2017 നവംബർ 29, ബുധനാഴ്‌ച

ഇന്ത്യൻ ചരിത്രവും, കേരള ചരിത്രവും

'പത്മാവതി' ചിത്രത്തിൻറ്റെ പേരിലുള്ള വിവാദങ്ങളും, ഉത്തരേന്ത്യയിലെ രാജ കുടുംബങ്ങളുടെ അവകാശ വാദങ്ങളെ പലരും പിന്തുണയ്ക്കുന്നതും നമ്മുടെ ചരിത്ര യാഥാർഥ്യങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണ്. ലാറി കോളിൻസും, ഡൊമിനിക് ലാപ്പിയറും ചേർന്നെഴുതിയ 'ഫ്രീഡം അറ്റ് മിഡ്നയിറ്റ്' അല്ലെങ്കിൽ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പുസ്തകത്തിലെ 177 തൊട്ട്‌ 180 വരെയുള്ള പേജുകൾ  വായിച്ചാൽ മതി ഇന്ത്യയിലെ രാജ കുടുംബങ്ങളുടെ പെണ്ണു പിടുത്തത്തിൻറ്റെ ചരിത്രം മനസിലാക്കുവാൻ.  'ഫ്രീഡം അറ്റ് മിഡ്നയിറ്റിൽ' നിരത്തിയിരിക്കുന്ന വസ്തുതകൾ പരിശോധിച്ചാൽ പലരുടെയും ഇന്ത്യയിലെ രാജ കുടുംബങ്ങളെ കുറിച്ചുള്ള മിഥ്യാ ധാരണകളൊക്കെ മാറും. രാംപൂറിലെ ഒരു നവാബ് അടുത്തുള്ള രാജാക്കന്മാരുമായി ബെറ്റ് വെച്ച് പെണ്ണ് പിടിക്കുന്നതിൻറ്റെ സചിത്ര വിവരണമുണ്ട് ആ പുസ്തകത്തിൽ. 1947 ജൂണിൽ സർ കോൺറാഡ് കോർഫീൽഡിനാൽ നശിപ്പിക്കപ്പെട്ട നാട്ടു രാജാക്കൻമാരുടെ മദനോൽസവ ചരിത്രങ്ങൾ കുറച്ചൊക്കെ ഈ പുസ്തകത്തിലുണ്ട്. നവാബുമാരും, രാജാക്കന്മാരും, നമ്മുടെ ഫ്യുഡൽ പ്രഭുക്കന്മാരൊക്കെയും പെണ്ണ് പിടുത്തത്തിൽ മോശക്കാരല്ലായിരുന്നു. നോവലിസ്റ്റ് സക്കറിയ 'ഭാസ്കര പട്ടേലരും എൻറ്റെ ജീവിതവും' എന്ന കഥയിലൂടെ കാണിച്ചു തരുന്ന പട്ടേലരെ പോലെ കാണാൻ കൊള്ളാവുന്ന സ്ത്രീകൾക്ക് വഴി നടക്കാൻ പോലും പറ്റാതിരുന്ന രാജാക്കന്മാരുടെയും, ഭൂ പ്രഭുക്കന്മാരുടെയും, മാടമ്പികളുടെയും ചരിത്രം കൂടി ഇന്ത്യയിലുണ്ട് എന്ന് ചിലരൊക്കെ ഓർമ്മിക്കുന്നത് നന്നായിരിക്കും. 

മധ്യ കാല ഖട്ടത്തിൽ ഒരു വശത്ത് ആത്മീയതയും, ഭക്തിയും ഉള്ളപ്പോൾ തന്നെ മറുവശത്ത് നാട്ടു രാജാക്കന്മാരുടെ ധൂർത്തും, ഭൂ പ്രഭുക്കളുടെയും, മാടംബിമാരുടെയും അക്രമവും, ജാതീയമായ അടിച്ചമർത്തലും ഇന്ത്യയിൽ ധാരാളമായി നടന്നിട്ടുണ്ട്. 20-30 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺകുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര - എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. പ്രത്യേക സ്ക്വാഡിനെ ഇറക്കിയാണ് മഹാരാഷ്ട്രയിൽ പോലീസ് ദേവദാസി സമ്പ്രദായം അമർച്ച ചെയ്തത്.  ഈ പ്രത്യേക സ്ക്വാഡിനോട് പൊരുതാൻ ഗുണ്ടാ സംഘങ്ങളും, തൽപര കക്ഷികളും എത്തി. ഇതൊക്കെ ഈയടുത്ത് നടന്ന സംഭവങ്ങളാണ്. ഇപ്പോഴും ദേവദാസി സമ്പ്രദായത്തിലേക്ക് രഹസ്യമായി പാവപ്പെട്ട പെൺകുട്ടികളെ ചേർക്കുന്നുണ്ട്. 'ദാസി' സമ്പ്രദായം ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ ഭൂവുടമകളുടെ ഇടയിൽ വ്യാപകമായി ഉണ്ടായിരുന്നു. നടി അർച്ചനയ്ക്ക് ദേശീയ വാർഡ് കിട്ടിയത് തന്നെ 'ദാസി' സിനിമയിൽ അഭിനയിച്ചതിനാണ്. 'ദാസി' - കളായ പെൺകുട്ടികളെ ബലാത്സംഘം ചെയ്യുന്നതും, അന്യർക്ക് കാഴ്ച വെയ്ക്കുന്നതും കുറെ വർഷങ്ങൾക്കു മുമ്പ് വരെ ഉണ്ടായിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ് വരെ കേരളത്തിലും, ഇന്ത്യയിലും അടിമകളും, അടിമ ചന്തയും ഉണ്ടായിരുന്നു.

അതുപോലെ ഇപ്പോൾ ചരിത്രം  പറഞ്ഞു അഭിമാനം കൊള്ളുന്നവർ ഇരുപതാം നൂറ്റാണ്ടിനു മുൻപ് സതി അനുഷ്ഠിച്ച സ്ത്രീകളെ കുറിച്ചും ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. മനുഷ്യ സ്വാതത്ര്യത്തിൻറ്റെ അർഥം പ്രത്യേകിച്ച് ഭാരതത്തിൽ നില നിന്നിരുന്ന സ്ത്രീ സ്വാതന്ത്ര്യത്തിൻറ്റേ അർഥം സതി അനുഷ്ടിച്ചവരെ മുൻനിർത്തി മനസിലാക്കിയാൽ മനസാക്ഷി മരവിക്കാത്ത ആരും ഞെട്ടിപ്പോകും. ബംഗാൾ പ്രവിശ്യയിൽ കൊല്ലം 600 പേർ സതി അനുഷ്ടിച്ചതായി1835 സമയത്തു രേഖപെടുത്തുകയുണ്ടായി. ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവനായി 5000 പേർ ഒരു വർഷം സതി അനുഷ്ഠിച്ചെങ്കിൽ ആയിരം കൊല്ലം കൊണ്ട് അമ്പതു ലക്ഷം പേർ ഈ ദുരാചാരം കൊണ്ട് മരിച്ചു കാണും. മരണസംഖ്യ ഇതിലും പതിന്മടങ്ങു കൂടുവാനെ സാധ്യതയുള്ളൂ. അതിക്രൂരമായി വിധവകളെ എരിതീയിലേക്കെറിഞ്ഞു കഴിയുമ്പോൾ രക്ഷപ്പെടാൻ പല സ്ത്രീകളും ചിതയിൽ നിന്നും ചാടി ഓടിയിട്ടുണ്ട്. അവരെ ആചാര പ്രീയന്മാർ പിടിച്ചുകെട്ടി വീണ്ടും ചിതയിലിടുമായിരുന്നു. കൊട്ടും കുരവയും മന്ത്രോച്ചാരണങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ അവരുടെ നിലവിളി ആരും കേട്ടിരുന്നില്ല. ഇതൊക്കെ ആ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ ശിക്ഷാ രീതികളും പല സഞ്ചാരികളും രേഖപ്പെടുത്തിയിട്ടുണ്ട്‌. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന  ശിക്ഷാ രീതികളാണ് പലതും. സ്വാതി തിരുനാൾ മഹാരാജാവിൻറ്റെ ഭരണ പരിഷ്‌കാരങ്ങൾ മാത്രം പഠിച്ചാൽ മതി കേരളത്തിൽ നില നിന്നിരുന്ന ശിക്ഷാ രീതികൾ മനസിലാക്കാൻ. തൂക്കിക്കൊല്ലപ്പെടുന്നവൻറ്റെ കുതികാൽ വെട്ടി രക്തം ഊറ്റുന്ന പ്രാകൃതമായ ശിക്ഷാരീതി ഇംഗ്ലീഷ് വര്‍ഷം 1863-ന് ശേഷമാണ് നിര്‍ത്തലാക്കിയത്. മുക്കാലിയിൽ കെട്ടി അടിക്കുക, കുന്തത്തിൽ കുത്തി നിറുത്തൽ, ആനയെ കൊണ്ട് ചവിട്ടിച്ചു കൊല്ലിക്കൽ, കുറ്റക്കാരുടെ തലവെട്ടുക, തൂക്കിലിടുക, അംഗഭംഗം വരുത്തുക, വിഷംനല്‍കി കൊല്ലുക, ദുഷ്ടമൃഗങ്ങളുടെ കൂട്ടിലിട്ടുകൊടുക്കുക, ഇരുമ്പില്‍ തീര്‍ത്ത ചട്ടക്കൂട്ടില്‍ അടച്ച് കാട്ടിനുള്ളില്‍ തള്ളുക -  തുടങ്ങിയ പല ശിക്ഷാരീതികളും കേരളത്തില്‍ നിലനിന്നിരുന്നു. കുറ്റക്കാരെ കണ്ടുപിടിക്കാന്‍ ശുചീന്ദ്രം ക്ഷേത്രത്തിലെ  തിളച്ച എണ്ണയില്‍ കൈമുക്കുന്ന രീതി സ്വാതിതിരുനാള്‍ മഹാരാജാവ് (18291846) ആണ് നിർത്തലാക്കിയത്. അതുപോലെ കുറ്റക്കാരെ തലമുണ്ഡനം ചെയ്ത് കല്ലെറിഞ്ഞ് ഓടിക്കുക പതിവായിരുന്നു. ലെനിൻ രാജേന്ദ്രൻറ്റെ 'സ്വാതി തിരുനാൾ' സിനിമ വേശ്യാവൃത്തി ആരോപിക്കപ്പെടുന്ന സ്ത്രീകളെ ചാണക വെള്ളമൊഴിച്ച് മുടി മുറിച്ച് ഒട്ടിപ്പിക്കുന്ന രീതി കാണിച്ചു തരുന്നുണ്ട്.

ഇരുമ്പുകൂട്ടിലടച്ച് മരത്തിൽ കെട്ടിത്തൂക്കിയിട്ട് പക്ഷികളെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന രീതി - ‘ചിത്രവധം’ എന്നായിരുന്നു പേര്. (ചിത്രം എന്നാൽ പക്ഷി) നമ്മുടെ ചരിത്ര മ്യുസിയങ്ങളിൽ ‘ചിത്രവധ’ത്തിനുപയോഗിച്ചിരുന്ന കൂടുകൾ ഇപ്പോഴും പ്രദർശിപ്പിച്ചിട്ടുണ്ട്. സംശയമുള്ളവർക്ക് അത് പോയി നേരിട്ട് കാണാം. 'നമ്പൂതിരി സ്ത്രീകള്‍ക്ക് ചാരിത്ര്യഭംഗം വന്നാല്‍ കണ്ടുപിടിച്ച് ശിക്ഷിക്കുന്ന സ്മാര്‍ത്ത വിചാരം വളരെക്കാലം നിലനിന്നു. ഷൊർണ്ണൂരിനടുത്ത് കവളപ്പാറയിൽ 36 വർഷം നീണ്ടുനിന്ന സ്മാർത്ത വിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രമുണ്ട്. അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയിൽ സാധനമായി നരകിച്ചതു മിച്ചം! കേരളത്തിൽ ഇതൊക്കെ നടന്നിട്ട് ഒരു നൂറ്റാണ്ടു പോലും കഴിഞ്ഞിട്ടില്ല. ചരിത്രം ചരിത്രമാണ്. അതൊക്കെ വികാര വിക്ഷോഭങ്ങൾക്ക് വിധേയമാകാതെ മനസിലാക്കുകയാണ് വേണ്ടത്. ഇനി വികാര വിക്ഷോഭങ്ങൾക്ക് വിധേയമായാൽ എന്ത് പ്രയോജനം? ഒരു പ്രയോജനവുമില്ല.

2017 നവംബർ 28, ചൊവ്വാഴ്ച

ആത്മീയാചാര്യന്മാർ

ആത്മീയാചാര്യന്മാരിൽ പലരും സുഖിച്ചു ജീവിക്കുന്നവരാണെന്ന മിഥ്യാ ധാരണ പലർക്കുമുണ്ട്. ഇപ്പോൾ നമ്മളോടൊപ്പം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ആത്മീയാചാര്യനാണ് മലയാളിയായ ശ്രീ എം (മുംതാസ് അലി ഖാൻ). 'Apprenticed to a Himalayan Master – Autobiography of a Yogi’ എഴുതിയ ശ്രി എം. കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ വർഗീയതക്കെതിരെ ‘Walk of Hope’ അല്ലെങ്കിൽ 'പ്രത്യാശയുടെ പദയാത്ര' 2015-16 കാലഘട്ടത്തിൽ നടത്തി. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' എഴുതിയ ശ്രീ എം --ൻറ്റെ നെത്ര്വത്തത്തിൽ 'മാനവ് ഏകതാ മിഷൻ' സംഘടിപ്പിച്ച 'പ്രത്യാശയുടെ പദയാത്ര' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്യാകുമാരി മുതൽ ശ്രീനഗർ വരെ 7500 കിലോമീറ്റർ നടന്നുള്ള ആ യാത്ര ജാതി, മതഭേദമന്യേ സമൂഹം സ്വാഗതം ചെയ്യുകയുണ്ടായി. 7500 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുവാൻ കഴിയുന്ന എത്ര പേരുണ്ട് നമ്മുടെ ഇടയിൽ??

ആദ്യ അമേരിക്കൻ നാഗ സന്യാസിയായ ബാബാ റാം പുരിയുമായുള്ള (പൂർവാശ്രമത്തിൽ വില്യം എ. ഗാൻസ്) ഇൻറ്റെർവ്യൂ ഇപ്പോൾ പലയിടത്തും അച്ചടിച്ചു വരുന്നുണ്ട്. നാഷണൽ ജ്യോഗ്രഫിക്ക് ചാനലിൽ ഇൻറ്റെർവ്യൂ വന്നിരുന്നു. 40 വർഷത്തിലേറെ ഇന്ത്യയിൽ സഞ്ചരിച്ച നാഗ സന്യാസിയായ ബാബാ റാംപൂരിയുടെ ആത്മ കഥ - 'Autobiography of a Sadhu: An Agrez Among Naga Babas’ വായിച്ചിട്ടുണ്ട്. അത് വേറൊരു 'ലെവലാണ്'. അമേരിക്കയിലെ സുഖ സൗകര്യങ്ങളൊക്കെ ഉപേക്ഷിച്ച് 40 വർഷത്തോളം ഇന്ത്യയിൽ മഞ്ഞും, വെയിലും, മഴയും സഹിച്ച് ആത്മീയാനുഭത്തിനു  വേണ്ടി നടക്കുക എന്നൊക്കെ പറഞ്ഞാൽ പലർക്കും ചിന്തിക്കാൻ പോലും സാധ്യമല്ല.

ഇതുവരെ വായിച്ച ആധ്യാത്മിക പാതയിലുള്ളവരുടെ ആത്മ കഥകളിൽ ഓം സ്വാമിയുടെ ആത്മ കഥയായ ‘If Truth be Told – A Monk’s Memoir’ ആണ് ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ളത്. പൂർവാശ്രമത്തിൽ അമിത് ശർമയായിരുന്ന ഓം സ്വാമിയുടെ ആത്മ കഥ മികച്ചതായി തോന്നിയതിൻറ്റെ കാരണം ആത്മീയ പാതയിലുള്ള അഗ്നി പരീക്ഷണത്തെ കുറിച്ചുള്ള വിവരണം ഉള്ളതിനാലാണ്. മറ്റു പലരും തങ്ങളെ തന്നെ 'പ്രോജക്റ്റ്' ചെയ്യേണ്ടന്ന് കരുതിയാവണം തങ്ങൾ നേരിട്ട അഗ്നി പരീക്ഷണങ്ങൾ ആത്മ കഥകളിൽ ഒരുപക്ഷെ ഉൾപ്പെടുത്താതിരുന്നത്. ഇതു മൂലം ആത്മീയാനുഭവം വളരെ എളുപ്പമുള്ള ഒന്നാണെന്ന മിഥ്യാ ധാരണ പലർക്കുമുണ്ട്. ഓം സ്വാമി ആധുനിക രീതിയിൽ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ആൾ കൂടിയാണ്. സിഡ്‌നിയിൽ നിന്നും MBA ബിരുദ ധാരിയാണ് ഓം സ്വാമി. വലിയൊരു സോഫ്റ്റ്‌വെയർ കമ്പനിയുടെ ഉടമ കൂടിയായിരുന്നു. അതൊക്കെ ഉപേക്ഷിച്ചാണ് സന്യാസം തിരഞ്ഞെടുത്തത്.

ആത്മീയത രാഷ്ട്രീയത്തിൻറ്റെ ഭാഗമാക്കിയ വ്യക്തിയായിരുന്നു നമ്മുടെ  രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. സഹന സമരങ്ങളിലൂടെയും, സ്വയം ശുദ്ധീകരണത്തിലൂടെയും ആയിരുന്നു ആ ആത്മീയത അദ്ദേഹം വെളിപ്പെടുത്തിയത്. ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹങ്ങൾ മാത്രം നോക്കിയാൽ മതി അദ്ദേഹത്തിൻറ്റെ മഹത്ത്വം അറിയാൻ. 21 ദിവസം നീണ്ടു നിന്ന രണ്ടു സത്യാഗ്രഹങ്ങൾ ഗാന്ധിജി നടത്തിയിട്ടുണ്ട്. 1933 - ൽ അയിത്തോച്ചാടനത്തിനായും, 1943 - ൽ ഹിന്ദു മുസ്ലീം ഐക്യത്തിനായും. അതും കൂടാതെ സ്വയം ശുദ്ധീകരണത്തിനും, അല്ലാതെയും എത്രയോ നിരാഹാര സത്യാഗ്രഹങ്ങൾ!

ടൈയും കൊട്ടും ധരിക്കാതെ മേൽമുണ്ട് മാത്രം ധരിച്ചു വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ഒരു രാഷ്ട്ര പിതാവ് നമുക്ക് ഉണ്ട്. ഒരു മുണ്ടു ഉപയോഗിച്ച് കഴിയുമ്പോൾ അത് അലക്കാനിടും. അതായിരുന്നു ഗാന്ധിജിയുടെ രീതി. ബ്രിട്ടനിലെ തണുപ്പിൽ രണ്ടു മുണ്ട് മാത്രം കൊണ്ട് പോയി ഒരെണ്ണം ഉണങ്ങാതെ വന്നപ്പോൾ അത് മറിച്ചുടുത്ത് വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ആളാണ് നമ്മുടെ  രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. ത്യാഗത്തിലും, സഹനത്തിലും അധിഷ്ഠിതമായ മാനുഷികതക്ക് മാത്രമേ മഹത്തായ നേതാക്കന്മാരെ സൃഷ്ടിക്കാനാവൂ. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി അത്തരത്തിൽ മാനുഷികതയിലൂടെയും, ആത്മ ത്യാഗത്തിലൂടെയും ഉയർന്നു വന്ന നേതാവാണ്. കണ്ടമാനം അധാർമികതയുള്ള  ഈ ഇരുപത്തൊന്നാം ഇതൊക്കെ സ്മരിക്കുന്നത് വളരെ നല്ലതാണ്.

2017 നവംബർ 27, തിങ്കളാഴ്‌ച

'പത്മാവതി' ചിത്രത്തിൻറ്റെ പേരിലുള്ള വിവാദങ്ങൾ

'സാഹിത്യവാരഫലം' പ്രൊഫെസ്സർ എം. കൃഷ്ണൻ നായർ എഴുതിയ ഒരു സംഭവമുണ്ട്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ഒരാളും അന്നത്തെ ബ്രട്ടീഷ് റസിഡൻറ്റിൻറ്റെ ഭാര്യയും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു. ഒരിക്കൽ ഈ 'അവിഹിതം' നേരിൽ കണ്ട  ബ്രട്ടീഷ് റസിഡൻറ്റ് മഹാരാജാവിനെ രണ്ടാമത്തെ നിലയിൽ നിന്നു തൂക്കിഎടുത്ത് താഴോട്ടെറിഞ്ഞു. ഈ രാജാവ് പിന്നീടുള്ള കാലത്ത് ചട്ടുകാലനായി അറിയപ്പെട്ടു. തിരുവനന്തപുരത്ത് ദീർഘ നാൾ താമസിച്ചതിനാൽ കൃഷ്ണൻ നായർ സാറിന് ഇതുപോലുള്ള പല കഥകളും അറിയാമായിരുന്നു. തിരുവനന്തപുരത്തെ പഴമക്കാർക്കെല്ലാം ഇതുപോലെ രാജകുടുംബത്തിൻറ്റെ പല പെണ്ണുപിടുത്തങ്ങളുടേയും കഥകൾ അറിയാം.

ഇത് ഇപ്പോൾ പറയാനുള്ള കാരണം 'പത്മാവതി' എന്ന ചിത്രത്തിൻറ്റെ പേരിലുള്ള വിവാദങ്ങളാണ്. ഉത്തരേന്ത്യയിലെ രാജ കുടുംബങ്ങളെല്ലാം ഈ ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുന്നു. ഈ രാജ കുടുംബങ്ങളെല്ലാം ഇന്ത്യയിലെ ജനത്തിനു വേണ്ടി ഭയങ്കര ത്യാഗം സഹിച്ചവരാണെന്നു വരുത്തി തീർക്കുവാനുള്ള അടവാണിത്. ബ്രട്ടീഷ് ഇന്ത്യയിലെ 600-ഓളം വന്നിരുന്ന രാജ കുടുംബങ്ങൾ സത്യത്തിൽ ഇന്ത്യയിലെ സാധാരണ ജനത്തിനു വേണ്ടി വലിയ ഉപകാരമൊന്നും ചെയ്തിട്ടില്ലെന്നുള്ളതാണ് ചരിത്ര സത്യം. ഉപദ്രവങ്ങൾ ഇഷ്ടം പോലെ ചെയ്തിട്ടുമുണ്ട്. രാജാക്കന്മാരുടെ അവകാശങ്ങളും, അധികാരവും, സൗഭാഗ്യങ്ങളും നിലനിർത്തുവാനാണ് ഈ രാജ വംശങ്ങൾ ചെയ്തിട്ടുള്ള മിക്ക യുദ്ധങ്ങളും. ഇവരുടെ ഒക്കെ പെണ്ണു പിടുത്തത്തിൻറ്റെ ചരിത്രം മാത്രം നോക്കിയാൽ മതി ഇവർ ജനങ്ങൾക്ക് ചെയ്ത ഉപദ്രവം മനസിലാക്കുവാൻ.

1947 ജൂണിൽ ഇന്ത്യ സ്വാതന്ത്ര്യത്തിൻറ്റേ പടിവാതിൽക്കൽ നിന്നപ്പോൾ ബ്രട്ടീഷ് ഇന്ത്യയിലെ 600-ഓളം വന്നിരുന്ന രാജ കുടുംബങ്ങളുടെ പ്രതിനിധിയായിരുന്നു സർ കോൺറാഡ് കോർഫീൽഡ് ഇന്ത്യയിലെ രാജാക്കന്മാരുടെ ലൈംഗിക കേളികളുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തു. വരാനിരിക്കുന്ന കോൺഗ്രെസ്സ് സർക്കാർ രാജ കുടുംബങ്ങളെ അതുപയോഗിച്ച് നമ്മുടെ സരിത എസ്. നായർ ഇപ്പോൾ ചെയ്യുന്നതുപോലെ 'ബ്ളാക് മെയിൽ' ചെയ്യുമോ എന്ന് പേടിച്ചിട്ടാണ് രാജ കുടുംബങ്ങളോട് വിധേയത്വം പുലർത്തിയ സർ കോൺറാഡ് കോർഫീൽഡ് രതി ലീലയുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തത്. ഹൈദരാബാദിലും, ബറോഡയിലും, മൈസൂറിലും തൊട്ട് നമ്മുടെ കൊച്ചി വരെ ഇത്തരത്തിൽ രാജ കുടുംബങ്ങളുടെ രതി ലീലകളുടെ ചരിത്രം തീയിട്ടു നശിപ്പിച്ചു. മൊത്തം തീയിട്ട ചരിത്ര രേഖകൾ നാല് ടൺ വന്നിരുന്നു എന്ന് പറയുമ്പോഴാണ് നമ്മുടെ രാജാക്കന്മാർ ചെയ്തിരുന്ന ജന സേവനം മനസിലാക്കേണ്ടത്!!!!

ജഹാംഗീറും അനാർക്കലിയും തമ്മിലുള്ള പ്രണയവും, അക്‌ബറും ജോധ ബായിയും തമ്മിലുള്ള പ്രണയവും എല്ലാം സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ നേരത്തേ എത്തിയതാണ്. അതൊന്നും യഥാർത്ഥത്തിലുള്ള ചരിത്രം ആയിരുന്നില്ല. അപ്പോഴൊന്നും ഇല്ലാത്ത രോഷം ഇപ്പോൾ ഉണ്ടാകേണ്ട ഒരു കാര്യവും ഇല്ല. പത്മാവതി ആരെന്ന് പോലും അറിയാതെയാണ് പലരും ഈ സിനിമയ്ക്കെതിരെ പ്രതിഷേധിക്കുന്നത്. സൂഫി കവി മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവതി എന്ന സൃഷ്ടിയിലൂടെയാണ് പത്മാവതി പ്രസിദ്ധയാകുന്നത്.  അതും അലാവുദ്ദീൻ ഖിൽജിയുടെ കാലശേഷം രണ്ട് നൂറ്റാണ്ടുകൾക്കും ഇപ്പുറം. ആ പത്മാവതി എങ്ങിനെയാണ് അലാവുദ്ദീൻ ഖിൽജിക്ക് പ്രിയപ്പെട്ടവളായി മാറുന്നത്‌??? മാത്രവുമല്ല അലാവുദ്ദീൻ ഖിൽജിയെ കുറിച്ചുള്ള ചരിത്രം പരിശോധിച്ചാൽ എവിടെയും പത്മാവതിയെ കുറിച്ച് പറയുന്നുമില്ല എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

സൂഫി കവി മാലിക് മുഹമ്മദ് ജയാസിയുടെ കെട്ടുകഥകൾ നിറഞ്ഞ കവിതയാണ് പത്മാവതിയെ കുറിച്ചുള്ള ഏറ്റവും ആദ്യത്തെ പരാമർശം. ശ്രീലങ്കയിലെ സിങ്കാൾ രാജാവിൻറ്റെ മകളായിരുന്നു പത്മാവതി. പത്മാവതിയുടെ പ്രിയപ്പെട്ട സുഹൃത്തായിരുന്നത് ഹിരാമൻ എന്ന തത്തയായിരുന്നു. നന്നായി സംസാരിക്കുന്ന ഹിരാമനും പത്മാവതിയും തമ്മിലുള്ള സൗഹൃദം പത്മാവതിയുടെ പിതാവിന് തീരെ ഇഷ്ടമായിരുന്നില്ല. ഇതോടെ ഈ തത്തയെ കൊല്ലാൻ പത്മാവതിയുടെ പിതാവ് തീരുമാനിക്കുകയും ചെയ്തു. ഇതോടെ കൊട്ടാരം വിട്ട് പറന്നു പോയ ഹിരാമൻ ഒരു തത്ത വിൽപ്പനക്കാരന് കിട്ടുകയും അതുവഴി ചിറ്റോർ കൊട്ടാരത്തിൽ എത്തുകയുമായിരുന്നു. കൊട്ടാരത്തിലെത്തിയ ഹിരാമൻ രജപുത്ര രാജാവായ രത്തൻ സെന്നിനോട് പത്മാവതിയുടെ സൗന്ദര്യത്തെ കുറിച്ച് മാത്രമേ വർണിച്ചു. ഹിരാമൻറ്റെ സൗന്ദര്യ വർണ്ണനയിലൂടെ പത്മാവതിയെ സ്‌നേഹിക്കുന്ന രത്തൻ സിങ് സിങ്കാൾ ആക്രമിച്ച് പത്മാവതിയെ സ്വന്തമാക്കാൻ പുറപ്പെടുകയും ചെയ്തു. ഇങ്ങനെയാണ് പത്മാവതിയുടെ കഥ തുടങ്ങുന്നത്.

പത്‌നി നാഗമതിയെ കൊട്ടാരത്തിൽ ഉപേക്ഷിച്ച് യോഗിയുടെ ഉത്തരീയമണിഞ്ഞ് അനുചരന്മാരോടൊപ്പം രത്തൻ സെൻ പുറപ്പെടുന്നു. പത്മാവതിക്കുവേണ്ടി ജീവത്യാഗം ചെയ്യാൻ സന്നദ്ധമായുള്ള ആ യാത്രയിൽ കഷ്ടപ്പാടുകൾ സഹിച്ചാണെങ്കിലും ലക്ഷ്യം നേടുകയും പത്മാവതിയുമായി ചിറ്റോറിലേക്ക് മടങ്ങുകയും ചെയ്തു. പത്മാവതി ചിറ്റോറിൽ രാജ്ഞിയായി വാഴ്‌ത്തപ്പെട്ട വിവരം അറിഞ്ഞ അലാവുദ്ദീൻ ഖിൽജിയും അറിഞ്ഞു. പത്മാവതിയുടെ സൗന്ദര്യത്തെ കുറിച്ച് കേട്ടറിഞ്ഞ അലാവുദ്ദീൻ ഖിൽജി വൻ സൈന്യവുമായി ഉടൻ പുറപ്പെട്ടു. ശക്തമായ പ്രതിരോധത്തിനിടയിൽ ചിറ്റോർ കോട്ട പിടിച്ചടക്കിയെങ്കിലും അലാവുദ്ദീൻ അകത്ത് പ്രവേശിക്കുകയാണെന്നും തന്നെ കൈക്കലാക്കുകയാണ് ഉദ്ദേശ്യമെന്നും മനസ്സിലാക്കിയ പത്മാവതി 16,000 സ്ത്രീകളോടൊപ്പം സ്വയം തീയിൽ ചാടി ആത്മാഹുതി നടത്തി എന്നാണ് കഥ. ശത്രുവിൻറ്റെ കൈയിൽ പെട്ട് മാനം പിച്ചിച്ചീന്തുന്നതിൽനിന്ന് രക്ഷപ്പെടാൻ നടത്തുന്ന ഈ ജീവബലിയെ 'ജൗഹർ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതാണ് സൂഫി കവി പറയുന്ന കഥ, പക്ഷെ ഈ കഥ ആധികാരിക ചരിത്രത്തിൽ എവിടെയും വായിക്കാൻ സാധിക്കില്ല.

1303 ജനുവരിയിലാണ് സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ നേതൃത്വത്തിൽ വൻ സൈനിക സന്നാഹം ചിറ്റോർ കോട്ടയിലേക്ക് നീങ്ങുന്നത്. രാജാ രത്തൻ സിങ്ങിൻറ്റെ  നേതൃത്വത്തിൽ രജപുത്രർ ശക്തമായ പ്രതിരോധം തീർത്തെങ്കിലും പിടിച്ചുനിൽക്കാനായില്ല. ഓഗസ്റ്റ് അവസാന വാരത്തോടെ കോട്ടയിലേക്ക് കടന്ന അലാവുദ്ദീൻ ഖിൽജി രാജകുടുംബാംഗങ്ങളെ വെറുതെ വിട്ടെങ്കിലും ഗ്രാമത്തലവന്മാരുടെ തലയെടുത്തുവെന്നാണ് ചരിത്രകാരന്മാർ  രേഖപ്പെടുത്തിയിരിക്കുന്നത്. കൊട്ടാരഭരണം പുത്രൻ ഖിസ്ർ ഖാനെ ഏൽപിച്ച് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. ദീപിക പദുക്കോണിന് മുന്നേ അനിതാ ഗുഹയും വൈജയന്തിമാലയും റാണി പത്മിനിയായി സിനിമയിൽ എത്തി മറഞ്ഞവരാണ്. ഓരോ സിനിമയും ഓരോ രീതിയിലാണ് പ്രേമത്തിൻറ്റെയും, യുദ്ധ വീര്യത്തിൻറ്റെയും ഒക്കെ കഥകൾ അവതരിപ്പിച്ചത്.

1296 മുതൽ 1316 വരെ ഡൽഹി മുതൽ ഡെക്കാൻ വരെ നീണ്ടുകിടക്കുന്ന അതിവിശാലമായൊരു സാമ്രാജ്യം ഭരിച്ച അലാവുദ്ദീൻ ഖിൽജിയുടെ സംഭവബഹുലമായ കാലഘട്ടത്തെക്കുറിച്ചും സൈനികാക്രമണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ചരിത്ര രേഖകളിലൊന്നിലും പത്മാവതിയെ കുറിച്ച് പരാമർശമില്ല. അപ്പോൾ തന്നെ നമ്മുടെ വടക്കൻ പാട്ടുകൾ പോലെ ഭാവനയും, യുദ്ധ വീര്യവും, പ്രേമത്തിൻറ്റെ കഥകളും  ഒക്കെ ചാലിച്ച് സാധാരണക്കാരുടെ ഭാവനകൾക്കു നിറം പകരാൻ പിന്നീടെഴുതിയതാകാനേ സാധ്യതയുള്ളൂ. "ആണും, പെണ്ണുമല്ലാത്ത ചതിയൻ ചന്തു" എന്ന്പറഞ്ഞയിടത്തു നിന്നാണ് എം.ടി. "ചതിയൻ ചന്തുവിൻറ്റെ കൊടും ക്രൂരതകളെ കുറിച്ച് നിങ്ങൾക്കെന്തറിയാം" എന്ന് ചോദിച്ചു കൊണ്ട് നമ്മുടെ 'ഫോക് ലോർ' ആയ ചരിത്രം പുനഃ സൃഷ്ടിക്കുന്നത്. എഴുത്തുകാരന് ആ രീതിയിൽ ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. എം.ടി. അങ്ങനെ പുനഃസൃഷ്ടി നടത്തിയിട്ട് കേരളത്തിൽ ആരും പ്രതിഷേധിച്ചില്ല; അങ്ങനെ പ്രതിഷേധിക്കേണ്ട ഒരു കാര്യവുമില്ല. 'ഒരു വടക്കൻ വീരഗാഥ' അവാർഡുകൾ വാരി കൂട്ടുകയും ചെയ്തു.

മധ്യ കാലഘട്ടത്തിലെ പല രാജാക്കന്മാരുടെയും കഥ പോലെ തന്നെയാണ് അലാവുദ്ദീൻ ഖിൽജിയുടെ ചരിത്രവും. പിൽക്കാല എഴുത്തുകാർ ഇത്തരം രാജാക്കന്മാരുടെ യുദ്ധ വീര്യവും, പ്രേമങ്ങളും ഒക്കെ പറഞ്ഞു കഥകളും, കവിതകളും ഇഷ്ടം പോലെ ഉണ്ടാക്കി. അതൊക്കെ നമ്മുടെ 'ഫോക് ലോറിൻറ്റെ' ഭാഗമാവുകയും ചെയ്തു. ഇന്നത്തെ രാജ കുടുംബങ്ങൾ ആ പാരമ്പര്യം ഓർത്ത് അഭിമാനിക്കുമ്പോൾ രാജ കുടുംബങ്ങളൊക്കെ ചെയ്തു കൂട്ടിയ മോശം കാര്യങ്ങളെ കുറിച്ചും പറയേണ്ടതുണ്ട്. ബ്രട്ടീഷുകാർക്ക് ദാസ്യവൃത്തി ചെയ്തവരായിരുന്നു ഇന്ന് കാണുന്ന മിക്ക രാജ കുടുംബങ്ങളും. ബ്രട്ടീഷുകാർക്കു ദാസ്യവൃത്തി ചെയ്യാതിരുന്നവരുടെയൊക്കെ പണവും, അധികാരങ്ങളും, പ്രതാപവുമൊക്കെ നഷ്ടമായി. അവരുടെ പിന്മുറക്കാർ വളരെ ദരിദ്രമായ അവസ്ഥയിൽ ആരും അറിയപ്പെടാതെയാണ് ഇന്നും ജീവിക്കുന്നത്.

അലാവുദ്ദീൻ ഖിൽജിയെ തീർത്തും മോശക്കാരനാക്കി മുസ്‌ലിംവിരുദ്ധ വികാരം ഊതിക്കത്തിച്ച് വോട്ട് ബാങ്ക് ഉറപ്പിക്കുക എന്ന സംഘ പരിവാർ സംഘടനകളുടെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് തോന്നുന്നു ഇപ്പോഴത്തെ വിവാദങ്ങൾക്കെല്ലാം പിന്നിൽ. 'പത്മാവതി'-ക്കെതിരെ സംഘപരിവാർ സംഘടനകൾ കൊലവിളികൾ നടത്തി വരികയാണ്. ദീപിക പദുക്കോണിൻറ്റെ തലവെട്ടുന്നവർക്ക് പത്തു കോടി രൂപ ഇനാം പ്രഖ്യാപിച്ച് ഒരു ബി.ജെ.പി. നേതാവ് രംഗത്ത് വന്നിരുന്നു. ചിത്രത്തിൻറ്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം ഭാരത് ബന്ദ് നടത്തും എന്നും പറഞ്ഞിരുന്നു. പുരാണത്തിലെ ശൂർപ്പണഖയോട് ചെയ്തതുപോലെ ദീപികയുടെ മൂക്ക് അരിയാനാണ്  വേറൊരു ആഹ്വാനം. പ്രതിഷേധം ഇന്ത്യയിൽ മാത്രമായി ഒതുങ്ങുന്നില്ല. സിനിമ ഇംഗ്ലണ്ടിൽ പ്രദർശിപ്പിച്ചാൽ ബ്രിട്ടീഷ് തിയറ്ററുകൾ കത്തിക്കുമെന്ന് തീവ്ര ഹിന്ദു സംഘടനകൾ ഭീണഷി മുഴക്കി കഴിഞ്ഞു. ഇംഗ്ലണ്ടിലെ ഏതെങ്കിലും തിയറ്ററിൽ സിനിമ പ്രദർശിപ്പിച്ചാൽ ആ തിയറ്റർ ചാരമാക്കാനാണ് ഇന്ത്യയിൽ നിന്നും ബ്രിട്ടനിലുള്ള രജപുത് വിഭാഗങ്ങളോടുള്ള ചിലരുടെ ആഹ്വാനം.

'പത്മാവതി'-ക്കെതിരെ രാജ്യത്തെ യുവാക്കൾ മുന്നോട്ടിറങ്ങണമെന്നും പത്മാവതി പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ കത്തിക്കണമെന്നും ബി.ജെ.പി. നേതാക്കൾ പറയുമ്പോൾ അത് രാജ്യ ഭക്തിയല്ല; പ്രത്യുത രാജാക്കന്മാരോടുള്ള ഭക്തിയായിട്ടാണ് മാറുന്നത്. ഇങ്ങനെ രാജാക്കന്മാരോടുള്ള ഭക്തി പ്രകടിപ്പിക്കുമ്പോൾ ഇന്ത്യയിലെ രാജ കുടുംബങ്ങളൊക്കെ ഈ രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടി എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളതെന്നും ഓർമ്മിക്കുന്നത് നന്നായിരിക്കും. 1947 ജൂണിൽ സർ കോൺറാഡ് കോർഫീൽഡ് നശിപ്പിച്ച രതി ലീലകളുടെ ചരിത്രം നാല് ടൺ വന്നിരുന്നു എന്ന് ചിലരെങ്കിലും ഓർമിക്കണം. സക്കറിയയുടെ 'ഭാസ്കര പട്ടേലരും എൻറ്റെ ജീവിതവും' എന്ന കഥയിലെ പട്ടേലരെ പോലെ കാണാൻ കൊള്ളാവുന്ന സ്ത്രീകൾക്ക് വഴി നടക്കാൻ പോലും പറ്റാതിരുന്ന രാജാക്കന്മാരുടെയും, ഭൂ പ്രഭുക്കന്മാരുടെയും, മാടമ്പികളുടെയും ചരിത്രം കൂടി ഇന്ത്യയിലുണ്ടെന്ന കാര്യം ചരിത്രത്തിൽ അഭിമാനിക്കുന്നവർ ഓർക്കേണ്ടതുണ്ട്.

കേരളത്തിൽ ഇരുന്നു പോലും ചിലർ 'പത്മാവതി'-ക്കെതിരെ പ്രതിഷേധിക്കുന്നു. ഓണത്തിൻറ്റെ ചരിത്രം തിരുത്തുവാൻ ശ്രമിച്ചപ്പോൾ പോലും പ്രതികരിക്കാത്തവർ ആണ് കേരളത്തിൽ ഇന്ന് 'പത്മാവതി'-ക്കെതിരെ പ്രതിഷേധിക്കുന്നത് എന്ന് ഓർക്കുന്നത് രസകരമാണ്. ഓണം വാമന ജയന്തിയും കൂടി ആണെന്ന് പറഞ്ഞപ്പോൾ വർഷങ്ങളായി മഹാബലിയുടെ നാട് കാണാനുള്ള വരവായി ഓണം ആഘോഷിക്കുന്ന മലയാളികളുടെ ദേശീയ വികാരം വ്രണപ്പെടും എന്നുപോലും ചിലർക്ക് മനസിലായില്ല. അങ്ങനെ മനസിലാക്കാത്തവർ ആണ് ഇപ്പോൾ ഇല്ലാത്ത കഥയും ചുമന്ന് അതിൻറ്റെ പേരിൽ കലാപം ഉണ്ടാക്കുവാനും, പൊതുമുതൽ നശിപ്പിക്കുവാനുമുള്ള ആഹ്വാനങ്ങളെ പിന്തുണയ്ക്കുന്നത്.

2017 നവംബർ 24, വെള്ളിയാഴ്‌ച

ചൈനാ ഇൻഡ്യാ താരതമ്യം

ഇന്നത്തെ ചൈനയുടെ GDP ഒരു കോടി മില്യൺ US ഡോളറാണ്. ഇന്ത്യയുടെയാകട്ടെ ഏകദേശം 20 ലക്ഷം മില്യൺ US ഡോളറിൻറ്റെ മുകളിലും. ഇന്ത്യയുടെ GDP-യുടെ ഏകദേശം അഞ്ചിരട്ടിയുടെ മുകളിലാണ് ചൈനയുടെ GDP. ഒരു വർഷത്തെ ചൈനയുടെ പ്രോഡക്ട് & സർവീസ് കയറ്റുമതി  ശരാശരി 60 ബില്യൺ ഡോളറിലും കൂടുതൽ ആണ്. ഇന്ത്യയുടെ വെറും 11 ബില്യൺ ഡോളറിൻറ്റെ മാത്രം. ചൈനയുടെ ഉൽപാദന രംഗത്തെ വളർച്ച അറിയാൻ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികൾക്ക് കളിപ്പാട്ടം വിൽക്കുന്ന കടയിലോ പോയാൽ മതി.  മറ്റൊരു കാര്യം ചൈനയുടെ വളർച്ച ഉൽപാദനം കൊണ്ടുള്ളതാണ് എന്നാണ്‌. ഇന്ത്യയുടേത് സർവീസസ് -  അതായത് കൃഷിയും വ്യവസായവും കൂടാതെ സേവന മേഖലയിലെ കണക്കും കൂടെ കൂട്ടി ആണ്. തൊഴിൽ അന്വേഷിച്ച് ചൈനാക്കാരൻ അലഞ്ഞു നടക്കുന്നത് വരെ അവരുടെ നാട്ടിൽ  ദാരിദ്ര്യം ഇല്ല.  ഇന്ത്യയിലെ പോലെ ഹത ഭാഗ്യരായ ചെറുപ്പക്കക്കാർ സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുന്നതുപോലുള്ള രാഷ്ട്രീയ നാടകമൊന്നും ചൈനയിൽ ഉൽപാദനം തകൃതിയായി നടക്കുമ്പോൾ സംഭവിക്കില്ല. ചൈനയിൽ ഗ്രാമങ്ങളിൽ നിന്ന് ആളുകൾ നഗരങ്ങളിലേക്കും, ഉൽപാദന മേഖലകളിലേക്കും കുടിയേറുന്നത് മെച്ചപ്പെട്ട വേതനം പ്രതീക്ഷിച്ചാണ്; അല്ലാതെ ഇന്ത്യയിലെ പോലെ ദാരിദ്ര്യം കൊണ്ടല്ല.  

ഇപ്പോഴത്തെ സാഹചര്യത്തിൽ ഉൽപാദന മേഖലയിലെ ചിലവ് കുറച്ചുകൊണ്ടുള്ള നിർമ്മിതി ഇന്ത്യക്ക്‌ സാധിക്കില്ല. പക്ഷെ ചൈനയിൽ അതിന് കഴിയുന്നതുകൊണ്ടാണ് ഒട്ടുമിക്ക കമ്പനികളും ചൈനയിലേക്ക് പോകുന്നത്. ഇന്ത്യയിൽ നിന്നും ഇരുമ്പയിര് ചൈനയിലേക്ക് കയറ്റുമതി ചെയ്ത് ചൈനയിൽ നിന്നും സ്റ്റീൽ ഇവിടെ ഇറക്കുമതി ചെയ്യുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന് സോഷ്യൽ മീഡിയയിലൂടെ  മുറവിളി കൂട്ടുന്നത് വെറുതെയാണ്. ഒരു പക്ഷെ ചെറിയ രീതിയിൽ ബഹിഷ്‌കരിച്ചേക്കാം; അതിനപ്പുറം സാധിക്കില്ല. ചൈനീസ്‌ ഉൽപന്നങ്ങളുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഇലക്രോണിക് ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ - ഇവയൊക്കെ ചൈനയിൽ നിന്നാണ് വരുന്നത്. ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന മൊബയിൽ ഫോണുകളിൽ ഒന്ന് ചൈനീസ് ഉൽപ്പന്നമായ   ഷവോമി റെഡ്മി ആണ്. ഷവോമിക്ക് ഇന്ത്യയിൽ ഫാക്റ്ററിയുമുണ്ട്. അത് കൂടാതെ ലെനോവോ, ഹയ്യർ - തുടങ്ങിയ വേറെയും ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിൽ സജീവമാണ്. ഇന്ത്യൻ മധ്യ വർഗത്തിന് വില കുറവുള്ളത് കൊണ്ട് ചൈനീസ് ഉൽപന്നങ്ങൾ വലിയ പഥ്യവുമാണ്.

രാജ്യ സ്നേഹം ഒക്കെ പറയുന്നത് നല്ലതാണ്. പക്ഷെ രാജ്യ സ്നേഹം പറയുമ്പോഴും യാതാർഥ്യ ബോധം എന്ന് പറയുന്നത് വേണം. എത്ര വലിയ രാജ്യസ്നേഹം പറഞ്ഞാലും ഇന്ത്യയിലെ മദ്ധ്യ വർഗം വില കുറവുള്ള ചൈനീസ് സാധനങ്ങൾ തന്നെയായിരിക്കും വാങ്ങുന്നത്. തീവ്ര രാജ്യസ്നേഹികൾ പോലും ഒരു കാർ വാങ്ങുമ്പോൾ ഇന്ത്യൻ ബ്രാൻഡ് അല്ലാ; ജർമൻ, ജപ്പാൻ ബ്രാൻഡുകളാണ് ഗുണ മേന്മയും, വിലകുറവും നോക്കി തിരഞ്ഞെടുക്കുന്നത്. ഇലക്ട്രോണിക് ഉൽപന്നങ്ങളും, കളിപ്പാട്ടങ്ങളും, മൊബൈൽ ഫോണുകളും മറ്റും മാത്രമല്ല ചൈനയിൽ നിന്നും വരുന്നത്. 2015 - 2016-ലെ കണക്കനുസരിച്ച്  ഇലക്ട്രിക്കൽ മെഷിനറിയും, ജൈവ വളങ്ങളും, ഇരുമ്പും, സ്റ്റീലും, മറ്റു വസ്തുക്കളും ചൈനയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. കൂടാതെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരം ചൈനീസ് കമ്പനികളായ വിവോ, ജിയോനി, ഷവോമി, എസ്യൂസ്, വൺ പ്ലസ് വൺ തുടങ്ങിയവയും ഇന്ത്യയിൽ ഉൽപാദനം തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകൾ മിക്കതും ചൈനീസ് നിർമ്മിതം മാത്രമാണ്. അത് വെറുതെ റീബ്രാൻഡ് ചെയ്ത് കാർബൺ, ലാവ, ജിയോനീ എന്ന പേരിൽ വരുന്നു എന്ന് മാത്രം. ചുരുക്കത്തിൽ നമ്മൾ ഉടുക്കുന്ന തുണിയിലും, ഉപയോഗിക്കുന്ന ഇന്ത്യൻ ഫോണിലും, കാറിലും, ബൈക്കിലും ഒക്കെ ചൈനയുടെ ഒരംശമുണ്ട്. അതൊക്കെ നമുക്ക് ബഹിഷ്കരിക്കാനാകുമോ?

ചൈനയുടെ ഉൽപാദന മികവിനെ കുറിച്ച് പറയുമ്പോഴും ഇതിനൊരു മറുവശവുമുണ്ട്. ചൈനയുടെ സാമ്പത്തിക വളർച്ചയിൽ  ഒരു വലിയ ദൗർബല്യമുണ്ട്. ആഭ്യന്തര കമ്പോളത്തേക്കാൾ കയറ്റുമതി കമ്പോളത്തെ ആശ്രയിച്ചാണ് ചൈനയുടെ ഉൽപാദന മേഖലകളുടെ വളർച്ച. ചൈനയുടെ വരുമാനത്തിൻറ്റെ പകുതി സമ്പാദ്യവും നിക്ഷേപമാണ്. അപ്പോൾ ഇന്ത്യയിലും, യൂറോപ്പിലും, അമേരിക്കയിലുമൊക്കെ വളർച്ചാ നിരക്ക് കുറഞ്ഞാൽ അതല്ലെങ്കിൽ ജനത്തിൻറ്റെ ക്രയ വിക്രയ ശേഷി കുറഞ്ഞാൽ അത് ചൈനീസ് ഉൽപാദന മേഖലയെയും ബാധിക്കും. ചൈനയുടെ GDP  വളർച്ചാ നിരക്കിനും ഒരു മറുവശമുണ്ട്. GDP മാത്രമല്ല ഒരു രാജ്യത്തിൻറെ ഭാവി അളക്കാനുള്ള അളവുകോൽ. ചൈനയിൽ ജോലി ചെയ്യാനാവുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു, അവരുടെ ശരാശരി പ്രായം കൂടി കൊണ്ടിരിക്കുന്നു. നേരെ വിപരീതമാണ് ഇന്ത്യയിലെ അവസ്ഥ. ഇത് കൊണ്ട് തന്നെ നോട്ടു നിരോധനം, ജി.എസ.ടി. നടപ്പാക്കിയതിലെ അപാകത പോലുള്ള 'സെൽഫ് ഗോളുകൾ' ഇല്ലെങ്കിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് വരും വർഷങ്ങളിൽ ചൈനയെ അപേക്ഷിച്ച് ഇനിയും കൂടും .

ഇപ്പോൾ ചൈന ഇന്ത്യയെക്കാളും ഉൽപാദന മേഖലയിൽ ബഹുദൂരം മുന്നിലാണ്. പക്ഷെ ദീർഘ വീക്ഷണത്തോടെ ചിന്തിച്ചാൽ ചൈനക്ക് ഇന്ത്യയെ അപേക്ഷിച്ച് വളരെയധികം പ്രശ്നങ്ങളും ഉണ്ട് എന്ന് കാണാം. ഒന്നാമത് ചൈനയിൽ പ്രതിപക്ഷമില്ല. ജനാധിപത്യം കിട്ടാക്കനിയാണ് ചൈനയിൽ. രണ്ടാമത് ചൈനയിൽ മത സ്വാതന്ത്ര്യമില്ല. കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ പ്രഖ്യാപനം ശ്രദ്ധിച്ചു മനസിലാക്കണം. തങ്ങളുടെ 'എത്തീസ്റ്റ്' അല്ലെങ്കിൽ യുക്തിവാദമാണെന്ന് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി പ്രഖ്യാപിക്കുന്നു. ഈ യാന്ത്രിക ഭൗതികവാദം ചൈനക്ക് ഭാവിയിൽ വലിയ ദോഷം ചെയ്യും. ടിബറ്റിൽ അനേകം ബുദ്ധിസ്റ്റ് ആശ്രമങ്ങൾ ഡൈനാമിറ്റ് വെച്ച് തകർത്തു; ദലൈ ലാമയും, കർമപ്പയും ഇന്ത്യയിൽ അഭയം പ്രാപിച്ചു. ദലൈ ലാമയെ കൊല്ലാൻ സ്വന്തം സഹോദരനെ തന്നെ ചൈനീസ് ഭരണകൂടം പറഞ്ഞു വിട്ടു. ദേശീയതയോടുള്ള ഈ അടിച്ചമർത്തൽ നയം ഭാവിയിൽ ചൈനക്ക് ദോഷം ചെയ്യും. സോവിയറ്റ് യൂണിയനിൽ അത് നാം കണ്ടതുമാണല്ലോ. ഇനി ചൈനയിലെ മനുഷ്യാവകാശം - അത് പറയാതിരിക്കുന്നതാണ് നല്ലത്. ടിയാനെൻമെൻ സ്‌കൊയെറിൽ ടാങ്കുകൾ ആളുകളുടെ മുകളിൽ കൂടി ഉരുളുന്ന കാഴ്ച എല്ലാവരും കണ്ടതല്ലേ?? ഇന്നും ഓരോ വർഷവും 2000-ത്തോളം പേരെ ചൈന തൂക്കി കൊല്ലുന്നുണ്ടെന്നാണ് 'ആംനെസ്റ്റി ഇൻറ്റെർനാഷണൽ ' പോലുള്ള സംഘടനകൾ പറയുന്നത്. മാധ്യമ സ്വാതന്ത്ര്യവും ചൈനയിൽ ഇല്ലാ. ഇതിനെല്ലാത്തിനും എതിരേ ജനരോഷം പൊട്ടി പുറപ്പെട്ടാൽ അതൊക്കെ എവിടെ ചെന്ന് നിൽക്കും എന്ന് പറയുവാൻ ആർക്കും സാധിക്കില്ല. സോവിയറ്റ് യൂണിയനിലും, കിഴക്കൻ യൂറിപ്പിലും നാം ഇത് കണ്ടതല്ലേ?? ചൈനയിലെ ഇൻഫ്രാസ്ട്രക്ചറിനെ ആണ് പലരും വാഴ്ത്തുന്നത്. പക്ഷെ ഇതിനും ഒരു മറുവശവുമുണ്ട്. ഈ ഇൻഫ്രാസ്ട്രക്ചർ തന്നെ ചൈനക്ക് പാരയാകും എന്നും പറയുന്നവരും ഉണ്ട്. ഉപയോഗമില്ലാത്ത ഇൻഫ്രാസ്ട്രക്ചർ ചൈനീസ് ഭരണകൂടം കണ്ടമാനം നിർമിക്കുന്നുണ്ട്. ഇതിലൊക്കെ നിക്ഷേപിച്ചിരിക്കുന്ന വൻ തുക ചൈനക്ക് തിരിച്ചു പിടിക്കുവാൻ പറ്റാതെ ആകും.

ഇതൊക്കെ കൂടാതെയാണ് വൻ തോതിലുള്ള വ്യവസായിക ഉൽപാദനം മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ. യാതൊരു വിധ മാനുഷിക പരിഗണന കൂടാതെയുള്ള മാനുഫാക്ചറിങ്ങ് ഇൻഡസ്ട്രി ആണ് ചൈനയുടെ മറ്റൊരു വലിയ ശാപം. ചൈനയിൽ ആത്മഹത്യ സ്ഥിരം കഥയായപ്പോൾ വലിയ കെട്ടിടങ്ങൾക് കീഴെ വലകൾ വിരിച്ചാണ് അവർ അതിന് തടയിട്ടത് എന്നാണ്‌ ഒരു കഥ. അല്ലാതെ മാനുഫാക്ചറിങ്ങ് സെക്ടറിൽ നിന്ന് വരുന്ന 'പ്രഷർ' കുറച്ചില്ല. അത് പോലെ തന്നെ ചൈനയുടെ ഉൽപ്പന്നങ്ങളുടെ നിലവാരമില്ലായ്മ, ചൈനീസ് കമ്പനികൾ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം, തൊഴിൽ ഇടങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയും പ്രശ്നങ്ങളാണ്. ആഗോള നിയമങ്ങൾ പാലിക്കാത്ത അവസ്ഥ കാരണം വികസിത രാജ്യങ്ങൾ ചൈനീസ് ഉൽപ്പന്നങ്ങൾ പതുക്കെ ഒഴിവാക്കി കൊണ്ടിരിക്കുക ആണ്. ഇതിൻറ്റെ ഒക്കെ ബെനഫിഷ്യറിയും ഇന്ത്യയെ പോലുള്ള രാജ്യങ്ങളാണ്. നമ്മൾ നമ്മുടെ രാജ്യത്തെ ചൈനയുടെ പേര് പറഞ്ഞു എത്രയൊക്കെ കളിയാക്കിയാലും ഇവിടെ പണ്ട് മുതൽ ഉണ്ടാക്കിയ പ്രോഡക്ട്സ് എല്ലാം തന്നെ ചൈനീസ് ഉൽപന്നങ്ങളെ അപേക്ഷിച്ച് നല്ല ക്വാളിറ്റി ഉള്ളത് തന്നെയാണ് എന്ന വസ്തുത കാണാതിരിക്കരുത്.

ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയുടെ രക്ത പങ്കിലമായ കഥകൾ പുറത്തു വിടാൻ ഇന്നും ചൈനയെ അടക്കി ഭരിക്കുന്ന കമ്യുണിസ്റ്റ് പാർട്ടി തയാറല്ല. അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായി 1960-കളിൽ  മാവോയിസ്റ്റ് സിദ്ധാന്തം. ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കൊണ്ടാണ് ചൈനയിൽ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ രൂക്ഷമായ ഭക്ഷ്യ ക്ഷാമം സംഭവിച്ചത്. ഇത് പോലുള്ള പല ക്രൂരതയുടെയും യഥാർത്ഥ ചിത്രം പുറത്തു വന്നാൽ ജനം എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ വയ്യാ.

ചൈനയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനത്തിലാണ്. പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം, ജനങ്ങൾക്കിടയിലുള്ള ഭക്ഷ്യ സുരക്ഷാ - ഇക്കാര്യങ്ങളിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നമുക്ക് വലിയ വീഴ്ച സംഭവിച്ചു. ഭവന നിർമാണം, ടോയ്‍ലെറ്റുകൾ, സ്കൂളുകൾ, ആശുപത്രികൾ, കോളേജുകൾ - ഇവയുടെ നിർമിതിയാണ് ഇന്ത്യയിൽ വേണ്ടത്. സ്വാതന്ത്ര്യം കിട്ടി 70 വർഷങ്ങൾ കഴിഞ്ഞിട്ടും സുരക്ഷിതമായ കുടിവെള്ളം നമുക്ക് ഒരു വലിയ ശതമാനം ജനത്തിനു ലഭ്യമാക്കാൻ സാധിക്കുന്നില്ല. റോഡ്, ട്രാൻസ്‌പോർട്ട് തുടങ്ങിയ ഇൻഫ്രാസ്ട്രക്ചർ പ്രശ്നങ്ങളും നമുക്ക് ചൈനയെ അപേക്ഷിച്ച് വലിയ വെല്ലുവിളികളാണ്. ഇത്തരം വികസന പ്രശ്നങ്ങളുണ്ടെങ്കിലും ശക്തമായ നീതിന്യായ സംവിധാനം, എന്തിനെയും വിമർശിക്കുവാനുള്ള മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യ വ്യവസ്ഥിതി - ഇതൊക്കെ ഇന്ത്യയുടെ നേട്ടങ്ങളാണ്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നമുക്ക് ആരെ വേണമെങ്കിലും വിമർശിക്കാം. ചൈനയിൽ അത് സ്വപ്നം കാണുവാൻ പോലും സാധിക്കില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയ ജവഹർലാൽ നെഹ്‌റു മുതലുള്ള നമ്മുടെ ഭരണാധികാരികൾ പ്രോത്സാഹിപ്പിച്ച 'Freedom of Speech'-ൻറ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം. ഇത്തരം പുരോഗമന ആശയങ്ങൾക്ക് ചൈനയിൽ ഒരു വിലയുമില്ല. ഈ പുരോഗമന മൂല്യങ്ങളാണ് ഇന്ത്യയുടെ കരുത്ത്.

ദക്ഷിണ കൊറിയ, ജപ്പാൻ, സിങ്ങപ്പൂർ, ദുബായ് - ഈ രാജ്യങ്ങളെ പോലെ വ്യവസായിക പുരോഗതി ഇന്ത്യ കൈവരിക്കാത്തതിന് പല കാരണങ്ങളും ഉണ്ട്. അതിൽ പ്രധാന കാരണം ഇന്ത്യയുടെ വൈവിധ്യവും, വലിപ്പവും തന്നെ. ചരിത്രകാരനായ ബിപൻ ചന്ദ്ര പറയുന്നത് ഒരു ജനാധിപത്യ രാജ്യത്ത് നയങ്ങൾ നടപ്പാക്കാൻ അത്ര എളുപ്പം അല്ല എന്നാണ്. അത് കുറെ ശരിയാണ് താനും. ചൈനയെ പോലെ ഏകാധിപത്യവും, അടിച്ചമർത്തലും ഇവിടെ സാധ്യമല്ല. അമർത്യ സെൻ തന്നെ ചൈനയുടെ ഒറ്റ കുട്ടി എന്ന നയം നടപ്പാക്കിയത്തിലെ ഭീകരത ചൂണ്ടി കാണിക്കുന്നുണ്ട്. കുട്ടികൾ ഒന്നിൽ കൂടുതൽ ആയാൽ കൊന്നൊടുക്കുവാൻ കൂടി മടിക്കാത്ത ആ ഭീകരത വിവരിക്കുവാൻ ഇതെഴുന്നയാൾക്ക് വയ്യാ. അത് കൊണ്ട് ചൈന മോഡലും, കൊറിയൻ മോഡലും പറയാൻ എളുപ്പമാണ്; പക്ഷെ പ്രാവർത്തികമാക്കാൻ ഇന്ത്യയെ പോലുള്ള വൈവിധ്യവും, വലിപ്പവും ഉള്ള രാജ്യത്ത് വളരെ ബുദ്ധിമുട്ടാണ്. ചുരുക്കത്തിൽ സ്വന്തം ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ പോലും മടിയില്ലാത്ത ഭരണ സംവിധാനമുള്ള ചൈനയും ഇന്ത്യയും തമ്മിൽ ഒരു താരതമ്യവും സാധ്യമല്ല.

2017 നവംബർ 21, ചൊവ്വാഴ്ച

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി

വേൾഡ് എക്കണോമിക്ക് ഫോറം വിശ്വസിക്കാൻ പറ്റുന്ന  സർക്കാരുകളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തിയതും, ആഗോള റേറ്റിങ് ഏജൻസിയായ അമേരിക്കയിലെ മൂഡിസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർത്തിയതും ബി.ജെ.പി.-യും, സംഘ പരിവാറുകാരും സോഷ്യൽ മീഡിയയിലൂടെയും, ഓൺലയിൻ പത്രങ്ങളിലൂടെയും ആഘോഷിക്കുകയാണ്. മൈക്രോ ഇക്കണോമിക്‌സും മാക്രോ ഇക്കണോമിക്‌സും തമ്മിലുള്ള അന്തരത്തെ കുറിച്ച് വലിയ വിവരമില്ലാത്ത സാധാരണ പത്രം വായിക്കുന്ന ആളുകളെ ഇതൊക്കെ പറഞ്ഞു പറ്റിക്കുവാൻ പറ്റും. അതാണിവിടെ നടക്കുന്നതും.

ജി.എസ്. ടി. എന്ന ചരക്ക് സേവന നികുതി, ആധാര്‍ സംവിധാനം തുടങ്ങിയവയാണ് ഈ പുതിയ സർവേകളിൽ സർക്കാരിന് നല്ല 'ഇമേജ്' കൊടുത്തത്. ഇതിൽ തന്നെ ആധാർ ഡോക്റ്റർ മന്മോഹൻ സിങ്ങിൻറ്റെ പരിഷ്കാരമായിരുന്നു. ഇപ്പോൾ  ബി.ജെപി. ആധാറിനെ പൊക്കി പിടിക്കുന്നു.  മന്മോഹൻ സിങ്ങിൻറ്റെ ഭരണ കാലത്ത് ആധാറിനെ ഏറ്റവും എതിർത്തത് ബി.ജെപി. ആയിരുന്നു. ആധാറിനെ അമേരിക്കൻ CIA -ക്കു വേണ്ടി നടത്തുന്ന പ്രക്രിയയാണെന്നു പറഞ്ഞു ഏറ്റവും കൂടുതൽ എതിർത്ത ബി.ജെപി. ഇപ്പോൾ ആധാറിൻറ്റെ സ്തുതി പാടകരായിരിക്കുന്നു എന്നത്  രസകരമാണ്.

മൂഡിയെ പോലെയും, വേൾഡ് എക്കണോമിക്ക് ഫോറം പോലെയും അനേകം സർവേ ഫലങ്ങൾ താമസിയാതെ വരുമെന്നാണ് തോന്നുന്നത്. രാജ്യത്തെ തൊഴിലവസരങ്ങളെയും, തുകൽ, ടെക്സ്റ്റയിൽ മേഖലകളിലെ മാന്ദ്യവും അറിയുന്നവർക്ക് ഈ സര്‍വെകൾ കാണുമ്പോൾ ഹസിക്കാനേ കഴിയൂ.  ഒരുപക്ഷെ സർവേകളിൽ തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നും വരാം.

മൂഡീസ്സ് റെയിറ്റിങ് ഏജൻസികളിൽ ഒട്ടും വിശ്വാസ്യത ഇല്ലാത്ത ഏജൻസ്സിയാണ്. അമേരിക്കയിലും ജർമ്മനിയിലും ബ്രിട്ടനിലും ഈ ഏജൻസി തെറ്റായ നിഗമനങ്ങളുടെ പേരിൽ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ട്. 2008-ലെ സാമ്പത്തിക തകർച്ചയ്ക്ക് മുൻപ് അമേരിക്കയിൽ മോർട്ട്ഗേജ് ബോണ്ടുകൾക്കു നൽകിയ കളവായ റേറ്റിംഗിന് 864 മില്യൺ ഡോളർ പിഴ അമേരിക്കൻ ഗവൺമെൻറ്റിനു മുൻപാകെ അടക്കേണ്ടി വന്നവർ ആണ് മൂഡി. ആ മൂഡിയെയും പൊക്കി പിടിച്ച്  ഇന്ത്യൻ ജനതയെ കബളിപ്പിക്കേണ്ട വെല്ലോ ആവശ്യവുമുണ്ടോ??

ഇന്ത്യയിലെ തുകൽ, ടെക്സ്റ്റയിൽ മേഖലകളിലാണ് അനേക ലക്ഷം ഇൻഡ്യാക്കാർ പണിയെടുക്കുന്നത്. ചരിത്രപരമായി തന്നെ ചണം, പരുത്തി, പട്ടുവസ്ത്രങ്ങൾ - ഈ മേഖലകളാണ് ഇന്ത്യയുടെ വ്യവസായിക അടിത്തറ തീർത്തത്. പരുത്തി വ്യവസായം തകർന്നപ്പോൾ അതിനെതിരെയാണല്ലോ മഹാത്മാ ഗാന്ധി തൻറ്റെ ഖാദി പ്രസ്ഥാനം തുടങ്ങിയതും, നൂൽ നൂൽപ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറ്റെ തന്നെ ഭാഗമാക്കിയതും. ചെറുകിട വ്യവസായം, കാർഷിക രംഗം, കൺസ്ട്രക്ഷൻ മേഖല, ഐ. ടി.,  - ഇവയൊക്കെയാണ് ഇന്ത്യയിൽ തൊഴിൽ സൃഷ്ടിക്കുന്നത്. ഇവയെ ഒന്നും സ്പർശിക്കാതെ ബാങ്കുകളുടെയും ഓഹരി വിപണിയുടെയും പെർഫോർമൻസ് മുൻ നിർത്തി നേടിയ റേറ്റിങ് എന്ത്  പ്രയോജനം ആണ് ഉണ്ടാക്കുക?? ബാങ്കുകൾ പോലും നോട്ടു നിരോധനത്തിന് മുമ്പത്തെ കരുത്താർജിച്ചിട്ടില്ല. ബാങ്ക് ക്യാപ്പിറ്റലും, ഇൻഡസ്ട്രിയൽ ക്യാപ്പിറ്റലും ചേരുന്ന ഫിനാൻസ് ക്യാപ്പിറ്റലാണല്ലോ ഏതൊരു രാജ്യത്തിൻറ്റെയും സമ്പത് വ്യവസ്ഥയുടെ അടിത്തറ. നോട്ടു നിരോധനത്തെ തുടർന്ന് ബാങ്കുകളുടെ സമയം മുഴുവനും വിനിയോഗിച്ചത് പഴയ നോട്ടു മാറ്റിയെടുക്കുവാനായിരുന്നല്ലോ. വ്യവസായങ്ങൾക്ക് യഥാസമയം ലോൺ അനുവദിക്കുകയും അതിൻറ്റെ തിരിച്ചടവ് ഉറപ്പു വരുത്തുകയും ചെയ്യുന്ന ഒരു പ്രക്രിയയിൽ കൂടി മാത്രമേ ബാങ്ക് ക്യാപ്പിറ്റലും, ഇൻഡസ്ട്രിയൽ ക്യാപ്പിറ്റലും വളരുകയുള്ളൂ.

റിയൽ എസ്റ്റേറ്റ് രംഗത്തു വില കുറഞ്ഞു; കള്ളപ്പണം വിദേശങ്ങളിലേക്ക് കടത്തുകയും ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമായി ഷെൽ കമ്പനികൾ വഴി തിരിച്ചു വരുന്ന പ്രതിഭാസം അവസാനിപ്പിച്ചു എന്നൊക്കെയാണ് ഈ സർക്കാരിന് വേണ്ടി വാദിക്കുന്നവർ പറയുന്ന ന്യായങ്ങൾ. വസ്തു ഇടപാടുകൾ നടക്കുന്നില്ലാത്തതു കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലായി. നോട്ടു നിരോധനവും, ജി.എസ്.ടി-യും ഒക്കെ വന്നതിൽ പിന്നെ സ്ഥല കച്ചവടവും, കെട്ടിട വിൽപ്പനയും ഒന്നും നടക്കുന്നില്ല. വസ്തു വിൽക്കാനോ, വാങ്ങാനോ ആർക്കും ധൈര്യമില്ല. നിർമാണ മേഖലയിൽ പണം മുടക്കാൻ പലരും തയാറല്ല. അത് കൺസ്ട്രക്ഷൻ മേഖലയിൽ ഉളവാക്കുന്ന തൊഴിലിനെ ആണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന കാര്യം പലരും കാണാതെ പോകുന്നു.

ഇപ്പോൾ പലരുടേയും അവകാശ വാദം റിയൽ എസ്റ്റേറ്റ് മേഖലയിലെ കള്ള പണത്തിൻറ്റെ  തോത് ഗണ്യമായി കുറഞ്ഞു എന്നാണ്. ബാക്കി എല്ലാ വ്യാപാരങ്ങളിലെയും പൂഴ്ത്തി വെയ്പ് പോലെ റിയൽ എസ്റ്റേറ്റ് രംഗത്തും വൻ പൂഴ്ത്തി വെയ്പുണ്ട്. അത് വേറൊരു രീതിയിൽ ആണെന്ന് മാത്രം. വെറുതെ കിടക്കുന്ന ഫ്ളാറ്റുകൾ, പ്ലോട്ടുകൾ, കെട്ടിടങ്ങൾ, സ്ഥലങ്ങൾ - ഇവയ്ക്കൊക്കെ പത്തിരട്ടിയും അല്ലെങ്കിൽ നൂറിരട്ടി തന്നെ നികുതി ഈടാക്കി വേണം റിയൽ എസ്റ്റേറ്റ് രംഗത്തെ ഈ പൂഴ്ത്തി വെയ്പ്പ് തടയാൻ. വെറുതെ ഇട്ട് വില കൂട്ടുക, വൻ തോതിൽ ഫ്ളാറ്റുകൾ, പ്ലോട്ടുകൾ, കെട്ടിടങ്ങൾ - ഇവ വാങ്ങി കൂട്ടി മനുഷ്യരെ ഉപയോഗിക്കാൻ സമ്മതിക്കാതെ കൃത്രിമമായി അവയുടെ ഒക്കെ വില കൂട്ടുക എന്ന നീച തന്ത്രം ആണ് റിയൽ എസ്റ്റേറ്റുകാർ പയറ്റുന്നത്. അവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കാതെ റിയൽ എസ്റ്റേറ്റ് രംഗത്ത് വില ഗണ്യമായി  കുറയും എന്ന് പ്രതീക്ഷിക്കാൻ വയ്യ. കള്ളപ്പണത്തിൻറ്റെ പേരിൽ ബിൽഡർമാരും, റിയൽ എസ്റ്റേറ്റ് എജെൻറ്റുകളും പിടിയിലാകും എന്ന് കണ്ട് പണം മുടക്കാതിരിക്കുന്നതാണ് ഇന്നത്തെ അവസ്ഥ. സമീപ കാലത്ത് ഫ്ലാറ്റ് നിർമാണത്തിൽ തട്ടിപ്പു നടത്തി എന്ന പേരിൽ പല ബിൽഡർമാരും കോടതി കയറിയതും നിർമാണ മേഖലയിലെ  മാന്ദ്യം കാരണമായിരുന്നു. കൺസ്ട്രക്ഷൻ മേഖലയിലെ ഈ മാന്ദ്യം മൊത്തം സമ്പദ് വ്യവസ്ഥയിൽ തൊഴിലില്ലായ്മയും, വളർച്ചാ നിരക്കുകൾ കുറയുവാനുമേ ഉപകരിക്കൂ.

കള്ള പണത്തിൻറ്റെ കാര്യം പറയുകയാണെങ്കിൽ കർശന നിരീക്ഷണ സംവിധാനമുള്ള അമേരിക്കയിൽ പോലും മയക്കു മരുന്നിൻറ്റെ പേരിൽ ഒഴുകുന്ന പണം ഒന്നും കണ്ടു പിടിക്കാൻ പറ്റുന്നില്ല. മെക്സിക്കൻ കാർട്ടലുകൾ നിയന്ത്രിക്കുന്ന ഈ മയക്കു മരുന്ന് സംഘങ്ങളുടെ പ്രവർത്തനങ്ങളുടെ മുഴുവൻ വിവരവും തീർത്തും അജ്ഞാതമാണ്. Internal Revenue Service (IRS) വലിയ സംവിധാനങ്ങൾ ഉള്ള സംഘടനയാണ്. National Intelligence Authority (NIA ) - ക്ക് ഏക്കർ കണക്കിന് കമ്പ്യൂട്ടർ ശ്രിംഖല   ഉണ്ടെന്നാണ് പറയപ്പെടുന്നത്. അവരൊന്നും നോക്കിയിട്ട് പിടിക്കാത്ത കള്ള പണവും, കള്ള പണവും തീവ്ര വാദവും തമ്മിലുള്ള ബന്ധം ഇന്ത്യയിൽ പിടിക്കാൻ പറ്റുമോ?   റഷ്യയിലും ഇതാണ് അവസ്ഥ. അപ്പോൾ വലിയ നിരീക്ഷണ സംവിധാനം ഒന്നും ഇല്ലാത്ത ഇന്ത്യയിൽ കള്ള പണം കണ്ടു പിടിക്കൽ നടക്കുമോ? ഇന്ത്യയിലെ കണക്കിൽ പെടാത്ത പണമെല്ലാം അഴിമതി പണമോ, നിയമ വിരുദ്ധമായ മാര്ഗങ്ങളിലൂടെ സമ്പാദിക്കുന്നതോ അല്ല. അതും നമ്മുടെ സമ്പത്തു വ്യവസ്ഥയുടെ ഭാഗം തന്നെയാണ്.

സൈബർ തട്ടിപ്പുകൾക്കെതിരെ ശക്തമായ സംവിധാനം ഇല്ലാതെ ഇന്ത്യയിൽ 'ക്യാഷ് ലെസ്സ്' സമ്പത് വ്യവസ്ഥയിലേക്കു പെട്ടെന്നുള്ളൊരു മാറ്റം നടക്കില്ല. ഇന്ത്യയിൽ റിസർവ് ബാങ്കിൻറ്റെ പേരിൽ എന്തെല്ലാം സൈബർ തട്ടിപ്പുകൾ നടന്നു? എത്ര പേർക്ക് പണം നഷ്ടമായി? നാണക്കേട് മൂലം ആരും പുറത്തു പറയുന്നില്ല എന്നേ ഉള്ളൂ. എന്നിട്ട് എത്ര പേർക്കെതിരെ നടപടി എടുത്തു? അത് പോലെ തന്നെ നിങ്ങൾക്ക് മൊബയിൽ കിട്ടി; ടാബ്ലെറ്റ് കിട്ടി എന്നൊക്കെ പറഞ്ഞു മിക്കവരുടെയും മെയിലിൽ മെസേജ് വരുന്നുണ്ട്. അങ്ങനെയും എത്രയോ പേർക്ക് പണം പോകുന്നു? വേണ്ടാ - മൊബൈലിലും, ഇ മെയിലിലും  എത്രയോ പരസ്യങ്ങളാണ് ദിനം പ്രതി കിടന്നു കളിക്കുന്നത്? എത്രയെന്നു വെച്ചാണ് ഇവരെ ഒക്കെ ബ്ളോക് ചെയ്യുന്നത്? ഇതൊക്കെ എല്ലാവരുടെയും അനുഭവമല്ല? സുപ്രീം കോടതി ഇടപെട്ടിട്ടു കൂടി ഇവുടുത്തെ സൈബർ തട്ടിപ്പിനും, പരസ്യത്തിനും, മെസേജ് അയക്കുന്നതിനും ഒന്നും ഒരു കുറവും ഇല്ലാ. അപ്പോൾ പൗരന്മാർക്ക് എവിടുന്നാണ്  സംരക്ഷണം കിട്ടുന്നത്?

ഒരു വശത്ത് കള്ള പണവും, പൂഴ്ത്തി വെച്ചിരിക്കുന്ന പണവും കണ്ടെടുക്കുന്നതു വളരെ നല്ല കാര്യം തന്നെയാണ്. പക്ഷെ അത് ഇഷ്ടക്കാരെ സഹായിക്കാൻ വേണ്ടിയുള്ളതായിരിക്കരുത്. ഗുജറാത്തിലെ രത്ന വ്യാപാരികളെ കുറിച്ചോ, പനാമാ പേപ്പേഴ്സിൽ പുറത്തായ ഇൻഡ്യാക്കാരെ കുറിച്ചോ അന്വേഷണമില്ല. അതിനും മുമ്പ് ജർമൻ ബാങ്ക് പുറത്തു വിട്ട കള്ള പണക്കാരെയും ഒന്നും ചെയ്തിട്ടില്ല. ഇതിനോടകം തന്നെ ഈ ദിവസങ്ങളിൽ പലരുടെയും വിദേശ ബാങ്കുകളിലെ അക്കൗണ്ടുകൾ പുറത്തു വന്നു. പക്ഷെ അതിലൊന്നും ഒരിക്കലും നിയമ നടപടി ഉണ്ടാവില്ല. നെരത്തേ BJP - യെ 'Shop Keepers Party ' - എന്നാണ് വിളിച്ചിരുന്നത്. ചുരുക്കത്തിൽ ബി.ജെ.പി. - യുടെയും, അവർക്കു സാമ്പത്തിക സഹായം ചെയ്യുന്നവരുടെയും കയ്യിലുള്ള കള്ളപ്പണം വെളുപ്പിച്ചു മറ്റുള്ള ആളുകളുടെ കയ്യിലുള്ള കള്ളപ്പണം നശിപ്പിക്കുക, അത് വഴി ബി.ജെ.പി. - ക്കു രാഷ്ട്രീയമായും സാമ്പത്തികമായും മുന്നേറ്റം  ഉണ്ടാകുക. അതല്ലേ ഇവിടെ നടക്കുന്നത്?

ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ് മഹാ ഭൂരിപക്ഷം ജനത. 90 ശതമാനം തൊഴിലാളികളും ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. 55 ശതമാനത്തോളം ആളുകൾ കാർഷിക മേഖലയിൽ ഉണ്ട്. അവരിൽ അധികവും 'ക്യാഷ് ലെസ്സ്' സമ്പത് വ്യവസ്ഥയുടെ ഭാഗം അല്ല. ഡെബിറ്റ് കാർഡും, ക്രെഡിറ്റ് കാർഡും, ഇൻറ്റെർനെറ്റ് ബാങ്കിങ്ങും ഒന്നും ഉപയൊഗിക്കുന്നവരല്ല ഈ ഇൻഡ്യാ മഹാരാജ്യത്തിലെ ഭൂരിപക്ഷം ജനതയും. അസംഘടിത മേഖലയിലും, കാർഷിക മേഖലയിലും പ്രവർത്തിക്കുന്നവരിൽ പലർക്കും ഈ ജി.എസ്.ടി-യും, നോട്ടു നിരോധനവും സൃഷ്‌ടിച്ച ആശയ കുഴപ്പത്തിൽ നിന്ന് ഇനിയും മുക്തരാകുവാൻ സാധിച്ചിട്ടില്ല. ഡിമാൻട്-സപ്പ്ളയ് അല്ലെങ്കിൽ ആവശ്യത്തിനനുസരിച്ചുള്ള വാങ്ങൽ - ഇതാണ് ഏതൊരു സമ്പത് വ്യവസ്ഥയെയും നിയന്ത്രിക്കുന്നത്. പർച്ചെയ്സിംഗ് പവർ പാരിറ്റിയുടെ കാര്യത്തിൽ (PPP) മുൻപന്തിയിൽ നിന്നിരുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് നാടകീയമായ പ്രഖ്യാപനങ്ങളിലൂടെയും, മുന്നൊരുക്കമില്ലാത്ത നടപടികളിലൂടെയും സമ്പത് വ്യവസ്ഥയ്ക്ക് കടിഞ്ഞാണിടുന്നത് ശരിയായ കാര്യമായിരുന്നില്ല. കേന്ദ്ര സർക്കാർ 'കറക്റ്റീവ് മെഷേഴ്സ്' എടുത്തില്ലെങ്കിൽ അതല്ലെങ്കിൽ തെറ്റ് തിരുത്തി മുന്നേറിയില്ലെങ്കിൽ രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മുന്നേറാനാണ് സാധ്യത. തൊഴിൽ ക്ഷാമം സൃഷ്ടിക്കുന്ന സാമൂഹിക അസുരക്ഷിതത്ത്വവും, രാഷ്ട്രീയ മുന്നേറ്റങ്ങളും ഒരുപക്ഷെ രാജ്യത്ത് വലിയ ക്രമ സമാധാന പ്രശ്നങ്ങളും സൃഷ്ടിക്കാം. ഗുജറാത്തിലെ പട്ടേൽ പ്രക്ഷോഭം ഒക്കെ ഇതിൻറ്റെ തുടക്കം മാത്രം.

2017 നവംബർ 17, വെള്ളിയാഴ്‌ച

ദൈവാനുഭവത്തിൻറ്റെ പാതകൾ

"ദൈവം എന്നാൽ എന്താണ്" എന്ന് സോഷ്യൽ മീഡിയയിലെ പ്രമുഖ ആക്റ്റിവിസ്റ്റായ ജയന്ത് മാമൻ ചോദിച്ചപ്പോൾ പലരും തങ്ങളുടെ മത വിശ്വാസമനുസരിച്ച് പല ഉത്തരങ്ങളും കൊടുത്തു. സത്യത്തിൽ 'ദൈവം' എന്ന വിളിപ്പേരിൽ തന്നെ കാര്യമില്ല. ഓരോരുത്തരുടെയും വിശ്വാസവും യുക്തിയും അനുസരിച്ച് ദൈവം, ഈശ്വരൻ, പ്രജാപതി, അള്ളാഹു, കോസ്മിക് സ്പിരിറ്റ് - എന്നൊക്കെ പറയുന്നുണ്ട് എന്നേയുള്ളൂ. ദൈവം എന്തെന്ന് പറയാൻ ആർക്കും കഴിയില്ല എന്നതാണ് യാഥാർഥ്യം. വാക്കുകളിൽ ഒതുങ്ങാത്ത അപാര ശക്തിയെ, കാരുണ്യത്തെ, ആനന്ദാവസ്ഥയെ, ഒരു നിബന്ധനയും ഇല്ലാത്ത സ്നേഹത്തെ - ആർക്കാണ് നിർവചിക്കുവാനും, വാക്കുകളിൽ ഒതുക്കുവാനും കഴിയുന്നത്??? യഥാർത്ഥത്തിലുള്ള ദൈവത്തിന് അല്ലെങ്കിൽ വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ആ ചൈതന്യത്തിന് രൂപവും ഭാവവുമില്ല. കാലവും, ശബ്ദവും, വെളിച്ചവും, ഉണ്മയും, ഗ്യാലക്സികളും - എല്ലാം ദൈവത്തിൻറ്റെ സൃഷ്ടിയാണ്. കാലാതീതമായി നിലകൊള്ളുന്ന ആ ശക്തിയെ  വളരെ എളുപ്പത്തിൽ കുറെ പുസ്തകങ്ങൾ വായിച്ചിട്ടുള്ളതുകൊണ്ട്‌ ചിലരൊക്കെ നിർവചിക്കുവാൻ ശ്രമിക്കുന്നത് തന്നെ മൗഢ്യമാണ്.

പലരുടെയും ദൈവ സങ്കൽപം നീണ്ട വെള്ള താടിയും, വെള്ളി മുടിയോടും, തിളങ്ങുന്ന കണ്ണുകളോടും കൂടി മയൂര സിംഹാസനം പോലുള്ള ഒരു സിംഹാസനത്തിൽ ഇരിക്കുന്ന ചക്രവർത്തി ആയിട്ടാണ്. അദൃശ്യനായി ഒരിടത്തിരുന്നു എല്ലാവരെയും നിയന്ത്രിക്കുന്ന ഒരാളാണ് ദൈവമെന്ന് മറ്റു ചിലർ പറയുന്നു. ലോകത്തുള്ള എല്ലാവരെയും നിയന്ത്രിക്കുകയും, അവരുടെ ശരി തെറ്റുകൾ നോക്കി ശിക്ഷിക്കുകയും, ഭൗതികമായ സൗഭാഗ്യങ്ങൾ കൊടുക്കുന്ന ഒരു ശക്തി വിശേഷമായും പലരും ദൈവത്തെ കാണുന്നു.

ദൈവികത എന്ന് പറഞ്ഞാൽ മറ്റു പലർക്കും അൽഭുങ്ങളാണ്‌.  ദൈവാനുഭവം സിദ്ധിച്ചവർ എന്ന് പറഞ്ഞാലും അൽഭുങ്ങൾ ചെയ്യാൻ ശേഷിയുള്ളവർ എന്നാണ് പലരുടെയും സങ്കൽപം. പക്ഷെ ഈ അൽഭുതങ്ങളുടെ ഒക്കെ ആവശ്യമുണ്ടോ? പ്രകൃതി തന്നെ അൽഭുങ്ങളുടെ കലവറ അല്ലേ? സമുദ്രങ്ങളും, ഹിമാലയം പോലുള്ള പർവ്വതങ്ങളും, ജീവജാലങ്ങളും, മനുഷ്യൻ ജീവൻ തന്നെയും അൽഭുതങ്ങളുടെ ഒരു വലിയ വിസ്മയം ഒരുക്കുന്നില്ലേ? അൽഭുങ്ങളുടെ കലവറ ആയ പ്രകൃതിയുമായി ഐക്യപ്പെടാൻ മനുഷ്യന് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നത് അവനവനിലുള്ള 'ഈഗോ' ആണ്. പ്രകൃതിയിലേക്ക് നോക്കിയാൽ ഈശ്വരൻറ്റെ കയ്യൊപ്പ് എല്ലാ രീതിയിലും കാണാം. "ആകാശത്തിലെ പറവകളെ നോക്കുവിൻ; വയലിലെ ലില്ലി പുഷ്പങ്ങളെ നോക്കുവിൻ - സോളമൻറ്റെ കൊട്ടാരത്തേക്കാൾ മനോഹരമായിട്ടല്ലേ എൻറ്റെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ സൃഷ്ടിച്ചിരിക്കുന്നത്?" - എന്ന ക്രിസ്തുവിൻറ്റെ ചോദ്യം പ്രകൃതിയിലെ അൽഭുതങ്ങളെ കുറിച്ച് ഓർക്കുമ്പോൾ വളരെ പ്രസക്തമാണ്.

ഇതൊക്കെ കൂടാതെയാണ് പ്രകൃതി ശക്തികളുടെ താളം തെറ്റാതെ മിക്കപ്പോഴുമുള്ള പ്രകൃതം. ഇതിൻറ്റെ പിന്നിൽ ഒരു മഹാശക്തി അല്ലെങ്കിൽ ഒരു 'സുപ്രീം ഇൻറ്റെലിജെൻസ്' ഒളിച്ചിരിക്കുന്നില്ലേ?? സൂര്യനും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, ഗ്യാലക്സികളും അണുവിട തെറ്റാതെ അവയുടെ പാതയിൽ സഞ്ചരിക്കുകയും കറങ്ങുകയും ഒരേ അകലം പാലിക്കുകയും ചെയ്യുന്നതെങ്ങിനെയൊന്ന് ആർക്കെങ്കിലും പറയുവാൻ സാധിക്കുമോ??? വിശ്രുത ശാസ്ത്രജ്ഞൻ സ്റ്റിഫൻ ഹോക്കിങ്ങിനോട് ഇത്രയധികം ഊർജങ്ങൾ എന്തിനു ഭൂമിയെ ഭരിക്കുന്നു; ഇവയൊക്കെ എവിടുന്നു വരുന്നു എന്ന് ചോദിച്ചപ്പോൾ "ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ടെങ്കിൽ - Then വി വിൽ കം റ്റു നോ ദി മൈൻഡ് ഓഫ് ഗോഡ്" എന്നാണ് അദ്ദേഹം പറഞ്ഞത്. അവസാനം അദ്ദേഹം പറഞ്ഞ "ദി മൈൻഡ് ഓഫ് ഗോഡ്" - വളരെ ശ്രദ്ധേയമായി മനസിലാക്കേണ്ട ഒന്നാണ്.

ഈ ദൈവിക ശക്തി വിശേഷം അനുഭവിച്ചു മാത്രമേ അറിയാനാകൂ. അതുകൊണ്ടു തന്നെ ദൈവാനുഭവം അതീന്ദ്രിയ തലത്തിൽ മാത്രം സംഭവിക്കുന്ന ഒന്നാണ്. അകക്കണ്ണ്, തൃക്കണ്ണ്, മൂന്നാം കണ്ണ് - എന്നൊക്കെ ഹിന്ദു വിശ്വാസത്തിൻറ്റെ ഭാഗമായി പറയുമ്പോൾ, 'നക്ഷത്രം' ആണ് ക്രിസ്ത്യൻ ദർശനത്തെ സൂചിപ്പിക്കുന്നത്. ദൈവത്തെ അറിയുവാൻ അനേകം ധ്യാന മാർഗങ്ങളുമുണ്ട്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അനേകം ആത്മീയാചാര്യന്മാർ ദൈവാനുഭവത്തിലേക്കുള്ള തങ്ങളുടെ പാതയെ കുറിച്ച് എഴുതിയിട്ടുണ്ട്. മലയാളികളായ ഗുരു നിത്യചൈതന്യയതിയും, ശ്രീ എം എന്ന മുംതാസ് അലി ഖാൻറ്റെയും പുസ്തകങ്ങളും, അഭിമുഖങ്ങളും ആധ്യാത്മികതയെ കുറിച്ച് ഇഷ്ടം പോലെ ഉണ്ട്.  ആധ്യാത്മികതയിൽ  താൽപര്യമുള്ള ആർക്കും ശ്രീ എം, പരമഹംസ യോഗാനന്ദ, സ്വാമി ശിവാനന്ദാ, പോൾ ബ്രണ്ടൻ, ഓം സ്വാമി - എന്നിവരുടെയൊക്കെ പുസ്തകങ്ങൾ വായിക്കാവുന്നതാണ്. പലതും 'ഫ്രീ' ആയി ഇൻറ്റെർനെറ്റിൽ കിട്ടും. പലതിൻറ്റെയും മലയാള വിവർത്തനങ്ങളും ലഭ്യമാണ്. പ്രത്യേകിച്ചും സ്വാമി പരമഹംസ യോഗാനന്ദയുടെയും, ശ്രീ എം -ൻറ്റെയും ( ശ്രീ മുംതാസ് അലി ഖാൻ) പുസ്തകങ്ങൾ. ബീഹാർ സ്‌കൂൾ ഓഫ് യോഗയുടെയും, സ്വാമി ശിവാനന്ദ സ്ഥാപിച്ച ഡിവയിൻ ലൈഫ് സൊസൈറ്റിയുടെയും മിക്ക പുസ്തകങ്ങളും  'ഫ്രീ' ആയി ഇൻറ്റെർനെറ്റിൽ ഉണ്ട്.

ദൈവത്തെ തപ്പി ലോകം മുഴുവൻ സഞ്ചരിക്കുവാനോ, ഡിബേറ്റ് നടത്തുവാനോ ആത്മീയാചാര്യന്മാർ ആരും പറഞ്ഞിട്ടില്ല എന്നതാണ് രസകരമായ ഒരു കാര്യം. നാരായണ ഗുരു കണ്ണാടി പൂജ നടത്തിയത് പോലെ ഉള്ളിലേക്ക് നോക്കുവാനാണ് എല്ലാവരും പറഞ്ഞിട്ടുള്ളത്. അതല്ലെങ്കിൽ പ്രകൃതിയിലേക്ക് നോക്കാം. ഉള്ളൂരിൻറ്റെ 'പ്രേമ സംഗീതം' എന്ന കവിതയിൽ ദൈവികമായ പല രഹസ്യങ്ങളുടെയും സൂചനകളുണ്ട്. ശകരാചാര്യരുടെ അഹം ബ്രഹ്മാസ്മി അല്ലെങ്കിൽ ക്രിസ്തുവിൻറ്റെ 'കിങ്ഡം ഓഫ് ഗോഡ് ഈസ് വിത്തിൻ യു' എന്ന അർഥം വരുന്ന വാക്കുകൾ ഉള്ളൂർ എസ്. പരമേശ്വരയ്യർ 'പ്രേമ സന്ദേശം' എന്ന കവിതയിലൂടെ വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്. ഈശ്വരനും, മനുഷ്യനും, പ്രപഞ്ചത്തിലെ മറ്റു ജീവ ജാലങ്ങളും ഒന്നാണെന്ന് തന്നെയാണ് ഈ കവിതയുടെ ആത്യന്തികമായ സന്ദേശം. താഴെ പറയുന്ന 'പ്രേമ സന്ദേശത്തിലെ' വരികൾ നോക്കൂ:
"പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽ പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു, മവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം!"
- പരനും, ഞാനും, ഭാവാനും ഒന്നാണെന്ന് പറയുമ്പോൾ ഈശ്വരാംശം പ്രപഞ്ചത്തിൽ എല്ലായിടത്തും എല്ലാ ജീവികളിലും ഉണ്ടെന്നു തന്നെയാണ് കവി അർത്ഥമാക്കുന്നത്. പരാർത്ഥമാക്കുക പകലും രാവും എന്ന് പറയുമ്പോൾ മാനവ സേവയാണ് ഈശ്വരനെ പ്രീതിപ്പെടുത്തുവാൻ ഏറ്റവും നല്ലത് എന്നും അർത്ഥമാക്കുന്നു. ഇത് ക്രിസ്തുവും ഒരു സംശയത്തിന് പോലും ഇടം നൽകാതെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ദൈവികതയെ കുറിച്ച് ആർക്കും ഒരു പരിധി വരെ മാത്രമേ പറയാനാകൂ. 'യോഗവാസിഷ്ഠത്തിൽ' വിദേഹ രാജാവായ ജനകൻറ്റെ രാജ സദസിൽ  ഈശ്വര ജ്ഞാനത്തെ കുറിച്ച് കിടിലൻ ഡിബേറ്റ് നടന്നതായി പ്രതിപാദിക്കുന്നു. യാജ്ഞവല്ക്യന്‍, അശ്വലന്‍, ആര്‍ത്തഭാഗന്‍, ഭുജ്യു, ഉഷസ്തന്‍, കഹോലന്‍, ഗാര്‍ഗ്ഗി, ഉദ്ദാലകന്‍, ശാകല്യന്‍ തുടങ്ങിയവരാണ് ആ ഡിബേറ്റിൽ പങ്കെടുത്തത്. അവിടെ 'സ്റ്റാർ പെർഫോർമൻസ്' നടത്തിയത് യാജ്ഞവൽക്യനാണ്‌. പ്രൊഫെസ്സർ സുകുമാർ അഴീക്കോടിൻറ്റെ 'തത്ത്വമസി' -യിലും യാജ്ഞവൽക്യനാണ്‌ അദ്ദേഹം ഏറ്റവും അധികം ആദരവ് കൊടുക്കുന്നത്. പക്ഷെ യാജ്ഞവൽക്യൻ പറഞ്ഞ പല കാര്യങ്ങളും മനസ്സിലാക്കണമെങ്കിൽ 'ഉൾക്കണ്ണ്' തുറക്കേണ്ടതുണ്ട്. ഒരു മതഗ്രന്ഥവും 2 + 2 = 4  എന്ന രീതിയിൽ കാണാൻ പാടുള്ളതല്ല. ക്രിസ്തുവിൻറ്റേയും, ബുദ്ധൻറ്റേയും വാക്കുകൾക്ക് അതിവിപുലമായ അർത്ഥ തലങ്ങളാണ്‌ ഉള്ളത്. അതൊന്നും മനസിലാവാത്തവർക്ക് കുരുടൻ ആനയെ കണ്ടതിനു ശേഷം പറയുന്നത് പോലെ ഓരോന്ന് പറയാം. ആദ്ധ്യാത്മിക രഹസ്യങ്ങൾ മനസിലാക്കാൻ കെൽപ്പില്ലാത്ത ആളുകൾക്ക് അവരുടെ മനോഗതി അനുസരിച്ച്  ആത്മീയാചാര്യന്മാരുടെ വാക്കുകൾക്ക് എന്തർത്ഥം വേണമെങ്കിലും കൊടുക്കാം. പലപ്പോഴും അതാണ് ലോകത്തു സംഭവിക്കുന്നതും.

2017 നവംബർ 15, ബുധനാഴ്‌ച

ടെക്സ്റ്റയിൽ മേഖലയിലെ പ്രതിസന്ധി

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൻറ്റെ റെഡി മെയ്ഡ് തുണിത്തരങ്ങളിലെ കയറ്റുമതിയുടെ കണക്കുകൾ ഇപ്പോൾ പുറത്തു വന്നിരിക്കയാണ്. ആ കണക്കുകൾ പ്രകാരം കയറ്റുമതി ഇനത്തിൽ 2017-18 ഒക്ടോബർ മാസത്തിൽ മുൻ മാസങ്ങളേക്കാൾ 39 .2 ശതമാനം ഇടിവ് വന്നതായിട്ടാണ് കാണിക്കുന്നത്. കേന്ദ്ര സർക്കാർ പുറത്തു വിട്ട കണക്കുകളിലേക്കൊന്നു നോക്കൂ:


Month
2016-17
2017-18
April
8,818
11,272
May
9,940
10,343
June
10,565
9,980
July
9,775
8,263
August
8,904
8,556
September
8,584
10,707
October
9,111
5,398

ജി.എസ്.ടി. നടപ്പാക്കിയതിലെ ആശയക്കുഴപ്പമാണ് 2017-18 ഒക്ടോബർ മാസത്തിൽ മുൻ മാസങ്ങളേക്കാൾ 39 .2 ശതമാനം ഇടിവ് വരുത്തിയതെന്ന് ന്യായമായിട്ടും കരുതാം. ഇതിൻറ്റെ ഫലമായി സംഭവിച്ചതെന്താണ്? ലക്ഷകണക്കിന് തൊഴിലാളികൾക്ക് തൊഴിലും, ജീവിത വരുമാനവും നഷ്ടമായി. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജി.എസ്.ടി. നടപ്പാക്കിയതിലെ ആശയക്കുഴപ്പം മൂലം സംഭവിച്ച കയറ്റുമതിയിലെ വൻ ഇടിവ് ടെക്സ്റ്റയിൽ മേഖലയെ വൻ പ്രതിസന്ധിയിലാക്കി. പകുതിയിലേറെ തൊഴിലാളികളെ തിരിപ്പൂരിലെ ടെക്സ്റ്റയിൽ മേഖലയിൽ നിന്ന് പറഞ്ഞു വിട്ടെന്നാണ് അവിടുന്നുള്ള റിപ്പോർട്ടുകൾ. വാരാണസിയിലെ വിശ്വ പ്രസിദ്ധമായ ബനാറസ് സിൽക്ക് സാരി നെയ്യുന്ന നെയ്ത്തുകാരിൽ പലരും ദുരിതത്തിലാണെന്നു കാണിച്ചു കുറെ ദിവസം മുമ്പ് ടി.വി. റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാൻജീപുരം സാരികളും, പോച്ചംപള്ളി സാരി നെയ്യുന്നവരിലും കഥ വ്യത്യസ്‍തമാകാൻ വഴിയില്ല. പല സംസ്ഥാനങ്ങളിലും കുടിൽ വസ്ത്ര നിർമ്മാണ വ്യവസ്സായത്തിലേർപ്പെട്ടിരിക്കുന്ന ലക്ഷോപലക്ഷം പേരുടെ വീടുകൾ പട്ടിണിയിലാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. കാരണം ഇവരൊക്കെ തുച്ഛ വരുമാനക്കാരാണല്ലോ.

ഈ മാനുഷിക ദുരന്തം നൽകുന്ന വ്യക്തമായ ഒരു സന്ദേശം ഉണ്ട്. ആശയം നല്ലതായിരുന്നെങ്കിലും അത്യന്തം നാടകീയമായ പ്രഖ്യാപനങ്ങളിലൂടെ അല്ലായിരുന്നു ജി.എസ്.ടി. -യും, നോട്ടു നിരോധനവും പോലുള്ള നടപടികൾ ഇന്ത്യയെ പോലെ വളരെ വിസ്തൃതവും, വൈവിധ്യവും ഉള്ള ഒരു രാജ്യത്ത്  നടപ്പിലാക്കേണ്ടിയിരുന്നത്. നടപ്പാക്കിയതിലെ ഭരണപരമായ പാളിച്ചകൾ വേറെ. ഭരണപരമായ പരിചയത്തിൻറ്റെ അഭാവം നോട്ടുനിരോധനത്തിലൂടെയും, ജി.എസ്.ടി. പോലുള്ള നടപടികൾ നടപ്പാക്കിയതിലൂടെയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. വ്യക്തമാക്കി.

ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് നിങ്ങൾ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനായ ഒരു വ്യക്തിയെ എങ്ങനെ അത് ബാധിക്കും എന്ന് ചിന്തിച്ചതിനു ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എന്നാണ് നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി നമ്മോട് പറഞ്ഞിട്ടുള്ളത്. ജി.എസ്.ടി. -യും, നോട്ടു നിരോധനവും പോലുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനു മുൻപ് കേന്ദ്ര സർക്കാർ ഗാന്ധിജിയുടെ ഈ ആഹ്വാനം ഉൾക്കൊണ്ടിട്ടില്ല. അതാണ് വൻ മാനുഷിക ദുരന്തം വരുത്തിവെച്ചത്. നമ്മുടെ കോർപ്പറേറ്റ് മാധ്യമങ്ങളൊക്കെ ഈ മാനുഷിക ദുരന്തം കണ്ടില്ലെന്നു നടിക്കുകയാണ്. മോഹൻദാസ് കരംചന്ദ് ഗാന്ധിയെ മഹാനാക്കുന്നതും അത്യന്തം മാനുഷികത നിറഞ്ഞ ഇത്തരം പ്രബോധനങ്ങളിലൂടെയാണ്. 


ഇന്ത്യയിലെ ധവള വിപ്ലവവും, ഹരിത വിപ്ലവവും

ഇന്ത്യയിൽ ധവള വിപ്ലവം നെഹ്രുവിൻറ്റെ കാലത്താണ് ആരംഭിച്ചത്. വർഗീസ് കുര്യൻറ്റെ നെത്ര്വത്ത്വത്തിൽ ഗുജറാത്തിലായിരുന്നു തുടക്കം. ഹരിത വിപ്ലവം പിന്നീട് ഇന്ദിരാ ഗാന്ധിയുടെ കാലത് ശാസ്ത്രജ്ഞനായ നോർമൻ ബെർലാഗിനെ കൂട്ട് പിടിച്ചും. 1966-ൽ ഇന്ത്യയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി. ഇതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഭക്ഷ്യ ധാന്യങ്ങൾ കിട്ടുവാൻ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അമേരിക്ക സന്ദർശിക്കുകയും പ്രെസിഡൻറ്റ് ലിൻഡൻ ജോൺസണിൻറ്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ലിൻഡൻ ജോൺസൺ ഇന്ത്യക്ക് അടിയന്തിരമായി 3 മില്യൺ ടൺ ഭക്ഷ്യ ധാന്യങ്ങളുടെയും, 9  ദശ ലക്ഷം ഡോളറിൻറ്റെ സഹായവും പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപ്പാദനം കൂട്ടുക എന്നത് ഗവൺമെൻറ്റിൻറ്റെ മുഖ്യ അജണ്ടയാക്കി മാറ്റിയത്. അമേരിക്കൻ പ്രെസിഡനൻറ്റ് ഭക്ഷ്യ സഹായത്തിലൂടെ ഇന്ത്യയെ അമേരിക്കൻ താൽപര്യത്തോട് അടുപ്പിക്കുവാൻ ശ്രമിക്കുകയാണ് ചെയ്തത്. നെഹ്രുവിൻറ്റെ കാലം മുതൽ സ്വതന്ത്ര വിദേശ നയം രൂപപ്പെടുത്തിയിരുന്ന ഇന്ത്യക്ക് അത് സ്വീകാര്യമല്ലായിരുന്നു. വിയറ്റ്നാമിലെ അമേരിക്കൻ ഇടപെടൽ ഇന്ത്യ വിമർശിക്കുകയും ചെയ്തു.

ധവള വിപ്ലവവും പിന്നീട് ഹരിത വിപ്ലവവും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടന്നത് കൊണ്ട് ഒരു പ്രത്യേക ഗുണമുണ്ട്. കാലാവസ്ഥാ വ്യതിയാനം കൊണ്ടോ, പ്രകൃതി ക്ഷോഭം കൊണ്ടോ കൃഷി നാശം സംഭവിച്ചാലും കർഷകർ പിടിച്ചു നിൽക്കും. ഉത്തരേന്ത്യയിലെ കർഷകർ ഉണ്ടാക്കുന്ന പാലും, പാലുൽപന്നങ്ങളും കണ്ടാൽ കേരളത്തിലെ പലരും അന്തിച്ചു പോകും - തൈര്, മോര്, പനീർ, ബർഫി പോലുള്ള പലഹാരങ്ങൾ, വെണ്ണ, നെയ്യ് - ഇങ്ങനെ പലതരം. ആറും എട്ടും ലിറ്റർ പാൽ കിട്ടുന്നവർ പലരും പാൽ പുറത്തു കൊടുക്കുന്നില്ല എന്ന് പറഞ്ഞാലും പലരും അത്ഭുതപ്പെടും. പക്ഷെ സത്യമാണത്. നെയ്യ് എണ്ണയ്ക്ക് പകരം പാചകത്തിന് ഉപയോഗിക്കുന്നു. പാലിൽ നിന്നും പാൽ ഉത്പന്നങ്ങളിൽ നിന്നും നല്ല വരുമാനം ഉണ്ടാക്കുന്ന കൃഷിക്കാർ ഇഷ്ടം പോലെ ഉത്തരേന്ത്യയിൽ ഉണ്ട്. ഹരിയാനയിലും, ഉത്തർ പ്രദേശിലും ഇത്തരം അനേകം കർഷകരോട് സംസാരിക്കുവാൻ എനിക്ക് അവസരം കൈവന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ കർഷകരുടെ ഈ 'ഡൈവേഴ്സിഫിക്കേഷൻ' കേരളത്തിലെ കർഷകർക്ക് ഒരു വലിയ പാഠമാണ്.

അതുപോലെ തന്നെ നമ്മൾ മനസിലാക്കേണ്ട മറ്റൊരു കാര്യം കാർഷീക മേഖലയെ എന്നും ആശ്രയിച്ചു കഴിഞ്ഞാൽ ഒരു പ്രദേശവും രക്ഷപ്പെടില്ല എന്നതാണ്. തൊഴിലും, ഉൽപാദനവും കാർഷീക മേഖലയിൽ പരിമിതമാണ് എന്നത് തന്നെ കാരണം. കാർഷീക മേഖലയിലെ ഉൽപാദനം വ്യവസായ മേഖലയിലേക്ക് പോയാൽ മാത്രമേ കൂടുതൽ തൊഴിലവരസങ്ങളും, വികസനവും ഏതു പ്രദേശത്തും ഉണ്ടാവുകയുള്ളൂ.

2017 നവംബർ 14, ചൊവ്വാഴ്ച

വർഗീയതയും, വിപ്ലവവും, വികസനവും

ആര്‍.എസ്.എസ്സും, അനുബന്ധ സംഘടനകളും മുസ്ലീം വിരുദ്ധതയും, ക്രിസ്ത്യന്‍ വിരുദ്ധതയും നിറഞ്ഞ നിരവധി പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെയും, മറുനാടൻ മലയാളി പോലുള്ള ഓൺലെയിൻ പത്രങ്ങളിലൂടെയും സ്ഥിരം നടത്തുന്നത്. സംഘ പരിവാർ ആശയങ്ങൾ പേറുന്നവരുടെ പോസ്റ്റുകളും, കമൻറ്റുകളും വായിച്ചാൽ അവർക്കു മുസ്‌ലിം വിരുദ്ധത അല്ലാതെ മറ്റൊന്നും പറയാനില്ലെന്നു തോന്നിപ്പോകും. ഹിന്ദിയും, പശു സ്നേഹവും പറഞ്ഞു ഉത്തരേന്ത്യൻ ഗ്രാമ സംസ്കാരം കേരളത്തിലും പറിച്ചു നടാൻ ശ്രമിക്കുകയാണ് സംഘ പരിവാർ സന്ഖടനകൾ. കേരളം സാമൂഹ്യമായും, ജനാധിപത്യപരമായും, മാനുഷികതയുടെ കാര്യത്തിലും തികഞ്ഞ ഫ്യുഡൽ സംസ്കാരം ഇന്നും നിലനിൽക്കുന്ന ഉത്തരേന്ത്യയെക്കാൾ എത്രയോ പുരോഗമിച്ചു കഴിഞ്ഞു എന്നത് ഈ സംഘടനകൾ കാണുന്നില്ല. യമനിൽ ആടിനെ മേയ്ക്കാൻ പോകുന്നവരിൽ നിന്ന് വലിയ വിത്യാസം ഒന്നും ഈ പശു സ്നേഹികൾക്കും ഇല്ല. 

സ്വാതന്ത്ര്യ സമര കാലത്തു പോലും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്ത് ഊര്‍ജ്ജം കളയാതെ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും എതിരേ തിരിയുവാൻ ഉപദേശം നല്‍കുകയായിരുന്നു ആര്‍.എസ്.എസ്സിൻറ്റെ നേതാക്കൾ. സ്ഥിരം പശു സ്നേഹം പ്രകടിപ്പിക്കുന്നവർ എന്തുകൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചപ്പോൾ ബീഫ് കഴിക്കുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു സമരവും ചെയ്യാതിരുന്നത് എന്ന ചോദ്യം ആർക്കും ഉന്നയിക്കാവുന്നതാണ്‌. അത് പോലെ തന്നെ ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങൾക്ക് എത്ര ഉന്നത സ്ഥാനങ്ങള്‍ ഈ ആർ.എസ്.എസ്. പോലുള്ള സംഘടനകൾ കൊടുത്തിട്ടുണ്ട്? അരുണ്‍ ഷൂരിയെ പോലുള്ള മുൻ സൈദ്ധാന്തികർ ഡോക്റ്റർ അംബേദ്ക്കറെ ഒരിക്കലും ആദരിച്ചിരുന്നില്ല. 'വർഷിപ്പിങ് ഫാൾസ് ഗോഡ്സ്' എന്ന് പറഞ്ഞു ഭരണ ഘടനാ ശിൽപിയായ ഡോക്റ്റർ അംബേദ്ക്കറിനെ നിന്ദിച്ചു കൊണ്ട് പുസ്തകമെഴുതിയ ആളാണ് അരുണ്‍ ഷൂരി. സ്ത്രീ വിരുദ്ധതയും വർഗീയ സംഘടനകളുടെ മുഖ മുദ്രയാണെന്നു കാണാൻ വലിയ വിഷമമൊന്നുമില്ല. എത്ര ഉന്നത സ്ഥാനങ്ങള്‍ ഈ സംഘടനകൾ സ്ത്രീകൾക്ക് കൊടുത്തിട്ടുണ്ട്? 'ഡിസിഷൻ മെയ്ക്കിങ് പ്രോസസ്' -ൻറ്റെ കാര്യം വരുമ്പോൾ ഇവരെല്ലാം സ്ത്രീകൾ, ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങൾ - ഇവരെയെല്ലാം മാറ്റി നിർത്തുന്നതാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്.

ഇന്ത്യയിലെ മര്‍ദ്ദിത സമുദായങ്ങള്‍ക്കും, ജനകീയ പ്രശ്നങ്ങൾക്കും വേണ്ടി എന്ത് മുന്നേറ്റമാണ് ആര്‍.എസ്.എസ്. പോലുള്ള സംഘടനകൾ  നടത്തിയിട്ടുള്ളത്? ഒ.ബി.സി. വിഭാഗങ്ങളുള്‍പ്പെടെയുള്ളവരുടെ സംവരണത്തെ എതിര്‍ക്കാന്‍ മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കും എന്ന് വി.പി. സിങ് പ്രഖ്യാപിച്ചപ്പോൾ അതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ബാബരി മസ്ജിദ് പൊളിക്കുകയായിരുന്നില്ലേ ആര്‍.എസ്.എസും. ബി.ജെ.പി -യും ഇവിടെ ചെയ്തത്? എന്തിനായിരുന്നു ആ പൊളിക്കൽ എന്ന ചോദ്യം പോലും ഇവിടെ ഉയരുന്നില്ല എന്നതാണ് ശ്രദ്ധേയം. ബാബരി മസ്ജിദ് തകർക്കലും, അതിനെ തുടർന്ന് ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഉണ്ടായ വർഗീയ കലാപങ്ങളിലും കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി; നൂറു കണക്കിന് മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടു. ശക്തമായ രാഷ്ട്രം എന്നുള്ള ഇവരുടെ സങ്കൽപ്പത്തിന് തുലോം വിരുദ്ധമാണ് ഈ വർഗീയ കലാപങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളും.

കമ്യുണിസ്റ്റുകാരും, നക്സലൈറ്റുകളും ഉൾപ്പെട്ട ഇന്ത്യയിലെ വിപ്ലവ സംഘടനകളുടെയും പ്രവർത്തനങ്ങളും വളരെ കഷ്ടമാണ്. ഇവരൊക്കെ വലിയ ദളിത്-ആദിവാസി സ്നേഹം പറയും. പക്ഷെ ഇങ്ങനെ ദളിത് പ്രേമം പറയുന്ന എത്ര കമ്യുണിസ്റ്റുകാർ ദളിത് സ്ത്രീകളെ വിവാഹം കഴിച്ചു ? ദളിത് ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ പോളിറ്റ് ബ്യുറോയിലും, സെൻട്രൽ കമ്മിറ്റിയിലും എത്ര ദളിതരും, ആദിവാസികളും ഉണ്ട്? വലിയ വിപ്ലവം പ്രസംഗിക്കുന്നവരും 'ഡിസിഷൻ മെയ്ക്കിങ് പ്രോസസ്' -ൻറ്റെ കാര്യം വരുമ്പോൾ സ്ത്രീകൾ, ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങൾ - ഇവരെയെല്ലാം മാറ്റി നിർത്തുന്നതാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. പോളിറ്റ് ബ്യുറോയിലും, സെൻട്രൽ കമ്മിറ്റികളിലും, സംസ്ഥാന കമ്മിറ്റികളിലും ഇവരൊന്നും തീരുമാനങ്ങൾ എടുക്കുമ്പോൾ സ്ത്രീകൾ, ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങൾ - ഇവരെയൊക്കെ മാറ്റി നിർത്തുന്നതാണ് കാലാ കാലങ്ങളിലായി നമുക്ക് കാണുവാൻ സാധിക്കുന്നത്. നെഞ്ച് പറിഞ്ഞു പോകുന്നത് പോലെ ദളിതർക്കും, ആദിവാസികൾക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി പ്രസംഗിക്കുന്ന പല കമ്യുണിസ്റ്റുകാരുടെയും ഇരട്ടത്താപ്പും, ഹിപ്പോക്രസിയും ജനത്തിനു മുഴുവൻ അറിയാവുന്നതാണ്.

വ്യക്തികളെ ഓരോരോ രീതിയിൽ 'ലേബൽ' ചെയ്ത് ശത്രുക്കളായി കാണുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്ന നയമുള്ളവരാണ് കമ്യുണിസ്റ്റുകൾ. ഉന്മൂലന സിദ്ധാന്തം എന്നൊരു പദ്ധതി തന്നെ ഉണ്ടാക്കിയ വിഭാഗമാണ്  കമ്യുണിസ്റ്റുകൾ. അച്ചിൽ വാർത്തതു പോലുള്ള അവരുടെ വിശ്വാസ പ്രമാണങ്ങൾക്കല്ലാതെ ജനാധിപത്യത്തിൽ വിശ്വാസമില്ലത്ത, അപരൻറ്റെ അഭിപ്രയങ്ങൾക്കോ സ്വാതന്ത്ര്യത്തിനോ, ജീവനോ വില കൽപ്പിക്കാത്തവരാണ് മിക്ക കമ്യുണിസ്റ്റ് പാർട്ടികളും. കമ്യുണിസ്റ്റുകാർ പലപ്പോഴും പരസ്യമായി അരാജകത്ത്വം പ്രസംഗിച്ചും, പ്രവർത്തിച്ചു കാണിച്ചുമാണ് വിപ്ലവമെന്ന സങ്കൽപ്പം മനുഷ്യ മനസ്സുകളിൽ വരുത്തുവാൻ ശ്രമിക്കുന്നത്. കള്ളു കുടിക്കുകയും, പുകവലിക്കുകയും, കഞ്ചാവടിക്കുകയും സഞ്ചി തൂക്കി താടി വടിക്കാതെ നടക്കുകയും, ചെഗുവരെയുടെ പടമുള്ള ടീ ഷർട്ട് ഇടുന്നതുമാണ് വിപ്ലവം എന്ന് വിചാരിക്കുന്നവരുടെ ഒരു കൂട്ടമാണ് ചിലപ്പോഴെങ്കിലും കമ്മ്യുണിസ്റ്റുകാർ. പഠിപ്പിച്ച അധ്യാപകർക്ക് കുഴിമാടമൊരുക്കുന്നതും, കസേര കത്തിക്കുന്നതും, ഉത്തരവാദിത്ത്വപ്പെട്ട മുൻ ഉദ്യോഗസ്ഥനെ പരസ്യമായി കരണത്തടിക്കുന്നതും ഒക്കെ ഇവരുടെ അണികൾ ചെയ്യുന്നത് സമീപ കാലത്ത് കേരളം കണ്ടതാണ്.

കേരളത്തെയും, ബംഗാളിനെയും ഇത്രയ്ക്കു പിന്നോട്ടു നയിച്ചതിൽ പ്രധാന പങ്കും ഇടതു രാഷ്ട്രീയ പാർട്ടികൾക്കാണ്. ബംഗാളിൽ ഇടതു പക്ഷക്കാർ പൂട്ടിച്ചത് ആയിരക്കണക്കിന് ഫാക്ടറികൾ ആണ്.  ഇന്ത്യയിൽ വ്യവസായ വൽകരണം നടന്ന മേഖലകൾ കമ്യൂണിസ്റ്റ് ആശയങ്ങൾ പേറുന്നവർ ഒന്ന് പോയി നേരിട്ട് കാണണം. അതോടെ അവരുടെ പല അബന്ധ ധാരണകളും മാറും. അവിടെയെല്ലാം ബൂർഷ്വാസികൾ അല്ല ജീവിക്കുന്നത്. കേരളമായിരുന്നു ഇന്ത്യയിലെ IT HUB ആകേണ്ട സ്ഥലം. അത് മറ്റു പല സംസ്ഥാനങ്ങളും കൊണ്ടുപോയതിൽ  എറൊരു പങ്കും വഹിച്ചത് കമ്മ്യൂണിസ്റ്റ് അനുഭാവികൾ മുഖേനയാണ്. എല്ലാ രീതിയിലുള്ള വികസനനത്തിനും  എതിരായിട്ടായിരുന്നു കേരളത്തിൽ ഇടതു പക്ഷത്തിൻറ്റെ  കടന്നു കയറ്റം. വ്യവസായിക, കാർഷിക വളർച്ചയെക്കാൾ ഇടതു പക്ഷം ചരിത്ര പരമായി പ്രാമുഖ്യം കൊടുത്തിരുന്നത് Distributional  Equality  എന്ന ആശയമായിരുന്നു. Distributional  Equality  വേണം; വേണ്ടന്നാരും പറയില്ല. പക്ഷെ ഇന്ത്യയിൽ ഇടതു പക്ഷം വ്യവസായിക, കാർഷിക വളർച്ചയെ അതിൻറ്റെ പേരിൽ എതിർത്തത് അവരുടെ ഭീകരൻ മണ്ടത്തരമായിരുന്നു. ആ ഭീകരൻ മണ്ടത്തരത്തെ ഇന്നെങ്കിലും അവർ തിരിച്ചറിഞ്ഞാൽ അവർക്ക് കൊള്ളാം.

ചരിത പരമായി ഗാന്ധിജിയെ മനസ്സിലാക്കുന്നതിലും  കമ്യൂണിസ്റ്റുകൾക്കും, ആര്‍.എസ്.എസ്സിനും,  അനുബന്ധ സംഘടനകൾക്കും വലിയ തെറ്റു പറ്റി. ഇന്ത്യയിൽ മത സൗഹാർദത്തിനും, മാനുഷികതക്കും വേണ്ടി നിലകൊണ്ട ഗാന്ധിജിയെ തികഞ്ഞ അവഞ്ജയോടെയാണ് ഈ രണ്ടു കൂട്ടരും നോക്കി കണ്ടത്. ഗാന്ധിയെ മനസിലാക്കാതെ ഈ രണ്ടു കൂട്ടർക്കും ഇന്ത്യയെ കണ്ടെത്താനാവുകയില്ല. ഇതിൽ കമ്മ്യുണിസ്റ്റുകാരാണ് ഏറെ പിന്നോക്കം നിൽക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ള നിരവധി ജാതികളേയും അവയെ സർവാത്മനാ പിന്തുണക്കുന്ന അനവധി മതങ്ങളേയും ശരിയായി മനസ്സിലാക്കാതെ കമ്യൂണിസ്റ്റുകൾക്ക് ഇന്ത്യയെ കണ്ടെത്താനാവുകയില്ല. പ്രപഞ്ചത്തിൽ ഭൌതിക തലം പോലെ ആത്മീയ തലം കൂടി ഉണ്ടെന്നു കമ്യൂണിസ്റ്റുകൾ തിരിച്ചറിയണം. അത് പോലെ തന്നെ ഈ രണ്ടു കൂട്ടരും ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പ്രത്യേകമായി പഠിയ്ക്കുകയും അതിനുവേണ്ട പരിഹാരങ്ങൾ നിർദ്ദേശിയ്ക്കുകയും കൂടി വേണം. ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങൾ, മത്സ്യ തൊഴിലാളികൾ - ഇവരുടെ പ്രശ്നങ്ങൾക്ക് പ്രത്യേക ഊന്നൽ കൊടുക്കണം. അസംഘടിത മേഖലയെയും, കർഷകരെയും, മറ്റു സാധാരണക്കാരുടെയും പ്രശ്നങ്ങൾ തീർത്തും അവഗണിച്ചു കൊണ്ടായിരുന്നു നോട്ടു നിരോധനം പോലുള്ള പദ്ധതികൾ ബി.ജെപി. സർക്കാർ നടപ്പാക്കിയത്. ജി.എസ്.ടി. നടപ്പാക്കിയപ്പോഴും അസംഘടിത മേഖലയിലെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിച്ചു. ദരിദ്രനെയും, ദളിതനെയും അവജ്ഞയോടെ കാണുന്ന കേരള സമൂഹത്തിൻറ്റെയും, ഇന്ത്യൻ സമൂഹത്തിൻറ്റെയും പ്രതീകം തന്നെ ആയിരുന്നു ജിഷയുടെ കൊലപാതകം കൈകാര്യം ചെയ്ത രീതിയും ആ പെൺകുട്ടിയുടെ സ്വൊഭാവഹത്യ നടത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിലും, ഓൺലെയിൻ പത്രങ്ങളിൽ ഉണ്ടായ കമൻറ്റുകളും. ഇത്തരം മൂല്യ ബോധ്യങ്ങൾ മാറ്റാതെ സാമൂഹ്യ നീതി എങ്ങനെ ഇന്ത്യയിൽ എല്ലാവർക്കും എത്തിക്കുവാൻ സാധിക്കും?

നമ്മുടെ രാജ്യം ഭരിച്ച ഭരണാധികാരികളുടെ ദീർഘ വീക്ഷണകുറവ് സാമൂഹ്യമായ മൂല്യ ബോധ്യങ്ങൾ മാറ്റുന്നതിലും, ദാരിദ്ര്യം പരിഹരിക്കപ്പെടുന്നതിലും നമ്മെ സഹായിച്ചില്ല. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ 'ഗരീബി ഹഠാവോ' പിന്നീട് സഞ്ജയ് ഗാന്ധിയുടെ കുടിയൊഴിപ്പിക്കലും, നിർബന്ധിത വന്ധ്യംകരണവും ഒക്കെയായി 'ഗരീബിയോം കോ ഹഠാവോ' ആയി മാറി. കുറെ മൂഢ സങ്കൽപ്പങ്ങൾക്കുള്ളിൽ നിന്ന് നമ്മുടെ ഇടതു പക്ഷവും, വലതു പക്ഷവും വിദേശ നിക്ഷേപത്തെയും, വ്യവസായ വൽക്കരണത്തെയും എതിർത്തു. കഴിഞ്ഞ 20-30 വർഷം കൊണ്ടാണ് ചൈന അടിസ്ഥാന സൗകര്യങ്ങളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മാറ്റിവെച്ച് വിദേശ നിക്ഷേപം സ്വീകരിച്ച് വികസനം കൊണ്ടുവന്നത്. ഡെങ്ങിൻറ്റെ ആ 'പ്രായോഗികാ വാദം' കൊണ്ട് ദശ ലക്ഷങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കര കയറ്റാൻ ചൈനക്ക് സാധിച്ചു. ഇസ്രയേൽ ഡ്രിപ് Irrigation നല്ല രീതിയിൽ നടപ്പാക്കി മരുഭൂമികൾ പോലും വിള ഭൂമിയാക്കി. വിയറ്റ്നാമിൽ പുതിയ 'ഡോയ്മോയ്' പരിഷ്കാരങ്ങളിലൂടെ കർഷകർക്ക് കൃഷി ഭൂമി തിരിച്ചു നൽകി അവർ നെല്ലുൽപാദനത്തിൽ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളിലെത്തി കഴിഞ്ഞു. ദുബായ്, സിംഗപ്പൂർ, ഹോങ്കോങ് - എന്നീ കൊച്ചു പ്രദേശങ്ങൾ വൻ വളർച്ച കൈവരിച്ചു. കുഞ്ഞൻ രാജ്യമായ ദക്ഷിണ കൊറിയ L .G ., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ് - എന്നിങ്ങനെയുള്ള അന്താരാഷ്‌ട്ര നിലവാരമുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചു. ഇത്തരം പ്രായോഗികതയിൽ ഊന്നിയ സമീപനം ആണ് ഇൻഡ്യാക്കാരായ നമുക്ക് ഇല്ലാതെ പോയത്. ഡോക്ടർ മൻമോഹൻ സിങ് ഇടതു പക്ഷ തീവ്ര വാദത്തേയും, വലതു പക്ഷ തീവ്ര വാദത്തേയും ഒരു പോലെ എതിർത്തു കൊണ്ടാണ് ഇവിടെ സാമ്പത്തിക ഉദാരവൽക്കരണം കൊണ്ടു വന്നത്. ഡൽഹിയിൽ എനിക്ക്  നേരിട്ട് കേൾക്കാൻ പറ്റിയ ഡോക്ടർ മൻമോഹൻ സിങ്ങിൻറ്റെ ഒരു പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞത് "ഉദാരവൽക്കരണത്തിൻറ്റെ ഒരു പ്രധാന ലക്ഷ്യം ശക്തമായ മധ്യ വർഗത്തെ ഇന്ത്യയിൽ സൃഷ്ടിക്കുകയാണ്" എന്നായിരുന്നു. സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ ഫലമായി ശക്തമായ മധ്യ വർഗം ഇന്ത്യയിൽ രൂപം കൊണ്ടു എന്നത് സമീപ കാല ചരിത്ര സത്യമാണ്.

ഇന്ത്യയിൽ ദാരിദ്ര്യം ഏറെ ഉണ്ടെങ്കിലും സമീപ കാലത്ത് ദാരിദ്ര്യ നിർമാർജനത്തിൽ നാം വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യൺ എന്ന സംഖ്യയിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളർച്ചയും, മറു വശത്ത് തൊഴിലുറപ്പു പദ്ധതികൾ പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് 37 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ദരിദ്രരുടെ എണ്ണം കുറക്കുവാൻ സാധിച്ചു എന്നതാണ്.

സംരഭകത്ത്വത്തിലൂടെ ഒരു വശത്ത് സാമ്പത്തിക വളർച്ചയും, മറു വശത്ത് ഭരണ കൂടത്തിൻറ്റെ ക്ഷേമ പ്രവർത്തനങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ ദാരിദ്ര്യം മാറുകയുള്ളൂ. ദാരിദ്ര്യം മാറ്റാനുള്ള വ്യക്തികളുടെ ഇച്ഛാശക്തിയും വളരെ പ്രധാനമാണ്. 1947-ലെ  വിഭജനത്തിന് ശേഷം കടത്തിണ്ണയിൽ ഉറങ്ങേണ്ടി വന്ന അഭയാർഥികൾ സാമ്പത്തികമായും, സാമൂഹ്യമായും ഉയർന്നു വന്ന കഥകൾ ഓരോ ഇന്ത്യക്കാരനും പ്രചോദനം പകരേണ്ട ഒന്നാണ്. ചരിത്രം പറഞ്ഞും, ഭയപ്പെടുത്തിയും വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ സാമൂഹ്യമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ദളിത്-മുസ്ലീം-പിന്നോക്ക-ആദിവാസി സമൂഹങ്ങൾക്ക് ലഭ്യമാക്കി അവരുടെ സാമൂഹ്യ, സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്. ദളിത്-ആദിവാസി-വിഭാഗങ്ങളിൽ സമ്പാദ്യ ശീലം വളർത്തേണ്ടതും അവരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് വളരെ അത്യാവശ്യമാണ്. അത് പോലെ തന്നെ ഇപ്പോഴുള്ള കാർഷിക രീതികൾ മാറേണ്ടതുണ്ട്. കാർഷിക രീതികളിലെ ആധുനിക വൽക്കരണവും, യന്ത്രവൽക്കരണവും അത്യന്താപേക്ഷിതമാണ്. സംരംഭകത്വം ദളിത്-ആദിവാസി-പിന്നോക്ക-മുസ്ലീം വിഭാഗങ്ങളിൽ എല്ലാ രീതിയിലും പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. സംരംഭകത്വം എല്ലാ വിഭാഗങ്ങളിലും പെടുന്ന സ്ത്രീകളിലും ആവതും പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. ഇതിനോടൊപ്പം തന്നെ സാമൂഹ്യ അനാചാരങ്ങൾക്കെതിരെയും, അന്ധ വിശ്വാസങ്ങൾക്കെതിരെയും ഇന്ത്യയിൽ വൻ മുന്നേറ്റം നടക്കേണ്ടതുണ്ട്. സ്ത്രീധനം, മൃഗബലി, കോഴിക്കുരുതി, സ്ത്രീകളെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നഗ്‌നരാക്കി നടത്തിക്കൽ, കൂട്ട ബലാത്സംഗം ചെയ്യിക്കൽ, ദുരഭിമാന കൊലകൾ - ഇവയ്‌ക്കെല്ലാത്തിനും എതിരെ ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ ഒന്നിക്കേണ്ടതാണ്. നരബലി പോലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇൻഡ്യയിൽ നടക്കുന്നു എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ മധുരക്കടുത്തുള്ള ഒരു സ്ഥലത്ത് നരബലി നടന്നിരുന്നു. അത് നടത്തിയ ആളുടെ ചിത്രങ്ങളടക്കം പത്രങ്ങളിൽ വന്നതാണ്. സാമൂഹ്യ അനാചാരങ്ങൾക്കു പൊരുതുന്നതിനൊപ്പം സമഭാവനയോടെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നോക്കി കാണേണ്ട ഒരു സംസ്കാരവും, മനോഭാവവും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇൻഡ്യാക്കാരായ നമുക്കെല്ലാവർക്കും ഉണ്ടാവേണ്ടതും ദാരിദ്ര്യം പരിഹരിക്കുന്നതിനും, സാമൂഹ്യ പുരോഗതിയ്ക്കും, സാമ്പത്തിക വളർച്ചയ്ക്കും വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്.





2017 നവംബർ 13, തിങ്കളാഴ്‌ച

സ്ത്രീ സംരംഭകർ

സാധാരണക്കാരിൽ സാധാരണക്കാരായ സ്ത്രീകളെ ഉൾക്കൊള്ളിച്ചു കൊണ്ട് മഹാരാഷ്ട്രയിൽ തുടങ്ങിയ പ്രസ്ഥാനമാണ് 'ലിജ്ജത് പപ്പട്' എന്നറിയപ്പെടുന്ന 'ശ്രി മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട്'. പപ്പടം നിർമാണത്തിൽ നിന്ന് തുടങ്ങി ഇന്ന് 40000 സ്ത്രീകൾക്ക് തൊഴിൽ നൽകുന്നു. ഇപ്പോൾ പപ്പടം മാത്രമല്ല; വിവിധയിനം കറി പൗഡറുകളും അടുക്കളയ്ക്കാവശ്യമുള്ള മറ്റു സാധനങ്ങളും നിർമിക്കുന്നു. വിദേശ രാജ്യങ്ങളിലേക്ക് വരെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ഫാക്റ്ററിയിൽ ജോലി ചെയ്യുന്ന അനേകായിരം സ്ത്രീകളുടെ കുട്ടികൾക്ക് ഉന്നത പഠനത്തിന് സ്‌കോളർഷിപ്പും ആ സ്ഥാപനം നൽകുന്നു. നാഷണൽ ജ്യോഗ്രഫിക് ലിജ്ജത് പപ്പടിനെ കുറിച്ച് ഒരു ഡോക്കുമെൻറ്ററി നിർമ്മിച്ച്  ആ സ്ത്രീകളെ ആദരിച്ചു.

ഇങ്ങനെ നോക്കുമ്പോൾ സംരഭകത്ത്വത്തിലൂടെയും, കഠിനാദ്ധ്വാനത്തിലൂടെയും ഉയർന്ന അനേകം സ്ത്രീകളെ ഇന്ത്യയിലെമ്പാടും കാണാം. മഹാരാഷ്ട്രയിൽ തന്നെ ആത്മഹത്യ ചെയ്ത കർഷകരുടെ ഭാര്യമാർ കൃഷിപ്പണി ഇപ്പോൾ സ്വയം ഏറ്റെടുത്തു ചെയ്യുന്നു; കുടുംബങ്ങളെ പട്ടിണിയിൽ നിന്ന് കര കയറ്റുന്നു. അത്തരത്തിലുള്ള സ്ത്രീകൾ ഇപ്പോൾ ഗ്രാമങ്ങളിൽ തങ്ങളുടെ വീടുകൾക്ക് മുമ്പിൽ 'നെയിം പ്ലെയിറ്റ്' വെച്ച് തങ്ങളുടെ പേരുകൾ അഭിമാനപൂർവം പ്രദർശിപ്പിക്കുന്നു.

കേരളത്തിൽ തന്നെ 'കുടുംബശ്രീ' നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ട്. ഇതെഴുതുന്ന ആൾ സംരഭകരായ അനേകം കഠിനാദ്ധ്വാനികളായ സ്ത്രീകളെ സർവേ ജോലികൾക്കിടയിൽ ഇന്ത്യയിലെമ്പാടും കണ്ടിട്ടുണ്ട്; അവരിൽ ചിലരോടൊക്കെ സംസാരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ-ഉദ്യോഗസ്ഥ മേലാളന്മാരെ അവർക്കൊക്കെ ഓരോരോ കാര്യങ്ങൾക്കു വേണ്ടി സമീപിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അവരൊന്നും സരിതാ എസ്. നായരെ പോലെ ശരീരം കാഴ്ച വെച്ചിട്ടല്ല തങ്ങളുടെ പദ്ധതികൾ വിജയിപ്പിച്ചത്. "തനിക്കു ശരീരം കാഴ്ച വെക്കേണ്ടി വന്നു" എന്ന്‌ വാർത്താ ചാനലുകളിലൂടെ പുലമ്പുന്ന ഈ സ്ത്രീയും, അതിനു കൂട്ട് നിൽക്കുന്ന സി.പി.എം. എന്ന പാർട്ടിയും, സി.പി.എം.-ൻറ്റെ കൊട്ടിപ്പാട്ടുകാരും, കുഴലൂത്തുകാരും ആയ മാധ്യമ-ചാനൽ പ്രവർത്തകരും യഥാർത്ഥ സംരഭകരായ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? കഠിനാദ്ധ്വാനികളായ സ്ത്രീ സംരംഭകരെ സരിതാ എസ്. നായരെ പോലുള്ള ഒരു സ്ത്രീയെ ഉയർത്തി കാട്ടി അപമാനിക്കുകയല്ലേ സത്യത്തിൽ ഇവരൊക്കെ ചെയ്യുന്നത്? ഇത്തരം നിരന്തരമായ വാർത്താ പരിപാടികൾ കൊണ്ട് തീർത്തും മോശമായ ഒരു റോൾ മോഡലിനെ സൃഷ്ടിക്കുകയല്ലേ ഇവിടുത്തെ മാധ്യമങ്ങൾ? ഉത്തരം വായനക്കാർക്ക് വിടുന്നു.

2017 നവംബർ 7, ചൊവ്വാഴ്ച

ജി.എസ്.ടി. -യും, നോട്ടു നിരോധനവും ഇന്ത്യയെ തകർത്തോ?

ഇന്ത്യയെ പോലെ വളരെ വിസ്തൃതവും, വൈവിധ്യവും ഉള്ള ഒരു രാജ്യത്ത് നോട്ടു നിരോധനവും, ഏകീകൃത നികുതി സംവിധാനവും വരുമ്പോൾ പ്രശ്നങ്ങളുണ്ടാകുന്നത് സ്വോഭാവികം മാത്രം. പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ മാത്രമാണ് അൽഭുതം. 'വൾനെറബിൾ' എന്ന് കരുതപ്പെടുന്ന ജന വിഭാഗങ്ങളുടെ ജീവിതത്തെയും ഇത്തരം സാമ്പത്തിക പരിഷ്‌കാരങ്ങൾ ബാധിക്കും എന്ന കാര്യത്തിലും സംശയമില്ല. പക്ഷെ അതുകൊണ്ടൊക്കെ നമ്മുടെ സമ്പത്തു വ്യവസ്ഥ തകർന്നു എന്നൊക്കെ ചിലർ തട്ടിവിടുമ്പോൾ കാര്യകാരണ സഹിതം യുക്തിഭദ്രമായി നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ നോക്കി കാണേണ്ടേ? കുറെ തിരിച്ചടികൾ ഉണ്ടായെന്നു കരുതി കപ്പൽ മുഴുവൻ മുങ്ങി എന്ന് അർത്ഥമുണ്ടോ?

സാധാരണ ജനത്തെ സംബന്ധിച്ച് സാധനങ്ങളുടെ വില കുറയണം; അവരുടെ വരുമാനവും കൂടണം; ജനങ്ങൾക്ക് തൊഴിലവസരങ്ങളും ഉണ്ടാവണം - എന്നാൽ നല്ല സമ്പത് വ്യവസ്ഥയായി. ഇപ്പോൾ സാമ്പത്തിക വളർച്ച കൂടിയാലും കുറഞ്ഞാലും ജനം ദൈനം ദിനാവശ്യങ്ങൾക്കു കടയിൽ നിന്നും വാങ്ങുന്ന സാധനങ്ങളുടെ വില കൂടുന്നതല്ലാതെ കുറയുന്നത് കാണാറില്ലാ. ആളോഹരി വരുമാനവും, റിവേഴ്സ് റിപ്പോ നിരക്കും സാധാരണക്കാരായ വായനക്കാരിൽ പലർക്കും   മനസിലാക്കാൻ ബാലികേറാമലയാണ്. അതുകൊണ്ട് റിസർവ് ബാങ്കിൻറ്റെ തീരുമാനങ്ങളിലും, ജി.ഡി.പി.-യിലും, വളർച്ചാ നിരക്കിലും ഒന്നും അല്ല കാര്യം. ഇവയൊക്കെ നോക്കി രാജ്യത്തിൻറ്റെ സാമ്പത്തിക സ്ഥിതി തകർന്നു എന്നനുമാനിക്കുന്നതും അതുകൊണ്ട് തന്നെ ശുദ്ധ മണ്ടത്തരവുമാണ്. അപ്പോൾ വരുമാനം കൂട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ചില മേഖലകളിലൊക്കെ കൂടിയിട്ടുണ്ട് എന്ന് തന്നെയാണ് ഉത്തരം. തൊഴിലവസരങ്ങൾ കൂടിയോ എന്ന് ചോദിച്ചാൽ ഉദ്ദേശിച്ചത് പോലെ കൂടിയിട്ടില്ലാ; ഒരുപക്ഷെ കുറഞ്ഞിട്ടുണ്ട് എന്നും ഉത്തരം പറയേണ്ടി വരും.

ജി.ഡി.പി.-യും, സമ്പത് വ്യവസ്ഥയുടെ വളർച്ചാ നിരക്കും കുറയുന്നു എന്ന് പറഞ്ഞു ചിലർ  ജി.എസ്.ടി. - യ്ക്കും, നോട്ടു നിരോധനത്തിനും എതിരേ സ്ഥിരം ആക്രമണം അഴിച്ചു വിടുന്നുണ്ട്. പക്ഷെ വാസ്തവമെന്താണ്? മൂന്നു മാസത്തെ കണക്കു വെച്ച് ഒരു രാജ്യത്തിൻറെ സാമ്പത്തീക വളർച്ച തകർന്നു എന്ന് പറയുന്നത് ഒട്ടും ശരിയല്ല. നോട്ട് നിരോധനത്തിന് മുൻപുള്ള ക്വാർട്ടറിൽ മൂന്ന് മാസത്തെ ജി.ഡി.പി. വളർച്ചാ നിരക്ക് 7.2 % ആയിരുന്നു. പിന്നീട് 2017 ജനുവരി - മാർച്ച് വരെ ഉള്ളത് 6.1% ആയി കുറഞ്ഞു എന്നുള്ളത് വാസ്തവമാണ്. പക്ഷെ 2016 - 2017 വർഷത്തെ - അതായതു നാല് ക്വാർട്ടറും കൂടിയുള്ള ആവറേജ് ജി.ഡി.പി. വളർച്ച 7.1 % ആണ്. അത് 2015 - 2016 സാമ്പത്തിക വർഷത്തെ 7 .6 % വുമായി താരതമ്യം ചെയ്‌താൽ അര ശതമാനത്തിന്റെ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. ഡോക്റ്റർ മൻമോഹൻ സിംഗ് പ്രവചിച്ച 2 % കുറവിൻറ്റെ നാലിൽ ഒന്ന് മാത്രം. ഇനി വരാനിരിക്കുന്ന 2017 - 2018 വർഷത്തെ സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 7.9 ശതമാനമായിരിക്കും എന്നാണു സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ഇപ്പോൾ പറയുന്നത്. 2016 - 2017 വർഷത്തെ 7.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇതു കേവലം 0.8 ശതമാനത്തിലുള്ള കുറവ് മാത്രമേയുള്ളൂ. ഇത് അത്ര ആനക്കാര്യമല്ല.

ഇന്ത്യയിൽ എക്കാലത്തും ജി.ഡി.പി. കാൽകുലേറ്റ് ചെയ്യുന്നത് 'സെൻട്രൽ സ്റ്റാറ്റിസ്‌റ്റിക്കൽ ഓർഗനയ്സേഷൻ' ആണ്.  അവരുടെ വ്യവസ്ഥാപിത രീതികൾ  ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. അപ്പോൾ ജി. ഡി. പി. കാൽകുലേറ്റ് ചെയ്യുന്ന ഫോർമുല മാറ്റി എന്നൊക്കെ ചിലർ പ്രചരിപ്പിക്കുന്നത് ഒട്ടുമേ ശരിയല്ല. 'സെൻട്രൽ സ്റ്റാറ്റിസ്‌റ്റിക്കൽ ഓർഗനയ്സേഷൻ' തരുന്ന വിവരങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകത്താകെയുള്ള Stake ഹോൾഡേഴ്സ്  ആധികാരിക വിവരമായി തന്നെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. 'സെൻട്രൽ സ്റ്റാറ്റിസ്‌റ്റിക്കൽ ഓർഗനയ്സേഷൻ' മാത്രമല്ലാ; ഇന്ത്യയിലെ ജി.ഡി.പി. കാൽകുലേറ്റ് ചെയ്യുന്നത്. വേൾഡ് ബാങ്ക്, ഇൻറ്റെർനാഷണൽ മോണിറ്ററി ഫണ്ട്, വിവിധ ഇൻറ്റെർനാഷണൽ റേറ്റിംഗ് എജൻസിസ്‌, വിദേശ ബാങ്കുകൾ, ഇൻവെസ്റ്റ്മെൻറ്റ് HOUSES - ഒക്കെ പാരലൽ ആയി തന്നെ ഇന്ത്യൻ സമ്പത് വ്യവസ്ഥ നിരീക്ഷിക്കുന്നു. ഇവരാരും  'സെൻട്രൽ സ്റ്റാറ്റിസ്‌റ്റിക്കൽ ഓർഗനയ്സേഷൻ' മെത്തഡോളജിയിലോ, ജി. ഡി. പി കാൽകുലേറ്റ് ചെയ്യുന്ന രീതിയിലോ ഇതുവരെ എന്തെങ്കിലും ഒബ്ജക്ഷൻസ് ഉന്നയിച്ചിട്ടില്ല. ഇങ്ങനെ കുറ്റം പറയാത്തതിനർത്ഥം ജി. ഡി. പി 'കാൽകുലേറ്റ്' ചെയ്യുന്നത് ഏറെക്കുറെ ശരിയാണെന്നാണ്.

പണ്ട് ഗോർബച്ചേവിൻറ്റെ സമയത്ത് പാവ്ലോവ് പരിഷ്‌കാരത്തിൻറ്റെ (Pavlov Reform) ഭാഗമായി സോവിയറ്റ് യൂണിയനിൽ നോട്ടു നിരോധനം നടത്തിയപ്പോർ ഹൈപ്പർ ഇൻഫ്‌ളേഷൻ ആയിരുന്നു. ഭാഗ്യവശാൽ ഇന്ത്യയിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ പ്രഖ്യാപിത ലക്ഷ്യമായ കള്ളപ്പണം അധികമൊന്നും വീണ്ടെടുത്തിട്ടില്ല; കള്ള പണമൊന്നും ഇന്ത്യയിൽ ഇതുവരെ നിയന്ത്രിച്ചു കണ്ടിട്ടുമില്ല; ടാക്സ് വെട്ടിക്കുന്നവരെ ശിക്ഷിച്ചും ഇതുവരെ കണ്ടിട്ടില്ല. 130 കോടി ജനങ്ങളുള്ള ഒരു ബ്രിഹത്തായ രാജ്യത്തിലെ ജനങ്ങളുടെ ക്രയ വിക്രയങ്ങൾ താറുമാറാക്കുന്നതും അത്ര  ശരിയായ കാര്യമല്ലായിരുന്നു. അവരുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നത് ശരിയായ കാര്യമല്ലായിരുന്നു. നൂറു രൂപയുടെയും മറ്റ് ചെറിയ കറൻസികളുടെയും സർക്കുലേഷൻ വർധിപ്പിച്ചതുനുശേഷം നടത്തേണ്ട ഒരു എക്സർസൈസ് ആയിരുന്നു നോട്ടു നിരോധനം. മുന്നൊരുക്കം ഒട്ടും ഇല്ലാതെ, ഗൃഹപാഠം ചെയ്യാതെ നടപ്പിലാക്കിയ നോട്ടു നിരോധനം ജനത്തെ ബുദ്ധിമുട്ടിച്ചു. സമൂഹത്തിലെ എല്ലാ തരക്കാരെയും ഇത് പ്രതികൂലമായി ബാധിച്ചു. ചുരുങ്ങിയ പക്ഷം പുതിയ 2000 രൂപാ നോട്ട് നിരോധിച്ച അഞ്ഞൂറിൻറ്റെയും, ആയിരത്തിൻറ്റെയും അതെ വലിപ്പത്തിൽ ആയിരുന്നുവെങ്കിൽ പുതിയ 2000 രൂപാ നോട്ട് ആ രീതിയിൽ തന്നെ ATM കൗണ്ടറുകളിൽ നിറക്കാമായിരുന്നു. പക്ഷെ അതും ഉണ്ടായില്ല. ചുരുക്കം പറഞ്ഞാൽ ഭരണപരമായ പരിചയത്തിൻറ്റെ അഭാവം നോട്ടുനിരോധനത്തിലൂടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. വ്യക്തമാക്കി. നാടകീയമായ പ്രഖ്യാപനങ്ങളിലൂടെ അല്ലായിരുന്നു ഇത്തരം നടപടികൾ നടപ്പിലാക്കേണ്ടിയിരുന്നത്. പിന്നീട് ജി.എസ്.ടി. അർദ്ധ രാത്രിയിൽ നാടകീയമായ പ്രഖ്യാപനത്തിലൂടെ നടപ്പാക്കി വീണ്ടും ജനത്തെ ബുദ്ധിമുട്ടിച്ചു.

പക്ഷെ ഇതുകൊണ്ടൊക്കെ സമ്പത് വ്യവസ്ഥ താറുമാറായോ? ഇല്ലെന്നു വേണം പറയാൻ. വെറുതെയൊന്നും ഈ രാജ്യത്തിൻറ്റെ സമ്പത് വ്യവസ്ഥ  തകരില്ല. പുതിയ 2000 രൂപാ നോട്ടിൽ മൈക്രോചിപ്പ്‌ ഉണ്ടെന്നൊക്കെ അടിച്ചു വിട്ട് പ്രചാരണം നടത്തിയവരൊക്കെ വേറെ ലെവലിൽ ഉള്ളവരാണ്. ഇതെഴുതുന്നയാളുടെ വിശകലനം അത്തരത്തിലുള്ളതല്ല. ബി.ജെ.പി.-യും, സംഘ പരിവാറുകാരും പറയുന്നത് പോലെ കള്ളപ്പണം നമ്മുടെ സമ്പത് വ്യവസ്ഥയിൽ നല്ല അളവിൽ ഉണ്ടായിരുന്നു എന്നത് നമുക്കെല്ലാവർക്കും അറിയാം. റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, സ്വർണ വ്യാപാരം, ടെക്സ്റ്റയിൽ, ഹോട്ടൽ, സിനിമാ വ്യവസായം - തുടങ്ങിയ മിക്ക മേഖലകളിലും കള്ളപ്പണം നന്നായി ഒഴുകിക്കൊണ്ടാണ് ഇരുന്നത്. പക്ഷെ ബി.ജെ.പി.-യും, സംഘ പരിവാറുകാരും അവകാശപ്പെട്ടത് പോലെ കള്ളപ്പണം പിടിക്കാൻ പറ്റിയോ? ഇല്ലെന്നു വേണം പറയാൻ.

കള്ളപ്പണം എന്ന വിഷയം പൊക്കിപ്പിടിച്ച് ബി.ജെ.പി.-യും, സംഘ പരിവാറുകാരും കണ്ടമാനം രാഷ്ട്രീയം കളിച്ചു. നാടകീയമായ പ്രഖ്യാപനങ്ങൾ ഒരുപക്ഷെ  കള്ളപ്പണം നിയന്ത്രിക്കുവാൻ തങ്ങൾ വിപ്ലവകരമായ പരീക്ഷണങ്ങൾ നടത്തുന്നു എന്ന് കാണിക്കുവാൻ ആയിരുന്നിരിക്കണം. തൊഴിലവസരങ്ങൾ കൂട്ടുന്നതിലും, വരുമാനം കൂട്ടുന്നതിലും, വിലക്കയറ്റം നിയന്ത്രിക്കുന്നതിലുമാണ് ഒരു സാധാരണ പൗരനെ സംബന്ധിച്ച് സമ്പത് വ്യവസ്ഥ പ്രയോജനം ചെയ്യുന്നത്. ഇതിൽ തൊഴിലവസരങ്ങൾ കൂട്ടുന്നതിൽ സർക്കാർ അമ്പേ പരാജയപ്പെട്ടു. ഒരു കോടിയിൽ പരം തൊഴിലവസരങ്ങൾ ഓരോ വർഷവും സൃഷ്ടിക്കും എന്നതായിരുന്നു നേരത്തേ ബി.ജെ.പി.-യുടെ വാഗ്ദാനം. 2011 മുതൽ തന്നെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുര്ഞ്ഞിരുന്നു എന്നാണ് 'ലേബർ സ്റ്റാറ്റിസ്‌റ്റിക്സ്' ഉദ്ധരിച്ച് പലരും പറയുന്നത്. നോട്ടു നിരോധനവും, ജി.എസ്.ടി-യും ഒക്കെ വന്നതിൽ പിന്നെ സ്ഥല കച്ചവടവും, കെട്ടിട വിൽപ്പനയും ഒന്നും നടക്കുന്നില്ല. വസ്തു വിൽക്കാനോ, വാങ്ങാനോ ആർക്കും ധൈര്യമില്ല. നിർമാണ മേഖലയിൽ പണം മുടക്കാൻ പലരും തയാറല്ല. നിർമാണ മേഖല മൊത്തത്തിൽ മാദ്യത്തിലായി.  റിയൽ എസ്റ്റേറ്റിലായിരുന്നല്ലോ പണ്ട് ഏറ്റവും കൂടുതൽ കള്ളപ്പണം ഒഴുകിയിരുന്നത്.  കള്ളപ്പണത്തിൻറ്റെ പേരിൽ ബിൽഡർമാരും, റിയൽ എസ്റ്റേറ്റ് എജെൻറ്റുകളും പിടിയിലാകും എന്ന് കണ്ടാൽ പിന്നെ ആര് പണം മുടക്കും? സമീപ കാലത്ത് ഫ്ലാറ്റ് നിർമാണത്തിൽ തട്ടിപ്പു നടത്തി എന്ന പേരിൽ പല ബിൽഡർമാരും കോടതി കയറിയതും നിർമാണ മേഖലയിലെ ഈ മാദ്യത്തെ തുടർന്നായിരുന്നു.

തുകൽ മേഖലയിലും (ലെതർ ഇൻഡസ്ട്ട്രി) വൻ പ്രതിസന്ധി രൂപപ്പെട്ടു. മുംബയിലെ ധാരാവി, ഉത്തർ പ്രദേശിലെ കാൺപൂർ - ഈ സ്ഥലത്തെയൊക്കെ ജീവനാഡി തന്നെ ലെതർ ഇൻഡസ്ട്ട്രിയാണ്. ഈ തുകൽ മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ബി.ജെ.പി.-യുടേയും, സംഘ പരിവാറുകാരുടേയും പശു രാഷ്ട്രീയമാണ്. ബി.ജെ.പി. പല സംസ്ഥാനങ്ങളിലും അധികാരത്തിൽ എത്തിയപ്പോൾ നടപ്പാക്കിയ ഗോവധ നിരോധനം മൂലം തുകൽ വ്യവസായത്തിന് വൻ പ്രതിസന്ധി നേരിട്ടു. രാജ്യത്തിൻറ്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുണ്ടായിരുന്ന തുകൽ വ്യവസായത്തിൻറ്റെ നട്ടെല്ലൊടിക്കുന്ന സ്ഥിതിയാണ് ഇതുമൂലം ഉണ്ടായത്. ലോകത്ത് തുകൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കാര്യത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം ഉണ്ടായിരുന്നു. ഇതിൽ അനുദിനം ഇടിവുണ്ടായി. പാദരക്ഷകളുടെ കയറ്റുമതിയിൽ  ഇടിവുണ്ടായി.  കൃത്യമായ സപ്‌ളൈ ഉറപ്പില്ലാതെ ആയതോടെ ഇന്ത്യയിൽ നിന്ന് തുകൽ ഇറക്കുമതി ചെയ്തിരുന്ന ആഗോള ബ്രാൻറ്റുകളെല്ലാം ചൈന, ബംഗ്‌ളാദേശ്, ഇൻഡോനേഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി തുടങ്ങുകയും ചെയ്തു. മാംസത്തിൻറ്റേയും തുകലിൻറ്റേയും കയറ്റുമതി കേന്ദ്രങ്ങൾ മിക്കവയും പൂട്ടി. തൊഴിലില്ലായ്മയും ഈ മേഖലയിൽ വ്യാപകമായി. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുപ്പൂരിലും നോട്ടു നിരോധനം ടെക്സ്റ്റയിൽ മേഖലയെ വൻ പ്രതിസന്ധിയിലാക്കി. പകുതിയിലേറെ തൊഴിലാളികളെ തിരിപ്പൂരിലെ ടെക്സ്റ്റയിൽ മേഖലയിൽ നിന്ന് പറഞ്ഞു വിട്ടെന്നാണ് അവിടുന്നുള്ള റിപ്പോർട്ടുകൾ. ചുരുക്കത്തിൽ മൂന്ന് വർഷം പൂർത്തിയാക്കിയ മോദി സർക്കാറിന് രാജ്യത്തെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാൻ ഒട്ടും സാധിച്ചിട്ടില്ല.

2017 ഓഗസ്റ്റ് 29 വരെ 15.28 ലക്ഷം നിരോധിച്ച 500,1000 നോട്ടുകൾ തിരിച്ചെത്തി എന്നാണ് കണക്കുകൾ. എന്ന് വെച്ചാൽ 99 ശതമാനം നിരോധിച്ച നോട്ടുകളും തിരിച്ചെത്തി. ഇതിൽ കള്ള നോട്ടെത്ര, ഇത് നിക്ഷേപിച്ചവരുടെ പേര് വിവരങ്ങൾ, അവരുടെ ;സോഴ്സ് ഓഫ് ഇൻകം' - ഇതൊക്കെ പരിശോധിക്കുക എന്ന് പറഞ്ഞാൽ മാരത്തൺ പ്രക്രിയയാണ്. കള്ളപ്പണം ഏതെങ്കിലും രീതിയിൽ ഇന്ത്യയിൽ ഇൻവെസ്റ്റ് ചെയ്യിപ്പിക്കുന്നതാണ് കള്ള പണം തടയാൻ ഏറ്റവും നല്ല മാർഗം. അല്ലാതെ ഇതിനെ കുറിച്ച് പ്രാഥമികമായ വിവരം പോലുമില്ലാത്ത സാധാരണക്കാരുടെ മുമ്പിൽ കള്ളപ്പണം വലിയ വിഷയമായി അവതരിപ്പിച്ച് എന്തോ ഭയങ്കര സംഭവം നടക്കാൻ പോകുന്നു എന്ന തരത്തിൽ നാടകീയമായ പ്രഖ്യാപനങ്ങൾ നടത്തിയിട്ട് ഒരു പ്രയോജനവും ഇല്ലാ. ജനങ്ങൾ ഇക്കണോമിക്സ് പഠിക്കാത്തതു കൊണ്ട് അവരെ വേഗം കളിപ്പിക്കാൻ പറ്റും. വെറുതെ ജയ് വിളിക്കുന്നവർക്ക് മോണിട്ടറി ഇക്കണോമിക്സിനെ കുറിച്ചു  വലിയ പിടിപാടൊന്നും ഇല്ല. പത്രക്കാർക്കും, ഇക്കണോമിക്സ് പഠിച്ചവർക്ക് പോലും ബാങ്ക് ക്യാപ്പിറ്റലിനെ കുറിച്ചും,  ഇൻഡസ്ട്രിയൽ ക്യാപ്പിറ്റലിനെ കുറിച്ചും  വലിയ പിടിപാടൊന്നും ഇല്ല. ഈ ഫിനാൻസ് ക്യാപ്പിറ്റലിനെ കുറിച്ചുള്ള അറിവില്ലായ്മ  മിക്ക പത്രങ്ങളിലെയും, ഓൺലയിൻ മാധ്യമങ്ങളിലെ  ലേഖനങ്ങളിലും നന്നായി പ്രതിഫലിക്കുന്നുണ്ട്. 'മണീ ലോണ്ടറിംഗ്' വഴി ഏതു കള്ള പണവും വെളുപ്പിക്കാൻ പറ്റും. ചെറുതുകകളായി മാറ്റി പലർക്കും കമ്മീഷൻ കൊടുത്ത് അവരെ കൊണ്ട് ബാങ്കിലടപ്പിച്ചതിനു ശേഷം കുറെ നാൾ കഴിഞ്ഞു സ്വന്തം അക്കൗണ്ടിലേക്ക് കാശ് വരുത്തുന്ന രീതിയാണ് 'മണീ ലോണ്ടറിംഗ്'. പച്ച കറി കടക്കാരെയും, ലോട്ടറിക്കാരെയും, കോളനി വാസികളെയും, കൂലി പണിക്കാരെയും മുമ്പിൽ നിർത്തി കള്ള പണക്കാർ നോട്ടു നിരോധനത്തിന് ശേഷം കളിച്ചു. 'മണീ ലോണ്ടറിംഗ്' നടത്തിയത് ഇത്തരക്കാരെ മുമ്പിൽ നിർത്തിയായിരുന്നു. രാഷ്ട്രീയ പാർട്ടികളിലെ കള്ള പണമുള്ള നേതാക്കന്മാർ ഇതു പോലെ അണികളെ ഉപയോഗിച്ച് കള്ള പണം വെളുപ്പിക്കാൻ നോക്കിയതായും റിപ്പോർട്ടുകൾ ഉണ്ട്. പല കള്ളപ്പണവും അങ്ങനെയാണ് പിടിക്കപ്പെട്ടത്. മത പുരോഹിതർക്കും, Salaried ക്ലാസിനും ഒരു പ്രശ്നവും ഇല്ലാതെ കള്ള പണം വെളുപ്പിക്കാൻ പറ്റും. മത പുരോഹിതന്മാർ - അവർ ഏതു മതത്തിലാണെങ്കിലും പണത്തിൻറ്റെ ഉറവിടം ചോദിക്കുന്നത് പതിവില്ലല്ലോ. അത് പോലെ പത്തും, ഇരുപതും വർഷം സർക്കാർ ജോലി ചെയ്തവർക്ക് കണക്കു കാണിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. നോട്ടു നിരോധനത്തിന് ശേഷം ബാങ്ക് ജീവനക്കാർ തന്നെ കള്ളപ്പണം വെളുപ്പിക്കുവാൻ പല സ്ഥലങ്ങളിലും കൂട്ടു നിന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ വലിയ തോതിലുള്ള കള്ളപ്പണം വെളുപ്പിക്കുന്ന പ്രക്രിയയാണ് നോട്ടു നിരോധനത്തിലൂടെ നടന്നത്.

പക്ഷെ ഇതൊക്കെയാണെങ്കിലും നോട്ടു നിരോധനവും, ജി.എസ്.ടി.-യും മൂലം ചില നേട്ടങ്ങളൊക്കെ സമ്പത് വ്യവസ്ഥയ്ക്കുണ്ടായി. വിദേശ നിക്ഷേപം 40% കണ്ട്‌ വർദ്ധിച്ചു. ഇന്ത്യയുടെ കരുതൽ ധനം ആദ്യമായി $400 ബില്യണിൽ എത്തി. ഡിജിറ്റൽ, ഇലക്ട്രോണിക് രീതിയിലുള്ള പണമിടപാടുകൾ വർദ്ധിച്ചു. 2017 സെപ്റ്റംബർ വരെ നോക്കിയാൽ 82 കോടിയോളം ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്യപ്പെട്ടു. 207375  ATM കൗണ്ടറുകൾ ഇന്ത്യയിൽ ഇതുവരെ ഉണ്ടായി. ഡെബിറ്റ് കാർഡും, ക്രെഡിറ്റ് കാർഡും ഉപയോഗിച്ച് പണമിടപാട് നടത്തുന്ന സ്വൈപ്പിങ്‌ മെഷിനുകളിൽ 12.57 ശതമാനം വർധന ഉണ്ടായി. ആദായ നികുതി ഇ-ഫയലിംഗ് നടത്തുന്നവരുടെ ഇടയിൽ 30  ശതമാനത്തോളം വർധനയും ഉണ്ടായി.

ഇന്ത്യയെ പോലുള്ള സങ്കീർണവും, വിസ്തൃതവുമായ ഒരു രാജ്യത്ത് അല്ലെങ്കിലും നോട്ടു നിരോധനമോ, ജി.എസ്. ടി.-യോ വിജയകരമായി നടപ്പിലാക്കുന്നത് ഒട്ടും എളുപ്പമല്ല. നോട്ട് നിരോധനം വേണമെങ്കിൽ ഒരു ശുദ്ധീകരണ പ്രക്രിയയുടെ തുടക്കമായി കാണാം. നികുതി പരിഷ്ക്കരണം, റിയൽ എസ്റ്റേറ്റ് നിയമം, എല്ലാ പൗരന്മാർക്കും ആധാർ നിർബന്ധമാക്കൽ, ബിനാമി ഇടപാട് തടയൽ, പാൻ നമ്പർ വഴിയുള്ള വൻതോതിലുള്ള പണമിടപാട്  - അങ്ങനെയുള്ള പല പരിഷ്‌ക്കാരങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കുമ്പോഴാണ് ശരിക്കും ഇതൊക്കെ വിജയമാണോ എന്ന് വിലയിരുത്താൻ സാധിക്കുക.  ഇപ്പോൾ തന്നെ പണമിടപാടുകൾ പലതും ഡിജിറ്റൽ ആയി മാറിയതിനാൽ ടാക്സ് വെട്ടിക്കുക അത്ര എളുപ്പമല്ല. 'വൈറ്റ്' ആയി അതുകൊണ്ടു തന്നെ പണമിടപാടുകൾ പലതും മാറിയിട്ടുണ്ട്. ഇപ്പോൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണം 26.6% വർധിച്ചു. അതായത് 2015-16 ൽ പുതിയ നികുതിദായകരുടെ എണ്ണം 66.53 ലക്ഷമായിരുന്നു. ഇപ്പോൾ പുതിയതായി നികുതിയടക്കാൻ തുടങ്ങിയത് 84.21 ലക്ഷം പേർ. സംസ്ഥാനങ്ങളിലും, കേന്ദ്രത്തിലും 'ബുള്ളറ്റ് ട്രെയിൻ' പോലുള്ള വൻ തോതിലുള്ള പദ്ധതികൾക്ക് വലിയ തുക നീക്കിവെക്കേണ്ടി വരും. അതുകൊണ്ടു തന്നെ സമീപ ഭാവിയിൽ സംസ്ഥാനങ്ങളും, കേന്ദ്ര സർക്കാരും അവരുടെ റവന്യു വർദ്ധിപ്പിക്കേണ്ടതുണ്ട്. ഡയറക്റ്റ് ടാക്‌സ് വരുമാനം 19% വർധിച്ചു എന്നത് ആ രീതിയിൽ നോക്കുമ്പോൾ സ്വാഗതാർഹമാണ്.

വസ്തു ഇടപാടുകളിൽ ആദായ നികുതി ശരിയായ രീതിയിൽ  അടക്കാത്തതാണ് രാജ്യം നേരിടുന്ന വലിയൊരു സാമ്പത്തിക പ്രശ്നം. സബ്‌സിഡി സേവനങ്ങൾക്ക് ആധാറും അക്കൗണ്ടുമായി ബന്ധിപ്പിച്ചപ്പോൾ ഇല്ലാതായത് 3.5 കോടി വ്യാജ LPG കണക്ഷനുകളും, 1.6 കോടി വ്യാജ റേഷൻ കാർഡുകളും ആണ്. ഇതും സാമ്പത്തിക രംഗം സുതാര്യമാവുന്ന സൂചനകളാണ് നൽകുന്നത്. പക്ഷെ ആധാർ ഡോക്റ്റർ മന്മോഹൻ സിങ്ങിൻറ്റെ പരിഷ്‌കാരമായിരുന്നു എന്ന് മാത്രം. ആധാറിനെ അമേരിക്കൻ CIA -ക്കു വേണ്ടി നടത്തുന്ന പ്രക്രിയയാണെന്നു പറഞ്ഞു ഏറ്റവും കൂടുതൽ എതിർത്തത് ബി.ജെപി.-യായിരുന്നു എന്നത് ഓർക്കുന്നത് ഇപ്പോൾ രസകരമാണ്.

സർക്കാർ ജീവനക്കാരെയും, സംഘടിത മേഖലയിലുള്ളവരെയും ജി.എസ്.ടി. -യും, നോട്ടു നിരോധനവും അധികം ബാധിച്ചിട്ടില്ല. ഏഴാം ശമ്പള കമ്മീഷൻ പൂർണമായും നടപ്പാക്കുന്നതിലൂടെ ഇവരുടെ വരുമാനം കൂടും. യൂണിവേഴ്‌സിറ്റി അധ്യാപകരുടെ ശമ്പളം ഇതിനോടകം തന്നെ കൂട്ടി കഴിഞ്ഞു. പക്ഷെ നോട്ടു നിരോധനത്തിന് ശേഷം ലോണുകൾ കൊടുക്കേണ്ട ബാങ്കുകൾ എല്ലാം പഴയ നോട്ടുകൾ എടുക്കുന്ന പ്രക്രിയലിലാണല്ലോ ഏർപ്പെട്ടിരുന്നത്. സ്വോഭാവികമായും ബാങ്കുകളുടെ പ്രവർത്തനത്തിലൂടെ 'ബാങ്ക് ക്യാപ്പിറ്റൽ' ഉണ്ടാകുന്ന പ്രക്രിയ തടസപ്പെട്ടു. 'കറക്റ്റീവ്‌ മെഷേഴ്സ്' അല്ലെങ്കിൽ തിരുത്തൽ നടപടികൾ ഇനിയുള്ള കാലത്ത് എടുത്തില്ലെങ്കിൽ ബാങ്കിങ് മേഖലയിൽ പ്രതിസന്ധി വളരെ ആഴത്തിലാകും.

ജി.എസ്.ടി. വരുന്നത് വഴി ഒരു ഉൽപ്പന്നത്തിനും എം.ആർ.പി.-യേക്കാൾ വില കൂടില്ലാ എന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പറയുമ്പോഴും അങ്ങനെയൊന്നും അല്ല വാസ്തവം എന്ന് സാധാരണക്കാരായ ജനത്തിന് അറിയാം. ഒരു ഉൽപ്പനത്തിന് രാജ്യമെങ്ങും ഒരു വില മാത്രം എന്ന് കെട്ടിഘോഷിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കിയ ഈ ജി.എസ്.ടി. പദ്ധതിയും ഭരണപരമായ പാളിച്ചകൾ നോട്ടു നിരോധനം പോലെ തന്നെ തുറന്നു കാട്ടുന്നു. ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടായാൽ ജി.എസ്.ടി. കൗൺസിൽ പരിഹരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. നികുതി കുറച്ചെന്നു പറയുന്ന പല സാധനങ്ങൾക്കും യഥാർത്ഥത്തിൽ വില കൂടി. ടൺ കണക്കിന് കാർഗോ എയർ പോർട്ടുകളിൽ കെട്ടി കിടക്കുന്ന റിപ്പോർട്ടുകൾ ആണ് ജി.എസ്.ടി. നടപ്പാക്കിയ ആദ്യ നാളുകളിൽ വന്നത്. വ്യാപാരികളെ മര്യാദ പഠിപ്പിക്കുവാനും, സത്യസന്ധരാക്കുവാനും ഉള്ള രീതികൾ ഇന്ത്യയിൽ പെട്ടെന്നൊന്നും 'ക്ളച്ചു' പിടി ക്കുവാൻ സാധ്യതയില്ല. 

ധനമന്ത്രിയായിരിക്കെ ഡോക്റ്റർ മന്മോഹൻ സിങ് കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ പടിപടിയായി ഇന്ത്യൻ സമ്പത് വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവന്നു. 2004 -ൽ പ്രധാനമന്ത്രിയായി രണ്ടുവർഷം പിന്നിട്ടതോടെ തന്നെ ആഭ്യന്തര ഉൽപാദനത്തോത് എട്ടിനു മുകളിൽ എത്തിയിരുന്നു. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യകാലം വരെ ഇത് നല്ല നിലയിൽ നിലനിർത്തുകയും ചെയ്തു. കള്ളപ്പണം കണ്ടെത്താനുള്ള ഇപ്പോഴത്തെ സർക്കാറിൻറ്റെ ശ്രമം പൂർണമായും വിജയിച്ചില്ലെങ്കിൽ കൂടി അഭിനന്ദനാർഹമാണ്. നോട്ട് നിരോധനം ഉണ്ടായിട്ടും കാർഷിക മേഖലയിൽ വളർച്ചാ നിരക്കിൽ വർദ്ധനവ് ഉണ്ടായി. അതോടൊപ്പം തന്നെ പ്രതിശീർഷ പ്രതിവർഷ വരുമാനത്തിൽ 9.7% വർധിച്ച് 1,03,219 രൂപയായി. ചെറുകിട മേഖലയിൽ വലിയ തോതിലുള്ള മാന്ദ്യം ഉണ്ട്. ജി.എസ്. ടി. നികുതിഘടന പല ചെറുകിട ഉൽപ്പന്നങ്ങളുടെയും കാര്യത്തിൽ ഒട്ടുമേ ശരിയല്ല. ദക്ഷിണേന്ത്യക്കാർ ദോശയും, ഇഡലിയും ഉണ്ടാക്കാനായി ഉപയോഗിക്കുന്ന 'വെറ്റ് ഗ്രൈൻഡറിന്' 18 ശതമാനം നികുതി ചുമത്തിയത് തന്നെ ഉദാഹരണം. കാർഷിക മേഖലയിലും കണ്ടമാനം പ്രശ്നങ്ങൾ ഉണ്ട്. പശു രാഷ്ട്രീയം കർഷകരുടെയും ജീവിതം ദുരിതത്തിലാക്കി. ഗോവധം നിരോധനം കർശനമായി നടപ്പിലാക്കിയാലുള്ള ദൂഷ്യ ഫലങ്ങളെ കുറിച്ച് മുൻ പ്ലാനിങ് കമ്മീഷൻ മെമ്പർ കീർത്തി പരീക് കുറെ നാൾ മുമ്പ് ദീർഘമായി എഴുതി. തനത് ഇന്ത്യൻ വംശങ്ങളിലുള്ള പശുക്കളെ വിൽക്കാൻ പറ്റാതെ വളർത്തുന്നത് നഷ്ടത്തിലേക്ക് നയിക്കും എന്നത് കണ്ട്‌ അത്തരം പശുക്കളുടെ വംശനാശം ആയിരിക്കും ഗോവധം നിരോധനം കർശനമായി നടപ്പിലാക്കിയാൽ സംഭവിക്കുക എന്ന് കീർത്തി പരീക് തുറന്നെഴുതി. പക്ഷെ ഇതൊക്കെ പശുസ്നേഹം പറയുന്നവരുടെ തലയ്ക്കകത്ത് കേറുമോ???  ഇനി സാമ്പത്തിക രംഗത്ത് മാന്ദ്യം ഉണ്ടാകുകയാണെങ്കിൽ ആ മാന്ദ്യത്തിൻറ്റെ തുടക്കം ബാങ്കുകളിൽ നിന്നായിരിക്കും എന്നാണ് തോന്നുന്നത്. പക്ഷെ രണ്ട് വർഷം കൂടി അവശേഷിക്കുന്ന ഭരണത്തിൽ കേന്ദ്ര സർക്കാരിന് രാജ്യത്തെ മുന്നോട്ട് നയിക്കാൻ പ്രാപ്തമായ നടപടികൾ കൈക്കൊള്ളാൻ സാധിച്ചാൽ രാജ്യത്തിൻറ്റെ സമ്പദ് വ്യവസ്ഥ വളരുമെന്നത് ഉറപ്പാണ്.