2018 ഫെബ്രുവരി 26, തിങ്കളാഴ്‌ച

ആദിവാസി മേഖലകളിൽ വേണ്ട സ്നേഹസ്പർശം

മലയാളികൾക്കിടയിൽ ഇത്രയധികം മനുഷ്യ സ്നേഹികൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസിലാക്കുന്നത്. ഫെയിസ് ബുക് നിറയെ കൊല്ലപ്പെട്ട ആദിവാസി യുവാവിന് ആദരാജ്ഞലികൾ!!!! എന്തായാലും കഴിഞ്ഞ ദിവസം പ്രമുഖ നടി ശ്രീദേവി അന്തരിച്ചത് കൊണ്ട് കുറെ പേര് ആ വഴിക്ക്‌ പോയി. മിനിയാന്ന് വരെ വലിയ ആവേശത്തോടെ മധുവിനു വേണ്ടി കണ്ണീർ പൊഴിച്ച പലരും ഇന്നലെ മുതൽ അന്തരിച്ച ശ്രീദേവിയുടെ പുറകെയാണ്. 1980-കളിലും, തൊണ്ണൂറുകളിലും പുരുഷ കാമനകളെ ആവോളം ത്രസിപ്പിച്ച നടിയായിരുന്നല്ലോ ശ്രീദേവി. അതിനെ നിന്ദിക്കുന്നില്ലാ. മരിച്ചവരെ കുറ്റം പറയാനും പാട്ടുള്ളതല്ലല്ലോ. എന്തായാലും അന്തരിച്ച പ്രമുഖ നടി ശ്രീദേവിയെ നമിക്കുന്നു. ഇന്ത്യൻ സിനിമക്ക് പരേതയായ നടി നൽകിയ സംഭാവനകൾ ആദരാജ്ഞലികളോടെ തന്നെ കാണുന്നു; അനുസ്മരിക്കുന്നു.

ഇനി വിഷയത്തിലേക്ക് വരാം. സത്ത്യത്തിൽ ആദിവാസികളെ ഇന്ത്യൻ പൊതു സമൂഹം സ്നേഹിക്കുന്നുണ്ടോ?? മാനിക്കുന്നുണ്ടോ?? ഒട്ടുമേ ഇല്ലെന്നാണ് അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. 1950-കളിലും, അറുപതുകളിലും വമ്പൻ പ്രൊജക്റ്റുകൾക്കു വേണ്ടി അനേകം ആദിവാസികൾ കുടിയൊഴിക്കപ്പെട്ടു. അവരുടെ പ്രതിഷേധങ്ങൾക്ക് ഇന്ത്യൻ പൊതുസമൂഹം പുല്ലു വില പോലും കൊടുത്തില്ല. തൊണ്ണൂറുകളിൽ മേധാ പട്കർ നർമദാ തീരത്ത് നിന്ന് കുടിയൊഴിക്കപ്പെട്ടവർക്ക് വേണ്ടി നിലകൊണ്ടപ്പോഴാണ് പൊതുസമൂഹം ആദിവാസി പ്രശ്നങ്ങൾക്ക് കുറച്ചെങ്കിലും ചെവി കൊടുക്കുവാൻ തയാറായത്. സമാധാന പൂർവമായ സമര മാർഗങ്ങളിലൂടെയും, നിരാഹാര സത്യാഗ്രഹങ്ങളിലൂടെയും മേധാ പട്കർക്ക് പൊതു സമൂഹത്തിൻറ്റെ ശ്രദ്ധയാകർഷിക്കുവാൻ സാധിച്ചെങ്കിലും, പിന്നീട് അരുന്ധതീ റോയിയുടെ തീവ്ര ഇടതു പക്ഷ നിലപാടുകൾ പൊതു സമൂഹത്തെ വീണ്ടും ആദിവാസി പ്രശ്നങ്ങളിൽ നിന്ന് അകറ്റി.

മധുവെന്ന ആദിവാസി യുവാവിന് വേണ്ടി സംഘ പരിവാറുകാർ കണ്ണുനീർ പൊഴിക്കുന്നതാണ് ഏറ്റവും പരിഹാസ്യമായിട്ടുള്ളത്. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും ആദിവാസികളെ തല്ലിക്കൊല്ലുന്നതൊന്നും വാർത്തയേ ആകാറില്ല. കേരളത്തിലായതുകൊണ്ടാണ് ഇത് വാർത്തയെങ്കിലും ആയതെന്നുള്ള യാഥാർഥ്യം അവർ അംഗീകരിക്കില്ല. ഹിന്ദി ബെൽറ്റിലെ സംസ്ഥാനങ്ങളിലൊക്കെ റിക്ഷക്കാരെയും, ചേരി നിവാസികളെയും, പാവപ്പെട്ടവരെയും ഒക്കെ തല്ലുന്നതും, കൊല്ലുന്നതും ഒരു സാധാരണ സംഭവം മാത്രം. മിക്കപ്പോഴും അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന സംസ്ഥാന പോലീസുകാർ  കൊലപാതകങ്ങളുടെ പിന്നാലെയൊന്നും സാധാരണ ഗതിയിൽ പോകാറില്ല. അവരും പാർശ്വവൽക്കരിക്കപ്പെട്ടവരോടു് പലപ്പോഴും വളരെ ക്രൂരമായിട്ടു തന്നെയാണ് പെരുമാറാറുള്ളത്. സംഘ പരിവാർ സംഘടനയിലുള്ളവർക്ക് ആദിവാസികളുടെയും, ദളിതരുടെയും മേൽ അക്രമം അഴിച്ചു വിടാനും പലപ്പോഴും ഒരു മടിയും ഇല്ലാ. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ഉണ്ട്.

അപ്പോൾ പിന്നെ ആദിവാസികളുടെയും, പാവപ്പെട്ടവരുടെയും ദാരിദ്ര്യത്തിനും, പിന്നോക്കാവസ്ഥയ്ക്കും എന്താണ് പരിഹാരം എന്ന ചോദ്യം വരും. ഇതെഴുതുന്ന ആളുടെ അഭിപ്രായത്തിൽ അത്ര ലളിതമായ പരിഹാരം ഇല്ലാ എന്ന് തന്നെയാണ് ഉത്തരം. ഇത് വെറുതെ പറയുന്നതല്ല. ആദിവാസികളുടെ കൃഷി രീതികളും, ജീവിത രീതികളും കണ്ടതിനു ശേഷം പറയുന്ന കാര്യമാണ്. ഇന്നത്തെ ഇന്ത്യയിൽ കൃഷി കൊണ്ട് ജീവിക്കുന്ന പല വിദൂര ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും ദാരിദ്ര്യം കൊടി കുത്തി വാഴുന്നു എന്നത് സത്യം തന്നെയാണ്. കേരളത്തിലേക്ക് വരുന്ന ബംഗാളികളോട് ചോദിച്ചാൽ തന്നെ ദാരിദ്ര്യത്തിൻറ്റെ  കഥ അവർ പറഞ്ഞു തരും. പശ്ചിമ ബംഗാളിലെ മാൾദയിലോക്കെ ഇപ്പോഴും 100 രൂപയും ഒരു നേരത്തെ ആഹാരവും ആണ് ദിവസ കൂലി. ജ്ഹാർക്ഖണ്ടിൽ ഇന്നും 50% ആളുകൾ നിരക്ഷരാണ്. ഈ അടുത്ത കാലത്താണ് ചട്ടിസ്ഗർഹിൽ അനേകം സ്ത്രീകൾ ശസ്ത്രക്രിയക്കിടെ മരിച്ചത്. പശ്ചിമ ബെന്ഗാളിലെ ജൈപാൽ ഗുഡിയിൽ 1-2 വർഷങ്ങൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഒറിസ്സയിലെ കാലഹണ്ടി, ഫുൽബാനി - എന്നീ സ്ഥലങ്ങളിൽ നിന്നും  ഏതാനും വർഷങ്ങൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഇന്ന് വൻ നക്സലൈറ്റ് സ്വാധീനമുള്ള ഒറീസയിലെ ഫുൽബാനിയുടെ ഉൾ പ്രദേശങ്ങൾ സന്ദർശിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ ഇതെഴുതുന്ന ആൾക്ക് നക്സലൈറ്റ് ആക്രമണമണമോ, അത്തരം അക്രമങ്ങളോ അല്ലാ ദാരിദ്ര്യത്തിനും, അടിച്ചമർത്തലിനും ഉള്ള പരിഹാരം എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. ഫുൽബാനിയിൽ 'ഷിഫ്റ്റ് കൾട്ടിവേഷൻ' ആണ്. ഒരു പ്രദേശത്തെ; പ്രത്യേകിച്ച് മല പ്രദേശത്തെ കുന്നിൻ ചെരിവിൽ തീയിട്ടതിനുശേഷം കൃഷി ചെയ്യുന്ന രീതി. അവിടെയൊക്കെ എൻ. ജി. ഒ. - കളുടെയും, കോൺട്രാക്റ്റർമാരുടെയും, സർക്കാർ ജീവനക്കാരുടെയും ചൂഷണം ഇതെഴുതുന്ന ആൾ നേരിട്ട് കണ്ടിട്ടുണ്ട്. ഇന്ത്യയുടെ മറ്റു സ്ഥലങ്ങളിലും പോലീസ് അതിക്രമങ്ങളും, ഗുണ്ടാ അതിക്രമങ്ങളും ഇഷ്ടം പോലെ ഉണ്ട്.


ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ അടിസ്ഥാന സൗകര്യങ്ങളും, മനുഷ്യ വിഭവ ശേഷിയും വികസിപ്പിക്കുകയാണെങ്കിൽ എത്ര ദാരിദ്ര്യം അനുഭവിക്കുന്ന ജനം ആണെങ്കിലും അവരുടെ പുരോഗതിക്കുള്ള മാർഗം സ്വയം കണ്ടെത്തിക്കൊള്ളും എന്നതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ട് അവസരങ്ങളുടെ നൂറ്റാണ്ടാണ്. കേരളത്തിലേക്ക് വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ആ അവസരങ്ങൾ തേടി വരുന്നവരാണ്. അതി വേഗം വികസിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നഗരങ്ങളും, കാർഷിക, വ്യവസായിക പുരോഗതിയും ആണ് ദാരിദ്ര്യത്തിനും, അടിച്ചമർത്തലിനും ഉള്ള യഥാർത്ഥ പരിഹാരം. അല്ലാതെ അക്രമവും, അരാജകത്ത്വവുമല്ല. ആഗോള വൽക്കരണം, കമ്പോള വൽക്കരണം, കോർപറേറ്റിസം എന്നൊക്കെ പറയുമ്പോൾ കയ്യടിക്കാൻ ഇന്ന് സാമാന്യ ബുദ്ധിയുള്ള ആരെയും കിട്ടത്തില്ല.


ഇനി തീവ്ര ഇടതുപക്ഷവും, ചില ബുദ്ധി ജീവികളും സ്ഥിരം ഉയർത്തി പിടിക്കുന്ന ഭൂ പരിഷ്കരണ വിഷയം നോക്കാം. അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂ പരിഷ്കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോൾ ഭൂമി അനേകം മക്കളിൽ ഇന്ത്യയിലെ മിക്ക കുടുംബങ്ങളിലും വിഭജിക്കപ്പെട്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കർഷകരും. എന്ന് വെച്ചാൽ കേരളത്തിൻറ്റെ രീതിയിൽ ഒരേക്കറും, രണ്ടേക്കറും. അവർക്ക് പകലന്തിയോളം അദ്ധ്വാനിച്ചാൽ മാത്രമേ ഭൂമിയിൽ നിന്ന് എന്തെങ്കിലും കിട്ടൂ. സെൻട്രൽ ആന്ധ്ര, സെൻട്രൽ ബീഹാർ - ഇവിടെയൊക്കെ മാത്രമേ  ഇന്ന് 'ആബ്സെൻറ്റി ലാൻഡ് ലോർഡിസം' നിലവിൽ ഉള്ളൂ. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള എത്ര പേർ കേരളത്തിൽ ഉണ്ട്? ആദിവാസികളുടെയും, ദളിതരുടെയും, ഭൂ രഹിത കർഷക തൊഴിലാളികളുടെയും പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്. അല്ലാതെ ഇല്ലാത്ത ഭൂമിക്കു വേണ്ടി കേഴുന്നതിലല്ല. സാധ്യതകൾ കണ്ടെത്തുന്നതിലും ഉപയോഗപ്പെടുന്നതിലും മുന്നിലുള്ളവരേ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും വിജയിക്കൂ. ചരിത്രം പറഞ്ഞു ചില സമുദായങ്ങളെ ഭയപ്പെടുത്തി സ്ഥിരം വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ആ സമുദായങ്ങൾക്ക് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്.

മൂത്ത കമ്യൂണിസ്റ്റുകാരോടും, നക്സലൈറ്റ് അനുഭാവികളോടും ഇതൊക്കെ പറഞ്ഞാൽ അവർ വ്യക്തിപരമായ ആക്രമണം അഴിച്ചു വിടും.  ബൂർഷ്വായായും, റൈറ്റിസ്റ്റായും, ഭൂമി കയ്യേറുകയും, ആദിവാസികളെ കൊള്ളയടിക്കുകയും ചെയ്യുന്ന കുടിയേറ്റ വർഗത്തിൻറ്റെ പ്രതിനിധിയായി ചിത്രീകരിക്കാനും നോക്കും.  മധ്യ കേരളത്തിൽ നിന്ന് ദരിദ്രകർഷകരുടെ കുടിയേറ്റം സുഖവാസ സഞ്ചാരമായിരുന്നില്ലെന്ന് ബോധ്യപ്പെടാൻ കുടിയേറ്റക്കാരിലെ  പ്രായമായ ആരോടെങ്കിലും സംസാരിച്ചാൽ ധാരാളം മതി. കൃഷിക്കു വേണ്ടി 1960-കളിലും, 70-കളിലും മലബാറിലേക്ക് കുടിയേറിയവരുടെ അദ്ധ്വാനവും കഷ്ടപ്പാടും കാണാതെ ചിലർ ആദിവാസികളുടെ ഭൂമി തട്ടിയെടുത്തു എന്ന് പറഞ്ഞു ഇപ്പോൾ വ്യാജ പ്രചാരണം സമൃദ്ധമായി നടത്തുന്നുണ്ട്. മധ്യതിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് കുടിയേറിയവർ അവിടുത്തെ മണ്ണും ആദിവാസികളേയും നശിപ്പിച്ചു എന്നാണ്‌ അവരുടെ വാദം. കഞ്ഞിരപ്പള്ളി, മുണ്ടക്കയം - എന്നിങ്ങനെ ഇന്നു പല തോട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെല്ലാം പണ്ട് കൊടും കാടുകളായിരുന്നു. മലംബനിയോടും, മലംബാബിനോടും, മദയാനയോടും ഒക്കെ പൊരുതിയാണ് ദരിദ്രകർഷകർ വന, തോട്ടം, കുടിയേറ്റ മേഖലകളിൽ വിജയിച്ചത്. എത്രയോ പേർ മലമ്പനി വന്നു തുള്ളി വിറച്ചു മരിച്ചു? എത്രയോ പേർ പാമ്പ് കടിച്ചു മരിച്ചു? എത്രയോ പേരെ ആന ചവിട്ടി കൊന്നു? എന്നിട്ടും അവരുടെ അധ്വാന ശേഷി കുടിയേറ്റക്കാരെ വന, തോട്ടം, കുടിയേറ്റ മേഖലകളിൽ മുന്നോട്ടു നയിച്ചു. അതൊക്കെ കാണാതെയാണ് ചിലർ കുടിയേറ്റക്കാരെ കുറ്റം പറയുന്നത്; ആദിവാസികളുടെ ഭൂമി തട്ടിയെടുത്തു എന്നൊക്കെ പറയുന്നത്. 


ഇന്നത്തെ ആദിവാസികൾ പണ്ടത്തെ പോലെ കാട്ടിലെ കിഴങ്ങും തേനും ഒക്കെ ഭക്ഷണവും വരുമാന മാർഗവും ആയി കണക്കാക്കുന്നവരല്ല. ഒറീസയിലെ ഫുൽബാനിയിൽ 'ഷിഫ്റ്റ് കൾട്ടിവേഷൻ' ആണ്. ഒരു പ്രദേശത്തെ; പ്രത്യേകിച്ച് മല പ്രദേശത്തെ കുന്നിൻ ചെരിവിൽ തീയിട്ടതിനുശേഷം കൃഷി ചെയ്യുന്ന രീതി. പശ്ചിമ ബംഗാളിലെ ആദിവാസികളിൽ വലിയ വിഭാഗം നെൽകൃഷിയിൽ ഏർപ്പെടുന്നവരാണ്. കൂലി കുറവാണെന്നു മാത്രം. ഹിമാലയൻ പ്രദേശങ്ങളിൽ കുന്നിൻ ചെരിവുകളിൽ തട്ടു തട്ടായി വിഭജിച്ചാണവരുടെ കൃഷി. നെല്ലും, ഗോതമ്പും, ഉരുളക്കിഴങ്ങും ഒക്കെ ഈ രീതിയിൽ കൃഷി ചെയ്യുന്നത് ഇതെഴുതുന്ന ആൾ നേരിൽ കണ്ടിട്ടുണ്ട്. ഇനി കേരളത്തിലേക്ക് വന്നാൽ, വയനാട്ടിലെ ഭൂരിഭാഗം പണിയർ, ഊരാളി ആദിവാസികൾ കൂലി പണിക്കാർ ആണ്. അടയ്ക്കാ പറിക്കൽ, കാപ്പികുരു പറിക്കൽ - ഈ ജോലികളൊക്കെ ആദിവാസികൾ ചെയ്യാറുണ്ട്. കേരളത്തിലെ ആദിവാസികളിൽ കുറിച്യർ വിഭാഗം 'മല നംബൂതിമാർ' ആയിട്ടാണ് തങ്ങളെ കണക്കാക്കുന്നത്. മുൻ മന്ത്രി ജയലഷ്മി ഉൾപ്പെട്ട ഈ വിഭാഗം സാമ്പത്തികമായും, സാമൂഹ്യമായും മുന്നോക്കം നിൽക്കുന്നവരാണ്. അതുകൊണ്ട് 'ടിപ്പിക്കൽ' ആദിവാസിയുമായി അവരെ താരതമ്യപ്പെടുത്തുന്നതിൽ യാതൊരു യുക്തിയുമില്ല.

ഇന്ത്യയിലെ ഗോത്ര വർഗ ജനതകൾക്കിടയിൽ അവർ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങൾ ഉണ്ട്. ആൻഡമാൻ ദ്വീപുകളിൽ നിന്നും മനുഷ്യ മാംസം ഭക്ഷിക്കുന്നവരെ കുറിച്ച് വാർത്തകൾ വന്നിട്ടുണ്ട്. നാഷണൽ ജ്യോഗ്രഫിക് ഇന്ത്യയിലെ ആദിവാസി സമൂഹത്തിൽ പെട്ടവർ എലിയെ ചുട്ടു കഴിക്കുന്നതൊക്കെ കാണിച്ചിട്ടുണ്ട്. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പുഴുക്കളെ വറത്തു തിന്നുന്നതും, പട്ടി ഇറച്ചി കഴിക്കുന്നതും ഒരു സാധാരണ സംഭവം മാത്രം.


പൊതുവെ ഇന്ത്യയിലെ ആദിവാസികളിൽ ഒരു പ്രധാന പ്രശ്നം അവരിൽ കാണുന്ന മദ്യപാനാസക്തിയാണ്. ലഹരി അവരുടെ വലിയ ബലഹീനതയാണെന്നുള്ള കാര്യം ആദിവാസി മേഖലകളിൽ സഞ്ചരിച്ചിട്ടുള്ള ആർക്കും അറിയാം. അതുകൊണ്ട് തന്നെ അവരെ പറ്റിക്കുവാനും എളുപ്പത്തിൽ കഴിയും. സമ്പാദിക്കുവാനും സൂക്ഷിച്ചു വെക്കാനുമൊന്നും അവരിൽ ഭൂരിഭാഗവും താൽപര്യപ്പെടുന്നില്ല. കൂലിപ്പണി ചെയ്ത് കിട്ടുന്ന കാശിന് അരിയും സാധനങ്ങളും വാങ്ങി വീട്ടിൽ കൊണ്ടുപോയി വെച്ചുകഴിക്കുക എന്നുള്ളതാണ് അവരുടെ രീതി. മിച്ചമുള്ളത് സൂക്ഷിച്ചു വെക്കുക എന്നതൊന്നും അവരുടെ ചിന്തയിലില്ല. സ്ഥലം വിറ്റിട്ടായാലും കള്ളു കുടിക്കുന്നതും ആദിവാസി മേഖലകളിൽ അപൂർവ്വതയല്ല. അവരുടെ ഭൂമി അന്യാധീനപ്പെടുന്നതിനും ഒരു പ്രധാന കാരണം ഈ മദ്യപാനാസക്തിയാണ്. ക്യുട്ടിക്ക്യൂറാ പൗഡറും, മറ്റു മേയ്ക്കപ്പ് സാമഗ്രികളും കൊടുത്ത് നിഷ്കളങ്കരായ ആദിവാസി യുവതികളെ വേശ്യാവൃത്തിയിലേക്കും തൽപ്പരകക്ഷികൾ എത്തിക്കുന്നുണ്ട്. അവരെ അവരുടെ വഴിക്ക് ശല്യപ്പെടുത്താതെ വിടുക എന്നതാണ് പലരും നിർദേശിക്കുന്ന ഒരു പോംവഴി. പക്ഷെ ഇന്നത്തെ ആധുനിക ലോകത്ത് ആദിവാസികളുടെ ജീവിതം എങ്ങനെയാവണമെന്ന് അവർ തന്നെ തീരുമാനിക്കട്ടേയെന്ന് വെച്ചാൽ അത് മധുവിൻറ്റെ കാര്യത്തിലെന്നത് പോലെ വലിയ ദുരന്തങ്ങൾക്ക് വഴിവച്ചേക്കാം എന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. കാരണം പണ്ടത്തെ പോലെ വനത്തിൽ നിന്ന് ആദിവാസികൾക്ക് സമാഹരിക്കുവാൻ ഉൽപന്നങ്ങൾ ഇന്ന് അധികമൊന്നും ഇല്ലാ എന്നതു തന്നെ കാരണം. അതേ സമയം തന്നെ ആദിവാസികൾ പുറമെ നിന്നുള്ള ഏത് സഹായവും പെട്ടെന്നൊന്നും സ്വീകരിക്കുന്നവരും അല്ലാ. അവരുടെ ജീവിത രീതി പെട്ടെന്നൊന്നും മാറുവാനും പോകുന്നില്ല. സംബാന്ദ്യ ശീലം വളരണം; മദ്യപാനാസക്തി കുറയണം എന്നൊക്കെ പറയാം. പക്ഷെ ആദിവാസി മേഖലകളിൽ അത് നടപ്പാക്കുന്നത് അത്ര എളുപ്പമല്ല.


ആദിവാസി ജീവിതം സമ്പൽ സമൃദ്ധമാകണമെന്ന് പലർക്കും ആഗ്രഹമുണ്ട്; പക്ഷേ അവർക്കായി കൃത്യമായൊരു വികസന മോഡൽ മുന്നോട്ടു വെയ്ക്കാൻ ഇന്ത്യയിലെ ആസൂത്രണ വിദഗ്ധർക്ക് കഴിഞ്ഞിട്ടില്ല. കാരണം ഇന്ത്യയിലെ സാമൂഹ്യശാസ്ത്രജ്ഞരിലേയും, സാമ്പത്തിക വിദഗ്ധരിലേയും ഏറിയ കൂറും ദന്ത ഗോപുരങ്ങളിൽ വസിക്കുന്നവരാണ്. പലർക്കും ആദിവാസി മേഖലകളുമായി യാതൊരു ബന്ധവുമില്ല. ഇതെഴുതുന്നയാളുടെ അനുഭവത്തിൽ ക്രിസ്ത്യൻ മിഷണറിമാർക്ക്‌ മാത്രമേ കുറഞ്ഞ സമയം കൊണ്ട് ആദിവാസ ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്തുവാൻ സാധിച്ചിട്ടുള്ളൂ; അവർക്കു മാത്രമേ ആദിവാസികളുടെ വിശ്വാസം ആർജിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. നക്സലൈറ്റുകൾ പോലും അവർക്കു സ്വാധീനമുള്ള മേഖലകളിൽ ക്രിസ്ത്യൻ മിഷനറിമാരെ ആക്രമിക്കാത്തിന് കാരണം അതാണ്. ഞങ്ങൾ ആദിവാസി ജില്ലയായ ഒറീസയിലെ ഫുൽബാനിയിൽ സർവേ നടത്തിയപ്പോൾ ഞങ്ങൾക്ക് കിട്ടിയ 'ലോക്കൽ ഇൻവെസ്റ്റിഗേറ്റേഴ്‌സ്' എല്ലാവരും സെമിനാരിയിൽ പഠിച്ചവരായിരുന്നു; നന്നായി ഇംഗ്ളീഷ് സംസാരിക്കുന്ന ചെറുപ്പക്കാർ. ഇങ്ങനെ വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെ പറ്റി ആദിവാസികളെ ബോധവൽക്കരിക്കുവാൻ ചിലർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ  അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പശ്ചിമ ബെന്ഗാളിലെ പുരുലിയയിൽ കുഷ്ഠ രോഗികളെ ചികിത്സിക്കാൻ മിഷനറിമാർ അല്ലാതെ ആരും ഇല്ല. കുഷ്ടം പിടിപെട്ടാൽ ഗ്രാമങ്ങളിൽ നിന്ന് അവരെ കല്ലെറിഞ്ഞു ഓടിക്കലാണ് പരിപാടി. ബീഹാർ, ചട്ടിസ്ഗഡ്, ഝാർഖണ്ട്, പശ്ചിമ ബെന്ഗാൾ - ഇവിടുന്നെക്കെയുള്ള കുഷ്ഠ രോഗികൾ അഭയം തേടുന്ന സ്ഥലമാണ് പുരുലിയ. അവരുടെ മുറിവ് വെച്ച് കെട്ടാനും, അവർക്ക് മരുന്ന് കൊടുക്കാനും ആര് തയ്യാറാകും - മിഷനറിമാർ അല്ലാതെ. ഇത്തരം സേവനങ്ങളുടെ മഹത്വം വർഗീയത പറയാതെ അംഗീകരിക്കുകയാണ് വേണ്ടത്. മേഖാലയത്തിലും, ഒറിസ്സയിലും, ജാർക്കണ്ടിലും, ഛത്തിസ്‌ഗണ്ടിലും മറ്റും ആദിവാസികളുടെ ജീവിത രീതിയിൽ പുരോഗമനപരമായ മാറ്റം കൊണ്ട് വരുവാൻ മിഷനറി പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതിനെ അംഗീകരിക്കുക തന്നെ വേണം. ചുരുക്കം പറഞ്ഞാൽ ഗോത്രജനതയുടെ ജീവിതം ഇന്നത്തെ ആധുനിക ലോകത്ത് രക്ഷപ്പെടണമെങ്കിൽ ഒരു സ്നേഹസ്പർശം ആണ് വേണ്ടത്.

2018 ഫെബ്രുവരി 23, വെള്ളിയാഴ്‌ച

ക്യാപിറ്റലിസത്തിലൂടെയുള്ള സാമൂഹ്യ മാറ്റം

ആദിവാസി യുവാവിനെ കൊന്നതിൻറ്റെ പേരിൽ ഇനിയുള്ള ദിവസങ്ങളിൽ പലരും സോഷ്യലിസ്റ്റ് മധുര മനോഹര സ്വപ്നങ്ങൾ പുറത്തെടുക്കും. സമത്ത്വത്തിൻറ്റേയും സഹോദര്യത്തിൻറ്റേയും കാഹളമൂതും. ആദിവാസി യുവാവിനെ കൊന്നതിൻറ്റെ പേരിലുള്ള കോലാഹലം കുറച്ചു ദിവസങ്ങൾക്കുള്ളിൽ കെട്ടടയും. മധുര, മനോജ്ഞ സ്വപ്നങ്ങളും മാഞ്ഞുപോകും. അപ്പോഴും പ്രശ്നങ്ങൾ ബാക്കി. ജനകീയ വിചാരണകളിൽ സാധാരണ പെടുക കറുത്തവർ, മെലിഞ്ഞ ശരീരവും, മുഷിഞ്ഞ വേഷവും ഉള്ളവർ, നന്നായിട്ട് സംസാരിക്കാൻ അറിയാത്തവർ, വിദ്യാഭ്യാസം കുറഞ്ഞവർ - ഇവരൊക്കെയാണ്. ആക്രി പെറുക്കുന്നതിനിടയിൽ മോഷണം ആരോപിക്കപ്പെട്ട് മർദനം ഏറ്റുവാങ്ങിയ ആളുകൾ ധാരാളം. മയക്കു മരുന്നിൻറ്റെ ഏജൻറ്റുമാരാണെന്ന് ആരോപിക്കപ്പെട്ടു മർദനമേറ്റുവാങ്ങിയ ആഫ്രിക്കക്കാരും അനേകം. പരിചയമില്ലാത്ത സ്ഥലത്തു കണ്ടതിൻറ്റെ പേരിൽ ഇഷ്ടം പോലെ ആളുകൾക്ക് ഇൻഡ്യാ മഹാരാജ്യത്തിൽ തല്ല് കൊള്ളേണ്ടി വന്നിട്ടുണ്ട്. അസാധാരണമായ ഒരു സാഹചര്യത്തിൽ വ്യക്തികളെ കണ്ടെത്തി പോലീസിനെ വിളിച്ചറിയിച്ചാൽ തന്നെ പൊലീസിൻറ്റേയും ഇത്തരം ആളുകളോടുള്ള മനോഭാവം ക്രൂരമായിരിക്കും. ഇന്ത്യയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർ നേരിടുന്ന ഒരു പ്രശ്നമാണിത്.

ഇനിയിപ്പോൾ സാമ്പത്തിക-സാമൂഹിക അസമത്വത്തിന് ജാതിയുടെ കളറും കൊടുത്ത്, ഇരവാദവും പറഞ്ഞു ഈ നാട്ടിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ ശ്രമിക്കും ചിലർ. ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ പ്രസിദ്ധമായ പുസ്തകമായ - 'India after Gandhi - The History of the World's Largest Democracy'-യിൽ അദ്ദേഹം നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്: ഇന്ത്യയിൽ ഇന്ന് ജാതീയമായ അക്രമങ്ങളായി പറയപ്പെടുന്ന മിക്ക പ്രശ്നങ്ങളുടെയും അടിസ്ഥാനം രണ്ടു കാര്യങ്ങളാണ് - ഒന്ന് - വെള്ളം, രണ്ട് - ഭൂമിക്കു മേലുള്ള അവകാശങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ. ഈ പ്രശ്നങ്ങളൊക്കെ കേരളത്തിലും ഉണ്ട് - ചിലരൊക്കെ ഇല്ലാ എന്ന് സ്ഥാപിക്കാൻ ശ്രമിച്ചാലും. മുത്തങ്ങയിലും, മറ്റു പല ആദിവാസി സമരങ്ങളിലും നാം ഇത് കണ്ടതാണ്. മുത്തങ്ങയിലെ ആദിവാസികൾ ഭൂമിക്കു വേണ്ടി നടത്തിയ സമരത്തിൽ കുടിയേറ്റക്കാരായ നാട്ടുകാർ ഇടപെട്ടു. നാട്ടുകാർ ശിക്ഷകരായി മാറി. സമരനേതാക്കൾ മർദ്ദിക്കപ്പെട്ടു. സമരത്തിൽ നേരിട്ട് പങ്കെടുക്കുകയോ ഇടപെടുകയോ ചെയ്യാത്തവർ പോലും ആദിവാസികളോട് അനുഭാവം കാണിച്ചു എന്ന കാരണത്താൽ മർദ്ദനം ഏറ്റുവാങ്ങി. ഇന്ത്യയിൽ പലയിടങ്ങളിലും നടക്കുന്ന കാര്യങ്ങൾ തന്നെയാണ് ചുരുക്കത്തിൽ മുത്തങ്ങയിലും നടന്നത്. സമത്ത്വത്തിൻറ്റേയും സഹോദര്യത്തിൻറ്റേയും കാഹളമൂതുന്ന ഇടതു പക്ഷക്കാർ ജാനു കാറ് വാങ്ങിച്ചപ്പോൾ പ്രകടിപ്പിച്ച അസഹിഷ്ണുതയും നാമെല്ലാം കണ്ടതാണ്.

ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും നടപ്പിലാക്കേണ്ട ഒരു വികസന പദ്ധതി നാം സ്വയം വികസിപ്പിക്കേണ്ടിയിരിക്കുന്നു. ഗ്രാമ സ്വരാജ് അല്ലെങ്കിൽ സ്വയം പര്യാപ്തമായ ഗ്രാമം എന്ന ഗാന്ധിയൻ സങ്കൽപം അത് കൊണ്ട് തന്നെ ശ്രദ്ധ നേടണം. വനങ്ങളിൽ നിന്ന് ആദിവാസികൾ സമാഹരിക്കുന്ന ഉൽപന്നങ്ങൾക്ക് ബ്രോക്കർമാരുടെയും, ദല്ലാൾമാരുടെയും ഇടപെടൽ കൂടാതെ തന്നെ മെച്ചപ്പെട്ട വില ലഭ്യമാക്കാൻ സാധിക്കണം. അങ്ങനെയുള്ള ഗിരിജൻ കോപ്പറേറ്റിവ് സംഘങ്ങൾ ഇപ്പോൾ തന്നെ പല വന മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. അത് പോലെ തന്നെ ഇപ്പോഴുള്ള കാർഷിക രീതികൾ മാറേണ്ടതുണ്ട്. കാർഷിക രീതികളിലെ ആധുനിക വൽക്കരണം പോലെ തന്നെ ആദിവാസികളുടെ പിന്നോക്കാവസ്ഥയ്ക്കുള്ള മറ്റൊരു പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്. ഏതൊരു പ്രശ്നവും പരിഹരിക്കാനുള്ള ആദ്യ പടി അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കലാണ്. അങ്ങനെ അംഗീകരിച്ചു പ്രശ്ന പരിഹാരം തേടിയാൽ മാത്രമേ ഇവിടെ ജനാധിപത്യത്തിലും, മാനുഷികതയിലും അധിഷ്ഠിതമായ ഒരു വികസന പദ്ധതി ആവിഷ്കരിക്കുവാൻ നമുക്ക് കഴിയുകയുള്ളൂ. മലയാളത്തിലെയും, ഇംഗ്ളീഷിലെയും മുഖ്യ ധാരാ മാധ്യമങ്ങളും, ചാനലുകളും ഈ വിഷയത്തെ പൂർണമായി അവഗണിക്കുന്ന രീതി തന്നെ ആദ്യം മാറേണ്ടതുണ്ട്. സമഭാവനയോടെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നോക്കി കാണേണ്ട ഒരു സംസ്കാരം ആണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും ഇൻഡ്യാക്കാരായ നമുക്ക് ആദ്യമായി ഉണ്ടാവേണ്ടത്.

ഇന്ന് നിലനിൽക്കുന്ന പല സങ്കൽപ്പങ്ങളും മാറേണ്ടതും ദളിത്-ആദിവാസി, പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതിന് ആവശ്യമാണ്. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് മാത്രമല്ല പ്രശ്നങ്ങൾ ഉള്ളത്. അപ്പോൾ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ മാത്രം പ്രശ്നങ്ങൾ എന്ന നിലയിൽ നിന്ന് മാറി പൊതു സമൂഹത്തിൻറ്റെ പ്രശ്നങ്ങൾ എന്ന നിലയ്ക്കാണ് വികസന പ്രശ്നങ്ങൾ നോക്കി കാണേണ്ടത്. പൊതു സമൂഹത്തിലേക്ക് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാനും ഇത് സഹായിക്കും.

പല സങ്കൽപ്പങ്ങളുടേയും പൊളിച്ചെഴുത്താണ് പ്രശ്നങ്ങൾ മാറാൻ വേണ്ടി ആദ്യം വേണ്ടത്. കപട ആദിവാസി-ദളിത് സ്നേഹം നടിക്കുവാൻ ചിലരൊക്കെ സ്ഥിരം ഉപയോഗിക്കുന്ന പദമാണ് 'സവർണ്ണ ഫാസിസം'. സത്യത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ മുന്നോക്ക ജാതിക്കാരുടെ ആധിപത്യം ഉണ്ടോ? 'ബ്രാഹ്മണ മേധാവിത്വം' ധാരാളം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ ബ്രാഹ്മണർ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു സമുദായമാണ് എന്ന് ഇന്ത്യയിൽ സഞ്ചരിച്ചിട്ടുള്ളവർക്കൊക്കെ അറിയാം. ഇന്ത്യയിൽ ബ്രാഹ്മണർ മൊത്തം ജനസംഖ്യയുടെ ഏകദേശം അഞ്ചു ശതമാനം ആണ്. ഈ അഞ്ചു ശതമാനം ഒരു വോട്ട് ബാങ്ക് അല്ലാ. ഭരിക്കുന്നവരെ പിന്താങ്ങി നിന്ന് തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതായിരുന്നു പണ്ടത്തെ ബ്രാഹ്മണ മേധാവിത്വ കാലത്തു പോലും അവരുടെ രീതി. പക്ഷെ ഇന്നത്തെ ജനാധിപത്യത്തിൽ കഥയാകെ മാറി. ഇന്ത്യയിൽ ഒരു വാർഡ് ജയിക്കാൻ പോലും ബ്രാഹ്മണർക്ക് ജനസംഖ്യ ഇല്ല. പിന്നെ ബ്രാഹ്മണരെ ചീത്ത പറഞ്ഞാൽ കുറെ വോട്ട് കിട്ടും. അതാണ് ഇപ്പോൾ നടക്കുന്നത്. ഇന്നിപ്പോൾ ബ്രാഹ്മണർ എല്ലാ ജോലികളിലും ഉണ്ട്. അവർ വെറും കണക്കപ്പിള്ളമാർ മാത്രം അല്ല. ഇന്നത്തെ ഇന്ത്യയിൽ ബ്രാഹ്മണർക്ക് ഭരണ രംഗത്തും സ്വാധീനം കുറഞ്ഞു കൊണ്ട്വരിക്കുകയും ആണ്. ഈ യാഥാർഥ്യമൊന്നും പലരും അംഗീകരിക്കുവാൻ തയാറല്ല.

പൂജാപരിപാടികളെല്ലാം ഇപ്പോൾ വലിയ ബിസിനസ്സ് ആയി മാറിയിരിക്കുന്നു. ബ്രാഹ്മണരിൽ നിന്ന് ശാന്തിയാകാൻ പുതിയ തലമുറ ആഗ്രഹിക്കുന്നില്ല. അവരുടെ പെൺകുട്ടികൾക്ക് ശാന്തിക്കാരെ വേണ്ട. ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണല്ലോ കേരളത്തിലെ അവസ്ഥ. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നതാണ് റിപ്പോർട്ടുകൾ. യാഥാസ്ഥിതികമായ സമൂഹത്തിൽ നിന്ന് വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ താഴ്ന്ന ജാതിക്കാരുടെ കൂടെയും, ഇതര മതസ്ഥരുടെ കൂടെയും പോയ കഥകൾ ഇഷ്ടം പോലെ. ഉയർന്ന വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ പണ്ടൊക്കെ ക്ഷേത്ര പൂജാരിമാരുടെ കൂടെ ഒക്കെ പോയി ജീവിതം നയിച്ചവർ ഉണ്ടെങ്കിൽ ഇന്ന് അവർ ഒരുപാട് മാറി. അതുകൊണ്ട് തന്നെ ഉയർന്ന ജോലിയും നിലവാരവും ഇല്ലാത്ത യുവാക്കൾക്ക് വിവാഹം ബാലികേറാമല ആയിരിക്കുന്നു എന്നതാണ് പല റിപ്പോർട്ടുകളും. ഇനി പൂജാരിയാകാൻ എഴുത്തു പരീക്ഷ നടത്തുമ്പോൾ ബ്രാഹ്മണർ തോൽക്കുന്നതും ഇപ്പോൾ വാർത്തയല്ല. വേദങ്ങളൊക്കെ 'ഡിജിറ്റൽ ടെക്നോളജിയുടെ' യുഗത്തിൽ ഇന്ന് ആർക്കും പഠിക്കാം. ഇന്ന് വേദങ്ങളെല്ലാം ഓൺലയിനായി കിട്ടും. CD ഫോർമാറ്റിൽ ശബ്ദ വ്യത്യാസങ്ങൾ പോലും കൃത്യമായി മനസിലാക്കാം. അപ്പോൾ പിന്നെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലിരുന്ന് 'ബ്രാഹ്മണ മേധാവിത്വം' സ്ഥിരം ചർച്ച ചെയ്യുന്നതിൽ വെല്ലോ യുക്തിയുമുണ്ടോ? ദളിത്, പിന്നോക്ക സമൂഹത്തിന് പ്രയോജനമുള്ള വ്യവസായവൽക്കരണമോ, വികസനമോ ചർച്ച ചെയ്യാതെ കേരളത്തിലെ ദളിത് ബുദ്ധി ജീവികളും, ഇടതു പക്ഷവും രോഹിത് വെമൂല, ഹിന്ദു ഫാസിസം, സവർണ മേധാവിത്ത്വം - ഇതൊക്കെ ധാരാളം ചർച്ച ചെയ്തിട്ട് ഇവിടെ ആർക്കാണ് ഗുണമുള്ളത്?

ഇനി മറ്റു ജാതികളുടെ കാര്യം നോക്കാം. കേരളത്തിലെ മുന്നോക്ക ഹിന്ദു യുവാക്കളിൽ അവിവാഹിതരുടെ എണ്ണം പെരുകുന്നു എന്നതാണ് കണക്കുകൾ നിരത്തി തന്നെ ചിലർ തെളിയിക്കുന്നത്. ജാതിയും ജാതകവും വേണ്ടെന്ന് പരസ്യം ചെയ്താൽ പോലും രക്ഷയില്ല; അനാഥാലയങ്ങളിൽ വരെ മംഗല്ല്യത്തിനായി ക്യൂവാണ്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നം ഒറ്റപ്പെടുന്ന പുരുഷന്മാരാണെന്നാണ് പല സാമൂഹ്യക നിരീക്ഷകരും പറയുന്നത്. സമുദായങ്ങളിലെ സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയാണ് ഈ വിഷയത്തിൽ ഏറ്റവും പ്രധാന ഘടകമായി നിൽക്കുന്നത്. സ്ത്രീകൾ നന്നായി പഠിച്ച് ഉയർന്ന ജോലി നേടുമ്പോൾ പുരുഷരിൽ ഒരു വലിയ വിഭാഗവും അവിടെ തന്നെ നിൽക്കുകയാണ്. അങ്ങനെ വരുമ്പോൾ പരമ്പരാഗത തൊഴിൽ ചെയ്തു വരുന്നവരും, വിദ്യാഭ്യാസപരമായും, സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നവരും, വിവാഹ മാർക്കറ്റിൽ പിറകോട്ടു പോകുന്നു. സർക്കാർ ജോലിയില്ലാത്ത യുവാക്കൾക്കും മറ്റും അവിവാഹിതരായി മരിക്കേണ്ട അവസ്ഥയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലുള്ളത്. ഇതോടൊപ്പം ജാതകം, പൊരുത്തം തുടങ്ങിയ അന്ധവിശ്വാസങ്ങൾ കൂടിയാവുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായി.

ഐ.ടി. ഫീൽഡിലേക്കും മറ്റുമായി ബാൻഗ്ലൂർ പോലുള്ള നഗരങ്ങളിൽ എത്തുന്ന പെൺകുട്ടികൾ സമുദായം നോക്കാതെ തങ്ങൾക്ക്തുല്യ ജോലി സ്റ്റാറ്റസുള്ള ഒരാളെ വിവാഹംചെയ്ത് അവിടെതന്നെ സെറ്റിൽ ചെയ്യുന്ന പ്രവണതയും ഇന്നുണ്ട്. അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം കൂടിയതോടെയാണ് കടുത്ത യഥാസ്ഥികരായ നമ്പൂതിരി സമുദായം പോലും ജാതിവിട്ടുള്ള വിവാഹത്തെകുറിച്ച് ചിന്തിച്ച് തുടങ്ങിയത്. മുമ്പൊക്കെ ഇതേകാരണത്താൽ ഭ്രഷ്ടും, പടിയടച്ച് പിണ്ഡം വെക്കലും നടത്തിയവർ ഇപ്പോൾ അത്തരത്തിലുള്ള യാതൊരു മനോഭാവവും കാണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ചൊവ്വാദോഷത്തിൻറ്റെ പേരിൽ ആയിരക്കണക്കിന് സ്ത്രീകളെ വിവാഹത്തിൽ നിന്ന് മാറ്റി നിർത്തിയവർക്ക് ഇപ്പോൾ ജാതകം തന്നെ പ്രശ്നമല്ലാതായിരക്കുന്നു. ജാതകവും, ജോൽസ്യവുമടക്കമുള്ള അന്ധവിശ്വാസങ്ങൾ ആഭ്യന്തര വൈരുധ്യങ്ങൾ കൊണ്ടുതന്നെ തകരുകയാണെന്നുള്ളതാണ് വാസ്തവം. യുക്തിവാദികൾ നടത്തിയ കാമ്പയിനേക്കാൾ അതാത് മനുഷ്യരുടെ ജീവിതാനുഭവങ്ങളാണ് സമീപ കാല കേരളത്തിൽ ഇത്തരം തിരച്ചറിവുകൾ ഉണ്ടാക്കിയത്. അന്ധവിശ്വാസങ്ങളെ പൊക്കിക്കൊണ്ടുനടന്നവർ സ്വയം അത് ഉപേക്ഷിക്കേണ്ടിവരുന്നത് കാലത്തിൻറ്റെ വലിയ മാറ്റമാണെന്നോ, ചരിത്രത്തിൻറ്റെ കാവ്യ നീതിയാണെന്നോ പറയാം. ചുരുക്കം പറഞ്ഞാൽ അനുദിനം മൽസരാധിഷ്ഠിതമാകുകയാണ് കേരളത്തിലെ വിവാഹ മാർക്കറ്റ്. അനാഥാലയങ്ങളിലെ പെൺകുട്ടികളെ പോലും വിവാഹം കഴിക്കുന്നത് ഇന്നത്തെ കാലത്ത് എളുപ്പമല്ല. അവിടെയും ഇപ്പോൾ കടുത്ത മൽസരമാണ്. ബാങ്ക് ബാലൻസ് തൊട്ട് സ്വഭാവം വരെ വിലയിരുത്തിയതിന് ശേഷമേ അനാഥാലയത്തിൻറ്റെ അധികൃതർ വിവാഹങ്ങൾക്ക് സമ്മതിക്കൂ. അതുകൊണ്ട് കേരളത്തിൽ വധുക്കളെ ആവശ്യമുള്ള ചിലർ അന്യസംസ്ഥാനങ്ങളിലേക്ക് തിരിയുന്നതായി പോലും റിപ്പോർട്ടുകൾ ഉണ്ട്.

ഇനി സാമ്പത്തിക രംഗത്തേക്ക് വരാം. 2016 സെപ്റ്റംബർ 2-ന് സി.പി.എം. ദേശീയ ഹർത്താൽ കേരളത്തിൽ നടത്തി. എന്തിനായിരുന്നു ആ ഹർത്താൽ? രാജ്യമെങ്ങും മിനിമം കൂലി മാസം 18000 രൂപയും,പെൻഷൻ 3000 രൂപയുമാക്കുക. ഈയിടെ സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കിയ പുതിയ മിനിമം കൂലി കൃഷിപ്പണിക്ക് മാസം 12500 രൂപ; ഡയറി ഫാം മാനേജരുടെ ശമ്പളം 13350 രൂപ - ഇങ്ങനെയൊക്കെയാണ് കണക്കുകൾ. സത്യത്തിൽ കേരളത്തിലെ പല സ്ഥലങ്ങളിലും ഇതിനേക്കാൾ എത്രയോ കൂടുതലാണ് കൂലി!!! മൂന്നു വർഷം മുമ്പ് കേരളത്തിലെ ഞങ്ങളുടെ വീട്ടിൻറ്റെ മുറ്റത്തു മെറ്റലിട്ടവർക്ക് 700 രൂപയായിരുന്നു കൂലി. 2016 - ൽ അത് 800 രൂപയായി. തെങ്ങു കേറുന്നയാൾക്ക് ഒരു തെങ്ങിന് 40 അല്ലെങ്കിൽ 50 രൂപാ വെച്ച് കൊടുക്കണം. മൂന്നു മണിക്കൂറോളം ഉള്ള അധ്വാനത്തിന് കൂലി 1500 രൂപയും അഞ്ചു തേങ്ങയും. ഈ കഴിഞ്ഞ വർഷം (2017-ൽ) രണ്ടു മരം വെട്ടുകാർക്ക് ഞാൻ നേരിട്ട് കൊടുത്തത് 3600 രൂപയാണ്. മൂന്നു മണിക്കൂറോളം ഉള്ള അധ്വാനത്തിന് ഒരാൾക്ക് കൂലി 1800 രൂപാ. ദേശീയ ശരാശരിയിൽ വളരെ വർഷങ്ങളായി ദിവസ കൂലിയിൽ കേരളം മുമ്പിൽ നിലക്കുന്നു. ഒരു ദിവസത്തിൽ കേവലം മൂന്നു മണിക്കൂർ നേരത്തെ പണിക്ക് 1800 രൂപയും, 800 രൂപയും ഒക്കെ വാങ്ങിക്കുന്നവർ ഏങ്ങനെ ദരിദ്രരാകും? ഇത്തരത്തിൽ കൂലി വാങ്ങിയിട്ടും സർക്കാർ കണക്കിൽ അവരൊക്കെ ദരിദ്രരാണ്. BPL വിഭാഗത്തിൻറ്റെ അവകാശങ്ങളൊക്കെ കിട്ടുന്നു.

ചുരുക്കത്തിൽ പറഞ്ഞാൽ ഫ്യൂഡൽ-രാജകാലത്തെ കുലത്തൊഴിലിനോട് ചേർന്ന ജാതികളും, അതിനോട് ചേർന്ന വർണങ്ങളും (സോഷ്യൽ സ്റ്റാറ്റസ്) ജനാധിപത്യവും , ക്യാപിറ്റലിസവും വന്നാൽ തനിയെ പൊളിഞ്ഞു വീഴുന്ന അവസ്ഥയായിരിക്കുകയാണ് ഇന്ന്. യൂറോപ്പിലു൦ ആയിരകണക്കിന് വർഷം നില നിന്ന ഫ്യൂഡൽ വ്യവസ്ഥിതി ക്യാപിറ്റലിസ്റ്റ്-ജനാധിപത്യ ക്രമത്തിലേക്ക് വന്നപ്പോൾ പൊളിഞ്ഞു വീണു. ഇത് തന്നെ ഇന്ത്യയിലും നടക്കുകയാണ് - വേറൊരു രീതിയിലാണെന്നു മാത്രം. ഗുജറാത്തിൽ രണ്ടു വർഷം മുമ്പ് 42 ഒറിയ പെൺകുട്ടികൾക്ക് വേണ്ടി ക്യൂ നിന്നത് 5000 പേരായിരുന്നു എന്നതാണ് പത്രങ്ങളിലൊക്കെ വന്നത്. പെൺ ഭ്രൂണഹത്യ വ്യാപകമായി നടക്കുന്ന ഗുജറാത്ത്, ഹരിയാന - ഈ സംസ്ഥാനങ്ങളൊക്കെ ഇന്ന് ജാതിയും, മതവും, ഗോത്രവും ഒന്നും നോക്കാതെ വധുക്കളെ സ്വീകരിക്കുകയാണ്. പെൺ ഭ്രൂണഹത്യ പോലുള്ള സാമൂഹ്യ വിപത്ത് മറുവശത്ത് സാമൂഹ്യ വിപ്ലവവും സൃഷ്ടിക്കുകയാണ്. പക്ഷെ ഇതങ്ങീകരിക്കുവാൻ കപട ആദിവാസി-ദളിത്-പിന്നോക്ക സ്നേഹം നടിക്കുന്നവർ തയാറല്ല. അവർക്ക് ജനാധിപത്യത്തേയും, ക്യാപിറ്റലിസത്തേയും കപട സോഷ്യലിസ്റ്റ്- ലിബറൽ- ആദിവാസി-ദളിത്-പിന്നോക്ക സ്നേഹം പറഞ്ഞു കൊണ്ട് എതിർത്ത് തോൽപിക്കണം. സവർണനും, അവർണനും, ദ്രാവിഡനും, ആര്യനും, ദളിതനു൦, ബ്രാഹ്മണിക്കൽ ഹെജിമണിയുമില്ലെങ്കിൽ പലരുടെയും പണി പൂട്ടിക്കെട്ടേണ്ടി വരും. ജാതിയുടെ പേരിൽ നടക്കുന്ന രാഷ്ട്രീയ കൊള്ള സംഘങ്ങൾക്ക് പണിയില്ലാതാകുക എന്നത് പലർക്കും ചിന്തിക്കുവാൻ പോലും പറ്റാത്ത ഒന്നാണ്.

ഇനി മറ്റുള്ള രാജ്യങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കാര്യം നോക്കാം. പണ്ട് ആഫ്രിക്കയിൽ നിന്ന് അടിമകളെ അമേരിക്കയിലേക്കും, യൂറോപ്പിലേക്കും കടത്തിയപ്പോൾ കടലിൽ വെച്ച് കൊല്ലപ്പെട്ടവർ പോലും ലക്ഷക്കണക്കിനാളുകൾ വരും. ഗൂഗിളിൽ തപ്പിയാൽ കഴുത്തിലും, കയ്യിലും, കാലിലും ഒക്കെ ചങ്ങലക്കിട്ട കറുത്ത വർഗ്ഗക്കാരായ അടിമകളുടെ ഫോട്ടോകൾ ഇഷ്ടം പോലെ കാണാം. അമേരിക്കയിൽ കറുത്ത വർഗക്കാർക്കായി 1970-കളിൽ മാർട്ടിൻ ലൂഥർ കിങ്ങിൻറ്റെ നെത്ര്വത്ത്വത്തിൽ ആരംഭിച്ച 'സിവിൽ ലിബെർട്ടീസ് മൂവ്മെൻറ്റ്സ്' - ൻറ്റെ കാലത്ത് വളരെ അധികം അക്രമങ്ങൾ നടന്നു. അമേരിക്കയിലെ കറുത്ത വർഗക്കാർ ഇവിടുത്തെ ദളിത് ചിന്തകരെ പോലെ ഇപ്പോഴും അതൊക്കെ പറഞ്ഞു നടപ്പാണോ? ഇരുപതാം നൂറ്റാണ്ടിൻറ്റെ അവസാനം വരെ ദക്ഷിണാഫ്രിക്കയിൽ കടുത്ത വർണ വിവേചനം ഉണ്ടായിരുന്നു. ‘Truth and Re-conciliation’ പ്രസ്ഥാനത്തിലൂടെ അവരൊക്കെ പൂർവ കാലത്തിലേക്ക് ഉറ്റു നോക്കുന്നതിൽ നിന്ന് പിൻവാങ്ങി ഇപ്പോൾ കറുത്ത വർഗക്കാർ അധികാരം കയ്യാളുകയാണ്. ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാർ ഇവിടുത്തെ ദളിത് ബുദ്ധിജീവികളേ പോലെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വർണ വിവേചനം പറഞ്ഞു കൊണ്ട് നടപ്പുണ്ടോ?

ഇന്ന് ജാതിയെ നിരാകരിക്കാൻ പറയുന്നവർ തന്നെയല്ലേ ജാതിയും, മതവും നിരന്തരമായി ഇന്ത്യയുടെ പൊതു വേദികളിൽ ഉയർത്തുന്നത്? ആദിവാസി-ദളിത്-പിന്നോക്കക്കാരുടെ സാമ്പത്തിക പരാധീനതക്ക് പരിഹാരം കാർഷിക, വ്യവസായിക വളർച്ചയാണ്; അല്ലാതെ വംശീയ വിദ്വേഷം വളർത്തലല്ല. ദളിതരോന്നും പുരോഗമിച്ചിട്ടില്ല എന്ന് പറയുന്നവർ ഇന്ത്യ കാണാത്തവരാണ്. ഇപ്പോൾ ഡൽഹിയിലൊക്കെ പണ്ടത്തെ പോലെ ചവിട്ടുന്ന റിക്ഷകൾ കുറഞ്ഞു വരികയാണ്. അതിനു പകരം ഇലെക്ട്രിക് റിക്ഷകൾ ആ സ്ഥാനം പിടിച്ചു കഴിഞ്ഞു. സമാനമാണ് ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളിലും. ഇതിൻറ്റെയൊക്കെ ഗുണ ഭോക്താക്കൾ ദളിതരും, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വരുമാനക്കാരുമാണ്. കുറെ വർഷങ്ങൾക്ക് മുമ്പ് 'ദളിത് കോടീശ്വരന്മാർ' എന്ന തലക്കെട്ടോടെ 'ഇന്ത്യ റ്റുഡേ' കവർ സ്റ്റോറി പ്രസീദ്ധീകരിച്ചായിരുന്നു. ദളിതർ ഇന്നത്തെ ഉദാരവൽക്കരണത്തിൻറ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നാണ് മുൻ പ്ളാനിങ് കമ്മീഷൻ മെമ്പറും, പ്രമുഖ ദളിത് ചിന്തകനും ആയ ഡോക്ടർ നരേന്ദ്ര ജാദവിനെ പോലുള്ളവർ പറയുന്നത്. ഇപ്പോൾ ദേശീയ തലത്തിൽ 'ദളിത് ചെയ്മ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്റ്ററി' ഉണ്ട്. അത് സംസ്ഥാന തലങ്ങളിൽ കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ പൊള്ളയായ വെറും പിന്തിരിപ്പൻ ആശയങ്ങൾ അവതരിപ്പിക്കുന്ന കേരളത്തിലെ ദളിത് ബുദ്ധി ജീവികളോട് സഹതപിക്കാനും പരിതപിക്കാനും മാത്രമേ സാധിക്കുകയുള്ളൂ. ബ്രാഹ്മണ മേധാവിത്വം, രോഹിത് വെമൂല, ഹിന്ദു ഫാസിസം, സവർണ മേധാവിത്ത്വം - എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ചർച്ചകളിലൂടെ അവർ പലപ്പോഴും പുരുഷൻറ്റെ അധികാര വാഞ്ജയാണ് കാണിക്കുന്നത്. സ്ത്രീ വിരുദ്ധത കേരളത്തിലെ മറ്റെല്ലാ പ്രസ്ഥാനങ്ങളിലുമുള്ളതു പോലെ ജാതി പറയുന്നവരിലും ഉണ്ട്. കുടുംബങ്ങളിൽ പുലരേണ്ട സമാധാനത്തേയോ ശാന്തതയയോ കുറിച്ചോ, സ്ത്രീകളുടെയും, കുട്ടികളുടെയും അവകാശങ്ങളെ കുറിച്ചോ ഉള്ള പ്രശ്നങ്ങളെല്ലാം ഇവിടെ തീർത്തും അവഗണിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ എല്ലുമുറിയെ പണിയെടുത്ത് കിട്ടിയ പണവും, വീട്ടിലെ സ്ത്രീകൾ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തിൽ തിരുകി പുരുഷന്മാർ നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോർപറേഷൻ വിൽപനശാലകൾക്ക് മുന്നിലെ ക്യൂവിൽ സ്ഥാനം പിടിക്കുന്നതിനെ കുറിച്ച് ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല. മദ്യത്തിൻറ്റെ ലഹരി പോരാത്തവർ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടെയും ബസ്സ്റ്റാൻറ്റുകളുടെയും പിന്നാമ്പുറങ്ങൾ തേടിപ്പോകുന്നതിനെ കുറിച്ചും ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല.

ചുരുക്കത്തിൽ പറയുകയാണെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലേയും, കേരളത്തിലേയും ജാതി സ്ഥിതി മാറുകയാണ്. രാഷ്ട്രീയത്തിൽ ഒരു 'പ്രെഷർ ഗ്രൂപ്പായി' ജാതി തുടർന്നാലും നമ്മുടെ ആധുനിക നഗര ജീവിതത്തിൽ നിന്ന് ജാതി പതുക്കെ അപ്രത്യക്ഷമാകുകയാണ്. ഇന്ത്യയിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണല്ലോ കേരളം. പണം കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ജാതിക്ക് വലിയ പ്രാധാന്യമില്ലാത്ത വരും. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കോടെ കേരളത്തിൽ ഇത് കണ്ടതാണല്ലോ. ആധുനിക കാലഘട്ടത്തിൽ ഭക്ഷണവും, വെള്ളവും, തൊഴിലും ഒക്കെ ഒരു ജാതിയുടെ മാത്രമായി ചുരുക്കാൻ സാധിക്കില്ലല്ലോ. ഉത്തർ പ്രദേശിലൊക്കെ ഇപ്പോൾ തന്നെ തൂപ്പു ജോലിക്ക് അപേക്ഷിക്കുന്ന ബ്രാഹ്മണരും, ഉന്നത ജാതിക്കാരും അനേകം ഉണ്ടെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്. ഇന്നല്ലെങ്കിൽ നാളെ ദാരിദ്ര്യ നിർമാർജനം ഭരണകൂടം ഏറ്റെടുക്കുന്നതോടെ ജാതി മനോഭാവത്തിലും വലിയ മാറ്റം പ്രതീക്ഷിക്കാം. ഇപ്പോഴത്തെ രീതിയിലുള്ള വോട്ടു ബാങ്ക് രാഷ്ട്രീയത്തിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ഏല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താൻ ഏല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടതായി വരുമ്പോൾ ജാതി ചിന്തയും അപ്രത്യക്ഷമാകുമെന്ന് പ്രത്യാശിക്കാം. പതിനായിരകണക്കിന് വർഷത്തെ ചരിത്രമുള്ള ഇൻഡ്യാ മഹാരാജ്യത്തിൽ ജാതീയമായ ജീർണത ഒരു പ്രത്യേക കാലയളവിൽ നടന്ന പ്രക്രിയ മാത്രമാണെന്ന് പലരും അംഗീകരിക്കുവാൻ തയാറല്ല; ചരിത്രത്തിൻറ്റെ തെളിവുകൾ മറിച്ചാണെങ്കിൽ കൂടി.

2018 ഫെബ്രുവരി 22, വ്യാഴാഴ്‌ച

ഇന്ത്യൻ സമൂഹത്തിൽ വിലയില്ലാത്ത 'സത്യസന്ധത'

ഒരു പരിധി കഴിഞ്ഞാൽ രത്നങ്ങളും, സ്വർണവും, നോട്ടു കെട്ടുകളും കൊണ്ട് ഒരു പ്രയോജനവുമില്ല. അത് കൊണ്ടായിരിക്കണം അലക്‌സാണ്ടർ ചക്രവർത്തി തൻറ്റെ ശവപ്പെട്ടിയിൽ നിന്ന് രണ്ടു കൈകളും പുറത്തേക്കു ഇടണമെന്ന് നിഷ്കർഷിച്ചത്. മരിക്കുമ്പോൾ ആരും ഒന്നും കൂടെ കൊണ്ട് പോകുന്നില്ല. ഒന്നുമില്ലാതെ ഈ ലോകത്തേക്ക് വരികയും, ഒന്നും കൂടെ കൊണ്ടുപോകാതെ ലോകത്തോട് വിടപറയുന്നവരുമാണ് നമ്മളെല്ലാം. തട്ടിപ്പിലൂടെയും, വെട്ടിപ്പിലൂടെയും ശത കോടികൾ സമ്പാദിക്കുന്ന സമീപകാല ഇന്ത്യയിലെ  കപട രാഷ്ട്രീയക്കാരും, ബിസിനസ്സുകാരും, ഉദ്യോഗസ്ഥ പ്രഭുക്കളും ഈ ലളിതമായ സത്യം മനസിലാക്കുന്നുണ്ടോ?? ഇല്ലെന്നാണ് തോന്നുന്നത്.

കാശൊക്കെ വെട്ടിക്കുന്നതിനും വേണ്ടേ ഒരു പരിധി?? ആഗ്രഹങ്ങൾക്കും അനുഭവിക്കാൻ ആവുന്ന സുഖങ്ങൾക്കും ഒക്കെ ഒരു പരിധി ഇല്ലേ ? എന്തിനാണ് ബിസിനസ് വഴി ആയിരക്കണക്കിന് കോടികൾ നേടിയവർ വീണ്ടും ബാങ്കുകളെ വെട്ടിച്ചു പതിനായിരം കോടികളും  മറ്റും അടിച്ചു മാറ്റുന്നത്? ഇതൊക്കെ ഇന്ത്യയിലെ ബിസിനസ്സുകാരോട് പൊതു സമൂഹം ചോദിക്കേണ്ട ചോദ്യങ്ങളാണ്.

ഇന്ത്യൻ സമൂഹത്തിൽ സമീപ കാലത്ത് സത്യസന്ധതയ്ക്ക് യാതൊരു വിലയുമില്ല. 11400 കോടി അടിച്ചു മാറ്റിയ നീരവ് മോഡി,  ലണ്ടനിൽ കഴിയുന്ന വിജയ് മല്യയ്യ, ലളിത് മോഡി - ഇവരൊക്കെ മോഷ്ടിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവരാണെന്നാണ് തോന്നുന്നത്. തെരുവിലെ വേശ്യയ്ക്ക് ഇത്തരം ആളുകളേക്കാൾ എത്രയോ ഉയർന്ന ധാർമിക ബോധമുണ്ടെന്ന് വേശ്യയെ കല്ലെറിയുന്നവർ മനസിലാക്കുന്നില്ല. അമിത ധനസമ്പാദനം നടത്തി, സന്തോഷത്തോടെ മരിച്ചവർ ആരെങ്കിലും ഉണ്ടെന്നു കേട്ടിട്ടില്ല. ഹെമിങ്‌വേയുടെ നോബൽ സമ്മാനം കിട്ടിയ ‘Old Man and the Sea’ എന്ന ചെറുകഥ പഠിപ്പിക്കുന്നത് ആ ലളിതമായ സത്യമാണ്. വലിയ മീനിനെ ചൂണ്ടയിട്ട് പിടിച്ച കിഴവൻ കടൽ തീരത്തോടടുത്തതിന് ശേഷം തിരിഞ്ഞു നോക്കുമ്പിൾ ചെറുമീനുകൾ ഭക്ഷിച്ചതിനു ശേഷമുള്ള വലിയ മീനിൻറ്റെ അസ്ഥികൂടം മാത്രമേ കാണുന്നുള്ളൂ. ജീവിതത്തിലെ നേട്ടങ്ങളുടെ നിരർത്ഥകത ഇതിലും നന്നായി എങ്ങനെ പറയുവാൻ സാധിക്കും?

ഇത്തരം അനേകം  അനുഭവങ്ങൾ മുന്നിലുണ്ടെങ്കിലും മനുഷ്യൻ പിന്നെയും സമ്പത്തിനായും, പ്രശസ്തിക്കായും ഓടുകയാണ്. സമ്പത്തും, പ്രശസ്തിയും സത്യസന്ധമായ മാർഗങ്ങളിലൂടെയെങ്കിലും തരപ്പെടുത്തണമെന്ന ചിന്ത മനുഷ്യനില്ല. സമീപകാല ഇന്ത്യയിലെ  കപട രാഷ്ട്രീയക്കാരും, ബിസിനസ്സുകാരും, ഉദ്യോഗസ്ഥ പ്രഭുക്കളും അവർക്കു കൂട്ട് നിൽക്കുന്ന മാധ്യമ പ്രവർത്തകരുമെല്ലാം 'സത്യസന്ധത'-യോട് പൃഷ്ഠം കാണിക്കുന്നവരാണ്. 'സത്യസന്ധത' എന്ന മൂല്യം വളർത്തിയെടുത്താൽ മാത്രമേ ഏതൊരു രാജ്യത്തിനും ധാർമികമായും, ഭൗതികമായും മുന്നേറാൻ സാധിക്കുകയുള്ളൂ. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ഭൗതികമായി മുന്നേറുമ്പോൾ പൗര സമൂഹത്തിൽ 'സത്യസന്ധത' എന്ന ഗുണം വളർത്തിയെടുത്തില്ലെങ്കിൽ ഹ്രസ്വ കാലയളവിൽ നമുക്ക് നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചാൽ പോലും, ദീർഘകാലയളവിൽ കള്ളത്തരങ്ങൾ രാജ്യത്തിന് ദോഷങ്ങൾ മാത്രമേ വരുത്തിവെക്കൂ.

2018 ഫെബ്രുവരി 20, ചൊവ്വാഴ്ച

നെഹ്രുവിനെതിരെയുള്ള വിലകുറഞ്ഞ ആരോപണങ്ങൾ

സോഷ്യൽ മീഡിയയിൽ കൂടി പ്രഥമ പ്രധാന മന്ത്രിയായ നെഹ്രുവിനെതിരെ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു കലയായി വളർത്തി എടുത്തിരിക്കയാണ് സംഘ പരിവാർ അണികൾ. ഈ ആരോപണങ്ങളിൽ ഏറ്റവും വലിയ ആരോപണം 1947-ലെ ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് നെഹ്രുവാണ് കാരണക്കാരൻ എന്നതാണ്. കാശ്മീരിൻറ്റെ കാര്യത്തിലുള്ള ആരോപണങ്ങൾ വേറെ. ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിൻറ്റെ പേരിൽ നേരത്തേ തന്നെ പലരും നെഹ്രുവിനെയും, പട്ടേലിനെയും കുറ്റപ്പെടുത്തിയിട്ടുണ്ട്. കേവലം അധികാരമോഹിയായിരുന്ന ജിന്നയെ പ്രധാനമന്ത്രി ആക്കിക്കൊണ്ട് വിഭജനം ഒഴിവാക്കാനുള്ള ചില ആലോചനകൾ 1947-ൽ തന്നെ നടന്നിരുന്നു. നെഹ്റുവിനോ, പട്ടേലിനോ ആ നിർദ്ദേശം സ്വീകാര്യമല്ലായിരുന്നു. ആ നിർദേശം സ്വീകരിച്ച്  വിഭജനം ഒഴിവാക്കാതിരിന്നതിൻറ്റെ പേരിൽ പലരും നെഹ്രുവിനേയും, പട്ടേലിനേയും പിൽക്കാലത്ത് കുറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇങ്ങനെ വിമർശിക്കുന്നവർ എന്തുകൊണ്ട് നെഹ്രുവും, പട്ടേലും ഇത്തരമൊരു നിർദേശം സ്വീകരിക്കണം എന്ന ചോദ്യത്തിന് മറുപടി പറയുന്നില്ല. തീർത്തും യുക്തി രഹിതമല്ലേ അത്തരമൊരു നിർദേശം?? സ്വാതന്ത്ര്യ സമരം നടത്തിയ കോൺഗ്രസിന് അവകാശപ്പെട്ടതല്ല ഭരണവും, പ്രധാന മന്ത്രി പദവും? അല്ലാതെ ബ്രട്ടീഷുകാരുമായി കൂട്ട് കൂടി അവരുടെ 'ഭിന്നിപ്പിക്കൽ' നയത്തിന് കൂട്ടു നിന്ന ജിന്നയെ എന്തിനു പ്രധാന മന്ത്രിയാക്കണം? ഇനി ജിന്ന ആ നിർദേശത്തോട് എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് ഊഹിക്കാൻ മാത്രമേ പിൽക്കാലത്തും, ഇപ്പോഴും ആളുകൾക്ക് സാധിക്കുകയുള്ളൂ. കാരണം ജിന്ന ഒരു 'ഒബ്‌സഷൻ' പോലെ പാക്കിസ്ഥാൻ സ്വപ്നവുമായി നടന്ന ആളാണ്. ജിന്നയുടെ ഈ 'പേഴ്‌സണൽ അംബീഷൻ' ആയിരുന്നു പാക്കിസ്ഥാൻ രൂപീകരണത്തിനുള്ള ഒരു പ്രധാന കാരണം എന്ന് ചരിത്രകാരനായ രാമ ചന്ദ്ര ഗുഹ പറയുന്നുണ്ട്. ജിന്നയെ പാക്കിസ്ഥാൻ വാദത്തിൽ നിന്ന് മാറ്റാൻ കഴിയാതിരുന്നത് തൻറ്റെ 'ക്യരിയറിലെ' ഏറ്റവും വലിയ വീഴ്ചയായിരുന്നു എന്നും മൗൺഡ്ബാറ്റൻ പ്രഭു 'ഫ്രീഡം അറ്റ് മിഡ്നയിറ്റ്' എഴുതിയ ലാറി കോളിൻസിനോടും, ഡൊമിനിക് ലാപ്പിയറിനോടും പറയുന്നുണ്ട്.

ജിന്നയെ വിഭജനം ഒഴിവാക്കാൻ വേണ്ടി പ്രധാന മന്ത്രിയാക്കുക എന്ന ആശയം ഗാന്ധിജിയുടേതായിരുന്നു. ഗാന്ധിജി ഇത് അവസാനത്തെ വൈസ് റോയിയായിരുന്ന മൗൺഡ്ബാറ്റൻ പ്രഭുവിനോട് പറഞ്ഞപ്പോൾ കോൺഗ്രസ് സമ്മതിക്കുകയാണെങ്കിൽ ഈ പദ്ധതി ഗൗരവമായി നടപ്പിലാക്കാൻ നോക്കാം എന്ന് ഗാന്ധിജിയോട് പറയുന്നതെന്നാണ് 'ഫ്രീഡം അറ്റ് മിഡ്നയിറ്റിൽ' പറയുന്നത്. പിന്നീട് ജിന്നയുടെ ക്ഷയ രോഗം മനസിലാക്കാതിരുന്നതും, ജിന്നയുടെ ആയുസ് എണ്ണപ്പെട്ടിരിക്കുകയാണ് എന്നത് തിരിച്ചറിയാതിരുന്നതും തൻറ്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു എന്നത് മൗൺഡ്ബാറ്റൻ പ്രഭു 'ഫ്രീഡം അറ്റ് മിഡ്നയിറ്റ്' എഴുതിയ ലാറി കോളിൻസിനോടും, ഡൊമിനിക് ലാപ്പിയറിനോടും പറയുന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ എഴുത്തുകാരൊക്കെ പറയുന്നത്  'ഫ്രീഡം അറ്റ് മിഡ്നയിറ്റ്' പോലുള്ള അനേകം ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തെ കുറിച്ചുള്ള പുസ്തകങ്ങൾ മൗൺഡ്ബാറ്റൻ പ്രഭുവിൻറ്റെ യശസ് ഉയർത്താനുള്ള കേവല സംരഭങ്ങളായിരുന്നു എന്നാണ്. 10  ലക്ഷത്തിലേറേ പേരുടെ മരണത്തിനും, ഒരു കോടി 70 ലക്ഷത്തിലേറേ പേർ അഭയാർത്ഥികളുമായ ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനം മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നായി മാറിയപ്പോൾ ആ തീരുമാനം വലിയ തോതിൽ വിമർശിക്കപ്പെട്ടു. 'മൗൺഡ്ബാറ്റൻ പ്ലാൻ' എന്നായിരുന്നു ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തെ കുറിച്ചുള്ള ഉടമ്പടി അറിയപ്പെട്ടിരുന്നത് തന്നെ. ഗാന്ധിജിയെ മാറ്റി നിർത്തിയാൽ ഇത്ര വലിയൊരു മാനുഷിക ദുരന്തം സ്വപ്നം പോലും കാണാൻ - മൗൺഡ്ബാറ്റൻ, നെഹ്റു, പട്ടേൽ, ജിന്ന - ഇവർക്കൊന്നും സാധിച്ചിരുന്നില്ല. തൻറ്റെ തീരുമാനത്തിനെതിരെ ഉയർന്ന വലിയ തോതിലുള്ള വിമർശനങ്ങൾക്ക് തടയിടാൻ മൗൺഡ്ബാറ്റൻ പ്രഭു പണം ഉപയോഗിച്ച് നടത്തിയ പഠന സംരഭങ്ങളായിരുന്നു പിൽക്കാലത്തു പുറത്തു വന്ന അനേകം പുസ്തകങ്ങൾ എന്നാണ് ഇപ്പോൾ പലരും ചൂണ്ടി കാട്ടുന്നത്. മൗൺഡ്ബാറ്റൻ പ്രഭു വൈസ് റോയി ആകുന്നതിനു മുൻപേ വിൻസ്റ്റൺ ചർച്ചിലും, ബ്രട്ടീഷ് ജനറൽമാരുമായി നടത്തിയ ചർച്ചകളിൽ കാര്യങ്ങളൊക്കെ തീരുമാനിക്കപ്പെട്ടിരിന്നു എന്നാണ് 'നാഷണൽ ജ്യോഗ്രഫിക്' ഇപ്പോൾ പറയുന്നത്. മൗൺഡ്ബാറ്റൻ പ്രഭുവിന് അനുകൂലമായ പുസ്തകങ്ങൾ ഇറങ്ങിയപ്പോഴൊന്നും ബ്രട്ടീഷ് ജനറൽമാർ കമ്യുണിസ്റ്റ് സ്വാധീനത്തെ ചെറുക്കുന്നതിനെ കുറിച്ച് തയാറാക്കിയ അതീവ രഹസ്യമായ രേഖകൾ പുറത്തു വന്നിരുന്നില്ല. ബ്രട്ടീഷുകാർക്ക് ശീത യുദ്ധത്തിൻറ്റെ സമയത്ത് മുൻ സോവിയറ്റ് യൂണിയനെ ചെറുക്കാൻ പാക്കിസ്ഥാൻ പോലുള്ള ഒരു രാജ്യം വേണമായിരുന്നു. അത് തന്നെയായിരുന്നു ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് പിന്നിലുള്ള പ്രധാന കാരണം.

ഇപ്പോൾ ബി.ജെ.പി.-കാരുടെ ഇഷ്ട വിഷയമാണ് ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് നെഹ്റുവിനെ പുളിച്ച തെറി വിളിക്കൽ. നെഹ്റുവിനെകാളേറെ പട്ടേൽ ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് അനുകൂലമായിരുന്നു. ഹാർട്ട് അറ്റാക് കഴിഞ്ഞിരിക്കുന്ന പട്ടേലിന് പ്രശ്ന ബാധിത പ്രദേശങ്ങളായ ഇന്നത്തെ പാക്കിസ്ഥാനും, ബംഗ്ളാദേശും ഒഴിവാക്കി കരുത്തുറ്റ ഇന്ത്യയെ കെട്ടിപ്പെടുത്താനായിരുന്നു താൽപര്യം. ഇന്ത്യൻ ബിസിനസ് കമ്യുണിറ്റി പട്ടേലിൻറ്റെ ഈ നിർദേശത്തെ പിന്തുണച്ചതാണ് പട്ടേലിന് കരുത്തായത്. ടാറ്റ, ബിർള, ബജാജ് - ഇവരൊക്കെയായിരുന്നു കോൺഗ്രസിന് പ്രധാനമായും ഫണ്ട് നൽകിയിരുന്നത്. ക്യാബിനറ്റ് മിഷനുമായി പട്ടേൽ ഇക്കാര്യം ചർച്ച ചെയ്ത് നേരത്തേ തന്നെ വിഭജനത്തിന് അനുകൂലമായ നിലപാട് അറിയിക്കുന്നുമുണ്ട്. പട്ടേലിന് കാശ്മീരിനോടും വലിയ പ്രതിപത്തിയില്ലായിരുന്നു എന്നതായിരുന്നു വാസ്തവം. കാശ്മീർ പാക്കിസ്ഥാൻ കൊണ്ടുപോകുകയാണെങ്കിൽ കൊണ്ടുപോകട്ടെ എന്നതായിരുന്നു പട്ടേലിൻറ്റെ നിലപാട്. കാശ്മീരി പണ്ഡിറ്റായ നെഹ്‌റുവിന് തൻറ്റെ പൂർവ പിതാക്കന്മാരുടെ നാടായിരുന്ന കാശ്മീരിനോടുള്ള അടങ്ങാത്ത അഭിനിവേശം ആണ് കാശ്മീർ ഇന്നും ഇന്ത്യയുടെ കൂടെ നിൽക്കാൻ കാരണം. ലാൽ ബഹാദൂർ ശാസ്ത്രിയടക്കം പലരും പിൽക്കാലത്ത് കാശ്മീരിൻറ്റെ കാര്യത്തിൽ ഒത്തു തീർപ്പിനു ശ്രമിച്ചിരുന്നെങ്കിലും പാക്കിസ്ഥാൻറ്റെ ഭാഗത്തു നിന്നുള്ള യുദ്ധങ്ങളും, ഭീകരാക്രമണങ്ങളുമാണ് കാശ്മീർ പ്രശ്നത്തിൽ അന്നും, ഇന്നും ഒരു രീതിയിലുള്ള ഒത്തു തീർപ്പിനും വിഖാതമായി നിൽക്കുന്നത്.

2018 ഫെബ്രുവരി 15, വ്യാഴാഴ്‌ച

അന്യഗ്രഹ ജീവികൾ (ഏലിയന്‍സ്) വാസ്തവമാണോ?


അന്യഗ്രഹ ജീവികൾ അല്ലെങ്കിൽ ഏലിയന്‍സ് ഉണ്ടോ? അന്യ ഗ്രഹ ജീവികളെ കുറിച്ച് ഹിസ്റ്ററി ചാനൽ അനേകം ഡോക്ക്യുമെൻറ്ററികൾ പ്രക്ഷേപണം ചെയ്തിരുന്നു. കുറച്ചു നാൾ മുമ്പ് 'നാഷണൽ ജ്യോഗ്രഫിക്' മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു ദീർഘമായ ലേഖനത്തിൽ നാഷണൽ ജ്യോഗ്രഫിക്കിൻറ്റെ അനുമാനം അന്യ ഗ്രഹ ജീവികൾ ഉണ്ടെന്നു തന്നെയാണ്. പക്ഷെ ഹോളിവുഡ് ചിത്രങ്ങളിൽ കാണിക്കുന്നത് പോലെ അവർ ഭീകര ജീവികളല്ല എന്നാണ് ഇതുവരെയുള്ള വിവരങ്ങൾ. 'ഇൻഡിപെൻഡൻസ് ഡേ' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ കാണിക്കുന്നത് പോലെ അവർ ഭൂമിയിലെ മനുഷ്യരെ ആക്രമിച്ച കഥകളൊന്നും സമീപ കാല ചരിത്രത്തിൽ ഇല്ല. അന്യ ഗ്രഹ ജീവികൾ ഭൂമിയിലെ മനുഷ്യരെ സസൂഷ്മം വീക്ഷിക്കുകയാണെന്നു തോന്നുന്നു. ചിലരൊക്കെ ചെന്നെത്താൻ സാധിക്കാത്ത സ്ഥലങ്ങളിൽ അന്യ ഗ്രഹ ജീവികൾക്ക് ഭൂമിയിൽ തന്നെ കോളനികളും ഉണ്ടെന്നു പറയുന്നു. അനേകായിരം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെ മനുഷ്യരുമായി അവർക്കു ബന്ധമുണ്ടായിരുന്നു എന്നും ചിലർ പറയുന്നു. ഇതിനു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് വിമാനങ്ങളിൽ വന്നിറങ്ങുന്ന പല പുരാണ കഥകളും, പ്രാചീന കാലത്തെ പല അത്ഭുത സൃഷ്ടികളുമാണ്. 

ജൂലൈ 1947 - ൽ അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ റോസ്വെൽ ആർമി എയർ ഫീൽഡിൽ തകർന്നു വീണ അന്യ ഗ്രഹ പേടകത്തിലെ അന്യ ഗ്രഹ ജീവിയുമായുള്ള ഇൻറ്റർവ്യൂ 'ഏലിയൻ ഇൻറ്റർവ്യൂ' എന്ന പേരിൽ പ്രസിദ്ധമാണ്. ആ പുസ്തകം ഇൻറ്റെർനെറ്റിൽ ആർക്കു വേണമെങ്കിലും പണമൊന്നും മുടക്കാതെ കിട്ടും. ലിങ്ക്: http://www.thenewearth.org/Roswell.pdf

അപ്പോൾ ന്യായമായും ഒരു ചോദ്യം വരും - എന്തുകൊണ്ട് അന്യ ഗ്രഹ ജീവികൾ ഭൂമിയിലെ മനുഷ്യരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നില്ല?? ഭൂമിയിലെ മനുഷ്യരെ കുറിച്ച് അന്യ ഗ്രഹ ജീവികൾക്ക് നല്ല അഭിപ്രായമില് എന്നാണു ഉത്തരം. വംശീയതയുടേയും, മതത്തിൻറ്റെയും പേരിൽ കുത്തി തിരിപ്പു നടത്തുന്നവരും, പ്രകൃതി ശക്തികളെ ആദരിക്കാത്തവരും, സെക്സിന് അടിമപ്പെട്ടവരും ഒക്കെയാണ് ഭൂമിയിലെ മനുഷ്യർ എന്നാണ് അവരുടെ വിലയിരുത്തൽ. അന്യ ഗ്രഹ ജീവികൾ എന്തുകൊണ്ട് ഭൂമിയിലെ മനുഷ്യരുമായി സമ്പർക്കം പുലർത്തുന്നില്ല എന്ന ചോദ്യത്തിന് അവരെ കണ്ടിട്ടുള്ള ശ്രി മുംതാസ് അലിയും (ശ്രി എം), ക്യനേഡിയൻ പ്രതിരോധ മന്ത്രിയും മനുഷ്യൻറ്റെ സ്വാർത്ഥതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അക്രമത്തിനും, സ്വാർത്ഥതയ്ക്കും അടിമപ്പെട്ട മനുഷ്യർ തങ്ങളുടെ ആത്മീയമായ അസ്തിത്വം മറന്ന കാര്യമാണ് അന്യ ഗ്രഹ ജീവികളെ കണ്ടിട്ടുള്ള ശ്രി എം. ചൂണ്ടി കാട്ടുന്നത്. ജൂലൈ 1947 - ൽ അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ റോസ്വെൽ ആർമി എയർ ഫീൽഡിൽ തകർന്നു വീണ അന്യ ഗ്രഹ പേടകത്തിലെ അന്യ ഗ്രഹ ജീവിയുമായുള്ള ഇൻറ്റർവ്യൂവിലും ഇതു തന്നെ പറയുന്നു. മറ്റിൽഡാ മക്കൽറോയ് എന്ന റോസ്വെൽ ആർമി എയർ ഫീൽഡിലെ സർജിക്കൽ നേഴ്സുമായുള്ള അഭിമുഖത്തിൽ അന്യ ഗ്രഹ ജീവി പറയുന്നത് തങ്ങളുടെ ആത്മീയമായ അസ്തിത്വം മറന്ന ഭൂമിയിലെ മനുഷ്യരെ കുറിച്ചാണ്.

വെള്ളത്തിൻറ്റെ സാമീപ്യം ഇതിനോടകം തന്നെ നാസ ചില അന്യ ഗ്രഹങ്ങളിൽ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഏതാണ്ട് 20  വർഷത്തിനുള്ളിൽ അന്യ ഗ്രഹ ജീവികളുമായി ബന്ധം സ്ഥാപിക്കും എന്നാണു നാസ പറയുന്നത്. കൊറച്ചു നാൾ മുമ്പ്  'നാഷണൽ ജ്യോഗ്രഫിക്' മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു ദീർഘമായ ലേഖനത്തിൽ നാഷണൽ ജ്യോഗ്രഫിക്കിൻറ്റെ അനുമാനം അന്യ ഗ്രഹ ജീവികൾ ഉണ്ടെന്നു തന്നെയാണ്. അന്യ ഗ്രഹ ജീവികൾ ഒരു യാഥാർഥ്യമാണ്. ഇതിനോടകം തന്നെ വളരെ വിശ്വാസ യോഗ്യമായ പല വിവരണങ്ങളും വന്നു കഴിഞ്ഞു. ഏറ്റവും ഒടുവിൽ വന്ന വിശ്വാസ യോഗ്യമായ വിവരണം മുൻ ക്യനേഡിയൻ പ്രതിരോധ മന്ത്രിയുടേതായിരുന്നു. അദ്ദേഹം റഷ്യൻ ടി. വി. - യ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അന്യ ഗ്രഹ ജീവികൾ ഒരു യാഥാർഥ്യമാണ് എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായി പറഞ്ഞു. മുൻ ക്യനേഡിയൻ പ്രതിരോധ മന്ത്രി പറയുന്നതിന് മുമ്പ് തന്നെ മലയാളിയും ‘Apprenticed to a Himalayan Master – Autobiography of a Yogi’ എഴുതിയ ശ്രി എം. ഇതിനെ കുറിച്ച് പറയുന്നുണ്ട്. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' എഴുതിയ ശ്രി എം. (മുംതാസ് അലി ഖാൻ) അന്യ ഗ്രഹ ജീവികൾ തൻറ്റെ ഗുരുവായ മഹേശ്വർ നാഥ് ബാബാജിയെ കാണാൻ വന്ന കാര്യം ആത്മ കഥയിലെ 'ഫയർ ബോൾ ഫ്രം ദി സ്കൈ' എന്ന അധ്യായത്തിൽ കൃത്യമായി പറയുന്നുണ്ട്. അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ഒരു സങ്കൽപ്പം മനുഷ്യന് ഇന്നും മനസിലാകാത്ത 'റെപ്റ്റാലിയൻ സ്പീഷ്യസ്'-മായി ബന്ധപ്പെട്ടാണ്. എല്ലാ പൗരാണിക സംസ്കാരങ്ങളിലും സർപ്പ ദേവതകളും, സർപ്പാരാധനയും ഉണ്ട്. സർപ്പ ദേവതകളെ കുറിച്ച് മാർക്ക് അമരുക് പിൻഖാമിൻറ്റെ പ്രസിദ്ധമായ 'ദി റിട്ടേൺ ഓഫ് സെർപെൻറ്റ്സ് ഓഫ് വിസ്ഡം' പുസ്തകമുണ്ട്. ആ പുസ്തകം ഇൻറ്റെർനെറ്റിൽ  ആർക്കു വേണമെങ്കിലും പണമൊന്നും മുടക്കാതെ കിട്ടും. ആ പുസ്തകത്തിൽ അന്യ ഗ്രഹ ജീവികൾ വീണ്ടും താമസിയാതെ മനുഷ്യനുമായി ബന്ധം സ്ഥാപിക്കുമെന്ന് പറയുന്നു. ചുരുക്കം പറഞ്ഞാൽ ഇതോക്കെ നിഗൂഢതകളുടെ വലിയൊരു ലോകമാണ്. അത് കൊണ്ട് തന്നെ ലഭ്യമായ വിവരങ്ങളനുസരിച്ചു ആധികാരികമായ അഭിപ്രായം പറയാതിരിക്കുന്നതാണ് ബുദ്ധി.

വർഷങ്ങളായി അന്യ ഗ്രഹ ജീവികളെ കുറിച്ച് പാശ്ചാത്യ ഗവൺമെൻറ്റുകൾക്കും, അമേരിക്കൻ ഭരണകൂടത്തിനും നന്നായി അറിയാം. അവരുടെ 'ടോപ് സീക്രട്ട്' ഫയലുകളിൽ ഈ വിവരങ്ങൾ അന്ത്യ വിശ്രമം കൊള്ളുന്നു എന്ന് മാത്രം. സ്ഥാനമൊഴിയുന്നതിനു മുൻപ് അമേരിക്കൻ പ്രെസിഡൻറ്റ് ബാരക് ഒബാമ ഈ രഹസ്യം വെളിപ്പെടുത്തും എന്ന് പലരും കരുതിയിരുന്നു. പക്ഷെ എന്തൊക്കെയോ കാരണങ്ങളാൽ അങ്ങനെ സംഭവിച്ചില്ല.

ഇഷ്ടം പോലെ പുസ്തകങ്ങൾ അന്യ ഗ്രഹ ജീവികളെ കുറിച്ച് ഉണ്ട്. കുറെ പുസ്തകങ്ങളൊക്കെ അഭ്യൂഹങ്ങൾ പരത്തുമ്പോൾ മറ്റു ചില പുസ്തകങ്ങൾ നല്ല ഗവേഷണത്തിൽ അധിഷ്ടിതമാണ്. ഈ താഴെ പറയുന്ന പുസ്തകങ്ങൾ അന്യ ഗ്രഹ ജീവികളെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നു:

ബുക്ക്സ്

1) Richard Hammond's Mysteries of the World: Alien Encounters (Great Mysteries of the World) Paperback – 1 Jan 2015
by Richard Hammond – AMAZON  - Rs. 153/-
2) Chariots of the Gods Mass Market Paperback – 15 Jun 1984
by Erich Von Daniken (Author) AMAZON  - Rs. 209/-
3) Vimana Aircraft of Ancient India and Atlantis (Lost Science Series) Paperback – 1 Jan 1991
by David Hatcher Childress -  AMAZON  - Rs. 952/-
4) Ancient Alien Question: A New Inquiry Into the Existence, Evidence, and Influence of Ancient Visitors Paperback – 15 Nov 2011
by Philip Coppens - AMAZON  - Rs. 1047/-
5) Alexander Gorbovsky's RIDDLES OF ANCIENT HISTORY published in 1966
6) Robert Temple's 1976's THE SIRIUS MYSTERY
7) Technology of the Gods: The Incredible Sciences of the Ancients Paperback – 1 May 2000
by David Hatcher Childress -  AMAZON  - Rs. 971/-
8) Ancient Aliens®: The Official Companion Book Hardcover – Import, 15 Nov 2016
by The Producers of Ancient Aliens (Author) -  AMAZON  - Rs. 1392/-
9) Secret History: Conspiracies from Ancient Aliens to the New World Order Paperback – Import, 26 Jun 2015
by Nick Redfern (Author) ) -  AMAZON  - Rs. 1114/-
10) The Young Investigator's Guide to Ancient Aliens Paperback – Import, 21 Jul 2015
by History Channel (Author) -  AMAZON  - Rs. 849/-
11) Remnants of the Gods: A Visual Tour of Alien Influence in Egypt, Spain, France, Turkey, and Italy Paperback – 29 Nov 2013
by Erich von Daniken (Author) -  AMAZON  - Rs. 1029/-

-താൽപര്യമുള്ളവർക്ക് വായിക്കാം; താൽപര്യമുണ്ടെങ്കിൽ മാത്രം.

2018 ഫെബ്രുവരി 9, വെള്ളിയാഴ്‌ച

സ്ത്രീകളിലൂടെയുള്ള സാമൂഹ്യ വിപ്ലവം

പണ്ട് ടെന്നീസ് സുന്ദരി സ്റ്റെഫി ഗ്രാഫ് വിംബിൾഡണിൽ  ടെന്നീസ് കളിക്കുന്നതിനിടയിൽ പെട്ടെന്ന് കളിക്കളത്തിൽ നിന്ന് ഓടിപ്പോയി. സംഭവം ലൈവ് ടെലികാസ്റ്റ് ആയി ഞാനും കണ്ടതാണ്. പിറ്റേ ദിവസം പത്രം വായിച്ചപ്പോഴാണ് കാര്യം മനസിലായത്. ഒരു പത്ര ലേഖകൻ സ്റ്റെഫി ഗ്രാഫിനോട് അതിൻറ്റെ കാരണം ചോദിച്ചു. സ്റ്റെഫി ഗ്രാഫിൻറ്റെ ഉത്തരം ഇങ്ങനെ: “You want to know that? My periods”.

ഇതു പറയാൻ കാരണം അക്ഷയ് കുമാർ നായകനായ പുതിയ ഹിന്ദി സിനിമ - 'പാഡ് മാൻ' ഇറങ്ങിയതിനാലാണ്. അക്ഷയ് കുമാർ തന്നെ ഇപ്പോൾ പൊതു വേദികളിൽ 'സാനിറ്ററി പാഡ്' ഉപയോഗിക്കുവാനും, 'മെൻസ്ട്രൽ ഹൈജീനിനെ' കുറിച്ചും വാചലനാകുന്നു. ടെന്നീസ് സുന്ദരി സ്റ്റെഫി ഗ്രാഫ് അനേകം വർഷങ്ങൾക്ക് മുമ്പ് ടെലിവിഷൻ ക്യാമറകൾക്ക് മുമ്പിൽ തൻറ്റെ ആർത്തവത്തെ കുറിച്ച് പറഞ്ഞെങ്കിലും ഇന്ത്യൻ സ്ത്രീകൾ ഇന്നും 'മെൻസ്ട്രൽ ഹൈജീനിനെ' കുറിച്ച് ബോധവതികളായിട്ടില്ല. സാമ്പത്തികവും, സാമൂഹ്യവും ആയ അനേകം കാര്യങ്ങൾ അവരെ ഇത്തരം കാര്യങ്ങൾ പൊതു വേദികളിൽ ചർച്ച ചെയ്യുന്നതിൽ നിന്ന് വിലക്കുന്നു.

ആധുനിക ഇന്ത്യയിൽ മഹാത്മാ ഗാന്ധിയാണ് സ്ത്രീകളെ വലിയ തോതിൽ പൊതു വേദികളിലേക്ക് കൊണ്ട് വന്നത്. കേരളത്തിൽ പോലും ജനാലകളിൽ നിന്ന് സ്വൊർണ വളകളൊക്കെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ഊരി കൊടുത്ത ചരിത്രമുണ്ട്. ഗാന്ധി പണ്ട് കേരളത്തിൽ വന്നപ്പോൾ ഒരു പെൺകുട്ടി തൻറ്റെ സ്വർണം മുഴുവനും ഗാന്ധിക്ക് കൊടുത്ത കഥ വളരെ പ്രശസ്തമാണല്ലോ. പക്ഷെ മഹാത്മാ ഗാന്ധിക്ക് ടോയ്‌ലെറ്റ് ഉപയോഗത്തിൻറ്റെ കാര്യത്തിലാണെങ്കിലും, സ്ത്രീകളെ വലിയ തോതിൽ പൊതു വേദികളിലേക്ക് കൊണ്ട് വരുന്ന കാര്യത്തിലാണെങ്കിലും വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. സമൂഹത്തിൻറ്റെ യാഥാസ്ഥികത്ത്വം തന്നെ കാരണം.

ഇന്നും ഒരു 'സെൻറ്റ്റിസ്റ്റ്' പാർട്ടിയായ കോൺഗ്രസിനോ, വലതു പക്ഷ പാർട്ടിയായ ബി.ജെ.പി.-ക്കോ സ്ത്രീകളുടെ 'മെൻസ്ട്രൽ ഹൈജീൻ' പോലുള്ള ഒരു വിഷയമോ, സമൂഹത്തിൻറ്റെ പല നിലപാടുകളേയുമോ ഒക്കെ ചോദ്യം ചെയ്യുന്നതിൽ ഒരു പരിമിതിയുണ്ട്. സമൂഹത്തിൻറ്റെ യാഥാസ്ഥികത്ത്വം തന്നെ കാരണം. അധികം ചോദ്യം ചെയ്‌താൽ അവർക്ക് ഇഷ്ടപ്പെടില്ല എന്നത് തന്നെയാണ് പ്രശ്നം. ഇവിടെയാണ് നമ്മുടെ ഇടതു പക്ഷത്തിൻറ്റെ റോൾ. അവർക്ക് ഇക്കാര്യത്തിലൊക്കെ ശക്തമായ നിലപാടെടുക്കാം - കാരണം അവർ വിപ്ലവ പാർട്ടിയാണല്ലോ. ജാതീയമായ നിലപാടുകളെ ചോദ്യം ചെയ്യുവാൻ അവർക്ക് സാധിക്കും. സ്ത്രീധന സമ്പ്രദായത്തിനും, പെൺ ഭ്രൂണഹത്യക്കും, ദുരഭിമാന കൊലകൾക്കും എല്ലാം എതിരേ ഇടതു പക്ഷത്തിന് ശക്തമായ നിലപാടെടുക്കാൻ സാധിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ സാമൂഹ്യ വിപ്ലവം നടക്കേണ്ടത് സ്ത്രീകളിലൂടെയാണ്. ആ രീതിയിലുള്ള ഒരു മുന്നേറ്റത്തിന് ഇടതു പക്ഷത്തിന് വലിയ സംഭാവനകൾ നൽകുവാൻ സാധിക്കും. മതത്തിനും, ജാതിക്കും, സാമുദായിക സങ്കൽപ്പങ്ങൾക്കുമപ്പുറം ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ 'ആധുനികതയിലേക്കുള്ള' പ്രയാണമായിരിക്കും അത്. ചൈന, ഉത്തര കൊറിയ എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കാതെ സ്ത്രീകളിലൂടെ സാമൂഹ്യ വിപ്ലവത്തിന് തയാറെടുക്കുകയാണെങ്കിൽ ഇടതു പക്ഷത്തിന് ഇവിടെ സ്ഥാനമുണ്ടാകുകയും ചെയ്യും.

2018 ഫെബ്രുവരി 5, തിങ്കളാഴ്‌ച

ജാതി സർട്ടിഫിക്കറ്റുകൾ വ്യാജമാകുമ്പോൾ....

മഹാരാഷ്ട്രയിൽ 17,000 പേരുടെ ജാതി സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവരെല്ലാം പിരിച്ചു വിടൽ ഭീഷണിയിലാണിപ്പോൾ. പിരിച്ചു വിടാൻ കോടതിയുത്തരവ് ഉണ്ടായിട്ടു കൂടി മഹാരാഷ്ട്രാ സർക്കാർ മടിക്കുകയാണ്. കാരണം പത്തും, ഇരുപതും സർവീസ് ഉള്ളവരാണ് പലരും. ഡെപ്യുട്ടി സെക്രട്ടറി തൊട്ടു പ്യൂൺ വരെ ഈ 17,000 പേരിൽ ഉണ്ട്.

സത്യത്തിൽ ഇത് ഇംഗ്ളീഷിൽ പറയുന്ന 'ടിപ്പ് ഓഫ് ദി ഐസ്ബെർഗ്' ആണെന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. അഴിമതി സർവ വ്യാപിയായ ഇൻഡ്യാ മഹാരാജ്യത്ത് ഒരു ജാതി സർട്ടിഫിക്കറ്റ് കിട്ടുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. സർക്കാർ ജോലിക്ക് സെക്യൂരിറ്റിയും, ഗ്ളാമറും ഒക്കെ ഉള്ളത് കൊണ്ട് പണം മുടക്കി ജാതി സർട്ടിഫിക്കറ്റും, സർക്കാർ ജോലിയും സ്വന്തമാക്കാൻ അനേകം പേർ തയാറാകും. ശരിയായ രീതിയിൽ അന്വേഷണം നടത്തുകയാണെങ്കിൽ വ്യാജ ജാതി സർട്ടിഫിക്കറ്റിൻറ്റേയും, വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിൻറ്റേയും പേരിൽ അനേകം പേർ നമ്മുടെ സർക്കാർ സർവീസുകളിൽ നിന്ന് പിരിച്ചയക്കപ്പെടും.

സംവരണം എന്ന പോളിസി തന്നെയാണ് ഇത്തരം സംഭവങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ചരിത്രപരമായ നീതി നിഷേധം മാറ്റുക എന്നതായിരുന്നു സംവരണത്തിൻറ്റെ പ്രഥമമായ ഉദ്ദേശ്യം. പക്ഷെ സംവരണം പോലെ തന്നെ ദാരിദ്ര്യ നിർമാർജന പദ്ധതികളും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഉദ്ധരിക്കുന്നതിൽ വളരെ പ്രധാനമാണ്. സംവരണത്തിൻറ്റെ ഉദ്ദേശം തന്നെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യ ധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്നതായിരുന്നു. ഡോക്ടർ അംബേദ്കർ 25 വർഷത്തേക്കാണ് സംവരണം വിഭാവനം ചെയ്തത്.

ഇന്ന് 90 ശതമാനത്തിലേറെ തൊഴിൽ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നത് അസംഘടിത മേഖലയിലാണ്. ജാതീയമായി അവശതിയിലും ദാരിദ്ര്യത്തിലുമായ മഹാഭൂരിപക്ഷത്തെ കര കയറ്റാൻ അവർക്ക് സ്ഥിര വരുമാനമുണ്ടാക്കുന്ന ഒരു തൊഴിൽ ലഭ്യമാക്കുകയാണ് വേണ്ടത്. തൊഴിലും, വിദ്യാഭ്യാസവുമാണ് ഏതു സമൂഹത്തിൻറ്റെയും ഉന്നതിയ്ക്കു നിദാനം. അപ്പോൾ സർക്കാർ തലത്തിൽ മാത്രമുള്ള ഈ സംവരണം എത്ര പേർക്ക് ഉപകരിക്കുന്നുണ്ട്? ദാരിദ്ര്യ നിർമാർജന പദ്ധതികളുടെ പരാജയവും, അഴിമതിയും കാരണം ഇന്നും ദാരിദ്ര്യം ഇന്ത്യയുടെ ഒരു വലിയ പ്രശ്നമായി അവശേഷിക്കുന്നു.

പക്ഷെ ഇതൊന്നും നമ്മുടെ രാഷ്ട്രീയക്കാരോട് പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല. ഡോക്ടർ അംബേദ്കർ 25 വർഷത്തേക്ക്  വിഭാവനം ചെയ്ത സംവരണമാണ് ഇപ്പോൾ അനന്തമായി നീളുന്നത്. അത് കൂടാതെ ഒ.ബി.സി-കളേയും, മറ്റനേകം ഗ്രൂപ്പുകളെയും സംവരണ പട്ടികയിൽ തിരുകി കേറ്റുന്ന പ്രക്രിയയാണ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇപ്പോൾ നടക്കുന്നത്. മണ്ഡൽ കമ്മീഷനിലൂടെ OBC -കൾക്ക് സംവരണം കൊടുത്ത രാഷ്ട്രീയ നടപടി ഒട്ടും ശരിയല്ലായിരുന്നു. അത് തികഞ്ഞ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയായിരുന്നു. കാരണം OBC -കൾ കേരളത്തിലും, ഇന്ത്യയുടെ പല പ്രദേശങ്ങളിലും സാമ്പത്തികമായും, സാമൂഹ്യമായും, രാഷ്ട്രീയമായും പ്രബല ശക്തികളാണ്. BJP വലിയ ദേശീയ വാദം പറയുന്നുണ്ടെങ്കിലും അവരും ശുദ്ധമായ ജാതി രാഷ്ട്രീയം തന്നെയാണ് കളിക്കുന്നത്. കുറെ നാൾ മുമ്പ് നടന്ന ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ ഇതു നാം കണ്ടതാണ്. മുന്നോക്ക ജാതികളുടെ ഏകീകരണവും, യാദവ്-ദളിത് വോട്ട് ബാങ്കുകളിൽ ഉണ്ടായ ഭിന്നിപ്പും ആണ് ബീ.ജെ.പി.-യ്ക്ക് ഗുണമായത്. കുറെ നാൾ മുമ്പ് ഗുജറാത്തിൽ പട്ടേൽ സമുദായക്കാർ വലിയ പ്രക്ഷോഭം നടത്തിയതും അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചതും ഈ ജാതി രാഷ്ട്രീയം കാരണമായിരുന്നു. അത് പോലെ തന്നെ ജാട്ടു സമുദായക്കാർ വലിയ പ്രക്ഷോഭം നടത്തിയതും, അക്രമം കാട്ടിയതും അവരുടെ ആവശ്യങ്ങൾ പരിഗണിക്കും എന്നു പറഞ്ഞതും എന്തിനു വേണ്ടിയായിരുന്നു? ഗുജറാത്തിലെ പട്ടേൽ സമുദായക്കാരും, ഹരിയാനയിലെ  ജാട്ടു സമുദായക്കാരും, ഉത്തർ പ്രദേശിലെ യാദവരും സാമൂഹ്യമായും, സാമ്പത്തികമായും ഉന്നത ശ്രേണിയിൽ ഉള്ളവരാണ്. അവരൊക്കെ ഇപ്പോഴും ജാതി രാഷ്ട്രീയത്തിൻറ്റെ പേരിൽ ആനുകൂല്യങ്ങൾ നേടുന്നു. മണ്ഡൽ കമ്മീഷനിലൂടെ OBC -കൾക്ക് സംവരണം കൊടുത്തതിലൂടെ മുന്നോക്ക ജാതികളുടെ ഏകീകരണവും, OBC -കൾ കൂടുതൽ കൂടുതൽ സംവരണാനുകൂല്യങ്ങൾ ചോദിക്കുന്ന അവസ്ഥയും ആണ് ഇന്ന് സംജാതമായിട്ടുള്ളത്. കേരളത്തിൽ പോലും മണ്ഡൽ കമ്മീഷൻ നടപ്പാക്കും എന്ന് പ്രഖ്യാപനം നടത്തിയതിനു ശേഷം വി.പി.സിംഗ് വന്നപ്പോൾ കോരിചൊരിയുന്ന മഴയത്ത് കൊച്ചിയിൽ അഞ്ചു ലക്ഷം പേർ പ്രകടനം നടത്താൻ പോയി. ഞങ്ങളുടെ വീടിനടുത്ത് കോരി ചൊരിയുന്ന മഴയത്ത് പ്രകടനം നടത്തി മൂക്കടപ്പും, തൊണ്ട വേദനയും പിടിച്ചവരെ എനിക്ക് നേരിട്ടറിയാം. ഇനി ഇത്തരം കൂട്ടർ സംവരണാവകാശം വ്യാജ സർട്ടിഫിക്കറ്റിലൂടെ മറ്റുള്ളവർ സ്വന്തമാക്കുന്നത് കാണേണ്ടി വരും. അപ്പോൾ ഇവരിൽ നിന്ന് തന്നെ സംവരണത്തിന് വിരുദ്ധമായ ഒരഭിപ്രായം രൂപപ്പെടുമെന്നും പ്രതീക്ഷിക്കാം.

ദളിതരുടെയും, ആദിവാസികളുടെയും, പിന്നോക്ക വിഭാഗങ്ങളുടെയും വികസന പ്രശ്നങ്ങൾക്കുള്ള പരിഹാരം സംവരണവും, വെറുതെ വംശീയ വിദ്വേഷം വളർത്തലുമല്ല. ആര്യ ദ്രാവിഡ സങ്കൽപ്പവും, ബ്രാഹ്മണാധിപത്യവും കൂടെ കൂടെ പറഞ്ഞിട്ട് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ഇന്ത്യയിലെ ദളിതരുടെ കോളനികളിലും, ചേരികളിലും, പുനരധിവാസ പ്രദേശങ്ങളിലും, ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും നടപ്പിലാക്കേണ്ട ഒരു വികസന പദ്ധതി നാം സ്വയം വികസിപ്പിക്കേണ്ടിയിരിക്കുന്നു. ദളിത് ആദിവാസി വിഭാഗങ്ങളിൽ സമ്പാദ്യ ശീലം വളർത്തേണ്ടത് അവരുടെ ഉന്നമനത്തിന് വളരെ അത്യാവശ്യമാണ്. ഗ്രാമങ്ങളിലെ കാർഷിക മേഖലകളിൽ നിന്നും, അസംഘടിത ചെറുകിട മേഖലകളിൽ നിന്നും വൻ വ്യവസായ മേഖലകളിലേക്കും, സേവന മേഖലയിലേക്കുമുള്ള കുടിയേറ്റം ദളിത്-ആദിവാസി വിഭാഗത്തിൻറ്റെ ഉന്നമനത്തിന് വളരെ അത്യന്താപേക്ഷിതമാണ്. സംരംഭകത്വം ദളിത് ആദിവാസി വിഭാഗങ്ങളിൽ എല്ലാ രീതിയിലും പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. ഇതിനു വേണ്ടി തൊഴിൽ സൃഷ്ടിക്കപ്പെടുന്ന പ്രക്രിയക്കാണ് വാസ്തവത്തിൽ ആക്കം കൂട്ടേണ്ടത്. ദളിതരെ ബ്രാഹ്മണ മൂല്യങ്ങൾ പറഞ്ഞു ഭയപ്പെടുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കാൻ ആണ് പലർക്കും താൽപര്യം. ഇതിനു പകരം ദളിതരിലേയും, ആദിവാസികളിലേയും യുവ തലമുറയ്ക്ക് തൊഴിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം, മെച്ചപ്പെട്ട വേതനം, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് അവരുടെ ഉന്നമനം ആഗ്രഹിക്കുന്ന എല്ലാവരും ചെയ്യേണ്ടത്. സമഭാവനയോടെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നോക്കി കാണേണ്ട ഒരു സംസ്കാരവും, മനോഭാവവും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇൻഡ്യാക്കാരായ നമുക്കെല്ലാവർക്കും ഉണ്ടാവേണ്ടതും വളരെ അത്യന്താപേക്ഷിതമാണ്.