2018 ഡിസംബർ 31, തിങ്കളാഴ്‌ച

മുത്തലാഖിനെതിരെയുള്ള നിയമം


ബി. ജെ.പി. രാജ്യത്തു സൃഷ്ടിച്ചിരിക്കുന്ന സാമൂഹ്യ ഭിന്നിപ്പ് ഒരു രീതിയിലും അംഗീകരിക്കുന്നില്ലെങ്കിലും മുത്തലാഖിനെതിരെ കേന്ദ്ര സർക്കാർ നിയമം കൊണ്ട് വന്നത് പുരോഗമനകാരികൾ സ്വാഗതം ചെയ്യേണ്ട ഒന്നാണ്. ബി.ജെ.പി. -യുടെയും, സംഘ പരിവാർ സംഘടനകളുടെയും ഉദ്ദേശ ശുദ്ധി ഇക്കാര്യത്തിൽ സംശയിക്കപെടേണ്ടതാണെങ്കിലും മുത്തലാഖിനെതിരെയുള്ള ഈ ബിൽ കോൺഗ്രസിനോ, ഇടതു പക്ഷ രാഷ്ട്രീയ പാർട്ടികൾക്കോ ഇന്ത്യയിൽ വിജയിപ്പിക്കാനാവില്ല എന്ന വസ്തുത പരിഗണിക്കുമ്പോൾ തീർച്ചയായും ഈ ബില്ലിനെ സ്വാഗതം ചെയ്യണം. ഇസ്‌ലാമിക രാഷ്ട്രങ്ങൾ പോലും നിരോധിച്ചിരിക്കുന്ന ഈ സമ്പ്രദായം ഇന്ത്യയിൽ ഇത്ര നാളും എന്തെ അംഗീകരിക്കപ്പെട്ടു എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴാണ് മത-ജാതി രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ വോട്ടു ബാങ്ക് രാഷ്ട്രീയത്തെ കുറിച്ച് നാം മനസിലാക്കേണ്ടത്. അതുകൊണ്ടു തന്നെ മുത്തലാഖിനെതിരെയുള്ള ഈ ബിൽ രാജ്യ സഭ കടക്കുമെന്നും തോന്നുന്നില്ല.

ഭാര്യയായ യശോദാ ബെന്നിനെ മോഡി ഉപേക്ഷിച്ചു പോയി എന്ന് പറഞ്ഞു മുത്തലാഖിനെ ന്യായീകരിക്കുന്നവർ ശൈശവ വിവാഹങ്ങൾ ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹത്തിലും വ്യാപകമായി ഉണ്ട് എന്നുള്ള കാര്യം സൗകര്യപൂർവം മറക്കുന്നു. വിവാഹ പ്രായം 18 -ൽ നിന്ന് 16 ആക്കണം എന്ന് മുസ്‌ലിം മത മൗലിക വാദികൾ പറഞ്ഞപ്പോൾ കേരളത്തിലെ മുസ്ലീം പെൺകുട്ടികൾ തന്നെ അതിന് എതിരായി പരസ്യമായി രംഗത്തു വന്ന കാര്യം ഒന്നും മറക്കരുത്. അതൊക്കെ കൂടാതെ വിവാഹ മോചനം നേടുന്ന അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീക്ക് സാമ്പത്തികമായ പരിരക്ഷ എന്ന കാതലായ കാര്യം യശോദാ ബെന്നിൻറ്റെ കാര്യത്തിൽ സൗകര്യപൂർവം മറക്കുന്നു. മോഡി നേരത്തെ ഭാര്യയായി അംഗീകരിച്ചിരുന്നില്ലെങ്കിലും യശോദാ ബെന്നിന് തെരുവിൽ അലയേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നു. ജോലിയുണ്ടായിരുന്നു; വരുമാനം ഉണ്ടായിരുന്നു; കുടുംബത്തിൻറ്റെ പരിരക്ഷയും ഉണ്ടായിരുന്നു. മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകൾക്ക് ഇത്തരത്തിലുള്ള സാമ്പത്തികവും, സാമൂഹ്യവും ആയ സുരക്ഷിതത്ത്വം കിട്ടുന്നുണ്ടോ??

1985 - ൽ 'ഷാ ബാനൂ' കേസ് വിധി വന്നപ്പോൾ മുസ്ലീം വ്യക്തിഗത നിയമങ്ങൾ മാറ്റി എഴുതിക്കുവാൻ ഇവുടുത്തെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും കോലാഹലം ഉണ്ടാക്കി. സത്യത്തിൽ അന്ന് സുപ്രീം കോടതി പറഞ്ഞതിൽ എന്തായിരുന്നു തെറ്റ്? 'ഷാ ബാനൂ' കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ തികച്ചും ന്യായമല്ലായിരുന്നുവോ? മുസ്ലീം വിധവകൾക്കും ജീവനാംശവും, സംരക്ഷണവും കൊടുക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റുണ്ടായിരുന്നത്? എന്നിട്ടും മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും 1986 - ൽ രാജീവ് ഗാന്ധി സർക്കാരിൽ കനത്ത സമ്മർദം ചെലുത്തി മുസ്ലീം വ്യക്തിഗത നിയമം മാറ്റി എഴുതി. ഇപ്പോൾ 'മുത്താലാക്ക്' - നെതിരെ വരെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും 'ഷാ ബാനൂ' കേസിനെതിരെ എന്ന പോലെ കോലാഹലം ഉണ്ടാക്കുന്നുണ്ട്. മുസ്ലീം സ്ത്രീകൾ തന്നെയാണ് തങ്ങളുടെ സമുദായത്തിലുള്ള ഈ യാഥാസ്ഥികത്ത്വത്തിനും, സ്ത്രീ വിരുദ്ധതയ്ക്കും എതിരേ മുന്നോട്ടു വരേണ്ടത്. അല്ലാതെ മറ്റുള്ളവരല്ല.

ഇപ്പോൾ മുസ്ലിം സ്ത്രീകളെ ബാധിക്കുന്ന മുത്തലാഖ് രീതി നിയമവിരുദ്ധമാക്കി കൊണ്ടുള്ള ബിൽ മോദി സർക്കാർ പാർലമെൻറ്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. കാലഹരണപ്പെട്ട മുത്തലാഖ് വിഷയം പരിഷ്‌ക്കരിക്കാൻ മുന്നിൽ നിന്നത് അഞ്ച് വനിതകളാണ് - സൈറ ബാനു, ഇസ്രത്ത് ജഹാൻ, ഗുൽഷൻ പർവീൺ, അഫ്രീൻ റഹ്മാൻ, അതിയ സാബ്രി എന്നിവർ. ഇതിൽ ബംഗാൾ സ്വദേശിനിയായ ഇസ്രത്തിനെ ഭർത്താവ് മുർത്താസ ദുബായിൽ നിന്ന് ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. മുർത്താസയ്ക്കും ഇസ്രത്തിനും നാലു മക്കളാണുള്ളത്. ഇസ്രത്ത് ജഹാൻറ്റേതടക്കം മുത്തലാഖിലൂടെ വിവാഹമോചിതരായ അഞ്ച് മുസ്‌ലിം സ്ത്രീകളുടേതുൾപ്പെടെ ഏഴ് ഹർജികൾ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖ് നിരോധിച്ചത്.

1985 - ൽ 'ഷാ ബാനൂ' കേസ് വിധി വന്നപ്പോൾ ഭരണ പരിചയമില്ലാതിരുന്ന രാജീവ് ഗാന്ധിയെ ഉത്തർ പ്രദേശിലെ ഉപ തിരഞ്ഞെടുപ്പുകളിൽ ശക്തമായ തിരിച്ചടികൾ നൽകി കൊണ്ട് സമ്മർദ്ദത്തിലാക്കി. മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും രാജീവ് ഗാന്ധിയെ സ്വാധീനിച്ച് മുസ്ലീം വ്യക്തിഗത നിയമം മാറ്റി എഴുതി. പിന്നീട് ഇതിനെതിരെ വിമർശനം ഉയർന്നപ്പോൾ രാജീവ് ഗാന്ധി ഹിന്ദു വർഗീയതെക്കെതിരെയും മൃദു സമീപനം എടുത്തു. അയോധ്യയിലെ തർക്ക ഭൂമിയിൽ ശിലാ സ്ഥാപനം നടത്തുവാൻ അനുമതി നൽകി. ഇതിനു ശേഷമുള്ള ചരിത്രം നമുക്കറിയാവുന്നതാണ്. 1984 -ൽ ലോക്സഭയിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി. ഇന്ത്യയിൽ വ്യാപകമായ വർഗീയവൽക്കരണം നടത്തി. പക്ഷെ ഇവിടെ ഓർമിക്കേണ്ടത് 1947-ലെ വിഭജനത്തിൻറ്റെ കാര്യമായാലും, 1985 - ൽ 'ഷാ ബാനൂ' കേസിൻറ്റെ കാര്യമായാലും മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ ഇടപെടലിൻറ്റെ തുടക്കം പുരുഷ കേന്ദ്രീകൃതവും, അവസര വാദപരവുമായ മുസ്ലീം യാഥാസ്ഥികരുടെ ഭാഗത്തു നിന്നായിരുന്നു എന്ന വസ്തുതയാണ്. സാധാരണക്കാരായ മുസ്ലീങ്ങൾക്കോ, മുസ്‌ലീം സ്ത്രീകൾക്കോ ഇത്തരം രാഷ്ട്രീയ നിലപാടുകൾ ഒരു പ്രയോജനവും ചെയ്തിട്ടില്ല.

ഹിന്ദു വ്യക്തി നിയമം പരിഷ്കരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ശ്രമം ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ആരംഭിച്ചിരുന്നു. 1947- ൽ തന്നെ രൂപീകരിച്ചിരുന്ന അനേകം കമ്മിറ്റികളുടെ റിപ്പോർട്ടുകൾ പ്രകാരം കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതാക്കുക, ആൺ-പെൺ ഭേദമന്യേ മക്കൾക്ക് സ്വത്തിൽ തുല്യാവകാശം നൽകുക, അന്യ മതത്തിലും, ജാതിയിലുമുള്ള വിവാഹവും വിവാഹ മോചനവും അനുവദിക്കുക, ബഹുഭാര്യാത്വം നിരോധിക്കുക എന്നൊക്കെയായിരുന്നു കമ്മിറ്റി റിപ്പോർട്ടുകളുടെ പ്രധാന ശുപാർശകൾ. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം 1948-ൽ നിയമമന്ത്രി ഡോക്റ്റർ അംബേദ്കർ ആ ശുപാർശകൾ അൽപസ്വൽപം വ്യത്യാസങ്ങളോടെ 'ഹിന്ദു കോഡ് ബില്ലായി' അവതരിപ്പിച്ചു. പക്ഷെ ഹിന്ദുക്കൾക്ക് മാത്രമായി എന്തിനു നിയമം വേണം എന്ന നിർണായക ച്യോദ്യത്തിന് ഉത്തരം പറയാൻ ഡോക്റ്റർ അംബേദ്കർക്ക് പാർലമെൻറ്റിൽ സാധിച്ചില്ല. ഡോക്റ്റർ അംബേദ്കർ ബിൽ പാസാകാത്തതിൻറ്റെ പേരിൽ 1951 സെപ്റ്റംബർ 27-ന് കേന്ദ്രമന്ത്രി സഭയിൽ നിന്ന് രാജിവെക്കുകയും ചെയ്തു.

'ഹിന്ദു കോഡ് ബിൽ' ഡോക്റ്റർ അംബേദ്കറുടെ രാജിയിൽ കലാശിച്ചതിനെ ചൊല്ലി ഹിന്ദു സമൂഹത്തിലെ യാഥാസ്ഥിതിക വാദികൾക്കെതിരെ വ്യാപകമായ വിമർശനം വന്നിട്ടുണ്ട്. ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശം പിന്നീട് അംഗീകരിക്കപ്പെട്ടു. മേരി റോയ് നടത്തിയ നിയമ പോരാട്ടത്തിലൂടെ ക്രിസ്ത്യൻ സ്ത്രീകളുടെയും സ്വത്തവകാശം സുപ്രീം കോടതി അംഗീകരിച്ചു. വിവാഹമോചനം തേടുന്നവർ സ്ത്രീകളുടെയും, കുഞ്ഞുങ്ങളുടെയും ചെലവ് വഹിക്കണം എന്ന് സുപ്രീം കോടതി പല ഉത്തരവുകളിലൂടെയും കൃത്യമായി പറഞ്ഞിട്ടുണ്ട്.

ഹിന്ദു സമൂഹത്തിലെ ജാതീയമായ വിവേചനത്തിനെതിരേ ഡോക്റ്റർ അംബേദ്കറുടെ വിമർശനം പിന്നീട് ഹിന്ദു സമൂഹത്തിലെ പുരോഗമനകാരികൾ പലരും അംഗീകരിച്ചു. ഡോക്റ്റർ അംബേദ്കറുടെ പക്ഷം പിടിക്കുന്ന മറ്റു പലരും മുസ്‌ലീം സമൂഹത്തിലെ യാഥാസ്ഥികത്ത്വത്തിനും, പുരുഷ കേന്ദ്രീകരണത്തിനും എതിരേ ഡോക്റ്റർ അംബേദ്കർ ശക്തമായ വിമർശനം നടത്തിയിട്ടുണ്ട് എന്ന വസ്തുത അംഗീകരിക്കുവാൻ മടിക്കുന്നു. 'മുസ്ലിം ബ്രദർഹുഡ്' എന്ന് പറയുന്നത് വിശാലമായ അർത്ഥത്തിലുള്ള സാഹോദര്യം അല്ല; മറിച്ച് മുസ്ലീങ്ങൾക്കിടയിൽ മാത്രമുള്ള സാഹോദര്യം ആണെന്നാണ് ഡോക്റ്റർ ബി. ആർ. അംബേദ്കർ ചൂണ്ടി കാണിക്കുന്നത്. ഇത്തരത്തിലുള്ള സങ്കുചിതമായ മത ബോധം ആധുനികമായ മൂല്യങ്ങൾക്ക് എതിരാണെന്ന് ഡോക്റ്റർ ബി. ആർ. അംബേദ്കർ 'Pakistan Or The Partition Of India' എന്ന ലേഖനത്തിൽ വളരെ വ്യക്തമായി പറയുന്നുമുണ്ട്. ഒരു മർദ്ദിത സമൂഹം എന്ന രീതിയിൽ മുസ്ലീങ്ങളെ പിന്തുണയ്ക്കുമ്പോഴും മുസ്ലിം മത മൗലിക വാദങ്ങളും, പുരുഷ കേന്ദ്രീകരണവും, ഭീകര പ്രവർത്തനങ്ങളും ഉയർത്തുന്ന ഗുരുതരമായ പ്രശ്നങ്ങൾ പലപ്പോഴും മനസിലാക്കുവാൻ ലിബറലുകൾക്കും, ദളിത് ബുദ്ധിജീവികൾക്കും, ഇടതു പക്ഷത്തിനും, അംബേദ്കറിസ്റ്റുകൾക്കും ഇന്നും സാധിക്കുന്നില്ല. അവരിൽ ചിലരൊക്കെ മുത്തലാഖിനെ ഇന്നും അനുകൂലിക്കുന്നതും അതു കൊണ്ടാണ്.

2018 ഡിസംബർ 20, വ്യാഴാഴ്‌ച

വനിതാ മതിലിലൂടെ സാമൂഹ്യ മാറ്റം എന്നതു നടക്കുമോ?


വനിതാ മതിലിലൂടെ സാമൂഹ്യ മാറ്റം എന്ന സങ്കൽപം ശുദ്ധ മണ്ടത്തരമല്ലേ??? CPM എന്ന പാർട്ടി തങ്ങളെന്തോ മഹാകാര്യം നിർവഹിക്കാൻ പോകുന്നു എന്ന മട്ടിലാണ് ഈ വനിതാ മതിൽ പടുത്തുയർക്കുന്നതു തന്നെ. കേരളത്തിലെ സ്ത്രീകൾക്കിടയിൽ സംഭവിച്ച മാറ്റങ്ങൾ മനസ്സിലാക്കണമെങ്കിൽ കേരളത്തിലെ തന്നെ ഏറ്റവും യാഥാസ്ഥിതികമായിരുന്ന നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ സാമൂഹ്യ നിലയിൽ വന്ന മാറ്റങ്ങൾ മാത്രം നോക്കിയാൽ മതി. ലളിതാംബിക അന്തർജനത്തിൻറ്റെയും ദേവകി നിലയങ്ങോടിൻറ്റെയും കൃതികൾ വായിക്കുമ്പോൾ കാണുന്നതെന്താണ്??? നമ്പൂതിരി വിധവകൾ വെറും നിലത്തു കിടക്കണമായിരിന്നു. അവർക്ക് എണ്ണ തേക്കാൻ പറ്റില്ലായിരുന്നു. സ്വർണം, വെള്ളി - ഈ ആഭരണങ്ങൾ ഒന്നും അണിയാൻ അവകാശമില്ലായിരുന്നു. ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. ഇത്തരം ഒരു അവസ്ഥയിൽ നിന്ന് ഇന്ന് ആ സമുദായത്തിലെ സ്ത്രീകൾ എവിടെ നിൽക്കുന്നൂ???

ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ പോലും നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണല്ലോ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നതാണ് റിപ്പോർട്ടുകൾ. പണ്ട് സ്മാർതൻ താത്രിയെ 'സാധനം' എന്നാണല്ലോ വിശേഷിപ്പിച്ചത്. 'അകത്തത്', 'അത്' , 'ഇത്' - എന്നൊക്കെയാണല്ലോ 21 -ആം നൂറ്റാണ്ടിലും ചില നമ്പൂതിരിമാർ സ്ത്രീകളെ പരാമർശിച്ച് എഴുതിയുട്ടുള്ളത്. നമ്പൂതിരി യുവതികൾ പോലും നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാത്തതിലൂടെ നമ്പൂതിരിമാർക്ക് നല്ല ഒരു അടി അവരുടെ സ്ത്രീകളിൽ നിന്ന് തന്നെ കിട്ടി കൊണ്ടിരിക്കയാണ് എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പോലുള്ളവർ കുറച്ചു നാൾ മുമ്പ് പറഞ്ഞത്.

കടുത്ത യാഥാസ്ഥികത്ത്വം ഇപ്പോഴും വെച്ച് പുലർത്തുന്ന കുടുംബങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ താഴ്ന്ന ജാതിക്കാരുടെ കൂടെയും ഇതര മതസ്ഥരുടെ കൂടെയും പോകുന്നത് സാധാരണമായിരിക്കുന്നു. ഇതര മതസ്ഥരു മായി വിവാഹം കഴിച്ച ചിലരെ ഒക്കെ ഇതെഴുതുന്ന ആൾക്ക് അറിയാം. ക്ഷേത്ര പൂജാരിമാരുടെ കൂടെ ഒക്കെ പോയി ജീവിതം ആ രീതിയിലേക്ക് കൊണ്ടുപോകാൻ ഇന്നത്തെ തലമുറയിൽ പെട്ട പെൺകുട്ടികളിൽ പലരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഉയർന്ന ജോലിയും നിലവാരവും ഇല്ലാത്ത യുവാക്കൾക്ക് ആ സമുദായത്തിൽ നിന്ന് തന്നെ വിവാഹം ബാലികേറാ മലയാകുന്നത്.

പക്ഷെ ഈ മാറ്റമൊന്നും ഒറ്റ ദിവസം കൊണ്ടോ, ഒരു മതില് കൊണ്ടോ ഒന്നും സംഭവിച്ചതല്ല എന്നതാണ് ശ്രദ്ധേയം. ജാതിശ്രേണിയിൽ പ്രഥമസ്ഥാനത്ത് നിലനിന്നിരുന്ന നമ്പൂതിരിസമുദായം പുരോഗമനപരമായ സാമൂഹ്യവീക്ഷണം കൈക്കൊള്ളുന്നത് യോഗക്ഷേമ സഭയുടെ രൂപീകരണത്തിനു ശേഷം മാത്രമാണ്. വിദ്യാഭ്യാസം, സാഹിത്യം, കല, രാഷ്ട്രീയം - ഇങ്ങനെയുള്ള അനവധിയായ പ്രക്രിയകളിൽ കൂടിയാണ് നമ്പൂതിരി സമുദായം ഉൾപ്പെടെയുള്ള ഏതൊരു സമുദായവും മാറ്റത്തിന് വിധേയമാകുന്നത്. നമ്പൂതിരി സമുദായത്തിൽ വി.ടി. ഭട്ടതിരിപ്പാട്, എം.ആർ. ഭട്ടതിരിപ്പാട്, എം.പി. ഭട്ടതിരിപ്പാട്, ലളിതാംബിക അന്തർജ്ജനം, ദേവകി നിലയങ്ങോട്, മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരി തുടങ്ങിയവർ സമുദായ നവോത്ഥാനത്തിനുള്ള ശക്തമായ ആയുധമായി സാഹിത്യത്തെ ഉപയോഗിച്ചു. നമ്പൂതിരി സമുദായത്തിനുള്ളിലെ ഇരുണ്ട ഭൂഖണ്ഡത്തെ സമുദായത്തിനും പൊതുസമൂഹത്തിനും മുന്നിൽ അവതരിപ്പിച്ച്, പരിഷ്കരണത്തിൻറ്റെയും നവീകരണത്തിൻറ്റെയും അടിയന്തിര പ്രാധാന്യം ബോദ്ധ്യമാക്കുന്നതിൽ അന്നത്തെ സാഹിത്യ കൃതികൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

ഇനി ജാതി നിർമ്മാർജ്ജനത്തിൻറ്റെ കാര്യം പറയുകയാണെങ്കിൽ ജാതി വ്യവസ്ഥ ഒറ്റ രാത്രി കൊണ്ടൊന്നും ഇല്ലാതാകാൻ പോവുന്നുല്ല. കാരണം അത്രയ്ക്ക് രൂഢമൂലമാണ് ജാതി ചിന്താഗതി. മനസ്സിൻറ്റെ ഉള്ളിൻറ്റെ ഉള്ളിൽ എങ്കിലും ജാതി ചിന്ത ഇല്ലാത്ത ഇന്ത്യക്കാരെ കാണുവാൻ വളരെ പ്രയാസമാണ്. മധ്യ വർഗത്തിന് സാമൂഹ്യമായും, സാമ്പത്തികമായും ഉന്നതി പ്രാപിക്കുമ്പോൾ ജാതി സാമൂഹ്യ യാഥാർഥ്യമായിട്ടുള്ള ഒരു സമൂഹത്തിൽ ജാതി മേൽക്കോയ്മയും സ്ഥാപിക്കാനുള്ള ആഗ്രഹം വരും. ഇതാണ് കേരളത്തിലെ സുറിയാനി, പരമ്പരാഗത ക്രിസ്ത്യാനികളുടെ കാര്യത്തിൽ സംഭവിച്ചത്. സാമ്പത്തികമായും, സാമൂഹ്യമായും അഭിവൃദ്ധി പ്രാപിച്ചപ്പോൾ അവർ ജാതി മേൽക്കോയ്മയും ഉണ്ടാക്കാൻ നോക്കി. അത് കൊണ്ടാണ് അവർ ഇല്ലാത്ത 'നമ്പൂതിരി ബന്ധത്തിൻറ്റെ' അല്ലെങ്കിൽ 'ബ്രാഹ്മണിക്കൽ ജീനിൻറ്റെ' കഥ പറയുന്നത്.

പണ്ട് ഇതെഴുതുന്നയാൾ തൃശൂരിലെ ചാവക്കാട് സർവേ നടത്തിയപ്പോൾ പഞ്ചായത്തു അംഗമായ ഒരു ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഒരു മുസ്‌ലിം ടീച്ചർ എന്നോട് പറഞ്ഞത് അവർക്കു കല്യാണം ആലോചിച്ചപ്പോൾ സമുദായത്തിലെ പലർക്കും കല്യാണാലോചനയുമായി വരാൻ പേടിയായിരുന്നു എന്നാണു. വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സാമൂഹ്യ നില നിശചയിക്കുന്നതാണ് ആ ടീച്ചറുടെ വാക്കുകളിൽ കൂടി പുറത്തു വന്നത്. കഴിഞ്ഞ 20 -30 വർഷം കൊണ്ട് മുസ്ലീങ്ങൾ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ മുന്നേറ്റം എല്ലാ അർത്ഥത്തിലും വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്. പക്ഷെ ഇതൊന്നും ഒറ്റ ദിവസം കൊണ്ടോ, ഒരു മതില് കൊണ്ടോ ഒന്നും സംഭവിച്ചതല്ലാ. ഗൾഫ് പണമാണ് കഴിഞ്ഞ 20 -30 വർഷം കൊണ്ട് കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹ്യ നിലവാരം ഉയർത്തിയത് എന്നു കാണാം. കേരളത്തിൻറ്റെ തന്നെ സാമൂഹ്യ-സാമ്പത്തിക  പുരോഗതിക്കു കാരണം കഴിഞ്ഞ 20 -30 വർഷമായി വന്നു കൊണ്ടിരിക്കുന്ന പുറത്തു നിന്നുള്ള വരുമാനമാണ്.

ഇന്ത്യയിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണല്ലോ കേരളം. പണം കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ഭാവിയിൽ ജാതിക്ക് വലിയ പ്രാധാന്യമില്ലാത്ത കാലം വരുമെന്നു പ്രത്യാശിക്കാം. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കോടെ കേരളത്തിൽ ഇത് കണ്ടതുമാണല്ലോ. ആധുനിക കാലഘട്ടത്തിൽ ഭക്ഷണവും, വെള്ളവും, തൊഴിലും ഒക്കെ ഒരു ജാതിയുടെ മാത്രമായി ചുരുക്കാൻ സാധിക്കില്ലല്ലോ. ഉത്തർ പ്രദേശിലൊക്കെ ഇപ്പോൾ തന്നെ തൂപ്പു ജോലിക്ക് അപേക്ഷിക്കുന്ന ബ്രാഹ്മണരും, ഉന്നത ജാതിക്കാരും അനേകം ഉണ്ടെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്. ജോലികൾ ആധുനികവൽക്കരിക്കപ്പെടുന്നതിലൂടെയും, യന്ത്രവൽക്കപ്പെടുന്നതിലൂടെയും ജാതി ഗ്രൂപ്പുകൾ ചെയ്തിരുന്ന ജോലിക്കു മാറ്റം സംഭവിക്കുകയാണ്. ഇപ്പോൾ 'മാൻഹോൾ' വൃത്തിയാക്കാനൊക്കെ യന്ത്രങ്ങളും , റോബോട്ടുകളും വരാൻ തുടങ്ങി. ജാതി ഗ്രൂപ്പുകൾ ചെയ്തിരുന്ന ജോലിക്കു മാറ്റം സംഭവിച്ചാലും രാഷ്ട്രീയത്തിൽ ഒരു 'പ്രെഷർ ഗ്രൂപ്പായി' ജാതി തുടരുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ BSP അതിൻറ്റെ ശക്തി തെളിയിച്ചത് അതുകൊണ്ടാണ്.  ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ജാതി ഉപയോഗിച്ചുള്ള വോട്ടു ബാങ്ക് രാഷ്ട്രീയം സജീവമാണ്. ജാതി നോക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനെ കുറിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനോട് പണ്ട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, "ഞങ്ങൾ കമ്യൂണിസ്റ്റുകാർ ജാതിക്കെതിരാണ്: പക്ഷെ ജാതി ഒരു സാമൂഹ്യ യാഥാർഥ്യമാണ്. അത് ഞങ്ങൾക്ക് നിഷേധിക്കാനാവില്ല" - എന്നാണു. ഇങ്ങനെ എല്ലാ സാമൂഹ്യ യാഥാർഥ്യങ്ങളും അംഗീകരിക്കുന്ന ഒരു പാർട്ടിയാകുമ്പോൾ CPM എന്ന പാർട്ടിക്കു പിന്നെ എങ്ങനെയാണ് നവോധാനത്തെ കുറിച്ച് പ്രസംഗിക്കുവാൻ സാധിക്കുക???

2018 ഡിസംബർ 14, വെള്ളിയാഴ്‌ച

കോൺഗ്രസിലെ ഗ്രൂപ്പിസം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ

ഹിന്ദി ബെൽറ്റിലെ നിയമസഭാ തിരഞ്ഞെടുപ്പ് റിസൾട്ടുകൾ ജനങ്ങൾ മറിച്ചു ചിന്തിക്കുന്നു എന്നതിൻറ്റെ സൂചകങ്ങളാണ്. രാജ്യത്തെ പ്രതിസന്ധിയിലാക്കുന്ന രീതിയിലാണ് രാമ ക്ഷേത്രവും, ശബരിമല വിഷയവും, ടിപ്പു സുൽത്താനും ഒക്കെ ഉയർത്തിയുള്ള വർഗീയ വൽക്കരണം. നോട്ട് നിരോധനവും, ജി.എസ്.ടി.-യും മൂലം അസംഘടിത മേഖല പിന്നോക്കം പോയതും, അസംഘടിത മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടതും, തന്മൂലം കയറ്റുമതി കുറഞ്ഞതും, രൂപയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞതും ആരും കാണാതിരുന്നു കൂടാ. ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ഉടനെ ചെയ്തത് ധാന്യങ്ങളുടേയും, കാർഷിക വിഭവങ്ങളുടേയും  സംഭരണത്തിന് പരിധി എടുത്തു കളഞ്ഞതാണ്. അതിൻറ്റെ ഗുണഫോക്താക്കൾ ഇന്ത്യയിലെ ചെറുകിട കർഷകനായിരുന്നില്ല. ഇത്തരം കർഷക വിരുദ്ധ നയങ്ങളിലൂടെ നേട്ടം കൊയ്തവരാണ് ശത കോടികൾ മുടക്കി ഇപ്പോൾ ആഡംബര കല്യാണം നടത്തുന്നത്; ആയിരത്തോളം ചാർട്ടേർഡ് ഫ്‌ളൈറ്റുകളിലൂടെ അതിഥികളെ സൽക്കരിക്കുന്നത്. ഇതിനൊക്കെ എതിരേ ജനം പ്രതികരിക്കാൻ തയ്യാറാണ്. പക്ഷെ നല്ല ഒരു പ്രതിപക്ഷം ഇന്ത്യയിൽ വേണം. അതാണ് നമുക്ക് ഇല്ലാത്തതും.

ബി.ജെ.പി. കുറെ നാളായി മതവർഗ്ഗീയത ഇളക്കി വിട്ടപ്പോൾ ഇന്ത്യയിലെ സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യമാണ് നഷ്ടപ്പെട്ടത്. അതിൻറ്റെ പ്രതിഫലനമാണ് ഇപ്പോൾ കാശ്മീരിൽ കണ്ടുകൊണ്ടിരിക്കുന്നതും. ബി. ജെ. പി. സമീപ കാലത്ത് മതവർഗ്ഗീയത ഇളക്കി വിടുന്നത് കൊണ്ടുള്ള ശരിക്കുള്ള കുഴപ്പം ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്കാൾ കാശ്മീരിലാണ് കാണുന്നത്. നേരത്തേ തീവ്രവാദികൾ കൊല്ലപ്പെടുമ്പോൾ പ്രതിഷേധത്തിന് പങ്കെടുക്കുന്ന സാധാരണ ജനത്തിൻറ്റെ എണ്ണം ആയിരങ്ങളായിരുന്നുവെങ്കിൽ ഇപ്പോൾ അത് പതിനായിരങ്ങളും, ലക്ഷവും കടന്നു. കാശ്മീരിൽ തീവ്രവാദികൾക്ക്‌ നല്ല ജനപിന്തുണ കിട്ടുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഒരുവശത്ത് സൗദിയിൽ നിന്നുള്ള ഫണ്ടിങ് ഉപയോഗിച്ച് സലഫികൾ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുമ്പോൾ മറുവശത്ത് ഇന്ത്യൻ സൈന്യത്തിന് ജനപിന്തുണ ആർജിക്കാൻ കഴിയാത്ത സാഹചര്യമാണ് കാശ്മീരിലുള്ളത്. ഇനി അഞ്ചു വർഷം കൂടി ബി. ജെ. പി. ഭരിച്ചാൽ സംഭവിക്കാവുന്ന സാമൂഹ്യ വിപത്ത് അല്ലെങ്കിൽ സാമൂഹ്യ സംഘർഷം ഓർക്കാൻ തന്നെ പേടിയാണ്. പക്ഷെ കോൺഗ്രസിന് ആഹ്ലാദിക്കാൻ വലിയ വകയൊന്നുമില്ല.

ഇനി വരാൻ പോകുന്ന കാലത്ത് കോൺഗ്രസ് നേരിടേണ്ടത് സംഘ പരിവാറുകാരുടെ സംഘടനാ ശക്തിയോടും, സോഷ്യൽ മീഡിയയിലുള്ള അവരുടെ മേധാവിത്ത്വത്തോടുമാണ് എന്ന് നിസംശയം പറയാം. സംഘ പരിവാറുകാരുടെ ചിട്ടയായ സംഘടനാ പ്രവർത്തനത്തോട് താരതമ്യപ്പെടുത്തുമ്പോൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഒന്നിക്കുകയും മറ്റു സമയങ്ങളിൽ തമ്മിൽ തല്ലും, പാരവെപ്പും കാഴ്ച വെക്കുന്ന കോൺഗ്രസ് പ്രവർത്തന ശൈലി ഒന്നുമല്ല.

കോൺഗ്രസിനെ സമൂലമായ അഴിച്ചു പണിക്ക് വിധേയമാക്കാത്തിടത്തോളം കാലം കോൺഗ്രസിന് ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും വളരെ ശ്രമകരമാണ്. കഴിഞ്ഞ നാലര വർഷം കോൺഗ്രസ് എന്ന പാർട്ടിയെ ഉടച്ചു വാർക്കാൻ രാഹുൽ ഗാന്ധിയോ, സോണിയാ ഗാന്ധിയോ ഒന്നും ചെയ്തില്ല. ഇപ്പോൾ നല്ല ഒരു 'ഫൈറ്റിൻറ്റെ' പ്രതീതി സൃഷ്ടിക്കുവാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞു. പക്ഷെ അത് മാത്രം പോരാ. ബി.ജെ.പി. കോൺഗ്രസിനേയും, രാഹുൽ ഗാന്ധിയേയും ആക്രമിക്കുമ്പോൾ പ്രത്യാക്രമണം തന്നെ വേണം. തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ സോഷ്യൽ മീഡിയയും, ഇലക്രോണിക് മീഡിയയും വഴിയും ശക്തമായ പ്രചാരണവും രാഷ്ട്രീയ എതിരാളികൾക്കെതിരെ ആക്രമണവും നടത്തേണ്ടതുണ്ട്. ഒപ്പം 'ഫീൽഡ് വർക്' ചെയ്യേണ്ടതുണ്ട്. പ്രശ്നങ്ങൾ അനവധി ഉള്ളപ്പോഴും ബി.ജെ.പി. ഒറ്റക്കെട്ടായി ആണ് മുന്നേറുന്നത്. സംഘടനാപരമായ അച്ചടക്കം പാലിക്കാത്തിടത്തോളം കാലം കോൺഗ്രസിന് ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും വളരെ ശ്രമകരമാണ്. കാരണം ഇത് സോഷ്യൽ മീഡിയയുടെയും, 24 മണിക്കൂർ ചാനലുകളുടെയും കാലമാണ്. കോൺഗ്രസുകാരുടെ തമ്മിൽ തല്ല് പരസ്യമായി കാണുന്ന ജനങ്ങളിൽ അവരോട് അവമതിപ്പ് ഉണ്ടാകുന്നത് സ്വോഭാവികം മാത്രം. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്വയം വിഴുപ്പലക്കി കോൺഗ്രെസ്സുകാർ ജനങ്ങളുടെ മുമ്പിൽ അപഹാസ്യരാകുകയാണ്. 24 മണിക്കൂറും ചാനലുകളും, ഓൺലെയിൻ പത്രങ്ങളും, ഫെയ്സ്ബുക്കും ഒക്കെ ഉള്ളപ്പോൾ ശ്കതമായ സംഘടനാ സംവിധാനം തീർത്തില്ലെങ്കിൽ പാർട്ടിയുടെ നില നിൽപ്പ് തന്നെ അപകടത്തിലാവുമെന്ന കാര്യം ഇനിയും കോൺഗ്രെസ്സുകാർ തിരിച്ചറിയുന്നില്ല.

കോൺഗ്രസ് ഗ്രൂപ്പിസം മൂലം നേതാക്കൾ തമ്മിൽ തല്ലിയപ്പോഴാണ് രാജസ്ഥാനിലും മധ്യപ്രദേശിലും കേവല ഭൂരിപക്ഷം ഉറപ്പിക്കാനാവാതെ വന്നത്. ഹിന്ദി ഹൃദയഭൂമിയിലെ ബി.ജെ.പി. തോൽവി സമ്പൂർണ്ണമാക്കാത്തതിൽ ഈ ഗ്രൂപ്പിസം വലിയ പങ്കു വഹിച്ചു. കടുത്ത ഭരണവിരുദ്ധ വികാരം മൂലം അനായാസമായി വിജയം കാണുമെന്നു കരുതിയ രാജസ്ഥാനിൽ കോൺഗ്രസിനു നന്നായി പൊരുതേണ്ടി വന്നു. അവിടെ സച്ചിൻ പൈലറ്റിൻറ്റേയും മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിൻറ്റേയും ഗ്രൂപ്പുകളാണ് ആധിപത്യത്തിനു മൽസരിച്ചത്. ഗ്രൂപ്പു സമവാക്യങ്ങളുടെ പേരിൽ പലർക്കും സീറ്റ് നിഷേധിച്ചു. ഇതെല്ലാം വിജയത്തിലെ തിളക്കും കുറച്ചു. നിരവധി റിബലുകളെ കോൺഗ്രസിന് നേരിട്ടേണ്ട സ്ഥിതി വന്നു. ജയിച്ച സ്വതന്ത്രരിൽ ഏറെയും കോൺഗ്രസ് റിബലുകളാണ്. ഇനി ഭൂരിപക്ഷം ഉറപ്പാക്കാൻ അവരുടെ കാലു പിടിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുകയാണ്. മധ്യപ്രദേശിൽ കമൽനാഥ്, ജ്യോതിർ രാജ സിന്ധ്യ - ഇവരുടെ ഗ്രൂപ്പുകളാണ് ആധിപത്യത്തിനു മൽസരിച്ചത്. ഇപ്പോൾ മുഖ്യ മന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിലും ഗ്രൂപ്പിസം കളി തുടരുകയാണ്. ചുരുക്കം പറഞ്ഞാൽ കോൺഗ്രസ് ഇനി രക്ഷപ്പെടണമെങ്കിൽ ഇത്തരം ഗ്രൂപ്പ് കളികൾക്ക് അന്ത്യമിട്ടേ തീരൂ.

2018 ഡിസംബർ 3, തിങ്കളാഴ്‌ച

പിണറായ് വിജയനും നവോത്ഥാനവും

കേരളത്തിൽ നിന്നുള്ള ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായ ബെർലിൻ കുഞ്ഞനന്തൻ നായർ തൻറ്റെ ആത്മകഥയായ 'പൊളിച്ചെഴുത്ത്' - ൽ വർണിക്കുന്ന ഒരു രംഗമുണ്ട്. 1950 ഡിസംബറിൽ കൽക്കട്ടയിൽ നിന്ന് ബോട്ടിൽ   കമ്യൂണിസ്റ്റു നേതാക്കളായ അജയ് ഘോഷ്, എസ്.എ. ഡാങ്കെ, സി. രാജേശ്വരറാവു, ബസവ പുന്നയ്യ, നിഖിൽ ചക്രവർത്തി - എന്നിവർ മോസ്‌കോയ്ക്ക് പുറപ്പെടുന്ന കാഴ്ച. പിന്നീട് അന്നത്തെ സോവിയറ്റ് യൂണിയൻറ്റെ മുങ്ങികപ്പലിൽ പുറം കടലിൽ വെച്ച് അവർ റഷ്യയിലേക്ക് യാത്രയായി. ബെർലിൻ കുഞ്ഞനന്തൻ നായർ ഇതെല്ലാം സ്വന്തം കണ്ണ് കൊണ്ട് കണ്ടതാണ്. ഇന്ത്യൻ നേതാക്കൾ നാല് മാസം മോസ്‌കോയിൽ തങ്ങി. 'ക്വിറ്റ് ഇൻഡ്യാ' പ്രസ്ഥാനത്തെ എതിർത്തത് കൊണ്ട് ജനങ്ങൾ ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമില്ലെന്ന് അവർ സ്റ്റാലിനോട് പറഞ്ഞു. അപ്പോൾ സ്റ്റാലിൻ അവരോട് "നിങ്ങളോട് ആരു പറഞ്ഞു ക്വിറ്റ് ഇൻഡ്യാ' പ്രസ്ഥാനത്തെ എതിർക്കാൻ"  എന്ന് തിരിച്ചു ചോദിച്ചു. ഏകാധിപതിയും, നിഷ്ടൂരനും ആയിരുന്നെങ്കിൽ കൂടി സ്റ്റാലിന് പ്രായോഗിക രാഷ്ട്രീയം അറിയാമായിരുന്നു. ഈ 'പ്രാഗ്‌മാറ്റിക്ക് പൊളിറ്റിക്ക്‌സ്' ആണ് എപ്പോഴും വരട്ടു വാദങ്ങളുമായി നടക്കുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനില്ലാത്തത്. ഇപ്പോൾ തികഞ്ഞ കോമഡിയായ നവോത്ഥാനം പറഞ്ഞു വരുമ്പോൾ പിണറായ് വിജയൻറ്റെ സർക്കാരിനും നഷ്ടപ്പെടുന്നത് ആ പ്രായോഗിക രാഷ്ട്രീയമാണ്.

ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാനത്തിലുമായി കേരളത്തിൽ രൂപം കൊണ്ട സാംസ്കാരികവും മതപരവുമായ ഒരു 'മൂവ്മെൻറ്റ്' ആയിരുന്നു കേരളത്തിലെ നവോത്ഥാന പ്രക്രിയ. ഇതിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ റോൾ തീർത്തും ശുഷ്കമായിരുന്നു. ഈ പ്രസ്ഥാനത്തിലെ നേതാക്കളായ ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, പൊയ്‌കായിൽ യോഹന്നാൻ, അയ്യങ്കാളി, വി.ടി.ഭട്ടതിരിപ്പാട്, വക്കം മുഹമ്മത് അബ്ദുൽ ഖാദർ മൗലവി, മന്നത്ത് പത്മനാഭൻ - ഇവരാരും കമ്യുണിസ്റ്റുകാരല്ലായിരുന്നു. അന്നത്തെ കോൺഗ്രസ്സ് പാർട്ടിയിലുണ്ടായിരുന്ന എ. കെ.ഗോപാലനെ പോലെ ചിലർ വൈക്കം സത്യാഗ്രഹത്തിലും, ഗുരുവായൂർ സത്യാഗ്രഹത്തിലും ഒക്കെ പങ്കെടുത്തിട്ടുണ്ട്. അതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആകെയുള്ള സംഭാവന. പിന്നീട് കമ്യൂണിസ്റ്റ് ബുദ്ധിജീവികൾ കേരളത്തിലെ നവോത്ഥാന പ്രക്രിയയുടെ മൊത്തം ക്രെഡിറ്റും അടിച്ചു മാറ്റാൻ നോക്കി!!! കമ്യുണിസ്റ്റ് പാർട്ടി പോലും അന്ന് രൂപപ്പെട്ടിരില്ലെന്നാണ് രസകരമായ വസ്തുത.

ഇന്ത്യൻ കമ്യൂണിസ്റ്റു നേതാക്കൾക്കൊക്കെ സോവിയറ്റ് യൂണിയനോടായിരുന്നു റഷ്യൻ വിപ്ലവം കഴിഞ്ഞു താൽപര്യം മുഴുവനും. ഇന്ത്യയിലെ ഒരു നല്ല കാര്യങ്ങളും അവർ അംഗീകരിച്ചിരുന്നില്ല. മഹാത്മാ ഗാന്ധിയുടെ മാർഗങ്ങളെ അവർ തീർത്തും അശാസ്ത്രീയമായി കണ്ടു. കാരണം അന്നൊക്കെ ശാസ്ത്രീയതയുടെ മൊത്തം കുത്തക കമ്യൂണിസ്റ്റുകാർക്കായിരുന്നല്ലോ!!!! നെഹ്‌റുവിനെ ആണെങ്കിൽ അവർ 'റണ്ണിങ് ഡോഗ് ഓഫ് ഇമ്പീരിയലിസം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്!!! 'കൽക്കട്ടാ തീസിസ്' - ലൂടെ നെഹ്‌റു സർക്കാരിനെതിരെ സായുധ സമരം അവർ സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയിലും, കോടതികളിലും കമ്യുണിസ്റ്റുകാർക്കു വിശ്വാസവും ഉണ്ടായിരുന്നില്ല. ഇ. എം. എസ്. നമ്പൂതിരിപ്പാട് ഭരണം ഏറ്റെടുത്തപ്പോൾ പറഞ്ഞത് തങ്ങൾക്കു വിശ്വാസമില്ലാത്ത ഒരു ഭരണഘടനയുടെ കീഴിൽ പ്രവർത്തിക്കേണ്ടി വരുന്നൂ എന്നുള്ളത് വളരെ ബുദ്ധിമുട്ടാണെന്നാണ്!!! സി.പി.ഐ., സി.പി.എം. - ഈ സംഘടനകൾക്കു ശേഷം യഥാർത്ഥ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് അവകാശപ്പെട്ട നക്സലയിറ്റുകൾക്കാവട്ടെ ചൈനയോടായിരുന്നു താൽപര്യം മുഴുവനും. ഇന്ത്യൻ കമ്യുണിസ്റ്റ് നേതാക്കൾ സ്റ്റാലിനെ കാണാൻ മോസ്‌ക്കോയ്ക്ക് പോയത് പോലെ അവർ മാവോയെ കാണാൻ ചൈനക്കും പോയിട്ടുണ്ട്. 1970  നവംബർ 14 -ന് അവർ തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷനിലുള്ള നെഹ്രുവിൻറ്റെ പ്രതിമ ബോംബ് വെച്ച് തകർത്തിട്ടും ഉണ്ട്. ഇന്നും ഇന്ത്യൻ ഭരണഘടനയെയോ, ബൂർഷ്വാ കോടതികളെയോ നക്സലയിറ്റുകൾ അംഗീകരിക്കുന്നുമില്ല.

ഭരണഘടനയിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റം ആണ് ഇന്ത്യയുടെ രാഷ്ട്ര ശിൽപികളും, ഡോക്റ്റർ അംബേദ്കറും  സ്വപ്നം കണ്ടത്. അവരാരും കമ്യുണിസ്റ്റുകാരെ പോലെ അക്രമവും, അരാജകത്ത്വവും പ്രോത്സാഹിപ്പിച്ചിട്ടില്ലാ.  സ്വന്തം പാർട്ടിക്കുള്ളിൽ പോലും ജനാധിപത്യമോ, സ്ത്രീ സമത്വമോ കൊണ്ടുവരാത്ത സി.പി.എം. - ന് എങ്ങനെയാണ് ഭരണഘടനയിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റം ഉയർത്തി പിടിക്കാൻ പറ്റുന്നത്??? സ്റ്റാലിനിസ്റ്റ് പാർട്ടി ക്രമത്തെ സോവിയറ്റ് യൂണിയനിലും, കിഴക്കൻ യൂറോപ്പിലുമെല്ലാം ജനങ്ങൾ തള്ളി പറഞ്ഞു. പല രാജ്യങ്ങളിലും മുൻ കമ്യുണിസ്റ്റ് പാർട്ടികൾ ഇപ്പോൾ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടികളായിട്ടാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിൻറ്റെ തലതൊട്ടപ്പനായ എം. എൻ. റോയ് പോലും കമ്യുണിസ്റ്റുകാരുടെ ഏകാധിപത്യ ശൈലിയിൽ മടുത്ത് 'റാഡിക്കൽ ഹ്യുമനിസം' ആണ് പിന്നീട് രൂപം കൊടുത്തത്. ചുരുക്കം പറഞ്ഞാൽ സ്വന്തം പാർട്ടിയിലേയും, നെത്ര്വത്തത്തിലേയും തികച്ച ഏകാധിപത്യ ശൈലി കാണാത്ത  സി.പി.എം.-മ്മും, പിണറായ് വിജയനും നവോത്ഥാനം പറഞ്ഞു വരുന്നത് ശുദ്ധ കോമഡിയാണ്; ഇതേ കുറിച്ചുള്ള മലയാള ചാനൽ ചർച്ചകൾ അതിനേക്കാൾ വലിയ കോമഡിയാണ്.