2017 ജനുവരി 6, വെള്ളിയാഴ്‌ച

പ്രതിപക്ഷമില്ലാത്ത ഇന്ത്യ


പ്രതിപക്ഷമില്ലാത്ത ഇന്ത്യ


നവംബർ 8  - ന് നോട്ടു നിരോധനം നടപ്പാക്കിയപ്പോൾ ചെറുകിട മേഖലയെ ഈ കുറിച്ച് നിരോധനം നടപ്പാക്കിയവർ ഓർത്തില്ല. അവർ ഓർത്തത് എല്ലാവരും റിലയൻസ്, ബിഗ് ബസാർ, വിശാൽ മെഗാ മാർട്ട് - ഇതു പോലുള്ള വമ്പൻ സ്റ്റോറുകളിൽ പോയി സാധനങ്ങൾ വാങ്ങിക്കും എന്നാണ്. ഈ സ്റ്റോറുകളുടെ ഒക്കെ വരുമാനം ഉപഭോക്താക്കൾ ഡെബിറ്റ് കാർഡും, ക്രെഡിറ്റ് കാർഡും ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ നിർബന്ധിതരായതു കൊണ്ട് കൂടിയേക്കാം. ബാക്കിയുള്ളവരുടെ കാര്യമോ? 90 ശതമാനം തൊഴിലാളികളും ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. 55 ശതമാനത്തോളം ആളുകൾ കാർഷിക മേഖലയിൽ ഉണ്ട്. അവരൊന്നും  'ക്യാഷ് ലെസ്സ്' സമ്പത് വ്യവസ്ഥയുടെ ഭാഗം അല്ല. അത് കൊണ്ടു തന്നെ ഡോക്ടർ മൻമോഹൻ സിംഗ് രാജ്യ സഭയിൽ പറഞ്ഞത് പോലെ ഈ നോട്ടു നിരോധനം ചരിത്ര പരമായ മണ്ടത്തരം ആയി മാറുമോ? കേന്ദ്ര സർക്കാർ  'കറക്റ്റീവ് Measures'  എടുത്ത് മുന്നേറിയില്ലെങ്കിൽ അങ്ങനെ സംഭവിക്കാനാണ് സാധ്യത.

ഇപ്പോൾ എല്ലാ ജന വിഭാഗങ്ങളെയും ഉദ്ധരിക്കുവാനാണ് ഈ നോട്ടു നിരോധനം എന്നാണ് ബി.ജെ.പി. അനുകൂലികൾ പറയുന്നത്. ബി.ജെ.പി. ഭരിക്കുന്ന മധ്യ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് - എന്നീ സംസ്ഥാനങ്ങളിൽ സാധാരണ ജനത്തിൻറ്റെ ജീവിത നിലവാരം വളരെ ഒന്നും ഉയർന്നിട്ടില്ല എന്ന് അവകാശ വാദങ്ങൾ ഉന്നയിക്കുന്നവർ ഒന്ന് ഓർമ്മിക്കുന്നത് നന്നായിരിക്കും. 14 വർഷത്തിലേറെ ഗുജറാത്തിൽ ബി.ജെ.പി. തുടർച്ചയായി ഭരിച്ചിട്ട് കക്കൂസ് ഉണ്ടാക്കാൻ പറ്റാത്തവർ ആണ് അസംഘടിത മേഖലയിലെ 90 ശതമാനം തൊഴിലാളികളേയും കാർഷിക മേഖലയിലെ 55 ശതമാനത്തോളം ആളുകളെയും ഉദ്ധരിക്കാൻ പോകുന്നത്!!!

ഈയിടെ ഇന്ത്യയിലെയും, വിദേശത്തെയും കറൺസി നോട്ടുകൾ അച്ചടിക്കുവാൻ മഹാരാഷ്ട്രയിൽ 700 കോടി രൂപാ ചെലവിൽ പ്ലാൻറ്റ് സ്ഥാപിക്കുവാൻ ഡി ലാ റ്യു കമ്പനിയ്ക്ക് 10 ഏക്കർ ബി.ജെ.പി. സർക്കാർ അനുവദിച്ചു കരാർ ഒപ്പിട്ടതിനെതിരെ കേരളത്തിൻറ്റെ മുൻ മുഖ്യ മന്ത്രി ശക്തമായി വിമർശിച്ചിരിയ്ക്കുകയാണ്. നോട്ട് അച്ചടി വിദേശ കമ്പനിയ്ക്ക് നൽകുന്നത് പാർലമെൻറ്റിൻറ്റെ പബ്ലിക് അണ്ടർടെയ്ക്കിങ് കമ്മിറ്റിയുടെ ശുപാർശകൾക്ക് വിരുദ്ധമാണെന്ന കാര്യം ചൂണ്ടി കാട്ടിയാണ് ശ്രീ ഉമ്മൻ ചാണ്ടിയുടെ വിമർശനം. ഉമ്മൻ ചാണ്ടി പറയുന്നതിൽ കാര്യമുണ്ട്. ഇന്ത്യൻ കറൺസി വിദേശ കമ്പനി അല്ല അച്ചടിക്കേണ്ടത്. 'പേപ്പർ ടെക്‌നോളജി' ഒക്കെ പഠിച്ച അനേകം എൻജിനീയർമാർ ഇന്ത്യയിൽ ഉള്ളപ്പോൾ എന്തിനാണ് രാജ്യ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഈ തീരുമാനം കേന്ദ്ര സർക്കാർ എടുത്തത്? സരിത എസ്. നായരുടെ ആരോപണങ്ങൾ വന്ന് ഉമ്മൻ ചാണ്ടിയുടെ ഇമേജ് പോയില്ലായിരുന്നുവെങ്കിൽ ഉമ്മൻ ചാണ്ടി പറയുന്നത് എല്ലാവരും ശ്രദ്ധിച്ചേനേ. നോട്ടു നിരോധന വിഷയത്തിൽ കോൺഗ്രസിലെ മിക്ക നേതാക്കൾക്കും ക്രിയാത്മകമായ വിമർശനം ഉയർത്തുവാൻ പറ്റിയില്ല എന്നത് കൊണ്ട് ശ്രീ ഉമ്മൻ ചാണ്ടിയുടെ വിമർശനം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. എന്തായാലും വിദേശ കമ്പനി അല്ല ഇന്ത്യൻ കറൺസി നോട്ടുകൾ അച്ചടിക്കേണ്ടത്.

രാഹുൽ ഗാന്ധിക്കോ, മറ്റ് പ്രതിപക്ഷ കക്ഷികൾക്കോ ഈ നോട്ടു നിരോധനത്തിൽ കഷ്ടപ്പെട്ട ജനത്തിൻറ്റെ ദുരിതം ഉയർത്തി കാട്ടാൻ സാധിച്ചില്ല എന്നത് ഒരു വസ്തുതയാണ്. ഇന്ത്യയിൽ ഇന്ന് പ്രതിപക്ഷമില്ല. ഇരുനൂറിനടുത്ത് ആളുകൾ ഈ നോട്ടു നിരോധനം മൂലം മരണപ്പെട്ടിട്ടും, അനേകം പേർക്ക് ക്യൂ നിൽകുമ്പോൾ മർദ്ദനമേറ്റിട്ടും ക്രിയാത്മകമായി പ്രതികരിക്കാൻ കോൺഗ്രെസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. കോൺഗ്രെസിൽ ഇപ്പോഴും തമ്മിൽ തല്ലും, തൊഴുത്തിൽ കുത്തുമാണ്. ബംഗാളിൽ അവർക്കു അധികാരം കിട്ടിയിട്ട് എത്രയോ നാളുകളായി. എന്നാലും കോൺഗ്രെസുകാർ കൂടുമ്പോൾ അവിടെ സ്ഥിരം ചെരുപ്പേറും, തമ്മിൽ തല്ലും, തെറി വിളിയുമാണെന്നാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള പല റിപ്പോർട്ടുകളും. ഭാഗ്യത്തിന് കേരളത്തിലെ കോൺഗ്രെസുകാർ ചെയ്യുന്നതു പോലെ മുണ്ടുരിയുന്നില്ല. മമതാ ബാനർജിക്കും, മായാവതിക്കും, മുലയത്തിനുമെല്ലാം മുടിഞ്ഞ ഈഗോയുമാണ്. അതുകൊണ്ട് പ്രതിപക്ഷം ഒരുമിക്കില്ല. ബി. ജെ. പി. സർക്കാരും, റിസർവ് ബാങ്കും, എന്തിനും ഏതിനും കയ്യടിക്കുന്ന ഭക്തജനസംഘവും - എല്ലാവരും കൂടി ബാങ്കുകളുടെയും, ATM - മ്മുകളുടെയും മുന്നിൽ വെയിലത്ത് ക്യൂ നിന്ന ഇൻഡ്യൻ ജനതയെ വെച്ച് തമാശ കളിച്ചു. 'ചരിത്രപരമായ മണ്ടത്തരം' ആയി ഈ നോട്ടു നിരോധനം മാറും എന്ന് ഡോക്ടർ മൻമോഹൻ സിംഗ് രാജ്യ സഭയിൽ പറഞ്ഞത് മാത്രമായിരുന്നു കോൺഗ്രസിൻറ്റെ ഭാഗത്തു നിന്നുണ്ടായ ശക്തമായ ഏക വിമർശനം.

2017 ജനുവരി 5, വ്യാഴാഴ്‌ച

നോബൽ സമ്മാനത്തിന് 100 കോടി!!!!

നോബൽ സമ്മാനത്തിന് 100 കോടി!!!!


കഴിഞ്ഞ ദിവസം നൂറ്റി നാലാം ഇന്ത്യൻ സയൻസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി ഒരു നോബൽ സമ്മാനം ഇന്ത്യയിലേക്ക് കൊണ്ട് വന്നാൽ ശാസ്ത്രജ്ഞന് 100 കോടി സമ്മാനം പ്രഖ്യാപിച്ചിരിക്കയാണ്! എന്ന് വെച്ചാൽ ശരിക്കുള്ള നോബൽ സമ്മാനത്തിൻറ്റെ 17 ഇരട്ടി. പക്ഷെ പണത്തിലല്ല കാര്യം. ഒരു സംസ്ഥാന മുഖ്യ മന്ത്രിക്ക് ഇത്രയും ഹൃദയ വിശാലതയും, ദീർഘ വീക്ഷണവും ഉണ്ടായല്ലോ എന്ന് കരുതി ആരും ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി ചന്ദ്ര ബാബു നായിഡുവിനെ അഭിനന്ദിക്കണം. ജാതിയുടെയും, മതത്തിൻറ്റെയും പേരിൽ സ്ഥിരം മുണ്ടു പൊക്കി കാണിക്കുന്ന രീതിയിൽ പ്രസ്താവനയും, പ്രസംഗങ്ങളും നടത്തുന്ന നമ്മുടെ മൂന്നാം കിട രാഷ്ട്രീയ നേതാക്കന്മാരുടെ ശ്രദ്ധ  ഇതു പോലുള്ള വാഗ്ദാനങ്ങളിലേക്കു തിരിഞ്ഞിരുന്നെങ്കിൽ! ആശിക്കാനല്ലേ നമുക്കൊക്കെ കഴിയൂ. മോഹങ്ങൾ കുതിരകളായാൽ അവ കടിഞ്ഞാണില്ലാത്ത പായുമല്ലോ.

ഇന്നു വരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു കേന്ദ്ര മന്ത്രിയോ, സംസ്ഥാന മുഖ്യ മന്ത്രിയോ ഇതു പോലൊരു വാഗ്ദാനം നടത്തിയിട്ടില്ല. എന്തിന് ഒരു പ്രധാന മന്ത്രി പോലും ഒരു നോബൽ സമ്മാന ജേതാവിനെ സൃഷ്ടിക്കുവാൻ വേണ്ടി ഇന്ത്യയിൽ പേരിനു പോലും ഇങ്ങനേ ഒരു പ്രസ്താവന നടത്തുവാൻ ധൈര്യം കാണിച്ചിട്ടില്ല. അത് കൊണ്ടാണ് ചന്ദ്ര ബാബു നായിഡുവിൻറ്റെ ഈ പ്രസ്താവന പ്രാധാന്യം  അർഹിക്കുന്നത്. ഇൻഡ്യാക്കാരെ നോബൽ സമ്മാനം പോലുള്ള വിഷയങ്ങളിലൊന്നും സാധാരണ അടുപ്പിക്കാറേ ഇല്ലാ. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്. അത് തന്നെ നെഹ്‌റു വിക്രം സാരാഭായുടെ കൂടെ ബഹിരാകാശ ഗവേഷണ പദ്ധതികൾക്ക് തുടക്കമിട്ടത് കൊണ്ട് ഉണ്ടായതാണ്.

നെഹ്‌റുവിന് ശേഷം ദീർഘ വീക്ഷണത്തോടു കൂടി ബഹിരാകാശ ഗവേഷണ പദ്ധതികൾ പോലെ പദ്ധതികൾ വിഭാവനം ചെയ്യുന്നത്തിലോ, നല്ല ആസൂത്രണത്തിലൂടെ അത് നടപ്പിലാക്കുന്നതിലോ നമ്മുടെ ഭരണാധികാരികൾ പരാജയപ്പെട്ടു. ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ  - ഇതെല്ലാം നെഹ്റു സർക്കാരിന്റ്റെ കാലത്തുണ്ടായതാണ്. അതും കൂടാതെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാന്റ്റ്, ഭക്രാ നന്ഗൽ ഡാം - ഇവയൊക്കെ നെഹ്റു യാധാർത്യമാക്കിയ ബ്രിഹത് പദ്ധതികളായിരുന്നു. അതും കൂടാതെയാണ് ഒരു കോടി അഭയാർഥികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടായിട്ട് ഒരു വലിയ വർഗീയ കലാപം പോലും വരാതെ ഇന്ത്യയെ പരിപാലിച്ചു എന്ന നെഹ്രുവിന്റ്റെ ഉജ്ജ്വല നേട്ടം. വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സർക്കാർ ആണ് നെഹ്റു സർക്കാർ. അതിനോട് താരതമ്യപെടുത്തുമ്പോൾ ഇന്നത്തെ യൂറോപ്പ്യലെ രാജ്യങ്ങൾ പോലും അഭയാർഥി പ്രശ്നം നേരിടുന്ന രീതി  പ്രവർത്തനം പോലും എത്രയൊ നിസ്സാരം.

നെഹ്‌റുവിന് ഇങ്ങനെയൊക്കെ പ്രവർത്തിക്കുവാൻ സാധിച്ചു എന്നത് അദ്ദേഹത്തിൻറ്റെ ദീർഘ വീക്ഷണത്തിൻറ്റെ തെളിവാണ്. കേന്ദ്ര സാഹിത്യ അക്കാഡമിയിൽ പ്രവർത്തിച്ച  ഡോക്ടർ കെ. എം. ജോർജ് ഒരു ഇൻറ്റെർവ്യൂവിൽ പറഞ്ഞത് പ്രധാന മന്ത്രിയായ നെഹ്രു ചിലപ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ ഡൽഹിയിലെ കേന്ദ്ര സാഹിത്യ അക്കാഡമിയിലേക്ക് വരും; വിവരങ്ങൾ തിരക്കും; അവിടെയുള്ള ആളുകളോട് സംസാരിക്കും എന്നാണ്. മഹലനോബിസിൻറ്റെ നെത്ര്വത്തത്തിൽ ആയിരുന്നു ആസൂത്രണ കമ്മീഷൻ.  മഹലനോബിസ് ആസൂത്രണ കമ്മീഷൻറ്റെ യശസ് ഉയർത്താൻ അനേകം രാജ്യങ്ങൾ സന്ദർശിച്ചു. അവിടങ്ങളിലുള്ള 'ഡേറ്റാ സംവിധാനങ്ങൾ' പഠിച്ചു. അത് കൊണ്ട് തന്നെ മറ്റ് വികസ്വര രാഷ്ട്രങ്ങളിലേക്കാൾ ശക്തമായ 'ഡേറ്റാ ബാങ്ക്' ഇന്ത്യയിൽ ഉണ്ട്. നമ്മുടെ 'ഡേറ്റ സംവിധാനം' ഏതൊരു വികസിത രാജ്യത്തിൻറ്റെ പോലും അടുത്തു വരുന്ന ഒന്നാണ്. ഡോക്ടർ അംബേദ്‌കർ കോൺഗ്രസിൻറ്റെ കടുത്ത വിമർശകൻ ആയിരിക്കുമ്പോൾ തന്നെ നെഹ്‌റു അദ്ദേഹത്തെ തൻറ്റെ ആദ്യ മന്ത്രി സഭയിലേക്കു ക്ഷണിച്ചു. കാരണം പ്രതിഭാ ധനന്മാർ തൻറ്റെ മന്ത്രിസഭയിൽ വേണം എന്നായിരുന്നു നെഹ്രുവിൻറ്റെ ആഗ്രഹം. ഡോക്ടർ അംബേദ്‌കർ നെഹ്രുവിൻറ്റെ മന്ത്രിസഭയിൽ വന്നതു കൊണ്ട് തന്നെ ദക്ഷിണേഷ്യയിലെ മറ്റേതൊരു രാജ്യത്തെക്കാളും നല്ല ഭരണ ഘടനയും, ഭരണ സംവിധാനവും ഇന്ത്യയിൽ ഉണ്ട്.

ഈ പ്രതിഭാ ധനന്മാരുടെ കൂട്ട് സാധാരണക്കാരെ സഹായിക്കുമോ? തീർച്ചയായും. പക്ഷെ ആസൂത്രണത്തിൻറ്റെ മികവ് സാധാരണ ജനം അനുഭവിക്കുവാൻ കുറെ കാല താമസം എടുക്കും എന്നത് മാത്രം. വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിക്കുവാൻ നെഹ്‌റു സർക്കാരിന് കഴിഞ്ഞത് ഭക്രാ നന്ഗൽ ഡാം വഴിയുള്ള കനാലുകൾ യാഥാർഥ്യമാക്കിയതിനു ശേഷമായിരുന്നു. ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറയുന്നത് പഞ്ചാബിലെ ജനത്തിൻറ്റെ സംസാരം പോലും കനാൽ വന്നതിനു ശേഷം, കനാൽ വരുന്നതിനു മുമ്പ് എന്നായി മാറി എന്നാണ്. അത്ര മാത്രമാണ് കനാൽ വഴിയുള്ള ജല സേചന സംവിധാനം അവരുടെ ജീവിതത്തെ മാറ്റി മറിച്ചത്. സ്വാതത്ര്യം കിട്ടിയതിനു ശേഷം 2017 ഓഗസ്റ്റ് 15 ആകുമ്പോൾ 70  വർഷം തികയും. അപ്പോൾ നമുക്ക് പ്രതിഭാ ധനന്മാർ ഉണ്ടാകുമോ? നമ്മുടെ അത്ലട്ടുകൾക്ക് ഒളിമ്പിക് മെഡലുകൾ കിട്ടുമോ? നമുക്ക് ചാമ്പ്യൻ ഷിപ് പട്ടങ്ങൾ കിട്ടുമോ? ഇൻഡ്യാക്കാർക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിക്കുവാൻ സാധിക്കുമോ? നമ്മുടെ ശാസ്ത്രജ്ഞന്മാർക്ക് നോബൽ സമ്മാനങ്ങൾ കിട്ടി തുടങ്ങുമോ? ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി ചന്ദ്ര ബാബു നായിഡുവിൻറ്റെ കയ്യിൽ നിന്നും ഏതെങ്കിലും ശാസ്ത്രജ്ഞന് 100 കോടി ഭാഗ്യം ലഭിക്കുമോ? നമുക്ക് കാത്തിരുന്നു കാണാം.

2017 ജനുവരി 4, ബുധനാഴ്‌ച

ഡൊണാൾഡ്‌ ട്രംപും ഐസിസ് ഭീകര പ്രവർത്തനവും

ഡൊണാൾഡ്‌ ട്രംപും ഐസിസ് ഭീകര പ്രവർത്തനവും


ഒബാമയേക്കാളേറെ ട്രംപ് അമേരിക്കയിൽ തന്നെ ഒതുങ്ങുന്ന രീതിയിൽ ഭരിക്കുകയാണെങ്കിൽ അതാണ് ലോകത്തിനും, അമേരിക്കയ്ക്കും നല്ലത്. അഫ്‌ഗാനിസ്ഥാനിലെയും, ഇറാഖിലെയും തികച്ചും പരാജയപ്പെട്ട യുദ്ധങ്ങൾക്ക് ശേഷം അമേരിക്കൻ സേന അമേരിക്കയിൽ തന്നെ നിൽക്കണം എന്ന ശക്തമായ പൊതുജനാഭിപ്രായം അമേരിക്കയിൽ തന്നെ ഉണ്ട്. അമേരിക്കൻ 'മിലിട്ടറി ഇൻഡസ്ട്രിയൽ കോമ്പ്ലെക്സുകളും' ചില യുദ്ധ ഭ്രാന്തന്മാരും മാത്രമാണ് അതിന് എതിരു നിൽക്കുന്നത്. അമേരിക്കയിൽ തന്നെ കിഡ്‌നി തകരാറുകളും, തലച്ചോറിൽ രക്ത സ്രാവവും, ക്യാൻസറുകളും, ജനിതക തകരാറുകളും അഫ്‌ഗാനിസ്ഥാനിൽ നിന്നും ഇറാഖിൽ നിന്നും തിരിച്ചു വന്ന പട്ടാളക്കാരിലും അവരുടെ മക്കളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനിതക വൈകല്യങ്ങൾ വരുത്തുന്ന തരത്തിലുള്ള ആയുധങ്ങൾ പ്രയോഗിച്ചാൽ ലോകത്തിലെവിടെയാണെങ്കിലും ഇതൊക്കെ തന്നെയായിരിക്കും ഫലം. അത് കൊണ്ട് ഇതൊക്കെ ഒഴിവാക്കി സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നതാണ് ലോകത്തിന് മുഴുവൻ നല്ലത്. അമേരിക്ക അതിന് മുൻകൈ എടുക്കുകയാണെങ്കിൽ അവർക്കു കൊള്ളാം. കാരണം ഇന്ന് ഏറ്റവും കൂടുതൽ ലോകത്തിൽ വെറുക്കപ്പെട്ട ഒരു ഭരണകൂടം അമേരിക്കൻ ഭരണകൂടമാണല്ലോ. സദ്ദാം ഹുസൈനെതിരെ യുദ്ധത്തിന് പോയിട്ട് സദ്ദാമിനെക്കാൾ വലിയ അപകടം വിളിച്ചു വരുത്തിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് വൻ ശക്തികൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് ലോകത്തു കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും, ശത്രുക്കളെ സൃഷ്ടിക്കാതിരിക്കാനുമാണ് നോക്കേണ്ടത്.

ബാരക് ഒബാമ ജയിച്ചപ്പോൾ ലോകം മുഴുവൻ ശുഭ പ്രതീക്ഷയായിരുന്നു. പക്ഷെ എട്ടു വർഷത്തിനപ്പുറം പടിയിറങ്ങുമ്പോൾ ഒബാമ ആ ശുഭ പ്രതീക്ഷ അധികമൊന്നും നൽകുന്നില്ല എന്നതാണ് യാഥാർഥ്യം. ഇപ്പോൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയും, റഷ്യൻ നയ തന്ത്രജ്ഞരെ പുറത്താക്കിയും ഒബാമ ശീത യുദ്ധത്തെ മനസ്ഥിതിയിൽ നിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല എന്നു കൂടി തെളിയിച്ചിരിക്കുന്നു. അത് കൂടാതെ 2008 - ലെ സാമ്പത്തിക തകർച്ചയിൽ നിന്ന് അമേരിക്കൻ ജനതയെ രക്ഷിക്കുവാൻ കാര്യമായി ഒന്നും ചെയ്യുവാൻ ഒബാമയ്ക്ക് സാധിച്ചില്ല. വാൾ സ്ട്രീറ്റിലെ ബാങ്കർമാരെ നിലക്ക് നിർത്തുന്നതിൽ ഒബാമ ഭരണകൂടം പരാജയപ്പെട്ടു. അതും കൂടാതെ ആദ്യ കറുത്ത വർഗക്കാരനായ പ്രെസിഡൻറ്റിൽ അമേരിക്കയിലെ കറുത്ത വർഗക്കാർക്കും, കുടിയേറ്റക്കാർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ പിന്നീട് നമ്മൾ കണ്ടത് കറുത്ത വർഗക്കാർ അമേരിക്കയിൽ കൊല്ലപ്പെടുന്നതും, പല അമേരിക്കൻ നഗരങ്ങളിലും വംശീയ ലഹള പടർന്നു പിടിക്കുന്നതുമാണ്.

ലോക പോലീസിൻറ്റെ റോളിൽ അമേരിക്ക അവതരിച്ചില്ലെങ്കിൽ കൂടി അമേരിക്ക കാരണം ഉണ്ടായ ഐസിസ് - നെ നേരിടാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അമേരിക്കയ്ക്ക് മുന്നേറാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഐസിസ് - നെ നേരിടുന്നതിൽ ആണ് ഒബാമ വലിയ പരാജയം ആയി മാറിയത്. ഇങ്ങ്ഗ്ലണ്ടിനെക്കാൾ വലിയൊരു ഭൂ വിഭാഗം ഐസിസ് - ന്റ്റെ പക്കൽ നേരത്തേ ഉണ്ടായിരുന്നു. പല യൂറോപ്പ്യൻ രാജ്യങ്ങളെക്കാൾ വലുതാണ് ഐസിസ് നേരത്തേ കയ്യടക്കി വെച്ചിരിക്കുന്ന പ്രദേശങ്ങൾ. കൂടാതെ അവർ നല്ല സാമ്പത്തിക അടിത്തറയും ഉണ്ടാക്കി. ആദ്യം സൗദിയും, ഖത്തറും, തുർക്കിയുമെല്ലാം ഐസിസ് - നെ പിന്തുണച്ചു. പിന്നീട് ഐസിസ് എണ്ണ കടത്തിയും, ആളുകളെ തട്ടി കൊണ്ടുപോയി മോചന ദ്രവ്യം കൈക്കലാക്കിയും നല്ല സാമ്പത്തിക അടിത്തറ ഉണ്ടാക്കി. ഇപ്പോഴും അവരുടെ മുഖ്യ വരുമാനം ആയ ക്രൂഡോയീൽ കളളക്കടത്തും, കൂടാതെ ഗ്യാസിന്റ്റെ Supply-യും നിർബാധം നടക്കുന്നു. ഞാൻ മനസ്സിലാക്കിയിടത്തോളം മുംബത്തെ അഫ്ഗാൻ മുജാഹീദുകളെക്കാളും, അൽ കൊയ്ദ, താലിബാൻ - എന്നീ സന്ഖടനെകളെക്കാളും സംഘടിതരും, ശക്തരും ആണ് ഐസിസ് തീവ്രവാദീകൾ.

അമേരിക്കയ്ക്കും, യൂറോപ്പിനും, റഷ്യയ്ക്കും, ചൈനയ്ക്കും ഇത്തരം തീവ്രവാദികളാൽ സ്വയം നേരിടുന്ന ഭീഷണി വളരെ വലുതാണ്. ഈജിപ്റ്റിൽ നിന്നുള്ള റഷ്യൻ യാത്രാ വിമാനം ബോംബ് വെച്ചു തകർത്ത 'ഐസിസ് ഭീകരത' ലോകത്തിന് മുഴുവൻ ഉള്ള ഭീകരരുടെ മുന്നറിയിപ്പായിട്ടു വേണം കണക്കാക്കാൻ. ഐസിസ്- നെ ഈ വൈകിയ വേളയിലെങ്കിലും പരിപൂർണമായി നിർമാർജനം ചെയ്തില്ലെങ്കിൽ അൽ കൊയ്ദ, താലിബാൻ - എന്നീ സന്ഖടനുകളുമായി യോജിച്ച് ലോക സമാധാനത്തിന് തന്നെ ഭീഷണിയാകും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇന്ത്യക്കും ഐസിസ് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇപ്പോള്‍ ചെറു സംഘടനകളായി മാറി ലോകത്തിൻറ്റെ പല ഭാഗങ്ങളിലും അവർ പ്രവർത്തിയ്ക്കുന്നു എന്ന തരത്തിലാണ് പല റിപ്പോർട്ടുകളും.

പക്ഷെ അവരെ എങ്ങനെ നേരിടണം എന്ന കാര്യത്തിലാണ് പ്രശ്നം മുഴുവനും. എന്തുകൊണ്ട് ലക്ഷക്കണക്കിനാളുകൾ ഐസിസി-ലേക്ക് ആകൃഷ്ടരാകുന്നു? അതിന് വഴിവെക്കുന്ന സാഹചര്യം എന്താണ് എന്നു മനസ്സിലാക്കി അതില്ലാതാക്കാനുള്ള ശ്രമമാണ് ആദ്യം വേണ്ടത്. അമേരിക്കയും യൂറോപ്യൻ സഖ്യ രാഷ്ട്രങ്ങളും ഇല്ലാത്ത ആയുധങ്ങളുടെ പേര് പറഞ്ഞ് ഇറാക്കിനെ ആക്രമിച്ചതാണ് ഐസിസ്-ൻറ്റെ ഉദയത്തിനു പ്രധാന കാരണം. ലോകം മുഴുവൻ കള്ള പ്രചാരണം നടത്തി. സമ്പന്നമായ ഒരു രാഷ്ട്രത്തെ ദാരിദ്ര്യത്തിലേക്കും അസ്ഥിരതയിലെക്കും തള്ളി വിട്ടു. അഫ്ഘാനിസ്ഥാനിൽ ഒരു സംഘടന ചെയ്ത കുറ്റത്തിന് ആ രാജ്യത്തെ ജനങ്ങളെ മൊത്തം ആക്രമിച്ചു. അമേരിക്ക ഉഗ്ര സ്ഫോടക ശേഷിയുള്ള - Daisy Cutter ബോംബുകൾ, അണു വികരണം സൃഷ്ടിക്കുന്ന ബോംബുകൾ - ഇതൊക്കെയാണ് അഫ്ഗാനിസ്ഥാനിലും, ഇറാക്കിലും ഉപയോഗിച്ചത്. അണു വികരണം ഏറ്റു തിരിച്ചു വരുന്ന അമേരിക്കൻ പട്ടാളക്കാരുടെ കുട്ടികൾക്ക് പോലും ജനിതക വൈകല്യം പിടി പെടുന്നു എന്നതാണ് റിപ്പോർട്ടുകൾ. അഫ്ഘാനിസ്ഥാനെ പോലെ വികസനം എത്തി നോക്കാത്ത പ്രദേശം മുതൽ സമ്പന്നമായിരുന്ന ഇറാക്ക്, ലിബിയ, റഷ്യ - തുടങ്ങിയ അനേകം രാജ്യങ്ങളിൽ നിന്നുള്ളവർ ഇപ്പോൾ ഐസിസ്-ൽ ഉണ്ട്. മതവും, വികസനമില്ലായ്മയും മുതൽ വിദേശാധിനിവേശം വരെ ഒരു പാടു കാര്യങ്ങളടങ്ങിയ സങ്കീർണമായ വിഷയമാണ് ഐസിസി-ലേക്ക് ആളുകൾ ആകൃഷ്ടരാകുന്നതിനു കാരണം.
ഐസിസ്-നെ പരിപൂർണമായി നിർമാർജനം ചെയ്യണമെങ്കിൽ ഐസിസ് - നുള്ള സാമ്പത്തിക സഹായത്തിൻറ്റെ ചിറകരിയണം. പക്ഷെ ഐസിസ്-ൻറ്റെ സാബത്തീക സ്രോതസ് തകർക്കൽ അത്ര എളുപ്പമല്ല. കാരണം അവർക്ക് ഒന്നിലേറെ രാജ്യങ്ങളുമായീ അതിർത്തിയുണ്ട്. അവിടെയോക്കെ ആയുധങ്ങളും, ഭക്ഷണവും എത്തിച്ച് കോടുക്കുന്നവർ ഉണ്ട്. എന്തും എത്തിച്ച് കോടുക്കുന്ന കളളക്കടത്തുകാരെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമാണോ? ചുരുക്കത്തിൽ അങ്ങേയറ്റം സങ്കീർണമായ സ്ഥിതി വിശേഷത്തിലെക്കാണ് കാര്യങ്ങൾ പോയ്ക്കോണ്ടി ഇരിക്കുന്നത്. ഈയിടെ സിറിയയിലെ ആലെപ്പോയിൽ സിറിയൻ സേന വിജയിച്ചെങ്കിലും ലോക സമാധാനത്തിന് ഐസിസ് ഉയർത്തുന്ന ഭീഷണി നിസാരമല്ല.

റഷ്യയുടെ ഇടപെടലിനു ശേഷം ഇസ്ലാമിക് സ്റ്റെറ്റിനെ ( ഐ. സ്.) ഇപ്പം തകർക്കും എന്ന രീതിയിലായിരുന്നു റഷ്യൻ ടി.വി വാർത്ത കൊടുക്കാൻ തുടങ്ങിയത്. പക്ഷെ ഇസ്ലാമിക് സ്റ്റെറ്റ് ഇതു വരെ തകർന്നിട്ടില്ല. കാര്യങ്ങൾ മനസ്സിലാക്കാതെ വാർത്ത കൊടുത്താൽ ഇതായിരിക്കും സ്ഥിതി. സിറിയയിൽ പാശ്ചാത്യരാജ്യങ്ങളും, അമേരിക്കയും കാണിയ്ക്കുന്നത് ഇരട്ടത്താപ്പാണെന്നുള്ളത് ശരി തന്നെയാണ്. ഭീകരവാദികളെ നേരിടുന്നുവെന്ന് പറയുകയും ചില ഭീകരസംഘടനകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് അമേരിക്കയും സഖ്യകക്ഷികളും നടത്തുന്നത്. തങ്ങൾക്ക് താൽപര്യമില്ലാത്ത ഭരണ നേതൃത്വങ്ങളെ പുറത്താക്കുന്നതിനായി ഭീകരസംഘടനകളെ കൂട്ടുപിടിയ്ക്കുകയാണ് അവർ ചെയ്യുന്നത്. ഭീകരവാദികളെ തീവ്ര ഭീകരവാദികളെന്നും മിത ഭീകരവാദികളെന്നും തരം തിരിയ്ക്കേണ്ട കാര്യമില്ല.

റഷ്യൻ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റെറ്റിന് പണ്ടത്തെ അപേക്ഷിച്ച് ആക്രമണശേഷി നഷ്ടപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റെറ്റിന് ആയുധങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയിലായിട്ടുണ്ട്. എണ്ണയുടെ ഒഴുക്കും ആ രീതിയിലുള്ള വരുമാന മാർഗവും കുറഞ്ഞു. ഇറാഖിൽ നിന്ന് സിറിയയിലെ ഭീകരകേന്ദ്രങ്ങളിലേയ്ക്ക് ആയുധമെത്തിയ്ക്കാനായി ഉപയോഗിച്ചിരുന്ന യുഫ്രട്ടീസ് നദിയ്ക്ക് കുറുകെയുള്ള പാലം റഷ്യൻ വ്യോമസേന തകർത്തു. പ്രധാനമായും ഹമ, ഇഡ്ലിബ്, ലടാക്കിയ, ഡമാസ്കസ്, അലെപ്പോ, ഡെയ്ർ എസോർ എന്നീ പ്രദേശങ്ങളെ ലക്ഷ്യം വച്ചാണ് റഷ്യൻ സേനയുടെ ആക്രമണം. ആയുധസംഭരണശാലകളും പരിശീലന കേന്ദ്രങ്ങളും ഉൾപ്പടെ ഐ. സ്. കേന്ദ്രങ്ങൾ 2015 സെപ്റ്റംബർ 30 മുതലുള്ള വ്യോമാക്രമണത്തിൽ തകർത്തതായാണ് റഷ്യ അവകാശപ്പെടുന്നത്. പക്ഷെ ഇത് അവകാശ വാദങ്ങൾ മാത്രം.

പ്രധാനമായും നാല് ശക്തികളാണ് ഇന്ന് ഇറാക്കിലും, സിറിയയിലും പ്രവർത്തിക്കുന്നത്. ഐ. സ്. , അസദിൻറ്റെ നെത്ര്വത്തിലുള്ള സിറിയൻ സേന, കുർദുകൾ, പാശ്ചാത്യരാജ്യങ്ങളും, അമേരിക്കയും പിന്തുണയ്ക്കുന്ന സേനകൾ - ഇവയാണീ നാല് ശക്തികൾ. അത് കൊണ്ട് തന്നെ വളരെ സങ്കീർണമായ സ്ഥിതി വിശേഷത്തിലേക്കാണ് സിറിയയും, ഇറാക്കും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ പ്രശ്നത്തിൽ വളരെ എളുപ്പത്തിൽ ഒരു പരിഹാരം സാധ്യവുമല്ല. അഭയാർഥികൾ സൃഷ്ടിക്കുന്ന മാനുഷിക പ്രശ്നമാണ് ഈ ഇടപെടലിൻറ്റെയെല്ലാം ആത്യന്തിക പരിണിത ഫലം.
റഷ്യ ഐ. സ്. - നെതിരെ പട നയിക്കുന്നത് കൂടുതലും ആയുധ വിപണിയിൽ റഷ്യയുടെ പൊയ് പോയ പ്രതാപം വീണ്ടെടുക്കാനും, സ്വന്തം രാജ്യത്ത് നിന്ന് ഐസിസ് - നുള്ള സഹായം നുള്ളി കളയാനും വേണ്ടി ആണ്. അല്ലാതെ ലോക സമാധാനത്തിനു വേണ്ടി ഒന്നും അല്ല. റഷ്യ ഇപ്പോൾ സിറിയയിൽ പരീക്ഷിക്കുന്നത് അമേരിക്കകാർ അവകാശപ്പെട്ടിരുന്ന Precision ബോംബിംഗ് ആണ്. റഷ്യക്ക് ആയുധ ശേഷിയിൽ അവർ ലോകത്തിലെ ആരുടേയും പിന്നിൽ അല്ലെന്നു തെളിയിക്കുക ആയിരുന്നു ആവശ്യം. അത് അവർ സാധിച്ചു. ഇവിടെ ആയുധ വിപണി ആണ് മുഖ്യ വിഷയം. റഷ്യയുടെ Sukhoi Jet Fighter Planes ആണ് ഇപ്പോൾ ഐസിസ് - നെതിരെ ബോംബിടുന്നത്. ഈ പ്ലെയിനുകളുടെയും, റഷ്യൻ നേവിയുടെ യുദ്ധ കപ്പലുകളുടെയും Specifications ആണ് റഷ്യൻ T .V . വിശദമായി കാണിക്കുന്നത്. അപ്പോൾ തന്നെ ആയുധ കച്ചവടം ആണ് ലക്ഷ്യമെന്നതു വ്യക്തമാണല്ലോ. ആയുധ വിപണിയിൽ അമേരിക്കക്കും, സഖ്യ കക്ഷികൾക്കും ഉണ്ടായിരുന്ന മേൽകോയ്മ നഷ്ടപ്പെടും. അപ്പോൾ അവർക്ക് അത് സഹിക്കാൻ പറ്റുമോ? അതിലുള്ള ചൊരുക്ക് ആണ് അവരുടെ പ്രസ്താവനകളിൽ കൂടി പുറത്തു വരുന്നത്. സത്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് ആയുധം കയറ്റി അയക്കുന്ന വമ്പൻ ബിസിനെസ്സിനു വികസിത രാജ്യങ്ങളിൽ നിരോധനം എർപെടുത്തിയാൽ തന്നെ ലോക സമാധാനം കുറെ ഒക്കെ കൈവരും. പക്ഷെ അതിനു വികസിത രാജ്യങ്ങൾ തയാറല്ല. ലോകമെമ്പാടും ഉള്ള യുദ്ധ കൊതിയൻമാരെ ഈ ആയുധ മത്സരം ത്രിപ്തിപെടുത്താം. അല്ലാതെന്തു പ്രയോജനം?

റഷ്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ വ്യാപാരിയാണ് (മൊത്ത കച്ചവടത്തിന്റെ 26% ലും അധികം റഷ്യയുടേതാണ്). സിറിയ ആണെങ്കിൽ എക്കാലത്തും സോവിയറ്റ് യൂണിയൻ/റഷ്യയുടെ ഏറ്റവും വലിയ ആയുധ മാർക്കറ്റുമാണ്. SIRPI കണക്കനുസരിച്ച് 2013 ൽ മാത്രം റഷ്യ 1.3 ബില്യൺ ഡോളറിൻറ്റെ ആയുധം സിറിയക്ക് നൽകുകയുണ്ടായി. സിറിയ വൻ തോതിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടിയ 2006-2010 കാലഘട്ടത്തിൽ ഏകദേശം 50 ശതമാനത്തോളവും റഷ്യയിൽ നിന്നായിരുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അപ്പോൾ ഇത്രയധികം വരുമാനം തൽകുന്ന, ഭാവിയിൽ ഇതിൽ കൂടുതൽ നൽകാൻ സാധ്യതയുള്ള ഉപഭോക്താവ് കൂടിയാണ് സിറിയ/അസദ്. ലിബിയയുമായുള്ള ആയുധക്കരാർ യു.എൻ ഉപരോധം കാരണം റദ്ദാക്കേണ്ടി വന്നതിലൂടെ ഏകദേശം 4 ബില്യൺ ഡോളറിൻറ്റെ നഷ്ടമാണ് റഷ്യക്ക് വന്നത്. അസദ് താഴെ വീണ് റബലുകൾ കയറിയാൽ സ്വാഭാവികമായും അസദിൻറ്റെ 'സഖ്യകക്ഷിയായ' റഷ്യയുമായുള്ള കച്ചവടമായിരിക്കും ആദ്യം അവസാനിപ്പിക്കുക. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന റഷ്യക്ക് താങ്ങാവുന്നതിലപ്പുറമായിരിക്കുമത്. പുടിന് അസദിനെ നില നിർത്തിയാൽ ഈ കച്ചവടം തുടരാം. (യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചാൽ വരാൻ പോവുന്ന പുനർനിർമ്മാണ കരാറുകളും മറ്റും വേറെ) (കടപ്പാട്: Nasirudheen Chennamangallur )

എന്തായാലും അമേരിക്കക്കും, സഖ്യ കക്ഷികൾക്കും ഒന്നര വർഷമായിട്ടും ഭീകര പ്രവർത്തനത്തിനെതിരെ ഒന്നും ചെയ്യാൻ പറ്റാതെ വന്നപ്പോൾ ഐ. സ്. - നെതിരെ നീങ്ങിയതിനു റഷ്യ പ്രശംസ അർഹിക്കുന്നു. 7000 - ലേറെ പേർ റഷ്യയിൽ നിന്ന് ഐസിസ് - ൽ ചേർന്നു എന്നതാണ് റഷ്യൻ ടി. വി. തന്നെ നൽകുന്ന റിപ്പോർട്ടുകൾ. ആദ്യം സൗദിയും, ഖത്തറും, തുർക്കിയുമെല്ലാം ഐസിസ് - നെ പിന്തുണച്ചു. പിന്നീട് ഐസിസ് എണ്ണ കടത്തിയും, ആളുകളെ തട്ടി കൊണ്ടുപോയി മോചന ദ്രവ്യം കൈക്കലാക്കിയും നല്ല സാമ്പത്തിക അടിത്തറ ഉണ്ടാക്കി. ഇപ്പോൾ റഷ്യയുടെ ഇടപെടൽ അവരെ വെറളി പിടിപ്പിച്ചിട്ടുണ്ട്. പഴയ പോലെ അവകാശ വാദങ്ങളുമായി അവരെ അധികം കാണാനില്ല. നേരത്തെ ഐസിസ് - നെ പിന്തുണച്ചിരുന്ന സൗദിയും, തുർക്കിയും ഇപ്പോൾ തീവ്ര വാദ ഭീഷണികൾ നേരിടുന്നു. പല ബോംബ് സ്ഫോടനങ്ങളും ഈ രാജ്യങ്ങളിൽ നടന്നു. തുർക്കിയിൽ തുടർച്ചയായുണ്ടാകുന്ന ബോംബ് സ്ഫോടനങ്ങളും, കൊലകളും അവരുടെ ടൂറിസം രംഗത്തെ തകർത്തു എന്നാണു റിപ്പോർട്ടുകൾ.

ഈയിടെ തുർക്കിയിൽ ഉണ്ടായ റഷ്യൻ അംബാസഡറിൻറ്റെ കൊലപാതകവും, 2017 പുതുവത്സര പിറവിയുടെ രാത്രിയിൽ ഇസ്താൻബൂൾ നിശാ ക്ലബ്ബിലുണ്ടായ വെടി വെയ്‌പും നിസാര സംഭവങ്ങളല്ലല്ലോ. അത് കൊണ്ട് തുർക്കി ഐസിസ്- നെതിരെയുള്ള റഷ്യൻ ഇടപെടലിനെ സമീപ ഭാവിയിൽ എതിർക്കാൻ വഴിയില്ല. പല ശക്തികൾ ആധിപത്യം നേടാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച് ഐസിസ്- നെതിരെ യോജിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അത് കൊണ്ട് തന്നെ ബാരക് ഒബാമയെ പോലെ ശീത യുദ്ധത്തിൻറ്റെ വിഴുപ്പും പേറി റഷ്യക്കെതിരെ നില കൊള്ളുന്ന നേതാക്കളല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ ആവശ്യം. ഡൊണാൾഡ്‌ ട്രംപ് ഐസിസ് ഭീകരതയെ നേരിടുവാൻ റഷ്യയോട് സഹകരിക്കുവാൻ തയാറാണെങ്കിൽ അതിനെ ലോക ജനതയും, അമേരിക്കൻ ജനതയും സ്വാഗതം ചെയ്യണം. ഐസിസ് സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നതു കൊണ്ട് നിയുക്ത അമേരിക്കൻ പ്രെസിഡൻറ്റ് ലോകമെങ്ങുമുള്ള പുരോഗമനകാരികളായ സ്ത്രീകളെ ഒപ്പം നിർത്തിയാണ് ഐസിസ്- നെതിരെ പൊരുതേണ്ടത്. ഐസിസ്- നെതിരെയുള്ള പോരാട്ടത്തിൽ സ്ത്രീ ശക്തി വളരെ നിർണായകമാണ്. സ്ത്രീ ശക്തി കൂടാതെ കുർദുകളെ പോലെയുള്ള പ്രാദേശിക ശക്തികളെയും ഐസിസ്- നെതിരെയുള്ള പോരാട്ടത്തിൽ ഒന്നിപ്പിക്കേണ്ടിയിരിക്കുന്നു. ഒപ്പം ട്രംപ് മുസ്‌ലിം വിരുദ്ധതയും, കുടിയേറ്റ വിരുദ്ധതയും ഒക്കെ മാറ്റി വെച്ചിട്ട് ലോകമെങ്ങുമുള്ള മുസ്ലീം ജനതയുടെ വിശ്വാസം ആർജിക്കേണ്ട പ്രവർത്തനങ്ങളും തുടങ്ങേണ്ടിയിരിക്കുന്നു.