രാഷ്ട്രം എന്ന നിലക്ക് പാക്കിസ്ഥാന് അമേരിക്കൻ തിട്ടൂരം അനുസരിക്കാതെ നിവൃത്തിയില്ല. അമേരിക്കയുടെ ഈ കർക്കശ നിലപാടാണ് കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ ഏറ്റവും നിർണായകമായിട്ടുള്ളത്. ഇതാണ് നമ്മൾ പ്രധാനമായും കാശ്മീരിൻറ്റെ കാര്യത്തിൽ കാണേണ്ടത്. മിക്കവാറും അമേരിക്കയുടേയും, ചൈനയുടേയും, പാക്കിസ്ഥാൻറ്റേയും മൗനാനുവാദത്തോടെയായിരിക്കും ആഭ്യന്തര മന്ത്രി അമിത് ഷാ ആർട്ടിക്കിൾ  370-ഉം, 35 A -ലിലൂടെയും കാശ്മീർ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കിയത്. അത് പുറത്ത് പറയുന്നില്ലെന്ന് മാത്രം. പാക്കിസ്ഥാനിലും ചൈനയിലും ഇസ്‌ലാമിക ഭീകരതക്കെതിരെ ജനവികാരം ശക്തമായുണ്ട് എന്നുകൂടി കാണുമ്പോഴാണ് കാശ്മീരിലെ തീവ്രവാദം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ സർക്കാരിൻറ്റെ നടപടിക്ക് പിന്തുണ ഏറുന്നത്. 

'കോഡ് ഓഫ് മോസസ്' അല്ല ഇന്നത്തെ ക്രിസ്ത്യാനിറ്റി. 'കോഡ് ഓഫ് മോസസ്' അല്ലെങ്കിൽ മോശയുടെ നിയമമനുസരിച്ച് വേശ്യയായ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണമായിരുന്നു. അങ്ങനെയാണ് മഗ്ദലന മറിയത്തെ കല്ലെറിയാൻ ഓടിച്ചത്. അപ്പോൾ ക്രിസ്തു ഒരു പുതിയ ന്യായ പ്രമാണം കൊടുത്തു: "നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" - എന്നുള്ളത്. ആ രീതിയിലുള്ള ആധുനികവൽക്കരണ പ്രക്രിയ ഇന്നും പല ഇസ്ലാമിക രാജ്യങ്ങളിലും വന്നിട്ടില്ല എന്നതാണ് ഇന്നത്തെ ലോകത്തുള്ള ഒരു വലിയ പ്രശ്നം. യൂറോപ്പിലെ ക്രൈസ്തവ സമൂഹത്തിൽ ഉണ്ടായ ആധുനികവൽക്കരണ പ്രക്രിയയാണ് ഇസ്ലാമിലും ഇന്ന് വരേണ്ടത്.  'റിഫർമേഷൻ', 'റെനൈസാൻസ്', 'എൻലൈറ്റൻമെൻറ്റ്' - ഈ പ്രസ്ഥാനങ്ങൾ മധ്യകാല യൂറോപ്പിലെ മതത്തിൻറ്റെ സർവാധിപത്യത്തെ എല്ലാ രീതിയിലും വെല്ലു വിളിച്ചു. സ്വന്തം മതം പറയുന്നതെല്ലാം ശരിയാണ് എന്ന് അന്ധമായി യൂറോപ്പിലെ ക്രിസ്ത്യാനികൾ  വിശ്വസിച്ചിരുന്നെങ്കിൽ ഈ നവീകരണ, നവോത്ഥാന പ്രസ്ഥാനങ്ങൾ ഉണ്ടാവുകയില്ലായിരുന്നു; യൂറോപ്പും അമേരിക്കയും ഇന്നു കാണുന്ന സാമൂഹ്യ, സാമ്പത്തിക പുരോഗതി നേടുകയില്ലായിരുന്നു.

ഇന്ന് യൂറോപ്പിലും, അമേരിക്കയിലും ഉള്ളത് 'പോസ്റ്റ് ക്രിസ്ത്യൻ' സമൂഹങ്ങളാണ്. വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാമുഖ്യം കൊടുക്കുന്നവർ. മതം അല്ല അവിടെ ഭരണ കൂടത്തിൻറ്റെ നയങ്ങൾ തീരുമാനിക്കുന്നത്. വികസിത രാജ്യങ്ങളിൽ മതവും, മതപരമായ ആചാരങ്ങളും ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യതയുടെ ഭാഗമാണ്. അത്തരത്തിലുള്ള ഒരു ആധുനികവൽക്കരണ പ്രക്രിയയാണ് ഇന്നത്തെ ഇസ്ലാമിക സമൂഹങ്ങളിലും വരേണ്ടത്. യു.എ.ഇ.-യും, ദുബായ് സിറ്റിയും ഒക്കെ ഇങ്ങനെ ആധുനികവൽക്കരിക്കപ്പെട്ട പ്രദേശങ്ങളാണ്. യു.എ.ഇ. സർക്കാർ അതുകൊണ്ടു തന്നെ മുസ്ലിം തീവ്രവാദത്തെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കുന്നില്ല. വിദേശികൾക്ക് ആർക്കെങ്കിലും തീവ്രവാദവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടാൽ ദുബായ് സർക്കാർ ഉടനടി അവരെ 'ഡീപ്പോർട്ട്' ചെയ്യും. അങ്ങനെയുള്ള നാടുകടത്തലിനു വിധേയമായി കേരളത്തിൽ ദുബായിൽ നിന്ന് തിരിച്ചെത്തിയവരും ഉണ്ടല്ലോ. മിതവാദികളെ കൂട്ട് പിടിച്ചാണ് ഇന്ന് മുസ്ലിം സമുദായത്തിനുള്ളിൽ പ്രചരിക്കുന്ന തീവ്രവാദത്തെ നേരിടേണ്ടത്. മുസ്ലിം എക്സ്ട്രീമിസ്റ്റുകളേയും, മോഡറേറ്റ്സുകളേയും തമ്മിൽ വേർതിരിച്ച് അറിയാനുള്ള വിവേകമാണ് ഇന്ന് സർക്കാരുകൾ കാണിക്കേണ്ടത്.

ഈ രീതിയിലുള്ള ഒരു സമീപനം കാശ്മീരിലെ മുസ്‌ലീം സമൂഹത്തിൽ നടപ്പിൽ വരുമോ എന്നാണ് ഇനി കാണേണ്ടത്. കേരളത്തിൽ ഫ്ളാഷ് മോബ് കളിച്ച മുസ്ലിം പെൺകുട്ടികളെ പോലെ ചിലരെങ്കിലും പ്യൂരിറ്റൻ ഇസ്ലാമിൽ നിന്ന് കൂടുതൽ കൂടുതൽ അകലുകയാണ്.  അത് വളരെ നല്ലതുമാണ്. സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും കേരളത്തിൽ നിന്ന് ഒരു മുസ്ലിം വനിതാ അത്ലറ്റിനെ ചൂണ്ടി കാണിക്കുവാനില്ലാ എന്ന വസ്തുതക്ക് കാരണം തേടി പോകുമ്പോൾ പ്യൂരിറ്റൻ ഇസ്‌ലാമാണ് അതെന്ന് കാണാൻ വലിയ ഗവേഷണത്തിൻറ്റെ ഒന്നും ആവശ്യമില്ല. കാശ്മീരിലെ സൂഫി പാരമ്പര്യത്തിൽ നിന്ന് ഇസ്‌ലാമിക തീവ്രവാദം അവിടെ വളർന്നതിൽ പിന്നെ പ്യൂരിറ്റൻ ഇസ്‌ലാമിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് കാണാൻ സാധിക്കുന്നത്. 

പാക്കിസ്ഥാൻറ്റെ പ്രതിഫലം പറ്റുന്ന ഇന്നത്തെ കാശ്മീരിലെ വിഘടന വാദി നേതാക്കളാരും സാധാരണക്കാരല്ലാ. ആധുനികതക്കെതിരെ പൃഷ്ഠം കാണിക്കുന്ന ഇന്ത്യയിലെ യാഥാസ്ഥിതികരായ മുസ്ലീം മത നേതാക്കളിൽ പലരും മുസ്ലീം രാജ്യങ്ങൾ തന്നെ നിരോധിച്ചിട്ടുള്ള 'മുത്തലാക്ക്'-നെ ഒക്കെ പിന്താങ്ങുന്നവരാണ്. ബുർഖ, തൊപ്പി, താടി എന്നൊക്കെ പറഞ്ഞു മുസ്ലീങ്ങളുടെ സ്വത്ത്വബോധത്തെ കുറിച്ച് പ്രസംഗിക്കുന്നവർ പലപ്പോഴും സാധാരണ ജനത്തെ വഴി തെറ്റിക്കുന്നവരാണ്. കുറെ മാസങ്ങൾക്കു മുമ്പ് നാഷണൽ ജ്യോഗ്രഫിക് ഐസിസ്-നെ കുറിച്ച് ദീർഘമായ ഡോക്കുമെൻറ്ററി സംപ്രേക്ഷണം ചെയ്തിരുന്നു. 'പെറ്റി ക്രിമിനൽസ്' എന്നാണ് ഐസിസ്-കാരെ നാഷണൽ ജ്യോഗ്രഫിക് വിശേഷിപ്പിച്ചത്. ഈ ക്രിമിനലുകൾക്കൊക്കെ എങ്ങനെ മതത്തിൻറ്റെ പേരിൽ വളരാൻ അവസരമൊരുങ്ങുന്നു??? കേരളത്തിൽ ഫ്ളാഷ് മോബ് കളിച്ച മുസ്ലിം പെൺകുട്ടികൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം വന്നപ്പോൾ ഒരു ഡാൻസ് ചെയ്തത് ഇസ്ലാം വിരുദ്ധമായി അവതരിപ്പിക്കുന്നവർ ഇസ്ലാമിന് നിഷിദ്ധമായ കള്ളനോട്ടടി, സ്വർണ്ണ കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, പെൺവാണിഭം, അഴിമതി തുടങ്ങിയ വിഷയങ്ങളിലൊന്നും എതിർപ്പ് പ്രകടിപ്പിക്കുകയോ അത്തരക്കാരെ മഹൽ കമ്മറ്റികൾ വിലക്കണമെന്നും പുറത്താക്കണമെന്നും ആവശ്യപ്പെടാത്തത് എന്തുകൊണ്ട് എന്നൊരു ചോദ്യം ഹമീദ് ചേന്ദമംഗലൂർ കുറെ നാൾ മുമ്പ്  ഒരു ടി.വി. ചർച്ചയിൽ ചോദിച്ചെങ്കിലും ചർച്ചയിൽ പങ്കെടുത്ത മറ്റു പലരും ഉത്തരം പറയാൻ പോലും ധൈര്യപ്പെട്ടില്ല. ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്തതാണ് യഥാർഥത്തിലുള്ള കുഴപ്പം.

പാശ്ചാത്യ രാഷ്ട്രങ്ങൾ സ്ത്രീ റോബോട്ടായ 'സോഫിയയെ' സൃഷ്ടിച്ചു. മറുവശത്ത് റഷ്യാക്കാർ പുരുഷ റോബോട്ടിനെയും സൃഷ്ടിച്ചു. കഴിഞ്ഞ ഏപ്രിൽ 13 2018-ൽ നാസ (NASA) അന്യ ഗ്രഹങ്ങളിൽ ജീവൻറ്റെ സാധ്യത തേടി 'ടെസ്സ്' സാറ്റ്ലയിറ്റ് (Transiting Exoplanet Survey Satellite) വിക്ഷേപിച്ചു. ലോകം അങ്ങനെ സാറ്റ്ലയിറ്റുകളുടേയും, റോബോട്ടുകളുടേയും, ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിൻറ്റേയും, ഓട്ടോമേഷൻറ്റേയും മേഖലയിലൂടെ അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. 'നാനോ ടെക്നോളജി' ഒക്കെ ലോകത്തെല്ലായിടത്തും എത്തി കഴിഞ്ഞു. ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം '5G ' വരുന്നതോട് കൂടി കമ്യൂണിക്കേഷൻറ്റെ പുതിയ യുഗത്തിലേക്ക് ലോകം കടക്കും. ഇങ്ങനേ ലോകം മുന്നേറുമ്പോൾ കാശ്മീരും അതിനൊപ്പം വരുകയാണ് വേണ്ടത്. മത ബോധമൊക്കെ സ്വകാര്യമായി കൊണ്ടുനടന്നാൽ ഒരു കുഴപ്പവും ഇല്ലാ. ടെക്നോളജിയിൽ അധിഷ്ഠിതമായ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തീവ്ര മതബോധമൊക്കെ പുറത്തെടുത്താൽ ലിബറൽ, കോസ്മോപോളിറ്റൻ സമൂഹത്തിന് അത്തരക്കാർ വലിയ ബാധ്യതയാകും എന്ന് പറയാതിരിക്കാൻ വയ്യാ.

കാശ്മീരിൻറ്റെ കാര്യത്തിൽ ആർട്ടിക്കിൾ 370 താൽക്കാലികമാണെന്നാണ് ഇത് കൊണ്ടുവന്നപ്പോൾ തന്നെ നെഹ്‌റു പറഞ്ഞിരുന്നത്. നെഹ്രുവിൻറ്റെ ഭരണസമയത്ത് ആർട്ടിക്കിൾ 370 പോലുള്ള നിയമ നടപടികൾ ആവശ്യമായിരുന്നു. ഇന്ന് ആ അവസ്ഥ മാറി. 1960- ൽ തന്നെ 2 ഭരണഘടനാ പദവികൾ - 'സദറെ റിയാസത്ത്' (ഗവർണർ പദവി), 'വസീറെ അസം' (കാശ്മീർ പ്രധാനമന്ത്രി പദവി) - ഇവയൊക്കെ റദ്ദാക്കിയിരുന്നു. ജമ്മു ആൻഡ് കാശ്മീരിൻറ്റെ മുൻ ഗവർണറായിരുന്ന ജഗ്‌മോഹൻ കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ  370-നേയും, 35 A -നേയും സാവധാനം 'ഡൈലൂട്ട്' ചെയ്യുക എന്ന നിർദ്ദേശമായിരുന്നു നേരത്തേ മുന്നോട്ട് വെച്ചിരുന്നത്. കാശ്മീരിൻറ്റെ സുഗമമായ ഭരണത്തിന് ഈ 'വെള്ളം ചേർക്കൽ' പ്രക്രിയ സാവധാനം മുന്നോട്ട് നീങ്ങുമ്പോഴാണ് ബി.ജെ.പി. ഒറ്റയടിക്ക് ഇതിനെ ഇല്ലാതാക്കി മാറ്റിയത്.

ബി.ജെ.പി. - യുടേയും, സംഘ പരിവാറിൻറ്റേയും പലപ്പോഴുമുള്ള സമീപനങ്ങളും ഇസ്ലാമിക തീവ്രവാദത്തെ ക്രിയാത്മകമായി ചെറുക്കപെടാൻ ഉതകുന്നതല്ലാ. പണ്ട് കോവളത്ത് ടൂറിസ്റ്റുകൾക്ക് കാർപ്പറ്റുകളും, ഷാളുകളും ഒക്കെ വിറ്റിരുന്ന കാശ്മീരികളായ വ്യാപാരികൾക്കെതിരെ കോവളം കടപ്പുറം കാശ്മീരി ഭീകരരുടെ താവളമാകുന്നു എന്ന് പറഞ്ഞു പ്രാചാരണം നയിച്ചവരാണ് കേരളത്തിലെ സംഘ പരിവാറുകാർ. ഇങ്ങനെ മനുഷ്യനെ ജീവിക്കാൻ സമ്മതിക്കാത്ത തരത്തിലുള്ള പ്രചാരണമല്ല ഇസ്‌ലാമിക തീവ്രവാദത്തെ നേരിടാൻ വേണ്ടത്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14 .2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 - ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവെച്ചാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണെന്ന് ചുരുക്കം. അത്രയും വലിയൊരു ജനസംഖ്യയെ അടിച്ചൊതുക്കി ഭരിക്കാമെന്ന് ബി.ജെ.പി.-യും, സംഘ പരിവാറുകാരും വിചാരിക്കുന്നുണ്ടെങ്കിൽ അത് തീർത്തും മൗഢ്യമാണ്. സോഷ്യൽ മീഡിയയിൽ കൂടി ന്യൂന പക്ഷങ്ങളെ സ്ഥിരം അവഹേളിക്കുമ്പോൾ ബി.ജെ.പി. - ക്കാരും, സംഘ പരിവാറുകാരും അവർ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്ന വസ്തുത മനസിലാക്കുന്നില്ല.

ഇപ്പോൾ കാശ്മീരിലുള്ള ശാന്തതയെ എങ്ങനെ കാണാം? കാശ്മീർ ഐഡൻറ്റിറ്റി എന്നുള്ളത് കാശ്മീർ താഴ്വരയിലുള്ള ജനങ്ങളുടെ മൊത്തത്തിലുള്ള ഒരു പൊതുവികാരമാണ്. ഇപ്പോഴുള്ള ശാന്തതയെ അധികം പ്രകീർത്തിക്കേണ്ട കാര്യമില്ല. പണ്ട് ശ്രീനഗറിലെ ഹസ്റത്ത്ബൽ മസ്ജിദ് എന്ന ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന 'ഹോളി റെലിക്ക്'  മോഷണം പോയി എന്ന കിംവദന്തി പടർന്നപ്പോൾ കാശ്മീർ താഴ്വര ആകെ മൊത്തം ഇളകിമറിഞ്ഞതാണ്. പ്രായഭേദമന്യേ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് നൂറുകണക്കിന് കാശ്മീരികൾ കറുത്ത കൊടികളുമായി തെരുവിലിറങ്ങി. കാശ്മീരി സ്ത്രീകൾ പോലും രൂക്ഷമായി അന്ന് പ്രതികരിച്ചു. ഇതുപോലെ എന്തെങ്കിലും ഒരു പ്രശ്നം മതി കാശ്മീർ താഴ്വരയാകെ ഇളകി മറിയാൻ. കാശ്മീർ ഐഡൻറ്റിറ്റിക്ക് എതിരാണ് കേന്ദ്ര സർക്കാർ എന്ന ഒരു പൊതുവികാരം രൂപപ്പെട്ടാൽ കാശ്മീരിൽ ഇനിയും വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഇനിയിപ്പോൾ കാശ്മീരിലെ സ്ഥിതിഗതികൾ അതുകൊണ്ടു തന്നെ നമുക്ക് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.  

2019 ഓഗസ്റ്റ് 7, ബുധനാഴ്‌ച

മാറ്റങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുമ്പോഴും കാശ്മീരിൽ എന്ത് സംഭവിക്കും? അതാണ് കാത്തിരുന്ന് കാണേണ്ടത്.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും കാശ്മീർ വിഷയത്തിൽ ബി.ജെ.പി. സർക്കാർ സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കുന്നതുകൊണ്ട് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് പോലും ആർട്ടിക്കിൾ  370-ലും, 35 A -ലും മാറ്റം വരുത്തിയതിൽ കൃത്യമായ ഒരു നിലപാട് എടുക്കാൻ സാധിക്കുന്നില്ല. ബി.ജെ.പി.-യോട് എപ്പോഴും ഇടഞ്ഞു നിന്നിരുന്ന അരവിന്ദ് കെജ്രിവാൾ പോലും മാറ്റങ്ങളെ അനുകൂലിച്ചു. കോൺഗ്രസിലെ തന്നെ പ്രബലനായ ജ്യോതി രാജ സിന്ധ്യ ഈ തിരുത്തൽ പ്രക്രിയയെ സ്വാഗതം ചെയ്തു. കുറച്ചുകൂടി ജനാധിപത്യപരമായും, ഭരണഘടനാനുസൃതമായ മാർഗങ്ങളിൽ ഊന്നിയും ഈ തിരുത്തൽ പ്രക്രിയ കൊണ്ടുവരാമായിരുന്നു എന്ന് മാത്രമാണ് ജ്യോതി രാജ സിന്ധ്യയുടെ വിമർശനം. മിക്കവാറും കോൺഗ്രസിൻറ്റെ വിമർശനം അങ്ങനെ ഒതുങ്ങുന്ന ലക്ഷണമാണ് കാണുന്നത്.

പക്ഷെ ബി.ജെ.പി. -യും, കോൺഗ്രസും, മറ്റ് പ്രതിപക്ഷ പാർട്ടികളും എങ്ങനെ ചിന്തിക്കുന്നു എന്നുള്ളതല്ല ഇവിടെ പ്രശ്നം. കാശ്മീരി ജനത എങ്ങനെ ഈ മാറ്റങ്ങളെ വരാൻ പോകുന്ന നാളുകളിൽ ഉൾക്കൊള്ളും എന്നതിലാണ് കേന്ദ്ര സർക്കാരിൻറ്റെ  ആർട്ടിക്കിൾ 370-ലും, 35 A -ലും വരുത്തിയ മാറ്റത്തിൻറ്റെ വിജയം കുടികൊള്ളുന്നത്. അങ്ങേയറ്റം  അഴിമതിയും, സ്വജനപക്ഷപാതവും, കാപട്യവും, ചതിയും, നുണ പ്രചാരണവും കൈമുതലായുള്ള ഒരു 'പൊളിറ്റിക്കൽ എലീറ്റ് ക്ളാസ്' എന്നും ജമ്മു കാശ്മീരിൽ ഉണ്ടായിരുന്നു. 'കാശ്മീർ സിംഹം' എന്ന് അറിയപ്പെട്ടിരുന്ന ഷെയ്ഖ് അബ്ദുള്ളയിൽ നിന്ന് തുടങ്ങിയതാണ് ആ 'എലീറ്റ് ക്ളാസിൻറ്റെ' ഉദയം. കാശ്മീരിനെ കുളമാക്കിയതിൻറ്റെ  മുഴുവൻ ഉത്തരവാദിത്വവും അവിടുത്തെ ഈ 'എലീറ്റ് ക്ളാസിൽ' ഉൾപ്പെട്ട നേതാക്കന്മാർക്കാണ്. കാശ്മീർ താഴ്വരയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാനും സ്കൂളുകളും മറ്റും അടച്ചുപൂട്ടാൻ മുന്നിട്ടിറങ്ങുന്ന പല വിഘടനവാദി നേതാക്കളുടേയും മക്കൾ വിദേശത്താണ്. വിഘടനവാദി നേതാക്കൾ തങ്ങളുടെ മക്കളുടെ കാര്യങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് പാവപ്പെട്ട കാശ്മീരി യുവാക്കളെ ജീവൻ പണയം വെച്ചുകൊണ്ടുള്ള കളിക്ക് പ്രേരിപ്പിക്കുന്നത് എന്നതാണ് വസ്തുത.

മുഫ്തി മുഹമ്മദ് സയ്യിദ്ൻറ്റേയും, ഷെയ്ക്ക് അബ്ദുള്ളയുടേയും കുടുംബക്കാരുടെ ചുറ്റിലും മാത്രം കറങ്ങുകയാണ് കാശ്മീർ രാഷ്ട്രീയം. അതാണ് കാശ്മീരിൽ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഈ രണ്ടു കുടുംബക്കാരും, വിഘടന വാദികളും കേന്ദ്ര സർക്കാരിനെ എതിർക്കുമ്പോഴും അവരുടെയൊക്കെ ധൂർത്തിനും, അത്യാഢംബരപൂർവമായ ജീവിതശൈലിക്കും അവരാരും ഒരു കുറവും വരുത്തിയിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ശതകോടികൾ വിലയുള്ള സർക്കാർ ബംഗ്ളാവുകളിൽ സൗജന്യമായാണ് മുൻ മുഖ്യമന്ത്രിമാരായിരുന്ന ഉമർ അബ്ദുള്ളയും, മെഹ്ബൂബാ മുഫ്ത്തിയും ഇപ്പോഴും താമസിക്കുന്നത്. ബംഗ്ളാവുകൾ നവീകരിക്കുന്നതിനും, മോടി പിടിപ്പിക്കുന്നതിനു വേണ്ടിയും അവരൊക്കെ കോടികൾ ചെലവിടുന്നു. അതൊക്കെ കൂടാതെ അവർക്ക് സംരക്ഷണ ഒരുക്കുവാനും ഓരോ മാസവും ലക്ഷങ്ങൾ സർക്കാർ ഖജനാവിൽ നിന്ന് ചെലവിടുന്നു. കാശ്മീരിൽ മുമ്പ് ഭരിച്ചിട്ടുള്ള ബക്ഷി ഗുലാം മുഹമ്മദ്, ഖവാജ ഷംസുദ്ദിൻ, ഗുലാം മുഹമ്മദ് സാദിഖ്, ഫാറൂക്ക് അബ്‌ദുള്ള - ഇവരൊക്കെയും ധൂർത്തിലും, അഴിമതിയിലും, സ്വജനപക്ഷപാതത്തിലും, അത്യാഡംബരപൂർവ്വമായ ജീവിത ശൈലിക്കും ഒട്ടും മോശക്കാരായിരുന്നിട്ടില്ല. 

കാശ്മീരിലെ ഈ 'പൊളിറ്റിക്കൽ എലീറ്റ് ക്ളാസ്' അവരുടെ താൽപര്യങ്ങൾക്കനുസൃതമാണ് അവിടെ ഇതുവരെ ഭരണം നടത്തിയിട്ടുള്ളത്. ഇന്ത്യൻ പാർലമെൻറ്റ് പാസ്സാക്കിയ പല പ്രധാനപ്പെട്ട നിയമങ്ങളും ജമ്മു കാശ്മീരിന് ഇന്നും ബാധകമായിട്ടില്ല. ഇന്ത്യൻ പാർലമെൻറ്റ് പാസ്സാക്കുന്ന നിയമങ്ങൾ ആർട്ടിക്കിൾ  370-പതും, 35 A -ലൂടെയും നേടിയെടുത്ത അവകാശങ്ങൾ മൂലം ജമ്മു കാശ്മീരിന് ബാധകമല്ല. അവ  വീണ്ടും അവിടുത്തെ നിയമസഭ പാസ്സാക്കിയാൽ മാത്രമേ അവിടെ ആ നിയമം ബാധകമാകുകയുള്ളു. ഇന്ന് ഇന്ത്യയിൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന  വിവരാവകാശ നിയമം കാശ്മീരിൽ ഇന്നും അംഗീകരിച്ചിട്ടില്ലാ. ഇന്ത്യൻ പീനൽ കോഡിനു പകരം 'രൺബീർ പീനൽ കോഡ്' എന്ന നിയമമാണ് കാശ്മീരിൽ ഇതുവരെ പ്രയോഗത്തിൽ ഉണ്ടായിരുന്നത്. അവയൊക്കെ ഇനി അസാധുവാകും.1988-ലെ അഴിമതി നിരോധന നിയമം കാശ്മീരിൽ ഇതുവരെ പാസ്സാക്കിയിട്ടില്ല. ബക്കാർവാലകളെ പോലെ 11.9 ശതമാനം വരുന്ന ഷെഡ്യൂൾഡ് ട്രയിബുകൾ ഉള്ള കാശ്മീരിൽ അവർക്ക് സംവരണമില്ല. ദേവാലയങ്ങളിൽ ആയുധധാരികൾ പ്രവേശിക്കുന്നതിനും ആയുധം സൂക്ഷിക്കുന്നതിനും എതിരായുള്ള 'ദ റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ക്റ്റ്‌ ഇതുവരെ കാശ്മീരിൽ നടപ്പാക്കപ്പെട്ടിട്ടില്ല. ജമ്മു ആൻഡ് കാശ്മീരിൻറ്റെ മുൻ ഗവർണറായിരുന്ന ജഗ്‌മോഹൻ കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ  370-നേയും, 35 A -നേയും സാവധാനം 'ഡൈലൂട്ട്' ചെയ്യുക എന്ന നിർദ്ദേശമായിരുന്നു നേരത്തേ മുന്നോട്ട് വെച്ചിരുന്നത്. കാശ്മീരിൻറ്റെ സുഗമമായ ഭരണത്തിന് ഈ 'വെള്ളം ചേർക്കൽ' പ്രക്രിയ സാവധാനം മുന്നോട്ട് നീങ്ങുമ്പോഴാണ് ബി.ജെ.പി. ഒറ്റയടിക്ക് ഇതിനെ ഇല്ലാതാക്കി മാറ്റിയത്. 'സ്പെഷ്യൽ പ്രിവിലേജുകൾ' ഒക്കെ ദീർഘകാലമായി അനുഭവിച്ചു പോരുന്ന കാശ്മീരിലെ 'പൊളിറ്റിക്കൽ എലീറ്റ് ക്ളാസ്' ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് ഇപ്പോൾ പറയാൻ വയ്യാ. കാശ്മീരി ജനതക്ക് അത് ഉപയോഗപ്പെടും എന്ന് അവരെ പറഞ്ഞു മനസിലാക്കാതെ നടത്തിയ ഈ നിയമ നിർമാണം കാശ്മീരിലെ 'പൊളിറ്റിക്കൽ എലീറ്റ് ക്ളാസ്' രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കാനാണ് സാധ്യത ഏറെയുള്ളത്.

പണ്ട് ടൈമ്സ് ഓഫ് ഇന്ത്യയിൽ ചില കാശ്മീരി വിഘടനവാദി നേതാക്കളുടെ ഒക്കെ മക്കൾ പഠിക്കുന്ന സ്ഥലങ്ങളും, ജോലി ചെയ്യുന്ന സ്ഥലങ്ങളും കൃത്യമായി അച്ചടിച്ചു വന്നതാണ്. അവരൊക്കെ സ്വന്തം മക്കളെ അളവറ്റ് സംരക്ഷിക്കുകയും, കാശ്മീരിലെ സാധാരണക്കാരെ വഴി തെറ്റിക്കുകയും ആണ് ചെയ്യുന്നത്. ഇവരെ കൊണ്ട് കാശ്മീരിലെ ജനതക്ക് പ്രത്യേകിച്ച് ഉപകാരം ഒന്നുമില്ല. കാശ്മീരിലെ തീവ്രവാദം ഇല്ലാതാക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് കാപട്യക്കാരായ വിഘടനവാദി നേതാക്കളെ തുറന്നു കാണിക്കലാണ്. ഇടതുപക്ഷമാണ് ജനപക്ഷം എന്ന കേരളത്തിലുള്ള പലരുടേയും ചിന്ത പോലെ തന്നെ 'ബ്രെയിൻ വാഷ്' ചെയ്യപ്പെട്ടിരിക്കുന്ന കുറെ ആളുകളാണ് കാശ്മീരിലെ വിഘടനവാദി നേതാക്കളെ സപ്പോർട്ട് ചെയ്യുന്നത്. മതം, ജാതി, കമ്മ്യുണിസം - ഇതൊക്കെ തലയ്ക്കു പിടിച്ചാൽ എല്ലാ 'ലോജിക്കും' നഷ്ടപ്പെടും. പിന്നെ അന്ധമായ വിശ്വാസിയാകും.  'കാശ്മീരിയാത്ത്' എന്ന കാശ്മീരിൻറ്റെ സ്വത്ത്വവാദം ഉയർത്തി കാശ്മീരിലെ വിഘടനവാദി നേതാക്കളും അവിടുത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഈ രീതിയിൽ തന്നെ. പാക്കിസ്ഥാന് വേണ്ടി ചില തീവ്രവാദി സംഘടനകൾ പ്രചാരണം നടത്തുന്നതും മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ മാത്രമാണ്. 1948-ലെ 'ഇൻസ്ട്രമെൻറ്റ് ഓഫ് അക്സെഷൻ' പ്രകാരവും   ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി നിർണയിച്ച റാഡ്ക്ലിഫ് എഗ്രിമെൻറ്റ് ' പ്രകാരവും പാക്കിസ്ഥാന് കാശ്മീരിൽ ഒരവകാശവും ഇല്ലാ. അതുകൊണ്ട് തന്നെ കാശ്മീരിൻറ്റെ കാര്യത്തിൽ അവകാശ വാദവും പറഞ്ഞു കൊണ്ട് പാക്കിസ്ഥാൻ വരുന്നത് ശുദ്ധ മൗഢ്യമാണ്.

കാശ്മീരിലെ നേതാക്കളെ പോലെ തന്നെയാണ് കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിയിലെ നേതാക്കളും. സ്വന്തം മക്കളെ വിദേശത്തും സ്വദേശത്തും ഉള്ള മികച്ച സ്ഥാപനങ്ങളിൽ വിടുമ്പോൾ അന്യൻറ്റെ മക്കളെ കാശ്മീരിൽ സംഭവിക്കുന്ന പോലെ കല്ലെറിയാനും ക്രമസമാധാന പ്രശ്നമുണ്ടാക്കാനും വിടുന്നു. ബി.ജെ.പി. നേതാക്കളുടെ മക്കളും കമ്യുണിസ്റ്റ് പാർട്ടിയിലെ നേതാക്കളുടെ മക്കളെ പോലെ തന്നെ സുരക്ഷിതരായിരിക്കാനാണ് സാധ്യത മുഴുവനും. ശബരിമല പ്രക്ഷോഭത്തിൽ കല്ലെറിഞ്ഞവരിലും, കലാപം നടത്തിയവരിലും ഒരു മുതിർന്ന  ബി.ജെ.പി. നേതാവിൻറ്റെ  മക്കളെ പോലും കണ്ടില്ലാ. വിശ്വാസം സംരക്ഷിക്കുവാൻ വേണ്ടി അവരാരും കേസുകളിൽ കുടുങ്ങിയില്ലാ. 'ധർമം സംരക്ഷിക്കുവാൻ വേണ്ടി' ബി.ജെ.പി. നേതാക്കളുടെ മക്കളെ അവരാരും നിയോഗിച്ചില്ല; തെരുവിൽ കലാപം ഉണ്ടാക്കാനായും മക്കളെ പറഞ്ഞു വിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുന്നത് വരെ മാത്രമേ അവർക്കൊക്കെ നേതാക്കന്മാരായി ജനങ്ങളുടെ ഇടയിൽ വിലസാൻ സാധിക്കുകയുള്ളൂ. 

പക്ഷെ കാശ്മീരിൻറ്റെ കാര്യത്തിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. മുഫ്തി മുഹമ്മദ് സയ്യിദ്ൻറ്റേയും, ഷെയ്ക്ക് അബ്ദുള്ളയുടെ  കുടുംബക്കാരേയും, വിഘടനവാദി നേതാക്കളേയും മാറ്റി നിർത്തിയാൽ പിന്നെ ആർക്ക് കാശ്മീർ താഴ്വരയിൽ ജനാധിപത്യ പ്രക്രിയ മുന്നോട്ട് നയിക്കാൻ പറ്റും എന്നതാണ് ആ ചോദ്യം. ബി.ജെ.പി. -ക്ക് കാശ്മീർ താഴ്വരയിൽ കാര്യമായ സ്വാധീനമില്ല. കോൺഗ്രസിൻറ്റെ സംഘടനാ സെറ്റപ്പ് ഇന്ത്യയിലെ ബാക്കി സ്ഥലങ്ങളിലെ പോലെ തന്നെ തീർത്തും ദുർബലവുമാണ്. ഗുലാം നബി ആസാദിനൊന്നും പഴയ പോലെ സ്വാധീനം കാശ്മീർ താഴ്വരയിൽ ഇപ്പോഴില്ല. തീവ്രവാദികളെ പേടിച്ചിട്ട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർക്ക് അങ്ങനെ എളുപ്പത്തിൽ സംഘടനാ പ്രവർത്തനങ്ങളിൽ അവിടേ ഏർപ്പെടാനും സാധിക്കില്ല. കുറച്ചെങ്കിലും പ്രതീക്ഷ നൽകുന്നത് സിവിൽ സർവീസിൽ ഒന്നാം റാങ്ക് കിട്ടുകയും, IAS-ൽ നിന്ന് പിന്നീട് രാജി വെക്കുകയും ചെയ്ത ഷാ ഫസലിൻറ്റെ കൂടെ 2019 മാർച്ചിൽ മുൻ ജെ.എൻ.യു. വൈസ് പ്രെസിഡൻറ്റ് ആയിരുന്ന ഷെഹല റഷീദ് ഷോര തുടങ്ങിവെച്ച രാഷ്ട്രീയ പ്രസ്ഥാനമാണ്. പക്ഷെ അവർക്ക് കാശ്മീർ താഴ്വരയിൽ കണ്ടമാനം മുന്നേറ്റം നടത്താൻ പറ്റിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഷാ ഫസലിനേയും, ഷെഹല റഷീദ് ഷോരയേയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. കണ്ടമാനം പ്രോത്സാഹിപ്പിക്കുമെന്നും തോന്നുന്നില്ല.

ആര് ഭരിച്ചാലും കാശ്മീരി യുവാക്കളെ തീവ്രവാദത്തിൽ നിന്ന് പിന്തിരിപ്പിക്കണമെങ്കിൽ തൊഴിലില്ലായ്മ എന്ന പ്രശ്നം അഭിമുഖീകരിക്കണം. ടൂറിസം, കാശ്മീരി ഷാളുകൾ, കാർപ്പെറ്റുകൾ, കര കൗശല ഉൽപ്പന്നങ്ങൾ - തുടങ്ങിയ നാമമാത്രമായ തൊഴിൽ സൃഷ്ടിക്കുന്ന മേഖലകളേ ഇന്ന് കാശമീർ താഴ്വരയിലുള്ളൂ. പരമ്പരാഗത ടൂറിസത്തിലും, കൃഷിയിലും ആധുനിക രീതിയിൽ നിക്ഷേപം വരേണ്ടതുണ്ട്.
'ട്രെയിഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്റ്' ഇല്ലാതെ ആഗോളവൽക്കരണത്തിൻറ്റെ ഈ കാലത്ത് ഒരു സമ്പത് വ്യവസ്ഥയ്ക്കും വികസിക്കുവാൻ സാധ്യമല്ല. പക്ഷെ കാശ്മീർ താഴ്വരയിൽ ഇൻവെസ്റ്റ്മെൻറ്റ് നടത്തുന്നതിന് മുൻപ് തങ്ങളുടെ നിക്ഷേപം സുരക്ഷിതമാണോ എന്ന് ഓരോ നിക്ഷേപകനും ചിന്തിക്കും. അവിടെയാണ് പ്രശ്നം മുഴുവനും.

പാക്കിസ്ഥാനുമായും, ചൈനയുമായും അതിർത്തി പങ്കിടുന്ന ഒരു സംസ്ഥാനമെന്ന നിലയിൽ കാശ്മീർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം 'സ്റ്റ്രാറ്റജിക്കലായി' വളരെ പ്രാധാന്യമുള്ള ഒരു ഇടമാണ്. ഈ ഒരു 'ജിയോ പൊളിറ്റിക്കൽ തലമാണ്' ഇന്ത്യൻ സൈന്യത്തെ സംബന്ധിടത്തോളം അവിടെ അവർ ശക്തമായ സാന്നിധ്യം നിലനിർത്താൻ കാരണം. കാശ്മീർ താഴ്വര സ്വതന്ത്രമായി അവിടുത്തെ ജനതക്ക് വിട്ടു കൊടുത്താൽ എത്രയും വേഗത്തിൽ പാക്കിസ്ഥാൻ അത് കൈക്കലാക്കാൻ നോക്കും. ഉയർന്ന പ്രദേശമായ ജന്മുവും ലഡാക്കും ഇസ്രായേലിലെ ഗോലാൻ കുന്നു പോലെ ഇന്ത്യക്ക് 'സ്റ്റ്രാറ്റജിക്കലായി' അതല്ലെങ്കിൽ യുദ്ധതന്ത്ര പ്രധാനമായുള്ളതാണ്. പാക്കിസ്ഥാൻ ആണവരാജ്യമാണ്; ഇന്ത്യക്ക് എന്നും ഭീഷണിയും. ഇന്ത്യക്ക് ആ ഭീഷണി അവഗണിക്കാൻ വയ്യാ.

അതൊക്കെ കൂടാതെയാണ് കാഷ്‌മീരിലൂടെ ഇന്ത്യയാകമാനം പടരുന്ന ഇസ്‌ലാമിക തീവ്രവാദം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഈയടുത്തു നടന്ന അമേരിക്കൻ സന്ദർശന വേളയിൽ പറഞ്ഞത് 30,000-ത്തിനും, 40,000-ത്തിനും ഇടയിൽ സൈനിക പരിശീലനം കിട്ടിയ തീവ്രവാദികൾ പാക്കിസ്ഥാനിൽ ഉണ്ടെന്നാണ്. ഇവർ അഫഗാനിസ്ഥാനെതിരേയും, ഇന്ത്യൻ സൈന്യത്തിനെതിരേയും നിരന്തരം അക്രമങ്ങൾ അഴിച്ചു വിടുന്നൂ. പാക്കിസ്ഥാൻ മനസ്സു വെയ്ക്കുകയാണെങ്കിൽ കാശ്മീർ പ്രശ്നം ഇന്ത്യയുമായി ചർച്ച നടത്തി നിഷ്പ്രയാസം പരിഹരിക്കാൻ സാധിക്കും. പക്ഷെ ഇൻഡ്യാ വിരുദ്ധത പാക്കിസ്ഥാൻ ഭരണ വർഗത്തിൻറ്റെ രക്തത്തിൽ അടങ്ങിയിട്ടുണ്ടെന്ന രീതിയിലാണ് അവർ ഇന്ത്യക്കെതിരെ പലപ്പോഴും തീവ്രവാദികളെ പ്രാത്സാഹിപ്പിക്കുന്നത്.

ഇതിനൊരു മാറ്റം സമീപ ഭാവിയിൽ ചിലപ്പോൾ നമുക്ക് പ്രതീക്ഷിക്കാം. പാക്കിസ്ഥാനെ ഭരിക്കുന്നത് മൂന്നു ശക്തികളാണെന്നാണ് ബേനസിർ ഭൂട്ടോ ഒരിക്കൽ പറഞ്ഞിട്ടുള്ളത്: അള്ളാഹുവും, അമേരിക്കയും, ആർമിയുമാണ് ആ മൂന്നു ശക്തികൾ. ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി സ്ഥിരം പാക്കിസ്ഥാൻ സന്ദർശിച്ചിരുന്ന ഇതെഴുതുന്നയാളുടെ ഒരു സുഹൃത്ത് പറഞ്ഞത് പാക്കിസ്ഥാനിൽ ചെന്നാൽ ഉടൻ തന്നെ സൈന്യത്തിൻറ്റെ നിരീക്ഷണത്തിലാകും എന്നാണ്.  പാക്കിസ്ഥാനിൽ പടർന്നു പന്തലിച്ചിരുന്ന ഇസ്ലാമിക മത മൗലിക വാദത്തിനെതിരെ പൊതു സമൂഹത്തിൽ ഇടപെടേണ്ടതുണ്ട്. പക്ഷെ അങ്ങനെ ക്രിയാത്മകമായി ഇടപെടാൻ പാക്കിസ്ഥാൻ സൈന്യം ആരെയും അനുവദിക്കില്ല. അവർക്ക് ഇസ്ലാമിക മത മൗലിക വാദവും, ഇന്ത്യൻ വിരോധവും നില നിർത്തേണ്ടത് ആവശ്യമാണ്.

ഇന്ത്യയുടെ പുരോഗതി മാതൃക ആക്കണമെന്ന് പാക്കിസ്ഥാനിലെ നയ രൂപീകരണം നടത്തുന്ന കുറെ പേർക്കൊക്കെ ആഗ്രഹമുണ്ടെങ്കിലും പാക്കിസ്ഥാൻ സൈന്യം അതിന് എതിരു നിൽക്കുകയാണ്. ഫാത്തിമ ഭൂട്ടോ 2010 -ൽ എഴുതിയ 'Blood and Sword: A Daughter’s Memoir' എന്ന പുസ്തകത്തിൽ ഇന്ന് നടമാടുന്ന പാക്കിസ്ഥാനിലെ അസ്ഥിരത വ്യകതമായി പറയുന്നുണ്ട്. ബോംബ് സ്ഫോടനങ്ങളും, വെടി വെയ്പുകളും മൂലം കറാച്ചി പോലുള്ള അനേകം നഗരങ്ങളിൽ ജന ജീവിതം ദുസ്സഹമായി കഴിഞ്ഞിരിക്കുന്നു. മത മൗലിക വാദത്തെയും, പട്ടാളത്തിൻറ്റെ ഉരുക്കു മുഷ്ടിയെയും ഇഷ്ട്ടപ്പെടാത്ത ആർക്കും നൽകുന്ന വലിയ പാഠമാണ് നമ്മുടെ സഹോദര രാജ്യമായ പാക്കിസ്ഥാനിലെ ഇന്ന് കാണുന്ന ദുരവസ്ഥ. ട്രംപ്പ് കേറിയത്തിൽ പിന്നെ അമേരിക്കയിൽ നിന്ന് വലിയ സഹായമൊന്നും കിട്ടുന്നില്ല. ചൈനയുടെ സഹായമില്ലെങ്കിൽ പാക്കിസ്ഥാന് ഇന്നു നിലനിൽപ്പ് തന്നെ സാധ്യമല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പൊയ്കൊണ്ടിരിക്കുന്നത്.

പാക്കിസ്ഥാൻറ്റെ ഇന്നത്തെ അവസ്ഥയും, അമേരിക്കയുടെ മാറിയ നിലപാടുമാണ് കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്. വളരെയധികം 'ഇൻവെസ്റ്റ്മെൻറ്റ്' പാക്കിസ്ഥാനിൽ നടത്തിയിട്ടുള്ള ചൈനക്കും പാക്കിസ്ഥാനിൽ സമാധാനം നിലനിന്നു കാണണമെന്ന് ആഗ്രഹമുണ്ട്. മിക്കവാറും അമേരിക്കയുടേയും, ചൈനയുടേയും, പാക്കിസ്ഥാൻറ്റേയും മൗനാനുവാദത്തോടെയായിരിക്കും ആഭ്യന്തര മന്ത്രി അമിത് ഷാ ആർട്ടിക്കിൾ  370-ഉം, 35 A -ലിലൂടെയും കാശ്മീർ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കിയത്. അത് പുറത്ത് പറയുന്നില്ലെന്ന് മാത്രം. ഇമ്രാൻ ഖാൻ ഈയടുത്തു വെളിപ്പെടുത്തിയത് പോലെ പാക്കിസ്ഥാനിലെ 30,000-ത്തിനും, 40,000-ത്തിനും ഇടയിലുള്ള സൈനിക പരിശീലനം കിട്ടിയ തീവ്രവാദികളെ പഴയപോലെ ഇന്ത്യക്കെതിരെ തിരിച്ചുവിട്ടാൽ കാശ്മീർ താഴ്വര വീണ്ടും അശാന്തമാകും; അവിടെ ചോരപ്പുഴകൾ ഒഴുകും. അത് ഇനി അമേരിക്കയുടെ സമ്മർദത്തിൻറ്റെ ഫലമായി സംഭവിക്കില്ലെന്നാണ് തോന്നുന്നത്.

വേൾഡ് ട്രെയിഡ് സെൻറ്റർ ആക്രമണത്തിന് ശേഷം ഭീകര പ്രവർത്തകർക്കെതിരെ നിലപാട് ശക്തമാക്കാൻ അമേരിക്ക പാക്കിസ്ഥാനിൽ കണ്ടമാനം സമ്മർദം ചെലുത്തി. നാഷണൽ ജ്യോഗ്രഫിക്ക് കുറച്ചു നാൾ മുമ്പ് പ്രക്ഷേപണം ചെയ്ത ഒരു ഡോക്കുമെൻറ്ററിയിൽ അമേരിക്കൻ ജെനറൽമാർ പറഞ്ഞത് പാക്കിസ്ഥാൻ അമേരിക്കക്കെതിരെ നിലകൊള്ളുന്ന 'അൽ ക്വയ്ദ' പോലുള്ള സംഘടനകൾക്കെതിരെ നടപടിയെടുക്കാം എന്ന് സമ്മതിച്ചപ്പോഴും ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഭീകരപ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ വിസമ്മതിച്ചു എന്നാണ്. പക്ഷെ 16 വർഷത്തിൽ ഏറെയായി അഫ്ഗാനിസ്ഥാനിൽ ഇടപെട്ടിട്ട് അമേരിക്കക്ക് വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപ് വീണ്ടും പാക്കിസ്ഥാനെതിരെ സമ്മർദം ശക്തമാക്കിയിരിക്കയാണ്. ഇസ്‌ലാമിക തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും, അവരെ കുറ്റ വിചാരണ ചെയ്യുകയും, ശിക്ഷിക്കുകയും ചെയ്യണം എന്ന് യാതൊരു അർത്ഥശങ്കയ്ക്കും ഇടയില്ലാത്ത രീതിയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. വൻതോതിൽ അമേരിക്കൻ സഹായം കൈക്കൊള്ളുന്ന രാഷ്ട്രം എന്ന നിലക്ക് പാക്കിസ്ഥാന് അമേരിക്കൻ തിട്ടൂരം അനുസരിക്കാതെ നിവൃത്തിയില്ല. അമേരിക്കയുടെ ഈ കർക്കശ നിലപാടാണ് കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ ഏറ്റവും നിർണായകമായിട്ടുള്ളത്.   

അമേരിക്കൻ ഡോളറിൻറ്റേയും, ചൈനീസ് ഇക്കോണമിയുടേയും, സൗദി അറേബ്യൻ റിയാലിൻറ്റേയും പിൻബലത്തിൽ മാത്രം ജീവിക്കുന്ന പാകിസ്താൻറ്റെ കൂടെ കൂടിയിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല എന്ന തിരിച്ചറിവ് കശ്മീർ ജനതക്ക് പകർന്നു കൊടുക്കാൻ ഇന്ത്യക്ക് ഇനിയുള്ള കാലയളവിൽ സാധിക്കണം. വിഘടനവാദി സംഘടനകളുടെ നേതാക്കൾ ഇന്ത്യയോടൊ പാകിസ്താനോടോ പ്രത്യേകിച്ച് സ്നേഹം ഒന്നും ഉള്ളവരല്ല. 'ഐഡിയോളജിക്കൽ ഓറിയൻറ്റേഷൻ' ഉള്ള തീവ്രവാദികളും, വിഘടനവാദി നേതാക്കളും കാശ്മീരിൽ വളരെ കുറവാണ്. ശുദ്ധ ഗതിക്കാരായ ജനങ്ങളെ മത രാഷ്ട്രീയ നേതാക്കൾ അവരുടെ സ്വാർത്ഥ ലാഭങ്ങൾക്കായി ഉപയോഗിക്കുന്നതാണ് കശ്മീരിലെ യഥാർത്ഥ പ്രശ്നം. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക് വരുന്ന ഫണ്ടുകൊണ്ട് സുഗമായി ജീവിക്കുന്ന 'പാരാസൈറ്റുകൾ' ആണ് കാശ്മീരിലെ വിഘടനവാദി പ്രസ്ഥാനങ്ങൾ കൂടുതലും നയിക്കുന്നത്. മറ്റേതു തീവ്രവാദി പ്രസ്ഥാനങ്ങളും ചെയ്യുന്നത് പോലെ തന്നെ തീവ്രവാദ പ്രവർത്തനങ്ങൾക് വരുന്ന ഫണ്ടിൻറ്റെ ചെറിയ ഒരു അംശം കാശ്മീരിലെ ചെറുപ്പകാർക്ക് കൊടുത്ത് അവരെ മരണത്തിലേക്ക് തള്ളി വിടുകയാണ് നേതാക്കൾ ചെയ്യുന്നത്. കുറച്ചുപേരുടെ താൽപര്യങ്ങൾക്ക് വേണ്ടി ഭൂമിയിലെ സ്വർഗം' എന്ന് കവികൾ വിശേഷിപ്പിച്ചിട്ടുള്ള കശ്മീർ കുറെ നാളായി കൂട്ട കുരുതികളുടെ നാടായി അതുകൊണ്ട് മാറി.

കാശ്മീരിന് ഇന്നാവശ്യം വാണിജ്യവും, വ്യവസായവും ആണ്. സംസ്ഥാനത്ത് നിക്ഷേപത്തിലൂടെ വികസനം ഉണ്ടാവുമ്പോൾ തന്നെ പല പ്രശ്നങ്ങളും മാറി കിട്ടും. വിനോദ സഞ്ചാരവും, കൈത്തറിയും ഒക്കെ കാശ്മീരിൻറ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഏതൊരു പ്രദേശത്തെയും പോലെ പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ - ഇവയൊക്കെ കാശ്മീരിലുണ്ട്. യുവാക്കൾക്ക് തൊഴിൽ കിട്ടിയാൽ തന്നെ അവർ തീവ്രവാദത്തിൽ നിന്നു മാറി ക്രിയാത്മക പ്രവർത്തനങ്ങളിലേക്ക് നീങ്ങും. അതിലേയ്ക്കാണ് കാശ്മീരുമായി ബന്ധപ്പെട്ട എല്ലാവരും ശ്രമിക്കേണ്ടത്. എല്ലാത്തിനും ഉപരിയായി കാശ്മീരിൽ സാമുദായിക സൗഹാർദം പുനഃസ്ഥാപിക്കണം. അതിനുള്ള എല്ലാ വഴികളും ആരായണം. പാക്കിസ്ഥാൻ അതിനു സഹകരിക്കാൻ തയാറായില്ലെങ്കിൽ ഇന്ത്യ ഒറ്റക്കു ആ വഴി മുന്നേറാൻ ഉള്ള നിശ്ചയ ദാർഢ്യo  കാണിക്കണം. അതിന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാരിൻറ്റെ നിലപാടുകൾ സഹായകരമാകുമോ എന്നതാണ് നിർണായകമായ ചോദ്യം. ഇനിയുള്ള കാലയളവിൽ സാമുദായിക സൗഹാർദം പുനഃസ്ഥാപിക്കപ്പെടുമോ എന്നുള്ളതാണ് പ്രധാനമായും നോക്കി കാണേണ്ടത്.

- വെള്ളാശേരി ജോസഫ്.

2019 ജൂലൈ 26, വെള്ളിയാഴ്‌ച

കേരളത്തിലെ സ്ത്രീ മുന്നേറ്റം - ആണുങ്ങൾക്ക് പെണ്ണ് കിട്ടാതാവുന്ന ആധുനിക കേരളം

ജീവിതപങ്കാളിയെ തേടി കേരളത്തിലെ ഗ്രാമീണമേഖലയിലേയും, ചെറു പട്ടണങ്ങളിലേയും യുവാക്കൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോവുന്നു എന്ന വാർത്താ റിപ്പോർട്ടുകൾ കൃത്യമായ തെളിവുകളോടെ ഈയിടെ വന്നിരുന്നു. കാസർകോട്, വയനാട്, കോഴിക്കോട് - എന്നീ ജില്ലകളിൽ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലും വധുക്കളെ തേടി അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. കർണാടകത്തിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നുമാണ് പെൺകുട്ടികളെ വധുക്കളായി കൊണ്ടുവരുന്നത്. ഇങ്ങനെ കർണാടകത്തിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നും  പെൺകുട്ടികളെ വധുക്കളായി കൊണ്ടുവരുമ്പോൾ അതിർത്തി ജില്ലകളിലെ ബ്രോക്കർമാർക്ക് ഇരുപത്തയ്യായിരം മുതൽ ഒരു ലക്ഷം രൂപ വരെ പ്രതിഫലം കൊടുക്കണം. കൂടാതെ, പെൺകുട്ടിയുടെ വീട്ടുകാർക്ക് സ്വർണവും വിവാഹ ചെലവിനുള്ള പണവും നൽകണം.

ഈ അവസ്ഥ എന്തുകൊണ്ട് സംജാതമായി? കഴിഞ്ഞ 30-40 വർഷങ്ങളിൽ ആധുനിക കേരളത്തിൽ സംഭവിച്ച സമൂലമായ സാമൂഹ്യമാറ്റം തന്നെയാണിതിന് കാരണം. ഒരു നൂറ്റാണ്ടോളം പഴക്കം കേരളത്തിൻറ്റെ സാമൂഹ്യ മാറ്റങ്ങളുടെ ചരിത്രത്തിന് പറയാം. ദേവകി നിലയങ്ങോട് എഴുതിയിട്ടുള്ള 'അന്തർജനം കഥകളിൽ' അവർ പറയുന്നത് 1920-കളിൽ 9 വയസിലും, 10 വയസിലും നമ്പൂതിരി പെൺകുട്ടികളുടെ വിവാഹം നടക്കുക സാധാരണമായിരുന്നു എന്നാണ്. ലളിതാംബിക അന്തർജനത്തിൻറ്റേയും, ദേവകി നിലയങ്ങോടിൻറ്റേയും കൃതികളിൽ തെളിയുന്ന ജീവിത രേഖകൾ ഇന്നത്തെ തലമുറക്ക് അന്യമാണ്. അന്നൊക്കെ നമ്പൂതിരി വിധവകൾ വെറും നിലത്തു കിടക്കണമായിരിന്നു; അവർക്ക് എണ്ണ തേക്കാൻ പറ്റില്ലായിരുന്നു; സ്വർണം, വെള്ളി - ഈ ആഭരണങ്ങൾ ഒന്നും അണിയാൻ അവകാശമില്ലായിരുന്നു. ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. 'പരിണയം' സിനിമ അന്നത്തെ അവസ്ഥകൾ കുറച്ചൊക്കെ കാണിക്കുന്നുണ്ടല്ലോ. അത്തരം അവസ്ഥകളിൽ നിന്ന് ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴുള്ള സമൂലമായ മാറ്റം തന്നെയായിരിക്കണം ഇന്നത്തെ വിവാഹങ്ങളിലും പ്രതിഫലിക്കുന്നത്. 

ഇപ്പോഴത്തെ നമ്പൂതിരി പെൺകുട്ടികളൊക്കെ നല്ല വിദ്യാഭ്യാസം ഉള്ളവരാണ്. ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് പണ്ടത്തെ പുരുഷാധിപത്യത്തിൽ ഭിന്നമായ ഇപ്പോഴത്തെ അവസ്ഥ. അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം കൂടിയതോടെയാണ് കടുത്ത യഥാസ്ഥികരായ നമ്പൂതിരി സമുദായം പോലും ജാതി വിട്ടുള്ള വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. മുമ്പൊക്കെ ഇതേ കാരണത്താൽ ഭ്രഷ്ടും, പടിയടച്ച് പിണ്ഡം വെക്കലും നടത്തിയവർ ഇപ്പോൾ അത്തരത്തിലുള്ള യാതൊരു മനോഭാവവും കാണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. പണ്ട് സ്മാർതൻ താത്രിയെ 'സാധനം' എന്നാണല്ലോ വിശേഷിപ്പിച്ചത്. 'അകത്തത്' , 'അത്' , 'ഇത്' - എന്നൊക്കെയാണല്ലോ 21 -ആം നൂറ്റാണ്ടിലും ചില നമ്പൂതിരിമാർ സ്ത്രീകളെ പരാമർശിച്ച് എഴുതിയുട്ടുള്ളത്. അങ്ങനെയുള്ള നമ്പൂതിരിമാർക്ക് നല്ല ഒരു അടി അവരുടെ സ്ത്രീകളിൽ നിന്ന് തന്നെ കിട്ടി കൊണ്ടിരിക്കയാണ് എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്. 

പണ്ട് ചൊവ്വാദോഷത്തിൻറ്റെ പേരിൽ ആയിരക്കണക്കിന് സ്ത്രീകളെ വിവാഹത്തിൽ നിന്ന് മാറ്റി നിർത്തിയവർക്ക് ഇപ്പോൾ ജാതകം തന്നെ പ്രശ്നമല്ലാതായിരക്കുന്നു. കേരളത്തിലെ മുന്നോക്ക ഹിന്ദു യുവാക്കളിൽ അവിവാഹിതരുടെ എണ്ണം പെരുകുന്നു എന്നതാണ് കണക്കുകൾ നിരത്തി തന്നെ ചിലർ തെളിയിക്കുന്നത്. ജാതിയും ജാതകവും വേണ്ടെന്ന് പരസ്യം ചെയ്താൽ പോലും രക്ഷയില്ല; അനാഥാലയങ്ങളിൽ വരെ മംഗല്ല്യത്തിനായി ക്യൂവാണ്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നം ഒറ്റപ്പെടുന്ന പുരുഷന്മാരാണെന്നാണ് പല സാമൂഹ്യക നിരീക്ഷകരും പറയുന്നത്.

ജാതകവും, ജോൽസ്യവുമടക്കമുള്ള അന്ധവിശ്വാസങ്ങൾ ആഭ്യന്തര വൈരുധ്യങ്ങൾ കൊണ്ടുതന്നെ തകരുകയാണെന്നുള്ളതാണ് വാസ്തവം. യുക്തിവാദികൾ നടത്തിയ കാമ്പയിനേക്കാൾ അതാത് മനുഷ്യരുടെ ജീവിതാനുഭവങ്ങളാണ് സമീപ കാല കേരളത്തിൽ ഇത്തരം തിരിച്ചറിവുകൾ ഉണ്ടാക്കിയത്. അന്ധവിശ്വാസങ്ങളെ പൊക്കിക്കൊണ്ടുനടന്നവർ സ്വയം അത് ഉപേക്ഷിക്കേണ്ടിവരുന്നത് കാലത്തിൻറ്റെ വലിയ മാറ്റമാണെന്നോ, ചരിത്രത്തിൻറ്റെ കാവ്യ നീതിയാണെന്നോ പറയാം. ചുരുക്കം പറഞ്ഞാൽ അനുദിനം മൽസരാധിഷ്ഠിതമാകുകയാണ് കേരളത്തിലെ വിവാഹ മാർക്കറ്റ്. അനാഥാലയങ്ങളിലെ പെൺകുട്ടികളെ പോലും വിവാഹം കഴിക്കുന്നത് ഇന്നത്തെ കാലത്ത് എളുപ്പമല്ല. അവിടെയും ഇപ്പോൾ കടുത്ത മൽസരമാണ്. ബാങ്ക് ബാലൻസ് തൊട്ട് സ്വഭാവം വരെ വിലയിരുത്തിയതിന് ശേഷമേ അനാഥാലയത്തിൻറ്റെ അധികൃതർ വിവാഹങ്ങൾക്ക് സമ്മതിക്കൂ. അതുകൊണ്ടായിരിക്കണം കേരളത്തിൽ വധുക്കളെ ആവശ്യമുള്ള ചിലർ അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടതായി വന്നത്.

ആധുനിക ഇന്ത്യയിൽ മഹാത്മാ ഗാന്ധിയാണ് സ്ത്രീകളെ വലിയ തോതിൽ പൊതു വേദികളിലേക്ക് കൊണ്ട് വന്നത്. കേരളത്തിൽ പോലും ജനാലകളിൽ നിന്ന് സ്വർണ വളകളൊക്കെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ഊരി കൊടുത്ത ചരിത്രമുണ്ട്. ഗാന്ധി പണ്ട് കേരളത്തിൽ വന്നപ്പോൾ ഒരു പെൺകുട്ടി തൻറ്റെ സ്വർണം മുഴുവനും ഗാന്ധിക്ക് കൊടുത്ത കഥ വളരെ പ്രശസ്തമാണല്ലോ. പക്ഷെ മഹാത്മാ ഗാന്ധിക്ക് ടോയ്ലെറ്റ് ഉപയോഗത്തിൻറ്റെ കാര്യത്തിലാണെങ്കിലും, സ്ത്രീകളെ വലിയ തോതിൽ പൊതു വേദികളിലേക്ക് കൊണ്ട് വരുന്ന കാര്യത്തിലാണെങ്കിലും വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. സമൂഹത്തിൻറ്റെ യാഥാസ്ഥികത്ത്വം തന്നെ കാരണം.

എന്തായാലും ഗാന്ധിയുടെ കാലത്തിൽ നിന്ന് സ്ത്രീകൾ വളരെ മുന്നോട്ടുപോയി എന്ന് തന്നെയാണ് ഇപ്പോഴത്തെ വിവാഹ  'ട്രെൻഡുകൾ' കാണിക്കുന്നത്. കേരളത്തിലെ പല സമുദായങ്ങളിലേയും സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയാണ് ഇപ്പോൾ ആണുങ്ങൾക്ക് പെണ്ണ് കിട്ടാതിരിക്കാനുള്ള പ്രധാന കാരണം. സ്ത്രീകൾ നന്നായി പഠിച്ച് ഉയർന്ന ജോലി നേടുമ്പോൾ പുരുഷരിൽ ഒരു വലിയ വിഭാഗവും അവിടെ തന്നെ നിൽക്കുകയാണ്. അങ്ങനെ വരുമ്പോൾ പരമ്പരാഗത തൊഴിൽ ചെയ്തു വരുന്നവരും, വിദ്യാഭ്യാസപരമായും, സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നവരും, വിവാഹ മാർക്കറ്റിൽ പിറകോട്ടു പോകുന്നു. സർക്കാർ ജോലിയില്ലാത്ത യുവാക്കൾക്കും മറ്റും അവിവാഹിതരായി മരിക്കേണ്ട അവസ്ഥയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലുള്ളത്. ഇതോടൊപ്പം ജാതകം, പൊരുത്തം തുടങ്ങിയ അന്ധവിശ്വാസങ്ങൾ കൂടിയാവുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായി. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള പെൺകുട്ടികൾ അതനുസരിച്ച് യോഗ്യതയുള്ളവരെയേ ജീവിത പങ്കാളികളായി സ്വീകരിക്കുന്നുള്ളൂ. പണ്ടത്തേതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ പെൺകുട്ടികളുടെ ഇടയിൽ വിവാഹ പങ്കാളിയെക്കുറിച്ചുള്ള സങ്കൽപം ഇപ്പോൾ ഉയർന്നതും ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാം. ഐ.ടി. ഫീൽഡിലേക്കും മറ്റുമായി ബാൻഗ്ലൂർ പോലുള്ള നഗരങ്ങളിൽ എത്തുന്ന പെൺകുട്ടികൾ സമുദായം നോക്കാതെ തങ്ങൾക്ക്തുല്യ ജോലി സ്റ്റാറ്റസുള്ള ഒരാളെ വിവാഹംചെയ്ത് അവിടെതന്നെ സെറ്റിൽ ചെയ്യുന്ന പ്രവണതയും ഇന്നുണ്ട്. വിവാഹത്തിലേക്ക് എത്തുന്ന ഇത്തരം 'ട്രെൻഡുകൾ' കാരണം അവസാനം മലയാളി പുരുഷന് പെണ്ണ് കിട്ടാതിരിക്കുന്ന അവസ്ഥ ഒരു സാമൂഹ്യ പ്രശ്നമായി മാറുമോ എന്നാണ് ഇനി ഭയക്കേണ്ടത്. കേരളം അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി ഒറ്റപ്പെടുന്ന പുരുഷന്മാർ മാറുമോ എന്നാണ് ഇനി കാണേണ്ടത്.

ഒരു സമൂഹത്തിൻറ്റെ 'ക്വാളിറ്റി ഓഫ് ലൈഫ്' അതല്ലെങ്കിൽ 'സോഷ്യൽ ഡെവലപ്പ്മെൻറ്റ് ഇൻഡക്സ്' കണക്കാക്കാൻ ഏറ്റവും എളുപ്പം സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരവും, അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനവും നോക്കുന്നതാണ്. കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഒരു കമ്യുണിറ്റി എന്ന നിലയിൽ ആദ്യം സ്വയം വരുമാനം നേടിയതും, വിദ്യാഭ്യാസത്തിൽ മുൻപന്തിയിലെത്തിയതും  ക്രിസ്ത്യൻ സ്ത്രീകളായിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ സ്ത്രീകൾ മുൻനിരയിലേക്ക് വന്നത്തിന് മുമ്പ് തന്നെ പുരുഷന്മാരും വിദ്യാഭ്യാസപരമായി മുന്നേറിയിരുന്നു. കഴിഞ്ഞ 20-30 വർഷങ്ങളിൽ വിദ്യാഭ്യാസത്തിൽ ഏറ്റവും കൂടുതൽ മുമ്പന്തിയിലെത്തിയ കൂട്ടരാണ് കേരളത്തിലെ മുസ്‌ലീം കമ്യുണിറ്റി. അതൊക്കെ കൊണ്ടാവാം കേരളത്തിലെ ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങളിൽ വധുക്കൾക്ക് അധികം ക്ഷാമം അനുഭവപ്പെടുന്നില്ല. ഹിന്ദു സമുദായത്തിലാണ് കൂടുതൽ പ്രശ്നങ്ങൾ. പക്ഷെ ഇപ്പോഴുള്ള  'ട്രെൻഡ്' തുടർന്നാൽ  ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങളിലും ഒരുപക്ഷെ ഭാവിയിൽ വധുക്കളുടെ 'ഷോർട്ടേജ്' അനുഭവപ്പെട്ടേക്കാം. ഇന്നത്തെ മുസ്ലീം സ്ത്രീകളുടെ പ്രശ്നം അവരുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള വരൻമാരെ കിട്ടാത്തതാണ്. 'കടൽ കടന്നൊരു മാത്തുക്കുട്ടി' - യെ പോലെ വിദേശ നേഴ്‌സുമാരുമായുള്ള വിവാഹത്തിലൂടെ ഹൌസ് വൈഫുകൾക്ക് പകരം ധാരാളം 'ഹൌസ് മാൻമാർ' ആയവർ ഇന്നിപ്പോൾ ക്രിസ്ത്യൻ സമുദായത്തിൽ ഉണ്ട്. വിദ്യാഭ്യാസമുള്ള ക്രിസ്ത്യൻ പെൺകുട്ടികൾ ഭാവിയിൽ ഇത്തരം 'ഹൌസ് മാൻമാരെ' അംഗീകരിക്കുമോ എന്ന ഇപ്പോഴേ ക്രിസ്ത്യൻ സാമുദായാംഗങ്ങൾ ചിന്തിക്കുന്നത് നന്നായിരിക്കും.

2019 ജൂലൈ 18, വ്യാഴാഴ്‌ച

മിഷനറിമാർ രൂപം കൊടുത്ത ആധുനിക കേരളം


മലയാളിയുടെ സാക്ഷരതാ നിരക്ക് ഉയർത്താൻ തിരുവിതാംകൂർ, കൊച്ചി - എന്നീ നാട്ടുരാജ്യങ്ങളിൽ പ്രൊട്ടസ്റ്റൻറ്റ് മിഷനറിമാർ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ശ്രമം തുടങ്ങിയിരുന്നു. റഷ്യൻ മിഷനറിമാർ, 'മിഷനറീസ് ഓഫ് ലണ്ടൻ സൊസൈറ്റി', CMS മിഷൻ, ബേസൽ മിഷൻ, ജെസ്യൂട്ടുകൾ, ഫ്രാൻസിസ്കൻ മിഷനറിമാർ - ഇവരുടെ പ്രവർത്തനങ്ങളാണ് കേരളത്തിലെ സാക്ഷരതാ നിരക്ക് കൂടാൻ പ്രധാന കാരണം. അതുപോലെ തന്നെ ആരോഗ്യ രംഗത്തും മിഷനറിമാർ ഗണ്യമായ സംഭാവനകൾ നൽകി.

പാശ്ചാത്യ മിഷനറിമാരുടെ പ്രവർത്തനങ്ങളെ സംഘ പരിവാർ സംഘടനകൾ എതിർത്തത് പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം - എന്നീ മേഖലകളിൽ ഇന്ത്യ പിന്നോക്കം പോകുവാൻ വലിയ കാരണമായി എന്നുള്ളത് തർക്കമറ്റ കാര്യമാണ്. ഒന്നാം ലോക മഹായുദ്ധത്തിൻറ്റേയും, രണ്ടാം ലോകമഹാ യുദ്ധത്തിൻറ്റേയും കെടുതികൾ അനുഭവിച്ച യൂറോപ്യൻ ജനത പിന്നീട് മാനവികതയുടെ വലിയ സന്ദേശം ഉൾക്കൊള്ളുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സമൃദ്ധമായ പല കുടുംബങ്ങളും യുദ്ധാനന്തരം അനുഭവിക്കേണ്ടിവന്ന ദാരിദ്ര്യത്തിൻറ്റേയും, അരക്ഷിതാവസ്ഥയുടേയും അന്തരീക്ഷത്തിൽ ഫ്‌ളോറൻസ് നയിറ്റിങേലിനെ പോലുള്ള പെൺകുട്ടികളാണ് യൂറോപ്പിൽ മനുഷ്യ സേവനത്തിൻറ്റെ മഹത്തായ സന്ദേശങ്ങൾ പ്രധാനമായും ഉൾക്കൊണ്ടത്. ഇന്ത്യയിലെ അനാഥാലയങ്ങളിലും, ആരോഗ്യ മേഖലകളിലും, സ്‌കൂളുകളിലും ഒക്കെ പ്രവർത്തിച്ച മിഷൻ സംഘനകളിൽ പ്രവർത്തിച്ച  പെൺകുട്ടികളിൽ പലരും യൂറോപ്യൻ പ്രഭു കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. മഹത്തായ മാനവികതയുടെ ആ സന്ദേശം ഉൾക്കൊള്ളേണ്ടതിന് പകരം പല പാശ്ചാത്യ മിഷനറിമാർക്കും സംഘ പരിവാർ സംഘടനകളുടെ സമ്മർദത്തെ തുടർന്ന് സ്വതന്ത്ര ഇന്ത്യ വിസ നിഷേധിച്ചു. അതേസമയം പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും ഇന്ത്യയിൽ നിലനിന്നിരുന്ന കർശനമായ ജാതി വ്യവസ്ഥയുടെ സംബ്രദായങ്ങളോടും, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള എതിർപ്പിനും ഇന്ത്യയിൽ തന്നെ പരിഹാര മാർഗങ്ങളും ഉണ്ടായില്ല. അതാണ് ഇപ്പോഴും പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം - എന്നീ മേഖലകളിൽ ഇന്ത്യ പിന്നോക്കം നിൽക്കുന്നത്. ആ ചരിത്രപരമായ കാരണങ്ങളൊക്കെ ഇന്നിപ്പോൾ നിഷേധിച്ചിട്ട് കാര്യമില്ല. താഴ്ന്ന ജാതിക്കാരെ അടുപ്പിക്കാതിരുന്ന ഒരു സാമൂഹ്യ സാഹചര്യത്തിൽ അത്തരം ജാതി ചിന്തയ്ക്ക് അടിമപ്പെടാതിരുന്ന മിഷനറിമാരാണ് ആദ്യമായി താഴ്ന്ന ജാതിയിൽ പെട്ടവർക്ക് അക്ഷരാഭ്യാസം പകർന്നു നൽകിയത്. സംഘ പരിവാറുകാർ ഇപ്പോൾ എത്രയൊക്കെ നുണ പ്രചാരണം നടത്തിയാലും ഒരു മിനിമം ചരിത്രബോധം ഉള്ളവർക്ക് അന്നത്തെ സാമൂഹ്യാന്തരീക്ഷം നന്നായി മനസിലാക്കുവാൻ സാധിക്കും.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി മിഷനറിമാരുടെ അന്നത്തെ താഴ്ന്ന ജാതിക്കാർക്കിടയിലുള്ള പ്രവർത്തനങ്ങളാണ് കേരളത്തിലെ സാക്ഷരതാ നിരക്ക് കൂടാൻ പ്രധാന കാരണം. പള്ളിയോട് ചേർന്നുള്ള പള്ളിക്കൂടം എന്ന പദ്ധതിയാണ് തിരുവിതാംകൂറിൽ ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ തന്നെ സാക്ഷരതാ നിരക്ക് ഗണ്യമായി ഉയരാൻ കാരണം. തിരുവിതാംകൂർ, കൊച്ചി - എന്നീ നാട്ടുരാജ്യങ്ങളിൽ അന്നത്തെ രാജാക്കൻമാരുടെ അനുമതിയോടെയാണ് മിഷനറിമാർ സാക്ഷരതാ നിരക്ക് ഉയർത്താൻ യത്നിച്ചത്. ബ്രട്ടീഷ് അധ്യാപകർ പഠിപ്പിച്ച രാജ കുടുംബങ്ങളിലെ പലരും പുരോഗമന ആശയങ്ങൾ പൊതു സമൂഹത്തിൽ നിന്നും വിഭിന്നമായി ഉൾക്കൊണ്ടിരുന്നു. അതുകൊണ്ട് അവർ മിഷനറിമാരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു. പുലയർക്കും പറയർക്കുമൊക്കെ ആദ്യമായി സ്‌കൂളുകളിൽ പ്രവേശനം കൊടുത്തതും മിഷനറിമാർ ആയിരുന്നു. സർക്കാർ സ്‌കൂളുകളിലും പ്രവേശനം കൊടുത്തിരുന്നെങ്കിലും ഉന്നത ജാതിക്കാർ പഠിപ്പിച്ചിരുന്ന സ്‌കൂളുകളിൽ ജാതി വിവേചനം നിലനിന്നിരുന്നു. ഇതൊക്കെ പലരും സചിത്രമായ വിവരണങ്ങളോട് കൂടി എഴുതിയിട്ടുള്ള കാര്യങ്ങളാണ്.

മിഷനറിമാർ പോയ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും സാക്ഷരതാ നിരക്ക് ഉയർന്നിട്ടുണ്ട്. പക്ഷെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വലിയ പ്രശ്നങ്ങൾ തന്നെ ആയിരുന്നു  താഴ്ന്ന ജാതിക്കാർക്കും, പെൺകുട്ടികൾക്കും വിദ്യ അഭ്യസിക്കൽ. ഇതെഴുതുന്നയാൾ താമസിക്കുന്ന ഡൽഹി-ഹരിയാന അതിർത്തിയോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ പണ്ട് ഇറ്റാലിയൻ മിഷനറിമാർ സ്‌കൂൾ തുടങ്ങി. പക്ഷെ അവിടുത്തെ ജാട്ടുകാർ താഴ്ന്ന ജാതിക്കാർ വിദ്യാഭ്യാസം അഭ്യസിക്കുന്നതിനെ ശക്തമായി എതിർത്തു. അതുപോലെ തന്നെ നമ്മുടെ പാരമ്പര്യ സമൂഹം എതിർത്ത ഒന്നായിരുന്നു പെൺകുട്ടികളുടെ വിദ്യാഭ്യാസം. 'മിർച്ച് മസാല' എന്ന ഹിന്ദി ചിത്രത്തിൽ ഗ്രാമമുഖ്യൻ തൻറ്റെ മകളെ ഭാര്യ സ്‌കൂളിൽ ചേർത്ത കാര്യം അറിഞ്ഞു കോപാകുലനായി പെൺകുഞ്ഞിനെ സ്‌കൂളിൽ നിന്ന് ബലമായി വലിച്ചിഴച്ചു കൊണ്ടുവരുന്ന രംഗം കാണിക്കുന്നുണ്ട്. രാജസ്ഥാനിൽ ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ നടന്ന കാര്യങ്ങളുടെ സിനിമാവിഷ്കാരമാണ് അതൊക്കെ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള പ്രതിലോമകരമായ മനോഭാവമാണ് അത്തരം പെരുമാറ്റ രീതികളിലൂടെ 'മിർച്ച് മസാല' പോലുള്ള സിനിമകളിൽ കാണിക്കുന്നത്. കേരളത്തിൽ നിലനിന്നിരുന്ന 'മാതൃദായക്രമം' ആയിരിക്കാം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോട് സമൂഹവും, കുടുംബങ്ങളും ഒരുപക്ഷെ രൂക്ഷമായി പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും പ്രതികരിക്കാതിരുന്നതിന് ഒരു പ്രധാന കാരണം. നമ്മുടെ മിത്തുകളിലും ചരിത്രത്തിലും ഉള്ള ഉണ്ണിയാർച്ചമാരും, തുമ്പോലാർച്ചമാരും ഒക്കെ ആയിരിക്കാം സാധാരണക്കാരായ സ്ത്രീകൾക്ക് വിദ്യ അഭ്യസിക്കാൻ ഒരുപക്ഷെ അവസരം നൽകിയത്.

കേരളത്തിൽ നിലനിന്നിരുന്ന മാതൃദായ ക്രമത്തെ കുറിച്ച് വളരെയേറെ വാഴ്ത്തുമൊഴികൾ തലമുറകളായി പകർന്നു കൊടുത്തിട്ടുണ്ട്. പക്ഷെ അത്തരം സ്ത്രീകൾക്ക് പ്രാധാന്യം ഉണ്ടായിരുന്ന സാമൂഹ്യ ഘടന ഉണ്ടായിരുന്നിട്ടും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ പോലും 'ഡിസിഷൻ മേയ്ക്കിങ്' സ്ഥാനങ്ങളിൽ അധികം സ്ത്രീകളെ  കാണാൻ കിട്ടുന്നില്ല. എന്താവാം അതിനു കാരണം??? മാതൃദായ ക്രമത്തേയും, ആറ്റിങ്ങലിലെ ഉമയമ്മ റാണിയെ കുറിച്ചുള്ള ചരിത്രവും ഒക്കെ കുറെ കാൽപനികമാണ് എന്നാണ് ഇതെഴുതുന്ന ആളുടെ അഭിപ്രായം. തോപ്പിൽ ഭാസി തൻറ്റെ അമ്മയെ ഉദ്ധരിച്ച് സ്ത്രീകളുടെ അവസ്ഥ വിവരിച്ചിട്ടുണ്ട്: "ഒരു ദിവസം കാരണവർ വിളിക്കുന്നു; അതിനു ശേഷം അടുത്തു നിന്ന ആളോട് പുടവ കൊടുക്കാൻ പറയുന്നു; എങ്ങനെയോ നാല് മക്കളുണ്ടായി" - ഇതാണ് തോപ്പിൽ ഭാസി തൻറ്റെ അമ്മയെ ഉദ്ധരിച്ച് സ്ത്രീകളുടെ അവസ്ഥ വിവരിക്കുന്നത്.

നൂറ്റാണ്ടുകളായി മലയാളികളുടെ മനസ്സിൽ സ്ത്രീ വിരുദ്ധ മനോഭാവമാണ് നിലനിൽക്കുന്നത്. അതാണ് 'ഡിസിഷൻ മേയ്ക്കിങ്' സ്ഥാനങ്ങളിൽ ഇന്നും അധികം സ്ത്രീകളെ  കാണാത്തത്. മലയാളിയുടെ വീര ശൂര പരാക്രമി ആയിരുന്ന തച്ചോളി ഒതേനൻ പറയുന്നതായ വടക്കൻ പാട്ട് ഒന്ന് ശ്രദ്ധിക്കുക:
“ആണിന്നടങ്ങാത്ത പെണ്ണുണ്ടിന്ന്
അങ്ങനെയൊരു പെണ്ണുണ്ടെങ്കിൽ
ഓളെ ഞാൻ നന്നാക്കിക്കൊണ്ട്വരല്ലോ…
ഒന്നിങ്ങു കേൾക്കണം പെറ്റോരമ്മേ
ഞാനിന്നടക്കാത്ത പെണ്ണുമില്ല
ഞാനിന്നു കേറാത്ത വീടുമില്ല” – ഇതാണ് തച്ചോളി ഒതേനൻറ്റെ വീര വാദം. മാടമ്പിത്തരത്തിൻറ്റയും ആണഹന്തയുടെയും അങ്ങേയറ്റമാണ് ഈ വാക്കുകളിൽ മുഴങ്ങുന്നത്. തച്ചോളി അമ്പാടി വഴി മാറാത്തത്തിൻറ്റെ പേരിലാണ് അങ്കം കുറിക്കുന്നത്. ഇത്തരം ഫ്യൂഡൽ സങ്കൽപ്പങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിച്ചത് ക്രിസ്ത്യൻ മിഷനറിമാരും, കമ്മ്യൂണിസ്റ്റുകാരും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളും ആണ്.

1924- ലെ വൈക്കം സത്യാഗ്രഹത്തെ കുറിച്ച് പറയുമ്പോൾ തന്നെ വൈക്കം സത്യാഗ്രഹ സമയത്ത് ചുണ്ണാമ്പു കലക്കിയൊഴിച്ച് ദളിതൻറ്റെ കണ്ണ് കളഞ്ഞ കഥ കൂടി പറയണം; അത് കൂടി കാണണം. അയിത്തം ഉണ്ടാകാതിരിക്കാനായി ചുണ്ണാമ്പു തെറിപ്പിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

അതുപോലെ ചരിത്രത്തിലേക്ക് നോക്കിയാൽ അണഹന്തയുടേയും, ജാതി ബോധത്തിൻറ്റെയും ഒത്തിരി കഥകൾ ഉണ്ട്. ചക്കയുടെയും, മാങ്ങയുടെയും, തേങ്ങയുടെയും, അരിയുടെയും പേരിലായിരുന്നു കേരളത്തിൽ പല അങ്കം വെട്ടും, തല കൊയ്യലുമൊക്കെ. ഇതൊക്കെ വിവരിക്കുന്ന വടക്കൻ പാട്ട് എഴുതി വെച്ചവർ മിഷനറിമാരോ, മുസ്ലീം ആക്രമണകാരികളോ ഒന്നും അല്ല. ഇവിടുള്ളവർ തന്നെയാണ്.

ആരോമൽ ചേകവരും, അരിങ്ങോടരും തമ്മിലുള്ള അങ്കം വെട്ടിൻറ്റെ കാരണമായ മൂപ്പിളമ തർക്കം വിവരിക്കുന്ന വടക്കൻ പാട്ട് ഒന്ന് പഠിച്ചാൽ മതി ഇതു മനസ്സിലാക്കാൻ.
"കൊള്ളി തലക്കൽ ബലി ഒപ്പം ചെയ്തു

ശേഷിച്ച നെല്ലും, അരിയും ചൊല്ലി

എടമുണ്ടൻ തെങ്ങിൻറ്റെ തേങ്ങ ചൊല്ലി

വേടൻ പിലാവിൻറ്റെ ചക്ക ചൊല്ലി

വടുക പുളിയൻറ്റെ മാങ്ങ ചൊല്ലി" - ഇങ്ങനെയാണ് ആ പാട്ട് പോകുന്നത്. കവിയുടെ വാക്കുകളിൽ പോലുമുണ്ട് പരിഹാസം. ഈ വരികൾ തന്നെ ചക്കയുടെയും, മാങ്ങയുടെയും, തേങ്ങയുടെയും, അരിയുടെയും പേരിലായിരുന്നു കേരളത്തിൽ പല അങ്കം വെട്ടും, തല കൊയ്യലുമൊക്കെ എന്ന് വെളിവാക്കുന്നു.

ഒതേനനും, മതിലൂർ ഗുരുക്കളും തമ്മിലുള്ള അങ്കത്തിനു നിദാനം ഒതേനൻറ്റെ ജാതി ബോധമായിരുന്നു.
"കുൻജാരനല്ലേ കുലമവൻറ്റെ

എൻ തല മണ്ണിൽ കത്തുവോളം

കുൻജാരനാചാരം ചെയ്യുകേലാ" - എന്നാണ് ആചാര കൈ നീട്ടാൻ പറഞ്ഞ കോമ കുറുപ്പിനോട് ഒതേനൻ പറഞ്ഞത്.

തച്ചോളി ഒതേനൻ തന്നെ മതിലൂർ ഗുരുക്കളോട് അങ്കം കുറിച്ചത് എങ്ങനെയാണ്? മതിലൂർ ഗുരുക്കൾ വന്നപ്പോൾ ഇരട്ട കുഴൽ തോക്ക് പ്ലാവിൽ ഒന്ന് ചാരി. രാജാവ് അല്ലെങ്കിൽ പോന്നു തമ്പുരാൻ വരുമ്പോൾ പൊൻ കുന്തം ചാരനുള്ളതാണ് ആ പ്ലാവ് എന്ന ആചാര മുറ തെറ്റിച്ചതിനാണ് തച്ചോളി ഒതേനൻൻറ്റെ രോഷ പ്രകടനം. "പൊൻ കുന്തം ചാരും പിലാവോടിപ്പോൾ" എന്ന് പറഞ്ഞാണ് തച്ചോളി ഒതേനൻ ചാടി വീണു മതിലൂർ ഗുരുക്കളോട് അങ്കം കുറിക്കുന്നത്.
ഇത്തരം ഫ്യൂഡൽ സങ്കൽപ്പങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിച്ചത് ക്രിസ്ത്യൻ മിഷനറിമാരും, കമ്മ്യൂണിസ്റ്റുകാരും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളും ആണ്. വിദ്യാഭ്യാസം, ആരോഗ്യം, അത് വഴി ഉണ്ടായ ഭക്ഷ്യ സുരക്ഷ, ഇൻഫ്രാസ്ട്രക്ച്ചർ വികസനം - ഇതിനൊക്കെ നമ്മൾ കടപെട്ടിരിക്കേണ്ടത് മിഷനറിമാരോടും, കമ്മ്യൂണിസ്റ്റുകാരോടും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളോടും ആണ്. അതാണ് ചരിത്രം.

2019 ജൂലൈ 17, ബുധനാഴ്‌ച

എല്ലാവരും ഉയർത്തിപ്പിടിച്ച 'കേരളാ മോഡലിന്' പിന്നീട് എന്തു സംഭവിച്ചു?

പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷാ – എന്നിങ്ങനെയുള്ള കേരളത്തിൻറ്റെ വികസനത്തെ അടയാളപ്പെടുത്തിയ ജീവിത സൂചികകൾ മൂലം കൊട്ടിഘോഷിക്കപ്പെട്ടിരുന്ന 'കേരളാ മോഡലിന്' 1990-കൾക്ക് ശേഷം എന്തു സംഭവിച്ചു? ഇന്നിപ്പോൾ പ്രകൃതി ഇത്ര കനിഞ്ഞനുഗ്രഹിച്ചിട്ടും കേരളത്തിൽ നാം നമ്മുടെ ഉൾനാടൻ മത്സ്യ കൃഷി വികസിപ്പിച്ചിട്ടില്ല. ഇത്രയേറെ തോടുകളും, പുഴകളും, കായലുകളും, നീണ്ട കടൽ തീരവും ഉണ്ടായിട്ട് നാം ജല ഗതാഗതം വികസിപ്പിച്ചിട്ടില്ല. കേരളത്തിലെ വ്യവസായിക, കാർഷിക, സേവന മേഖലകളെ വികസിപ്പിച്ചിട്ടില്ല. അതേ സമയം ഇതൊന്നുമില്ലാഞ്ഞിട്ടും മറ്റു സംസ്ഥാനങ്ങളിൽ വികസനം കൈവന്നു. പൻജാബിലും, ഹരിയാനയിലും വരെ അവർ ഉൾനാടൻ മത്സ്യ കൃഷി വികസിപ്പിച്ചു. അവരൊക്കെ കാർഷിക രംഗത്ത് വൻതോതിലുള്ള യന്ത്രവൽക്കരണം കൊണ്ടുവന്നു. എലാ വികസിത രാജ്യങ്ങളും കാർഷിക രംഗത്ത് വൻ തോതിലുള്ള യന്ത്രവൽക്കരണം കൊണ്ടുവന്നിട്ടുണ്ട്. തെങ്ങു കയറാനുള്ള യന്ത്രം, മണ്ണ് കുഴിക്കാനുള്ള യന്ത്രം. പാൽ കറക്കാനുള്ള യന്ത്രം, മരം മുറിക്കാനുള്ള യന്ത്രം – ഇങ്ങനെ യന്ത്രവൽക്കരണത്തെ ആശ്രയിക്കാവുന്ന എത്രയെത്ര മേഖലകൾ കേരളത്തിൽ ഉണ്ടായിരുന്നു??? അതിനെ കുറിച്ചൊക്കെ ആകുലരാകുന്നതിന് മുമ്പ് ഇരുപതാം നൂറ്റാണ്ടിലെ ഉത്തരാർദ്ധത്തിൽ കേരളത്തിലുണ്ടായ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾ കാണേണ്ടതുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലുണ്ടായ സാമൂഹ്യ മാറ്റങ്ങളുടെ ചരിത്രം പറയുമ്പോൾ സാക്ഷരതാ നിരക്ക് ഉയർന്ന കാര്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിനോടൊപ്പം മലയാളിയുടെ വായനാ സംസ്കാരം ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ മാറിയ കഥ കൂടി നാം ഓർക്കണം. മലയാളിയുടെ സാക്ഷരതാ നിരക്ക് ഉയർത്താൻ തിരുവിതാംകൂർ, കൊച്ചി - എന്നീ നാട്ടുരാജ്യങ്ങളിൽ പ്രൊട്ടസ്റ്റൻറ്റ് മിഷനറിമാർ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ശ്രമം തുടങ്ങിയിരുന്നു. 'മിഷനറീസ് ഓഫ് ലണ്ടൻ സൊസൈറ്റി', CMS മിഷൻ, ബേസൽ മിഷൻ, ജെസ്യൂട്ടുകൾ, ഫ്രാൻസിസ്കൻ മിഷനറിമാർ - ഇവരുടെ പ്രവർത്തനങ്ങളാണ് കേരളത്തിലെ സാക്ഷരതാ നിരക്ക് കൂട്ടാൻ പ്രധാന കാരണം. തിരുവിതാംകൂർ, കൊച്ചി - എന്നീ നാട്ടുരാജ്യങ്ങളിൽ അന്നത്തെ രാജാക്കൻമാരുടെ അനുമതിയോടെയാണ് മിഷനറിമാർ സാക്ഷരതാ നിരക്ക് ഉയർത്താൻ യത്നിച്ചത്. പുലയർക്കും പറയർക്കുമൊക്കെ ആദ്യമായി സ്‌കൂളുകളിൽ പ്രവേശനം കൊടുത്തതും മിഷനറിമാർ ആയിരുന്നു. കേരളത്തിൽ പ്രിൻറ്റിങ് ടെക്‌നോളജി വ്യാപിപ്പിച്ചതിൻറ്റെ ക്രെഡിറ്റും മിഷനറിമാർക്ക് അവകാശപ്പെടാവുന്നതാണ്.

എഴുത്താശാൻമാർ നെത്ര്വത്ത്വം കൊടുത്ത 'കുടിപ്പള്ളിക്കൂടം' ഒക്കെ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും ഉണ്ടായിരുന്നെങ്കിലും മലബാർ ഉൾപ്പെടെയുള്ള മദ്രാസ് പ്രൊവിൻസിൻറ്റെ 'ലിറ്ററസി റെയ്റ്റ്' ആയി 1901 - ലെ സെൻസസിൽ കാണിക്കുന്നത് പുരുഷൻമാർക്ക് 11.9 ശതമാനവും, സ്ത്രീകൾക്ക് 0.11 ശതമാനവും ആണ്. ഇതിൽ നിന്ന് തന്നെ മൊത്തം ജനസംഖ്യയിൽ എത്ര പേർക്ക് എഴുതാനും, വായിക്കാനും അന്നത്തെ കേരളത്തിൽ കഴിഞ്ഞിരുന്നൂ എന്ന് ഊഹിക്കാം. ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി പിന്നീട് സാക്ഷരതയിൽ കേരളം കണ്ടത് ഒരു വൻ കുതിച്ചു ചാട്ടമാണ്. 1951 ആയപ്പോൾ കേരളത്തിലെ സ്ത്രീകളുടെ സാക്ഷരത 31.5 ശതമാനം ആയി മാറി. അപ്പോഴും ഇന്ത്യയൊട്ടാകെ 7.9 ശതമാനം സ്ത്രീകൾക്ക് മാത്രമേ എഴുത്തും വായനയും അറിയാമായിരുന്നുള്ളൂ. 1991 ആയപ്പോൾ മൊത്തം കേരളത്തിലെ 'ലിറ്ററസി റെയ്റ്റ്' ആയി കാണിക്കുന്നത് 78 ശതമാനമാണ്. അപ്പോഴും ബീഹാറിൽ 31 ശതമാനവും, ഉത്തർ പ്രദേശിൽ 34 ശതമാനവും മാത്രമേ സാക്ഷരത ഉണ്ടായിരുന്നുള്ളൂ എന്ന് പറയുമ്പോൾ നമുക്ക് കേരളത്തിൻറ്റെ സവിശേഷ വികസന മാതൃക മനസിലാക്കാം. ഈ സവിശേഷ വികസന മാതൃകയാണ് പിന്നീട് 'കേരളാ മോഡൽ' വികസനം എന്നറിയപ്പെട്ടത്.

സാക്ഷരത ഉയർന്ന 1950-കൾക്ക് ശേഷമുള്ള കേരളത്തിൽ പ്രൊഫസർ റോബിൻ ജെഫ്രി ചൂണ്ടിക്കാട്ടുന്നത് പോലെ പത്ര മാധ്യമങ്ങളുടെ പ്രസിദ്ധീകരണത്തിൽ ഒരു വൻ വിപ്ലവം തന്നെയുണ്ടായി. 'ആധുനികത' എന്ന പ്രതിഭാസത്തിൻറ്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നായി സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്ന നോവലുകളുടെ ഉദയവും, വളർച്ചയും മലയാളത്തിലും ഉണ്ടായി. കോട്ടയം കേന്ദ്രമായി മലയാള മനോരമ, മനോരാജ്യം, മംഗളം - തുടങ്ങിയ അനേകം വീക്കിലികൾ പ്രസിദ്ധീകരിക്കപ്പെട്ടു. ജനപ്രിയ നോവലുകളിലൂടെ മലയാളിയുടെ വായനയുടെ തോത് ഉയർത്തുന്നതിൽ ഈ വീക്കിലികൾ വഹിച്ച പങ്ക് നിസ്തുലമാണ്. ഇതിനോടോപ്പം 'വായനശാലാ പ്രസ്ഥാനവും' കേരളത്തിൽ ഉണ്ടായി. 5000 ലൈബ്രറികൾ അല്ലെങ്കിൽ വായനശാലകൾ കേരളത്തിൽ അക്കാലത്ത് ഉണ്ടായി എന്ന് പറയുമ്പോൾ തന്നെ മലയാളിയുടെ വായനയിൽ വന്ന മാറ്റം കാണാം. 40 പത്രങ്ങളോളമാണ് 1950-കൾക്ക് ശേഷമുള്ള കേരളത്തിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടത്!!! അതൊക്കെ കൂടാതെ ആയിരത്തിൽ ഏറെ പ്രസിദ്ധീകരണങ്ങളും!!! മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്തതായിരുന്നു വായനയിൽ ഉണ്ടായ ആ നേട്ടം. 

ഇതിനും മുമ്പേ ഉണ്ടായ കർഷക സമരങ്ങളുടെ കഥ കൂടി പറഞ്ഞില്ലെങ്കിൽ കേരളത്തിലെ ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യ കാലത്തുണ്ടായ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളെ കുറിച്ചുള്ള കഥാകഥനത്തിന് ഒരു പൂർണതയും കൈവരില്ലാ. 1934-ൽ ഉണ്ടായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയാണ് ആദ്യമായി ചെറുകിട കർഷകരുടെ അതല്ലെങ്കിൽ പാട്ട കർഷകരുടെ പ്രശ്നം ഏറ്റെടുത്തത്. 1937-ൽ രൂപം കൊണ്ട മലബാർ കർഷക സംഘവും, പിന്നീട് 1940 -ൽ  രൂപമെടുത്ത കമ്യുണിസ്റ്റ് പാർട്ടിയും ചെറുകിട കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി കേരളത്തിലങ്ങോളമിങ്ങോളം സമരങ്ങൾ സംഘടിപ്പിച്ചു. 1940-50 കാലയളവിൽ ഇത്തരം സമരങ്ങളാൽ കേരളം പ്രക്ഷുബ്ദ്ധമായി. പിന്നീട് കമ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ 1957 ഡിസംബർ 18- ന് 'കേരളാ അഗ്രെറിയൻ ബിൽ' നിയമസഭയിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. 48 ദിവസത്തെ തുടർച്ചയായ ചർച്ചക്ക് ശേഷം 1959 ജൂൺ 10- ന് ആ ബിൽ പാസായി. ഹൈക്കോടതിയിലും, പിന്നീട് സുപ്രീം കോടതിയിലും വളരെക്കാലം നീണ്ടുനിന്ന നിയമ പോരാട്ടമാണ് 'കേരളാ അഗ്രെറിയൻ ബിൽ' - നെ പറ്റി പിന്നീടുണ്ടായത്. അവസാനം ആദ്യത്തെ ബില്ലിൽ കുറെയൊക്കെ മാറ്റങ്ങൾ വരുത്തി 1970-ൽ നിലവിൽ വന്ന അച്യുത മേനോൻ സർക്കാരാണ് കേരളത്തിൽ ഭൂ പരിഷ്കരണ നിയമം നടപ്പിലാക്കിയത്. ഭൂ പരിഷ്കരണ നിയമം നടപ്പിലാക്കിയത് മൂലം പാട്ടഭൂമി സ്ഥിരപ്പെടുത്തിയതിന് പുറമെ കുടികിടപ്പ് അവകാശം കർഷക തൊഴിലാളികൾക്ക് ആദ്യമായി കിട്ടി. അന്നത്തെ അവസ്ഥയിൽ അതൊരു വലിയ വിപ്ലവം തന്നെയായിരുന്നു.

ട്രെയിഡ് യൂണിയൻ പ്രസ്ഥാനങ്ങൾ വഴി 'മിനിമം വേജ്' പരിഷ്ക്കരിച്ച മറ്റൊരു നിയമമായിരുന്നു കേരളത്തിലെ അടുത്ത സാമൂഹ്യ വിപ്ലവം. സ്ത്രീകൾക്ക് 1957-ൽ നിലവിൽ വന്ന 'മറ്റേണിറ്റി ബെനഫിറ്റ് ആക്റ്റ്' വഴി ഒട്ടേറെ അവകാശങ്ങളും, ആനുകൂല്യങ്ങളും നൽകി. ഈ മാറ്റങ്ങളെ കുറിച്ചൊക്കെ അന്നത്തെ നിലവിലിരുന്ന സാഹചര്യങ്ങളിൽ കൂടിയാണ് നാം നോക്കി കാണേണ്ടത്. അതല്ലാതെ ഇന്നത്തെ സാഹചത്ര്യത്തിൽ അതിനെയൊക്കെ നോക്കിക്കണ്ടാൽ കാര്യങ്ങൾ മനസ്സിലാവുകയില്ല.

ശാസ്ത്ര സാഹിത്ത്യ പരിഷത്തും, യുക്തിവാദി സംഘടനകളും കൊണ്ടുവന്ന ശാസ്ത്ര ബോധം കൂടി 1950-കൾക്ക് ശേഷമുള്ള കേരളത്തിൽ കാണാം. ഈ സാമൂഹ്യ അവബോധത്തിൻറ്റെ ഫലമായി മറ്റൊരു സംസ്ഥാനത്തും അന്ന് നിലവിൽ വരാത്ത സാർവത്രിക സ്‌കൂൾ വിദ്യാഭ്യാസ പദ്ധതി കേരളത്തിൽ രൂപം കൊണ്ടു. 1990 ആയപ്പോൾ മൊത്തം കേരളത്തിലെ 'ഇൻഫൻറ്റ് മോർട്ടാലിറ്റി റെയ്റ്റ്' അതല്ലെങ്കിൽ നവജാത ശിശുക്കളുടെ മരണം ആയിരത്തിൽ കേവലം 17 ആയി കുറഞ്ഞു. അപ്പോഴും ബീഹാറിൽ നവജാത ശിശുക്കളുടെ മരണം ആയിരത്തിൽ 75 -ഉം, ഉത്തർ പ്രദേശിൽ 98 -ഉം ആണെന്ന് പറയുമ്പോൾ നമുക്ക് അന്നത്തെ കേരളത്തിൻറ്റെ വികസനം മനസിലാക്കാം. ഇതൊക്കെ രേഖപ്പെടുത്തിയ കണക്കുകളാണ്. കണക്കുകളിൽ ഒത്തിരി കൃത്ത്വമത്ത്വം ഉള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശിശു മരണ നിരക്ക് അതിനേക്കാൾ എത്രയോ കൂടുതലാകാൻ മാത്രമേ സാധ്യത ഉള്ളൂ. ബീഹാറിൽ ഈയിടെ ‘Encephalatis Syndrome’ അതല്ലെങ്കിൽ മസ്തിഷ്ക്ക ജ്വരം ബാധിച്ച് നൂറിലേറെ കുട്ടികൾ മരിച്ചതും, അതിനുമുമ്പ് ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിൽ 100-ൽ ഏറെ കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച വാർത്തയും ഒക്കെ കേരളത്തിൻറ്റെ ആരോഗ്യ രംഗത്തെ നേട്ടങ്ങളോട് കൂട്ടി വായിക്കുമ്പോൾ മാത്രമേ കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്ര വ്യത്യസ്തമാണെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂ. ബീഹാറിൽ ഈയിടെ നൂറിലേറെ കുട്ടികൾ മരിച്ചപ്പോൾ എല്ലാവരും അംഗീകരിച്ച ഒരു കാര്യമുണ്ട്: ലിച്ചിപ്പഴം വെറും വയറ്റിൽ കഴിക്കുന്നതൊക്കെ ഒരു കാരണമായി ചൂണ്ടി കാണിക്കാമെങ്കിലും ആത്യന്തികമായി ബീഹാറിലെ ദാരിദ്ര്യം തന്നെയാണ് ആ മരണങ്ങൾക്ക് കാരണമെന്നുള്ളത്. ‘ഹീറ്റ് വേവ്’ കാരണം ബീഹാറിൽ മാത്രം കഴിഞ്ഞ മെയ്-ജൂൺ മാസങ്ങളിൽ നൂറോളം പേർ മരിച്ചു. ഉത്തരേന്ത്യയിലും, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും ‘ഹീറ്റ് വേവ്’ കാരണം മരിച്ചവരുടെ സംഖ്യ ഇതിലും എത്രയോ കൂടുതലാണ്.

1990-കളുടെ തുടക്കത്തിൽ തന്നെ 4500-ൽ ഏറെ 'പ്രൈമറി ഹെൽത്ത് സെൻറ്ററുകൾ അതല്ലെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിച്ചതാണ് ആരോഗ്യ രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാകാൻ കാരണം. ആരോഗ്യ രംഗത്തെ മാറ്റം ജനസംഖ്യ നിയന്ത്രിക്കുന്നതിലും ഉതകി. പടിപടിയായി ജനസംഖ്യ നിയന്ത്രിക്കുന്നതിൽ കൈവന്ന നേട്ടങ്ങളുടെ പട്ടികയിൽ 1990-കൾക്ക് ശേഷം കേരളത്തിലെ പല പ്രദേശങ്ങളിൽ നിന്നും 'സീറോ പോപ്പുലേഷൻ റെയ്റ്റ്' അതല്ലെങ്കിൽ ജനസംഖ്യയിൽ കാര്യമായ കൂടൽ ഇല്ലാതാവാതിരിക്കുന്ന അവസ്ഥയും കൈവന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ പ്രൊഫെസ്സർ അമർത്യ സെന്നും, കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫെസ്സർ ജഗദീഷ് ഭഗവതിയും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ നിന്ന് കൊണ്ട് വികസനത്തിന് വേണ്ടി വാദിക്കുന്നവരാണ്. പ്രൊഫെസ്സർ ഭഗവതി വ്യവസായ വൽക്കരണവും, തൊഴിലവസരങ്ങളും വികസനത്തിലേക്ക് നയിക്കും എന്ന് പറയുമ്പോൾ പ്രൊഫെസ്സർ അമർത്യ സെൻ അടിസ്ഥാന വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമാണ് വികസനത്തിലേക്ക് നയിക്കുന്നത് എന്നാണു പറയുന്നത്. കേരളമാണ് അമർത്യ സെൻറ്റെ വാദഗതികൾ ഏറ്റു പിടിക്കുന്നവർ മാതൃകയായി ഉയർത്തി കാണിക്കുന്നത്. കേരളത്തിൽ ഉണ്ടായ വിദ്യാഭ്യാസത്തിലേയും, ആരോഗ്യത്തിലേയും മുന്നേറ്റം കേരളത്തിൻറ്റെ 'ഹ്യുമൻ ഡെവലപ്പ്മെൻറ്റ് ഇൻഡക്സിൽ' പ്രതിഫലിച്ചു എന്ന് തന്നെയാണ് അമർത്യ സെന്നിൻറ്റെ വാദം. കേരളം, ഗോവ, മിസോറാം പോലുള്ള സംസ്ഥാനങ്ങൾ മുന്നേറാനുള്ള കാരണം അടിസ്ഥാന വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായിരുന്നു. കേരളത്തിൽ പൊതു വിതരണ സമ്പ്രദായം വഴി റേഷൻ കടകളിൽ കൂടി അരിയും, മണ്ണെണ്ണയും, ഗോതമ്പു പൊടിയും ഒക്കെ ജന സാമാന്യത്തിലേക്ക് എത്തിക്കുവാൻ സർക്കാരിന് കഴിഞ്ഞു. റേഷൻ കടകളിൽ കൂടിയും, മാവേലി സ്റ്റോറുകൾ വഴിയും ഉണ്ടാക്കിയെടുത്ത പൊതുവിതരണ സബ്രദായം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. 500 കുടുംബങ്ങൾക്ക് ഒരു റേഷൻ കട എന്ന രീതിയിൽ 1950-കൾക്ക്ശേഷം പ്രവർത്തിച്ച  കേരളത്തിലെ പൊതു വിതരണ സമ്പ്രദായം ജനങ്ങളുടെ ജീവിത നിലവാരം കേരളത്തിൽ വളരെയേറെ ഉയർത്തി. 'ക്വാളിറ്റി ഓഫ് ലൈഫ്' അതുകൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ വ്യത്യസ്തവുമാണ്. ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ കേരളത്തിലുണ്ടായ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളുടെ ഭാഗമായി ഈ 'ഹ്യുമൻ ഡെവലപ്പ്മെൻറ്റ് ഇൻഡക്സിനെ' അതല്ലെങ്കിൽ  'ക്വാളിറ്റി ഓഫ് ലൈഫ്' - നെ കാണാം.

1990-കൾക്ക് ശേഷം എല്ലാവരും ഉയർത്തിപ്പിടിച്ച 'കേരളാ മോഡലിന്' പിന്നീട് എന്തു സംഭവിച്ചു? പ്രശ്നങ്ങൾ 1990-ന് മുമ്പ് തന്നെ തുടങ്ങിയിരുന്നൂ എന്ന് വേണമെങ്കിൽ പറയാം. ഗൾഫിൽ നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഒഴുകിയ പണം ഒരിക്കലും 'പ്രോഡക്റ്റീവ് ഇൻവെസ്റ്റ്‌മെൻറ്റിന്' പോയില്ല എന്നതായിരുന്നു മൂല കാരണം. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ വേണ്ടി ഉണ്ടായ ട്രെയിഡ് യൂണിയൻ പ്രസ്ഥാനങ്ങൾ തൊഴിൽ സംകാരത്തെ തന്നെ നശിപ്പിക്കുന്ന കാഴ്ചയാണ് 1990-കൾക്ക് ശേഷം കേരളത്തിൽ കണ്ടത്. കേരളം ഒരിക്കലും ഒരു 'എൻറ്റർപ്രണർ ഫ്രണ്ട്‌ലി സ്റ്റേയിറ്റ്' ആയിരുന്നില്ല. നമ്മുടെ ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും സംസ്ഥാനം ഒരു 'എൻറ്റർപ്രണർ ഫ്രണ്ട്‌ലി സ്റ്റേയിറ്റ്' ആകുന്നതിനെ കുറിച്ച് അത്രയ്ക്ക് ബോധവാന്മാരും അല്ല. കേരളത്തിലെ തനതായ ഇൻവെസ്റ്റ്‌മെൻറ്റ് വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും ആണെന്ന് പറയാം. കേരളത്തിൽ ഉണ്ടായ വിദ്യാഭ്യാസത്തിലേയും, ആരോഗ്യത്തിലേയും മുന്നേറ്റം കേരളത്തിൻറ്റെ 'ഹ്യുമൻ ഡെവലപ്പ്മെൻറ്റ് ഇൻഡക്സിൽ' പ്രതിഫലിച്ചതാകാം ഇന്നിത്രയും പ്രവാസികളെ കാണാൻ സാധിക്കുന്നത്. പക്ഷെ മലയാളി ഓർക്കേണ്ട ഒരു കാര്യമുണ്ട്. വിദേശങ്ങളിൽ നിന്നുള്ള 'റെമിറ്റൻസസ്' എല്ലാ കാലത്തും കേരളത്തിലേക്ക് ഒഴുകത്തില്ലാ. അതുകൊണ്ട് സംരംഭകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് പകരം വ്യത്യസ്തമായ ഒരു തൊഴിൽ സംസ്കാരം സൃഷ്ടിക്കുന്നതിന് വേണ്ടി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും കേരളത്തിലെ ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും, ജനങ്ങളും ശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്.

2019 ജൂലൈ 8, തിങ്കളാഴ്‌ച

കേരളത്തിലെ 'നായർ മേധാവിത്ത്വത്തിൻറ്റെ പതനം'

മംഗലശേരി തറവാടും, പച്ചാഴി തറവാടും തമ്മിൽ നാട്ടിൽ മേൽക്കോയ്മയ്ക്ക് വേണ്ടി നടത്തിയ ശീതയുദ്ധമാണ് പി. കേശവദേവിൻറ്റെ പ്രസിദ്ധമായ 'അയൽക്കാർ' എന്ന നോവലിൻറ്റെ പ്രമേയം. ക്ഷേത്രത്തിലെ ഉൽസവ പറമ്പിലും, നാട്ടുകാർ തമ്മിലുള്ള കലഹങ്ങളിലും എന്നുവേണ്ട ഒരു ഗ്രാമത്തിൽ സംഭവിക്കാവുന്ന എല്ലാ ഭിന്നതകളും ഈ രണ്ടു തറവാട്ടിലും പെട്ടവർ കക്ഷി ചേർന്നു. രണ്ടു കൂട്ടരും തല്ലുണ്ടായപ്പോൾ ഗുണ്ടകളെ ഇറക്കി. സ്ത്രീകൾ അങ്ങോട്ടുമിങ്ങോട്ടും ഏഷണിയും പരദൂഷണവും നടത്തി. മംഗലശേരി തറവാട്ടിലെ സ്ത്രീകൾക്കെതിരേ 'സ്വഭാവ ദൂഷ്യം' എന്ന ആരോപണവും പച്ചാഴി തറവാട്ടിലെ സ്ത്രീകൾ നാട്ടിൽ ഉയർത്തി. തറവാടുകളിലെ സ്ത്രീകളുടെ 'സ്വഭാവ ദൂഷ്യം' അന്നൊക്കെ നിസാര സംഗതിയല്ലല്ലോ. അതൊക്കെ ഗ്രാമ ചന്തകളിൽ പറഞ്ഞു പരത്തിയത് വലിയ കോലാഹലത്തിലാണ് അവസാനിച്ചത്. അവസാനം എന്ത് സംഭവിച്ചു? രണ്ടു തറവാട്ടിലേയും ആണുങ്ങൾ തല്ലിലും വെട്ടിലുമായി അനേകം കേസുകളിൽ പ്രതികളായി. കേസിൽ പ്രതികളാകുമ്പോഴും ആഢ്യത്വവും, പ്രഭുത്വവും കുറക്കാൻ സാധിക്കില്ലല്ലോ. രണ്ടു കൂട്ടരും ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന വക്കീലൻമാരേ തങ്ങൾക്ക് വേണ്ടി ഇറക്കി. കേസുകളുടെ ചെലവിനായി രണ്ടു കൂട്ടരും തറവാടിൻറ്റെ ഭൂമി അന്യാധീനപ്പെടുത്തി. അവസാനം തെളിവെടുപ്പും, വിചാരണയും, ശിക്ഷയുമൊക്കെയായി പോലീസ് സ്റ്റേഷനിലും, കോടതിയിലും, ജയിലിലും ഇരു കൂട്ടരും ജീവിതം പാഴാക്കിയപ്പോൾ രണ്ടു തറവാടുകളുടേയും സമ്പത്ത് കാര്യമായി ചോർന്നു.

കേരളത്തിലെ ഒരു കാലഘട്ടത്തിലെ സംഭവങ്ങളുടെ നേർക്കാഴ്ചയാണ് പി. കെശവദേവിൻറ്റെ പ്രശസ്തമായ 'അയൽക്കാർ' എന്ന നോവലിൽ കാണിച്ചു തരുന്നത്. കുട്ടനാട്ടിലെ ആറു തലമുറകളുടെ കഥ പറഞ്ഞ തകഴി ശിവശങ്കര പിള്ളയുടെ 'കയറിൽ' താലികെട്ട് കല്യാണങ്ങളുടെ സചിത്രമായ വിവരണമുണ്ട്. സ്ത്രീകൾക്ക് വിലപിടിപ്പുള്ള സ്വർണം, വസ്ത്രങ്ങൾ - ഇവയൊക്കെ ആഘോഷങ്ങൾക്ക് ഒഴിച്ച് കൂടാത്തതാണല്ലോ. വിഭവ സമൃദ്ധമായ സദ്യയും ഈ ആഘോഷങ്ങളുടെ ഒക്കെ ഭാഗവും ആണല്ലോ. കര ഒട്ടാകെ ആണല്ലോ അന്നൊക്കെ സദ്യക്ക് ആളെ വിളിക്കുന്നത്. സദ്യ ഉണ്ട് ആളുകൾ ഏമ്പക്കം വിട്ട് എഴുന്നേറ്റ് പോകുന്നത് കാണുന്നതായിരിക്കാം ഒരുപക്ഷെ ആഢ്യത്വവും, പ്രഭുത്വവും പേറുന്ന ചിലർക്ക് അഭിമാനിക്കാൻ വക നൽകിയത്!!!

കുട്ടനാട്ടിൽ ഇത്തരത്തിൽ വള്ള സദ്യ നടത്തി മുടിഞ്ഞുപോയ തറവാടുകളുണ്ട്. പിൽക്കാലത്ത് ഈ സദ്യകളൊക്കെ പല സിനിമകൾക്കും പ്രമേയമായി. 'ജലോത്സവം' എന്ന സിനിമ അത് നന്നായി കാണിക്കുന്നുണ്ടല്ലോ. സിബി മലയിലിൻറ്റെ  സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, നവ്യ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പുറത്തിറങ്ങിയ ജലോത്സവത്തിൽ നെടുമുടി വേണുവിൻറ്റെ ക്യാരക്റ്റർ സ്വന്തം കുടുംബത്തിൻറ്റെ ഭൂമി പോലും വളളംകളിക്ക് വേണ്ടി അന്യാധീനപ്പെടുത്തുന്നതാണല്ലോ ആ സിനിമയിൽ കാട്ടിത്തരുന്നത്. വളളംകളിയെ നെഞ്ചിലേറ്റിയ ഒരു തലമുറ ആ വളളംകളിയുടെ ഭാഗമായുള്ള ചിലവ് മറക്കുമ്പോഴുള്ള പ്രശ്നമാണ് 'ജലോത്സവം' കാട്ടിത്തരുന്നത്. പണ്ടത്തെ 'സ്മാർത്ത വിചാരം' നമ്പൂതിരി സ്ത്രീകളുടെ 'സ്വഭാവ ദൂഷ്യം' മുൻനിർത്തിയുള്ള കുറ്റവിചാരണ ആയിരുന്നെങ്കിലും അത് നടത്തുന്ന തറവാട്ടിൽ സ്മാർത്തൻമാർക്കും അവരുടെ അനുയായികൾക്കും നല്ല സദ്യ ഒരുക്കണമായിരുന്നു. എം. ടി. - യുടെ പരിണയത്തിൽ അത് കാണിച്ചിട്ടുണ്ട്. സ്മാർത്ത വിചാരം നടത്തി പല കുടുംബങ്ങളും തകർന്ന കാര്യം അറിയാമോ എന്ന് മനോജ്‌ കെ. ജയൻറ്റെ ക്യാരക്റ്റർ ചോദിക്കുന്നുമുണ്ട് പരിണയത്തിൽ.

ഇത്തരത്തിൽ പണ്ട് നിലനിന്നിരുന്ന പല ദുഷിച്ച രീതികളും, ആചാരങ്ങളും ആണ് പല ഫ്യുഡൽ മേൽക്കോയ്മകളേയും തകർത്തത്. പക്ഷെ ഇതിനൊക്കെ അപ്പുറം ലോകമൊട്ടാകെ സംഭവിച്ച മറ്റൊരു പ്രധാന കാര്യവുമുണ്ട് പഴയ കാല ഭൂപ്രഭുക്കൾക്ക് അധികാരം നഷ്ടപ്പെടുത്തിയതിൽ. അത് ജനസംഖ്യയുടെ വർദ്ധനവായിരുന്നു. ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ നാട്ടു രാജ്യങ്ങളും, പ്രഭുക്കളും അവരുടെ യുദ്ധ വീര്യന്മാരും തമ്മിലുള്ള നിരന്തരമായ സംഘടനങ്ങൾക്ക് ബ്രട്ടീഷ് ഭരണത്തിൻറ്റെ ആധിപത്യത്തിൽ കുറച്ചൊക്കെ മാന്ദ്യം സംഭവിച്ചു. അതൊക്കെ കൂടാതെ പകർച്ച വ്യാധികളേയും, രോഗങ്ങളേയും കുറേയൊക്കെ  കീഴ്പ്പെടുത്തിയപ്പോൾ ജനങ്ങളുടെ മരണനിരക്ക് കുറഞ്ഞു; ആയുർദൈർഖ്യം കൂടി. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ഭൂമി പിന്നീട് അനേകം അംഗങ്ങളിൽ വീതിക്കപ്പെട്ടു. അപ്പോൾ തറവാടുകളിലെ കൃഷി ഭൂമി മാത്രം ആശ്രയിച്ചു ജീവിക്കാൻ പറ്റാത്ത അവസ്ഥ അന്നത്തെ വലിയ അംഗങ്ങളുള്ള കുടുംബങ്ങളിൽ നിലവിൽ വന്നു. എം. ടി. -യുടെ 'നാലുകെട്ട്' ആ ഭൂമി വീതം വെയ്‌പിൻറ്റെ പ്രശ്നങ്ങളൊക്കെ പറയുന്നുണ്ടല്ലോ.

മലയാളി ശരിക്കും അപ്പോഴാണ് പ്രവാസിയായി മാറി തുടങ്ങിയത്. ഒന്നാം ലോക മഹാ യുദ്ധത്തിലും, രണ്ടാം ലോക മഹാ യുദ്ധത്തിലും ധാരാളം മലയാളി പുരുഷൻമാർ പങ്കെടുത്തു. സൈന്യത്തിൽ അന്നൊക്കെ ചേർന്നത് രാജ്യസ്നേഹം മൂലം അല്ലായിരുന്നു. ബ്രട്ടീഷുകാരോട് രാജ്യസ്നേഹത്തെ പ്രതി കൂറ് കാട്ടേണ്ട കാര്യമൊന്നും ഇല്ലല്ലോ. തറവാടുകളിലെ ദാരിദ്ര്യം തന്നെയായിരുന്നു സൈന്യത്തിൽ ചേരാൻ അന്നൊക്കെ കാരണമായത്.

ഇന്ന് ആളുകൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള ദാരിദ്ര്യം ഒരു നൂറ്റാണ്ട് മുമ്പ് വരെ കേരളത്തിൽ ഉണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാന ദശകങ്ങളിൽ പോലും കേരളത്തിൽ ജീവിച്ചിരുന്ന മഹാ ഭൂരിപക്ഷം പേരും ഓടു മേഞ്ഞ വീടുകളിൽ താമസിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വളരെ ചുരുക്കം പ്രഭു കുടുംബങ്ങളെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും ഓല മേഞ്ഞ വീടുകളിൽ ആയിരിന്നു താമസം. ദളിതരും, ആദിവാസികളും, പാവപ്പെട്ടവരും കുടിലുകളിലും, പുല്ലു മേഞ്ഞ ചെറ്റ പുരകളിലും ആയിരിന്നു താമസം എന്നാണ് സെൻസസ് റിപ്പോട്ടുകൾ വ്യക്തമായി പറയുന്നത്. ഈ ദാരിദ്ര്യമൊക്കെ മറന്നുകൊണ്ട് ആരും കേരളത്തിലെ ഇന്നലെകളെ നോക്കി കാണരുത്. 

അന്നത്തെ ദാരിദ്ര്യാവസ്ഥയിൽ നിന്നും അഭിവൃദ്ധിക്ക് വേണ്ടി മലയാളി കുടിയേറ്റം തുടങ്ങുന്നത് അപ്പോഴാണ്. സാമുദായികമായി ചിന്തിച്ചാൽ നായർ/മേനോൻ വിഭാഗങ്ങളിൽ ഉള്ള പലരും സിലോൺ, സിംഗപ്പൂർ മേഖലകളിലേക്ക് 1950 - നു ശേഷം പോയി ജോലി ചെയ്തു. 'സിംഗപ്പൂരിൽ നിന്നുള്ള മേനോൻ' എന്നതൊക്കെ പണ്ടത്തെ സിനിമകളിൽ കേൾക്കാവുന്ന ഒരു ഡയലോഗായിരുന്നല്ലോ. സിലോണിലും പലരും അന്നൊക്കെ ജോലി ചെയ്തിരുന്നല്ലോ. 'ഇത് ശ്രീലങ്കാ പ്രക്ഷേപണ നിലയം' എന്നു പറഞ്ഞുകൊണ്ട് അന്നൊക്കെ മലയാളികൾക്ക് വേണ്ടി  സിലോണിൽ നിന്ന് വാർത്തകളും, മറ്റു പരിപാടികളും റേഡിയോയിൽ വന്നിരുന്നല്ലോ. പിന്നീട്  ഡെൽഹി, ബോംബെ, മദ്രാസ്, ബാൻഗ്ലൂർ എന്നെ സ്ഥലങ്ങളിലേക്ക് വൻപിച്ച തോതിൽ ആളുകൾ ജോലിക്ക് പോയി. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഇന്നിപ്പോൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മുസ്ലീങ്ങളും കഴിഞ്ഞ കുറെ ദശകങ്ങളായി ഗൾഫിൽ നിന്നുള്ള വരുമാനം കൊണ്ട് അവരുടെ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം മെച്ച പെടുത്തി കൊണ്ടിരിക്കയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ ഇന്നത്തെ സാമ്പത്തിക അടിത്തറ. അതിനെ സാമുദായികമായി കാണേണ്ട കാര്യമില്ല. കൃഷിഭൂമിയെ ജീവിത വരുമാനം ആക്കാൻ പറ്റാതിരുന്ന മലയാളിയുടെ സ്വോഭാവികമായ ഒരു പരിവർത്തനമാണ് പ്രവാസിയായി മാറിയത്തിലൂടെ കാണുന്നത്. "ചദ്രനിൽ പോയാലും നായരുടെ ചായ കട കാണാം" - എന്ന് തമാശ പറയാറുണ്ടെങ്കിലും, അതിൽ കാര്യമുണ്ട്. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്.

ഇങ്ങനെ കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക ചരിത്രം സുദീർഘമായ നോക്കി കാണേണ്ടതിനു പകരം മറ്റു സമുദായങ്ങളെ ചൂണ്ടികാട്ടി അവരാണ് തങ്ങളുടെ പിന്നോക്കാവസ്ഥക്ക് കാരണം എന്നു പറയാനാണ് ഇന്നിപ്പോൾ ബി.ജെ.പി. - യും, സംഘ പരിവാറുകാരും ശ്രമിക്കുന്നത്. കേരളത്തിൻറ്റെ കഴിഞ്ഞ ഒന്നുരണ്ട് നൂറ്റാണ്ടുകളിലുണ്ടായ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾ മനസിലാക്കുക ദുഷ്കരമായ കാര്യമാണല്ലോ. അതേസമയം തങ്ങളുടെ മേധാവിത്ത്വം നഷ്ടപ്പെട്ടതിന് മറ്റു സമുദായങ്ങളെ കുറ്റപ്പെടുത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണല്ലോ. കേരളത്തിൻറ്റെ സാമൂഹ്യ മാറ്റങ്ങളെ കുറിച്ച് സുദീർഘമായ എഴുതിയിട്ടുള്ള പ്രൊഫസർ റോബിൻ ജെഫ്രി തൻറ്റെ ‘The Decline of Nair Dominance' അതല്ലെങ്കിൽ 'നായർ മേധാവിത്ത്വത്തിൻറ്റെ പതനം' എന്ന പുസ്തകത്തിൽ ഈ സാമൂഹ്യ മാറ്റത്തെ കുറിച്ച് കുറെയൊക്കെ പ്രദിപാദിച്ചിട്ടുണ്ട്. സായിപ്പിന് ഇവിടെ വന്ന് ജാതി-മത ശക്തികളുടെ കൂട്ട് പിടിക്കേണ്ടയോ, അവരുടെയൊക്കെ വിരോധം സമ്പാദിക്കേണ്ടയോ കാര്യമൊന്നും ഇല്ലല്ലോ. പക്ഷെ ഇതൊക്കെ പറഞ്ഞാൽ ബി.ജെ.പി. കാരുടേയും, സംഘ പരിവാറുകാരുടേയും തലയിൽ കേറുമോ???

പ്രൊഫസർ റോബിൻ ജെഫ്രിയുടെ പ്രഖ്യാതമായ 'The Decline of Nayar Dominance: Society and Politics in Travancore' എന്ന പുസ്തകവും, എം. ടി. വാസുദേവൻ നായരുടെ 'നാലുകെട്ടും, തകഴിയുടെ ജ്ഞാനപീഠം കിട്ടിയ 'കയർ' - ഉം, എസ്. കെ. പൊറ്റക്കാടിൻറ്റെ 'ഒരു ദേശത്തിൻറ്റെ കഥ' - യും, പി. കേശവദേവിൻറ്റെ 'അയൽക്കാർ' എന്ന നോവലും ഒക്കെ പറയുന്നത് ഒരു കാലഘട്ടത്തിൻറ്റെ കഥയാണ്. ഈ പുസ്തകങ്ങളൊക്കെ പറയുന്നത് കള്ളമല്ലാ. തകഴിയും, എം. ടി. വാസുദേവൻ നായരും, എസ്. കെ. പൊറ്റക്കാടും, പി. കേശവദേവും ഒക്കെ സ്വന്തം സമുദായത്തെ ഇകഴ്ത്തി കാണിക്കുമെന്ന് സുബോധമുള്ള ആർക്കും ചിന്തിക്കാനും സാധ്യമല്ലല്ലോ.

'പൊളിറ്റിക്കൽ പ്രഷർ ഗ്രൂപ്പായി' ഇന്ന് എല്ലാ സമുദായ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ ഇന്നത്തെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ  സന്ഖടിതമായ ബാർഗെയിനിങ്ങും, വോട്ട് ബാങ്ക് സ്ട്രാറ്റജി -യുമൊക്കെ ഇവിടെ ക്രിസ്ത്യാനിയും, മുസ്ലീമും മാത്രമല്ല ഈഴവനും നായരും, പുലയരും, പറയരും ഒക്കെ ചെയ്യുന്നതാണ്. പക്ഷെ എല്ലായിടത്തും അതിൻറ്റെ ഗുണഭോക്താക്കൾ ആ സമുദായത്തിൻറ്റെ നേതാക്കൻമാർക്കോ അല്ലെങ്കിൽ അങ്ങിനെ ആണെന്ന് നടിക്കുന്ന കുറിച്ചു പേർക്കോ മാത്രമാണ്. വിദ്യാഭ്യാസ കച്ചവടമൊക്കെ എല്ലാ സമുദായങ്ങളും ചെയ്യുന്നതാണ്. സ്കൂളുകളിലും, കോളേജുകളിലും  നിയമനത്തിനും,അഡ്മിഷനും ഭീമമായ തുക ഈടാക്കുന്നതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യമാണ്. സ്ഥാപനവൽകരിക്കപെട്ട മുസ്‌ലിം, ക്രൈസ്തവ സന്ഘടനകളെ പോലെ തന്നെ പ്രവർത്തിക്കുന്നവയാണ് SNDP - യും, NSS - ഉം. അവർ പ്രതിനിഥാനം ചെയ്യുന്ന സമുദായങ്ങളിലെ പാവപ്പെട്ടവരെ SNDP - യും, NSS - ഉം ഉദ്ധരിക്കുന്നില്ല. അധികാരവും, സമ്പത്തും മാത്രമാണ് എല്ലാ സന്ഖടനകളുടേയും ലക്ഷ്യം. ഏതു സമുദായത്തിലെ പാവപ്പെട്ടവനും ഈ സംഘടനകൾ കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. സമുദായങ്ങളിലെ പ്രമാണിമാർക്ക് പ്രയോജനം കൈവരുന്നതല്ലാതെ സാധാരണക്കാർക്ക് ഈ സംഘടനകൾ കൊണ്ടൊക്കെ എന്ത് പ്രയോജനമാണുള്ളത്? സാധാരണക്കാരനായ സമുദായ അംഗത്തെ സംബന്ധിച്ചിടത്തോളം അവനവൻ അദ്ധ്വാനിച്ചാൽ അവനവനു കൊള്ളാമെന്നല്ലാതെ ഒരു സമുദായത്തിലെ പ്രമാണിമാരും സാധാരണക്കാരെ ഉദ്ധരിക്കാൻ മുന്നോട്ട് വരുന്നതായി കണ്ടിട്ടില്ല. ഇതൊക്കെ കാണാതെ ന്യൂനപക്ഷങ്ങൾക്കെതിരേയും, ന്യൂനപക്ഷ സംഘടനകൾക്കെതിരേയും ബി.ജെ.പി. - യും, സംഘ പരിവാറുകാരും സ്ഥിരം സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊലവിളി നടത്തുന്നതിൽ യാതൊരു യുക്തിയുമില്ല.

2019 ജൂലൈ 5, വെള്ളിയാഴ്‌ച

എല്ലാ സമുദായങ്ങളിലും തുടർന്ന് കൊണ്ടേയിരിക്കുന്ന നവോത്ഥാന പ്രക്രിയ

കേരളത്തിലെ സ്ത്രീകൾക്കിടയിൽ  ഒരു കമ്യുണിറ്റി എന്ന നിലയിൽ  ആദ്യം സ്വയം വരുമാനം നേടിയത് ക്രിസ്ത്യൻ സ്ത്രീകളാണെന്ന് പറയാൻ സാധിക്കും. കുട്ടനാട്ടിലെ ആറു തലമുറകളുടെ കഥ പറഞ്ഞ തകഴിയുടെ 'കയറിൽ' തകഴി ശിവശങ്കര പിള്ള നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം ക്രിസ്ത്യാനികൾ രക്ഷപെട്ടത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെയായിരുന്നു എന്നതാണ്. ഇനി 'കയറൊന്നും' വായിക്കേണ്ട. മുപ്പതു നാൽപതു വർഷം മുമ്ബത്തെ കേരളത്തിൻറ്റെ അവസ്ഥ അറിയാവുന്ന ആർക്കും അറിയാം - കേരളത്തിലെ പല ക്രിസ്ത്യാനി കുടുംബങ്ങളും രക്ഷപെട്ടത് നേഴ്സുമാരുടെ പണം കൊണ്ടാണെന്നുള്ള കാര്യം. അതിനു വലിയ ഗവേഷണത്തിൻറ്റെ ഒന്നും ആവശ്യം ഇല്ല. ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യ പകുതിയിൽ പോലും ക്രിസ്ത്യാനികൾ ഭൂരിപക്ഷവും ദരിദ്രരായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം ആയിരിന്നു ക്രിസ്ത്യാനികളുടെ ഉയർച്ചക്ക് ഒരു കാരണം. കേരളത്തിൽ വന, തോട്ടം മേഖലകളിലേക്കുള്ള കുടിയേറ്റവും, റബർ, ഏലം, കാപ്പി - എന്നിങ്ങനെ നാണ്യ വിളകളിൽ നിന്നുള്ള സമ്പത്തുമാണ് ക്രിസ്ത്യാനികളെ സബന്നരാക്കിയത്. 

പിന്നീട് നേഴ്സിങ്ങിൻറ്റെ സാധ്യത ക്രിസ്ത്യാനികൾ തിരിച്ചറിഞ്ഞു. സ്ത്രീ വിദ്യാഭ്യാസത്തിനു ഊന്നൽ നല്കിയിരുന്നത് കൊണ്ട് അനേകം ക്രിസ്ത്യൻ പെൺകുട്ടികൾ നേഴ്സുമാർ ആയി കേരളത്തിലും, അന്യ സംസ്ഥാനങ്ങളിലും, ഗൾഫിലും, വിദേശ രാജ്യങ്ങളിലും ജോലി ചെയ്തു. മറ്റു സമുദായങ്ങൾ അവരുടെ യാതാസ്ഥികത്വം കാരണം അങ്ങനെ പെൺകുട്ടികളെ നേഴ്സുമാരാക്കാൻ വിട്ടില്ല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും, ജോലിയും ഒക്കെ നിഷേധിച്ചു. ഇപ്പോൾ ആ സമുദായങ്ങൾ തന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, ജോലിക്കും ഒക്കെ മുൻഗണന കൊടുക്കുന്നു; നേഴ്സുമാരാക്കാനും വിടുന്നു. ഇന്നിപ്പോൾ പുതിയ തലമുറയിൽ എല്ലാ കമ്യുണിറ്റികളിൽ നിന്നുമുള്ള പെൺകുട്ടികൾ നേഴ്സുമാരായി ജോലി ചെയ്യുന്നുണ്ട്. ക്രിസ്ത്യൻ സമുദായത്തിന് നേഴ്സ് ജോലിയിൽ ഉണ്ടായിരുന്ന മേൽക്കോയ്മ പതുക്കെ പതുക്കെ നഷ്ടപ്പെടുകയാണ്. 

മന്നത്ത് പദ്മനാഭൻ തന്നെ പറഞ്ഞിട്ടുള്ളത് നായർ തറവാടുകൾ മിക്കവയും തകർന്നിട്ടുള്ളത് 'മൂന്നു കെട്ടുകൾ' കാരണമാണെന്നാണ്. 'താലി കെട്ട്', 'നാല് കെട്ട്', 'കേസ് കെട്ട്' ഇവയാണ് ആ മൂന്നു 'കെട്ടുകൾ'. സ്മാർത്ത വിചാരം നടത്തി പല നമ്പൂതിരി തറവാടുകളും തകർന്നു. പി. കെശവദേവിൻറ്റെ പ്രശസ്തമായ 'അയൽക്കാർ' എന്ന നോവലിൽ കാണിച്ചു തരുന്നത് പോലെ തറവാടുകൾ തമ്മിലുള്ള പ്രശ്നങ്ങൾ തല്ലിലും, വെട്ടിലും ഒക്കെ അവസാനിപ്പിച്ചിട്ട് പോലീസ് സ്റ്റെഷനിലും, കോടതിയിലും കൊണ്ട് പോയി പോലീസിനും, വക്കീലിനും കാശ് കൊടുത്ത് മുടിഞ്ഞു. സ്മാർത്ത വിചാരം നടത്തിയതിനും, കേസു കളിച്ചതിനും, ആർഭാടം കാണിച്ചതിനും ഉത്തരവാദി മറ്റുള്ളവരോ, മറ്റു സമുദായങ്ങളോ ആണെന്ന് പറയാൻ സാധിക്കുകയില്ല. ഇങ്ങനെ യാതാസ്ഥികത്ത്വവും, പുരുഷ മേൽകോയ്മയും, അക്രമവും കാണിച്ച മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ തലമുറ. ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിലുണ്ടായ പുതിയ തലമുറ പുതിയ അവസരങ്ങൾ അവരുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി തേടി. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആ പ്രക്രിയ ഇന്നത്തെ 'ന്യൂ ജെനെറേഷൻ' അനസ്യൂതം തുടരുന്നു. വൈക്കം മുഹമ്മദ് ബഷീറിൻറ്റെ നോവലായ 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു' എന്ന നോവലിൽ പറയുന്നതുപോലെ പണ്ടത്തെ ആന മാഹാത്മ്യം പറഞ്ഞുകൊണ്ടിരുന്നാൽ ഒരിടത്തും ചെല്ലില്ല എന്നുള്ള കാര്യം ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിലുണ്ടായ തലമുറയും, ഇന്നത്തെ 'ന്യൂ ജെനെറേഷനും' മനസിലാക്കി എന്നു തന്നെ വേണം കരുതാൻ.

നവോത്ഥാനം എന്നൊന്നുള്ളത് മുസ്‌ലീം കമ്യുണിറ്റിയിൽ നടക്കുന്നില്ലെന്നുള്ളത് ഒരു കെട്ടുകഥ മാത്രമാണ്. കഴിഞ്ഞ 20-30 വർഷങ്ങളിൽ സ്ത്രീ വിദ്യാഭ്യാസത്തിൽ ഏറ്റവും കൂടുതൽ മുമ്പന്തിയിലെത്തിയ കൂട്ടരാണ് കേരളത്തിലെ മുസ്‌ലീം കമ്യുണിറ്റി. ഞാൻ ചാവക്കാട് 20 വർഷങ്ങൾക്ക് മുമ്പ് സർവേ നടത്തിയപ്പോൾ അനേകം മുസ്‌ലീം സ്ത്രീകളെ പഞ്ചായത്ത് മെമ്പർമാരായും പ്രസിഡണ്ട്‌മാരേയും കണ്ടു. അന്ന് കണ്ടുമുട്ടിയ പഞ്ചായത്തു മെമ്പറായ ഒരു മുസ്‌ലീം ടീച്ചർ എന്നോട് പറഞ്ഞത് അവർക്ക് കല്യാണമാലോചിച്ചപ്പോൾ പലർക്കും ആലോചനയുമായി വരാൻ പേടിയായിരുന്നു എന്നാണ്. പഠിപ്പുള്ള പെണ്ണായതിനാൽ 'പ്രൊപ്പോസലുകൾ' തള്ളപ്പെടുമോ എന്ന് പല ആണുങ്ങളും ഭയപ്പെട്ടിരുന്നത്രേ. ഗൾഫ് പണം കേരളത്തിലേക്ക് ഒഴുകിയ ആദ്യകാലത്ത് മുസ്‌ലീം കമ്യുണിറ്റിയിലെ പലരും വലിയ വീടിനും, ആഡംബര കല്യാണങ്ങൾക്കും പണം മുടക്കിയെന്നുള്ളത് നേര് തന്നെയാണ്. പക്ഷെ ഇന്നിപ്പോൾ ആ പണം ഒക്കെ പോകുന്നത് വിദ്യാഭ്യാസത്തിനും ബിസ്നസ്നും ഒക്കെയാണ്. സിവിൽ സർവീസ് കോച്ചിങ്ങിന് ഡൽഹിയിൽ തന്നെ കേരളത്തിൽ നിന്ന് എത്രയോ മുസ്‌ലീം പെൺകുട്ടികൾ വരുന്നൂ. 1900-കളിൽ കോഴിക്കോട് നടന്ന സുന്നി മഹാസമ്മേളനത്തിൽ പെൺകുട്ടികൾ പഠിക്കുന്നതിനെതിരേ  പ്രമേയം പാസാക്കിയ കഥ കാരിശ്ശേരി മാഷ് എഴുതുന്നൂ. പക്ഷെ കാരിശ്ശേരി മാഷ് കണ്ട 1990 - കളുടെ തുടക്കത്തിൽ നിന്ന് 2019 ആകുമ്പോൾ സ്ത്രീ വിദ്യാഭ്യാസത്തിൻറ്റെ കാര്യത്തിൽ മുസ്‌ലീം കമ്യുണിറ്റി ഏറെ പുരോഗമിച്ചു എന്നെനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും.

കോളേജിലും, യൂണിവേഴ്സിറ്റിയിലും ഇതെഴുതുന്നയാളുടെ കൂടെ ഇഷ്ടം പോലെ മുസ്ലിം പെൺകുട്ടികൾ പഠിച്ചിട്ടുണ്ട്. അവരാരും തലമുടി പോലും മറച്ചു കണ്ടിട്ടില്ല. മറ്റു മോഡേൺ പെൺകുട്ടികളെ പോലെ തന്നെ ജീൻസും, ടോപ്പും, ചുരിദാറും ഒക്കെയായിരുന്നു അവരുടേയും വേഷം. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കേരളത്തിലെ തൃശൂർ ജില്ലയിലെ ചാവക്കാട്ടും ഞാൻ 20 വർഷം മുമ്പ് വിപുലമായ സർവേ നടത്തിയിട്ടുണ്ട്. അവിടേയും ഒരു സ്ത്രീ പോലും കണ്ണുകൾ മാത്രം പുറത്തു കാണത്തക്ക രീതിയിൽ കറുത്ത വസ്ത്രം ധരിച്ചു കണ്ടതേയില്ല. അന്ന് അവിടാരും തലമുടി പോലും മറച്ചിട്ടില്ലായിരുന്നു. ഒരു പ്രായമായ ഉമ്മയെ മാത്രമാണ് തട്ടമിട്ടു കണ്ടത്. പിന്നെ രണ്ടു മൂന്നു സ്ത്രീകൾ ഞങ്ങളോട് സംസാരിച്ചപ്പോൾ ക്രിസ്ത്യൻ സ്ത്രീകളൊക്കെ പള്ളിയിൽ പോകുമ്പോൾ ചെയ്യാറുള്ളത് പോലെ സാരി കൊണ്ട് വെറുതെ തല ഭാഗികമായി മറച്ചിരുന്നു. ഇതൊക്കെ ഞാൻ നേരിൽ കണ്ട കാര്യമാണ്. 

സൗദി അറേബ്യാ പോലുള്ള അറബ് രാജ്യങ്ങളിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചത് പോലുള്ള സ്വോഭാവിക മാറ്റത്തിന് അപ്പുറം കാര്യമായ പുരോഗതി മുസ്ലിം സമുദായത്തിലെ പെൺകുട്ടികളുടെ ഇടയിൽ ഉണ്ടായിട്ടില്ല എന്നൊന്നും പറയുന്നത് ഒട്ടുമേ ശരിയല്ല. കുറച്ചു നാൾ മുമ്പ് സൗദിയിലെ വനിതാ പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്‌സുമായുള്ള ഒരു ഇൻറ്റർവ്യൂ ഞാൻ ടി. വി. -യിൽ കണ്ടതാണ്. ആ ഡോക്കുമെൻറ്ററിയിൽ വളരെ ആത്മവിശ്വാസത്തോടെയാണ് ആ സൗദി സ്ത്രീകൾ സംസാരിക്കുന്നത് കണ്ടത്. ക്യാമറയും തൂക്കിയിട്ട് ബൈക്ക് ഓടിച്ചു ആ സ്ത്രീകളൊക്കെ വരുന്നത് ഡോക്കുമെൻറ്ററിയിൽ നന്നായി കാണിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലും ഉള്ളതുപോലുള്ള പ്രഫഷണൽ സ്ത്രീകളെയാണ് എനിക്കപ്പോൾ കാണാൻ സാധിച്ചത്. അത്തരം പ്രഫഷണൽ മുസ്‌ലീം സ്ത്രീകളെ ഇന്നിപ്പോൾ കേരളത്തിലെ നേഴ്‌സിങ് രംഗത്തും കാണാം. തട്ടമിട്ട കേരളത്തിലെ അനേകം വനിതാ നേഴ്‌സുമാർ നൽകുന്ന സൂചനയും അതാണ്.

മുസ്‌ലീം കമ്യുണിറ്റിക്ക് എതിരേയുള്ള അവാസ്തവ പ്രചാരണങ്ങൾ മാത്രമാണ് അവർക്കെതിരേയുള്ള ആരോപണങ്ങളിൽ പലതും. 'പാഠം ഒന്ന് ഒരു വിലാപം' എന്ന സിനിമയിൽ മീരാ ജാസ്മിൻറ്റെ കഥാപാത്രം കാണിച്ചു തരുന്നത് പോലെ ചെറുപ്രായത്തിലേ ഒക്കത്ത് കൊച്ചുങ്ങളുമായി നടക്കുന്നവരല്ല ഇന്നത്തെ മുസ്‌ലിം പെൺകുട്ടികൾ. കഴിഞ്ഞ 20 -30 വർഷം കൊണ്ട് മുസ്ലീങ്ങൾ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ മുന്നേറ്റം എല്ലാ അർത്ഥത്തിലും വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്. അത് കൊണ്ടാവണം വിവാഹ പ്രായം 18 -ൽ നിന്ന് 16 ആക്കണം എന്ന് യാഥാസ്ഥിതികർ പറഞ്ഞപ്പോൾ മുസ്ലീം പെൺകുട്ടികൾ തന്നെ അതിന് എതിരായി പരസ്യമായി രംഗത്തു വന്നത്.

ഒരു സമുദായവും ഭരണകൂടത്തിൻറ്റെയോ, ഭൂരിപക്ഷ സമുദായത്തിൻറ്റെയോ ‘ഹൈ ഹാൻഡഡ്നെസ്' ഇഷ്ടപ്പെടുന്നവർ അല്ലാ. കാശ്മീർ താഴ്വരയിലെ ഒരു വലിയ വിഭാഗം പ്രാദേശിക വാസികൾ ‘ഹൈ ഹാൻഡഡ്നെസ്സിനെ’ ചെറുക്കുമെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയാതെ പോയതാണ് കാശ്മീരിൽ ഇന്ന് പ്രശ്പരിഹാരം അസാധ്യമാക്കാനുള്ള മുഖ്യ കാരണം. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14 .2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 - ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യാ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവെച്ചാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണെന്ന് ചുരുക്കം. അത്രയും വലിയൊരു ജന സമൂഹത്തെ അടിച്ചൊതുക്കാമെന്ന് കരുതുന്നത് തന്നെ അങ്ങേയറ്റത്തെ വിഡ്ഢിത്ത്വം മാത്രമാണ്.

ഒരു സമുദായത്തിലെ വിരലിലെണ്ണാവുന്നവർ ചെയ്യുന്ന ഭീകര പ്രവർത്തനങ്ങളുടെ പേരിൽ ആ സമുദായത്തെ ഒന്നായി പഴിക്കുന്നത് ഒട്ടുമേ ശരിയല്ല. സംഘ പരിവാറുകാർ സ്ഥിരം ചെയ്യുന്ന പണിയാണിത്. സംഘ പരിവാറുകാർ ക്രിസ്ത്യാനികളെ മൊത്തം കുരിശു കൃഷിക്കാരാക്കുന്നു; ജോഷ്വാ പ്രൊജക്റ്റിൻറ്റെ ആളുകൾ ആക്കുന്നു. ഈ ജോഷ്വാ പ്രൊജക്റ്റിനെ കുറിച്ച് കേട്ടുകേൾവി പോലും ഇല്ലാത്തവരാണ് മഹാ ഭൂരിപക്ഷം ക്രിസ്ത്യാനികളും എന്ന ലളിതമായ സത്യം അവർ മനസിലാക്കുന്നില്ല. സോഷ്യൽ മീഡിയയിൽ കൂടി ന്യൂനപക്ഷങ്ങൾക്കെതിരെ ശത്രുതാ മനോഭാവത്തോടെ വമ്പിച്ച പ്രചാരണങ്ങളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി സംഘ പരിവാറുകാർ നടത്തി വരുന്നത്. പണ്ട് അവരുടെ ഒക്കെ പ്രസിദ്ധീകരണങ്ങളിലും സംഘടനകൾക്കുള്ളിലും മാത്രം നടന്നിരുന്ന പ്രചാരണങ്ങൾ ഇന്ത്യയുടെ പൊതു വേദികളിലേക്കും ആണ് കഴിഞ്ഞ കുറെയേറെ വർഷങ്ങളായി വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഈയിടെ മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരേയും അത്തരം അപവാദ പ്രചാരണങ്ങൾ നടന്നിരുന്നു.

അൽഫോൻസ് കണ്ണന്താനം മന്ത്രിയായിരുന്നപ്പോൾ മതം മാറ്റ ലോബികൾക്ക് വേണ്ടി പ്രവർത്തിച്ചു എന്നാണ് സംഘ പരിവാറുകാർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. മതം മാറ്റ ലോബിയുടെ ആളായിട്ടാണ് ചില സംഘ പരിവാർ അനുകൂലമായിട്ടുള്ള പ്രസിദ്ധീകരണങ്ങളിൽ അൽഫോൻസ് കണ്ണന്താനത്തെ ഇപ്പോൾ ചിത്രീകരിക്കുന്നത്. സംഘ പരിവാർ സംഘടനകളിൽ പെട്ട ആളുകൾ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ കുറിച്ച് ഇതെഴുതുന്ന ആൾക്ക് ഒരു മതിപ്പുമില്ല. പക്ഷെ ഇപ്പോൾ കേൾക്കുന്ന മത പരിവർത്തനത്തിന് ഒത്താശ ചെയ്തു എന്ന ആരോപണം തീർത്തും വ്യാജമാണ്; വെറുതെ വിവാദം ഉണ്ടാക്കാൻ മാത്രമായി കെട്ടിചമച്ചതും ആണ് ആ വാർത്താ. സർക്കാർ തലത്തിൽ ഉണ്ടാകുന്ന സാധാരണ നടപടി ക്രമം മാത്രമാണ് മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ചെയ്തത്. ഒരു മന്ത്രി എന്ന നിലയിൽ ഏതൊക്കെയോ കൃസ്ത്യൻ സംഘടനകൾ അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു കൊടുത്ത കത്തുകൾ കണ്ണന്താനം സർക്കാരിലെ ഉത്തരവാദിത്ത്വപെട്ടവർക്ക് അയച്ചു കൊടുത്തു. അത് ഒരു ജനപ്രതിനിധി എന്ന നിലയിൽ സ്വാഭാവികമായ നടപടി ക്രമം അല്ലെങ്കിൽ പ്രൊസീജ്യർ മാത്രമാണ്. കണ്ണന്താനം പോലും മതപരിവർത്തനം എന്ന് ഇപ്പോൾ കേൾക്കുന്ന ഒരു ആരോപണത്ത കുറിച്ച് ചിന്തിച്ചിട്ടുണ്ടാവുക കൂടി ഇല്ലാ.

പ്രതീഷ് വിശ്വനാഥ് എന്ന 'ഹിന്ദു രാഷ്ട്ര' -യുടെ സേവകൻ 'വഞ്ചിക്കപ്പെടുന്ന ഹിന്ദു സമൂഹം' എന്ന തലക്കെട്ടോടെ ഈയിടെ ഫെയിസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ 'BHARATH TIMES' എന്ന ഓൺലെയിൻ പത്രത്തിലെ വാർത്തയുടെ ലിങ്ക് കൂടി കൊടുത്തിരുന്നു. അൽഫോൺസ് കണ്ണന്താനത്തിൻറ്റെ മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നില്‍ മതപരിർത്തന ശ്രമങ്ങള്‍ക്ക് പിന്തുണ നൽകിയതാണ് എന്ന് സമർത്ഥിക്കാൻ ഈ 'BHARATH TIMES' എന്ന ഓൺലെയിൻ പത്രത്തിൽ കണ്ണന്താനം ആഭ്യന്തര മന്ത്രാലയത്തിലെ ജോയിൻറ്റ് സെക്രട്ടറിക്കും, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും എഴുതിയ നാല് കത്തുകളുടെ കോപ്പി കൂടി പ്രസിസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇവർക്കെങ്ങെനെയാണ് ഒരു കേന്ദ്ര മന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് എഴുതുന്ന കത്തുകളുടെ കോപ്പി കിട്ടുന്നത്??? എത്ര ശക്തമായാണ് ഇവരൊക്കെ ഓരോ ക്യാമ്പയിനും സംഘടിപ്പിക്കുന്നത് എന്നത്തിൻറ്റെ തെളിവാണ് കേന്ദ്ര മന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് എഴുതുന്ന കത്തുകളുടെ കോപ്പി ഇവർ പബ്ലീഷ് ചെയ്തതിൽ നിന്ന് കാണിക്കുന്നത്. സത്യത്തിൽ ഈ ആരോപണത്തിൽ വലിയ കഴമ്പൊന്നുമില്ല. ഒരു മന്ത്രിക്ക് നിവേദനം കിട്ടുമ്പോൾ അതനുസരിച്ചു ചില മന്ത്രിമാർ കത്തെഴുതാറുണ്ട്. പക്ഷെ കേരളത്തിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും, ഉത്തരേന്ത്യയിലും മതംമാറ്റം നടത്തുന്ന ക്രിസ്ത്യൻ സഭകൾക്ക് വേണ്ടി കണ്ണന്താനം ഇടപെട്ടു എന്നുള്ള ഇവരുടെ ആരോപണം വരും കാലങ്ങളിൽ ശക്തി പ്രാപിക്കാൻ നല്ല സാധ്യതയുണ്ട്. മന്ത്രിയുടെ കത്തുകൾ പ്രസിദ്ധീകരിച്ചതിലൂടെ നൽകുന്ന സൂചനയും അതാണ്. ഇത്തരം വിദ്വേഷ പ്രചാരണങ്ങളാണ് സംഘ പരിവാറുകാർ സ്ഥിരം മത ന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിപ്പിക്കുന്നത്.

ഒരു സമുദായത്തെ പരിവർത്തനത്തിൻറ്റെ പാതയിലേക്ക് നയിക്കേണ്ടത് ആ സമുദായത്തിൻറ്റെ വിശ്വാസം ആർജ്ജിച്ചായിരിക്കണം. ഇവിടെയാണ് ഗാന്ധിയൻ രീതികളുടെ പ്രസക്തി. 1947 -ലെ വിഭജനത്തിൻറ്റെ സമയത്ത് പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി മുസ്ലീങ്ങളുടെ സുരക്ഷക്ക് വേണ്ടി നിലകൊണ്ടത് താൻ ഒരു സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ചുരുക്കം പറഞ്ഞാൽ ഗാന്ധിജിയുടെ സഹന സമരങ്ങളോട് അന്നത്തെ മുസ്ലീങ്ങളും വളരെ 'പോസിറ്റീവ്' ആയി പ്രതികരിച്ചിട്ടുണ്ട്.

ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം. ഭൂരിപക്ഷം ന്യൂന പക്ഷത്തിൻറ്റെ വിശ്വാസം ആർജ്ജിച്ചു വേണം അവരോട് മത സൗഹാർദ്ദത്തിനും, സമാധാനത്തിനും വേണ്ടി സംസാരിക്കാൻ എന്നതായിരുന്നു ഗാന്ധിയൻ നിലപാട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിൻറ്റെ വിശ്വാസം ആർജിക്കണം എന്ന ഗാന്ധിയൻ തത്ത്വസംഹിത എപ്പോഴും ഓർമിക്കേണ്ടതുണ്ട്. നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ ജനങ്ങളുടെ വിശ്വാസം പോയാൽ എല്ലാം തീർന്നു. സാധാരണ ജനങ്ങളാണ് എവിടെയും ഒരു രാജ്യത്തിൻറ്റെ മത സൗഹാർദ്ദത്തിൻറ്റെ സെക്യൂരിറ്റിയും, അടിത്തറയും. ആ സാധാരണ ജനങ്ങളുടെ ഇടയിലുള്ള മത സൗഹാർദവും, സാഹോദര്യവും എപ്പൊഴും നിലനിർത്തുകയാണ് വേണ്ടത്. ഇന്നും വർഗീയതയ്ക്കെതിരെ ക്രിയാത്മകമായ നിലപാടെടുക്കാൻ ഗാന്ധിയെ പോലെ ഇടതു പക്ഷത്തിനോ, അംബേദ്കറിസ്റ്റുകൾക്കോ സാധിക്കുന്നില്ല. ഗാന്ധിയെ കൂടുതൽ കൂടുതൽ അറിയേണ്ടതും, ഗാന്ധിയെ പറ്റി കൂടുതൽ പഠിപ്പിക്കേണ്ടതും വർഗീയത കണ്ടമാനം നടമാടുന്ന ഈ കാലഘട്ടത്തിൻറ്റെ ആവശ്യകതയാണ്. സത്യത്തിനും, ധാർമികതക്കും വേണ്ടി നിലകൊണ്ട ഗാന്ധിയെ പോലെ ഒരു നേതാവില്ല എന്നതാണ് വർത്തമാനകാല ഇന്ത്യയുടെ ഏറ്റവും വലിയ ദുര്യോഗം.

2019 ജൂൺ 21, വെള്ളിയാഴ്‌ച

ശബരിമല വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻറ്റെ ബുദ്ധിപരമായ നീക്കം

ശബരിമല യുവതീ പ്രവേശനാ വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ 'പന്ത്' ഒരു മുഴം നീട്ടി എറിയുകയാണ്. ബി.ജെ.പി. - യും, സംഘ പരിവാറുകാരും ആ 'പന്ത്' ഇനി പിടിക്കുമോയെന്നാണ് കാണേണ്ടത്. ശബരിമല വിഷയത്തിൽ ഇത്രയേറെ പ്രക്ഷോഭം നടത്തിയ ബി.ജെ.പി. - യും, സംഘ പരിവാറുകാരും എൻ.കെ. പ്രേമചന്ദ്രൻ എം.പി. ലോക്സഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെ പിന്തുണക്കുമോ എന്നാണ് ഇനി കാണേണ്ടത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായ നേട്ടം കിട്ടിയതിൽ പിന്നെ ശബരിമല അയ്യപ്പനെ ഉയർത്തി കാട്ടിയുള്ള ബി.ജെ.പി. - യുടെ രാഷ്ട്രീയമായ മുന്നേറ്റം  കഴിഞ്ഞുവെന്നുമാണ് തോന്നുന്നത്. അതുകൊണ്ട് എൻ.കെ. പ്രേമചന്ദ്രൻ ഇപ്പോൾ എറിയുന്ന സ്വകാര്യ ബില്ലിൻറ്റെ രൂപത്തിലുള്ള ആ 'പന്ത്' ബി.ജെ.പി. - യും, സംഘ പരിവാറുകാരും പിടിക്കുമെന്നു തോന്നുന്നില്ല. എൻ.കെ. പ്രേമചന്ദ്രൻ എം.പി. ലോക്സഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെ ഇങ്ങനെ വേണം നോക്കി കാണാൻ.

ഇപ്പോൾ ശബരിമലയിലെ കാര്യങ്ങൾ അന്വേഷിക്കാനോ അവിടെ സ്ത്രീകൾ കയറുന്നുണ്ടോ എന്ന് തിരക്കാനോ ബി.ജെ.പി. - ക്കാരേയും, സംഘ പരിവാറുകാരേയും കാണാനില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല വിഷയത്തിൻറ്റെ രാഷ്ട്രീയമായ പ്രസക്തിയും അവസാനിച്ചു. പക്ഷെ ബുദ്ധിയുള്ള രാഷ്ട്രീയക്കാരന് കേരളം ഇത്രയേറെ പ്രക്ഷോഭം കണ്ട ശബരിമല വിഷയം അത്ര പെട്ടെന്ന് ഉപേക്ഷിക്കാനാകുമോ? ആ രാഷ്ട്രീയ ബുദ്ധി തന്നെയാണ് ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി. കാട്ടുന്നത്.

പിണറായ് വിജയൻ ലക്ഷ്യം വച്ചത് ശബരിമല വിഷയത്തിൽ സംഘ പരിവാറുകാർ ഉയർത്തുന്ന ഭീഷണി ചൂണ്ടിക്കാട്ടി 40 ശതമാനത്തോളം വരുന്ന ന്യൂനപക്ഷത്തിൻറ്റെ സംരക്ഷകരായി നടിച്ച് വോട്ട് പിടിക്കുക എന്നായിരുന്നെന്നു തോന്നുന്നു. പുരോഗമന ലേബലിൽ മതവും ജാതിയും തിരിക്കുക. ഭിന്നിപ്പിച്ച് നിർത്തി 60 ശതമാനത്തോളം വരുന്ന ഹിന്ദു വോട്ട് ജാതി അടിസ്ഥാനത്തിൽ പിടിക്കുക എന്നതും ലക്ഷ്യമായിരുന്നു എന്ന് തോന്നുന്നു. ഹിന്ദു വോട്ട് ഭിന്നിപ്പിക്കുന്നതിലൂടെ കോൺഗ്രസിനെ തീർത്തും ദുർബലമാക്കാമെന്നതായിരുന്നു CPM കണ്ട ലക്ഷ്യമെന്നാണ് തോന്നുന്നത്. ശബരിമല വിഷയത്തിലുള്ള CPM നിലപാട് ഒട്ടുമേ നിഷ്കളങ്കമായിരുന്നുവെന്നു തോന്നുന്നില്ല. ശബരിമല സ്ത്രീ പ്രവേശനാ വിഷയം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ട് ഇടതു മുന്നണി മൂർച്ഛിപ്പിക്കുകയാണെന്ന് ഇതെഴുതുന്നയാൾക്ക് തോന്നിയിരുന്നു. കാര്യങ്ങൾ പരമാവധി വഷളാക്കി 'കുളം കലക്കിയുള്ള മീൻ പിടുത്തത്തിനാണ്' CPM-കാർ ശ്രമിച്ചതെന്ന് പ്രശ്നങ്ങൾ മൂർച്ഛിക്കുന്നത് കണ്ടപ്പോൾ പലർക്കും തോന്നിയതാണ്. BJP ഹിന്ദു വോട്ടുമായി അൽപം വളർന്നാൽ കോൺഗ്രസ് ദുർബലപ്പെടും എന്ന് CPM കരുതി.

പുരോഗമന ലേബലിൽ നടത്തുന്ന ജാതി-മത കളികൾ ഒക്കെ മനസിലാക്കാനുള്ള വിവരം ഉള്ളവരും ഈ നാട്ടിൽ ഉണ്ടെന്നു മാത്രം CPM-കാർ തിരിച്ചറിഞ്ഞില്ല. നിലനിൽക്കുന്ന വോട്ടു ബാങ്കുകളൊക്കെ വിഘടിക്കാം എന്നതു കൊണ്ടാണ് ശബരിമല വിഷയത്തിൽ ഇത്ര കാർക്കശ്യ സ്വഭാവം കാണിച്ചതെന്നും തോന്നുന്നു. ക്രിസ്ത്യൻ സഭയും, SNDP -യും, NSS -ഉം, മുസ്‌ലിം സംഘടനകളും ഒക്കെ നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തിൻറ്റെ കാര്യം വരുമ്പോൾ ഇടതുപക്ഷം പറയുന്ന നവോത്ഥാനം ഒന്നുമില്ല. തങ്ങളുടെ സ്വന്തം സ്ഥാപനങ്ങളിൽ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ കോഴ വാങ്ങിക്കുമ്പോൾ NSS ഒരു വഴിക്ക് സഞ്ചരിക്കുന്നു; SNDP വേറെ ഒരു വഴിക്ക് സഞ്ചരിക്കുന്നു;  ക്രിസ്ത്യൻ സഭകളും, മുസ്‌ലിം സംഘടനകളും മറ്റൊരു വഴിക്കും. അതിലൊന്നും സർക്കാർ ഇടപെടുകയില്ല. സഹകരണ സ്ഥാപനങ്ങളിലുള്ള കോഴ കൊടുത്തുള്ള നിയമനങ്ങളിലും സർക്കാർ ഇടപെടുകയില്ല.

പിണറായി വിജയനും, ഇടതു പക്ഷത്തിനും ഹിന്ദു മത വിശ്വാസത്തിൽ ഊന്നിക്കൊണ്ട് ശബരിമല വിഷയത്തിൽ സംഘ പരിവാറിനെ ചെറുക്കാമായിരുന്നു. ഹിന്ദു വിശ്വാസത്തിൽ തന്നെ നിലനിന്നിരുന്ന പല ബ്രഹ്മചര്യ സങ്കൽപ്പങ്ങളും, ഇക്കാര്യത്തിലുള്ള പല മുൻകാല കോടതി ഉത്തരവുകളും ഒക്കെ പരിശോധിച്ചിട്ടാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അത്തരത്തിൽ ശബരിമല വിഷയം ജനങ്ങളോട് വിശദീകരിക്കാമായിരുന്നു. അത് ഉണ്ടായില്ല. ജനത്തെ പ്രകോപിപ്പിച്ചുകൊണ്ടല്ല ആരും സാമൂഹ്യ മാറ്റത്തിനിന് വേണ്ടി ശ്രമിക്കേണ്ടത്. ഇവിടെയാണ് ഗാന്ധി പറഞ്ഞ “One Step Ahead is Enough”- എന്ന വാചകത്തിനു പ്രസക്തി ഉള്ളതും.

അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം യുവതീ പ്രവേശനത്തിൽ ഇടതുമുന്നണിയുടെ നിലപാടിനോട് അഭിപ്രായ വിത്യാസം ഉണ്ടായിരുന്നെങ്കിലും ശബരിമലയുടെ പേരിൽ നടന്ന അക്രമവും, തെറി വിളിയും, ഗുണ്ടായിസവുമൊന്നും ഒരു യഥാർത്ഥ ഭക്തനും അംഗീകരിച്ചിരുന്നു എന്ന് തോന്നുന്നില്ല. പക്ഷെ അക്രമത്തെ മാർഗം ആയി സ്വീകരിച്ച സി.പി.എം. എങ്ങനെ ബി.ജെ.പി.-യെ വിമർശിക്കും? ചുരുക്കം പറഞ്ഞാൽ സി.പി.എം.-നു തന്നെ നഷ്ടം സംഭവിച്ചു. ആ നഷ്ടം ശരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കാനെത്തിയത് വഴി ജാതീയമായി വിഭജിച്ചു പോകുന്ന വോട്ടുകൾ എല്ലാം യു.ഡി.എഫിന് അനുകൂലമായി. യു.ഡി. എഫ്. 19 സീറ്റുകൾ കരസ്ഥമാക്കിയപ്പോൾ എൽ.ഡി.എഫിന് കേവലം ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബി.ജെ.പി. - യും മൊത്തം  പോൾ ചെയ്ത വോട്ടുകളുടെ ശതമാനം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ തങ്ങൾക്ക് അനുകൂലമായി കൂട്ടി. ചുരുക്കം പറഞ്ഞാൽ എല്ലാ അർത്ഥത്തിലും എൽ.ഡി.എഫിന് നഷ്ടം.

ശബരിമല വിഷയത്തിൽ ജുഡീഷ്യറി അവരുടെ വിധി 2018 സെപ്റ്റംബർ 28-ന് പറഞ്ഞു കഴിഞ്ഞു. റിവ്യൂ പെറ്റിഷനിൽ സാധാരണ ഗതിയിൽ ഫാക്ച്വൽ ആയിട്ടുള്ള 'എറർ' മാത്രമേ പരിശോധിക്കപ്പെടാറുള്ളൂ. നീണ്ട 12 വർഷം എടുത്ത ആ കേസിൽ എന്തു ഫാക്ച്വൽ ആയിട്ടുള്ള 'എറർ' ആണുള്ളത്? 1991-നു മുൻപ്അനേകം അമ്മമാർ ശബരിമലയിൽ നടത്തിയ ചോറൂണുകളുടെ രസീതും, അതിൻറ്റെ ഫോട്ടോകളും എല്ലാം കണ്ടിട്ടാണ് കോടതി വിധി വന്നത്. ഇതൊക്കെ പബ്ളിക് ഡോക്കുമെൻറ്റ്സാണ്. ഇങ്ങനെ ഒരു പ്രൊഫഷണൽ സമീപനത്തോട് കൂടി പുറപ്പെടുവിച്ച വിധിയിൽ ഫാക്ച്വൽ ആയിട്ടുള്ള 'എറർ' ഇല്ലാ. ആർക്കും ഗൂഗിളിൽ കയറി 411 പേജുള്ള ആ സുപ്രീം കോടതി വിധി ന്യായം വായിച്ചു മനസിലാക്കാം. അങ്ങനെ മിനക്കെടുന്ന എത്ര പേർ കേരളത്തിലുണ്ട്??? അവിടെയാണ് ബി.ജെ.പി. - യുടേയും, സംഘ പരിവാറുകാരുടേയും വിജയം. സംഘ പരിവാറുകാർ ജനങ്ങളുടെ അറിവില്ലായ്മ സമർത്ഥമായി മുതലെടുക്കുന്നൂ. അതാണ് ചില പ്രമുഖ വക്കീലന്മാരെ തന്നെ അണിനിരത്തി ഈ സുപ്രീം കോടതി വിധി ശബരിമല സാഹചര്യം മനസിലാക്കാത്ത ചില ഉത്തരേന്ത്യൻ ജഡ്ജിമാരുടെ തെറ്റായിരുന്നു എന്നുള്ള വ്യാജ പ്രചാരണം വന്നത്. കൂടെ ദൈവ നിഷേധികളായ കമ്യൂണിസ്റ്റുകാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നു; ക്ഷേത്രങ്ങളിൽ നിന്ന് സർക്കാർ പണം അടിച്ചു മാറ്റുന്നു - എന്നുള്ള കള്ള പ്രചാരണങ്ങളെല്ലാം വളരെ വലിയ തോതിൽ പ്രചരിക്കപ്പെട്ടു.

ശബരിമല വിഷയം അഖിലേന്ത്യ തലത്തിൽ തന്നെ ഉയർത്തി ഒരുതരം രാഷ്ട്രീയമായ 'ഇവൻറ്റ് മാനേജ്മെൻറ്റ്' ആണ് നേരത്തേ നടന്നത്. ബി.ജെ.പി. - യും, സംഘ പരിവാറുകാരും പണവും, മാൻപവറും, റിസോഴ്‌സസും ഒക്കെ ഉപയോഗിച്ച് നടത്തിയ ശരിക്കുള്ള രാഷ്ട്രീയ നാടകം. ഇവിടെ ജനങ്ങളുടെ വിശ്വാസം അവർ സമർത്ഥമായി മുതലെടുത്തു. 'പോപ്പുലർ' ദൈവങ്ങളെ ഉപയോഗിച്ചാണ് അല്ലെങ്കിലും ബി.ജെ.പി. ഇന്ത്യയിൽ വളർന്നത്. രാമ ക്ഷേത്രത്തിൻറ്റെ കാര്യത്തിലും സംഭവിച്ചത് ഇതു തന്നെ. ശ്രീരാമൻ ഭാരതത്തിൻറ്റെ 'പോപ്പുലർ കൾച്ചറിൽ' വളരെ അറിയപ്പെടുന്ന ഒരു ദൈവമാണല്ലോ. 'രാം രാം' എന്നാണല്ലോ ഉത്തരേന്ത്യയിൽ സാധാരണ ജനങ്ങൾ പരസ്പരം കാണുമ്പോഴുള്ള സംബോധന. "രാം നാം സത്ത്യ ഹേ" - എന്നാണല്ലോ ശവഘോഷ യാത്ര നടക്കുമ്പോൾ ജനങ്ങൾ ഉത്തരേന്ത്യയിൽ ഉരുവിടുന്നത്.  കേരളത്തിലാണെങ്കിൽ പണ്ട് സന്ധ്യാവേളകളിൽ നാമം ജപിക്കുമ്പോൾ
"രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം" - എന്നായിരുന്നല്ലോ പ്രാർഥന. ഹിന്ദിയിലാണെങ്കിൽ കണ്ടമാനം ശ്രീരാമ പ്രാർഥനാ ഗീതങ്ങളുമുണ്ട്.
"പ്രേം പുതിത് മൻ സേ കഹോ റാമു റാമു രാം
ഹേ റാമു റാമു രാം" - എന്ന ഭജനമൊക്കെ ഹിന്ദിയിൽ വളരെ പോപ്പുലർ ആണ്. പണ്ട് ഒരു ഹിമാലയൻ ആശ്രമത്തിൽ യോഗ പഠിക്കാൻ പോയപ്പോൾ ഇതെഴുതുന്ന ആളും അത്തരം ഭജനയിൽ പങ്കെടുത്തതും ആണ്.

മറ്റൊരു ദൈവത്തിനും ശ്രീരാമനെ പോലെ 'പോപ്പുലർ അപ്പീൽ' ഇല്ലാ. ഇത്തരം ജനപ്രിയ ദൈവങ്ങളെ കൂട്ടുപിടിച്ചായിരുന്നു ബി.ജെ.പി. - യുടെ രാഷ്ട്രീയമായ വളർച്ച. ശബരിമല അയ്യപ്പൻ ദക്ഷിണേന്ത്യയിലും വളരെ പോപ്പുലർ ആണല്ലോ. ശബരിമലയിൽ ആചാരരീതികൾ പുനഃസ്ഥാപിക്കണമെന്ന എൻ.കെ. പ്രേമചന്ദ്രൻറ്റെ ഇപ്പോഴുള്ള സ്വകാര്യ ബില്ലും അത്തരം ജനപ്രിയ ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയമായ വളർച്ച ഉദ്ദേശിച്ചു തന്നെയാണ്. 'ശബരിമല ശ്രീധർമശാസ്ത്ര ടെംപിൾ സ്‌പെഷ്യൽ പ്രോവിഷ്യൻസ് ബിൽ 2019' എന്ന പേരിൽ ശബരിമലയിലെ തൽസ്ഥി തുടരണമെന്നാണ് ബില്ലിലെ ആവശ്യം. സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കഴിഞ്ഞ ലോക്സഭയുടെ അവസാന സമ്മേളനത്തിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ നടപടിയെടുത്തില്ല. നിയമ നിർമ്മാണം താൽപര്യപ്പെടുന്നതായി ബി.ജെ.പി. ഇത്തവണത്തെ പ്രകടന പത്രികയിലും ഉറപ്പു നൽകിയിരുന്നില്ല. ഇതിനിടെയാണ് പ്രേമചന്ദ്രൻ എം.പി. -യുടെ അപ്രതീക്ഷിത നീക്കം.

ശബരിമല വിഷയത്തിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ 'ഓർഡിനൻസ് ഇറക്കൂ' എന്ന് പറയുന്ന സാധാരണ ആളുകൾ നിയമത്തിൻറ്റെ സങ്കീർണതകൾ  മനസിലാക്കുന്നില്ല. നിയമം പഠിച്ചിട്ടുള്ളത് കൊണ്ട് ബി.ജെ.പി. - യിലെ തന്നെ ശ്രീധരൻ പിള്ളക്കും, അരുൺ ജെയ്റ്റ്ലിക്കും, രവി ശങ്കർ പ്രസാദിനും കാര്യങ്ങൾ അറിയാം. അതാണ് അവർ  ഓർഡിനൻസ് ഇറക്കുന്നതിനെ കുറിച്ച് നേരത്തേ ഒന്നും മിണ്ടാതിരുന്നത്. അരുൺ ജെയ്റ്റ്ലി ആണെങ്കിൽ ശബരിമല വിഷയത്തിലുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. സുബ്രമണ്യം സ്വാമി പട്ടാളത്തെ ഇറക്കിയാണെങ്കിലും ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കണം എന്ന് പറഞ്ഞു. പിന്നെ  ഓർഡിനൻസ് ഇറക്കുന്നതിനെ കേന്ദ്രത്തിൽ ആര് അനുകൂലിക്കും? ഇനി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കിയാൽ തന്നെ അതിൻറ്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഓർഡിനൻസ് തള്ളി പോകും. അതല്ലെങ്കിൽ ഭരണഘടന തിരുത്തിയെഴുതണം. അതിനു ലോക്സഭയിലും, രാജ്യ സഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. പിന്നീട് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്കു സമർപ്പിക്കണം. ഇത് വല്ലതും നടപ്പുള്ള കാര്യമാണോ? ചുരുക്കം പറഞ്ഞാൽ 12 വർഷവും,  24 കക്ഷികൾ വാദിച്ചതും, എല്ലാ വശങ്ങളും പരിശോധിച്ചതുമായ സുപ്രീം കോടതി വിധി ന്യായം തിരുത്തുക ദുഷ്കരമാണ്.

ഇന്ത്യൻ ഭരണഘടനയിലേക്കൊന്നു നോക്കുക:
Article 14 in The Constitution Of India:
Equality before law - The State shall not deny to any person equality before the law or the equal protection of the laws within the territory of India and prohibits discrimination on grounds of religion, race, caste, sex or place of birth
ഭരണഘടനയുടെ അനുച്ഛേദം - 14 പ്രകാരം ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും നിയമത്തിനു മുന്നിലെ സമത്വം ഉറപ്പു നൽകുന്നു. ഈ അനുച്ഛേദ പ്രകാരം സ്ത്രിക്കും പുരുഷനും മതമോ, ജാതിയോ, വർഗ്ഗമോ, വർണ്ണമോ, ലിംഗമോ, സ്ഥലമോ നോക്കാതെ തുല്യാവകാശം ഉറപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ചുരുക്കത്തിൽ ശബരിമലയിൽ പ്രവേശിക്കാൻ പുരുഷന്മാരെപ്പോലെ തന്നെ തുല്യ അവകാശം സ്ത്രീകൾക്കും ഭരണഘടന നൽകുന്നു. സംഭവം ഇങ്ങനെ ആകുമ്പോൾ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിധി പറഞ്ഞ സുപ്രീം കോടതിയെ കുറ്റം പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്??? ശബരിമലയിലെ സ്ത്രീ പ്രവേശനാ വിഷയം വിവാദമാക്കി കൊച്ചു കേരളത്തിലിരുന്ന് പ്രകടനം നടത്തി ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ ഭരണഘടന മാറ്റി എഴുതിക്കാം എന്നൊക്കെ കരുതുന്ന ആളുകൾ നിയമ വ്യവസ്ഥയുടെ സങ്കീർണതകൾ  മനസിലാക്കുന്നില്ല.

ഇതെല്ലാം അറിഞ്ഞാണ് പ്രേമചന്ദ്രൻ ബുദ്ധിപരമായ നീക്കം നടത്തുന്നതെന്നാണ് സൂചന. എൻ.കെ. പ്രേമചന്ദ്രൻ എം.പി.-യുടെ സ്വകാര്യ ബിൽ സംബന്ധിച്ച കേന്ദ്ര സർക്കാർ നിലപാട് ഇനി നിർണ്ണായകമാകും. ഭുരിപക്ഷമുള്ള ബി.ജെ.പി. ഗവൺമെൻറ്റ് തന്നെ നിയമം കൊണ്ട് വരണം; അതിനാവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നു പറഞ്ഞാലും കേന്ദ്രത്തിലുള്ള ബി.ജെ.പി. സർക്കാർ വെട്ടിലാകും. ബില്ല് നൽകാൻ കഴിഞ്ഞത് തൻറ്റെ ചരിത്ര നിയോഗമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറയുമ്പോൾ അദ്ദേഹം സമർത്ഥമായി ബി.ജെ.പി. സർക്കാറിൻറ്റെ 'കോർട്ടിലേക്ക്' പന്ത് എറിയുകയാണ്. അദ്ദേഹത്തിന് ഒന്നും നഷ്ടപ്പെടാനില്ല; മറിച്ച് വിശ്വാസികളുടെ കൂടെ നിന്നില്ലെങ്കിൽ ബി.ജെ.പി. - ക്ക് രാഷ്ട്രീയമായി പലതും നഷ്ടപ്പെടാനുണ്ട്. ചുരുക്കം പറഞ്ഞാൽ ഈ ബിൽ അവതരിപ്പിക്കുക വഴി എൻ.കെ. പ്രേമചന്ദ്രൻ സമർത്ഥനായ രാഷ്ട്രീയക്കാരനാണെന്ന് തെളിയിച്ചു കഴിഞ്ഞു. ശബരിമല അയ്യപ്പനെ ഉപയോഗിച്ച് എല്ലാവരും രാഷ്ട്രീയ നേട്ടം കൊയ്യുമ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി. - യെ മാത്രം കുറ്റപ്പെടുത്താനും വയ്യാ.

2019 ജൂൺ 7, വെള്ളിയാഴ്‌ച

ഇന്ത്യയിലെ കോൺഗ്രസിൻറ്റെ ചരിത്രവും പാരമ്പര്യവും

കോൺഗ്രെസ്സുകാരുടെ അല്ലെങ്കിൽ കോൺഗ്രസിലെ തലമുതിർന്ന നേതാക്കളുടെ ഉപദേശം മൂലമാണ് രാഹുൽ ഗാന്ധി ഇന്ന് പെരുവഴിയിലായത്. അപ്പോൾ കോൺഗ്രെസിനെ രക്ഷപെടുത്താൻ എന്താണ് ഒരു വഴി? ആ തലമുതിർന്ന നേതാക്കളെ കുപ്പത്തൊട്ടിയിൽ എറിയണം. നമ്മുടെ എ.കെ. ആൻറ്റണിയും, പി.ജെ. കുര്യനും, കെ.വി. തോമസും, വയലാർ രവിയുമൊക്കെ അങ്ങനെ കുപ്പത്തൊട്ടിയിൽ എറിയപ്പെടേണ്ട നേതാക്കൻമാരാണ്. അവരാരെങ്കിലും കോൺഗ്രസ് ചരിത്രം അണികളേയോ ജനങ്ങളേയോ പഠിപ്പിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇവരാരെങ്കിലും യുവനേതാക്കളെ വളർത്തിയെടുത്തിട്ടുണ്ടോ? രമേശ് ചെന്നിത്തലയും, കാർത്തികേയനും, ഷാനവാസുമൊക്കെ കെ. കരുണാകരൻ വളർത്തിയെടുത്ത യുവനേതാക്കൾ ആയിരുന്നു. എ.കെ. ആൻറ്റണിക്കും, പി.ജെ. കുര്യനും, കെ.വി. തോമസിനും , വയലാർ രവിക്കും അങ്ങനെ ഒന്ന് അവകാശപ്പെടാനാകുമോ? അവരൊക്കെ വളരെ കാലം അധികാരം കയ്യാളിയിരുന്നവരല്ലേ? ഉത്തരവാദിത്ത്വപ്പെട്ട സ്ഥാനങ്ങളിൽ അനേകം വർഷങ്ങൾ ചെലവഴിച്ചിട്ടും ഇവരൊക്കെ പാർട്ടിക്കും സംഘടനക്കും വേണ്ടി എന്ത് സംഭാവനയാണ് ചെയ്തിട്ടുള്ളത്? 60 വയസ്സായാൽ കേന്ദ്ര സർവീസിൽ നിന്ന് റിട്ടയർ ചെയ്യണം. 70 വയസ്സായാലെങ്കിലും ഇവർക്കൊക്കെ പാർട്ടി ഭാരവാഹിത്ത്വത്തിൽ നിന്ന് റിട്ടയർ ചെയ്തു കൂടേ? കുറഞ്ഞ പക്ഷം യുവനേതാക്കളെ വളർത്തിക്കൊണ്ടു വരിക എന്ന സംഘടനാപരമായ ചുമതല നിർവഹിച്ചു കൂടേ? പരസഹായം കൂടാതെ സഞ്ചരിക്കാൻ ശേഷിയില്ലാത്ത നേതാക്കൾ വരെ ഇന്ന് കോൺഗ്രസ് പാർട്ടിയിലുണ്ട്. ഈ നേതാക്കൾ തന്നെയാണ് കോൺഗ്രസ് പാർട്ടിയുടെ ശാപം. ഇവരൊക്കെ സ്വന്തം മക്കൾക്കും ബന്ധുക്കൾക്കും അല്ലാതെ ആർക്കെങ്കിലും വേണ്ടി സംസാരിച്ചു കണ്ടിട്ടില്ല. വേണമെങ്കിൽ സൗകര്യം കിട്ടിയാൽ ഇവരൊക്കെ ടോം വടക്കൻ ചെയ്തത് പോലെ ബി.ജെ. പി. -യിലേക്ക് ഒരു സുപ്രഭാതത്തിൽ ചാടും. അങ്ങനെയുള്ളവരെ കൂടെ നിറുത്തി എങ്ങനെയാണ് രാഹുൽ ഗാന്ധിക്ക് ഒരു സംഘടന കെട്ടിപ്പെടുക്കാൻ ആവുന്നത്???

കോൺഗ്രസിന് ഒരു വലിയ ചരിത്രവും പാരമ്പര്യവും ഇന്ത്യയിൽ ഉണ്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം സാധാരണക്കാരുടെ മനസ്സിൽ മുൻകാല കോൺഗ്രസ് നേതാക്കൾക്ക് സ്ഥാനവുമുണ്ട്. പക്ഷെ ആ ഓർമകളൊക്കെ പൊടിതട്ടിയെടുത്ത് പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. കോൺഗ്രസ് നേതാക്കൾക്ക് പോലും കോൺഗ്രസിൻറ്റെ ആ ചരിത്രത്തേയും പാരമ്പര്യത്തേയും കുറിച്ച് അറിവില്ലാത്തപ്പോൾ സാധാരണക്കാരുടെ മനസ്സിൽ ആ ഓർമകളൊക്കെ എങ്ങനെ പുനരുജ്ജീവിപ്പിക്കും??? മഹാത്മാ ഗാന്ധിയെ കുറിച്ച് ചോദിച്ചാൽ ഇന്നത്തെ കോൺഗ്രസുകാർക്ക് അറിയില്ല. ഗാന്ധിയുടെ ഉപ്പു സത്യാഗ്രഹം പോലുള്ള സമരങ്ങൾ വളരെ ലളിതമായിരിക്കുമ്പോൾ തന്നെ അത് ബ്രട്ടീഷ് സാമ്രാജ്യത്തിൻറ്റെ അടിത്തറ ഇളക്കാൻ പര്യാപ്തമായിരുന്നു എന്ന ചരിത്ര വസ്തുത ആർക്കും നിഷേധിക്കുവാൻ സാധിക്കില്ല. പക്ഷെ ഇന്നിപ്പോൾ ആ ചരിത്രമൊക്കെ വിസ്മരിക്കപ്പെട്ടിരിക്കയാണ്. ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ, ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം – ഇവയൊക്കെ യാധാർത്യമാക്കിയ നെഹ്രൂവിയൻ കാലഘട്ടത്തെ കുറിച്ചും ഇന്നത്തെ കോൺഗ്രസുകാർക്ക് അറിയില്ല. പ്രധാനമന്ത്രിയായിരുന്നപ്പോൾ ബാങ്കിൽ നിന്ന് ലോണെടുത്ത് ‘പ്രീമിയർ പദ്മിനി’ കാർ വാങ്ങിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ ലാളിത്യത്തെ കുറിച്ചും ഇന്നത്തെ കോൺഗ്രസുകാർക്ക് അറിയില്ല. രണ്ടു ജോടി ചെരിപ്പും, ഏതാണ്ട് 500 രൂപയും മാത്രം മരണ സമയത്ത് ബാങ്കിൽ ബാക്കിയുണ്ടായിരുന്ന കെ. കാമരാജിനെ കുറിച്ചും കോൺഗ്രസുകാർക്ക് അറിയില്ലാ. നെഹ്‌റുവിൻറ്റെ കാലത്തുണ്ടായ ധവള വിപ്ലവത്തെ കുറിച്ചും, ഇന്ദിരാ ഗാന്ധിയുടെ കാലത്തുണ്ടായ ഹരിത വിപ്ലവത്തെ കുറിച്ചും ആധികാരികമായി സംസാരിക്കാനറിയാവുന്ന എത്ര കോൺഗ്രസുകാർ നമ്മുടെ ഇടയിൽ ഉണ്ട്????

ഇന്ദിര ഗാന്ധിയുടെ കാലശേഷം രാജീവ്‌ ഗാന്ധി വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ 'കംബ്യുട്ടറൈസേഷൻ' അത്ര പെട്ടെന്നെന്നും വരില്ലായിരുന്നു. ഇന്ത്യയിലെ കംബ്യുട്ടറൈസേഷൻറ്റെ പിതാവ് രാജീവ് ഗാന്ധിയാണ്. മോഡിയടക്കം കംപ്യുട്ടറിലൂടെ രാജീവ്‌ ഗാന്ധിയെ വിമർശിക്കുന്ന പലരും അത് ഓർമിക്കുന്നില്ല. കമ്പ്യൂട്ടർ വിപ്ലവം, മാരുതി സുസുകി കാർ നിർമാണം, സ്ത്രീകൾക്ക് 33 ശതമാനം പ്രാതിനിധ്യം നൽകുന്ന പഞ്ചായത്തി രാജ് നിയമം, നഗര പാലികാ ആക്റ്റ്‌, കൂറുമാറ്റ നിയമം, ടെലിഫോൺ നൂതന പ്രക്രിയ അങ്ങിനെ എത്രയോ മാറ്റങ്ങൾ രാജീവ് ഗാന്ധി  ചുരുങ്ങിയ കാലത്തിനുള്ളിൽ നടപ്പിലാക്കി. സാം പിട്രോഡയിലൂടെ നടപ്പാക്കിയ ടെലികോം റെവലൂഷൻ ഒന്നു മാത്രം മതി രാജീവ് ഗാന്ധിയുടെ നാമം എന്നും ഓർമ്മിക്കാൻ.

ഭക്ഷ്യ സുരക്ഷാ, റയിറ്റ് റ്റു ഇൻഫർമേഷൻ, തൊഴിലുറപ്പ് പദ്ധതി, ആധാർ - ഇങ്ങനെയുള്ള മുൻകാല കോൺഗ്രസ് സർക്കാരുകളുടെ പദ്ധതികളൊന്നും ഇപ്പോൾ ആരും ഓർമിക്കുന്നില്ലാ. ബി.ജെ.പി. - യുടെ വമ്പൻ പ്രചാരണങ്ങളിൽ തൊഴിലുറപ്പ് പദ്ധതി ഒക്കെ മുങ്ങി പോകുകയാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള വൻ തോതിലുള്ള പ്രചാരണത്തിലും, ബി.ജെ.പി. മറ്റു വിഷയങ്ങൾ ഉന്നയിച്ചും കോൺഗ്രസ് സർക്കാരുകളുടെ പദ്ധതികളൊക്ക ജന മനസുകളിൽ നിന്നകറ്റി. ബി.ജെ.പി. - യുടേയും, ആർ.എസ്.എസ്സിൻറ്റേയും കോൺഗ്രസ്‌ വിരുദ്ധ പ്രചാരണത്തിൽ വിദ്യാഭ്യാസമുള്ളവർക്കും വിവരമുള്ളവർക്കും പോലും ആധുനിക ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് വമ്പൻ തെറ്റിധാരണകളാണ് ഉള്ളത്. സോഷ്യൽ മീഡിയയിലൂടെയും, വാട്ട്സ്ആപ്പ് പോലെയുള്ള മെസേജ് സംവിധാനത്തിലൂടെയും നിരന്തരമായ കള്ള പ്രചാരണങ്ങൾ നടത്തുക വഴി വിദ്യാഭ്യാസമുള്ളവരെ പോലും തെറ്റിദ്ധരിപ്പിക്കാൻ ബി.ജെ.പി. -ക്കും ആർ.എസ്.എസ്സിനും സമീപ കാലത്ത് സാധിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കോടീശ്വരി ആണെന്ന് ചിലരൊക്കെ നേരത്തേ  എനിക്ക് മെസേജ് അയച്ചിട്ടുണ്ട്!!! കഴിഞ്ഞ ദിവസം റോബർട്ട് വദ്രയുടെ കയ്യിൽ ആയിരകണക്കിന് കോടികൾ ഉണ്ടെന്ന് ഒരു മോഡി ഭക്തൻ എന്നോട് പറഞ്ഞു. താമസിയാതെ ബി.ജെ.പി. -യും, ആർ. എസ്.എസ്സും റോബർട്ട് വദ്രയുടെ കയ്യിൽ പതിനായിരക്കണക്കിനോ, ലക്ഷക്കണക്കിനോ കോടികൾ ഉണ്ടെന്ന് പ്രചരിപ്പിക്കാൻ നല്ല സാധ്യതയുണ്ട്. കാര്യങ്ങൾ പോകുന്നത് കണ്ടിട്ട് അതാണ് അവരുടെ ലക്ഷ്യവും എന്ന് തോന്നുന്നു. സാധാരണക്കാരുടെ മനസിനെ സ്വാധീനിക്കുന്ന ഇത്തരം വ്യാജ പ്രചാരണ വേലകളെ ചെറുക്കുവാൻ കോൺഗ്രസ് പാർട്ടിക്കാവുന്നില്ല എന്നതാണ് യാഥാർഥ്യം.

ഇത്തരം വ്യാജ പ്രചാരണങ്ങൾ പോലുള്ള ഒരുതരം 'ഇവൻറ്റ് മാനേജ്‌മെൻറ്റാണ്' ബി.ജെ.പി. - യുടെ രാഷ്ട്രീയം എന്നാണ് ഇതെഴുതുന്ന ആൾക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് - അത് ശബരിമല വിഷയത്തിലായാലും, രാമ ക്ഷേത്രത്തിൻറ്റെ കാര്യത്തിലായാലും, നോട്ടു നിരോധനത്തിൻറ്റെ കാര്യത്തിലായാലും. അവരുടെ വിപുലമായ സംഘടനാ സംവിധാനം ഉപയോഗിച്ച് ജന മനസുകളെ സ്വാധീനിക്കാൻ അവർക്ക് നന്നായി അറിയാം. അവർക്കതിന് പണവും, മാൻപവറും, റിസോഴ്‌സസും ഉണ്ട്. കോൺഗ്രസിൻറ്റെ ആദ്യ നാളുകളിൽ ബ്രട്ടീഷുകാർക്കെതിരെ  സാധാരണക്കാരെ ഗാന്ധിയൊക്കെ അണിനിരത്തിയത്  പോലെ ബി.ജെ.പി. - ക്കെതിരെ ജനങ്ങളെ അണിനിരത്തുവാൻ ഇന്നത്തെ കോൺഗ്രസിനും, ഇടതു പക്ഷത്തിനും ആവുന്നില്ല.

ആദ്യ കാലത്ത് കോൺഗ്രസ് വെറും വരേണ്യ വർഗത്തിൻറ്റെ 'ഡിബേറ്റിങ് ഫോറം' ആയിരുന്നു. ഒരുപക്ഷെ 'അപ്പർ മിഡിൽ ക്ലാസിൻറ്റെ' കൂടി 'ഡിബേറ്റിങ് ഫോറം' ആയിരുന്നു എന്നും പറയാം. മഹാത്മാ ഗാന്ധിയാണ് ആ കോൺഗ്രസിനെ ജനകീയമാക്കിയത്. നിരന്തരമായി നടത്തിയ ട്രെയിനുകളിലെ മൂന്നാം ക്ലാസ് യാത്രയിലൂടെ ബ്രട്ടീഷ് ഇന്ത്യയിലെ ജനങ്ങളുടെ മനസ് ഗാന്ധിജി തൊട്ടറിഞ്ഞു. ഗ്രാമവാസികളുടേയും ചേരിനിവാസികളുടേയും പ്രശ്നങ്ങൾ ആദ്യമായി ഇന്ത്യയിലെ പൊതുവേദികളിൽ ഉയർത്തിയതും ഗാന്ധി ആയിരുന്നു. ചേരികളിലും വിദൂര ഇന്ത്യൻ ഗ്രാമങ്ങളിലും താമസിച്ചാണ് അദ്ദേഹം ഇന്ത്യയെ മനസിലാക്കിയത്. "ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" എന്നാണു മഹാത്മാ ഗാന്ധി പറഞ്ഞത്. ഇന്നിപ്പോൾ നഗര പ്രാന്തങ്ങളിലും 'ഇന്ത്യയുടെ ആത്മാവുണ്ട്' എന്നു പറയാം. പക്ഷെ ഇന്നത്തെ കോൺഗ്രസുകാരിൽ മിക്കവരും ഗ്രാമങ്ങളിൽ ജീവിക്കുകയോ, ഇന്ത്യയിലെ  ജന സാമാന്യത്തിൻറ്റെ ഇടയിൽ ജീവിക്കുകയോ ചെയ്യുന്നവരല്ല. അത് കൊണ്ട് അവർക്ക് രാഷ്ട്ര പിതാവിനെയും അദ്ദേഹത്തിൻറ്റെ മഹത്തായ ആശയങ്ങളേയും മനസ്സിലാക്കാൻ സാധിക്കുന്നില്ല.

ഗാന്ധിക്ക് ശേഷവും ശക്തമായ ഒരു ഗാന്ധിയൻ പാരമ്പര്യം ഇന്ത്യയിൽ നിലനിന്നിരുന്നു. മഹാരാഷ്ട്രയിലെ വാർധാ ജില്ലയിൽ ഹിംഗൻ ഘട്ടിലെ അതി സമ്പന്നമായ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചിട്ടും കുഷ്ഠ രോഗികൾക്കായി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച ബാബാ ആംതെ എന്ന മുരളീധർ ദേവീദാസ് ആംതെ, ഭൂദാൻ പ്രസ്ഥാനം രാജ്യമെങ്ങും വ്യാപിപ്പിച്ച ആചാര്യ വിനോബാ ഭാവെ, അടിയന്തിരാവസ്ഥയ്ക്കെക്കെതിരെ പ്രക്ഷോഭം നയിച്ച ജയപ്രകാശ് നാരായൺ - ഇവരൊക്കെ ഗാന്ധിക്ക് ശേഷം ഉണ്ടായ അറിയപ്പെടുന്ന ഗാന്ധിയന്മാരാണ്. 2017 - ലാണെന്നു തോന്നുന്നു മഹാത്മാ ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകൻ നാരായൺ ദേശായ് ഇഹലോകവാസം വെടിഞ്ഞത്. മരണത്തിനു തൊട്ടുമുമ്പ് വരെ ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കാൻ നാരായൺ ദേശായ് ശ്രമിച്ചിരുന്നു. കേരളത്തിലും വളരെ അറിയപ്പെടുന്ന ഗാന്ധിയന്മാർ ഉണ്ടായിരുന്നു. മദ്യ നിരോധനത്തിന് വേണ്ടി നിലകൊണ്ട കെ.പി. മന്മഥൻ, കേശവമേനോൻ, കെ. കേളപ്പൻ, മാധവൻ നായർ, പ്രൊഫെസ്സർ സുകുമാർ അഴീക്കോട്, രാമനാട്ടുകാരക്കപ്പുറമുള്ള പെരിങ്ങാവിൽ 'ദാനഗ്രാമം' സ്ഥാപിച്ച കെ. രാധാകൃഷ്ണ മേനോൻ - അങ്ങനെ നിരവധി ഗാന്ധിയന്മാർ. പക്ഷെ അറിയപ്പെടാതെ ഇന്ത്യയുടെ ഗ്രാമങ്ങളിലും, ചെറു പട്ടണങ്ങളിലും സേവനമനുഷ്ഠിച്ച ഗാന്ധിയന്മാരാണ് കൂടുതലും. മഹത്ത്വം അല്ലെങ്കിലും പരസ്യപ്പെടുത്തേണ്ട ഒന്നല്ലല്ലോ.

ഇത്തരം ഗാന്ധിയൻ മൂല്യങ്ങൾ ഇന്നത്തെ കോൺഗ്രസുകാർക്ക് കേട്ടുകേൾവി പോലും ഉണ്ടെന്ന് തോന്നുന്നില്ല. നെഹ്‌റുവിൻറ്റെ രാഷ്ട്ര നിർമാണ പ്രക്രിയയുടെ ചരിത്രവും ഇന്നത്തെ കോൺഗ്രസുകാർക്ക് അറിയില്ല. പിന്നെങ്ങനെ കോൺഗ്രസ് രക്ഷപെടും???

- വെള്ളാശേരി ജോസഫ്

2019 മേയ് 17, വെള്ളിയാഴ്‌ച

ഗാന്ധി - സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും വഞ്ചിക്കപ്പെട്ട വ്യക്തിത്ത്വം

സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും വഞ്ചിക്കപ്പെട്ട വ്യക്തിത്ത്വങ്ങളിൽ ഒന്നായിരുന്നു മഹാത്മാ ഗാന്ധിയുടേത് എന്നാണ് തോന്നുന്നത്. ഗാന്ധിയുടെ കൊലപാതകത്തിന് മുമ്പ് പാക്കിസ്ഥാനിലേക്ക് അവിടുന്നു വന്ന ഹിന്ദു അഭയാർഥികളുമായി പോകാൻ ഗാന്ധി ലക്ഷ്യമിട്ടിരുന്നു. പാക്കിസ്ഥാനിൽ നിന്ന് തിരിച്ചു മുസ്‌ലിം അഭയാർഥികളുമായി വരാനും ഗാന്ധിക്ക് 'പ്ലാൻ' ഉണ്ടായിരുന്നു. വാർദ്ധായിൽ നിന്ന് 1948 ഫെബ്രുവരി മൂന്നിന്  പാക്കിസ്ഥാനിലേക്ക് അഭയാർഥികളുമായി പുറപ്പെടാനിരിക്കെ ആണ് ഗാന്ധി കൊല്ലപ്പെട്ടത്. 50 മൈൽ നീളത്തിലുള്ള അഹിംസയുടെ ഏറ്റവും വലിയ വിജയമായ അഭയാർഥികളുമായുള്ള ഒരു തീർത്ഥയാത്ര എന്നാണ് ചിലർ അതിനെ വിശേഷിപ്പിച്ചത്. ജിന്ന ഗാന്ധിക്ക് അവസാന നിരാഹാരത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് വരാൻ വിസയും അനുവദിച്ചതായിരുന്നു. ഗാന്ധിയുടെ മരണശേഷം ഈ മഹത്തായ പ്ലാൻ പൂർണമായും തിരസ്കരിക്കപ്പെട്ടു. ആരും അത് പൂർത്തീകരിക്കുവാൻ മുന്നോട്ട് വന്നില്ല. താമസിയാതെ തന്നെ കാശ്മീർ പ്രശ്നത്തിൻറ്റെ പേരിൽ പാക്കിസ്ഥാനുമായുള്ള ബന്ധം തീർത്തും വഷളാവുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യ ഏറ്റവും കൂടുതൽ വിഭവങ്ങൾ നശിപ്പിച്ചതും പാക്കിസ്ഥാനുമായുള്ള സ്വരചേർച്ച ഇല്ലായ്മയാലാണ്. ഇപ്പോൾ 'ഹിന്ദുത്ത്വ രാഷ്ട്രീയത്തിൻറ്റെ' വക്താക്കൾ നിലനിൽക്കുന്നതും പാക്കിസ്ഥാൻ വിരോധം മൂലം മാത്രമാണ്. ഇന്നത്തെ മത സ്പർദ്ധ വളർന്നിരിക്കുന്ന മോശം അവസ്ഥക്ക് പരിഹാരം മത സൗഹാർദത്തിനും, സാഹോദര്യത്തിനും, സഹിഷ്ണുതക്കും വേണ്ടി നിലകൊണ്ട ഗാന്ധിയിലേക്ക് തിരിയുക എന്നുള്ളതാണെന്ന് പലരും മനസിലാക്കുന്നതേ ഇല്ലാ. 

പല വിമർശകരും ആരോപിക്കുന്നത് പോലെ ഗാന്ധി കേവലം പാരമ്പര്യ വാദി ആയിരുന്നില്ല. ആധ്യാത്മിക മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഗാന്ധി പാരമ്പര്യ മൂല്യങ്ങൾ മുറുകെ പിടിച്ചത്. ഗാന്ധിയും കസ്തൂർബയും ജനിച്ചു വളർന്ന പോർബന്തർ എന്ന പട്ടണം കൃഷ്ണ ഭക്തിക്കും, കഠിനമായ ചാതുർമാസ്യ വ്രതാനുഷ്ഠാനത്തിനും, സോമനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥ യാത്രക്കും, ദരിദ്രനായ കുചേലനും ഒക്കെ പേര് കേട്ടതാണ്. ദാരിദ്ര്യവും, അൽപ വസ്ത്രവും ഗാന്ധിയും കസ്തൂർബയും ഒക്കെ തിരഞ്ഞെടുത്തത് ഈ ഭക്തിയുടേയും ആധ്യാത്മികതയുടേയും പാഠങ്ങളിൽ നിന്നായിരുന്നു. ദീനനായ കുചേലൻറ്റെ (സുദേമാവ്) പേരിൽ 'സുദാമാപുരി' എന്നായിരുന്നു പോർബന്ദർ നേരത്തേ അറിയപ്പെട്ടിരുന്നത് തന്നെ. പോർബന്ദർ സ്വൊദേശിയായ നരസിംഹ മേത്ത രചിച്ച "വൈഷ്ണവ ജനതോ തേനേ കഹിയെ പീഡ് പരായി ജാനേരേ....." എന്ന ഭജൻ ഗാന്ധിയുടെ ഇഷ്ട ഗാനമായി മാറിയതും പോർബന്ദറിലേ കൃഷ്ണഭക്തി കാരണമായിരുന്നു.

ഗാന്ധി ജീവിച്ചിരുന്ന കാലത്ത് ജാതി നിർമ്മാർജ്ജനവും, ദാരിദ്ര്യ നിർമ്മാർജ്ജനവും അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങൾ ആയിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഖാദി, ഗ്രാമോദ്യോഗ്, ഗ്രാമ സ്വരാജ്, കൈത്തറി, നൂൽ നൂയ്പ്പ് - ഇത്തരം പദ്ധതികൾ ഗാന്ധി ആരംഭിച്ചതും ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടിയായിരുന്നു. മൂന്നാം ക്ലാസ് ട്രെയിൻ യാത്രക്കാർക്ക് വേണ്ടിയും അദ്ദേഹം നിരന്തരം പോരാടി. മൂന്നാം ക്ലാസിൽ സഞ്ചരിച്ചുകൊണ്ടും ചേരികളിലും ഗ്രാമങ്ങളിലും താമസിച്ചു കൊണ്ടും ആയിരുന്നു ഗാന്ധി ഇന്ത്യയിലെ സാധാരണക്കാരന് വേണ്ടി യത്നിച്ചത്. 'ദരിദ്ര നാരായണൻമാർ, എന്ന സംബോധന പോലും അന്നത്തെ ഇന്ത്യയിൽ ദരിദ്രർക്ക് മാന്യത കിട്ടാൻ വേണ്ടിയായിരുന്നു.

ഇന്ത്യയിലെ എല്ലാവരേയും ഒന്നിപ്പിക്കുവാൻ അക്ഷീണം പ്രയത്നിച്ച വ്യക്തി കൂടിയായിരുന്നു ഗാന്ധി. ജാതി-മത വിത്യാസമില്ലായിരുന്ന ആ ഒന്നിപ്പിക്കൽ പ്രക്രിയ ഗാന്ധിയെ വിമർശിക്കുന്ന പലരും കാണുന്നില്ല. സബർമതി ആശ്രമം തുടങ്ങുന്നതിന് മുൻപ് 'കോച്റബ്' ആശ്രമത്തിലായിരുന്നു ഗാന്ധിജി താമസിച്ചിരുന്നത്. കത്തിയവാർ പ്രദേശത്തെ ഒരു നിർധന ഹരിജൻ കുടുംബത്തെ 'കോച്റബ്' ആശ്രമത്തിൽ ഒപ്പം കൂട്ടിയതിന് മറ്റ് ആഢ്യ അന്തേവാസികൾ ആശ്രമം വിട്ടുപോയി. ഗാന്ധിക്ക് അവരെ ഒപ്പം കൂട്ടിയത് വഴി സാമ്പത്തിക സഹായങ്ങളെല്ലാം നിലച്ചു. പക്ഷെ സത്യാന്വേഷിയായ ഗാന്ധി കുലുങ്ങിയില്ല. കിണറ്റിലെ വെള്ളം പോലും ആഢ്യ അയൽക്കാർ മൂലം ഗാന്ധിക്ക് ലഭിക്കാതെയായപ്പോൾ ഗാന്ധി പറഞ്ഞത് "കഷ്ടത ഇനിയുമേറിയാൽ നാം തോട്ടികളുടെ ഗ്രാമത്തിൽ ചെന്ന് പാർക്കും; അവിടെ നിന്ന് കിട്ടുന്നത് കൊണ്ട് വയറു പുലർത്തും എന്നാണ്." ഗാന്ധിയെ സത്യാന്വേഷി ആക്കി മാറ്റുന്നത് ഇത്തരം ശക്തവും ധീരവുമായ നിലപാടുകളിലൂടെയാണ്. ഡോക്റ്റർ അംബേദ്കറുടെ മഹത്ത്വം പ്രചരിപ്പിക്കുവാൻ കണ്ടമാനം കള്ള കഥകൾ ചില ഗാന്ധി വിരോധികൾ മെനയുന്നുണ്ട്. ഗാന്ധിയെ എങ്ങനെയെങ്കിലും ഒരു ദളിത് വിരോധിയാക്കി മാറ്റുകയാണ് ഈ കള്ളകഥകളുടെ ഒക്കെ ലക്ഷ്യം. ബ്രട്ടീഷുകാരുടെ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന നീച ലക്ഷ്യം പിന്തുടരുന്നവരാണ് ഈ കള്ളക്കഥകൾ മെനയുന്നത്. വളരെ നിന്ദ്യവും ഹീനവുമായ കള്ള പ്രചാരണമാണ് രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിക്കെതിരെ ഇക്കൂട്ടർ നടത്തുന്നത്. പശ്ചിമ ബംഗാളിലെ നൗഹാളിയിൽ 1947-ലെ വിഭജനത്തിൻറ്റെ സമയത്ത് മഹാത്മാ ഗാന്ധി ഹിന്ദു-മുസ്ലിം സാമുദായിക സൗഹാർദം ഉണ്ടാക്കാനായി ചെന്നപ്പോൾ ഗാന്ധിയെ എതിർത്ത വർഗീയ വാദികൾ ഗാന്ധി നടക്കുന്ന വഴിയിൽ മനുഷ്യ മലം വരെ വിതറി. അതൊക്കെ വൃത്തിയാക്കിയാണ് ഗാന്ധി മുന്നോട്ടു പോയത്. 1947-ൽ ഒരു യാഥാസ്ഥിതിക ഹിന്ദു മറ്റുള്ളവരുടെ മലം കോരുക എന്നതൊക്കെ ചിന്തിക്കാൻ പോലും ആവില്ലായിരുന്നു. പക്ഷെ ഗാന്ധി സാമുദായിക സൗഹാർദം ഉണ്ടാക്കാനായി അതും ചെയ്തു. മറ്റുള്ളവരുടെ മലം വരെ കോരിയ ഗാന്ധിയെ ആണിപ്പോൾ അയിത്തത്തിൻറ്റെയും, തൊട്ടു കൂടായ്മയുടെയും പേരിൽ ചിലർ വിമർശിക്കുന്നത്!!! ഡൽഹിയിൽ വരുമ്പോൾ ഗാന്ധി ബിർളാ മന്ദിരത്തിനടുത്തുള്ള തോട്ടി കോളനിയിൽ (ഭാൻഗ്ഗി കോളനി) ആണ് താമസിച്ചിരുന്നത്. ആഢ്യ ഗണത്തിൽ പെട്ട കോൺഗ്രെസുകാരെയും, ബ്രട്ടീഷ് ഓഫീസർമാരെയും ചേരികളിൽ വരുത്തുക ഗാന്ധിയുടെ വിനോദമായിരുന്നു. തൻറ്റെ ചേരിയിലെ താമസത്തിലൂടെ ആണ് ഗാന്ധിക്കിതു സാധ്യമായത്. യഥാർത്ഥ ഇന്ത്യയെ കുറിച്ച് അവരെയൊക്കെ നിരന്തരം ഓർമിപ്പിക്കുകയായിരുന്നു ഗാന്ധി. ജാതിവാദം, വർണാശ്രമ ധർമം - എന്നതൊക്കെ ഗാന്ധിയിൽ ആരോപിക്കുമ്പോൾ ഇതൊക്കെ ദയവായി ഓർക്കുക.

ഇന്നും ഭൗതിക വാദികളും, ഹിന്ദു വാദികളും അംഗീകരിക്കുന്നില്ലെങ്കിലും മൗണ്ട്ബാറ്റൻ പ്രഭു തന്നെ അംഗീകരിച്ച കാര്യമായിരുന്നു ഗാന്ധിയുടെ അക്രമ രഹിത സമരമാണ് ബ്രിട്ടൻ ഇന്ത്യ വിടാനുള്ള കാരണമെന്നുള്ളത്. അത് കേവലം ഭംഗി വാക്കല്ലായിരുന്നു. ‘Gandhi will go down in history along with Buddha and the Jesus Christ” - എന്നാണ് ഗാന്ധിയുടെ മരണസമയത്ത് ഇന്ത്യയുടെ അവസാന വൈസ്റോയ് ആയിരുന്ന മൗണ്ട്ബാറ്റൻ പ്രഭു പറഞ്ഞത്.  ബ്രിട്ടനിൽ പോലും ലേബർ പാർട്ടിയും, വലിയൊരു വിഭാഗം ചിന്തിക്കുന്നവരും ഗാന്ധിയുടെ അക്രമ രഹിത സമരത്തിന് അനുകൂലമായിരുന്നു. മനുഷ്യരുടെ 'മോറൽ കോൺഷ്യസ്നെസ്സ്' ഉണർത്തുന്ന ആ രീതി തന്നെയാണ് പിൽക്കാലത്ത് മാർട്ടിൻ ലൂഥർ കിങ് ഒക്കെ അനുവർത്തിച്ചതും. പിൽക്കാലത്ത് നെൽസൺ മണ്ടേലയെയും, ബാരക്ക് ഒബാമയേയും ഗാന്ധിയുടെ ആരാധകരാക്കി മാറ്റിയത് മനുഷ്യരുടെ 'മോറൽ കോൺഷ്യസ്നെസ്സ്' ഉണർത്തുന്ന ആ അക്രമ രഹിത സമരങ്ങളുടെ 'രീതി മാർഗ്ഗം' ആയിരുന്നു. ഗാന്ധിയുടെ പ്രസക്തി ഇന്ത്യയിൽ നഷ്ടപ്പെടുമ്പോഴും വിദേശങ്ങളിൽ എറുകയാണെന്നുള്ള കാര്യം സുബോധമുള്ള ഇന്ത്യക്കാർ മനസിലാക്കേണ്ടതുണ്ട്.

കമ്യുണിസ്റ്റുകാരായിരുന്നു ഒരുകാലത്തു ഗാന്ധിയുടെ രൂക്ഷ വിമർശകർ. ഇന്നും അവർ ഗാന്ധിയെ അംഗീകരിച്ചിട്ടില്ല. ഗാന്ധിയെ വിമർശിക്കുവാനുള്ള ഒരു പ്രധാന കാരണം സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളോട് ഗാന്ധിക്കും കമ്യുണിസ്റ്റുകാർക്കും ഉള്ള അഭിപ്രായ ഭിന്നതയായിരുന്നു. “One Step Ahead is Enough” - എന്നാണു സാമൂഹ്യ മാറ്റങ്ങളുടെ കാര്യത്തിൽ ഗാന്ധി പറഞ്ഞിരുന്നത്. മറുവശത്തു കമ്യുണിസ്റ്റുകാർക്കു സമ്പൂർണ വിപ്ലവം വേണമായിരുന്നു. ഈ 'വിപ്ലവം' എന്നുള്ളത് പത്തു മുപ്പതു വർഷം മുമ്പ് വരെയെങ്കിലും നമ്മുടെ മിക്ക കമ്യുണിസ്റ്റു പാർട്ടിക്കാരുടെയും മുഖ്യ അജണ്ട ആയിരുന്നു. സോവിയറ്റ് യൂണിയനിലും, കിഴക്കൻ യൂറോപ്പിലും കമ്യുണിസം തകർന്നതും, ചൈന ക്യാപ്പിറ്റലിസ്റ്റ് രീതിയിലേക്ക് മാറിയതും കുറെയേറെ കമ്യുണിസ്റ്റുകാരെ 'വിപ്ലവം' എന്നുള്ള 'സെൻട്രൽ കൺസെപ്റ്റിൽ' നിന്ന് മാറി ചിന്തിപ്പിക്കുവാൻ പ്രേരിപ്പിച്ചു.

മഹാത്മാ ഗാന്ധിയുടെ ജീവചരിത്രകാരന്മാരിൽ വളരെ ചുരുക്കം പേർക്കേ ഗാന്ധിയുടെ ആദ്ധ്യാത്മികമായ ഔന്നത്ത്യം മനസിലാക്കുവാൻ സാധിച്ചുള്ളൂ. കാതറിൻ റ്റിഡ്രിക്ക് എഴുതിയ ‘Gandhi – A Political and Spiritual Life’ പോലുള്ള വളരെ ചുരുക്കം ചില പുസ്തകങ്ങളെ ഗാന്ധിയുടെ ആദ്ധ്യാത്മികമായ വശം പരിശോധിക്കുന്നുള്ളൂ. മഹാത്മാ ഗാന്ധിയെ ഭൗതിക വാദികളായ പലർക്കും   മനസിലാക്കുവാൻ സാധിക്കാത്തതാണ് ഗാന്ധിയുടെ മഹത്ത്വം അംഗീകരിക്കപ്പെടാതിരിക്കുവാനുള്ള പ്രധാന കാരണം എന്നാണ് തോന്നുന്നത്. എന്തായാലും ഗാന്ധിയുടെ സമയത്തു ജീവിച്ചിരുന്ന മൂന്ന് ആധ്യാത്മിക ആചാര്യന്മാർ ഗാന്ധിയുടെ പ്രാധാന്യം വളരെ നന്നായി വ്യക്തമാക്കിയിട്ടുണ്ട്. മഹാ യോഗിയായ സ്വാമി ശിവാനന്ദ സരസ്വതി ഗാന്ധിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് മനസ്സിലാക്കണമെങ്കിൽ 'Sivananda - Biography of a Modern Sage' എന്ന പുസ്തകം വായിച്ചാൽ മാത്രം മതി. ഗാന്ധി എന്ന ഒറ്റ വ്യക്തിയാണ് മറ്റാരേക്കാളും ഉപരിയായി ഇന്ത്യക്കു ബ്രട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി തന്നത് എന്ന് സ്വാമി ശിവാനന്ദ കൃത്യമായി പറയുന്നുണ്ട്. ഋഷികേശിലെ ഡിവൈൻ ലൈഫ് സോസേറ്റിയുടെ പ്രസിദ്ധീകരണം ആണ് ഈ പുസ്തകം. അത് പോലെ തന്നെ ഗാന്ധിയുടെ കാലത്ത് ജീവിച്ചിരുന്ന മറ്റൊരു മഹായോഗിയായിരുന്നു സ്വാമി പരമഹംസ യോഗാനന്ദ. പരമഹംസ യോഗാനന്ദയുടെ ‘Autobiography of a Yogi’ ലക്ഷ കണക്കിന് കോപ്പികൾ വിറ്റു പോയ പുസ്തകമാണ്. മലയാളത്തിലും 'ഒരു യോഗിയുടെ ആത്മകഥ' എന്ന ടൈറ്റിലിൽ തർജിമ ചെയ്യപ്പെട്ടിട്ടുണ്ട്. ആ പുസ്തകത്തിൽ ഒരു അദ്ധ്യായം തന്നെ ഗാന്ധിയുടെ ആശ്രമത്തിൽ സന്ദർശനത്തിന് പോയതിനെ കുറിച്ചാണ്. സ്വാമി പരമഹംസ യോഗാനന്ദയും ഗാന്ധിയും കൂടി ഭക്ഷണം കഴിക്കുന്ന ഫോട്ടോയും ഉണ്ടതിൽ. ഇനി ഗാന്ധിയുടെ കാലത്ത് തന്നെ ജീവിച്ച വിശുദ്ധയായിരുന്നു ബംഗാളിൽ നിന്നുള്ള ആനന്ദമയി മാ. നെഹ്രുവും, ഇന്ദിരാ ഗാന്ധിയും ഒക്കെ പിന്നീട് പല തവണ സന്ദർശിച്ച വ്യക്തി. ബിതിക മുഖർജിയുടെ 'മൈ ഡേയ്സ് വിത്ത് ശ്രീ മാ ആനന്ദമയി' എന്ന പുസ്തകം വായിച്ചാൽ ആനന്ദമയി മായും ഗാന്ധിയെ നന്നായി അനുസ്മരിക്കുന്നത് കാണാം. അതിൽ ആനന്ദമയി മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കണം. “Just like Jesus Christ! Just as Jesus Christ had appropriated the violence of his people totally and so had forgiven them”- എന്നാണ് വിശുദ്ധയായ ആനന്ദമയി മാ ഗാന്ധിയുടെ രക്തസാക്ഷിതത്വത്തെ കുറിച്ച് പറഞ്ഞത് ('മൈ ഡേയ്സ് വിത്ത് ശ്രീ മാ ആനന്ദമയി' - പേജ് 165). ഇങ്ങനെ സത്യത്തെ അനുഭവിച്ചറിഞ്ഞവർ ഗാന്ധിയുടെ മഹത്ത്വം ഉൽഘോഷിക്കുമ്പോൾ ഗാന്ധിയുടെ വിമർശകർക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നില്ല. യാന്തിക ഭൗതിക വാദികളുടേയും, യുക്തി വാദികളുടേയും ആശയങ്ങൾ വെറും കേവല യുക്തി ആയി പരിണമിക്കുമ്പോഴും അവർ ശാസ്ത്രീയതയുടെ മുഴുവൻ കുത്തക അവർക്കു മാത്രം അവകാശപ്പെടുമ്പോഴും ആധ്യാത്മിക മൂല്യങ്ങളിൽ ഊന്നിയ ഗാന്ധിയെ പോലുള്ളവരുടെ വാക്കും പ്രവർത്തിയും അങ്ങനെയുള്ളവർക്ക് മനസിലാക്കുവാൻ പറ്റില്ലെന്നാണ് തോന്നുന്നത്. അതേ സമയം ഗാന്ധി വിമർശനങ്ങൾക്ക് അതീതനുമാകരുത്.