2019 മേയ് 17, വെള്ളിയാഴ്‌ച

ഗാന്ധി - സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും വഞ്ചിക്കപ്പെട്ട വ്യക്തിത്ത്വം

സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും വഞ്ചിക്കപ്പെട്ട വ്യക്തിത്ത്വങ്ങളിൽ ഒന്നായിരുന്നു മഹാത്മാ ഗാന്ധിയുടേത് എന്നാണ് തോന്നുന്നത്. ഗാന്ധിയുടെ കൊലപാതകത്തിന് മുമ്പ് പാക്കിസ്ഥാനിലേക്ക് അവിടുന്നു വന്ന ഹിന്ദു അഭയാർഥികളുമായി പോകാൻ ഗാന്ധി ലക്ഷ്യമിട്ടിരുന്നു. പാക്കിസ്ഥാനിൽ നിന്ന് തിരിച്ചു മുസ്‌ലിം അഭയാർഥികളുമായി വരാനും ഗാന്ധിക്ക് 'പ്ലാൻ' ഉണ്ടായിരുന്നു. വാർദ്ധായിൽ നിന്ന് 1948 ഫെബ്രുവരി മൂന്നിന്  പാക്കിസ്ഥാനിലേക്ക് അഭയാർഥികളുമായി പുറപ്പെടാനിരിക്കെ ആണ് ഗാന്ധി കൊല്ലപ്പെട്ടത്. 50 മൈൽ നീളത്തിലുള്ള അഹിംസയുടെ ഏറ്റവും വലിയ വിജയമായ അഭയാർഥികളുമായുള്ള ഒരു തീർത്ഥയാത്ര എന്നാണ് ചിലർ അതിനെ വിശേഷിപ്പിച്ചത്. ജിന്ന ഗാന്ധിക്ക് അവസാന നിരാഹാരത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് വരാൻ വിസയും അനുവദിച്ചതായിരുന്നു. ഗാന്ധിയുടെ മരണശേഷം ഈ മഹത്തായ പ്ലാൻ പൂർണമായും തിരസ്കരിക്കപ്പെട്ടു. ആരും അത് പൂർത്തീകരിക്കുവാൻ മുന്നോട്ട് വന്നില്ല. താമസിയാതെ തന്നെ കാശ്മീർ പ്രശ്നത്തിൻറ്റെ പേരിൽ പാക്കിസ്ഥാനുമായുള്ള ബന്ധം തീർത്തും വഷളാവുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യ ഏറ്റവും കൂടുതൽ വിഭവങ്ങൾ നശിപ്പിച്ചതും പാക്കിസ്ഥാനുമായുള്ള സ്വരചേർച്ച ഇല്ലായ്മയാലാണ്. ഇപ്പോൾ 'ഹിന്ദുത്ത്വ രാഷ്ട്രീയത്തിൻറ്റെ' വക്താക്കൾ നിലനിൽക്കുന്നതും പാക്കിസ്ഥാൻ വിരോധം മൂലം മാത്രമാണ്. ഇന്നത്തെ മത സ്പർദ്ധ വളർന്നിരിക്കുന്ന മോശം അവസ്ഥക്ക് പരിഹാരം മത സൗഹാർദത്തിനും, സാഹോദര്യത്തിനും, സഹിഷ്ണുതക്കും വേണ്ടി നിലകൊണ്ട ഗാന്ധിയിലേക്ക് തിരിയുക എന്നുള്ളതാണെന്ന് പലരും മനസിലാക്കുന്നതേ ഇല്ലാ. 

പല വിമർശകരും ആരോപിക്കുന്നത് പോലെ ഗാന്ധി കേവലം പാരമ്പര്യ വാദി ആയിരുന്നില്ല. ആധ്യാത്മിക മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഗാന്ധി പാരമ്പര്യ മൂല്യങ്ങൾ മുറുകെ പിടിച്ചത്. ഗാന്ധിയും കസ്തൂർബയും ജനിച്ചു വളർന്ന പോർബന്തർ എന്ന പട്ടണം കൃഷ്ണ ഭക്തിക്കും, കഠിനമായ ചാതുർമാസ്യ വ്രതാനുഷ്ഠാനത്തിനും, സോമനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥ യാത്രക്കും, ദരിദ്രനായ കുചേലനും ഒക്കെ പേര് കേട്ടതാണ്. ദാരിദ്ര്യവും, അൽപ വസ്ത്രവും ഗാന്ധിയും കസ്തൂർബയും ഒക്കെ തിരഞ്ഞെടുത്തത് ഈ ഭക്തിയുടേയും ആധ്യാത്മികതയുടേയും പാഠങ്ങളിൽ നിന്നായിരുന്നു. ദീനനായ കുചേലൻറ്റെ (സുദേമാവ്) പേരിൽ 'സുദാമാപുരി' എന്നായിരുന്നു പോർബന്ദർ നേരത്തേ അറിയപ്പെട്ടിരുന്നത് തന്നെ. പോർബന്ദർ സ്വൊദേശിയായ നരസിംഹ മേത്ത രചിച്ച "വൈഷ്ണവ ജനതോ തേനേ കഹിയെ പീഡ് പരായി ജാനേരേ....." എന്ന ഭജൻ ഗാന്ധിയുടെ ഇഷ്ട ഗാനമായി മാറിയതും പോർബന്ദറിലേ കൃഷ്ണഭക്തി കാരണമായിരുന്നു.

ഗാന്ധി ജീവിച്ചിരുന്ന കാലത്ത് ജാതി നിർമ്മാർജ്ജനവും, ദാരിദ്ര്യ നിർമ്മാർജ്ജനവും അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങൾ ആയിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഖാദി, ഗ്രാമോദ്യോഗ്, ഗ്രാമ സ്വരാജ്, കൈത്തറി, നൂൽ നൂയ്പ്പ് - ഇത്തരം പദ്ധതികൾ ഗാന്ധി ആരംഭിച്ചതും ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടിയായിരുന്നു. മൂന്നാം ക്ലാസ് ട്രെയിൻ യാത്രക്കാർക്ക് വേണ്ടിയും അദ്ദേഹം നിരന്തരം പോരാടി. മൂന്നാം ക്ലാസിൽ സഞ്ചരിച്ചുകൊണ്ടും ചേരികളിലും ഗ്രാമങ്ങളിലും താമസിച്ചു കൊണ്ടും ആയിരുന്നു ഗാന്ധി ഇന്ത്യയിലെ സാധാരണക്കാരന് വേണ്ടി യത്നിച്ചത്. 'ദരിദ്ര നാരായണൻമാർ, എന്ന സംബോധന പോലും അന്നത്തെ ഇന്ത്യയിൽ ദരിദ്രർക്ക് മാന്യത കിട്ടാൻ വേണ്ടിയായിരുന്നു.

ഇന്ത്യയിലെ എല്ലാവരേയും ഒന്നിപ്പിക്കുവാൻ അക്ഷീണം പ്രയത്നിച്ച വ്യക്തി കൂടിയായിരുന്നു ഗാന്ധി. ജാതി-മത വിത്യാസമില്ലായിരുന്ന ആ ഒന്നിപ്പിക്കൽ പ്രക്രിയ ഗാന്ധിയെ വിമർശിക്കുന്ന പലരും കാണുന്നില്ല. സബർമതി ആശ്രമം തുടങ്ങുന്നതിന് മുൻപ് 'കോച്റബ്' ആശ്രമത്തിലായിരുന്നു ഗാന്ധിജി താമസിച്ചിരുന്നത്. കത്തിയവാർ പ്രദേശത്തെ ഒരു നിർധന ഹരിജൻ കുടുംബത്തെ 'കോച്റബ്' ആശ്രമത്തിൽ ഒപ്പം കൂട്ടിയതിന് മറ്റ് ആഢ്യ അന്തേവാസികൾ ആശ്രമം വിട്ടുപോയി. ഗാന്ധിക്ക് അവരെ ഒപ്പം കൂട്ടിയത് വഴി സാമ്പത്തിക സഹായങ്ങളെല്ലാം നിലച്ചു. പക്ഷെ സത്യാന്വേഷിയായ ഗാന്ധി കുലുങ്ങിയില്ല. കിണറ്റിലെ വെള്ളം പോലും ആഢ്യ അയൽക്കാർ മൂലം ഗാന്ധിക്ക് ലഭിക്കാതെയായപ്പോൾ ഗാന്ധി പറഞ്ഞത് "കഷ്ടത ഇനിയുമേറിയാൽ നാം തോട്ടികളുടെ ഗ്രാമത്തിൽ ചെന്ന് പാർക്കും; അവിടെ നിന്ന് കിട്ടുന്നത് കൊണ്ട് വയറു പുലർത്തും എന്നാണ്." ഗാന്ധിയെ സത്യാന്വേഷി ആക്കി മാറ്റുന്നത് ഇത്തരം ശക്തവും ധീരവുമായ നിലപാടുകളിലൂടെയാണ്. ഡോക്റ്റർ അംബേദ്കറുടെ മഹത്ത്വം പ്രചരിപ്പിക്കുവാൻ കണ്ടമാനം കള്ള കഥകൾ ചില ഗാന്ധി വിരോധികൾ മെനയുന്നുണ്ട്. ഗാന്ധിയെ എങ്ങനെയെങ്കിലും ഒരു ദളിത് വിരോധിയാക്കി മാറ്റുകയാണ് ഈ കള്ളകഥകളുടെ ഒക്കെ ലക്ഷ്യം. ബ്രട്ടീഷുകാരുടെ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന നീച ലക്ഷ്യം പിന്തുടരുന്നവരാണ് ഈ കള്ളക്കഥകൾ മെനയുന്നത്. വളരെ നിന്ദ്യവും ഹീനവുമായ കള്ള പ്രചാരണമാണ് രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിക്കെതിരെ ഇക്കൂട്ടർ നടത്തുന്നത്. പശ്ചിമ ബംഗാളിലെ നൗഹാളിയിൽ 1947-ലെ വിഭജനത്തിൻറ്റെ സമയത്ത് മഹാത്മാ ഗാന്ധി ഹിന്ദു-മുസ്ലിം സാമുദായിക സൗഹാർദം ഉണ്ടാക്കാനായി ചെന്നപ്പോൾ ഗാന്ധിയെ എതിർത്ത വർഗീയ വാദികൾ ഗാന്ധി നടക്കുന്ന വഴിയിൽ മനുഷ്യ മലം വരെ വിതറി. അതൊക്കെ വൃത്തിയാക്കിയാണ് ഗാന്ധി മുന്നോട്ടു പോയത്. 1947-ൽ ഒരു യാഥാസ്ഥിതിക ഹിന്ദു മറ്റുള്ളവരുടെ മലം കോരുക എന്നതൊക്കെ ചിന്തിക്കാൻ പോലും ആവില്ലായിരുന്നു. പക്ഷെ ഗാന്ധി സാമുദായിക സൗഹാർദം ഉണ്ടാക്കാനായി അതും ചെയ്തു. മറ്റുള്ളവരുടെ മലം വരെ കോരിയ ഗാന്ധിയെ ആണിപ്പോൾ അയിത്തത്തിൻറ്റെയും, തൊട്ടു കൂടായ്മയുടെയും പേരിൽ ചിലർ വിമർശിക്കുന്നത്!!! ഡൽഹിയിൽ വരുമ്പോൾ ഗാന്ധി ബിർളാ മന്ദിരത്തിനടുത്തുള്ള തോട്ടി കോളനിയിൽ (ഭാൻഗ്ഗി കോളനി) ആണ് താമസിച്ചിരുന്നത്. ആഢ്യ ഗണത്തിൽ പെട്ട കോൺഗ്രെസുകാരെയും, ബ്രട്ടീഷ് ഓഫീസർമാരെയും ചേരികളിൽ വരുത്തുക ഗാന്ധിയുടെ വിനോദമായിരുന്നു. തൻറ്റെ ചേരിയിലെ താമസത്തിലൂടെ ആണ് ഗാന്ധിക്കിതു സാധ്യമായത്. യഥാർത്ഥ ഇന്ത്യയെ കുറിച്ച് അവരെയൊക്കെ നിരന്തരം ഓർമിപ്പിക്കുകയായിരുന്നു ഗാന്ധി. ജാതിവാദം, വർണാശ്രമ ധർമം - എന്നതൊക്കെ ഗാന്ധിയിൽ ആരോപിക്കുമ്പോൾ ഇതൊക്കെ ദയവായി ഓർക്കുക.

ഇന്നും ഭൗതിക വാദികളും, ഹിന്ദു വാദികളും അംഗീകരിക്കുന്നില്ലെങ്കിലും മൗണ്ട്ബാറ്റൻ പ്രഭു തന്നെ അംഗീകരിച്ച കാര്യമായിരുന്നു ഗാന്ധിയുടെ അക്രമ രഹിത സമരമാണ് ബ്രിട്ടൻ ഇന്ത്യ വിടാനുള്ള കാരണമെന്നുള്ളത്. അത് കേവലം ഭംഗി വാക്കല്ലായിരുന്നു. ‘Gandhi will go down in history along with Buddha and the Jesus Christ” - എന്നാണ് ഗാന്ധിയുടെ മരണസമയത്ത് ഇന്ത്യയുടെ അവസാന വൈസ്റോയ് ആയിരുന്ന മൗണ്ട്ബാറ്റൻ പ്രഭു പറഞ്ഞത്.  ബ്രിട്ടനിൽ പോലും ലേബർ പാർട്ടിയും, വലിയൊരു വിഭാഗം ചിന്തിക്കുന്നവരും ഗാന്ധിയുടെ അക്രമ രഹിത സമരത്തിന് അനുകൂലമായിരുന്നു. മനുഷ്യരുടെ 'മോറൽ കോൺഷ്യസ്നെസ്സ്' ഉണർത്തുന്ന ആ രീതി തന്നെയാണ് പിൽക്കാലത്ത് മാർട്ടിൻ ലൂഥർ കിങ് ഒക്കെ അനുവർത്തിച്ചതും. പിൽക്കാലത്ത് നെൽസൺ മണ്ടേലയെയും, ബാരക്ക് ഒബാമയേയും ഗാന്ധിയുടെ ആരാധകരാക്കി മാറ്റിയത് മനുഷ്യരുടെ 'മോറൽ കോൺഷ്യസ്നെസ്സ്' ഉണർത്തുന്ന ആ അക്രമ രഹിത സമരങ്ങളുടെ 'രീതി മാർഗ്ഗം' ആയിരുന്നു. ഗാന്ധിയുടെ പ്രസക്തി ഇന്ത്യയിൽ നഷ്ടപ്പെടുമ്പോഴും വിദേശങ്ങളിൽ എറുകയാണെന്നുള്ള കാര്യം സുബോധമുള്ള ഇന്ത്യക്കാർ മനസിലാക്കേണ്ടതുണ്ട്.

കമ്യുണിസ്റ്റുകാരായിരുന്നു ഒരുകാലത്തു ഗാന്ധിയുടെ രൂക്ഷ വിമർശകർ. ഇന്നും അവർ ഗാന്ധിയെ അംഗീകരിച്ചിട്ടില്ല. ഗാന്ധിയെ വിമർശിക്കുവാനുള്ള ഒരു പ്രധാന കാരണം സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളോട് ഗാന്ധിക്കും കമ്യുണിസ്റ്റുകാർക്കും ഉള്ള അഭിപ്രായ ഭിന്നതയായിരുന്നു. “One Step Ahead is Enough” - എന്നാണു സാമൂഹ്യ മാറ്റങ്ങളുടെ കാര്യത്തിൽ ഗാന്ധി പറഞ്ഞിരുന്നത്. മറുവശത്തു കമ്യുണിസ്റ്റുകാർക്കു സമ്പൂർണ വിപ്ലവം വേണമായിരുന്നു. ഈ 'വിപ്ലവം' എന്നുള്ളത് പത്തു മുപ്പതു വർഷം മുമ്പ് വരെയെങ്കിലും നമ്മുടെ മിക്ക കമ്യുണിസ്റ്റു പാർട്ടിക്കാരുടെയും മുഖ്യ അജണ്ട ആയിരുന്നു. സോവിയറ്റ് യൂണിയനിലും, കിഴക്കൻ യൂറോപ്പിലും കമ്യുണിസം തകർന്നതും, ചൈന ക്യാപ്പിറ്റലിസ്റ്റ് രീതിയിലേക്ക് മാറിയതും കുറെയേറെ കമ്യുണിസ്റ്റുകാരെ 'വിപ്ലവം' എന്നുള്ള 'സെൻട്രൽ കൺസെപ്റ്റിൽ' നിന്ന് മാറി ചിന്തിപ്പിക്കുവാൻ പ്രേരിപ്പിച്ചു.

മഹാത്മാ ഗാന്ധിയുടെ ജീവചരിത്രകാരന്മാരിൽ വളരെ ചുരുക്കം പേർക്കേ ഗാന്ധിയുടെ ആദ്ധ്യാത്മികമായ ഔന്നത്ത്യം മനസിലാക്കുവാൻ സാധിച്ചുള്ളൂ. കാതറിൻ റ്റിഡ്രിക്ക് എഴുതിയ ‘Gandhi – A Political and Spiritual Life’ പോലുള്ള വളരെ ചുരുക്കം ചില പുസ്തകങ്ങളെ ഗാന്ധിയുടെ ആദ്ധ്യാത്മികമായ വശം പരിശോധിക്കുന്നുള്ളൂ. മഹാത്മാ ഗാന്ധിയെ ഭൗതിക വാദികളായ പലർക്കും   മനസിലാക്കുവാൻ സാധിക്കാത്തതാണ് ഗാന്ധിയുടെ മഹത്ത്വം അംഗീകരിക്കപ്പെടാതിരിക്കുവാനുള്ള പ്രധാന കാരണം എന്നാണ് തോന്നുന്നത്. എന്തായാലും ഗാന്ധിയുടെ സമയത്തു ജീവിച്ചിരുന്ന മൂന്ന് ആധ്യാത്മിക ആചാര്യന്മാർ ഗാന്ധിയുടെ പ്രാധാന്യം വളരെ നന്നായി വ്യക്തമാക്കിയിട്ടുണ്ട്. മഹാ യോഗിയായ സ്വാമി ശിവാനന്ദ സരസ്വതി ഗാന്ധിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് മനസ്സിലാക്കണമെങ്കിൽ 'Sivananda - Biography of a Modern Sage' എന്ന പുസ്തകം വായിച്ചാൽ മാത്രം മതി. ഗാന്ധി എന്ന ഒറ്റ വ്യക്തിയാണ് മറ്റാരേക്കാളും ഉപരിയായി ഇന്ത്യക്കു ബ്രട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി തന്നത് എന്ന് സ്വാമി ശിവാനന്ദ കൃത്യമായി പറയുന്നുണ്ട്. ഋഷികേശിലെ ഡിവൈൻ ലൈഫ് സോസേറ്റിയുടെ പ്രസിദ്ധീകരണം ആണ് ഈ പുസ്തകം. അത് പോലെ തന്നെ ഗാന്ധിയുടെ കാലത്ത് ജീവിച്ചിരുന്ന മറ്റൊരു മഹായോഗിയായിരുന്നു സ്വാമി പരമഹംസ യോഗാനന്ദ. പരമഹംസ യോഗാനന്ദയുടെ ‘Autobiography of a Yogi’ ലക്ഷ കണക്കിന് കോപ്പികൾ വിറ്റു പോയ പുസ്തകമാണ്. മലയാളത്തിലും 'ഒരു യോഗിയുടെ ആത്മകഥ' എന്ന ടൈറ്റിലിൽ തർജിമ ചെയ്യപ്പെട്ടിട്ടുണ്ട്. ആ പുസ്തകത്തിൽ ഒരു അദ്ധ്യായം തന്നെ ഗാന്ധിയുടെ ആശ്രമത്തിൽ സന്ദർശനത്തിന് പോയതിനെ കുറിച്ചാണ്. സ്വാമി പരമഹംസ യോഗാനന്ദയും ഗാന്ധിയും കൂടി ഭക്ഷണം കഴിക്കുന്ന ഫോട്ടോയും ഉണ്ടതിൽ. ഇനി ഗാന്ധിയുടെ കാലത്ത് തന്നെ ജീവിച്ച വിശുദ്ധയായിരുന്നു ബംഗാളിൽ നിന്നുള്ള ആനന്ദമയി മാ. നെഹ്രുവും, ഇന്ദിരാ ഗാന്ധിയും ഒക്കെ പിന്നീട് പല തവണ സന്ദർശിച്ച വ്യക്തി. ബിതിക മുഖർജിയുടെ 'മൈ ഡേയ്സ് വിത്ത് ശ്രീ മാ ആനന്ദമയി' എന്ന പുസ്തകം വായിച്ചാൽ ആനന്ദമയി മായും ഗാന്ധിയെ നന്നായി അനുസ്മരിക്കുന്നത് കാണാം. അതിൽ ആനന്ദമയി മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കണം. “Just like Jesus Christ! Just as Jesus Christ had appropriated the violence of his people totally and so had forgiven them”- എന്നാണ് വിശുദ്ധയായ ആനന്ദമയി മാ ഗാന്ധിയുടെ രക്തസാക്ഷിതത്വത്തെ കുറിച്ച് പറഞ്ഞത് ('മൈ ഡേയ്സ് വിത്ത് ശ്രീ മാ ആനന്ദമയി' - പേജ് 165). ഇങ്ങനെ സത്യത്തെ അനുഭവിച്ചറിഞ്ഞവർ ഗാന്ധിയുടെ മഹത്ത്വം ഉൽഘോഷിക്കുമ്പോൾ ഗാന്ധിയുടെ വിമർശകർക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നില്ല. യാന്തിക ഭൗതിക വാദികളുടേയും, യുക്തി വാദികളുടേയും ആശയങ്ങൾ വെറും കേവല യുക്തി ആയി പരിണമിക്കുമ്പോഴും അവർ ശാസ്ത്രീയതയുടെ മുഴുവൻ കുത്തക അവർക്കു മാത്രം അവകാശപ്പെടുമ്പോഴും ആധ്യാത്മിക മൂല്യങ്ങളിൽ ഊന്നിയ ഗാന്ധിയെ പോലുള്ളവരുടെ വാക്കും പ്രവർത്തിയും അങ്ങനെയുള്ളവർക്ക് മനസിലാക്കുവാൻ പറ്റില്ലെന്നാണ് തോന്നുന്നത്. അതേ സമയം ഗാന്ധി വിമർശനങ്ങൾക്ക് അതീതനുമാകരുത്.

2019 മേയ് 16, വ്യാഴാഴ്‌ച

മന്ത്രവാദത്തിൽ മുങ്ങുന്ന കേരളം


കേരളത്തിൽ ആൾദൈവങ്ങളും, മന്ത്രവാദവും, പ്രാർത്ഥനാ ഗ്രൂപ്പുകളും, ആഭിചാര ക്രിയകളും കൂടി വരുന്നൂ. ബാങ്കിൽ നിന്നും ലോൺ എടുത്തിട്ട് മാന്യമായി തിരിച്ചടയക്കാതിരിക്കാൻ മന്ത്രവാദം ചെയ്തും, വസ്തുവിൻറ്റെ ജപ്തി തടയാൻ ജ്യോതിഷത്തിലൂടെ പരിഹാരം തേടി അവസാനം ഈയിടെ വീട്ടമ്മയും, മകളും ആത്മഹത്യ ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിയത് കാണിക്കുന്നത് കേരളത്തിലെ സമീപകാല ട്രെൻഡ് ആണ്. ഏതു മലയാളം പത്രമോ മാസികയോ നോക്കിയാൽ കാനാടി മഠം, മന്ത്രവാദം, ചാത്തൻ സേവാ, ജ്യോതിഷം, ഏലസുകൾ  - ഇവയെ കുറിച്ചൊക്കെയുള്ള പരസ്യങ്ങളും വാർത്തകളും കാണാം. ജിന്നൊഴിപ്പിക്കൽ എന്ന് പറഞ്ഞു മുസ്ലീങ്ങളുടെ ഇടയിലും ഉണ്ട് ഈ പരിപാടി. ദുഷ്ടാരൂപികളെ അകറ്റുന്ന പ്രാർത്ഥനാ ഗ്രൂപ്പുകൾ ക്രിസ്ത്യാനികളുടെ ഇടയിലും സജീവം. ബാങ്ക് മാനേജരെ ഇത്തരം ടീമുകൾക്ക് എങ്ങനെ സ്വാധീനിക്കാൻ പറ്റും എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. വിദ്യാഭ്യാസമുള്ളവരിലും, നഗര വാസികളിലും ഇത്തരം അന്ധ വിശ്വാസങ്ങൾ പടർന്നു പിടിക്കുന്നതാണ് ഏറ്റവും പരിതാപകരം. ഇതെഴുതുന്നയാൾ താമസിക്കുന്ന ഡൽഹിയിലെ ഞങ്ങളുടെ അടുത്തുള്ള സെക്റ്ററിലെ ഒരു ഫ്ലാറ്റ് ഏരിയയിൽ ഒരു മലയാളി ഭാര്യ-ഭർത്താക്കന്മാർ തമ്മിൽ തെറ്റിയപ്പോൾ പിന്നീട് ഭർത്താവ് കണ്ടത് തലയിണക്കടിയിലും വീടിൻറ്റെ പല ഭാഗത്തും തലമുടിയും, അസ്ഥി കഷണങ്ങളും, ക്ഷുദ്ര പ്രയോഗത്തിനുള്ള മറ്റു പല സാധനങ്ങളും ആയിരുന്നൂ!!!! ഇത്തരത്തിൽ പല ഭാര്യമാരും ചീമുട്ടയും, കോഴിത്തലയും ഒക്കെ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അറിഞ്ഞു കൂടാ. സത്യമായിട്ടും അറിഞ്ഞു കൂടാ.

ഇത്തരം അന്ധ വിശ്വാസങ്ങളെ കുറിച്ച് സാധാരണക്കാരായ ആളുകളോടു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവർ സ്ഥിരം ജീവിത പ്രശ്നങ്ങൾക്ക് പരിഹാരമായി ആൾ ദൈവങ്ങളുടെയും, തട്ടിപ്പുകാരുടെയും ധ്യാന ഗുരുക്കൻമാരുടെയും പിന്നാലെ പൊയ്കൊണ്ടിരിക്കും. പ്രേതത്തെ കുപ്പിയിൽ കേറ്റാൻ ആളുള്ളപ്പോൾ യുക്തി പറഞ്ഞിട്ടു വെല്ലോ കാര്യവുമുണ്ടോ? പണ്ടത്തെ വീക്കിലികളിൽ മന്ത്രവാദ നോവലുകളുടെ പിന്നാലെ ആയിരുന്നല്ലോ വായനാക്കാർ. ഇവിടെ ചാത്തൻ സേവക്കും, ഏലസ്സ് കേട്ടുന്നതിനും, ചരട് കെട്ടുന്നതിനും ഇഷടം പോലെ മാർക്കെറ്റ് ഉണ്ട്. ചരട് കെട്ടാനും, കെട്ടി കൊടുക്കാനും ആളുകൾ ഉണ്ട്. അതുകൊണ്ട് ഇനിയുള്ള കാലത്തും ഇതൊക്കെ സജീവമായിട്ട് തന്നെ നടക്കും എന്നാണ് തോന്നുന്നത്. ആത്മഹത്യയിലേക്കൊക്കെ കാര്യങ്ങൾ എത്തുമ്പോഴേ പൊതുസമൂഹം കാര്യങ്ങൾ നീങ്ങുന്നത് ഇത്തരത്തിലാണെന്ന് തിരിച്ചറിയുകയുള്ളൂ.

ആൾ ദൈവങ്ങളും ഇപ്പോൾ കേരളത്തിലും ഇഷ്ടം പോലെ. ആൾ ദൈവങ്ങളുടെ കാര്യം പറയുകയാണെങ്കിൽ ആൾ ദൈവത്തിൽ ദൈവവും, മനുഷ്യനും ഉണ്ട്. മനുഷ്യനാണെങ്കിൽ വിമർശിക്കാം. കാരണം മനുഷ്യന് തെറ്റു പറ്റുക സ്വോഭാവികം മാത്രമാണല്ലോ. പക്ഷെ ദൈവത്തെ വിമർശിക്കാൻ പാടില്ലല്ലോ. കാരണം ദൈവത്തിന് തെറ്റു പറ്റില്ലല്ലോ.  ഉപനിഷത്തിനും, ബ്രഹ്മ സൂത്രത്തിനും വ്യാഖ്യാനങ്ങൾ എഴുതിയ ശ്രീ ശങ്കരാചാര്യരായിരുന്നു കേരളം കണ്ട ഏറ്റവും വലിയ തത്വജ്ഞാനി. പക്ഷെ അദ്ദേഹം ഒരിക്കലും ആൾ ദൈവമായി സ്വയം അവകാശപെട്ടില്ല. അദ്ദേഹം നില നിന്നിരുന്ന രാഷ്ട്രീയ വ്യവസ്ഥിതിയിൽ അധികാര സ്ഥാപനങ്ങളോട് അടുക്കാനും ശ്രമിച്ചില്ല. അത്ഭുതങ്ങളും കാണിച്ചില്ല. ശ്രി നാരായണ ഗുരുവും അത്ഭുതങ്ങൾ കാണിച്ചില്ല. പക്ഷെ ഇന്ന് അധികാരത്തിനും, സമ്പത്തിനും വേണ്ടി പരക്കം പായുകയാണ്  ആൾ ദൈവങ്ങൾ. മന്ത്രിമാരും, ഉദ്യോഗസ്ഥ പ്രമുഖരും, പണ ചാക്കുകളും കാൽക്കൽ വീഴുന്ന ആൾ ദൈവങ്ങൾക്ക് അവരെ കളിയാക്കുകയോ, അവരുടെ അപ്രമാദിത്വം ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒന്നും രസിക്കില്ലല്ലോ.

മതം എന്ന് പറയുമ്പോൾ തന്നെ ഓരോ മതത്തിലേയും ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. എളിമ, വിനയം, സത്യസന്ധത, ആത്മാർഥത, സാമൂഹ്യ സേവനം - ഇതൊക്കെയാണ് ഏതു മതത്തിൻറ്റെയും അന്ത സത്ത. അല്ലാതെ ചരിത്രത്തിലും, ആചാരങ്ങളിലും അല്ല ഏതെങ്കിലും മതത്തിൻറ്റെ അന്ത സത്ത കാണേണ്ടത്. "ലോകോ സമസ്താ സുഖിനോ ഭവന്തു", "വസുധൈവ കുടുംബകം" - ഇതൊക്കെയാണ് ഋഷിമാർ പഠിപ്പിച്ചത്. ലോകത്തിനു മുഴുവൻ സുഖം വരാനും, ലോകത്തെ മുഴുവൻ കുടുംബം ആയി കാണാനും ഒക്കെയാണ് പഴയ ഋഷിമാർ പറഞ്ഞു തന്നത്.

ഹിന്ദുവിൽ തന്നെ താന്ത്രിക സമ്പ്രദായവും, മറ്റു പല സമ്പ്രദായങ്ങളിലും ഉള്ളവർ ഉണ്ട്. പണ്ടുണ്ടായിരുന്ന ശൈവ സങ്കൽപ്പങ്ങൾ, ശക്തി സങ്കൽപ്പങ്ങൾ, താന്ത്രിക സങ്കൽപ്പങ്ങൾ തുടങ്ങിയവ പിൽക്കാല ഹിന്ദുമതത്തിൻറ്റേതായി അറിയപ്പെട്ടു. ദ്രവീഡിയ സംസ്കാരത്തിൻറ്റെ വിശ്വാസങ്ങൾ പ്രധാനമായും പ്രകൃതിയുമായി ബന്ധപ്പെട്ടതും ലളിതവുമായിരുന്നു. പിൽക്കാലത്ത് നയതന്ത്ര രീതിയിലുള്ള സാഹിത്യ രചനകളാണ് പുരാണങ്ങളിലും മറ്റും തുടർന്നുപോന്നിട്ടുള്ളത്; അതായത് എല്ലാ വിഭാഗക്കാരേയും തൃപ്തിപ്പെടുത്തിയും എന്നാൽ കാതലായ തത്വത്തിൽ നിന്ന് വ്യതിചലിക്കാതെയും. ഇതിൻറ്റെയെല്ലാം ഫലമായി ഇന്ത്യയിൽ ഒരു Multi Ethnic സമൂഹം രൂപം കൊണ്ടു. ശൈവ സങ്കൽപ്പങ്ങൾ, ശക്തി സങ്കൽപ്പങ്ങൾ, താന്ത്രിക സങ്കൽപ്പങ്ങൾ തുടങ്ങിയവ പിൽക്കാല ഹിന്ദുമതത്തിൻറ്റേതായി അറിയപ്പെട്ടു. തദ്ദേശിയമായി പ്രചരിക്കുന്ന ചാമുണ്ഡി-മഹിഷ സംഘട്ടണം, ഹിന്ദുമതത്തിലേക്കെത്തുമ്പോൾ ദേവന്മാരിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇത്തരം കൂട്ടികുഴക്കൽ ഹിന്ദു ഐതീഹ്യങ്ങളിലുടനീളം കാണാം. ഭാഷയിലും ഈ ചരിത്രപരമായ സ്വാധീനം ഉണ്ട്. വൈദിക ഭാഷയിൽ അല്ലെങ്കിൽ വൈദിക സംസ്കൃതത്തിൽ നിന്നും, പ്രകൃത് ഭാഷകളിൽ നിന്നും ദ്രാവിഡ ഭാഷകൾ വ്യാകരണമുൾപ്പടെ വളരെയേറെ കടംകൊണ്ടിട്ടുണ്ട്. അതി സൂക്ഷ്മവും, ബൃഹത്തുമായ ചരിത്രപഠനങ്ങളിലൂടെ മാത്രമെ അവയൊക്കെ എങ്ങെനെയൊക്കെയാണ് ചരിത്രത്തിൽ സ്വാംശീകരിക്കപ്പെട്ടത് എന്നത് കണ്ടെത്തുവാൻ സാധിക്കുകയുള്ളു. നൂറ്റാണ്ടുകളിലൂടെയും, ആയിരകണക്കിന് വർഷങ്ങളിലൂടെയും രൂപപ്പെട്ട ആ സ്വാംശീകരിക്കൽ പ്രക്രിയ കണ്ടെത്തുന്നത് വളരെ ദുഷ്കരമാണെന്നും അത് കണ്ടെത്താനാവുകയില്ല എന്നുമാണ് ദക്ഷിണേന്ത്യയിലെ 18 സിദ്ധയോഗികളെ കുറിച്ച് പഠിച്ച മാർഷൽ ഗോവിന്ദനെ പോലുള്ളവർ അഭിപ്രായപ്പെടുന്നത്. ചുരുക്കം പറഞ്ഞാൽ ആര്യ-ദ്രവീഡിയരുടെ കൂടിച്ചേരലിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാൻ ആർക്കും സാധ്യമല്ല.

ഇന്ത്യൻ ചരിത്രത്തിലെ ആദ്യ സാമ്രാജ്യമാണ് മൗര്യ സാമ്രാജ്യം. പക്ഷെ ആ മൗര്യ സാമ്രാജ്യം ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടന്ന ഒന്നല്ലായിരുന്നു. “Wayanadan forests stopped him” -  എന്നാണ് ചന്ദ്ര ഗുപ്ത മൌര്യരുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ച് ചരിത്രകാരനായ ഡി. ഡി. കൊസാംബി പറയുന്നത്. കേരളത്തിൽ ബ്രട്ടീഷുകാർ വന്ന് പ്ലാൻറ്റേഷൻ കൃഷി ആരഭിക്കുന്നതിനു മുൻപ് കേരളം പൊതുവെ കൊടും കാടായിരുന്നു. ജന സംഖ്യ കൂടുകയും, പല വെളിപ്രദേശങ്ങളിൽ കൃഷി തുടങ്ങുകയും, പ്ലാൻറ്റേഷൻ കൃഷി ആരഭിക്കുകയും, കാട് കയ്യേറുകയും ഒക്കെ ചെയ്യുന്നതിന് മുൻപ് കേരളം കാവുകളും, കാടുകളും ഒക്കെയായി താരതമ്യേനെ ജനസംഖ്യ കുറഞ്ഞ് ഇന്ത്യയിലെ സാമ്രാജ്യങ്ങളിൽ നിന്ന് അകന്നു കഴിഞ്ഞ പ്രദേശമായിരുന്നു. ഒരു വശത്ത് സഹ്യ പർവ്വതം; മറുവശത്ത് അറബിക്കടൽ - ഇവ രണ്ടും കേരളത്തിന് വളരെ പ്രത്യേകമായ ഒരു 'ഐഡൻറ്റിറ്റി' നൽകി.

കേരളത്തിൽ കാവുകളിലും, ദ്രാവിഢ രീതികളിലും അധിഷ്ഠിതമായ ഒരു ആരാധനാ ക്രമമാണ് പണ്ട് നമുക്കുണ്ടായിരുന്നത്. പരശുരാമൻറ്റെ മഴുവെറിഞ്ഞുള്ള കേരളോൽപ്പത്തി കഥയൊക്കെ സാംസ്കാരികമായ ഒരു അധിനിവേശത്തെയാണ് സൂചിപ്പിക്കുന്നത്. പരശു (ആയുധം) ഉപയോഗിച്ച് കേരളത്തെ വീണ്ടെടുത്തു എന്നു വച്ചാൽ, ദ്രാവിഡരിൽ നിന്ന് പൗരോഹിത്യം കേരളത്തെ വീണ്ടെടുത്തു എന്ന് പല സാമൂഹ്യ ചരിത്രകാരൻമാരും അർഥം കാണുന്നു. മിത്തുകൾ നോക്കി ചരിത്രം പറയുമ്പോൾ മഴു എറിഞ്ഞു സമുദ്രം മാറ്റുന്ന പോലെയുള്ള എല്ലാത്തിനും ഒരു ബ്രാഹ്മണ സംസ്കാര ഉത്ഭവവും, ബ്രാഹ്മണ ലോക ക്രമത്തിൽ അധിഷ്ഠിതമായ ഒരു സ്ഥാനവുമാണ്‌ കാണാൻ സാധിക്കുന്നത്. അധികാരത്തിൻറ്റെ  പിടിമുറുക്കുവാൻ വേണ്ടിയാണ് ഇതുപോലെയുള്ള നിരവധി കഥകൾ ക്ഷേത്ര പാരമ്പര്യങ്ങളുമായി ബന്ധിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. എട്ടാം നൂറ്റാണ്ടു മുതൽ കേരളം ചരിത്രത്തിൽ കാണുന്ന ബ്രാഹ്മണാധിപത്യത്തിൽ മന്ത്രവാദത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. തദ്ദേശീയരായ ജനങ്ങൾക്ക് മേൽ ആധിപത്യം ഉറപ്പിക്കുന്നതിൽ മന്ത്രവാദത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു എന്ന് തന്നെയാണ് പല ചരിത്രകാരന്മാരും ചൂണ്ടി കാട്ടിയിട്ടുള്ളത്.

ഇത്തരത്തിൽ ആചാരങ്ങളിലും, അനുഷ്ഠാനങ്ങങ്ങൾക്കും പ്രാമുഖ്യം കൊടുക്കുമ്പോൾ മനുഷ്യത്വം ആണ് വഴിമാറി പോകുന്നത്. മാധവസേവ എന്നുള്ളത് മാനവ സേവയാണെന്നുള്ളത് പല ഹിന്ദുക്കളും മറക്കുന്നു. ഇന്ത്യയിൽ ജാതി ചിന്ത പ്രബലമായപ്പോൾ മുതൽ മാത്രമാണ് മാനവസേവ പലരും മറക്കാൻ തുടങ്ങിയത്. ദക്ഷിണേന്ത്യയിലെ 18 സിദ്ധയോഗികളിൽ പ്രമുഖനായ തിരുമൂളാറിൻറ്റെ ദൈവമൊക്കെ കരുണാമയനാണ്. മാനവസേവ ചെയ്യുമ്പോഴാണ് ആ ദൈവം പ്രസാദിക്കുന്നതും. 'തിരുമന്ദിരം' അത് സാക്ഷ്യപ്പെടുത്തുന്നു. ഈ മാനവസേവാ ജാതിഹിന്ദുക്കളിൽ നിന്ന് അപ്രത്യക്ഷമായതാണ് ഇന്ത്യയുടെ ദാരിദ്ര്യത്തിന് കാരണമെന്ന് പല എഴുത്തുകാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പവൻ വർമയുടെ 'The Great Indian Middle Class' എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ച് ദീർഘമായി പറയുന്നുമുണ്ട്. പക്ഷെ ഈ മനസ്ഥിതിക്കെതിരെ വിമർശനം ഉയരേണ്ടത് ഹിന്ദുക്കളിൽ നിന്ന് തന്നെയാണ്; അല്ലാതെ മറ്റു മതസ്ഥരിൽ നിന്നല്ല.

കള്ളും, ചാരായവും, ഉണക്കലരിയും ഒക്കെ ഉപയോഗിക്കുന്ന പണ്ടത്തെ ദ്രാവിഡാചാര പ്രകാരമുള്ള കേരളത്തിലെ ആചാര വിധികളിൽ താന്ത്രികത്തിൽ അധിഷ്ഠിതമായ ഒട്ടേറെ ആഭിചാര ക്രിയകളും സ്ഥാനം നേടിയിരുന്നു. കടമറ്റത്ത് കത്തനാരും, സൂര്യകാലടി മനയും കലൂർ, കാട്ടുമാടം മനകളും ഒക്കെ കേരളത്തിലെ മന്ത്രവാദ പാരമ്പര്യത്തിൽ സജീവ സാന്നിത്യം അറിയിച്ചുട്ടുള്ളതാണ്. പക്ഷെ കുറെ നാളുകളായി മന്ത്രവാദ നോവലുകളും, സിനിമകളും, സീരിയലുകളുമാണ് വീണ്ടും മലയാളിയെ ഇക്കാര്യങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചതെന്ന് തോന്നുന്നു. ചരട് കെട്ടിയവരെ ഇപ്പോൾ ധാരാളം കേരളത്തിൽ കാണാം. ഇത്തരത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്ന 'വാട്ട്സ്ആപ്പ്' ഗ്രൂപ്പുകളും ഇപ്പോൾ സജീവമായിട്ടുണ്ടോ എന്ന് സംശയിക്കണം. ടെക്‌നോളജി മലയാളിക്ക് പലപ്പോഴും അധോഗതിയാണ് സമ്മാനിക്കുന്നത്. കാര്യസാധ്യത്തിനുള്ള കുറുക്കുവഴി ആയി മന്ത്രവാദമൊക്കെ തിരഞ്ഞെടുക്കുന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം തന്നെയാണ്. ആത്മഹത്യയിലേക്ക് നയിക്കുന്ന മന്ത്രവാദമൊക്കെ മലയാളിക്ക് ഒട്ടും അഭിമാനിക്കാൻ വക നൽകുന്നില്ല. ചുരുക്കം പറഞ്ഞാൽ അന്ധ വിശ്വാസങ്ങളിൽ മുങ്ങിയ കേരളത്തിൻറ്റെ പോക്ക് തീർത്തും നിരാശാജനകം. കഷ്ടം, മോശം, ലജ്‌ജാവഹം എന്നും കൂടി പറയാം.