2017 ഡിസംബർ 20, ബുധനാഴ്‌ച

'ദി റെഡ് സാരി' - സോണിയാ ഗാന്ധിയുടെ ജീവ ചരിത്രം

വളരെ സുന്ദരമായ ഇംഗ്ളീഷ് ഭാഷ. വായനക്കാരന് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒഴുക്കോടെയുള്ള ആഖ്യാന ശൈലി. സ്പാനിഷ് എഴുത്തുകാരനായ ജാവിയർ മോറോയുടെ 'ദി റെഡ് സാരി' എന്ന സോണിയാ ഗാന്ധിയുടെ ജീവ ചരിത്രത്തിൻറ്റെ പേജുകളിലൂടെ പോകുമ്പോൾ നമുക്ക് ശരിക്കും വായനയുടെ ഒരു സുഖം ലഭിക്കും. 2015-ൽ ന്യു ഡൽഹിയിലെ റോളി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന് 395 രൂപയാണ് വില. മൊത്തം 429 പേജുകളുണ്ട് ഈ പുസ്തകം. 'ദി റെഡ് സാരി' എന്ന വിഖ്യാത സൃഷ്ടി കൂടാതെ കോൺഗ്രസ് നേതാവ് കെ.വി.തോമസിൻറ്റെ 'സോണിയ പ്രിയങ്കരി' പോലുള്ള അനേകം പുസ്തകങ്ങൾ സോണിയാ ഗാന്ധിയെ കുറിച്ചുണ്ട്. ഈയിടെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് പടിയിറങ്ങിയ സോണിയ ഗാന്ധിയുടെ ജീവിതം സംഭവബഹുലമായതു കൊണ്ടാണ് ഇത്രയേറെ രചനകൾ സോണിയാ ഗാന്ധിയെ കുറിച്ചുള്ളത്. ഒപ്പം കണ്ടമാനം നുണ പ്രചാരണങ്ങളുമുണ്ട്.

ഇന്ത്യയുടെ മരുമകളായി എത്തി ഇവിടുത്തെ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കുയർന്ന അസാമാന്യ ജീവിത കഥയാണ് സോണിയാ ഗാന്ധിയുടേത്. സോണിയ ഗാന്ധി ജനിച്ചതും, വളർന്നതുമായ കഥ ഇങ്ങനയാണ്: ഇറ്റലിയിലെ വികെൻസായിൽ നിന്നും 50 കിലോ മീറ്റർ ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തിൽ, സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി 1946 ഡിസംബർ ഒൻപതിനാണ് സോണിയാ ജനിച്ചത്. സോണിയാ മിയാനോ ആയി വളർന്ന സോണിയയാണ് പിന്നീട്  സോണിയാ ഗാന്ധി ആയി മാറുന്നത്. റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്ന സോണിയ ടൂറിനിനടുത്തുള്ള ഒർബസ്സാനോ എന്ന പട്ടണത്തിലാണ് തൻറ്റെ ബാല്യകാലം ചെലവഴിച്ചത്. അവിടെത്തന്നെ ഒരു കത്തോലിക്കാ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കെട്ടിടം പണികളുടെ കോൺട്രാക്റ്ററായി ജോലി നോക്കിയിരുന്ന പിതാവ് 1983-ൽ മരിച്ചു. സോണിയയുടെ അമ്മയും രണ്ടു സഹോദരിമാരും ഇപ്പോഴും ഒർബസ്സാനോയിലും പരിസരങ്ങളിലുമായി ജീവിക്കുന്നു.

'ഒർബസ്സാനോയിലെ സുന്ദരി' എന്ന് യൗവന കാലത്തെ സോണിയാ മിയാനെയെ കുറിച്ച് പറയാം. “She was so beautiful that people turned in the street to look at her”- എന്നാണ് ജാവിയർ മോറോ സോണിയയുടെ യൗവന കാലത്തെ കുറിച്ച് പറയുന്നത് (പേജ് 21). ബുക്കിൽ കൊടുത്തിരിക്കുന്ന സോണിയാ മിയാനെയുടെ യൗവന കാലത്തെ ഫോട്ടോകളും അതീവ സുന്ദരമാണ്. ഒരുപക്ഷെ ഈ സൗന്ദര്യമാകാം പിന്നീട് രാജീവ് ഗാന്ധിയുടെ ഹൃദയം കവർന്നത്. എന്തായാലും നമുക്ക് കഥയിലേക്ക്‌ തിരിച്ചു വരാം. പതിനെട്ടാം വയസിൽ, 1964-ൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടി സോണിയ കേംബ്രിഡ്ജ് നഗരത്തിലെത്തുന്നു. 1966-ൽ സോണിയയ്ക്ക് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് 'പ്രൊഫിഷ്യൻസി സർട്ടിഫിക്കേറ്റ്' ലഭിച്ചു. സർട്ടിഫിക്കേറ്റ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ കോളേജിൽ പഠിച്ചിരുന്ന രാജീവ് ഗാന്ധിയെ കണ്ടുമുട്ടുന്നു. ഇൻഡ്യാക്കാരായ നമുക്ക് ഇറ്റലിക്കാരിയായ സോണിയാ മിയാനെയുടെ കഥയിൽ താൽപര്യം ജനിക്കുന്നത് ഇവിടം തൊട്ടാണ്.

1968-ലായിരുന്നു സോണിയയുടെയും, രാജീവ് ഗാന്ധിയുടെയും വിവാഹം. ഇതിനിടയിൽ എല്ലാ പ്രണയ വിവാഹങ്ങളിലും ഉള്ള പോലെ അനേകം സംഭവങ്ങളുണ്ട്. സോണിയയ്ക്കും, രാജീവ് ഗാന്ധിക്കും പിതാവിൻറ്റെ അനുമതി ലഭിക്കുന്നതൊക്കെ വലിയ വിശേഷങ്ങളാണ്. അമിതാബ് ബച്ചൻറ്റെ കുടുംബത്തിൻറ്റെ കൂടെയായിരുന്നു ഇന്ത്യയിൽ ആദ്യമായി വന്നപ്പോൾ സോണിയയുടെ താമസം. വിവാഹശേഷം സോണിയ രാജീവ് ഗാന്ധിയുടെ അമ്മയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വീട്ടിൽ താമസമാക്കി. അങ്ങനെ അവർ ഇന്ദിരാ ഗാന്ധിയുടെ പ്രിയപ്പെട്ട മരുമകളായി മാറി. പക്ഷെ കണിശക്കാരിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ പ്രിയപ്പെട്ട മരുമകളായി മാറുന്ന രീതി അത്ര എളുപ്പമല്ലായിരുന്നു. കുടുംബത്തിലെ പാചകം സോണിയ ഏറ്റെടുത്തു; വലിയ തിരക്കുള്ള ഇന്ദിരാ ഗാന്ധിയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു; അതേ സമയം മാധ്യമങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും എപ്പോഴും ഒഴിഞ്ഞു നിന്നു. പിന്നീട് സഞ്ജയ് ഗാന്ധിയുടെ മരുമകളായി വന്ന മേനകാ ഗാന്ധിയുടെ നേരെ വിപരീത  സ്വൊഭാവമായിരുന്നു ഇത്.

1977-ൽ അടിയന്തിരാവസ്ഥയെ തുടർന്ന് അധികാരം നഷ്ടപ്പെട്ട അവസ്ഥയിൽ ഇന്ദിരാ ഗാന്ധിയുടെ കുടുംബം വലിയ കഷ്ടത്തിലായിരുന്നു. ചുറ്റും ശത്രുക്കൾ; അനേകം കേസുകൾ; ഔദ്യോഗിക ഭാവനമോ, സൗകര്യങ്ങളോ ഇല്ല. പക്ഷെ മേനകാ ഗാന്ധിയിൽ നിന്നു വ്യത്യസ്തമായി സോണിയാ ഗാന്ധി നല്ല ആത്മ ധൈര്യം കാണിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ഇറ്റലിയിലെ തങ്ങളുടെ കുടുംബം നേരിട്ട ദുരിതങ്ങളിൽ നിന്നു ഉൾക്കൊണ്ട അനുഭവ പാഠമായിരുന്നു ഇത് എന്നാണ് ജാവിയർ മോറോ ഇതിനെകുറിച്ച് പറയുന്നത്. 1980 ജനുവരി പതിനാലാം തീയതി ഇന്ദിരാ ഗാന്ധി വീണ്ടും പ്രധാനമന്ത്രിയായി.

പിന്നീടുള്ള ചരിത്രം മിക്കവർക്കും അറിയാവുന്നതാണ്. പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ 'ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെ' തുടർന്ന് 1984 ഒക്ടോബർ മുപ്പത്തി ഒന്നാം തീയതി ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുന്നു. തുടർന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാവുന്നു. 1991 മെയ് ഇരുപത്തിയൊന്നാം  തീയതി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടു കൂടി കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും സോണിയയുടെ രാഷ്ട്രീയ പ്രവേശനത്തിനു വേണ്ടിയുള്ള മുറവിളി ശക്തമാകുന്നു. ആദ്യമൊന്നും സോണിയാ ഗാന്ധിക്ക് കോൺഗ്രസ്സ് പ്രസിഡൻറ്റാകാനുള്ള ക്ഷണത്തോട് യാതൊരു താൽപര്യവുമില്ലായിരുന്നു എന്നാണ് ജാവിയർ മോറോ പറയുന്നത്. വായനയുടേയും, രാജീവ് ഗാന്ധി ഫൗണ്ടേഷൻറ്റെ പ്രവർത്തനങ്ങളുടെയും ലോകത്തായിരുന്നു സോണിയാ ഗാന്ധി കോൺഗ്രസ്സ് പ്രസിഡൻറ്റാകാനുള്ള പലരുടെയും സമ്മർദ്ദങ്ങളുണ്ടായിരുന്ന കാലത്ത്‌. തൻറ്റെയും, കുട്ടികളുടെയും സുരക്ഷയെ കുറിച്ചുള്ള ഭീതിയാണ് അത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ പിന്നീട് കാരണമായത്. മുൻ മധ്യ പ്രദേശ് മുഖ്യ മന്ത്രി ദിഗ്‌വിജയ് സിങ് ഇക്കാര്യം പറഞ്ഞു സോണിയാ ഗാന്ധിയിൽ ശക്തമായ സമ്മർദം ചെലുത്തി. പക്ഷെ സോണിയ പാർട്ടി അധ്യക്ഷയാകുന്നതിൽ പ്രതിഷേധിച്ച് ശരത് പവാറിനെ പോലൊരു മുതിർന്ന നേതാവ് പാർട്ടി വിട്ട് പുറത്തു പോകുന്ന അവസ്ഥയുമുണ്ടായി.

'ഇറ്റലിയിലെ ഒരു പ്രഭു കുടുംബത്തിൽ ജനിച്ചു നെഹ്രു കുടുംബത്തിൻറ്റെ മരുമകൾ', 'ക്യാബറെ ആർട്ടിസ്റ്റ്', 'ബാർ ഡാൻസർ', 'മദാമ്മ', 'വിദേശ വനിത' - എന്നൊക്കെ  പറഞ്ഞു വളരെയധികം പേർ സോണിയാ ഗാന്ധിയെ പുശ്ചിക്കുമ്പോഴും, കള്ള പ്രചാരണം നടത്തുമ്പോഴും തികഞ്ഞ സമ ചിത്തത കാണിക്കുന്നത് സോണിയാ ഗാന്ധിയുടെ സ്വൊഭാമ മഹിമ തന്നെയാണ് കാണിക്കുന്നത്. സോണിയാ ഗാന്ധി ഈ രാജ്യത്തിൻറ്റെ വധുവാണ്; അമ്മയാണ്; മുത്തശ്ശിയും ആണ്. അത് കൊണ്ടു തന്നെ അവരെ ബഹുമാനിക്കണം. പഠിക്കാൻ വേണ്ടി പാശ്ചാത്യ രാജ്യങ്ങളിലെ പിള്ളേർ റെസ്റ്റോറൻറ്റിൽ ജോലി ചെയ്യുന്നത്  പതിവാണ്. അത്രെയുമേ സോണിയ ചെയ്തുള്ളൂ. വീട്ടുകാരുടെ  കാശുവാങ്ങി ജീവിക്കുന്നതും, പിന്നീട് സമൂഹം കൽപ്പിച്ചു തരുന്ന മാന്യത ഉള്ള ജോലി നേടുന്നതും, അത് പോലെ തന്നെ കല്യാണം കഴിക്കുന്നതിനും ഒക്കെയാണ് ഇന്ത്യയിൽ ആകെ കൂടി പ്രാധാന്യമുള്ളത്. അതുകൊണ്ടായിരിക്കാം സോണിയാ ഗാന്ധി പഠിച്ച സമയത്ത് ജോലി ചെയ്തതിനോട് പലർക്കും പുച്ഛം. 

എന്താണ് സോണിയാ ഗാന്ധിയുടെ നേട്ടങ്ങൾ?? തമ്മിൽ തമ്മിൽ ഭിന്നിച്ചു നിന്നിരുന്ന നേതാക്കൾ ഉള്ള ദേശീയ പാർട്ടിയായ കോൺഗ്രസിൽ ഒരു നേതാവിൻറ്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിൽ പൂർണ വിജയമാകാൻ സോണിയാ ഗാന്ധിക്കായി. ജാതിയുടെയും മതത്തിൻറ്റെയും പേരു പറഞ്ഞ് വോട്ടു തേടുന്ന എതിർ പാർട്ടികളിൽനിന്ന് വിഭിന്നമായി കോൺഗ്രസിനെ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തിലും ബഹുസ്വരതയിലും അധിഷ്ഠിതമായി നിലനിർത്തുന്നതിലുള്ള അചഞ്ചലമായ ഉത്തരവാദിത്വബോധത്തിൽ സോണിയാ ഗാന്ധി ഉറച്ചു നിന്നു. വികസന മുന്നേറ്റത്തിൽ ദൂരവ്യാപക ഫലമുണ്ടാക്കുന്ന രീതിയിൽ ഡോക്റ്റർ മൻമോഹൻ സിംഗിനെ പ്രധാന മന്ത്രി പദത്തിൽ കൊണ്ടു വന്നതും, ഉദാര വൽക്കരണത്തിലൂടെയും, വ്യവസായിക വളർച്ചയിലൂടെയും രാജ്യത്തിൻറ്റെ സമ്പത് വ്യവസ്ഥ കരുത്തുറ്റതാക്കിയതും സോണിയാ ഗാന്ധിയുടെ നേട്ടമാണ്.  ഒപ്പം ഭക്ഷണത്തിനും, വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനുമായി തൊഴിലുറപ്പു പദ്ധതി പോലെ വിവിധ പദ്ധതികൾ യു.പി.എ. ഭരണകാലത്ത് കൊണ്ടുവരാൻ അവർക്കായി.  ശരിയായ ജീവിതകഥയ്ക്കായി താൻ സ്വന്തമായൊരു പുസ്തകമെഴുതുന്നതുവരെ കാത്തിരിക്കണമെന്ന് 2014-ൽ സോണിയ ഗാന്ധി പറഞ്ഞത്. ഇപ്പോൾ 71 വയസ്സ് പൂർത്തിയായി. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് സോണിയ  ഗാന്ധി പടിയിറങ്ങിയ വേളയിൽ നമുക്ക് ആ പുസ്ത്കത്തിനായി കാത്തിരിക്കാം.

 സോണിയാ ഗാന്ധിയുടെ ജീവചരിത്രം മാത്രമല്ല; പ്രത്യുതാ 1960 മുതലുള്ള ആധുനിക ഇന്ത്യയുടെ ചരിത്രം കൂടിയാണീ പുസ്തകം. ഇന്ദിര ഗാന്ധി പ്രധാന മന്ത്രിയായി സ്ഥാനമേൽക്കുന്നത്, 1971-ലെ ബംഗ്ളാദേശിന്‌ വേണ്ടിയുള്ള യുദ്ധം, അടിയന്തിരാവസ്ഥ, ഇന്ത്യയുടെ ഹരിത വിപ്ലവം - ഇങ്ങനെയുള്ള അനേകം സംഭവങ്ങൾ ഈ പുസ്തകത്തിൽ വരുന്നൂ. ഇന്ദിരാ ഗാന്ധിയുടെ കാലത് ശാസ്ത്രജ്ഞനായ നോർമൻ ബോർലാഗിനെ കൂട്ട് പിടിച്ചാണ് ഇന്ത്യയിൽ ഹരിത വിപ്ലവം കൊണ്ട് വന്നത്. 1966-ൽ ഇന്ത്യയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി. ഇതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഭക്ഷ്യ ധാന്യങ്ങൾ കിട്ടുവാൻ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അമേരിക്ക സന്ദർശിക്കുകയും പ്രെസിഡൻറ്റ് ലിൻഡൻ ജോൺസണിൻറ്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ലിൻഡൻ ജോൺസൺ ഇന്ത്യക്ക് അടിയന്തിരമായി 3 മില്യൺ ടൺ ഭക്ഷ്യ ധാന്യങ്ങളുടെയും, 9  ദശ ലക്ഷം ഡോളറിൻറ്റെ സഹായവും പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപ്പാദനം കൂട്ടുക എന്നത് ഗവൺമെൻറ്റിൻറ്റെ മുഖ്യ അജണ്ടയാക്കി മാറ്റിയത്. അമേരിക്കൻ പ്രെസിഡനൻറ്റ് ഭക്ഷ്യ സഹായത്തിലൂടെ ഇന്ത്യയെ അമേരിക്കൻ താൽപര്യത്തോട് അടുപ്പിക്കുവാൻ ശ്രമിക്കുകയാണ് ചെയ്തത്. നെഹ്രുവിൻറ്റെ കാലം മുതൽ സ്വതന്ത്ര വിദേശ നയം രൂപപ്പെടുത്തിയിരുന്ന ഇന്ത്യക്ക് അത് സ്വീകാര്യമല്ലായിരുന്നു. വിയറ്റ്നാമിലെ അമേരിക്കൻ ഇടപെടൽ ഇന്ത്യ വിമർശിക്കുകയും ചെയ്തു. ഇത്തരത്തിൽ രാജ്യത്തിൻറ്റെ ഗതി നിർണയിച്ച അനേകം കാര്യങ്ങൾ ഈ പുസ്തകം അനാവരണം ചെയ്യുന്നു. 1960 മുതൽ 2014 വരെയുള്ള ആധുനിക ഇന്ത്യയുടെ ചരിത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വലിയ മുതൽകൂട്ടാണീ പുസ്തകം.

2017 ഡിസംബർ 19, ചൊവ്വാഴ്ച

ഗുജറാത്ത് തിരഞ്ഞെടുപ്പ്

ഗുജറാത്തിൽ കഴിഞ്ഞ 35 വർഷത്തേ ഏറ്റവും മികച്ച പ്രകടനമാണ് കോൺഗ്രസ് കാഴ്‌ച്ച വെച്ചത്. 77 എം.എൽ.എ.-മാരും , 43 ശതമാനം വോട്ട് ഷെയറും അവർക്കു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിരണ്ടു വർഷം കണ്ടപോലത്തെ ഒരു പ്രതിപക്ഷമായിരിക്കില്ല ഇനി മുതൽ ഗുജറാത്തിൽ. അതിൽ കോൺഗ്രസിന് അഭിമാനിക്കാം. നേരെ  മറിച്ച് ഗുജറാത്തിൽ ഇത്തവണ ജയിച്ചെങ്കിലും ബി.ജെ.പി.-ക്ക് 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേതിനെക്കാൾ വോട്ട് കുറഞ്ഞത് അവർക്കേറ്റ പ്രഹരവുമായി. 2014-ൽ ബിജെപിക്ക് 60 ശതമാനത്തിനടുത്ത് വോട്ടുണ്ടായിരുന്നു. എന്നാൽ, ഇത്തവണ 49.1 ശതമാനമായി കുറഞ്ഞു. 2012-ലെ നിയമസഭതെരഞ്ഞെടുപ്പിൽ 48 ശതമാനമായിരുന്നു ബി.ജെ.പി.-യുടെ വോട്ട്. അതേസമയം, കോൺഗ്രസിൻറ്റെ വോട്ട് ശതമാനത്തിൽ വർധനയുണ്ട്. 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 33 ശതമാനവും 2012-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 39 ശതമാനവുമായിരുന്നു വോട്ട് ലഭിച്ചത്. ഇത്തവണ 41.4 ശതമാനമായി ഉയർന്നു. കോൺഗ്രസും ബി.ജെ.പി.-യും തമ്മിലുള്ള വോട്ടിങ് വ്യത്യാസം 7.7 ശതമാനം.

ഗുജറാത്തിൽ ബി.ജെ.പി.-യുടെ മത രാഷ്ട്രീയത്തിനെതിരേ ജാതി രാഷ്ട്രീയം തന്നെയാണ് കോൺഗ്രസ് പയറ്റിയത്. പക്ഷെ ആദിവാസി മേഖലകളിലും, OBC-കൾക്കിടയിലും ബി.ജെ.പി. വൻ മുന്നേറ്റം നടത്തി. പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെട്ടത് കൊണ്ട് ബി.ജെ.പി.-ക്ക് സീറ്റ് കാര്യമായി കുറഞ്ഞു. മുന്നോക്ക ജാതിയായ പട്ടേലുമാർക്ക് സംവരണം വേണം എന്നും പറഞ്ഞ് നടത്തിയ സമരത്തിനു ഗ്രാമീണ മേഖലയിൽ സ്വീകാര്യത കിട്ടി. പക്ഷെ എതിർ വശത്ത് പട്ടേലുമാരിലെ നഗര ജനത സംവരണാവശ്യം തള്ളിക്കളഞ്ഞതാകാം നഗരങ്ങളിലെ സീറ്റുകൾ ബി.ജെ.പി. നില നിർത്തിയത്. പട്ടേലുമാരെ പിന്തുണച്ചതിൽ നിന്ന് കോൺഗ്രസ് ജയിക്കാതിരുന്നത് വകുപ്പിൽ ഒരുപക്ഷേ ഇന്ത്യയിൽ മുന്നോക്ക ജാതികൾക്കുള്ള സംവരണ പദ്ധതിയേ തന്നെ അട്ടിമറിക്കാനുള്ള 'പൊട്ടൻഷ്യൽ' ഈ തിരഞ്ഞെടുപ്പ് ഫലത്തിനുണ്ട്. സംവരണത്തിനെതിരെ സംസാരിക്കുന്ന ഒത്തിരി ആളുകൾ ബി.ജെ.പി.-യിലും, ആർ.എസ്.എസ്.-ലും ഉണ്ടെന്നുള്ള കാര്യം കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതുണ്ട്. ദളിതർക്കിടയിലും, മുസ്ലീങ്ങൾക്കിടയിലും കോൺഗ്രസിന് ഉദ്ദേശിച്ച പോലെ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. ബി.ജെ.പി. അവർക്കിടയിൽ വളരെയധികം വോട്ടുകൾ കരസ്ഥമാക്കുകയും ചെയ്തു.

22 വർഷം ഗുജറാത്ത് ഭരിച്ച ബി.ജെ.പി.-ക്ക് ആറാം തവണ കടുത്ത പോരാട്ടമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 115 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി.-ക്ക് 99-ൽ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു. ഗുജറാത്ത് മന്ത്രി സഭയിലെ ആറു ക്യാബിനറ്റ് മന്ത്രിമാരാണ് ഇത്തവണ തോറ്റത്. അതുകൊണ്ട് പഴയ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമാണെന്ന് ജനവിധിയിൽ നിന്ന് വ്യക്തമാണ്.

കോൺഗ്രസ് ഒരു രീതിയിൽ പറഞ്ഞാൽ ഗുജറാത്തിൽ ജയിക്കാതിരുന്നതാണ് നന്നായത്. ജയിച്ചിരുന്നെങ്കിൽ പട്ടേലുമാർ, ദളിതർ, താക്കൂർ വിഭാഗം, കൂടാതെ കോൺഗ്രസിലെ സ്ഥാപിത താൽപര്യക്കാർ - ഇവരെയെല്ലാം എങ്ങനെ ഒത്തു കൊണ്ടു പോകും? എന്തായാലും കോൺഗ്രസിനെ എഴുതി തള്ളുന്നതൊന്നും ഒട്ടും ശരിയല്ല എന്ന് കോൺഗ്രസ് തെളിയിച്ചു. ഗുജറാത്തിൽ ഒന്നുമല്ലാതിരുന്ന കോൺഗ്രസ് ഇന്ന് ശക്തമായൊരു പ്രതിപക്ഷമായി മാറിയിട്ടുണ്ട്. പക്ഷെ പ്രതിപക്ഷ നിരയിലെ അംഗങ്ങളുടെ എണ്ണത്തിലല്ല കാര്യം; പ്രതിപക്ഷ നിരയിലെ അച്ചടക്കത്തിലാണ് കാര്യം. വ്യത്യസ്ത ജാതി-മത കോമ്പിനേഷനിലുള്ള അവർ തമ്മിലുള്ള ഐക്യം പാലിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. സംഘടനാ പരമായ അച്ചടക്കം പാലിക്കാതെ അവർക്ക് കരുത്തുറ്റ ഒരു പ്രതിപക്ഷമായി പ്രവർത്തിക്കുവാൻ സാധിക്കുകയില്ല.

2017 ഡിസംബർ 14, വ്യാഴാഴ്‌ച

ഹ്യുമൻ ഡെവലപ്മെൻറ്റിലെ ഇന്ത്യയുടെ ശോചനീയാവസ്ഥ

കുറെ വർഷങ്ങൾക്ക് മുമ്പാണ് മൈസൂറിനടുത്തുള്ള ദാവൻഗെരെയിൽ ഒരു സർവേക്ക് വേണ്ടി പോയത്. തുങ്കഭദ്രാ നദി കരയിലുള്ള ഗസ്റ്റ് ഹവ്‌സിൽ താമസിച്ചത് ഇപ്പോഴും ഓർമിക്കുന്നു. തുങ്കഭദ്രാ നദി രാജകീയമായി ഒഴുകുന്ന അവിടെ ഒരു ഗ്രാമത്തിൽ ചെന്നപ്പോൾ സമ്പൽ സമൃദ്ധി. നദീ തടത്തിൽ നിന്ന് ദൂരെയുള്ള വേറൊരു ഗ്രാമത്തിൽ ചെന്നപ്പോൾ അവിടെ വരൾച്ചയും, പട്ടിണിയും, ദാരിദ്ര്യവും. ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ ഒരു വലിയ കുഴപ്പമാണിത്. ഒരു വശത്ത്‌ നമുക്ക് വലിയ ഷോപ്പിംഗ് മാളുകളും, മെട്രോ സൗകര്യങ്ങളും, ഓവർ ബ്രിഡ്ജുകളും, അണ്ടർ പാസുകളുമൊക്കെ ഉണ്ട്. മറുവശത്ത് പോഷകാഹാര കുറവ്, പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ - ഇവയും ഉണ്ട്. സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും 5 വയസിനു താഴെയുള്ള 44 ശതമാനം കുട്ടികളിലും തൂക്ക കുറവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 72 ശതമാനം കുഞ്ഞുങ്ങളിലും 52 ശതമാനം കുടുംബിനികളിലും രക്തക്കുറവ് കാണപ്പെടുന്നു. പോഷകാഹാര കുറവ് മൂലമാണ് പ്രസവ സംബന്ധമായ മരണവും, നവജാത ശിശുക്കളിലെ വൈകല്യവും ഇന്ത്യയിൽ പ്രധാനമായും ഉണ്ടാകുന്നത്. അനേകം ഹ്യുമൻ ഡെവലപ്മെൻറ്റ് റിപ്പോർട്ടുകൾ ഇന്ത്യയുടെ ഈ ശോചനീയാവസ്ഥ വളരെ നന്നായി വിവരിച്ചിട്ടുണ്ട്.

ഇതൊക്കെ ഇപ്പോൾ എഴുതാനുള്ള കാരണം സുരേഷ് കുഞ്ഞുപിള്ളയുടെ ഇന്ത്യയുടെ ഭക്ഷണ രീതികളെ കുറിച്ചുള്ള വളരെ പ്രസക്തമായ പോസ്റ്റാണ് (https://www.facebook.com/permalink.php?story_fbid=1930639023841783&id=100006871121523). ബി.ജെ.പി. സർക്കാരിൻറ്റെ തലതിരിഞ്ഞ പശു സ്നേഹത്തെ കുറിച്ചും അത് കർഷകർക്കും തുകൽ മേഖലക്കും ഉണ്ടാക്കുന്ന ബുന്ധിമുട്ടുകളെ കുറിച്ചും ഞാനും പല തവണ ദീർഘമായി എഴുതിയിട്ടുണ്ട്. ആധുനിക സമൂഹത്തിൻറ്റെ മൂല്യ ബോധങ്ങൾക്ക്‌ ഒട്ടും നിരക്കാത്തതാണീ പശു സ്നേഹം. പോഷകാഹാര കുറവ് വളരെയേറെ കാണപ്പെടുന്ന ഇന്ത്യയിൽ എല്ലാത്തരം ഭക്ഷണവും കഴിക്കാനാണ് ആളുകളെ പ്രേരിപ്പിക്കേണ്ടത്. കുറെ നാൾ മുമ്പ് വരെ മുട്ട കഴിപ്പിക്കാനായി പരസ്യങ്ങൾ പത്രങ്ങളിൽ കാണാമായിരുന്നു. ബി.ജെ.പി. സർക്കാർ അധികാരത്തിൽ കേറിയതുകൊണ്ടാണെന്നു തോന്നുന്നു - ഇപ്പോൾ മുട്ട പരസ്യങ്ങളും ഇന്ത്യൻ പത്രങ്ങളിൽ നിന്ന് അപ്രത്യക്ഷമായി. അതും കൂടാതെ ഗർഭ നിരോധന മാർഗങ്ങളെ കുറിച്ചുള്ള പരസ്യങ്ങൾ രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണി വരെയുള്ള സമയത്ത് മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണല്ലോ കേന്ദ്ര സര്‍ക്കാറിൻറ്റെ കീഴിലുള്ള വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിൻറ്റെ പുതിയ ഉത്തരവില്‍ പറയുന്നത്. ഇപ്പോഴുള്ള തലമുറ മൂഡ്‌സിൻറ്റേയും, നിരോധിൻറ്റേയും ഒക്കെ പരസ്യങ്ങൾ കണ്ടാണ് വളർന്നത്. അവർക്കതു കൊണ്ട് ഒരു കുഴപ്പവും ഉണ്ടായില്ല. ഇനിയുള്ള തലമുറ ഇത്തരം പരസ്യങ്ങൾ കണ്ടാലാണ് കുഴപ്പം മുഴുവനും!!!! 

ചുരുക്കം പറഞ്ഞാൽ ബി.ജെ.പി. സർക്കാറിന് ജന സംഖ്യ നിയന്ത്രിക്കുവാനോ, ഇന്ത്യയിലെ പോഷകാഹാര കുറവ് പരിഹരിക്കുവാനോ താൽപര്യമില്ല. ലോകത്ത് ബീഫ് ഉപയോഗത്തിൻറ്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനവുമുണ്ട്. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഗോരക്ഷാ സേനാ പ്രവർത്തകർ ഗോവധത്തിനെതിരെ നടത്തുന്ന പ്രചരാണങ്ങളും അതിക്രമങ്ങളും ഇഷ്ടമുള്ള ആഹാരം തിരഞ്ഞെടുക്കുവാൻ ഭരണ ഘടന നൽകുന്ന മൗലികാവകാശത്തിൻറ്റെ ലംഘനമാണെന്നുള്ള കാര്യം പോലും പലരും മനസിലാക്കുന്നില്ല. മൗലികാവകാശത്തെ കുറിച്ചുള്ള ഭരണഘടനയിലെ ആർട്ടിക്കിൾ 21-ൻറ്റെ ലംഘനമാണിത്. പാവപ്പെട്ടവർക്ക് ജീവിക്കാനാവശ്യമായ പ്രോട്ടീൻ കുറഞ്ഞ ചെലവിൽ എളുപ്പം ലഭിക്കുന്ന ഭക്ഷണമാണ് ബീഫ് എന്നതിനാൽ  പോഷകാഹാര കുറവ് ഒരു പരിധി വരെ നിയന്ത്രിക്കാൻ ബീഫിനാവും. കേരളത്തിൽ 250-300-ഉം, അതിനും മുകളിലും ബീഫിന് വിലയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ബീഫിന് വില കുറവാണ്. കേരളവും പശ്ചിമ ബംഗാളും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഒഴിച്ചാൽ മറ്റെല്ലായിടത്തും ഇന്ത്യയിൽ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബീഫിൻറ്റെ ഉപയോഗത്തിന് നിയന്ത്രണമോ, ഗോവധ നിരോധനമോ ഇപ്പോഴുണ്ടെന്നതാണ് സ്ഥിതി. ഇത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ട് അനുകൂല വിധി നേടിയെങ്കിലും ബീഫിൻറ്റെ ഉപഭോഗം ഭീഷണികളിലൂടെയും, ചുവരെഴുത്തുകളിലൂടെയും ഉത്തരേന്ത്യയിൽ സംഘപരിവാർ സംഘടനകൾ തടഞ്ഞിരിക്കയാണ്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബീഫ്‌ നിരോധനം ലംഘിക്കപ്പെട്ടാൽ മൂന്നുവർഷം മുതൽ ഏഴു വർഷം വരെ തടവു ശിക്ഷയും പതിനായിരം രൂപ വരെ പിഴയും ശിക്ഷയുണ്ട്. ഇതല്ലാതെ ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണവും ദളിതർക്കെതിരെയും, മുസ്ലീങ്ങൾക്കെതിരെയും  രാജ്യവ്യാപകമായി നടക്കുന്നു. കേരളത്തിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കൂടാതെ ഇൻഡ്യാ മഹാരാജ്യത്ത് സാമൂഹ്യപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ പെട്ട ദളിതരും, ആദിവാസികളും, മുസ്‌ളീം വിഭാഗത്തിലുള്ളവരുമാണ് സ്ഥിരമായി ഡയറ്റിൽ ബീഫിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ന്യൂട്രീഷ്യസ് ഭക്ഷ്യ വസ്തുവെന്ന നിലയിൽ ഇന്ത്യയിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിൽ ബീഫിന് ഒരു വലിയ പങ്കുണ്ട്.

മതപരമായ വിലക്കുകളാണ് ഇന്ത്യയിലെ പോഷകാഹാരക്കുറവിൻറ്റെ മൂല കാരണം. ഇതിൽ ബീഫ് മാത്രമല്ല; പോർക്കും പെടും. ട്രൈക്കിനോസിസ് എന്ന രോഗം കാരണമാണ് റബ്ബികൾ പണ്ട് പന്നി മാംസം നിരോധിച്ചത്. ആ നിരോധനം കാരണം പിന്നീട് ജറുസലേമിൽ നിന്നും, അറേബിയയിൽ നിന്നും ഉടലെടുത്ത ഇസ്ലാം മതത്തിലും അത് തുടർന്നു. പക്ഷെ ഇന്ന് - ആധുനിക പന്നി വളർത്തു കേന്ദ്രങ്ങളിൽ വളർത്തുന്ന പന്നിയുടെ മാംസം സുരക്ഷിതമാണ്. പ്രഷർ കുക്കറിൽ അര മണിക്കൂർ വേവിച്ചാൽ ചാവാതെ പോകുന്ന ഒരു മൈക്രൊബും, വിരയും പന്നി  മാംസത്തിലെന്നല്ല; ഒരു മാംസത്തിലും ഉണ്ടാവില്ല. പിന്നെ ചിലരുടെ മത മൗലികവാദത്തിനു മാത്രമാണ് പന്നി മാംസം  ഊർജം പകരുന്നത്. നന്നായി വേവിച്ചു കഴിച്ചാൽ ബീഫും പോർക്കും ഒരു കുഴപ്പവും  ഉണ്ടാക്കില്ല.

ലോകത്ത് ബീഫില്ലാത്ത പട്ടാളക്കാരുടെ മെസ്സ് ഒരുപക്ഷേ ഇന്ത്യയിൽ മാത്രമേ കാണുകയുള്ളൂ. പോലീസിനും, പട്ടാളത്തിനും, കായിക താരങ്ങൾക്കും ശാരീരിക ക്ഷമതക്ക് നോൺ വെജിറ്റേറിയൻ ആഹാരം ആവശ്യമാണ്. കാട്ടിലും, മരുഭൂമിയിലും, സമുദ്രങ്ങളിലും സഞ്ചരിക്കുന്ന കമാൻഡോകൾ അവിടെ കിട്ടുന്ന എന്തും ആഹാരമാക്കണമെന്നാണ് പല രാജ്യങ്ങളിലും ഉള്ള രീതി. നാഷണൽ ജിയോഗ്രഫിക് ചാനൽ തയ്യാറാക്കിയ റോമുലസ് വിറ്റേക്കർ എന്ന രാജവെമ്പാല സംരക്ഷകനെ കുറിച്ചുള്ള ഡോക്കുമെൻറ്ററിയിൽ അദ്ദേഹം രാജവെമ്പാലകളെ തിരഞ്ഞു കാടുകളിൽ പോകുമ്പോൾ കാട്ടിൽ കിട്ടുന്ന എന്തും ആഹാരമാക്കുന്നതാണ് കാണിച്ചിട്ടുള്ളത്. 'പ്രൈമൽ സർവൈവർ' എന്ന നാഷണൽ ജ്യോഗ്രഫിക് പരിപാടിയിലാണെങ്കിൽ മരുഭൂമിയിലോ, കാട്ടിലോ, മഞ്ഞു മൂടിയ പ്രദേശങ്ങളിലോ കിട്ടുന്ന എന്തും ഭക്ഷിച്ചു ജീവിതം നയിക്കുന്നവരെയാണ് കാണിക്കുന്നത്. നാഷണൽ ജ്യോഗ്രഫിക് ഇന്ത്യയിലെ ആദിവാസി സമൂഹത്തിൽ പെട്ടവർ എലിയെ ചുട്ടു കഴിക്കുന്നതൊക്കെ കാണിച്ചിട്ടുണ്ട്. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പുഴുക്കളെ വറത്തു തിന്നുന്നതും, പട്ടി ഇറച്ചി കഴിക്കുന്നതും ഒരു സാധാരണ സംഭവം മാത്രം. ജനസംഖ്യ വർദ്ധിക്കുന്നതിനോടൊപ്പം കാർഷിക വിളകൾക്ക് ക്ഷാമം നേരിടുമ്പോൾ ഇത്തരത്തിൽ മനുഷ്യൻറ്റെ ഭക്ഷണ രീതിയിൽ വൈവിധ്യങ്ങൾ കൊണ്ടു വരണം എന്നാണ്‌ യൂനിസെഫ് നൽകുന്ന മുന്നറിയിപ്പ്. പക്ഷെ ഇന്ത്യയിൽ ഇതൊക്കെ ആരു കേൾക്കാൻ??

2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിൽ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണ് ഭൂരിപക്ഷവും. ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേർ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്. പിന്നെ  ഈ പശുവിൻറ്റെ പേര് പറഞ്ഞു പ്രശ്നം ഉണ്ടാക്കേണ്ട ഒരു കാര്യവും ഇല്ലാ. ഭരിക്കുന്നവർ ജന നന്മ കാംഷിക്കുന്നുണ്ടെങ്കിൽ പോഷകാഹാരക്കുറവ് വളരെയധികം ഉള്ള ഇന്ത്യയിൽ എന്തു വില കൊടുത്തും അത് മാറ്റാനാണ് നോക്കേണ്ടത്. ചുരുക്കം പറഞ്ഞാൽ സാധാരണക്കാരുടെ പോഷകാഹാരക്കുറവ് പരിഹരിക്കുവാൻ വിലക്കുറവുള്ള എന്തും കഴിക്കുവാൻ പ്രേരിപ്പിക്കണം.

(കടപ്പാട്:  സുരേഷ് കുഞ്ഞുപിള്ളയുടെ ഇന്ത്യയുടെ ഭക്ഷണ രീതികളെ കുറിച്ചുള്ള വളരെ പ്രസക്തമായ പോസ്റ്റിനോട്)

2017 ഡിസംബർ 12, ചൊവ്വാഴ്ച

1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധം

1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധത്തെ കുറിച്ച് ഇന്നും പല കോണുകളിലും ചർച്ചകൾ നടക്കുന്നുണ്ട്. നെഹ്രുവിൻറ്റെ നയതന്ത്ര പാരാജയമായും, ഇന്ത്യൻ സൈന്യത്തിലെ ചില ഓഫിസർമാർ അതിർത്തിയിൽ നടത്തിയ അനാവശ്യ മുന്നേറ്റങ്ങളും യുദ്ധത്തിലേക്ക് വഴി തെളിച്ചു എന്നൊക്കെയായിരുന്നു ഇതുവരെ പലരുടെയും വിലയിരുത്തൽ. പക്ഷെ ആ ധാരണകളൊക്കെ ഇപ്പോൾ തിരുത്തപ്പെടുകയാണ്. സ്വീഡിഷ് എഴുത്തുകാരനായ ബെർട്ടിൻ ലിൻറ്റ്ലർ തൻറ്റെ പുതിയ പുസ്തകമായ 'ചൈനാസ് ഇൻഡ്യാ വാർ'- ൽ 1959 മുതലേ മാവോ ഇന്ത്യക്കെതിരെ കരു നീക്കങ്ങൾ തുടങ്ങിയിരുന്നൂ എന്നാണ് പറയുന്നത്. ബെർട്ടിൻ ലിൻറ്റ്ലർ പുതിയ പുസ്തകത്തിലൂടെ ചൈനയിൽ മാവോയുടെ വലിയ ഭരണ പരാജയങ്ങൾ ചൂണ്ടി കാണിക്കുകയാണ്. ആ ഭരണ പരാജയങ്ങൾ കാരണം നഷ്ടപ്പെട്ട 'ഇമേജ്' വീണ്ടെടുക്കാനായിരുന്നു മാവോ 1962-ലെ യുദ്ധം നടത്തിയതെന്നാണ് ബെർട്ടിൻ ലിൻറ്റ്ലർ തൻറ്റെ പുതിയ പുസ്തകത്തിലൂടെ പറയുന്നത്.

1958-ലാണ് മാവോ തൻറ്റെ 'ഗ്രെയിറ്റ് ലീപ് ഫോർവേഡ്' എന്ന ആശയം അവതരിപ്പിച്ചത്. വ്യവസായികമായും, കാർഷികമായും ഉൽപാദനം ഉയർത്തി ചൈനയെ ലോക രാഷ്ട്രങ്ങളുടെ മുൻപന്തിയിൽ എത്തിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. വ്യവസായികമായി സ്ട്ടീൽ ഉൽപാദനത്തിന് മുൻഗണന കൊടുത്തു. പക്ഷെ ഗ്രാമീണർ ഉൽപാദിപ്പിച്ചു കൂട്ടിയ സ്ട്ടീൽ ഒന്നിനും കൊള്ളില്ലായിരുന്നു. അതിനേക്കാൾ വലിയ ഭീമമായ അബന്ധമായിരുന്നു കാർഷിക രംഗത്തു നടന്നത്. മാവോയുടേത് നല്ല ഉദ്ദേശങ്ങൾ ആയിരുന്നു. പക്ഷെ നടപ്പാക്കിയ രീതികളും അതിൻറ്റെ പിന്നിൽ പ്രവർത്തിച്ച ആശയങ്ങളും ശുദ്ധ മണ്ടത്തരം ആയിരുന്നു. ധാന്യങ്ങൾ ലാഭിക്കാനാണ് അവ തിന്നുന്ന കിളികളെ കൊല്ലാൻ മാവോയും, കമ്യുണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യുറോയും തീരുമാനിച്ചത്. ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനിച്ചു. ചൈനയിൽ ധാന്യങ്ങളുടെ മൊത്തം ഉൽപാദനം കുറയാനുള്ള കാരണം കിളികൾ തിന്നൊടുക്കുന്നതാണെന്ന് ചൈനീസ് കമ്യുണിസ്റ്റ് പാർട്ടി അനുമാനിച്ചപ്പോൾ ആ കിളികൾ തിന്നു തീർക്കുന്ന കീടങ്ങളുടെ കാര്യം മറന്നുപോയി. 'ഫോർ പെസ്റ്റ് ക്യാംപെയിൻ' എന്നറിയപ്പെട്ട ഈ പ്രചാരണത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് 'യൂറോപ്യൻ ട്രീ സ്പാരോ' എന്ന് വിളിപ്പേരുള്ള ചെറിയ കുരുവികളായിരുന്നു. 'ഗ്രെയിറ്റ് ലീപ് ഫോർവേഡ്' എന്ന പദ്ധതിയുടെ ഭാഗമായി കിളികളെ കൊന്നൊടുക്കിയപ്പോൾ നെൽവയലുകളിലും, മറ്റു കൃഷി സ്ഥലത്തും ഉള്ള കീടങ്ങൾ പെരുകി. അവയെ തിന്നൊടുക്കുവാൻ കിളികൾ ഇല്ലാതെ പോയി. പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെട്ടു. കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കൊണ്ടാണ് അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം ചൈനയിൽ 1959-60-കളിൽ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണം ഉണ്ടായത്.

1959 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ലുഷാനിൽ നടന്ന കമ്യുണിസ്റ്റ് പാർട്ടി കോൺഫെറൻസിൽ മാവോയ്‌ക്കെതിരെ ലക്ഷക്കണക്കിനാളുകളുടെ പട്ടിണി മരണം കാരണം കടുത്ത വിമർശനം ഉയർന്നു. ഇപ്പോൾ ബെർട്ടിൻ ലിൻറ്റ്ലർ തൻറ്റെ പുതിയ പുസ്തകമായ 'ചൈനാസ് ഇൻഡ്യാ വാർ'- ൽ പറയുന്നത് പട്ടിണി മരണങ്ങൾ സൃഷ്‌ടിച്ച ആഭ്യന്തര സംഘർഷം രൂക്ഷമായപ്പോൾ മാവോ കണ്ടുപിടിച്ച മാർഗമായിരുന്നു അതിർത്തി തർക്കം എന്നാണ്. പട്ടിണിയിൽ നിന്ന് ചൈനീസ് ജനതയുടെ ശ്രദ്ധ തിരിക്കാൻ ഈ യുദ്ധത്തിലൂടെ മാവോയ്ക്കു സാധിച്ചു. ഇൻഡ്യാ-ചൈനാ അതിർത്തിയിൽ ചൈന നടത്തിയ വൻ സൈനിക നീക്കങ്ങൾ കണ്ടു പിടിക്കാൻ ഇന്ത്യൻ ഇൻറ്റെലിജെൻസ് ഏജൻസികൾക്ക് സാധിക്കാതിരുന്നതും ചൈനക്ക് നേട്ടമായി. ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ പ്രസിദ്ധമായ പുസ്തകമായ - 'India after Gandhi - The History of the World's Largest Democracy'-യിലും 1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധത്തെ കുറിച്ച് സവിസ്തരമായി പ്രദിപാദിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ചൈനീസ് രേഖകൾ കാണിക്കുവാനുള്ള തൻറ്റെ നിരന്തരമായ അഭ്യർത്ഥനകൾ ചൈനീസ് സർക്കാർ തള്ളി കളഞ്ഞതായിട്ടാണ് ചരിത്രകാരൻ രാമചന്ദ്ര ഗുഹ വ്യക്തമാക്കുന്നത്. ഇതു തന്നെ ചൈനയുടെ കള്ള കളികളല്ലേ കാണിക്കുന്നത്? അതിർത്തി തർക്കമായിരുന്നില്ലാ 1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധത്തിലേക്ക് നയിച്ചത് എന്നത് ചൈനയുടെ ഇത്തരം നിലപാടുകളിൽ നിന്ന് വായിക്കാം. യുദ്ധങ്ങൾ മിക്കതും സംഭവിക്കുന്നതൊക്കെ ഈ രീതിയിൽ തന്നെയാണ്. ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ജനത്തിൻറ്റെ ശ്രദ്ധ തിരിക്കാനാണ് അല്ലെങ്കിലും ഭരണാധികാരികൾ അയൽ രാജ്യങ്ങളെ ശത്രുക്കളായി ചിത്രീകരിക്കുന്നതും, അവരെ ആക്രമിക്കുന്നതും. 

2017 ഡിസംബർ 5, ചൊവ്വാഴ്ച

മലയാളവും രാജ്യ സ്നേഹവും

കഴിഞ്ഞ ദിവസം ഹിന്ദി ടി.വി. ചാനലായ ആജ് തക്കിൻറ്റെ പരിപാടിയിൽ മുൻ കാശ്മീർ മുഖ്യ മന്ത്രി ഫറൂക്ക് അബ്ദുള്ള അവതാരകൻറ്റെ ചോദ്യത്തോട്  വളരെയേറെ ക്രുദ്ധനായി പ്രതികരിച്ചു. താങ്കൾ സ്വയം ഒരു ഇന്ത്യാക്കാരനായി കരുതുന്നുണ്ടോയെന്ന അവതാകരൻറ്റെ ചോദ്യത്തോടായിരുന്നു അലറി കൊണ്ടുള്ള പ്രതികരണം.

കാശ്മീർ മുൻ മുഖ്യ മന്ത്രി ഫറൂക്ക് അബ്ദുള്ളയുടെ പ്രതികരണത്തിൻറ്റെ സംക്ഷിപ്ത തർജ്ജിമ ഇതാണ്: "ഞാൻ ഒരു ഇന്ത്യാക്കാരനാണെന്ന കാര്യത്തിൽ താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടോ? അക്കാര്യത്തിൽ താങ്കൾക്ക് സംശയമുണ്ടെന്ന് പറയുന്നത് കഷ്ടം തന്നെ! എനിക്കൊരു സംശയവുമില്ല. താങ്കൾക്കാണ് സംശയമുള്ളത്. ഞാൻ ഇന്ത്യാക്കാരനാണോ എന്ന് ചോദിക്കാൻ താങ്കൾക്ക് എന്താണ് അവകാശം? ഞാൻ ഇന്ത്യാക്കാരനാണോ അല്ലയോ എന്ന് ചോദിക്കാൻ താങ്കൾ എങ്ങനെ ധൈര്യപ്പെട്ടു?  താങ്കൾക്ക് എന്തോ മാനസിക രോഗമുണ്ട്. സൈക്യാട്രിസ്റ്റിനെ കാണണം. നോക്കൂ - മേലാൽ എന്നെ വെല്ലുവിളിക്കരുത്." ഫറൂക്ക് അബ്ദുള്ളയുടെ രൂക്ഷമായ പ്രതികരണം അവതാരകനെ നിശ്ശബ്ദനാക്കി. അല്ലെങ്കിലും ഇപ്പോൾ ഇത്തരത്തിൽ രാജ്യ സ്നേഹത്തിൻറ്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ നടക്കുന്ന ആളുകളോട് ഇങ്ങനെയൊക്കെ പ്രതികരിക്കാതിരിക്കുവാനല്ലാതെ വയ്യാ. രാജ്യ സ്നേഹത്തിൻറ്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നവർ കണ്ടമാനം ഉദയം കൊണ്ടിരിക്കുന്നതിനാലാണത്. 

അത് പോലെ തന്നെ ഹിന്ദുവിനും ഇപ്പോൾ പുതിയ നിർവചനം വന്നിരിക്കുന്നു. കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി ചോദിക്കുന്നത് രാഹുൽ ഗാന്ധി ഹിന്ദുവെങ്കിൽ കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പശുവിനെ കൊന്നപ്പോൾ എന്തുകൊണ്ട് മൗനം പാലിച്ചുവെന്നാണ്. കേന്ദ്ര സർക്കാരിൻറ്റെ കശാപ്പ് നിരോധന ഉത്തരവിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാർ പശുവിനെ പരസ്യമായി കശാപ്പ് ചെയ്തതിനെ പരാമർശിച്ചാണ് ഈ ചോദ്യം. കേന്ദ്ര ധന മന്ത്രിയായ അരുൺ ജെയ്റ്റ്‌ലി ചോദിക്കുന്നത് യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയായ ബി.ജെ.പി.-യുള്ളപ്പോള്‍ ക്ലോണ്‍ ഹിന്ദുത്വ പാര്‍ട്ടികളെ എന്തിന് തെരഞ്ഞെടുക്കണമെന്നാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോംനാഥ് ക്ഷേത്രത്തിലെ സന്ദര്‍ശക പട്ടികയില്‍ രാഹുല്‍ ഗാന്ധിയുടെ പേര് ചേർത്തതും ബി.ജെ.പി. മാധ്യമങ്ങളിലൂടെ വൻ വിവാദമാക്കി. രാഹുല്‍ ഗാന്ധിയുടെ മതം ഏതാണെന്ന് വരെ ബി.ജെ.പി. ചര്‍ച്ചയാക്കി. എന്തായാലും മതത്തിൻറ്റെ പേരിൽ  സാമൂഹിക ധ്രുവീകരണം നടത്തുന്നവരോടും, ജനത്തെ മതം  പറഞ്ഞു ഭിന്നിപ്പിക്കുവാൻ ശ്രമിക്കുന്നവരോടും രാഹുല്‍ ഗാന്ധി 'താന്‍ മതവിശ്വാസത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാറില്ലെന്ന്' മറുപടി കൊടുത്തത് നന്നായി.

ഫറൂഖ് അബ്ദുള്ളയുടെ കാര്യത്തിലാണെങ്കിലും, രാഹുൽ ഗാന്ധിയുടെ കാര്യത്തിലാണെങ്കിലും, ഹിന്ദുവിനുള്ള പുതിയ നിർവചനത്തിൻറ്റെ കാര്യത്തിലാണെങ്കിലും അൽപ ജ്ഞാനികളായ ചിലർ രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പറയാതെ വയ്യാ. നാനാത്ത്വത്തിൽ ഏകത്ത്വം അതല്ലെങ്കിൽ വൈവിധ്യത്തിൽ ഏകത്ത്വം എന്നതായിരുന്നു ഇന്ത്യൻ ദേശീയതയെ പറ്റി എന്നും പറഞ്ഞിരുന്നത്. ഹിന്ദിയും, പശുവും, മുസ്‌ലിം വിരോധവും ഒന്നുമല്ല നമ്മുടെ ദേശീയതയും, ദേശ സ്നേഹവും നിർണയിക്കേണ്ട ഘടകങ്ങൾ. വ്യത്യസ്ത ഭാഷകളുള്ള സംസ്ഥാനങ്ങളെ കൂടി യോജിപ്പിക്കുന്ന ഫെഡറൽ  ഭരണ സംവിധാനമാണ് ഇന്ത്യയുടെ കെട്ടുറപ്പ് എന്നും സംരക്ഷിച്ചിട്ടുള്ളത്.

ഹിന്ദു മതത്തിൽ അധിഷ്ഠിതമായി രാജ്യ സ്നേഹത്തെ നിർവചിക്കുന്നവർ പോലും ഹിന്ദു എന്നത് അനേകം സമ്പ്രദായങ്ങൾ ഒത്തു ചേരുന്നതാണെന്ന് കാണുന്നില്ല. ഹിന്ദുവിൽ തന്നെ താന്ത്രിക സമ്പ്രദായവും, മറ്റു പല സമ്പ്രദായങ്ങളിലും ഉള്ളവർ ഉണ്ട്. ഇനി പശുവിനേയും, നോൺ വെജിറ്റേറിയൻ ആഹാര സമ്പ്രദായത്തെ കുറിച്ചും പറയുന്നവർ 2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിലേക്ക് ഒന്ന് നോക്കണം. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണെന്നുള്ള കാര്യം പശു സ്നേഹികൾ ഓർമിക്കണം.ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേര് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്. പിന്നെ എന്തിനാണ് ഈ പശുവിൻറ്റെ പേര് പറഞ്ഞു മത സ്പർദ്ധ ഉണ്ടാക്കുന്നത്?

ഇന്ത്യയിൽ പൊതുവെ പശു ഇറച്ചി ആരും കഴിക്കാറില്ല എന്നൊക്കെ പറയുന്നത് വലിയ തെറ്റാണ്. മലയാളികളും, ബംഗാളികളും മീൻ കഴിക്കുന്നത് പോലെ ഇന്ത്യയിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ പശു ഇറച്ചി കഴിക്കും. അവരെ സംബന്ധിച്ച് ബീഫ് വില കുറഞ്ഞ മാംസം ആണ്. നല്ല പ്രോട്ടീൻ കിട്ടുന്ന വില കുറവുള്ള ഭക്ഷണം. ബീഫിൽ പശു ഇറച്ചിയും പെടും. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവരും കഴിക്കും. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പശു ഇറച്ചി ഒരു പ്രശ്നമേ അല്ല. അത് കൂടാതെ ഇന്ത്യയിലെ ഗോത്ര വർഗ ജനതകൾക്ക് അവർ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങൾ ഉണ്ട്. നാഷണൽ ജ്യോഗ്രഫിക് ഇതൊക്കെ കാണിച്ചിട്ടുമുണ്ട്. ചരിത്രകാരന്മാർ തന്നെ പറയുന്നത് ദയാനന്ദ സരസ്വതിയുടെ നെത്ര്വത്തത്തിൽ ഈ പശു സംരക്ഷണം ഒരു വലിയ വിഷയം ആക്കുന്നതിനു മുൻപ് ഇതൊരു വലിയ വിഷയമേ ആയിരുന്നില്ല എന്നാണ്. ബീഫ് കഴിക്കുന്നത് നല്ല ഹിന്ദുവിൻറ്റെ ലക്ഷണമല്ല എന്ന ഉൾവിളി സൃഷ്ടിക്കുന്നത് ചില സന്ഖടനകളാണ്. ഇവരൊക്കെ മറക്കുന്ന ഒരു കാര്യം കേരളത്തിൽ നോൺ വെജിറ്റെറിയൻ വിളമ്പിയിരുന്ന മിക്ക ഹോട്ടെലുകളിലും, തട്ടു കടകളിലും കിട്ടിയിരുന്ന വിഭവം ആയിരുന്നു ബീഫ് എന്നതാണ്. ഇത്തരം ഹോട്ടലുകളും, തട്ട് കടകളും നടത്തിയിരുന്നതിലെ വലിയൊരു വിഭാഗവും ഹിന്ദുക്കൾ തന്നെയായിരുന്നു.

ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളും, അവയിലധിഷ്ഠിതമായ വൈകാരികതയും സങ്കുചിതമായി ദേശീയതയേയും, രാജ്യ സ്നേഹത്തെയും നിർവചിക്കുന്നവർ കാണുന്നുണ്ടെന്ന് തോന്നുന്നില്ല. എല്ലാ അർത്ഥത്തിലും ഇന്ത്യയിലേത് ഒരു Multi Ethnic സമൂഹമാണ്. ഹിന്ദിയിൽ പോലും ഹര്യാൻവിയും, ഭോജ്പൂരിയും, മൈഥിലിയുമൊക്കെ ഉണ്ട്. നന്നായി ഹിന്ദിയറിയാവുന്നവർക്കു പോലും ചിലപ്പോൾ ഇത്തരം ഗ്രാമീണ ഹിന്ദി കേട്ടാൽ ഒന്നും മനസിലാകാറില്ല. ഈ ഭാഷാ വൈജാത്യങ്ങൾ സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തി ആയിരുന്നു നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. ദക്ഷിണാഫ്രിക്കയിൽ ഐതിഹാസികാമായ സമരം നടത്തി തിരിച്ചു വന്ന ഗാന്ധിയോട് കോൺഗ്രെസ്സ് നെത്ര്വത്വം ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് കോൺഗ്രെസ്സ് ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്നായിരുന്നു. അത് കൊണ്ടാണ് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുൻപ് കേരള പ്രദേശ് കോൺഗ്രെസ്സ് കമ്മിറ്റി നിലവിൽ വന്നത്. ഈ സങ്കീർണതകളിൽ കൂടി ഇന്ത്യയെ കാണുമ്പോഴാണ് നമ്മുടെ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിൻറ്റെ ആവശ്യകത ആർക്കും ബോധ്യപ്പെടുന്നത്. വളരെ അധികം 'ബാലൻസിംഗ്' ഇല്ലാതെ ഇന്ത്യ ഭരിക്കാൻ ആവില്ല. നമ്മുടെ രാഷ്ട്ര ശിൽപികളായ നെഹ്രുവും, പട്ടേലും, അംബേദ്കറും, ശാസ്ത്രിയും ഒക്കെ ഈ വൈവിധ്യം മനസ്സിലാക്കുകയും ആ 'ബാലൻസിങ്ങിനു' വേണ്ടി തങ്ങളാൽ ആകാവുന്ന ശ്രമിക്കുകയും ചെയ്ത ദീർഘ വീക്ഷണമുള്ള നേതാക്കന്മാർ ആയിരുന്നു. ആ ദീർഘ വീക്ഷണവും, ഹൃദയ വിശാലതയുമാണ് ഇന്നത്തെ ഭരണാധികാരികൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ മാതൃഭാഷയായ മലയാളത്തിൻറ്റെ കാര്യം തന്നെ നോക്കൂ. സ്വാതന്ത്ര ലിപി ഉള്ള  ഒരു ഭാഷയെന്ന രീതിയിൽ നമുക്ക് മാതൃഭാഷയെ കുറിച്ച് അഭിമാനിക്കാം. മലയാളി എന്ന 'ഐഡൻറ്റിറ്റി' അല്ലെങ്കിൽ സ്വത്വ ബോധം നമുക്കുണ്ട്. മൗര്യ ചക്രവർത്തിയായ അശോകൻറ്റെ ശിലാ ലിഖിതത്തിൽ പോലും 'കേരള പുത്രാസ്' എന്ന് രേഖപ്പെടുത്തിയതായി ചരിത്രം പറയുന്നു. ആധുനിക മലയാളം രൂപപ്പെടുന്നതിനു വളരെ പണ്ട് മുതലേ ഇവിടെ വട്ടെഴുത്തും, കോലെഴുത്തും ഉണ്ടായിരുന്നു. അത് ഇന്നത്തെ കേരളം മുഴുവൻ ഉള്ള ഭാഷയുമായിരുന്നു. പിന്നീട് മലയാളം രൂപപ്പെട്ടപ്പോൾ നമ്പൂതിരി സ്വാധീനം ഒക്കെ കാരണം സംസ്കൃത പദങ്ങൾ വന്നത് സ്വോഭാവികം മാത്രം. അതുകൊണ്ട് മലയാളത്തിൻറ്റെ തനതു രീതി ഒരിക്കലും നഷ്ടപ്പെട്ടിട്ടുമില്ല. പൂന്താനവും, ചെറുശ്ശേരിയും, തുഞ്ചത്ത് എഴുത്തച്ഛനും ഭക്തി പ്രസ്ഥാനത്തിൻറ്റെ വലിയ ഒരു പ്രസ്ഥാനത്തിനാണ് തുടക്കമിട്ടത്. അത് മലയാള ഭാഷയുടെയും വളർച്ചയ്ക്ക്  മുൻപെങ്ങും ഇല്ലാത്ത രീതിയിൽ സഹായിച്ചു. ഇപ്പോൾ ശ്രേഷ്ഠ ഭാഷാ പദവി മലയാളത്തിന് വെറുതെ കിട്ടിയതല്ല.

ഇത്തരത്തിൽ മറ്റു പല സംസ്ഥാനങ്ങൾക്കും അവരുടെ ഭാഷയിലും, സംസ്കാരത്തിലും അഭിമാനിക്കാം. തമിഴിൽ കണ്ണദാസൻറ്റെ മരുമകളെ 'തമിഴ് കോവിലിലേക്ക്' സ്വാഗതം ചെയ്യുന്ന സിനിമാ ഗാനമുണ്ട്. വധുവിനെ പോലും ഭാഷയുടെ പേരിലാണ് സ്വാഗതം ചെയ്യപ്പെടുന്നത്. ഇങ്ങനെ ചിന്തിക്കുമ്പോൾ മതത്തിൻറ്റെയും, ഹിന്ദിയുടെയും, പശുവിൻറ്റെയും ഒക്കെ പേരിൽ ദേശീയതയേയും, ദേശ സ്നേഹത്തെയും ഒക്കെ നിർവചിക്കുന്നത് ശരിയായ കാര്യമാണോ? ഹിന്ദി ബെൽറ്റിലെ ചില സങ്കുചിത നേതാക്കൾ പറയുന്നത് പോലെ അല്ല ദക്ഷിണേന്ത്യയിലെയും, മറ്റു പ്രദേശങ്ങളിലെയും ആളുകൾ ദേശീയതയെ ഉൾക്കൊള്ളുന്നത്. ഹിന്ദി ബെൽറ്റിലെ ചില നേതാക്കളുടെ കാലു തൊട്ടും, അവർക്ക് പാദസേവ ചെയ്തും സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ നടക്കുന്നവർ ഇതൊക്കെ മനസിലാക്കണമെന്നും ഇല്ലാ.

2017 ഡിസംബർ 1, വെള്ളിയാഴ്‌ച

ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഇല്ലാതെ പോയ 'റോൾ മോഡൽ'

മതത്തിൻറ്റെ പേരിൽ മനുഷ്യൻ വിഭജിക്കപ്പെടുന്ന അത്യന്തം ദുഖകരമായ കാഴ്ചയാണ് ഇന്ന് ഈ രാജ്യത്തുള്ളത്. ഹാദിയാ കേസിനെ ചൊല്ലിയുള്ള വിവാദങ്ങൾ ആ വിഭജനം കൂടുതൽ ആഴത്തിലാക്കി എന്ന് പറയാതെ വയ്യാ. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ ഒരു പ്രതികരണം വേണ്ടാ എന്നാണ് വിചാരിച്ചിരുന്നത്. നമ്മളായിട്ട് എരിതീയിൽ എണ്ണ പകരുന്നത് ശരിയല്ലല്ലോ. പക്ഷെ കഴിഞ്ഞ ദിവസം എൻറ്റെ സുഹൃത്തായ മുസ്‌ലിം പെൺകുട്ടി കക്ഷി വിദേശത്തു പോയ ഫോട്ടോ അയച്ചു. ജീൻസും, ടോപ്പുമിട്ട അടിപൊളി ഫോട്ടോ. ഇതിനു മുമ്പ് ഇത്തരത്തിലുള്ള മോഡേൺ വേഷങ്ങളണിഞ്ഞ സൗദി രാജകുമാരികളുടേയും, ദുബായിലെ ഷെയിഖിൻറ്റെ മോളുടേയും ഒക്കെ ഫോട്ടോ കണ്ടിട്ടുണ്ട്. ആധുനിക സമൂഹത്തിൽ സ്ത്രീകൾക്ക് അവർ ഇഷ്ടപ്പെട്ട വേഷം ധരിക്കുവാനുള്ള അവകാശവും, അവരുടെ സഞ്ചാര സ്വാതന്ത്ര്യവും വളരെ പ്രധാനപ്പെട്ടതാണ്. ഒരു മതത്തിൽ വിശ്വസിച്ചത് കൊണ്ട് സ്ത്രീകളുടെ തല മറക്കണമെന്നോ, അവരുടെ ശരീരം ചാക്കിൽ പൊതിയണമെന്നോ മത മേലധ്യക്ഷന്മാർ വിചാരിക്കാൻ പാടുള്ളതല്ല. ഇപ്പോൾ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കൊച്ചു പെൺകുട്ടികൾ വരെ പർദ്ദ അണിയുന്ന കാഴ്ചയാണ് കേരളത്തിലെ പല മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ഉള്ളത്. ഒന്നാം ക്ലാസിലും, രണ്ടാം ക്ലാസിലും പഠിക്കുന്ന കൊച്ചു പെൺകുട്ടികളുടെ തലമുടി കണ്ടു കഴിഞ്ഞാൽ നിയന്ത്രണം പോകുമെന്ന് വിചാരിക്കുന്നതും, തലമുടി മറക്കാൻ അവരെ പ്രേരിപ്പിക്കുന്നതും മഹാ കഷ്ടമാണ്. വാക്സിൻ വിരുദ്ധതയിലും ഇത്തരം അങ്ങേയറ്റം പിന്തിരിപ്പനായ മനോഭാവമുണ്ട്.

ഇത്തരത്തിലുള്ള യാതൊരു നിയന്ത്രണവും മുസ്ലീങ്ങൾക്കിടയിലുള്ള വരേണ്യ വർഗത്തിലില്ല എന്നതും പ്രത്യേകം മനസിലാക്കേണ്ട ഒന്നാണ്. നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാൻ സ്ഥാപിച്ച ജിന്ന എങ്ങനെ മുസ്ലിം നേതാവായി എന്നുള്ളത് ഇന്നും പിടികിട്ടാത്ത ഒരു കാര്യം ആണ്. ജിന്ന വിവാഹം ചെയിതിരിന്നത് പാഴ്സി സ്ത്രീയെയാണ്. ജിന്നയുടെ ഭാര്യ റുട്ടി പാഴ്സി വിഭാഗത്തില് പെട്ട സ്ത്രിആയിരുന്നു. (അവർ 'മറിയം' എന്ന പേർ സ്വീകരിച്ച് അദ്ദേഹത്തിൻറ്റെ വിശ്വാസത്തിൽ പിന്നീട് ചേർന്നിട്ടുണ്ട്.) ഒരു സാധാരണ മുസ്ലിം വിശ്വാസി ആഴ്ച്ചയിലൊരിക്കലുള്ള പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കാതിരിക്കാനാവില്ല. എന്നാൽ ജിന്ന ഒരിക്കലും വെള്ളിയാഴ്ച പ്രാർത്ഥനകളിൽ പങ്കെടുത്തിരുന്ന ഒരു ശരാശരി വിശ്വാസി കൂടിയായിരുന്നില്ല. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ ജിന്നയുടെ അറിവ് വളരെ പരിമിതമായിരുന്നു. ഒരു മുസ്ലീം വിശ്വാസിക്ക് അനുവദനീയമല്ലാത്തതൊക്കെ ജിന്ന മറയില്ലാതെ ചെയിതിരുന്നു എന്നും ചരിത്ര താളുകളിൽ കാണാം. ജിന്ന സ്ഥിരമായി പന്നിയിറച്ചി കഴിക്കുകയും, മദ്യപിക്കുകയും ചെയ്തിരുന്നതായി ജിന്നയുടെ ജീവ ചരിത്രങ്ങളിൽ പറയപ്പെടുന്നുണ്ട്. മദ്യപാനവും, സിഗരറ്റു വലിയും ഒക്കെ ജിന്ന മറ കൂടാതെ ചെയ്തിരുന്നു. കുടിക്കുന്ന മദ്യമാകട്ടെ മുന്തിയ തരം സ്ക്കോച്ചും ആയിരുന്നു. സ്ഥിരമായി സിഗററ്റും വലിക്കുമായിരുന്നു. ഇംഗ്ളീഷിൽ പറയുന്നത് പോലെ 'ക്രോണിക് സ്മോക്കർ' ആയിരുന്നു ജിന്ന. 'ക്രോണിക് സ്മോക്കർ' ആയതു കൊണ്ട് തന്നെ പിൽക്കാലത്തു ജിന്നയ്ക്ക് ക്ഷയ രോഗവും പിടി പെട്ടു. ക്ഷയ രോഗം കൊണ്ടാണ് ജിന്ന മരിച്ചത് തന്നെ. അതും കൂടാതെ അന്നത്തെ ഉത്തരേന്ത്യയിലെ മുസ്ലീങ്ങളുടെ ഭാഷയായ ഉർദു ജിന്നക്ക് ഒട്ടും വശമില്ലായിരുന്നു. ഇംഗ്ളീഷ് ഭാഷയായിരുന്നു ജിന്നക്ക് ഏറെ പ്രിയം. വേഷമാകട്ടെ കോട്ടും, ടയ്യും, പാൻറ്റ്സുമൊക്കെ. തികച്ചും ആർഭാട രീതിയിലുള്ള വേഷവും, ഭക്ഷണവും, താമസവുമൊക്കെയായിരുന്നു ജിന്നയുടെത്. അന്നത്തെയോ, ഇന്നത്തെയോ ഒരു ശരാശരി ഇന്ത്യൻ മുസ്ലീമിൻറ്റെ ജീവിത രീതിയുമായി ജിന്നക്ക് പുല ബന്ധം കൂടി ഉണ്ടായിരുന്നില്ല.

ഇന്നും പാക്കിസ്ഥാനിലെ ദേശീയ വികാരം മതത്തിൽ അധിഷ്ടിതമാണ്. എപ്പോഴൊക്കെ ഇന്ത്യ മേൽകൈ നേടുമ്പോൾ പാക്കിസ്ഥാനിലെ ഇസ്ലാമിക തീവ്ര വാദ സംഘടനകൾ ഇന്ത്യക്കെതിരെ മതം ആയുധമാക്കും. പക്ഷെ ഈ ഇസ്ലാമിക പ്രത്യേയ ശാസ്ത്രം ഉൽബോധിപ്പിക്കുന്ന നേതാക്കളുടെ സ്വൊകാര്യ ജീവിതം ഞെട്ടിപ്പിക്കുന്നതാണ്. ഫാത്തിമ ഭൂട്ടോ 2010 -ൽ എഴുതിയ  'Blood and Sword: A Daughter’s Memoir' കുറെ വർഷങ്ങൾക്ക് മുൻപ് ഇതെഴുതുന്നയാൾ വായിച്ചിട്ടുണ്ട്. ഫാത്തിമ ഭൂട്ടോ പിന്നീട് പല ഇൻറ്റെർവ്യൂകളിലും ബേനസീർ ഭൂട്ടോ നടത്തിയ കൊടിയ അഴിമതികളുടെ കഥകൾ എണ്ണിയെണ്ണി പറഞ്ഞു. ദുബായിലും, ലണ്ടനിലും ഒക്കെ ഫ്‌ളാറ്റുകളും, വില്ലകളും ഒക്കെ ഉള്ള അങ്ങേയറ്റം അഴിമതിക്കാരായ ഭരണ വർഗമാണ് പാക്കിസ്ഥാനിലുള്ളത്. ഇവരുടെ കൊള്ളരുതായ്മകൾ മറക്കുവാൻ ഇവരൊക്കെ മതത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ്. സാധാരണ ജനത്തെ വഴി തെറ്റിക്കുവാൻ മതത്തെ ഉപയോഗിക്കുന്ന ഇത്തരം വർഗീയ വാദികളുടെ അടുത്തുകൂടെ പോലും ഭക്തിയോ, ആത്മീയതയോ പോവത്തില്ല. എല്ലാ വർഗീയ വാദികളും ജിന്നയെ പോലെയും, ഇന്നത്തെ പാക്കിസ്ഥാനിലെ ഭരണ വർഗത്തെ പോലെയുമാണ്. സാധാരണ ജനത്തെ വഴി തെറ്റിക്കുവാൻ ഇവരൊക്കെ മതത്തെ സമർത്ഥമായി ഉപയോഗിക്കുന്നു.

രാമചന്ദ്ര ഗുഹയുടെ പ്രസിദ്ധമായ പുസ്തകമായ - 'India after Gandhi - The History of the World's Largest Democracy'-യിൽ ഇന്ത്യൻ മുസ്ലീങ്ങളെ കുറിച്ച് അദ്ദേഹം നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. ഇന്ത്യൻ മുസ്ലീങ്ങൾക്ക് നല്ലൊരു 'റോൾ മോഡൽ' ഇല്ല. ഇതാണ് അവരുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നാണ് ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറയുന്നത്. മൗലാനാ ആസാദും, ബെഹ്‌റുദീൻ ത്യാബ്ജിയും പോലുള്ള നേതാക്കൾക്ക് മറ്റു സമുദായങ്ങളിലേതു പോലെ ശക്തമായ ഒരു മധ്യ വർഗത്തെ ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ സൃഷ്ടിക്കുവാൻ സാധിച്ചില്ല. ഇന്നത്തെ നേതാക്കളായ മദനിയും, ഒവൈസിയും, അബ്ദുള്ളാ ബുഖാരിയുമൊക്കെ അങ്ങേയറ്റം പ്രതിലോമകരമായ ആശയങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. നമ്മുടെ ടി.വി. ചാനലുകളിൽ വന്നിരുന്ന് മുസ്ലീങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരും അറു   ബോറന്മാരും, അങ്ങേയറ്റം പിന്തിരിപ്പൻ മനോഭാവമുള്ളവരുമാണ്.  ഒരു ഹമീദ് ചേന്ദമംഗലൂരിനേയോ, കാരിശ്ശേരി മാഷിനേയോ മാറ്റി നിർത്തിയാൽ ബാക്കി മിക്കവരും അങ്ങേയറ്റം യാഥാസ്ഥിതികരും, മത മൗലിക വാദികളുമാണ്. ഒളിഞ്ഞും, തെളിഞ്ഞും തീവ്ര വാദത്തെ പിന്തുണയ്ക്കുന്നവരുമാണ്.

തീവ്ര വാദികൾ ഏതു മതക്കാർ ആയാലും കണക്കാണ്. ആധുനിക സമൂഹത്തിൽ മതവും, വിശ്വാസവും ഒരു വ്യക്തിയുടെ സ്വകാര്യതയുടെ മാത്രം ഭാഗമാകുകയാണ് വേണ്ടത്. ഹിന്ദുവിനു വേണ്ടിയും, ഇസ്‌ലാമിനു വേണ്ടിയും ആരും പ്രതിനിധീകരിച്ചു വരേണ്ട ഒരു കാര്യവുമില്ല.  പ്രതിനിധീകരിച്ചു വരികയാണെങ്കിൽ അത് തങ്ങളുടെ സമുദായത്തിലെ എല്ലാവരുടെയും സർവോതോന്മുഖമായ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുന്നവരായിരിക്കണം. പക്ഷെ അങ്ങനെ എല്ലാവരുടെയും സാർവത്രികമായ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുവാൻ ഇവിടുത്തെ യാഥാസ്ഥിതിക മത നേത്ര്വത്ത്വം സമ്മതിക്കില്ല. ചരിത്രത്തിലേക്ക് നോക്കിയാൽ നെഹ്റു സർക്കാരിലെ അംഗമായ ഡോക്ടർ അംബേദ്കർ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനായി 'ഹിന്ദു കോഡ് ബിൽ' ഉണ്ടാക്കി. 'ഹിന്ദു കോഡ് ബിൽ' ഉണ്ടാക്കിയ ഡോക്ടർ അംബേദ്കർ മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങൾ എന്താണ്  കണ്ടില്ലെന്നു നടിച്ചത് എന്നത് മനസ്സിലാവുന്നില്ല. 1985 - ൽ 'ഷാ ബാനൂ' കേസ് വിധി വന്നപ്പോൾ മുസ്ലീം വ്യക്തിഗത നിയമങ്ങൾ മാറ്റി എഴുതിക്കുവാൻ ഇവുടുത്തെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും കോലാഹലം ഉണ്ടാക്കിയത് എല്ലാവരും കണ്ടതാണ്. 1986 - ൽ രാജീവ് ഗാന്ധി സർക്കാരിൽ കനത്ത സമ്മർദം ചെലുത്തി മുസ്ലീം വ്യക്തിഗത നിയമം മാറ്റി എഴുതി. സത്യത്തിൽ 'ഷാ ബാനൂ' കേസിൽ സുപ്രീം കോടതി പറഞ്ഞതിൽ എന്തായിരുന്നൂ തെറ്റുണ്ടായിരുന്നത്? 'ഷാ ബാനൂ' കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ തികച്ചും ന്യായമല്ലായിരുന്നുവോ? മുസ്ലീം വിധവകൾക്ക് ജീവനാംശവും, സംരക്ഷണവും കൊടുക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റുണ്ടായിരുന്നത്? ഇപ്പോൾ 'മുത്താലാക്ക്' - നെതിരെ വരെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും 'ഷാ ബാനൂ' കേസിനെതിരെ എന്ന പോലെ കോലാഹലം ഉണ്ടാക്കുന്നുണ്ട്.

ഇവിടെയാണ്  രാമചന്ദ്ര ഗുഹ പറയുന്ന ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഇല്ലാതെ പോയ 'റോൾ മോഡലിൻറ്റെ' പ്രസക്തി. ദളിതരെ സംബന്ധിടത്തോളം അവർക്ക് ഡോക്ടർ ബി. ആർ. അംബേദ്കറിൽ വളരെ അനുകരണീയമായ 'റോൾ മോഡൽ' ഉണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് ഉന്നത ബിരുദങ്ങൾ നേടുകയും, അവരുടെ അവകാശങ്ങൾക്കു വേണ്ടി നില കൊള്ളൂകയും ചെയ്ത വ്യക്തി എന്ന നിലയിൽ ഡോക്ടർ ബി. ആർ. അംബേദ്കർ ആരാധ്യനായ 'റോൾ മോഡൽ' ആണ്. ഭരണ ഘടനയുടെ ഒരു കോപ്പിയും പിടിച്ച് കോട്ടിലും, ടയ്യിലും ഡോക്ടർ ബി. ആർ. അംബേദ്കറിൻറ്റെ പ്രതിമ ഉയർന്നു നിൽക്കുമ്പോൾ അത് വളരെ ശക്തമായ ഒരു പ്രതീകമാണ്. ഇന്നത്തെ ചില അരാജക വാദികൾ പ്രവർത്തിക്കുന്നത് പോലെ ഡോക്ടർ അംബേദ്കർ ഒരിക്കലും അക്രമത്തിലോ, നിയമ വിരുദ്ധമായ മാർഗങ്ങളിലോ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയല്ലായിരുന്നു. ഏതു പ്രതികൂല സാഹചര്യങ്ങളിലും ഭരണഘടനയിലും, ജനാധിപത്യ മാർഗങ്ങളിലും ആയിരുന്നു അദ്ദേഹത്തിന് വിശ്വാസം. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, അല്ലെങ്കിൽ തീവ്രവാദത്തിനോട് ആഭിമുഖ്യം കാണിക്കുകയും ഇന്നത്തെ മുസ്‌ലിം യുവാക്കൾക്ക് ഇങ്ങനെ ഭരണഘടനയിലും, ജനാധിപത്യ മാർഗങ്ങളിലും വിശ്വസിച്ചിരുന്ന ഒരു 'റോൾ മോഡൽ' ഇല്ലാ എന്നുള്ളത് ഒരു വലിയ പോരായ്മയാണ്.

വേണമെങ്കിൽ മുസ്‌ലിം സമൂഹത്തിന് നല്ല  'റോൾ മോഡലുകളെ' കണ്ടെത്താം. മലയാളിയായ ആത്മീയാചാര്യൻ ശ്രീ എം (മുംതാസ് അലി ഖാൻ) ഭക്തിയുടെയും, ആത്മീയതയുടെയും കാര്യത്തിൽ നല്ല ഒരു 'റോൾ മോഡലാണ്'. സൂഫിസത്തിൽ ശ്രീ എം -ൻറ്റെ അറിവ് നിസ്തുലമാണ്. അജ്മീറിലെ ക്വാജ മൊയിനുദ്ദീൻ ചിഷ്ടിയെ കുറിച്ചും, ഫക്കീറായിരുന്ന ഷിർദി സായി ബാബയെ കുറിച്ചുമെല്ലാം തൻറ്റെ ആത്മ കഥയിൽ അദ്ദേഹം ദീർഘമായി എഴുതിയിട്ടുണ്ട്. ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ ശാസ്ത്ര ബോധത്തിന് വളരെയധികം സ്ഥാനമുണ്ട്. ആ രീതിയിൽ ഡോക്ടർ എ.പി. ജെ. അബ്ദുൾ കലാം വളരെ നല്ല 'റോൾ മോഡലാണ്'. രാമേശ്വരത്തെ സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ചു വളർന്ന അദ്ദേഹം ഇന്ത്യൻ പ്രെസിഡൻറ്റിൻറ്റെ കസേരയിൽ വരെ ചെന്നു എന്നത് ഒരു നിസാര നേട്ടം അല്ല. ഇതെഴുതുന്ന ആൾ ഡോക്ടർ അബ്ദുൾ കലാം ജനിച്ച രാമേശ്വരത്തെ വീട്ടിൽ പോയിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ വിവരിക്കുന്ന ഒരു മ്യുസിയം ആയി മാറിയിരിക്കയാണ് ഡോക്ടർ അബ്ദുൾ കലാം ജനിച്ച രാമേശ്വരത്തെ വീട്. ലക്ഷോപലക്ഷം വിദ്യാർത്ഥികൾ ഡോക്ടർ കലാമിനെ ആരാധിക്കുന്നു എന്നത് തന്നെ അദ്ദേഹം സാർത്ഥകമായ ജീവിതമാണ് നയിച്ചത് എന്നതിൻറ്റെ തെളിവാണ്. അദ്ദേഹത്തിൻറ്റെ പുസ്തകങ്ങളുടെ ലക്ഷ കണക്കിന് കോപ്പികളാണ് ഇതിനോടകം വിറ്റഴിഞ്ഞിട്ടുള്ളത്. പക്ഷെ കേരളത്തിലെ മത മൗലിക വാദികൾ ഡോക്ടർ കലാം മരിച്ചപ്പോൾ അദ്ദേഹം യഥാർഥ മുസ്ലീമായിരുന്നോ എന്ന് ചോദിച്ചു കൊണ്ട് ഡിബേറ്റ് നടത്തി. ഒരു ഇമാമിൻറ്റെ മകനായ ഡോക്ടർ കലാം തൻറ്റെ ശാസ്ത്രീയത ഒക്കെ ഉപേക്ഷിച്ച്  യഥാർഥ മുസ്ലീമാണെന്ന് തെളിയിക്കുവാൻ മത മൗലിക വാദികളെ പോലെ വട്ട താടിയും, പച്ച ബെൽറ്റും, കള്ളി മുണ്ടും ഒക്കെയായി നടക്കണമായിരുന്നു; വർഗീയം പറയണമായിരുന്നു - എന്നൊക്കെ പറഞ്ഞാൽ തീർത്തും കഷ്ടമാണത്. ഒരു ഇമാമിൻറ്റെ മകനോട് വീണ്ടും മുസ്ലീമാണെന്നു തെളിയിക്കുവാൻ പറയുന്നത് തന്നെ അങ്ങേയറ്റം നികൃഷ്ടമായ കാര്യമാണ്.

2017 നവംബർ 29, ബുധനാഴ്‌ച

ഇന്ത്യൻ ചരിത്രവും, കേരള ചരിത്രവും

'പത്മാവതി' ചിത്രത്തിൻറ്റെ പേരിലുള്ള വിവാദങ്ങളും, ഉത്തരേന്ത്യയിലെ രാജ കുടുംബങ്ങളുടെ അവകാശ വാദങ്ങളെ പലരും പിന്തുണയ്ക്കുന്നതും നമ്മുടെ ചരിത്ര യാഥാർഥ്യങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണ്. ലാറി കോളിൻസും, ഡൊമിനിക് ലാപ്പിയറും ചേർന്നെഴുതിയ 'ഫ്രീഡം അറ്റ് മിഡ്നയിറ്റ്' അല്ലെങ്കിൽ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പുസ്തകത്തിലെ 177 തൊട്ട്‌ 180 വരെയുള്ള പേജുകൾ  വായിച്ചാൽ മതി ഇന്ത്യയിലെ രാജ കുടുംബങ്ങളുടെ പെണ്ണു പിടുത്തത്തിൻറ്റെ ചരിത്രം മനസിലാക്കുവാൻ.  'ഫ്രീഡം അറ്റ് മിഡ്നയിറ്റിൽ' നിരത്തിയിരിക്കുന്ന വസ്തുതകൾ പരിശോധിച്ചാൽ പലരുടെയും ഇന്ത്യയിലെ രാജ കുടുംബങ്ങളെ കുറിച്ചുള്ള മിഥ്യാ ധാരണകളൊക്കെ മാറും. രാംപൂറിലെ ഒരു നവാബ് അടുത്തുള്ള രാജാക്കന്മാരുമായി ബെറ്റ് വെച്ച് പെണ്ണ് പിടിക്കുന്നതിൻറ്റെ സചിത്ര വിവരണമുണ്ട് ആ പുസ്തകത്തിൽ. 1947 ജൂണിൽ സർ കോൺറാഡ് കോർഫീൽഡിനാൽ നശിപ്പിക്കപ്പെട്ട നാട്ടു രാജാക്കൻമാരുടെ മദനോൽസവ ചരിത്രങ്ങൾ കുറച്ചൊക്കെ ഈ പുസ്തകത്തിലുണ്ട്. നവാബുമാരും, രാജാക്കന്മാരും, നമ്മുടെ ഫ്യുഡൽ പ്രഭുക്കന്മാരൊക്കെയും പെണ്ണ് പിടുത്തത്തിൽ മോശക്കാരല്ലായിരുന്നു. നോവലിസ്റ്റ് സക്കറിയ 'ഭാസ്കര പട്ടേലരും എൻറ്റെ ജീവിതവും' എന്ന കഥയിലൂടെ കാണിച്ചു തരുന്ന പട്ടേലരെ പോലെ കാണാൻ കൊള്ളാവുന്ന സ്ത്രീകൾക്ക് വഴി നടക്കാൻ പോലും പറ്റാതിരുന്ന രാജാക്കന്മാരുടെയും, ഭൂ പ്രഭുക്കന്മാരുടെയും, മാടമ്പികളുടെയും ചരിത്രം കൂടി ഇന്ത്യയിലുണ്ട് എന്ന് ചിലരൊക്കെ ഓർമ്മിക്കുന്നത് നന്നായിരിക്കും. 

മധ്യ കാല ഖട്ടത്തിൽ ഒരു വശത്ത് ആത്മീയതയും, ഭക്തിയും ഉള്ളപ്പോൾ തന്നെ മറുവശത്ത് നാട്ടു രാജാക്കന്മാരുടെ ധൂർത്തും, ഭൂ പ്രഭുക്കളുടെയും, മാടംബിമാരുടെയും അക്രമവും, ജാതീയമായ അടിച്ചമർത്തലും ഇന്ത്യയിൽ ധാരാളമായി നടന്നിട്ടുണ്ട്. 20-30 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺകുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര - എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. പ്രത്യേക സ്ക്വാഡിനെ ഇറക്കിയാണ് മഹാരാഷ്ട്രയിൽ പോലീസ് ദേവദാസി സമ്പ്രദായം അമർച്ച ചെയ്തത്.  ഈ പ്രത്യേക സ്ക്വാഡിനോട് പൊരുതാൻ ഗുണ്ടാ സംഘങ്ങളും, തൽപര കക്ഷികളും എത്തി. ഇതൊക്കെ ഈയടുത്ത് നടന്ന സംഭവങ്ങളാണ്. ഇപ്പോഴും ദേവദാസി സമ്പ്രദായത്തിലേക്ക് രഹസ്യമായി പാവപ്പെട്ട പെൺകുട്ടികളെ ചേർക്കുന്നുണ്ട്. 'ദാസി' സമ്പ്രദായം ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ ഭൂവുടമകളുടെ ഇടയിൽ വ്യാപകമായി ഉണ്ടായിരുന്നു. നടി അർച്ചനയ്ക്ക് ദേശീയ വാർഡ് കിട്ടിയത് തന്നെ 'ദാസി' സിനിമയിൽ അഭിനയിച്ചതിനാണ്. 'ദാസി' - കളായ പെൺകുട്ടികളെ ബലാത്സംഘം ചെയ്യുന്നതും, അന്യർക്ക് കാഴ്ച വെയ്ക്കുന്നതും കുറെ വർഷങ്ങൾക്കു മുമ്പ് വരെ ഉണ്ടായിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ് വരെ കേരളത്തിലും, ഇന്ത്യയിലും അടിമകളും, അടിമ ചന്തയും ഉണ്ടായിരുന്നു.

അതുപോലെ ഇപ്പോൾ ചരിത്രം  പറഞ്ഞു അഭിമാനം കൊള്ളുന്നവർ ഇരുപതാം നൂറ്റാണ്ടിനു മുൻപ് സതി അനുഷ്ഠിച്ച സ്ത്രീകളെ കുറിച്ചും ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. മനുഷ്യ സ്വാതത്ര്യത്തിൻറ്റെ അർഥം പ്രത്യേകിച്ച് ഭാരതത്തിൽ നില നിന്നിരുന്ന സ്ത്രീ സ്വാതന്ത്ര്യത്തിൻറ്റേ അർഥം സതി അനുഷ്ടിച്ചവരെ മുൻനിർത്തി മനസിലാക്കിയാൽ മനസാക്ഷി മരവിക്കാത്ത ആരും ഞെട്ടിപ്പോകും. ബംഗാൾ പ്രവിശ്യയിൽ കൊല്ലം 600 പേർ സതി അനുഷ്ടിച്ചതായി1835 സമയത്തു രേഖപെടുത്തുകയുണ്ടായി. ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവനായി 5000 പേർ ഒരു വർഷം സതി അനുഷ്ഠിച്ചെങ്കിൽ ആയിരം കൊല്ലം കൊണ്ട് അമ്പതു ലക്ഷം പേർ ഈ ദുരാചാരം കൊണ്ട് മരിച്ചു കാണും. മരണസംഖ്യ ഇതിലും പതിന്മടങ്ങു കൂടുവാനെ സാധ്യതയുള്ളൂ. അതിക്രൂരമായി വിധവകളെ എരിതീയിലേക്കെറിഞ്ഞു കഴിയുമ്പോൾ രക്ഷപ്പെടാൻ പല സ്ത്രീകളും ചിതയിൽ നിന്നും ചാടി ഓടിയിട്ടുണ്ട്. അവരെ ആചാര പ്രീയന്മാർ പിടിച്ചുകെട്ടി വീണ്ടും ചിതയിലിടുമായിരുന്നു. കൊട്ടും കുരവയും മന്ത്രോച്ചാരണങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ അവരുടെ നിലവിളി ആരും കേട്ടിരുന്നില്ല. ഇതൊക്കെ ആ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ ശിക്ഷാ രീതികളും പല സഞ്ചാരികളും രേഖപ്പെടുത്തിയിട്ടുണ്ട്‌. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന  ശിക്ഷാ രീതികളാണ് പലതും. സ്വാതി തിരുനാൾ മഹാരാജാവിൻറ്റെ ഭരണ പരിഷ്‌കാരങ്ങൾ മാത്രം പഠിച്ചാൽ മതി കേരളത്തിൽ നില നിന്നിരുന്ന ശിക്ഷാ രീതികൾ മനസിലാക്കാൻ. തൂക്കിക്കൊല്ലപ്പെടുന്നവൻറ്റെ കുതികാൽ വെട്ടി രക്തം ഊറ്റുന്ന പ്രാകൃതമായ ശിക്ഷാരീതി ഇംഗ്ലീഷ് വര്‍ഷം 1863-ന് ശേഷമാണ് നിര്‍ത്തലാക്കിയത്. മുക്കാലിയിൽ കെട്ടി അടിക്കുക, കുന്തത്തിൽ കുത്തി നിറുത്തൽ, ആനയെ കൊണ്ട് ചവിട്ടിച്ചു കൊല്ലിക്കൽ, കുറ്റക്കാരുടെ തലവെട്ടുക, തൂക്കിലിടുക, അംഗഭംഗം വരുത്തുക, വിഷംനല്‍കി കൊല്ലുക, ദുഷ്ടമൃഗങ്ങളുടെ കൂട്ടിലിട്ടുകൊടുക്കുക, ഇരുമ്പില്‍ തീര്‍ത്ത ചട്ടക്കൂട്ടില്‍ അടച്ച് കാട്ടിനുള്ളില്‍ തള്ളുക -  തുടങ്ങിയ പല ശിക്ഷാരീതികളും കേരളത്തില്‍ നിലനിന്നിരുന്നു. കുറ്റക്കാരെ കണ്ടുപിടിക്കാന്‍ ശുചീന്ദ്രം ക്ഷേത്രത്തിലെ  തിളച്ച എണ്ണയില്‍ കൈമുക്കുന്ന രീതി സ്വാതിതിരുനാള്‍ മഹാരാജാവ് (18291846) ആണ് നിർത്തലാക്കിയത്. അതുപോലെ കുറ്റക്കാരെ തലമുണ്ഡനം ചെയ്ത് കല്ലെറിഞ്ഞ് ഓടിക്കുക പതിവായിരുന്നു. ലെനിൻ രാജേന്ദ്രൻറ്റെ 'സ്വാതി തിരുനാൾ' സിനിമ വേശ്യാവൃത്തി ആരോപിക്കപ്പെടുന്ന സ്ത്രീകളെ ചാണക വെള്ളമൊഴിച്ച് മുടി മുറിച്ച് ഒട്ടിപ്പിക്കുന്ന രീതി കാണിച്ചു തരുന്നുണ്ട്.

ഇരുമ്പുകൂട്ടിലടച്ച് മരത്തിൽ കെട്ടിത്തൂക്കിയിട്ട് പക്ഷികളെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന രീതി - ‘ചിത്രവധം’ എന്നായിരുന്നു പേര്. (ചിത്രം എന്നാൽ പക്ഷി) നമ്മുടെ ചരിത്ര മ്യുസിയങ്ങളിൽ ‘ചിത്രവധ’ത്തിനുപയോഗിച്ചിരുന്ന കൂടുകൾ ഇപ്പോഴും പ്രദർശിപ്പിച്ചിട്ടുണ്ട്. സംശയമുള്ളവർക്ക് അത് പോയി നേരിട്ട് കാണാം. 'നമ്പൂതിരി സ്ത്രീകള്‍ക്ക് ചാരിത്ര്യഭംഗം വന്നാല്‍ കണ്ടുപിടിച്ച് ശിക്ഷിക്കുന്ന സ്മാര്‍ത്ത വിചാരം വളരെക്കാലം നിലനിന്നു. ഷൊർണ്ണൂരിനടുത്ത് കവളപ്പാറയിൽ 36 വർഷം നീണ്ടുനിന്ന സ്മാർത്ത വിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രമുണ്ട്. അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയിൽ സാധനമായി നരകിച്ചതു മിച്ചം! കേരളത്തിൽ ഇതൊക്കെ നടന്നിട്ട് ഒരു നൂറ്റാണ്ടു പോലും കഴിഞ്ഞിട്ടില്ല. ചരിത്രം ചരിത്രമാണ്. അതൊക്കെ വികാര വിക്ഷോഭങ്ങൾക്ക് വിധേയമാകാതെ മനസിലാക്കുകയാണ് വേണ്ടത്. ഇനി വികാര വിക്ഷോഭങ്ങൾക്ക് വിധേയമായാൽ എന്ത് പ്രയോജനം? ഒരു പ്രയോജനവുമില്ല.

2017 നവംബർ 28, ചൊവ്വാഴ്ച

ആത്മീയാചാര്യന്മാർ

ആത്മീയാചാര്യന്മാരിൽ പലരും സുഖിച്ചു ജീവിക്കുന്നവരാണെന്ന മിഥ്യാ ധാരണ പലർക്കുമുണ്ട്. ഇപ്പോൾ നമ്മളോടൊപ്പം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ആത്മീയാചാര്യനാണ് മലയാളിയായ ശ്രീ എം (മുംതാസ് അലി ഖാൻ). 'Apprenticed to a Himalayan Master – Autobiography of a Yogi’ എഴുതിയ ശ്രി എം. കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ വർഗീയതക്കെതിരെ ‘Walk of Hope’ അല്ലെങ്കിൽ 'പ്രത്യാശയുടെ പദയാത്ര' 2015-16 കാലഘട്ടത്തിൽ നടത്തി. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' എഴുതിയ ശ്രീ എം --ൻറ്റെ നെത്ര്വത്തത്തിൽ 'മാനവ് ഏകതാ മിഷൻ' സംഘടിപ്പിച്ച 'പ്രത്യാശയുടെ പദയാത്ര' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്യാകുമാരി മുതൽ ശ്രീനഗർ വരെ 7500 കിലോമീറ്റർ നടന്നുള്ള ആ യാത്ര ജാതി, മതഭേദമന്യേ സമൂഹം സ്വാഗതം ചെയ്യുകയുണ്ടായി. 7500 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുവാൻ കഴിയുന്ന എത്ര പേരുണ്ട് നമ്മുടെ ഇടയിൽ??

ആദ്യ അമേരിക്കൻ നാഗ സന്യാസിയായ ബാബാ റാം പുരിയുമായുള്ള (പൂർവാശ്രമത്തിൽ വില്യം എ. ഗാൻസ്) ഇൻറ്റെർവ്യൂ ഇപ്പോൾ പലയിടത്തും അച്ചടിച്ചു വരുന്നുണ്ട്. നാഷണൽ ജ്യോഗ്രഫിക്ക് ചാനലിൽ ഇൻറ്റെർവ്യൂ വന്നിരുന്നു. 40 വർഷത്തിലേറെ ഇന്ത്യയിൽ സഞ്ചരിച്ച നാഗ സന്യാസിയായ ബാബാ റാംപൂരിയുടെ ആത്മ കഥ - 'Autobiography of a Sadhu: An Agrez Among Naga Babas’ വായിച്ചിട്ടുണ്ട്. അത് വേറൊരു 'ലെവലാണ്'. അമേരിക്കയിലെ സുഖ സൗകര്യങ്ങളൊക്കെ ഉപേക്ഷിച്ച് 40 വർഷത്തോളം ഇന്ത്യയിൽ മഞ്ഞും, വെയിലും, മഴയും സഹിച്ച് ആത്മീയാനുഭത്തിനു  വേണ്ടി നടക്കുക എന്നൊക്കെ പറഞ്ഞാൽ പലർക്കും ചിന്തിക്കാൻ പോലും സാധ്യമല്ല.

ഇതുവരെ വായിച്ച ആധ്യാത്മിക പാതയിലുള്ളവരുടെ ആത്മ കഥകളിൽ ഓം സ്വാമിയുടെ ആത്മ കഥയായ ‘If Truth be Told – A Monk’s Memoir’ ആണ് ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ളത്. പൂർവാശ്രമത്തിൽ അമിത് ശർമയായിരുന്ന ഓം സ്വാമിയുടെ ആത്മ കഥ മികച്ചതായി തോന്നിയതിൻറ്റെ കാരണം ആത്മീയ പാതയിലുള്ള അഗ്നി പരീക്ഷണത്തെ കുറിച്ചുള്ള വിവരണം ഉള്ളതിനാലാണ്. മറ്റു പലരും തങ്ങളെ തന്നെ 'പ്രോജക്റ്റ്' ചെയ്യേണ്ടന്ന് കരുതിയാവണം തങ്ങൾ നേരിട്ട അഗ്നി പരീക്ഷണങ്ങൾ ആത്മ കഥകളിൽ ഒരുപക്ഷെ ഉൾപ്പെടുത്താതിരുന്നത്. ഇതു മൂലം ആത്മീയാനുഭവം വളരെ എളുപ്പമുള്ള ഒന്നാണെന്ന മിഥ്യാ ധാരണ പലർക്കുമുണ്ട്. ഓം സ്വാമി ആധുനിക രീതിയിൽ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ആൾ കൂടിയാണ്. സിഡ്‌നിയിൽ നിന്നും MBA ബിരുദ ധാരിയാണ് ഓം സ്വാമി. വലിയൊരു സോഫ്റ്റ്‌വെയർ കമ്പനിയുടെ ഉടമ കൂടിയായിരുന്നു. അതൊക്കെ ഉപേക്ഷിച്ചാണ് സന്യാസം തിരഞ്ഞെടുത്തത്.

ആത്മീയത രാഷ്ട്രീയത്തിൻറ്റെ ഭാഗമാക്കിയ വ്യക്തിയായിരുന്നു നമ്മുടെ  രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. സഹന സമരങ്ങളിലൂടെയും, സ്വയം ശുദ്ധീകരണത്തിലൂടെയും ആയിരുന്നു ആ ആത്മീയത അദ്ദേഹം വെളിപ്പെടുത്തിയത്. ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹങ്ങൾ മാത്രം നോക്കിയാൽ മതി അദ്ദേഹത്തിൻറ്റെ മഹത്ത്വം അറിയാൻ. 21 ദിവസം നീണ്ടു നിന്ന രണ്ടു സത്യാഗ്രഹങ്ങൾ ഗാന്ധിജി നടത്തിയിട്ടുണ്ട്. 1933 - ൽ അയിത്തോച്ചാടനത്തിനായും, 1943 - ൽ ഹിന്ദു മുസ്ലീം ഐക്യത്തിനായും. അതും കൂടാതെ സ്വയം ശുദ്ധീകരണത്തിനും, അല്ലാതെയും എത്രയോ നിരാഹാര സത്യാഗ്രഹങ്ങൾ!

ടൈയും കൊട്ടും ധരിക്കാതെ മേൽമുണ്ട് മാത്രം ധരിച്ചു വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ഒരു രാഷ്ട്ര പിതാവ് നമുക്ക് ഉണ്ട്. ഒരു മുണ്ടു ഉപയോഗിച്ച് കഴിയുമ്പോൾ അത് അലക്കാനിടും. അതായിരുന്നു ഗാന്ധിജിയുടെ രീതി. ബ്രിട്ടനിലെ തണുപ്പിൽ രണ്ടു മുണ്ട് മാത്രം കൊണ്ട് പോയി ഒരെണ്ണം ഉണങ്ങാതെ വന്നപ്പോൾ അത് മറിച്ചുടുത്ത് വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ആളാണ് നമ്മുടെ  രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. ത്യാഗത്തിലും, സഹനത്തിലും അധിഷ്ഠിതമായ മാനുഷികതക്ക് മാത്രമേ മഹത്തായ നേതാക്കന്മാരെ സൃഷ്ടിക്കാനാവൂ. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി അത്തരത്തിൽ മാനുഷികതയിലൂടെയും, ആത്മ ത്യാഗത്തിലൂടെയും ഉയർന്നു വന്ന നേതാവാണ്. കണ്ടമാനം അധാർമികതയുള്ള  ഈ ഇരുപത്തൊന്നാം ഇതൊക്കെ സ്മരിക്കുന്നത് വളരെ നല്ലതാണ്.

2017 നവംബർ 27, തിങ്കളാഴ്‌ച

'പത്മാവതി' ചിത്രത്തിൻറ്റെ പേരിലുള്ള വിവാദങ്ങൾ

'സാഹിത്യവാരഫലം' പ്രൊഫെസ്സർ എം. കൃഷ്ണൻ നായർ എഴുതിയ ഒരു സംഭവമുണ്ട്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ഒരാളും അന്നത്തെ ബ്രട്ടീഷ് റസിഡൻറ്റിൻറ്റെ ഭാര്യയും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു. ഒരിക്കൽ ഈ 'അവിഹിതം' നേരിൽ കണ്ട  ബ്രട്ടീഷ് റസിഡൻറ്റ് മഹാരാജാവിനെ രണ്ടാമത്തെ നിലയിൽ നിന്നു തൂക്കിഎടുത്ത് താഴോട്ടെറിഞ്ഞു. ഈ രാജാവ് പിന്നീടുള്ള കാലത്ത് ചട്ടുകാലനായി അറിയപ്പെട്ടു. തിരുവനന്തപുരത്ത് ദീർഘ നാൾ താമസിച്ചതിനാൽ കൃഷ്ണൻ നായർ സാറിന് ഇതുപോലുള്ള പല കഥകളും അറിയാമായിരുന്നു. തിരുവനന്തപുരത്തെ പഴമക്കാർക്കെല്ലാം ഇതുപോലെ രാജകുടുംബത്തിൻറ്റെ പല പെണ്ണുപിടുത്തങ്ങളുടേയും കഥകൾ അറിയാം.

ഇത് ഇപ്പോൾ പറയാനുള്ള കാരണം 'പത്മാവതി' എന്ന ചിത്രത്തിൻറ്റെ പേരിലുള്ള വിവാദങ്ങളാണ്. ഉത്തരേന്ത്യയിലെ രാജ കുടുംബങ്ങളെല്ലാം ഈ ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുന്നു. ഈ രാജ കുടുംബങ്ങളെല്ലാം ഇന്ത്യയിലെ ജനത്തിനു വേണ്ടി ഭയങ്കര ത്യാഗം സഹിച്ചവരാണെന്നു വരുത്തി തീർക്കുവാനുള്ള അടവാണിത്. ബ്രട്ടീഷ് ഇന്ത്യയിലെ 600-ഓളം വന്നിരുന്ന രാജ കുടുംബങ്ങൾ സത്യത്തിൽ ഇന്ത്യയിലെ സാധാരണ ജനത്തിനു വേണ്ടി വലിയ ഉപകാരമൊന്നും ചെയ്തിട്ടില്ലെന്നുള്ളതാണ് ചരിത്ര സത്യം. ഉപദ്രവങ്ങൾ ഇഷ്ടം പോലെ ചെയ്തിട്ടുമുണ്ട്. രാജാക്കന്മാരുടെ അവകാശങ്ങളും, അധികാരവും, സൗഭാഗ്യങ്ങളും നിലനിർത്തുവാനാണ് ഈ രാജ വംശങ്ങൾ ചെയ്തിട്ടുള്ള മിക്ക യുദ്ധങ്ങളും. ഇവരുടെ ഒക്കെ പെണ്ണു പിടുത്തത്തിൻറ്റെ ചരിത്രം മാത്രം നോക്കിയാൽ മതി ഇവർ ജനങ്ങൾക്ക് ചെയ്ത ഉപദ്രവം മനസിലാക്കുവാൻ.

1947 ജൂണിൽ ഇന്ത്യ സ്വാതന്ത്ര്യത്തിൻറ്റേ പടിവാതിൽക്കൽ നിന്നപ്പോൾ ബ്രട്ടീഷ് ഇന്ത്യയിലെ 600-ഓളം വന്നിരുന്ന രാജ കുടുംബങ്ങളുടെ പ്രതിനിധിയായിരുന്നു സർ കോൺറാഡ് കോർഫീൽഡ് ഇന്ത്യയിലെ രാജാക്കന്മാരുടെ ലൈംഗിക കേളികളുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തു. വരാനിരിക്കുന്ന കോൺഗ്രെസ്സ് സർക്കാർ രാജ കുടുംബങ്ങളെ അതുപയോഗിച്ച് നമ്മുടെ സരിത എസ്. നായർ ഇപ്പോൾ ചെയ്യുന്നതുപോലെ 'ബ്ളാക് മെയിൽ' ചെയ്യുമോ എന്ന് പേടിച്ചിട്ടാണ് രാജ കുടുംബങ്ങളോട് വിധേയത്വം പുലർത്തിയ സർ കോൺറാഡ് കോർഫീൽഡ് രതി ലീലയുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തത്. ഹൈദരാബാദിലും, ബറോഡയിലും, മൈസൂറിലും തൊട്ട് നമ്മുടെ കൊച്ചി വരെ ഇത്തരത്തിൽ രാജ കുടുംബങ്ങളുടെ രതി ലീലകളുടെ ചരിത്രം തീയിട്ടു നശിപ്പിച്ചു. മൊത്തം തീയിട്ട ചരിത്ര രേഖകൾ നാല് ടൺ വന്നിരുന്നു എന്ന് പറയുമ്പോഴാണ് നമ്മുടെ രാജാക്കന്മാർ ചെയ്തിരുന്ന ജന സേവനം മനസിലാക്കേണ്ടത്!!!!

ജഹാംഗീറും അനാർക്കലിയും തമ്മിലുള്ള പ്രണയവും, അക്‌ബറും ജോധ ബായിയും തമ്മിലുള്ള പ്രണയവും എല്ലാം സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ നേരത്തേ എത്തിയതാണ്. അതൊന്നും യഥാർത്ഥത്തിലുള്ള ചരിത്രം ആയിരുന്നില്ല. അപ്പോഴൊന്നും ഇല്ലാത്ത രോഷം ഇപ്പോൾ ഉണ്ടാകേണ്ട ഒരു കാര്യവും ഇല്ല. പത്മാവതി ആരെന്ന് പോലും അറിയാതെയാണ് പലരും ഈ സിനിമയ്ക്കെതിരെ പ്രതിഷേധിക്കുന്നത്. സൂഫി കവി മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവതി എന്ന സൃഷ്ടിയിലൂടെയാണ് പത്മാവതി പ്രസിദ്ധയാകുന്നത്.  അതും അലാവുദ്ദീൻ ഖിൽജിയുടെ കാലശേഷം രണ്ട് നൂറ്റാണ്ടുകൾക്കും ഇപ്പുറം. ആ പത്മാവതി എങ്ങിനെയാണ് അലാവുദ്ദീൻ ഖിൽജിക്ക് പ്രിയപ്പെട്ടവളായി മാറുന്നത്‌??? മാത്രവുമല്ല അലാവുദ്ദീൻ ഖിൽജിയെ കുറിച്ചുള്ള ചരിത്രം പരിശോധിച്ചാൽ എവിടെയും പത്മാവതിയെ കുറിച്ച് പറയുന്നുമില്ല എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

സൂഫി കവി മാലിക് മുഹമ്മദ് ജയാസിയുടെ കെട്ടുകഥകൾ നിറഞ്ഞ കവിതയാണ് പത്മാവതിയെ കുറിച്ചുള്ള ഏറ്റവും ആദ്യത്തെ പരാമർശം. ശ്രീലങ്കയിലെ സിങ്കാൾ രാജാവിൻറ്റെ മകളായിരുന്നു പത്മാവതി. പത്മാവതിയുടെ പ്രിയപ്പെട്ട സുഹൃത്തായിരുന്നത് ഹിരാമൻ എന്ന തത്തയായിരുന്നു. നന്നായി സംസാരിക്കുന്ന ഹിരാമനും പത്മാവതിയും തമ്മിലുള്ള സൗഹൃദം പത്മാവതിയുടെ പിതാവിന് തീരെ ഇഷ്ടമായിരുന്നില്ല. ഇതോടെ ഈ തത്തയെ കൊല്ലാൻ പത്മാവതിയുടെ പിതാവ് തീരുമാനിക്കുകയും ചെയ്തു. ഇതോടെ കൊട്ടാരം വിട്ട് പറന്നു പോയ ഹിരാമൻ ഒരു തത്ത വിൽപ്പനക്കാരന് കിട്ടുകയും അതുവഴി ചിറ്റോർ കൊട്ടാരത്തിൽ എത്തുകയുമായിരുന്നു. കൊട്ടാരത്തിലെത്തിയ ഹിരാമൻ രജപുത്ര രാജാവായ രത്തൻ സെന്നിനോട് പത്മാവതിയുടെ സൗന്ദര്യത്തെ കുറിച്ച് മാത്രമേ വർണിച്ചു. ഹിരാമൻറ്റെ സൗന്ദര്യ വർണ്ണനയിലൂടെ പത്മാവതിയെ സ്‌നേഹിക്കുന്ന രത്തൻ സിങ് സിങ്കാൾ ആക്രമിച്ച് പത്മാവതിയെ സ്വന്തമാക്കാൻ പുറപ്പെടുകയും ചെയ്തു. ഇങ്ങനെയാണ് പത്മാവതിയുടെ കഥ തുടങ്ങുന്നത്.

പത്‌നി നാഗമതിയെ കൊട്ടാരത്തിൽ ഉപേക്ഷിച്ച് യോഗിയുടെ ഉത്തരീയമണിഞ്ഞ് അനുചരന്മാരോടൊപ്പം രത്തൻ സെൻ പുറപ്പെടുന്നു. പത്മാവതിക്കുവേണ്ടി ജീവത്യാഗം ചെയ്യാൻ സന്നദ്ധമായുള്ള ആ യാത്രയിൽ കഷ്ടപ്പാടുകൾ സഹിച്ചാണെങ്കിലും ലക്ഷ്യം നേടുകയും പത്മാവതിയുമായി ചിറ്റോറിലേക്ക് മടങ്ങുകയും ചെയ്തു. പത്മാവതി ചിറ്റോറിൽ രാജ്ഞിയായി വാഴ്‌ത്തപ്പെട്ട വിവരം അറിഞ്ഞ അലാവുദ്ദീൻ ഖിൽജിയും അറിഞ്ഞു. പത്മാവതിയുടെ സൗന്ദര്യത്തെ കുറിച്ച് കേട്ടറിഞ്ഞ അലാവുദ്ദീൻ ഖിൽജി വൻ സൈന്യവുമായി ഉടൻ പുറപ്പെട്ടു. ശക്തമായ പ്രതിരോധത്തിനിടയിൽ ചിറ്റോർ കോട്ട പിടിച്ചടക്കിയെങ്കിലും അലാവുദ്ദീൻ അകത്ത് പ്രവേശിക്കുകയാണെന്നും തന്നെ കൈക്കലാക്കുകയാണ് ഉദ്ദേശ്യമെന്നും മനസ്സിലാക്കിയ പത്മാവതി 16,000 സ്ത്രീകളോടൊപ്പം സ്വയം തീയിൽ ചാടി ആത്മാഹുതി നടത്തി എന്നാണ് കഥ. ശത്രുവിൻറ്റെ കൈയിൽ പെട്ട് മാനം പിച്ചിച്ചീന്തുന്നതിൽനിന്ന് രക്ഷപ്പെടാൻ നടത്തുന്ന ഈ ജീവബലിയെ 'ജൗഹർ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതാണ് സൂഫി കവി പറയുന്ന കഥ, പക്ഷെ ഈ കഥ ആധികാരിക ചരിത്രത്തിൽ എവിടെയും വായിക്കാൻ സാധിക്കില്ല.

1303 ജനുവരിയിലാണ് സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ നേതൃത്വത്തിൽ വൻ സൈനിക സന്നാഹം ചിറ്റോർ കോട്ടയിലേക്ക് നീങ്ങുന്നത്. രാജാ രത്തൻ സിങ്ങിൻറ്റെ  നേതൃത്വത്തിൽ രജപുത്രർ ശക്തമായ പ്രതിരോധം തീർത്തെങ്കിലും പിടിച്ചുനിൽക്കാനായില്ല. ഓഗസ്റ്റ് അവസാന വാരത്തോടെ കോട്ടയിലേക്ക് കടന്ന അലാവുദ്ദീൻ ഖിൽജി രാജകുടുംബാംഗങ്ങളെ വെറുതെ വിട്ടെങ്കിലും ഗ്രാമത്തലവന്മാരുടെ തലയെടുത്തുവെന്നാണ് ചരിത്രകാരന്മാർ  രേഖപ്പെടുത്തിയിരിക്കുന്നത്. കൊട്ടാരഭരണം പുത്രൻ ഖിസ്ർ ഖാനെ ഏൽപിച്ച് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. ദീപിക പദുക്കോണിന് മുന്നേ അനിതാ ഗുഹയും വൈജയന്തിമാലയും റാണി പത്മിനിയായി സിനിമയിൽ എത്തി മറഞ്ഞവരാണ്. ഓരോ സിനിമയും ഓരോ രീതിയിലാണ് പ്രേമത്തിൻറ്റെയും, യുദ്ധ വീര്യത്തിൻറ്റെയും ഒക്കെ കഥകൾ അവതരിപ്പിച്ചത്.

1296 മുതൽ 1316 വരെ ഡൽഹി മുതൽ ഡെക്കാൻ വരെ നീണ്ടുകിടക്കുന്ന അതിവിശാലമായൊരു സാമ്രാജ്യം ഭരിച്ച അലാവുദ്ദീൻ ഖിൽജിയുടെ സംഭവബഹുലമായ കാലഘട്ടത്തെക്കുറിച്ചും സൈനികാക്രമണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ചരിത്ര രേഖകളിലൊന്നിലും പത്മാവതിയെ കുറിച്ച് പരാമർശമില്ല. അപ്പോൾ തന്നെ നമ്മുടെ വടക്കൻ പാട്ടുകൾ പോലെ ഭാവനയും, യുദ്ധ വീര്യവും, പ്രേമത്തിൻറ്റെ കഥകളും  ഒക്കെ ചാലിച്ച് സാധാരണക്കാരുടെ ഭാവനകൾക്കു നിറം പകരാൻ പിന്നീടെഴുതിയതാകാനേ സാധ്യതയുള്ളൂ. "ആണും, പെണ്ണുമല്ലാത്ത ചതിയൻ ചന്തു" എന്ന്പറഞ്ഞയിടത്തു നിന്നാണ് എം.ടി. "ചതിയൻ ചന്തുവിൻറ്റെ കൊടും ക്രൂരതകളെ കുറിച്ച് നിങ്ങൾക്കെന്തറിയാം" എന്ന് ചോദിച്ചു കൊണ്ട് നമ്മുടെ 'ഫോക് ലോർ' ആയ ചരിത്രം പുനഃ സൃഷ്ടിക്കുന്നത്. എഴുത്തുകാരന് ആ രീതിയിൽ ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. എം.ടി. അങ്ങനെ പുനഃസൃഷ്ടി നടത്തിയിട്ട് കേരളത്തിൽ ആരും പ്രതിഷേധിച്ചില്ല; അങ്ങനെ പ്രതിഷേധിക്കേണ്ട ഒരു കാര്യവുമില്ല. 'ഒരു വടക്കൻ വീരഗാഥ' അവാർഡുകൾ വാരി കൂട്ടുകയും ചെയ്തു.

മധ്യ കാലഘട്ടത്തിലെ പല രാജാക്കന്മാരുടെയും കഥ പോലെ തന്നെയാണ് അലാവുദ്ദീൻ ഖിൽജിയുടെ ചരിത്രവും. പിൽക്കാല എഴുത്തുകാർ ഇത്തരം രാജാക്കന്മാരുടെ യുദ്ധ വീര്യവും, പ്രേമങ്ങളും ഒക്കെ പറഞ്ഞു കഥകളും, കവിതകളും ഇഷ്ടം പോലെ ഉണ്ടാക്കി. അതൊക്കെ നമ്മുടെ 'ഫോക് ലോറിൻറ്റെ' ഭാഗമാവുകയും ചെയ്തു. ഇന്നത്തെ രാജ കുടുംബങ്ങൾ ആ പാരമ്പര്യം ഓർത്ത് അഭിമാനിക്കുമ്പോൾ രാജ കുടുംബങ്ങളൊക്കെ ചെയ്തു കൂട്ടിയ മോശം കാര്യങ്ങളെ കുറിച്ചും പറയേണ്ടതുണ്ട്. ബ്രട്ടീഷുകാർക്ക് ദാസ്യവൃത്തി ചെയ്തവരായിരുന്നു ഇന്ന് കാണുന്ന മിക്ക രാജ കുടുംബങ്ങളും. ബ്രട്ടീഷുകാർക്കു ദാസ്യവൃത്തി ചെയ്യാതിരുന്നവരുടെയൊക്കെ പണവും, അധികാരങ്ങളും, പ്രതാപവുമൊക്കെ നഷ്ടമായി. അവരുടെ പിന്മുറക്കാർ വളരെ ദരിദ്രമായ അവസ്ഥയിൽ ആരും അറിയപ്പെടാതെയാണ് ഇന്നും ജീവിക്കുന്നത്.

അലാവുദ്ദീൻ ഖിൽജിയെ തീർത്തും മോശക്കാരനാക്കി മുസ്‌ലിംവിരുദ്ധ വികാരം ഊതിക്കത്തിച്ച് വോട്ട് ബാങ്ക് ഉറപ്പിക്കുക എന്ന സംഘ പരിവാർ സംഘടനകളുടെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് തോന്നുന്നു ഇപ്പോഴത്തെ വിവാദങ്ങൾക്കെല്ലാം പിന്നിൽ. 'പത്മാവതി'-ക്കെതിരെ സംഘപരിവാർ സംഘടനകൾ കൊലവിളികൾ നടത്തി വരികയാണ്. ദീപിക പദുക്കോണിൻറ്റെ തലവെട്ടുന്നവർക്ക് പത്തു കോടി രൂപ ഇനാം പ്രഖ്യാപിച്ച് ഒരു ബി.ജെ.പി. നേതാവ് രംഗത്ത് വന്നിരുന്നു. ചിത്രത്തിൻറ്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം ഭാരത് ബന്ദ് നടത്തും എന്നും പറഞ്ഞിരുന്നു. പുരാണത്തിലെ ശൂർപ്പണഖയോട് ചെയ്തതുപോലെ ദീപികയുടെ മൂക്ക് അരിയാനാണ്  വേറൊരു ആഹ്വാനം. പ്രതിഷേധം ഇന്ത്യയിൽ മാത്രമായി ഒതുങ്ങുന്നില്ല. സിനിമ ഇംഗ്ലണ്ടിൽ പ്രദർശിപ്പിച്ചാൽ ബ്രിട്ടീഷ് തിയറ്ററുകൾ കത്തിക്കുമെന്ന് തീവ്ര ഹിന്ദു സംഘടനകൾ ഭീണഷി മുഴക്കി കഴിഞ്ഞു. ഇംഗ്ലണ്ടിലെ ഏതെങ്കിലും തിയറ്ററിൽ സിനിമ പ്രദർശിപ്പിച്ചാൽ ആ തിയറ്റർ ചാരമാക്കാനാണ് ഇന്ത്യയിൽ നിന്നും ബ്രിട്ടനിലുള്ള രജപുത് വിഭാഗങ്ങളോടുള്ള ചിലരുടെ ആഹ്വാനം.

'പത്മാവതി'-ക്കെതിരെ രാജ്യത്തെ യുവാക്കൾ മുന്നോട്ടിറങ്ങണമെന്നും പത്മാവതി പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ കത്തിക്കണമെന്നും ബി.ജെ.പി. നേതാക്കൾ പറയുമ്പോൾ അത് രാജ്യ ഭക്തിയല്ല; പ്രത്യുത രാജാക്കന്മാരോടുള്ള ഭക്തിയായിട്ടാണ് മാറുന്നത്. ഇങ്ങനെ രാജാക്കന്മാരോടുള്ള ഭക്തി പ്രകടിപ്പിക്കുമ്പോൾ ഇന്ത്യയിലെ രാജ കുടുംബങ്ങളൊക്കെ ഈ രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടി എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളതെന്നും ഓർമ്മിക്കുന്നത് നന്നായിരിക്കും. 1947 ജൂണിൽ സർ കോൺറാഡ് കോർഫീൽഡ് നശിപ്പിച്ച രതി ലീലകളുടെ ചരിത്രം നാല് ടൺ വന്നിരുന്നു എന്ന് ചിലരെങ്കിലും ഓർമിക്കണം. സക്കറിയയുടെ 'ഭാസ്കര പട്ടേലരും എൻറ്റെ ജീവിതവും' എന്ന കഥയിലെ പട്ടേലരെ പോലെ കാണാൻ കൊള്ളാവുന്ന സ്ത്രീകൾക്ക് വഴി നടക്കാൻ പോലും പറ്റാതിരുന്ന രാജാക്കന്മാരുടെയും, ഭൂ പ്രഭുക്കന്മാരുടെയും, മാടമ്പികളുടെയും ചരിത്രം കൂടി ഇന്ത്യയിലുണ്ടെന്ന കാര്യം ചരിത്രത്തിൽ അഭിമാനിക്കുന്നവർ ഓർക്കേണ്ടതുണ്ട്.

കേരളത്തിൽ ഇരുന്നു പോലും ചിലർ 'പത്മാവതി'-ക്കെതിരെ പ്രതിഷേധിക്കുന്നു. ഓണത്തിൻറ്റെ ചരിത്രം തിരുത്തുവാൻ ശ്രമിച്ചപ്പോൾ പോലും പ്രതികരിക്കാത്തവർ ആണ് കേരളത്തിൽ ഇന്ന് 'പത്മാവതി'-ക്കെതിരെ പ്രതിഷേധിക്കുന്നത് എന്ന് ഓർക്കുന്നത് രസകരമാണ്. ഓണം വാമന ജയന്തിയും കൂടി ആണെന്ന് പറഞ്ഞപ്പോൾ വർഷങ്ങളായി മഹാബലിയുടെ നാട് കാണാനുള്ള വരവായി ഓണം ആഘോഷിക്കുന്ന മലയാളികളുടെ ദേശീയ വികാരം വ്രണപ്പെടും എന്നുപോലും ചിലർക്ക് മനസിലായില്ല. അങ്ങനെ മനസിലാക്കാത്തവർ ആണ് ഇപ്പോൾ ഇല്ലാത്ത കഥയും ചുമന്ന് അതിൻറ്റെ പേരിൽ കലാപം ഉണ്ടാക്കുവാനും, പൊതുമുതൽ നശിപ്പിക്കുവാനുമുള്ള ആഹ്വാനങ്ങളെ പിന്തുണയ്ക്കുന്നത്.

2017 നവംബർ 24, വെള്ളിയാഴ്‌ച

ചൈനാ ഇൻഡ്യാ താരതമ്യം

ഇന്നത്തെ ചൈനയുടെ GDP ഒരു കോടി മില്യൺ US ഡോളറാണ്. ഇന്ത്യയുടെയാകട്ടെ ഏകദേശം 20 ലക്ഷം മില്യൺ US ഡോളറിൻറ്റെ മുകളിലും. ഇന്ത്യയുടെ GDP-യുടെ ഏകദേശം അഞ്ചിരട്ടിയുടെ മുകളിലാണ് ചൈനയുടെ GDP. ഒരു വർഷത്തെ ചൈനയുടെ പ്രോഡക്ട് & സർവീസ് കയറ്റുമതി  ശരാശരി 60 ബില്യൺ ഡോളറിലും കൂടുതൽ ആണ്. ഇന്ത്യയുടെ വെറും 11 ബില്യൺ ഡോളറിൻറ്റെ മാത്രം. ചൈനയുടെ ഉൽപാദന രംഗത്തെ വളർച്ച അറിയാൻ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികൾക്ക് കളിപ്പാട്ടം വിൽക്കുന്ന കടയിലോ പോയാൽ മതി.  മറ്റൊരു കാര്യം ചൈനയുടെ വളർച്ച ഉൽപാദനം കൊണ്ടുള്ളതാണ് എന്നാണ്‌. ഇന്ത്യയുടേത് സർവീസസ് -  അതായത് കൃഷിയും വ്യവസായവും കൂടാതെ സേവന മേഖലയിലെ കണക്കും കൂടെ കൂട്ടി ആണ്. തൊഴിൽ അന്വേഷിച്ച് ചൈനാക്കാരൻ അലഞ്ഞു നടക്കുന്നത് വരെ അവരുടെ നാട്ടിൽ  ദാരിദ്ര്യം ഇല്ല.  ഇന്ത്യയിലെ പോലെ ഹത ഭാഗ്യരായ ചെറുപ്പക്കക്കാർ സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുന്നതുപോലുള്ള രാഷ്ട്രീയ നാടകമൊന്നും ചൈനയിൽ ഉൽപാദനം തകൃതിയായി നടക്കുമ്പോൾ സംഭവിക്കില്ല. ചൈനയിൽ ഗ്രാമങ്ങളിൽ നിന്ന് ആളുകൾ നഗരങ്ങളിലേക്കും, ഉൽപാദന മേഖലകളിലേക്കും കുടിയേറുന്നത് മെച്ചപ്പെട്ട വേതനം പ്രതീക്ഷിച്ചാണ്; അല്ലാതെ ഇന്ത്യയിലെ പോലെ ദാരിദ്ര്യം കൊണ്ടല്ല.  

ഇപ്പോഴത്തെ സാഹചര്യത്തിൽ ഉൽപാദന മേഖലയിലെ ചിലവ് കുറച്ചുകൊണ്ടുള്ള നിർമ്മിതി ഇന്ത്യക്ക്‌ സാധിക്കില്ല. പക്ഷെ ചൈനയിൽ അതിന് കഴിയുന്നതുകൊണ്ടാണ് ഒട്ടുമിക്ക കമ്പനികളും ചൈനയിലേക്ക് പോകുന്നത്. ഇന്ത്യയിൽ നിന്നും ഇരുമ്പയിര് ചൈനയിലേക്ക് കയറ്റുമതി ചെയ്ത് ചൈനയിൽ നിന്നും സ്റ്റീൽ ഇവിടെ ഇറക്കുമതി ചെയ്യുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന് സോഷ്യൽ മീഡിയയിലൂടെ  മുറവിളി കൂട്ടുന്നത് വെറുതെയാണ്. ഒരു പക്ഷെ ചെറിയ രീതിയിൽ ബഹിഷ്‌കരിച്ചേക്കാം; അതിനപ്പുറം സാധിക്കില്ല. ചൈനീസ്‌ ഉൽപന്നങ്ങളുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഇലക്രോണിക് ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ - ഇവയൊക്കെ ചൈനയിൽ നിന്നാണ് വരുന്നത്. ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന മൊബയിൽ ഫോണുകളിൽ ഒന്ന് ചൈനീസ് ഉൽപ്പന്നമായ   ഷവോമി റെഡ്മി ആണ്. ഷവോമിക്ക് ഇന്ത്യയിൽ ഫാക്റ്ററിയുമുണ്ട്. അത് കൂടാതെ ലെനോവോ, ഹയ്യർ - തുടങ്ങിയ വേറെയും ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിൽ സജീവമാണ്. ഇന്ത്യൻ മധ്യ വർഗത്തിന് വില കുറവുള്ളത് കൊണ്ട് ചൈനീസ് ഉൽപന്നങ്ങൾ വലിയ പഥ്യവുമാണ്.

രാജ്യ സ്നേഹം ഒക്കെ പറയുന്നത് നല്ലതാണ്. പക്ഷെ രാജ്യ സ്നേഹം പറയുമ്പോഴും യാതാർഥ്യ ബോധം എന്ന് പറയുന്നത് വേണം. എത്ര വലിയ രാജ്യസ്നേഹം പറഞ്ഞാലും ഇന്ത്യയിലെ മദ്ധ്യ വർഗം വില കുറവുള്ള ചൈനീസ് സാധനങ്ങൾ തന്നെയായിരിക്കും വാങ്ങുന്നത്. തീവ്ര രാജ്യസ്നേഹികൾ പോലും ഒരു കാർ വാങ്ങുമ്പോൾ ഇന്ത്യൻ ബ്രാൻഡ് അല്ലാ; ജർമൻ, ജപ്പാൻ ബ്രാൻഡുകളാണ് ഗുണ മേന്മയും, വിലകുറവും നോക്കി തിരഞ്ഞെടുക്കുന്നത്. ഇലക്ട്രോണിക് ഉൽപന്നങ്ങളും, കളിപ്പാട്ടങ്ങളും, മൊബൈൽ ഫോണുകളും മറ്റും മാത്രമല്ല ചൈനയിൽ നിന്നും വരുന്നത്. 2015 - 2016-ലെ കണക്കനുസരിച്ച്  ഇലക്ട്രിക്കൽ മെഷിനറിയും, ജൈവ വളങ്ങളും, ഇരുമ്പും, സ്റ്റീലും, മറ്റു വസ്തുക്കളും ചൈനയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. കൂടാതെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരം ചൈനീസ് കമ്പനികളായ വിവോ, ജിയോനി, ഷവോമി, എസ്യൂസ്, വൺ പ്ലസ് വൺ തുടങ്ങിയവയും ഇന്ത്യയിൽ ഉൽപാദനം തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകൾ മിക്കതും ചൈനീസ് നിർമ്മിതം മാത്രമാണ്. അത് വെറുതെ റീബ്രാൻഡ് ചെയ്ത് കാർബൺ, ലാവ, ജിയോനീ എന്ന പേരിൽ വരുന്നു എന്ന് മാത്രം. ചുരുക്കത്തിൽ നമ്മൾ ഉടുക്കുന്ന തുണിയിലും, ഉപയോഗിക്കുന്ന ഇന്ത്യൻ ഫോണിലും, കാറിലും, ബൈക്കിലും ഒക്കെ ചൈനയുടെ ഒരംശമുണ്ട്. അതൊക്കെ നമുക്ക് ബഹിഷ്കരിക്കാനാകുമോ?

ചൈനയുടെ ഉൽപാദന മികവിനെ കുറിച്ച് പറയുമ്പോഴും ഇതിനൊരു മറുവശവുമുണ്ട്. ചൈനയുടെ സാമ്പത്തിക വളർച്ചയിൽ  ഒരു വലിയ ദൗർബല്യമുണ്ട്. ആഭ്യന്തര കമ്പോളത്തേക്കാൾ കയറ്റുമതി കമ്പോളത്തെ ആശ്രയിച്ചാണ് ചൈനയുടെ ഉൽപാദന മേഖലകളുടെ വളർച്ച. ചൈനയുടെ വരുമാനത്തിൻറ്റെ പകുതി സമ്പാദ്യവും നിക്ഷേപമാണ്. അപ്പോൾ ഇന്ത്യയിലും, യൂറോപ്പിലും, അമേരിക്കയിലുമൊക്കെ വളർച്ചാ നിരക്ക് കുറഞ്ഞാൽ അതല്ലെങ്കിൽ ജനത്തിൻറ്റെ ക്രയ വിക്രയ ശേഷി കുറഞ്ഞാൽ അത് ചൈനീസ് ഉൽപാദന മേഖലയെയും ബാധിക്കും. ചൈനയുടെ GDP  വളർച്ചാ നിരക്കിനും ഒരു മറുവശമുണ്ട്. GDP മാത്രമല്ല ഒരു രാജ്യത്തിൻറെ ഭാവി അളക്കാനുള്ള അളവുകോൽ. ചൈനയിൽ ജോലി ചെയ്യാനാവുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു, അവരുടെ ശരാശരി പ്രായം കൂടി കൊണ്ടിരിക്കുന്നു. നേരെ വിപരീതമാണ് ഇന്ത്യയിലെ അവസ്ഥ. ഇത് കൊണ്ട് തന്നെ നോട്ടു നിരോധനം, ജി.എസ.ടി. നടപ്പാക്കിയതിലെ അപാകത പോലുള്ള 'സെൽഫ് ഗോളുകൾ' ഇല്ലെങ്കിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് വരും വർഷങ്ങളിൽ ചൈനയെ അപേക്ഷിച്ച് ഇനിയും കൂടും .

ഇപ്പോൾ ചൈന ഇന്ത്യയെക്കാളും ഉൽപാദന മേഖലയിൽ ബഹുദൂരം മുന്നിലാണ്. പക്ഷെ ദീർഘ വീക്ഷണത്തോടെ ചിന്തിച്ചാൽ ചൈനക്ക് ഇന്ത്യയെ അപേക്ഷിച്ച് വളരെയധികം പ്രശ്നങ്ങളും ഉണ്ട് എന്ന് കാണാം. ഒന്നാമത് ചൈനയിൽ പ്രതിപക്ഷമില്ല. ജനാധിപത്യം കിട്ടാക്കനിയാണ് ചൈനയിൽ. രണ്ടാമത് ചൈനയിൽ മത സ്വാതന്ത്ര്യമില്ല. കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ പ്രഖ്യാപനം ശ്രദ്ധിച്ചു മനസിലാക്കണം. തങ്ങളുടെ 'എത്തീസ്റ്റ്' അല്ലെങ്കിൽ യുക്തിവാദമാണെന്ന് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി പ്രഖ്യാപിക്കുന്നു. ഈ യാന്ത്രിക ഭൗതികവാദം ചൈനക്ക് ഭാവിയിൽ വലിയ ദോഷം ചെയ്യും. ടിബറ്റിൽ അനേകം ബുദ്ധിസ്റ്റ് ആശ്രമങ്ങൾ ഡൈനാമിറ്റ് വെച്ച് തകർത്തു; ദലൈ ലാമയും, കർമപ്പയും ഇന്ത്യയിൽ അഭയം പ്രാപിച്ചു. ദലൈ ലാമയെ കൊല്ലാൻ സ്വന്തം സഹോദരനെ തന്നെ ചൈനീസ് ഭരണകൂടം പറഞ്ഞു വിട്ടു. ദേശീയതയോടുള്ള ഈ അടിച്ചമർത്തൽ നയം ഭാവിയിൽ ചൈനക്ക് ദോഷം ചെയ്യും. സോവിയറ്റ് യൂണിയനിൽ അത് നാം കണ്ടതുമാണല്ലോ. ഇനി ചൈനയിലെ മനുഷ്യാവകാശം - അത് പറയാതിരിക്കുന്നതാണ് നല്ലത്. ടിയാനെൻമെൻ സ്‌കൊയെറിൽ ടാങ്കുകൾ ആളുകളുടെ മുകളിൽ കൂടി ഉരുളുന്ന കാഴ്ച എല്ലാവരും കണ്ടതല്ലേ?? ഇന്നും ഓരോ വർഷവും 2000-ത്തോളം പേരെ ചൈന തൂക്കി കൊല്ലുന്നുണ്ടെന്നാണ് 'ആംനെസ്റ്റി ഇൻറ്റെർനാഷണൽ ' പോലുള്ള സംഘടനകൾ പറയുന്നത്. മാധ്യമ സ്വാതന്ത്ര്യവും ചൈനയിൽ ഇല്ലാ. ഇതിനെല്ലാത്തിനും എതിരേ ജനരോഷം പൊട്ടി പുറപ്പെട്ടാൽ അതൊക്കെ എവിടെ ചെന്ന് നിൽക്കും എന്ന് പറയുവാൻ ആർക്കും സാധിക്കില്ല. സോവിയറ്റ് യൂണിയനിലും, കിഴക്കൻ യൂറിപ്പിലും നാം ഇത് കണ്ടതല്ലേ?? ചൈനയിലെ ഇൻഫ്രാസ്ട്രക്ചറിനെ ആണ് പലരും വാഴ്ത്തുന്നത്. പക്ഷെ ഇതിനും ഒരു മറുവശവുമുണ്ട്. ഈ ഇൻഫ്രാസ്ട്രക്ചർ തന്നെ ചൈനക്ക് പാരയാകും എന്നും പറയുന്നവരും ഉണ്ട്. ഉപയോഗമില്ലാത്ത ഇൻഫ്രാസ്ട്രക്ചർ ചൈനീസ് ഭരണകൂടം കണ്ടമാനം നിർമിക്കുന്നുണ്ട്. ഇതിലൊക്കെ നിക്ഷേപിച്ചിരിക്കുന്ന വൻ തുക ചൈനക്ക് തിരിച്ചു പിടിക്കുവാൻ പറ്റാതെ ആകും.

ഇതൊക്കെ കൂടാതെയാണ് വൻ തോതിലുള്ള വ്യവസായിക ഉൽപാദനം മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ. യാതൊരു വിധ മാനുഷിക പരിഗണന കൂടാതെയുള്ള മാനുഫാക്ചറിങ്ങ് ഇൻഡസ്ട്രി ആണ് ചൈനയുടെ മറ്റൊരു വലിയ ശാപം. ചൈനയിൽ ആത്മഹത്യ സ്ഥിരം കഥയായപ്പോൾ വലിയ കെട്ടിടങ്ങൾക് കീഴെ വലകൾ വിരിച്ചാണ് അവർ അതിന് തടയിട്ടത് എന്നാണ്‌ ഒരു കഥ. അല്ലാതെ മാനുഫാക്ചറിങ്ങ് സെക്ടറിൽ നിന്ന് വരുന്ന 'പ്രഷർ' കുറച്ചില്ല. അത് പോലെ തന്നെ ചൈനയുടെ ഉൽപ്പന്നങ്ങളുടെ നിലവാരമില്ലായ്മ, ചൈനീസ് കമ്പനികൾ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം, തൊഴിൽ ഇടങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയും പ്രശ്നങ്ങളാണ്. ആഗോള നിയമങ്ങൾ പാലിക്കാത്ത അവസ്ഥ കാരണം വികസിത രാജ്യങ്ങൾ ചൈനീസ് ഉൽപ്പന്നങ്ങൾ പതുക്കെ ഒഴിവാക്കി കൊണ്ടിരിക്കുക ആണ്. ഇതിൻറ്റെ ഒക്കെ ബെനഫിഷ്യറിയും ഇന്ത്യയെ പോലുള്ള രാജ്യങ്ങളാണ്. നമ്മൾ നമ്മുടെ രാജ്യത്തെ ചൈനയുടെ പേര് പറഞ്ഞു എത്രയൊക്കെ കളിയാക്കിയാലും ഇവിടെ പണ്ട് മുതൽ ഉണ്ടാക്കിയ പ്രോഡക്ട്സ് എല്ലാം തന്നെ ചൈനീസ് ഉൽപന്നങ്ങളെ അപേക്ഷിച്ച് നല്ല ക്വാളിറ്റി ഉള്ളത് തന്നെയാണ് എന്ന വസ്തുത കാണാതിരിക്കരുത്.

ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയുടെ രക്ത പങ്കിലമായ കഥകൾ പുറത്തു വിടാൻ ഇന്നും ചൈനയെ അടക്കി ഭരിക്കുന്ന കമ്യുണിസ്റ്റ് പാർട്ടി തയാറല്ല. അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായി 1960-കളിൽ  മാവോയിസ്റ്റ് സിദ്ധാന്തം. ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കൊണ്ടാണ് ചൈനയിൽ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ രൂക്ഷമായ ഭക്ഷ്യ ക്ഷാമം സംഭവിച്ചത്. ഇത് പോലുള്ള പല ക്രൂരതയുടെയും യഥാർത്ഥ ചിത്രം പുറത്തു വന്നാൽ ജനം എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ വയ്യാ.

ചൈനയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനത്തിലാണ്. പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം, ജനങ്ങൾക്കിടയിലുള്ള ഭക്ഷ്യ സുരക്ഷാ - ഇക്കാര്യങ്ങളിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നമുക്ക് വലിയ വീഴ്ച സംഭവിച്ചു. ഭവന നിർമാണം, ടോയ്‍ലെറ്റുകൾ, സ്കൂളുകൾ, ആശുപത്രികൾ, കോളേജുകൾ - ഇവയുടെ നിർമിതിയാണ് ഇന്ത്യയിൽ വേണ്ടത്. സ്വാതന്ത്ര്യം കിട്ടി 70 വർഷങ്ങൾ കഴിഞ്ഞിട്ടും സുരക്ഷിതമായ കുടിവെള്ളം നമുക്ക് ഒരു വലിയ ശതമാനം ജനത്തിനു ലഭ്യമാക്കാൻ സാധിക്കുന്നില്ല. റോഡ്, ട്രാൻസ്‌പോർട്ട് തുടങ്ങിയ ഇൻഫ്രാസ്ട്രക്ചർ പ്രശ്നങ്ങളും നമുക്ക് ചൈനയെ അപേക്ഷിച്ച് വലിയ വെല്ലുവിളികളാണ്. ഇത്തരം വികസന പ്രശ്നങ്ങളുണ്ടെങ്കിലും ശക്തമായ നീതിന്യായ സംവിധാനം, എന്തിനെയും വിമർശിക്കുവാനുള്ള മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യ വ്യവസ്ഥിതി - ഇതൊക്കെ ഇന്ത്യയുടെ നേട്ടങ്ങളാണ്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നമുക്ക് ആരെ വേണമെങ്കിലും വിമർശിക്കാം. ചൈനയിൽ അത് സ്വപ്നം കാണുവാൻ പോലും സാധിക്കില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയ ജവഹർലാൽ നെഹ്‌റു മുതലുള്ള നമ്മുടെ ഭരണാധികാരികൾ പ്രോത്സാഹിപ്പിച്ച 'Freedom of Speech'-ൻറ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം. ഇത്തരം പുരോഗമന ആശയങ്ങൾക്ക് ചൈനയിൽ ഒരു വിലയുമില്ല. ഈ പുരോഗമന മൂല്യങ്ങളാണ് ഇന്ത്യയുടെ കരുത്ത്.

ദക്ഷിണ കൊറിയ, ജപ്പാൻ, സിങ്ങപ്പൂർ, ദുബായ് - ഈ രാജ്യങ്ങളെ പോലെ വ്യവസായിക പുരോഗതി ഇന്ത്യ കൈവരിക്കാത്തതിന് പല കാരണങ്ങളും ഉണ്ട്. അതിൽ പ്രധാന കാരണം ഇന്ത്യയുടെ വൈവിധ്യവും, വലിപ്പവും തന്നെ. ചരിത്രകാരനായ ബിപൻ ചന്ദ്ര പറയുന്നത് ഒരു ജനാധിപത്യ രാജ്യത്ത് നയങ്ങൾ നടപ്പാക്കാൻ അത്ര എളുപ്പം അല്ല എന്നാണ്. അത് കുറെ ശരിയാണ് താനും. ചൈനയെ പോലെ ഏകാധിപത്യവും, അടിച്ചമർത്തലും ഇവിടെ സാധ്യമല്ല. അമർത്യ സെൻ തന്നെ ചൈനയുടെ ഒറ്റ കുട്ടി എന്ന നയം നടപ്പാക്കിയത്തിലെ ഭീകരത ചൂണ്ടി കാണിക്കുന്നുണ്ട്. കുട്ടികൾ ഒന്നിൽ കൂടുതൽ ആയാൽ കൊന്നൊടുക്കുവാൻ കൂടി മടിക്കാത്ത ആ ഭീകരത വിവരിക്കുവാൻ ഇതെഴുന്നയാൾക്ക് വയ്യാ. അത് കൊണ്ട് ചൈന മോഡലും, കൊറിയൻ മോഡലും പറയാൻ എളുപ്പമാണ്; പക്ഷെ പ്രാവർത്തികമാക്കാൻ ഇന്ത്യയെ പോലുള്ള വൈവിധ്യവും, വലിപ്പവും ഉള്ള രാജ്യത്ത് വളരെ ബുദ്ധിമുട്ടാണ്. ചുരുക്കത്തിൽ സ്വന്തം ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ പോലും മടിയില്ലാത്ത ഭരണ സംവിധാനമുള്ള ചൈനയും ഇന്ത്യയും തമ്മിൽ ഒരു താരതമ്യവും സാധ്യമല്ല.

2017 നവംബർ 21, ചൊവ്വാഴ്ച

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി

വേൾഡ് എക്കണോമിക്ക് ഫോറം വിശ്വസിക്കാൻ പറ്റുന്ന  സർക്കാരുകളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തിയതും, ആഗോള റേറ്റിങ് ഏജൻസിയായ അമേരിക്കയിലെ മൂഡിസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർത്തിയതും ബി.ജെ.പി.-യും, സംഘ പരിവാറുകാരും സോഷ്യൽ മീഡിയയിലൂടെയും, ഓൺലയിൻ പത്രങ്ങളിലൂടെയും ആഘോഷിക്കുകയാണ്. മൈക്രോ ഇക്കണോമിക്‌സും മാക്രോ ഇക്കണോമിക്‌സും തമ്മിലുള്ള അന്തരത്തെ കുറിച്ച് വലിയ വിവരമില്ലാത്ത സാധാരണ പത്രം വായിക്കുന്ന ആളുകളെ ഇതൊക്കെ പറഞ്ഞു പറ്റിക്കുവാൻ പറ്റും. അതാണിവിടെ നടക്കുന്നതും.

ജി.എസ്. ടി. എന്ന ചരക്ക് സേവന നികുതി, ആധാര്‍ സംവിധാനം തുടങ്ങിയവയാണ് ഈ പുതിയ സർവേകളിൽ സർക്കാരിന് നല്ല 'ഇമേജ്' കൊടുത്തത്. ഇതിൽ തന്നെ ആധാർ ഡോക്റ്റർ മന്മോഹൻ സിങ്ങിൻറ്റെ പരിഷ്കാരമായിരുന്നു. ഇപ്പോൾ  ബി.ജെപി. ആധാറിനെ പൊക്കി പിടിക്കുന്നു.  മന്മോഹൻ സിങ്ങിൻറ്റെ ഭരണ കാലത്ത് ആധാറിനെ ഏറ്റവും എതിർത്തത് ബി.ജെപി. ആയിരുന്നു. ആധാറിനെ അമേരിക്കൻ CIA -ക്കു വേണ്ടി നടത്തുന്ന പ്രക്രിയയാണെന്നു പറഞ്ഞു ഏറ്റവും കൂടുതൽ എതിർത്ത ബി.ജെപി. ഇപ്പോൾ ആധാറിൻറ്റെ സ്തുതി പാടകരായിരിക്കുന്നു എന്നത്  രസകരമാണ്.

മൂഡിയെ പോലെയും, വേൾഡ് എക്കണോമിക്ക് ഫോറം പോലെയും അനേകം സർവേ ഫലങ്ങൾ താമസിയാതെ വരുമെന്നാണ് തോന്നുന്നത്. രാജ്യത്തെ തൊഴിലവസരങ്ങളെയും, തുകൽ, ടെക്സ്റ്റയിൽ മേഖലകളിലെ മാന്ദ്യവും അറിയുന്നവർക്ക് ഈ സര്‍വെകൾ കാണുമ്പോൾ ഹസിക്കാനേ കഴിയൂ.  ഒരുപക്ഷെ സർവേകളിൽ തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നും വരാം.

മൂഡീസ്സ് റെയിറ്റിങ് ഏജൻസികളിൽ ഒട്ടും വിശ്വാസ്യത ഇല്ലാത്ത ഏജൻസ്സിയാണ്. അമേരിക്കയിലും ജർമ്മനിയിലും ബ്രിട്ടനിലും ഈ ഏജൻസി തെറ്റായ നിഗമനങ്ങളുടെ പേരിൽ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ട്. 2008-ലെ സാമ്പത്തിക തകർച്ചയ്ക്ക് മുൻപ് അമേരിക്കയിൽ മോർട്ട്ഗേജ് ബോണ്ടുകൾക്കു നൽകിയ കളവായ റേറ്റിംഗിന് 864 മില്യൺ ഡോളർ പിഴ അമേരിക്കൻ ഗവൺമെൻറ്റിനു മുൻപാകെ അടക്കേണ്ടി വന്നവർ ആണ് മൂഡി. ആ മൂഡിയെയും പൊക്കി പിടിച്ച്  ഇന്ത്യൻ ജനതയെ കബളിപ്പിക്കേണ്ട വെല്ലോ ആവശ്യവുമുണ്ടോ??

ഇന്ത്യയിലെ തുകൽ, ടെക്സ്റ്റയിൽ മേഖലകളിലാണ് അനേക ലക്ഷം ഇൻഡ്യാക്കാർ പണിയെടുക്കുന്നത്. ചരിത്രപരമായി തന്നെ ചണം, പരുത്തി, പട്ടുവസ്ത്രങ്ങൾ - ഈ മേഖലകളാണ് ഇന്ത്യയുടെ വ്യവസായിക അടിത്തറ തീർത്തത്. പരുത്തി വ്യവസായം തകർന്നപ്പോൾ അതിനെതിരെയാണല്ലോ മഹാത്മാ ഗാന്ധി തൻറ്റെ ഖാദി പ്രസ്ഥാനം തുടങ്ങിയതും, നൂൽ നൂൽപ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറ്റെ തന്നെ ഭാഗമാക്കിയതും. ചെറുകിട വ്യവസായം, കാർഷിക രംഗം, കൺസ്ട്രക്ഷൻ മേഖല, ഐ. ടി.,  - ഇവയൊക്കെയാണ് ഇന്ത്യയിൽ തൊഴിൽ സൃഷ്ടിക്കുന്നത്. ഇവയെ ഒന്നും സ്പർശിക്കാതെ ബാങ്കുകളുടെയും ഓഹരി വിപണിയുടെയും പെർഫോർമൻസ് മുൻ നിർത്തി നേടിയ റേറ്റിങ് എന്ത്  പ്രയോജനം ആണ് ഉണ്ടാക്കുക?? ബാങ്കുകൾ പോലും നോട്ടു നിരോധനത്തിന് മുമ്പത്തെ കരുത്താർജിച്ചിട്ടില്ല. ബാങ്ക് ക്യാപ്പിറ്റലും, ഇൻഡസ്ട്രിയൽ ക്യാപ്പിറ്റലും ചേരുന്ന ഫിനാൻസ് ക്യാപ്പിറ്റലാണല്ലോ ഏതൊരു രാജ്യത്തിൻറ്റെയും സമ്പത് വ്യവസ്ഥയുടെ അടിത്തറ. നോട്ടു നിരോധനത്തെ തുടർന്ന് ബാങ്കുകളുടെ സമയം മുഴുവനും വിനിയോഗിച്ചത് പഴയ നോട്ടു മാറ്റിയെടുക്കുവാനായിരുന്നല്ലോ. വ്യവസായങ്ങൾക്ക് യഥാസമയം ലോൺ അനുവദിക്കുകയും അതിൻറ്റെ തിരിച്ചടവ് ഉറപ്പു വരുത്തുകയും ചെയ്യുന്ന ഒരു പ്രക്രിയയിൽ കൂടി മാത്രമേ ബാങ്ക് ക്യാപ്പിറ്റലും, ഇൻഡസ്ട്രിയൽ ക്യാപ്പിറ്റലും വളരുകയുള്ളൂ.

റിയൽ എസ്റ്റേറ്റ് രംഗത്തു വില കുറഞ്ഞു; കള്ളപ്പണം വിദേശങ്ങളിലേക്ക് കടത്തുകയും ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമായി ഷെൽ കമ്പനികൾ വഴി തിരിച്ചു വരുന്ന പ്രതിഭാസം അവസാനിപ്പിച്ചു എന്നൊക്കെയാണ് ഈ സർക്കാരിന് വേണ്ടി വാദിക്കുന്നവർ പറയുന്ന ന്യായങ്ങൾ. വസ്തു ഇടപാടുകൾ നടക്കുന്നില്ലാത്തതു കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലായി. നോട്ടു നിരോധനവും, ജി.എസ്.ടി-യും ഒക്കെ വന്നതിൽ പിന്നെ സ്ഥല കച്ചവടവും, കെട്ടിട വിൽപ്പനയും ഒന്നും നടക്കുന്നില്ല. വസ്തു വിൽക്കാനോ, വാങ്ങാനോ ആർക്കും ധൈര്യമില്ല. നിർമാണ മേഖലയിൽ പണം മുടക്കാൻ പലരും തയാറല്ല. അത് കൺസ്ട്രക്ഷൻ മേഖലയിൽ ഉളവാക്കുന്ന തൊഴിലിനെ ആണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന കാര്യം പലരും കാണാതെ പോകുന്നു.

ഇപ്പോൾ പലരുടേയും അവകാശ വാദം റിയൽ എസ്റ്റേറ്റ് മേഖലയിലെ കള്ള പണത്തിൻറ്റെ  തോത് ഗണ്യമായി കുറഞ്ഞു എന്നാണ്. ബാക്കി എല്ലാ വ്യാപാരങ്ങളിലെയും പൂഴ്ത്തി വെയ്പ് പോലെ റിയൽ എസ്റ്റേറ്റ് രംഗത്തും വൻ പൂഴ്ത്തി വെയ്പുണ്ട്. അത് വേറൊരു രീതിയിൽ ആണെന്ന് മാത്രം. വെറുതെ കിടക്കുന്ന ഫ്ളാറ്റുകൾ, പ്ലോട്ടുകൾ, കെട്ടിടങ്ങൾ, സ്ഥലങ്ങൾ - ഇവയ്ക്കൊക്കെ പത്തിരട്ടിയും അല്ലെങ്കിൽ നൂറിരട്ടി തന്നെ നികുതി ഈടാക്കി വേണം റിയൽ എസ്റ്റേറ്റ് രംഗത്തെ ഈ പൂഴ്ത്തി വെയ്പ്പ് തടയാൻ. വെറുതെ ഇട്ട് വില കൂട്ടുക, വൻ തോതിൽ ഫ്ളാറ്റുകൾ, പ്ലോട്ടുകൾ, കെട്ടിടങ്ങൾ - ഇവ വാങ്ങി കൂട്ടി മനുഷ്യരെ ഉപയോഗിക്കാൻ സമ്മതിക്കാതെ കൃത്രിമമായി അവയുടെ ഒക്കെ വില കൂട്ടുക എന്ന നീച തന്ത്രം ആണ് റിയൽ എസ്റ്റേറ്റുകാർ പയറ്റുന്നത്. അവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കാതെ റിയൽ എസ്റ്റേറ്റ് രംഗത്ത് വില ഗണ്യമായി  കുറയും എന്ന് പ്രതീക്ഷിക്കാൻ വയ്യ. കള്ളപ്പണത്തിൻറ്റെ പേരിൽ ബിൽഡർമാരും, റിയൽ എസ്റ്റേറ്റ് എജെൻറ്റുകളും പിടിയിലാകും എന്ന് കണ്ട് പണം മുടക്കാതിരിക്കുന്നതാണ് ഇന്നത്തെ അവസ്ഥ. സമീപ കാലത്ത് ഫ്ലാറ്റ് നിർമാണത്തിൽ തട്ടിപ്പു നടത്തി എന്ന പേരിൽ പല ബിൽഡർമാരും കോടതി കയറിയതും നിർമാണ മേഖലയിലെ  മാന്ദ്യം കാരണമായിരുന്നു. കൺസ്ട്രക്ഷൻ മേഖലയിലെ ഈ മാന്ദ്യം മൊത്തം സമ്പദ് വ്യവസ്ഥയിൽ തൊഴിലില്ലായ്മയും, വളർച്ചാ നിരക്കുകൾ കുറയുവാനുമേ ഉപകരിക്കൂ.

കള്ള പണത്തിൻറ്റെ കാര്യം പറയുകയാണെങ്കിൽ കർശന നിരീക്ഷണ സംവിധാനമുള്ള അമേരിക്കയിൽ പോലും മയക്കു മരുന്നിൻറ്റെ പേരിൽ ഒഴുകുന്ന പണം ഒന്നും കണ്ടു പിടിക്കാൻ പറ്റുന്നില്ല. മെക്സിക്കൻ കാർട്ടലുകൾ നിയന്ത്രിക്കുന്ന ഈ മയക്കു മരുന്ന് സംഘങ്ങളുടെ പ്രവർത്തനങ്ങളുടെ മുഴുവൻ വിവരവും തീർത്തും അജ്ഞാതമാണ്. Internal Revenue Service (IRS) വലിയ സംവിധാനങ്ങൾ ഉള്ള സംഘടനയാണ്. National Intelligence Authority (NIA ) - ക്ക് ഏക്കർ കണക്കിന് കമ്പ്യൂട്ടർ ശ്രിംഖല   ഉണ്ടെന്നാണ് പറയപ്പെടുന്നത്. അവരൊന്നും നോക്കിയിട്ട് പിടിക്കാത്ത കള്ള പണവും, കള്ള പണവും തീവ്ര വാദവും തമ്മിലുള്ള ബന്ധം ഇന്ത്യയിൽ പിടിക്കാൻ പറ്റുമോ?   റഷ്യയിലും ഇതാണ് അവസ്ഥ. അപ്പോൾ വലിയ നിരീക്ഷണ സംവിധാനം ഒന്നും ഇല്ലാത്ത ഇന്ത്യയിൽ കള്ള പണം കണ്ടു പിടിക്കൽ നടക്കുമോ? ഇന്ത്യയിലെ കണക്കിൽ പെടാത്ത പണമെല്ലാം അഴിമതി പണമോ, നിയമ വിരുദ്ധമായ മാര്ഗങ്ങളിലൂടെ സമ്പാദിക്കുന്നതോ അല്ല. അതും നമ്മുടെ സമ്പത്തു വ്യവസ്ഥയുടെ ഭാഗം തന്നെയാണ്.

സൈബർ തട്ടിപ്പുകൾക്കെതിരെ ശക്തമായ സംവിധാനം ഇല്ലാതെ ഇന്ത്യയിൽ 'ക്യാഷ് ലെസ്സ്' സമ്പത് വ്യവസ്ഥയിലേക്കു പെട്ടെന്നുള്ളൊരു മാറ്റം നടക്കില്ല. ഇന്ത്യയിൽ റിസർവ് ബാങ്കിൻറ്റെ പേരിൽ എന്തെല്ലാം സൈബർ തട്ടിപ്പുകൾ നടന്നു? എത്ര പേർക്ക് പണം നഷ്ടമായി? നാണക്കേട് മൂലം ആരും പുറത്തു പറയുന്നില്ല എന്നേ ഉള്ളൂ. എന്നിട്ട് എത്ര പേർക്കെതിരെ നടപടി എടുത്തു? അത് പോലെ തന്നെ നിങ്ങൾക്ക് മൊബയിൽ കിട്ടി; ടാബ്ലെറ്റ് കിട്ടി എന്നൊക്കെ പറഞ്ഞു മിക്കവരുടെയും മെയിലിൽ മെസേജ് വരുന്നുണ്ട്. അങ്ങനെയും എത്രയോ പേർക്ക് പണം പോകുന്നു? വേണ്ടാ - മൊബൈലിലും, ഇ മെയിലിലും  എത്രയോ പരസ്യങ്ങളാണ് ദിനം പ്രതി കിടന്നു കളിക്കുന്നത്? എത്രയെന്നു വെച്ചാണ് ഇവരെ ഒക്കെ ബ്ളോക് ചെയ്യുന്നത്? ഇതൊക്കെ എല്ലാവരുടെയും അനുഭവമല്ല? സുപ്രീം കോടതി ഇടപെട്ടിട്ടു കൂടി ഇവുടുത്തെ സൈബർ തട്ടിപ്പിനും, പരസ്യത്തിനും, മെസേജ് അയക്കുന്നതിനും ഒന്നും ഒരു കുറവും ഇല്ലാ. അപ്പോൾ പൗരന്മാർക്ക് എവിടുന്നാണ്  സംരക്ഷണം കിട്ടുന്നത്?

ഒരു വശത്ത് കള്ള പണവും, പൂഴ്ത്തി വെച്ചിരിക്കുന്ന പണവും കണ്ടെടുക്കുന്നതു വളരെ നല്ല കാര്യം തന്നെയാണ്. പക്ഷെ അത് ഇഷ്ടക്കാരെ സഹായിക്കാൻ വേണ്ടിയുള്ളതായിരിക്കരുത്. ഗുജറാത്തിലെ രത്ന വ്യാപാരികളെ കുറിച്ചോ, പനാമാ പേപ്പേഴ്സിൽ പുറത്തായ ഇൻഡ്യാക്കാരെ കുറിച്ചോ അന്വേഷണമില്ല. അതിനും മുമ്പ് ജർമൻ ബാങ്ക് പുറത്തു വിട്ട കള്ള പണക്കാരെയും ഒന്നും ചെയ്തിട്ടില്ല. ഇതിനോടകം തന്നെ ഈ ദിവസങ്ങളിൽ പലരുടെയും വിദേശ ബാങ്കുകളിലെ അക്കൗണ്ടുകൾ പുറത്തു വന്നു. പക്ഷെ അതിലൊന്നും ഒരിക്കലും നിയമ നടപടി ഉണ്ടാവില്ല. നെരത്തേ BJP - യെ 'Shop Keepers Party ' - എന്നാണ് വിളിച്ചിരുന്നത്. ചുരുക്കത്തിൽ ബി.ജെ.പി. - യുടെയും, അവർക്കു സാമ്പത്തിക സഹായം ചെയ്യുന്നവരുടെയും കയ്യിലുള്ള കള്ളപ്പണം വെളുപ്പിച്ചു മറ്റുള്ള ആളുകളുടെ കയ്യിലുള്ള കള്ളപ്പണം നശിപ്പിക്കുക, അത് വഴി ബി.ജെ.പി. - ക്കു രാഷ്ട്രീയമായും സാമ്പത്തികമായും മുന്നേറ്റം  ഉണ്ടാകുക. അതല്ലേ ഇവിടെ നടക്കുന്നത്?

ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ് മഹാ ഭൂരിപക്ഷം ജനത. 90 ശതമാനം തൊഴിലാളികളും ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. 55 ശതമാനത്തോളം ആളുകൾ കാർഷിക മേഖലയിൽ ഉണ്ട്. അവരിൽ അധികവും 'ക്യാഷ് ലെസ്സ്' സമ്പത് വ്യവസ്ഥയുടെ ഭാഗം അല്ല. ഡെബിറ്റ് കാർഡും, ക്രെഡിറ്റ് കാർഡും, ഇൻറ്റെർനെറ്റ് ബാങ്കിങ്ങും ഒന്നും ഉപയൊഗിക്കുന്നവരല്ല ഈ ഇൻഡ്യാ മഹാരാജ്യത്തിലെ ഭൂരിപക്ഷം ജനതയും. അസംഘടിത മേഖലയിലും, കാർഷിക മേഖലയിലും പ്രവർത്തിക്കുന്നവരിൽ പലർക്കും ഈ ജി.എസ്.ടി-യും, നോട്ടു നിരോധനവും സൃഷ്‌ടിച്ച ആശയ കുഴപ്പത്തിൽ നിന്ന് ഇനിയും മുക്തരാകുവാൻ സാധിച്ചിട്ടില്ല. ഡിമാൻട്-സപ്പ്ളയ് അല്ലെങ്കിൽ ആവശ്യത്തിനനുസരിച്ചുള്ള വാങ്ങൽ - ഇതാണ് ഏതൊരു സമ്പത് വ്യവസ്ഥയെയും നിയന്ത്രിക്കുന്നത്. പർച്ചെയ്സിംഗ് പവർ പാരിറ്റിയുടെ കാര്യത്തിൽ (PPP) മുൻപന്തിയിൽ നിന്നിരുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് നാടകീയമായ പ്രഖ്യാപനങ്ങളിലൂടെയും, മുന്നൊരുക്കമില്ലാത്ത നടപടികളിലൂടെയും സമ്പത് വ്യവസ്ഥയ്ക്ക് കടിഞ്ഞാണിടുന്നത് ശരിയായ കാര്യമായിരുന്നില്ല. കേന്ദ്ര സർക്കാർ 'കറക്റ്റീവ് മെഷേഴ്സ്' എടുത്തില്ലെങ്കിൽ അതല്ലെങ്കിൽ തെറ്റ് തിരുത്തി മുന്നേറിയില്ലെങ്കിൽ രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മുന്നേറാനാണ് സാധ്യത. തൊഴിൽ ക്ഷാമം സൃഷ്ടിക്കുന്ന സാമൂഹിക അസുരക്ഷിതത്ത്വവും, രാഷ്ട്രീയ മുന്നേറ്റങ്ങളും ഒരുപക്ഷെ രാജ്യത്ത് വലിയ ക്രമ സമാധാന പ്രശ്നങ്ങളും സൃഷ്ടിക്കാം. ഗുജറാത്തിലെ പട്ടേൽ പ്രക്ഷോഭം ഒക്കെ ഇതിൻറ്റെ തുടക്കം മാത്രം.

2017 നവംബർ 17, വെള്ളിയാഴ്‌ച

ദൈവാനുഭവത്തിൻറ്റെ പാതകൾ

"ദൈവം എന്നാൽ എന്താണ്" എന്ന് സോഷ്യൽ മീഡിയയിലെ പ്രമുഖ ആക്റ്റിവിസ്റ്റായ ജയന്ത് മാമൻ ചോദിച്ചപ്പോൾ പലരും തങ്ങളുടെ മത വിശ്വാസമനുസരിച്ച് പല ഉത്തരങ്ങളും കൊടുത്തു. സത്യത്തിൽ 'ദൈവം' എന്ന വിളിപ്പേരിൽ തന്നെ കാര്യമില്ല. ഓരോരുത്തരുടെയും വിശ്വാസവും യുക്തിയും അനുസരിച്ച് ദൈവം, ഈശ്വരൻ, പ്രജാപതി, അള്ളാഹു, കോസ്മിക് സ്പിരിറ്റ് - എന്നൊക്കെ പറയുന്നുണ്ട് എന്നേയുള്ളൂ. ദൈവം എന്തെന്ന് പറയാൻ ആർക്കും കഴിയില്ല എന്നതാണ് യാഥാർഥ്യം. വാക്കുകളിൽ ഒതുങ്ങാത്ത അപാര ശക്തിയെ, കാരുണ്യത്തെ, ആനന്ദാവസ്ഥയെ, ഒരു നിബന്ധനയും ഇല്ലാത്ത സ്നേഹത്തെ - ആർക്കാണ് നിർവചിക്കുവാനും, വാക്കുകളിൽ ഒതുക്കുവാനും കഴിയുന്നത്??? യഥാർത്ഥത്തിലുള്ള ദൈവത്തിന് അല്ലെങ്കിൽ വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ആ ചൈതന്യത്തിന് രൂപവും ഭാവവുമില്ല. കാലവും, ശബ്ദവും, വെളിച്ചവും, ഉണ്മയും, ഗ്യാലക്സികളും - എല്ലാം ദൈവത്തിൻറ്റെ സൃഷ്ടിയാണ്. കാലാതീതമായി നിലകൊള്ളുന്ന ആ ശക്തിയെ  വളരെ എളുപ്പത്തിൽ കുറെ പുസ്തകങ്ങൾ വായിച്ചിട്ടുള്ളതുകൊണ്ട്‌ ചിലരൊക്കെ നിർവചിക്കുവാൻ ശ്രമിക്കുന്നത് തന്നെ മൗഢ്യമാണ്.

പലരുടെയും ദൈവ സങ്കൽപം നീണ്ട വെള്ള താടിയും, വെള്ളി മുടിയോടും, തിളങ്ങുന്ന കണ്ണുകളോടും കൂടി മയൂര സിംഹാസനം പോലുള്ള ഒരു സിംഹാസനത്തിൽ ഇരിക്കുന്ന ചക്രവർത്തി ആയിട്ടാണ്. അദൃശ്യനായി ഒരിടത്തിരുന്നു എല്ലാവരെയും നിയന്ത്രിക്കുന്ന ഒരാളാണ് ദൈവമെന്ന് മറ്റു ചിലർ പറയുന്നു. ലോകത്തുള്ള എല്ലാവരെയും നിയന്ത്രിക്കുകയും, അവരുടെ ശരി തെറ്റുകൾ നോക്കി ശിക്ഷിക്കുകയും, ഭൗതികമായ സൗഭാഗ്യങ്ങൾ കൊടുക്കുന്ന ഒരു ശക്തി വിശേഷമായും പലരും ദൈവത്തെ കാണുന്നു.

ദൈവികത എന്ന് പറഞ്ഞാൽ മറ്റു പലർക്കും അൽഭുങ്ങളാണ്‌.  ദൈവാനുഭവം സിദ്ധിച്ചവർ എന്ന് പറഞ്ഞാലും അൽഭുങ്ങൾ ചെയ്യാൻ ശേഷിയുള്ളവർ എന്നാണ് പലരുടെയും സങ്കൽപം. പക്ഷെ ഈ അൽഭുതങ്ങളുടെ ഒക്കെ ആവശ്യമുണ്ടോ? പ്രകൃതി തന്നെ അൽഭുങ്ങളുടെ കലവറ അല്ലേ? സമുദ്രങ്ങളും, ഹിമാലയം പോലുള്ള പർവ്വതങ്ങളും, ജീവജാലങ്ങളും, മനുഷ്യൻ ജീവൻ തന്നെയും അൽഭുതങ്ങളുടെ ഒരു വലിയ വിസ്മയം ഒരുക്കുന്നില്ലേ? അൽഭുങ്ങളുടെ കലവറ ആയ പ്രകൃതിയുമായി ഐക്യപ്പെടാൻ മനുഷ്യന് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നത് അവനവനിലുള്ള 'ഈഗോ' ആണ്. പ്രകൃതിയിലേക്ക് നോക്കിയാൽ ഈശ്വരൻറ്റെ കയ്യൊപ്പ് എല്ലാ രീതിയിലും കാണാം. "ആകാശത്തിലെ പറവകളെ നോക്കുവിൻ; വയലിലെ ലില്ലി പുഷ്പങ്ങളെ നോക്കുവിൻ - സോളമൻറ്റെ കൊട്ടാരത്തേക്കാൾ മനോഹരമായിട്ടല്ലേ എൻറ്റെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ സൃഷ്ടിച്ചിരിക്കുന്നത്?" - എന്ന ക്രിസ്തുവിൻറ്റെ ചോദ്യം പ്രകൃതിയിലെ അൽഭുതങ്ങളെ കുറിച്ച് ഓർക്കുമ്പോൾ വളരെ പ്രസക്തമാണ്.

ഇതൊക്കെ കൂടാതെയാണ് പ്രകൃതി ശക്തികളുടെ താളം തെറ്റാതെ മിക്കപ്പോഴുമുള്ള പ്രകൃതം. ഇതിൻറ്റെ പിന്നിൽ ഒരു മഹാശക്തി അല്ലെങ്കിൽ ഒരു 'സുപ്രീം ഇൻറ്റെലിജെൻസ്' ഒളിച്ചിരിക്കുന്നില്ലേ?? സൂര്യനും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, ഗ്യാലക്സികളും അണുവിട തെറ്റാതെ അവയുടെ പാതയിൽ സഞ്ചരിക്കുകയും കറങ്ങുകയും ഒരേ അകലം പാലിക്കുകയും ചെയ്യുന്നതെങ്ങിനെയൊന്ന് ആർക്കെങ്കിലും പറയുവാൻ സാധിക്കുമോ??? വിശ്രുത ശാസ്ത്രജ്ഞൻ സ്റ്റിഫൻ ഹോക്കിങ്ങിനോട് ഇത്രയധികം ഊർജങ്ങൾ എന്തിനു ഭൂമിയെ ഭരിക്കുന്നു; ഇവയൊക്കെ എവിടുന്നു വരുന്നു എന്ന് ചോദിച്ചപ്പോൾ "ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ടെങ്കിൽ - Then വി വിൽ കം റ്റു നോ ദി മൈൻഡ് ഓഫ് ഗോഡ്" എന്നാണ് അദ്ദേഹം പറഞ്ഞത്. അവസാനം അദ്ദേഹം പറഞ്ഞ "ദി മൈൻഡ് ഓഫ് ഗോഡ്" - വളരെ ശ്രദ്ധേയമായി മനസിലാക്കേണ്ട ഒന്നാണ്.

ഈ ദൈവിക ശക്തി വിശേഷം അനുഭവിച്ചു മാത്രമേ അറിയാനാകൂ. അതുകൊണ്ടു തന്നെ ദൈവാനുഭവം അതീന്ദ്രിയ തലത്തിൽ മാത്രം സംഭവിക്കുന്ന ഒന്നാണ്. അകക്കണ്ണ്, തൃക്കണ്ണ്, മൂന്നാം കണ്ണ് - എന്നൊക്കെ ഹിന്ദു വിശ്വാസത്തിൻറ്റെ ഭാഗമായി പറയുമ്പോൾ, 'നക്ഷത്രം' ആണ് ക്രിസ്ത്യൻ ദർശനത്തെ സൂചിപ്പിക്കുന്നത്. ദൈവത്തെ അറിയുവാൻ അനേകം ധ്യാന മാർഗങ്ങളുമുണ്ട്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അനേകം ആത്മീയാചാര്യന്മാർ ദൈവാനുഭവത്തിലേക്കുള്ള തങ്ങളുടെ പാതയെ കുറിച്ച് എഴുതിയിട്ടുണ്ട്. മലയാളികളായ ഗുരു നിത്യചൈതന്യയതിയും, ശ്രീ എം എന്ന മുംതാസ് അലി ഖാൻറ്റെയും പുസ്തകങ്ങളും, അഭിമുഖങ്ങളും ആധ്യാത്മികതയെ കുറിച്ച് ഇഷ്ടം പോലെ ഉണ്ട്.  ആധ്യാത്മികതയിൽ  താൽപര്യമുള്ള ആർക്കും ശ്രീ എം, പരമഹംസ യോഗാനന്ദ, സ്വാമി ശിവാനന്ദാ, പോൾ ബ്രണ്ടൻ, ഓം സ്വാമി - എന്നിവരുടെയൊക്കെ പുസ്തകങ്ങൾ വായിക്കാവുന്നതാണ്. പലതും 'ഫ്രീ' ആയി ഇൻറ്റെർനെറ്റിൽ കിട്ടും. പലതിൻറ്റെയും മലയാള വിവർത്തനങ്ങളും ലഭ്യമാണ്. പ്രത്യേകിച്ചും സ്വാമി പരമഹംസ യോഗാനന്ദയുടെയും, ശ്രീ എം -ൻറ്റെയും ( ശ്രീ മുംതാസ് അലി ഖാൻ) പുസ്തകങ്ങൾ. ബീഹാർ സ്‌കൂൾ ഓഫ് യോഗയുടെയും, സ്വാമി ശിവാനന്ദ സ്ഥാപിച്ച ഡിവയിൻ ലൈഫ് സൊസൈറ്റിയുടെയും മിക്ക പുസ്തകങ്ങളും  'ഫ്രീ' ആയി ഇൻറ്റെർനെറ്റിൽ ഉണ്ട്.

ദൈവത്തെ തപ്പി ലോകം മുഴുവൻ സഞ്ചരിക്കുവാനോ, ഡിബേറ്റ് നടത്തുവാനോ ആത്മീയാചാര്യന്മാർ ആരും പറഞ്ഞിട്ടില്ല എന്നതാണ് രസകരമായ ഒരു കാര്യം. നാരായണ ഗുരു കണ്ണാടി പൂജ നടത്തിയത് പോലെ ഉള്ളിലേക്ക് നോക്കുവാനാണ് എല്ലാവരും പറഞ്ഞിട്ടുള്ളത്. അതല്ലെങ്കിൽ പ്രകൃതിയിലേക്ക് നോക്കാം. ഉള്ളൂരിൻറ്റെ 'പ്രേമ സംഗീതം' എന്ന കവിതയിൽ ദൈവികമായ പല രഹസ്യങ്ങളുടെയും സൂചനകളുണ്ട്. ശകരാചാര്യരുടെ അഹം ബ്രഹ്മാസ്മി അല്ലെങ്കിൽ ക്രിസ്തുവിൻറ്റെ 'കിങ്ഡം ഓഫ് ഗോഡ് ഈസ് വിത്തിൻ യു' എന്ന അർഥം വരുന്ന വാക്കുകൾ ഉള്ളൂർ എസ്. പരമേശ്വരയ്യർ 'പ്രേമ സന്ദേശം' എന്ന കവിതയിലൂടെ വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്. ഈശ്വരനും, മനുഷ്യനും, പ്രപഞ്ചത്തിലെ മറ്റു ജീവ ജാലങ്ങളും ഒന്നാണെന്ന് തന്നെയാണ് ഈ കവിതയുടെ ആത്യന്തികമായ സന്ദേശം. താഴെ പറയുന്ന 'പ്രേമ സന്ദേശത്തിലെ' വരികൾ നോക്കൂ:
"പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽ പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു, മവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം!"
- പരനും, ഞാനും, ഭാവാനും ഒന്നാണെന്ന് പറയുമ്പോൾ ഈശ്വരാംശം പ്രപഞ്ചത്തിൽ എല്ലായിടത്തും എല്ലാ ജീവികളിലും ഉണ്ടെന്നു തന്നെയാണ് കവി അർത്ഥമാക്കുന്നത്. പരാർത്ഥമാക്കുക പകലും രാവും എന്ന് പറയുമ്പോൾ മാനവ സേവയാണ് ഈശ്വരനെ പ്രീതിപ്പെടുത്തുവാൻ ഏറ്റവും നല്ലത് എന്നും അർത്ഥമാക്കുന്നു. ഇത് ക്രിസ്തുവും ഒരു സംശയത്തിന് പോലും ഇടം നൽകാതെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ദൈവികതയെ കുറിച്ച് ആർക്കും ഒരു പരിധി വരെ മാത്രമേ പറയാനാകൂ. 'യോഗവാസിഷ്ഠത്തിൽ' വിദേഹ രാജാവായ ജനകൻറ്റെ രാജ സദസിൽ  ഈശ്വര ജ്ഞാനത്തെ കുറിച്ച് കിടിലൻ ഡിബേറ്റ് നടന്നതായി പ്രതിപാദിക്കുന്നു. യാജ്ഞവല്ക്യന്‍, അശ്വലന്‍, ആര്‍ത്തഭാഗന്‍, ഭുജ്യു, ഉഷസ്തന്‍, കഹോലന്‍, ഗാര്‍ഗ്ഗി, ഉദ്ദാലകന്‍, ശാകല്യന്‍ തുടങ്ങിയവരാണ് ആ ഡിബേറ്റിൽ പങ്കെടുത്തത്. അവിടെ 'സ്റ്റാർ പെർഫോർമൻസ്' നടത്തിയത് യാജ്ഞവൽക്യനാണ്‌. പ്രൊഫെസ്സർ സുകുമാർ അഴീക്കോടിൻറ്റെ 'തത്ത്വമസി' -യിലും യാജ്ഞവൽക്യനാണ്‌ അദ്ദേഹം ഏറ്റവും അധികം ആദരവ് കൊടുക്കുന്നത്. പക്ഷെ യാജ്ഞവൽക്യൻ പറഞ്ഞ പല കാര്യങ്ങളും മനസ്സിലാക്കണമെങ്കിൽ 'ഉൾക്കണ്ണ്' തുറക്കേണ്ടതുണ്ട്. ഒരു മതഗ്രന്ഥവും 2 + 2 = 4  എന്ന രീതിയിൽ കാണാൻ പാടുള്ളതല്ല. ക്രിസ്തുവിൻറ്റേയും, ബുദ്ധൻറ്റേയും വാക്കുകൾക്ക് അതിവിപുലമായ അർത്ഥ തലങ്ങളാണ്‌ ഉള്ളത്. അതൊന്നും മനസിലാവാത്തവർക്ക് കുരുടൻ ആനയെ കണ്ടതിനു ശേഷം പറയുന്നത് പോലെ ഓരോന്ന് പറയാം. ആദ്ധ്യാത്മിക രഹസ്യങ്ങൾ മനസിലാക്കാൻ കെൽപ്പില്ലാത്ത ആളുകൾക്ക് അവരുടെ മനോഗതി അനുസരിച്ച്  ആത്മീയാചാര്യന്മാരുടെ വാക്കുകൾക്ക് എന്തർത്ഥം വേണമെങ്കിലും കൊടുക്കാം. പലപ്പോഴും അതാണ് ലോകത്തു സംഭവിക്കുന്നതും.

2017 നവംബർ 15, ബുധനാഴ്‌ച

ടെക്സ്റ്റയിൽ മേഖലയിലെ പ്രതിസന്ധി

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൻറ്റെ റെഡി മെയ്ഡ് തുണിത്തരങ്ങളിലെ കയറ്റുമതിയുടെ കണക്കുകൾ ഇപ്പോൾ പുറത്തു വന്നിരിക്കയാണ്. ആ കണക്കുകൾ പ്രകാരം കയറ്റുമതി ഇനത്തിൽ 2017-18 ഒക്ടോബർ മാസത്തിൽ മുൻ മാസങ്ങളേക്കാൾ 39 .2 ശതമാനം ഇടിവ് വന്നതായിട്ടാണ് കാണിക്കുന്നത്. കേന്ദ്ര സർക്കാർ പുറത്തു വിട്ട കണക്കുകളിലേക്കൊന്നു നോക്കൂ:


Month
2016-17
2017-18
April
8,818
11,272
May
9,940
10,343
June
10,565
9,980
July
9,775
8,263
August
8,904
8,556
September
8,584
10,707
October
9,111
5,398

ജി.എസ്.ടി. നടപ്പാക്കിയതിലെ ആശയക്കുഴപ്പമാണ് 2017-18 ഒക്ടോബർ മാസത്തിൽ മുൻ മാസങ്ങളേക്കാൾ 39 .2 ശതമാനം ഇടിവ് വരുത്തിയതെന്ന് ന്യായമായിട്ടും കരുതാം. ഇതിൻറ്റെ ഫലമായി സംഭവിച്ചതെന്താണ്? ലക്ഷകണക്കിന് തൊഴിലാളികൾക്ക് തൊഴിലും, ജീവിത വരുമാനവും നഷ്ടമായി. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജി.എസ്.ടി. നടപ്പാക്കിയതിലെ ആശയക്കുഴപ്പം മൂലം സംഭവിച്ച കയറ്റുമതിയിലെ വൻ ഇടിവ് ടെക്സ്റ്റയിൽ മേഖലയെ വൻ പ്രതിസന്ധിയിലാക്കി. പകുതിയിലേറെ തൊഴിലാളികളെ തിരിപ്പൂരിലെ ടെക്സ്റ്റയിൽ മേഖലയിൽ നിന്ന് പറഞ്ഞു വിട്ടെന്നാണ് അവിടുന്നുള്ള റിപ്പോർട്ടുകൾ. വാരാണസിയിലെ വിശ്വ പ്രസിദ്ധമായ ബനാറസ് സിൽക്ക് സാരി നെയ്യുന്ന നെയ്ത്തുകാരിൽ പലരും ദുരിതത്തിലാണെന്നു കാണിച്ചു കുറെ ദിവസം മുമ്പ് ടി.വി. റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാൻജീപുരം സാരികളും, പോച്ചംപള്ളി സാരി നെയ്യുന്നവരിലും കഥ വ്യത്യസ്‍തമാകാൻ വഴിയില്ല. പല സംസ്ഥാനങ്ങളിലും കുടിൽ വസ്ത്ര നിർമ്മാണ വ്യവസ്സായത്തിലേർപ്പെട്ടിരിക്കുന്ന ലക്ഷോപലക്ഷം പേരുടെ വീടുകൾ പട്ടിണിയിലാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. കാരണം ഇവരൊക്കെ തുച്ഛ വരുമാനക്കാരാണല്ലോ.

ഈ മാനുഷിക ദുരന്തം നൽകുന്ന വ്യക്തമായ ഒരു സന്ദേശം ഉണ്ട്. ആശയം നല്ലതായിരുന്നെങ്കിലും അത്യന്തം നാടകീയമായ പ്രഖ്യാപനങ്ങളിലൂടെ അല്ലായിരുന്നു ജി.എസ്.ടി. -യും, നോട്ടു നിരോധനവും പോലുള്ള നടപടികൾ ഇന്ത്യയെ പോലെ വളരെ വിസ്തൃതവും, വൈവിധ്യവും ഉള്ള ഒരു രാജ്യത്ത്  നടപ്പിലാക്കേണ്ടിയിരുന്നത്. നടപ്പാക്കിയതിലെ ഭരണപരമായ പാളിച്ചകൾ വേറെ. ഭരണപരമായ പരിചയത്തിൻറ്റെ അഭാവം നോട്ടുനിരോധനത്തിലൂടെയും, ജി.എസ്.ടി. പോലുള്ള നടപടികൾ നടപ്പാക്കിയതിലൂടെയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. വ്യക്തമാക്കി.

ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് നിങ്ങൾ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനായ ഒരു വ്യക്തിയെ എങ്ങനെ അത് ബാധിക്കും എന്ന് ചിന്തിച്ചതിനു ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എന്നാണ് നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി നമ്മോട് പറഞ്ഞിട്ടുള്ളത്. ജി.എസ്.ടി. -യും, നോട്ടു നിരോധനവും പോലുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനു മുൻപ് കേന്ദ്ര സർക്കാർ ഗാന്ധിജിയുടെ ഈ ആഹ്വാനം ഉൾക്കൊണ്ടിട്ടില്ല. അതാണ് വൻ മാനുഷിക ദുരന്തം വരുത്തിവെച്ചത്. നമ്മുടെ കോർപ്പറേറ്റ് മാധ്യമങ്ങളൊക്കെ ഈ മാനുഷിക ദുരന്തം കണ്ടില്ലെന്നു നടിക്കുകയാണ്. മോഹൻദാസ് കരംചന്ദ് ഗാന്ധിയെ മഹാനാക്കുന്നതും അത്യന്തം മാനുഷികത നിറഞ്ഞ ഇത്തരം പ്രബോധനങ്ങളിലൂടെയാണ്.