2018 ഒക്‌ടോബർ 29, തിങ്കളാഴ്‌ച

നെഹ്‌റുവിനെ ഓർമിക്കുമ്പോൾ......

സി. രവിചന്ദ്രൻറ്റെ ചിന്തകളോട് ഇതെഴുതുന്നയാൾക്ക് വലിയ മമതയൊന്നുമില്ല. പക്ഷെ എഴുത്തുകാരനും ചിന്തകനുമായ സി. രവിചന്ദ്രൻ എസ്സൻസ് ഗ്ലോബൽ കണ്ണൂർ നടത്തിയ ഏകദിന സെമിനാറിൽ നടത്തിയ പ്രഭാഷണത്തിൽ നെഹ്‌റുവിൽ നിന്ന് മോദിയിലേക്ക് പ്രകാശ വർഷങ്ങളുടെ ദൂരമുണ്ടെന്ന് വിലയിരുത്തിയത് ഇന്നത്തെ കാലഘട്ടത്തിൽ എന്തുകൊണ്ടും നന്നായി. ഡാമുകളും ഫാക്ടറികളും ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് പറഞ്ഞ, ഒരിക്കലും മതത്തെ രാഷ്ട്രീയത്തിൽ കലർത്താത്ത യുദ്ധവിരോധിയായ മനുഷ്യസ്നേഹിയായ നെഹ്‌റുവിനെ ചിലരെങ്കിലും ഇന്ന് ഓർക്കണം. ഇന്ത്യക്ക് ഒരിക്കലും തിരസ്‌ക്കരിക്കാനാവാത്ത സാന്നിധ്യവും വ്യക്തിത്വവും തന്നെയാണ് നെഹ്‌റു എന്ന്‌ സി. രവിചന്ദ്രൻ ഓർമപ്പെടുത്തുന്നത് എന്തുകൊണ്ടും ഇന്നത്തെ ഇന്ത്യയിൽ നല്ലതിനാണ്.

'സൈൻറ്റിഫിക്ക് ടെമ്പർ' എന്ന വാക്കു തന്നെ ഇന്ത്യയിൽ നെഹ്രുവിൻറ്റെ സംഭാവനയാണ്. ഭരണഘടനയിലും അംബേദ്ക്കറെ പോലെ തുല്യപങ്ക് വഹിച്ചിരുന്നത് നെഹ്‌റുവായിരുന്നു. ഗോവധം മൗലികാവകാശങ്ങളിൽനിന്ന് നിർദ്ദേശക തത്വങ്ങളിൽ ഒതുക്കിയത് നെഹ്റുവിൻറ്റെ ഇടപെടൽ മൂലമാണ്. അംബേദ്ക്കറെ വല്ലാതെ പ്രൊജക്റ്റ് ചെയ്യുകയും നെഹ്‌റു ഉൾപ്പെടെയുള്ളവരെ വലിയ തോതിൽ തള്ളിക്കളയുന്നതുമാണ് ഇന്നത്തെ പൊളിറ്റിക്ക്സ് എന്നാണ് സി. രവിചന്ദ്രൻ ഓർമപ്പെടുത്തുന്നത്. അംബേദ്ക്കർക്ക് മാത്രം ചെയ്യാൻ കഴിയുന്നതല്ല ഇന്ത്യൻ ഭരണഘടന. ആദ്യത്തെ എട്ടുമാസം കോൺസിറ്റിറ്റ്യുവെൻറ്റ് അസംബ്ലിയിൽ അംബേദ്ക്കർ ഇല്ല. അന്ന് ഭരണഘടനയുടെ ഒബജക്റ്റീവുകളും പ്രീയാമ്പിളും ഫൈനലൈസ് ചയ്യുമ്പോൾ ആ ഡ്രാഫ്റ്റ് അവതരിപ്പിക്കുന്നത് നെഹ്‌റുവാണ്. ഇന്ത്യൻ ഭരണഘടന എന്തായിക്കണം എന്ന ബില്ല് അവതരിപ്പിക്കുന്നത് ഈ നെഹ്‌റുവാണ്. ആ ഫ്രയിം വർക്കിലാണ് അംബേദ്ക്കർ പ്രവർത്തിച്ചത് എന്ന്‌ സി. രവിചന്ദ്രൻ ഓർമപ്പെടുത്തുന്നു.

1947 -ലെ വിഭജനവും, വർഗീയ കലാപത്തിനും ശേഷം ആകെ പാപ്പരായ ഇന്ത്യക്കു കിട്ടിയ ഭാഗ്യമായിരുന്നു നെഹ്‌റു. ഇന്ത്യയുടെ പുനർനിർമിതിയിൽ ശക്തമായ അടിത്തറയിട്ടു നെഹ്‌റു. ഇരുപതിൽ പരം ലോക നിലവാരത്തിൽ ഉള്ള പൊതു മേഖലാ സ്ഥാപങ്ങൾ നെഹ്‌റു ഉണ്ടാക്കി. അത് ഇന്നും നില നിൽക്കുന്നു. ഫോർബ്‌സ് മാസികയിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഈ വർഷവും ലോകത്തിലെ ഏറ്റവും മികച്ച നാൽപതു സ്ഥാപങ്ങളിൽ ഒന്നിൻറ്റെ ലിസ്റ്റിൽ ഉണ്ട്. ഗതി പിടിക്കാതെ പോയത് HMT വാച്ച് ഉണ്ടാക്കിയിരുന്ന ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിനെ ഒന്നോ രണ്ടോ എണ്ണം മാത്രം. ഒരേ സമയം ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് ഭീലായ്‌ സ്റ്റീൽ പ്ലാൻറ്റ് പോലുള്ള ഫാക്ടറികളിൽ കൂടിയും, വൻകിട ഡാമുകളിൽ കൂടിയും അടിത്തറ പാകുമ്പോഴും തികഞ്ഞ ജനാധിപത്യ വിശ്വാസിയായിരുന്നു നെഹ്‌റു. തൻറ്റെ രാഷ്ട്രീയ  എതിരാളികളായിരുന്ന എ. കെ. ഗോപാലൻ, വാജ്‌പേയ്, ജയപ്രകാശ് നാരായൺ - എന്നിവരോട് തികഞ്ഞ ജനാധിപത്യ രീതിയിലാണ് അദ്ദേഹം സംവദിച്ചത്. ഒരിക്കൽ അടൽ ബിഹാരി വാജ്‌പേയിയുടെ പ്രസംഗം കേട്ട നെഹ്‌റു ഭാവി ഭാരതത്തിൻറ്റെ പ്രധാനമന്ത്രി എന്ന് പുകഴ്ത്തി. അതുപോലെ ലോക്സഭയിൽ പ്രതിപക്ഷ നേതാക്കൾ പ്രസംഗിക്കുബോഴും പ്രധാന ചർച്ചകൾ നടക്കുബോഴുo അദ്ദേഹം പൂർണമായും സഭയുടെ നടപടി ക്രമങ്ങളിൽ പകെടുത്തു.

നേതാജി സുഭാഷ് ചന്ദ്രബോസിൻറ്റെ കാര്യത്തിൽ ബി. ജെ. പി. ഭരണത്തിൽ കേറിയപ്പോൾ കുറെ കോലാഹലങ്ങൾ ഉണ്ടാക്കിയായിരുന്നല്ലോ. എന്നിട്ടെന്തായി??? അവസാനം "ശങ്കരൻ തെങ്ങേൽ തന്നെ" എന്ന് പറയുന്നിടത്ത് കാര്യങ്ങൾ എത്തി. നേതാജിയുടെ മരണത്തിൻറ്റെ കാര്യത്തിൽ മുൻ കോൺഗ്രസ് സർക്കാരുകൾ കണ്ടത്തിയതിനപ്പുറമൊന്നും ബി. ജെ. പി. സർക്കാരിന് കണ്ടെത്താൻ കഴിഞ്ഞില്ല. നേതാജിയെ നെഹ്രുവിന്‌ പകരമായി പ്രതിഷ്ഠിക്കാൻ നോക്കുന്നതൊക്കെ അങ്ങേയറ്റത്തെ മൂഢത്ത്വമാണ്. നെഹ്രുവിനെ വിമർശിക്കുന്ന പലർക്കും വസ്തുതകൾ അറിയില്ല. 1910 മുതൽ സ്വാതന്ത്രം കിട്ടുന്നത് വരെയുള്ള ത്യാഗനിർഭരമായ 37 വർഷത്തെ സ്വാതന്ത്രസമര പോരാട്ടമായിരുന്നു നെഹ്റുവിൻറ്റേത്. ഒൻപത് തവണയായി 3259 ദിവസത്തെ ജയിൽ ജീവിതം. ബ്രിട്ടീഷ് സർക്കാരിൻറ്റെ കൊടിയ മർദ്ദനം ഒക്കെ നേരിട്ട് രാജ്യ സ്വാതന്ത്ര്യത്തിന് പൊരുതിയ ആളാണ് നെഹ്റു. നേരെ മറിച്ച് ബി.ജെ.പി. -യുടെയും, ജനസംഖിൻറ്റേയും പല നേതാക്കളും ഒറ്റ ദിവസം പോലും ജയിലിൽ കിടക്കാത്തവരാണ്. വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സർക്കാർ ആണ് നെഹ്റു സർക്കാർ. അതിനോട് താരതമ്യപെടുത്തുമ്പോൾ ഇന്നത്തെ യൂറോപ്പ്യലെ രാജ്യങ്ങൾ പോലും അഭയാർഥി പ്രശ്നം നേരിടുന്ന രീതി പോലും എത്രയൊ നിസ്സാരം. 'ഡിസ്കവറി ഓഫ് ഇന്ത്യ' എന്ന പുസ്തകം വായിക്കാനുള്ള ബുദ്ധിപോലുമില്ലാത്ത ആളുകളാണ് നെഹ്റുവിനെ അടച്ചാക്ഷേപിക്കുന്നത്.

നെഹ്രുവിൻറ്റെ കാഷ്മീരിനെ കുറിച്ചും, ചൈനയെ കുറിച്ചുമുള്ള തീരുമാനങ്ങളെല്ലാം കേന്ദ്ര മന്ത്രി സഭയുടെ കൂട്ടായ തീരുമാനങ്ങളായിരുന്നു. ഈയിടെ വി.പി. മേനോൻറ്റെ ബന്ധു പോലും അത് പറഞ്ഞു. പിന്നെ സമ്പത് വ്യവസ്ഥയുടെ കാര്യം. ശക്തമായ വ്യവസായിക അടിത്തറ സൃഷ്ടിച്ചത് നെഹ്രുവായിരുന്നു. നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും വലിയ വിമർശകർ പോലും ആദ്യ കാലത്ത് പൊതു മേഖലയ്ക്ക് ഊന്നൽ നൽകി അതിലൂടെ 'ഹെവി ഇൻഡസ്റ്റ്റീസ്' വളർന്നതിന് ശേഷം സ്വൊകാര്യ മേഖലയേയും പ്രോത്സാഹിപ്പിക്കാനാണ് നിർദേശം വെച്ചിട്ടുള്ളത്. നെഹ്റുവിൻറ്റെ വിമർശകർ രാമചന്ദ്ര ഗുഹയുടെ പുസ്തകവും - 'India after Gandhi - The History of the World's Largest Democracy', മുൻ CDS ഡയറക്റ്ററായിരുന്ന പുലപ്രെ ബാലകൃഷ്ണൻറ്റെ - 'Economic Growth in India - History & Prospect' എന്ന പുസ്തകവും വായിക്കുന്നത് നന്നായിരിക്കും. പുലപ്രെ ബാലകൃഷ്ണൻ കണക്കുകൾ വ്യക്തമായി ഉദ്ധരിച്ച് തന്നെ നെഹ്രുവിൻറ്റെ സമയത്ത് ഇന്ത്യ ചൈനയേക്കാൾ വ്യവസായിക വളർച്ച നേടിയിരുന്ന കാര്യം അനുസ്മരിപ്പിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 അർധരാത്രി മുതൽ 1964 മെയ് 27 വരെ 17 വർഷമാണ് നെഹ്റു ഇന്ത്യ ഭരിച്ചത്. നമുക്ക് ശക്തമായ ജുഡീഷ്യൽ സംവിധാനവും, സ്വതന്ത്ര മാധ്യമങ്ങളും, ജനാധിപത്യ സംവിധാനവും ഉണ്ടായത് നെഹ്രുവിൻറ്റെ ആ 17 വർഷത്തെ ഭരണത്തിലൂടെയായിരുന്നു. അത് കൂടാതെയാണ് രാജ്യത്തിൻറ്റെ ശക്തമായ അടിത്തറയ്ക്കു വേണ്ടി ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇവയെല്ലാം ഉണ്ടായത്. വ്യവസായിക അടിത്തറയ്ക്കു വേണ്ടി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം - എന്നീ ബ്രിഹത് പദ്ധതികളും നെഹ്രുവിൻറ്റെ കാലത്ത് ഉണ്ടായി. ഒന്നുമില്ലായ്മയിൽ നിന്നാണ് നെഹ്റു ഇതെല്ലാം പടുത്തുയർത്തിയതെന്ന് ഓർക്കണം. ബ്രട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ അഭയാർത്ഥികളും, കടക്കെണിയും, വർഗീയവൽക്കരണത്തിലൂടെ വ്രണിതമായ ഒരു മനസുമായിരുന്നു രാജ്യത്തിൻറ്റെ ആകെ കൈമുതൽ. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നെഹ്റുവിനെ വിമർശിക്കുന്നവരിൽ പലരും ഇത്തരം വിമർശന സ്വാതന്ത്ര്യം ഒന്നും നമ്മുടെ അയൽ രാജ്യങ്ങളിൽ പോലും ഇല്ല എന്ന വസ്തുത മനസിലാക്കുന്നില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ച ആ 'Freedom of Speech' - ൻറ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം എന്ന വസ്തുത പലരും മനസിലാക്കുന്നില്ല. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ഉയർത്തി പിടിച്ച ആ പുരോഗമന മൂല്യങ്ങളാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയുടെ കരുത്ത്.

2018 ഒക്‌ടോബർ 4, വ്യാഴാഴ്‌ച

ദീർഘ വീക്ഷണമുള്ള നേതാക്കന്മാർ ഇല്ലാത്ത ഇന്ത്യ

ഒക്ടോബർ മാസം നോബൽ സമ്മാനങ്ങളുടെ മാസമാണ്. പതിവ് പോലെ തന്നെ ഇതുവരെ പ്രഖ്യാപിച്ച നോബൽ സമ്മാനങ്ങളിൽ ഭൂരിപക്ഷവും അമേരിക്കകാർക്കാണ് കിട്ടിയിരിക്കുന്നത്. അമേരിക്കയെ കുറ്റം പറയാൻ കഴുത്തിനു ചുറ്റും നാക്കുള്ള ഇടതു പക്ഷക്കാരും, ഇസ്‌ലാമിക തീവ്രവാദികളും ഇതു വല്ലതും കാണുന്നുണ്ടോ??? ശബരിമല അയ്യപ്പൻറ്റെ പേരിലും, 500 വർഷം പഴക്കമുള്ള ഒരു മസ്ജിദിൻറ്റെ പേരിലും, 200 വർഷം പഴക്കമുള്ള ടിപ്പു സുൽത്താൻറ്റെ പേരിലും പലപ്പോഴും ഇന്ത്യയെ കലാപ ഭൂമിയാക്കുന്ന സംഘ പരിവാറുകാരും ഇതൊക്കെ കാണുന്നുണ്ടോ??? നമ്മുടെ ഏതെങ്കിലും മാധ്യമങ്ങളിൽ നോബൽ സമ്മാന ജേതാക്കളെ കുറിച്ച് നല്ലൊരു ലേഖനം വന്നിട്ടുണ്ടോ??? പണ്ട് സാഹിത്യവാരഫലം പ്രൊഫെസ്സർ കൃഷ്ണൻ നായർ സാർ സ്ഥിരം സാഹിത്യത്തിലെ നോബൽ സമ്മാന ജേതാക്കളെ കുറിച്ച് എഴുതുമായിരുന്നു. മലയാളിക്ക് ലോക സാഹിത്യത്തിലെ അനവധി മികവുറ്റ ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തിയത് കൃഷ്ണൻ നായർ സാറായിരുന്നു. ഇന്ന് അങ്ങനെ പരിചയപ്പെടുത്തി തരാൻ അധികം എഴുത്തുകാരൊന്നും ഉണ്ടെന്നു തോന്നുന്നില്ല.

കൃഷ്ണൻ നായർ സാറിന് മലയാളത്തിലേയും, ഇന്ത്യയിലേയും ഒട്ടു മിക്ക എഴുത്തുകാരെ കുറിച്ചും നല്ല അഭിപ്രായം ഇല്ലായിരുന്നു. നമ്മുടെ എഴുത്തുകാരൊക്കെ കൂടുതലും പ്രത്യേക 'ലോബികളിലും', 'ക്ലിക്' അഥവാ പ്രത്യേക താൽപര്യമുള്ള കൂട്ടുകെട്ടുകളിലും ഉള്ളവരാണെന്നായിരുന്നു അദ്ദേഹത്തിൻറ്റെ അഭിപ്രായം. ഇന്ത്യയിലെ ബഹു ഭൂരിപക്ഷം സ്ഥാപനങ്ങളുടേയും സ്ഥിതി ഇതൊക്കെ തന്നെ. പാരവെപ്പും, പരദൂഷണവും ആണ് നമ്മുടെ പല സ്ഥാപനങ്ങളിലും നടക്കുന്നത്. കഴിവുള്ളവരൊക്കെ ഇവിടെ ഒതുക്കപ്പെടുന്നു. പിന്നെങ്ങനെ നമുക്ക് നോബൽ സമ്മാനങ്ങളൊക്കെ കിട്ടും?? നോബൽ കിട്ടിയ സി.വി. രാമന് തൻറ്റെ സ്ഥാപനം വിടേണ്ടി വന്നു. അമർത്യ സെൻ ഇന്ത്യയിൽ നിന്ന് ജീവനും കൊണ്ടോടി. അമേരിക്കയിലുള്ള ഇന്ത്യൻ വംശജരായ പല നോബൽ ജേതാക്കൾക്കും ഇന്ത്യയിലേക്ക് മടങ്ങി വരാൻ അശേഷം താൽപര്യമില്ല. 

ലോകത്തുള്ള മനുഷ്യന് പ്രെയോജനപ്പെടുന്ന വലിയൊരു വിഭാഗം കണ്ടുപിടിത്തങ്ങളും നടക്കുന്നത് അമേരിക്കയിലാണെന്നുള്ളത് അമേരിക്കയെ വിമർശിക്കുന്നവർ കാണുന്നതേ ഇല്ലാ. ആ കണ്ടുപിടുത്തങ്ങളുടെ പേറ്റൻറ്റ് വിറ്റ് കോടിക്കണക്കിനു ഡോളർ അമേരിക്ക സമ്പാദിക്കുന്നു. പക്ഷെ സാമ്പത്തികത്തിനപ്പുറം ഗവേഷണത്തിനും, പഠനത്തിനും, സ്വതന്ത്ര ചിന്തക്കും അമേരിക്കയിൽ സ്ഥാനമുണ്ടെന്നുള്ളതാണ് അമേരിക്ക എന്ന രാജ്യത്തെ മഹത്തരമാക്കുന്നത്. പണ്ട് അരുന്ധതി റോയ് അമേരിക്കയെ വിമർശിച്ചപ്പോൾ സ്വാമിനാഥൻ അയ്യർ ടൈമ്സ് ഓഫ് ഇന്ത്യയിൽ എഴുതിയത് “How American she is” - എന്നായിരുന്നു. അമേരിക്കൻ വിദേശ നയങ്ങളുടെ ഏറ്റവും കടുത്ത വിമർശകനായ നൊയാം ചോംസ്കി - യെ പോലുള്ള പണ്ഡിതർ ഉള്ളതും അമേരിക്കയിൽ തന്നെ.

ഇന്ന് ലോകോത്തര നിലവാരം ഉള്ള 90 ശതമാനം  കമ്പനികളുടെയും പ്രവർത്തന കേന്ദ്രം അമേരിക്കയാണ്. അതേ സമയം ഇന്ത്യക്ക് അത്തരത്തിലുള്ള ലോകോത്തര നിലവാരമുള്ള എത്ര ബ്രാൻഡുകളുണ്ട്??? ഇവുടുത്തെ ആളുകൾ വാചകമടിയുടെ കാര്യത്തിൽ മാത്രമാണ് ഒട്ടും മോശക്കാർ അല്ലാത്തത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്ലാസ്റ്റിക് സർജറിയും, ജെനെറ്റിക് എൻജിനീറിങ്ങും ഒക്കെ കണ്ടു പിടിച്ചതും, വികസിപ്പിച്ചതും ഇന്ദ്യക്കാരാണെന്നാണ് ഇവുടുത്തെ ചിലർ പറയുന്നതും, പ്രചരിപ്പിക്കുന്നതും. ഇന്നും നമുക്ക് നോബൽ സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ല. നമ്മുടെ അത്ലട്ടുകൾക്ക് ഒളിമ്പിക് മെഡലുകൾ ഒന്നും കിട്ടുന്നില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഒന്നും തന്നെയില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്. അതും അത്ര വലിയ നേട്ടം ഒന്നുമല്ല. ISRO ഉപയോഗിക്കുന്ന പലതും വിദേശ കമ്പനികളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്.

സയൻസിലും, ടെക്‌നോളജിയിലെ മാത്രമല്ലാ; സാമൂഹ്യ ശാസ്ത്രത്തിലും ഇന്ത്യാക്കാരന് കഴിഞ്ഞ കുറെ ദശകങ്ങളായി കോണ്ട്രിബൂഷൻ കാര്യമായി ഒന്നും ഇല്ല. ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ ഏറ്റവും വലിയ കുഴപ്പം ഇവിടെ   വിഷനറി ആയുള്ള നേതാക്കന്മാർ ഇല്ലാ എന്നുള്ളതാണ്. ഡോക്റ്റർ എ.പി.ജെ. അബ്‍ദുൾ കലാം, ഇ. ശ്രീധരൻ, വർഗീസ് കുര്യൻ - എന്നിങ്ങനെ ഒരുപിടി ആളുകൾ നമ്മുടെ രാഷ്ട്ര നിർമാണ പ്രക്രിയക്ക് കരുത്തേകി. പക്ഷെ എഷ്യാനെറ്റിൻറ്റെ പരസ്യ വാചകത്തിൽ പറയുന്നത് പോലെ നേരോടെ, നിർഭയം, നിരന്തരം അത്തരം ആളുകളെ മുന്നോട്ടു നയിക്കുന്ന ദീർഘ വീക്ഷണമുള്ള നേതാക്കന്മാർ ഇവിടെ വേണം. നെഹ്‌റുവിന് ശേഷം അത്തരത്തിലുള്ള നേതാക്കന്മാർ ഇന്ത്യയിൽ ഉണ്ടായില്ല എന്നതാണ് ഇന്ത്യയുടെ ശാപം. രാജ്യത്തിൻറ്റെ ശക്തമായ അടിത്തറയ്ക്കു വേണ്ടി ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇവയെല്ലാം നെഹ്രുവിൻറ്റെ കാലത്ത് ഉണ്ടായി. വ്യവസായിക അടിത്തറയ്ക്കു വേണ്ടി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം - എന്നീ ബ്രിഹത് പദ്ധതികളും നെഹ്രുവിൻറ്റെ കാലത്ത് ഉണ്ടായി. അതിനു ശേഷം അത്തരം ബ്രിഹത് സംരഭങ്ങളെ കുറിച്ച് ആലോചിക്കാനും അത് പൂർത്തീകരിക്കാനും ഉള്ള കഴിവുള്ള നേതാക്കന്മാർ ഇന്ത്യയിൽ ഇല്ലാതെ പോയി. പണ്ടത്തേതിൽ നിന്ന് വിഭിന്നമായി മധ്യ വർഗത്തിലുള്ളവർ പോലും ഇന്ത്യയിൽ സഞ്ചരിക്കാൻ വിമാനങ്ങൾ ഉപയോഗിക്കുന്ന കാലമാണിത്. വൻ വളർച്ച നേടുന്ന ഇന്ത്യൻ ഏവിയേഷൻ സെക്റ്റർ 2020- ഓടെ ലോകത്തിലെ മൂന്നാമത്തെ ഏവിയേഷൻ സെക്ടറായി മാറും എന്നാണ് പ്രവചനം. പക്ഷെ അപ്പോഴും നമുക്ക് പാസഞ്ചർ  വിമാനങ്ങൾക്ക് വേണ്ടി പൂർണ്ണമായും വിദേശത്തെ ആശ്രയിക്കേണ്ടി വരും. ചൈനയുടെ പാസഞ്ചർ ഫ്ളൈറ്റ് 2018-ൽ തന്നെ  സർവ്വീസിനെത്തും എന്നാണ് അവിടുന്നുള്ള വാർത്തകൾ.  ഇന്ത്യ എവിടെ നിൽക്കുന്നു; ചൈന എവിടെ നിൽക്കുന്നു എന്നതിന് ഉൽപ്പാദന രംഗത്തെ ഇത്തരം നിരവധി ഉദാഹരണങ്ങൾ കാണിക്കാം. സ്വന്തമായി ഉൽപ്പാദന രംഗത്ത്‌ വളർച്ച കൈവരിക്കാതെ ഇന്ത്യയെ ഒരു വികസിത രാജ്യം ആയി ആരും കണക്കാക്കില്ല എന്നുള്ള കാര്യം ഉത്തരവാദിത്ത്വബോധമുള്ള ആരും മറന്നു പോകരുത്.

2018 ഒക്‌ടോബർ 1, തിങ്കളാഴ്‌ച

സ്ത്രീകളുടെ സ്വത്തവകാശം - യൂണിഫോം സിവിൽ കോഡ്

കഴിഞ്ഞ മാസമാണ് ഇതെഴുതുന്നയാൾക്ക്‌ ഇന്ത്യയിലെ സ്ത്രീകളുടെ സ്വത്തവകാശത്തെ കുറിച്ച് പ്രൗഡമായ ഒരു പ്രഭാഷണം കേൾക്കാൻ ഭാഗ്യം ലഭിച്ചത്. രാജ്യ തലസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട സ്ഥാപനത്തിൻറ്റെ ഡയറക്ടർ ജെനെറൽ പ്രഭാഷണത്തിലൂടെ ഇൻഡ്യാ മഹാരാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന സ്ത്രീകൾക്ക് നേരെയുള്ള അനീതിയുടെ കൃത്യമായ വിവരണം നൽകി. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉത്തരേന്ത്യയിലെ ജാട്ടുകളും,ഠാക്കൂർമാരും, രാജസ്ഥാനിലെ രജപുത്രരും സ്ത്രീകൾക്ക് പുരുഷന് തുല്യമായി സ്വത്ത് കൊടുക്കാറില്ല . ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും കൊടുക്കുന്നില്ല. ബംഗാളിലൊക്കെ ആദ്യം സ്വത്ത് പെൺകുട്ടിയുടെ പേരിലാണെങ്കിലും കൂടി ആൺകുട്ടി ജനിച്ചാൽ പിന്നീട് സ്വത്ത് ആൺകുട്ടിയുടെ പേരിൽ വരും. “Kerala is a case of Exception” - ഞാൻ വിചാരിച്ചതു പോലെ തന്നെ ആ ഡയറക്ടർ ജെനെറലിനും കേരളത്തിലെ സ്ത്രീകളുടെ സ്വത്തവകാശത്തെ പറ്റി വിശദീകരിച്ചപ്പോൾ തെറ്റ് പറ്റി. ഇന്ത്യയിൽ മാതൃദായ ക്രമം ആകെപ്പാടെ മിസോറാമിലെ 'ഖാസി'-കളുടെ ഇടയിൽ മാത്രമേ ഉള്ളൂ. കേരളത്തിലുണ്ടായിരുന്നത്‌ 'മാട്രിലീനിയൽ' സമ്പ്രദായമായിരുന്നു. മാട്രിയാർക്കിയും, മാട്രിലീനിയലും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. കേരളത്തിലെ തറവാടുകളിൽ സ്ത്രീകൾക്ക് സ്വത്തവകാശം ഉണ്ടായിരുന്നപ്പോൾ തന്നെ ആ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത് പുരുഷന്മാരായിരുന്നു. കാരണവരുടെ തീരുമാനമായിരുന്നു എല്ലാ കാര്യത്തിലും അന്തിമം. സ്ത്രീകൾക്ക് വലിയ റോളൊന്നും ഇല്ലായിരുന്നു. എം. ടി. വാസുദേവൻ നായരും, തോപ്പിൽ ഭാസിയും, എസ്. കെ. പൊറ്റക്കാടും, പി. കേശവദേവും, കമലാ ദാസും, ഇപ്പോൾ അറിയപ്പെടുന്ന ചരിത്രകാരനായ മനു എസ്. പിള്ളയും ഒക്കെ അന്നത്തെ സ്ത്രീ ജീവിതം നന്നായി ചിത്രീകരിച്ചിട്ടുണ്ട്. മനു എസ്. പിള്ളയുടെ 'ദന്തസിംഹാസനവും', പ്രൊഫസർ റോബിൻ ജെഫ്രിയുടെ പ്രഖ്യാതമായ 'The Decline of Nayar Dominance: Society and Politics in Travancore' എന്ന പുസ്തകവും, എം. ടി. വാസുദേവൻ നായരുടെ 'നാലുകെട്ടും, തകഴിയുടെ ജ്ഞാനപീഠം കിട്ടിയ 'കയർ' - ഉം, എസ്. കെ. പൊറ്റക്കാടിൻറ്റെ 'ഒരു ദേശത്തിൻറ്റെ കഥ' - യും, പി. കേശവദേവിൻറ്റെ 'അയൽക്കാർ' എന്ന നോവലും ഒക്കെ അന്നത്തെ സ്ത്രീ ജീവിതത്തിൻറ്റെ നേർ കാഴ്ചകളാണ്.


നായർ തറവാടുകളിലെ മാതൃദായ ക്രമത്തെ കുറിച്ച് പല വീര കഥകളും പറയുമെങ്കിലും പുരുഷ കേന്ദ്രിതമായ പ്രഭുത്വം അതിൻറ്റെ  എല്ലാ വിധ പ്രതിലോമ സ്വഭാവത്തോടുകൂടി ആധിപത്യമുറപ്പിച്ചിരുന്ന സ്ഥലമായിരുന്നു മിക്ക നായർ തറവാടുകളും എന്ന് സുബോധമുള്ളവർക്ക് കാണാൻ ഒരു വിഷമവുമില്ല. കാരണവർക്കായിരുന്നു തീരുമാനെങ്ങേളെടുക്കാനുള്ള അവകാശം. തോപ്പിൽ ഭാസിയൊക്കെ തൻറ്റെ അമ്മയെ കുറിച്ച് പറഞ്ഞിട്ടുള്ളത് ഒരു ദിവസം കാരണവർ ഉമ്മറെത്തെക്ക് വിളിച്ച് ഒരാളോട് തൻറ്റെ അമ്മക്ക് പുടവ കൊടുക്കാൻ പറഞ്ഞു എന്നാണ്. അമ്മ അതിനു മുൻപ് അയാളെ കണ്ടിട്ടോ, കേട്ടിട്ടോ പോലുമില്ലായിരുന്നു. അന്നത്തെ കാലത്ത് കാരണവരുടെ ഉത്തരവ് സ്ത്രീ ജനങ്ങൾക്ക്അനുസരിക്കാതിരിക്കാൻ പറ്റുമോ? പിന്നെ പിള്ളേർ എങ്ങനെ ഉണ്ടായി എന്ന് പോലും അറിയില്ല എന്നാണ് തോപ്പിൽ ഭാസി തൻറ്റെ അമ്മ പറഞ്ഞതാതായി എഴുതിയിട്ടുള്ളത്.


യൂണിഫൊം സിവിൽ കോഡും, സ്ത്രീകൾക്ക് സ്വത്തിലുള്ള തുല്യാവകാശവും തീർച്ചയായും പുരോഗമനം തന്നെ. പക്ഷെ രാജ്യത്തെ ജനങ്ങൾ അതിനു വേണ്ട പക്വത കൈ വരിച്ചോ എന്നു കൂടി ചിന്തിക്കണം. യൂണിഫോം സിവിൽ കോഡ് പ്രകാരം സ്വത്ത് തുല്യമായി വിഭജിക്കുന്ന കാര്യം പല സംസ്ഥാനങ്ങളിലും ചർച്ചയാകാൻ തുടങ്ങിയാൽ ഇതിനു വേണ്ടി വാദിക്കുന്ന ബി. ജെ. പി. തന്നെ ഇതു മാറ്റി വയ്ക്കുമെന്നാണ് തോന്നുന്നത്. കാരണം ബി. ജെ. പി. -യുടെ തന്നെ വോട്ടു പോകും. ചുരുക്കം പറഞ്ഞാൽ യൂണിഫോം സിവിൽ കോഡ്‌ എന്ന ആശയം നല്ലതാകുമ്പോൾ തന്നെ എല്ലാ കാര്യങ്ങളിലും സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പാക്കാതെ യൂണിഫോം സിവിൽ കോഡിന് പ്രസക്തി ഇല്ല. അത് ഇന്ത്യയിൽ ഇപ്പോൾ സാധിക്കുമെന്നും തോന്നുന്നില്ല. യൂണിഫോം സിവിൽ കോഡ്‌ എന്ന ആശയം നല്ലതാകുമ്പോൾ തന്നെ ഏതെങ്കിലും തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ ഇത് പൊക്കി പിടിക്കുന്നത് വോട്ടു ബാങ്ക് സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്. ഫലത്തിൽ യൂണിഫോം സിവിൽ കോഡ്‌ ബി. ജെ. പി. സിവിൽ കോഡ്‌ ആയി മാറുകയാണ്.

കേരളത്തിലും സ്ത്രീകളുടെ സ്വത്തവകാശത്തെ കുറിച്ചുള്ള തർക്കം സുപ്രീം കോടതിയുടെ ശബരിമലയിലെ  സ്ത്രീ പ്രവേശന വിധിയോടെ സജീവമാകുകയാണ്. ഇപ്പോൾ ഒരു നൂറ്റാണ്ടു മുമ്പ് വരെ നിലനിന്നിരുന്ന ജാതീയമായ വിവേചനങ്ങളുടേയും, സ്ത്രീകൾക്കെതിരെ ഉണ്ടായിരുന്ന അനാചാരങ്ങളുടേയും കഥകൾ നിരത്താൻ ശബരിമലയിലെ  സ്ത്രീ പ്രവേശന വിധി പലർക്കും പ്രേരകമായി. സ്ത്രീകളുടെ സ്വത്തവകാശം, സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച നിരവധി വിഷയങ്ങൾ, കുടുംബത്തിലും സമൂഹത്തിലും ഒക്കെയുള്ള സ്ത്രീകളുടെ പങ്ക്‌ - ഇതെല്ലാം വിപുലമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി ചർച്ച ചെയ്യപ്പെടുകയാണ്. ശബരിമലയിലെ  സ്ത്രീ പ്രവേശനത്തിന് വേണ്ടിയുള്ള വിധി വോട്ടു ബാങ്കു രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതാകയാൽ ഒരു രാഷ്ട്രീയ നേതാവിനും സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിയായ കാര്യങ്ങളിൽ അഭിപ്രായം തുറന്ന്  പറയാൻ ധൈര്യവുമില്ല. 

സ്ത്രീകളുടെ സ്വത്തവകാശത്തെ കുറിച്ചുള്ള തർക്കം മതത്തിൻറ്റെ പേരിലല്ല നോക്കി കാണേണ്ടത്. രാഷ്ട്ര നിർമാണ പ്രക്രിയയിൽ ഒരു പൗരൻറ്റെ ഭരണഘടനാനുസൃതമായ അവകാശ സംരക്ഷണമായിട്ടാണ് അതിനെ നോക്കി കാണേണ്ടത്. ഹിന്ദു മത വിഭാഗത്തിൽ ചില സ്ഥലങ്ങളിൽ ബഹുഭാര്യാത്വം നിലവിലുണ്ട്. 20-30 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺ കുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര - എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. ഇപ്പോഴും ചില സ്ഥലങ്ങളിൽ രഹസ്യമായി ഉണ്ട്. ദാസി സമ്പ്രദായം പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു. തമിഴ് നാട്ടിൽ 'ചിന്ന വീട്' സമ്പ്രദായം ഉണ്ടായിരുന്നല്ലോ. വിവിധ ജാതിവിഭാഗങ്ങൾ ഉത്തരേന്ത്യയിലും മറ്റും അനുവർത്തിക്കുന്ന ദുരാചാരങ്ങൾക്കും ഊരുവിലക്ക് ഉൾപ്പെടെ സമുദായ വിചാരണകളിലൂടെ തീർപ്പുകൽപ്പിക്കപ്പെടുന്ന വിധികൾക്കും സിവിൽ കോഡ് ഏകീകരിക്കപ്പെടുന്നതോടെ ഒരു പക്ഷെ അവസാനമാകും. പുതിയ സിവിൽകോഡ് നടപ്പിലാകുന്നതോടെ മുസ്ലീങ്ങളിൽ ബഹുഭാര്യാത്വവും തലാഖും ഇല്ലാതാകും. ഈ നിയമം നടപ്പിലായാൽ ഏറ്റവും കൂടുതൽ ഗുണം കിട്ടുന്നത് ഒരു പക്ഷെ മുസ്ലിം സ്ത്രീകൾക്കായിരിക്കും. രാജ്യത്ത് സ്ത്രീയ്ക്കും പുരുഷനും തുല്യനീതിയെന്ന പ്രധാന വാദമാണ് ഏക സിവിൽ കോഡ് മുന്നോട്ടുവയ്ക്കുന്നത്. മുസ്ലിം കുടുംബങ്ങളിലെ തർക്കങ്ങൾ തീർക്കാനും മറ്റുമുള്ള ശരീയത്ത് കോടതികളും ഇല്ലാതാകും. എസ്. എം. എസ്. ഇൻറ്റർനെറ്റ് സന്ദേശം, വാട്ട്സ് അപ്പ് - ഇവ വഴി അയച്ച് മൊഴിചൊല്ലുന്നതും ഇല്ലാതാകും. കൃസ്ത്യൻ പിൻതുടർച്ചാവകാശ നിയമങ്ങളും ഇല്ലാതാകും.

വിവാഹ മോചിതയാവുന്ന മുസ്ലീം സ്ത്രീക്കും കുട്ടികൾക്കും നിലവിലെ നിയമത്തിൽ ജിവനാംശം (ജീവിക്കാനുള്ള പണം) നൽകേണ്ടതില്ല. യൂണിഫോം സിവിൽ കോഡ് നിലവിൽ വന്നാൽ മതത്തിൻറ്റേയും ദൈവത്തിൻറ്റേയും പേരിൽ കുറച്ച് പ്രമാണിമാരുടെ ഇത്തരത്തിലുള്ള തോന്ന്യവാസം ഇല്ലാതാവും. കത്തോലിക്കാ സമുദായത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉയരും. വിവാഹ ആചാരങ്ങളിൽ മാറ്റം വരുത്താതെ രജിസ്ട്രേഷൻ നിർബന്ധമാക്കുമ്പോൾ വിവാഹത്തിന് രേഖാമൂലമായ സാധുത കൈവരും. വിവാഹങ്ങളെല്ലാം മതപരമായി തുടരുമ്പോൾ തന്നെ അവയെ പറ്റി വ്യക്തമായ ചിത്രം പുതിയ നിയമം വഴി ഉറപ്പാക്കുമ്പോൾ സമൂഹത്തിലും, നീതിന്യായ വ്യവസ്ഥയിലും അത് വലിയ ചലനങ്ങൾക്ക് വഴി വെക്കുമെന്ന് ഉറപ്പാണ്. ഇത്തരത്തിൽ രാജ്യത്ത് ജാതീയവും മതപരവുമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവാഹ നിയമങ്ങളിൽ  സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കുന്ന  കീഴ്വഴക്കങ്ങൾ ഏകീകൃത സിവിൽ നിയമത്തിലൂടെ സൃഷ്ടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പക്ഷെ ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിച്ചാൽ അതിൻറ്റെ പേരിൽ മതവികാരം ഉണർത്താൻ തൽപര കക്ഷികൾ ശ്രമിക്കും എന്നുള്ളത് തീർച്ചയാണ്. രാഷ്ട്രീയക്കാരും, മതത്തിൻറ്റെ പേരിൽ മേനി നടിക്കുന്ന കുറച്ച് പ്രമാണിമാരും അവരുടെ സ്വാർത്ഥ ലാഭത്തിനായി മതത്തെ ഇതിൻറ്റെ പേരിൽ വലിച്ചിഴച്ചാൽ ഒരു കുറ്റവും ചെയ്യാത്ത സാധാരണ മത വിശ്വാസികൾ ഒത്തിരി പഴി കേൾക്കേണ്ടതായി വരും. വികസിത രാജ്യങ്ങളിൽ മതവും, മത പരമായ ആചാരങ്ങളും ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യതയുടെ ഭാഗമാണ്. അതാണ് നാമും പിന്തുടരേണ്ടത്. അമേരിക്കയും, യൂറോപ്പുമൊക്കെ ആധുനികവൽകരിക്ക പെട്ടപ്പോൾ അവരൊക്കെ മതത്തെയും, മത പരമായ ആചാരങ്ങളെയും മാറ്റി നിർത്തുന്നതാണ് കാണാൻ സാധിച്ചത്. Renaissance, Reformation, Enlightenment - ഈ പ്രസ്ഥാനങ്ങൾ മതത്തിന്റ്റെ സർവാധിപത്യത്തെ എല്ലാ രീതിയിലും വെല്ലു വിളിച്ചു. പക്ഷെ ഇന്ത്യയിൽ നാം ആധുനികവൽകരിക്ക പെട്ടപ്പോൾ കൂടുതൽ കൂടുതൽ വർഗ്ഗീയ വൽകരിക്ക പെടുകയാണ്. ഭക്തിയും, ആത്മീയതയും ഒക്കെ വളരെ നല്ലതാണ്. പക്ഷെ ഇവിടെ നടക്കുന്നത് മതത്തിൻറ്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിച്ച് വോട്ടു ബാങ്കുകൾ ഉറപ്പാക്കുന്ന രീതി ആണ്. ആധുനിക സമൂഹത്തിൽ മതം രാഷ്ട്രീയത്തിലും, ഭരണ കൂടത്തിൻറ്റെ നയങ്ങളിലും ഇടപെടേണ്ട ഒരു കാര്യവുമില്ല.