2019 ഏപ്രിൽ 24, ബുധനാഴ്‌ച

ഒരുപോലെ ചെറുക്കപ്പെടേണ്ട ഭൂരിപക്ഷ വർഗീയതയും, ന്യൂന പക്ഷ വർഗീയതയും

"ഭൂരിപക്ഷ വർഗീയതയും, ന്യൂന പക്ഷ വർഗീയതയും ഒരു പോലെ ചെറുക്കപ്പെടേണ്ടതുണ്ട്" എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് ഒരു ഇൻറ്റർവ്യൂവിൽ പറഞ്ഞത്. പക്ഷെ ഫലത്തിൽ ഭൂരിപക്ഷ വർഗീയതയെ മാത്രം ചെറുക്കുന്നതിലേക്കു കമ്യൂണിസ്റ്റുകാർ കേരളത്തിൽ കൂപ്പു കുത്തി. ഹിന്ദു ഭീകരത ചെറുത്ത കമ്യൂണിസ്റ്റുകാർ പ്രൊഫെസർ ടി. ജെ. ജോസെഫിൻറ്റെ കൈ വെട്ടിയതിനെതിരെ ഒരക്ഷരം പറഞ്ഞോ? കൈ വെട്ടിനെതിരെയും, വർഗീയ വാദിയായ മദനിക്കെതിരെയും നിലപാടെടുക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റുകാർക്ക് സാധിച്ചില്ല. ബി.ജെ.പി. - യും, ആർ.എസ്.എസും കേരളത്തിൽ വളർന്നതിൻറ്റെ രഹസ്യം വേറെ ഒരിടത്തും അന്വേഷിക്കേണ്ടതില്ല.

സദ്ദാം ഹുസൈന് വേണ്ടി സി.പി.എം. കേരളത്തിൽ ഹർത്താൽ നടത്തിയപ്പോൾൾ അദ്ദേഹത്തെ മഹത്ത്വവൽക്കരിക്കുക അല്ലേ ചെയ്തത്??? നാഷണൽ ജ്യോഗ്രഫിക് സദ്ദാമിനെയും, സദ്ദാമിൻറ്റെ ആണ്മക്കളുടെയും കൊലപാതക പരമ്പരകൾ ഉൾകൊള്ളുന്ന ഡോക്കുമെൻറ്ററി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. അതിൽ സദ്ദാം ഹുസൈൻറ്റെ ഞെട്ടിപ്പിക്കുന്ന ക്രൂരതകളാണ് കാണിക്കുന്നത്. സദ്ദാമിൻറെ രണ്ടു പുത്രിമാരുടെ ഭർത്താക്കന്മാർ കൂറ് മാറിയതിനു ശേഷം തിരിച്ചു വന്നപ്പോൾ ഭർത്താക്കന്മാരുടെ ബന്ധുക്കളെ മുഴുവൻ വിളിച്ചു വരുത്തി അവരോടൊപ്പം വെടി വെച്ച് കൊന്നയാളാണ് സദ്ദാം. വിഷ വാതകത്തിലൂടെ ആയിര കണക്കിന് കുർദുകളെ കൊന്നയാൾ. സദ്ദാം ഹുസൈന് വേണ്ടിയും, ചൈനക്കും, ഉത്തര കൊറിയക്കും വേണ്ടിയും നമ്മുടെ കമ്യുണിസ്റ്റുകാർ വാദിക്കുമ്പോൾ അവർ ചെയ്യുന്ന പ്രവർത്തിയെ പോഴത്തരം എന്നാണ് വിശേഷിപ്പിക്കേണ്ടത്. ആ വാചാലതയെ പോലെ തന്നെയുള്ള വിഡ്ഢിത്തമാണ്  ഇപ്പോൾ ശ്രീലങ്കയിലെ ബോംബ് സ്ഫോടനങ്ങളോട് 'കുറ്റകരമായ മൗനം' പുലർത്തുന്നതും.

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിലടക്കം ആറിടങ്ങളിലാണ് സ്ഫോടനം നടന്നത്. ഇന്നലത്തെ വാർത്തയിൽ 320-ൽ മിച്ചം പേർ കൊല്ലപ്പെട്ടു എന്നാണുള്ളത്. 700-ൽ മിച്ചം പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അതുകൊണ്ട് ഇനിയും മരണ സംഖ്യാ ഉയർന്നേക്കാം. ശ്രീലങ്കയിലെ സ്‌ഫോടനങ്ങൾ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ.) - യുടെ നേതൃത്വത്തിൽ ആണ് നടന്നെതെന്നാണ് ഇപ്പോൾ പുറത്തു വരൂന്ന വാർത്ത. ഇവർക്ക് ഭീകര സംഘടനയായ 'ഇസ്‌ലാമിക്ക് സ്റ്റെയ്റ്റുമായി' ബന്ധമുണ്ടെന്നുള്ള വാർത്തയും കൂടി പുറത്തു വരുന്നൂ. കുറെ വർഷങ്ങളായി പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരുന്ന ശ്രീലങ്കയിൽ നിന്ന് ഈ സ്‌ഫോടനത്തോടെ വിദേശ ടൂറിസ്റ്റുകൾ അകലം പാലിക്കും. അങ്ങനെ ശ്രീലങ്കയുടെ സംമ്പദ് വ്യവസ്ഥയെ തകർക്കുകയെന്ന ലക്ഷ്യവും അക്രമികൾക്കുണ്ട് എന്ന് വ്യക്തം. ഇതിന് വേണ്ടിയാണ് പള്ളികൾക്കൊപ്പം വലിയ സെക്യൂരിറ്റിയൊന്നുമില്ലാത്ത പഞ്ച നക്ഷത്ര ഹോട്ടലുകളും  ബോംബ് സ്‌ഫോടനത്തിന് തെരഞ്ഞെടുത്തത്. വിദേശികളെ ലക്ഷ്യമിട്ടുകൊണ്ട് പാക്കിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും ഈ രീതിയിൽ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ബോംബ് സ്‌ഫോടനങ്ങൾ നേരത്തേ ഉണ്ടായിട്ടുണ്ട്.  

എല്ലാ ഭീകര സംഘടനകളേയും, അവയുടെ അനുഭാവികളേയും ഭരണകൂടം നിരീക്ഷിക്കേണ്ടതുണ്ട്. ന്യൂനപക്ഷ വർഗീയതയേയും  ഭൂരിപക്ഷ വർഗീയതയേയും ഒരുപോലെ എതിർക്കേണ്ടതുണ്ട്. ഇന്ത്യയിൽ നമ്മുടെ ഇടതുപക്ഷവും, ലിബറലുകളും ഭൂരിപക്ഷ വർഗീയതയെ മാത്രം എതിർക്കും. അത്‌ മാറേണ്ടതുണ്ട്. ന്യൂനപക്ഷ വർഗീയത വളരെ ആസൂത്രിതവും സംഘടിതവുമായ തീവ്രവാദത്തിലേക്ക് വഴിമാറുന്നു എന്നാണ് ശ്രീലങ്കൻ ബോംബ് സ്ഫോടനം നമ്മെ പഠിപ്പിക്കുന്നത്. 2016 നവംബറിൽ ശ്രീലങ്കയുടെ ജസ്റ്റിസ് മിനിസ്റ്റർ വരേണ്യ വർഗ്ഗത്തിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസം ലഭിച്ച 32 പേർ  'ഇസ്‌ലാമിക്ക് സ്റ്റെയ്റ്റിൽ' ചേർന്നിരുന്നു എന്ന് ശ്രീലങ്കൻ പാർലമെൻറ്റിനെ ധരിപ്പിച്ചതാണ്. 2018 ഫെബ്രുവരിയിലും മാർച്ചിലുമായി ശ്രീലങ്കയിലെ അമ്പാറയിലും കാൻഡിയിലും ഉണ്ടായ മുസ്‌ലിം വിരുദ്ധ ലഹളയാണ് ഈ ബോംബ് സ്ഫോടനങ്ങളിലേക്ക് വഴിവെച്ചതെന്നാണ് ഇപ്പോൾ ശ്രീലങ്കയിലെ ഗവൺമെൻറ്റ് വൃത്തങ്ങൾ വിലയിരുത്തുന്നത്. എന്തായാലും  പ്രാദേശികമായ ഒരു വിഷയത്തിൻ മേൽ ഇത്ര കടുത്ത പ്രതികരണമൊന്നും ഒരു രീതിയിലും ന്യായീകരിക്കാൻ സാധിക്കുകയില്ല. ഇന്ത്യ ജാഗ്രതയോടെ കരുതി ഇരിക്കണം എന്ന് തന്നെയാണ് ശ്രീലങ്കൻ ബോംബ് സ്ഫോടനം നമ്മെ പഠിപ്പിക്കുന്നത്.

പലസ്തീനിൽ ഒരു മുസ്ലിം മരിച്ചാൽ കേരളത്തിൽ 'സേവ് ഗാസാ' എന്ന് പറഞ്ഞു അലമുറയിടുന്ന പലരും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ദാദ്രിയിലെ മുഹമ്മദ് അത്ത്‌ലാക്കിൻറ്റെ കൊലപാതകത്തിലും, പശുവിൻറ്റെ പേരിൽ ഉത്തരേന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങളോടും രൂക്ഷമായി പ്രതികരിക്കുന്ന പലരുടേയും നിഷ്പക്ഷതയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. അപ്പോഴൊക്കെ ഉണ്ടാകുന്ന ചാനൽ ചർച്ചകൾ ഇപ്പോൾ മലയാളം ചാനലുകളിലൊന്നിലും ശ്രീലങ്കയിലെ ഭീകരാക്രമണത്തിൻറ്റെ പശ്ചാത്തലത്തിൽ കാൺമാനില്ല എന്നതും ശ്രദ്ധേയമാണ്. തൊട്ടടുത്ത്‌ കിടക്കുന്ന ശ്രീലങ്കയിൽ ഉണ്ടായ അത്യന്തം ദാരുണമായ സംഭവം അറിഞ്ഞതായി പോലും പലരും ഭാവിക്കുന്നില്ലാ എന്നുള്ളത് നമ്മുടെ 'സെക്കുലറിസ്റ്റുകളുടെ' ഗുരുതരമായ വീഴ്ചയാണ്. 'സെക്കുലറിസ്റ്റുകകൾ' എന്ന കാപട്യക്കാരുടെ അകമഴിഞ്ഞ പിന്തുണ ഇത്തരം ആക്രമണങ്ങൾക്കൊക്കെ ഉണ്ടെന്ന് അവരുടെ 'കുറ്റകരമായ മൗനം' തെളിയിക്കുന്നു. മതേതരത്ത്വത്തേയും, മനുഷ്യാവകാശങ്ങൾക്ക് വില കൊടുക്കുന്ന നിയമ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന ഇത്തരം തീവ്രവാദി ആക്രമണങ്ങൾക്കെതിരെ മുസ്‌ലിം സമുദായം ഒന്നടങ്കം തിരിഞ്ഞില്ലെങ്കിൽ ആ സമുദായത്തിൽ ഉള്ളവരിൽ പലരും സംശയത്തിൻറ്റെ നിഴലിലാകാൻ ഇനിയും അധിക കാലമൊന്നും വേണ്ടാ. 

മുസ്‌ലിം സമുദായത്തെ കുറിച്ച് പറയുന്നത് അവർ മുമ്പ് പല മനുഷ്യാവകാശ വിഷയങ്ങളും ഉയർത്തിയിട്ടുള്ളതിനാലാണ്. ബർമയിലെ റോഹിൻഗ്യകളോട് ഔദാര്യം കാണിക്കണം; അവർക്ക് അഭയം നൽകണം എന്ന് പറഞ്ഞു പല മുസ്‌ലിം സംഘടനകളും ക്യാംപെയിൻ സംഘടിപ്പിച്ചതാണ്. ഐലാൻ കുർദി കൊല്ലപ്പെട്ടപ്പോഴും സമാനമായ ക്യാംപെയിൻ ഉണ്ടായി. കാശ്മീരിലെ മനുഷ്യാവകാശ പ്രശ്നം ഉയർത്തിയും വലിയ ക്യാംപെയിൻ സോഷ്യൽ മീഡിയയിൽ ഉണ്ടായി. ഏറ്റവും ഒടുവിൽ ന്യൂസിലണ്ടിലുണ്ടായ വെടിവെപ്പിനെ ചൊല്ലിയും വലിയ ക്യാംപെയിനും മാധ്യമ ചർച്ചയും ഉണ്ടായി. അതൊന്നും ശ്രീലങ്കൻ വിഷയത്തിൽ കാൺമാനില്ലാ.

ഇപ്പോൾ ഇസ്‌ലാമിക സംഘടനകൾ ആഗോള തലത്തിൽ തന്നെ ഭീകര പ്രവർത്തനങ്ങൾ ഒരുമിപ്പിക്കുന്നു എന്നുള്ളതും, പല രാജ്യങ്ങളിൽ നിന്നും 'സ്‌റ്റെയിറ്റ് സപ്പോർട്ട്' അവക്കൊക്കെ കിട്ടുന്നു എന്നുള്ളതും ശ്രീലങ്കൻ ബോംബാക്രമണത്തിൻറ്റെ പശ്ചാത്തലത്തിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ന്യൂസിലാൻഡിൽ വെടിവെയ്പ്പ് ഉണ്ടായപ്പോൾ അതിനു ശക്തമായ തിരിച്ചടി നൽകും എന്ന് തുർക്കി പ്രസിഡൻറ്റ് എർദോഗാൻ പറഞ്ഞതും, 'ഇസ്‌ലാമിക്ക് സ്റ്റെയ്റ്റിനെ' റഷ്യ ടാർജറ്റ് ചെയ്തപ്പോൾ റഷ്യൻ വിമാനം വെടിവച്ചു തകർത്തതും, റഷ്യൻ അംബാസിഡർ കൊല്ലപ്പെട്ടതും ഒക്കെ ഈ ആഗോള തലത്തിൽ തന്നെ ഭീകര പ്രവർത്തനങ്ങൾ ഒരുമിക്കുന്നു എന്നുള്ളതിൻറ്റെ ദൃഷ്ടാന്തമാണ്. യമൻ, ഇറാൻ, ഖത്തർ - ഈ രാജ്യങ്ങൾക്കെതിരേ പലപ്പോഴും ഭീകര പ്രവർത്തനങ്ങങ്ങളെ  സഹായിക്കുന്നു എന്നുള്ള ആരോപണം ഉയർന്നിട്ടുണ്ട്. പാക്കിസ്ഥാൻ പണ്ടേ ഇത്തരം ഭീകര സംഘടനകൾക്കു കയ്യയച്ച സഹായം നൽകുന്ന രാജ്യമാണ്. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ തിരിച്ചു വരുന്നൂ. അയൽ രാജ്യമായ ബർമയ്ക്ക് പുറമേ ഇപ്പോൾ ശ്രീലങ്കയിലും ഇസ്‍ലാമിൻറ്റെ പേരിൽ ഉയരുന്ന ഈ ഭീകരത ഇന്ത്യയിലുള്ള പലരേയും ആശങ്കയിലാഴ്ത്തും എന്ന് പറയാതെ വയ്യാ. 

2019 ഏപ്രിൽ 18, വ്യാഴാഴ്‌ച

വിദ്യാഭ്യാസമുള്ളവർക്ക് തൊഴിലില്ലാത്ത ഇന്നത്തെ ഇൻഡ്യാ

2018 സെപ്റ്റെംബർ - ഡിസംബർ കാലയളവിൽ 35 .3 ലക്ഷം സ്ത്രീ ബിരുദ ധാരികൾക്കും, 9.9 ലക്ഷം പുരുഷ ബിരുദ ധാരികൾക്കും ജോലിയില്ലാ. പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കിയ 2 . 9 മില്യൺ ആളുകൾക്കും ഇന്ത്യയിൽ ജോലിയില്ലാ. സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) -യുടെ പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഏതാണ്ട് 30 ലക്ഷം ബിരുദാനന്തര ബിരുദ ധാരികളായ യുവതീ - യുവാക്കൾ തൊഴിലില്ലാതെ അലയുന്ന ഈ രാജ്യത്ത് അതാണ് ഏറ്റവും വലിയ സാമൂഹിക പ്രശ്നം എന്ന് കാണാൻ വലിയ ഗവേഷണം ഒന്നും വേണ്ടാ. തൊഴിലില്ലാതെ യുവതീ - യുവാക്കളിൽ വലിയ തോതിൽ 'ഫ്രസ്റ്റ്രേഷൻ' വ്യാപിക്കുന്നു എന്ന് വെളിവാക്കുന്ന പല റിപ്പോർട്ടുകളും രാജ്യത്തിൻറ്റെ പല ഭാഗങ്ങളിൽ നിന്ന് വരുന്നുമുണ്ട്. 'വൺ നൈറ്റ് അറ്റ് ദി കോൾ സെൻറ്റർ' (One Night @ the Call Center) പോലുള്ള നിരവധി നോവലുകൾ എഴുതുകയും, ബി.ജെ.പി. രാഷ്ട്രീയത്തിന് വലിയ തോതിൽ പിന്തുണ കൊടുക്കുകയും ചെയ്തിരുന്ന ചേതൻ ഭഗത്ത് പോലും ഈ തൊഴിലില്ലായ്മ രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള യുവതീ - യുവാക്കളുടെ ആശയും പ്രതീക്ഷയും കെടുത്തുകയാണ് എന്ന് എഴുതിയിരുന്നൂ.

കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാഭ്യാസമുള്ള യുവതീ - യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടാൻ എന്താണ് കാരണം??? 2018 - ൽ മാത്രം10 മില്യൺ തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) -യുടെ പഠനത്തിൽ ഉള്ളത്. നോട്ട് നിരോധനവും, ജി.എസ്.ടി. - യും സൃഷ്ടിച്ച ആശയകുഴപ്പം തൊഴിൽ മേഖലയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. പക്ഷെ അത് മാത്രമല്ല പ്രശ്നം. ആമസോൺ, ഫ്ളിപ്പ്കാർട്ട്, സ്നാപ്പ്‌ഡീൽ - പോലുള്ള ഓൺലയിൻ ഏജൻസികൾ ഇന്ത്യയിൽ മുഴുവൻ കത്തി കയറുമ്പോൾ സാധനങ്ങൾ പാക്ക് ചെയ്യാനും, ഡെലിവറി നടത്താനുമുള്ള ജോലികൾക്ക് സാധ്യതയുണ്ട്. വലിയ വിദ്യാഭ്യാസമുള്ളവരെ ആർക്കും അപ്പോൾ വേണ്ടാ. ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസും, റോബോട്ടിക്ക് ടെക്‌നോളജിയും പല ഫാക്റ്ററി ജോലികളും അപഹരിച്ചു. ചുരുക്കം പറഞ്ഞാൽ 2016 - 2018 കാലയളവിൽ 38 മില്യൺ വിദ്യാഭ്യാസമുള്ളവരാണ് തൊഴിലില്ലാത്തവരുടെ കൂട്ടത്തിലേക്ക് ചേർക്കപ്പെട്ടത് എന്നാണ് സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) -യുടെ പഠനത്തിൽ വ്യക്തമാക്കുന്നത്. ഒരു 10 വർഷം മുമ്പ് എൻജിനീയർമാർക്കും, എം.ബി.എ. ബിരുദ ധാരികൾക്കും ഇൻഡ്യയുടെ തൊഴിൽ രംഗത്ത് നല്ല സ്കോപ്പുണ്ടായിരുന്നു. പക്ഷെ ഇന്നിപ്പോൾ എൻജിനീയർമാരേയും, എം.ബി.എ. ബിരുദ ധാരികളേയും പല കമ്പനികൾക്കും വേണ്ടാ.

താഴെക്കിടയിലുള്ള ജോലികൾക്ക് ഇപ്പോഴും സാധ്യതകളുണ്ട് - ആശുപത്രി ജോലികൾ, ഡിപ്പാർട്ട്മെൻറ്റ് സ്റ്റോറുകളിലെ ജോലികൾ, വൃത്തിയാക്കൽ ജോലികൾ - ഇങ്ങനെയുള്ള ജോലികൾ. പക്ഷെ വിദ്യാഭ്യാസമുള്ള യുവതീ - യുവാക്കൾക്ക് അത്തരം തൊഴിലുകളൊന്നും വേണ്ടാ. മുകളിൽ കറങ്ങുന്ന ഫാനും, 'റോളിങ്ങ് ചെയറും', 'കിങ്ങ് സൈസ് ടേബിളും', മുന്നിൽ കംബ്യുട്ടറും ഉള്ള തൊഴിലുകളോടാണ് നമ്മുടെ യുവതീ - യുവാക്കൾക്ക് ആഭിമുഖ്യം മുഴുവനും. നമ്മുടെ സിനിമകളൊക്കെ അത്തരം ജോലികളിലാണ് മഹത്ത്വം എന്ന സന്ദേശമാണല്ലോ ഉൽഘോഷിക്കുന്നത്!!!! സുരേഷ് ഗോപിയൊക്കെ എയർ കണ്ടീഷൻ മുറിയിൽ 'കിങ്ങ് സൈസ് ടേബിളിൻറ്റെ' പിന്നിലിരുന്ന് ലൈറ്ററിൽ നിന്ന് സിഗററ്റ് കൊളുത്തുന്ന സീനൊക്കെയാണല്ലോ നമ്മുടെ ചെറുപ്പക്കാരുടെ മനസിലുള്ളത്!!!  അപ്പോൾ അവർ അവരുടെ ഹീറോയെ പോലെ കറങ്ങുന്ന ഫാനിന് കീഴിലുള്ള ഗവൺമെൻറ്റ് ജോലി മാത്രം സ്വപ്നം കണ്ടാൽ അവരെ കുറ്റം പറയാൻ സാധിക്കുകയില്ല. അത് കൂടാതെ ജോലിക്ക് സെക്യൂരിറ്റിയും, നല്ല ശമ്പളവും, തൊഴിൽ പരമായ ബെനെഫിറ്റുകളും ഇന്നത്തെ ചെറുപ്പക്കാർ സ്വപ്നം കാണുന്നൂ. അതുകൊണ്ട് 2 . 5 കോടി യുവതീ - യുവാക്കൾ റെയിൽവേയിലെ താഴെക്കിടയിലുള്ള 90,000 ജോലികൾക്ക് അപേക്ഷിച്ചതിൽ  അൽഭുതമില്ല. കുറച്ചു നാൾ മുമ്പ് അപേക്ഷ വന്ന ഉത്തർ പ്രദേശ് പൊലീസിലെ 'മെസേഞ്ചർ' പോസ്റ്റിന് അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും അപേക്ഷിച്ച വാർത്തയൊക്കെ ഇപ്പോൾ വാർത്ത അല്ലാതായി മാറുകയാണ്. ഇന്നിപ്പോൾ അതേ പോസ്റ്റിന് അപേക്ഷ ക്ഷണിച്ചാൽ അതിൽ കൂടുതൽ യുവതീ - യുവാക്കൾ അപേക്ഷിക്കുന്ന സ്ഥിതി രാജ്യത്ത് സംജാതമായിട്ടുണ്ട്!!!!

ചെറുകിട വ്യവസായം, കാർഷിക രംഗം, കൺസ്ട്രക്ഷൻ മേഖല, ഐ. ടി., റെയിൽവേ, എയർ പോർട്ടുകൾ, റോഡ് വികസനം, തുറമുഖ വികസനം - ഇവയൊക്കെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നത്. അസംഘടിത മേഖലയിലും, കാർഷിക മേഖലയിലും പ്രവർത്തിക്കുന്നവരിൽ പലർക്കും ജി.എസ്.ടി-യും, നോട്ടു നിരോധനവും സൃഷ്ടിച്ച ആശയ കുഴപ്പത്തിൽ നിന്ന് ഇനിയും മുക്തരാകുവാൻ സാധിച്ചിട്ടില്ല. നോട്ടു നിരോധനവും, ജി.എസ്.ടി-യും ഒക്കെ വന്നതിൽ പിന്നെ നമ്മുടെ പല മേഖലകളിലും ഉളവാക്കുന്ന തൊഴിലിനെ ആണ് അവയൊക്കെ ഏറ്റവും കൂടുതൽ ബാധിച്ചതെന്ന വസ്തുത കാണാതെ പോകരുത്. സാധാരണ ജനത്തിനേറ്റവും കൂടുതൽ തൊഴിൽ നൽകുന്ന തുകൽ, ടെക്സ്റ്റയിൽസ്, കൺസ്ട്രക്ഷൻ മേഖല - ഇവയൊക്കെ ഇന്ന് മൊത്തം മാന്ദ്യത്തിലാണ്. നോട്ടു നിരോധനം മൂലം ആകെ കൂടിയുള്ള നേട്ടം പുരോഗതി പ്രാപിച്ച ഡിജിറ്റൽ ഇക്കോണമിയാണ്. പക്ഷെ അപ്പോഴും ഓർക്കണം - നോട്ട് നിരോധനത്തിന് മുൻപും ഇതേ ഇൻറ്റെർനെറ്റ് ബാങ്കിങ്ങും, ക്രെഡിറ്റ് കാർഡ് പ്രോസസിങ്ങും എല്ലാം ഇവിടെ ഉണ്ടായിരുന്നു എന്നുള്ളത്. 'പേ.ടി.എം.' പോലും നോട്ടു നിരോധനത്തിന് മുൻപ് ഇവിടെ ഉണ്ടായിരുന്നു. 2011 മുതൽ തന്നെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറഞ്ഞിരുന്നു എന്നാണ് 'ലേബർ സ്റ്റാറ്റിസ്റ്റിക്സ്' ഉദ്ധരിച്ച് പലരും കൃത്യമായി പറയുന്നത്. ബി.ജെ.പി. സർക്കാർ അവരുടെ അവരുടെ തലതിരിഞ്ഞ പോളിസികളിലൂടെ അത് വേഗത്തിലാക്കുകയാണ് 2014 മുതൽ ചെയ്തത്.

പാൽ, പാലുൽപന്നങ്ങൾ, പോത്തിറച്ചിയുടെ കയറ്റുമതി, തുകൽ വ്യവസായം - എന്നിവയിലൂടെ ഉത്തർ പ്രദേശ്, ബീഹാർ - തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രമല്ല; ഹിന്ദി ബെൽറ്റിൽ മുഴുവൻ സമ്പത് വ്യവസ്ഥ 2014 മുതൽ കരുത്താർജിക്കുകയായിരുന്നു. പക്ഷെ ബി.ജെ.പി. - യുടെ അന്ധമായ പശുസ്നേഹം ആ സാധ്യത കൊട്ടിയടച്ചു. ഒപ്പം കർഷകർക്കും ന്യൂനപക്ഷ സമുദായങ്ങളിലെ വലിയൊരു വിഭാഗത്തിനും ഈ പശുസ്നേഹം വലിയ സാമ്പത്തിക തിരിച്ചടികൾ നൽകി. കർഷക പ്രക്ഷോഭം ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തി പ്രാപിക്കുന്നതിന് കാരണവും കറവ വറ്റിയ കന്നുകാലികളെ വിൽക്കാൻ പറ്റാത്തതിനാലാണ്. കയറ്റുമതിയിലും കാര്യമായ വർദ്ധനവ് ഉണ്ടാക്കാനും ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല.

ഇന്ത്യയെ ലോകത്തിൻറ്റെ 'മാനുഫാക്ചറിങ്ങ് ഹബ്ബാക്കും'; ആഭ്യന്തര കമ്പനികളേയും ആഭ്യന്തര ഉൽപന്നങ്ങളേയും പ്രോൽസാഹിപ്പിക്കും; ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നിർമ്മിക്കും; ആഗോള തലത്തിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ സ്വീകാര്യത കൂട്ടും - അങ്ങനെ ഒരുപിടി വാഗ്ദാനങ്ങളാണ് 'മെയ്ക്ക് ഇൻ ഇന്ത്യ' - പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ടു വെച്ചത്. സോഷ്യൽ മീഡിയയിലൂടെ ഏറ്റവുമധികം സ്വീകാര്യത നേടുന്ന പദ്ധതിയായി 'മെയ്ക്ക് ഇൻ ഇന്ത്യ' - യെ മാറ്റാനും കേന്ദ്ര സർക്കാരിന് കഴിഞ്ഞു. "2020 ആകുമ്പോഴേക്കും രാജ്യത്ത് 10 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും; രാജ്യത്തെ ഇറക്കുമതി രഹിതമാക്കും - അതാണ് 'മെയ്ക്ക് ഇൻ ഇന്ത്യ' - യുടെ പ്രധാന ലക്ഷ്യം" - എന്നൊക്കെയാണ് ബി.ജെ.പി. സർക്കാരിലെ പലരും നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ 'മെയ്ക്ക് എൻ ഇന്ത്യ' പദ്ധതി വൻ പൊള്ളത്തരമായി മാറുകയാണ് - പ്രതിരോധ മേഖലയിലും മറ്റു നിർമാണ മേഖലകളിലും. ബി.ജെ.പി. സർക്കാർ വന്നതിൽ പിന്നെ റാഫേൽ വിമാനങ്ങളുടെ കാര്യത്തിൽ  പൂർണ സജ്ജമായ വിമാനങ്ങൾ വാങ്ങുമ്പോൾ 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റ കരാർ പ്രകാരം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൻറ്റെ (എച്ച്.എ.എൽ.) ബാങ്ളൂരുവിലെ പ്ലാൻറ്റിൽ നിർമ്മിക്കുമെന്നുള്ള മുൻ സർക്കാരുമായി ഉണ്ടാക്കിയ ധാരണ ബലികഴിക്കപ്പെടുകയാണ്. ഇത്തരം കരാറുകളിലെല്ലാം വിദേശ രാജ്യങ്ങൾക്കും, വിദേശ കമ്പനികൾക്കുമാണ് മുൻതൂക്കം. ചുരുക്കം പറഞ്ഞാൽ തൊഴിലവസരങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നില്ലാ.

'വെയിസ്റ്റ് എൻജിനീയറിങ്ങ്' വഴി യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും കേബിളുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങി അതൊക്കെ 'പ്രോസസ്' ചെയ്ത് വിലകുറഞ്ഞ പുതിയ വസ്തുക്കളാക്കി യൂറോപ്പിലേക്കും, അമേരിക്കയിലേക്കും തന്നെ കയറ്റുമതി ചെയ്താണ് ചൈന ഉൽപ്പാദന മേഖലയിൽ വൻശക്തി ആയി മാറിയത്. അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലും 'ഹ്യുമൻ വെയിസ്റ്റും', മറ്റു മാലിന്യങ്ങളും ഈ രീതിയിൽ 'പ്രോസസ്' ചെയ്ത് ആളുകൾ കോടീശ്വരന്മാർ ആകുകയാണ്. കുപ്പികളും, ഉപേക്ഷിക്കപ്പെട്ട ഗൃഹോപകരണങ്ങളും അവിടെ കെട്ടിട നിർമാണത്തിന് വൻ തോതിൽ ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡ് നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. പക്ഷെ ഇന്ത്യയിൽ വൻതോതിൽ തൊഴിൽ സൃഷ്ടിക്കാവുന്ന 'വെയിസ്റ്റ് എൻജിനീയറിങ്ങ്' മേഖല ഇവിടെ പ്രോൽസാഹിപ്പിക്കപ്പെടുന്നില്ലാ. ജാതി ബോധവും, മത ബോധവും കൂടുതലുള്ള ബി.ജെ.പി. നേതാക്കൾക്ക് നമ്മുടെ യാഥാസ്ഥിതിക സമൂഹത്തിന് അന്യമായ മൂല്യങ്ങളോട് കൂടിയ ആ 'വെയിസ്റ്റ് എൻജിനീയറിങ്ങ്' മുന്നോട്ട് വെക്കുന്ന പുതിയ തൊഴിൽ മേഖല കണ്ടെത്താനാവുമെന്നും തോന്നുന്നില്ല. അതൊക്കെ കണ്ടെത്തണമെങ്കിൽ പണ്ട് 'ദളിത് കോളനിയിൽ' ചെന്ന് കക്കൂസ് വൃത്തിയാക്കുകയും ആ വകുപ്പിൽ 'ഡിഗ്‌നിറ്റി ഓഫ് ലേബർ' എന്ന മഹത്തായ ആശയം പ്രോൽസാഹിപ്പിക്കുകയും ചെയ്ത മഹാത്മാ ഗാന്ധിയേയും, ആചാര്യ വിനോബാ ഭാവയേയും പോലുള്ള വ്യക്തി പ്രഭാവമുള്ള നേതാക്കൾ ഇന്ത്യയിൽ വരേണ്ടതുണ്ട്. നിർഭാഗ്യവശാൽ ഇന്നത്തെ ഇന്ത്യയിൽ അത്തരം ഉജ്ജ്വല വ്യക്തിത്ത്വങ്ങളില്ലാ. അതുകണ്ട മാലിന്യങ്ങൾ ഇന്ത്യയിൽ എല്ലായിടത്തും കുന്നുകൂടുന്നു; 'വെയിസ്റ്റ് എൻജിനീയറിങ്ങ്' - ലൂടെ ഉണ്ടാക്കാവുന്ന ബില്യൺ ഡോളർ ഇൻഡസ്ട്ട്രിക്കും, തൊഴിലവസരങ്ങൾക്കും നാം പൃഷ്ഠം കാണിക്കുകയും ചെയ്യുന്നൂ.

നമ്മുടെ പ്രയപ്പെട്ട പ്രധാന മന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോഡിയും, ബി.ജെ.പി. -യുടെ ദേശീയ അധ്യക്ഷൻ അമിത് ഷായും താമസിയാതെ രാമ ക്ഷേത്രത്തേയും, ശബരിമല അയ്യപ്പനേയും കുറിച്ച് പറഞ്ഞു വോട്ട് പിടിക്കുവാൻ കേരളത്തിലേക്ക് വരും. സുഷമാ സ്വരാജ്, യോഗി ആദിത്യനാഥ് - ഒക്കെ അടക്കം ബി.ജെ.പി. -യുടെ ഉന്നത നേതാക്കളെല്ലാം ഇതിനോടകം തന്നെ ഈ വിഷയങ്ങളൊക്കെ ഉയർത്തിയിട്ടുമുണ്ട്. പക്ഷെ 2014-ൽ നിന്ന് വ്യത്യസ്തമായി തൊഴിലില്ലാത്ത യുവതീ - യുവാക്കളിൽ വലിയ തോതിൽ 'ഫ്രസ്റ്റ്രേഷൻ' വ്യാപിക്കുമ്പോൾ രാമ ക്ഷേത്രത്തിനും, ശബരിമല അയ്യപ്പനും എന്താണ് പ്രസക്തി??? രാഹുൽ ഗാന്ധിക്ക് സമീപ കാലത്ത് ജനപ്രീതി വർധിക്കുവാൻ പ്രധാന കാരണം യുവതീ - യുവാക്കളുടെ തൊഴിലില്ലായ്മ എന്ന വിഷയം ഉയർത്തിയത് കൊണ്ടാണ്. തിരുവനന്തപുരത്ത് വന്നപ്പോൾ ആ വിഷയം വീണ്ടും രാഹുൽ ഗാന്ധി ഊന്നി പറഞ്ഞു. ജ്യോതി വിജയകുമാർ വികാരനിർഭരമായി അത് ജനങ്ങളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ ഇന്ത്യയിലെ ഈ യുവതീ - യുവാക്കളുടെ തൊഴിലില്ലാത്ത അവസ്ഥയിൽ 5 വർഷത്തെ ഭരണ പരാജയം മൂടി വെയ്ക്കുവാൻ സാധിക്കില്ലാ. അയ്യപ്പ സ്വാമിയും, ശ്രീരാമനും 5 വർഷത്തെ ഭരണ പരാജയത്തിൽ നിന്ന് ബി.ജെ.പി. - യെ രക്ഷിക്കുമെന്നും തോന്നുന്നില്ലാ. ജനങ്ങളെ മറന്നുകൊണ്ട് അയ്യപ്പനേയും രാമനേയും കൂട്ടുപിടിച്ച് ആ വകുപ്പിൽ വലിയ തോതിൽ വാചകമടിച്ചിട്ട് ബി.ജെ.പി. -ക്ക് കനത്ത പ്രതീക്ഷയ്ക്ക് വകുപ്പില്ലാ; ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും ഇല്ലാ. ചുരുക്കം പറഞ്ഞാൽ തേങ്ങ എത്ര അരച്ചിട്ടെന്ത് കാര്യം????.... താളല്ലേ കറി...... ഒരുവശത്ത് കർഷക ആത്മഹത്യ; മറുവശത്ത് യുവതീ - യുവാക്കൾക്ക് തൊഴിലില്ല. പിന്നെ രാമ ക്ഷേത്രത്തേയും, ശബരിമല അയ്യപ്പനേയും കുറിച്ച് എത്ര വാചകമടിച്ചിട്ടും എന്തു കാര്യം???

2019 ഏപ്രിൽ 4, വ്യാഴാഴ്‌ച

ചരിത്രം പറഞ്ഞുള്ള പ്രശ്നമുണ്ടാക്കൽ

ചിലർ ഇപ്പോൾ ചരിത്രം പറഞ്ഞു ഹിന്ദുവിനെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്. മധ്യ കാല ഖട്ടത്തിൽ ഇന്ത്യ വിദേശാക്രമണത്തിനു വിധേയമായിട്ടുണ്ടെങ്കിൽ അത് ഇന്ത്യയിൽ തന്നെ നില നിന്ന ജീർണാവസ്ഥ കൊണ്ടായിരുന്നു. ആ ജീർണാവസ്ഥയെ അംഗീകരിക്കാൻ മടിക്കുന്നവരാണ് പുറത്തു നിന്നുള്ള ആക്രമണത്തെ കുറ്റം പറയുന്നത്. മധ്യ കാല ഖട്ടത്തിൽ ഒരു വശത്ത് ആത്മീയതയും, ഭക്തിയും ഉള്ളപ്പോൾ തന്നെ മറുവശത്ത് നാട്ടു രാജാക്കന്മാരുടെ ധൂർത്തും, ഭൂ പ്രഭുക്കളുടെയും, മാടംബിമാരുടെയും അക്രമവും, ജാതീയമായ അടിച്ചമർത്തലും ഇന്ത്യയിൽ ധാരാളമായി നടന്നിട്ടുണ്ട്. ഇവരുടെ ആക്രമവും, അടിച്ചമർത്തലും കൊണ്ടാണ് കൂടുതൽ ആളുകൽ മരിച്ചത്. ഇന്ത്യയിൽ ജനസംഖ്യ വലിയ തോതിൽ കൂടിയത് ബ്രട്ടീഷ് ഭരണത്തിൻറ്റെ കീഴിൽ ശക്തമായ കേന്ദ്രീകൃത സംവിധാനം ഉണ്ടായപ്പോഴാണ്. ഇത് ചരിത്ര സത്യം. കോടതിയും, കരം പിരിവും, സൈന്യവും, ദേശീയ ഭരണ സംവിധാനവും, നാട്ടു രാജാക്കന്മാർ തമ്മിലുള്ള സന്ഖർഷമില്ലായ്മയും ആണ് ആധുനികതയിലേക്കുള്ള ഈ ഇന്ത്യാ മഹാ രാജ്യത്തിൻറ്റെ ആദ്യ കാൽ വെയ്പ്. നാം ഇവിടെ നില നിന്നിരുന്ന അന്തർ ചിദ്രങ്ങളെ കുറിച്ച് പറയാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം? ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ്, റോബോട്ടിക്ക് ടെക്‌നോളജി, 5G- ഇവയൊക്കെയായി ലോകം മുന്നേറുമ്പോൾ മതവും, ചരിത്രവും പറഞ്ഞു പ്രശ്നമുണ്ടാക്കേണ്ട യാതൊരു കാര്യവുമില്ല.  മതത്തിലും, ചരിത്രത്തിലും എന്തെല്ലാം ക്രൂരതകളും, നീതി നിഷേധങ്ങളും നടന്നിട്ടുണ്ട്??? ചരിത്രത്തിലും, മതങ്ങളിലും ഒത്തിരി നീതി നിഷേധങ്ങളും അക്രമങ്ങളുമൊക്കെ നടന്നിട്ടുണ്ട്. ചെഞ്ചിഷ് ഖാൻ യൂറോപ്പിൽ ഇന്ന് കാണുന്ന പല നഗരങ്ങളെയാകെ ചുട്ടെരിച്ചാണ് പടയോട്ടം നടത്തിയിട്ടുള്ളത്. ചെഞ്ചിഷ് ഖാൻ മാത്രമല്ലാ; ചരിത്രത്തിലെ പല രാജാക്കൻമാരും ക്രൂരരാണ്. ഇന്ത്യയിൽ ചോള രാജാക്കൻമാരുടെ പടയോട്ടങ്ങളിൽ അങ്ങേയറ്റം ക്രൂരതയാണ് ചരിത്രകാരന്മാർ ആരോപിക്കുന്നത്. ശൈവരും വൈഷ്ണവരും തമ്മിൽ സംഘട്ടങ്ങൾ നടന്നിരുന്ന ഒരു കാലഘട്ടവും ഇന്ത്യയിൽ ഉണ്ടായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലിരുന്ന് ആ ചരിത്ര വസ്തുതകളെ കുറിച്ച് ആകുലപ്പെട്ടിട്ടും പരിഭവിച്ചിട്ടും ഒരു കാര്യവുമിമില്ല. ടൈമൂർ ഡൽഹി ആക്രമിച്ചതിന് ശേഷം 3-4 ദിവസം കഴുകൻമാരല്ലാതെ ഒന്നും ഡൽഹിക്കു മീതെ കൂടി പറന്നിട്ടില്ലാ എന്നാണ് പറയപ്പെടുന്നത്. ചെഞ്ചിഷ് ഖാനും, ടൈമൂറും മുസ്ലീങ്ങളല്ലായിരുന്നത് കൊണ്ട് ബി.ജെ.പി.-യും, സംഘ പരിവാറുകാരും ആ ആക്രമണങ്ങളൊക്കെ പറഞ്ഞുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.

ലോകത്തിലെ പല ഭാഗങ്ങളിലുമുള്ളവർക്ക് ചെൻജിഷ്ഖാൻ അതി ക്രൂരനാണെങ്കിലും മംഗോളിയർക്ക് ഇന്നും ചെൻജിഷ് ഖാൻ ആരാധ്യ പുരുഷൻ ആണ്. അവരുടെ ഹീറോയാണ് ഇന്നും ചെൻജിഷ് ഖാൻ. മംഗോളിയയിൽ കുതിരപ്പുറത്തിരിക്കുന്ന ചെൻജിഷ് ഖാൻറ്റെ വലിയ പ്രതിമയുണ്ട്. പടയോട്ടങ്ങൾ മാത്രമല്ലാ; കണ്ടമാനം സ്ത്രീ സംഗങ്ങളും ചെൻജിഷ് ഖാൻ നടത്തിയിട്ടുണ്ട്. ഇന്ന് ലോക ജനസംഖ്യയിൽ ആയിരത്തിൽ 200-നടുത്തുള്ള പുരുഷന്മാരെ എടുത്താൽ അവർക്ക് ഒരു 'Common Ancestor' ഉണ്ടെന്നാണ് ചില ജനിതക ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ആ 'Common Ancestor' ചെൻജിഷ് ഖാൻ അല്ലാതെ മറ്റാരുമല്ല എന്നും അവർ ഉറച്ച സ്വരത്തിൽ പറയുന്നു. ചെൻജിഷ് ഖാന്റെ 'Y Chromosome' തന്നെയാണ് ലോകത്തെ ആയിരത്തിൽ 200-നടുത്തുള്ള പുരുഷൻമാരും, മദ്ധ്യേഷ്യയിലെ ഒന്നരക്കോടിയിലേറെ പുരുഷൻമാരും ഇൻഹെറിറ്റ് ചെയ്തിരിക്കുന്നതെന്ന് എങ്ങനെ മനസ്സിലായി എന്നു ചോദിച്ചാൽ ഉത്തരം വളരെ ലളിതം - അത്രമാത്രം സ്ത്രീ സംഗങ്ങളാണ് ചെൻജിഷ് ഖാൻ നടത്തിയത്!!! സത്യത്തിൽ സ്ത്രീ സംഗങ്ങളുടേയും, ആക്രമണങ്ങളുടേയും പേര് പറഞ്ഞു ഈ ചെൻജിഷ് ഖാനിൽ വലിയ ക്രൂരത ഒന്നും ആരോപിക്കപ്പെടേണ്ട കാര്യമില്ല. ചരിത്രത്തിൽ എന്തെല്ലാം ക്രൂരതകളും, പെണ്ണു പിടുത്തങ്ങളും ഒക്കെ നടന്നിട്ടുണ്ട്??? ഇന്നാർക്കെങ്കിലും അതൊക്കെ തിരുത്തുവാൻ സാധിക്കുമോ??? നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രം ഇന്ന് നമ്മളെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. തമാശയും ഗൗരവവും ഒക്കെ കലർത്തിയാണ് ചരിത്രം പഠിക്കേണ്ടത്. ചരിത്രം പറഞ്ഞു വികാരാവേശം കൊള്ളേണ്ട ഒരു കാര്യവുമില്ല. ഇന്ത്യയിൽ മാത്രമാണ് ഇന്നും ചരിത്രം പറഞ്ഞു ചിലർ വികാരാവേശം കൊള്ളുന്നത്; പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പണ്ട് ഡൽഹിയിൽ ഞങ്ങളുടെ കൂടെ മംഗോളിയയിൽ നിന്ന് ട്രെയിനിങ്ങിന് വന്ന ആറടിയിൽ മിച്ചം പൊക്കമുള്ള ഒരു സുന്ദരി ഉണ്ടായിരുന്നു. ആ മംഗോളിയൻ സുന്ദരിയെ "Grand Grand daughter of Chenjizh Khan" എന്നു പറഞ്ഞാണ് ഞങ്ങൾ കളിയാക്കിയിരുന്നത്. കക്ഷിക്ക് അതിലൊട്ടും പരിഭവവും ഇല്ലായിരുന്നു. കാരണം ചെൻജിഷ് ഖാൻറ്റെ പെണ്ണ് പിടുത്തത്തിൻറ്റെ കഥകൾ ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് !!!

ആക്രമണങ്ങളുടേയും, പെണ്ണു പിടുത്തത്തിൻറ്റേയും അല്ലാതെ അതിനേക്കാൾ രസകരമായ ഭക്ഷ്യ ചരിത്രവുമുണ്ട് ആദിമ മനുഷ്യൻറ്റേതായി. പ്രസിദ്ധ ചരിത്രകാരനായ വിൽ ഡ്യൂറൻറ്റ് തൻറ്റെ ഭാര്യയായ ഏരിയൽ ഡ്യൂറൻറ്റുമൊപ്പം നാഗരികതയുടെ ചരിത്രം - 13 വോളിയമായി എഴുതിയിട്ടുണ്ട്. 13 വോളിയത്തിലുള്ള ‘The Story of Civilization’ ചരിത്ര വിദ്യാർത്ഥികളുടേയും, നരവംശ ശാസ്ത്രജ്ഞന്മാരുടേയും ഒരു നിധിയാണ്. അതീവ മനോഹരമായ ഭാഷാ ശൈലി കൊണ്ടും, ഗവേഷണത്തിൻറ്റെയും, തെളിവുകളുടെയും വിപുലത കൊണ്ടും ഏതൊരു വായനക്കാരനെയും അമ്പരപ്പിക്കുന്നതാണ് വിൽ ഡ്യൂറൻറ്റിൻറ്റെ കൃതികൾ. നാഗരികതയുടെ ചരിത്രം - 13 വോളിയമായി എഴുതിയതിന് പുറമേ ‘The Story of Philosophy’, ‘Lessons from History’ - എന്നീ പുസ്തകങ്ങളും വിൽ ഡ്യൂറൻറ്റ് എഴുതിയിട്ടുണ്ട്. 'ബെസ്റ്റ് സെല്ലെർ' പട്ടികയിലുള്ള ‘The Story of Civilization’ - ലെ ആദ്യ വോളിയമാണ് ‘Our Oriental Heritage’. ആ പുസ്തകത്തിലെ പ്രസിദ്ധമായ അധ്യായമാണ് ‘From Hunting to Industry’. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ ആദിമ മനുഷ്യൻറ്റെ നായാടലിൽ നിന്ന് വാണിജ്യത്തിലേക്കുള്ള ചരിത്രമാണിത്. വിൽ ഡ്യൂറൻറ്റ് ആഫ്രിക്കയിൽ പോയ അനേകം മിഷനറിമാരുടെ യാത്രാ വിവരണങ്ങളും, പര്യവേഷക സംഘങ്ങളുടെ കണ്ടെത്തലുകളിൽ നിന്നും ആദിമ മനുഷ്യൻറ്റെ ആഹാര രീതിയുടെ ചരിത്രം വിവരിക്കുന്നു. എല്ലാ ആദിമ മനുഷ്യരുടെ കൂട്ടവും വെറും മാംസാഹാരികൾ മാത്രമല്ലായിരുന്നു; അവർ മനുഷ്യ മാംസവും തിന്നിരുന്നു എന്നാണ് വിപുലമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രമുഖ ചരിത്രകാരനായ വിൽ ഡ്യൂറൻറ്റ് പറയുന്നത്. ഗോത്ര ജനതകൾ തമ്മിൽ യുദ്ധമുണ്ടാകുമ്പോൾ കീഴ്പ്പെടുത്തിയവരുടെ രക്തം കുടിക്കുകയും, മാംസം ഭക്ഷിക്കുകയും ചെയ്യുന്നതും സർവ സാധാരണം ആയിരുന്നു എന്നാണ് ആഫ്രിക്കൻ വനാന്തരങ്ങളിലെ കാഴ്ചകൾ വിവരിച്ചു കൊണ്ട് വിൽ ഡ്യൂറൻറ്റ് പറയുന്നത്. നാഷണൽ ജ്യോഗ്രഫിക്കും ഇപ്പോൾ പോലും മനുഷ്യ മാംസം ഭക്ഷിക്കുന്നവർ ആഫ്രിക്കയിലെ ഉൾ ഭാഗങ്ങളിൽ ഉണ്ടെന്നാണ് പറയുന്നത്. നാഷണൽ ജ്യോഗ്രഫിക് കാണിക്കുന്ന 'ദി പ്രൈമൽ സർവൈവർ' എന്ന ഡോക്കുമെൻറ്ററിയിൽ ആഫ്രിക്കയിലെ ഉൾഭാഗങ്ങളിൽ പണ്ട് മനുഷ്യ മാംസം ഭക്ഷിച്ചിരുന്ന ആളുകളെ കാണിച്ചു തരുന്നുണ്ട്. നാഷണൽ ജ്യോഗ്രഫിക് തന്നെ കാണിക്കുന്ന 'ദി ഗ്രെയിറ്റ് ഹ്യുമൻ റെയിസ്' എന്ന ഡോക്കുമെൻറ്ററിയിൽ ടാൻസാനിയയിൽ മനുഷ്യ കുലത്തിൻറ്റെ പരിണാമ പ്രക്രിയയും കാണിക്കുന്നുണ്ട്. വേട്ടയാടൽ തുടങ്ങുന്നതിന് മുൻപ് ആദിമ മനുഷ്യൻ 'SCAVENGER' ആയിരുന്നു എന്നാണ് 'ദി ഗ്രെയിറ്റ് ഹ്യുമൻ റെയിസ്' എന്ന ഡോക്കുമെൻറ്ററിയിൽ കാണിക്കുന്നത്. അതായാത് നമ്മുടെ മുതു മുത്തപ്പൻമാർ എല്ലാം മൃഗങ്ങൾ വേട്ടയാടി പിടിച്ചത് കട്ടു ഭക്ഷിച്ചാണ് ഈ ഭൂമിയിൽ ജീവിതം തുടങ്ങിയതെന്ന് സാരം. ബി.ജെ.പി.- ക്കാരും, സംഘ പരിവാറുകാരും മനുഷ്യ കുലത്തിനെ പറ്റിയുള്ള ഈ ചരിത്ര സത്യങ്ങളൊക്കെ അംഗീകരിച്ചാൽ പിന്നെ അവരുടെ കാര്യം പോക്കാണ്.