2018 ജനുവരി 31, ബുധനാഴ്‌ച

ഇൻഡ്യാ - പാക്കിസ്ഥാൻ വിഭജനം

എന്തായിരുന്നു  ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് പിന്നിലുള്ള യതാർത്ഥ കാരണങ്ങൾ?? ഇതൊരു മില്യൺ ഡോളർ ചോദ്യമാണ്. നൂറു കണക്കിന് പുസ്തകങ്ങൾ ഈ വിഷയത്തിൽ എഴുതപ്പെട്ടു; അനേകം പേർ ഈ വിഷയത്തിൽ ആരോപണങ്ങൾ കേട്ടു; രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തുന്നതിനും ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനം ഒരു കാരണമായി തീരുകയും ചെയ്തു. 10  ലക്ഷത്തിലേറേ പേരുടെ മരണത്തിനും, ഒരു കോടി 70 ലക്ഷത്തിലേറേ പേർ അഭയാർത്ഥികളുമായ ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനം മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നായിരുന്നു. ആ ദുരന്തത്തിൻറ്റെ ബാക്കി പത്രം ഇന്നും ഇരു രാജ്യങ്ങളും പേറുന്നു.

70 വർഷങ്ങൾക്കു മുമ്പ് ഒരു രാജ്യമായിരുന്നു ഇന്ത്യയും, പാക്കിസ്ഥാനും, ബംഗ്ളാദേശും. ആയിര കണക്കിന് വർഷങ്ങളുടെ സൗഹാർദത്തിൻറ്റെ കഥയുണ്ട് ഇന്നത്തെ ഇന്ത്യയുടെയും, പാക്കിസ്ഥാൻറ്റെയും, ബംഗ്ളാദേശിൻറ്റേയും  പ്രദേശങ്ങൾ തമ്മിൽ. ഇന്നത്തെ പാക്കിസ്ഥാനിലുള്ള മോഹൻജദാരോയും, ഹാരപ്പയും അടക്കമുള്ള സ്ഥലങ്ങളിലാണ് ഇന്ത്യക്ക് മുഴുവൻ അവകാശപ്പെടാവുന്ന നാഗരികത ഒരു കാലത്ത് പടർന്നു പന്തലിച്ചത്. അത് പോലെ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ നദിയായ ഗംഗ ഒഴുകിയെത്തുന്നത് ഇന്നത്തെ ബംഗ്ളാദേശിലെ പദ്മയിലാണ്. പദ്മയ്ക്ക് അപ്പുറവും, ഇപ്പുറവും വിഭജിക്കപ്പെട്ടവരുടെ വിഹ്വലതകളൊക്കെ റീഥ്വിക് ഘട്ടക്കിൻറ്റെ സിനിമകളിൽ ധാരാളമായി ഉണ്ട്.

സത്യത്തിൽ സാധാരണക്കാരായ ഹിന്ദുക്കളും, മുസ്ലീങ്ങളും വിഭജത്തിൻറ്റെ ഭാരം ഒരു പോലെ പേറിയവരാണ്; അവർ ഇരു കൂട്ടരും ഇക്കാര്യത്തിൽ തുല്യ ദുഖിതരുമായിരുന്നു. പാക്കിസ്ഥാന് വേണ്ടി അവകാശ വാദം ഉന്നയിച്ച ജിന്ന വെറും അധികാര മോഹിയായിരുന്നു. പാക്കിസ്ഥാൻ സ്ഥാപനത്തിന് വേണ്ടി ജിന്ന മതത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തി. ദരിദ്രരും, നിരക്ഷരരുമായിരുന്നു 1947 -ലെ ഇന്ത്യയിലെ മുസ്‌ലിം ജനത.  ദരിദ്രരും, നിരക്ഷരരുമായിരുന്ന 1947-ലെ മുസ്‌ലിം ജന വിഭാഗത്തെ പറഞ്ഞു പറ്റിക്കാൻ ജിന്നക്ക് വളരെ എളുപ്പത്തിൽ സാധിച്ചു. സത്യത്തിൽ ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രത്തിൽ ജിന്ന വീണുപോയതാണ്.

ബ്രട്ടീഷുകാർക്ക് ശീത യുദ്ധത്തിൻറ്റെ സമയത്ത്‌ മുൻ സോവിയറ്റ് യൂണിയനെ ചെറുക്കണമായിരുന്നു. ഇങ്ങനെ റഷ്യൻ സ്വാധീനത്തെ ചെറുക്കുവാൻ വേണ്ടി ചർച്ചിൽ ജിന്നയുമായി വളരെ നാൾ കത്തിടപാടുകൾ നടത്തിയതായി നാഷണൽ ജ്യോഗ്രഫിക് ചാനൽ പറയുന്നുണ്ട്. നാഷണൽ ജ്യോഗ്രഫിക് ഈയിടെ പ്രക്ഷേപണം ചെയ്ത പരിപാടിയിൽ ബ്രട്ടീഷ് ജനറൽമാർ കമ്യുണിസ്റ്റ് സ്വാധീനത്തെ ചെറുക്കുന്നതിനെ കുറിച്ച് തയാറാക്കിയ അതീവ രഹസ്യമായ രേഖകൾ കാണിക്കുന്നുമുണ്ട്. പിൽക്കാലത്ത് പാക്കിസ്ഥാൻ പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യക്കെതിരേ കൂട്ട് കൂടുകയുമുണ്ടായി. സൊവിയറ്റ് യൂണിയൻറ്റെ അഫ്ഗാൻ അധിനിവേശക്കാലത്ത് അമേരിക്ക സമർത്ഥമായി പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തുകയായിരുന്നല്ലോ. പാക്കിസ്ഥാനിലെ ഇന്നത്തെ അസ്ഥിരതക്കും, മുസ്‌ലിം തീവ്രവാദത്തിനും തുടക്കം അവിടെ നിന്നാണ്. സോഷ്യലിസ്റ്റ് പ്ലാനിങ്ങിനോടും, പഞ്ചവത്സര പദ്ധതികളോടും ആഭിമുഖ്യം കാണിച്ച നെഹ്‌റുവിനെ പോലുള്ള നേതാക്കളോട് പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല.

അധികാരത്തിനു വേണ്ടി മത കാർഡ് കളിച്ച വ്യകതിയാണ് ജിന്ന. ജിന്നക്ക് ഒന്നും ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിലൂടെ നഷ്ടമായില്ല; സാധാരണ മുസ്ലീങ്ങൾക്കാണ് എല്ലാം നഷ്ടമായത്. ലക്ഷ കണക്കിന് മുസ്ലീങ്ങൾക്ക് കിടപ്പാടവും, സ്വത്തും, ജീവനും നഷ്ടപ്പെട്ടു. അനേകം സ്ത്രീകൾ ബലാത്സംഗത്തിനിരയായി. ഡെൽഹിയിലേയും, കൽക്കട്ടയിലേയും, ബോംബെയിലേയും ചുവന്ന തെരുവുകൾ അഭയാർത്ഥികളും, ബലാത്സംഗം ചെയ്യപ്പെട്ടവരുമായ സ്ത്രീകളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. വിഭജനത്തിനു ശേഷം പ്രധാന മന്ത്രിയായ നെഹ്‌റു ഓൾ ഇൻഡ്യാ റേഡിയോയിലൂടെ പല തവണ ഇത്തരം സ്ത്രീകളെ കുടുംബങ്ങളിലേക്കു തിരിച്ചു വിളിച്ചു കൊണ്ട് സന്ദേശമയച്ചു. പക്ഷെ ഫലമുണ്ടായില്ല; പല കുടുംബങ്ങളും സ്ത്രീകളെ തിരികെ പ്രവേശിപ്പിക്കുവാൻ വിമുഖത കാണിച്ചു. ചുരുക്കത്തിൽ ഏതോരു മാനുഷിക ദുരന്തത്തിലുമെന്നത് പോലെ ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനം സ്ത്രീകളെയാണ് ഏറ്റവും ബാധിച്ചതെന്നു പറയാം.

മാനുഷിക ദുരന്തം ഒരു പോലെയാണ് ഹിന്ദുവിനേയും, മുസ്ലീമിനേയും, സിക്കുകാരേയും ബാധിച്ചത്. മുഹമ്മദാലി ജിന്ന പാക്കിസ്ഥാൻ രൂപീകരണത്തിന് ശേഷവും തൻറ്റെ ആഡംബര ജീവിതം തുടർന്നു. യാഥാസ്ഥിതികരായ മുസ്ലീങ്ങൾക്ക് 'ഹറാമായ' പന്നിയിറച്ചി കഴിക്കുന്നതിനോ, മുന്തിയ സ്കോച്ച് കുടിക്കുന്നതിനോ ജിന്നക്ക് ഒരു പ്രശ്നവും ഉണ്ടായില്ല. മുഹമ്മദാലി ജിന്നയുടെ മകളായ ദീന വാഡിയ കോടീശ്വരനായ നെവിൽ വാഡിയയെയാണ് വിവാഹം കഴിച്ചത്. ബോംബെ ഡെയിങ്ങിൻറ്റെ ഉടമസ്ഥനായ നുസ്ലി വാഡിയ മുഹമ്മദാലി ജിന്നയുടെ മകളായ ദീന വാഡിയയുടെ മകനാണ്. സ്വന്തം മകളെ മുസ്ലീമിനെ കൊണ്ട് പോലും വിവാഹം കഴിപ്പിക്കുവാൻ ജിന്നയ്ക്ക് ആയില്ല. പക്ഷെ നിരക്ഷരും, ദരിദ്രരും ആയ ലക്ഷ കണക്കിന് മുസ്ലീങ്ങളെ പാക്കിസ്ഥാൻറ്റെ പേരിൽ വഴി തെറ്റിപ്പിക്കുവാൻ മുഹമ്മദാലി ജിന്നക്ക് സാധിച്ചു!!! കാരണം അവർ നിരക്ഷരരും അജ്ഞരുമായിരുന്നല്ലോ.

എന്തായിരുന്നു ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിൻറ്റെ പിന്നിൽ പ്രവർത്തിച്ച പ്രധാന കാരണം?? അനേകം കാരണങ്ങൾ നിരത്താമെങ്കിലും ഏറ്റവും മുന്നിൽ നിൽക്കുന്നത് ദരിദ്രരും, നിരക്ഷരരുമായിരുന്ന 1947-ലെ ഇന്ത്യയിലെ മുസ്‌ലിം ജന വിഭാഗങ്ങളുടെ മത ബോധം തന്നെയായിരുന്നു. ആ മത ബോധം കുടില ബുദ്ധിയോടെ ചൂഷണം ചെയ്യാൻ അന്നത്തെ മുസ്‌ലിം ലീഗിനും, ജിന്നക്കും ആയി. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന പോളിസിയുടെ ഭാഗമായി 'ഡയറക്ട് ആക്ഷൻ' സമയത്ത്‌ കാണിച്ച അക്രമങ്ങൾക്കെതിരെ സൈന്യത്തെ ഇറക്കാൻ ബ്രട്ടീഷ് ഭരണകൂടം തയാറായില്ല. ഹിന്ദു-മുസ്‌ലിം വർഗീയ സംഘർഷം 'ഡയറക്ട് ആക്ഷനെ' തുടർന്നു മൂർദ്ധന്യത്തിലെത്തി. അവസാനത്തെ വൈസ് റോയിയായി ഇന്ത്യയിലെത്തിയ മൗൺഡ്ബാറ്റൻ പ്രഭുവിന് അധികമൊന്നും ചെയ്യാനില്ലായിരുന്നു എന്നതായിരുന്നു യാതാർഥ്യം. മൗൺഡ്ബാറ്റൻ പ്രഭു അവസാനവട്ട ചർച്ചകൾ ജിന്നയും, മഹാത്മാ ഗാന്ധിയും, പട്ടേലുമായും ഒക്കെ നടത്തിയെങ്കിലും അവയൊക്കെ പരാജയത്തിലേക്കാണ് എത്തിയത്.

എന്തായാലും ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനം ചരിത്രത്തിനും, മനുഷ്യനും വലിയ പാഠമാണ് നൽകുന്നത്. പാക്കിസ്ഥാൻ രൂപീകരണത്തെ അനുകൂലിച്ചു എന്ന ഒറ്റ കാരണത്താൽ ഇന്ത്യൻ മുസ്ലീങ്ങൾ പിന്നീട് എന്നും സംശയത്തിൻറ്റെ നിഴലിലായി. തന്ത്ര പ്രധാനമായ മേഖലകളിൽ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള ആളുകളെ നിയമിക്കുവാൻ ഇന്ത്യൻ ഭരണകൂടം ഇന്നും വിമുഖത കാട്ടുന്നു. 1947-നു ശേഷം രാഷ്ട്രപതിയും, ഉപ രാഷ്ട്രപതിയും, ചീഫ് ജസ്റ്റിസുമൊക്കെയായി അനേകം മുസ്ലീങ്ങൾ വന്നിട്ടുണ്ടെങ്കിലും വിഭജനത്തിൻറ്റെ ആ കരിനിഴൽ ഇന്നും മുസ്‌ലിം സമുദായത്തിൻറ്റെ മുകളിൽ നിന്ന് മാഞ്ഞിട്ടില്ല. സാധാരണ മുസ്ലീമിന് ദുരിതം മാത്രം സമ്മാനിച്ച ആ വിഭജനത്തിൻറ്റെ പേരിൽ ഇന്നും മുസ്‌ലിം സമുദായം പഴി കേൾക്കുകയാണ്!!!! വർഗീയത കൊണ്ട് നേട്ടമുണ്ടാക്കിയവരൊക്കെ സാധാരണക്കാരൻറ്റെ വയറ്റത്തടിക്കുകയാണ് ചെയ്തത്. ഇന്നും വർഗീയത പ്രസംഗിക്കുന്നവർ അത് തന്നെയാണ് ചെയ്യുന്നത്. നമ്മുടെ ടി.വി. ചാനലുകളിൽ വന്നിരുന്ന് വർഗീയം പറയുന്നവരാരും സാധാരണക്കാരല്ലാ. സാധാരണക്കാരുടെ അജ്ഞതയെയാണ് എന്നും വർഗീയ വാദികൾ മുതലാക്കുന്നത്.

2018 ജനുവരി 24, ബുധനാഴ്‌ച

സമൂഹങ്ങളിൽ ഉണ്ടാകേണ്ട 'വെൽത് ക്രിയേഷൻ'

സ്ഥിരം വ്യക്തിപരമായ ആക്രമണം നടത്തുകയും, രാഷ്ട്രീയ എതിരാളികളുടെ കുടുംബങ്ങളിലുള്ളവർക്കെതിരേ പോലും തീർത്തും മോശമായ പദ പ്രൊയോഗങ്ങൾ ഉപയോഗിക്കുകയും, അവരുടെയൊക്കെ സ്വൊഭാവഹത്യ നടത്തുകയും ചെയ്തിരുന്ന ഇടതു മുന്നണിക്കേറ്റ വൻ പ്രഹരമായി മാറിക്കഴിഞ്ഞു സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയുള്ള സാമ്പത്തിക തട്ടിപ്പെന്ന ആരോപണം. ഇടതുപക്ഷം എന്നാൽ ജനപക്ഷമെന്നും, പുരോഗമനപരമായ എല്ലാത്തരം ആശയങ്ങളേയും പിന്തുണക്കുന്നവരുമാണ് എന്നാണല്ലോ പൊതുവേയുള്ള ഒരു ധാരണ. പക്ഷെ "എല്ലാ പുരോഗമന legislation-ഉം പോളിസിയും ഇടത് പക്ഷ പാർട്ടികളുടെ കാരണം ആണ് വന്നത്" -  എന്ന് വാദിക്കുന്നത് എന്നത് 'റൈറ്റ് റ്റു  ഇൻഫോർമേഷൻ  കാംപൈയിനിൻറ്റെ’ കാര്യത്തിലും, തൊഴിലുറപ്പു പദ്ധതിയുടെ കാര്യത്തിലും തെറ്റാണ് എന്ന് തെളിവ് സഹിതം കഴിഞ്ഞ ദിവസം ജെ.എസ്. അടൂർ ചൂണ്ടി കാട്ടിയിരുന്നു. സത്യത്തിൽ എല്ലാ പുരോഗമന  നിയമ നടപടികളും, പോളിസികളും ഇടത് പക്ഷ പാർട്ടികൾ കാരണം ആണ് വന്നത് എന്ന് കമ്യുണിസ്റ്റുകാർ വാദിക്കുന്നത് തന്നെ വലിയ തമാശയാണ്. ദേശീയ തലത്തിലും, അന്താരാഷ്ട്ര തലത്തിലും പോലും കമ്യുണിസ്റ്റുകാർ കേരള വികസനത്തെ മുൻനിർത്തി 'കേരളാ മോഡൽ' എന്ന ആശയം പ്രചരിപ്പിച്ചു. കേരളത്തിൻറ്റെ ഹ്യുമൻ ഡെവലപ്മെൻറ്റിൻറ്റെ എല്ലാ ക്രെഡിറ്റും അവർ സ്വയം ഏറ്റെടുത്തു. പക്ഷെ യഥാർത്ഥത്തിൽ വസ്തുതകളെന്താണ്? ഹ്യുമൻ ഡെവലപ്മെൻറ്റിലെ പ്രധാന ഘടകങ്ങളായ വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും മിഷനറിമാരുടെ പങ്കു വലുതായിരുന്നു. അത് കൂടാതെയാണ് ഗൾഫ് പണത്തിൻറ്റെ സ്വാധീനം.

നമ്മൊളൊക്കെ 1970-കളിൽ കേരളത്തിൽ ജീവിച്ച വ്യക്തിയാണ്. അതുകൊണ്ട് വസ്തുതകൾ അറിയാം. ചാണകം മെഴുകിയ മുറ്റങ്ങളും, വീടുകളും 40-50 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു. ഗൾഫ് പണം വന്നതിനു ശേഷം ഓലപ്പുരയിൽ കഴിഞ്ഞവർ ഞങ്ങളുടെ നാട്ടിലൊക്കെ രണ്ടു നിലകളിലുള്ള വീടുകളിൽ താമസിക്കുന്നതൊക്കെ നേരിട്ട് കണ്ടിട്ടുണ്ട്. "ഒരു രൂപക്ക് വെളിച്ചെണ്ണ; ഒരു രൂപക്ക് മല്ലി; ഒരു രൂപക്ക് മുളക്" - എന്നൊക്കെ പറഞ്ഞു വൈകുന്നേരങ്ങളിൽ പലചരക്ക് കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുന്ന ഒത്തിരി പേരെ കണ്ടിട്ടുണ്ട്. അത്താഴ പട്ടിണിക്കാർ ഇഷ്ടം പോലെ എഴുപതുകളിലും, അറുപതുകളിലും അതിനു മുമ്പും കേരളത്തിൽ ഉണ്ടായിരുന്നു. കപ്പയും, ചേനയും, ചക്കയും, മാങ്ങയും ഒക്കെ ഇഷ്ടം പോലെ ഉണ്ടായിരുന്നത് കൊണ്ട് കേരളത്തിൽ പട്ടിണി മരണങ്ങൾ ഉണ്ടായില്ല എന്നേയുള്ളൂ. 1970-കളിൽ സിനിമാ തിയേറ്ററുകളൊക്കെ ഓല കൊട്ടകങ്ങളായിരുന്നു; ഓല മേഞ്ഞ വീടുകൾ കേരളത്തിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കിനു ശേഷമാണ് കേരളത്തിൻറ്റെ മുഖഛായ മാറുന്നത്. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കിനു ശേഷം ദിവസ കൂലി കൂടിയതും, കൺസ്ട്രക്ഷൻ സെക്റ്ററിൻറ്റെ വളർച്ചയും ആണ് കേരളത്തിൻറ്റെ മുഖഛായ മാറ്റുന്നത്. ഇതൊക്കെ സാമൂഹ്യ മാറ്റത്തിൻറ്റെ കാര്യത്തിൽ വലിയ അവകാശ വാദങ്ങൾ ഉന്നയിക്കുന്ന കമ്യുണിസ്റ്റുകാർ ആരോടെങ്കിലും പറയാറുണ്ടോ?

ഒരു സമൂഹം വികസനത്തിൻറ്റെ കാര്യത്തിൽ 'കുതിച്ചു ചാട്ടം' നടത്തണമെങ്കിൽ സമൂഹത്തിൽ 'വെൽത് ക്രിയേഷൻ' എന്നുള്ളത് നടക്കണം. കേരളത്തിൻറ്റെ എല്ലാ വികസനത്തിനും ഇടതു പക്ഷമാണ് കാരണമെങ്കിൽ പശ്ചിമ ബംഗാൾ എന്തു കൊണ്ട് വികസിച്ചില്ല?? ത്രിപുര എന്തുകൊണ്ട് വികസിച്ചില്ല?? അവിടെയൊക്കെ ഭരിച്ചത് കേരളത്തിലേത് പോലെ ഇടതു പക്ഷം തന്നെയല്ലായിരുന്നുവോ? പശ്ചിമ ബംഗാളിലും, ത്രിപുരയിലും കേരളത്തിൽ ഗൾഫ് പണം കാരണം ഉണ്ടായതുപോലെ 'വെൽത് ക്രിയേഷൻ' രൂപപ്പെട്ടില്ല. അതുകൊണ്ട് പശ്ചിമ ബംഗാൾ ഇന്നും തീർത്തും ദാരിദ്രാവസ്ഥയിൽ നിലനിൽക്കുന്നു. 30 വർഷത്തിലേറെ സി.പി.എം. ഭരിച്ച പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് തൊഴിലാളികൾ വരുന്നത് 'വെൽത് ക്രിയേഷൻറ്റെ' അഭാവം മൂലം സംഭവിക്കാതിരുന്ന വികസന മുരടിപ്പിനെ തുടർന്നാണ്. ഇതൊക്കെ സുബോധമുള്ളവർ മനസ്സിലാക്കേണ്ടതാണ്. കമ്യുണിസ്റ്റുകാരുടെ വ്യാജ പ്രചാരണങ്ങൾക്കും, അവകാശ വാദങ്ങൾക്കും എതിരേ ഒരു പുതിയ തലമുറ വളർന്നു വരേണ്ടിയിരിക്കുന്നു; സോഷ്യൽ മീഡിയയിലൂടെയെങ്കിലും ഇത്തരത്തിലുള്ള കപട അവകാശ വാദങ്ങളെ തുറന്നു കാണിക്കേണ്ടിയിരിക്കുന്നു.

2018 ജനുവരി 23, ചൊവ്വാഴ്ച

മഹാത്മാ ഗാന്ധിയുടെ ലാളിത്യം, മതബോധം

മഹാത്മാ ഗാന്ധിയുടെ ലാളിത്യത്തെ കുറിച്ചും, ശക്തമായ മത ബോധത്തെ കുറിച്ചും ഇപ്പോൾ കണ്ടമാനം വിമർശനങ്ങൾ ഉയരുന്നുണ്ട്. ഗാന്ധിയുടെ ലാളിത്യം പലപ്പോഴും 'സിംബോളിക്' ആയ ഒന്നായിരുന്നു. അത്തരം 'സിംബലിസം' തന്നെയായിരുന്നു ശക്തമായ മതബോധമുള്ള ഇന്ത്യയിൽ   പ്രാർഥനാ സമ്മേളനങ്ങളിലൂടെ കാര്യങ്ങൾ വിശദീകരിക്കാൻ ഗാന്ധിയെ പ്രേരിപ്പിച്ചത്. ഗാന്ധിയുടെ മതം ആത്മീയതയിലും, ധാർമികതയിലും അധിഷ്ടിതമായിരുന്നു. അത് ഒരിക്കലും ഇന്നുള്ളത് പോലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ഒന്നല്ലായിരുന്നു. ഈ ലാളിത്യവും, മതബോധവും വൻ വിജയമായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

1947-ൽ കൽക്കട്ടയിലേക്ക് അയച്ചപ്പോൾ 'വൺ മാൻ ആർമി' എന്നാണു മൗൺഡ്ബാറ്റൻ മഹാത്മാ ഗാന്ധിയെ വിശേഷിപ്പിച്ചത്. ഗാന്ധിയുടെ നിരാഹാര സത്യാഗ്രഹം മൂലം കൽക്കട്ടയിലും, ബംഗാളിലും ശാന്തത കൈവന്നത് ചരിത്ര സത്യം. അതുപോലെ തന്നെ പഞ്ചാബിലെ 50000 സൈനികർക്ക് സാധിക്കാതിരുന്നതാണ് ഗാന്ധി ഡൽഹിയിലെ തൻറ്റെ അവസാനത്തെ നിരാഹാര സത്യാഗ്രഹം മൂലവും, രക്തസാക്ഷിത്ത്വത്തിലൂടെയും സാധിച്ചെടുത്തത്. ഉപ്പു സത്യാഗ്രഹം പോലുള്ള സമരങ്ങൾ വളരെ ലളിതമായിരിക്കുമ്പോൾ തന്നെ അത് ബ്രട്ടീഷ് സാമ്രാജ്യത്തിൻറ്റെ അടിത്തറ ഇളക്കാൻ പര്യാപ്തമായിരുന്നു എന്ന ചരിത്ര വസ്തുത ആർക്കും നിഷേധിക്കുവാൻ സാധിക്കില്ല. ഇന്ത്യൻ സാമൂഹിക യാതാർഥ്യം മനസിലാക്കാതിരിക്കുന്ന കമ്യുണിസ്റ്റുകാർക്കും, ഹിന്ദു വാദികൾക്കും പലപ്പോഴും മഹാത്മാ ഗാന്ധിയെ ഉൾക്കൊള്ളാനാവില്ല. ഇപ്പോൾ ദളിത് ബുദ്ധിജീവികളും ആ കൂട്ടത്തിൽ കൂടുകയാണ്‌.

തീവ്ര മത ബോധമുള്ള ഒരു സമൂഹത്തിൽ താഴെക്കിടയിലുള്ള സമൂഹത്തെ ഉയർത്താൻ വേണ്ടിയാണ് അവരെ ഈശ്വരൻറ്റെ അല്ലെങ്കിൽ ഹരിയുടെ പേരിൽ 'ഹരിജനങ്ങൾ' എന്ന് വിളിക്കാൻ ഗാന്ധി നിഷ്കർഷിച്ചത്. ഇത് പലപ്പോഴും ദളിത് ബുദ്ധിജീവികൾ മനസിലാക്കുന്നില്ല. അവരുടെ ദാരിദ്ര്യത്തെ മഹാത്മാ ഗാന്ധി ഒരിക്കലും പുച്ഛിച്ചില്ല. അവരെ 'ദരിദ്ര നാരായണന്മാർ' എന്ന് അഭിസംബോധന ചെയ്തതും തീവ്ര മതബോധമുള്ള ഇന്ത്യയിൽ ദാരിദ്ര്യത്തിൻറ്റെ പ്രശ്നം മറ്റുള്ളവരെ അംഗീകരിപ്പിക്കാൻ കൂടിയായിരുന്നു. “As far as poverty elimination was concerned, Gandhi was the most sincere Man” - എന്ന് ദളിത് ചിന്തകനും, 2006-2011 കാലയളവിൽ യു.ജി.സി. വൈസ് ചെയർമാനുമായ പ്രൊഫെസ്സർ സുഖ്ദേവ് തോരാട്ട് പറയുന്നത് ഇതെഴുതുന്ന ആൾ നേരിട്ട് കേട്ടിട്ടുണ്ട്. എന്തായാലും ഇന്നത്തെ കലികാലത്തിൽ ചിലരെങ്കിലും ഗാന്ധിയുടെ മഹത്ത്വം തിരിച്ചറിയുന്നു എന്നുള്ളത് സ്വാഗതാർഹമാണ്. മുൻ നക്സലയിറ്റ് നേതാവായ കെ. വേണു ഇപ്പോൾ ഗാന്ധിയുടെ മഹത്ത്വം അംഗീകരിക്കുന്നു. ഇന്ത്യൻ സാമൂഹിക യാതാർഥ്യo മനസ്സിലാക്കുന്നതിൽ ഗാന്ധി കമ്മ്യുണിസ്റ്റുകാരെക്കാൾ വളരെ, വളരെ മുന്നിലായിരിന്നു എന്ന കാര്യം 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകത്തിൽ കെ. വേണു തുറന്നു സമ്മതിക്കുന്നു.

2018 ജനുവരി 22, തിങ്കളാഴ്‌ച

ഇൻഡ്യാ - ഇസ്രായേൽ ബന്ധം

ഇസ്രായേലിനെ പടിക്ക് പുറത്ത് നിർത്താതെ ഇന്ത്യ ഇപ്പോൾ ഇസ്രായേലുമായി കൂട്ട് കൂട്ടുകയാണ്. പല രീതിയിലും അത് നല്ലതാണെന്നു തന്നെയാണ് ഇതെഴുതുന്നയാളുടെ അഭിപ്രായം. പ്രധാന കാരണം പ്രതിരോധ മേഖലയിൽ നിന്നുള്ള വെല്ലുവിളികൾ തന്നെയാണ്.  ഇസ്രായേൽ എന്ന ഒരു രാജ്യം ഒരു രീതിയിലും അനുവദിക്കില്ല എന്ന് പറഞ്ഞാണ് അയൽ രാജ്യങ്ങളായ ഈജിപ്റ്റ്, സൗദി അറേബ്യാ, ഇറാൻ, ഇറാഖ് - ഇങ്ങനെ പല രാജ്യങ്ങളും ഇസ്രായേലിൻറ്റെ രൂപീകരണം തൊട്ട് നിലപാടെടുത്തിരുന്നത്. അവരിൽ പലരും ഇപ്പോൾ ഇസ്രയേലുമായി സൗഹൃദത്തിലായി കഴിഞ്ഞു. അറബികൾക്ക് ഇല്ലാത്ത ശത്രുത ഇന്ത്യക്ക് ഇസ്രയേലിനോട് എന്തിനാണ്? ഇന്ത്യയിൽ; പ്രത്യേകിച്ച് കേരളത്തിൽ ചില തീവ്രവാദ ആശയങ്ങളുള്ളവർ ഇസ്രായേൽ വിരോധം പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവർ പണ്ട് ശശി തരൂരിനെതിരെ പ്രചാരണം നടത്തിയതാണ്. എന്നിട്ട് എന്ത് സംഭവിച്ചു? ശശി തരൂർ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു.

നമ്മുടെ ഇടതു പക്ഷക്കാരുടെ അനേകം പിന്തിരിപ്പൻ നയങ്ങളിൽ ഒന്നാണ് ഇസ്രയേലിനെതിരേ ഉള്ള നിലപാട്. സത്യത്തിൽ ഇടതു പക്ഷവും, തീവ്ര മത ബോധമുള്ളവരും കാര്യങ്ങൾ നേരായ രീതിയിൽ മനസിലാക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യ എപ്പോഴും പാലസ്‌തീന്‌ അനുകൂലമായി നിലപാടെടുത്തിരുന്നിരുന്ന ഒരു രാജ്യമായിരുന്നു. പക്ഷെ സമീപ കാലത്ത് 'ഹമാസിനെ' പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ പാലസ്‌തീന്‌ വേണ്ടി രംഗത്തു വരുന്ന കാഴ്ചകൾ കാണാതിരുന്നുകൂടാ. അവർക്ക്‌ ഇന്ത്യയോട് പ്രത്യേകിച്ച് ഒരു മമതയും ഇല്ലാ. കാശ്മീർ പ്രശ്നത്തിൽ 'ഹമാസ്' ഇന്ത്യക്ക് എതിരും ആണ്. കാശ്മീരിൽ പട്ടാളവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട ഫോറിൻ ജിഹാദികളിൽ പാലസ്തീൻകാരും ഉണ്ടായിരുന്നത് ചിലപ്പോൾ ഇതു കൊണ്ടായിരിക്കും. മുംബൈ ആക്രമണത്തിൻറ്റെ സൂത്രധാരനായിരുന്ന ഹാഫിസ് സയിദുമായി അടുത്തിടെ പാകിസ്ഥാനിലെ പാലസ്തീൻ സ്ഥാനപതി വേദി പങ്കിട്ടു. ഇന്ത്യ ഇതിൽ പ്രതിഷേധിച്ചു. അംബാസിഡറെ പാലസ്തീൻ സർക്കാർ ആദ്യം തിരിച്ചു വിളിച്ചുവെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് അയാൾ പഴയ സ്ഥാനത്ത് വീണ്ടും തിരിച്ചെത്തി. പാലസ്തീനിൻറ്റ ഈ നിലപാട് മാറ്റവും, തീവ്രവാദികൾക്ക് കിട്ടുന്ന സ്വീകാര്യതയും ഇന്ത്യ കാണാതിരുന്നുകൂടാ.

ഓരോ രാഷ്ട്രവും അന്താരാഷ്ട്ര ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത് അവരുടെ താൽപര്യങ്ങളിൽ ഊന്നിയാണ്. തീവ്രവാദം ഇന്ന് ലോകത്തെ പിടിമുറുക്കുമ്പോൾ തീവ്രവാദത്തിനെതിരേ ശക്തമായി പൊരുതിയ ഇസ്രായേൽ നമ്മുടെ കൂടെ ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. അവരുടെ അനുഭവ പരിചയം ഭീകരാക്രമണത്തെ ചെറുക്കുന്നതിന് ഇന്ത്യക്ക് വലിയ മുതൽകൂട്ടാകും. പ്രതിരോധ, ശാസ്ത്ര-സാങ്കേതിക മേഖലകളിൽ കുഞ്ഞു രാജ്യമായ ഇസ്രായേൽ വൻ ശക്തിയുമാണ്. കാർഷിക മേഖലയുടെ നവീകരണത്തിനും, ആധുനികവൽക്കരണത്തിനും ഇന്ത്യക്ക് വലിയ തോതിൽ ഇസ്രായേലിൻറ്റെ സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്. കാരണം ഡ്രിപ് Irrigation നല്ല രീതിയിൽ നടപ്പാക്കി മരുഭൂമികൾ പോലും വിള ഭൂമിയാക്കി ആക്കി മാറ്റിയ രാജ്യമാണ് ഇസ്രയേൽ.

യഹൂദരും, ഇന്ത്യയും തമ്മിൽ ചരിത്രപരമായി വലിയ ബന്ധമുണ്ട്. സോളമൻറ്റെ കാലത്തു തന്നെ മലബാറിൽ നിന്ന് സുഗന്ധ വ്യജ്ഞനങ്ങളും, കുരുമുളകും പോയതായി ചരിത്ര രേഖകളിൽ ഉണ്ടല്ലോ. അത് കൂടാതെയാണ് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ ചിതറി പോയ യഹൂദരെ സ്വീകരിച്ച ചരിത്രം. ഇതെഴുതുന്നയാൾ മോഡി ഭക്തനോ, ബി.ജെ.പി.-യെ പിന്താങ്ങുന്ന ആളോ അല്ലെങ്കിൽ കൂടി ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ എല്ലാ പ്രോട്ടോക്കോൾ കീഴ്വഴക്കങ്ങളും മറികടന്ന് വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഈ പോസ്റ്റിലൂടെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. അതേ സമയം തന്നെ പാലസ്തീൻ അഭയാർത്ഥി പ്രശ്നം കാണാതിരിക്കുന്നും ഇല്ലാ. പക്ഷെ പാലസ്തീൻ അഭയാർത്ഥി പ്രശ്നത്തിൽ ഇടപെടുന്ന 'ഹമാസിനെ' പോലുള്ള തീവ്രവാദികൾ പ്രശ്നം രൂക്ഷമാകാൻ മാത്രമേ സഹായിക്കൂ. ലോകത്തെവിടെയായാലും വംശീയ പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. തീവ്രവാദികൾ ഒരിടത്തും പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല. അവരുടെ ഇടപെടൽ മൂലം പ്രശ്നങ്ങൾ എന്നും വഷളായിട്ടേ ഉള്ളൂ. റോഹിൻഗ്യൻ അഭയാർഥികളുടെ കാര്യത്തിൽ ഇത് നാം കണ്ടതല്ലേ??

2018 ജനുവരി 19, വെള്ളിയാഴ്‌ച

മലയാളം സിനിമകളിലെ ഇമേജുകൾ

കേരളത്തിൽ ഇത്രേം സ്ത്രീകൾ ഉണ്ടായിട്ട്, അതും കാശും സമയവും ഉള്ള സ്ത്രീകൾ ഉണ്ടായിട്ട്, ഒരു ആൾട്ടർനേറ്റ് സിനിമ എടുക്കാൻ പറ്റിയില്ല  എന്ന് ഫ്രാൻസിസ് നസറത് ചോദിക്കുന്നു. സ്ത്രീയുടെ കണ്ണിൽ നിന്നു - കണ്ണിലൂടെ പ്രണയവും കാമവും രതിയും ഹിംസയും ഉന്മാദവും ക്രൂരതയും അലസതയും ഒക്കെ പറയുന്ന സിനിമകൾ ഒന്നും വന്നില്ല എന്ന് കൂടി അദ്ദേഹം പറയുന്നു.

സത്യത്തിൽ മലയാള സിനിമകൾ എല്ലാം അല്ലെങ്കിൽ മിക്കതും നായകന് അമിത പ്രാധാന്യം കൊടുക്കുന്ന സിനിമകളാണ്. സർവ ജ്ഞാനിയും, സർവ വ്യാപിയും, 10-20 ഗുണ്ടകളെ അടിച്ചൊതുക്കിയതിനു ശേഷം വളരെ കൂളായി പച്ച മുട്ടയും, സോഡയും കഴിച്ചിട്ട് പോകുന്ന അമാനുഷികരാണ് മലയാള നായകന്മാർ. ചരിത്രം പറയുന്ന എത്രയോ സിനിമകൾ നമുക്കുണ്ട്. പക്ഷെ യഥാർത്ഥ ചരിത്രം ഈ സിനിമകളിൽ പ്രദിപാദിക്കുന്നുണ്ടോ? നാലു കെട്ടുകളും, എട്ടു കെട്ടുകളും, കൊട്ടാരങ്ങളും ആണ് സ്ഥിരം ചരിത്രത്തിൻറ്റെ ഭാഗമായി കാണിക്കുന്നത്. ചാണകം മെഴുകിയ മുറ്റങ്ങളും, വീടുകളും 40-50 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു. സിനിമാ തിയേറ്ററുകളൊക്കെ ഓല കൊട്ടകങ്ങളായിരുന്നു. അത്താഴ പട്ടിണിക്കാർ ഇഷ്ടം പോലെ എഴുപതുകളിലും, അറുപതുകളിലും അതിനു മുമ്പും കേരളത്തിൽ ഉണ്ടായിരുന്നു. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കിനു ശേഷമാണ് കേരളത്തിൻറ്റെ മുഖഛായ മാറുന്നത്. ഇതൊക്കെ ഏതെങ്കിലും സിനിമകൾ കാണിക്കുന്നുണ്ടോ?

മോഹൻലാൽ സിനിമകളും, എം.ടി. സിനിമകളും കണ്ടിട്ടുള്ള പലരുടെയും വിചാരം കേരളത്തിൻറ്റെ ചരിത്രം നാലുകെട്ടുകളുടേയും, കോവിലകങ്ങളുടേയും, കൊട്ടാരങ്ങളുടെയും കഥയാണെന്നാണ്. പക്ഷെ പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാന ദശകങ്ങളിൽ പോലും കേരളത്തിൽ ജീവിച്ചിരുന്ന മഹാ ഭൂരിപക്ഷം പേരും ഓടു മേഞ്ഞ വീടുകളിൽ താമസിചിരിന്നില്ല എന്നതാണ് യാഥാർത്ഥ്യം. വളരെ ചുരുക്കം പ്രഭു കുടുംബങ്ങളെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും ഓല മേഞ്ഞ വീടുകളിൽ ആയിരിന്നു താമസം. ദളിതരും, ആദിവാസികളും, പാവപ്പെട്ടവരും കുടിലുകളിലും, പുല്ലു മേഞ്ഞ ചെറ്റ പുരകളിലും ആയിരിന്നു താമസം എന്നാണു സെൻസസ് റിപ്പോട്ടുകൾ വ്യക്തമായി പറയുന്നത്. ഇതൊക്കെ സിനിമകളുടെ മായാജാലങ്ങളിൽ പെട്ടുപോയിട്ടുള്ള എത്ര പേർക്ക് അറിയാം?

ഇനി ചില സമുദായങ്ങളിലുള്ളവരെ അവതരിപ്പിക്കുന്നത് നോക്കൂ: നമ്പൂതിരിമാരെ ജന്മികളായും, മുസ്ലീങ്ങളെ സ്ഥിരം കോഴി ബിരിയാണി കഴിക്കുന്നവരായുമാണ് ചിത്രീകരിക്കുന്നത്. പക്ഷെ വാസ്തവമെന്താണ്? പി. കെ ബാലകൃഷ്ണൻറ്റെ 'ജാതി വ്യവസ്ഥിതിയും കേരളം ചരിത്രവും' എന്ന പുസ്തകം പറയുന്നത് നാലിലൊന്നു നമ്പൂതിരിമാരോ, അതിൽ താഴെയോ മാത്രമേ കേരളത്തിൽ ജന്മിമാർ ആയിരിന്നിട്ടുള്ളൂ എന്നാണ്. എന്ന് വെച്ചാൽ മഹാ ഭൂരിപക്ഷം നമ്പൂതിരിമാരും ദരിദ്ര നാരായണന്മാർ ആയിരുന്നെന്നു സാരം. കുടുംബ ക്ഷേത്രങ്ങളിൽ നിന്നുള്ള ഭക്ഷണം കൊണ്ട് ജീവിച്ച നമ്പൂതിരിമാരായിരുന്നു ഭൂരിപക്ഷവും എന്ന് വേണം കരുതാൻ. മുസ്ലീങ്ങളെ സ്ഥിരം കോഴി ബിരിയാണി കഴിക്കുന്നവരായി ചിത്രീകരിക്കുന്നതാണ് ഏറെ കഷ്ടം. വെല്ലോ പെരുന്നാളിനോ, വിശേഷ ദിവസങ്ങളിലോ മാത്രമേ അവർക്ക് ബിരിയാണി കണി കാണാൻ കിട്ടൂ എന്നാണു പല മുസ്‌ലിം സുഹൃത്തുക്കളും പറഞ്ഞിട്ടുള്ളത്. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കിനു മുമ്പ് മുസ്ലീങ്ങളിലെ മഹാ ഭൂരിപക്ഷവും തീർത്തും ദരിദ്രരും ആയിരുന്നു. പക്ഷെ നമ്മുടെ മലയാളം സിനിമകളിൽ ചിത്രീകരിക്കപ്പെടുന്നത് ഇതിനൊക്കെ നേർ വിപരീതമായിട്ടാണ്.

'പരിണയത്തിൽ' തിലകൻറ്റെ കഥാപാത്രം പറയുന്നതെന്താണ്? "ആ പ്രഭുത്ത്വം, ആ ആഢ്യത്വം - അത് പാലക്കുന്നത്തേയുള്ളൂ" - എന്നാണ്. അതുപോലെ 'വടക്കൻ വീരഗാഥയിൽ' "പൊൻ വാണിഭക്കാർ ചെട്ടിമാർക്കു പണം പലിശക്ക് കൊടുത്തിരുന്ന പുത്തൂരം വീട്" എന്ന് പറഞ്ഞു കൊമ്പനാന മേഞ്ഞു നിൽക്കുന്ന പുത്തൂരം വീടിൻറ്റെ ചിത്രം തെളിയുമ്പോൾ പ്രേക്ഷകൻറ്റെ മനസിലും പൂത്തിരി കത്തും. പക്ഷെ ഇന്ന് എവിടെയാ ആന ഉള്ളത്? മുറ്റത്തു നിൽക്കുന്ന കൊമ്പനാനയുടെ ഓർത്താണെന്നു തോന്നുന്നു - ചിലരൊക്കെ ആന മാഹാത്മ്യം പറയുന്നത് കാണാം. പഴയ ഫ്യുഡൽ സംസ്കാരത്തിൻറ്റെ  ചിഹ്നങ്ങളിലൊന്നാണ് മുറ്റത്തു പനമ്പട്ട തിന്നുകൊണ്ടിരിക്കുന്ന ആന. ഇങ്ങനെ ആനയെ നിർത്തുന്നത് പണ്ട് കാലത്തു തറവാട്ടു മഹിമയുടെയും, രാജ ചിഹ്നത്തിൻറ്റെയും ഒക്കെ പ്രതീകമായിരുന്നു. പക്ഷെ  ഇപ്പോൾ എവിടെയാ ആന ഉള്ളത്? പഴയ നാലുകെട്ടും, എട്ടു കെട്ടുകളും, കൊട്ടാരങ്ങളും ഒക്കെ പലരും പൊളിച്ചു വിറ്റുകഴിഞ്ഞു. പുരാവസ്തു വകുപ്പ് ഏറ്റെടുത്തില്ലെങ്കിൽ തടി കൊണ്ട് പണിത പഴയ വീടുകൾ സംരക്ഷിക്കുന്നത് ഒട്ടും എളുപ്പമല്ല എന്ന് സുബോധമുള്ളവർക്കൊക്കെ അറിയാം. ആ വീടുകളൊക്കെ വൃത്തിയാക്കുന്നതിന് തന്നെ നല്ല മിനക്കേടുണ്ട്. സ്ഥിരം വൃത്തിയാക്കിയില്ലെങ്കിൽ ചിതലെടുക്കും. ഇന്ന് പഴയ പോലെ അത്തരം വീടുകൾ വൃത്തിയാക്കുവാൻ ജോലിക്കാരെ കിട്ടുമോ? ജോലിക്കാരെ കിട്ടിയാൽ തന്നെ അവർക്കു ചിലവിന് കൊടുക്കാനുള്ള സാമ്പത്തിക ശേഷി എത്ര പേർക്കുണ്ട്? നമ്മുടെ സിനിമകൾ മൂലമാണ് ആ പഴയ ഫ്യുഡൽ സംസ്കാരത്തിൻറ്റെ  ചിഹ്നങ്ങൾ വീണ്ടും മലയാളിയിലേക്ക് എത്തുന്നത്. സിനിമയുടെ മായാജാലത്തിൽ വീണ ചില മലയാളികളെങ്കിലും മിഥ്യാഭിമാനത്തിൽ അഹങ്കരിക്കുന്നു. എം.ടി. കഥയിലെ കട്ടി കഞ്ഞിവെള്ളം കുടിച്ചിട്ട് കിടക്കുന്ന അപ്പുണ്ണിയുടേയും, ഊണിൻറ്റെ വിളിയോർത്ത് തറവാട് മുറ്റത്തു കുത്തിയിരിക്കുന്നവരുടേയും ചിത്രം ഒന്നും ഇങ്ങനെ തറവാട്ടു മാഹാത്മ്യമോർത്ത് മിഥ്യാഭിമാനം കൊള്ളുന്നവരുടെ മനസിലേക്ക് വരില്ല.

ദളിതർ, ആദിവാസികൾ, മൽസ്യ തൊഴിലാളികൾ,  തോട്ടം തൊഴിലാളികൾ - ഇങ്ങനെ അനേകം പേരുടെ ജീവിത പ്രശ്നങ്ങൾ തുറന്നു കാണിക്കേണ്ട മലയാള സിനിമകൾ വരേണ്ട കാലം പണ്ടേ അതിക്രമിച്ചിരിക്കുന്നു. 'ചെമ്മീനും', അമരവും' ഒക്കെ മൽസ്യ തൊഴിലാളികളെ കുറിച്ച് വന്നിട്ടുണ്ടെങ്കിലും അതൊന്നും യഥാർത്ഥ ജീവിത ചിത്രങ്ങളായിരുന്നില്ല. അത് പോലെ തന്നെ അടിസ്ഥാനപരമായി പ്രവാസി ആയ മലയാളികളെ കുറിച്ചും ചിത്രങ്ങൾ വരേണ്ടിയിരിക്കുന്നു. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മദ്രാസ്, ബാൻഗ്ലൂർ, ഹൈദരാബാദ് - ഇവിടങ്ങളിൽ ഒക്കെ ലക്ഷ കണക്കിന് മലയാളികൾ ഉണ്ട്. ഇവരെ കുറിച്ചൊക്കെ ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഈ മേഖലയിൽ ഇനിയും നല്ല 'സ്കോപ്' ഉണ്ട്. ഗൾഫിലും, യൂറോപ്പിലും, അമേരിക്കയിലും ഒക്കെയുള്ള മലയാളികളെ കുറിച്ചും സിനിമകൾ ഉണ്ടായാൽ തീർച്ചയായും അന്താരാഷ്‌ട്ര തലത്തിൽ തന്നെ അത്തരം സിനിമകൾ അംഗീകരിക്കപ്പെടുകയും ചെയ്യും.

2018 ജനുവരി 15, തിങ്കളാഴ്‌ച

ജോൺ എബ്രഹാമിനെ പ്രകീർത്തിക്കുമ്പോൾ.....

സോഷ്യൽ മീഡിയയിലെ പ്രമുഖ ആക്റ്റിവിസ്റ്റായ ജയന്ത് മാമൻ ജോൺ എബ്രഹാമിനെ പ്രകീർത്തിച്ചു കൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു. കൂടെ ഷിൻറ്റോ പോളും ചേർന്നു. ഇതെഴുതുന്നയാൾക്ക് ഈ രണ്ടു പേരോടും ഒരു വിരോധവുമില്ല. ജോൺ എബ്രഹാമിൻറ്റെയും, കവി അയ്യപ്പൻറ്റെയും ജീവിത രീതികൾ ആരാധിക്കുന്ന കണ്ടമാനം പേർ മലയാളികൾക്കിടയിൽ ഉണ്ട്. അതാണ് കൂടെ കൂടെ ഈ രണ്ടു പേരെയും പ്രകീർത്തിച്ചു കൊണ്ട് പോസ്റ്റുകൾ വരുന്നത്.

ഇതെഴുതുന്നയാൾ ജോൺ എബ്രഹാമിൻറ്റെ 'ചെറിയാച്ചൻറ്റെ ക്രൂര കൃത്യങ്ങൾ' (1986) കണ്ടിട്ടുണ്ട്. പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഒരു ചെറുകഥയും വായിച്ചിട്ടുണ്ട്. ഓർമ ശരിയാണെങ്കിൽ മല്ലയ്യ എന്ന വിപ്ലവകാരിയുടെ (നക്സലയിറ്റ്) കഥയാണെന്ന് തോന്നുന്നു. 'ചെറിയാച്ചൻറ്റെ ക്രൂര കൃത്യങ്ങൾ' മുഖ്യ കഥാപാത്രത്തിൻറ്റെ മാനസിക വിഹ്വലതയുടെ കഥയായിരുന്നു. അടൂർ ഭാസി വേഷമിട്ട ആ ചിത്രത്തിൽ ക്ളൈമാക്സിൽ ചെറിയാച്ചനെന്ന അടൂർ ഭാസി തെങ്ങിൻറ്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് ഇപ്പോഴും ഓർമ്മിക്കുന്നു. കണ്ടിരിക്കാവുന്ന ഒരു ചിത്രം എന്നല്ലാതെ വലിയ മഹത്ത്വം ഒന്നും ആ സിനിമയെ കുറിച്ച് പറയാനില്ലാ. ജോൺ എബ്രഹാമിൻറ്റെ 'ദോസ്താന', 'വിദ്യാർത്ഥികളെ ഇതിലെ ഇതിലെ', 'അമ്മ അറിയാൻ', 'അഗ്രഹാരത്തിലെ കഴുത' - ഇവയെ കുറിച്ചൊക്കെ ആരും വലിയ അഭിപ്രായമൊന്നും ഒരിടത്തും പറഞ്ഞു കേട്ടിട്ടില്ല. പരസ്പരം ബന്ധമില്ലാതെ ഫിലോസഫികൾ പറഞ്ഞു കൊണ്ടേയിരിക്കുന്ന സിനിമകൾ എന്നാണു പലരും അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇവയിലൊക്കെ സീനുകൾ മൂഴച്ചു നിൽക്കുന്നത് പോലെ തോന്നും. സാങ്കേതികപരമായും ദൃശ്യവൽക്കരണത്തിലും മോശമായ  സിനിമകളായിട്ടാണ് ഇവയൊക്കെ കണ്ട പലരും വിലയിരുത്തിയിട്ടുള്ളത്.

പക്ഷെ എന്നാലും ജോൺ എബ്രഹാം വിഗ്രഹവൽക്കരിക്കപ്പെടുന്നു; ജോൺ എബ്രഹാമവും, കവി അയ്യപ്പനും ഒക്കെ ആരാധിക്കപ്പെടുന്നു. കേരളത്തിലുള്ളത് പോലെ അരാജകവാദികൾ ലോകത്തൊരിടത്തും ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നാണ് ഇതെഴുതുന്നയാൾക്ക് കാരണമായി തോന്നുന്നത്. ഞങ്ങളൊക്കെ കോളേജിൽ പഠിച്ചപ്പോൾ പലർക്കും ജോൺ എബ്രാഹം ആയിരുന്നു റോൾ മോഡൽ. ശരിക്കു പറഞ്ഞാൽ കള്ളു കുടിച്ച് മുഷിഞ്ഞ വേഷവും, മുഷിഞ്ഞ സഞ്ചിയുമായി നടന്ന് അവസാനം കള്ളിൽ മുങ്ങി ടെറസിൽ നിന്ന് വീണു മരിച്ച ഒരാൾ. ജോൺ എബ്രാഹം കഴിഞ്ഞു കവി അയ്യപ്പനായി മാറി അരാജകവാദികളുടെ റോൾ മോഡൽ.

സന്തോഷവും, സംതൃപ്തിയും, സമാധാനവും ഉള്ള ഒരാൾ എന്തിന് കള്ളിൻറ്റേയും, കഞ്ചാവിൻറ്റേയും, പുകവലിയുടെയും ഒക്കെ പുറകെ പോണം എന്ന് ഇത്തരക്കാരുടെ ഓർമപ്പെടുത്തൽ കാണുമ്പോൾ സുബോധത്തോടെ ചിന്തിക്കുന്നത് നന്നായിരിക്കും. സ്വന്തം മനസിനുള്ളിൽ സമാധാനക്കേട് ഉള്ളത് കൊണ്ടല്ലേ അരാജക വാദികൾ കള്ളിൻറ്റേയും, കഞ്ചാവിൻറ്റേയും, പുകവലിയുടെയും ഒക്കെ പുറകെ എപ്പോഴും പോകുന്നത്? അരാജക വാദികൾ പലപ്പോഴും സന്തോഷം അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. പലപ്പോഴും കള്ളും, കഞ്ചാവും അടിച്ചു കഴിയുമ്പോഴാണ് ഇവരുടെ ഉള്ളിൽ കെട്ടി കിടക്കുന്ന ദുഖങ്ങളും, വിഷമങ്ങളും, 'ഫ്രസ്റ്റ്രേഷനും' ഒക്കെ പുറത്തു വരുന്നത്. ഡൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഇത്തരത്തിലുള്ള രണ്ടു മലയാളികൾ കഞ്ചാവടിച്ചതിനു ശേഷം കെട്ടിപിടിച്ച് കരയുമായിരുന്നു. പലരും അത് കണ്ടിട്ടുണ്ട്. രണ്ടു പേരും വലിയ പണ്ഡിതരുമായിരുന്നു. പക്ഷെ എന്ത് പ്രയോജനം? ജോൺ എബ്രഹാമിനെ പോലെ തന്നെ പലരുമായി ഉടക്കുണ്ടാക്കി; തല്ലു കൂടി; പ്രണയ നൈരാശ്യങ്ങളിൽ ഏർപ്പെട്ടു.

അച്ചടക്കമില്ലാത്ത മനസ്സിൽ നിന്ന് സന്തോഷവും, സംതൃപ്തിയും, സമാധാനവും ഒരിക്കലും ഉണ്ടാവില്ല. അരാജകവാദികൾക്ക് എപ്പോഴും ഭ്രാന്തൻ സ്വൊപ്നങ്ങളുമായി ജീവിക്കാൻ ലഹരി വേണം. അക്കാരണം കൊണ്ടാണ് അവർ ലഹരിക്ക്‌ അടിമപ്പെടുന്നത്. വ്യവസ്ഥിതിക്കെതിരെ ഇത്തരം കൂട്ടർ പൊരുതുന്നു എന്ന് ചിലരൊക്കെ പറയുന്നത് അങ്ങേയറ്റം മൂഢമായ സങ്കൽപ്പമാണ്. ചെലവ് കുറഞ്ഞ വീടുകൾ നിർമിച്ച ലാറി ബക്കറും, കന്യാസ്ത്രീ മഠത്തിൻറ്റെ വേലിക്കെട്ടുകൾക്കപ്പുറത്ത്‌ ജീവിതം സമർപ്പിച്ച മദർ തെരേസയും, സാധാരണ ജനങ്ങളോട് താദാത്മ്യപ്പെടാൻ വസ്ത്രം പോലും ഉപേക്ഷിച്ച മഹാത്മാ ഗാന്ധിയും ഒക്കെ നിലനിൽക്കുന്ന വ്യവസ്ഥാപിത ജീവിത രീതികളോട് പൊരുതിയവരാണ്. കള്ളിലും, പുകവലിയിലും, കഞ്ചാവിലും മുങ്ങി നടന്നവർക്ക് വേണ്ടി അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നവരോട് സഹതപിക്കാനും, പരിതപിക്കുവാനും മാത്രമേ സുബോധമുള്ളവർക്ക് സാധിക്കുകയുള്ളൂ. ഇത്തരക്കാർ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, വഴിയിൽ കാണുന്നവർക്കും ഒക്കെയാണ് പലപ്പോഴും   ദുരിതങ്ങൾ സമ്മാനിക്കുന്നത്. ജന്മനാ ഉള്ള കലയെപ്പോലും കള്ള് ഷാപ്പിനും, പട്ട ഷാപ്പിനും അപ്പുറം ഒരു ജീവിതമില്ലാതെ  ഇക്കൂട്ടർ നശിപ്പിക്കുന്നു. എന്തായാലും ജോൺ എബ്രഹാമിനും, കവി അയ്യപ്പനും കുടുംബവും കുട്ടികളും ഇല്ലാതിരുന്നതു ഭാഗ്യം!!! കുടുംബത്തിലുള്ള സ്ത്രീകളും ഇത്തരം അരാജക ജീവിതം നയിക്കുകയാണെങ്കിൽ കുടുംബം പുലരുമോ?? അരാജക ജീവിതത്തെ ആരാധിക്കുന്നവർ കുടുംങ്ങളിലുള്ള സ്ത്രീകൾക്ക് ഇത്തരം സ്വാതന്ത്ര്യം അനുവദിക്കുമോ?? സ്ത്രീ പക്ഷത്തു നിന്ന് അരാജകവാദത്തെ നോക്കി കാണുമ്പോഴാണ് ഇതിൻറ്റെയൊക്കെ പൊള്ളത്തരം മനസിലാക്കാൻ സാധിക്കുന്നത്. ജോൺ എബ്രഹാമിനേയും, കവി അയ്യപ്പനേയും  പോലെയൊക്കെയുള്ളവരെ വലിയ സംഭവമായി അവതരിപ്പിക്കുന്നത് പ്രധാനമായും കേരളത്തിലെ കുറെ 'ഫ്രസ്റ്റ്രേറ്റഡ്' മാധ്യമ പ്രവർത്തകരാണ്. ബുദ്ധിജീവി നാട്യം നടിക്കുന്ന ഒട്ടും ബുദ്ധിയില്ലാത്തവർ. എപ്പോഴും സമൂഹത്തിൽ വിവാദമുണ്ടാക്കണം എന്ന ഒറ്റ ചിന്ത മാത്രമേ ഇവർക്കുള്ളൂ. ക്രിയാത്മകമായ ഒരു നിർദേശവും ഇവരിൽ നിന്ന് ഉണ്ടാകാറുമില്ല.

2018 ജനുവരി 12, വെള്ളിയാഴ്‌ച

ഇന്ത്യയുടെ മാറേണ്ട വിദേശ ബന്ധങ്ങൾ

 അമേരിക്കൻ പ്രെസിഡൻറ്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ കുടിയേറ്റ നയം ഇപ്പോൾ വ്യക്തമായി തുറന്നു പറഞ്ഞു കഴിഞ്ഞു. പഴയ അമേരിക്കൻ പ്രെസിഡൻറ്റുമാരൊന്നും തുറന്നു പറയാതിരുന്ന കാര്യമാണ് പ്രെസിഡൻറ്റ് ഡൊണാൾഡ് ട്രംപ് തൻറ്റെ തനതു ശൈലിയിൽ തുറന്നു പറഞ്ഞത്. "എന്തുകൊണ്ടാണ് ഈ ഷിറ്റ്‌ഹോൾ കൺട്രീസിലെ പിച്ചക്കാരെല്ലാം ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്? അവിടൊക്കെ പ്രകൃതി കോപിച്ചാൽ അമേരിക്കയ്ക്ക് എന്താ ചേതം?" -  ഇങ്ങനെ മൂന്നാം ലോക രാജ്യങ്ങളിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകുന്നവർ അമേരിക്കയിലേക്ക് കുടിയേറുന്നതിനെയാണ് ട്രംപ് ചോദ്യം ചെയ്തതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അമേരിക്ക കുടിയേറ്റക്കാരുടെ കാര്യത്തിൽ ഇത്തരം നിലപാടെടുക്കുമ്പോൾ എന്തായിരിക്കണം ഇന്ത്യൻ വിദേശ നയം? 

ഇന്ന് അമേരിക്കക്ക്‌ ലോകത്ത്‌ എല്ലായിടത്തും വ്യാപിച്ചു കിടക്കുന്ന 'മിലിറ്ററി ബേയ്സുകൾ' ഉണ്ട്. ലോകത്തു തന്നെ എണ്ണം പറഞ്ഞ 'മിലിറ്ററി ടെക്നോളജി' ഉള്ളതും അമേരികയുടെ കയ്യിൽ ആണ്. ആ ടെക്നോളജികൾ അവർ നിരന്തരം പുതുക്കുകയും, പുതിയ രീതിയിലേക്ക് മറ്റുകകയും ചെയ്യുന്നുണ്ട്. 750 ബില്യൺ ഡോളർ പ്രതിരോധ ബജറ്റുള്ള അമേരിക്കയെ 125 ബില്യൺ ഡോളർ വാർഷീക പ്രധിരോധ ബജറ്റുള്ള ചൈനയുമായി ഒന്നും താരതമ്യപ്പെടുത്തുന്നത് തന്നെ ശരിയല്ല. ഇതൊക്കെയാണെങ്കിലും ഇന്ത്യൻ-അമേരിക്കൻ ബന്ധത്തിൽ അമേരിക്കയെ മിത്രമോ ശത്രുവോ ആക്കുവോ ചെയ്യാതെ ഒരു ന്യൂട്രൽ സ്റ്റാൻഡിൽ പോകുന്നതാണ് ബുദ്ധി. അമേരിക്ക കൂടെയുണ്ടെന്നും പറഞ്ഞു ചൈനയോട് ഉടക്കാൻ പോയാൽൽ അവസാനം അമേരിക്ക നമ്മുടെ കൂടെ കാണില്ല. ഇന്ത്യക്ക് സ്വയം അനുഭവിക്കേണ്ടി വരും. കാരണം അമേരിക്ക എന്നും അവരുടെ വ്യാപാര, സൈനിക താൽപര്യങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്ന്‌ അമേരിക്കയെ നോക്കി കാണുന്ന ആർക്കും മനസിലാക്കാവുന്നതാണ്.

അമേരിക്കൻ ഭരണകൂടത്തിൽ ആയുധ കച്ചവടത്തിന് വേണ്ടി കുത്തിതിരിപ്പു നടത്താൻ  മിലിട്ടറി ഇൻഡസ്ട്രിയൽ കോമ്പ്ളേസ്കളുടെ ഏജൻറ്റുമാരായി  പ്രവർത്തിക്കുന്ന അനേകർ ഉണ്ട്. എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം - പണം. അമേരിക്ക ഈ ആയുധ കച്ചവടം നിർത്തിയാൽ തന്നെ അമേരിക്കയ്ക്കും, ലോകത്തിനും സമാധാനം വരും. അങ്ങനെ ലോക സമാധാനം ഉണ്ടാക്കുന്ന ഒരു പ്രവർത്തിയും അമേരിക്ക ചെയ്യില്ല.  റഷ്യയും അങ്ങനെ തന്നെ. പണ്ട് റഷ്യൻ പ്രസിഡൻറ്റ് പുടിൻ ഇന്ത്യയിൽ വന്നപ്പോൾ 'ഏഷ്യൻ ഏജ്' പത്രം വളരെ രസകരമായ ഒരു തലക്കെട്ട് കൊടുത്തു: "പുടിൻ കംമ്സ് റ്റു സെൽ ആംമ്സ്" - എന്നായിരുന്നു അത്. ആ തലക്കെട്ട് അർത്ഥവത്താണെന്നും തോന്നുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആയുധ ഉൽപാദകരും വിൽപനക്കാരുമായ റഷ്യയും അമേരിക്കയും, ലോകത്തിലെ ഏറ്റവും വലിയ ആയുധ ഉപഭോക്താക്കളായ ഇന്ത്യയുമായി കൂട്ടു കൂടി ഇസ്‌ലാമിക തീവ്രവാദത്തിനെതിരെ പടപൊരുതുമെന്നൊക്കെ ചിലരൊക്കെ സ്വപ്നം കാണുന്നത് വെറുതെയാണ്. പ്രധാന വരുമാനമാർഗമായ ആയുധ ഇടപാടുകൾ മുറയ്ക്ക് നടക്കാൻ ഈ രണ്ട് രാജ്യങ്ങളും ഇപ്പോൾ ലോകത്ത്‌ നിറഞ്ഞിരിക്കുന്ന അശാന്തി ഊതി കത്തിക്കാനേ ശ്രമിക്കൂ. അതിന് മിക്കവാറും ഇന്ത്യയെ അവർ കരുവാക്കും. അവരുടെ കെണിയിൽ അകപ്പെടാതിരിക്കാനാണ് യഥാർത്ഥത്തിൽ ഇന്ത്യ നോക്കേണ്ടത്.

അമേരിക്ക ഈയിടെ പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം തൽക്കാലം നിറുത്തി വെച്ചു. ഇന്ത്യൻ മാധ്യമങ്ങൾ ഇത് വലിയ വാർത്തയായി ആഘോഷിച്ചു. സത്യത്തിൽ അമേരിക്കൻ സാമ്പത്തിക സഹായം ആർക്കാണ് പ്രയോജനപ്പെടുന്നത്? പാക്കിസ്ഥാൻ അമേരിക്കയിൽ നിന്ന് കാശു മേടിക്കുന്നുണ്ടെങ്കിൽ അമേരിക്കക്ക് അതിൻറ്റെ പതിന്മടങ്ങു് പ്രയോജനവും കിട്ടുന്നുണ്ട്. അല്ലാതെ ചുമ്മാതെ ഒന്നും അമേരിക്ക ആർക്കും പണം കൊടുക്കുന്നില്ല. പാക്കിസ്ഥാൻറ്റെ കാര്യം തന്നെ നോക്കൂ: പാക്കിസ്ഥാനുമായി അമേരിക്ക കൂടുതൽ അടുത്തത് മുൻ സോവിയറ്റ് യൂണിയൻറ്റെ അഫ്ഗാൻ അധിനിവേശത്തോട് കൂടിയായിരുന്നു. അമേരിക്ക പാക്കിസ്ഥാനെ സൈനികമായും, സാമ്പത്തികമായും സഹായിച്ചു. മുസ്‌ലിം തീവ്രവാദികൾക്ക് സൈനിക പരിശീലനം നൽകി. അവർക്ക് ആയുധവും, പണവും നൽകി. അതിൻറ്റെ ഫലമായി എന്തുണ്ടായി?? അഫ്ഗാൻ സർക്കാർ പാക്കിസ്ഥാനിൽ അസ്ഥിരത പ്രോത്സാഹിപ്പിച്ചു. മുസ്‌ലിം തീവ്രവാദികൾ ശക്തിപ്പെട്ടു. ബോംബ് സ്ഫോടനവും, വെടി വെയ്പ്പും, അസ്ഥിരതയും പാക്കിസ്ഥാനിൽ തുടർ കഥയായി. ചുരുക്കം പറഞ്ഞാൽ പാക്കിസ്ഥാൻറ്റെ ഇന്നത്തെ അസ്ഥിരാവസ്ഥയിൽ അമേരിക്കൻ നയങ്ങൾക്ക് നല്ല പങ്കുണ്ട്.

മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിലും, റഷ്യയിലും, ഇറാക്കിലും, സിറിയയിലും, ലെബനനിലുമൊക്കെ അമേരിക്കയും, പാശ്ചാത്യ ശക്തികൾ വളരെ ആസൂത്രിതവും, സംഘടിതവുമായി അസ്ഥിരത പടർത്തിയത് പൊറുക്കാനാകാത്ത തെറ്റാണ്. മിക്കവാറും അവർക്ക് അതിൻറ്റെ പേരിൽ നല്ല പണിയും കിട്ടും. ഇപ്പോൾ തന്നെ 'ആണവ സ്യൂട്കേസ്' ബോംബുകൾ വരികയാണെങ്കിൽ അത് പാക്കിസ്ഥാനിൽ നിന്നോ, മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ നിന്നോ ആയിരിക്കും എന്നാണു പല നിരീക്ഷകരും പറയുന്നത്. കുറെ നാൾ മുമ്പ് BBC-യിൽ ഒരാളുമായി ഇൻറ്റെർവ്യൂ ഉണ്ടായിരുന്നു. അപ്പോൾ പുള്ളി പാക്കിസ്ഥാൻ ആണവ നിലയങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങൾ കിറു കൃത്യം തീയതി ഒക്കെ ഉദ്ധരിച്ച് എണ്ണിയെണ്ണി പറഞ്ഞു. അമേരിക്ക പാക്കിസ്ഥാൻ ആണവ രാഷ്ട്രമായത് സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി തടഞ്ഞില്ല. ഇന്ത്യയിൽ പാക്കിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനവും അമേരിക്ക കണ്ടില്ലെന്നു നടിക്കുന്നു. അവരുടെ രാജ്യത്തു ഒരു ഭീകരാക്രമണം ഉണ്ടാവരുതെന്നുള്ള സ്വാർത്ഥ ചിന്ത മാത്രമേ അമേരിക്കക്കുള്ളൂ. അല്ലാതെ മറ്റു രാജ്യങ്ങളെ കുറിച്ചോർത്ത് അവർക്ക് ഒരാശങ്കയും ഇല്ലാ. ഇത് അങ്ങേയറ്റത്തെ സ്വാർത്ഥതയല്ലാതെ മറ്റെന്താണ്?

ചുരുക്കത്തിൽ ഇന്ത്യ വിദേശ ബന്ധങ്ങളിൽ സ്വന്തം താൽപര്യങ്ങൾക്കനുസൃതമായി ഒരു പൊളിച്ചെഴുത്ത് നടത്തുന്നത് നല്ലതാണ്. സ്ഥിരം സുഹൃത്തുക്കളായ അമേരിക്ക, റഷ്യാ, യൂറോപ്യൻ യൂണിയൻ - ഇവരോടോന്നും വലിയ വിധേയത്ത്വം കാണിക്കാതെ ഒരു ന്യൂട്രൽ സ്റ്റാൻഡിൽ നിന്നുകൊണ്ട് ടെക്നൊളജിക്കും, 'റിസോഴ്‌സസിനും' വേണ്ടി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതായിരിക്കും ബുദ്ധി എന്നാണു ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. ടെക്നൊളജിക്ക്‌ വേണ്ടി ജപ്പാനെയും, ദക്ഷിണ കൊറിയയേയും സമീപിക്കുക; 'റിസോഴ്‌സസി നു' വേണ്ടി ബ്രസീൽ, അർജെൻറ്റിന, ദക്ഷിണാഫ്രിക്ക - ഈ രാജ്യങ്ങളെ സമീപിക്കുക. നമ്മുടെ വർദ്ധിച്ചു വരുന്ന ജനസംഖ്യയിൽ കൃഷിയിൽ താൽപര്യമുള്ളവരെ ആഫ്രിക്കൻ രാജ്യങ്ങൾ, റഷ്യ, ഉക്രെയിൻ - ഇങ്ങനെ ഫലഭൂയിഷ്ഠമായ കൃഷി സ്ഥലങ്ങളുള്ള രാജ്യങ്ങളിലേക്ക് അവരുടെ സമ്മതത്തോടെ അയക്കുകയാണെങ്കിൽ ആ രാജ്യങ്ങൾക്കും, ഇന്ത്യക്കും വിദൂര ഭാവിയിൽ പ്രയോജനമുണ്ടാകുകയും ചെയ്യും.

2018 ജനുവരി 8, തിങ്കളാഴ്‌ച

സി.പി.എം.-ലെ വിക്ടോറിയൻ സദാചാര മൂല്യങ്ങൾ

സ്ഥിരം വിക്ടോറിയൻ സദാചാര മൂല്യങ്ങൾ പ്രഘോഷിക്കുന്ന പാർട്ടിയായി സി.പി.എം. കുറെ നാളായി മാറി കഴിഞ്ഞു. ഒരു വിപ്ലവ പാർട്ടി സമൂഹത്തിലെ യാഥാസ്ഥികമായ ലൈംഗിക സദാചാരത്തിനും എതിരേ നിലകൊള്ളണമെന്നുള്ള തത്ത്വം അവർ ഒട്ടുമേ ഉൾക്കൊണ്ടിട്ടില്ല. നമ്മുടെ ക്ഷേത്രങ്ങളിലൊക്കെ നിരന്നിരിക്കുന്ന രതി ശിൽപങ്ങൾ ഇന്ത്യൻ പാരമ്പര്യം ലൈംഗികതയെ പാപമായോ, മോശം കാര്യമായോ ചിത്രീകരിക്കുന്നില്ല എന്നതിനുള്ള തെളിവാണ്. പക്ഷെ ഇതൊന്നും വിപ്ലവ പാർട്ടിയായ സി.പി.എം. ഒട്ടും ഉൾക്കൊണ്ടിട്ടില്ല. ലൈംഗിക സദാചാര വിഷയങ്ങളിൽ വളരെ യാഥാസ്ഥികമായ നിലപാട് എടുക്കുന്നതും, രാഷ്ട്രീയ എതിരാളികൾക്കെതിരെ സ്ഥിരം ലൈംഗിക അപവാദ പ്രചാരണം നടത്തുന്നതും അതു കൊണ്ടാണ്. ഇപ്പോൾ  വി.ടി.ബലറാമിനെതിരെ അക്രമ സമരം നടത്തുന്നതിനു പിന്നിലുള്ള ചേതോവികാരം ലൈംഗിക വിഷയങ്ങളിലുള്ള യാഥാസ്ഥികത്ത്വവും, തങ്ങളുടെ നേതാക്കന്മാരുടെ 'ഇമേജ്' സംരക്ഷിക്കുവാൻ തങ്ങൾ ബാധ്യസ്ഥരാണ് എന്നൊക്കെയുള്ള അബന്ധ ധാരണയും കൊണ്ടാണ്. 

അഴിമതിക്കും, ആസക്തിക്കും അങ്ങനെ പാർട്ടി ഭേദമൊന്നുമില്ല. നിലനിൽക്കുന്ന രീതികളനുസരിച്ച് അതിലൊന്നും വലിയ തെറ്റും പറയാനില്ല. പക്ഷെ കമ്യുണിസ്റ്റ് നേതാക്കളെ പറഞ്ഞാൽ അണികൾക്കും, വ്യക്തിപൂജ നടത്തുന്ന പാർട്ടിക്കും പൊള്ളും. തങ്ങളുടെ നേതാക്കന്മാരും ഏല്ലാ ലൈംഗിക വികാരങ്ങളുമുള്ള കേവല മുനുഷ്യരാണെന്ന് അംഗീകരിക്കുവാൻ യാഥാസ്ഥിക മനസ്ഥിതി വെച്ച് പുലർത്തുന്ന സി.പി.എം. തയാറല്ല. കുറച്ചു വർഷങ്ങൾക്കു മുമ്പ് സാഹിത്യകാരൻ സക്കറിയയെ സി.പി.എം. - ലെ പെണ്ണ് പിടുത്തത്തെ കുറിച്ചുള്ള കഥകൾ ഉയർത്തിയതിന് സി.പി.എം. - കാർ അടി കൊടുത്തു. ഒളിവു ജീവിത കാലത്തെ പല കമ്യൂണിസ്റ്റ് നേതാക്കന്മാരുടെയും ലൈംഗിക സദാചാരത്തിൻറ്റെ യഥാർത്ഥ വിവരങ്ങൾ പുറത്തു വന്നാൽ ഇന്നത്തെ യാഥാസ്ഥിതിക പാത പിന്തുടരുന്ന സി.പി.എം. ന് അവരുടെ പല പാർട്ടി ഓഫീസുകളുടെയും പേര് മാറ്റേണ്ടി വരും എന്ന് ആർക്കാണ് അറിയാത്തത്? സാഹിത്യകാരൻ സക്കറിയയെ അടി കൊടുത്തത് കൊണ്ട് ഈ കഥകളൊക്കെ മൂടി വെയ്ക്കുവാൻ പറ്റുമോ? സി.പി.എം. - ലെ രണ്ടു ജില്ലാ സെക്രട്ടറിമാർക്ക് ലൈംഗിക വിഷയങ്ങളിൽ സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതല്ലേ?

'ക്രയിo നന്ദകുമാർ' സി.പി.എം. അണികളും, നേതാക്കന്മാരുടെ മക്കളും ഉൾപ്പെട്ട പല കേസുകളും പുറത്തു കൊണ്ടു വന്നതാണ്. പക്ഷെ രാഷ്ട്രീയ എതിരാളികൾക്കെതിരെ സ്ഥിരം ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്ന പാർട്ടി പ്രവർത്തകർ ചെയ്തതെന്താണ്? 'ക്രയിo ഓഫീസിൽ കേറി അടി കൊടുത്തു. മാസിക പുറത്തു വരുന്നതിനു മുൻപ് തന്നെ അത് കെട്ടായി വാങ്ങിച്ചു കൊണ്ട് പോയി നശിപ്പിച്ചു. മംഗളം ഓഫീസിലും കേറി അടി കൊടുത്തതായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതൊക്കെ കാണിക്കുന്നതും ലൈംഗിക വിഷയങ്ങളിൽ യാഥാസ്ഥിക രീതിക്കനുസരിച്ച് തങ്ങളുടെ നേതാക്കന്മാരുടെ 'ഇമേജ്' സംരക്ഷിക്കുവാനുള്ള ത്വരയാണ്.

ചുരുക്കത്തിൽ സിപിഎം കേഡർ സംവിധാനത്തിലുള്ള പാർട്ടിയായതു കൊണ്ട് സന്ഖടനാ സംവിധാനം ഉപയോഗിച്ച് കൊണ്ട് ലൈംഗികാരോപണങ്ങളൊക്ക ഒതുക്കി തീർക്കുന്നു. അതിനു വേണ്ടി എന്ത് മുഷ്ക്കും, ഗുണ്ടായിസവും കാണിക്കുന്നു. ഇടതു പക്ഷത്തിൻറ്റെ കുഴലൂത്തുകാരും, കൊട്ടി പാട്ടുകാരും ആയ കേരളത്തിലെ മാധ്യമ പ്രവർത്തകരും ഈ യാഥാസ്ഥിതിക ലൈംഗിക സദാചാരത്തിൻറ്റെ അടിമകളാണ്. മറുപക്ഷത്തെ മാധ്യമ വിചാരണക്ക് വിധേയമാക്കുകയും സി.പി.എം.-നെ സംരക്ഷിക്കുകയും ചെയ്യേണ്ടത് സ്വന്തം ഉത്തരവാദിത്ത്വമായി അവർ ഏറ്റെടുക്കുന്നു. അതാണിപ്പോൾ വി.ടി. ബൽറാമിൻറ്റെ കാര്യത്തിലും നടക്കുന്നത്.

തങ്ങൾക്ക് ഇഷ്ടമില്ലാത്ത മറ്റു പാർട്ടികളിലെ നേതാക്കളെ ലൈംഗിക അപവാദ പ്രചാരണങ്ങളിലൂടെ തറ പറ്റിക്കുക എന്നതായിരുന്നു ലൈംഗിക സദാചാര വിഷയങ്ങളിൽ വളരെ യാഥാസ്ഥികമായ നിലപാട് എടുക്കുന്ന ഇടതു മുന്നണിയുടെ സ്ഥിരം രീതി. സൂര്യനെല്ലി, കിളിരൂർ VIP, ശാരി, റജീന, തങ്കമണി അവസാനം സരിത.... ഇതാണല്ലോ കഴിഞ്ഞ 25 വർഷമായി ഇടതു മുന്നണി കളിക്കുന്ന രാഷ്ട്രീയം. പക്ഷെ അവരുടെ നേതാക്കളെ പറഞ്ഞപ്പോൾ അവർക്ക് പൊള്ളി. വി.ടി. ബലറാമിൻറ്റെ എം.എൽ.എ. ഓഫീസ് അടിച്ചു തകർത്തത്തിലൂടെ അവർ ശുദ്ധ ഗുണ്ടായിസമാണ് കാണിക്കുന്നത്. സ്ഥിരം ഫാസിസത്തിനെതിരേ സംസാരിക്കുന്ന സി.പി.എം. എന്ന  പാർട്ടി ഫാസിസത്തിൻറ്റെയും, ലൈംഗിക യാഥാസ്ഥികത്ത്വത്തിൻറ്റേയും ഏറ്റവും ഭീതിതമായ രൂപമാണ് ഇപ്പോൾ കാഴ്ചവെയ്ക്കുന്നത്.

2018 ജനുവരി 3, ബുധനാഴ്‌ച

മഹാരാഷ്ട്രയിലെ ദളിത് പ്രക്ഷോഭം

കഴിഞ്ഞ രണ്ടു ദിവസമായി മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും തെരുവ് യുദ്ധം നടക്കുകയാണ്. പ്രധാന പട്ടണങ്ങളായ കോൽഹാപ്പൂർ, പർബാനി, ലത്തൂർ, കൊങ്കൺ, അഹമ്മദാബാദ്, ഔറംഗബാദ്, ഹിങ്കോലി, നാന്ദെണ്ട, താനെ - അടക്കമുള്ള പ്രദേശങ്ങളിലെല്ലാം പ്രശ്നമാണ്. സത്യത്തിൽ രണ്ടു നൂറ്റാണ്ടു മുമ്പുള്ള ചരിത്രപരമായ ഒരു യുദ്ധം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു വിഷയമാകേണ്ട കാര്യമില്ല. ശരിക്കും നമ്മുടെ ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ വികസന വൈരുധ്യങ്ങളാണ് ഈ പ്രതിഷേധങ്ങളിലൂടെ പുറത്തു വരുന്നത്. പട്ടിണിയും, ദാരിദ്ര്യവും ഇന്നും മഹാരാഷ്ട്രയിലും, ഉത്തരേന്ത്യയിലും ഉള്ള മുസ്‌ലിം ന്യൂനപക്ഷത്തിനേയും, ദളിത്, ആദിവാസി വിഭാഗങ്ങളേയും അലട്ടുന്നു. ദളിത് സമൂഹത്തിൻറ്റെ ഉന്നമനത്തിനായി വികസനവും, തൊഴിലും സൃഷ്ടിക്കേണ്ട ദീർഘ വീക്ഷണമുള്ള നേതാക്കളാണ് നമുക്കാവശ്യം. പക്ഷെ എന്തു ചെയ്യാം - വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള മുറിവുകൾ ഉണക്കാൻ ശ്രമിയ്ക്കേണ്ട നേതാക്കൾ അൽപ്പ ലാഭത്തിനായി ജാതി-മത ശക്തികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് എരിതീയിൽ എണ്ണ ഒഴിയ്കുന്നു. അപ്പോൾ പിന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ?? തീർച്ചയായും ഇല്ലാ.

ഇതെഴുതുന്ന ആൾ ഇഷ്ടം പോലെ തവണ പൂനെ, മുംബൈ, കൊൽഹാപ്പൂർ, രത്നഗിരി, സാംലി - ഇവിടെയൊക്കെ പോയിട്ടുണ്ട്. സാംലിയിൽ കിർലോസ്കർ കമ്പനിക്ക് 'കിർലോസ്കർ വാഡി' എന്നറിയപ്പെടുന്ന വലിയ 'ടൗൺഷിപ്പ്' തന്നെയുണ്ട്. അവർക്കു സ്വന്തമായി സ്പോട്സ് സ്റ്റേഡിയവും, ഗോൾഫ് കോഴ്‌സുമുണ്ട്. പക്ഷെ അവിടുത്തെ ഗ്രാമങ്ങളുടെ സ്ഥിതിയോ?? - തീർത്തും കഷ്ടം. ഇന്ത്യയിലെ  ഏറ്റവും പോഷകാഹാരക്കുറവാണ് മഹാരാഷ്ട്രയിലെ  പല ജില്ലകളിലും. അനേകം വാർത്തകൾ മഹാരാഷ്ട്രയിലെ പല ജില്ലകളിൽ നിന്നും പോഷകാഹാര കുറവിനെ കുറിച്ച് വന്നിട്ടുണ്ട്. അത് കൂടാതെ ഇന്ത്യയിലെ ഫ്യുഡൽ അടിമ മനോഭാവം ഏറ്റവും കൂടുതൽ നില നിൽക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര ഏന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നിയിട്ടുള്ളത്.

ഈയടുത്ത കാലം വരെ മഹാരാഷ്ട്ര യിൽ ദേവദാസി സമ്പ്രദായം വ്യാപകമായി ഉണ്ടായിരുന്നു. പ്രത്യേക സ്ക്വാഡിനെ ഇറക്കിയാണ് മഹാരാഷ്ട്രയിൽ പോലീസ് ദേവദാസി സമ്പ്രദായം അമർച്ച ചെയ്തത്. ഈ പ്രത്യേക സ്ക്വാഡിനോട് പൊരുതാൻ ഗുണ്ടാ സംഘങ്ങളും, തൽപര കക്ഷികളും എത്തി. ഇതൊക്കെ ഈയടുത്ത് നടന്ന സംഭവങ്ങളാണ്. അത് കൂടാതെ വർഗീയത - അതിൽ മുംബൈയും, മഹാരാഷ്ട്രയും കഴിഞ്ഞിട്ടേ ഇന്ത്യയിൽ വേറെ സംസ്ഥാനമുള്ളൂ. 'റൂറൽ-അർബൻ ഡിഫറൻസ്' - ഇത്രയധികം നില നിൽക്കുന്ന വേറൊരു സംസ്ഥാനമുണ്ടോ? 'ഡിസ്പാരിറ്റി' അല്ലെങ്കിൽ സാമ്പത്തിക അസമത്ത്വം മഹാരാഷ്ട്രയിലെ പോലെ ഇത്രയധികം നില നിൽക്കുന്ന വേറൊരു സംസ്ഥാനമുണ്ടോ?

പലപ്പോഴും വികസന പ്രശ്നങ്ങളും, തൊഴിലില്ലായ്മയും ആണ് നിലനിൽക്കുന്ന വ്യവസ്ഥിതിയോട് ഒരു സുപ്രഭാതത്തിൽ പ്രതിഷേധത്തിൻറ്റെ രൂപത്തിൽ പുറത്തു വരുന്നത്. ഒരു വശത്ത് ഇന്ത്യയിൽ നമുക്ക് വലിയ ഷോപ്പിംഗ് മാളുകളും, മെട്രോ സൗകര്യങ്ങളും, ഓവർ ബ്രിഡ്ജുകളും, അണ്ടർ പാസുകളുമൊക്കെ ഉണ്ട്. മറുവശത്ത് പോഷകാഹാര കുറവ്, പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ - ഇവയും ഉണ്ട്. സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും 5 വയസിനു താഴെയുള്ള 44 ശതമാനം കുട്ടികളിലും തൂക്ക കുറവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 72 ശതമാനം കുഞ്ഞുങ്ങളിലും 52 ശതമാനം കുടുംബിനികളിലും രക്തക്കുറവ് കാണപ്പെടുന്നു. പോഷകാഹാര കുറവ് മൂലമാണ് പ്രസവ സംബന്ധമായ മരണവും, നവജാത ശിശുക്കളിലെ വൈകല്യവും ഇന്ത്യയിൽ പ്രധാനമായും ഉണ്ടാകുന്നത്. അനേകം ഹ്യുമൻ ഡെവലപ്മെൻറ്റ് റിപ്പോർട്ടുകൾ ഇന്ത്യയുടെ ഈ ശോചനീയാവസ്ഥ വളരെ നന്നായി വിവരിച്ചിട്ടുണ്ട്. ഇന്ത്യയിലെ  ഏറ്റവും  അപ്പോൾ പിന്നെ ഇതിനൊക്കെ എതിരേ നിലനിൽക്കുന്ന വ്യവസ്ഥിതിയോട് താഴെക്കിടയിലുള്ള ദളിതരുടെ പ്രതിഷേധങ്ങൾ ഉണ്ടാവാതിരിക്കുമോ??? ഈ ഇൻഡ്യാ മഹാരാജ്യത്തിൽ വികസന പ്രശ്നങ്ങൾ പരിഹരിച്ച് ഏല്ലാ മതങ്ങളും,  ജാതികളും തമ്മിലുള്ള മുറിവുകൾ ഉണക്കി അവരെ  ഒന്നിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്താത്തിരിക്കുന്നതു വരെ ഇത്തരം പ്രശ്നങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും.

2018 ജനുവരി 2, ചൊവ്വാഴ്ച

ഇന്ത്യയിൽ മതം ഉപേക്ഷിക്കുവാൻ സാധിക്കുമോ?

ഇപ്പോൾ "മതം ഉപേക്ഷിക്കൂ; മനുഷ്യരാകൂ" എന്ന മുദ്രാവാക്യം ധാരാളം കേൾക്കുന്നു. ഇന്ത്യയിൽ ഒരിക്കലും പ്രാവർത്തികമാക്കാൻ പറ്റാത്ത പൊള്ളയായ മുദ്രാവാക്യം ആണിത്. ജനിക്കുമ്പോൾ തൊട്ട് വിവാഹം, ചോറൂണ്, മാമോദീസ - അങ്ങനെ അനേകം ചടങ്ങുകളിലൂടെ കടന്ന് ജീവിതാവസാനം വരെ ഇന്ത്യയിൽ മതം നമ്മുടെ കൂടെയുണ്ട്. വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും മതങ്ങളുടെയും, സമുദായങ്ങളുടെയും പേരിലുള്ള സ്ഥാപനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്.

ഭൂരിപക്ഷ വർഗീയതക്കെതിരെയുള്ള പ്രതിരോധം ന്യൂനപക്ഷ വർഗീയതയോ, മതം ഉപേക്ഷിക്കലോ അല്ല. വർഗ്ഗീയത ന്യൂനപക്ഷത്തിൻറ്റെതായാലും ഭൂരിപക്ഷത്തിൻറ്റെതായാലും ഒരു പോലെ അപകടകരമാണ്. ഭൂരിപക്ഷ വർഗീയതക്കെതിരെ തോക്കും, ബോംബും, വെടിവെപ്പും ഒക്കെ ആയി നടന്നാൽ ഇത്തരം ഭീകര പ്രവർത്തനങ്ങളിൽ ഒന്നും പെടാത്ത ന്യൂനപക്ഷത്തിൽ പെട്ടവരാണ് യഥാർത്ഥത്തിൽ തിക്ത ഫലങ്ങളേറ്റു വാങ്ങിക്കുന്നത്. അതാണ് ഇന്ത്യയിലും, ലോകത്തും പലപ്പോഴും സംഭവിച്ചിട്ടുള്ളതും. കണ്ണിനു പകരം കണ്ണ്; എല്ലിന് പകരം എല്ല് എന്ന രീതി ഒരു പ്രശ്നത്തിനും പരിഹാരമല്ല - പ്രത്യേകിച്ച് ഒരു രാഷ്ട്രത്തിൻറ്റെ പ്രശ്നമായി വർഗീയത മാറുമ്പോൾ. ജനാധിപത്യപരവും, ഭരണഘടനാനുസൃതവും ആയ പരിഹാരങ്ങളാണ് നീതി നിഷേധത്തിന് എപ്പോഴും അഭികാമ്യം. ഇന്നത്തെ ഇന്ത്യയിൽ അക്രമവും, അരാജകത്ത്വവും പ്രോത്സാഹിപ്പിക്കുന്ന ആളുകളോട് സഹതപിക്കാനും പരിതപിക്കാനും മാത്രമേ സാധിക്കുകയുള്ളൂ. സത്യത്തിൽ ഇത്തരത്തിലുള്ള അരാജകത്ത്വം തന്നെയാണ് ഇന്ത്യയിലെ അധികാര വർഗത്തിനും ആവശ്യം. അക്രമവും, അരാജകത്ത്വവും വന്നാൽ ആ പേരിൽ ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗത്തെ അടിച്ചമർത്താൻ ഭരണ വർഗത്തിന് വളരെ എളുപ്പത്തിൽ സാധിക്കും. ഇന്ത്യയിലെ ന്കസലൈറ്റുകൾക്ക് തെറ്റിയതും ഇവിടെയാണ്. ദളിതർക്കെതിരെ ഇഷ്ടം പോലെ അക്രമങ്ങൾ നടന്നിട്ടുള്ളപ്പോഴും ഡോക്ടർ അംബേദ്കർ എന്നെങ്കിലും അക്രമത്തെയും, അരാജകത്ത്വത്തെയും തിരിച്ചു പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ? തീർച്ചയായും ഇല്ലാ. ഭരണഘടനയിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റം ആണ് ഡോക്റ്റർ അംബേദ്കർ സ്വപ്നം കണ്ടത്.

മതം ആധ്യാത്മികതയേയും, ധാർമികതയേയും, ഭക്തിയേയും  പ്രതിനിധീകരിക്കുകയാണെങ്കിൽ യാതൊരു പ്രശ്നവുമില്ല. മതം എന്ന് പറയുമ്പോൾ തന്നെ ഓരോ മതത്തിലേയും ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. എളിമ, വിനയം, സത്യസന്ധത, ആത്മാർഥത, സാമൂഹ്യ സേവനം - ഇതൊക്കെയാണ് ഏതു മതത്തിൻറ്റെയും അന്ത സത്ത. പിന്നെ, ആരാധനയിലും, മത പുരോഹിതന്മാരുടെ ഭാഷയിലും വേഷത്തിലും ഒക്കെ വിത്യാസം കാണാം. അതിൽ വലിയ പ്രാധാന്യം ഒന്നുമില്ല. മതത്തിനുപരിയായി മനുഷ്യനെ കാണാൻ ആഗ്രഹിക്കുന്നവർ എല്ലാ ആത്മീയ ആചാര്യന്മാരെയും, മതങ്ങളെയും ബഹുമാനിക്കും. അവർ ഒരു മതത്തെയും നിന്ദിക്കയില്ല; മറിച്ച് എല്ലാ ആത്മീയ നേതാക്കളും, മതങ്ങളും  മനുഷ്യരാശിക്ക് നൽകിയ സംഭാവനകൾ ആദരിക്കും. ഇന്ത്യയിൽ അങ്ങനെയുള്ള അനേകം ആത്മീയാചാര്യൻമാർ ഉണ്ടായിരുന്നു.

ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കിടയിലുള്ള ഭക്തിയുടേയും, ആധ്യാത്മികതയുടെയും വലിയ പാരമ്പര്യം സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തിയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി. അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാർ രാഷ്ട്രീയ വിശദീകരണ യോഗം സന്ഖടിപ്പിച്ചപ്പോൾ ഗാന്ധിജി പ്രാർഥനാ സമ്മേളനങ്ങളാണ് സന്ഖടിപ്പിച്ചത്. കാരണം ആധ്യാത്മികതക്ക് വളരെയേറെ പ്രാധാന്യം ഉള്ള രാജ്യമായിരുന്നു എന്നും ഇന്ത്യ. പാശ്ചാത്യ രാജ്യങ്ങളിലെ മത നിരപേക്ഷത അല്ല ഇന്ത്യയുടെ മത നിരപേക്ഷത. ഇന്ത്യയുടെ മത നിരപേക്ഷത എല്ലാ മതങ്ങളെയും ആദരിക്കുന്നതാണ്. അല്ലാതെ ഭക്തിയേയോ, ആത്മീയതയേയൊ, മത വിശ്വാസത്തേയോ തള്ളി പറയുന്നതല്ല. മഹാത്മാ ഗാന്ധി എല്ലാ വൈകുനേരവും പ്രാർഥനാ സമ്മേളനം വിളിക്കുമായിരുന്നു. ബൈബിളും, ഗീതയും, ഖുറാനും ഒക്കെ അവിടെ വായിക്കുമായിരുന്നു. നമ്മുടെ രാഷ്ട്ര പിതാവായിരുന്ന ഗാന്ധിജി “When I survey the wondrous Cross” എന്ന ഗാനം അവസാന നിരാഹാര സത്യാഗ്രഹത്തിന് മുൻപ് സുശീല നയ്യരെ കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നേതാക്കന്മാർ ആണ് നമുക്കാവശ്യം.

വർഗീയ കലാപം ഉണ്ടായപ്പോഴൊക്കെ നിരാഹാര സത്യാഗ്രഹം പോലുള്ള സഹന സമരത്തിലൂടെയാണ് ഗാന്ധിജി ജനങ്ങൾക്കിടയിലുള്ള സമാധാനം പുനഃ സ്ഥാപിച്ചത്. ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിന്ന് കൊണ്ട് ജനങ്ങളോട് സംസാരിച്ചു. അതാണ് മത സൗഹാർദത്തിന് ഏറ്റവും നല്ലത്. ഇവിടെ ആത്മാർധതയും, സത്യ സന്ധതയും ആണ് വേണ്ടത്. താൻ നിരാഹാരം കിടക്കുന്നതു കൊണ്ട് ജനം മത സൗഹാർദം സ്ഥാപിക്കണമെന്നല്ല ഗാന്ധിജി പറഞ്ഞത്; നേരെ മറിച്ചു മത സൗഹാർദം എന്നും ഇന്ത്യയിൽ നില നിന്നിരുന്നു എന്നാണു ഗാന്ധിജി അവരെ ഓർമിപ്പിച്ചത്. ഗാന്ധിജിയുടെ നിരാഹാര സമരങ്ങൾ മത സൗഹാർദ്ദത്തിൻറ്റെ ആവശ്യകത തിരിച്ചറിയാൻ ജനത്തെ സഹായിക്കുകയാണ് ചെയ്തത്.ഗാന്ധിക്ക് മുസ്ലിം ജനതയുടെ വിശ്വാസം ആർജിക്കാൻ മത സൗഹാർദ്ദപരമായ നിലപാടിലൂടെ സാധിച്ചു. ഇന്നത്തെ ഇന്ത്യൻ സമൂഹത്തിന് ആവശ്യം ഇത്തരത്തിൽ മനുഷ്യരെയും, മതങ്ങളെയും കൂട്ടിയിണക്കുന്ന പ്രത്യയ ശാസ്ത്രങ്ങളും, രീതികളുമാണ്‌; അല്ലാതെ വിഘടിപ്പിക്കൽ പ്രത്യയ ശാസ്ത്രങ്ങളല്ല. ഇന്നത്തെ ഇന്ത്യൻ സമൂഹത്തിന് ആവശ്യം ഇത്തരത്തിൽ മനുഷ്യരെയും, മതങ്ങളെയും കൂട്ടിയിണക്കുന്ന പ്രത്യയ ശാസ്ത്രങ്ങളും, രീതികളുമാണ്‌; അല്ലാതെ വിഘടിപ്പിക്കൽ പ്രത്യയ ശാസ്ത്രങ്ങളല്ല.

2018 ജനുവരി 1, തിങ്കളാഴ്‌ച

പുരുഷ കേന്ദ്രീകൃതമായ ആധുനിക ഇന്ത്യയിലെ നിയമങ്ങൾ

ഇപ്പോൾ ഫെയിസ്ബുക്കിൽ വ്യാപകമായി പ്രത്യക്ഷപ്പെടുന്ന ഒരു ചിത്രമുണ്ട്. അത് നമ്മുടെ പ്രധാന മന്ത്രിയുടെ ഭാര്യയായ യശോദാ ബെന്നിനെ മോഡി ഉപേക്ഷിച്ചു പോയി എന്ന് പറഞ്ഞു മുത്തലാഖിനെ ന്യായീകരിക്കുവാനുള്ള ചിത്രമാണത്. ഇങ്ങനെ പ്രചരിപ്പിക്കുന്നവർ  ശൈശവ വിവാഹങ്ങൾ ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹത്തിലും വ്യാപകമായി ഉണ്ട് എന്നുള്ള കാര്യം സൗകര്യപൂർവം മറക്കുന്നു. വിവാഹ പ്രായം 18 -ൽ നിന്ന് 16 ആക്കണം എന്ന് മുസ്‌ലിം മത മൗലിക വാദികൾ പറഞ്ഞപ്പോൾ കേരളത്തിലെ മുസ്ലീം പെൺകുട്ടികൾ തന്നെ അതിന് എതിരായി പരസ്യമായി രംഗത്തു വന്ന കാര്യം ഒന്നും മറക്കരുത്. അതൊക്കെ കൂടാതെ വിവാഹ മോചനം നേടുന്ന അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീക്ക് സാമ്പത്തികമായ പരിരക്ഷ എന്ന കാതലായ കാര്യം യശോദാ ബെന്നിൻറ്റെ ചിത്രം പ്രചരിപ്പിക്കുന്നവർ സൗകര്യപൂർവം മറക്കുന്നു. മോഡി നേരത്തെ ഭാര്യയായി അംഗീകരിച്ചിരുന്നില്ലെങ്കിലും യശോദാ ബെന്നിന് തെരുവിൽ അലയേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നു. ജോലിയുണ്ടായിരുന്നു; വരുമാനം ഉണ്ടായിരുന്നു; കുടുംബത്തിൻറ്റെ പരിരക്ഷയും ഉണ്ടായിരുന്നു. മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകൾക്ക് ഇത്തരത്തിലുള്ള സാമ്പത്തികവും, സാമൂഹ്യവും ആയ സുരക്ഷിതത്ത്വം കിട്ടുന്നുണ്ടോ??

1985 - ൽ 'ഷാ ബാനൂ' കേസ് വിധി വന്നപ്പോൾ മുസ്ലീം വ്യക്തിഗത നിയമങ്ങൾ മാറ്റി എഴുതിക്കുവാൻ ഇവുടുത്തെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും കോലാഹലം ഉണ്ടാക്കി. സത്യത്തിൽ അന്ന് സുപ്രീം കോടതി പറഞ്ഞതിൽ എന്തായിരുന്നു തെറ്റ്?  'ഷാ ബാനൂ' കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ തികച്ചും ന്യായമല്ലായിരുന്നുവോ? മുസ്ലീം വിധവകൾക്കും ജീവനാംശവും, സംരക്ഷണവും കൊടുക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റുണ്ടായിരുന്നത്? എന്നിട്ടും മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും 1986 - ൽ രാജീവ് ഗാന്ധി സർക്കാരിൽ കനത്ത സമ്മർദം ചെലുത്തി മുസ്ലീം വ്യക്തിഗത നിയമം മാറ്റി എഴുതി. ഇപ്പോൾ 'മുത്താലാക്ക്' - നെതിരെ വരെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും 'ഷാ ബാനൂ' കേസിനെതിരെ എന്ന പോലെ കോലാഹലം ഉണ്ടാക്കുന്നുണ്ട്. മുസ്ലീം സ്ത്രീകൾ തന്നെയാണ് തങ്ങളുടെ സമുദായത്തിലുള്ള ഈ യാഥാസ്ഥികത്ത്വത്തിനും, സ്ത്രീ വിരുദ്ധതയ്ക്കും എതിരേ മുന്നോട്ടു വരേണ്ടത്. അല്ലാതെ മറ്റുള്ളവരല്ല. 

കേരളത്തിൽ കഴിഞ്ഞ 20 -30 വർഷം കൊണ്ട് മുസ്ലീങ്ങൾ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ മുന്നേറ്റം എല്ലാ അർത്ഥത്തിലും വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്. അത് കൊണ്ടാവണം വിവാഹ പ്രായം 18 -ൽ നിന്ന് 16 ആക്കണം എന്ന് പറഞ്ഞപ്പോൾ മുസ്ലീം പെൺകുട്ടികൾ തന്നെ അതിന് എതിരായി പരസ്യമായി രംഗത്തു വന്നത്.

ഇപ്പോൾ മുസ്ലിം സ്ത്രീകളെ ബാധിക്കുന്ന മുത്തലാഖ് രീതി നിയമവിരുദ്ധമാക്കി കൊണ്ടുള്ള ബിൽ മോദി സർക്കാർ പാർലമെൻറ്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. കാലഹരണപ്പെട്ട മുത്തലാഖ് വിഷയം പരിഷ്‌ക്കരിക്കാൻ മുന്നിൽ നിന്നത് അഞ്ച് വനിതകളാണ് - സൈറ ബാനു, ഇസ്രത്ത് ജഹാൻ, ഗുൽഷൻ പർവീൺ, അഫ്രീൻ റഹ്മാൻ,  അതിയ സാബ്രി എന്നിവർ. ഇതിൽ ബംഗാൾ സ്വദേശിനിയായ ഇസ്രത്തിനെ ഭർത്താവ് മുർത്താസ ദുബായിൽ നിന്ന് ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. മുർത്താസയ്ക്കും ഇസ്രത്തിനും നാലു മക്കളാണുള്ളത്. ഇസ്രത്ത് ജഹാൻറ്റേതടക്കം മുത്തലാഖിലൂടെ വിവാഹമോചിതരായ അഞ്ച് മുസ്‌ലിം സ്ത്രീകളുടേതുൾപ്പെടെ ഏഴ് ഹർജികൾ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖ് നിരോധിച്ചത്. നമ്മുടെ പാരമ്പര്യ സമൂഹത്തിൽ സ്ഥിരം സംഭവിക്കുന്നത് പോലെ സ്ത്രീകൾ പുരോഗമനപരമായ നിലപാട് സ്വീകരിക്കുമ്പോൾ അവരെ മോശക്കാരാക്കുന്ന പതിവാണ് ഇസ്രത്ത് ജഹാൻറ്റേയും കാര്യത്തിൽ സംഭവിച്ചത്. സ്വൊഭാവ ദൂഷ്യം ആരോപിച്ചു നീതി നിഷേധിക്കപ്പെടുന്നു. വേറൊരു കൂട്ടർ മുസ്‌ലിം സമൂഹത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ തങ്ങൾക്കറിയാം എന്ന് പറഞ്ഞും പ്രത്യക്ഷപ്പെടും.  ഇസ്ലാമിക രാജ്യങ്ങൾ പോലും തള്ളിക്കളഞ്ഞ മുത്തലാഖിന് ഇന്ത്യയിൽ നിയമ സാധുത  വേണമെന്ന് അവകാശപ്പെടുന്നത് എന്തടിസ്ഥാനത്തിലാണ്??

ഇതിനേക്കാളേറെ പ്രധാനപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട വിഷയം ഇതിൻറ്റെ കൂടെ ചേർത്തു വായിക്കണം. അത് ആധുനിക ഇന്ത്യയിലെ വർഗീയ വൽക്കരണവുമായി ബന്ധപ്പെട്ടതാണത്. ആധുനിക ഇന്ത്യയിൽ വർഗീയവൽക്കരണം വ്യാപകമായി ആരംഭിക്കുന്നത് ജിന്നയുടെ പാക്കിസ്ഥാൻ എന്ന ആവശ്യത്തോട് കൂടിയായിരുന്നു. ജിന്നക്ക് പാക്കിസ്ഥാൻ യാഥാർഥ്യമാക്കിയതിലൂടെ ഒന്നും നഷ്ടപ്പെട്ടില്ല. ജിന്നയുടെ മകൾ കോടീശ്വരനെ വിവാഹം കഴിച്ചു. ജിന്ന പരസ്യമായി മുസ്‌ലിം സ്നേഹം പറയുകയും രഹസ്യമായി മുസ്ലീങ്ങൾക്ക് ഹറാമായിട്ടുള്ള പന്നിയിറച്ചി കഴിക്കുകയും, സ്ക്കോച്ച്  കുടിക്കുകയും ചെയ്തു. പാക്കിസ്ഥാൻ രൂപീകരണത്തിന് ശേഷവും ഇത്തരത്തിലുള്ള ആഡംബര ജീവിതം തുടർന്നു. ജിന്നയുടെ വാക്കുകൾ കേട്ട 1947-ലെ മുസ്‌ലീം ജനത തെരുവിൽ അലഞ്ഞു; അനേകം പേർ കൊല്ലപ്പെട്ടു; അനേകം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു; ലക്ഷ കണക്കിനാളുകൾ ഭവന രഹിതരാവുകയും ചെയ്തു.

1985 - ൽ 'ഷാ ബാനൂ' കേസ് വിധി വന്നപ്പോൾ ഭരണ പരിചയമില്ലാതിരുന്ന രാജീവ് ഗാന്ധിയെ ഉത്തർ പ്രദേശിലെ ഉപ തിരഞ്ഞെടുപ്പുകളിൽ ശക്തമായ തിരിച്ചടികൾ നൽകി കൊണ്ട് സമ്മർദ്ദത്തിലാക്കി.  മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും രാജീവ് ഗാന്ധിയെ സ്വാധീനിച്ച് മുസ്ലീം വ്യക്തിഗത നിയമം മാറ്റി എഴുതി. പിന്നീട് ഇതിനെതിരെ വിമർശനം ഉയർന്നപ്പോൾ രാജീവ് ഗാന്ധി ഹിന്ദു വർഗീയതെക്കെതിരെയും മൃദു സമീപനം എടുത്തു. അയോധ്യയിലെ തർക്ക ഭൂമിയിൽ ശിലാ സ്ഥാപനം നടത്തുവാൻ അനുമതി നൽകി. ഇതിനു ശേഷമുള്ള ചരിത്രം നമുക്കറിയാവുന്നതാണ്. 1984 -ൽ ലോക്സഭയിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി. ഇന്ത്യയിൽ വ്യാപകമായ വർഗീയവൽക്കരണം  നടത്തി. പക്ഷെ ഇവിടെ ഓർമിക്കേണ്ടത് 1947-ലെ കാര്യമായാലും, 1985 - ൽ 'ഷാ ബാനൂ' കേസിൻറ്റെ കാര്യമായാലും മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ ഇടപെടലിൻറ്റെ തുടക്കം പുരുഷ കേന്ദ്രീകൃതവും, അവസര വാദപരവുമായ മുസ്ലീം യാഥാസ്ഥികരുടെ ഭാഗത്തു നിന്നായിരുന്നു എന്ന വസ്തുതയാണ്. സാധാരണക്കാരായ മുസ്ലീങ്ങൾക്കോ, മുസ്‌ലീം സ്ത്രീകൾക്കോ ഇത്തരം രാഷ്ട്രീയ നിലപാടുകൾ ഒരു പ്രയോജനവും ചെയ്തില്ല.

ഹിന്ദു വ്യക്തി നിയമം പരിഷ്കരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ശ്രമം ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ആരംഭിച്ചിരുന്നു. 1947- ൽ തന്നെ രൂപീകരിച്ചിരുന്ന അനേകം കമ്മിറ്റികളുടെ റിപ്പോർട്ടുകൾ പ്രകാരം കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതാക്കുക, ആൺ-പെൺ ഭേദമന്യേ മക്കൾക്ക് സ്വത്തിൽ തുല്യാവകാശം നൽകുക, അന്യ മതത്തിലും, ജാതിയിലുമുള്ള വിവാഹവും വിവാഹ മോചനവും അനുവദിക്കുക, ബഹുഭാര്യാത്വം നിരോധിക്കുക എന്നൊക്കെയായിരുന്നു  കമ്മിറ്റി റിപ്പോർട്ടുകളുടെ പ്രധാന ശുപാർശകൾ. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം 1948-ൽ നിയമമന്ത്രി ഡോക്റ്റർ അംബേദ്കർ ആ ശുപാർശകൾ അൽപസ്വൽപം വ്യത്യാസങ്ങളോടെ 'ഹിന്ദു കോഡ് ബില്ലായി' അവതരിപ്പിച്ചു. പക്ഷെ ഹിന്ദുക്കൾക്ക് മാത്രമായി എന്തിനു നിയമം വേണം എന്ന നിർണായക ച്യോദ്യത്തിന് ഉത്തരം പറയാൻ ഡോക്റ്റർ അംബേദ്കർക്ക് പാർലമെൻറ്റിൽ സാധിച്ചില്ല. ഡോക്റ്റർ അംബേദ്കർ ബിൽ പാസാകാത്തതിൻറ്റെ പേരിൽ 1951 സെപ്റ്റംബർ 27-ന് കേന്ദ്രമന്ത്രി സഭയിൽ നിന്ന് രാജിവെക്കുകയും ചെയ്തു.

'ഹിന്ദു കോഡ് ബിൽ'  ഡോക്റ്റർ അംബേദ്കറുടെ രാജിയിൽ കലാശിച്ചതിനെ ചൊല്ലി ഹിന്ദു സമൂഹത്തിലെ യാഥാസ്ഥിതിക വാദികൾക്കെതിരെ വ്യാപകമായ വിമർശനം വന്നിട്ടുണ്ട്. ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശം പിന്നീട് അംഗീകരിക്കപ്പെട്ടു. മേരി റോയ് നടത്തിയ നിയമ പോരാട്ടത്തിലൂടെ ക്രിസ്ത്യൻ സ്ത്രീകളുടെയും സ്വത്തവകാശം സുപ്രീം കോടതി അംഗീകരിച്ചു. വിവാഹമോചനം തേടുന്നവർ സ്ത്രീകളുടെയും, കുഞ്ഞുങ്ങളുടെയും ചെലവ് വഹിക്കണം എന്ന് സുപ്രീം കോടതി പല ഉത്തരവുകളിലൂടെയും കൃത്യമായി പറഞ്ഞിട്ടുണ്ട്.

ഹിന്ദു സമൂഹത്തിലെ ജാതീയമായ വിവേചനത്തിനെതിരേ ഡോക്റ്റർ അംബേദ്കറുടെ വിമർശനം പിന്നീട് ഹിന്ദു സമൂഹത്തിലെ പുരോഗമനകാരികൾ പലരും അംഗീകരിച്ചു. ഡോക്റ്റർ അംബേദ്കറുടെ പക്ഷം പിടിക്കുന്ന മറ്റു പലരും മുസ്‌ലീം സമൂഹത്തിലെ യാഥാസ്ഥികത്ത്വത്തിനും, പുരുഷ കേന്ദ്രീകരണത്തിനും എതിരേ ഡോക്റ്റർ അംബേദ്കർ ശക്തമായ വിമർശനം നടത്തിയിട്ടുണ്ട് എന്ന വസ്തുത അംഗീകരിക്കുവാൻ മടിക്കുന്നു. 'മുസ്ലിം ബ്രദർഹുഡ്' എന്ന് പറയുന്നത് വിശാലമായ അർത്ഥത്തിലുള്ള സാഹോദര്യം അല്ല; മറിച്ച് മുസ്ലീങ്ങൾക്കിടയിൽ മാത്രമുള്ള സാഹോദര്യം ആണെന്നാണ് ഡോക്റ്റർ ബി. ആർ. അംബേദ്കർ ചൂണ്ടി കാണിക്കുന്നത്. ഇത്തരത്തിലുള്ള സങ്കുചിതമായ മത ബോധം ആധുനികമായ മൂല്യങ്ങൾക്ക് എതിരാണെന്ന് ഡോക്റ്റർ ബി. ആർ. അംബേദ്കർ 'Pakistan Or The Partition Of India' എന്ന ലേഖനത്തിൽ വളരെ വ്യക്തമായി പറയുന്നുമുണ്ട്. ഒരു മർദ്ദിത സമൂഹം എന്ന രീതിയിൽ മുസ്ലീങ്ങളെ പിന്തുണയ്ക്കുമ്പോഴും മുസ്ലിം മത മൗലിക വാദങ്ങളും, പുരുഷ കേന്ദ്രീകരണവും, ഭീകര പ്രവർത്തനങ്ങളും ഉയർത്തുന്ന ഗുരുതരമായ പ്രശ്നങ്ങൾ പലപ്പോഴും മനസിലാക്കുവാൻ ലിബറലുകൾക്കും, ദളിത് ബുദ്ധിജീവികൾക്കും, ഇടതു പക്ഷത്തിനും, അംബേദ്കറിസ്റ്റുകൾക്കും ഇന്നും സാധിക്കുന്നില്ല. അവരിൽ ചിലരൊക്കെ മുത്തലാഖിനെ ഇന്നും അനുകൂലിക്കുന്നതും അതു കൊണ്ടാണ്.