2017 മേയ് 24, ബുധനാഴ്‌ച

രണ്ടാമൂഴം സിനിമയാക്കുമ്പോൾ

എം. ടി.-യുടെ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരിൽ സിനിമയാക്കുന്നതിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചർ രംഗത്തെത്തിയിരിക്കുന്നു. മഹാഭാരതം എന്ന പേരിൽ രണ്ടാമൂഴം സിനിമയാക്കിയാൽ ആ സിനിമ തിയേറ്റർ കാണില്ലാ എന്നാണ് അവരുടെ ഭീഷണി. ആ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് അവർ പറയുന്നത്. "എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടേയും വിസർജ്ജന പറമ്പല്ല ഹിന്ദുവിൻറ്റെ സംസ്‌കാരം. അങ്ങിനെ ഹിന്ദുത്വത്തെ അപമാനിക്കാൻ അനുവദിക്കില്ല" - എന്നൊക്കെയാണ് എല്ലാ ഹിന്ദുക്കളുടെയും പ്രതിനിധിയായി വരുന്ന ശശികല ടീച്ചറുടെ ആക്രോശങ്ങൾ.

സത്യത്തിൽ മഹാഭാരതത്തിൻറെ ഒറിജിനൽ ഏത് രൂപത്തിലാണുള്ളതെന്ന് ആർക്കെങ്കിലും അറിയാമോ? പാണ്ഢവരുടെ വംശത്തിൽ പെട്ട പരീക്ഷിത്തിനെ തക്ഷകൻ എന്ന സർപ്പ രാജാവ് കടിച്ചു കൊന്നു. ഇതിനു പ്രതികാരം തീർക്കാൻ പരീക്ഷിത്തിൻറ്റെ പുത്രൻ ആയ ജനമേജയൻ ഒരു സർപ്പ സത്രം നടത്തി. നിരവധി നാഗങ്ങളെ യജ്ഞാഗ്നിയിൽ ആഹുതി ചെയ്തു. ആ സർപ്പ സത്രത്തിൽ വെമ്പാശയനെ   കൊണ്ട് പാടിച്ചതാണ് 'മഹാഭാരതം' എന്നാണ് ഐതിഹ്യം.

'മഹാഭാരതം' എങ്ങനെയാണ് ഇന്ത്യയിൽ വ്യാപിച്ചത്? മറ്റു സാഹിത്യ സൃഷ്ടികളായ കമ്പ രാമായണം, അദ്ധ്യാത്മ രാമായണം, വസിഷ്ഠ രാമായണം, ആനന്ദ രാമായണം, അദ്‌ഭുത രാമായണം, പഞ്ചതന്ത്രം, കഥാ സരിത സാഗരം  ഒക്കെ എന്നത് പോലെ നാടോടി പാട്ടുകളിലൂടെയാണ് ഇന്ത്യയിൽ ഇവയൊക്കെ വ്യാപിച്ചത്. ഇതിനെല്ലാം പ്രാദേശിക ഭാഷാ ഭേദങ്ങളുണ്ടായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് വരെ വെല്ലോ കല്യാണത്തിനോ, ഉത്സവത്തിനോ, പെരുന്നാളിനോ പോകുന്നതല്ലാതെ ഗ്രാമങ്ങൾ വിട്ട് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ആളുകൾ പുറത്ത് പോകത്തില്ലായിരുന്നു. ഊരു ചുറ്റുന്ന സന്യാസിമാർ ഇന്ത്യയുടെ ഒരു പ്രത്യേകതയായിരുന്നു. അവർ കുട്ടികളെ വിളിച്ചു കഥകൾ പറയും. അത് പോലെ തന്നെ ഹരി കഥയും, യക്ഷ ഗാനവും, കഥ കളിയും ഒക്കെയായി പല കലാ രൂപങ്ങൾ വഴി വാമൊഴി ആയിട്ടാണ് ഇതിഹാസങ്ങളും, പുരാണ കഥകളും ഇന്ത്യയിൽ വ്യാപിച്ചത്. മൂലകൃതിയായ വ്യാസമഹാഭാരതത്തിന് പിന്നീട് പല പുനരാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. കന്നടയിലെ പമ്പഭാരതം ആദ്യത്തെ വിവർത്തനമായി കണക്കാക്കുന്നു. മലയാളത്തിൽ കണ്ണശ്ശഭാരതം, ഭാരതമാല, ഭാരതം പാട്ട്, ഭാരതഗാഥ, ഭാഷാഭാരതം ചമ്പു തുടങ്ങിയവയും പിന്നീട് തുഞ്ചത്തെഴുത്തച്ഛൻറ്റെ മഹാഭാരതം കിളിപ്പാട്ടും പ്രത്യക്ഷപ്പെട്ടു. പാട്ടുകൾ, ചമ്പു, തുള്ളൽ, ആട്ടക്കഥ, മഹാകാവ്യം, ഖണ്ഡകാവ്യം, കവിത, നോവൽ, നാടകം എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും മുഴുവനായോ ഭാഗികമായോ ആണ് 'മഹാഭാരതം'  കേരളത്തിൽ വ്യാപിച്ചത്. കുഞ്ഞിക്കുട്ടൻ തമ്പുരാൻറ്റെ വിവർത്തനമാണ് മലയാളത്തിലെ സമ്പൂർണ 'മഹാഭാരതത്തിൻറ്റെ' വിവർത്തനം.

വിശ്വാസിയല്ലാത്ത ഹിന്ദുവിന് 'മഹാഭാരതം' വെറും കഥയാണ്. പഞ്ചതന്ത്രവും, ഈസോപ്പ് കഥകളും, കഥാ സരിത സാഗരവും ഒക്കെ പോലെ. വിശ്വാസിയായ ഹിന്ദുവിന് മഹാഭാരതത്തിലെ 'ഭഗവദ് ഗീത' മാത്രമാണ് പുണ്യ ഗ്രന്ധം. മിക്ക ഇന്ത്യൻ പൗരാണിക ഗ്രന്ഥങ്ങളുടെയും മൂല കൃതികളും കാലപ്പഴക്കം കൊണ്ട് നഷ്ടപ്പെട്ടിട്ടു കാലമേറെയായി. അതു കൊണ്ട് വ്യാസ മഹാഭാരതം ഇതാണ്; അതല്ലെങ്കിൽ കൃഷ്ണദ്വൈപായനൻറ്റെ കൃതി ഇതാണ് എന്ന് ആർക്കു പറയാൻ സാധിക്കും? പൗരാണിക കൃതികളൊന്നും ഇന്ന് pure form - ൽ നില നിൽക്കുന്നില്ല. ബ്രാഹ്മണർ തങ്ങളുടെ അധീശത്വം ഉറപ്പിക്കുവാൻ വേണ്ടി പിന്നീട് പലതും തിരുകി കയറ്റി എന്നുള്ളതും ലളിതമായ വസ്തുതയാണ്. ഈ ബ്രാഹ്മണാധിപത്യത്തിനെതിരാണ് എം.ടി.-യുടെ വിമർശനം മുഴുവനും.

അങ്ങനെ വിമർശിക്കുവാൻ എം. ടി.-യ്ക്ക് അവകാശം ഇല്ലേ? തീർച്ചയായും ഉണ്ട്. എം.ടി. ഇതിഹാസ കഥാപാത്രങ്ങളെ പച്ച മനുഷ്യരാക്കുക ആയിരുന്നു. വ്യാസമഹാഭാരതത്തിൽ നിന്ന് പാണ്ഡവരിൽ കരുത്തനായ ഭീമസേനനെ മാത്രം അടർത്തിയെടുത്ത്, ഭീമൻറ്റെതായ ഒരു ലോകം സൃഷ്ടിക്കുകയാണ് 'രണ്ടാമൂഴത്തി'ൽ എം.ടി. ശ്രമിച്ചത്. വേണ്ടുവോളം കരുത്തുണ്ടായിരുന്നിട്ടും എല്ലാ കാര്യത്തിലും രണ്ടാമൂഴക്കാരനായിരുന്നു ഭീമൻ. എന്നും രണ്ടാമനായിപ്പോകേണ്ടിവരുന്ന ഭീമൻറ്റെ വ്യഥകളാണ് എം.ടി. അവതരിപ്പിച്ചത്. 'രണ്ടാമൂഴം' മഹാഭാരത കഥയുടെ ഭൗതിക വാദത്തിൽ ഊന്നിയ വ്യാഖ്യാനമാണ്. അത്തരത്തിലുള്ള ഭൗതിക വാദത്തിൽ ഊന്നിയ വ്യാഖ്യാനത്തെ അനുകൂലിക്കുന്നവരും അനുകൂലിക്കാത്തവരും കാണും. 'രണ്ടാമൂഴം' നോവലായി  പ്രസിദ്ധീകരിച്ചപ്പോൾ തന്നെ അന്നത്തെ പ്രമുഖ വിമർശകനായിരുന്ന 'സാഹിത്യവാരഫലം പ്രൊഫെസ്സർ കൃഷ്ണൻ നായർക്കൊക്കെ' ഇത്തരത്തിലുള്ള ഒരു വ്യാഖ്യാനത്തോട് വിയോജിപ്പുണ്ടായിരുന്നു. എന്തൊക്കെ വിയോജിപ്പുണ്ടായിരുന്നെങ്കിലും ശരി വായനക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട മലയാള നോവലുകളിൽ ഒന്നായിരുന്നു  'രണ്ടാമൂഴം'. 

2016 ഓഗസ്റ്റ് വരെ 48 പതിപ്പുകളാണ് ഈ പുസ്തകത്തിനുണ്ടായത്. കഴിഞ്ഞ 34 വർഷമായി മലയാള നോവലിലെ 'ബെസ്റ്റ്‌ സെല്ലർ' ആയി 'രണ്ടാമൂഴം' നിലനിൽക്കുന്നു. വായിച്ചവരെ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുകയും, പുതിയ വായനക്കാരെ അദ്ഭുതപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനു കാരണം 'രണ്ടാമൂഴം' -ത്തിലെ ആത്മനിഷ്ഠതയാണ്. രണ്ടാമൂഴത്തിൻറ്റെ പ്രമേയം ഭീമൻറ്റെ ആത്മ സംഘർഷമാണ്. ആത്മനിഷ്ഠതയാണ് മിക്ക എം.ടി. കഥകളുടെയും, നോവലുകളുടെയും, തിരക്കഥകളുടെയും കേന്ദ്ര ബിന്ദു. രണ്ടാമൂഴത്തിലും ഈ ആത്മനിഷ്ഠമായ അനുഭവത്തിൻറ്റെ തീഷ്ണത വാക്കുകളിലൂടെ എം. ടി. അതിമനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. വാക്കുകളുടെ മനോഹാരിത ആരും അംഗീകരിക്കണം. തുടങ്ങുന്നത് തന്നെ നോക്കുക, "കടലിനു കറുത്ത നിറമായിരുന്നു" - ദ്വാരക കടലെടുത്തതിനെ എത്ര മനോഹരമായിട്ടാണ് എം. ടി. അവതരിപ്പിക്കുന്നത്! എം. ടി. -യെ വിമർശിക്കുന്ന എത്ര പേർക്ക് ഇതു പോലെ മനോഹരമായി എഴുതുവാൻ സാധിക്കും? അത് പോലെ തന്നെയാണ് 'രണ്ടാമൂഴം' -ത്തിലെ സംഘടനങ്ങൾ അവതരിപ്പിക്കുന്ന രീതി. "കിരീടമഴിച്ചു വെച്ച്, മുടി കെട്ടി വെച്ച്, മഹാ ബാഹുക്കൾ രണ്ടു തുടയിലും വീശി അടിച്ച്  ജരാസന്ധൻ ഒരുങ്ങി" എന്നൊക്കെ പറയുമ്പോൾ ഏതു വായനക്കാരനും ഒരു 'ത്രിൽ' വരും.

അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള  'ബെസ്റ്റ്‌ സെല്ലർ' ആയ ജനപ്രിയ നോവൽ സിനിമയാക്കുന്നത് സ്വാഗതാർഹം തന്നെ. എല്ലാവിധ ഭാവുകങ്ങളും നേരുകയാണ് ഈ സന്ദർഭത്തിൽ വേണ്ടത്. അല്ലാതെ മഹനീയമായ ആ കൃതി സിനിമയാക്കുന്നതിനെതിരെ മഹാഭാരതത്തിൻറ്റെ ആർക്കും അറിയാത്ത തനിമ എന്ന വിഷയം ഉയർത്തി അസഹിഷ്ണുത കാണിക്കുകയല്ല സുബോധമുള്ളവർ ചെയ്യേണ്ടത്. രണ്ടാമൂഴം ഏതു പേരിട്ടും സിനിമയായി നിർമ്മിക്കാൻ ആർക്കും അവകാശമുണ്ട്. മഹാഭാരതത്തിന് അനേകം വ്യാഖ്യാനങ്ങൾ ഉണ്ട്. പല വീക്ഷണ കോണിൽ നിന്ന്  മഹാഭാരതത്തിനെ സമീപിക്കാം. ഒരെഴുത്തുകാരൻറ്റെ നോവൽ എങ്ങനെയാണ് സിനിമയാക്കേണ്ടത് എന്നത് അയാളുടെ ഇഷ്ടമാണ്. നാട്ടുകാര് ഇതൊക്കെ തീരുമാനിക്കാൻ തുടങ്ങിയാൽ എഴുത്തുകാർ ആകെ ചുറ്റിപ്പോകും.

ഇപ്പോളുള്ള കുഴപ്പം ശശികല ടീച്ചറിനെ പോലെ എല്ലാ ഹിന്ദുക്കളുടെയും പ്രതിനിധിയായി പലരും വരുന്നുണ്ട് എന്നതാണ്. 'മഹാഭാരതം' സീരിയലായി വന്നപ്പോൾ ഈ എല്ലാ ഹിന്ദുക്കളുടെയും പ്രതിനിധിയായിട്ടുള്ള ആരെയും കണ്ടില്ല എന്നതാണ് രസകരമായ കാര്യം. റബർ വാലുള്ള ഹനുമാനും, രൂപാ ഗാംഗുലിയുടെ സാരി പിടിച്ചു വലിച്ച് വസ്ത്രാക്ഷേപം ചെയ്യുന്ന ദുശാസ്സനനുമായി 'മഹാഭാരതം' സീരിയൽ ആകെ മൊത്തം കോമഡിയായിരുന്നു. "കിന്തു..പരന്തു" എന്നൊക്കെ പറഞ്ഞു എടുത്ത 'മഹാഭാരതം' സീരിയലിനേക്കാളും എന്തു കൊണ്ടും നന്നായി പുരാണ കഥകളെ വെച്ച് സിനിമയെടുക്കുവാൻ എം. ടി.-ക്കറിയാം. ഋഷിശ്രിങ്ങൻറ്റെ കഥ പറഞ്ഞ 'വൈശാലിയും', എം. ടി.-യുടെ അല്ലെങ്കിലും പുരാണ കഥ പറഞ്ഞ 'ഞാൻ ഗന്ധർവനും' ഹിന്ദി സീരിയലുകളെക്കാൾ എല്ലാ രീതിയിലും മികച്ചതാണ്.

രണ്ടാമൂഴം സിനിമയാക്കുന്നത് ശത കോടീശ്വരനും  ബി.ജെ.പി.-യോട് കൂറു പുലർത്തുന്ന വ്യവസായിയും കൂടിയായ ബി. ആർ. ഷെട്ടിയാണ്. ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരിൽ ആദ്യ 50 -ൽ പെടുന്ന ഒരാളാണ് ബി. ആർ. ഷെട്ടി. 1000 കോടി സിനിമയാക്കാൻ മുടക്കുമ്പോൾ 1000 കോടി തിരിച്ചു പിടിക്കാൻ കേരളത്തിൽ നിന്ന് ഏതായാലും കഴിയില്ല. സിനിമയിൽ വാണിജ്യം ഒരു പ്രധാന ഘടകമാണ്‌. അപ്പോൾ പിന്നെ മറ്റു സ്റ്റേറ്റുകാർക്കും കൂടി മനസ്സിലാകുന്ന സ്വീകാര്യമായ ഒരു ടൈറ്റിൽ ഉപയോഗിക്കുന്നതാകും ഉത്തമം. അത് കൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും സ്വീകാര്യമാകുന്ന 'മഹാഭാരതം' ടൈറ്റിൽ തന്നെയാണ് ഉത്തമം.  ആയിരം കോടി മുടക്കി സിനിമ പിടിക്കാൻ തയാറായ ഒരു ബിസിനെസ്സ്കാരന് സംഘപരിവാറിൻറ്റെ ഈ വിരട്ടൽ ഒരു ഓലപ്പാമ്പിനെ കാണിച്ചു പേടിപ്പിക്കുന്നത് പോലെയാണ്. ഓലപ്പാമ്പിനോടുള്ള ഭയം പോലും ബി. ആർ. ഷെട്ടിക്ക് വരുമെന്ന് തോന്നുന്നില്ല. പിന്നെ ഇന്നത്തെ രാഷ്ട്രീയം മൊത്തം ഒരു നാടകമല്ലേ? മിക്കവാറും ബി. ആർ. ഷെട്ടിയുടെ പക്കൽ നിന്ന് കുറച്ച് തുട്ട് അടിച്ചു മാറ്റാനാണ് ശശികല ടീച്ചറിനെ പോലുള്ളവരുടെ ഈ നാടകം എന്നാണ് ഈയുള്ളവന് തോന്നുന്നത്.

2017 മേയ് 23, ചൊവ്വാഴ്ച

അമേരിക്കയ്ക്കും പാശ്ചാത്യ ശക്തികൾക്കും കിട്ടുന്ന ഭീകരപ്രവർത്തനത്തിൻറ്റെ മുട്ടൻ തിരിച്ചടികൾ

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് മാഞ്ചസ്റ്ററിൽ മ്യൂസിക് ഷോയ്‌ക്കൊടുവിൽ ബ്രിട്ടനെ നടുക്കിയ അത്യുഗ്രൻ സ്‌ഫോടനമുണ്ടായത്. ഇതുവരെ ഉള്ള അറിവിൽ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്ക് പറ്റി. ഭാഗ്യം കൊണ്ടാണ് ഇതിലും വലിയ ദുരന്തമുണ്ടാകാതിരുന്നതെന്നാണ് ഇപ്പോൾ പലരും കരുതുന്നത്. ബ്രിട്ടൻ എന്തായാലും ഇതോടെ ഭീതിയിൽ ആയിക്കഴിഞ്ഞു. കാരണം കൊച്ചു കുഞ്ഞുങ്ങൾ വരെ ഇപ്പോഴത്തെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു കഴിഞ്ഞു. അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രൻഡെയുടെ സംഗീത പരിപാടിക്കൊടുവിലുണ്ടായ സ്‌ഫോടനം വരാനിരിക്കുന്ന വൻ വിപത്തുകളുടെ മുന്നോടിയാണ് എന്ന് നിസംശയം പറയാം. വീണ്ടും ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയിൽ ആയിരങ്ങൾ സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. അവരിൽ പലരുടെയും മുഖം ചോരയിൽ കുളിച്ചിരുന്നുവെന്നാണ് ഇതിനോടകം ദൃക്‌സാക്ഷികൾ പറയുന്നത്.

സമീപകാലത്ത് എന്തു കൊണ്ടാണ് അമേരിക്കയ്ക്കും പാശ്ചാത്യ ശക്തികൾക്കും ഇത്ര വലിയ തിരിച്ചടികൾ കിട്ടുന്നത്? എന്തേ ഇസ്‌ലാമിക ഭീകരർ അമേരിക്കയേയും പാശ്ചാത്യ ശക്തികളേയും തങ്ങളുടെ കൊടും ശത്രുക്കളായി കാണുന്നു? എന്തേ അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും തുടർച്ചയായ ബോംബ് സ്ഫോടനങ്ങളും, വെടി വെയ്പ്പും, മറ്റു ഭീകര പ്രവർത്തനങ്ങളും നടക്കുന്നു? ഇതിനൊക്കെ കാരണങ്ങൾ അറിയണമെങ്കിൽ സമീപകാലത്തെ ചില ചരിത്ര സംഭങ്ങളിലേയ്ക്ക് നാം കണ്ണോടിയ്ക്കണം. ഇപ്പോൾ ബ്രിട്ടനിലും, ഫ്രാൻസിലും, അമേരിക്കയിലും ഒക്കെ ഉണ്ടാകുന്ന ആക്രമണങ്ങളെ കുറ്റം പറയുമ്പോഴും നാം ഈ രാജ്യങ്ങൾ നേരത്തേ ചെയ്ത പ്രവൃത്തികളിലേയ്ക്കും ഒന്ന് നോക്കണം.

ISIS ഇപ്പോൾ ചെയ്യുന്നത് ആർക്കും ന്യായീകരിക്കാൻ സാധ്യമല്ല. പക്ഷെ ഈ അമേരിക്കയും യൂറോപ്യൻ സഖ്യ രാഷ്ട്രങ്ങളും നേരത്തേ ചെയ്തതും ഭീകരത തന്നെ അല്ലേ? ഇല്ലാത്ത ആയുധങ്ങളുടെ പേര് പറഞ്ഞ് ഇറാക്കിനെ ആക്രമിച്ചു. ലോകം മുഴുവൻ കള്ള പ്രചാരണം നടത്തി. സമ്പന്നമായ ഒരു രാഷ്ട്രത്തെ ദാരിദ്ര്യത്തിലേക്കും അസ്ഥിരതയിലെക്കും തള്ളി വിട്ടു. അഫ്ഘാനിസ്ഥാനിൽ ഒരു സംഘടന ചെയ്ത കുറ്റത്തിന് ആ രാജ്യത്തെ ജനങ്ങളെ മൊത്തം ആക്രമിച്ചു. ഇറാക്കിലും, അഫ്ഘാനിസ്ഥാനിലും അത്യുഗ്ര ശേഷിയുള്ള Daisy Cutter ബോംബുകളാണ് അമേരിക്ക ഉപയോഗിച്ചത്. 20,000 - 30,000 അടി ഉയരത്തിൽ നിന്ന് ബോംബുകൾ വർഷിച്ചാൽ താഴെ എങ്ങനെ ഭീകരർ ജനിക്കാതിരിക്കും? എല്ലാവരും ഗാന്ധി മാർഗം ഒന്നും അല്ലല്ലോ പിന്തുടരുന്നത്. അമേരിക്കയും സഖ്യ ശക്തികളും നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരിൽ ബഹു ഭൂരിപക്ഷവും സാധാരണക്കാരും, കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. അത് കഴിഞ്ഞ് ഉക്രൈന് ആയുധവും, പണവും നല്കി അവിടുത്തെ തീവ്ര ദേശീയ വിഭാഗത്തെ റഷ്യക്കെതിരെ തിരിയിച്ചു. സിറിയയിലെ വിമതർക്ക് ആയുധങ്ങൾ നൽകുന്നു. പാക്കിസ്സ്താന് ആയുധവും, പണവും നേരത്തേ നൽകി. ഇപ്പോൾ ട്രംപിൻറ്റെ സന്ദർശനത്തോടനുബന്ധിച്ച് സൗദി അറേബ്യയ്‌ക്ക്‌ കോടി കണക്കിന് ഡോളറുകളുടെ ആയുധങ്ങൾ നൽകാനുള്ള ഉടമ്പടി ഒപ്പു വെയ്ക്കുന്നു. ഇങ്ങനെ ആയുധ കച്ചവടത്തിന് വേണ്ടിയും, തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയും  മറ്റു രാജ്യങ്ങളിൽ അസ്ഥിരത സൃഷ്ടിക്കുന്ന  അമേരിക്കയുടെയും, പാശ്ചാത്യ ശക്തികളേടെയും തല തിരിഞ്ഞ വിദേശ നയമാണ് ഭീകരരെ സൃഷ്ടിക്കുന്നത് എന്ന് നിസംശയം പറയാം.

തങ്ങളെ ബാധിക്കുന്ന കാര്യമല്ലെങ്കിൽ അമേരിക്കയ്ക്കും, പാശ്ചാത്യ ശക്തികൾക്കും  മറ്റു പല രാജ്യങ്ങളിലും സംഭവിയ്ക്കുന്ന കാര്യങ്ങൾ ഭീകര പ്രവർത്തനമേ അല്ല. കാശ്മീരിലെ ഉറിയിലെ സൈനിക ക്യാമ്പിൽ നടന്ന ഭീകരാക്രമണം നോക്കുക. CNN-ഉം, BBC-യും കാശ്മീർ പ്രശ്നം എന്ന രീതിയിലാണ് ആ വാർത്ത കൊടുത്തത്. ആ ഭീകരാക്രമണത്തിന് സി. എൻ. എൻ.-ഉം, ബി. ബി.സി.-യും വലിയ പ്രാധാന്യം കൊടുത്തതേ ഇല്ല. പഞ്ചാബിലെ പത്താൻകോട്ട് വ്യോമ താവളത്തിന്‌ നേർക്ക് ഉണ്ടായ ഭീകരാക്രമണത്തിനും അന്താരാഷ്‌ട്ര വാർത്താ ഏജൻസികളായ CNN-ഉം, BBC-യും യാതൊരു വാർത്താ പ്രാധാന്യവും നൽകിയില്ല.  പക്ഷെ അമേരിക്കയ്ക്കും, പാശ്ചാത്യ ശക്തികൾക്കും നേരെ ആക്രമണമുണ്ടാകുമ്പോൾ എല്ലാ രാജ്യങ്ങളും അപലപിയ്ക്കണം; എല്ലാ രാജ്യങ്ങളും അവരുടെ കൂടെ നിൽക്കണം. ഇതെന്തൊരു ലോക നീതിയാണ്? ഇതെന്തൊരു ന്യായമാണ്? ബുഷിൻറ്റെ പ്രസംഗം ഓർമിക്കുക: "Those who are not with us are against us”. ഇന്ത്യക്കും, റഷ്യയ്ക്കും ഒക്കെ ഈ നിലയ്ക്ക് പ്രതികരിയ്ക്കുവാനുള്ള അവകാശമില്ലേ? എന്തേ അമേരിക്കയും, പാശ്ചാത്യ രാജ്യങ്ങളും ഇത് അംഗീകരിക്കുന്നില്ല?

ചെച്നിയയിലെ ഇസ്ലാമിക തീവ്രവാദികൾ ഇപ്പോൾ കാശ്മീരിൽ വരെ വന്നു പ്രശ്നമുണ്ടാക്കുന്നുണ്ട്. നേരത്തേ ഈ മത തീവ്രവാദം കാണാതെ ചെച്നിയയുടെ പ്രത്യേക സ്വത്തെത്തെയും, സ്വാതന്ത്ര്യ മോഹത്തെയും കുറിച്ച് ബി. ബി.സി. പല തവണ റിപ്പോർട്ടുകൾ കൊടുത്തത് ഇപ്പോഴും ഓർമ്മിക്കുന്നു. ഇപ്പോഴാകട്ടെ സി. എൻ. എൻ.-ഉം, ബി. ബി.സി.-യും ചെച്നിയയിലെ ഇസ്ലാമിക റാഡിക്കലുകളെ കുറിച്ച് സ്ഥിരം വാർത്തകൾ കൊടുക്കുന്നു. ഇവിടെ മനസ്സിലാക്കേണ്ടത് മത തീവ്ര വാദത്തെ പ്രോത്സാഹിപ്പിക്കുന്നത് കടുവക്ക് തീറ്റ കൊടുക്കുന്നത് പോലെയാണ് എന്ന വസ്തുതയാണ്. പിന്നീട് കടുവ തീറ്റ കൊടുക്കുന്ന ആൾക്കെതിരെ തിരിയും. സോവിയറ്റ് യുണിയന് എതിരെ ബിൻ ലാദനെയും , മുജാഹിദിനുകളെയും വളർത്തിയത് അമേരിക്ക ആണ്. മുജാഹിദിനുകൾ അഫ്ഗാനിസ്ഥാനിൽ കടന്നപ്പോൾ അവിടെ സ്കേർട്ട് ധരിച്ചിരുന്ന സ്ത്രീകളുടെ കാൽ വെട്ടി പ്രദർശിപ്പിക്കുക വരെ ഉണ്ടായി. ഇവരുടെയൊക്കെ കടുത്ത യാഥാസ്‌തികത്വവും, മത ഭ്രാന്തും ഇവരെ പ്രോത്സാഹിപ്പിച്ച അമേരിക്കയ്ക്ക് അറിയില്ലായിരുന്നോ? ബിൻ ലാദനേയും അമേരിക്ക ആദ്യം പ്രോത്സാഹിപ്പിച്ചു. അവസാനം ബിൻ ലാദൻ തന്നെ അമേരിക്കയ്ക്ക് എതിരെ തിരിഞ്ഞു. സദ്ദാമിനെയും ഗദ്ദാഫിയെയും പോലെ ബഷർ അൽ അസദിനെ താഴെ ഇറക്കലും, ആയുധ കച്ചവടവുമാണ് ഇപ്പോൾ അമേരിക്കയുടെ പ്രധാന ലക്ഷ്യം. റഷ്യ സിറിയയിൽ ഇടപെടുന്നതിൽ കുറച്ചൊക്കെ 'ലെജിറ്റിമസി' ഉണ്ട്.  7000 - ലേറെ പേർ റഷ്യയിൽ നിന്ന് ഐസിസ് - ൽ ചേർന്നു എന്നതാണ് റിപ്പോർട്ടുകൾ. അപ്പോൾ റഷ്യ ഐസിസ് - നെതിരെ പട നയിക്കുന്നത് പ്രധാനമായും സ്വന്തം രാജ്യത്ത് നിന്ന് ഐസിസ് - നുള്ള സഹായം നുള്ളി കളയാൻ  വേണ്ടി ആണ്. ഇപ്പോൾ സൗദിയും, തുർക്കിയും തീവ്ര വാദ ഭീഷണികൾ നേരിടുന്നു. പല ബോംബ് സ്ഫോടനങ്ങളും ഈ രാജ്യങ്ങളിൽ നടന്നു. ആദ്യം മത തീവ്ര വാദത്തെ പ്രോത്സാഹിപ്പിച്ചപ്പോൾ അമേരിക്കക്ക് പറ്റിയതുപോലെ  സൗദിയും, തുർക്കിയും അവസാനം മത തീവ്ര വാദികൾ അവർക്കെതിരെയും തിരിയുമെന്നു ഓർത്തില്ല. 

ഓരോ രാജ്യങ്ങളിലെയും പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ആ രാജ്യങ്ങളിലുള്ളവർ തന്നെയാണ്; അല്ലാതെ വിദേശ ശക്തികളല്ല. വിയറ്റ്നാമിലും, കംബോഡിയയിലും, അഫ്‌ഗാനിസ്ഥാനിലും വിദേശ ശക്തികൾ ഇടപെടലുകൾ നടത്തിയിട്ട് എന്ത് നേടി? പ്രശ്നങ്ങൾ സങ്കീർണമാക്കാം എന്ന് മാത്രമേ ഇത്തരം ഇടപെടലുകൾ കൊണ്ട് പ്രയോജനം ഉള്ളൂ. റഷ്യ ഇപ്പോൾ ഐസിസ് - നെതിരെ പട നയിക്കുന്നത് കൂടുതലും ആയുധ വിപണിയിൽ റഷ്യയുടെ പൊയ് പോയ പ്രതാപം വീണ്ടെടുക്കാനും, സ്വന്തം രാജ്യത്ത് നിന്ന് ഐസിസ് - നുള്ള സഹായം നുള്ളി കളയാനും വേണ്ടി ആണ്. അല്ലാതെ ലോക സമാധാനത്തിനു വേണ്ടി ഒന്നും അല്ല. റഷ്യക്ക് ആയുധ ശേഷിയിൽ അവർ ലോകത്തിലെ ആരുടേയും പിന്നിൽ അല്ലെന്നു തെളിയിക്കുക ആയിരുന്നു ആവശ്യം. അത് അവർ സാധിച്ചു. ഇവിടെ ആയുധ വിപണി ആണ് മുഖ്യ വിഷയം. റഷ്യയുടെ Sokhoi Jet Fighter Planes ആണ് ഇപ്പോൾ ഐസിസ് - നെതിരെ ബോംബിടുന്നത്. ഈ പ്ലെയിനുകളുടെയും, റഷ്യൻ നേവിയുടെ യുദ്ധ കപ്പലുകളുടെയും Specifications ആണ് റഷ്യൻ  T .V . വിശദമായി കാണിക്കുന്നത്. അപ്പോൾ തന്നെ ആയുധ കച്ചവടം ആണ് ലക്ഷ്യമെന്നതു വ്യക്തമാണല്ലോ. ആയുധ വിപണിയിൽ അമേരിക്കക്കും, സഖ്യ കക്ഷികൾക്കും ഉണ്ടായിരുന്ന മേൽകോയ്മ നഷ്ടപ്പെടും. അപ്പോൾ അവർക്ക് അത് സഹിക്കാൻ പറ്റുമോ? അതിലുള്ള ചൊരുക്ക് ആണ് അവരുടെ പ്രസ്താവനകളിൽ കൂടി പുറത്തു വരുന്നത്. സത്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് ആയുധം കയറ്റി അയക്കുന്ന വമ്പൻ ബിസിനെസ്സിനു  വികസിത രാജ്യങ്ങളിൽ നിരോധനം എർപെടുത്തിയാൽ  തന്നെ ലോക സമാധാനം കുറെ ഒക്കെ കൈവരും. പക്ഷെ അതിനു വികസിത രാജ്യങ്ങൾ തയാറല്ല. ലോകമെമ്പാടും ഉള്ള യുദ്ധ കൊതിയൻമാരെ ഈ ആയുധ മത്സരം ത്രിപ്തിപെടുത്താം. അല്ലാതെന്തു പ്രയോജനം?

ഭീകര പ്രവർത്തനവും, രാഷ്ട്രീയ ജിഹാദും, യുദ്ധവും,  മത ഭ്രാന്തും എന്താണ് സാധാരണക്കാർക്ക് ഉരുട്ടി തരുന്നത്? എല്ലാ നാടുകളിലെയും സ്ത്രീകൾക്കും, കുട്ടികൾക്കും വിഭജനങ്ങളും, മത ഭ്രാന്തും, ഹിന്ദുത്വവും, പൊളിറ്റിക്കൽ ഇസ്ലാമും ഒന്നും തരുന്നില്ല. പട്ടിണിയും, അധ്വാനവും, തീരാരോഗവും, പെൺകുട്ടികളെ സ്വാതന്ത്ര്യം നൽകാതെ തളച്ചിടലും ഒക്കെ ആയിരിക്കും ആത്യന്തിക ഫലം. സോവിയറ്റ് തകർച്ചയെ തുടർന്ന് 1991 - ൽ മൂന്നാം ലോക രാഷ്ട്രമായ ഇന്ത്യയിൽ പോലും വന്നു ഉസ്ബെക്കിസ്ഥാനിൽ നിന്നും, റഷ്യയിൽ നിന്നും, ഉക്രെയിനിൽ നിന്നുമൊക്കെയുള്ള പെൺകുട്ടികൾ. ഡൽഹിയിലെ പഹാർ ഗഞ്ചിലുള്ള വില കുറഞ്ഞ ലോഡ്ജുകളിൽ പോലും ഇവിടുന്നൊക്കെയുള്ള പെൺകുട്ടികൾ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. മുൻ സോവിയറ്റ് യൂണിയനിൽ നിന്നും, കിഴക്കൻ യൂറോപ്പിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇത്തരത്തിൽ കടത്തപ്പെട്ട പെൺകുട്ടികളുടെ എണ്ണം ലക്ഷങ്ങളാണ്. ദുബായിലും റഷ്യൻ പെൺകുട്ടികൾ ഈ രീതിയിൽ എത്തി. റഷ്യയിലും, മുൻ സോവിയറ്റ് റിപ്പബ്കിക്കുകളിലെ വൃദ്ധരുടെ കാര്യവും രാജ്യം വിഭജിച്ചതിനു ശേഷം വളരെ മോശമായി.  വരുമാനവും ഭക്ഷണവും ഇല്ലാതെ ദശ ലക്ഷങ്ങളാണ് നരകിച്ചു ജീവിച്ചു മരിച്ചത്.  മയക്കു മരുന്ന് മാഫിയ, ക്രിമിനൽ മാഫിയകൾ, ആയുധ കച്ചവടക്കാർ, ഇസ്‌ലാമിക് തീവ്ര വാദികൾ - എന്നിങ്ങനെ എല്ലാ വിധ്വംസക ശക്തികളും സോവിയറ്റ് തകർച്ചയ്ക്ക് ശേഷം പെരുകി. ആണവായുധങ്ങൾ വരെ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത വന്നപ്പോഴാണ് പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയിലേയും പലരും സോവിയറ്റ് സോവിയറ്റ് തകർച്ച എന്ന അപകടത്തിൻറ്റെ ആഴം  തിരിച്ചറിഞ്ഞത്. മുൻ സോവിയറ്റ് യൂണിയനൻറ്റെ തകർച്ചയ്ക്ക് ശേഷം കണ്ടത് പോലെ ആർക്കു വേണ്ടിയാണീ അസ്ഥിരത സൃഷ്ടിക്കലും, ആഭ്യന്തര യുദ്ധങ്ങളും, ഇസ്‌ലാമിക തീവ്ര വാദവും? ലോകത്തെ മുഴുവൻ അസ്ഥിരപ്പെടുത്തിയ ഒന്നായി സോവിയറ്റ് വിഭജനം മാറിയത്തിൽ അമേരിക്കയ്ക്കും, പാശ്ചാത്യ ശക്തികൾക്കും വലിയ പങ്കുണ്ട്. അസ്ഥിരത സൃഷ്ടിക്കലും, അസഹിഷ്ണുതയും, യുദ്ധവും ഒരു പ്രശ്നത്തിനും പരിഹാരമല്ല. കുറെ സ്ത്രീകളെയും, കുട്ടികളെയും, വൃദ്ധരെയും വഴിയാധാരമാക്കാം എന്ന ഒറ്റ പ്രയോജനമേയുള്ളൂ. ഇപ്പോൾ ഐസിസ് പ്രവർത്തനങ്ങളും ഇനി അങ്ങോട്ടുള്ള ആയുധ മത്സരങ്ങളും, ഭീകര പ്രവർത്തനങ്ങളും കുറെ സ്ത്രീകളെയും, കുട്ടികളെയും, വൃദ്ധരെയും വഴിയാധാരമാക്കാൻ മാത്രമേ ഉപകരിക്കത്തുള്ളൂ. യുവാക്കളെ തൊഴിലില്ലാത്തവരാക്കാം. മൊത്തത്തിൽ അസ്ഥിരത സൃഷ്ടിച്ചു കഴിയുമ്പോൾ പൈശാചിക ശക്തികൾക്ക് കൈകൊട്ടി ചിരിയ്ക്കാം.

2017 മേയ് 16, ചൊവ്വാഴ്ച

നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി

ത്യാഗത്തിലും, സഹനത്തിലും അധിഷ്ഠിതമായ മാനുഷികതക്ക് മാത്രമേ മഹത്തായ നേതാക്കന്മാരെ സൃഷ്ടിക്കാനാവൂ. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി അത്തരത്തിൽ മാനുഷികതയിലൂടെയും, ആത്മ ത്യാഗത്തിലൂടെയും ഉയർന്നു വന്ന നേതാവാണ്. ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹങ്ങൾ മാത്രം നോക്കിയാൽ മതി അദ്ദേഹത്തിൻറ്റെ മഹത്ത്വം അറിയാൻ. 21 ദിവസം നീണ്ടു നിന്ന രണ്ടു സത്യാഗ്രഹങ്ങൾ ഗാന്ധിജി നടത്തിയിട്ടുണ്ട്. 1933 - ൽ അയിത്തോച്ചാടനത്തിനായും 1943 - ൽ ഹിന്ദു മുസ്ലീം ഐക്യത്തിനായും. അതും കൂടാതെ സ്വയം ശുദ്ധീകരണത്തിനും, അല്ലാതെയും എത്രയോ നിരാഹാര സത്യാഗ്രഹങ്ങൾ! ടൈയും കൊട്ടും ധരിക്കാതെ മേൽ മുണ്ട് മാത്രം ധരിച്ചു ലണ്ടനിലെ വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ഒരു രാഷ്ട്ര പിതാവ് നമുക്ക് ഉണ്ട് എന്നത് തന്നെ ത്യാഗത്തിലും, എളിമയിലും വിശ്വസിക്കുന്നവർക്ക് അഭിമാനിക്കാവുന്നതാണ്. ആകെ രണ്ടു മുണ്ട്. ഒരെണ്ണം ഉപയോഗിച്ച് കഴിയുമ്പോൾ അത് അലക്കാനിടും. അതായിരുന്നു ഗാന്ധിജിയുടെ രീതി. ബ്രിട്ടനിലെ തണുപ്പിൽ രണ്ടു മുണ്ട് മാത്രം കൊണ്ട് പോയി ഒരെണ്ണം ഉണങ്ങാതെ വന്നപ്പോൾ അത് മറിച്ചുടുത്ത് വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ആളാണ് നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. അതൊക്കെ പലരും മറന്നു പോകുന്നു.

ഗ്രാമ സ്വരാജ്, സാഹോദര്യം, മത സൗഹാർദം, എല്ലാ മതങ്ങളോടും, സ്ത്രീകളോടും, പ്രകൃതിയോടും ഉള്ള ബഹുമാനം - ഇതൊക്കെ ആയിരുന്നു ഗാന്ധിജിയുടെ പ്രിയപ്പെട്ട വിഷയങ്ങൾ. അക്രമ രഹിത മാർഗങ്ങളിൽ കൂടി എങ്ങനെ രാഷ്ട്രീയ സമരങ്ങൾ രൂപ പെടുത്താം എന്ന് ലോകത്തെ പഠിപ്പിച്ച  മഹാൻ കൂടിയാണ് മഹാത്മാ ഗാന്ധി. "ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" എന്നാണു മഹാത്മാ ഗാന്ധി പറഞ്ഞത്. പക്ഷെ നമ്മുടെ മിക്ക ഭൗതിക ചരിത്രകാരന്മാരും ദന്ത ഗോപുരങ്ങളിൽ വസിക്കുന്നവരും, ചാരു കസേര ബുദ്ധി ജീവികളുമാണ്. വരേണ്യ വർഗത്തിലുള്ള ചരിത്രകാരന്മാരിൽ പലരും ഗ്രാമങ്ങളിൽ ജീവിക്കുകയോ, ഇന്ത്യയിലെ  ജന സാമാന്യത്തിൻറ്റെ ഇടയിൽ ജീവിക്കുകയോ ചെയ്തിട്ടില്ല. അത് കൊണ്ട് അവർക്കു ഗാന്ധിജിയുടെ മഹത്ത്വം മനസിലാക്കുവാൻ സാധിക്കുന്നില്ല. ദളിത് ബുദ്ധിജീവികളാണെങ്കിൽ അവരുടെ സമുദായത്തെ കുറിച്ച് മാത്രം വ്യാകുലപ്പെടുന്നു; സംസാരിയ്ക്കുന്നു. രാജ്യത്തെ ഗ്രസിച്ച വർഗീയതയ്ക്കെതിരെ വിഭജനത്തിനു  മുൻപും, പിമ്പും ഡോക്റ്റർ അംബേദ്കർക്കോ, ഇടതു പക്ഷത്തിനോ ഒരു പരിഹാര മാർഗവും നിർദേശിക്കാനില്ലായിരുന്നു. മുസ്ലീങ്ങൾക്ക് പ്രത്യേക പ്രദേശം എന്ന വാദം ആദ്യം അംഗീകരിച്ചവരായിരുന്നു ഡോക്റ്റർ അംബേദ്കറും, ഇ.എം.എസ്. നമ്പൂതിരിപ്പാടും. വർഗീയത സൃഷ്ടിക്കുന്ന രൂക്ഷമായ പ്രശനങ്ങൾ പിന്നീടവർ തിരിച്ചറിഞ്ഞപ്പോൾ വൈകിപ്പോയി. "ഭൂരിപക്ഷ വർഗീയതയും, ന്യൂന പക്ഷ വർഗീയതയും ഒരു പോലെ ചെറുക്കപ്പെടേണ്ടതുണ്ട് " എന്നാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് പിന്നീട് പറഞ്ഞത്. ഈ ഒരു നിലപാട് വിഭജനത്തിനു മുൻപ് പുലർത്താൻ ഡോക്റ്റർ അംബേദ്കർക്കോ, ഇടതു പക്ഷത്തിനോ സാധിച്ചില്ല. ലക്ഷ കണക്കിനാളുകൾക്കാണ് ജീവനും, കിടപ്പാടവും വിഭജനത്തിലൂടെ നഷ്ടപ്പെട്ടത്. ഇന്നും വർഗീയതയ്ക്കെതിരെ ക്രിയാത്മകമായ നിലപാടെടുക്കാൻ ഗാന്ധിയെ പോലെ ഇടതു പക്ഷത്തിനോ, അംബേദ്കറിസ്റ്റുകൾക്കോ സാധിക്കുന്നില്ല.

കമ്യൂണിസ്റ്റുകൾ രാഷ്ട്രീയ വിശദീകരണ യോഗം സന്ഖടിപ്പിച്ചപ്പോൾ ഗാന്ധിജി പ്രാർഥനാ സമ്മേളനങ്ങളാണ് സന്ഖടിപ്പിച്ചത്. കാരണം ആധ്യാത്മികതക്ക് വളരെയേറെ പ്രാധാന്യം ഉള്ള രാജ്യമാണ് ഇന്ത്യ. പാശ്ചാത്യ രാജ്യങ്ങളിലെ മത നിരപേക്ഷത അല്ല ഇന്ത്യയുടെ മത നിരപേക്ഷത. മഹാത്മാ ഗാന്ധി എല്ലാ വൈകുനേരവും പ്രാർഥനാ സമ്മേളനം വിളിക്കുമായിരുന്നു. ബൈബിളും, ഗീതയും, ഖുറാനും ഒക്കെ അവിടെ വായിക്കുമായിരുന്നു. നമ്മുടെ രാഷ്ട്ര പിതാവായിരുന്ന ഗാന്ധിജി “When I survey the wondrous Cross” എന്ന ഗാനം നിരാഹാര സത്യാഗ്രഹത്തിന് മുൻപ് സുശീല നയ്യരെ കൊണ്ട് പാടിപ്പിക്കുമായിരുന്നു. ഇതിൻറ്റെ അർത്ഥം അദ്ദേഹം എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നു എന്നതാണ്; അല്ലാതെ മത വികാരം ഇളക്കിവിട്ടു ആളുകളെ ഭിന്നിപ്പിക്കാൻ നോക്കിയ വ്യക്തി അല്ല നമ്മുടെ രാഷ്ട്ര പിതാവ്. വർഗീയ കലാപം ഉണ്ടായപ്പോഴൊക്കെ നിരാഹാര സത്യാഗ്രഹം പോലുള്ള സഹന സമരത്തിലൂടെയാണ് അദ്ദേഹം ജനങ്ങൾക്കിടയിലുള്ള സമാധാനം പുനഃ സ്ഥാപിച്ചത്. ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിന്ന് കൊണ്ട് ജനങ്ങളോട് സംസാരിച്ചു. അതാണ് മത സൗഹാർദത്തിന് ഏറ്റവും നല്ലത്. ഇവിടെ ആത്മാർധതയും, സത്യ സന്ധതയും ആണ് വേണ്ടത്. താൻ നിരാഹാരം കിടക്കുന്നതു കൊണ്ട് ജനം മത സൗഹാർദം സ്ഥാപിക്കണമെന്നല്ല ഗാന്ധിജി പറഞ്ഞത്; നേരെ മറിച്ചു മത സൗഹാർദം എന്നും ഇന്ത്യയിൽ നില നിന്നിരുന്നു എന്നാണു ഗാന്ധിജി അവരെ ഓർമിപ്പിച്ചത്. ഗാന്ധിജിയുടെ നിരാഹാര സമരങ്ങൾ മത സൗഹാർദ്ദത്തിൻറ്റെ ആവശ്യകത തിരിച്ചറിയാൻ ജനത്തെ സഹായിക്കുകയാണ് ചെയ്തത്. ഗാന്ധിക്ക് മുസ്ലിം ജനതയുടെ വിശ്വാസം ആർജിക്കാൻ മത സൗഹാർദ്ദപരമായ നിലപാടിലൂടെ സാധിച്ചു.

പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ല പെടരുതെന്നും മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. പക്ഷെ ഈ നിലപാട് എടുത്തത് കൊണ്ട് അദ്ദേഹത്തിന് ഹിന്ദു തീവ്ര വാദികളുടെ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. തൻറ്റെ ജീവന് നേരെ ഉയരുന്ന ഭീഷണി വ്യക്തമായി കണ്ടിട്ടും ഗാന്ധി എടുത്ത ശക്തവും, ധീരവും ആയ മത സൌഹാർദ പരമായ നിലപാടാണ് ഇന്ത്യയുടെ അടിത്തറ. തൻറ്റെ രക്ത സാക്ഷ്യത്തിലൂടെ ഗാന്ധിക്ക് താൻ ജീവിച്ചിരുന്നപ്പോൾ സാധിക്കാതിരുന്നത് മരണത്തിലൂടെ സാധിച്ചെടുത്തു. മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷ്യത്തിനു ശേഷം അടുത്ത പത്തു വർഷത്തിൽ ഇന്ത്യയിൽ ഒരു വലിയ വർഗീയ ലഹള പോലും ഉണ്ടായില്ല. ഇതു ചരിത്ര സത്യം. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി മരിച്ചതിനു ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. മഹാത്മാ ഗാന്ധി കാണിച്ചു തന്ന ആ മത സൗഹാർദത്തിൻറ്റെ പാതയാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ആവശ്യം.

2017 മേയ് 15, തിങ്കളാഴ്‌ച

സംവരണം ഉയർത്തുന്ന പ്രശ്നങ്ങൾ

ജാതി സംവരണം നിർത്തി സാമ്പത്തിക സംവരണം കൊണ്ടുവരണമെന്നു പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രൻറ്റെ പ്രസ്‌താവന ശ്രദ്ധേയമാവുകയാണ്. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നവരും ദളിത് വിരുദ്ധരും എന്ന രീതിയിൽ ചിലർ മന്ത്രിയുടെ പ്രസ്താവനയെ ഇതിനോടകം തന്നെ ചിത്രീകരിച്ചു കഴിഞ്ഞു. വളച്ചൊടിച്ചു കാര്യങ്ങളെ കാണുന്നത് പ്രശ്നങ്ങളെ സങ്കീർണവൽക്കരിക്കുവാൻ മാത്രമേ ഉതകൂ. എല്ലാ വിഭാഗത്തിലും പാവപ്പെട്ടവരുണ്ട് എന്നാണു മന്ത്രി പറഞ്ഞത്. മുന്നോക്ക - പിന്നോക്ക വ്യത്യാസമില്ലാതെ സാമ്പത്തിക സംവരണം നടപ്പാക്കണമെന്നും ആണ് മന്ത്രി അഭിപ്രായപ്പെട്ടതും.

ചരിത്രപരമായ നീതി നിഷേധം മാറ്റുക എന്നതായിരുന്നു സംവരണത്തിൻറ്റെ പ്രഥമമായ ഉദ്ദേശ്യം. പക്ഷെ സംവരണം പോലെ തന്നെ ദാരിദ്ര്യ നിർമാർജന പദ്ധതികളും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഉദ്ധരിക്കുന്നതിൽ വളരെ പ്രധാനമാണ്. സംവരണത്തിൻറ്റെ ഉദ്ദേശം തന്നെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യ ധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്നതായിരുന്നു. ഡോക്ടർ അംബേദ്‌കർ 25 വർഷത്തേക്കാണ് സംവരണം വിഭാവനം ചെയ്തത്.
ഇന്ന് 90 ശതമാനത്തിലേറെ തൊഴിൽ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നത് അസംഘടിത മേഖലയിലാണ്. ജാതീയമായി അവശതിയിലും ദാരിദ്ര്യത്തിലുമായ മഹാഭൂരിപക്ഷത്തെ കര കയറ്റാൻ അവർക്ക് സ്ഥിര വരുമാനമുണ്ടാക്കുന്ന ഒരു തൊഴിൽ ലഭ്യമാക്കുകയാണ് വേണ്ടത്. തൊഴിലും, വിദ്യാഭ്യാസവുമാണ് ഏതു സമൂഹത്തിൻറ്റെയും ഉന്നതിയ്ക്കു നിദാനം. അപ്പോൾ സർക്കാർ തലത്തിൽ മാത്രമുള്ള ഈ സംവരണം എത്ര പേർക്ക് ഉപകരിക്കുന്നുണ്ട്? ദാരിദ്ര്യ നിർമാർജന പദ്ധതികളുടെ പരാജയവും, അഴിമതിയും കാരണം ഇന്നും ദാരിദ്ര്യം ഇന്ത്യയുടെ ഒരു വലിയ പ്രശ്നമായി അവശേഷിക്കുന്നു.

ഇന്ത്യയിൽ ദാരിദ്ര്യം ഏറെ ഉണ്ടെങ്കിലും സമീപ കാലത്ത് ദാരിദ്ര്യ നിർമാർജനത്തിൽ നാം വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്. 407 മില്യണിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന്‌ നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത്‌ മഹനീയമായ നേട്ടം തന്നെയാണ്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് 37 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ദരിദ്രരുടെ എണ്ണം കുറക്കുവാൻ സാധിച്ചു എന്നതാണ്.

പക്ഷെ ഇപ്പോഴും ദളിതർക്കും, ആദിവാസിക്കും, മുസ്ലീങ്ങൾക്കും, പാവപ്പെട്ടവർക്കും എതിരേ വിവേചനം നില നിൽക്കുന്നു എന്നത് വസ്തുതയാണ്. വികസന പ്രശ്നങ്ങൾ ഉത്തരേന്ദ്യയിലെ മുസ്ലീങ്ങൾക്കിടയിൽ നല്ലതു പോലെ ഉണ്ട്. സച്ചാർ കമ്മിറ്റി പറയുന്നത് ഉത്തരേന്ദ്യയിൽ മുസ്ലീങ്ങളുടെ സാമ്പത്തിക സ്ഥിതി ദളിതരെക്കാൾ മോശമാണെന്നാണ്. ഇപ്പോൾ സച്ചാർ കമ്മിറ്റി പറയുന്ന പോലെയല്ല കാര്യങ്ങൾ. ഉത്തരേന്ദ്യയിൽ മുസ്ലീങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ട്. പക്ഷെ അവരെ ഭയപ്പെടുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ മുസ്ലീം സമുദായത്തിന് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്. അതുപോലെ തന്നെ ദളിതരുടെയും, ആദിവാസികളുടെയും വികസന പ്രശ്നങ്ങൾക്കുള്ള പരിഹാരം വെറുതെ വംശീയ വിദ്വേഷം വളർത്തലല്ല. ആര്യ ദ്രാവിഡ സങ്കൽപ്പവും, ബ്രാഹ്മണാധിപത്യവും കൂടെ കൂടെ പറഞ്ഞിട്ട് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ദളിതരെ ബ്രാഹ്മണ മൂല്യങ്ങൾ പറഞ്ഞു ഭയപ്പെടുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കാൻ ആണ് പലർക്കും താൽപര്യം. പകരം യുവ തലമുറയ്ക്ക് തൊഴിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം, മെച്ചപ്പെട്ട വേതനം, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ദളിത് സമുദായത്തിന് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് അവരുടെ ഉന്നമനം ആഗ്രഹിക്കുന്ന എല്ലാവരും ചെയ്യേണ്ടത്.

ദളിതരോന്നും പുരോഗമിച്ചിട്ടില്ല എന്ന് പറയുന്നവർ ഇന്ത്യ കാണാത്തവരാണ്. കാർഷിക, വ്യവസായ വൽകൃത മേഖലകൾ കണ്ടാൽ തന്നെ ഇതു മനസ്സിലാകും. കുറെ വർഷങ്ങൾക്കു മുമ്പ് 'ദളിത് കോടീശ്വരന്മാർ' എന്ന തലക്കെട്ടോടെ 'ഇന്ത്യ റ്റുഡേ' കവർ സ്റ്റോറി പ്രസീദ്ധീകരിച്ചായിരുന്നു. ദളിതർ ഇന്നത്തെ ഉദാരവൽക്കരണത്തിൻറ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നാണ് മുൻ പ്ളാനിങ് കമ്മീഷൻ മെമ്പറും, പ്രമുഖ ദളിത് ചിന്തകനും ആയ ഡോക്ടർ നരേന്ദ്ര ജാദവിനെ പോലുള്ളവർ പറയുന്നത്. ഇപ്പോൾ ദേശീയ തലത്തിൽ 'ദളിത് ചെയ്മ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്റ്ററി' ഉണ്ട്. അത് സംസ്ഥാന തലങ്ങളിൽ കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ പൊള്ളയായ വെറും പിന്തിരിപ്പൻ ആശയങ്ങൾ അവതരിപ്പിക്കുന്ന കേരളത്തിലെ ദളിത് ബുദ്ധി ജീവികളോട് സഹതപിക്കാനും പരിതപിക്കാനും മാത്രമേ സാധിക്കുകയുള്ളൂ. വിവേചനത്തിൻറ്റെയും, അക്രമത്തിൻറ്റെയും പഴങ്കഥകൾ പറയാനാണ് അവർക്കിപ്പോഴും താൽപര്യം. അമേരിക്കയിൽ കറുത്ത വർഗക്കാർക്കെതിരെ 'സിവിൽ ലിബെർട്ടീസ് മൂവ്മെൻറ്റ്സ്' - ൻറ്റെ കാലത്ത് വളരെ അധികം അക്രമങ്ങൾ നടന്നു. അമേരിക്കയിലെ കറുത്ത വർഗക്കാർ ഇവിടുത്തെ ദളിത് ചിന്തകരെ പോലെ ഇപ്പോഴും അതൊക്കെ പറഞ്ഞു നടപ്പാണോ?ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അവസരങ്ങൾ മനസ്സിലാക്കാതെ പൊള്ളയായ വെറും പിന്തിരിപ്പൻ ആശയങ്ങൾ മാത്രമേ കേരളത്തിലെ ദളിത് ബുദ്ധി ജീവികൾ അവതരിപ്പിക്കുന്നുള്ളൂ.

കേരളത്തിൽ 80 -കളിലും, 90-കളിലും ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കിനു ശേഷം കൂലി പതിന്മടങ്ങു കൂടി. പക്ഷെ ദിവസ കൂലിക്കാരായ ദളിത് വിഭാഗങ്ങളിൽ തദനുസൃതമായ വികസനം ഉണ്ടായിട്ടില്ല. എന്താണതിനു കാരണം? മദ്യ ലഹരിയും നിരക്ഷരതയും ഇല്ലാതാക്കിയാൽ തന്നെ ദളിത് കോളനികളിലെ പകുതിയിലേറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് ദളിത് നേതാക്കൾ തന്നെ പറയുന്നത്. കൂടുതൽ ഈ വിഷയത്തിൽ വായിക്കുക: http://dhrmsc.blogspot.in/2009/11/blog-post_13.html
From the Link: "എല്ലു മുറിയെ പണിയെടുത്ത് കിട്ടിയ പണവും വീട്ടിലെ സ്ത്രീകൾ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തിൽ തിരുകി ഞങ്ങളുടെ പുരുഷന്മാർ നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോർപറേഷൻ വിൽപനശാലകൾക്ക് മുന്നിലെ ക്യൂവിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവും. മദ്യത്തിൻറ്റെ ലഹരി പോരാത്തവർ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടെയും ബസ്സ്റ്റാൻറ്റുകളുടെയും പിന്നാമ്പുറങ്ങളും തേടിപ്പോയിട്ടുണ്ടാവും. ..... ദളിത് സമൂഹത്തിൻറ്റെ പ്രശ്നമെന്തെന്ന് മറ്റാരിൽ നിന്നും അറിയേണ്ടി വന്നില്ല. പുസ്തകങ്ങളിൽ നിന്നും ഗവേഷണ പ്രബന്ധങ്ങളിൽ നിന്നുമല്ല, സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണ് ഞങ്ങള് ദളിതരുടെ കഷ്ടപ്പാടുകൾ വായിച്ചറിഞ്ഞത്. മദ്യ ലഹരിയും നിരക്ഷരതയും ഇല്ലാതാക്കിയാൽ തന്നെ പകുതിയിലേറെ പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. കോളനികളിൽ നിന്ന് മദ്യത്തെയും മയക്കുമരുന്നിനെയും കുടിയിറക്കുക എന്ന ശ്രമകരമായ ദൌത്യമാണ് ഞങ്ങൾ ഏറ്റെടുത്തത്. അതത്ര എളുപ്പമല്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ മദ്യത്തിൽ മുങ്ങിക്കിടന്ന പലവീടുകളും മദ്യമുക്തമായി എന്നത് ഞങ്ങളുടെ അഭിമാനവും ആത്മവിശ്വാസവും വർധിപ്പിച്ചു. മദ്യത്തിൻറ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ക്യാമ്പയിൻ ശക്തമാക്കിയതോടെ കോളനികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മദ്യമാഫിയ ഞങ്ങൾക്കെതിരായി. ഞങ്ങളുടെ പ്രവർത്തകർ ശാരീരികമായ അതിക്രമങ്ങൾക്കിരയായി. മിക്ക കോളനികളിലും വിവിധ രാഷ്ട്രീയ സംഘടനകളുടെ പിൻബലത്തോടെയാണ് മദ്യമാഫിയയും വാറ്റുകാരും പ്രവർത്തിക്കുന്നത്. രാഷ്ട്രീയക്കാരും ക്രമേണ ഞങ്ങൾക്കെതിരായി........" ചുരുക്കത്തിൽ മദ്യ ലഹരിയും നിരക്ഷരതയും ഇല്ലാതാക്കിയാൽ തന്നെ ദളിത് കോളനികളിലെ പകുതിയിലേറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് ദളിത് നേതാക്കൾ തന്നെ പറയുന്നത്.

കേരളത്തിലെയും, ഇന്ത്യയിലെയും ദളിത് ബുദ്ധി ജീവികളിൽ പലർക്കും ഇപ്പോഴും ഗാന്ധി വിരോധം പറയാനും, ഭൂ പരിഷകരണത്തെ കുറിച്ച് പറയാനുമാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും താൽപര്യം. ഗാന്ധി വിരോധം തലയ്ക്കു പിടിച്ച ദളിത് ബുദ്ധി ജീവികൾക്ക് ഗാന്ധിയുടെ മഹത്തായ സംഭാവനകളെ കുറിച്ച് പറയുന്നത് തന്നെ ഇഷ്ടപ്പെടുകയില്ല. എങ്കിലും പറയാം. ദളിത് ഉന്നമനത്തിനു വേണ്ടി ക്രിയാത്മക പദ്ധതികൾ ആവിഷ്ക്കരിച്ചത് മറ്റാരേക്കാളും ഗാന്ധി ആയിരുന്നു. “As far as poverty elimination was concerned, Gandhi was the most sincere Man” - എന്ന് ദളിത് ചിന്തകനും, 2006 - 2011 കാലയളവിൽ യു.ജി.സി. വൈസ് ചെയർമാനുമായ പ്രൊഫെസ്സർ സുഖ്ദേവ് തോരാട്ട് പറയുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. മഹാത്മാ ഗാന്ധി പണ്ട് ദളിത് കോളനിയിൽ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കി. ഗാന്ധിജിയുടെ വാക്കുകൾ അനുസരിച്ച് ശിഷ്യനായ വിനോബ ഭാവെയും അത് തന്നെ ചെയ്തു. ജോലിയുടെ മഹത്വം (Dignity of Labour) എന്ന മഹത്തായ ആശയം ജനങ്ങളെ പഠിപ്പിക്കുവാൻ യത്നിക്കുകയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ്. ദളിതർക്ക് അവരുടെ തൊഴിലിൽ ലഭിക്കേണ്ട മാന്യതയും അതേ സമയം തന്നെ ഉന്നത ജാതിക്കാർ തൂപ്പ് ജോലി ചെയ്യേണ്ട കാര്യവും ഊന്നി പറയുകയായിരുന്നു ഗാന്ധി തൻറ്റെ കക്കൂസ് വൃത്തിയാക്കലിലൂടെ ചെയ്തത്. ദളിതരെ ഗാന്ധി 'ഹരിജനങ്ങൾ' എന്ന് വിളിച്ചതും അന്നത്തെ അവസ്ഥയിൽ അവർക്കു മാന്യത കിട്ടാൻ വേണ്ടിയാണ്. ഇതൊന്നും മനസിലാക്കാത്തവർ ആണ് ഗാന്ധിയെ വിമർശിക്കുന്നത്. 'പുനാ പാക്റ്റ്' -ലൂടെ ഗാന്ധി ശ്രമിച്ചത് ഒരു വിദേശ ശക്തിക്കെതിരെ പോരാടുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ ജാതിയുടെ പേരിൽ വിഘടിക്കാതിരിക്കുവാനാണ്. 'പുനാ പാക്റ്റ്' -ൻറ്റെ പേരിൽ ഗാന്ധിയും, അംബേദ്കറും വിഭിന്ന ധ്രുവങ്ങളിലായിരുന്നു എന്നൊക്കെ വാദിക്കുന്നവർ കാര്യങ്ങൾ മനസിലാക്കാത്തവരാണ്. ഭരണഘടനയിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റം ആണ് ഡോക്റ്റർ അംബേദ്കർ സ്വപ്നം കണ്ടത്. സംവരണം രൂപപ്പെടുത്തിയതും അതിനു വേണ്ടിയായിരുന്നു. അക്രമവും, അരാജകത്ത്വവും ഡോക്റ്റർ അംബേദ്കർ ഒരിക്കലും ദളിത് ഉന്നമനത്തിനു വേണ്ടി പ്രോത്സാഹിപ്പിച്ചിട്ടില്ല.

മൂന്നു വർഷം മുമ്പ് ഞാൻ നാല് സംസ്ഥാനങ്ങളിൽ ഇൻഡസ്ട്രിയൽ സർവേ നടത്തുകയുണ്ടായി. ഗ്രെയ്റ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിലെ മാനേജർ എന്നോട് പറഞ്ഞത് അവിടുത്തെ സ്കിൽഡ് പ്ലംബർ, ഇലെക്ട്രിഷ്യൻ, പെയിൻറ്റർ - ഇവർക്കൊക്കെ തുടക്കത്തിലേ 40000 രൂപയാണ് ശമ്പളം എന്നാണ്. ഇത് മൂന്നു വർഷം മുമ്പത്തെ കാര്യമാണെന്നോർക്കണം. 10000 - 15000 രൂപാ ശമ്പളം കൊടുക്കാതെ അവിടെ ആരെയും കിട്ടില്ലാ എന്നാണ് HRD മാനേജർ നേരിട്ട് എന്നോട് പറഞ്ഞത്. സമാനമാണ് ഇന്ത്യയിലെ വ്യാവസായിക വളർച്ച വന്ന മറ്റു പ്രദേശങ്ങളിലെയും ശമ്പള നിരക്കുകൾ. പഴയതിൽ നിന്ന് വ്യത്യസ്തമായി കാർഷിക മേഖലയിൽ നിന്ന് ഇപ്പോൾ തൊഴിലാളികൾ നഗരങ്ങളിലെ വ്യാവസായിക മേഖലകളിലേക്ക് കുടിയേറുകയാണ്. അസംഘടിത മേഖലകളിൽ പോലും അവർ ഫാക്റ്ററികളുമായി സഖ്യത്തിലേർപെട്ടു മെച്ചപ്പെട്ട വേതനവും, തൊഴിലവസരങ്ങളും ഒരുക്കുകയാണ്. ഇന്ത്യയിലെ കുടുംബത്തിൽ ഊന്നിയുള്ള കാർഷിക രീതിയിൽ നിന്ന് വ്യത്യസ്തമായി ആസന്ന ഭാവിയിൽ കമ്പനികളും, ട്രസ്റ്റുകളും യന്ത്ര വൽകൃതമായ വൻ തോതിലുള്ള കൃഷി രീതികൾ ആരംഭിക്കുന്നതിൻറ്റെ സകല സൂചനകളും ഉണ്ട്. പൗൾട്രി ഫാമുകളും, ഡയറി ഫാമുകളും ഒക്കെ അങ്ങനെ തുടങ്ങി കഴിഞ്ഞു. ഇപ്പോൾ ഡൽഹിയിലൊക്കെ പണ്ടത്തെ പോലെ ചവിട്ടുന്ന റിക്ഷകൾ കുറഞ്ഞു വരികയാണ്. ചവിട്ടുന്ന റിക്ഷകൾ ഇപ്പോൾ കാണാനേയില്ല. അതിനു പകരം ഇലെക്ട്രിക് റിക്ഷകൾ ആ സ്ഥാനം പിടിച്ചു കഴിഞ്ഞു. സമാനമാണ് ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളിലും. ഇതിൻറ്റെയൊക്കെ ഗുണഭോക്താക്കൾ ദളിതരും, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വരുമാനക്കാരുമാണ്.

കേരളത്തിലെയും, ഇന്ത്യയിലെയും ദളിത് ബുദ്ധി ജീവികൾ സ്ഥിരം ഉയർത്തി പിടിക്കുന്ന ഭൂ പരിഷ്കരണ വിഷയവും പരിശോധിക്കപ്പെടേണ്ടതുണ്ട്. അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂ പരിഷ്കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോൾ ഭൂമി അനേകം മക്കളിൽ ഇന്ത്യയിലെ മിക്ക കുടുംബങ്ങളിലും വിഭജിക്കപ്പെട്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കർഷകരും. എന്ന് വെച്ചാൽ കേരളത്തിൻറ്റെ രീതിയിൽ ഒരേക്കറും, രണ്ടേക്കറും. അവർക്കു പകലന്തിയോളം അദ്ധ്വാനിച്ചാൽ മാത്രമേ ഭൂമിയിൽ നിന്ന് എന്തെങ്കിലും കിട്ടൂ. സെൻട്രൽ ആന്ധ്ര, സെൻട്രൽ ബീഹാർ - ഇവിടെയൊക്കെ മാത്രമേ ഇന്ന് 'ആബ്സെൻറ്റി ലാൻഡ് ലോർഡിസം' നിലവിൽ ഉള്ളൂ. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള എത്ര പേർ കേരളത്തിൽ ഉണ്ട്? അത് കൊണ്ട് ഇല്ലാത്ത ഭൂമിയുടെ പേരിൽ കേഴുന്നതിനു പകരം ആദിവാസികളുടെയും, ദളിതരുടെയും, ഭൂ രഹിത കർഷക തൊഴിലാളികളുടെയും പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്.

ഇന്ത്യയിലെ ദളിതരുടെ കോളനികളിലും, ചേരികളിലും, പുനരധിവാസ പ്രദേശങ്ങളിലും, ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും നടപ്പിലാക്കേണ്ട ഒരു വികസന പദ്ധതി നാം സ്വയം വികസിപ്പിക്കേണ്ടിയിരിക്കുന്നു. ദളിത് ആദിവാസി വിഭാഗങ്ങളിൽ സമ്പാദ്യ ശീലം വളർത്തേണ്ടത് അവരുടെ ഉന്നമനത്തിന് വളരെ അത്യാവശ്യമാണ്. അത് പോലെ തന്നെ ഇപ്പോഴുള്ള കാർഷിക രീതികൾ മാറേണ്ടതുണ്ട്. കാർഷിക രീതികളിലെ ആധുനിക വൽക്കരണവും, യന്ത്രവൽക്കരണവും അത്യന്താപേക്ഷിതമാണ്. പക്ഷെ കാർഷികവൃത്തി ജനസംഖ്യ വർധിച്ചിരിക്കുന്നതിനാൽ പരിമിതമായി മാത്രമേ ഉപകാരപ്പെടുകയുള്ളൂ. കാർഷിക മേഖലയ്ക്ക് ഒരു പരിധിയിൽ കൂടുതൽ ജനങ്ങളെ ഉൾക്കൊള്ളാനോ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനോ സാധ്യമല്ല. വ്യവസായ മേഖലയിലേക്കും, സേവന മേഖലയിലേക്കുമുള്ള കുടിയേറ്റം അത്യന്താപേക്ഷിതമാണ്. സംരംഭകത്വം ദളിത് ആദിവാസി വിഭാഗങ്ങളിൽ എല്ലാ രീതിയിലും പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. സമഭാവനയോടെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നോക്കി കാണേണ്ട ഒരു സംസ്കാരവും, മനോഭാവവും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇൻഡ്യാക്കാരായ നമുക്കെല്ലാവർക്കും ഉണ്ടാവേണ്ടതും വളരെ അത്യന്താപേക്ഷിതമാണ്.

വിവാഹവും സ്ത്രീ ശാക്തീകരണവും

കേരളത്തിൽ അടുത്ത കാലത്ത് വളരെ കൗതുകകരമായ ഒരു സാമൂഹ്യ വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കയാണ്. അത് മറ്റൊന്നുമല്ല - നമ്പൂതിരി സമുദായം പോലെ ഉന്നത ജാതിയിലെ വിവാഹ പ്രായമായ പിരുഷന്മാർക്ക് പെണ്ണ് കിട്ടാത്ത അവസ്ഥയാണത്. അത് കൊണ്ട് സമീപ കാലത്ത് നമ്പൂതിരി സമുദായം ജാതിവിട്ടുള്ള വിവാഹത്തെകുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് പല റിപ്പോർട്ടുകളും. മുമ്പൊക്കെ ഇതേ കാരണത്താൽ ഭ്രഷ്ടും, പടിയടച്ച് പിണ്ഡംവെക്കലും നടത്തിയവർ ഇപ്പോൾ മൗനത്തിലാണ്. ചൊവ്വാ ദോഷത്തിൻറ്റെ പേരിൽ ആയിരക്കണക്കിന് സ്ത്രീകളെ കണ്ണീരുകുടിപ്പിച്ചവർക്ക് ഇപ്പോൾ ജാതകം തന്നെ പ്രശ്നമല്ലാതായിരക്കുന്നു. ജാതകപൊരുത്തം നോക്കി നടക്കുന്നവർ 35 വയസ്സ് കഴിയുന്നതോടെ പെണ്ണ് കിട്ടാതെ മടുത്ത് ജാതക വിരോധികളാവുന്ന കാഴ്ചയാണിന്ന്. ജാതകവും ജോൽസ്യവുമടക്കമുള്ള വിശ്വാസങ്ങൾ താമസിയാതെ വിവാഹാലോചനകളിൽ നിന്ന് മാറുമെന്ന് പ്രതീക്ഷിക്കാം.

ഇത് കേരളത്തിൻറ്റെ മാത്രം പ്രശ്നമല്ല. ഗുജറാത്തിൽ പെൺ ഭ്രൂണഹത്യ വ്യാപകമായി നടക്കുന്നതിനാൽ സ്ത്രീ പുരുഷ അനുപാതം വളരെ മോശമാണ്. വിവാഹ പ്രായമായ ആണുങ്ങൾക്ക് അവിടെ പെണ്ണു കിട്ടുന്നില്ല. പട്ടേൽ സമുദായത്തിൽ പെട്ടവർ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ ഗുജറാത്തിൽ ഇറക്കുമതി ചെയ്യുകയാണ്. കുറച്ചു മാസങ്ങൾക്കു മുൻപ് 42 ഒറിയ പെൺകുട്ടികൾക്ക് വേണ്ടി ക്യൂ നിന്നത് 5000 പേരാണ്. ഗുജറാത്തിലെ പ്രശ്നം വ്യാപകമായ പെൺ ഭ്രൂണഹത്യയിൽ നിന്ന് ഉളവായ മോശപ്പെട്ട സ്ത്രീ പുരുഷ അനുപാതമാണ്. ഗുജറാത്തിൽ നിന്ന് വ്യത്യസ്തമായി മാതൃദായ ക്രമം (മാട്രിയാർക്കൽ സിസ്റ്റം) നില നിൽക്കുന്ന മേഖാലയത്തിലെ ഖാസികളിൽ മദ്യത്തിനും, മയക്കു മരുന്നിനും ഒക്കെ അടിമകളായ കലഹ പ്രിയരായ പല തദ്ദേശ വാസികളെയും വിവാഹം കഴിക്കുവാൻ അവിടുത്തെ സ്ത്രീകൾ തയാറാകുന്നില്ല. മേഖാലയത്തി ൽ അനേക വർഷം ചിലവിട്ട ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് പല പെൺകുട്ടികളും വിവാഹ അഭ്യർത്ഥനയുമായി പുള്ളിയെ സമീപിച്ചുട്ടെണ്ടെന്നാണ്!!!! ചുരുക്കത്തിൽ സ്ത്രീ ശാക്തീകരണത്തിൻറ്റെ ഒരു നിശബ്ദ വിപ്ലവമല്ലേ ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവാഹത്തോട് അനുബന്ധിച്ച് ഇപ്പോൾ നടക്കുന്നത്?

ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ പോലും നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് ഇപ്പോൾ  കേരളത്തിലെ അവസ്ഥ. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നതാണ് പല റിപ്പോർട്ടുകളും. പണ്ട് സ്മാർതൻ താത്രിയെ 'സാധനം' എന്നാണല്ലോ വിശേഷിപ്പിച്ചത്. 'അകത്തത്' , 'അത്' , 'ഇത്' - എന്നൊക്കെയാണല്ലോ 21 -ആം നൂറ്റാണ്ടിലും ചില നമ്പൂതിരിമാർ സ്ത്രീകളെ പരാമർശിച്ച് എഴുതിയുട്ടുള്ളത്. നമ്പൂതിരിമാർക്ക് നല്ല ഒരു അടി അവരുടെ സ്ത്രീകളിൽ നിന്ന് തന്നെ കിട്ടി കൊണ്ടിരിക്കയാണ് എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്.  യാഥാസ്തികരും, മർക്കട മുഷ്ടിക്കാരും ആയ നമ്ബൂരാർമാരെ വേണ്ട എന്ന് ഇന്നത്തെ ആധുനിക വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ തീരുമാനിച്ചാൽ അതിന് അവരെ കുറ്റം പറയാൻ പറ്റുമോ?

ലളിതാംബിക അന്തർജനത്തിൻറ്റെയും ദേവകി നിലയങ്ങോടിൻറ്റെയും കൃതികൾ വായിച്ചിട്ടുള്ളവർക്ക് ഇന്നത്തെ വിദ്യാ സമ്പന്നരായ നമ്പൂതിരി യുവതികളുടെ മനോഭാവത്തെ കുറ്റം പറയുവാൻ സാധിക്കുകയില്ല. ഇവരുടെ ഒക്കെ കൃതികളിൽ നിന്ന് വെളിവാകുന്ന വസ്തുതകൾ വെച്ച് നോക്കിയാൽ പണ്ട് നമ്പൂതിരി വിധവകൾ വെറും നിലത്തു കിടക്കണമായിരിന്നു. അവർക്ക് എണ്ണ തേക്കാൻ പറ്റില്ലായിരുന്നു. സ്വർണം, വെള്ളി - ഈ ആഭരണങ്ങൾ ഒന്നും അണിയാൻ അവകാശമില്ലായിരുന്നു. ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. ഷൊർണ്ണൂരിനടുത്ത് കവളപ്പാറയിൽ 36 വർഷം നീണ്ടു നിന്ന സ്മാർത്ത വിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രമുണ്ട്. അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടു മുറിയിൽ സാധനമായി നരകിച്ചതു മിച്ചം ! ചരിത്ര വസ്തുതകൾ വെച്ചു നോക്കിയാൽ 1850 മുതല് 1927 വരെയുള്ള കാലയളവിൽ സാമൂതിരിയുടെ അധിനതയിലുള്ള ചെറിയൊരു പ്രദേശത്തുതന്നെ 60-ഓളം സ്മാർത്തവിചാരങ്ങൾ നടന്നിരുന്നു എന്നത് ആ കൊടും ക്രൂരതയുടെ സാമൂഹ്യ സ്വീകാര്യത എത്രയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

ഇപ്പോൾ തങ്ങൾക്ക് തുല്യ ജോലി സ്റ്റാറ്റസുള്ള ഒരാളെ വിവാഹം ചെയ്യാനാണ് പുതിയ തലമുറയിലെ പല പെൺകുട്ടികൾക്കും താൽപര്യം. പലരും ജോലിയുള്ള സ്ഥലത്തു തന്നെ വിവാഹം കഴിച്ചു സ്ഥിര താമസമാക്കുവാൻ താൽപര്യപ്പെടുന്നു. യാഥാസ്ഥിക വിവാഹങ്ങളിൽ പരിഗണിക്കുന്ന സ്ത്രീധനം, മതം, ജാതി, പ്രായം, പൊക്കം, നിറം, ജാതകപ്പൊരുത്തം -   ഇതൊക്കെ ഉപേക്ഷിക്കുവാൻ ഇപ്പോൾ പലരും മുമ്പോട്ടു വരുന്ന കാഴ്ചായാണുള്ളത്.  തികഞ്ഞ യാഥാസ്ഥിതികർ ആയ സമൂഹത്തിൽനിന്ന് രക്ഷപ്പെടാൻ വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ താഴ്ന്ന ജാതിക്കാരുടെ കൂടെയും ഇതര മതസ്ഥരുടെ കൂടെയും പോകുന്നത് സാധാരണമായി കഴിഞ്ഞു. ഉയർന്ന ജീവിത നിലവാരത്തിലുള്ള പെൺകുട്ടികൾ ഇപ്പോൾ വളരെയധികം സ്വാതന്ത്ര്യ മോഹം ഉള്ളവരാണ്. പണ്ടൊക്കെ ക്ഷേത്ര പൂജാരിമാരുടെ കൂടെ വിവാഹം കഴിച്ച്  ജീവിതം വളരെ ചിട്ടയോടെ ജീവിക്കുന്ന കാലം മാറി. അതുകൊണ്ട് തന്നെ സ്ഥിര ജോലിയും, ഉയർന്ന ജീവിത നിലവാരവും ഇല്ലാത്ത യുവാക്കൾക്ക് ഇപ്പോൾ വിവാഹം ബാലികേറാ മലയായി മാറി കഴിഞ്ഞിരിക്കുന്നു.

അനാഥാലയങ്ങളിൽനിന്ന് അനേകം പേർ വിവാഹം കഴിക്കുന്നെണ്ടെങ്കിലും അനാഥാലയങ്ങളിൽനിന്ന് വധുവിനെ കണ്ടത്തൊനുള്ള മാർഗവും അത്ര എളുപ്പമല്ല. അനേകം പേരുടെ അപേക്ഷ ഫോർമാലിറ്റികളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. കേരളത്തിലെ അനാഥാലയങ്ങളിൽ തിരക്ക് ഏറിയതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിവാഹ പ്രായമായ പിരുഷന്മാർ നീങ്ങിയിരിക്കയാണെന്നാണ് റിപ്പോർട്ടുകൾ. അവിവാഹിതരായ പുരഷന്മാർ കേരളം കാണുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമായി ആസന്ന ഭാവിയിൽ മാറുമോ എന്നാണ് ഇനി അറിയേണ്ടത്. അതിനായി നമുക്ക് കാത്തിരിക്കാം.

(കടപ്പാട്: http://www.marunadanmalayali.com/news/special-report/kerala-marriage-groom-wanted-73142)

2017 മേയ് 3, ബുധനാഴ്‌ച

ആദിവാസി മേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ

ആദിവാസി മേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ

ഛത്തീസ്‌ഗഡിൽ ആദിവാസി പെൺകുട്ടികൾ നേരിടുന്ന ക്രൂരമായ പീഡനങ്ങൾ വെളിപ്പെടുത്തി പൊലീസ് ജയിലറുടെ  ഫേസ്‌ബുക്ക് പോസ്റ്റ്. റായ്പൂർ സെൻട്രൽ ജയിലിലെ ഡപ്യൂട്ടി ജയിലർ വർഷ ഡോങ്ക്രെയാണ് പൊലീസ് അതിക്രമം വെളിപ്പെടുത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അതിക്രൂരമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട് എന്നാണ് റായ്പൂർ സെൻട്രൽ ജയിലിലെ ഡപ്യൂട്ടി ജയിലർ വർഷ ഡോങ്ക്രെ പറയുന്നത്. 14-നും, 16-നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടികളെ വിവസ്ത്രരാക്കി കൈകളിലും സ്തനങ്ങളിലും ഇലക്ട്രിക് ഷോക്ക് ഏൽപ്പിക്കാറുണ്ട്. എന്തിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നത്? ആ കുട്ടികൾക്ക് ചികിത്സ നൽകാൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്-വർഷ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇങ്ങനെ വെളിപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ.

ബസ്തറിൽ ഇരു ഭാഗത്തുമായി പോരടിച്ച് മരിക്കുന്നത് നമ്മുടെ പൗരന്മാർ തന്നെയാണെന്ന് വർഷ ഡോങ്ക്രെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. വികസനത്തിന് വേണ്ടി ആദിവാസികളെ അവരുടെ ഭൂമിയിൽ നിന്ന് തന്നെ കുടിയിറക്കുന്നു. അവരുടെ ഗ്രാമങ്ങൾ അഗ്‌നിക്കിരയാക്കുന്നു. അവരുടെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. ഇത് നക്സലിസം അവസാനിപ്പിക്കുന്നതിന് വേണ്ടിയല്ല, മറിച്ച് ആദിവാസികളുടെ ഭൂമിയും വനവും പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ്.

ഇത് ആദിവാസികളുടെ ഭുമിയാണ്. ഇവിടം വിട്ട് അവർക്ക് മറ്റെങ്ങും പോകാൻ കഴിയില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും നിയമ സംവിധാനങ്ങൾ വേട്ടയാടുന്നു. കള്ളക്കേസുകളിൽ കുടുക്കുന്നു-അവർ നീതി തേടി ആരെയാണ് സമീപിക്കുന്നത് വർഷ ചോദിച്ചു. സത്യം വിളിച്ചു പറയുന്ന മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും ജയിലിലേക്ക് അയക്കുകയാണെന്നും വർഷ ഡോങ്ക്രെ കൂട്ടിച്ചേർത്തു.

ഛത്തിസ്ഗഡിൽ നക്സലുകൾക്കു നല്ല സ്വാധീനം ഉള്ളത് ചുമ്മാതല്ല. ഇത് നക്സലിസം വളർത്താനല്ലാതെ മറ്റെതെന്തിനെങ്കിലും ഉപകരിക്കുമോ? ഒറീസയിലും, ജാർക്കണ്ടിലും, ഛത്തിസ്ഗഡിലും എൻ. ജി. ഒ. - കളുടെയും, കോൺട്രാക്റ്റർമാരുടെയും, സർക്കാർ ജീവനക്കാരുടെയും കൊടിയ ചൂഷണം ആദിവാസികൾ അനുഭവിക്കുന്നു. പല വിദൂര ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും ദാരിദ്ര്യം കൊടി കുത്തി വാഴുന്നു എന്ന സത്യം മലയാളത്തിലെയും, ഇംഗ്ളീഷിലെയും മുഖ്യ ധാരാ മാധ്യമങ്ങളും പൂർണമായി അവഗണിക്കുന്നു. ജ്ഹാർക്ഖണ്ടിൽ ഇന്നും 50% ആളുകൾ നിരക്ഷരാണ്. ഈ അടുത്ത കാലത്താണ് ചട്ടിസ്ഗർഹിൽ അനേകം സ്ത്രീകൾ ശസ്ത്രക്രിയക്കിടെ മരിച്ചത്. പശ്ചിമ ബെന്ഗാളിലെ ജൈപാൽ ഗുഡിയിൽ കുറെ നാളുകൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തു. ഒറിസ്സയിലെ കാലഹണ്ടി, ഫുൽബാനി - എന്നീ സ്ഥലങ്ങളിൽ നിന്നും ഏതാനും വർഷങ്ങൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഹിന്ദിയിയിലിട്ട പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു. ഈ പോസ്റ്റ് വായിച്ച എനിക്ക് ഒരൽഭുതവും തോന്നിയില്ല. കാരണം ഇതൊക്കെ കുറച്ചൊക്കെ നേരിൽ കാണാൻ അവസരം സിദ്ധിച്ചിട്ടുണ്ട് എന്നത് തന്നെ. 18 വർഷം മുമ്പാണ് ഭുവനേശ്വറിൽ നിന്ന് നായഗറിലേക്കും, ഫുൽബാനിയിലേക്കും യാത്ര ചെയ്തത്. പത്തും, ഇരുപതും കിലോമീറ്ററുകൾ ഒരൊറ്റ മനുഷ്യ ജീവിയെ കാണാതെ അവിടെയൊക്കെ യാത്ര ചെയ്യാമായിരുന്നു. ഞങ്ങളുടെ അംബാസഡർ കാർ അവിടുത്തെ ആദിവാസികൾ അത്ഭുതത്തോടെയാണ് കണ്ടത്. അപ്പോഴാണ് ഇങ്ങനെയും കുറെ സ്ഥലങ്ങൾ ഈ ഇൻഡ്യാ മഹാരാജ്യത്ത് ഉണ്ടെന്നു മനസ്സിലായത്!!!

ഖനനം നടത്തുന്നതിന് വേണ്ടി ആദിവാസികളെ ഒഴിപ്പിക്കുന്നതിന് അവരുടെ ഗ്രാമങ്ങൾക്ക് തീയിടുന്ന കഥ പറഞ്ഞ ഒരു ഒറിയ സിനിമയും പണ്ട് കണ്ടിട്ടുണ്ട്. ആദിവാസികളെ ഒഴിപ്പിക്കുന്നതിന് വേണ്ടി ഉത്തരവിറക്കിയ ആദിവാസിയായ കളക്ടർ തന്നെ ധാർമിക പ്രതിസന്ധി നേരിടുകയാണപ്പോൾ!!! താരതമ്യേന വികസിത സംസ്ഥാനമായ കേരളത്തിൽ പോലും അട്ടപ്പാടിയിലും, ഇടുക്കിയിലെയും ആദിവാസി മേഖലകളിൽ വികസനം എത്തി നോക്കാത്ത അനവധി പ്രദേശങ്ങളുണ്ട്. ഇത്തരം വികസന മുരടിപ്പ് എന്ത് കൊണ്ടാണ്? വികസനത്തിൻറ്റെ പേരിൽ ആദിവാസികളുടെ ആവാസ മേഖലയിൽ കടന്നു ചെന്ന് അവരെ ശല്യപ്പെടുത്തണമോ? അവരെ അക്രമത്തിനും, സ്ത്രീകളെ ലൈംഗിക ചൂഷണത്തിനും വിധേയമാക്കണോ? ഇതിനൊക്കെ പ്രതിവിധി എന്താണ്? രാജ്യങ്ങൾ ആധുനികവൽക്കരിക്കപ്പെടുമ്പോൾ പലപ്പോഴും തദ്ദേശ വാസികളെ കുടിയൊഴിപ്പിക്കാറുണ്ട്. അമേരിക്കയിലും, ഓസ്‌ട്രേലിയയിലും ഇത് വ്യാപകമായി നടന്നു.

കാർഷിക രംഗത്തു ആധുനിക വൽക്കരണം നടപ്പാക്കിയപ്പോഴും അത് പല രാജ്യങ്ങളിലും ആദിവാസികളുടെ ആവാസ വ്യവസ്ഥിതിക്കും, അവരുടെ ജീവിത രീതിക്കും, കാർഷിക രീതിക്കും എതിരായിരുന്നു. മുൻ സോവിയറ്റ് യൂണിയനിൽ കൂട്ട് കൃഷി നടപ്പാക്കുന്നതിനെ വലിയൊരു വിഭാഗം കർഷകരും എതിർത്തിരുന്നു. സ്റ്റാലിനോട് ഇതിനെ കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ സ്റ്റാലിൻ തന്നെ പറഞ്ഞത് "പാർട്ടി സെക്രട്ടറിയും, കൃഷി ഓഫിസറും കർഷകരോട് ആധുനിക വൽക്കരണത്തെ കുറിച്ച് ബോധാന്മാരാക്കാൻ സംസാരിക്കും. കർഷകർ ഇതൊക്കെ കേട്ടിട്ട് പോകും. പിന്നീടവർ ഭാര്യയോട് ചോദിക്കണം; അടുത്തുള്ളവരോട് ചോദിക്കണം; ബന്ധുക്കളോട് ചോദിക്കണം; കൂട്ടുകാരോട് ചോദിക്കണം എന്നൊക്കെ പറയും. ഇങ്ങനെ ആധുനിക വൽക്കരണത്തെ എതിർക്കുന്നവരെ കൊന്നു കളയാതെ മറ്റെന്തു ചെയ്യും" എന്നാണ് സ്റ്റാലിൻ ഒരിക്കൽ പറഞ്ഞിട്ടുള്ളത്. ഇങ്ങനെ ആധുനിക വൽക്കരണത്തെ എതിർത്ത പലരും സൈബീരിയൻ തടങ്കൽ പാളയങ്ങളിൽ കൊല്ലപെടുകയും, മരിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാലിൻ തന്നെ പലപ്പോഴും പറഞ്ഞിരുന്നത് “Death solves all the problems” - എന്നാണ്.

മാവോയാണെങ്കിൽ ഒരു പടി കൂടെ മുന്നോട്ടു പോയി. ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ ചൈനയിൽ കൊന്നൊടുക്കി. കിളികളെ കൊന്നത് കൊണ്ട് വണ്ടുകളും, കീടങ്ങളും പെരുകി. അവ തിന്നു നശിപ്പിക്കാൻ ചൈനയിൽ കിളികളില്ലാതെ പോയി. ഫലമോ രൂക്ഷമായ ഭക്ഷ്യ ക്ഷാമം!!! കിളികളെ കൊന്നൊടുക്കിയത് കൊണ്ടാണ് ചൈനയിൽ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ ഭക്ഷ്യ ക്ഷാമം 1960 -കളിൽ സംഭവിച്ചത്. പത്തു ലക്ഷം കർഷകരെ കൂട്ട കുരുതി നടത്തി 'കളക്റ്റിവൈസേഷൻ' നടപ്പാക്കിയ സ്റ്റാലിനേയും, മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ മാവോയേയും ആരാധിക്കുന്ന നക്സലൈറ്റ്കൾ എങ്ങനെയാണ് ജനാധിപത്യ മൂല്യങ്ങളും, മാനുഷികതയും ഉൾകൊള്ളുന്ന ഒരു വികസന പദ്ധതി ആദിവാസി മേഖലകളിൽ നടപ്പാക്കുന്നത്?

ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും നടപ്പിലാക്കേണ്ട ഒരു വികസന പദ്ധതി നാം സ്വയം വികസിപ്പിക്കേണ്ടിയിരിക്കുന്നു. ഗ്രാമ സ്വരാജ് അല്ലെങ്കിൽ സ്വയം പര്യാപ്തമായ ഗ്രാമം എന്ന ഗാന്ധിയൻ സങ്കൽപം അത് കൊണ്ട് തന്നെ ശ്രദ്ധ നേടണം. വനങ്ങളിൽ നിന്ന് ആദിവാസികൾ സമാഹരിക്കുന്ന ഉൽപന്നങ്ങൾക്ക് ബ്രോക്കർമാരുടെയും, ദല്ലാൾമാരുടെയും ഇടപെടൽ കൂടാതെ തന്നെ മെച്ചപ്പെട്ട വില ലഭ്യമാക്കാൻ സാധിക്കണം അങ്ങനെയുള്ള ഗിരിജൻ കോപ്പറേറ്റിവ് സംഘങ്ങൾ ഇപ്പോൾ തന്നെ പല വന മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്.  അത് പോലെ തന്നെ ഇപ്പോഴുള്ള കാർഷിക രീതികൾ മാറേണ്ടതുണ്ട്. കാർഷിക രീതികളിലെ ആധുനിക വൽക്കരണം പോലെ തന്നെ ആദിവാസികളുടെ പിന്നോക്കാവസ്ഥയ്ക്കുള്ള മറ്റൊരു  പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്. ഛത്തീസ്ഗഡ് കഴിഞ്ഞ 15 വർഷമായി ഭരിക്കുന്നത് ബി. ജെ. പി. ആണ്. 15 വർഷമായി തുടർച്ചയായി ഭരിക്കുന്നത് കൊണ്ട് തന്നെ വികസനത്തിൻറ്റെ കുഴപ്പം മുഴുവനും  മറ്റു പാർട്ടികർക്കാണന്ന  ബി. ജെ. പി.  പ്രചാരണം  തീർത്തും തെറ്റാണ്. ഏതൊരു പ്രശ്നവും പരിഹരിക്കാനുള്ള ആദ്യ പടി അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കലാണ്. അങ്ങനെ അംഗീകരിച്ചു പ്രശ്ന പരിഹാരം തേടി യാൽ മാത്രമേ ഇവിടെ ജനാധിപത്യത്തിലും, മാനുഷികതയിലും അധിഷ്ഠിതമായ ഒരു വികസന പദ്ധതി ആവിഷ്കരിക്കുവാൻ നമുക്ക് കഴിയുകയുള്ളൂ. മലയാളത്തിലെയും, ഇംഗ്ളീഷിലെയും മുഖ്യ ധാരാ മാധ്യമങ്ങളും, ചാനലുകളും ഈ വിഷയത്തെ  പൂർണമായി അവഗണിക്കുന്ന രീതി തന്നെ ആദ്യം മാറേണ്ടതുണ്ട്. സമഭാവനയോടെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നോക്കി കാണേണ്ട ഒരു സംസ്കാരം ആണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും ഇൻഡ്യാക്കാരായ നമുക്ക് ഉണ്ടാവേണ്ടത്.

(കടപ്പാട്: http://www.marunadanmalayali.com/news/investigation/shocking-revelation-about-police-brutality-72168)