2019 ജൂലൈ 26, വെള്ളിയാഴ്‌ച

കേരളത്തിലെ സ്ത്രീ മുന്നേറ്റം - ആണുങ്ങൾക്ക് പെണ്ണ് കിട്ടാതാവുന്ന ആധുനിക കേരളം

ജീവിതപങ്കാളിയെ തേടി കേരളത്തിലെ ഗ്രാമീണമേഖലയിലേയും, ചെറു പട്ടണങ്ങളിലേയും യുവാക്കൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോവുന്നു എന്ന വാർത്താ റിപ്പോർട്ടുകൾ കൃത്യമായ തെളിവുകളോടെ ഈയിടെ വന്നിരുന്നു. കാസർകോട്, വയനാട്, കോഴിക്കോട് - എന്നീ ജില്ലകളിൽ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലും വധുക്കളെ തേടി അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. കർണാടകത്തിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നുമാണ് പെൺകുട്ടികളെ വധുക്കളായി കൊണ്ടുവരുന്നത്. ഇങ്ങനെ കർണാടകത്തിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നും  പെൺകുട്ടികളെ വധുക്കളായി കൊണ്ടുവരുമ്പോൾ അതിർത്തി ജില്ലകളിലെ ബ്രോക്കർമാർക്ക് ഇരുപത്തയ്യായിരം മുതൽ ഒരു ലക്ഷം രൂപ വരെ പ്രതിഫലം കൊടുക്കണം. കൂടാതെ, പെൺകുട്ടിയുടെ വീട്ടുകാർക്ക് സ്വർണവും വിവാഹ ചെലവിനുള്ള പണവും നൽകണം.

ഈ അവസ്ഥ എന്തുകൊണ്ട് സംജാതമായി? കഴിഞ്ഞ 30-40 വർഷങ്ങളിൽ ആധുനിക കേരളത്തിൽ സംഭവിച്ച സമൂലമായ സാമൂഹ്യമാറ്റം തന്നെയാണിതിന് കാരണം. ഒരു നൂറ്റാണ്ടോളം പഴക്കം കേരളത്തിൻറ്റെ സാമൂഹ്യ മാറ്റങ്ങളുടെ ചരിത്രത്തിന് പറയാം. ദേവകി നിലയങ്ങോട് എഴുതിയിട്ടുള്ള 'അന്തർജനം കഥകളിൽ' അവർ പറയുന്നത് 1920-കളിൽ 9 വയസിലും, 10 വയസിലും നമ്പൂതിരി പെൺകുട്ടികളുടെ വിവാഹം നടക്കുക സാധാരണമായിരുന്നു എന്നാണ്. ലളിതാംബിക അന്തർജനത്തിൻറ്റേയും, ദേവകി നിലയങ്ങോടിൻറ്റേയും കൃതികളിൽ തെളിയുന്ന ജീവിത രേഖകൾ ഇന്നത്തെ തലമുറക്ക് അന്യമാണ്. അന്നൊക്കെ നമ്പൂതിരി വിധവകൾ വെറും നിലത്തു കിടക്കണമായിരിന്നു; അവർക്ക് എണ്ണ തേക്കാൻ പറ്റില്ലായിരുന്നു; സ്വർണം, വെള്ളി - ഈ ആഭരണങ്ങൾ ഒന്നും അണിയാൻ അവകാശമില്ലായിരുന്നു. ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. 'പരിണയം' സിനിമ അന്നത്തെ അവസ്ഥകൾ കുറച്ചൊക്കെ കാണിക്കുന്നുണ്ടല്ലോ. അത്തരം അവസ്ഥകളിൽ നിന്ന് ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴുള്ള സമൂലമായ മാറ്റം തന്നെയായിരിക്കണം ഇന്നത്തെ വിവാഹങ്ങളിലും പ്രതിഫലിക്കുന്നത്. 

ഇപ്പോഴത്തെ നമ്പൂതിരി പെൺകുട്ടികളൊക്കെ നല്ല വിദ്യാഭ്യാസം ഉള്ളവരാണ്. ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് പണ്ടത്തെ പുരുഷാധിപത്യത്തിൽ ഭിന്നമായ ഇപ്പോഴത്തെ അവസ്ഥ. അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം കൂടിയതോടെയാണ് കടുത്ത യഥാസ്ഥികരായ നമ്പൂതിരി സമുദായം പോലും ജാതി വിട്ടുള്ള വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. മുമ്പൊക്കെ ഇതേ കാരണത്താൽ ഭ്രഷ്ടും, പടിയടച്ച് പിണ്ഡം വെക്കലും നടത്തിയവർ ഇപ്പോൾ അത്തരത്തിലുള്ള യാതൊരു മനോഭാവവും കാണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. പണ്ട് സ്മാർതൻ താത്രിയെ 'സാധനം' എന്നാണല്ലോ വിശേഷിപ്പിച്ചത്. 'അകത്തത്' , 'അത്' , 'ഇത്' - എന്നൊക്കെയാണല്ലോ 21 -ആം നൂറ്റാണ്ടിലും ചില നമ്പൂതിരിമാർ സ്ത്രീകളെ പരാമർശിച്ച് എഴുതിയുട്ടുള്ളത്. അങ്ങനെയുള്ള നമ്പൂതിരിമാർക്ക് നല്ല ഒരു അടി അവരുടെ സ്ത്രീകളിൽ നിന്ന് തന്നെ കിട്ടി കൊണ്ടിരിക്കയാണ് എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്. 

പണ്ട് ചൊവ്വാദോഷത്തിൻറ്റെ പേരിൽ ആയിരക്കണക്കിന് സ്ത്രീകളെ വിവാഹത്തിൽ നിന്ന് മാറ്റി നിർത്തിയവർക്ക് ഇപ്പോൾ ജാതകം തന്നെ പ്രശ്നമല്ലാതായിരക്കുന്നു. കേരളത്തിലെ മുന്നോക്ക ഹിന്ദു യുവാക്കളിൽ അവിവാഹിതരുടെ എണ്ണം പെരുകുന്നു എന്നതാണ് കണക്കുകൾ നിരത്തി തന്നെ ചിലർ തെളിയിക്കുന്നത്. ജാതിയും ജാതകവും വേണ്ടെന്ന് പരസ്യം ചെയ്താൽ പോലും രക്ഷയില്ല; അനാഥാലയങ്ങളിൽ വരെ മംഗല്ല്യത്തിനായി ക്യൂവാണ്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നം ഒറ്റപ്പെടുന്ന പുരുഷന്മാരാണെന്നാണ് പല സാമൂഹ്യക നിരീക്ഷകരും പറയുന്നത്.

ജാതകവും, ജോൽസ്യവുമടക്കമുള്ള അന്ധവിശ്വാസങ്ങൾ ആഭ്യന്തര വൈരുധ്യങ്ങൾ കൊണ്ടുതന്നെ തകരുകയാണെന്നുള്ളതാണ് വാസ്തവം. യുക്തിവാദികൾ നടത്തിയ കാമ്പയിനേക്കാൾ അതാത് മനുഷ്യരുടെ ജീവിതാനുഭവങ്ങളാണ് സമീപ കാല കേരളത്തിൽ ഇത്തരം തിരിച്ചറിവുകൾ ഉണ്ടാക്കിയത്. അന്ധവിശ്വാസങ്ങളെ പൊക്കിക്കൊണ്ടുനടന്നവർ സ്വയം അത് ഉപേക്ഷിക്കേണ്ടിവരുന്നത് കാലത്തിൻറ്റെ വലിയ മാറ്റമാണെന്നോ, ചരിത്രത്തിൻറ്റെ കാവ്യ നീതിയാണെന്നോ പറയാം. ചുരുക്കം പറഞ്ഞാൽ അനുദിനം മൽസരാധിഷ്ഠിതമാകുകയാണ് കേരളത്തിലെ വിവാഹ മാർക്കറ്റ്. അനാഥാലയങ്ങളിലെ പെൺകുട്ടികളെ പോലും വിവാഹം കഴിക്കുന്നത് ഇന്നത്തെ കാലത്ത് എളുപ്പമല്ല. അവിടെയും ഇപ്പോൾ കടുത്ത മൽസരമാണ്. ബാങ്ക് ബാലൻസ് തൊട്ട് സ്വഭാവം വരെ വിലയിരുത്തിയതിന് ശേഷമേ അനാഥാലയത്തിൻറ്റെ അധികൃതർ വിവാഹങ്ങൾക്ക് സമ്മതിക്കൂ. അതുകൊണ്ടായിരിക്കണം കേരളത്തിൽ വധുക്കളെ ആവശ്യമുള്ള ചിലർ അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടതായി വന്നത്.

ആധുനിക ഇന്ത്യയിൽ മഹാത്മാ ഗാന്ധിയാണ് സ്ത്രീകളെ വലിയ തോതിൽ പൊതു വേദികളിലേക്ക് കൊണ്ട് വന്നത്. കേരളത്തിൽ പോലും ജനാലകളിൽ നിന്ന് സ്വർണ വളകളൊക്കെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ഊരി കൊടുത്ത ചരിത്രമുണ്ട്. ഗാന്ധി പണ്ട് കേരളത്തിൽ വന്നപ്പോൾ ഒരു പെൺകുട്ടി തൻറ്റെ സ്വർണം മുഴുവനും ഗാന്ധിക്ക് കൊടുത്ത കഥ വളരെ പ്രശസ്തമാണല്ലോ. പക്ഷെ മഹാത്മാ ഗാന്ധിക്ക് ടോയ്ലെറ്റ് ഉപയോഗത്തിൻറ്റെ കാര്യത്തിലാണെങ്കിലും, സ്ത്രീകളെ വലിയ തോതിൽ പൊതു വേദികളിലേക്ക് കൊണ്ട് വരുന്ന കാര്യത്തിലാണെങ്കിലും വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. സമൂഹത്തിൻറ്റെ യാഥാസ്ഥികത്ത്വം തന്നെ കാരണം.

എന്തായാലും ഗാന്ധിയുടെ കാലത്തിൽ നിന്ന് സ്ത്രീകൾ വളരെ മുന്നോട്ടുപോയി എന്ന് തന്നെയാണ് ഇപ്പോഴത്തെ വിവാഹ  'ട്രെൻഡുകൾ' കാണിക്കുന്നത്. കേരളത്തിലെ പല സമുദായങ്ങളിലേയും സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയാണ് ഇപ്പോൾ ആണുങ്ങൾക്ക് പെണ്ണ് കിട്ടാതിരിക്കാനുള്ള പ്രധാന കാരണം. സ്ത്രീകൾ നന്നായി പഠിച്ച് ഉയർന്ന ജോലി നേടുമ്പോൾ പുരുഷരിൽ ഒരു വലിയ വിഭാഗവും അവിടെ തന്നെ നിൽക്കുകയാണ്. അങ്ങനെ വരുമ്പോൾ പരമ്പരാഗത തൊഴിൽ ചെയ്തു വരുന്നവരും, വിദ്യാഭ്യാസപരമായും, സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നവരും, വിവാഹ മാർക്കറ്റിൽ പിറകോട്ടു പോകുന്നു. സർക്കാർ ജോലിയില്ലാത്ത യുവാക്കൾക്കും മറ്റും അവിവാഹിതരായി മരിക്കേണ്ട അവസ്ഥയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലുള്ളത്. ഇതോടൊപ്പം ജാതകം, പൊരുത്തം തുടങ്ങിയ അന്ധവിശ്വാസങ്ങൾ കൂടിയാവുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായി. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള പെൺകുട്ടികൾ അതനുസരിച്ച് യോഗ്യതയുള്ളവരെയേ ജീവിത പങ്കാളികളായി സ്വീകരിക്കുന്നുള്ളൂ. പണ്ടത്തേതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ പെൺകുട്ടികളുടെ ഇടയിൽ വിവാഹ പങ്കാളിയെക്കുറിച്ചുള്ള സങ്കൽപം ഇപ്പോൾ ഉയർന്നതും ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാം. ഐ.ടി. ഫീൽഡിലേക്കും മറ്റുമായി ബാൻഗ്ലൂർ പോലുള്ള നഗരങ്ങളിൽ എത്തുന്ന പെൺകുട്ടികൾ സമുദായം നോക്കാതെ തങ്ങൾക്ക്തുല്യ ജോലി സ്റ്റാറ്റസുള്ള ഒരാളെ വിവാഹംചെയ്ത് അവിടെതന്നെ സെറ്റിൽ ചെയ്യുന്ന പ്രവണതയും ഇന്നുണ്ട്. വിവാഹത്തിലേക്ക് എത്തുന്ന ഇത്തരം 'ട്രെൻഡുകൾ' കാരണം അവസാനം മലയാളി പുരുഷന് പെണ്ണ് കിട്ടാതിരിക്കുന്ന അവസ്ഥ ഒരു സാമൂഹ്യ പ്രശ്നമായി മാറുമോ എന്നാണ് ഇനി ഭയക്കേണ്ടത്. കേരളം അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി ഒറ്റപ്പെടുന്ന പുരുഷന്മാർ മാറുമോ എന്നാണ് ഇനി കാണേണ്ടത്.

ഒരു സമൂഹത്തിൻറ്റെ 'ക്വാളിറ്റി ഓഫ് ലൈഫ്' അതല്ലെങ്കിൽ 'സോഷ്യൽ ഡെവലപ്പ്മെൻറ്റ് ഇൻഡക്സ്' കണക്കാക്കാൻ ഏറ്റവും എളുപ്പം സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരവും, അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനവും നോക്കുന്നതാണ്. കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഒരു കമ്യുണിറ്റി എന്ന നിലയിൽ ആദ്യം സ്വയം വരുമാനം നേടിയതും, വിദ്യാഭ്യാസത്തിൽ മുൻപന്തിയിലെത്തിയതും  ക്രിസ്ത്യൻ സ്ത്രീകളായിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ സ്ത്രീകൾ മുൻനിരയിലേക്ക് വന്നത്തിന് മുമ്പ് തന്നെ പുരുഷന്മാരും വിദ്യാഭ്യാസപരമായി മുന്നേറിയിരുന്നു. കഴിഞ്ഞ 20-30 വർഷങ്ങളിൽ വിദ്യാഭ്യാസത്തിൽ ഏറ്റവും കൂടുതൽ മുമ്പന്തിയിലെത്തിയ കൂട്ടരാണ് കേരളത്തിലെ മുസ്‌ലീം കമ്യുണിറ്റി. അതൊക്കെ കൊണ്ടാവാം കേരളത്തിലെ ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങളിൽ വധുക്കൾക്ക് അധികം ക്ഷാമം അനുഭവപ്പെടുന്നില്ല. ഹിന്ദു സമുദായത്തിലാണ് കൂടുതൽ പ്രശ്നങ്ങൾ. പക്ഷെ ഇപ്പോഴുള്ള  'ട്രെൻഡ്' തുടർന്നാൽ  ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങളിലും ഒരുപക്ഷെ ഭാവിയിൽ വധുക്കളുടെ 'ഷോർട്ടേജ്' അനുഭവപ്പെട്ടേക്കാം. ഇന്നത്തെ മുസ്ലീം സ്ത്രീകളുടെ പ്രശ്നം അവരുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള വരൻമാരെ കിട്ടാത്തതാണ്. 'കടൽ കടന്നൊരു മാത്തുക്കുട്ടി' - യെ പോലെ വിദേശ നേഴ്‌സുമാരുമായുള്ള വിവാഹത്തിലൂടെ ഹൌസ് വൈഫുകൾക്ക് പകരം ധാരാളം 'ഹൌസ് മാൻമാർ' ആയവർ ഇന്നിപ്പോൾ ക്രിസ്ത്യൻ സമുദായത്തിൽ ഉണ്ട്. വിദ്യാഭ്യാസമുള്ള ക്രിസ്ത്യൻ പെൺകുട്ടികൾ ഭാവിയിൽ ഇത്തരം 'ഹൌസ് മാൻമാരെ' അംഗീകരിക്കുമോ എന്ന ഇപ്പോഴേ ക്രിസ്ത്യൻ സാമുദായാംഗങ്ങൾ ചിന്തിക്കുന്നത് നന്നായിരിക്കും.

2019 ജൂലൈ 18, വ്യാഴാഴ്‌ച

മിഷനറിമാർ രൂപം കൊടുത്ത ആധുനിക കേരളം


മലയാളിയുടെ സാക്ഷരതാ നിരക്ക് ഉയർത്താൻ തിരുവിതാംകൂർ, കൊച്ചി - എന്നീ നാട്ടുരാജ്യങ്ങളിൽ പ്രൊട്ടസ്റ്റൻറ്റ് മിഷനറിമാർ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ശ്രമം തുടങ്ങിയിരുന്നു. റഷ്യൻ മിഷനറിമാർ, 'മിഷനറീസ് ഓഫ് ലണ്ടൻ സൊസൈറ്റി', CMS മിഷൻ, ബേസൽ മിഷൻ, ജെസ്യൂട്ടുകൾ, ഫ്രാൻസിസ്കൻ മിഷനറിമാർ - ഇവരുടെ പ്രവർത്തനങ്ങളാണ് കേരളത്തിലെ സാക്ഷരതാ നിരക്ക് കൂടാൻ പ്രധാന കാരണം. അതുപോലെ തന്നെ ആരോഗ്യ രംഗത്തും മിഷനറിമാർ ഗണ്യമായ സംഭാവനകൾ നൽകി.

പാശ്ചാത്യ മിഷനറിമാരുടെ പ്രവർത്തനങ്ങളെ സംഘ പരിവാർ സംഘടനകൾ എതിർത്തത് പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം - എന്നീ മേഖലകളിൽ ഇന്ത്യ പിന്നോക്കം പോകുവാൻ വലിയ കാരണമായി എന്നുള്ളത് തർക്കമറ്റ കാര്യമാണ്. ഒന്നാം ലോക മഹായുദ്ധത്തിൻറ്റേയും, രണ്ടാം ലോകമഹാ യുദ്ധത്തിൻറ്റേയും കെടുതികൾ അനുഭവിച്ച യൂറോപ്യൻ ജനത പിന്നീട് മാനവികതയുടെ വലിയ സന്ദേശം ഉൾക്കൊള്ളുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സമൃദ്ധമായ പല കുടുംബങ്ങളും യുദ്ധാനന്തരം അനുഭവിക്കേണ്ടിവന്ന ദാരിദ്ര്യത്തിൻറ്റേയും, അരക്ഷിതാവസ്ഥയുടേയും അന്തരീക്ഷത്തിൽ ഫ്‌ളോറൻസ് നയിറ്റിങേലിനെ പോലുള്ള പെൺകുട്ടികളാണ് യൂറോപ്പിൽ മനുഷ്യ സേവനത്തിൻറ്റെ മഹത്തായ സന്ദേശങ്ങൾ പ്രധാനമായും ഉൾക്കൊണ്ടത്. ഇന്ത്യയിലെ അനാഥാലയങ്ങളിലും, ആരോഗ്യ മേഖലകളിലും, സ്‌കൂളുകളിലും ഒക്കെ പ്രവർത്തിച്ച മിഷൻ സംഘനകളിൽ പ്രവർത്തിച്ച  പെൺകുട്ടികളിൽ പലരും യൂറോപ്യൻ പ്രഭു കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. മഹത്തായ മാനവികതയുടെ ആ സന്ദേശം ഉൾക്കൊള്ളേണ്ടതിന് പകരം പല പാശ്ചാത്യ മിഷനറിമാർക്കും സംഘ പരിവാർ സംഘടനകളുടെ സമ്മർദത്തെ തുടർന്ന് സ്വതന്ത്ര ഇന്ത്യ വിസ നിഷേധിച്ചു. അതേസമയം പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും ഇന്ത്യയിൽ നിലനിന്നിരുന്ന കർശനമായ ജാതി വ്യവസ്ഥയുടെ സംബ്രദായങ്ങളോടും, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള എതിർപ്പിനും ഇന്ത്യയിൽ തന്നെ പരിഹാര മാർഗങ്ങളും ഉണ്ടായില്ല. അതാണ് ഇപ്പോഴും പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം - എന്നീ മേഖലകളിൽ ഇന്ത്യ പിന്നോക്കം നിൽക്കുന്നത്. ആ ചരിത്രപരമായ കാരണങ്ങളൊക്കെ ഇന്നിപ്പോൾ നിഷേധിച്ചിട്ട് കാര്യമില്ല. താഴ്ന്ന ജാതിക്കാരെ അടുപ്പിക്കാതിരുന്ന ഒരു സാമൂഹ്യ സാഹചര്യത്തിൽ അത്തരം ജാതി ചിന്തയ്ക്ക് അടിമപ്പെടാതിരുന്ന മിഷനറിമാരാണ് ആദ്യമായി താഴ്ന്ന ജാതിയിൽ പെട്ടവർക്ക് അക്ഷരാഭ്യാസം പകർന്നു നൽകിയത്. സംഘ പരിവാറുകാർ ഇപ്പോൾ എത്രയൊക്കെ നുണ പ്രചാരണം നടത്തിയാലും ഒരു മിനിമം ചരിത്രബോധം ഉള്ളവർക്ക് അന്നത്തെ സാമൂഹ്യാന്തരീക്ഷം നന്നായി മനസിലാക്കുവാൻ സാധിക്കും.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി മിഷനറിമാരുടെ അന്നത്തെ താഴ്ന്ന ജാതിക്കാർക്കിടയിലുള്ള പ്രവർത്തനങ്ങളാണ് കേരളത്തിലെ സാക്ഷരതാ നിരക്ക് കൂടാൻ പ്രധാന കാരണം. പള്ളിയോട് ചേർന്നുള്ള പള്ളിക്കൂടം എന്ന പദ്ധതിയാണ് തിരുവിതാംകൂറിൽ ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ തന്നെ സാക്ഷരതാ നിരക്ക് ഗണ്യമായി ഉയരാൻ കാരണം. തിരുവിതാംകൂർ, കൊച്ചി - എന്നീ നാട്ടുരാജ്യങ്ങളിൽ അന്നത്തെ രാജാക്കൻമാരുടെ അനുമതിയോടെയാണ് മിഷനറിമാർ സാക്ഷരതാ നിരക്ക് ഉയർത്താൻ യത്നിച്ചത്. ബ്രട്ടീഷ് അധ്യാപകർ പഠിപ്പിച്ച രാജ കുടുംബങ്ങളിലെ പലരും പുരോഗമന ആശയങ്ങൾ പൊതു സമൂഹത്തിൽ നിന്നും വിഭിന്നമായി ഉൾക്കൊണ്ടിരുന്നു. അതുകൊണ്ട് അവർ മിഷനറിമാരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു. പുലയർക്കും പറയർക്കുമൊക്കെ ആദ്യമായി സ്‌കൂളുകളിൽ പ്രവേശനം കൊടുത്തതും മിഷനറിമാർ ആയിരുന്നു. സർക്കാർ സ്‌കൂളുകളിലും പ്രവേശനം കൊടുത്തിരുന്നെങ്കിലും ഉന്നത ജാതിക്കാർ പഠിപ്പിച്ചിരുന്ന സ്‌കൂളുകളിൽ ജാതി വിവേചനം നിലനിന്നിരുന്നു. ഇതൊക്കെ പലരും സചിത്രമായ വിവരണങ്ങളോട് കൂടി എഴുതിയിട്ടുള്ള കാര്യങ്ങളാണ്.

മിഷനറിമാർ പോയ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും സാക്ഷരതാ നിരക്ക് ഉയർന്നിട്ടുണ്ട്. പക്ഷെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വലിയ പ്രശ്നങ്ങൾ തന്നെ ആയിരുന്നു  താഴ്ന്ന ജാതിക്കാർക്കും, പെൺകുട്ടികൾക്കും വിദ്യ അഭ്യസിക്കൽ. ഇതെഴുതുന്നയാൾ താമസിക്കുന്ന ഡൽഹി-ഹരിയാന അതിർത്തിയോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ പണ്ട് ഇറ്റാലിയൻ മിഷനറിമാർ സ്‌കൂൾ തുടങ്ങി. പക്ഷെ അവിടുത്തെ ജാട്ടുകാർ താഴ്ന്ന ജാതിക്കാർ വിദ്യാഭ്യാസം അഭ്യസിക്കുന്നതിനെ ശക്തമായി എതിർത്തു. അതുപോലെ തന്നെ നമ്മുടെ പാരമ്പര്യ സമൂഹം എതിർത്ത ഒന്നായിരുന്നു പെൺകുട്ടികളുടെ വിദ്യാഭ്യാസം. 'മിർച്ച് മസാല' എന്ന ഹിന്ദി ചിത്രത്തിൽ ഗ്രാമമുഖ്യൻ തൻറ്റെ മകളെ ഭാര്യ സ്‌കൂളിൽ ചേർത്ത കാര്യം അറിഞ്ഞു കോപാകുലനായി പെൺകുഞ്ഞിനെ സ്‌കൂളിൽ നിന്ന് ബലമായി വലിച്ചിഴച്ചു കൊണ്ടുവരുന്ന രംഗം കാണിക്കുന്നുണ്ട്. രാജസ്ഥാനിൽ ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ നടന്ന കാര്യങ്ങളുടെ സിനിമാവിഷ്കാരമാണ് അതൊക്കെ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള പ്രതിലോമകരമായ മനോഭാവമാണ് അത്തരം പെരുമാറ്റ രീതികളിലൂടെ 'മിർച്ച് മസാല' പോലുള്ള സിനിമകളിൽ കാണിക്കുന്നത്. കേരളത്തിൽ നിലനിന്നിരുന്ന 'മാതൃദായക്രമം' ആയിരിക്കാം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോട് സമൂഹവും, കുടുംബങ്ങളും ഒരുപക്ഷെ രൂക്ഷമായി പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും പ്രതികരിക്കാതിരുന്നതിന് ഒരു പ്രധാന കാരണം. നമ്മുടെ മിത്തുകളിലും ചരിത്രത്തിലും ഉള്ള ഉണ്ണിയാർച്ചമാരും, തുമ്പോലാർച്ചമാരും ഒക്കെ ആയിരിക്കാം സാധാരണക്കാരായ സ്ത്രീകൾക്ക് വിദ്യ അഭ്യസിക്കാൻ ഒരുപക്ഷെ അവസരം നൽകിയത്.

കേരളത്തിൽ നിലനിന്നിരുന്ന മാതൃദായ ക്രമത്തെ കുറിച്ച് വളരെയേറെ വാഴ്ത്തുമൊഴികൾ തലമുറകളായി പകർന്നു കൊടുത്തിട്ടുണ്ട്. പക്ഷെ അത്തരം സ്ത്രീകൾക്ക് പ്രാധാന്യം ഉണ്ടായിരുന്ന സാമൂഹ്യ ഘടന ഉണ്ടായിരുന്നിട്ടും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ പോലും 'ഡിസിഷൻ മേയ്ക്കിങ്' സ്ഥാനങ്ങളിൽ അധികം സ്ത്രീകളെ  കാണാൻ കിട്ടുന്നില്ല. എന്താവാം അതിനു കാരണം??? മാതൃദായ ക്രമത്തേയും, ആറ്റിങ്ങലിലെ ഉമയമ്മ റാണിയെ കുറിച്ചുള്ള ചരിത്രവും ഒക്കെ കുറെ കാൽപനികമാണ് എന്നാണ് ഇതെഴുതുന്ന ആളുടെ അഭിപ്രായം. തോപ്പിൽ ഭാസി തൻറ്റെ അമ്മയെ ഉദ്ധരിച്ച് സ്ത്രീകളുടെ അവസ്ഥ വിവരിച്ചിട്ടുണ്ട്: "ഒരു ദിവസം കാരണവർ വിളിക്കുന്നു; അതിനു ശേഷം അടുത്തു നിന്ന ആളോട് പുടവ കൊടുക്കാൻ പറയുന്നു; എങ്ങനെയോ നാല് മക്കളുണ്ടായി" - ഇതാണ് തോപ്പിൽ ഭാസി തൻറ്റെ അമ്മയെ ഉദ്ധരിച്ച് സ്ത്രീകളുടെ അവസ്ഥ വിവരിക്കുന്നത്.

നൂറ്റാണ്ടുകളായി മലയാളികളുടെ മനസ്സിൽ സ്ത്രീ വിരുദ്ധ മനോഭാവമാണ് നിലനിൽക്കുന്നത്. അതാണ് 'ഡിസിഷൻ മേയ്ക്കിങ്' സ്ഥാനങ്ങളിൽ ഇന്നും അധികം സ്ത്രീകളെ  കാണാത്തത്. മലയാളിയുടെ വീര ശൂര പരാക്രമി ആയിരുന്ന തച്ചോളി ഒതേനൻ പറയുന്നതായ വടക്കൻ പാട്ട് ഒന്ന് ശ്രദ്ധിക്കുക:
“ആണിന്നടങ്ങാത്ത പെണ്ണുണ്ടിന്ന്
അങ്ങനെയൊരു പെണ്ണുണ്ടെങ്കിൽ
ഓളെ ഞാൻ നന്നാക്കിക്കൊണ്ട്വരല്ലോ…
ഒന്നിങ്ങു കേൾക്കണം പെറ്റോരമ്മേ
ഞാനിന്നടക്കാത്ത പെണ്ണുമില്ല
ഞാനിന്നു കേറാത്ത വീടുമില്ല” – ഇതാണ് തച്ചോളി ഒതേനൻറ്റെ വീര വാദം. മാടമ്പിത്തരത്തിൻറ്റയും ആണഹന്തയുടെയും അങ്ങേയറ്റമാണ് ഈ വാക്കുകളിൽ മുഴങ്ങുന്നത്. തച്ചോളി അമ്പാടി വഴി മാറാത്തത്തിൻറ്റെ പേരിലാണ് അങ്കം കുറിക്കുന്നത്. ഇത്തരം ഫ്യൂഡൽ സങ്കൽപ്പങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിച്ചത് ക്രിസ്ത്യൻ മിഷനറിമാരും, കമ്മ്യൂണിസ്റ്റുകാരും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളും ആണ്.

1924- ലെ വൈക്കം സത്യാഗ്രഹത്തെ കുറിച്ച് പറയുമ്പോൾ തന്നെ വൈക്കം സത്യാഗ്രഹ സമയത്ത് ചുണ്ണാമ്പു കലക്കിയൊഴിച്ച് ദളിതൻറ്റെ കണ്ണ് കളഞ്ഞ കഥ കൂടി പറയണം; അത് കൂടി കാണണം. അയിത്തം ഉണ്ടാകാതിരിക്കാനായി ചുണ്ണാമ്പു തെറിപ്പിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

അതുപോലെ ചരിത്രത്തിലേക്ക് നോക്കിയാൽ അണഹന്തയുടേയും, ജാതി ബോധത്തിൻറ്റെയും ഒത്തിരി കഥകൾ ഉണ്ട്. ചക്കയുടെയും, മാങ്ങയുടെയും, തേങ്ങയുടെയും, അരിയുടെയും പേരിലായിരുന്നു കേരളത്തിൽ പല അങ്കം വെട്ടും, തല കൊയ്യലുമൊക്കെ. ഇതൊക്കെ വിവരിക്കുന്ന വടക്കൻ പാട്ട് എഴുതി വെച്ചവർ മിഷനറിമാരോ, മുസ്ലീം ആക്രമണകാരികളോ ഒന്നും അല്ല. ഇവിടുള്ളവർ തന്നെയാണ്.

ആരോമൽ ചേകവരും, അരിങ്ങോടരും തമ്മിലുള്ള അങ്കം വെട്ടിൻറ്റെ കാരണമായ മൂപ്പിളമ തർക്കം വിവരിക്കുന്ന വടക്കൻ പാട്ട് ഒന്ന് പഠിച്ചാൽ മതി ഇതു മനസ്സിലാക്കാൻ.
"കൊള്ളി തലക്കൽ ബലി ഒപ്പം ചെയ്തു

ശേഷിച്ച നെല്ലും, അരിയും ചൊല്ലി

എടമുണ്ടൻ തെങ്ങിൻറ്റെ തേങ്ങ ചൊല്ലി

വേടൻ പിലാവിൻറ്റെ ചക്ക ചൊല്ലി

വടുക പുളിയൻറ്റെ മാങ്ങ ചൊല്ലി" - ഇങ്ങനെയാണ് ആ പാട്ട് പോകുന്നത്. കവിയുടെ വാക്കുകളിൽ പോലുമുണ്ട് പരിഹാസം. ഈ വരികൾ തന്നെ ചക്കയുടെയും, മാങ്ങയുടെയും, തേങ്ങയുടെയും, അരിയുടെയും പേരിലായിരുന്നു കേരളത്തിൽ പല അങ്കം വെട്ടും, തല കൊയ്യലുമൊക്കെ എന്ന് വെളിവാക്കുന്നു.

ഒതേനനും, മതിലൂർ ഗുരുക്കളും തമ്മിലുള്ള അങ്കത്തിനു നിദാനം ഒതേനൻറ്റെ ജാതി ബോധമായിരുന്നു.
"കുൻജാരനല്ലേ കുലമവൻറ്റെ

എൻ തല മണ്ണിൽ കത്തുവോളം

കുൻജാരനാചാരം ചെയ്യുകേലാ" - എന്നാണ് ആചാര കൈ നീട്ടാൻ പറഞ്ഞ കോമ കുറുപ്പിനോട് ഒതേനൻ പറഞ്ഞത്.

തച്ചോളി ഒതേനൻ തന്നെ മതിലൂർ ഗുരുക്കളോട് അങ്കം കുറിച്ചത് എങ്ങനെയാണ്? മതിലൂർ ഗുരുക്കൾ വന്നപ്പോൾ ഇരട്ട കുഴൽ തോക്ക് പ്ലാവിൽ ഒന്ന് ചാരി. രാജാവ് അല്ലെങ്കിൽ പോന്നു തമ്പുരാൻ വരുമ്പോൾ പൊൻ കുന്തം ചാരനുള്ളതാണ് ആ പ്ലാവ് എന്ന ആചാര മുറ തെറ്റിച്ചതിനാണ് തച്ചോളി ഒതേനൻൻറ്റെ രോഷ പ്രകടനം. "പൊൻ കുന്തം ചാരും പിലാവോടിപ്പോൾ" എന്ന് പറഞ്ഞാണ് തച്ചോളി ഒതേനൻ ചാടി വീണു മതിലൂർ ഗുരുക്കളോട് അങ്കം കുറിക്കുന്നത്.
ഇത്തരം ഫ്യൂഡൽ സങ്കൽപ്പങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിച്ചത് ക്രിസ്ത്യൻ മിഷനറിമാരും, കമ്മ്യൂണിസ്റ്റുകാരും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളും ആണ്. വിദ്യാഭ്യാസം, ആരോഗ്യം, അത് വഴി ഉണ്ടായ ഭക്ഷ്യ സുരക്ഷ, ഇൻഫ്രാസ്ട്രക്ച്ചർ വികസനം - ഇതിനൊക്കെ നമ്മൾ കടപെട്ടിരിക്കേണ്ടത് മിഷനറിമാരോടും, കമ്മ്യൂണിസ്റ്റുകാരോടും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളോടും ആണ്. അതാണ് ചരിത്രം.

2019 ജൂലൈ 17, ബുധനാഴ്‌ച

എല്ലാവരും ഉയർത്തിപ്പിടിച്ച 'കേരളാ മോഡലിന്' പിന്നീട് എന്തു സംഭവിച്ചു?

പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷാ – എന്നിങ്ങനെയുള്ള കേരളത്തിൻറ്റെ വികസനത്തെ അടയാളപ്പെടുത്തിയ ജീവിത സൂചികകൾ മൂലം കൊട്ടിഘോഷിക്കപ്പെട്ടിരുന്ന 'കേരളാ മോഡലിന്' 1990-കൾക്ക് ശേഷം എന്തു സംഭവിച്ചു? ഇന്നിപ്പോൾ പ്രകൃതി ഇത്ര കനിഞ്ഞനുഗ്രഹിച്ചിട്ടും കേരളത്തിൽ നാം നമ്മുടെ ഉൾനാടൻ മത്സ്യ കൃഷി വികസിപ്പിച്ചിട്ടില്ല. ഇത്രയേറെ തോടുകളും, പുഴകളും, കായലുകളും, നീണ്ട കടൽ തീരവും ഉണ്ടായിട്ട് നാം ജല ഗതാഗതം വികസിപ്പിച്ചിട്ടില്ല. കേരളത്തിലെ വ്യവസായിക, കാർഷിക, സേവന മേഖലകളെ വികസിപ്പിച്ചിട്ടില്ല. അതേ സമയം ഇതൊന്നുമില്ലാഞ്ഞിട്ടും മറ്റു സംസ്ഥാനങ്ങളിൽ വികസനം കൈവന്നു. പൻജാബിലും, ഹരിയാനയിലും വരെ അവർ ഉൾനാടൻ മത്സ്യ കൃഷി വികസിപ്പിച്ചു. അവരൊക്കെ കാർഷിക രംഗത്ത് വൻതോതിലുള്ള യന്ത്രവൽക്കരണം കൊണ്ടുവന്നു. എലാ വികസിത രാജ്യങ്ങളും കാർഷിക രംഗത്ത് വൻ തോതിലുള്ള യന്ത്രവൽക്കരണം കൊണ്ടുവന്നിട്ടുണ്ട്. തെങ്ങു കയറാനുള്ള യന്ത്രം, മണ്ണ് കുഴിക്കാനുള്ള യന്ത്രം. പാൽ കറക്കാനുള്ള യന്ത്രം, മരം മുറിക്കാനുള്ള യന്ത്രം – ഇങ്ങനെ യന്ത്രവൽക്കരണത്തെ ആശ്രയിക്കാവുന്ന എത്രയെത്ര മേഖലകൾ കേരളത്തിൽ ഉണ്ടായിരുന്നു??? അതിനെ കുറിച്ചൊക്കെ ആകുലരാകുന്നതിന് മുമ്പ് ഇരുപതാം നൂറ്റാണ്ടിലെ ഉത്തരാർദ്ധത്തിൽ കേരളത്തിലുണ്ടായ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾ കാണേണ്ടതുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലുണ്ടായ സാമൂഹ്യ മാറ്റങ്ങളുടെ ചരിത്രം പറയുമ്പോൾ സാക്ഷരതാ നിരക്ക് ഉയർന്ന കാര്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിനോടൊപ്പം മലയാളിയുടെ വായനാ സംസ്കാരം ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ മാറിയ കഥ കൂടി നാം ഓർക്കണം. മലയാളിയുടെ സാക്ഷരതാ നിരക്ക് ഉയർത്താൻ തിരുവിതാംകൂർ, കൊച്ചി - എന്നീ നാട്ടുരാജ്യങ്ങളിൽ പ്രൊട്ടസ്റ്റൻറ്റ് മിഷനറിമാർ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ശ്രമം തുടങ്ങിയിരുന്നു. 'മിഷനറീസ് ഓഫ് ലണ്ടൻ സൊസൈറ്റി', CMS മിഷൻ, ബേസൽ മിഷൻ, ജെസ്യൂട്ടുകൾ, ഫ്രാൻസിസ്കൻ മിഷനറിമാർ - ഇവരുടെ പ്രവർത്തനങ്ങളാണ് കേരളത്തിലെ സാക്ഷരതാ നിരക്ക് കൂട്ടാൻ പ്രധാന കാരണം. തിരുവിതാംകൂർ, കൊച്ചി - എന്നീ നാട്ടുരാജ്യങ്ങളിൽ അന്നത്തെ രാജാക്കൻമാരുടെ അനുമതിയോടെയാണ് മിഷനറിമാർ സാക്ഷരതാ നിരക്ക് ഉയർത്താൻ യത്നിച്ചത്. പുലയർക്കും പറയർക്കുമൊക്കെ ആദ്യമായി സ്‌കൂളുകളിൽ പ്രവേശനം കൊടുത്തതും മിഷനറിമാർ ആയിരുന്നു. കേരളത്തിൽ പ്രിൻറ്റിങ് ടെക്‌നോളജി വ്യാപിപ്പിച്ചതിൻറ്റെ ക്രെഡിറ്റും മിഷനറിമാർക്ക് അവകാശപ്പെടാവുന്നതാണ്.

എഴുത്താശാൻമാർ നെത്ര്വത്ത്വം കൊടുത്ത 'കുടിപ്പള്ളിക്കൂടം' ഒക്കെ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും ഉണ്ടായിരുന്നെങ്കിലും മലബാർ ഉൾപ്പെടെയുള്ള മദ്രാസ് പ്രൊവിൻസിൻറ്റെ 'ലിറ്ററസി റെയ്റ്റ്' ആയി 1901 - ലെ സെൻസസിൽ കാണിക്കുന്നത് പുരുഷൻമാർക്ക് 11.9 ശതമാനവും, സ്ത്രീകൾക്ക് 0.11 ശതമാനവും ആണ്. ഇതിൽ നിന്ന് തന്നെ മൊത്തം ജനസംഖ്യയിൽ എത്ര പേർക്ക് എഴുതാനും, വായിക്കാനും അന്നത്തെ കേരളത്തിൽ കഴിഞ്ഞിരുന്നൂ എന്ന് ഊഹിക്കാം. ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി പിന്നീട് സാക്ഷരതയിൽ കേരളം കണ്ടത് ഒരു വൻ കുതിച്ചു ചാട്ടമാണ്. 1951 ആയപ്പോൾ കേരളത്തിലെ സ്ത്രീകളുടെ സാക്ഷരത 31.5 ശതമാനം ആയി മാറി. അപ്പോഴും ഇന്ത്യയൊട്ടാകെ 7.9 ശതമാനം സ്ത്രീകൾക്ക് മാത്രമേ എഴുത്തും വായനയും അറിയാമായിരുന്നുള്ളൂ. 1991 ആയപ്പോൾ മൊത്തം കേരളത്തിലെ 'ലിറ്ററസി റെയ്റ്റ്' ആയി കാണിക്കുന്നത് 78 ശതമാനമാണ്. അപ്പോഴും ബീഹാറിൽ 31 ശതമാനവും, ഉത്തർ പ്രദേശിൽ 34 ശതമാനവും മാത്രമേ സാക്ഷരത ഉണ്ടായിരുന്നുള്ളൂ എന്ന് പറയുമ്പോൾ നമുക്ക് കേരളത്തിൻറ്റെ സവിശേഷ വികസന മാതൃക മനസിലാക്കാം. ഈ സവിശേഷ വികസന മാതൃകയാണ് പിന്നീട് 'കേരളാ മോഡൽ' വികസനം എന്നറിയപ്പെട്ടത്.

സാക്ഷരത ഉയർന്ന 1950-കൾക്ക് ശേഷമുള്ള കേരളത്തിൽ പ്രൊഫസർ റോബിൻ ജെഫ്രി ചൂണ്ടിക്കാട്ടുന്നത് പോലെ പത്ര മാധ്യമങ്ങളുടെ പ്രസിദ്ധീകരണത്തിൽ ഒരു വൻ വിപ്ലവം തന്നെയുണ്ടായി. 'ആധുനികത' എന്ന പ്രതിഭാസത്തിൻറ്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നായി സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്ന നോവലുകളുടെ ഉദയവും, വളർച്ചയും മലയാളത്തിലും ഉണ്ടായി. കോട്ടയം കേന്ദ്രമായി മലയാള മനോരമ, മനോരാജ്യം, മംഗളം - തുടങ്ങിയ അനേകം വീക്കിലികൾ പ്രസിദ്ധീകരിക്കപ്പെട്ടു. ജനപ്രിയ നോവലുകളിലൂടെ മലയാളിയുടെ വായനയുടെ തോത് ഉയർത്തുന്നതിൽ ഈ വീക്കിലികൾ വഹിച്ച പങ്ക് നിസ്തുലമാണ്. ഇതിനോടോപ്പം 'വായനശാലാ പ്രസ്ഥാനവും' കേരളത്തിൽ ഉണ്ടായി. 5000 ലൈബ്രറികൾ അല്ലെങ്കിൽ വായനശാലകൾ കേരളത്തിൽ അക്കാലത്ത് ഉണ്ടായി എന്ന് പറയുമ്പോൾ തന്നെ മലയാളിയുടെ വായനയിൽ വന്ന മാറ്റം കാണാം. 40 പത്രങ്ങളോളമാണ് 1950-കൾക്ക് ശേഷമുള്ള കേരളത്തിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടത്!!! അതൊക്കെ കൂടാതെ ആയിരത്തിൽ ഏറെ പ്രസിദ്ധീകരണങ്ങളും!!! മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്തതായിരുന്നു വായനയിൽ ഉണ്ടായ ആ നേട്ടം. 

ഇതിനും മുമ്പേ ഉണ്ടായ കർഷക സമരങ്ങളുടെ കഥ കൂടി പറഞ്ഞില്ലെങ്കിൽ കേരളത്തിലെ ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യ കാലത്തുണ്ടായ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളെ കുറിച്ചുള്ള കഥാകഥനത്തിന് ഒരു പൂർണതയും കൈവരില്ലാ. 1934-ൽ ഉണ്ടായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയാണ് ആദ്യമായി ചെറുകിട കർഷകരുടെ അതല്ലെങ്കിൽ പാട്ട കർഷകരുടെ പ്രശ്നം ഏറ്റെടുത്തത്. 1937-ൽ രൂപം കൊണ്ട മലബാർ കർഷക സംഘവും, പിന്നീട് 1940 -ൽ  രൂപമെടുത്ത കമ്യുണിസ്റ്റ് പാർട്ടിയും ചെറുകിട കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി കേരളത്തിലങ്ങോളമിങ്ങോളം സമരങ്ങൾ സംഘടിപ്പിച്ചു. 1940-50 കാലയളവിൽ ഇത്തരം സമരങ്ങളാൽ കേരളം പ്രക്ഷുബ്ദ്ധമായി. പിന്നീട് കമ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ 1957 ഡിസംബർ 18- ന് 'കേരളാ അഗ്രെറിയൻ ബിൽ' നിയമസഭയിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. 48 ദിവസത്തെ തുടർച്ചയായ ചർച്ചക്ക് ശേഷം 1959 ജൂൺ 10- ന് ആ ബിൽ പാസായി. ഹൈക്കോടതിയിലും, പിന്നീട് സുപ്രീം കോടതിയിലും വളരെക്കാലം നീണ്ടുനിന്ന നിയമ പോരാട്ടമാണ് 'കേരളാ അഗ്രെറിയൻ ബിൽ' - നെ പറ്റി പിന്നീടുണ്ടായത്. അവസാനം ആദ്യത്തെ ബില്ലിൽ കുറെയൊക്കെ മാറ്റങ്ങൾ വരുത്തി 1970-ൽ നിലവിൽ വന്ന അച്യുത മേനോൻ സർക്കാരാണ് കേരളത്തിൽ ഭൂ പരിഷ്കരണ നിയമം നടപ്പിലാക്കിയത്. ഭൂ പരിഷ്കരണ നിയമം നടപ്പിലാക്കിയത് മൂലം പാട്ടഭൂമി സ്ഥിരപ്പെടുത്തിയതിന് പുറമെ കുടികിടപ്പ് അവകാശം കർഷക തൊഴിലാളികൾക്ക് ആദ്യമായി കിട്ടി. അന്നത്തെ അവസ്ഥയിൽ അതൊരു വലിയ വിപ്ലവം തന്നെയായിരുന്നു.

ട്രെയിഡ് യൂണിയൻ പ്രസ്ഥാനങ്ങൾ വഴി 'മിനിമം വേജ്' പരിഷ്ക്കരിച്ച മറ്റൊരു നിയമമായിരുന്നു കേരളത്തിലെ അടുത്ത സാമൂഹ്യ വിപ്ലവം. സ്ത്രീകൾക്ക് 1957-ൽ നിലവിൽ വന്ന 'മറ്റേണിറ്റി ബെനഫിറ്റ് ആക്റ്റ്' വഴി ഒട്ടേറെ അവകാശങ്ങളും, ആനുകൂല്യങ്ങളും നൽകി. ഈ മാറ്റങ്ങളെ കുറിച്ചൊക്കെ അന്നത്തെ നിലവിലിരുന്ന സാഹചര്യങ്ങളിൽ കൂടിയാണ് നാം നോക്കി കാണേണ്ടത്. അതല്ലാതെ ഇന്നത്തെ സാഹചത്ര്യത്തിൽ അതിനെയൊക്കെ നോക്കിക്കണ്ടാൽ കാര്യങ്ങൾ മനസ്സിലാവുകയില്ല.

ശാസ്ത്ര സാഹിത്ത്യ പരിഷത്തും, യുക്തിവാദി സംഘടനകളും കൊണ്ടുവന്ന ശാസ്ത്ര ബോധം കൂടി 1950-കൾക്ക് ശേഷമുള്ള കേരളത്തിൽ കാണാം. ഈ സാമൂഹ്യ അവബോധത്തിൻറ്റെ ഫലമായി മറ്റൊരു സംസ്ഥാനത്തും അന്ന് നിലവിൽ വരാത്ത സാർവത്രിക സ്‌കൂൾ വിദ്യാഭ്യാസ പദ്ധതി കേരളത്തിൽ രൂപം കൊണ്ടു. 1990 ആയപ്പോൾ മൊത്തം കേരളത്തിലെ 'ഇൻഫൻറ്റ് മോർട്ടാലിറ്റി റെയ്റ്റ്' അതല്ലെങ്കിൽ നവജാത ശിശുക്കളുടെ മരണം ആയിരത്തിൽ കേവലം 17 ആയി കുറഞ്ഞു. അപ്പോഴും ബീഹാറിൽ നവജാത ശിശുക്കളുടെ മരണം ആയിരത്തിൽ 75 -ഉം, ഉത്തർ പ്രദേശിൽ 98 -ഉം ആണെന്ന് പറയുമ്പോൾ നമുക്ക് അന്നത്തെ കേരളത്തിൻറ്റെ വികസനം മനസിലാക്കാം. ഇതൊക്കെ രേഖപ്പെടുത്തിയ കണക്കുകളാണ്. കണക്കുകളിൽ ഒത്തിരി കൃത്ത്വമത്ത്വം ഉള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശിശു മരണ നിരക്ക് അതിനേക്കാൾ എത്രയോ കൂടുതലാകാൻ മാത്രമേ സാധ്യത ഉള്ളൂ. ബീഹാറിൽ ഈയിടെ ‘Encephalatis Syndrome’ അതല്ലെങ്കിൽ മസ്തിഷ്ക്ക ജ്വരം ബാധിച്ച് നൂറിലേറെ കുട്ടികൾ മരിച്ചതും, അതിനുമുമ്പ് ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിൽ 100-ൽ ഏറെ കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച വാർത്തയും ഒക്കെ കേരളത്തിൻറ്റെ ആരോഗ്യ രംഗത്തെ നേട്ടങ്ങളോട് കൂട്ടി വായിക്കുമ്പോൾ മാത്രമേ കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്ര വ്യത്യസ്തമാണെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂ. ബീഹാറിൽ ഈയിടെ നൂറിലേറെ കുട്ടികൾ മരിച്ചപ്പോൾ എല്ലാവരും അംഗീകരിച്ച ഒരു കാര്യമുണ്ട്: ലിച്ചിപ്പഴം വെറും വയറ്റിൽ കഴിക്കുന്നതൊക്കെ ഒരു കാരണമായി ചൂണ്ടി കാണിക്കാമെങ്കിലും ആത്യന്തികമായി ബീഹാറിലെ ദാരിദ്ര്യം തന്നെയാണ് ആ മരണങ്ങൾക്ക് കാരണമെന്നുള്ളത്. ‘ഹീറ്റ് വേവ്’ കാരണം ബീഹാറിൽ മാത്രം കഴിഞ്ഞ മെയ്-ജൂൺ മാസങ്ങളിൽ നൂറോളം പേർ മരിച്ചു. ഉത്തരേന്ത്യയിലും, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും ‘ഹീറ്റ് വേവ്’ കാരണം മരിച്ചവരുടെ സംഖ്യ ഇതിലും എത്രയോ കൂടുതലാണ്.

1990-കളുടെ തുടക്കത്തിൽ തന്നെ 4500-ൽ ഏറെ 'പ്രൈമറി ഹെൽത്ത് സെൻറ്ററുകൾ അതല്ലെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിച്ചതാണ് ആരോഗ്യ രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാകാൻ കാരണം. ആരോഗ്യ രംഗത്തെ മാറ്റം ജനസംഖ്യ നിയന്ത്രിക്കുന്നതിലും ഉതകി. പടിപടിയായി ജനസംഖ്യ നിയന്ത്രിക്കുന്നതിൽ കൈവന്ന നേട്ടങ്ങളുടെ പട്ടികയിൽ 1990-കൾക്ക് ശേഷം കേരളത്തിലെ പല പ്രദേശങ്ങളിൽ നിന്നും 'സീറോ പോപ്പുലേഷൻ റെയ്റ്റ്' അതല്ലെങ്കിൽ ജനസംഖ്യയിൽ കാര്യമായ കൂടൽ ഇല്ലാതാവാതിരിക്കുന്ന അവസ്ഥയും കൈവന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ പ്രൊഫെസ്സർ അമർത്യ സെന്നും, കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫെസ്സർ ജഗദീഷ് ഭഗവതിയും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ നിന്ന് കൊണ്ട് വികസനത്തിന് വേണ്ടി വാദിക്കുന്നവരാണ്. പ്രൊഫെസ്സർ ഭഗവതി വ്യവസായ വൽക്കരണവും, തൊഴിലവസരങ്ങളും വികസനത്തിലേക്ക് നയിക്കും എന്ന് പറയുമ്പോൾ പ്രൊഫെസ്സർ അമർത്യ സെൻ അടിസ്ഥാന വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമാണ് വികസനത്തിലേക്ക് നയിക്കുന്നത് എന്നാണു പറയുന്നത്. കേരളമാണ് അമർത്യ സെൻറ്റെ വാദഗതികൾ ഏറ്റു പിടിക്കുന്നവർ മാതൃകയായി ഉയർത്തി കാണിക്കുന്നത്. കേരളത്തിൽ ഉണ്ടായ വിദ്യാഭ്യാസത്തിലേയും, ആരോഗ്യത്തിലേയും മുന്നേറ്റം കേരളത്തിൻറ്റെ 'ഹ്യുമൻ ഡെവലപ്പ്മെൻറ്റ് ഇൻഡക്സിൽ' പ്രതിഫലിച്ചു എന്ന് തന്നെയാണ് അമർത്യ സെന്നിൻറ്റെ വാദം. കേരളം, ഗോവ, മിസോറാം പോലുള്ള സംസ്ഥാനങ്ങൾ മുന്നേറാനുള്ള കാരണം അടിസ്ഥാന വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായിരുന്നു. കേരളത്തിൽ പൊതു വിതരണ സമ്പ്രദായം വഴി റേഷൻ കടകളിൽ കൂടി അരിയും, മണ്ണെണ്ണയും, ഗോതമ്പു പൊടിയും ഒക്കെ ജന സാമാന്യത്തിലേക്ക് എത്തിക്കുവാൻ സർക്കാരിന് കഴിഞ്ഞു. റേഷൻ കടകളിൽ കൂടിയും, മാവേലി സ്റ്റോറുകൾ വഴിയും ഉണ്ടാക്കിയെടുത്ത പൊതുവിതരണ സബ്രദായം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. 500 കുടുംബങ്ങൾക്ക് ഒരു റേഷൻ കട എന്ന രീതിയിൽ 1950-കൾക്ക്ശേഷം പ്രവർത്തിച്ച  കേരളത്തിലെ പൊതു വിതരണ സമ്പ്രദായം ജനങ്ങളുടെ ജീവിത നിലവാരം കേരളത്തിൽ വളരെയേറെ ഉയർത്തി. 'ക്വാളിറ്റി ഓഫ് ലൈഫ്' അതുകൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ വ്യത്യസ്തവുമാണ്. ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ കേരളത്തിലുണ്ടായ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളുടെ ഭാഗമായി ഈ 'ഹ്യുമൻ ഡെവലപ്പ്മെൻറ്റ് ഇൻഡക്സിനെ' അതല്ലെങ്കിൽ  'ക്വാളിറ്റി ഓഫ് ലൈഫ്' - നെ കാണാം.

1990-കൾക്ക് ശേഷം എല്ലാവരും ഉയർത്തിപ്പിടിച്ച 'കേരളാ മോഡലിന്' പിന്നീട് എന്തു സംഭവിച്ചു? പ്രശ്നങ്ങൾ 1990-ന് മുമ്പ് തന്നെ തുടങ്ങിയിരുന്നൂ എന്ന് വേണമെങ്കിൽ പറയാം. ഗൾഫിൽ നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഒഴുകിയ പണം ഒരിക്കലും 'പ്രോഡക്റ്റീവ് ഇൻവെസ്റ്റ്‌മെൻറ്റിന്' പോയില്ല എന്നതായിരുന്നു മൂല കാരണം. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ വേണ്ടി ഉണ്ടായ ട്രെയിഡ് യൂണിയൻ പ്രസ്ഥാനങ്ങൾ തൊഴിൽ സംകാരത്തെ തന്നെ നശിപ്പിക്കുന്ന കാഴ്ചയാണ് 1990-കൾക്ക് ശേഷം കേരളത്തിൽ കണ്ടത്. കേരളം ഒരിക്കലും ഒരു 'എൻറ്റർപ്രണർ ഫ്രണ്ട്‌ലി സ്റ്റേയിറ്റ്' ആയിരുന്നില്ല. നമ്മുടെ ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും സംസ്ഥാനം ഒരു 'എൻറ്റർപ്രണർ ഫ്രണ്ട്‌ലി സ്റ്റേയിറ്റ്' ആകുന്നതിനെ കുറിച്ച് അത്രയ്ക്ക് ബോധവാന്മാരും അല്ല. കേരളത്തിലെ തനതായ ഇൻവെസ്റ്റ്‌മെൻറ്റ് വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും ആണെന്ന് പറയാം. കേരളത്തിൽ ഉണ്ടായ വിദ്യാഭ്യാസത്തിലേയും, ആരോഗ്യത്തിലേയും മുന്നേറ്റം കേരളത്തിൻറ്റെ 'ഹ്യുമൻ ഡെവലപ്പ്മെൻറ്റ് ഇൻഡക്സിൽ' പ്രതിഫലിച്ചതാകാം ഇന്നിത്രയും പ്രവാസികളെ കാണാൻ സാധിക്കുന്നത്. പക്ഷെ മലയാളി ഓർക്കേണ്ട ഒരു കാര്യമുണ്ട്. വിദേശങ്ങളിൽ നിന്നുള്ള 'റെമിറ്റൻസസ്' എല്ലാ കാലത്തും കേരളത്തിലേക്ക് ഒഴുകത്തില്ലാ. അതുകൊണ്ട് സംരംഭകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് പകരം വ്യത്യസ്തമായ ഒരു തൊഴിൽ സംസ്കാരം സൃഷ്ടിക്കുന്നതിന് വേണ്ടി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും കേരളത്തിലെ ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും, ജനങ്ങളും ശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്.

2019 ജൂലൈ 8, തിങ്കളാഴ്‌ച

കേരളത്തിലെ 'നായർ മേധാവിത്ത്വത്തിൻറ്റെ പതനം'

മംഗലശേരി തറവാടും, പച്ചാഴി തറവാടും തമ്മിൽ നാട്ടിൽ മേൽക്കോയ്മയ്ക്ക് വേണ്ടി നടത്തിയ ശീതയുദ്ധമാണ് പി. കേശവദേവിൻറ്റെ പ്രസിദ്ധമായ 'അയൽക്കാർ' എന്ന നോവലിൻറ്റെ പ്രമേയം. ക്ഷേത്രത്തിലെ ഉൽസവ പറമ്പിലും, നാട്ടുകാർ തമ്മിലുള്ള കലഹങ്ങളിലും എന്നുവേണ്ട ഒരു ഗ്രാമത്തിൽ സംഭവിക്കാവുന്ന എല്ലാ ഭിന്നതകളും ഈ രണ്ടു തറവാട്ടിലും പെട്ടവർ കക്ഷി ചേർന്നു. രണ്ടു കൂട്ടരും തല്ലുണ്ടായപ്പോൾ ഗുണ്ടകളെ ഇറക്കി. സ്ത്രീകൾ അങ്ങോട്ടുമിങ്ങോട്ടും ഏഷണിയും പരദൂഷണവും നടത്തി. മംഗലശേരി തറവാട്ടിലെ സ്ത്രീകൾക്കെതിരേ 'സ്വഭാവ ദൂഷ്യം' എന്ന ആരോപണവും പച്ചാഴി തറവാട്ടിലെ സ്ത്രീകൾ നാട്ടിൽ ഉയർത്തി. തറവാടുകളിലെ സ്ത്രീകളുടെ 'സ്വഭാവ ദൂഷ്യം' അന്നൊക്കെ നിസാര സംഗതിയല്ലല്ലോ. അതൊക്കെ ഗ്രാമ ചന്തകളിൽ പറഞ്ഞു പരത്തിയത് വലിയ കോലാഹലത്തിലാണ് അവസാനിച്ചത്. അവസാനം എന്ത് സംഭവിച്ചു? രണ്ടു തറവാട്ടിലേയും ആണുങ്ങൾ തല്ലിലും വെട്ടിലുമായി അനേകം കേസുകളിൽ പ്രതികളായി. കേസിൽ പ്രതികളാകുമ്പോഴും ആഢ്യത്വവും, പ്രഭുത്വവും കുറക്കാൻ സാധിക്കില്ലല്ലോ. രണ്ടു കൂട്ടരും ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന വക്കീലൻമാരേ തങ്ങൾക്ക് വേണ്ടി ഇറക്കി. കേസുകളുടെ ചെലവിനായി രണ്ടു കൂട്ടരും തറവാടിൻറ്റെ ഭൂമി അന്യാധീനപ്പെടുത്തി. അവസാനം തെളിവെടുപ്പും, വിചാരണയും, ശിക്ഷയുമൊക്കെയായി പോലീസ് സ്റ്റേഷനിലും, കോടതിയിലും, ജയിലിലും ഇരു കൂട്ടരും ജീവിതം പാഴാക്കിയപ്പോൾ രണ്ടു തറവാടുകളുടേയും സമ്പത്ത് കാര്യമായി ചോർന്നു.

കേരളത്തിലെ ഒരു കാലഘട്ടത്തിലെ സംഭവങ്ങളുടെ നേർക്കാഴ്ചയാണ് പി. കെശവദേവിൻറ്റെ പ്രശസ്തമായ 'അയൽക്കാർ' എന്ന നോവലിൽ കാണിച്ചു തരുന്നത്. കുട്ടനാട്ടിലെ ആറു തലമുറകളുടെ കഥ പറഞ്ഞ തകഴി ശിവശങ്കര പിള്ളയുടെ 'കയറിൽ' താലികെട്ട് കല്യാണങ്ങളുടെ സചിത്രമായ വിവരണമുണ്ട്. സ്ത്രീകൾക്ക് വിലപിടിപ്പുള്ള സ്വർണം, വസ്ത്രങ്ങൾ - ഇവയൊക്കെ ആഘോഷങ്ങൾക്ക് ഒഴിച്ച് കൂടാത്തതാണല്ലോ. വിഭവ സമൃദ്ധമായ സദ്യയും ഈ ആഘോഷങ്ങളുടെ ഒക്കെ ഭാഗവും ആണല്ലോ. കര ഒട്ടാകെ ആണല്ലോ അന്നൊക്കെ സദ്യക്ക് ആളെ വിളിക്കുന്നത്. സദ്യ ഉണ്ട് ആളുകൾ ഏമ്പക്കം വിട്ട് എഴുന്നേറ്റ് പോകുന്നത് കാണുന്നതായിരിക്കാം ഒരുപക്ഷെ ആഢ്യത്വവും, പ്രഭുത്വവും പേറുന്ന ചിലർക്ക് അഭിമാനിക്കാൻ വക നൽകിയത്!!!

കുട്ടനാട്ടിൽ ഇത്തരത്തിൽ വള്ള സദ്യ നടത്തി മുടിഞ്ഞുപോയ തറവാടുകളുണ്ട്. പിൽക്കാലത്ത് ഈ സദ്യകളൊക്കെ പല സിനിമകൾക്കും പ്രമേയമായി. 'ജലോത്സവം' എന്ന സിനിമ അത് നന്നായി കാണിക്കുന്നുണ്ടല്ലോ. സിബി മലയിലിൻറ്റെ  സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, നവ്യ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പുറത്തിറങ്ങിയ ജലോത്സവത്തിൽ നെടുമുടി വേണുവിൻറ്റെ ക്യാരക്റ്റർ സ്വന്തം കുടുംബത്തിൻറ്റെ ഭൂമി പോലും വളളംകളിക്ക് വേണ്ടി അന്യാധീനപ്പെടുത്തുന്നതാണല്ലോ ആ സിനിമയിൽ കാട്ടിത്തരുന്നത്. വളളംകളിയെ നെഞ്ചിലേറ്റിയ ഒരു തലമുറ ആ വളളംകളിയുടെ ഭാഗമായുള്ള ചിലവ് മറക്കുമ്പോഴുള്ള പ്രശ്നമാണ് 'ജലോത്സവം' കാട്ടിത്തരുന്നത്. പണ്ടത്തെ 'സ്മാർത്ത വിചാരം' നമ്പൂതിരി സ്ത്രീകളുടെ 'സ്വഭാവ ദൂഷ്യം' മുൻനിർത്തിയുള്ള കുറ്റവിചാരണ ആയിരുന്നെങ്കിലും അത് നടത്തുന്ന തറവാട്ടിൽ സ്മാർത്തൻമാർക്കും അവരുടെ അനുയായികൾക്കും നല്ല സദ്യ ഒരുക്കണമായിരുന്നു. എം. ടി. - യുടെ പരിണയത്തിൽ അത് കാണിച്ചിട്ടുണ്ട്. സ്മാർത്ത വിചാരം നടത്തി പല കുടുംബങ്ങളും തകർന്ന കാര്യം അറിയാമോ എന്ന് മനോജ്‌ കെ. ജയൻറ്റെ ക്യാരക്റ്റർ ചോദിക്കുന്നുമുണ്ട് പരിണയത്തിൽ.

ഇത്തരത്തിൽ പണ്ട് നിലനിന്നിരുന്ന പല ദുഷിച്ച രീതികളും, ആചാരങ്ങളും ആണ് പല ഫ്യുഡൽ മേൽക്കോയ്മകളേയും തകർത്തത്. പക്ഷെ ഇതിനൊക്കെ അപ്പുറം ലോകമൊട്ടാകെ സംഭവിച്ച മറ്റൊരു പ്രധാന കാര്യവുമുണ്ട് പഴയ കാല ഭൂപ്രഭുക്കൾക്ക് അധികാരം നഷ്ടപ്പെടുത്തിയതിൽ. അത് ജനസംഖ്യയുടെ വർദ്ധനവായിരുന്നു. ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ നാട്ടു രാജ്യങ്ങളും, പ്രഭുക്കളും അവരുടെ യുദ്ധ വീര്യന്മാരും തമ്മിലുള്ള നിരന്തരമായ സംഘടനങ്ങൾക്ക് ബ്രട്ടീഷ് ഭരണത്തിൻറ്റെ ആധിപത്യത്തിൽ കുറച്ചൊക്കെ മാന്ദ്യം സംഭവിച്ചു. അതൊക്കെ കൂടാതെ പകർച്ച വ്യാധികളേയും, രോഗങ്ങളേയും കുറേയൊക്കെ  കീഴ്പ്പെടുത്തിയപ്പോൾ ജനങ്ങളുടെ മരണനിരക്ക് കുറഞ്ഞു; ആയുർദൈർഖ്യം കൂടി. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ഭൂമി പിന്നീട് അനേകം അംഗങ്ങളിൽ വീതിക്കപ്പെട്ടു. അപ്പോൾ തറവാടുകളിലെ കൃഷി ഭൂമി മാത്രം ആശ്രയിച്ചു ജീവിക്കാൻ പറ്റാത്ത അവസ്ഥ അന്നത്തെ വലിയ അംഗങ്ങളുള്ള കുടുംബങ്ങളിൽ നിലവിൽ വന്നു. എം. ടി. -യുടെ 'നാലുകെട്ട്' ആ ഭൂമി വീതം വെയ്‌പിൻറ്റെ പ്രശ്നങ്ങളൊക്കെ പറയുന്നുണ്ടല്ലോ.

മലയാളി ശരിക്കും അപ്പോഴാണ് പ്രവാസിയായി മാറി തുടങ്ങിയത്. ഒന്നാം ലോക മഹാ യുദ്ധത്തിലും, രണ്ടാം ലോക മഹാ യുദ്ധത്തിലും ധാരാളം മലയാളി പുരുഷൻമാർ പങ്കെടുത്തു. സൈന്യത്തിൽ അന്നൊക്കെ ചേർന്നത് രാജ്യസ്നേഹം മൂലം അല്ലായിരുന്നു. ബ്രട്ടീഷുകാരോട് രാജ്യസ്നേഹത്തെ പ്രതി കൂറ് കാട്ടേണ്ട കാര്യമൊന്നും ഇല്ലല്ലോ. തറവാടുകളിലെ ദാരിദ്ര്യം തന്നെയായിരുന്നു സൈന്യത്തിൽ ചേരാൻ അന്നൊക്കെ കാരണമായത്.

ഇന്ന് ആളുകൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള ദാരിദ്ര്യം ഒരു നൂറ്റാണ്ട് മുമ്പ് വരെ കേരളത്തിൽ ഉണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാന ദശകങ്ങളിൽ പോലും കേരളത്തിൽ ജീവിച്ചിരുന്ന മഹാ ഭൂരിപക്ഷം പേരും ഓടു മേഞ്ഞ വീടുകളിൽ താമസിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വളരെ ചുരുക്കം പ്രഭു കുടുംബങ്ങളെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും ഓല മേഞ്ഞ വീടുകളിൽ ആയിരിന്നു താമസം. ദളിതരും, ആദിവാസികളും, പാവപ്പെട്ടവരും കുടിലുകളിലും, പുല്ലു മേഞ്ഞ ചെറ്റ പുരകളിലും ആയിരിന്നു താമസം എന്നാണ് സെൻസസ് റിപ്പോട്ടുകൾ വ്യക്തമായി പറയുന്നത്. ഈ ദാരിദ്ര്യമൊക്കെ മറന്നുകൊണ്ട് ആരും കേരളത്തിലെ ഇന്നലെകളെ നോക്കി കാണരുത്. 

അന്നത്തെ ദാരിദ്ര്യാവസ്ഥയിൽ നിന്നും അഭിവൃദ്ധിക്ക് വേണ്ടി മലയാളി കുടിയേറ്റം തുടങ്ങുന്നത് അപ്പോഴാണ്. സാമുദായികമായി ചിന്തിച്ചാൽ നായർ/മേനോൻ വിഭാഗങ്ങളിൽ ഉള്ള പലരും സിലോൺ, സിംഗപ്പൂർ മേഖലകളിലേക്ക് 1950 - നു ശേഷം പോയി ജോലി ചെയ്തു. 'സിംഗപ്പൂരിൽ നിന്നുള്ള മേനോൻ' എന്നതൊക്കെ പണ്ടത്തെ സിനിമകളിൽ കേൾക്കാവുന്ന ഒരു ഡയലോഗായിരുന്നല്ലോ. സിലോണിലും പലരും അന്നൊക്കെ ജോലി ചെയ്തിരുന്നല്ലോ. 'ഇത് ശ്രീലങ്കാ പ്രക്ഷേപണ നിലയം' എന്നു പറഞ്ഞുകൊണ്ട് അന്നൊക്കെ മലയാളികൾക്ക് വേണ്ടി  സിലോണിൽ നിന്ന് വാർത്തകളും, മറ്റു പരിപാടികളും റേഡിയോയിൽ വന്നിരുന്നല്ലോ. പിന്നീട്  ഡെൽഹി, ബോംബെ, മദ്രാസ്, ബാൻഗ്ലൂർ എന്നെ സ്ഥലങ്ങളിലേക്ക് വൻപിച്ച തോതിൽ ആളുകൾ ജോലിക്ക് പോയി. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഇന്നിപ്പോൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മുസ്ലീങ്ങളും കഴിഞ്ഞ കുറെ ദശകങ്ങളായി ഗൾഫിൽ നിന്നുള്ള വരുമാനം കൊണ്ട് അവരുടെ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം മെച്ച പെടുത്തി കൊണ്ടിരിക്കയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ ഇന്നത്തെ സാമ്പത്തിക അടിത്തറ. അതിനെ സാമുദായികമായി കാണേണ്ട കാര്യമില്ല. കൃഷിഭൂമിയെ ജീവിത വരുമാനം ആക്കാൻ പറ്റാതിരുന്ന മലയാളിയുടെ സ്വോഭാവികമായ ഒരു പരിവർത്തനമാണ് പ്രവാസിയായി മാറിയത്തിലൂടെ കാണുന്നത്. "ചദ്രനിൽ പോയാലും നായരുടെ ചായ കട കാണാം" - എന്ന് തമാശ പറയാറുണ്ടെങ്കിലും, അതിൽ കാര്യമുണ്ട്. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്.

ഇങ്ങനെ കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക ചരിത്രം സുദീർഘമായ നോക്കി കാണേണ്ടതിനു പകരം മറ്റു സമുദായങ്ങളെ ചൂണ്ടികാട്ടി അവരാണ് തങ്ങളുടെ പിന്നോക്കാവസ്ഥക്ക് കാരണം എന്നു പറയാനാണ് ഇന്നിപ്പോൾ ബി.ജെ.പി. - യും, സംഘ പരിവാറുകാരും ശ്രമിക്കുന്നത്. കേരളത്തിൻറ്റെ കഴിഞ്ഞ ഒന്നുരണ്ട് നൂറ്റാണ്ടുകളിലുണ്ടായ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾ മനസിലാക്കുക ദുഷ്കരമായ കാര്യമാണല്ലോ. അതേസമയം തങ്ങളുടെ മേധാവിത്ത്വം നഷ്ടപ്പെട്ടതിന് മറ്റു സമുദായങ്ങളെ കുറ്റപ്പെടുത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണല്ലോ. കേരളത്തിൻറ്റെ സാമൂഹ്യ മാറ്റങ്ങളെ കുറിച്ച് സുദീർഘമായ എഴുതിയിട്ടുള്ള പ്രൊഫസർ റോബിൻ ജെഫ്രി തൻറ്റെ ‘The Decline of Nair Dominance' അതല്ലെങ്കിൽ 'നായർ മേധാവിത്ത്വത്തിൻറ്റെ പതനം' എന്ന പുസ്തകത്തിൽ ഈ സാമൂഹ്യ മാറ്റത്തെ കുറിച്ച് കുറെയൊക്കെ പ്രദിപാദിച്ചിട്ടുണ്ട്. സായിപ്പിന് ഇവിടെ വന്ന് ജാതി-മത ശക്തികളുടെ കൂട്ട് പിടിക്കേണ്ടയോ, അവരുടെയൊക്കെ വിരോധം സമ്പാദിക്കേണ്ടയോ കാര്യമൊന്നും ഇല്ലല്ലോ. പക്ഷെ ഇതൊക്കെ പറഞ്ഞാൽ ബി.ജെ.പി. കാരുടേയും, സംഘ പരിവാറുകാരുടേയും തലയിൽ കേറുമോ???

പ്രൊഫസർ റോബിൻ ജെഫ്രിയുടെ പ്രഖ്യാതമായ 'The Decline of Nayar Dominance: Society and Politics in Travancore' എന്ന പുസ്തകവും, എം. ടി. വാസുദേവൻ നായരുടെ 'നാലുകെട്ടും, തകഴിയുടെ ജ്ഞാനപീഠം കിട്ടിയ 'കയർ' - ഉം, എസ്. കെ. പൊറ്റക്കാടിൻറ്റെ 'ഒരു ദേശത്തിൻറ്റെ കഥ' - യും, പി. കേശവദേവിൻറ്റെ 'അയൽക്കാർ' എന്ന നോവലും ഒക്കെ പറയുന്നത് ഒരു കാലഘട്ടത്തിൻറ്റെ കഥയാണ്. ഈ പുസ്തകങ്ങളൊക്കെ പറയുന്നത് കള്ളമല്ലാ. തകഴിയും, എം. ടി. വാസുദേവൻ നായരും, എസ്. കെ. പൊറ്റക്കാടും, പി. കേശവദേവും ഒക്കെ സ്വന്തം സമുദായത്തെ ഇകഴ്ത്തി കാണിക്കുമെന്ന് സുബോധമുള്ള ആർക്കും ചിന്തിക്കാനും സാധ്യമല്ലല്ലോ.

'പൊളിറ്റിക്കൽ പ്രഷർ ഗ്രൂപ്പായി' ഇന്ന് എല്ലാ സമുദായ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ ഇന്നത്തെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ  സന്ഖടിതമായ ബാർഗെയിനിങ്ങും, വോട്ട് ബാങ്ക് സ്ട്രാറ്റജി -യുമൊക്കെ ഇവിടെ ക്രിസ്ത്യാനിയും, മുസ്ലീമും മാത്രമല്ല ഈഴവനും നായരും, പുലയരും, പറയരും ഒക്കെ ചെയ്യുന്നതാണ്. പക്ഷെ എല്ലായിടത്തും അതിൻറ്റെ ഗുണഭോക്താക്കൾ ആ സമുദായത്തിൻറ്റെ നേതാക്കൻമാർക്കോ അല്ലെങ്കിൽ അങ്ങിനെ ആണെന്ന് നടിക്കുന്ന കുറിച്ചു പേർക്കോ മാത്രമാണ്. വിദ്യാഭ്യാസ കച്ചവടമൊക്കെ എല്ലാ സമുദായങ്ങളും ചെയ്യുന്നതാണ്. സ്കൂളുകളിലും, കോളേജുകളിലും  നിയമനത്തിനും,അഡ്മിഷനും ഭീമമായ തുക ഈടാക്കുന്നതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യമാണ്. സ്ഥാപനവൽകരിക്കപെട്ട മുസ്‌ലിം, ക്രൈസ്തവ സന്ഘടനകളെ പോലെ തന്നെ പ്രവർത്തിക്കുന്നവയാണ് SNDP - യും, NSS - ഉം. അവർ പ്രതിനിഥാനം ചെയ്യുന്ന സമുദായങ്ങളിലെ പാവപ്പെട്ടവരെ SNDP - യും, NSS - ഉം ഉദ്ധരിക്കുന്നില്ല. അധികാരവും, സമ്പത്തും മാത്രമാണ് എല്ലാ സന്ഖടനകളുടേയും ലക്ഷ്യം. ഏതു സമുദായത്തിലെ പാവപ്പെട്ടവനും ഈ സംഘടനകൾ കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. സമുദായങ്ങളിലെ പ്രമാണിമാർക്ക് പ്രയോജനം കൈവരുന്നതല്ലാതെ സാധാരണക്കാർക്ക് ഈ സംഘടനകൾ കൊണ്ടൊക്കെ എന്ത് പ്രയോജനമാണുള്ളത്? സാധാരണക്കാരനായ സമുദായ അംഗത്തെ സംബന്ധിച്ചിടത്തോളം അവനവൻ അദ്ധ്വാനിച്ചാൽ അവനവനു കൊള്ളാമെന്നല്ലാതെ ഒരു സമുദായത്തിലെ പ്രമാണിമാരും സാധാരണക്കാരെ ഉദ്ധരിക്കാൻ മുന്നോട്ട് വരുന്നതായി കണ്ടിട്ടില്ല. ഇതൊക്കെ കാണാതെ ന്യൂനപക്ഷങ്ങൾക്കെതിരേയും, ന്യൂനപക്ഷ സംഘടനകൾക്കെതിരേയും ബി.ജെ.പി. - യും, സംഘ പരിവാറുകാരും സ്ഥിരം സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊലവിളി നടത്തുന്നതിൽ യാതൊരു യുക്തിയുമില്ല.

2019 ജൂലൈ 5, വെള്ളിയാഴ്‌ച

എല്ലാ സമുദായങ്ങളിലും തുടർന്ന് കൊണ്ടേയിരിക്കുന്ന നവോത്ഥാന പ്രക്രിയ

കേരളത്തിലെ സ്ത്രീകൾക്കിടയിൽ  ഒരു കമ്യുണിറ്റി എന്ന നിലയിൽ  ആദ്യം സ്വയം വരുമാനം നേടിയത് ക്രിസ്ത്യൻ സ്ത്രീകളാണെന്ന് പറയാൻ സാധിക്കും. കുട്ടനാട്ടിലെ ആറു തലമുറകളുടെ കഥ പറഞ്ഞ തകഴിയുടെ 'കയറിൽ' തകഴി ശിവശങ്കര പിള്ള നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം ക്രിസ്ത്യാനികൾ രക്ഷപെട്ടത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെയായിരുന്നു എന്നതാണ്. ഇനി 'കയറൊന്നും' വായിക്കേണ്ട. മുപ്പതു നാൽപതു വർഷം മുമ്ബത്തെ കേരളത്തിൻറ്റെ അവസ്ഥ അറിയാവുന്ന ആർക്കും അറിയാം - കേരളത്തിലെ പല ക്രിസ്ത്യാനി കുടുംബങ്ങളും രക്ഷപെട്ടത് നേഴ്സുമാരുടെ പണം കൊണ്ടാണെന്നുള്ള കാര്യം. അതിനു വലിയ ഗവേഷണത്തിൻറ്റെ ഒന്നും ആവശ്യം ഇല്ല. ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യ പകുതിയിൽ പോലും ക്രിസ്ത്യാനികൾ ഭൂരിപക്ഷവും ദരിദ്രരായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം ആയിരിന്നു ക്രിസ്ത്യാനികളുടെ ഉയർച്ചക്ക് ഒരു കാരണം. കേരളത്തിൽ വന, തോട്ടം മേഖലകളിലേക്കുള്ള കുടിയേറ്റവും, റബർ, ഏലം, കാപ്പി - എന്നിങ്ങനെ നാണ്യ വിളകളിൽ നിന്നുള്ള സമ്പത്തുമാണ് ക്രിസ്ത്യാനികളെ സബന്നരാക്കിയത്. 

പിന്നീട് നേഴ്സിങ്ങിൻറ്റെ സാധ്യത ക്രിസ്ത്യാനികൾ തിരിച്ചറിഞ്ഞു. സ്ത്രീ വിദ്യാഭ്യാസത്തിനു ഊന്നൽ നല്കിയിരുന്നത് കൊണ്ട് അനേകം ക്രിസ്ത്യൻ പെൺകുട്ടികൾ നേഴ്സുമാർ ആയി കേരളത്തിലും, അന്യ സംസ്ഥാനങ്ങളിലും, ഗൾഫിലും, വിദേശ രാജ്യങ്ങളിലും ജോലി ചെയ്തു. മറ്റു സമുദായങ്ങൾ അവരുടെ യാതാസ്ഥികത്വം കാരണം അങ്ങനെ പെൺകുട്ടികളെ നേഴ്സുമാരാക്കാൻ വിട്ടില്ല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും, ജോലിയും ഒക്കെ നിഷേധിച്ചു. ഇപ്പോൾ ആ സമുദായങ്ങൾ തന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, ജോലിക്കും ഒക്കെ മുൻഗണന കൊടുക്കുന്നു; നേഴ്സുമാരാക്കാനും വിടുന്നു. ഇന്നിപ്പോൾ പുതിയ തലമുറയിൽ എല്ലാ കമ്യുണിറ്റികളിൽ നിന്നുമുള്ള പെൺകുട്ടികൾ നേഴ്സുമാരായി ജോലി ചെയ്യുന്നുണ്ട്. ക്രിസ്ത്യൻ സമുദായത്തിന് നേഴ്സ് ജോലിയിൽ ഉണ്ടായിരുന്ന മേൽക്കോയ്മ പതുക്കെ പതുക്കെ നഷ്ടപ്പെടുകയാണ്. 

മന്നത്ത് പദ്മനാഭൻ തന്നെ പറഞ്ഞിട്ടുള്ളത് നായർ തറവാടുകൾ മിക്കവയും തകർന്നിട്ടുള്ളത് 'മൂന്നു കെട്ടുകൾ' കാരണമാണെന്നാണ്. 'താലി കെട്ട്', 'നാല് കെട്ട്', 'കേസ് കെട്ട്' ഇവയാണ് ആ മൂന്നു 'കെട്ടുകൾ'. സ്മാർത്ത വിചാരം നടത്തി പല നമ്പൂതിരി തറവാടുകളും തകർന്നു. പി. കെശവദേവിൻറ്റെ പ്രശസ്തമായ 'അയൽക്കാർ' എന്ന നോവലിൽ കാണിച്ചു തരുന്നത് പോലെ തറവാടുകൾ തമ്മിലുള്ള പ്രശ്നങ്ങൾ തല്ലിലും, വെട്ടിലും ഒക്കെ അവസാനിപ്പിച്ചിട്ട് പോലീസ് സ്റ്റെഷനിലും, കോടതിയിലും കൊണ്ട് പോയി പോലീസിനും, വക്കീലിനും കാശ് കൊടുത്ത് മുടിഞ്ഞു. സ്മാർത്ത വിചാരം നടത്തിയതിനും, കേസു കളിച്ചതിനും, ആർഭാടം കാണിച്ചതിനും ഉത്തരവാദി മറ്റുള്ളവരോ, മറ്റു സമുദായങ്ങളോ ആണെന്ന് പറയാൻ സാധിക്കുകയില്ല. ഇങ്ങനെ യാതാസ്ഥികത്ത്വവും, പുരുഷ മേൽകോയ്മയും, അക്രമവും കാണിച്ച മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ തലമുറ. ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിലുണ്ടായ പുതിയ തലമുറ പുതിയ അവസരങ്ങൾ അവരുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി തേടി. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആ പ്രക്രിയ ഇന്നത്തെ 'ന്യൂ ജെനെറേഷൻ' അനസ്യൂതം തുടരുന്നു. വൈക്കം മുഹമ്മദ് ബഷീറിൻറ്റെ നോവലായ 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു' എന്ന നോവലിൽ പറയുന്നതുപോലെ പണ്ടത്തെ ആന മാഹാത്മ്യം പറഞ്ഞുകൊണ്ടിരുന്നാൽ ഒരിടത്തും ചെല്ലില്ല എന്നുള്ള കാര്യം ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിലുണ്ടായ തലമുറയും, ഇന്നത്തെ 'ന്യൂ ജെനെറേഷനും' മനസിലാക്കി എന്നു തന്നെ വേണം കരുതാൻ.

നവോത്ഥാനം എന്നൊന്നുള്ളത് മുസ്‌ലീം കമ്യുണിറ്റിയിൽ നടക്കുന്നില്ലെന്നുള്ളത് ഒരു കെട്ടുകഥ മാത്രമാണ്. കഴിഞ്ഞ 20-30 വർഷങ്ങളിൽ സ്ത്രീ വിദ്യാഭ്യാസത്തിൽ ഏറ്റവും കൂടുതൽ മുമ്പന്തിയിലെത്തിയ കൂട്ടരാണ് കേരളത്തിലെ മുസ്‌ലീം കമ്യുണിറ്റി. ഞാൻ ചാവക്കാട് 20 വർഷങ്ങൾക്ക് മുമ്പ് സർവേ നടത്തിയപ്പോൾ അനേകം മുസ്‌ലീം സ്ത്രീകളെ പഞ്ചായത്ത് മെമ്പർമാരായും പ്രസിഡണ്ട്‌മാരേയും കണ്ടു. അന്ന് കണ്ടുമുട്ടിയ പഞ്ചായത്തു മെമ്പറായ ഒരു മുസ്‌ലീം ടീച്ചർ എന്നോട് പറഞ്ഞത് അവർക്ക് കല്യാണമാലോചിച്ചപ്പോൾ പലർക്കും ആലോചനയുമായി വരാൻ പേടിയായിരുന്നു എന്നാണ്. പഠിപ്പുള്ള പെണ്ണായതിനാൽ 'പ്രൊപ്പോസലുകൾ' തള്ളപ്പെടുമോ എന്ന് പല ആണുങ്ങളും ഭയപ്പെട്ടിരുന്നത്രേ. ഗൾഫ് പണം കേരളത്തിലേക്ക് ഒഴുകിയ ആദ്യകാലത്ത് മുസ്‌ലീം കമ്യുണിറ്റിയിലെ പലരും വലിയ വീടിനും, ആഡംബര കല്യാണങ്ങൾക്കും പണം മുടക്കിയെന്നുള്ളത് നേര് തന്നെയാണ്. പക്ഷെ ഇന്നിപ്പോൾ ആ പണം ഒക്കെ പോകുന്നത് വിദ്യാഭ്യാസത്തിനും ബിസ്നസ്നും ഒക്കെയാണ്. സിവിൽ സർവീസ് കോച്ചിങ്ങിന് ഡൽഹിയിൽ തന്നെ കേരളത്തിൽ നിന്ന് എത്രയോ മുസ്‌ലീം പെൺകുട്ടികൾ വരുന്നൂ. 1900-കളിൽ കോഴിക്കോട് നടന്ന സുന്നി മഹാസമ്മേളനത്തിൽ പെൺകുട്ടികൾ പഠിക്കുന്നതിനെതിരേ  പ്രമേയം പാസാക്കിയ കഥ കാരിശ്ശേരി മാഷ് എഴുതുന്നൂ. പക്ഷെ കാരിശ്ശേരി മാഷ് കണ്ട 1990 - കളുടെ തുടക്കത്തിൽ നിന്ന് 2019 ആകുമ്പോൾ സ്ത്രീ വിദ്യാഭ്യാസത്തിൻറ്റെ കാര്യത്തിൽ മുസ്‌ലീം കമ്യുണിറ്റി ഏറെ പുരോഗമിച്ചു എന്നെനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും.

കോളേജിലും, യൂണിവേഴ്സിറ്റിയിലും ഇതെഴുതുന്നയാളുടെ കൂടെ ഇഷ്ടം പോലെ മുസ്ലിം പെൺകുട്ടികൾ പഠിച്ചിട്ടുണ്ട്. അവരാരും തലമുടി പോലും മറച്ചു കണ്ടിട്ടില്ല. മറ്റു മോഡേൺ പെൺകുട്ടികളെ പോലെ തന്നെ ജീൻസും, ടോപ്പും, ചുരിദാറും ഒക്കെയായിരുന്നു അവരുടേയും വേഷം. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കേരളത്തിലെ തൃശൂർ ജില്ലയിലെ ചാവക്കാട്ടും ഞാൻ 20 വർഷം മുമ്പ് വിപുലമായ സർവേ നടത്തിയിട്ടുണ്ട്. അവിടേയും ഒരു സ്ത്രീ പോലും കണ്ണുകൾ മാത്രം പുറത്തു കാണത്തക്ക രീതിയിൽ കറുത്ത വസ്ത്രം ധരിച്ചു കണ്ടതേയില്ല. അന്ന് അവിടാരും തലമുടി പോലും മറച്ചിട്ടില്ലായിരുന്നു. ഒരു പ്രായമായ ഉമ്മയെ മാത്രമാണ് തട്ടമിട്ടു കണ്ടത്. പിന്നെ രണ്ടു മൂന്നു സ്ത്രീകൾ ഞങ്ങളോട് സംസാരിച്ചപ്പോൾ ക്രിസ്ത്യൻ സ്ത്രീകളൊക്കെ പള്ളിയിൽ പോകുമ്പോൾ ചെയ്യാറുള്ളത് പോലെ സാരി കൊണ്ട് വെറുതെ തല ഭാഗികമായി മറച്ചിരുന്നു. ഇതൊക്കെ ഞാൻ നേരിൽ കണ്ട കാര്യമാണ്. 

സൗദി അറേബ്യാ പോലുള്ള അറബ് രാജ്യങ്ങളിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചത് പോലുള്ള സ്വോഭാവിക മാറ്റത്തിന് അപ്പുറം കാര്യമായ പുരോഗതി മുസ്ലിം സമുദായത്തിലെ പെൺകുട്ടികളുടെ ഇടയിൽ ഉണ്ടായിട്ടില്ല എന്നൊന്നും പറയുന്നത് ഒട്ടുമേ ശരിയല്ല. കുറച്ചു നാൾ മുമ്പ് സൗദിയിലെ വനിതാ പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്‌സുമായുള്ള ഒരു ഇൻറ്റർവ്യൂ ഞാൻ ടി. വി. -യിൽ കണ്ടതാണ്. ആ ഡോക്കുമെൻറ്ററിയിൽ വളരെ ആത്മവിശ്വാസത്തോടെയാണ് ആ സൗദി സ്ത്രീകൾ സംസാരിക്കുന്നത് കണ്ടത്. ക്യാമറയും തൂക്കിയിട്ട് ബൈക്ക് ഓടിച്ചു ആ സ്ത്രീകളൊക്കെ വരുന്നത് ഡോക്കുമെൻറ്ററിയിൽ നന്നായി കാണിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലും ഉള്ളതുപോലുള്ള പ്രഫഷണൽ സ്ത്രീകളെയാണ് എനിക്കപ്പോൾ കാണാൻ സാധിച്ചത്. അത്തരം പ്രഫഷണൽ മുസ്‌ലീം സ്ത്രീകളെ ഇന്നിപ്പോൾ കേരളത്തിലെ നേഴ്‌സിങ് രംഗത്തും കാണാം. തട്ടമിട്ട കേരളത്തിലെ അനേകം വനിതാ നേഴ്‌സുമാർ നൽകുന്ന സൂചനയും അതാണ്.

മുസ്‌ലീം കമ്യുണിറ്റിക്ക് എതിരേയുള്ള അവാസ്തവ പ്രചാരണങ്ങൾ മാത്രമാണ് അവർക്കെതിരേയുള്ള ആരോപണങ്ങളിൽ പലതും. 'പാഠം ഒന്ന് ഒരു വിലാപം' എന്ന സിനിമയിൽ മീരാ ജാസ്മിൻറ്റെ കഥാപാത്രം കാണിച്ചു തരുന്നത് പോലെ ചെറുപ്രായത്തിലേ ഒക്കത്ത് കൊച്ചുങ്ങളുമായി നടക്കുന്നവരല്ല ഇന്നത്തെ മുസ്‌ലിം പെൺകുട്ടികൾ. കഴിഞ്ഞ 20 -30 വർഷം കൊണ്ട് മുസ്ലീങ്ങൾ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ മുന്നേറ്റം എല്ലാ അർത്ഥത്തിലും വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്. അത് കൊണ്ടാവണം വിവാഹ പ്രായം 18 -ൽ നിന്ന് 16 ആക്കണം എന്ന് യാഥാസ്ഥിതികർ പറഞ്ഞപ്പോൾ മുസ്ലീം പെൺകുട്ടികൾ തന്നെ അതിന് എതിരായി പരസ്യമായി രംഗത്തു വന്നത്.

ഒരു സമുദായവും ഭരണകൂടത്തിൻറ്റെയോ, ഭൂരിപക്ഷ സമുദായത്തിൻറ്റെയോ ‘ഹൈ ഹാൻഡഡ്നെസ്' ഇഷ്ടപ്പെടുന്നവർ അല്ലാ. കാശ്മീർ താഴ്വരയിലെ ഒരു വലിയ വിഭാഗം പ്രാദേശിക വാസികൾ ‘ഹൈ ഹാൻഡഡ്നെസ്സിനെ’ ചെറുക്കുമെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയാതെ പോയതാണ് കാശ്മീരിൽ ഇന്ന് പ്രശ്പരിഹാരം അസാധ്യമാക്കാനുള്ള മുഖ്യ കാരണം. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14 .2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 - ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യാ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവെച്ചാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണെന്ന് ചുരുക്കം. അത്രയും വലിയൊരു ജന സമൂഹത്തെ അടിച്ചൊതുക്കാമെന്ന് കരുതുന്നത് തന്നെ അങ്ങേയറ്റത്തെ വിഡ്ഢിത്ത്വം മാത്രമാണ്.

ഒരു സമുദായത്തിലെ വിരലിലെണ്ണാവുന്നവർ ചെയ്യുന്ന ഭീകര പ്രവർത്തനങ്ങളുടെ പേരിൽ ആ സമുദായത്തെ ഒന്നായി പഴിക്കുന്നത് ഒട്ടുമേ ശരിയല്ല. സംഘ പരിവാറുകാർ സ്ഥിരം ചെയ്യുന്ന പണിയാണിത്. സംഘ പരിവാറുകാർ ക്രിസ്ത്യാനികളെ മൊത്തം കുരിശു കൃഷിക്കാരാക്കുന്നു; ജോഷ്വാ പ്രൊജക്റ്റിൻറ്റെ ആളുകൾ ആക്കുന്നു. ഈ ജോഷ്വാ പ്രൊജക്റ്റിനെ കുറിച്ച് കേട്ടുകേൾവി പോലും ഇല്ലാത്തവരാണ് മഹാ ഭൂരിപക്ഷം ക്രിസ്ത്യാനികളും എന്ന ലളിതമായ സത്യം അവർ മനസിലാക്കുന്നില്ല. സോഷ്യൽ മീഡിയയിൽ കൂടി ന്യൂനപക്ഷങ്ങൾക്കെതിരെ ശത്രുതാ മനോഭാവത്തോടെ വമ്പിച്ച പ്രചാരണങ്ങളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി സംഘ പരിവാറുകാർ നടത്തി വരുന്നത്. പണ്ട് അവരുടെ ഒക്കെ പ്രസിദ്ധീകരണങ്ങളിലും സംഘടനകൾക്കുള്ളിലും മാത്രം നടന്നിരുന്ന പ്രചാരണങ്ങൾ ഇന്ത്യയുടെ പൊതു വേദികളിലേക്കും ആണ് കഴിഞ്ഞ കുറെയേറെ വർഷങ്ങളായി വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഈയിടെ മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരേയും അത്തരം അപവാദ പ്രചാരണങ്ങൾ നടന്നിരുന്നു.

അൽഫോൻസ് കണ്ണന്താനം മന്ത്രിയായിരുന്നപ്പോൾ മതം മാറ്റ ലോബികൾക്ക് വേണ്ടി പ്രവർത്തിച്ചു എന്നാണ് സംഘ പരിവാറുകാർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. മതം മാറ്റ ലോബിയുടെ ആളായിട്ടാണ് ചില സംഘ പരിവാർ അനുകൂലമായിട്ടുള്ള പ്രസിദ്ധീകരണങ്ങളിൽ അൽഫോൻസ് കണ്ണന്താനത്തെ ഇപ്പോൾ ചിത്രീകരിക്കുന്നത്. സംഘ പരിവാർ സംഘടനകളിൽ പെട്ട ആളുകൾ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ കുറിച്ച് ഇതെഴുതുന്ന ആൾക്ക് ഒരു മതിപ്പുമില്ല. പക്ഷെ ഇപ്പോൾ കേൾക്കുന്ന മത പരിവർത്തനത്തിന് ഒത്താശ ചെയ്തു എന്ന ആരോപണം തീർത്തും വ്യാജമാണ്; വെറുതെ വിവാദം ഉണ്ടാക്കാൻ മാത്രമായി കെട്ടിചമച്ചതും ആണ് ആ വാർത്താ. സർക്കാർ തലത്തിൽ ഉണ്ടാകുന്ന സാധാരണ നടപടി ക്രമം മാത്രമാണ് മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ചെയ്തത്. ഒരു മന്ത്രി എന്ന നിലയിൽ ഏതൊക്കെയോ കൃസ്ത്യൻ സംഘടനകൾ അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു കൊടുത്ത കത്തുകൾ കണ്ണന്താനം സർക്കാരിലെ ഉത്തരവാദിത്ത്വപെട്ടവർക്ക് അയച്ചു കൊടുത്തു. അത് ഒരു ജനപ്രതിനിധി എന്ന നിലയിൽ സ്വാഭാവികമായ നടപടി ക്രമം അല്ലെങ്കിൽ പ്രൊസീജ്യർ മാത്രമാണ്. കണ്ണന്താനം പോലും മതപരിവർത്തനം എന്ന് ഇപ്പോൾ കേൾക്കുന്ന ഒരു ആരോപണത്ത കുറിച്ച് ചിന്തിച്ചിട്ടുണ്ടാവുക കൂടി ഇല്ലാ.

പ്രതീഷ് വിശ്വനാഥ് എന്ന 'ഹിന്ദു രാഷ്ട്ര' -യുടെ സേവകൻ 'വഞ്ചിക്കപ്പെടുന്ന ഹിന്ദു സമൂഹം' എന്ന തലക്കെട്ടോടെ ഈയിടെ ഫെയിസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ 'BHARATH TIMES' എന്ന ഓൺലെയിൻ പത്രത്തിലെ വാർത്തയുടെ ലിങ്ക് കൂടി കൊടുത്തിരുന്നു. അൽഫോൺസ് കണ്ണന്താനത്തിൻറ്റെ മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നില്‍ മതപരിർത്തന ശ്രമങ്ങള്‍ക്ക് പിന്തുണ നൽകിയതാണ് എന്ന് സമർത്ഥിക്കാൻ ഈ 'BHARATH TIMES' എന്ന ഓൺലെയിൻ പത്രത്തിൽ കണ്ണന്താനം ആഭ്യന്തര മന്ത്രാലയത്തിലെ ജോയിൻറ്റ് സെക്രട്ടറിക്കും, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും എഴുതിയ നാല് കത്തുകളുടെ കോപ്പി കൂടി പ്രസിസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇവർക്കെങ്ങെനെയാണ് ഒരു കേന്ദ്ര മന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് എഴുതുന്ന കത്തുകളുടെ കോപ്പി കിട്ടുന്നത്??? എത്ര ശക്തമായാണ് ഇവരൊക്കെ ഓരോ ക്യാമ്പയിനും സംഘടിപ്പിക്കുന്നത് എന്നത്തിൻറ്റെ തെളിവാണ് കേന്ദ്ര മന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് എഴുതുന്ന കത്തുകളുടെ കോപ്പി ഇവർ പബ്ലീഷ് ചെയ്തതിൽ നിന്ന് കാണിക്കുന്നത്. സത്യത്തിൽ ഈ ആരോപണത്തിൽ വലിയ കഴമ്പൊന്നുമില്ല. ഒരു മന്ത്രിക്ക് നിവേദനം കിട്ടുമ്പോൾ അതനുസരിച്ചു ചില മന്ത്രിമാർ കത്തെഴുതാറുണ്ട്. പക്ഷെ കേരളത്തിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും, ഉത്തരേന്ത്യയിലും മതംമാറ്റം നടത്തുന്ന ക്രിസ്ത്യൻ സഭകൾക്ക് വേണ്ടി കണ്ണന്താനം ഇടപെട്ടു എന്നുള്ള ഇവരുടെ ആരോപണം വരും കാലങ്ങളിൽ ശക്തി പ്രാപിക്കാൻ നല്ല സാധ്യതയുണ്ട്. മന്ത്രിയുടെ കത്തുകൾ പ്രസിദ്ധീകരിച്ചതിലൂടെ നൽകുന്ന സൂചനയും അതാണ്. ഇത്തരം വിദ്വേഷ പ്രചാരണങ്ങളാണ് സംഘ പരിവാറുകാർ സ്ഥിരം മത ന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിപ്പിക്കുന്നത്.

ഒരു സമുദായത്തെ പരിവർത്തനത്തിൻറ്റെ പാതയിലേക്ക് നയിക്കേണ്ടത് ആ സമുദായത്തിൻറ്റെ വിശ്വാസം ആർജ്ജിച്ചായിരിക്കണം. ഇവിടെയാണ് ഗാന്ധിയൻ രീതികളുടെ പ്രസക്തി. 1947 -ലെ വിഭജനത്തിൻറ്റെ സമയത്ത് പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി മുസ്ലീങ്ങളുടെ സുരക്ഷക്ക് വേണ്ടി നിലകൊണ്ടത് താൻ ഒരു സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ചുരുക്കം പറഞ്ഞാൽ ഗാന്ധിജിയുടെ സഹന സമരങ്ങളോട് അന്നത്തെ മുസ്ലീങ്ങളും വളരെ 'പോസിറ്റീവ്' ആയി പ്രതികരിച്ചിട്ടുണ്ട്.

ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം. ഭൂരിപക്ഷം ന്യൂന പക്ഷത്തിൻറ്റെ വിശ്വാസം ആർജ്ജിച്ചു വേണം അവരോട് മത സൗഹാർദ്ദത്തിനും, സമാധാനത്തിനും വേണ്ടി സംസാരിക്കാൻ എന്നതായിരുന്നു ഗാന്ധിയൻ നിലപാട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിൻറ്റെ വിശ്വാസം ആർജിക്കണം എന്ന ഗാന്ധിയൻ തത്ത്വസംഹിത എപ്പോഴും ഓർമിക്കേണ്ടതുണ്ട്. നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ ജനങ്ങളുടെ വിശ്വാസം പോയാൽ എല്ലാം തീർന്നു. സാധാരണ ജനങ്ങളാണ് എവിടെയും ഒരു രാജ്യത്തിൻറ്റെ മത സൗഹാർദ്ദത്തിൻറ്റെ സെക്യൂരിറ്റിയും, അടിത്തറയും. ആ സാധാരണ ജനങ്ങളുടെ ഇടയിലുള്ള മത സൗഹാർദവും, സാഹോദര്യവും എപ്പൊഴും നിലനിർത്തുകയാണ് വേണ്ടത്. ഇന്നും വർഗീയതയ്ക്കെതിരെ ക്രിയാത്മകമായ നിലപാടെടുക്കാൻ ഗാന്ധിയെ പോലെ ഇടതു പക്ഷത്തിനോ, അംബേദ്കറിസ്റ്റുകൾക്കോ സാധിക്കുന്നില്ല. ഗാന്ധിയെ കൂടുതൽ കൂടുതൽ അറിയേണ്ടതും, ഗാന്ധിയെ പറ്റി കൂടുതൽ പഠിപ്പിക്കേണ്ടതും വർഗീയത കണ്ടമാനം നടമാടുന്ന ഈ കാലഘട്ടത്തിൻറ്റെ ആവശ്യകതയാണ്. സത്യത്തിനും, ധാർമികതക്കും വേണ്ടി നിലകൊണ്ട ഗാന്ധിയെ പോലെ ഒരു നേതാവില്ല എന്നതാണ് വർത്തമാനകാല ഇന്ത്യയുടെ ഏറ്റവും വലിയ ദുര്യോഗം.