2017 ജൂലൈ 28, വെള്ളിയാഴ്‌ച

ലാലു പ്രസാദ് യാദവിൻറ്റെ രാഷ്ട്രീയം

ഞാൻ ബീഹാറിൽ നിന്നുള്ള പല റിക്ഷാക്കാരോടും സംസാരിച്ചിട്ടുണ്ട്. നമ്മുടെ ബുദ്ധി ജീവികളും, മാധ്യമ പ്രവർത്തകരും കരുതുന്നത് പോലെ ലാലു പ്രസാദ് യാദവിന്‌ ഒരു ജോക്കറുടെ പരിവേഷം ഒന്നും ബീഹാറിൽ നിന്നുള്ള റിക്ഷാക്കാരുടെയും, പാവപ്പെട്ടവരുടെയും മനസ്സിൽ ഇല്ലാ. 24 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഡൽഹിയിൽ പഠിക്കാൻ വന്ന സമയത്തൊക്കെ ഡൽഹിയിലും, ബോംബെയിലും, കൽക്കട്ടയിലും ഏറ്റവും ദരിദ്രരായ നഗര വാസികൾ ബീഹാറികളായിരുന്നു. മെട്രോ നഗരങ്ങളിൽ മാത്രമല്ല; ഒട്ടു മിക്ക വടക്കേ ഇന്ത്യൻ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും റിക്ഷാ ചവിട്ടുന്നവരും, ചുമട്ടുകാരും, കൂലി തൊഴിലാളികളും പാവപ്പെട്ട ബീഹാറിയായിരുന്നു. ഉത്തരേന്ത്യയിലെ പൊതു സമൂഹത്തിന് പാവപ്പെട്ടവരോടും, സമൂഹത്തിൻറ്റെ താഴെ കിടയിലുള്ളവരോടും ഒട്ടും ദയയോ, സഹാനുഭൂതിയോ ഇല്ലാത്ത പെരുമാറ്റമായതിനാൽ "ബീഹാറിയോം കോ മാർനാ ഹെ" എന്നായിരുന്നു കുറെ വർഷങ്ങൾക്ക് മുമ്പ് വരെ ഉത്തരേന്ത്യയിൽ കേട്ടിരുന്നത്. എന്ന് വെച്ചാൽ "ബീഹാറിയെ കണ്ടാൽ തല്ലണമെന്ന്"!!!!

ലാലു പ്രസാദ് യാദവ് എങ്ങനെ ഉയർന്നു വന്നു എന്ന ചോദ്യത്തിന് ഈ "ബീഹാറിയോം കോ മാർനാ ഹെ" എന്ന ഉത്തരേന്ത്യയിൽ കേട്ടിരുന്ന പതിവ് പല്ലവി മാത്രം നോക്കിയാൽ മതി. ഭൂ സമരവും, ബൂത്ത് പിടിക്കലും ഒക്കെയായി ഉത്തരേന്ത്യയിലെ ജാതി രാഷ്ട്രീയം അഭിരമിക്കുമ്പോളായിരുന്നു ലാലു പ്രസാദ് യാദവിൻറ്റെ കടന്നു വരവ്. മണ്ഡൽ കമ്മീഷൻ സൃഷ്‌ടിച്ച ശക്തമായ അടിയൊഴുക്കിലാണ് ലാലുവിനെ പോലുള്ള നേതാക്കളുടെ ഉദയം. അതിനു മുമ്പ് എന്താണ് നടന്നിരുന്നത്? കോൺഗ്രസിൻറ്റെ നെത്ര്വത്തത്തിൽ ഉത്തരേന്ത്യയിൽ എല്ലായിടത്തും ബ്രാഹ്മണരും, ഠാക്കൂറും ആണ് അധികാരം കയ്യാളിയിരുന്നത്. അവർ ബൂത്ത് പിടിച്ചെടുത്ത് കള്ള വോട്ടിലൂടെ അധികാരം നില നിർത്തി. ദരിദ്രരും, നിരക്ഷരരുമായ സാമാന്യ ജനത്തിന് ഇതൊന്നും ചെറുക്കുവാനുള്ള ശക്തിയും ഉണ്ടായിരുന്നില്ല.

മണ്ഡൽ കമ്മീഷനേക്കാൾ ഒരു പക്ഷെ ഇത്തരം ജനാധിപത്യ വിരുദ്ധത മാറ്റിയത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ  ടി.എൻ. ശേഷനായിരുന്നു. ബൂത്ത് പിടിച്ചടക്കലിനെതിരെ ശേഷൻ നടത്തിയ സന്ധിയില്ലാ സമരം ദരിദ്ര നാരായണന്മാരുടെ ജനാധിപത്യ അവകാശങ്ങൾക്കും തുടക്കമിട്ടു. നളിനി സിംഗിൻറ്റെ വളരെ പ്രശസ്തമായ  ബൂത്ത് പിടിക്കുന്നതിനെ കുറിച്ചുള്ള ഡോകുമെൻറ്ററിയിൽ ബൂത്ത് പിടിക്കുന്ന ആൾ പറയുന്നത് ഇത്  "ജാതിനിഷ്ടാ കി ബാത്ത് ഹെ" എന്നാണ് - ജാതിയുടെ അഭിമാനത്തിൻറ്റെ പ്രശ്നമാണെന്ന്. ഉന്നത ജാതിക്കാർ പോലീസിനെ നോക്കു കുത്തി ആക്കി മാറ്റി കൊണ്ട് ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടേയിരുന്നു.

അവിടെയാണ് ലാലു പ്രസാദ് യാദവിനെ പോലുള്ളവരുടെ കടന്നു വരവ് ഉണ്ടായത്. മണ്ഡൽ കമ്മീഷൻ സൃഷ്‌ടിച്ച രാഷ്ട്രീയ തരംഗത്തിൽ OBC -കളുടെ ശക്തനായ വക്താവാകുവാൻ ലാലു പ്രസാദ് യാദവിന്‌ കഴിഞ്ഞു. ഒപ്പം പാവപ്പെട്ടവർക്കും, ദളിതർക്കും, മുസ്ലീങ്ങൾക്കും ഭരണ സംവിധാനത്തിൽ എന്തെങ്കിലും പങ്കുണ്ടെന്ന് അവരോട് ഇടപെഴകിയും, തൻറ്റെ ഗ്രാമീണ ഭാഷയിൽ ജനങ്ങളോട് സംവദിച്ചും ലാലു പ്രസാദ് യാദവിന്‌ ബോധ്യപ്പെടുത്തുവാൻ സാധിച്ചു. അടിമത്തവും, ചൂഷണവും നിരന്തരമായി അനുഭവിച്ചു കൊണ്ടിരുന്ന വലിയൊരു വിഭാഗം ജനതയെ ആവേശ ഭരിതരാക്കുവാൻ മറ്റെന്തു വേണം? ബീഹാറിലെ മദെപുരയിൽ നിന്നുള്ള ഒരു റിക്ഷാക്കാരൻ എന്നോട് പറഞ്ഞത് "ലാലു യാദവ് "ബ്രാഹ്മണനേയും, ഠാക്കൂറുകളെയും കെട്ടു കെട്ടിച്ചു" എന്നാണ്. ഇതുവരെ ബീഹാറിൽ അധികാരവും, സമ്പത്തും കയ്യാളിയിരുന്ന ബ്രാഹ്മണരേയും, ഠാക്കൂറുകളെയും ഒതുക്കിയതിലുള്ള സന്തോഷമായിരുന്നു അയാളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നത്.

ബീഹാറിലെ ജാതി സമ വാക്യത്തിൽ OBC -കൾക്ക് ശക്തമായ പ്രാതിനിധ്യം ഉറപ്പു വരുത്താനും, ദളിതർക്കും, മുസ്ലീങ്ങൾക്കും ഭരണ സംവിധാനത്തിൽ എന്തെങ്കിലും പങ്കുണ്ടെന്നു തോന്നിപ്പിക്കുവാനും കഴിഞ്ഞെങ്കിലും വ്യവസായ വൽക്കരണമോ, വികസനമോ സൃഷ്ടിക്കാൻ ലാലുവിന് കഴിഞ്ഞില്ല. ഒപ്പം അധികാര രാഷ്ട്രീയത്തിൻറ്റെ ഭാഗമായ അഴിമതിയും ലാലു ഭരണത്തിൻറ്റെ ഭാഗമായി. ശഹാബുദ്ദീനെ പോലുള്ള മാഫിയാ നേതാക്കളെ പിന്തുണച്ചതും ലാലുവിന് വിനയായി. തട്ടി കൊണ്ടു പോകലും, അഴിമതിയും, കൊലപാതകങ്ങളും ബീഹാറിൻറ്റെ മുഖ മുദ്രയായപ്പോഴായിരുന്നു നിതീഷ് കുമാറിൻറ്റെ വരവ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, ക്രമ സമാധാന പാലനത്തിനും ഊന്നൽ കൊടുത്ത നിതീഷ് കുമാർ അത് കൊണ്ട് തന്നെ ജനപ്രീതി നേടി. പെൺകുട്ടികൾക്ക് സൈക്കിൾ, കുടുംബശ്രീ പോലുള്ള പദ്ധതികൾ നടപ്പിലാക്കൽ - ഇങ്ങനെ പല പദ്ധതികളുമായിട്ടായിരുന്നു നിതീഷ് കുമാർ ജനഹൃദയങ്ങളിൽ ഇടം നേടിയത്.

പക്ഷെ ഇന്നും ബീഹാറിനെ ഭരിക്കുന്നത് ജാതി രാഷ്ട്രീയം തന്നെയാണ്. അത് കൊണ്ട് തന്നെ ലാലു പ്രസാദ് യാദവിനെ എഴുതി തള്ളാൻ ഒരിക്കലും ആവില്ല. ജനങ്ങളോട് സംവദിക്കുവാൻ നിതീഷ് കുമാറിനേക്കാൾ അറിയാവുന്ന ഒരു നേതാവാണ് അദ്ദേഹം. പക്ഷെ ജനം വികസനവും ആഗ്രഹിക്കുന്നു എന്ന കാര്യം മായാവതിയെയും, മുലായം സിങ്ങിനെയും, ലാലു പ്രസാദ് യാദവിനേയും പോലുള്ള യാഥാസ്ഥിതികരായ രാഷ്ട്രീയക്കാർ ഇനിയും മനസിലാക്കണം. ഉത്തരേന്ത്യയിൽ ജാതി രാഷ്ട്രീയത്തിൻറ്റെ കെട്ടു പൊട്ടിക്കുവാൻ അടുത്തെങ്ങും സാധിക്കുമെന്ന് തോന്നുന്നില്ല. പക്ഷെ ഇന്നത്തെ സോഷ്യൽ മീഡിയയിൽ കൂടിയും, മൊബയിൽ ടെക്‌നോളജിയിൽ കൂടിയും, കൂലി തൊഴിലാളികളുടെ അനുഭവ കഥകളിൽ കൂടിയും  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വികസന മുന്നേറ്റങ്ങൾ ബീഹാറിലെ പൊതു സമൂഹം ആഗ്രഹിക്കുകയും, അത് നടപ്പാക്കുന്നതിന് ജാതി രാഷ്ട്രീയത്തിൻറ്റെ വക്താക്കളായ നേതാക്കന്മാരെ സമ്രദ്ദത്തിലാക്കുകയും ചെയ്‍താൽ ഒരു പക്ഷെ ബീഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ താമസിയാതെ ഒരു വികസന കുതിപ്പ് പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാൽ അത് രാജ്യത്തിനു മൊത്തം ഗുണകരമായിരിക്കും.

2017 ജൂലൈ 27, വ്യാഴാഴ്‌ച

ബീഹാറിൽ നിതീഷ് കുമാറിൻറ്റെ രാജിയും മുന്നോട്ടുള്ള നീക്കങ്ങളും

രണ്ട് വര്‍ഷം മുമ്പാണ് ബദ്ധ വൈരികളായിരുന്ന ആര്‍.ജെ.ഡി.-യും ജെ.ഡി.-യുവും ഒന്നിച്ചത്. കോണ്‍ഗ്രസും ഒപ്പമുണ്ടായിരുന്നു. 2015 ജൂലൈയില്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു ബി.ജെ.പി.-യ്‌ക്കെതിരായുള്ള മഹാസഖ്യം രൂപീകരിച്ചത്. ആ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം ബി.ജെ.പി.-യെ തറ പറ്റിയ്ക്കുകയും ചെയ്തു. ലാലു പ്രസാദ് യാദവിൻറ്റെ ആര്‍.ജെ.ഡി.-യ്ക്കായിരുന്നു കൂടുതല്‍ സീറ്റ് ലഭിച്ചത്. എങ്കിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ രണ്ടു വർഷത്തിനിപ്പുറം ഇപ്പോൾ ബി.ജെ.പി.-യുമായുള്ള ബന്ധം ഉറപ്പിക്കാനുള്ള തന്ത്രമായിരുന്നു നേരത്തത്തെ രാജിയെന്ന് മണിക്കൂറുകള്‍ക്കകം വ്യക്തമായി. രാജി വച്ച് ഒരു രാത്രി പിന്നിട്ടപ്പോള്‍ ബി.ജെ.പി. പിന്‍തുണയോടെ നിധീഷ് വീണ്ടും മുഖ്യമന്ത്രിയായി സസ്ഥാനമേറ്റു. നിയമസഭയിലെ ബി.ജെ.പി. നേതാവ് സുശീല്‍ മോദിയെ ഉപമുഖ്യമന്ത്രിയുമാക്കി.

ലാലു പ്രസാദ് യാദവിൻറ്റെ അഴിമതിക്കഥകൾ കഴിഞ്ഞ ദിവസമോ മറ്റോ അറിയുന്നത് പോലെയായിരുന്നു നിതീഷ് കുമാറിൻറ്റെ നാടകങ്ങൾ!!! ലാലു പ്രസാദ് യാദവിൻറ്റെ തോളിൽ കയ്യിട്ട് ഒരു മഹാ സഖ്യം ഉണ്ടാക്കിയപ്പോൾ ലാലുവിൻറ്റെയോ, അദ്ദേഹത്തിൻറ്റെ കുടുംബക്കാരുടെയോ   അഴിമതി കഥകൾ നിതീഷ് കുമാർ അറിഞ്ഞിട്ടേ ഇല്ലായിരുന്നുവോ? മഹാസഖ്യം അധികാരത്തിലെത്തി അധികം വൈകുന്നതിന് മുമ്പു തന്നെ മന്ത്രിസഭയിലും മഹാസഖ്യത്തിലും അസ്വാരസ്യം തുടങ്ങുന്നതിന് ഒരു പ്രധാന കാരണം ലാലു പ്രസാദ് യാദവിൻറ്റെ ഏകാധിപത്യ സ്വഭാവമാണെന്നുള്ളത് ആർക്കും നിഷേധിക്കുവാൻ ആവില്ല. തികഞ്ഞ ഫ്യുഡൽ, കുടുംബാധിപത്യ മൂല്യങ്ങളാണ് ലാലുവിനും അദ്ദേഹത്തിൻറ്റെ പാർട്ടിയായ ആർ.ജെ. ഡി-യ്ക്കുമുള്ളത്. പിന്നെ പിരിയാതെ രക്ഷയില്ല. പക്ഷെ പിരിയുന്നതിനു കാരണം ഉണ്ടാക്കിയെ പറ്റൂ. ഈ സി. ബി. ഐ. റെയ്ഡും, പിന്നീട് ഉണ്ടായ ആരോപണങ്ങളും, രാഷ്ട്രപതി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാതിരുന്നതുമെല്ലാം ബി.ജെപി.-യുമായി സഖ്യത്തിലേർപ്പെടാനുള്ള കാലേ കൂട്ടി ഉണ്ടാക്കിയ വലിയൊരു പദ്ധതി തന്നെയായിരുന്നു എന്നാണ് ഇപ്പോൾ തെളിയുന്നത്. 

ഈ നാടകത്തിന് പൂര്‍ണ്ണ ഉത്തരവാദികള്‍ കോണ്‍ഗ്രസിനും, ലാലുവിനും അദ്ദേഹത്തിൻറ്റെ പാർട്ടിയായ ആർ.ജെ. ഡി-യ്ക്കും ആണ് എന്ന്‌ പറയാതെ വയ്യ. ഈ പാർട്ടികളിലുള്ള നേതാക്കൾക്കൊക്കെ ഇത്രയും ബുദ്ധിശൂന്യത യും, രാഷ്ട്രീയ പാപ്പരത്ത്വവും സംഭവിക്കുമോ? നിധീഷിൻറ്റെ കണ്ണ് ബി.ജെ.പി.-യിലാണെന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനു പിന്തുണ പ്രഖ്യാപിച്ച ഉടന്‍  തന്നെ വ്യക്തമായിരുന്നു.  ബി.ജെ.പി.-ക്ക് എതിരെ മത്സരിച്ച് മഹാസഖ്യം നയിച്ച നിധീഷാണ് ബി.ജെ.പി. സഖ്യത്തിലുള്ള ഘടക കക്ഷികളെക്കാള്‍ മുമ്പേ കേറി കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചത്. ആ സമയത്ത് തന്നെ നിധീഷിനുള്ള പിന്തുണ പിന്‍വലിച്ച് പുറത്ത് വന്നിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പോലെ ഒരു രാഷ്ട്രീയ  നാണക്കേടില്‍ കോണ്‍ഗ്രസ് ചെന്നു പതിക്കുമായിരുന്നില്ല. തന്ത്രശാലിയായ ലാലു പ്രസാദ് യാദവിനും  ആ ബുദ്ധി തോന്നിയില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ പാര്‍ട്ടിയുടെ കാലുറപ്പിക്കാന്‍ പ്രധാനമന്ത്രി  മോദിയും അമിത്ഷായും ഒരുക്കൂട്ടിയ കെണിയില്‍ നിധീഷ് വീണു. കോണ്‍ഗ്രസുകാര്‍ക്ക് ആ കെണി കാണാനും കഴിഞ്ഞില്ല. ഇത്തരത്തിലുള്ള രാഷ്ട്രീയ പാപ്പരത്ത്വം ഇനിയും കാട്ടുകയാണെങ്കിൽ കോണ്‍ഗ്രസിൻറ്റെ  ഭാവി അധോഗതിയിലേക്കാണ് എന്ന്‌ നിസംശയം പറയാം.


ബി.ജെ.പി. ഇതേ തന്ത്രം വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇനിയും പയറ്റാൻ സാധ്യത ഉണ്ട്. നാട്ടിലെ സകല മാധ്യമങ്ങളും ഈ സൂചനകള്‍ എല്ലാം ഉറക്കെ വിളിച്ചു പറയുമ്പോഴും കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം ഉറക്കത്തിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രത്യേകിച്ച് തമിഴ്‌നാട്, കര്‍ണാടകം, കേരളം -എന്നീ സംസ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ബി.ജെ.പി.-യുടെ അടുത്ത നീക്കമെന്നുറപ്പായിട്ടുണ്ട്. അണികളെ ആകര്‍ഷിക്കാതെ തന്നെ കേന്ദ്രഭരണത്തിൻറ്റെ തണലില്‍ ചെറിയ രാഷ്ട്രീയ പാര്‍ട്ടികളെ ഉപയോഗിച്ചുള്ള അധികാര കസര്‍ത്തിലാണ് ബി.ജെ.പി.-ക്ക് താല്‍പര്യം. വിശാലമായ മതേതര ചേരിയുടെ ആവശ്യകത ശക്തമാകുമ്പോള്‍ നേതൃത്വം നല്‍കേണ്ട കോണ്‍ഗ്രസ്സ് എവിടെയെന്നാണ് ജനാധിപത്യ വിശ്വാസികള്‍ ആശങ്കപ്പെടുന്നത്. രാഷ്ട്രീയം സമയത്ത് പ്രയോഗിക്കേണ്ട സര്‍ഗാത്മക ഭാവനകളുടെ ക്രിയാത്മക ഇടപെടലാവണം. പ്രായോഗിക അനുഭവവും, പ്രവര്‍ത്തന പാരമ്പര്യവും ഉള്ളവരുടെ അഭാവത്തില്‍ അധികാരത്തിനു വേണ്ടി ഇന്ത്യന്‍ ജനാധിപത്യത്തെ നോക്കി പല്ലിളിച്ച് കാണിക്കുകയാണ് നിതീഷ് കുമാർ ഇപ്പോൾ. നിതീഷ് കുമാറിനെ പോലുള്ളവരെ ആരു പ്രതിരോധിക്കും എന്ന ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്.

പക്ഷെ ലാലു പ്രസാദ് യാദവിനെ എഴുതി തള്ളാൻ ഒരിക്കലും ആവില്ല. ജനങ്ങളോട് സംവദിക്കുവാൻ നിതീഷ് കുമാറിനേക്കാൾ അറിയാവുന്ന ഒരു നേതാവാണ് അദ്ദേഹം. തൻറ്റെ ഗ്രാമീണ ഭാഷയിൽ ജനങ്ങളോട് സംവദിക്കുന്ന ലാലു പ്രസാദ് യാദവിന് ഇപ്പോഴും വലിയ ജന പിന്തുണയുണ്ട്. കൂടാതെ ബീഹാറിൻറ്റെ ജാതി രാഷ്ട്രീയത്തിൽ യാദവ്-മുസ്‌ലിം-ദളിത് കൂട്ടുകെട്ട് ഉണ്ടാക്കാൻ സാധിച്ചാൽ അദ്ദേഹത്തിന് വിജയമായി. ഒപ്പം കോൺഗ്രസിൻറ്റെ വോട്ടുകൾ കൂടി കിട്ടിയാൽ അദ്ദേഹത്തിന് വൻ വിജയം ഉറപ്പിക്കാം. മറു വശത്തു ഠാക്കൂർ-ബ്രാഹ്മണ-ഭൂമിഹാർ സഖ്യത്തിനായിരിക്കും നിതീഷ് കുമാർ ശ്രമിക്കുന്നത്. ഒപ്പം പസ്വാനെ പോലുള്ള ദളിത് നേതാക്കളുടെ പിന്തുണ കൂടിയുണ്ട്. ബീഹാറിൽ മുസ്‌ലിം വോട്ട് നിർണായകമാണ്. അത് ഇപ്പോഴത്തെ ബി.ജെ.പി. ബാന്ധവത്തിലൂടെ എന്തായാലും നിതീഷ് കുമാറിന് നഷ്ടമാകും. പക്ഷെ ഇനി എല്ലാവരും ശ്രദ്ധിക്കേണ്ടത് നിതീഷ് കുമാറിൻറ്റെ ഭരണത്തിലേക്കാണ്. വികസനമില്ലായ്മയാണ് ബീഹാറിൻറ്റെ പ്രധാന പ്രശ്നം. മറ്റു സംസ്ഥാനങ്ങളിലെ പോലെ ബീഹാറിലും വികസനം ആഗ്രഹിക്കുന്ന ഒരു യുവ തലമുറ ഇപ്പോൾ ബീഹാറിലുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനൊക്കെ നേരത്തെ നിതീഷ് കുമാർ ഊന്നൽ കൊടുത്തെങ്കിലും അതൊക്കെ വികസനത്തിനോടൊപ്പം നിന്നാലേ പൂർണമായും ഫലപ്രദമാകൂ. ഒപ്പം ക്രമ സമാധാന പ്രശ്നം ബീഹാറിൽ വളരെയധികം ഉണ്ട്. ക്രമ സമാധാന പ്രശ്നമാണ് ബി.ജെ.പി. സമാജ് വാദി പാർട്ടിയ്ക്കെതിരെ ഉത്തർ പ്രദേശിൽ മുഖ്യമായി ഉയർത്തിയ വിഷയം. പക്ഷെ ഇപ്പോൾ കൂട്ട ബലാത്സംഗങ്ങളും, കൊലപാതകങ്ങളും, സഹരാൻപൂറിൽ ദളിത്-ഠാക്കൂർ സംഘർഷങ്ങളും ഒക്കെയായി ഉത്തർ പ്രദേശിലെ സ്ഥിതി വളരെ മോശമാണ്. അത് ബീഹാറിലും ആവർത്തിച്ചാൽ നിതീഷ് കുമാറിൻറ്റെ കാര്യം കട്ട പുകയായിരിക്കും എന്നത് കാലേ കൂട്ടി പ്രവചിക്കാം.

ഗാന്ധിയും, നെഹ്രുവും, പട്ടേലും

1950 ഡിസംബർ പതിനഞ്ചാം തീയതി ഹൃദയാഖാതം മൂലം മരിച്ച പട്ടേലും, സ്വാതന്ത്ര്യം കിട്ടിയ ഓഗസ്റ്റ് 15, 1947 മുതൽ 1964 മെയ് 27 വരെ തുടർച്ചയായി 17 വർഷം രാജ്യം ഭരിച്ച നെഹ്രുവുമായി ഒരു താരതമ്യം എങ്ങനെ സാധിക്കും? ഇവിടെ ആരും പട്ടേലിൻറ്റെ സംഭാവനകളെ നിരാകരിക്കുന്നില്ല. പക്ഷെ നെഹ്രുവിനോളം വരുമോ പട്ടേൽ? വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സർക്കാർ ആണ് നെഹ്റു സർക്കാർ. അതിനോട് താരതമ്യപെടുത്തുമ്പോൾ ഇന്നത്തെ യൂറോപ്പ്യലെ രാജ്യങ്ങൾ പോലും അഭയാർഥി പ്രശ്നം നേരിടുന്ന രീതി പോലും എത്രയൊ നിസ്സാരം. ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇതെല്ലാം നെഹ്റു സർക്കാരിന്റ്റെ കാലത്തുണ്ടായതാണ്. അതും കൂടാതെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാന്റ്റ്, ഭക്രാ നന്ഗൽ ഡാം - ഇവയൊക്കെ നെഹ്റു യാധാർത്യമാക്കിയ ബ്രിഹത് പദ്ധതികളായിരുന്നു. അതും കൂടാതെയാണ് ഒരു കോടി അഭയാർഥികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടായിട്ട് ഒരു വലിയ വർഗീയ കലാപം പോലും വരാതെ ഇന്ത്യയെ പരിപാലിച്ചു എന്ന നെഹ്രുവിന്റ്റെ ഉജ്ജ്വല നേട്ടം. സംഘ പരിവാർ സംഘടനകളിൽ പെട്ടവർ കഴിഞ്ഞ കുറെ വർഷങ്ങളായി നെഹ്രുവിനെ അവഹേളിക്കുന്നു: നേതാജിയെ പൊക്കി പിടിച്ചു കൊണ്ട് നടക്കുകയും ചെയ്യുന്നു. ഇവർക്ക് ഒരു കാരണവുമില്ലാതെ നെഹ്രുവിനെ അവഹേളിക്കുന്നതിലും, രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ കുറ്റം പറയുന്നതിലും എന്തോ ഗൂഡ ലക്ഷ്യമുണ്ട്.

"ഗാന്ധി ഒരു പ്രസ്ഥാനമല്ല, ഒരു തത്വചിന്തയാണ്. ഗാന്ധി ഏതെങ്കിലും ഒരു നാടിൻറ്റേതല്ല. മുഴുവന്‍ ലോകത്തിൻറ്റേതുമാണ്" എന്ന് ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് വളരെ ശരി. വിഭജനത്തിൻറ്റെ സമയത്ത് പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം. മുസ്ലീമുകൾക്ക് ഹിന്ദു ഭൂരിപക്ഷ രാജ്യത്തു സുഖമായി ഉണ്ണാനും ഉറങ്ങാനും പറ്റും എന്ന് തെളിയിച്ചു കൊടുക്കേണ്ടത് ഹിന്ദുക്കളുടെ കൂടെ ചുമതലയാണ്. ഭൂരിപക്ഷം ന്യൂന പക്ഷത്തിൻറ്റെ വിശ്വാസം ആർജ്ജിച്ചു വേണം അവരോട് മത സൗഹാർദ്ദത്തിനും, സമാധാനത്തിനും വേണ്ടി സംസാരിക്കാൻ എന്നതായിരുന്നു ഗാന്ധിയൻ നിലപാട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിൻറ്റെ വിശ്വാസം ആർജിക്കണം എന്ന രാഷ്ട്ര പിതാവിൻറ്റെ തത്ത്വ സംഹിത എപ്പോഴും ഓർമിക്കപ്പെടേണ്ടതുണ്ട്. അല്ലാതെ ഒരു തീവ്രവാദത്തിനു പരിഹാരമായി മറ്റൊരു തീവ്രവാദം വന്നാൽ അത് എല്ലാ മനുഷ്യരെയും മതാന്ധരാക്കി മാറ്റും. മഹാത്മാ ഗാന്ധി കാണിച്ചു തന്ന ആ മത സൗഹാർദത്തിൻറ്റെ പാതയാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ആവശ്യം. ഗാന്ധിയെ കൂടുതൽ ആഴത്തിൽ മത സൗഹാർദം ആഗ്രഹിക്കുന്ന എല്ലാവരും പഠിക്കേണ്ടതും ഈ സമയത്തിൻറ്റെ ആവശ്യകതയാണ്.

കൂടുതൽ ഈ ലിങ്കിൽ വായിക്കുക:
http://www.azhimukham.com/india-a-journey-to-sabarmati-ashram-gandhis-life/


2017 ജൂലൈ 26, ബുധനാഴ്‌ച

പുരുഷന്മാരും പർദ്ദ ധരിക്കേണ്ടേ?

ഇതെഴുതുന്നയാൾ വൈയ്ക്കം മുഹമ്മദ് ബഷീറിൻറ്റെ കഥാപാത്രങ്ങളായ തലയോലപ്പറമ്പിലുള്ളവരെ തലയോലപ്പറമ്പ് ചന്തയിൽ വെച്ച് ചെറുപ്പത്തിൽ  ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. അവിടെ ചാമ്പങ്ങയും, ബിസ്ക്കറ്റും ഒക്കെ വിറ്റു കൊണ്ടിരുന്ന മുസ്ലീം പെൺകുട്ടികൾ തലയിൽ വളരെ നേരിയ തട്ടമിട്ടു മാത്രമേ കണ്ടിട്ടുള്ളൂ. അവിടെ അടുത്തുള്ള സ്കൂളിലും, കോളേജിലും പോകുന്ന മുസ്ലീം പെൺകുട്ടികളും തലയിൽ വളരെ നേരിയ തട്ടം മാത്രമേ ഇടാറുണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പോൾ മലയാളികളുടെ തനതു സംസ്കാരത്തെ മാറ്റി വെച്ച് അന്ധമായി അറബ് സംസ്കാരത്തെ പുൽകുന്ന കാഴ്ചയാണല്ലോ കാണുന്നത്. അതിൻറ്റെ ഫലമാണ് ആടിനെ മേയ്ക്കാൻ അറബ് നാടുകളിൽ പോകുന്നതും, പർദ്ദ നിർബന്ധമാക്കുന്നതും.

കോളേജിലും, യൂണിവേഴ്സിറ്റിയിലും ഇതെഴുതുന്നയാളുടെ കൂടെ ഇഷ്ടം പോലെ മുസ്ലിം പെൺകുട്ടികൾ പഠിച്ചിട്ടുണ്ട്. അവരാരും തലമുടി പോലും മറച്ചു കണ്ടിട്ടില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കേരളത്തിലെ തൃശൂർ ജില്ലയിലെ ചാവക്കാട്ടും ഇതെഴുതുന്നയാൾ 18 വർഷം മുമ്പ് വിപുലമായ സർവേ നടത്തിയിട്ടുണ്ട്. അവിടെയും ഒരു സ്ത്രീ പോലും കണ്ണുകൾ മാത്രം പുറത്തു കാണത്തക്ക രീതിയിൽ കറുത്ത വസ്ത്രം ധരിച്ചു കണ്ടതേയില്ല. അന്ന് അവിടാരും തലമുടി പോലും മറച്ചിട്ടില്ലായിരുന്നു. ഒരു പ്രായമായ ഉമ്മയെ മാത്രമാണ് തട്ടമിട്ടു കണ്ടത്. പിന്നെ രണ്ടു മൂന്നു സ്ത്രീകൾ ഞങ്ങളോട് സംസാരിച്ചപ്പോൾ ക്രിസ്ത്യൻ സ്ത്രീകളൊക്കെ പള്ളിയിൽ പോകുമ്പോൾ ചെയ്യാറുള്ളത് പോലെ സാരി കൊണ്ട് വെറുതെ തല ഭാഗികമായി മറച്ചിരുന്നു. പക്ഷെ 18 വർഷത്തിൽ കേരളത്തിൽ സംഭവിച്ചത് മത മൗലിക വാദത്തിൻറ്റെ വളർച്ച ആയിരുന്നല്ലോ. പിന്നെ എങ്ങനെ പർദ്ദ കടന്നു വരാതിരിക്കും? 

മുഖവും, ദേഹവും കറുത്ത വസ്ത്രം കൊണ്ട്  മൂടിപ്പുതച്ച് മേലാസകലം കരിമ്പടം ചുറ്റിയ പോലെയല്ല വിദ്യാർഥിനികൾ നടക്കേണ്ടത്. കറുപ്പിൻറ്റെ മേലങ്കി മൂടിപ്പുതച്ച് നടക്കുന്നത് ഒരിക്കലും സ്വാതന്ത്ര്യത്തിൻറ്റെ ലക്ഷണമല്ല. കോളേജിൽ പഠിക്കാൻ വരുന്നവർ സ്വാതന്ത്ര്യത്തിൻറ്റേയും, സമത്ത്വത്തിൻറ്റേയും വക്താക്കളായി മാറേണ്ടവരാണ്. ഭാവി തലമുറയുടെ വാഗ്ദാനങ്ങളാണവർ. അത് കൊണ്ട് തന്നെ വസ്ത്രത്തിൻറ്റെ കാര്യത്തിലും സ്വാതന്ത്ര്യം അനുഭവിച്ചാണ് അവർ കോളേജ് ജീവിതം നയിക്കേണ്ടതും. മത തീവ്ര വാദികൾ ഉടുപ്പിച്ച അടിമത്തത്തിൻറ്റെ ചങ്ങല അത് കൊണ്ട് തന്നെ അവർ അഴിച്ചു കളയുന്നതാണ് അഭികാമ്യം.

ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയിൽ യൂറോപ്പ്യന്മാർ വരുന്നതിനു മുൻപ് സ്ത്രീകൾ മാറ് മറച്ചിരുന്നില്ല. ഗൂഗിളിൽ പഴയ ബ്ളാക് ആൻഡ് വൈഡ് ഫോട്ടോകൾ ഇഷ്ടം പോലെയുണ്ട് - മുസ്ലീം സ്ത്രീകൾ കൂളായി യൂറോപ്പ്യന്മാരുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ഗൂഗിളിൽ തപ്പിയാൽ കാണാം. പർദ്ദ നിർബന്ധമാക്കിയ മലേഷ്യയിൽ നിന്നൊക്കെ ത്വക്ക് രോഗങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈർപ്പം കൂടിയ പ്രദേശങ്ങളിൽ പർദ്ദ ധരിച്ചാൽ അത് ത്വക് രോഗങ്ങളിലേക്കേ വഴി വെക്കൂ എന്നത് സാമാന്യ യുക്തി മാത്രമാണ്. കേരളത്തിലേതു പോലെ ഹ്യുമിഡിറ്റി അല്ലെങ്കിൽ ഈർപ്പമുള്ള പ്രദേശങ്ങളില ആളുകൾ പണ്ട് അരക്കു മുകളിലോട്ട് അധികം വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല എന്നതാണ് യാതാർദ്ധ്യം.

ക്രിസ്ത്യൻ സഭയിലെ സന്യാസിനിമാരുടെ ഉടുപ്പിനെ കുറിച്ച് പരാമർശിച്ചു കൊണ്ട് അങ്ങേയറ്റം മത ഭ്രാന്തരായ കുറെ ആളുകൾ പർദ്ദ അടിച്ചേൽപ്പിക്കുന്നതിനെ ന്യായീകരിക്കുവാൻ ശ്രമിക്കുന്നുണ്ട്. ക്രിസ്ത്യൻ സഭയിലെ സന്യാസിനിമാരെ ഈ പർദ്ദ വിഷയത്തിലേക്ക് വലിച്ചിടേണ്ട ഒരു കാര്യവുമില്ല. സന്യാസിമാർക്കും, സന്യാസിനികൾക്കും എല്ലാ മതങ്ങളിലും വ്യത്യസ്ത വേഷങ്ങളാണ്. അതവരുടെ സന്യാസ വ്രതത്തിൻറ്റെ ഭാഗമാണ്. പൊതു ജനത്തെ ഒരിക്കലും സന്യാസിമാരും, സന്യാസിനിമാരുമായി ബന്ധിപ്പിക്കരുത്. ജെയിൻ സന്യാസിനിമാർക്ക് വായ് പോലും മറയ്ക്കണം. ബുദ്ധ സന്യാസിമാർക്കു തല മൊട്ടയടിക്കണം. അത് പോലെ കഠിനമായ സന്യാസ വ്രതങ്ങളുള്ള ഇഷ്ടം പോലെ സമൂഹങ്ങളുണ്ട്. മുടി പിഴുതെടുക്കുന്ന ജെയിൻ സന്യാസിനികൾ വരെയുണ്ട്. കയറ്റം വരെയുള്ള ബ്ളൗസുമായി വെള്ള സാരിയുടുക്കുന്ന 'ബ്രഹ്മ കുമാരികൾ' ഉണ്ട്. പല ക്രിസ്ത്യൻ സഭകളിലും സ്ത്രീകളെ പുരോഹിതരായി നിയമിക്കുന്നത് തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൻറ്റെ ഭാഗമായി ഫ്രാൻസീസ് മാർപാപ്പ സ്ത്രീകളുടെയും, അന്യ മതസ്തരുടെയും കാൽ കഴുകി ചുംബിച്ചു. കേരളത്തിലും പല പള്ളിയിലും ഇതു നടന്നു. അല്ലെങ്കിലും ക്രിസ്തു മതത്തിൽ സന്യാസിനികൾക്ക് ഉന്നതമായ പദവിയുണ്ട്. അനേകം കന്യാസ്ത്രീകൾ സാരി ഉടുക്കുകയും മുടി മറയ്ക്കാതിരിക്കയും ചെയ്യുന്നു. ഡോക്ടർമാരായും, വക്കീലന്മാരായും ജോലി ചെയ്യുന്നു. എത്രയോ സ്കൂളുകളുടെയും, കോളേജുകളെയും അവർ നയിക്കുന്നു. കണ്ണുകൾ മാത്രം പുറത്തു കാണത്തക്ക രീതിയിലുള്ള ഈ നെടുനീളൻ കറുപ്പൻ കുപ്പായം ആണോ ക്രിസ്ത്യൻ കന്യാസ്ത്രീകൾ ധരിക്കുന്നത്? ഇനി കണ്ണ് പോലും കാണിക്കാത്ത രീതിയിലുള്ള പർദ്ദ പോലും ഉണ്ട്. പിന്നെ ഇവിടെ എന്തിനാണ് കന്യാസ്ത്രീകളെ ഇതിലേക്ക് വലിച്ചിഴക്കുന്നത്? ക്രിസ്ത്യൻ കന്യാസ്ത്രീകളെ പർദ്ദ വിഷയത്തിലേക്ക് കൊണ്ട് വന്നു പർദ്ദയെ ന്യായീകരിക്കുവാനുള്ള മത മൗലിക വാദികളുടെ നീക്കം ഒട്ടും ശരിയല്ല.

മുസ്ളിം പെൺകുട്ടികൾ തട്ടമിടാൻ പാടില്ല എന്നതല്ല ഇവിടെ പറയുന്നത്. മനുഷ്യൻറ്റെ വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. നേരത്തെ കൊല്ലം കളക്ടർ ഷൈനമോളെ തട്ടമിടീക്കാൻ കുറെ പേർ ശ്രമിച്ചു. സാധാരണ ഒരു കുടുംബത്തിൽ നിന്ന് ഐ.എ.എസ്. നേടിയതിനെ അഭിനന്ദിക്കാനല്ല ചിലരുടെ ഉദ്യമം. ചുറ്റുമുള്ളവര്‍ എത്തിര്‍ത്തിട്ടും വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കാതെ അവസാന നിമിഷം വരെ പോരാടിയ പെണ്‍കരുത്തിനെയും അവർ ശ്രദ്ധിക്കുന്നില്ല. കൊല്ലം കളക്ടര്‍ ഷൈനമോള്‍ തട്ടമിടാത്തതായിരുന്നു അവരുടെ പരിദേവനം. ആസിഫ് അലിയുടെ ഭാര്യ തട്ടമിടാത്തതിന് ആസിഫ് അലിയുടെ ഫെയ്‌സ് ബുക്ക് വാളിൽ പോയി 'ദീനി ബോധത്തിൻറ്റെ' പേരിൽ ആസിഫ് അലിയെ പൂരേ തെറി വിളിച്ചു. ഇപ്പോൾ മുഹമ്മദ് ഷമിയുടെ ഭാര്യയെ തട്ടമിടീക്കാനും 'ദീനി ബോധമുള്ള' യുവാക്കൾ രംഗത്ത്!!!! ഡ്രസ് ഇടുക എന്നൊക്കെ പറഞ്ഞാൽ അത് വ്യകതി സ്വാതന്ത്ര്യം അല്ലേ? ഓരോരുത്തരുടെയും സ്വാതന്ത്ര്യം അല്ലേ അവരവർക്കിഷ്ടപ്പെട്ട വേഷങ്ങൾ തിരഞ്ഞെടുക്കുന്നത്? സ്വന്തം ദേഹത്തേക്ക് ഓരോ വ്യക്തിക്കും നോക്കിയാൽ പോരേ?

ഇനി അതിനേക്കാളെല്ലാം ഉപരിയായുള്ള മറ്റൊരു കാര്യമുണ്ട്. അത് പുരുഷ മേധാവിത്ത്വവുമായി ബന്ധപ്പെട്ടതാണ്. സ്വന്തം ഭർത്താവിന് മാത്രം ആസ്വദിക്കുവാൻ ഉള്ളതാണ് ഭാര്യയുടെ സൗന്ദര്യം എന്നതാണ് കണ്ണ് മാത്രം വെളിയിൽ കാണിച്ചു കൊണ്ട് കറുപ്പിൻറ്റെ മേലങ്കി മൂടിപ്പുതപ്പിക്കുമ്പോൾ ചില പുരുഷ കേസരിയുടെ വാദം. ഭാര്യക്കും ഇത്‌ തിരിച്ചും പറയാമല്ലോ. സ്വന്തം ഭർത്താവിൻറ്റെ സൗന്ദര്യം  ഭാര്യക്ക്‌ മാത്രം ആസ്വദിക്കുവാൻ ഉള്ളതാണെന്ന് ഭാര്യമാർക്കും അവകാശ വാദം ഉന്നയിക്കാമല്ലോ. അത് കൊണ്ട് തന്നെ കണ്ണുകൾ മാത്രം വെളിയിൽ കാണിക്കുന്ന കറുപ്പിൻറ്റെ മേലങ്കി പർദ്ദ അടിച്ചേൽപ്പിക്കുന്ന പുരുഷ കേസരികളും ധരിക്കേണ്ടേ? അതല്ലേ ന്യായം? അതല്ലേ നീതി ബോധം? മറ്റൊരാളോട് ഒരു കാര്യം ചെയ്തു കാണിക്കുവാൻ പറയുന്നതിന് മുൻപ് അവനവൻ തന്നെ അത് ചെയ്തു കാണിച്ചു കൊടുക്കുന്നതല്ലേ നല്ലത്?

2017 ജൂലൈ 25, ചൊവ്വാഴ്ച

കേരളത്തിൻറ്റെ നവോത്ഥാന മൂല്യങ്ങളിൽ കാണുന്ന മൂല്യച്ച്യുതി

കേരളത്തിൻറ്റെ നവോത്ഥാന മൂല്യങ്ങളിൽ സമീപ കാലത്തു വലിയ ഇടിവുണ്ടാതായിട്ടാണ് തോന്നുന്നത്. ജാതിയും, മതവും പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നു. ജാതിമത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു കേരളത്തിൻറ്റെ നവോത്ഥാന പ്രസ്ഥാനത്തിൻറ്റെ ചുക്കാൻ പിടിച്ച ശ്രീ നാരായണ അടിസ്ഥാനപരമായ വീക്ഷണം. ഗുരു വചനത്തിൻറ്റെ കാതൽ നോക്കൂ: 
"അവനവനാത്മ സുഖത്തിനാചരിപ്പതു
അപരന്നു സുഖത്തിനായ് വരേണം" - ഇതായിരുന്നു പ്രധാനമായ ഗുരു വചനം. തന്നെ പോലെ തൻറ്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് ക്രിസ്തു വചനത്തിന് സമാനമായുള്ള ഒന്നാണിത്. ഈ ഭൂമിയിൽ വെറുതെ ജീവിച്ചു മരിക്കുന്നതിലും ശ്രേഷ്ഠം അശരണർക്ക് നമ്മളെക്കൊണ്ട് കഴിയുന്ന സഹായം അല്ലെങ്കിൽ ഉപകാരം ചെയ്യുക - ഇതാണ് ഇതിൻറ്റെ അർഥം. അവനവനിലും, മറ്റുള്ളവരിലും ഈശ്വരനെ ദർശിക്കുവാൻ സാധിക്കുക എന്നതാണ് ഗുരു ദർശനം. ശ്രീ നാരായണ ഗുരു കണ്ണാടി പൂജ നടത്തിയത് അതിനു വേണ്ടിയാണ്. പണ്ട് ബൈബിൾ വചനങ്ങൾ പോലെ കേരളത്തിൽ അങ്ങോളം, ഇങ്ങോളം എഴുതി വെച്ചിരുന്നതാണ് ഗുരു വചനങ്ങൾ. നാരായണ ഗുരുവിനെ കുറിച്ച് പഠിക്കുവാൻ സ്വദേശീയരും, വിദേശീയരും ആയ പലരും വന്നു. ഇന്നിപ്പോൾ ഗുരു  ദർശനങ്ങൾക്കൊന്നും ഒരു സ്ഥാനവുമില്ല എന്നത് സമാധാന പ്രിയരെ - അവർ ഏതു മതത്തിൽ ഉള്ളവര ആയിക്കോട്ടെ, ദുഖിപ്പിക്കുന്ന കാഴ്ചയാണ്. 

"ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാ സ്ഥാനമാണിത്" എന്ന മഹത്തായ മാനവിക ദർശനം ലോകത്തിനു സംഭാവന ചെയ്ത നവോത്ഥാന നായകൻ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് - ജാതി ചോദിക്കരുത്, പറയരുത്, മതമേതായാലും, മനുഷ്യൻ നന്നായാൽ മതി" എന്നും പറഞ്ഞു. "ഹിംസയെക്കാൾ വലിയ പാപമില്ല; മനുഷ്യൻറ്റെ സ്നേഹ ഗുണത്തെ അത് അപഹരിച്ചു കളയും" - എന്നും ഗുരു പറഞ്ഞു. 

"വിദ്യകൊണ്ട് സ്വതന്ത്രരാകുക, സംഘടനകൊണ്ട് ശക്തരാകുക" എന്ന ഗുരുവിൻറ്റെ ഉൽബോധനത്തെ സ്പർശിക്കുന്ന സാരവത്തായ ചർച്ചകളോ, പണ്ഡിതരുടെ പ്രഭാഷണങ്ങളോ ഇന്ന് നടക്കുന്നില്ല. പണ്ട് ചതയ ദിനാഘോഷത്തിൽ  എസ്. എൻ. ഡി. പി. യോഗം നടത്തുന്ന ജാഥയിൽ മുഴങ്ങി കേട്ടിരുന്ന ഒരു മുദ്രാവാക്യം ഇതാണ്:
“ജാതി വിചാരം പോകണമെങ്കി ൽ
ആര്യ വിചാരം പോയെ തീരൂ
ആര്യ വിചാരം പോകണമെങ്കിൽ
ഗുരുവിൻ വഴിയെ പോയെ തീരൂ” - അതൊന്നും ഇപ്പോൾ കേൾക്കുന്നില്ല. കുറച്ചു നാൾ മുമ്പ് മാതൃഭൂമി ചാനെലിൽ നടേശ ഗുരുവിൻറ്റെ പ്രായമായ ഒരു ശിഷ്യനുമായി ഒരു ഇൻറ്റെർവ്യൂ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് എനിക്ക് ജാതിയില്ല; മതമില്ല എന്നാണ്. ശ്രീ നാരായണീയൻമാർ ആകുമ്പോൾ അങ്ങനെ തന്നെയാണ് പറയേണ്ടതും. പക്ഷെ ഇന്നിപ്പോൾ നാരായണ ഗുരുവിനെയും വോട്ടു ബാങ്ക് രാഷ്ട്രീയത്തിൻറ്റെ ഭാഗമാക്കാൻ നോക്കുന്നവരോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.

പണ്ടുണ്ടായിരുന്ന ജാതി വേർതിരിവും, ശത്രുതയും ഇന്ന് പലരും രാഷ്ട്രീയ ലാഭത്തിനു വേണ്ടി മുതലാക്കുകയാണ്. സാഹിത്യത്തിൽ തിരുവിതാംകൂറിലെ നായരീഴവ ശത്രുതയെ കുറിച്ച് പി. കേശവദേവിൻറ്റെ പ്രസിദ്ധമായ നോവലായ 'അയൽക്കാർ' നന്നായി വിവരിക്കുന്നുണ്ട്. അതു ഇന്നും തുടരുന്നതാണ് അത്ഭുതം. കുറെ വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ നാടിനടുത്ത് ഒരു അമ്പല കമ്മിറ്റിയിൽ ഈഴവർ തിരഞ്ഞെടുക്കപ്പെട്ടു. അപ്പോൾ നായന്മാരെല്ലാം ആ അമ്പല കമ്മിറ്റിയിൽ നിന്ന് രാജി വെച്ചു. പുരോഗമനകാരികളായ പലരും നായന്മാരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ആ ഉദ്യമത്തിൽ അവർ വിജയിച്ചില്ല. രണ്ടു വർഷങ്ങൾക്ക് മുമ്പ് ഈഴവർ ഗുരു മന്ദിരം തുടങ്ങി.

ഗുരുവായൂർ സത്യഗ്രഹത്തിൻറ്റെയും, വൈക്കം സത്യഗ്രഹത്തിൻറ്റെയും, ക്ഷേത്ര പ്രവേശന വിളംബരത്തിൻറ്റെ ചരിത്രവും ഈഴവർ പെട്ടെന്ന് മറക്കില്ലെന്ന് തോന്നുന്നു. അമ്പലത്തിൽ പോയിട്ട്, അമ്പലത്തിൻറ്റെ ചുറ്റുമുള്ള റോഡുകളിൽ കൂടി നടക്കുവാൻ പോലും വൈക്കം സത്യഗ്രഹത്തിൻറ്റെ കാലത്തിനു മുമ്പ് വരെ ഈഴവർക്ക്‌ അവകാശം ഉണ്ടായിരുന്നില്ല. ഈഴവർക്ക് അവരുടെ മുതു മുത്തച്ചന്മാർ അവർ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ കഥകൾ പറഞ്ഞു കൊടുത്തിട്ടുണ്ടാവണം. അതായിരിക്കും നായരീഴവ ശത്രുത ഇന്നും തുടരുന്നത്. വെറുതെയാണോ, കേരളത്തിൽ അങ്ങോളം ഇങ്ങോളം ശ്രീ നാരായണ ഗുരുവിൻറ്റെ പ്രതിഷ്ഠയുള്ള ഗുരു മന്ദിരങ്ങൾ ഉയരുന്നത്? നായരീഴവ ശത്രുത ഇല്ലെങ്കിൽ നില നിൽക്കുന്നതും, ജീർണാവസ്ഥയിലുള്ളതും ആയ അനേകം അമ്പലങ്ങൾ പുനഃരുദ്ധരിച്ച് അവിടെ ഈഴവർക്ക്‌ മാന്യമായ സ്ഥാനം കൊടുത്താൽ പോരേ? കേരളത്തിൻറ്റെ നവോത്ഥാന മൂല്യങ്ങളിൽ സമീപ കാലത്തുണ്ടായ വലിയ ഇടിവാണ് ഗുരു മന്ദിരങ്ങളുടെ സ്ഥാപനങ്ങളിലൂടെ തന്നെ കാണുന്നത്.

2017 ജൂലൈ 21, വെള്ളിയാഴ്‌ച

കാശ്മീർ പ്രശ്നം

കഴിഞ്ഞ മാസം ഡൽഹിക്കുള്ള വിമാനത്തിൽ കൊച്ചിയിൽ നിന്ന് തിരിച്ചപ്പോൾ എൻറ്റെ അടുത്തിരുന്നത് കാശ്മീരി സുന്ദരിയായ റസിയ ആയിരുന്നു. റസിയയ്ക്ക് ഡൽഹിയിൽ എത്തിയിട്ട് കണക്ഷൻ ഫ്ലയിറ്റിൽ ജമ്മുവിലേക്കു പോണം. അതിൻറ്റെ കാര്യങ്ങൾ എന്നോട് കൂടെ കൂടെ ചോദിക്കുന്നുണ്ടായിരുന്നു. ഇംഗ്ളീഷ് അറിയില്ലെങ്കിലും, ഹിന്ദിയിൽ സാധാരണ കാശ്മീരി പെൺകുട്ടികളെ പോലെ യാതൊരു സങ്കോചവുമില്ലാതെയാണ് റസിയ സംസാരിച്ചത്. കറുത്ത പർദ്ദയായിരുന്നു റസിയയുടെ വേഷം.

കാശ്മീരിൽ പർദ്ദ എന്ന് വന്നു എന്ന് ചോദിക്കുന്ന ആൾക്ക് കാശ്മീരിലെ ഇന്നത്തെ പ്രശ്നങ്ങളുടെ ഉത്തരവും കിട്ടും. മുട്ട് വരെ നീളുന്ന കുർത്ത പോലത്തെ ഒരു കുപ്പായമായിരുന്നു 1980-കളുടെ മുമ്പ് വരെ കാശ്മീരി സ്ത്രീകളുടെയും, പുരുഷൻമാരുടെയും വേഷം. ഇസ്‌ലാമിക മത മൗലിക വാദത്തിൻറ്റെ ഭാഗമായി പർദ്ദ കാശ്മീരിൽ 1980-കൾക്ക് ശേഷം അടിച്ചേൽപ്പിക്കുവാൻ തുടങ്ങി. പർദ്ദ ധരിക്കാത്തവരുടെ ദേഹത്തു മഷി ഒഴിക്കുക; മുഖത്ത് ആസിഡ് ഒഴിക്കുക; കാലിൽ വെടി വെയ്ക്കുക - ഇത്തരം കലാപരിപാടികൾ കാശ്മീരിൽ വ്യാപകമാകാൻ തുടങ്ങിയപ്പോൾ മുതലാണ് ഇഷ്ടമല്ലെങ്കിൽ കൂടി കാശ്മീരി സ്ത്രീകൾ പർദ്ദ ധരിക്കുവാൻ തുടങ്ങിയത്.

കാശ്മീരിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് ഘോരഘോരം വാദിക്കുന്നവർക്ക് ഈ പർദ്ദ അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ച് എന്തെങ്കിലും പറയുവാൻ ഉണ്ടോ? ഇന്ത്യയിലെ എത്ര മതേതര സംഘടനകൾ പർദ്ദയ്ക്കെതിരെ നിലപാടെടുത്തു? കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും കാശ്മീർ വിഷയത്തിൽ സെമിനാർ നടത്തുന്നവർ ഈ പർദ്ദ അടിച്ചേൽപ്പിക്കുന്നത് കാണുന്നുണ്ടോ? ജെ. എൻ. യു.-വിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കു വേണ്ടി അന്തി ചർച്ച നടത്തിയ മീഡിയ വണ്ണിന് കാശ്മീരിൽ ആസിഡ് ഒഴിച്ചും, മഷി ഒഴിച്ചും, വെടി വെച്ചും പർദ്ദ അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ? കാശ്മീരി പണ്ഡിറ്റുകളുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി ഇവരൊക്കെ  അനുകൂലമായി നിലപാട് എടുക്കുന്നുണ്ടോ? 1988-ൽ അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷം തീവ്ര ഇസ്‌ലാമിക സംഘടനകളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം ഇവർക്കൊക്കെ അറിയാത്തതാണോ?

സത്യത്തിൽ എന്താണ് കാശ്മീർ വിഷയം? വളരെ സങ്കീർണമായ വിഷയമാണ് കാശ്മീരിലേത്. കാശ്മീർ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ജമ്മുവിൻറ്റെ പ്രശ്നമുണ്ട്; ലഡാക്കിൻറ്റെ പ്രശ്നമുണ്ട്; പാക് അധീന കാശ്മീരിൻറ്റെ പ്രശ്നമുണ്ട്; മറ്റു മേഖലയുടെയും പ്രശ്നമുണ്ട്. 1947-ൽ പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ കാശ്മീർ ജനതയ്ക്ക് നേരെ ഹരിസിംഗ് രാജാവ് നിറയൊഴിക്കാൻ ഉത്തരവിട്ടു. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഇതിന് ഒരു മാസം മുമ്പുതന്നെ ജമ്മുവിൽ ഹിന്ദുക്കളും സിഖുകാരും രാജഭരണത്തിൻറ്റെ സഹായത്തോടെ തിരിച്ചടിയ്ക്കാൻ തുടങ്ങിയിരുന്നു. പതിനായിരക്കണക്കിന് മുസ്ലീംങ്ങൾ ജമ്മുവിൽ നിന്ന് പ്രക്ഷോഭത്തിൻറ്റെ പ്രഭവകേന്ദ്രമായ പൂഞ്ചിൽ നിന്ന് പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. 1947ഒക്ടോബര് 22 ന് പുഞ്ചിലെ വിപ്ലവകാരികളുടെ സഹായത്തോടെ ആയുധധാരികളായ ആയിരക്കണക്കിന് പഠാൻ ഗോത്രവർക്കാർ കാശ്മീരിനെ ആക്രമിച്ചു. ഹിന്ദുക്കളെയും സിഖുകാരെയും കൊന്നു. ശേഷിച്ചവരിൽ 60,000 ലേറെ പേർ ജമ്മുവിലേക്കു ഓടിരക്ഷപ്പെട്ടു. ഹിന്ദു വിരുദ്ധപ്രക്ഷോഭം അയൽ പ്രദേശങ്ങളായ മിർപൂറിലേക്കും മുസാഫറബാദിലേക്കും പടർന്നു. 1947 ഒക്ടോബർ 24 ന് പുഞ്ചിലെ വിപ്ലവകാരികൾ 'ആസാദ് കാശ്മീർ' എന്ന പേരിൽ സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചു. ഇവർക്ക് പാകിസ്ഥാൻറ്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ലയിഖത്ത് അലിഖാൻറ്റെ സർവ്വ വിധ സഹായങ്ങളും ഉണ്ടായിരുന്നു. പഠാൻ ഗോത്ര വർഗ്ഗക്കാരുടെ ആക്രമണത്തെ തടയാൻ ജമ്മു-കാശ്മീർ രാജാവ് ഇന്ത്യാ ഗവണ്മെൻറ്റിൻറ്റെ സഹായം തേടി. എന്നാൽ, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യൻ പട്ടാളത്തെ അയയ്ക്കാൻ നിർവ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്മെൻറ്റ് ഹരി സിംഗിനെ അറിയിച്ചു. ഇതിനെ തുടർന്ന്, 1947 ഒക്ടോബര് 26 - ന്, 75 ശതമാനം മുസ്ലീം ജനതയുള്ള ജമ്മു -കാശ്മീർ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) ഹരി സിംഗും ഇന്ത്യാ ഗവണ്മെൻറ്റിനെ പ്രതിനിധീകരിച്ച് ലോർഡ് മൗണ്ട് ബാറ്റണും ഒപ്പുവച്ചു. അടിസ്ഥാനപരമായി കാശ്മീരിൽ നിന്നു ഭീഷണിയാൽ ഓടി പോരേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നമുണ്ട്; ജമ്മുവിൽ നിന്ന് ഭീഷണിയാൽ ഓടി പോരേണ്ടി വന്ന മുസ്ലീങ്ങളുടെയും പ്രശ്നമുണ്ട്.

1948-ലെ  Instrument of Accession-നോടൊപ്പമുള്ള ധവള പത്രത്തിൽ വ്യക്തമാക്കിയ കാര്യങ്ങളനുസരിച്ച് പ്രതിരോധം, വാർത്താ വിനിമയം, വിദേശം എന്നീ മേഖലകളിൽ ആണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്. 1947 ഒക്ടോബർ 27 ന് ഇന്ത്യൻ പട്ടാളം ജമ്മു-കാശ്മീരിൽ പ്രവേശിച്ചു. അന്ന് തൊട്ടിന്നു വരെ പട്ടാളത്തിൻറ്റെ നിയന്ത്രണത്തിലാണ് ജമ്മു ആൻഡ് കാശ്മീർ. 1948 ജനുവരി ഒന്നാം തീയതി ഇന്ത്യ കാശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ മുന്നിലെത്തിച്ചു. തുടർന്ന് പാകിസ്ഥാനും ഇതേ ആവശ്യവുമായി ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഇന്ത്യയുടെയും പാകിസ്ഥാൻറ്റെയും ഭാഗങ്ങൾ വിശദമായി കേട്ടശേഷം 1948 ഏപ്രിൽ ഇരുപത്തി ഒന്നാം തീയതി പ്രമേയം (നമ്പർ 47) പാസാക്കി. ഇതിനെ തുടർന്ന്, പ്രശ്നം പഠിച്ചു റിപ്പോർട്ട് ചെയ്യാൻ അർജൻറ്റിന, ബെൽജിയം, കൊളംബിയ, ചെക്കോസ്ലോവാക്കിയ, അമേരിക്ക എന്നീ അഞ്ചു രാജ്യങ്ങളുടെ പ്രതിനിധികളെ നിയോഗിച്ചു. ഈ കമ്മീഷൻറ്റെ ഇടപെടലിനെ തുടർന്നാണ് കാശ്മീരിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ആദ്യവിജയം കണ്ടെത്തിയത്. കമ്മീഷൻറ്റെ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്: ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണോ കാശ്മീരിൻറ്റെ ഭാഗമാണോ എന്നത് സ്വതന്ത്രമായി നടത്തുന്ന ഹിതപരിശോധന തീരുമാനിക്കും; ഇതിനു വേണ്ടി ഒരു Plebiscite അഡ്മിനിസ്ട്രേറ്റർ-നെ ഐക്യ രാഷ്ട്രസഭ നാമ നിർദ്ദേശം ചെയ്യും; അന്തിമ തീരുമാനം ഹിത പരിശോധന അനുസരിച്ചായിരിക്കും; പലായനം ചെയ്ത മുഴുവൻ ജനതയെയും തിരിച്ചുകൊണ്ടുവന്ന് ഹിതപരിശോധനയിൽ പങ്കെടുപ്പിക്കും; രണ്ടു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കണം.

1949 ജനുവരി ഒന്നാം തീയതി വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് കാശ്മീരിൻറ്റെ ഭൂരിഭാഗവും - ജമ്മുവും, ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. ആസാദ് കാശ്മീർ എന്ന പ്രദേശവും ചില വടക്കൻ പ്രവിശ്യകളും പാകിസ്ഥാൻറ്റെ അധീനതയിലും. പാകിസ്ഥാൻറ്റെ കൈവശം ഇരിക്കുന്ന ഭൂമിയെയാണ് ഇന്ത്യ പാക് അധീന കാശ്മീർ (POK) എന്ന് പറയുന്നത്. ഇന്ത്യയും, പാക്കിസ്ഥാനും വെടിനിർത്തൽ നടപ്പിലാക്കി. പക്ഷെ, രണ്ടു രാജ്യങ്ങളും അവരവരുടെ കൈയ്യിലെ ഭൂപ്രദേശം സ്വന്തമായി കണക്കാക്കി. രണ്ടു രാജ്യങ്ങളിലെയും പട്ടാളത്തിൻറ്റെ നിയന്ത്രണത്തിലാണ് ജമ്മു ആൻഡ് കാശ്മീരും,  പാക് അധീന കാശ്മീരും.

പിന്നീട് കാശ്മീർ പ്രശ്നം വഷളായത് നെഹ്‌റു ഷെയ്ക്ക് അബ്‌ദുള്ളയെ തടവിലാക്കുകയും, 1966-ലെ യുദ്ധത്തിന് ശേഷവുമായിരുന്നു. 1966-ലെ യുദ്ധം വരെയും പ്രശ്ന പരിഹാരങ്ങൾക്ക് പല നിർദേശങ്ങളും ഉണ്ടായിരുന്നു. അനാവശ്യമായി 1966-ൽ പാക്കിസ്ഥാൻ ആക്രമിച്ചതിന് ശേഷം പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ഇനി പാക്കിസ്ഥാനുമായി കാശ്മീർ പ്രശ്നത്തിൽ ചർച്ച സാധ്യമല്ല എന്ന് ഷെയ്ക്ക് അബ്‌ദുള്ളയോട് പറയുന്നുണ്ട്. ചരിത്രകാരൻ രാമ ചന്ദ്ര ഗുഹ തൻറ്റെ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന പുസ്തകത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയും ഷെയ്ക്ക് അബ്‌ദുള്ളയുമായുള്ള ചർച്ച സവിസ്തരം പ്രദിപാദിക്കുന്നുണ്ട്. 1988-ൽ അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷം അഫ്‌ഗാനിസ്ഥാൻ, ചെച്നിയ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള തീവ്ര ഇസ്‌ലാമിക സംഘടനകളിൽ പെട്ട ആയുധ ധാരികളായ തീവ്ര വാദികളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം ആണ് പിന്നീട് കാശ്മീർ പ്രശ്നം തീർത്തും വഷളാക്കിയത്.'ദ കാർപ്പറ്റ് വാഴ്സ്' എന്ന പുസ്തകത്തിൽ ഈ വിദേശ തീവ്രവാദികളുടെ ഇടപെടൽ  നന്നായി പറയുന്നുണ്ട്.

ഇപ്പോൾ സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുകയാണ്. ഇതനുസരിച്ച് ദിവസം ചെല്ലുന്തോറും കാശ്മീർ മൗലികവാദ ആശയത്തോട് അടുക്കുകയാണ്. ജനതയിൽ വിഭാഗീയത ഉണ്ടാക്കുന്നതിൽ ചില മുസ്ലീ പള്ളികളിലെ ചില മുസ്ലിം പുരോഹിതന്മാരും ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ. ഇസ്ലാമിലെ മിതവാദികളായ വിഭാഗമായ ഹനാഫി/ബാരെൽവി വിശ്വാസത്തിലുള്ളവരായിരുന്നു ഈ അടുത്ത കാലം വരെ കാശ്മീരി മുസ്ലീങ്ങളിൽ ഭൂരിഭാഗം പേരും. ഇപ്പോൾ മൗലികവാദി വിഭാഗമായ അഹിൽ-ഇ-ഹാദിത്തിലേക്ക് മാറുന്നവർ പെരുകുകയാണ്. സൗദിയിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട സലഫിസം അഥവാ വഹാബിസത്തിന്റെ പ്രാദേശിക പതിപ്പാണിത്. അതു കൊണ്ട് വർഷം തോറും നിരവധി സൂഫി വര്യമന്മാരുടെ കുടീരങ്ങളിൽ നടത്തി വരാറുള്ള ഫെയറുകളുടെ എണ്ണത്തിലും കാശ്മീരിൽ കുറവ് വന്നിരിക്കുന്നതായും കാണാം. ആറ് മില്യൺ മുസ്ലീങ്ങളുള്ള കാശ്മീർ താഴ് വരയിൽ നിലവിൽ ഒരു മില്യൺ പേർ തീവ്ര അഹിൽ-ഇ-ഹാദിത്തിൻറ്റെ അനുയായികളായി മാറിയിരിക്കുന്നു.  ഇപ്പോൾ കാശ്മീരിൽ തന്നെയുള്ള തീവ്ര ഇസ്ലാം സംഘടനകളായ ഡിയോബാൻഡി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവയുമായി ഒന്നിച്ച് ചേർന്ന് മറ്റു തീവ്ര വാദം പറയുന്നവരും പ്രവർത്തിക്കാനാരംഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹര്യത്തിൽ കാശ്മീരിലെ സുന്നി സ്കൂളുകളെ ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമിൽ അണിനിരത്തിക്കൊണ്ട് ഇത്തിഹാദ് ഇ മില്ലാറ്റ് എന്ന കൂട്ടായ്മയും നിലവിൽ വന്നിരിക്കുന്നു. സുന്നികളിലെ വ്യത്യാസങ്ങൾ ഇല്ലാതാക്കി അവരിലെ ഐക്യം വളർത്തുന്നതിന് വേണ്ടിയാണിത്. ബുർഹാൻ വാനിയുടെ വധത്തോടെയാണ് കാശ്മീർ താഴ്വര കൂടുതൽ കലുഷിതമായത്. കശ്മീർ ഇങ്ങിനെ പുകഞ്ഞു നിൽക്കേണ്ടത് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യമാണ്. മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഇസ്ലാമിക മതമൗലിക വാദം ശക്തിയാർജിക്കാൻ കാരണം സോഷ്യൽ മീഡിയയും പത്രമാധ്യമങ്ങളും ആണെന്നും തോന്നുന്നു. എന്തായാലും സഞ്ചാരം സി.ഡി. ഇറക്കുന്ന സന്തോഷ് ജോർജ് കുളങ്ങര പറയുന്നത് കാശ്മീരിൽ ടൂറിസം തിരിച്ചു വരുന്നു എന്നാണ്. അനേകം സഞ്ചാരികളെ അദ്ദേഹത്തിന് കാണാൻ സാധിച്ചു എന്നുമാണ് കാശ്മീർ സന്ദർശിച്ചതിനു ശേഷം സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്.

കാശ്മീരിന് ഇന്നാവശ്യം വാണിജ്യവും, വ്യവസായവും ആണ്. സംസ്ഥാനത്തു വികസനം ഉണ്ടാവുമ്പോൾ തന്നെ പല പ്രശ്നങ്ങളും മാറി കിട്ടും. വിനോദ സഞ്ചാരവും, കൈത്തറിയും ഒക്കെ കാശ്മീരിൻറ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഏതൊരു പ്രദേശത്തെയും പോലെ പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ - ഇവയൊക്കെ കാശ്മീരിലുണ്ട്. യുവാക്കൾക്ക് തൊഴിൽ കിട്ടിയാൽ തന്നെ അവർ തീവ്ര വാദത്തിൽ നിന്നു മാറി ക്രിയാത്മക പ്രവർത്തനങ്ങളിലേക്ക് നീങ്ങും. അതിലേയ്ക്കാണ് ഇരു രാജ്യങ്ങളും ശ്രമിക്കേണ്ടത്. എല്ലാത്തിനും ഉപരിയായി കാശ്മീരിൽ സാമുദായിക സൗഹാർദം പുനഃസ്ഥാപിക്കണം. അതിനുള്ള എല്ലാ വഴികളും ആരായണം. പാക്കിസ്ഥാൻ അതിനു സഹകരിക്കാൻ തയാറായില്ലെങ്കിൽ ഇന്ത്യ ഒറ്റക്കു ആ വഴി മുന്നേറാൻ ഉള്ള നിശ്ചയ ദാർഢ്യo  കാണിക്കണം.

ബി.ജെ.പി. -യിലെ കോഴ വിവാദം

 ഏഷ്യാനെറ്റ് ചാനലിൽ  ബി.ജെ.പി. റിപ്പോർട്ടിൻറ്റെ പകർപ്പ് പ്രസിദ്ധപ്പെടുത്തിയതിനാൽ കോഴ കൈപറ്റിയെന്നുള്ള ആരോപണം ഒരു രീതിയിലും നിഷേധിക്കാനാവാത്ത സ്ഥിതിയിലാണ് കേരളത്തിലെ ബി.ജെ.പി. ഘടകത്തിൻറ്റെ ഇപ്പോഴത്തെ അവസ്ഥ.  കോഴ വിവാദത്തിൽ ആരോപണം ഉയർന്ന നേതാവ് ആർ.എസ്. വിനോദിനെ പുറത്താക്കി മുഖം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇപ്പോൾ. മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബി.ജെ.പി.-യിലെ നേതാക്കൾ വാങ്ങിയതായി ഇതേക്കുറിച്ച് അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ട് നൽകുകയും ആ റിപ്പോർട് ഏഷ്യാനെറ്റ് പോലെയുള്ള മാധ്യമങ്ങളിലൂടെ പുറത്താവുകയും ചെയ്തതിനു ശേഷമാണ് ഈ പുറത്താക്കൽ നടപടി. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജ് ആരംഭിക്കാനായി ഇന്ത്യൻ മെഡിക്കൽ കൗൺസിലിൻറ്റെ  അനുമതി വാങ്ങിക്കൊടുക്കാൻ ബിജെപി നേതാവ് 5.6 കോടി രൂപ കൈപ്പറ്റിയെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വിനോദിനെതിരെ ആരോപണം ശക്തമാകുന്നത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷനാണ് കോഴ വാങ്ങിയതായി കണ്ടെത്തിയത്. കോളേജ് തുടങ്ങാൻ കോഴ വാങ്ങിയതിനു പുറമെ നേതാക്കൾ നടത്തുന്ന ഹവാല- കള്ളപ്പണ ഇടപാടുകളെ  കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്.

വർക്കലയിലെ എസ്.ആർ. കോളേജ് ഉടമ ആർ. ഷാജിയിൽനിന്ന് ബി.ജെ.പി. സഹകരണ.സെൽ കൺവീനർ ആർ. എസ്. വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നൽകിയതായി ഷാജി മൊഴി നൽകിയെന്നും റിപ്പോർട്ടിലുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു. ബി.ജെ.പി. സംസ്ഥാന വൈസ്പ്രസിഡൻറ്റ് കെ. പി. ശ്രീശൻ, സംസ്ഥാന സെക്രട്ടറി എ. കെ. നസീർ എന്നിവരടങ്ങുന്ന അന്വേഷണ കമ്മിഷൻ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആർ. ഷാജി ബി.ജെ.പി. സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്. ഷാജിയുടെ പരാതിയിലില്ലാത്ത എം. ടി. രമേശിൻറ്റെ പേരു കൂടി അന്വേഷണത്തിനിടെ കടന്നു വന്നതായി റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് മെഡിക്കൽ കോളേജ് തുടങ്ങാൻ രമേശ് മുഖേന കാശ് നൽകിയെന്നായിരുന്നു പരാമർശം.

ഇതു കൂടാതെ ബി.ജെ.പി.-യെ വെട്ടിലാക്കാൻ പോന്ന നിരവധി അഴിമതി ആരോപണ കഥകൾ വരാനിരിക്കുന്നതായിട്ടാണ് പല മാധ്യമ റിപ്പോർട്ടുകളും. തിരുവനന്തപുരം ടെക്‌നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിൻറ്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ഒരു ആരോപണമുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾ, സ്ഥലം മാറ്റങ്ങൾ ഗവർണർ പദവി - അങ്ങനെ പണം എറിഞ്ഞാൽ ഈ വിഷയങ്ങളൊക്കെ കേരള ബി.ജെ.പി. നേതൃത്ത്വം ഏറ്റെടുക്കുവാൻ തയാറായിരുന്നു എന്ന മട്ടിലാണ് ഇപ്പോൾ പല റിപ്പോർട്ടുകളും, ചാനൽ ചർച്ചകളും പുരോഗമിക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾ, സ്ഥലം മാറ്റങ്ങൾ, കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ടും കേരള ബി.ജെ.പി. നേതൃത്ത്വം പണം വാങ്ങുന്നു എന്നും ആരോപണങ്ങൾ ഉണ്ട്.

ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയം അങ്ങേയറ്റം അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുന്നു എന്നു തന്നെയാണ് ഈ ആരോപണങ്ങളും ബി.ജെ.പി. അന്വേഷണ കമ്മീഷൻറ്റെ കണ്ടെത്തലുകളും തെളിയിക്കുന്നത്. രാഷ്ട്രീയം വഴി കുടുംബം പുലർത്തുന്നവരും, ബന്ധുക്കളെ സഹായിക്കുന്നവരും, സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തുന്നവരും എല്ലാ പാർട്ടികളിലും ഉണ്ട്. പക്ഷെ അഴിമതിക്കെതിരെ കേരളം മുഴുവന്‍ ജാഥ നടത്തിയ പാർട്ടിയാണ് ഇപ്പോൾ വമ്പൻ അഴിമതി നടത്തിയതായി തെളിയിക്കപ്പെട്ടിരിക്കുന്നത്. ദേശ സ്നേഹത്തിൻറ്റെ കുത്തക അവകാശപ്പെടുന്ന പാർട്ടിക്കാർ കള്ളനോട്ടടിക്കാനും ഹവാല നടത്താനും പോകുന്നത് പൊറുക്കാനാവാത്ത അപരാധമാണ്.

ഇന്നത്തെ രാഷ്ട്രീയക്കാരിൽ മിക്കവരും കീശ വീർപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരാണെന്ന് സാമാന്യ ബോധം കുറച്ചൊക്കെ ഉള്ളവർക്ക് അറിയാം. ഈ ഇന്ത്യ മഹാരാജ്യത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും, നേതാക്കളും കമ്മീഷൻ പറ്റി തന്നെയാണ് ജീവിക്കുന്നത്. ഇന്നത്തെ രാഷ്ട്രീയത്തിൽ എല്ലാവരും കാശു വാങ്ങിക്കുന്നവരാണ്. കോൺഗ്രെസിലും, പ്രാദേശിക പാർട്ടികളിലും കമ്മീഷൻ പോകുന്നത് വ്യക്തികൾക്കാണ് എന്നേയുള്ളൂ. ബി.ജെ.പി., സിപിഎം - ഇവ കേഡർ സംവിധാനത്തിലുള്ള പാർട്ടികളായതു കൊണ്ട് കമ്മീഷൻ പോകുന്നത് പാർട്ടിക്കാണെന്നേയുള്ളൂ. പിന്നെ കൊടുക്കുന്നവരും, വാങ്ങിക്കുന്നവരും തമ്മിൽ ഒരു ധാരണയും, confidentiality -യും ഉള്ളതുകൊണ്ട് ഇതൊന്നും തെളിയിക്കുക മിക്കപ്പോഴും അസാധ്യമാണ്. പിന്നെ രാഷ്ട്രീയത്തിൽ പരസ്പരം ആരോപണം ഉന്നയിക്കുന്നതും, നാടകം കളിക്കുന്നതും സർവ സാധാരണം മാത്രം.

സാമ്പത്തിക ശാസ്ത്രത്തിൽ ഇങ്ങനെ കോഴ വാങ്ങിക്കുന്നതിനെ പറ്റി 'റെൻറ്റ് സീക്കിങ്' എന്ന തിയറി തന്നെ ഉണ്ട്. ബി.ജെ.പി.-യെ ശക്തമായി പിന്തുണയ്ക്കുന്ന കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫെസ്സർ ജഗദീഷ് ഭഗവതിയാണ്  ഈ തിയറിയുടെ പ്രധാനപ്പെട്ട ഒരു ഉപജ്ഞാതാവ് എന്നത് വലിയൊരു വിരോധാഭാസം തന്നെയാണ്. ഭരണകൂടത്തെ നില നിർത്തുന്നതിൽ രാഷ്ട്രീയക്കാരുടെ പങ്കു നിർണായകമാണ്. സമൂഹത്തെയും, വ്യവസായികളെയും സമൂഹത്തിലെ പ്രബലരായ സാമ്പത്തിക ശക്തികളെയും കെട്ടുറപ്പോടെ മുന്നോട്ടു കൊണ്ടുപോകുമ്പോൾ രാഷ്ട്രീയക്കാരൻ അതിനുള്ള പ്രതിഫലം അല്ലെങ്കിൽ 'റെൻറ്റ്' ചോദിച്ചു വാങ്ങിക്കുകയാണ്. ഇത് ഇന്നത്തെ സാഹചര്യത്തിൽ പണമായും, റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപമായും, അല്ലെങ്കിൽ കമ്പനികളിൽ ഓഹരിയായും, വിദേശ ബാങ്കുകളിൽ നിക്ഷേപമായുമൊക്കെ വരും.  ഇങ്ങനെ 'റെൻറ്റ്' രാഷ്ട്രീക്കാരൻറ്റെ പേരിൽ ജനങ്ങളറിയാതെ പല രീതിയിൽ വരുന്നു. ഇങ്ങനെയുള്ള 'റെൻറ്റ് സീക്കിങ്ങിൽ' നിന്ന് ഒരു രാഷ്ട്രീയ പാർട്ടിയും ഇന്നത്തെ ഇന്ത്യയിൽ മുക്തമല്ല.

പലപ്പോഴും രാഷ്ട്രീയക്കാർക്ക് പണം പറ്റുന്നതിനായി ഏതെങ്കിലും ഫെയ്ക്ക് കമ്പനികൾ ഉണ്ടാക്കും. എന്നിട്ട് ബാങ്ക് അക്കൌണ്ട് തുടങ്ങും. പണം കിട്ടി കഴിഞ്ഞാൽ ബാങ്ക് അക്കൌണ്ടും, കമ്പനിയും എല്ലാം അടച്ചു പൂട്ടും. കംബ്യൂട്ടറിൽ നിന്ന് പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് എല്ലാ രേഖകളും നീക്കും. പിന്നെ അന്വേഷണ ഉദ്യോഗസ്ഥന്മാർ എങ്ങനെ കണ്ടു പിടിക്കാനാണ്‌? ഇന്ത്യയിൽ ഇപ്പോൾ പണത്തിൻറ്റെയും, കമ്മീഷൻറ്റെയും കാര്യത്തിൽ കുറച്ചെങ്കിലും ധാർമികത പാലിക്കുന്നത് ആം ആദ്മി പാർട്ടി മാതമാണ്. പക്ഷെ അവരും അവരുടെ സമ്മേളനങ്ങൾക്ക് നല്ല പോലെ പണം ചിലവഴിക്കുന്നുണ്ട്.  അവരുടെ സമ്മേളനങ്ങൾ ഡൽഹിയിൽ കണ്ടിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ ആം ആദ്മി പാർട്ടി ക്കാരും നല്ല പോലെ പണം ഒഴുക്കുന്നുണ്ട്‌ എന്നത് ഇതെഴുതുന്ന ആൾക്ക് കൃത്യമായി പറയാൻ സാധിക്കും.

എല്ലാ രാഷ്ട്രീയ പാർടികളും കൊർപ്പെറെറ്റുകളിൽ നിന്നും, വ്യവസായ പ്രമുഖരിൽ നിന്നും, കള്ള പണക്കാരിൽ നിന്നും  പിരിക്കും. നമ്മുടെ നില നിൽക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയിൽ പണം ഇല്ലാതെ രാഷ്ട്രീയ പ്രവർത്തനം സാധ്യമല്ല. ഒരു MLA ആയി മത്സരിക്കാൻ കുറഞ്ഞത് 50-60 ലക്ഷം, ഒരു M .P . ആയി മത്സരിക്കാൻ കുറഞ്ഞത് ഒന്ന്, ഒന്നര കോടി - ഇതാണ് ചിലർ അവതരിപ്പിക്കുന്ന ഒരു ഏകദേശ കണക്ക്. ഈ കോടികളും, ലക്ഷങ്ങളും എവിടുന്നു വരുന്നു? ഏതെങ്കിലും രാഷ്ട്രീയ പാർട്ടി അവരുടെ കൃത്യമായ കണക്കുകൾ കാണിക്കാറുണ്ടോ? ഡൽഹിയിൽ 'സ്യൂട്കേസ് പൊളിറ്റിക്സ്' എന്ന പദ പ്രയോഗം തന്നെ ഉണ്ടായിരുന്നു. ഇന്ത്യയിൽ കള്ള പണം ഒഴുകുന്നതിൻറ്റെ പ്രധാന കാരണം ഈ രാഷ്ട്രീയ പാർട്ടികളുടെ 'പിരിക്കൽ ' ആണ്. ഇത് കള്ള പണത്തെ കുറിച്ച് പഠിച്ച പലരും ചൂണ്ടി കാണിച്ചിട്ടുമുണ്ട്.

അഴിമതിക്കാരെ ഒക്കെ ശിക്ഷിക്കണമെങ്കിൽ സ്വതന്ത്ര ചുമതലയുള്ള പോലീസ് കമ്മീഷൻ വരണം. അങ്ങനെയുള്ള സ്വതന്ത്ര ചുമതല വഹിക്കുന്ന പോലീസ് കമ്മീഷന് നമ്മുടെ എല്ലാ രാഷ്ട്രീയ പാർട്ടികളും എതിരും ആണ്. കാരണം ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൈകൾ ശുദ്ധമല്ല. വ്യാപം ആഴിമതി കേസിൽ നീളുന്ന കൊലപാതകങ്ങളും, കള്ളപണത്തിൻറ്റെ ആശാനായ ലളിത് മോഡിയുമായുള്ള ബന്ധവും നാം ദിവസവും നേരത്തെ പത്രങ്ങളിൽ വായിച്ചതായിരുന്നല്ലോ. ഈ അഴിമതി ആരോപണത്തോട് കൂടി അതുകൊണ്ടു തന്നെ സംശുദ്ധ രാഷ്ട്രീയം വാഗാദാനം ചെയ്ത BJP - യുടെ രാജാവും ഇപ്പോൾ നഗ്നനല്ലേ ? ഇതിലും പുതുമയൊന്നും ഇല്ല. ഓം പ്രകാശ് ചൌട്ടാലയുടെ വീട് റെയ്ഡു ചെയതപ്പോൾ CBI കണ്ടെടുത്തത് 3000 കോടി രൂപയാണ്. നമ്മുടെ എല്ലാ രാഷ്ട്രീയക്കാരും കള്ളപണത്തിൻറ്റേയും, പെണ്ണ് പിടിയുടെയും, എല്ലാത്തരം വൃത്തികേടുകളുടെയും ആശാന്മാർ ആണ്; അല്ലെങ്കിൽ അതിനു കൂട്ട് നിൽക്കുന്നവരാണ് എന്നതാണ് ഈ ആരോപണങ്ങളും റെയ്ഡുകളും തെളിയിക്കുന്നത്.  അല്ലെങ്കിൽ അങ്ങേയറ്റം വിഷലിപ്തമായ ഇന്നത്തെ രാഷ്ട്രീയത്തിൽ അവർക്ക് നിലനിൽപ്പ് ഇല്ല.  ഈ സത്യം ജനത്തിനും വളരെ നന്നായി അറിയാം.

പക്ഷെ ഇപ്പോഴത്തെ 'Institutional Corruption' ആരോഗ്യ രംഗത്തെ ബാധിച്ചിരിക്കുന്ന കാര്യം സ്വന്തം ആരോഗ്യത്തെ കുറിച്ച് ഉൽകണ്ഠയുള്ളവരെല്ലാം പ്രത്യേകം ശ്രദ്ധിക്കണം. മെഡിക്കൽ കൗൺസിലും ഈ അഴിമതി ആരോപണത്തിൻറ്റെ ഭാഗമാകുകയാണ്‌. ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കൽ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാർത്ത നമ്മുടെ ഡോക്ടർമാരുടെ കഴിവിനേയും, അവരുടെ ധാർമികതയേയും ചോദ്യം ചെയ്യുന്ന ഒന്നാണ്. ഇത്തരം മെഡിക്കൽ കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടർമാർ പണ്ടത്തെ 'ടോംസ് കോമിക്സിൽ' കാണിച്ചു തന്നത് പോലെ ശവപ്പെട്ടിക്കും കമ്മീഷൻ വാങ്ങിക്കുന്ന ഡോക്ടർമാരായിരിക്കുമോ? എന്തായാലും ഇനി വെല്ലോ പ്രൈവറ്റ് ആശുപത്രിയിൽ മയങ്ങി കിടന്നതിനു ശേഷം എല്ലാ രോഗികളും അവരുടെ കിഡ്നിയും, കരളും ഒക്കെ ദേഹത്തുണ്ടെന്ന് ഒന്ന് കൂടി ഉറപ്പു വരുത്തുന്നത് നന്നായിരിക്കും.

2017 ജൂലൈ 20, വ്യാഴാഴ്‌ച

ഇന്ത്യ- ചൈന അതിർത്തിയിലുള്ള സംഘർഷാവസ്ഥ

സെൻസേഷണലിസം ഇപ്പോൾ മാധ്യമ പ്രവർത്തനത്തിൻറ്റെ അവിഭാജ്യ ഘടകമായി മാറുകയാണ് - അത് ഇന്ത്യയിലായാലും; ചൈനയിലായാലും. അത് കൊണ്ടാണ് ഇന്ത്യയെ ആക്രമിക്കാൻ സിക്കിം അതിർത്തിയിലേക്ക് വൻ സൈനിക നീക്കമെന്ന് ചൈനീസ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇന്ത്യയെ ആക്രമിക്കാൻ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി അഥവാ പി.എൽ.എ. സിക്കിം അതിർത്തിയിലേക്ക് വൻ സന്നാഹത്തോടെ നീങ്ങുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് ചൈനീസ് മാധ്യമങ്ങളിൽ സമീപ ദിവസങ്ങളിലായി നിറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ ഉള്ളത്. 

ദിനം പ്രതി പെരുകുന്ന മാധ്യമങ്ങളുടെ മത്സരയോട്ടത്തിൽ പിടിച്ചുനിൽക്കാൻ ഇങ്ങനെയൊക്കെ വാർത്ത കൊടുത്തില്ലെങ്കിൽ ശരിയാകില്ല. ഇപ്പോൾ ഈ ഇന്ത്യ- ചൈന അതിർത്തിയിലുള്ള നേരിയ സംഘർഷാവസ്ഥ സോഷ്യൽ മീഡിയയിലും വലിയ ചർച്ച ആകുകയാണ്. ഇന്ത്യ- ചൈന യുദ്ധം വരെ ഉണ്ടാകും എന്നാണു ചിലർ പ്രചരിപ്പിക്കുന്നത്. അങ്ങനെ യുദ്ധമുണ്ടായാൽ ആര് ജയിക്കും എന്ന് വരെ ചിലർ ആയുധശേഷിയും, സൈനികരുടെ എണ്ണവും പറഞ്ഞു കണക്കു കൂട്ടുന്നു.

ഇന്ത്യയും, ചൈനയും ആണവ ശക്തികൾ ആണ്. രണ്ട് ആണവ ശക്തികൾ തമ്മിൽ യുദ്ധം വന്നാൽ അത് രണ്ട് പേർക്കും വിനാശകരമായിരിക്കും എന്നത് ആർക്കാണ് അറിയാത്തത്? ഇനി അത് കൂടാതെ തന്നെ ചൈനയുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഇലക്രോണിക് ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ - ഇവയൊക്കെ ചൈനയിൽ നിന്നാണ്. ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന മൊബയിൽ ഫോണുകളിൽ ഒന്ന് ചൈനീസ് ഉൽപ്പന്നമായ   ഷവോമി റെഡ്മി ആണ്. ഷവോമിക്ക് ഇന്ത്യയിൽ ഫാക്റ്ററിയുമുണ്ട്. അത് കൂടാതെ ലെനോവോ, ഹയ്യർ - തുടങ്ങിയ വേറെയും ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിൽ സജീവമാണ്. ഇന്ത്യൻ മധ്യ വർഗത്തിന് വില കുറവുള്ളത് കൊണ്ട് ചൈനീസ് ഉൽപന്നങ്ങൾ വലിയ പഥ്യവുമാണ്. ഇതൊക്കെ അറിയാവുന്ന ചൈനീസ് സർക്കാർ തങ്ങളുടെ ഉൽപന്നങ്ങളുടെ ആ വമ്പൻ വിപണി വേണ്ടെന്നു വയ്ക്കുമോ? അറിഞ്ഞു കൊണ്ട് ചൈന തങ്ങളുടെ വരുമാന മാർഗം അടയ്ക്കുമോ? സ്വന്തം കഞ്ഞിയിൽ പാറ്റ ഇടുമോ?

ഇനി ആണവായുധം പ്രയോഗിച്ചില്ലെങ്കിൽ കൂടി ഇന്ത്യക്കെതിരെ ഒരു യുദ്ധം വിജയിക്കുന്നത് ചൈനയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. ഇതിനു പ്രധാന കാരണം ഇന്ത്യ-ചൈന അതിർത്തിയായി നില കൊള്ളുന്ന ഹിമാലയ പർവതമാണ്. ഹിമാലയത്തിൽ ഏതു സമയത്തും മഞ്ഞും, മഴയും പെയ്യാം. അങ്ങനെ മഞ്ഞും, മഴയും പെയ്ത് അതിർത്തിയിലെ ചുരങ്ങൾ അടഞ്ഞു പോയാൽ ഹിമാലയം കടന്നു വരുന്ന ചൈനീസ് പട്ടാളം അക്ഷരാർഥത്തിൽ കെണിയിലാവും. പിന്നീട് അവരുടെ ജീവൻ ഇന്ത്യൻ പട്ടാളത്തിൻറ്റെ ദയയിലാവും. ഇന്ത്യൻ പട്ടാളം അവരെ വളഞ്ഞിട്ടു പിടിയ്ക്കും. 1962-ൽ ഒരു മുന്നറിയിപ്പും കൂടാതെ ചൈനീസ് പട്ടാളം പിന്മാറാനുള്ള കാരണവും ഇതാണ്.

1962-ൽ ഇന്ത്യ ദയനീയമായി തോറ്റു എന്നതും ശുദ്ധ വ്യാജ പ്രചാരണമാണ്. ചരിത്രകാരൻ രാമ ചന്ദ്ര ഗുഹായൊക്കെ പറയുന്നത് ഗൂർഖാ പട്ടാള യൂണിറ്റൊക്കെ വീറോടെ ചൈനീസ് പട്ടാളത്തിനെതിരെ പൊരുതി എന്നാണ്. അത് കൂടാതെ സിലിഗുരിയും, ഗോഹട്ടിയും, ഡാർജിലിങ്ങും ഒക്കെ കഴിഞ്ഞു ഇന്ത്യൻ സമതലങ്ങളിലേക്കു വന്നു കഴിഞ്ഞാൽ അവർ വല്ലാത്ത കെണിയിലേക്കായിരിക്കും വന്നു വീഴുക എന്നത് ചൈനീസ് പട്ടാളത്തിന് നല്ലതു പോലെ അറിയാമായിരുന്നു. ഹിമാലയത്തിൽ മഞ്ഞു പെയ്ത് ഹിമാലയ വഴികളും ബ്ലോക്കായാൽ പിന്നെ അവർ എങ്ങോട്ടു പോകും?

1962-ലേക്കാളും എത്രയോ ശക്തമായ നിലയിലാണ് ഇന്ത്യ ഇപ്പോൾ. ഇന്ത്യ ടിബറ്റൻ ബോർഡർ പോലീസും, ഗർവാൾ റെജിമെൻറ്റും, മറ്റു 'മൗൺട്ടെൻ റെജിമെൻറ്റുകളും' ഉള്ളപ്പോൾ വെറുതെ എന്തായാലും ചൈനക്ക് ഇന്ത്യക്കെതിരെ ഒരു യുദ്ധം ജയിക്കുവാൻ സാധിക്കുകയില്ല എന്നത് കൃത്യമായി പറയാം. പിന്നെ ഇന്ത്യ-ചൈന യുദ്ധമുണ്ടാകും എന്ന തരത്തിലുള്ള വാർത്തകൾ എങ്ങനെയുണ്ടാകുന്നു???? പത്രക്കാർക്ക് കഞ്ഞി കുടിക്കുവാനുള്ള ജീവനോപാധികളാണ് ഇത്തരം സെൻസേഷൻ സൃഷ്ടിക്കുന്ന വാർത്തകൾ. ഒരു രീതിയിൽ പറഞ്ഞാൽ ആത്യന്തികമായി എല്ലാ പ്രവർത്തികളും ആഹാരത്തിനു വേണ്ടിയാണല്ലോ.

2017 ജൂലൈ 18, ചൊവ്വാഴ്ച

ജോലിയുടെ മഹത്വം അഥവാ 'ഡിഗ്നിറ്റി ഓഫ് ലേബർ'

കഴിഞ്ഞ ദിവസം പഠനച്ചെലവിനായി നിയമ വിദ്യാർത്ഥികളായ പ്രിയയും, ബിരുദധാരിയായ മനീഷയും മീൻ കച്ചവടത്തിനിറങ്ങിയ വാർത്ത വായിച്ചപ്പോൾ ചിലത് എഴുതണമെന്ന് തോന്നി. (http://dailyreports.in/2017/07/17/fishing-industry-for-study-expenses/). എല്‍. എല്‍. ബി. പഠനത്തിനിടയിലും അയ്യന്തോളില്‍ വഴിയരികില്‍ മീന്‍ വില്‍ക്കുകയാണ് പ്രിയ. ബിരുദധാരിയായ മനീഷയും കൂട്ടിനുണ്ട്. ചേറ്റുവ ഹാര്‍ബറില്‍ നിന്ന് പച്ചമീന്‍ വാങ്ങി ഇവര്‍ തൃശൂരിലെത്തിക്കും. രണ്ടരയ്ക്ക് കച്ചവടം തുടങ്ങിയാല്‍ ആറരയോടെ തീരും. കച്ചവടം കഴിഞ്ഞ് മീന്‍ വണ്ടി ഒതുക്കി രാത്രിയില്‍ ഇരുചക്രവാഹനത്തില്‍ ഇവര്‍ വീട്ടിലേക്ക് മടങ്ങും. ഈ പെൺകുട്ടികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സാമ്പത്തിക  ബാധ്യതകള്‍ വഴി മാറി ജീവിത വിജയം ഇവരെ തേടിയെത്തുകയാണ്.

ഈ പെൺകുട്ടികളുടെ വിജയകരമായ കഥ കേട്ടപ്പോൾ കുറെ വർഷങ്ങൾക്ക് മുൻപ് എൻറ്റെ അടുത്ത ഒരു സുഹൃത്ത് പറഞ്ഞ കഥയും ഓർത്തു. മലബാറിലെ ഒരു മലമ്പ്രദേശത്ത് കുടിയേറ്റക്കാരായ അവരും ജീവിതത്തോട് മല്ലടിക്കുകയായിരുന്നു. അപ്പോഴാണ് ചേട്ടന് ഒരു ബുദ്ധി തോന്നിയത്. വളരെയധികം തോടുകളും, പുഴകളും, കായലുകളും, നീണ്ട കടൽ തീരവും ഉള്ള കേരളത്തിൽ മലയാളികളുടെ ഇഷ്ട വിഭവമാണല്ലോ മീൻ. മലമ്പ്രദേശത്താണെങ്കിൽ മീൻ കിട്ടാനുമില്ലാ. എന്തുകൊണ്ട് ഉണക്ക മീൻ ബിസിനെസ്സ് ചെയ്തുകൂടാ? "കുടുംബക്കാർക്കു പറ്റിയ കച്ചവടം ആണോടാ ഉണക്ക മീൻ കച്ചവടം" എന്ന് ചോദിക്കാൻ അനേകം പേർ. "സെമിനാരി പഠനം കഴിഞ്ഞു നീ ഉണക്ക മീൻ വിൽക്കാൻ പോവുകാണോ" എന്ന് ചോദിച്ചു പരിഹസിക്കുവാനും നിരവധി ആളുകൾ. പക്ഷെ സാധ്യതകൾ കണ്ടെത്തുന്നതിലും അവ ഉപയോഗപ്പെടുന്നതിലും  മുന്നിലുള്ളവരേ സാമ്പത്തികമായി വിജയിക്കൂ എന്നതാണല്ലോ സാമ്പത്തിക ശാസ്ത്രത്തിലെ ലളിതമായ തത്ത്വം. ചേട്ടൻറ്റെ ഉണക്ക മീൻ ബിസിനെസ്സ് ആ മലമ്പ്രദേശത്ത് വൻ വിജയമായി. ജീവിതത്തോട് മല്ലടിക്കുകയായിരുന്ന ആ കുടുംബത്തിന് വലിയ ആശ്വാസമായി നാട്ടുകാരും, വീട്ടുകാരും പുച്ഛിച്ച ആ ഉണക്ക മീൻ കച്ചവടം.

മീൻ വിൽക്കുന്ന ജോലിക്ക് ഒരു കുറവുമില്ല.  ഏത് ജോലിക്കും അതിൻറ്റേതായ അന്തസ്സുണ്ട്. സത്യസന്ധതയോടെയും, ആളുകളെ പറ്റിക്കാതെയും നേരായ വഴിക്ക് ചെയ്യുന്ന ഏതു ജോലിയും മാന്യമാണ്. ഇന്ന് മോഷ്ടിച്ചും, മനുഷ്യരെ പറ്റിച്ചും പണം നേടുന്ന പലരും ആണ് മാന്യന്മാർ ആയി സമൂഹ മധ്യത്തിൽ തിളങ്ങുന്നത്. അതിനേക്കാളൊക്കെ എത്രയോ ശ്രേഷ്ഠമാണ് സമൂഹം ആദരിച്ചില്ലെങ്കിലും അന്തസോടെ ജോലി ചെയ്തു കൂലി വാങ്ങിക്കുന്നത്. ഇത്തരത്തിൽ ജോലിയുടെ മഹത്വം അഥവാ 'ഡിഗ്നിറ്റി ഓഫ് ലേബർ' ഇന്ത്യക്കാരെ പഠിപ്പിക്കുവാൻ വളരെയധികം യത്നിച്ച വ്യക്തിയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി. മഹാത്മാ ഗാന്ധി പണ്ട് ദളിത് കോളനിയിൽ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കി. ഗാന്ധിജിയുടെ വാക്കുകൾ അനുസരിച്ച് ശിഷ്യനായ വിനോബ ഭാവെയും അത് തന്നെ ചെയ്തു. ജോലിയുടെ മഹത്വം (dignity of labour)  എന്ന മഹത്തായ ആശയം ജനങ്ങളെ പഠിപ്പിക്കുവാൻ യത്നിക്കുകയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ്. ദളിതർക്ക് അവരുടെ തൊഴിലിൽ ലഭിക്കേണ്ട മാന്യതയും അതേ സമയം തന്നെ ഉന്നത ജാതിക്കാർ തൂപ്പ് ജോലി ചെയ്യേണ്ട കാര്യവും ഊന്നി പറയുകയായിരുന്നു ഗാന്ധി തൻറ്റെ കക്കൂസ് വൃത്തിയാക്കലിലൂടെ ചെയ്തത്.

വിംബിൾഡൺ ടെന്നീസ് കളിയുടെ ഫൈനൽ കണ്ടിട്ടുള്ളവർ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ട്രോഫി കൊടുക്കാൻ വരുന്ന ഡ്യൂക്കും, ഡ്യൂക്കിൻറ്റെ പത്നിയും ആദ്യം കൈ കൊടുക്കുന്നത് പന്ത് പെറുക്കുന്ന പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ആണ്; അലാതെ ചാമ്പ്യനല്ല. ഇന്ത്യയിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യം ആണത്. എല്ലാ ജോലികളേയും, ജോലി ചെയ്യുന്നവരുടെ സംഭാവനകളെയും ആദരിക്കുന്ന ഒരു പ്രവൃത്തിയാണ് ഡ്യൂക്കും, ഡ്യൂക്കിൻറ്റെ പത്നിയും പന്ത് പെറുക്കുന്ന പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും കൈ കൊടുക്കുന്നതിലൂടെ കാണിക്കുന്നത്. 'ചെങ്കോൽ' സിനിമയിലെ സേതുമാധവനും കുടുംബം പുലർത്തുന്നത് മീൻ വിൽക്കുന്നതിലൂടെയാണ്. ജയിലിൽ പോയത് കൊണ്ട് പഴയ മൂല്യബോധങ്ങളിൽ നിന്ന് സേതുമാധവൻ മുക്തനായി. ഇന്ത്യക്കാർ ഇങ്ങനെ പഴയ മൂല്യബോധങ്ങളിൽ നിന്ന് മുക്തരാവാനും, ജോലിയുടെ മഹത്വം അഥവാ 'ഡിഗ്നിറ്റി ഓഫ് ലേബർ' അംഗീകരിക്കുവാനും ഇനിയും എത്ര നാൾ പിടിക്കും?

2017 ജൂലൈ 14, വെള്ളിയാഴ്‌ച

ബലാത്സംഗ കേസിലെ ഗൂഡാലോചനാ പ്രതിയോടുള്ള സഹതാപ തരംഗം

ബലാത്സംഗ കേസിലെ ഗൂഡാലോചനാ പ്രതിയോട് ഏതെങ്കിലും തരത്തിലുള്ള സഹതാപം തോന്നാൻ പ്രധാന കാരണം നമ്മുടെ മലയാള ചാനൽ പ്രവർത്തകരുടെ അമിത പ്രതികരണം തന്നെ. കൂവലും, ഹോട്ടൽ അടിച്ചു തകർക്കുന്നതും, മുദ്രാവാക്യം വിളിക്കുന്നതുമൊക്കെ മാന്യത കുറഞ്ഞ രീതികളാണ്. കുറ്റാരോപിതനെതിരേ പ്രതിഷേധിക്കുന്നത്‌ മാന്യമായ രീതിയിൽ ആവണം. പക്ഷെ അതിനേക്കാളൊക്കെ വളരെ മോശമാണ് മലയാള ചാനലുകളൊക്കെ മൽസരിച്ചു നടത്തുന്ന മാധ്യമ വിചാരണ. ദിലീപ് ഏതെങ്കിലും ഒരു സാധാരണക്കാരൻ അല്ല. അതു കൊണ്ടു തന്നെ വെറുതെ ഒരു കള്ള കേസ് ഒന്നും എടുക്കാൻ കഴിയില്ല എന്നത് വെറും സാമാന്യ യുക്തി മാത്രമാണ്. നടിയെ പീഢിപ്പിക്കാൻ കൊട്ടേഷൻ കൊടുത്തെന്ന് പോലീസ്‌ കണ്ടെത്തിയ ദിലീപ്‌ കുറ്റവാളിയല്ലെന്ന് അതുകൊണ്ടു തന്നെ കരുതുവാൻ വയ്യാ.

പക്ഷെ നിലവാരം കുറഞ്ഞ നമ്മുടെ മലയാള ചാനലുകളിൽ പലയാവർത്തി വരുന്ന കള്ള കഥകൾ കേൾക്കുമ്പോൾ ദിലീപിനോട് ചിലർക്കെങ്കിലും സഹതാപം വരുന്നത് സ്വോഭാവികം മാത്രം. നാഷണൽ ജ്യോഗ്രഫിക്, ഹിസ്റ്ററി ചാനൽ, ഡിസ്കവറി - ഇവയുടെ ഒക്കെ ഏഴയലത്ത് - വേണ്ടാ നൂറയലത്ത് വരുന്ന ഒരു ഇന്ത്യൻ ചാനലിൻറ്റെയോ, മലയാള  ചാനലിൻറ്റെയോ പേര് പറയാനില്ല എന്നത് ചിലരെങ്കിലും മനസിലാക്കണം. വെറുപ്പിക്കലാണ് ഈ ചാനലുകളൊക്കെ ചെയ്യുന്ന ഒരേ ഒരു കാര്യം. ദേശീയ ചാനലുകൾക്ക് ദേശ സ്നേഹവും, പാക്കിസ്ഥാനും മാത്രമാണ് വിഷയം. മലയാള ചാനലുകളുടെയും നില വളരെ പരിതാപകരം തന്നെ. ഈ മലയാള ചാനലുകളുകൾക്ക് കുറെ നാൾ മുമ്പ് തട്ടിപ്പിൻറ്റെയും, വെട്ടിപ്പിൻറ്റെയും, അപഥ സൻജാരത്തിൻറ്റെയും, കുറ്റ കൃത്യങ്ങളുടെയും കേന്ദ്ര കഥാ പാത്രമായിരുന്നു സരിത എസ്. നായർ ആയിരുന്നു ഇഷ്ട കഥാപാത്രം. അമൃത ബിന്ദുക്കൾ പോലെ സരിതയുടെ മൊഴി മുത്തുകൾ ഏറ്റു പിടിക്കാൻ ആയിരുന്നു കൈരളി ചാനലിനും, ഏഷ്യാനെറ്റിനും നേരത്തേ താൽപര്യം. കുറെ ചാനലുകാരും, ഞരമ്പ് രോഗികളും മാത്രമാണ് സരിത എസ്. നായരുടെ വെളിപ്പെടുത്തലുകൾക്കായി പണ്ട് കാതോർത്ത് ടി.വി. ക്യാമറയും, റയ്റ്റിംഗ് പാഡുമായി ചുറ്റി തിരിഞ്ഞത്. വലിയ ബുദ്ധിമാന്മാർ എന്ന് സ്വയം കരുതുന്ന മാധ്യമ പ്രവർത്തകരെ മുഴുവൻ സരിത എസ്. നായർക്ക് തൻറ്റെ സാരി തുമ്പിലും, പാവാട തുമ്പിലും ഇട്ടു കറക്കാൻ സാധിക്കുമ്പോൾ, രാഷ്ട്രീയക്കാരെ എന്തിനു നാം ഈ വിഷയത്തിൽ കുറ്റം പറയണം?

ഇപ്പോൾ ബലാത്സംഗ കേസിലെ ഗൂഡാലോചനയിൽ ഒരു സഹതാപ തരംഗം ഉണ്ടാക്കാൻ ആരെക്കൊയോ മനഃപൂർവം ശ്രമിക്കുന്നു. ഒരു രാത്രി വീട്ടിലേക്ക്‌ മടങ്ങുന്ന വഴി വാഹനത്തിൽ ഒരു കൂട്ടമാളുകളാൽ മണിക്കൂറുകളോളും ലൈംഗികമായും അല്ലാതെയും ക്രൂരമായി പീഢിപ്പിക്കപ്പെട്ട പെൺകുട്ടിയോടാണ് യഥാർത്ഥത്തിൽ സഹതാപം തോന്നേണ്ടത്. ഇംഗ്ളീഷിൽ പറയുകയാണെങ്കിൽ 'സിംപതിക്ക്‌' പകരം 'എമ്പതി' ആണ് ഇക്കാര്യത്തിൽ പൗരബോധമുള്ളവർക്ക് പെൺകുട്ടിയോട് ഉണ്ടാവേണ്ടത്. പക്ഷെ ഇപ്പോൾ പരസ്യമായി തെളിവെടുക്കുന്നതിൽ മനം നൊന്തവർ മുതൽ പുതിയ ആരോപണങ്ങളിൽ അസ്വസ്ഥരാകുന്നവരെ പോലും കാണേണ്ടി വരുന്നു. സഹതാപത്താൽ ചായുന്നവർ മുതൽ ദിലീപിൻറ്റെ ജീവിത നന്മകൾ എണ്ണിപ്പറഞ്ഞ്‌ മഹത്വം വിളമ്പുന്നവരെ പോലും കാണുന്നു. 

ഈ  'ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളായ' താരങ്ങളെ  പാഠം പഠിപ്പിക്കണമെങ്കിൽ ജനം തന്നെ വിചാരിക്കണം. പക്ഷെ 90% മലയാളികൾക്കും സിനിമാക്കാർ എന്നുവച്ചാൽ ഏതാണ്ട് ദൈവത്തിനു തുല്യമാണ്. കുറെ ആളുകൾ താരങ്ങളുമായി ഇനിയും ഫോട്ടോ എടുക്കാനും കെട്ടിപിടിച്ചു നീൽക്കാനും അതുപിന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും മുന്നിട്ടു നിൽകും. അത് കൂടാതെ  ജനത്തിന് എവിടെ സമയം? കൂവലും, ഹോട്ടൽ അടിച്ചു തകർക്കുന്നതും, മുദ്രാവാക്യം വിളിക്കുന്നതുമൊക്കെ കുറച്ചു ദിവസങ്ങളേ കാണൂ. പിന്നെ  എല്ലാം പഴയ പടി ആകും. അതുകൊണ്ടാണല്ലോ പൊതുജനം കഴുതയാണെന്നു പണ്ടേ പറയപ്പെടുന്നത് !!!! ഇതിൽ ഞാനും, ഇതെഴുതുന്നത് വായിക്കുന്ന നിങ്ങളും ഒക്കെ പെടുമെന്ന് കുറച്ചു വൈമനസ്യത്തോടെയെങ്കിലും അംഗീകരിച്ചേ മതിയാകൂ.

2017 ജൂലൈ 13, വ്യാഴാഴ്‌ച

ജി. എസ്. ടി. - യും, നോട്ടു നിരോധനവും

ജി. എസ്. ടി. നടപ്പാക്കിയതിലും, നോട്ടു നിരോധനം നടപ്പാക്കിയതിലും കുറച്ച് 'സ്റ്റാർട്ടിങ് ട്രബിൾ' ഉണ്ടെന്ന് ഇതിൻറ്റെയൊക്കെ ആരാധകർ തന്നെ സമ്മതിക്കുന്നു. 2016 നവംബർ 8  - ന് നോട്ടു നിരോധനം നടപ്പാക്കിയതിന് ശേഷം ഇരുനൂറിനടുത്ത് ആളുകൾ ഈ നോട്ടു നിരോധനം മൂലം മരണപ്പെട്ടു. അനേകം പേർക്ക് ബാങ്കുകളുടെയും, ATM-കളുടെയും മുന്നിൽ ക്യൂ നിൽകുമ്പോൾ മർദ്ദനമേറ്റു. ഇപ്പോൾ ഒരു ഉൽപ്പനത്തിന് രാജ്യമെങ്ങും ഒരു വില മാത്രം എന്ന് കെട്ടിഘോഷിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കിയ ഈ ജി.എസ്.ടി.- പദ്ധതിയും ഭരണപരമായ പാളിച്ചകൾ തുറന്നു കാട്ടുന്നു. ടൺ കണക്കിന് കാർഗോ എയർ പോർട്ടുകളിൽ കെട്ടി കിടക്കുന്നു. അവശ്യ സാധനങ്ങളുടെ വില കുറഞ്ഞിട്ടില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലകുറയും എന്ന് പറഞ്ഞിട്ട് വിലയൊന്നും കുറഞ്ഞിട്ടില്ല എന്നത് ഏതു സാധാരണക്കാരനും അറിയാം.

ഇതൊക്കെയാണെങ്കിലും ജി. എസ്. ടി. നടപ്പാക്കിയതിൻറ്റേയും, നോട്ടു നിരോധനം നടപ്പാക്കിയതിൻറ്റേയും പിന്നിലുള്ള ഉദ്ദേശ ശുദ്ധി മാനിക്കേണ്ടേ എന്ന് ചിലർ ചോദിക്കുന്നു. രാജ്യത്തിൻറ്റെ നന്മയ്ക്കു വേണ്ടിയല്ലേ ഇതൊക്കെ എന്നും ഇക്കൂട്ടർ ചോദിക്കുന്നു. മാവോയ്ക്കും, സ്റ്റാലിനും, പോൾപോട്ടിനും ഒക്കെ ഉണ്ടായിരുന്നത് നല്ല ഉദ്ദേശങ്ങൾ തന്നെ ആയിരുന്നു. ധാന്യങ്ങൾ ലാഭിക്കാനാണ് അവ തിന്നുന്ന കിളികളെ  കൊല്ലാൻ മാവോയും, കമ്യുണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യുറോയും തീരുമാനിച്ചത്. ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയാൽ ധാന്യങ്ങൾ ലാഭിക്കാം എന്നവർ കരുതി. പക്ഷെ സംഭവിച്ചതെന്താ? ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തം കാരണം കിളികളെ കൊന്നൊടുക്കിയപ്പോൾ കീടങ്ങളും, വണ്ടികളും പെരുകി. അവയെ തിന്നാൻ പിന്നീട് കിളികൾ ഉണ്ടായില്ല. അത് കൊണ്ടാണ് ചൈനയിൽ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ ഭക്ഷ്യ ക്ഷാമം സംഭവിച്ചത്. അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായി ആ 'കിളികളെ കൊല്ലൽ' മാറി.  "എയ്തത് കിളിക്ക്; പക്ഷെ കൊണ്ടത് മനുഷ്യന്" എന്നാണ് ഇതിനെ കുറിച്ച് പറയുന്നത്. പരുത്തി കൃഷിക്കു വേണ്ടി നദിക്ക് കുറുകെ ഡാം  പണിതത് കൊണ്ടാണ് ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായിരുന്നു 'ആരാൽ കടൽ'  മുൻ സോവിയറ്റ് യൂണിയനിൽ വറ്റി പോയത്. ചില സ്ഥലങ്ങളിൽ 40 മീറ്ററോളം വെള്ളമുണ്ടായിരുന്ന 'ആരാൽ കടലിൽ' കൂടി ഇപ്പോൾ സഞ്ചാരികൾക്കു വേണ്ടി ഒട്ടകങ്ങളെ മേച്ചു നടക്കുകയാണ് മുൻ മീൻ പിടുത്തക്കാർ!!! ഇതിൻറ്റെ ഫോട്ടോകൾ ഗൂഗിളിൽ തപ്പിയാൽ കാണാം. പത്തു ലക്ഷം കർഷകരെ കൂട്ട കുരുതി നടത്തി 'കളക്റ്റിവൈസേഷൻ' നടപ്പാക്കിയപ്പോൾ  സ്റ്റാലിനും ഉണ്ടായിരുന്നു നല്ല ഉദ്ദേശം. കാർഷിക രംഗത്തെ ആധുനികവൽക്കരണം ആണ് സ്റ്റാലിൻ സ്വപ്നം കണ്ടത്. അതിനെ ഏതെങ്കിലും രീതിയിൽ എതിർത്ത കർഷകരെയെല്ലാം തട്ടിക്കളഞ്ഞു എന്നേയുള്ളൂ !!! ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്നാണു കമ്യുണിസ്റ്റുകാർ ഇത്തരം രീതികളെ ന്യായീകരിച്ചുകൊണ്ട് പണ്ട് പറഞ്ഞുകൊണ്ടിരുന്നത് !!! ഇനിയിപ്പോൾ ബി.ജെ.പി.-ക്കാരും, സംഘ പരിവാറുകാരും ഈ കമ്യുണിസ്റ്റ് പല്ലവി ഏറ്റു പിടിക്കുമോ എന്നേ കാണാനുള്ളൂ.

പിന്നെ എന്തുകൊണ്ട് ജനം ഇതിനെതിരെയൊന്നും തിരിയുന്നില്ല എന്ന ചോദ്യവും വരും. ജി. എസ്. ടി. നടപ്പാക്കിയതിലും, നോട്ടു നിരോധനം നടപ്പാക്കിയതിലും ഏറ്റവും കൂടുതൽ 'സ്റ്റാർട്ടിങ് ട്രബിൾ' ഉണ്ടായിരുന്നത് ഉത്തരേന്ത്യയിൽ തന്നെയായിരുന്നു. അവിടെ എത്രയോ മണിക്കൂർ ആളുകൾ  നോട്ടു നിരോധനത്തിൻറ്റെ സമയത്തു ക്യൂ നിന്നു. ഡൽഹിയിലെ എൻറ്റെ അക്ക്വണ്ട്‌ ഉള്ള ബാങ്കിൽ തന്നെ നിക്ഷേപകരെ നേരിട്ടത് ആയുധ ധാരികളായ ബി.എസ്.എഫ്. ജവാന്മാർ ആയിരുന്നു. ഞാനിത് നേരിട്ട് കണ്ടതാണ്. കേരളത്തിൽ അങ്ങനെയുള്ള സംഭവം ഒന്നും ഭാഗ്യത്തിന് ഉണ്ടായിട്ടില്ല. പക്ഷെ എന്തുകൊണ്ട് ജനം പ്രതികരിച്ചില്ല? ഉത്തരേന്ത്യയിൽ കണ്ടമാനം 'വയലൻസ്' ഉണ്ട്. അടിച്ചമർത്തൽ പേടിച്ച് ആരും പ്രതികരിക്കില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലീസിനോട് തീവ്രമായി പ്രതികരിച്ചാൽ അടി ഉറപ്പാണ്. ട്രെയിനിലും, ബസിലും, ക്യൂവിലും ഒക്കെ അടിയും, ഇടിയും നിത്യവും നടക്കുന്നത്‌ കാണുന്ന ജനം പോലീസിനോടും, പട്ടാളക്കാരോടും പ്രതികരിക്കാൻ തയാറാവുമോ?

കേരളത്തിലെ മത ഭ്രാന്ത് തലയ്ക്കു പിടിച്ച കുറെ പേർ

കുറെ വർഷങ്ങൾക്ക് മുൻപാണ് ഇപ്പോൾ കോഴിക്കോട് ജില്ലയിൽ പോലീസ് ഡിപ്പാർട്മെൻറ്റിൽ പ്രവർത്തിക്കുന്ന ബാല്യ കാല സുഹൃത്തിനെ വീണ്ടും കണ്ടു മുട്ടിയത്. അദ്ദേഹം അപ്പോൾ കോഴിക്കോട് നിന്ന് ഒരാളെ പാകിസ്ഥാനിൽ കൊണ്ട് വിട്ടിട്ടു തിരിച്ചു വന്ന സമയമായിരുന്നു. ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനു ശേഷം ഇന്ത്യയിലുള്ള മുസ്ലീങ്ങൾക്ക് ഇൻഡ്യയിൽ തുടരാനോ അതല്ലെങ്കിൽ പാക്കിസ്ഥാനിൽ പോകാനോ അനുവാദം കൊടുത്തിരുന്നു. ബഹു ഭൂരിപക്ഷം മുസ്ലീങ്ങളും ഇന്ത്യയിൽ തന്നെ തുടർന്നും താമസിച്ചപ്പോൾ വർഗീയ ഭ്രാന്ത് തലയ്ക്കു പിടിച്ചവർ ഏതാണ്ട് 4000  കിലോമീറ്ററിനപ്പുറമുള്ള കേരളത്തിൽ നിന്ന് വരെ പാക്കിസ്ഥാനിൽ പോയി !!!! പാക്കിസ്ഥാനിൽ ചെന്ന് കഴിഞ്ഞപ്പോൾ ആണ് മത ഭ്രാന്തിൽ നിന്ന് മുക്തനായത് !!!! മോഹിപ്പിച്ചത് പോലെ സ്വർഗ്ഗ രാജ്യമൊന്നും അല്ല പാക്കിസ്ഥാൻ എന്ന് സ്വന്തം അനുഭവത്തിലൂടെ തന്നെ തിരിച്ചറിഞ്ഞു. ഇപ്പോൾ തിരിച്ചു വരുമ്പോൾ ആരെങ്കിലും ഒറ്റി കൊടുക്കും. പിന്നെ പൊലീസിന് പണിയാകുകയും ചെയ്യും.

ഇതൊക്കെ കേൾക്കുമ്പോൾ ചിലരെങ്കിലും ഓർക്കുന്നത് പി. കേശവദേവിൻറ്റെ പ്രസിദ്ധ നോവലായ 'ഭ്രാന്താലയ' - ത്തിലെ അബ്ദുവിനെയാണ്. അബ്ദുവിനു ലോകം മുഴുവൻ ഇസ്ലാം മയമായിരുന്നു. ചായ കടയിൽ രണ്ടാം ലോക മഹായുദ്ധത്തിൽ വാർത്തകൾ വായിച്ചു കൊടുക്കുമ്പോൾ ഹിറ്റ്ലറിൻറ്റെ പടയോട്ടങ്ങളെ കുറിച്ചുള്ള വാർത്തകളും വരും. അത് വായിച്ചിട്ടു അബ്ദു അട്ടഹസിക്കുന്നതു "അവൻ, അവൻ ഇസ്ലാമാണ്" - എന്നാണ്. അബ്ദുവും പിന്നീട് സ്വർഗ്ഗ രാജ്യമായ പാക്കിസ്ഥാനിൽ പോകുന്നതും, വഴിയിൽ വെച്ച് കൊല്ലപ്പെടുന്നതും ആണ്  പി. കേശവദേവ് കാണിക്കുന്നത്.

1947-ലെ ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനു വേണ്ടിയുള്ള 'റാഡ്ക്ലിഫ് രേഖ' ഇന്ത്യയെ ഒരു കൊലക്കളമാക്കി. രാജ്യം സ്വാതന്ത്രം ആഘോഷിക്കുമ്പോൾ പഞ്ചാബിലെയും ബംഗാളിളെയും ജനങ്ങൾ തങ്ങൾ ഇന്ത്യയിലോ പാകിസ്ഥാനിലോ എന്ന ആശങ്കയിൽ ആയിരുന്നു. ഇന്ത്യൻ ഓഫീസിലെ അണ്ടർ സെക്രട്ടറിയായിരുന്ന സർ സിറിൽ റാഡ്ക്ലിഫിൻറ്റെ നേത്വത്തിൽ രൂപം കൊടുത്ത 'റാഡ്ക്ലിഫ് രേഖ'  1947 ആഗസ്റ്റ് 17 -നു പുറത്തു വന്നു. 'റാഡ്ക്ലിഫ് രേഖ' പഞ്ചാബിൽ അതിഭീകരമായ വർഗീയ കലാപത്തിനാണ് കളമൊരുക്കിയത്. പത്തുലക്ഷത്തിൽ കൂടുതൽ ആളുകൾ മരിക്കുകയും ഒന്നരകോടി ജനങ്ങൾക്ക്   സർവതും നഷ്ടമാകുകയും ചെയ്ത ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിന് ശേഷമുള്ള കലാപം ലോകം കണ്ട ഏറ്റവും വലിയ ഒരു അഭയാർത്ഥി പ്രവാഹത്തിനാണ് സാക്ഷ്യം വഹിച്ചത്.

ഇപ്പോൾ ഇതൊക്കെ പറയുന്നത് മത ഭ്രാന്തു തലയ്ക്കു പിടിച്ച കുറെ പേർ വീണ്ടും കേരളത്തിൽ പൊങ്ങി വരുന്നത് കാണുന്നതിനാലാണ്. അബ്ദുവിനെ പോലുള്ള മത ഭ്രാന്തന്മാർ കേരളത്തിൽ വീണ്ടും മുളയ്‌ക്കുന്നു !!! കഴിഞ്ഞ ദിവസം ഐസിസിൽ ചേരാൻ പോയ കണ്ണൂർ സ്വദേശി വല്ലുക്കണ്ടി ഷാജഹാനെ സുരക്ഷാ ഏജൻസികൾ പിടികൂടി. രണ്ടാം തവണയാണ് ഷാജഹാൻ തുർക്കി വഴി സിറിയയിലെ ഐസിസ് ക്യാമ്പിലേക്ക് പോകാൻ ശ്രമിച്ചത്. ഇതിനിടെ പിടിയിലാകുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ. സിറിയലോ തുർക്കിലോ പോയി ഇവരൊക്കെ ആർമാദിച്ചു നടന്നാൽ കുഴപ്പമില്ലായിരുന്നു. ഇവിടെയുള്ളവർക്ക് സമാധാനക്കേട്‌ ഉണ്ടാക്കുവാൻ വേണ്ടി മാത്രമാണ് ഇവരെപ്പോലെയുള്ളവരെയൊക്കെ ഇങ്ങോട്ടു തന്നെ വീണ്ടും കെട്ടിയെടുത്തു കൊണ്ട് വരുന്നത്. 

പോപ്പുലർ ഫ്രണ്ടിൻറ്റെ പ്രവർത്തകനായിരിക്കേ സി.പി.എം. , ബി.ജെ.പി. എന്നീ പാർട്ടികളിൽ സംഘർഷമുണ്ടാക്കാൻ നേരിട്ട് പ്രവർത്തിച്ച ആളായിരുന്നു ഷാജഹാൻ എന്നും റിപ്പോർട്ടുകൾ ഉണ്ട്. അക്രമകാരിയെന്ന് മുദ്ര കുത്തപ്പെട്ടതോടെ ഓടിച്ചു വിടുകയായിരുന്നുവെന്ന് ഇയാളെ കുറിച്ചറിയാൻ ചെന്ന മാധ്യമ പ്രവർത്തകരോട് നാട്ടുകാർ പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. അടുത്ത കാലത്തായി കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടവരെല്ലാം പോപ്പുലർ ഫ്രണ്ടിലോ, എസ്.ഡി.പി.ഐ., എൻ.ഡി.എ. ഫ്.- എന്നീ സംഘടനകളുമായി ബന്ധം ഉള്ളവരാണെന്നാണ് കാണുന്നത്.  ഒളിഞ്ഞും തെളിഞ്ഞും തീവ്ര വഹാബി ആശയങ്ങൾ പ്രചരിപ്പിക്കുന്നവർ ഇക്കൂട്ടർക്ക് പിന്തുണയേകുന്നു. ഇതുവരെ തീവ്ര വാദ കേസുകളിൽ പിടിക്കപ്പെടുന്ന വ്യക്തികൾക്ക് തേജസ് പത്രവും ആയി ബന്ധം ഉണ്ട് എന്നതും സമാധാന പ്രിയരായ മലയാളികളെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. ഒസാമാ ബിൻ ലാഡനെ രക്ത സാക്ഷ്യയാക്കി അവതരിപ്പിച്ച പത്രമാണ് തേജസ്.  ഈ പത്രം വരുത്തുന്ന വരിക്കാർ ആയ ആളുകൾ തങ്ങൾ കൊടുക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും ചിന്തിക്കേണ്ടതുണ്ട്. മാധ്യമങ്ങളും. സോഷ്യൽ മീഡിയയും അടുത്ത കാലത്തായി കേരളത്തിൽ കണ്ടമാനം വർഗീയ വിഷം ചീറ്റുന്നു. നമുക്ക് വേണ്ടത് സമാധാനവും മത സൗഹാർദ്ദവും കളിയാടുന്ന ഒരു നാടാണ്. ഒരു തരത്തിലുമുള്ള തീവ്രവാദി പ്രവർത്തനങ്ങളോട്  സമാധാനവും, മത സൗഹാർദ്ദവും ആഗ്രഹിക്കുന്ന ആരും സന്ധി ചെയ്യരുത്. തീവ്ര വാദികളെ ഏതെങ്കിലും രീതിയിൽ മാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചാൽ കേരളത്തിലെ നാളെയുടെ സമാധാനപരമായ ഭാവിയെ ആണ് അത്തരത്തിൽ പ്രോത്സാഹിപ്പിക്കുന്നവർ നശിപ്പിക്കുന്നത്.

2017 ജൂലൈ 11, ചൊവ്വാഴ്ച

അമർനാഥ് തീർത്ഥാടകരുടെ നേരെ നടന്ന ഭീകരാക്രമണം

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിൽ അമർനാഥ് തീർത്ഥാടകരുടെ ബസിനുനേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ ഏഴ് തീർത്ഥാടകരാണ് കൊല്ലപ്പെട്ടു. 19 തീർത്ഥാടകർക്ക് പരിക്കേറ്റു. ജമ്മു - ശ്രീനഗർ ഹൈവേയിൽ മിനിയാന്ന് തിങ്കളാഴ്ച വൈകീട്ടായിരുന്നു ഭീകരാക്രമണം.

ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയിൽപ്പെട്ട ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. സ്വകാര്യ ടൂർ ഓപ്പറേറ്ററുടെ ബസ്സിൽ വന്ന തീർത്ഥാടകർക്കു നേരെ ബൈക്കിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

പക്ഷെ ഇവിടെ കാണേണ്ട ഒരു കാര്യം അമർനാഥ് തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും അനേകം വർഷങ്ങളായി ഒരുക്കി കൊണ്ടിരുന്നത് കാശ്മീരിലെ ജനങ്ങൾ തന്നെയായിരുന്നു എന്ന വസ്തുതയാണ്. ഇങ്ങനെ അമർനാഥ് തീർത്ഥാടകർക്ക് ആതിഥ്യമമൊരുക്കികൊണ്ടിരുന്ന  കശ്മീരിലെ എല്ലാ വിഭാഗം ജനങ്ങളും ഭീകരാക്രമണത്തെ അപലപിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്  തന്നെ ചൂണ്ടിക്കാട്ടി. കശ്മീരിലെ ജനങ്ങളെ അതിൻറ്റെ പേരിൽ  കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയിൽ സാധാരണ ജനങ്ങളുടെ ഇടയിൽ ഇപ്പോഴും നിലനിൽക്കുന്ന മത സൗഹാർദമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചൂണ്ടി കാണിച്ചത്.

കാശ്മീരിലെ ജനങ്ങൾ ഭീകര പ്രവർത്തനത്തിനെതിരെ രംഗത്തു വന്നു. പക്ഷെ  ഇത് മറ്റൊരു തല തിരിഞ്ഞ കൂട്ടർ കാണുന്നില്ല. അമർനാഥ് തീർത്ഥാകർക്ക് നേരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഹരിയാനയിലെ ഹിസ്സാറിൽ നടന്ന റാലിയിൽ മുസ്‌ലീം പള്ളിയിൽ നിന്ന് ഇറങ്ങി വന്ന മുസ്ലിം പയ്യനെ  ബജ്രംഗ്ദൽ പ്രവർത്തകർ കൂട്ടം ചേർന്ന് ആക്രമിച്ചു. ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം വിളിക്കാനാവശ്യപ്പെട്ടാണ് അബിഡ് ഹുസൈൻ എന്ന യുവാവിനെ അടിച്ചത്. 100-125 പേർ വരുന്ന യുവാക്കളുടെ സംഘം ആയിരുന്നു ആക്രമണം അഴിച്ചു വിട്ടത്. ഭാരത മാതാവിൻറ്റെ  സംരക്ഷണം ഗുണ്ടായിസം ജീവിതമാർഗ്ഗമാക്കിയവർക്ക് വിട്ടു കൊടുക്കാതിരിക്കുന്നതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പുരോഗമിക്കുന്ന നമ്മുടെ നാടിന് നല്ലത്.

കഴിഞ്ഞ ദിവസം മറ്റൊരു വാർത്തയുമുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ബാഗ്പട്ടിലെ പിച്ച്കൗറ ഗ്രാമത്തിൽ  അയൽക്കാനരായ മുസ്ലിം യുവാവിനെ ഹിന്ദു പെൺകുട്ടി പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടർന്ന് അവിടം സംഘർഷഭരിതമായി. സംഘപരിവാർ പ്രവർത്തകരുടെ ഭീഷണി മുറുകിയതോടെ, യുവാവിൻറ്റെ കുടുംബം നാടുവിട്ടു. വിവാഹം അസാധുവാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ കോടതിക്ക് മുന്നിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധമുയർത്തുകയും ചെയ്‍തതായിട്ടാണ് റിപ്പോർട്ടുകൾ. വധുവിനെ കണ്ടെത്തി വിവാഹത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ. ഈ ആവശ്യം മുൻനിർത്തി അവർ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടുകയും ചെയ്തു. ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യിച്ചതായി ബജ്‌രംഗ് ദൾ പ്രവർത്തകർ ആരോപിക്കുന്നു. സംഘർഷം രൂക്ഷമായതോടെയാണ് യുവാവിൻറ്റെ കുടുംബം നാടുവിട്ടത്. സംഘപരിവാർ സംഘടനകൾ ഗ്രാമത്തിൽ തമ്പടിച്ച് സംഘർഷത്തിന് ശ്രമം തുടങ്ങിയതെന്നും റിപ്പോർട്ടുണ്ട്.

സ്വമനസ്സാലെ അല്ലാതെ ഭർത്താവിൻറ്റെയോ, പ്രതിശ്രുത വരൻറ്റെ വീട്ടുകാരുടെയോ പ്രേരണ കൊണ്ട് നടക്കുന്ന മതം മാറ്റത്തെ അനുകൂലിക്കുന്നില്ല. പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇൻറ്റർനെറ്റും, ഫെയ്‌സ്ബുക്കും, മൊബയിൽ വിളികളുമൊക്കെ ഉള്ളപ്പോൾ കൂടുതൽ കൂടുതൽ യുവതീ യുവാക്കൾ പ്രണയ ബന്ധിതരാകും എന്ന വസ്തുത ആരും കാണാതിരിക്കരുത്. ആധുനിക വിദ്യാഭ്യാസത്തിലൂടെ മതത്തിൻറ്റെ വേലിക്കെട്ടുകൾ പൊളിക്കുകയാണ്‌ വേണ്ടത്; അല്ലാതെ കൂടുതൽ കൂടുതൽ മതിലുകൾ മനുഷ്യർക്കിടയിൽ മതത്തിൻറ്റെ പേരിൽ പണിയാനല്ല ആരും ശ്രമിക്കേണ്ടത്.

ബി നിലവറ

കുറെ വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിലെ ഞങ്ങളുടെ ഫ്‌ളാറ്റിൽ മോഷണം നടന്നു. ഞങ്ങളുടെ ഫ്‌ളാറ്റിൻറ്റെ ശക്തമായ 'ഗ്രിൽ ഡോറിൻറ്റെ' പൂട്ട് പൊളിച്ചു അകത്തു കയറിയ കള്ളൻ ഭാര്യയുടെ സ്വർണം എടുത്തു കൊണ്ട് പോയി. അപ്പോൾ പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ചിലർ പറഞ്ഞു "നിങ്ങളുടെ 'ഗ്രിൽ ഡോറിൻറ്റെ'  വെൽഡിങ് ശരിയല്ല". മറ്റു ചിലർ കൂടുതൽ പൂട്ടുകൾ വേണമെന്നും പറഞ്ഞു. എന്തായാലും ഇപ്പോൾ നാല് പൂട്ടുണ്ട്. പക്ഷെ മോഷ്ടിക്കാനറിയാവുന്ന കള്ളന് ഇതൊന്നും പ്രശ്‌നമില്ലെന്ന് അറിയാം.  ഡ്രില്ലിങ് ഒക്കെ പുരോഗമിച്ചിരിക്കുന്ന ഇക്കാലത്ത് ഏതു വലിയ പൂട്ടോ, സേയ്‌ഫോ തുറക്കാനോ, പൊളിക്കാനോ, ആർക്കും വിഷമമൊന്നുമില്ല. പ്രശസ്ത ഹോളിവുഡ് ചിത്രമായ 'ദ ഇറ്റാലിയൻ ജോബ്' അതൊക്കെ കാണിച്ചു തരുന്നുമുണ്ടല്ലോ. മിനിറ്റുകൾക്കുള്ളിലാണ് ആ ചിത്രത്തിൽ സേയ്‌ഫുകൾ ഒറിജിനൽ താക്കോലില്ലാതെ തുറക്കുന്നതായി കാണിക്കുന്നത്.

ഇതൊക്കെ പറയുന്നതിൻറ്റെ കാരണമെന്തെന്നുവെച്ചാൽ ഇപ്പോൾ തിരുവന്തോരം നഗരത്തിൽ നിന്ന് ഒരു പുതിയ വിവാദമുണ്ടായിരിക്കുന്നു !!! പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ നിർമാണത്തെ കുറിച്ച് പലരും പലതും പറയുന്നു. ബി നിലവറയുടെ ആദ്യ വാതിൽ കടന്നാൽ പിന്നെ ഉരുക്ക് വാതിലാണുള്ളത്. ഏറെ ബലമുള്ള ഉരുക്ക് ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ഉരുക്ക് വാതിൽ സ്‌ഫോടനത്തിലൂടെ മാത്രമേ തകർത്ത് അകത്ത് കയറാൻ പറ്റൂ എന്നും പറയുന്നു !!!

തന്ത്രികൾ ഗരുഡ മന്ത്രം ആലപിച്ചു കൊണ്ട് വേണം ഈ നിലവറ തുറക്കാൻ എന്ന് അടുത്ത നമ്പർ. ബി നിലവറ പൂട്ടിയിരിക്കുന്നത് 'നവസ്വര' പാസ് വേർഡ് ഉപയോഗിച്ച്; പൂട്ടു തുറക്കാൻ വേണ്ട വാദ്യതാളങ്ങൾ ആർക്കുമറിയില്ല എന്നും പറയുന്നു. ഇക്കാലം വരെ സപ്തസ്വരങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇനിയിപ്പോൾ  സ്വരങ്ങൾ ഒൻപത് ആയി മാറി. പണ്ട് "ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം" എന്നാണല്ലോ യേശുദാസ് പാടിയത്. അത് പത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ള നവസ്വരങ്ങളുടെ പശ്ചാത്തലത്തിൽ "നവസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം" എന്ന് മാറ്റി പാടേണ്ടി വരുമോ?

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാൽ തിരുവനന്തപുരം പ്രളയത്തിൽ മുങ്ങും..! നിധി കാക്കുന്ന ഭൂതത്താന്മാർ പുറത്തുചാടും! നാഗമാണിക്യം കഥയിലെ നാഗത്താന്മാർ ഒളിച്ചിരിപ്പുണ്ട്. - ഇങ്ങനെ പല അപസർപ്പക കഥകൾ !!! എന്തായാലും വാവ സുരേഷ് കേരളത്തിൽ ഉള്ളപ്പോൾ നാഗങ്ങളുടെ കാര്യത്തിൽ പേടിക്കേണ്ട. കുറെയേറെ ചാക്കുകൾ കരുതി വെച്ചാൽ മതി. ബാക്കി കാര്യം അങ്ങേര് നോക്കിക്കൊള്ളും.

ബി നിലവറയുടെ പ്രധാന വാതിൽ തുറക്കുന്നതിനൊപ്പം ശംഖുമുഖം കടപ്പുറത്തെ മറ്റൊരു വാതിലും തുറക്കപ്പെടുമെന്നാണ് രേഖകളിൽ കാണുന്നതെന്ന് വേറൊരു കൂട്ടർ. ഈ വാതിലിലൂടെ കടൽ വെള്ളം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേയ്ക്കു കടന്നു വരും. ഇതു മാത്രമല്ല തിരുവനന്തപുരം നഗരത്തിലെ കനാലുകളെയും കുളങ്ങളെയും പരസ്പരം ബന്ധിക്കുന്ന വാതിലുകൾ കൂടിയുണ്ട്. ബി നിലവറയുടെ പ്രധാന വാതിൽ തുറന്നാൽ ഉടൻ തന്നെ ഈ കനാലുകളുടെയും കുളങ്ങളുടെയും വാതിലുകളും ക്രമേണ തുറക്കപ്പെടും. കടൽ വെള്ളം കുതിച്ചെത്തി ഈ കുളങ്ങളും കനാലുകളും നിറയും. ഇതോടെ തിരുവനന്തപുരം നഗരം തന്നെ വെള്ളത്തിൽ പോകുമെന്നും പറയപ്പെടുന്നു !!!

തിരുവന്തോരം മുഴുവൻ മുങ്ങി പോയാൽ ആളുകളെ മറ്റു ജില്ലകളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ തുടങ്ങേണ്ടി വരില്ലേ എന്ന് ചിലർ ആശങ്കപ്പെടുന്നു !!! കൊല്ലത്തും , പത്തനംതിട്ടയിലും പ്രളയ ബാധിതര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകൾ  തുടങ്ങി തുടങ്ങേണ്ടി വരില്ലേ എന്നും ചിലർ ചോദിക്കുന്നു !!! തിരുവന്തോരം മുഴുവൻ മുങ്ങി പോയാൽ കൊച്ചിയിലേക്കോ, കോയിക്കോട്ടേക്കോ, തലസ്ഥാനം മാറ്റേണ്ടി വരുമോ ????

ഒരു ഗ്യാസ് കട്ടര്‍ ഉണ്ടെങ്കില്‍ തീര്‍ക്കാവുന്ന കാര്യം. എന്തായാലും രാജ കുടുംബത്തിൻറ്റെയും, രാജ ഭക്തന്മാരുടെയും തള്ളൽ അപാര തള്ളൽ തന്നെ. പപ്പനാവ സ്വാമി ഇതു വല്ലതും കേൾക്കുന്നുണ്ടോ ആവോ !!!!

ബലാത്സംഗത്തിൻറ്റെ മനഃശാസ്ത്രം

ദിലീപിൻറ്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പലരും കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. അത് ബലാത്സംഗത്തിൻറ്റെ മനഃശാസ്ത്രമാണ്. പലരും കരുതുന്നത് പോലെ ബലാത്സംഗം ലൈംഗിക ചോദനകൾ കൊണ്ടോ, അമിതമായ ലൈംഗിക ആസക്തി കൊണ്ടോ അല്ല പലപ്പോഴും ഉണ്ടാകുന്നത്. സ്ത്രീയുടെ മുകളിൽ ആധിപത്യം സ്ഥാപിക്കണമെന്ന പുരുഷൻറ്റെ അധികാരമോഹം കൊണ്ടാണ് ബലാത്സംഗങ്ങൾ കൂടുതലും ഉണ്ടാവുന്നത്. ഇവിടെയും അത് തന്നെ സംഭവിച്ചു. ഒരു സഹ പ്രവർത്തകയോട് അഭിപ്രായ വിത്യാസം ഉണ്ടായപ്പോൾ ക്രിമിനൽ മനസ്ഥിതി അവളെ ശിക്ഷിക്കാൻ ബലാത്സംഗം തിരഞ്ഞെടുത്തു !!! സഹ പ്രവർത്തകയായ സ്ത്രീയെ ശിക്ഷിക്കാൻ കണ്ടെടുത്ത മാർഗം കൊള്ളാം !!!

കുറേ വർഷങ്ങൾക്കു മുൻപ് അമേരിക്കയിലെ ഒരു സീരിയൽ  റയ്പ്പിസ്റ്റ്റ്റ് അല്ലെങ്കിൽ ബലാത്സംഗ വീരനെ അറസ്റ്റു  ചെയ്ത കഥ വളരെ വിശദമായി ഒരു വനിതാ എഫ്. ബി. ഐ. ഓഫീസർ Readers Digest  - ൽ എഴുതുകയുണ്ടായി. അറസ്റ്റു  ചെയ്യുന്നതിനു മുൻപ് ആ ബലാത്സംഗ വീരൻറ്റെ ചരിത്രം തേടി പോകുകയാണ് അവർ ചെയ്തത്. അവർ ഊഹിച്ചത് പോലെ സ്ത്രീകളിൽ നിന്ന് വളരെ മോശമായ അനുഭവം ചെറു പ്രായത്തിൽ നേരിട്ട വ്യക്തിയായിരുന്നു പിന്നിട് സീരിയൽ  റയ്പ്പിസ്റ്റ്റ്റ് ആയത്. ഈ സംഭവ കഥയിൽ നിന്ന് വനിതാ F .B .I .  ഓഫീസർ തന്നെ പറയുന്നത് ആരോഗ്യ പരമായ സ്ത്രീ പുരുഷ ബന്ധങ്ങൾ ചെറുപ്പം മുതലേ വളർത്തി എടുക്കുന്നതിൽ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും ഉത്തരവാദിത്വം ഉണ്ടെന്നാണ്.

സ്ത്രീകളിൽ നിന്ന് മോശമായ അനുഭവം മാത്രമല്ല; ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും, താലിബാനിസം മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുമ്പോഴും ഈ ബലാത്സംഗ ത്വര ഉണ്ടാകും. ഗ്രാമീണ രീതികൾക്ക് എതിരായിട്ടുള്ള കുടുംബങ്ങളിലെ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുന്ന കാട്ടു നീതി ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുണ്ട്. അവിടെയും പുരുഷൻ സ്ത്രീയുടെ മുകളിൽ ബലാത്സംഗത്തിലൂടെ ആധിപത്യം സ്ഥാപിക്കുകയാണ്. 'ഫൂലൻ ദേവി' സിനിമ (ബണ്ടിറ്റ് ക്യൂൻ) ഈ കൂട്ട ബലാത്സംഗം കാണിക്കുന്നുണ്ട്.

എന്തായാലും ഇനി നമുക്ക് ഉത്തരേന്ത്യയിലേയും, പാക്കിസ്ഥാനിലേയും കാട്ടുനീതിയെ കുറ്റപ്പെടുത്തുവാൻ കഴിയില്ല. കാരണം നമ്മുടെ നാട്ടിലും ഇതൊക്കെ ആവർത്തിക്കുകയാണ്. ദിലീപിന് പിന്തുണ പ്രഖ്യാപിച്ച ഇന്നസെൻറ്റും, മുകേഷും, ഗണേഷ് കുമാറും, സിദ്ദിക്കുമൊന്നും അത്ര നിഷ്കളങ്കരാകാൻ വഴിയില്ല. ഇതുവരെ ഇക്കാര്യത്തിൽ ഒന്നും മിണ്ടാതിരുന്ന മോഹൻ ലാലും, മമ്മൂട്ടിയും ഒന്നും അറിയാത്തവരും ആകാൻ വഴിയില്ല. സിനിമകളിൽ വീര നായകന്മാരായി വിലസുന്ന ഈ  'ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ' ഇവരഭിനയിച്ച വേഷങ്ങളുടെ പേരിൽ നാം ആരാധിക്കുന്നു. ദിലീപിൻറ്റെ കാര്യത്തിലെന്നതു പോലെ വേഷങ്ങൾ അഴിച്ചു വെച്ചാൽ ഉളുപ്പും മനസാക്ഷിയുമില്ലാത്ത പല ക്രിമിനലുകളുടെയും തനിസ്വരൂപം പുറത്തു വരും.  ഇവരെ ഒക്കെ ജീവിതത്തിലും ആരാധിക്കുന്ന നമ്മൾ തനി കോത്താഴത്തുകാരാണോ? ഉത്തരം വായനക്കാർക്ക് വിടുന്നു.