2018 ജൂലൈ 26, വ്യാഴാഴ്‌ച

മതങ്ങളിലെ സ്ത്രീ വിരുദ്ധത

സംസ്ഥാനത്ത് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സൂചനാ ഹർത്താൽ നടത്തുമെന്ന് വിവിധ ഹിന്ദു സംഘടനകൾ അറിയിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ വിഷയം പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അയ്യപ്പ ധർമ്മ സേന, വിശാല വിശ്വകർമ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാൻ സേന ഭാരത് - എന്നീ സംഘടനകളൊക്കെയാണ് ഇക്കാര്യത്തിൽ കേരളത്തിലെ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നതെന്നു പറയപ്പെടുന്നത്!!! കേരളത്തിലെ ഒരു ശരാശരി ഹിന്ദു ഇതിൽ ഏതൊക്കെ സംഘടനയെ കുറിച്ച് കേട്ടിട്ടുണ്ട് എന്ന് മാത്രം ചോദിക്കരുത്. സേനകളെല്ലാം കൂടി സ്ത്രീ പ്രവേശനാ വിഷയത്തിൽ ഹിന്ദുക്കളെ മാത്രമല്ലാ; കേരളത്തെ മുഴുവൻ ഹർത്താൽ നടത്തി നാറ്റിക്കുമെന്നാണ് തോന്നുന്നത്.

ആർത്തവമാണല്ലോ ശബരിമല പ്രവേശനത്തിന് സ്ത്രീകൾക്ക് മുന്നിലുള്ള കടമ്പ. അപ്പോൾ ശസ്ത്രക്രിയയിലൂടെ ഗര്‍ഭാശയം നീക്കം ചെയ്ത സ്ത്രീകള്‍ക്ക് പ്രവേശനം കൊടുക്കുമോ എന്നുള്ളത് കേരളത്തിലെ ദേവസ്വം ബോർഡ് ഒന്ന് വിശദീകരിക്കേണ്ട കാര്യമാണ്. ഗര്‍ഭാശയത്തിൽ മുഴകളും, മറ്റു കോമ്പ്ലിക്കേഷനുകളും വരുന്ന അനേകം സ്ത്രീകൾ ഇപ്പോൾ 'യൂട്രസ്' നീക്കം ചെയ്യാറുണ്ടല്ലോ. ഇനി ആർത്തവത്തെ കുറിച്ച് പറയുകയാണെങ്കിൽ ആദ്യാർത്തവം ഉത്സവമായി കൊണ്ടാടുന്ന രീതിയാണ് ഇന്ത്യയിൽ പല സ്ഥലത്തും. ചെങ്ങനൂർ ദേവിയുടെ തീണ്ടാരി തുണി പോലും ആരാധിക്കപ്പെടുന്ന നാടാണിത്. ആസാമിലെ കാമാഖ്യാ ദേവിയുടെ ആർത്തവവും അവിടെ ആഘോഷിക്കപ്പെടുന്നു.  അപ്പോൾ പിന്നെ ആർത്തവത്തിൻറ്റെ പേരിൽ കേരളത്തിലെ ദേവസ്വം ബോർഡ് സ്ത്രീകൾക്കെതിരേ രാജ്യത്തെ പരമോന്നത കോടതിയിയായ സുപ്രീം കോടതിയെ വരെ വെല്ലുവിളിക്കുന്നതിൻറ്റെ യുക്തി മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ശബരിമലയിൽ സ്ത്രീ പ്രവേശത്തിനെതിരേ ദേവസ്വം ബോർഡ് ഇത്രയധികം മസിലു പിടിക്കേണ്ട ഒരാവശ്യവുമില്ല. സ്ത്രീയെ സൃഷ്ടിച്ചത് ദൈവം ആണെങ്കിൽ അതേ ദൈവം കൊടുത്ത ശാരീരിക മാറ്റമാണ് സ്ത്രീകളുടെ ആർത്തവം. എല്ലാ മനുഷ്യരും, ലോകത്തിൻറ്റെ ഉത്ഭവം തൊട്ടുള്ള എല്ലാ മാനവരാശിയും ഇതിലൂടെയാണ് സൃഷ്ടിക്കപെട്ടത്. ദൈവത്തിൻറ്റെ അനുഗ്രഹമായി കാണേണ്ട ആ സംഭവം പല പാരമ്പര്യ സമൂഹങ്ങളിലും അശുദ്ധിയായി മാറി. എന്തൊക്കെ ന്യായീകരണം പറഞ്ഞാലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരുന്ന ആ അന്ധവിശ്വാസം തന്നെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് തടസ്സം.

ഇനി ഇന്ത്യൻ ഭരണഘടനയിലേക്കൊന്നു നോക്കുക:
Article 14 in The Constitution Of India:
Equality before law - The State shall not deny to any person equality before the law or the equal protection of the laws within the territory of India and prohibits discrimination on grounds of religion, race, caste, sex or place of birth

ഭരണഘടനയുടെ അനുച്ഛേദം - 14 പ്രകാരം ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും നിയമത്തിനു മുന്നിലെ സമത്വം ഉറപ്പു നൽകുന്നു. ഈ അനുച്ഛേദ പ്രകാരം സ്ത്രിക്കും പുരുഷനും മതമോ, ജാതിയോ, വർഗ്ഗമോ, വർണ്ണമോ, ലിംഗമോ, സ്ഥലമോ നോക്കാതെ തുല്യാവകാശം ഉറപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ചുരുക്കത്തിൽ ശബരിമലയിൽ പ്രവേശിക്കാൻ പുരുഷന്മാരെപ്പോലെ തന്നെ തുല്യ അവകാശം സ്ത്രീകൾക്കും ഭരണഘടന നൽകുന്നു. സംഭവം ഇങ്ങനെ ആകുമ്പോൾ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിധി പറഞ്ഞ സുപ്രീം കോടതിയെ കുറ്റം പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്???

ഇനി നമ്മുടെ പാരമ്പര്യ ആരാധനാ രീതികളിലേക്കൊന്നു നോക്കാം. കുളത്തൂപുഴയിലും, അച്ചൻകോവിലിലും, ആര്യങ്കാവിലും ധർമ്മശാസ്താവായി അയ്യപ്പനെ ആരാധിച്ചു വരുന്നൂ. അപ്പോൾ അയ്യപ്പനെ സ്ത്രീകൾ ദർശിച്ചാൽ  അയ്യപ്പൻറ്റെ പവിത്രത പോകും എന്നുള്ള വാദം ശുദ്ധ ഭോഷ്കായി മാറും. ശബരിമല ക്ഷേത്രത്തിൻറ്റെ പേര് 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്നാക്കി അതിനെ മറികടക്കാൻ നോക്കുകയാണ് കേരളത്തിലെ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന് ധാരാളം ധർമശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയിൽ മാത്രമാണെന്ന് കാണിക്കാനാണ് ഇത്.  ഇതിൽ നിന്ന് തന്നെ ദേവസം ബോർഡിൻറ്റെ ഉദ്ദേശം സുപ്രീംകോടതിയിലെ കേസെന്ന് വ്യക്തമാവുകയാണ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന വാദങ്ങളെ അട്ടിമറിക്കാനാണ്‌ ഇത്.

ശ്രീധർമ്മ ശാസ്താവിൻറ്റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥയാണെന്നാണ് സന്ദീപാനന്ദ ഗിരിയെ പോലുള്ളവർ പറയുന്നത്. അയ്യപന്‍ നൈഷ്ടിക ബ്രഹ്മചാരിയല്ലെന്നും അദ്ദേഹത്തിന് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നെന്നും അവരുടെ പേര് പൂർണ്ണയെന്നും, പുഷ്‍കലയെന്നുമൊക്കെ ആയിരുന്നെന്നും ആണ് ഇവരൊക്കെ പറയുന്നത്. ദേവസം ബോർഡ് പുതിയ വിശദീകരണത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കുന്നത് ധർമ്മ ശാസ്താവും അയ്യപ്പനും രണ്ടാണ് എന്നാണ്. ധർമ്മ ശാസ്താവിൻറ്റെ അവതാരമാണ് പന്തളത്ത് ജനിച്ച അയ്യപ്പൻ. ഈ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നും ആണെന്നാണ് ദേവസ്വം ബോർഡ് സ്ത്രീ പ്രവേശനത്തിന് വിരുദ്ധമായി നിലപാടെടുക്കുമ്പോൾ പറയുന്നത്.

സൗകര്യങ്ങളും സന്നാഹങ്ങളും ഉണ്ടായിരുന്ന കുടുംബത്തിലെ സ്ത്രീകൾ പണ്ടുകാലങ്ങളിൽ പ്രായഭേദമില്ലാതെ ശബരിമലയിൽ കയറിയിരുന്നു എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഈയിടെ പറഞ്ഞത്. 1939 നവംബർ കഴിഞ്ഞ് ഒരു വർഷത്തിനകം പന്തളം രാജാവിൻറ്റെ  നിർദ്ദേശപ്രകാരമാണ് തൻറ്റെ മാതാപിതാക്കൾ ശബരിമല ക്ഷേത്ര സന്നിധിയിൽ വച്ച് അമ്മയുടെ മടിയിലിരുത്തി തൻറ്റെ ചോറൂണ് നടത്തിയത് എന്നാണ് ടി.കെ.എ. നായരുടെതായി  ഈയിടെ വന്ന വെളിപ്പെടുത്തലും. 1940 മെയ് 13-ന് തിരുവിതാംകൂർ  മഹാരാജാവും മഹാറാണിയും ദിവാനും ശബരിമല സന്ദർശിച്ചിട്ടുണ്ട് എന്നും പലരും പറയുന്നു. ഇവർക്കൊന്നും ബാധകമല്ലാതിരുന്ന വിലക്ക് ഇപ്പോൾ എന്തിനാണ്???

പക്ഷെ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. പ്രബുദ്ധ കേരളത്തിലെ പലരും ആർത്തവത്തിൻറ്റെ പേരിലുള്ള വിലക്കിനെ മൗനമായെങ്കിലും അംഗീകരിക്കുന്നു. കേരളത്തിലെ വലിയൊരു ശതമാനം മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ലാ. ഇനി ചിലയിടങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടെങ്കിൽ തന്നെ പ്രത്യേക സ്ഥലങ്ങൾ ഒരുക്കിയിട്ടാണ് പ്രവേശനം എന്നാണ് അറിവ്. ക്രൈസ്തവരുടെ പള്ളികളുടെ അൾത്താരയിൽ സ്ത്രീകൾക്ക് സാധാരണ ഗതിയിൽ പ്രവേശനമില്ല. മിക്ക പള്ളികളിലും  മാതാവിൻറ്റെ രൂപം വച്ചിട്ടുണ്ടെങ്കിലും എന്തേ അൾത്താരയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്ന ന്യായമായ ചോദ്യം വരാം. ഫ്രാൻസിസ് മാർപ്പാപ്പ പെസഹാ ശിശ്രൂഷയുടെ ഭാഗമായി സ്ത്രീകളുടെ കാൽ കഴുകി ചുംബിക്കുന്ന രീതി നടപ്പാക്കിയിട്ടുണ്ടെങ്കിലും കേരളത്തിലെ പല സഭകളും ഇനിയും അത് ഉൾക്കൊള്ളുവാൻ തയാറായിട്ടില്ല. ചുരുക്കം പറഞ്ഞാൽ പ്രബുദ്ധ കേരളത്തിലെ ഏതാണ്ട് എല്ലാ മത മേധാവികളും കടുത്ത സ്ത്രീ വിരുദ്ധത തന്നെയാണ് പുറത്തെടുക്കുന്നത്.

2018 ജൂലൈ 16, തിങ്കളാഴ്‌ച

ഇന്ത്യൻ ജനസംഖ്യയും, വികസനവും

ഇന്ന് നമ്മുടെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ യുവാക്കൾ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യൻ ജനസംഖ്യയിലെ ഈ യുവത്ത്വത്തെയാണ് ഇംഗ്ളീഷിൽ 'ഡെമോഗ്രാഫിക് ഡിവിഡൻറ്റ്' എന്ന് പറയുന്നത്. ചൈനയിൽ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയിൽ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകൾ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വർഷം ഇന്ത്യയുടെ വളർച്ചയെ സംബന്ധിച്ച് നിർണായകമാണ്. പക്ഷെ യുവതീ-യുവാക്കളുടെ ഈ കർമശേഷിയെ രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ രാജ്യത്തെ നയിക്കാൻ ദീർഘ വീക്ഷണമുള്ളവർ ഉണ്ടാവണം. ഇന്ത്യക്ക് നിർഭാഗ്യവശാൽ അത്തരം നല്ല രാഷ്ട്ര ശിൽപികൾ ഇപ്പോൾ ഇല്ലാ.

കേരളത്തെ തന്നെ നോക്കൂ - പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ചിലത് ലോട്ടറിയും, മദ്യ വ്യവസായവുമാണ്. മദ്യ വ്യവസായത്തിൽ നിന്നാണ് നമ്മുടെ റെവന്യൂ എന്ന് സമ്മതിക്കാൻ ഇവിടുത്തെ ഭരണാധികാരികൾക്ക് ഒരു നാണവുമില്ല. നമ്മുടെ കാർഷിക, വ്യാവസായിക, സേവന മേഖലകളെ പുഷ്ടിപ്പെടുത്താൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി അധികമൊന്നും ചെയ്യുവാൻ സാധിക്കുന്നില്ല. ഫോർമാലിൻ തളിച്ച മീനുകളെ കുറിച്ച് നാം വായിക്കുന്നു. ഇത്രയേറെ കുളങ്ങളും, തോടുകളും, കായലുകളും ഒക്കെ ഉള്ള കേരളത്തിൽ ഉൾനാടൻ മൽസ്യ കൃഷി എന്തുകൊണ്ട് വികസിപ്പിച്ചില്ല എന്ന കാര്യത്തിൽ മാത്രം ഉത്തരമില്ല. അത് പോലെ തന്നെ ഇത്രയേറെ തോടുകളും, പുഴകളും, കായലുകളും, നീണ്ട കടൽത്തീരവും ഉള്ള കേരളത്തിൽ ജല ഗതാഗതം എന്തേ പരിപോഷിപ്പിച്ചില്ലാ എന്ന ചോദ്യത്തിനും ഉത്തരമില്ല. നാം നമ്മുടെ വിഭവ ശേഷി വർദ്ധിപ്പിക്കുന്നില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രവാസികളുടെ പണം ഒന്നു കൊണ്ട് മാത്രമാണ് കേരളം പിടിച്ചു നിൽക്കുന്നത്

ഇന്ത്യയിൽ ഇപ്പോൾ സാമ്പത്തിക വളർച്ചാ നിരക്ക് കൂടിയതു കൊണ്ട് മധ്യ വർഗത്തിന് പ്രയോജനം കിട്ടിയോ??? സാമ്പത്തിക വളർച്ചാ നിരക്ക് കൂടുന്നത് അനുസരിച്ച് ബാങ്കിങ് മേഖലയിൽ വായ്പ്പാ പലിശ നിരക്കുകൾ കുറയേണ്ടതാണ്. എന്നാൽ ഇൻഡ്യാ മാഹാരാജ്യത്ത് അതൊന്നും സംഭവിക്കുന്നില്ല. എൻറ്റെ ഹൌസിംഗ് ലോണിൽ ഓരോ മാസവും പിടിക്കുന്നത് പഴേ പോലെ തന്നെയാണ്. അതുകൊണ്ട് തന്നെ ഹൌസിംഗ് ലോണും, കാർ ലോണും ഒക്കെ എടുത്തിരിക്കുന്ന മധ്യ വർഗത്തിന് സാമ്പത്തിക വളർച്ചാ നിരക്കുകൾ കൂടിയിട്ട് വലിയ പ്രയോജനം ഒന്നും ഉള്ളതായി കാണുന്നില്ലാ.

ഇനി രാജ്യത്തെ മൊത്ത വരുമാനത്തിലേക്കും, ജനങ്ങളുടെ ജീവിത നിലവാരത്തിലേക്കും ഒന്ന് നോക്കാം. രാജ്യത്തെ മൊത്ത വരുമാനം അല്ലെങ്കിൽ ജി.ഡി.പി. അളക്കുന്നതിന് പ്രധാനമായും രണ്ടു തരം ജി.ഡി.പി. അളവുകോലാണ് നിലവിലുള്ളത്.
1) ജി.ഡി.പി. (നോമിനൽ)
2) ജി.ഡി.പി. (പി.പി.പി.-അഥവാ 'പർച്ചയ്സിംഗ് പവർ പാരിറ്റി')
നോമിനൽ ജി.ഡി.പി. അഥവാ മൊത്ത ആഭ്യന്തര ഉൽപ്പാദനം എന്ന് പറഞ്ഞാൽ നിലവിലെ മാർക്കറ്റ് വിലകളിൽ ഒരു രാജ്യത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടേയും, സേവനങ്ങളുടേയും ആകെ മൂല്യമാണ്. അതായത് ഒരു വർഷം ഒരു രാജ്യത്ത് ഉൽപ്പാദിപ്പിച്ചിരിക്കുന്ന സാധനങ്ങളുടെയും, സേവനങ്ങളുടെയും മൊത്തം വിപണി മൂല്യം അളക്കുന്ന ഒരു സാമ്പത്തിക സൂചികയാണ് നോമിനൽ ജി.ഡി.പി. അതിലാണ് ഇന്ത്യ ഇപ്പൊൾ ഫ്രാൻസിനെ മറി കടന്നു ആറാം സ്ഥാനത്തേക്ക് എത്തിയത്.

ക്രയ-വിക്രയ ശേഷി കണക്കാക്കിയുള്ള ജി.ഡി.പി.- യാണ് അടുത്തത്. ഇംഗ്ളീഷിൽ പറയുകയാണെങ്കിൽ  'പർച്ചയ്സിംഗ് പവർ പാരിറ്റി' അഥവാ പി.പി.പി. രാജ്യത്തിലെ ജനങ്ങളുടെ സാധനങ്ങൾ വാങ്ങാനുള്ള ശേഷി കണക്കാക്കിയുള്ള ജി.ഡി.പി.- യാണ് അത്. ജനങ്ങൾ സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നതിനനുസരിച്ച് ഈ പി.പി.പി. കൂടും. ശക്തമായ മധ്യ വർഗം ഉദയം കൊണ്ട ഇന്ത്യയിൽ പി.പി.പി. കൂടിയതിൽ അത്ഭുതമില്ല. അത്തരത്തിൽ ജിഡിപി. കൂടിയപ്പോൾ ഇന്ത്യയിൽ ക്രയ-വിക്രയ ശേഷി കൂടി എന്ന് നിസംശയം പറയാം. പി.പി.പി. കണക്കാക്കി 2011- ൽ മൂന്നാം സ്ഥാനമായിരുന്നു ഇന്ത്യക്ക്.

ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങൾ ജി.ഡി.പി. വച്ച് രാജ്യങ്ങളുടെ പൊതു ഉൽപ്പാദനം ആണ് അളക്കുന്നത്; അല്ലാതെ രാജ്യങ്ങളിലെ പൗരന്മാരുടെ ജീവിത നിലവാരം അല്ല. ഫ്രാൻസിനെ ജി.ഡി.പി.- യിൽ മറികടന്നു എന്ന് മേനി നടിക്കാൻ ചിലർ പറയുമ്പോൾ ആളോഹരി വരുമാനത്തിൽ ഫ്രാൻസ് 43,600 ഡോളറും ആയി നാൽപ്പത്തി ഒന്നാം സ്ഥാനത് നിൽക്കുമ്പോൾ ഇന്ത്യ വെറും 7200 ഡോളറും ആയി 157- ആം സ്ഥാനത്താണ് നിൽക്കുന്നതെന്നും കൂടി ഓർക്കണം. അതായത് ഫ്രാൻസിലെ ആളോഹരി വരുമാനം ഇന്ത്യയേക്കാൾ 6 ഇരട്ടിയിൽ കൂടുതൽ. ഇങ്ങനെ രണ്ട് രാജ്യത്തേയും പെർ ക്യാപ്പിറ്റാ ഇൻകം ഒന്ന് കംപയർ ചെയ്യുമ്പോഴാണ് ഈ താരതമ്യത്തിൻറ്റെ ഭോഷ്ക് മനസിലാകുന്നത്. പെർ ക്യാപ്പിറ്റാ ഇൻകം എന്ന് ഗൂഗിളിൽ അടിച്ചു നോക്കിയാൽ ആർക്കും ഇതു മനസിലാകും. സാമ്പത്തിക ശാസ്ത്രത്തിലെ 'ഗിനി കൊയെഫിഷ്യൻറ്റ്' ഉപയോഗിച്ചാണ് രാജ്യത്തെ പണം അതിലെ പൗരന്മാർക്ക് തുല്യമായി വീതിച്ചു പോകുന്നുണ്ടോ എന്ന് സാധാരണ ഗതിയിൽ അളക്കുന്നത്.  അതിനൊപ്പം 'ഹവ്സ്ഹോൾഡ് സർവേകളും' ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം അളക്കുന്നു. ഇന്ത്യയിലെ ശരാശരി ജനത്തിൻറ്റെ ജീവിത നിലവാരം അളക്കുമ്പോഴാണ് നാം വികസിത രാജ്യങ്ങളെക്കാൾ എത്ര പുറകിലാണെന്ന് തിരിച്ചറിയേണ്ടത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർ ഈ രാജ്യത്ത് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കണ്ടമാനം ഉണ്ട്. അവരെയൊന്നും സോഷ്യൽ മീഡിയയിലോ, ഫെയിസ് ബുക്കിലോ അത്ര സജീവമായൊന്നും കാണാറും ഇല്ലാ. അതുകൊണ്ട് ഇന്ത്യയിലെ ദരിദ്ര നാരായണന്മാരുടെ ശബ്ദം പൊതുവേദിയിൽ കേൾക്കപ്പെടുന്നില്ല. മധ്യ വർഗം ആണ് രാജ്യസ്നേഹം പറഞ്ഞു പലപ്പോഴും വീമ്പിളക്കുന്നത്.

ഇതിൻറ്റെയൊക്കെ അർഥം ഇന്ത്യ പുരോഗമിക്കുന്നില്ലാ എന്നല്ല. ഡോക്റ്റർ മൻമോഹൻ സിങ്ങിൻറ്റെ മുൻ ഗവൺമെൻറ്റ് നല്ല കുറേ ക്ഷേമ പദ്ധതികൾ കൊണ്ടു വന്നിട്ടുണ്ട്. ഡോക്റ്റർ മൻമോഹൻ സിങ്ങിൻറ്റെ തൊഴിലുറപ്പു പദ്ധതിയാണ് രാജ്യത്ത് ആദ്യമായി കുറെയൊക്കെ വിജയിച്ച സർക്കാരിൻറ്റെ ക്ഷേമ പദ്ധതി. ഭക്ഷ്യ സുരക്ഷാ നിയമം, വിവരാവകാശ നിയമം, വിദ്യാഭ്യാസാവകാശ നിയമം, പെൺകുട്ടികൾക്ക് വേണ്ടിയുള്ള ബേഠി പഠാവോ ബേഠി ബച്ചാവോ, സുകന്യ സമൃദ്ധി യോജന പദ്ധതികൾ, ആയുഷ്മാൻ ഭാരത് പദ്ധതി, സ്വച്ഛ് ഭാരത് പദ്ധതി ഒക്കെ വികസ്വര രാജ്യമായ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് കുറെയൊക്കെ പ്രയോജനം ചെയ്തിട്ടുണ്ട്. ആധാർ പദ്ധതിയെ ബി.ജെ.പി.-യിലേയും, സംഘ പരിവാറിലേയും പ്രവർത്തകർ CIA പദ്ധതിയാണെന്നു പറഞ്ഞു നഖ ശിഖാന്തം നേരത്തേ എതിർത്തുവെങ്കിലും അധികാരത്തിൽ വന്നപ്പോൾ ആധാർ പദ്ധതിയുടെ ഗുണം അവർക്കു മനസിലായി. അതുകൊണ്ട് പൂർവാധികം ശക്തിയോടെ ആധാർ ഇപ്പോൾ നടപ്പാക്കപ്പെടുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സാമൂഹ്യ ക്ഷേമ പദ്ധതികൾ പണ്ടേ നടപ്പാക്കിയിട്ടുണ്ട്. ഭീമമായ ജനസംഖ്യയും, ജാതി മത സാമുദായിക സംഘർഷങ്ങളും, അതിനെ ചൊല്ലിയുള്ള രാഷ്ട്രീയവും, അഴിമതിയും, മോശം ഭരണ സംവിധാനങ്ങളും, സ്ത്രീ വിരുദ്ധതയും എന്നും നമ്മുടെ വികസന പദ്ധതികൾക്ക് തടസമായി നിൽക്കുന്നു.

ക്ഷേമ പദ്ധതികൾ വഴി രാജ്യം വികസിത രാജ്യമാകാൻ ഏറ്റവും തടസമായി നിൽക്കുന്നത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഭീമമായ ജനസംഖ്യയാണ്. ഫ്രാൻസിൻറ്റെ ജനസംഖ്യ 2016-ലെ കണക്കനുസരിച്ച് കേവലം 6.69 കോടി മാത്രമാണ്. ഇന്ത്യയുടെ ജനസംഖ്യ നൂറ്റി ഇരുപത്തിയഞ്ചു കോടിയേക്കാൾ അധികവും. ലോകത്തിലെ ആറിൽ ഒരു മനുഷ്യൻ ജീവിക്കുന്നത് ഇന്ത്യയിലാണ്. ഈ ജനസംഖ്യ നമുക്ക് ഒരു ശാപവും; അതേസമയം അനുഗ്രഹവുമാണ്. വർധിച്ചു വരുന്ന ജനസംഖ്യയെ നിയന്ത്രിക്കാൻ മാർഗ്ഗമില്ലാത്തതാണ് ഇന്ത്യയുടെ ഏറ്റവും വലിയ വികസന പ്രശ്നമെന്ന് ജവഹർലാൽ നെഹ്റു പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്തായാലും ഏകാധിപത്യ രാജ്യങ്ങളെ പോലെ ജനങ്ങളെ ഇവിടെ കൊന്നൊടുക്കുവാൻ സാധിക്കില്ല. സൻജയ് ഗാന്ധി നടപ്പാക്കിയത് പോലെ നിർബന്ധിത വന്ധ്യംകരണവും നടപ്പാക്കാൻ ഒരു ജനാധിപത്യ രാജ്യത്ത് സാധിക്കില്ല. അപ്പോൾ പിന്നെ രാജ്യത്തെ ജനസംഖ്യയിലെ സിംഹഭാഗത്തെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലേക്ക് വഴിതിരിച്ചു വിടുകയേ നിർവാഹമുള്ളൂ.

ഇന്ത്യയിലെ ഇന്നത്തെ ലേബർ മാർക്കറ്റിൽ 'സ്കിൽസ്' നേടുന്നതാണ് പ്രധാനം. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഗ്രെയിറ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിൽ ഇതെഴുതുന്നയാൾ ഇൻഡസ്ട്രിയൽ സർവേ നടത്തിയപ്പോൾ അവിടെ 'സ്കിൽഡ് തൊഴിലാളിക്ക്' തുടക്കത്തിൽ തന്നെ 40,000 രൂപയായിരുന്നു ശമ്പളം. അഞ്ചു വർഷം മുമ്പത്തെ കാര്യമാണെന്നോർക്കണം. ഇന്ത്യയിലെ ഇൻഡസ്ട്രിയൽ ഏരിയകളിലെല്ലാം ഇത്തരത്തിൽ ശമ്പളം കൂടിയിട്ടുണ്ട്. ഗ്രെയിറ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിലെ HRD മാനേജർ എന്നോട് അന്ന് പറഞ്ഞത്  "10,000-15,000 കൊടുക്കാതെ ഇവിടെ ആരെയും ഒരു പണിക്കും കിട്ടില്ല" - എന്നാണ്. കമ്പനികൾക്ക് 'സ്കിൽഡ്' തൊഴിലാളികൾ കൊഴിഞ്ഞു പോകുന്നതിലാണ് ഉൽക്കണ്ഠ മുഴുവനും. L&T ഒക്കെ 'അപ്പ്രെൻറ്റിസ് ട്രെയിനിങ്' കഴിയുന്ന എല്ലാവരെയും ജോലിക്കെടുക്കും. അതുകൊണ്ട് ഇനിയുള്ള കാലം ശരിക്കും 'സ്കിൽഡ്' ആകാൻ നമ്മുടെ ചെറുപ്പക്കാരും ഉദ്യോഗാർത്ഥികളും ശ്രമിക്കട്ടെ. എന്നാൽ അവർക്കു നല്ല 'നെഗോഷിയേറ്റിങ് പവറും', നല്ല ജോലിയും, ശമ്പളവും ലഭിക്കും. ഇങ്ങനെ ഇന്ത്യയിലെ ജനസംഖ്യയിൽ ഉൾപ്പെട്ട യുവജനങ്ങളുടെ കർമശേഷിയെ തൊഴിൽ നിപുണരാക്കി രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ നമുക്ക് സാധിക്കുമോ??? കണ്ടറിയേണ്ട കാര്യമാണത്.

2018 ജൂലൈ 12, വ്യാഴാഴ്‌ച

സാംസങ്ങിൻറ്റെ ഫാക്റ്ററിയും, ഇന്ത്യയുടെ മാറേണ്ട വിദേശ ബന്ധങ്ങളും

ഇതെഴുതുന്നയാൾക്ക് ബി.ജെ.പി. നെത്ര്വത്ത്വത്തിലുള്ള കേന്ദ്ര സർക്കാരിൻറ്റെ വിദേശ നയങ്ങളോട് ഒട്ടുമേ നല്ല അഭിപ്രായമില്ല. 'സാർക്കിനെ' അവഗണിച്ചതും, ചുറ്റുമുള്ള അയൽ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയതും, വെറുതെ പാക്കിസ്ഥാൻ വിരോധം പ്രചരിപ്പിക്കുന്നതും ആരോഗ്യകരമായ വിദേശ നയമായി സുബോധമുള്ളവർക്ക് കാണാൻ കഴിയില്ല. പക്ഷെ ഇതെഴുതുമ്പോഴും കഴിഞ്ഞ ദിവസം വൻ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന നോയിഡയിലെ സാംസങ് ഫാക്റ്ററി നമ്മുടെ പ്രധാന മന്ത്രിയും, ദക്ഷിണ കൊറിയൻ പ്രധാന മന്ത്രിയും ചേർന്ന് തുറന്നത് വളരെ നല്ല ഒരു കാൽവെയ്പാണ് എന്ന് പറയാൻ ഒരു മടിയും ഇല്ലാ.

ലോകത്തെ മൊബൈൽ കമ്പനികളുടെ ഏറ്റവും വലിയ ഒരു മാർക്കറ്റ് ഇന്ത്യയാണ്. ഇന്ത്യൻ വിപണിയിൽ വിറ്റഴിയുന്നതു പോലെ സ്മാർട്ട് ഫോണുകൾ മറ്റെവിടെയും വിറ്റഴിയുന്നില്ല.   ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം 5G വരുന്നതോട് കൂടി ഇനിയും വിശാലമായ സാധ്യതകളാണ് ഇന്ത്യയിൽ മൊബൈൽ കമ്പനികൾക്ക് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ വിദേശ നിർമ്മിത ഫോണുകൾ ഇറക്കുമതി ചെയ്ത് വിൽക്കുന്ന രീതി മാറ്റി ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് തുടങ്ങി മൊബൈൽ ഫോണുകൾ വിപണിയിൽ എത്തിക്കുക എന്ന തന്ത്രത്തിലേക്ക് പല പ്രമുഖ കമ്പനികളും മാറിക്കഴിഞ്ഞു. ചൈനീസ് കമ്പനിയായ 'ഷവോമിയുടെ' ഫാക്റ്ററി ഇന്ത്യയിൽ ഇതിനോടകം തന്നെ ഉണ്ട്.  പ്രമുഖങ്ങളായ മറ്റു പല കമ്പനികളും ഇതിനോടകം ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് തുറന്നു കഴിഞ്ഞു. അതിൻറ്റെ ഭാഗമായാണ് സാംസങ് ഇത്ര വലിയ ഫാക്റ്ററി ഇന്ത്യയിൽ ആരഭിച്ചിരിക്കുന്നതും.

പക്ഷെ സംഘ പരിവാറുകാർ പ്രചരിപ്പിക്കുന്നത് പോലെ കേന്ദ്ര സർക്കാറിൻറ്റെ 'മെയ്‌ക്ക്‌ ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിച്ചതല്ല ഈ ഏറ്റവും വലിയ മൊബൈൽ ഫോൺ ഫാക്ടറി. ദക്ഷിണ കൊറിയ ചൈനീസ് മാർക്കറ്റ് ആശ്രയിക്കുന്നതിന് പകരം മറ്റു രാജ്യങ്ങളിലേക്ക് അവരുടെ വിപണി വിപുലീകരിക്കുകയാണ്. അതിൻറ്റെ ഭാഗമാണ് ഇന്ത്യയിൽ വലിയ ഫാക്റ്ററി തുറന്നിരിക്കുന്നതും. ഇതിനുള്ള തയാറെടുപ്പുകൾ വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചതുമായിരുന്നു. കേന്ദ്ര സർക്കാർ സാംസങ് കമ്പനിയുടെ ഈ വിപുലീകരണ പദ്ധതിക്ക് ഇടങ്കോലിട്ടില്ല എന്ന് മാത്രം.

1990-കളിൽ തുടങ്ങിയതാണ് ഡെൽഹിക്കടുത്തുള്ള ഗ്രെയിറ്റർ നോയിഡയിലെ ഈ സാംസങ് ഫാക്ടറി. ഇൻഡസ്ട്ട്രിയൽ സർവേയുടെ ഭാഗമായി ഇതെഴുതുന്നയാൾ ഈ സാംസങ് ഫാക്റ്ററി കുറെ വർഷങ്ങൾക്ക് മുമ്പ് സന്ദർശിച്ചിട്ടുമുണ്ട്.  ഇപ്പോൾ പ്രതിമാസം 50 ലക്ഷം ഫോൺ ഉൽപാദനം. 2020-ൽ എക്സ്പാൻഷൻ കഴിയുമ്പോൾ പ്രതിമാസം 1 കോടി സ്മാര്‍ട്ട്‌ ഫോണ്‍ ഉൽപാദനം ആകും. ഇത് കേവലം ഒരു മുന്‍നിര സ്മാര്‍ട്ട്‌ ഫോണ്‍ കമ്പനി തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നത് മാത്രം അല്ലാ. ടെക്‌നോളജിയിൽ മുമ്പന്തിയിൽ നിൽക്കുന്ന ദക്ഷിണ കൊറിയയുമായുള്ള ഇന്ത്യയുടെ അടുത്ത ബന്ധം കൂടിയാണിത്. 1960-കളിൽ തികഞ്ഞ കാർഷിക രാജ്യമായിരുന്ന ദക്ഷിണ കൊറിയയാണ് പിന്നീട് ലോക പ്രശസ്തമായ L .G., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ് - എന്നീ ബ്രാൻഡുകളെ സൃഷ്ടിച്ചത്. ഇത് ഇന്ത്യക്ക് ഒരു വലിയ പാഠമാണ്. ഏഷ്യൻ രാജ്യമായ ജപ്പാനും ടൊയോട്ട, മിറ്റ്സുബുഷി, സോണി - എന്നിങ്ങനെയുള്ള അനേകം അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചു. ഹൈ സ്പീഡ് ട്രെയിൻ അനേകം വർഷങ്ങളായി ജപ്പാനിൽ ഓടിക്കൊണ്ടിരിക്കുന്നു.

ഇത്തരത്തിൽ ടെക്നൊളജിയിലും, സംസ്കാരത്തിലും ഇന്ത്യയോടടുത്തു നിൽക്കുന്ന ഇത്തരം ഏഷ്യൻ രാജ്യങ്ങളുമായി സ്വന്തം താൽപര്യം മുൻനിർത്തി ഇന്ത്യ കൂടുതൽ അടുക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ ഇന്ത്യ വിദേശ ബന്ധങ്ങളിൽ സ്വന്തം താൽപര്യങ്ങൾക്കനുസൃതമായി ഒരു പൊളിച്ചെഴുത്ത് നടത്തുന്നത് നല്ലതാണ്. സ്ഥിരം സുഹൃത്തുക്കളായ അമേരിക്ക, റഷ്യാ, യൂറോപ്യൻ യൂണിയൻ - ഇവരോടോന്നും വലിയ വിധേയത്ത്വം കാണിക്കാതെ ഒരു ന്യൂട്രൽ സ്റ്റാൻഡിൽ നിന്നുകൊണ്ട് ടെക്നൊളജിക്കും, 'റിസോഴ്സസിനും' വേണ്ടി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതായിരിക്കും ബുദ്ധി എന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. ടെക്നൊളജിക്ക് വേണ്ടി ജപ്പാനേയും, ദക്ഷിണ കൊറിയയേയും സമീപിക്കുക; 'റിസോഴ്സസി നു' വേണ്ടി ബ്രസീൽ, അർജെൻറ്റിന, ദക്ഷിണാഫ്രിക്ക - ഈ രാജ്യങ്ങളെ സമീപിക്കുക. നമ്മുടെ വർദ്ധിച്ചു വരുന്ന ജനസംഖ്യയിൽ കൃഷിയിൽ താൽപര്യമുള്ളവരെ ആഫ്രിക്കൻ രാജ്യങ്ങൾ, റഷ്യ, ഉക്രെയിൻ - ഇങ്ങനെ ഫലഭൂയിഷ്ഠമായ കൃഷി സ്ഥലങ്ങളുള്ള രാജ്യങ്ങളിലേക്ക് അവരുടെ സമ്മതത്തോടെ അയക്കുകയാണെങ്കിൽ ആ രാജ്യങ്ങൾക്കും, ഇന്ത്യക്കും വിദൂര ഭാവിയിൽ പ്രയോജനമുണ്ടാകുകയും ചെയ്യും. ഇതൊക്കെ ദീർഘ വീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളുമാണ്.

2018 ജൂലൈ 10, ചൊവ്വാഴ്ച

ബ്ലെയിഡ് ബാങ്കുകളും, റിയൽ എസ്റ്റേറ്റുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്

ബ്ലെയിഡ് പലിശക്ക് ലോൺ എടുക്കുന്നവരൊക്കെ കുടുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം എറണാകുളം ഇടപ്പള്ളിക്കടുത്ത് കണ്ടത്. സുഹൃത്തിനെ സഹായിക്കാൻ വേണ്ടി ജാമ്യം നിന്നത് മൂലം രണ്ടു ലക്ഷം രൂപയ്ക്കു പകരം രണ്ടു കോടി കടം വീട്ടേണ്ട അവസ്ഥയാണ് വീട്ടമ്മക്ക് സംജാതമായത്!!! കുടിയൊഴിപ്പിക്കാൻ എത്തിയവർക്ക് മുമ്പിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി പ്രതിഷേധവുമായി വീട്ടമ്മയ്ക്കു നിൽക്കേണ്ടി വന്നതും ഈ കടുത്ത നീതി നിഷേധം കൊണ്ടു തന്നെ. പോലീസും, കോടതിയും ഒക്കെ ബ്ലെയിഡുകാർക്ക് കൂട്ട് നിൽക്കുന്നതാണ് അത്ഭുതം. എച്ച്.ഡി.എഫ്.സി. ബാങ്കിൻറ്റെ കൊള്ളപ്പലിശയ്ക്കും റിയൽ എസ്റ്റേറ്റ് സംഘവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനുമെതിരെ പൊതുജനങ്ങൾ ഒന്നിക്കേണ്ട സമയമാണിത്.

പുരയിടമൊന്നാകെ ബാങ്കുമായി അറ്റാച്ച് ചെയ്യാൻ ഇവർക്കാര് അധികാരം കൊടുത്തു??? സ്ഥലം വിൽക്കാനോ കരമടയ്ക്കാനോ പറ്റാത്ത രീതിയിൽ ജാമ്യം നിന്ന ആളെ പീഡിപ്പിക്കുവാൻ ബാങ്കിന് അധികാരം ഉണ്ടോ??? മനുഷ്യത്വം എന്ന ഒന്നില്ലാതെയല്ല ബാങ്കുകൾ 'റിക്കവറി പ്രോസസ്' നടപ്പാക്കേണ്ടത്. ജപ്തി അവസാന നടപടിയാണ്. ജപ്തിയും, ലേലം ചെയ്യലുമൊക്കെ വായ്‌പ്പാകാരനേയും, ഗ്യാരൻറ്റി നിൽക്കുന്ന ആളുകളേയും പല തവണ അറിയിച്ചതിനു ശേഷം മാത്രം ചെയ്യേണ്ട ഒന്നാണ്. ഈ ബാങ്കുകളൊക്കെ നീരവ് മോഡിമാരുടേയും, വിജയ് മല്ലയ്യമാരുടെയും മുമ്പിൽ ഓച്ഛാനിച്ചു നിൽക്കും. നീരവ് മോഡിമാരും, വിജയ് മല്ലയ്യമാരും രാജ്യം വിട്ടപ്പോള്‍ അവിടെ ഈ ബാങ്കുകളും, സര്‍ക്കാരും എന്തു ചെയ്തു? മല്ലയ്യ 15 സ്യൂട്കേസുകളുമായിട്ടാണ് രാജ്യം വിട്ടത്. നീരവ് മോഡിയാകട്ടെ; ഇന്ത്യ വിട്ടതിനു ശേഷം താമസിച്ചത് ന്യുയോർക്കിലെ അത്യാഢംബര ഫ്‌ളാറ്റിലും. അതിനൊക്കെ കൂട്ടു നിൽക്കുകയാണ് നമ്മുടെ സർക്കാരും, ബാങ്കുകളും ചെയ്തത്. സാധാരണക്കാരുടെ നെഞ്ചത്തു കേറുവാനല്ലേ ഇവർക്കൊക്കെ അറിയൂ???

നമ്മുടെ മിക്ക ബാങ്കുകളും അല്ലെങ്കിലും പൊതുജന നന്മക്കു വേണ്ടിയല്ല പ്രവർത്തിക്കുന്നത്. ലോൺ എടുത്തവരെ അറിയിക്കാതെ ലോണിൻറ്റെ 'ഇൻസ്റ്റോൾമെൻറ്റ്' തുക കൂട്ടുന്നതും, തിരിച്ചടവിൻറ്റെ സമയ കാലാവധി കൂട്ടുന്നതും സ്ഥിരം ഏർപ്പാടാണ്. ഇപ്പോൾ കേരളത്തിൻറ്റെ മുഖ്യമന്ത്രി തന്നെ ഈ വിഷയത്തിൽ ഇടപെട്ടതോടെ ജില്ലാ ഭരണകൂടം വീട്ടമ്മയുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും വലിയ പ്രതീക്ഷയൊന്നും വേണ്ടെന്നാണ് ഇതെഴുതുന്നയാൾക്ക് തോന്നുന്നത്. അതിനു കാരണം നമ്മുടെ ബ്ലെയിഡ് ബാങ്കുകളും, റിയൽ എസ്റ്റേറ്റുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തന്നെ.

കേരളത്തിലും, ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും റിയൽ എസ്റ്റേറ്റ് മേഖല ഒരു വലിയ മാഫിയാ സംഘം പോലെയാണ് പ്രവർത്തിക്കുന്നത്. പലരുടേയും പണം പോകുന്നതും, അനവധി തട്ടിപ്പുകൾക്കിരയാകുന്നതും, അക്രമവും, ഭീഷണിയും ഉണ്ടാകുന്നതൊക്കെ പലപ്പോഴും റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ്. നല്ല വില പിടിപ്പുള്ള വസ്തു വെച്ച് കുറഞ്ഞ തുകയ്ക്ക് വായ്പ്പയെടുക്കുന്നവരുടെ വസ്തു അവർ പോലുമറിയാതെ ലേലത്തിൽ പോകുന്ന കാഴ്ചയാണ് റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരും ബ്ലെയിഡുകാരും തമ്മിലുള്ള ബന്ധം കാരണം പലപ്പോഴും സംഭവിക്കുന്നത്. നോക്കി നിൽക്കുമ്പോൾ വായ്‌പ്പാകാരനോ, ഗ്യാരൻറ്റി നിന്നയാൾക്കോ  ചിന്തിക്കാൻ കഴിയാത്ത തുകയായി വായ്‌പ്പാ തുക മാറും. അത് തന്നെയാണ് പലിശയും, കൂട്ടു പലിശയുമായി എറണാകുളം ഇടപ്പള്ളിക്കടുത്തുള്ള വീട്ടമ്മക്ക് സംഭവിച്ചതും. നൂറുകണക്കിന് സാധാരണക്കാർ ഇത്തരത്തിൽ പ്രതിസന്ധിയിൽ പെട്ടിട്ടും ബാങ്കർമാരോ, കേന്ദ്ര-സംസ്ഥാന സർക്കാരുകളോ തിരിഞ്ഞു നോക്കുന്നത് പോലും ഇല്ലാ.

വായ്‌പ്പാകാരൻ പിന്നാലെ വരാതിരിക്കാൻ ബ്ലെയിഡുകാരൻ എടുക്കുന്ന ഒരു ആയുധമാണ് കുടിശിക തുകയേക്കാൾ വലിയ തുക വെച്ചുള്ള ലേലം. ബാക്കി തുക ഈടാക്കാൻ കടക്കാരനോ, ഗ്യാരൻറ്റി നിന്നയാളോ അറിയാതെ അയാളുടെയോ ബന്ധുക്കളുടെയോ വസ്തുക്കൾ 'അറ്റാച്ച്'  ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളും പെട്ടെന്ന് മുന്നോട്ടു പോകും. ഇത്തരത്തിൽ സാധാരണക്കാരെ പരമാവധി ഊറ്റുന്ന രീതിയാണ് റിയൽ എസ്റ്റേറ്റ് മേഖല ഇന്ന് ഈ രാജ്യത്ത് ചില ബാങ്കുകളുമായി സഹകരിച്ചു നടപ്പാക്കുന്നത്. ജതിൻ മേഹ്ത്താ, വിജയ് മല്യ, നീരവ് മോഡി, മെഹർ ചോംസ്കി, കോത്താരി തുടങ്ങിയ വമ്പന്മാർ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നു. ഇവരെ പോലുള്ള ധനികരും, ഫ്രോഡുകളും ബാങ്കുകളെ കൊള്ളയടിക്കുന്നു. ബാങ്കുകൾ പാവങ്ങളേയും, സാധാരണക്കാരേയും കൊള്ളയടിക്കുന്നു. റിസർവ് ബാങ്കും, കേന്ദ്ര, സംസ്ഥാന സർക്കാരുകളും സാധാരണക്കാർക്ക് വേണ്ടി ഒന്നും ചെയ്യുന്നുമില്ല. നമ്മുടേത് സത്യത്തിൽ ജനാധിപത്യമാണോ???