2018 നവംബർ 27, ചൊവ്വാഴ്ച

കേരളത്തിലെ സമീപകാലത്തെ വർഗീയതയുടെ ഉൽഭവവും വളർച്ചയും

 ബാബ്രി മസ്ജിദ് വിവാദത്തിൽ നിന്നാണ് സമീപ കാലത്ത് കേരളത്തിലും വർഗീയതയുടെ ഉദയം എന്ന് പറയാം. ബാബ്രി മസ്ജിദ് വിവാദമൊക്കെ ഇന്ന് നമുക്കുള്ള കാറ്റ് വിതച്ച് കൊടുംകാറ്റ് കൊയ്യുന്ന ഭരണാധികാരികൾ ഉണ്ടാക്കിയ പ്രശ്നങ്ങളാണ്. വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള മുറിവുകൾ ഉണക്കാൻ ശ്രമിയ്ക്കേണ്ട നേതാക്കൾ തന്നെ അൽപ്പ ലാഭത്തിനായി മത സാമുദായിക ശക്തികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് എരിതീയിൽ എണ്ണ ഒഴിച്ചു; പ്രശ്നങ്ങൾ മൂർച്ഛിപ്പിച്ചു. സമുദായങ്ങൾ തമ്മിൽ വിടവ് മനഃപൂർവം സൃഷ്ടിച്ചുകൊണ്ട് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നു അന്ന് ഇന്ത്യയിൽ വ്യാപകമായി നടന്നത്.

ന്യൂന പക്ഷങ്ങളെ ശത്രുക്കളായി കാണുന്ന പ്രവണതക്കായിരുന്നു ബി.ജെ.പി. കേരളത്തിൽ ചുവടുറപ്പിക്കാനായി സമീപ കാലത്ത് പയറ്റിയത്. കേരളത്തിൽ കഴിഞ്ഞ 5-6 വർഷങ്ങളായി സംഘ പരിവാറുകാർ സോഷ്യൽ മീഡിയയിൽ കൂടി വർഗീയ വിഷം പരത്തുകയായിരുന്നു. ക്രിസ്ത്യാനികളെ മതം മാറ്റ ലോബികളുടെ വക്താക്കളായും, മുസ്ലീങ്ങളെ മൊത്തം ഭീകര വാദികൾ അതല്ലെങ്കിൽ ഭീകര പ്രവർത്തനങ്ങളെ പിന്തുണക്കുന്നവരായും അവർ ചിത്രീകരിച്ചു. രാജ്യത്തിൻറ്റെ പല ഭാഗങ്ങളിൽ ഇരുന്നും, വിദേശത്തും ഇരുന്നുകൊണ്ട് സോഷ്യൽ മീഡിയയിലും, ഓൺലെയിൻ പത്രങ്ങളിലും ഇത്തരത്തിൽ വ്യാപകമായ പ്രചാരണങ്ങൾ സംഘടിപ്പിച്ചു. എതിർക്കുന്നവരൊയൊക്കെ അവർ സംഘടിതമായി തെറി വിളിച്ച് ഓടിച്ചു. ജനം ടി.വി. പോലുള്ള വർഗീയ ചാനലുകളൊക്കെ ഈയടുത്ത കാലത്ത്‌  വളരെ ആക്റ്റീവാകുന്നതിനു വളരെ മുൻപേ സോഷ്യൽ മീഡിയയിലും, മറുനാടൻ മലയാളി പോലുള്ള ഓൺലയിൻ പത്രങ്ങളിൽ സംഘ പരിവാർ ആശയങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നൂ.

എന്തായിരുന്നൂ ഈ സംഘ പരിവാർ ആശയങ്ങൾ??? ഭക്ഷണമായിരുന്നൂ ഒരു പ്രധാന ആയുധം. ബീഫ് കഴിക്കുന്നത് നല്ല ഹിന്ദുവിൻറ്റെ ലക്ഷണമല്ല എന്ന ഉൾവിളി സൃഷ്ടിക്കുന്നതിൽ സംഘടിതമായ പ്രചാരണത്തിലൂടെ കുറച്ചൊക്കെ വിജയിച്ചൂ. ബീഫിനെതിരെയും, വെജിറ്റേറിയനിസത്തിൽ ഊന്നിയതുമായ ഉത്തരേന്ത്യൻ ഗ്രാമ സംസ്കാരം കേരളത്തിലും പറിച്ചു നടാൻ ചില സന്ഖടനകൾ കുറച്ചൊക്കെ വിജയിച്ചൂ എന്ന് തന്നെയാണ് തോന്നുന്നത്. കേരളം ഭരിച്ചിരുന്ന സർക്കാരുകൾക്കെതിരേയും നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചു. ഹിന്ദുക്കൾ അമ്പലത്തിൽ നിക്ഷേപിക്കുന്ന സംഭാവന കേരളാ ഗവൺമെൻറ്റ് വഴി മാറ്റി ചെലവാക്കുന്നു എന്നതായിരുന്നൂ ഒന്നാമത്തെ പ്രധാന ആരോപണം. ഹിന്ദു സമൂഹത്തെ കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ പ്രത്യേകിച്ച് ഇടതു പക്ഷ മുന്നണി സർക്കാർ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു എന്നതായിരുന്നൂ രണ്ടാമത്തെ ഗുരുതരമായ ആരോപണം. ചുമ്മാതല്ല ഈയിടെ ജനം ടി.വി. - യിൽ ഒരാൾ പറയുന്നത് കേട്ടത്: "പിണറായ് വിജയൻ സർക്കാർ അധികാരത്തിൽ വന്നത് മുതൽ കേരളത്തിലെ ഹിന്ദുക്കളെല്ലാം പേടിച്ചിരിക്കുകയായിരുന്നു എന്ന്"!!!! നിരീശ്വര വാദികളും, ഈശ്വര നിഷേധികളുമായ കമ്യൂണിസ്റ്റുകാർ ശബരിമലയുടെ കാര്യത്തിൽ കേരളത്തിലെ ഹിന്ദുക്കളെ കൊലക്കു കൊടുക്കുകയാണ് എന്ന പ്രചാരണം വളരെ എളുപ്പത്തിൽ സംഘ പരിവാറുകാർക്കു പ്രചരിപ്പിക്കാനും സാധിച്ചൂ.

സത്യത്തിൽ ഹിന്ദുവിന് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഏറ്റവും ബഹുമാന്യത കിട്ടുന്ന ഒരു കാലമാണിത്. പക്ഷെ കള്ള പ്രചാരണങ്ങൾക്ക് ഒരു ക്ഷാമവുമില്ല. ഹിന്ദു മതം അപകടത്തിൽ; മിഷനറിമാരും മറ്റു മതസ്ഥരും ചേർന്ന് ഹിന്ദു മതത്തെ ഇല്ലായ്മ ചെയ്യാൻ നോക്കുന്നു - എന്നതൊക്കെ വർഗീയ സംഘർഷം ലക്ഷ്യം വെച്ച് പ്രചാരണം നടത്താൻ സംഘ പരിവാറുകാർക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി സാധിച്ചൂ. ഈ ഇന്ത്യ മഹാ രാജ്യത്ത് ഇന്നും 80 ശതമാനത്തിലേറെ പേർ ഹിന്ദുക്കളാണ് എന്ന കാര്യം അവർ സൗകര്യപൂർവം മറന്നൂ. തീർഥാടക കേന്ദ്രങ്ങളായ ശബരിമല, ബദരിനാഥ്, കേദാർനാഥ് - ഇങ്ങോട്ടെക്കെ ഉള്ള ആളുകളുടെ ഒഴുക്ക് കൂടിയിട്ടേയുള്ളൂ എന്ന കാര്യവും അവർ മറന്നൂ. ഇനി പുസ്തകങ്ങളുടെ കാര്യം പറയുകയാണെങ്കിൽ ഇന്ഗ്ലീഷും, പ്രാദേശിക ഭാഷകളും വികസിച്ചതിനു ശേഷം ലക്ഷ കണക്കിന് കോപ്പികൾ വിറ്റു പോയ സ്വാമി പരമഹംസ യൊഗാനന്ദയുടെ ‘യോഗിയുടെ ആത്മകഥ ’, 200- ലധികം പുഷ്തകം എഴുതിയ മഹാ യോഗിയായ സ്വാമി ശിവാനന്ദ, കേരളത്തിൽ ഗുരു നിത്യ ചൈതന്യ യതിയുടെ പുസ്തകങ്ങൾ, ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ച രാമ കൃഷ്ണ മിഷൻറ്റെ പുസ്തകങ്ങൾ, ആർക്കും ഇൻറ്റെർനെറ്റിലൂടെ ലഭ്യമാകുന്ന ഋഷികേശിലെ ഡിവൈൻ ലൈഫ് സോസേറ്റിയുടെ പ്രസിദ്ധീകരണങ്ങൾ, ബീഹാർ സ്കൂൾ ഓഫ് യോഗയുടെ പ്രസിദ്ധീകരണങ്ങൾ - ഇതൊക്കെ അനേകം പേർ വായിക്കുന്നുണ്ടെന്നുള്ള കാര്യവും സംഘ പരിവാറുകാർ സൗകര്യപൂർവം മറന്നൂ. പോൾ ബ്രണ്ടൻ, ഡേവിഡ് ഫ്രോലീ, മാർഷൽ ഗോവിന്ദൻ - ഇങ്ങനെ അനേകം വിദേശീയർ ഹിന്ദു മതത്തെ കുറിച്ച് ആധികാരികമായ പുസ്തകങ്ങൾ എഴുതുന്നു. അനേകം വിദേശീയർ ഹിന്ദു മതത്തിൽ ചേരുന്നു.  മലയാളത്തിൽ എം. കെ. രാമചന്ദ്രൻറ്റെ കൈലാസ് - മാനസരോവർ യാത്രാ വിവരണം 30,000 - ൽ മിച്ചം കോപ്പികളാണ് വിറ്റു പോയത്. യോഗയുടെ ഒക്കെ പ്രചാരം കൂടിയിട്ടേയുള്ളൂ; കുറഞ്ഞിട്ടില്ല. മലയാളിയായ ശ്രി എം - ന്റ്റെ ‘Apprenticed to a Himalayan Master – Autobiography of a Yogi’ ഇപ്പോൾ അനേകം പ്രാദേശിക ഭാഷകളിലേക്ക് തർജിമ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇലക്ട്രോണിക്ക്, ഡിജിറ്റൽ ടെക്നൊളജിയുടേയും, ഇന്ഗ്ലീഷിൻറ്റേയും, പ്രാദേശിക ഭാഷകളുടേയും വളർച്ചയാണ് സത്യത്തിൽ ആത്മീയത ഇത്തരത്തിൽ ജനകീയമാക്കിയത്. ഒരു നൂറ്റാണ്ടു മുമ്പ് വരെ യോഗയൊക്കെ ആശ്രമങ്ങളിലും, വളരെ കുറച്ചു വ്യക്തികളിലും മാത്രം ഒതുങ്ങിയിരുന്ന ഒന്ന് മാത്രമായിരുന്നു.

പക്ഷെ ഭക്തിയോ, ആത്മീയതയോ, തീർത്ഥാടനമോ ഒന്നുമല്ല കേരളത്തിൽ വർഗീയത പടർന്നു പന്തലിക്കാൻ ഉള്ള യഥാർത്ഥ കാരണമായി ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. പ്രധാന പ്രശ്നം സാമൂഹ്യമാണെന്നാണ് തോന്നുന്നത്. സത്യത്തിൽ കേരളത്തിൽ ഒരു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന സാമൂഹിക പരിവർത്തനത്തിൻറ്റെ ചരിത്രം പഠിപ്പിക്കാതെ സാമുദായിക ധ്രുവീകരണം നടപ്പാക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ജനസംഖ്യ കൂടിയതും, കാർഷിക വ്യവസ്ഥിതിയിൽ നിന്നുള്ള വരുമാനം കൂട്ടു കുടുംബങ്ങളിലെ അംഗങ്ങളുടെ ആവശ്യത്തിന് തികയാതെ വന്നതും, മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേക്ക് ഉണ്ടായ മാറ്റവും, കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണു കുടുംബത്തിലേക്കുള്ള മാറ്റവും ഒക്കെ അങ്ങേയറ്റം സങ്കീർണമായ സാമൂഹ്യ പ്രക്രിയയായിരുന്നു. ഈ സങ്കീർണമായ സാമൂഹ്യ പ്രക്രിയ മനസിലാക്കുന്നതിന് പകരം അന്യ മത വിദ്വേഷവും, അന്യ സമുദായ വിദ്വേഷവും പ്രചരിപ്പിച്ച് ഇവിടെ 'ക്ളച്ച്' പിടിക്കാനാണ് സംഘ പരിവാർ ശക്തികൾ നോക്കിയത്. ഒരു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന സങ്കീർണമായ സാമൂഹ്യ പ്രക്രിയ മനസിലാക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. അതിനു പകരം അന്യ സമുദായങ്ങളും, അന്യ മതങ്ങളും ആണ് തങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം എന്ന് ആരോപിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണല്ലോ. അതാണ് കഴിഞ്ഞ കുറെ വർഷങ്ങളായി സംഘ പരിവാറുകാർ നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പിന്നോക്കാവസ്ഥകക്ക് മറ്റു മതങ്ങളും, സമുദായങ്ങളും ആണെന്ന് ആരോപിച്ചാൽ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുക വളരെ എളുപ്പമല്ലേ??? സംവരണം വഴിയും, രാഷ്ട്രീയ നെത്ര്വത്തങ്ങളോടുള്ള അടുപ്പം വഴിയും ക്രിസ്ത്യൻ-മുസ്‌ലിം സമുദായങ്ങങ്ങൾ മുന്നോക്ക ജാതികൾക്കുള്ള അവകാശങ്ങൾ തട്ടിയെടുത്തൂ എന്നുള്ള വ്യാപകമായ കള്ള പ്രചാരണമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നത്. മലയാളി അടിസ്ഥാനപരമായി പ്രവാസിയായി മാറിയതും, കേരളത്തിന് പുറത്തു നിന്നുള്ള പണത്തിൻറ്റെ ഒഴുക്കും ഇത്തരം പ്രചാരണം നടത്തുന്നവർ സൗകര്യപൂർവം മറന്നൂ.

സംഘ പരിവാറുകാരുടെ രാഷ്ട്രീയ തന്ത്രങ്ങളെ അതിജീവിക്കാൻ മറുതന്ത്രങ്ങൾ വേണം. ഇവിടെയാണ് കേരളത്തിലേയും, ഇന്ത്യ മൊത്തത്തിലും രാഷ്ട്രീയ നെത്ര്വത്ത്വങ്ങൾ ദയനീയമായി പരാജയപ്പെട്ടത്. സോഷ്യൽ മീഡിയ മുഴുവൻ കയ്യാളുന്ന സംഘ പരിവാറുകാർക്കെതിരെയുള്ള പ്രതിരോധം തീർത്തും ദുർബലമായിരുന്നൂ. കൌണ്ടർ സ്ട്രാറ്റജികളില്ലാത്ത രാഷ്ട്രീയ നെത്ര്വത്ത്വങ്ങളെയാണ് കഴിഞ്ഞ 5-6 വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രാദേശികമായ പ്രശ്നങ്ങളും, കർഷകരുടെ പ്രശ്നങ്ങളും, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളും ദേശീയ മുഖ്യധാരയിൽ എത്തിക്കാൻ നമ്മുടെ രാഷ്ട്രീയ നെത്ര്വത്ത്വങ്ങൾ വളരെ ദയനീയമായി കഴിഞ്ഞ 5-6 വർഷങ്ങളായി പരാജയപ്പെട്ടു. തീവ്ര മത ബോധത്തെയോ, തീവ്ര ദേശീയ ബോധത്തെയോ തുറന്നെതിർക്കാൻ ഇന്നത്തെ ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാർട്ടികൾക്കും സാധിക്കുന്നില്ല എന്ന വസ്തുത ആരും കാണാതെ പോകരുത്. ഇന്ന് ശബരിമലയുടെ പേര് പറഞ്ഞു നടക്കുന്ന 'മൊബിലൈസേഷൻ' ഒന്നും ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചതല്ല. കേരളീയർക്ക് ഇടതുപക്ഷം പ്രചരിപ്പിച്ചിരുന്നത് പോലെയുള്ള ഒരു പുരോഗമന ആശയങ്ങളും ഇല്ലാ എന്നുള്ളത് ശബരിമല സ്ത്രീ പ്രവേശനാ വിഷയത്തിലുള്ള വിധിയോടുള്ള പ്രതിഷേധത്തോടെ പ്രകടമായി. അല്ലെങ്കിലും 'ഡിസിഷൻ മേയ്ക്കിങ്' റോളിൽ കേരളത്തിൽ സ്ത്രീകളുടെ അസാന്നിധ്യം പണ്ടേ ശ്രദ്ധേയമാണ്. പക്ഷെ ഇവുടുത്തെ ഇടതു പക്ഷ രാഷ്ട്രീയ നെത്ര്വത്ത്വം 'കേരളാ മോഡൽ' വികസന പ്രക്രിയ എന്ന് പറഞ്ഞു സ്ത്രീകളുടെ റോൾ വലുതാക്കി കാണിക്കുകയായിരുന്നൂ.

ഒപ്പം തന്നെ മനസ്സിലാക്കേണ്ടതാണ് കേരളത്തിൽ വ്യാപകമായിരുന്ന 'ഭൗതിക പ്രോപ്പഗാണ്ട'. ഭൗതിക പ്രോപ്പഗാണ്ട നടത്തുന്നവർക്ക് എല്ലാം ഭൗതികതയുടെ കണ്ണിൽ കൂടി അല്ലെങ്കിൽ 'മോഡ് ഓഫ് പ്രൊഡക്ഷൻ' ആയി എല്ലാം നോക്കി കാണണം. മതത്തേയും, ആത്മീയതയേയും അവർക്കു കണ്ടു കൂടാ. 'കൃഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നില്ല' എന്ന പുസ്തകത്തിലൂടെ യുക്തിവാദി ജോസഫ് ഇടമറുക് ഒക്കെ പ്രതിനിധാനം ചെയ്തത് കേവലം യാന്ത്രിക ഭൗതികവാദങ്ങളെയാണ്. കേരളത്തിൽ യുക്തി വാദികളുടെ ആശയങ്ങൾ വെറും കേവല യുക്തി ആയി പരിണമിച്ചു.  2 + 2 = 4  എന്നതിനപ്പുറം അവർക്കു ചിന്തിക്കാനായില്ല. ഇടമറുകിൻറ്റെ പോലുള്ള കേവലം യാന്തിക ഭൗതിക വാദങ്ങൾ പരമ സത്യങ്ങളായി കണ്ട കുറെയധികം ആളുകളാണ് കേരളത്തിലെ അച്ചടി രംഗം അടക്കി വാണിരുന്നത്. ഭക്തരും വിശ്വാസികളുമായ സാധാരണ ജനത്തിന് ഇത്തരം ആശയ പ്രചാരകരോട് അവമതിപ്പുണ്ടാക്കി എന്ന വസ്തുത കാണാതിരുന്നു കൂടാ. ഇന്ത്യൻ ദേശീയതയയേയും യുക്തി വാദികളും, കമ്യൂണിസ്റ്റുകാരും മനസിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യൻ സാമൂഹിക യാഥാർഥ്യവും കമ്യൂണിസ്റ്റുകാർ മനസ്സിലാക്കിയതായി തോന്നുന്നില്ല. മുൻ നക്സലയിറ്റ് നേതാവ് കെ. വേണു ഇപ്പോൾ ആ യാഥാർഥ്യം അംഗീകരിക്കുന്നു. ഇന്ത്യൻ സാമൂഹിക യാഥാർഥ്യo മനസ്സിലാക്കുന്നതിൽ ഗാന്ധി കമ്മ്യുണിസ്റ്റുകാരെക്കാൾ വളരെ, വളരെ മുന്നിലായിരിന്നു എന്ന കാര്യം 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകത്തിൽ കെ. വേണു തുറന്നു സമ്മതിക്കുന്നു. സത്യത്തിൽ ഗാന്ധിയെ മനസിലാക്കാതിരുന്നതും, അംഗീകരിക്കാതിരുന്നതും ഇന്ത്യയിലെ കമ്യുണിസ്റ്റുകാരുടെ ഏറ്റവും വലിയ പരാജയം ആയിരുന്നു.

ഇന്ത്യയുടെ മത നിരപേക്ഷത എല്ലാ മതങ്ങളേയും ആദരിക്കുന്നതാണ്; അല്ലാതെ ഭക്തിയേയോ, ആത്മീയതയേയൊ, മത വിശ്വാസത്തേയോ തള്ളി പറയുന്നതല്ല. 1947-ൽ കമ്യുണിസ്റ്റുകാർക്കോ, അംബേദ്കറിസ്റ്റുകൾക്കോ വർഗീയ സംഘർഷങ്ങൾക്കെതിരേ ഒരു പരിഹാരവും നിർദേശിക്കാനില്ലായിരുന്നു. തൻറ്റെ നിരാഹാര സമരങ്ങളിലൂടെ ഗാന്ധിയാണ് ഡൽഹിയിലും, കൽക്കട്ടയിലും സാമുദായിക സൗഹാർദം പുനഃസ്ഥാപിച്ചത്. താൻ പട്ടിണി കിടക്കുന്നത് കൊണ്ട് നിങ്ങൾ മത സൗഹാർദം പാലിക്കണമെന്ന് പറയുകയായിരുന്നില്ല ഗാന്ധി ചെയ്തത്; മറിച്ച് ഇവിടെ മത സൗഹാർദം എന്നും നിലനിന്നിരുന്നു എന്ന് തൻറ്റെ സഹന സമരത്തിലൂടെ ജനത്തെ ഓർമപ്പെടുത്തുകയായിരുന്നു ഗാന്ധി ചെയ്തത്. മത സൗഹാർദ്ദത്തിന് ഇന്നും ഇത്തരം സഹന സമരങ്ങളാണ് ഏറ്റവും നല്ലത്; അല്ലാതെ കേരളത്തിലെ കമ്യുണിസ്റ്റുകാർ അനുവർത്തിച്ചു പോരുന്ന ബീഫ് ഫെസ്റ്റിവൽ അല്ല എല്ലാ സമുദായങ്ങളേയും കൂട്ടിയിണക്കാൻ നമുക്ക് വേണ്ടത്. അവസാന കാലത്ത് തൻറ്റെ ജീവന് നേരെ ഉയരുന്ന ഭീഷണി വ്യക്തമായി കണ്ടിട്ടും ഗാന്ധി എടുത്ത ശക്തവും, ധീരവും ആയ മത സൌഹാർദ പരമായ നിലപാടാണ് ഇന്ത്യയുടെ അടിത്തറ. തൻറ്റെ രക്ത സാക്ഷ്യത്തിലൂടെ ഗാന്ധിക്ക് താൻ ജീവിച്ചിരുന്നപ്പോൾ സാധിക്കാതിരുന്നത് മരണത്തിലൂടെ സാധിച്ചെടുത്തു. മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷ്യത്തിനു ശേഷം അടുത്ത പത്തു വർഷത്തിൽ ഇന്ത്യയിൽ ഒരു വലിയ വർഗീയ ലഹള പോലും ഉണ്ടായില്ല. ഇതു ചരിത്ര സത്യം. വിഭജനത്തിൻറ്റെ സമയത്ത് പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം.

2018 നവംബർ 5, തിങ്കളാഴ്‌ച

ശബരിമല വിഷയം - രാഷ്ട്രീയ വിശകലനം

മൂന്നു മുന്നണികളും തുല്യ ശക്തിയോടെ ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. ശരിക്കും ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയ കളിയാണ് ഇവിടെ നടക്കുന്നതെന്ന് ശ്രീധരൻ പിള്ളയുടെ പ്രസംഗം പുറത്തായപ്പോൾ മുതൽ ഒരു സംശയവുമില്ലാതെ സുബോധമുള്ളവർക്കെല്ലാം മനസിലായി. അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പും രണ്ടു വർഷം കഴിഞ്ഞെത്തുന്ന നിയമ സഭ തിരഞ്ഞെടുപ്പും കഴിയുമ്പോൾ അറിയാം ആരൊക്കെ ഈ വിഷയത്തിൽ നേട്ടമുണ്ടാക്കി എന്നുള്ള കാര്യം.

ശബരിമലയിലെ സ്ത്രീ പ്രവേശനാ വിഷയം പരിഹരിക്കാൻ ഒരു മുന്നണിക്കും താൽപര്യമില്ലെന്ന് ഈ പ്രശ്നം തുടങ്ങിയപ്പോൾ മുതൽക്കേ ഇതെഴുതുന്ന ആൾക്ക് തോന്നിയിരുന്നു. ഇടതുമുന്നണിക്ക് 411 പേജുള്ള സുപ്രീം കോടതി വിധിന്യായത്തെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാമായിരുന്നു. അതുണ്ടായില്ല. ലോക്കൽ കമ്മിറ്റി തൊട്ടു വിപുലമായ സംഘടനാ സംവിധാനം ഉള്ള ഇടതുമുന്നണി പാർട്ടി അണികളോടും, ജനങ്ങളോടും എന്തുകൊണ്ട് സുപ്രീം കോടതി വിധി വിശദീകരിച്ചില്ല എന്ന് ചോദിച്ചാൽ ഇതിൻറ്റെ പേരിൽ പരമാവധി മുതലെടുപ്പ് നടത്തുകയായിരുന്നു എന്ന അവരുടെ ഉദ്ദേശ്യം പകൽ പോലെ  വ്യക്തമാകുകയാണ്. ഇടതുപക്ഷ അനുഭാവികളായ കേരളത്തിലെ മാധ്യമ പ്രവർത്തകർ പോലും 12 വർഷവും,  24 കക്ഷികൾ വാദിച്ചതും, എല്ലാ വശങ്ങളും പരിശോധിച്ചതുമായ സുപ്രീം കോടതി വിധിന്യായത്തെ കുറിച്ച് ചാനൽ ചർച്ചകളിലോ, ലേഖനങ്ങളിലോ വിശദീകരിക്കുന്നത് കണ്ടില്ല. ആകെ സോഷ്യൽ മീഡിയയിലെ വളരെ കുറച്ചു പേർ മാത്രമാണ് ഈ വിധി വിശദീകരിച്ചു കണ്ടത്. ഇടതുമുന്നണി പണ്ടത്തെ ഉച്ചനീചത്ത്വവും, ലിംഗ നീതിയുടെ പ്രശനങ്ങളും പറഞ്ഞു കൊണ്ട് സമൂഹത്തിൽ ജാതിയുടേയും, ലിംഗത്തിൻറ്റേയും പേരിൽ ഭിന്നിപ്പുണ്ടാക്കാനാണ് ഈ വിഷയത്തിലൂടെ ശ്രമിച്ചത് എന്ന് പറയാതിരിക്കാൻ വയ്യാ. അയ്യപ്പ ഭക്തരെ ഹിന്ദു വിശ്വാസത്തിൽ അധിഷ്ഠിതമായി തന്നെ ബോധവൽക്കരിക്കാമായിരുന്നു. അത്തരത്തിലുള്ള ഒരു ശ്രമവും ഇടതു മുന്നണിയുടെ ഭാഗത്തു നിന്നോ, മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്നോ പോലും വന്നില്ല.

സാധാരണ മനുഷ്യന് സങ്കൽപ്പിക്കാനാവാത്ത ദൈവിക ഭാവത്തെ പ്രതി തെരുവിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുകയാണ് ബി.ജെ.പി. ചെയ്തത്. രാജ്യത്തെ പരമോന്നത കോടതിയുടെ വിധിയെ തെരുവിൽ വെല്ലുവിളിച്ച് അരാജകത്ത്വം സൃഷ്ടിച്ചത് വഴി 'അയ്യപ്പ ഭക്തി' ഒന്നും അല്ല ബി.ജെ.പി.-യും, സംഘ പരിവാറുകാരും  പുറത്തെടുത്തത് എന്നത് കേവലം സാമാന്യ യുക്തി മാത്രമായിരുന്നു. സി.പി.എം.-ന് ബി.ജെ.പി.-യേയും, സംഘ പരിവാറുകാരേയും അക്രമികളും, ഗുണ്ടകളുമായി സാധാരണ ജനത്തിനു മുമ്പിൽ ചിത്രീകരിക്കണമായിരുന്നു. കോൺഗ്രെസ്സാകട്ടെ, ഈ പ്രശ്‌നം സർക്കാരിൻറ്റെ പിടിപ്പുകേടായിട്ടും, ഭരണ പ്രതിസന്ധിയായും ചിത്രീകരിച്ചു. കൃത്യമായ ഒരു നിലപാടും എടുക്കാൻ ശബരിമലയിലെ സ്ത്രീ പ്രവേശനാ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കായില്ല. രാഹുൽ ഗാന്ധിയുടെ ഇക്കാര്യത്തിലുള്ള നിലപാടിനെ പിന്തുണയ്ക്കാൻ പോലും ആവാതിരുന്ന ഗതികേടിലായിരുന്നു അവർ.

വ്യക്തമായ നിലപാടില്ലാത്ത കോൺഗ്രസിനെ പിന്തള്ളി കേരളത്തിൽ ഇടതു മുന്നണിയ്ക്കു പിന്നാലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറാൻ ശ്രമിക്കുകയാണ് ബി.ജെ.പി. ഈ വിഷയത്തിലൂടെ. കേരളത്തിലെ സാമൂഹ്യഘടന എന്ന് പറഞ്ഞാൽ പ്രധാനമായും നായർ, ഈഴവർ, മുസ്‌ലിം, ക്രിസ്ത്യൻ - ഈ വിഭാഗങ്ങൾ ഒത്തു ചേരുന്നതാണ്. ദളിതർക്കും, ആദിവാസികൾക്കും ചില പ്രദേശങ്ങളിലൊഴികെ ശക്തമായ 'പ്രെഷർ ഗ്രൂപ്പായി' മാറാൻ  ഇതുവരെ സാധിച്ചുട്ടെണ്ടെന്നു തോന്നുന്നില്ല. ന്യൂനപക്ഷം - 40 ശതമാനത്തിലേറെ; പിന്നോക്കക്കാർ - 20 ശതമാനത്തിലേറെ; മുന്നോക്കക്കാർ 20 ശതമാനത്തിലേറെ - ഇതാണ് കേരളത്തിലെ സാമൂഹ്യഘടന. ശബരിമലയുടെ പേരിൽ മുന്നേറ്റം നയിക്കുന്നത്10 ശതമാനത്തിലേറെ ഉള്ള മുന്നോക്കക്കാരും അത്ര തന്നെയുള്ള പിന്നോക്ക, ദളിത്, ആദിവാസി വിഭാഗവും ചേർന്നാണ്. ഇവരിൽ കുറെ പേർ ഇപ്പോൾ തന്നെ ബി.ജെ.പി. - ക്കു വോട്ട് ചെയ്യുന്നവരാണ്. ഇനി ബാക്കി വരുന്നവർ കൂടി ബി.ജെ.പി. - ക്കു വോട്ട് ചെയ്യുമോയെന്നറിയാൻ അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പും രണ്ടു വർഷം കഴിഞ്ഞെത്തുന്ന നിയമ സഭ തിരഞ്ഞെടുപ്പും  വരെ കാത്തിരിക്കേണ്ടി വരും. ന്യൂന പക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും, ഹിന്ദു വോട്ടുകൾ ചിതറിപ്പിക്കുകയും  ചെയ്യുക എന്ന ചിന്തയിലേക്ക് ശബരിമലയിലെ സ്ത്രീ പ്രവേശനാ വിഷയം മുതലാക്കി ഇടതുമുന്നണി നീങ്ങുമ്പോൾ ക്ഷീണമുണ്ടാകുന്നത് കോൺഗ്രസിനാകും എന്നാണ് കരുതേണ്ടത്. തമ്മിൽ തല്ലും, തൊഴുത്തിൽ കുത്തും പതിവാക്കിയ കോൺഗ്രസുകാർ ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് എന്നെങ്കിലും തിരിച്ചറിയുമെന്നും തോന്നുന്നില്ല.

2018 നവംബർ 2, വെള്ളിയാഴ്‌ച

പി കെ റോസിയെന്ന ആദ്യ മലയാള സിനിമാ നായിക

ഒരു നൂറ്റാണ്ടു മുമ്പത്തെ കേരളത്തിലെ തീർത്തും ദരിദ്ര കുടുംബത്തിലെ ഒരു അംഗമായിരുന്നു പി കെ റോസി. പിന്നെങ്ങനെ പി കെ റോസി പ്രശസ്തയായി??? മലയാളത്തിലെ ആദ്യ സിനിമാ നായിക എന്ന വകുപ്പിലാണ് ആ പ്രശസ്തി മുഴുവനും. മലയാള സിനിമയിലെ ആദ്യനായിക തിരുവനന്തപുരത്തെ പാവപ്പെട്ട ഒരു പുല്ലു കച്ചവടക്കാരി ആയിരുന്നു. തിരുവനന്തപുരത്തെ പുളിമൂട്ടിലെ ഇപ്പോഴത്തെ ജനറല്‍ പോസ്റ്റാഫീസിനടുത്തുള്ള പുല്ലു ചന്തയിലെ പുല്ല് വിൽപനക്കാരിയായ റോസമ്മയാണ് പി. കെ. റോസി എന്ന പേരിൽ ആദ്യ മലയാള സിനിമാ നായികയായത്.  റോസമ്മയെ വിഗതകുമാരൻറ്റെ നിര്‍മാതാവും മലയാള സിനിമയുടെ പിതാവുമായ ജെ.സി. ഡാനിയേലാണ് സിനിമയിൽ എത്തിക്കുന്നത്. ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ് സ്റ്റുഡിയോയില്‍ ആയിരുന്നു ആ സിനിമാഭിനയം.

അക്കാലത്ത് പുരുഷന്മാരാണ് സ്ത്രീ വേഷം കെട്ടി നിശബ്ദ സിനിമയിലും, നാടകങ്ങളിലും അഭിനയിച്ചിരുന്നത്.  ജെ.സി. ഡാനിയേല്‍ ആദ്യം ഒരു പുരുഷനെയാണ് അഭിനയിപ്പിക്കാൻ ആലോചിച്ചിരുന്നത്. പക്ഷെ 'വിഗതകുമാരനിൽ' സ്ത്രീ വേഷം കെട്ടി അഭിനയിപ്പിക്കാൻ നിശ്ചയിച്ചിരുന്ന നടനായ ജോൺസണ് ആ സ്ത്രീ വേഷത്തോട് അധികം താൽപര്യം തോന്നിയില്ല. അതുകൊണ്ട് അന്നത്തെ പ്രശസ്ത സിനിമാ താരമായ ബി. എസ്. സരോജയുടെ പിതാവായ ജോൺസൺ ജെ.സി. ഡാനിയേലിനെ തിരുവനന്തപുരത്തെ തൈക്കാട് ആശുപത്രിയുടെ കിഴക്കു ഭാഗത്തുള്ള ഒരു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെയാണ് പി. കെ. റോസിയെന്ന രാജമ്മയെ ഇരുവരും കണ്ടുമുട്ടിയത്. പി. കെ. റോസിയെന്ന രാജമ്മ അന്നത്തെ കാക്കരശി നാടകത്തിലെ കാക്കാത്തിയായി ആദ്യ സ്ത്രീ വേഷമിട്ട് അഭിനയിച്ചതോടെ കാക്കരശി നാടകത്തിന് ജനപ്രിയമേറിയതാണ് അവരെ മലയാളത്തിലെ ആദ്യ സിനിമാ നായികയായി തിരഞ്ഞെടുക്കാൻ കാരണം. നാടകത്തിൽ നിന്നാണ് റോസി സിനിമയിലെത്തിയത്.  

റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാണ്‌.  യഥാർത്ഥ പേര് രാജമ്മ എന്നായിരുന്നു. 500 രൂപയാണ് സിനിമയിലഭിനയിക്കുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്തത്. ഇന്നത്തെ കാലത്ത്‌ ആ 500 രൂപയുടെ മൂല്യം 50, 000 രൂപക്ക് മുകളിൽ വരും. ഒരുപക്ഷെ ആ മികച്ച വാഗ്ദാനം ആയിരിക്കാം സിനിമയിൽ അഭിനയിക്കാൻ തീർത്തും ദരിദ്രയായ ഒരു പുല്ലു കച്ചവടക്കാരിയേയും, അവരെ സിനിമയിൽ വിടാൻ ആ കുടുംബത്തെയും പ്രേരിപ്പിച്ചത്.

സിനിമാ അഭിനയം ഒന്നും പി കെ റോസിക്ക് അറിയില്ലായിരുന്നു. അഭിനയിക്കാൻ അറിയാതിരുന്ന റോസി, സംവിധായകൻ പറഞ്ഞ പോലെയൊക്കെ ക്യാമറക്കു മുമ്പിൽ കാര്യങ്ങൾ അവതരിപ്പിച്ചു. തിരുവനന്തപുരത്തെ തൈക്കാട് മുതൽ ഷൂട്ടിങ് നടക്കുന്ന പട്ടത്ത് വരെ പി. കെ. റോസി നടന്നാണ് പൊയ്ക്കൊണ്ടിരുന്നത്. പി. കെ. റോസിയെ സംബന്ധിച്ചിടത്തോളം പുല്ലരിയാനായുള്ള കൂലിപ്പണി പോലെയേ അവർ സിനിമാഭിനയത്തേയും കണ്ടിരുന്നുള്ളൂ. ഇന്നത്തെ പോലത്തെ 'ഗ്ളാമർ' ഒന്നും ആദ്യ കാല നായികയ്ക്ക് ഉണ്ടായിരുന്നില്ല എന്ന് സാരം.

പക്ഷെ ആദ്യ സിനിമയിൽ അഭിനയിച്ചതിൻറ്റെ പേരിൽ അന്നത്തെ സദാചാര ഗുണ്ടകളിൽ നിന്ന് പി കെ റോസിയും, കുടുംബവും അനുഭവിച്ച കഷ്ടപ്പാടുകൾക്ക് കയ്യും, കണക്കുമില്ല. സിനിമയിൽ കൊണ്ടുപോയി മോളെ 'പെഴപ്പിച്ചതിന്' പി കെ റോസിയുടെ കുടുംബം ഒത്തിരി വിലകൊടുക്കേണ്ടി വന്നു. 1930 നവംബർ ഏഴിന്  തിരുവനന്തപുരത്തുണ്ടായിരുന്ന ഏക സിനിമാ 'കൊട്ടകയായ' 'ദി ക്യാപ്പിറ്റോൾ' എന്ന പ്രദർശന ശാലയിലാണ് നിശ്ശബ്ദ സിനിമയായ 'വിഗതകുമാരൻ' ആദ്യമായി പ്രദർശിപ്പിച്ചത്. അന്നുതൊട്ട് പി. കെ. റോസിയുടെയും, അവരുടെ വീട്ടുകാരുടേയും കഷ്ടകാലം തുടങ്ങി എന്നും ആ സിനിമാ പ്രദർശത്തിൻറ്റെ ഭാഗമായി തന്നെ പറയാം. തിയറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. വിഗതകുമാരനിൽ അഭിനയിച്ചതിനെത്തുടർന്ന് റോസിക്കും വീട്ടുകാർക്കും സമൂഹം ഭ്രഷ്ട് കൽപ്പിച്ചു. വിഗതകുമാരൻ എന്ന ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ തന്നെ അവരുടെ വീട് ആക്രമിക്കപ്പെട്ടു. പി. കെ. റോസിയെ ആളുകൾ വഴിയിൽ കൂടി നടന്നു പോകുമ്പോൾ കല്ലെറിഞ്ഞു; കൂക്ക് വിളിച്ചു. ചിലർ മുഖത്തു തുപ്പി എന്നും പറയപ്പെടുന്നു. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി എന്നും പറയപ്പെടുന്നു. പി. കെ. റോസിയെ മാത്രമല്ലാ; ജെ.സി. ഡാനിയേലിനേയും ആളുകൾ വെറുതെ വിട്ടില്ല. പക്ഷെ നല്ല ഓട്ടം വശമുണ്ടായിരുന്നത് കൊണ്ട് അദ്ദേഹം പലപ്പോഴും കല്ലേറിൽ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. എന്തായാലും ഈ കല്ലേറിൻറ്റേയും, തെറി വിളികളുടേയും വാർത്ത അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര നിരുനാൾ താമസിയാതെ അറിഞ്ഞു. അദ്ദേഹം പൊലീസിന് ഇത്തരം കൊള്ളരുതായ്മകൾ അവസാനിപ്പിക്കാൻ കർക്കശ നിർദേശം നൽകി. പക്ഷെ താൽക്കാലികമായിട്ടു മാത്രമേ പി. കെ. റോസിയേയും  കുടുംബത്തേയും രക്ഷിക്കാൻ തിരുവിതാംകൂർ പോലീസിന് ആയുള്ളൂ. അത്രക്കുണ്ടായിരുന്നൂ നാട്ടിലെ സദാചാരം സംരക്ഷിക്കാൻ ഇറങ്ങിയ ആളുകളുടെ ധാർമിക രോഷം!!!!

പോലീസ് ഇടപെട്ട് അക്രമികളെ താൽക്കാലികമായി ഒതുക്കിയെങ്കിലും അത് അധിക നാൾ നീണ്ടു നിന്നില്ല. പി. കെ റോസിയുടെ വീട് താമസിയാതെ ആക്രമിക്കപ്പെടുക മാത്രമല്ല; പിന്നീട് അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. നാട്ടിൽ തുടരുക ബുദ്ധിമുട്ടായപ്പോൾ റോസി നാടു വിട്ടു പോവുകയും അമ്മാവൻറ്റെ വീട്ടിൽ താമസമാക്കുകയും ചെയ്‌തെന്നാണ് ഒരു കഥ. വേറെ ചിലർ പറയുന്നത് വീടിനു തീ വെച്ചപ്പോൾ ഓടി രക്ഷപ്പെട്ട റോസി തിരുവനതപുരം നാഗര്‍കോവില്‍ റോഡില്‍ കരമനയാറിന് സമീപമെത്തിയപ്പോള്‍ അതുവഴി വന്ന ലോറിക്കു മുന്നിലെക്കെടുത്തു ചാടി എന്നാണ്. ഡ്രൈവര്‍ കേശവപിള്ളയോട് താണു കേണു വീണു അപേക്ഷിച്ച റോസിയെ അയാള്‍ രക്ഷപ്പെടുത്തി നാഗര്‍കോവിലെത്തിച്ചു. പിന്നെ അവരെ ആരും കണ്ടിട്ടില്ല. പി. കെ.  റോസിയായി തിരിച്ചറിഞ്ഞിട്ടില്ല. തീര്‍ത്തും അജ്ഞാതയായി അവര്‍ ജീവിച്ചു. വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു.

റോസിയുടെ ബന്ധുക്കളില്‍ ചിലര്‍ ഇപ്പോഴും തിരുവനന്തപുരത്തുണ്ട് എന്ന്‌ ചിലരൊക്കെ പറയുന്നു. നാഗർകോവിൽ ലോറി ഡ്രൈവറുമായുള്ള ബന്ധത്തിൽ പി. കെ. റോസിക്ക് ഒരു മകനും, ഒരു മകളും ഉണ്ടായെന്നും കുടി ചിലരൊക്കെ  പറയുന്നു എന്തായാലും ജെ.സി. ഡാനിയേല്‍ മലയാള സിനിമയുടെ പിതാവായി അംഗീകരിക്കപ്പെട്ടു. പക്ഷെ പി കെ റോസിയെ എല്ലാവരും മറന്നു. പി. കെ. റോസിയുടെ കുടുംബത്തിന് തന്നെ അവരെ കുറിച്ചു വെളിപ്പെടുത്താൻ താൽപര്യമില്ലെന്നാണ് തോന്നുന്നത്. സദാചാര ഗുണ്ടകളെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അവരൊക്കെ പേടിക്കുന്നുണ്ടാകാം. പി. കെ. റോസി മാത്രമല്ലാ; അന്നത്തെ മിക്ക നാടക നടികളും, പിന്നീട് വന്ന സിനിമാ നടികളും നമ്മുടെ നാട്ടിലെ സദാചാര പോലീസിൻറ്റെ ആക്രമണത്തിനും, നിന്ദകൾക്കും ഒക്കെ ഇരയായി. ഒരു നൂറ്റാണ്ടിനപ്പുറവും ഇന്നും കേരളത്തിലെ സദാചാര ഗുണ്ടായിസത്തിനു വലിയ മാറ്റമൊന്നുമില്ല. ഇത്തരം സദാചാര ഗുണ്ടായിസം കണ്ടു മനസ് മടുത്തിട്ടായിരിക്കാം ഒരുപക്ഷെ ശബരിമല അയ്യപ്പൻ സുപ്രീം കോടതിയിലെ 4 ജഡ്ജിമാരുടെ മനസിനെ സ്വാധീനിച്ചു ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വഴി ഒരുക്കിയത്. അന്നിട്ടും സദാചാര ഗുണ്ടകളിൽ നിന്ന് രക്ഷയില്ലല്ലോ. ഇനി സ്വാമിയേ ശരണം.  


(കടപ്പാട്: ചേലങ്ങാട്ട് ഗോപാലകൃഷണൻറ്റെ 'അന്നത്തെ നായികമാർ' എന്ന പുസ്തകം)