2017 ഫെബ്രുവരി 28, ചൊവ്വാഴ്ച

ബീ. ജെ. പി. - യുടെ ലൈംഗിക അക്രമങ്ങൾ

ബീ. ജെ. പി. - യുടെ ലൈംഗിക അക്രമങ്ങൾ

ലൈംഗിക അക്രമങ്ങളെ ചേരി തിരിഞ്ഞു ആക്രമിയ്ക്കുകയും, ന്യായീകരിയ്ക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണ് ഇന്നുള്ളത്. സമീപ കാലത്ത് ഉണ്ടായ വലിയൊരു ലൈംഗികാക്രമണം ആയിരുന്നു ഗുജറാത്തിലെ 'കച്ചിൽ' ബി.ജെ.പി. നേതാക്കൾ ഉൾപ്പെടെയുള്ളർ 30-35 സ്ത്രീകളെ തടങ്കലിൽ പാർപ്പിച്ച് കൂട്ടബലാൽസംഗം ചെയ്ത സംഭവം. അക്രമത്തിൻറ്റെ ഗൗരവവും, വ്യാപ്തിയും കൊണ്ട് ദേശീയ തലത്തിൽ തന്നെ ശ്രദ്ധ ആകർഷിക്കേണ്ട ഒരു വിഷയം ആയിരുന്നു അത്. പക്ഷെ നമ്മുടെ ദേശീയ മാധ്യമങ്ങൾ സമർത്ഥമായി ആ വാർത്ത മുക്കി. സൂര്യനെല്ലി കേസ് പോലെ ഇത്ര വ്യാപകമായ ലൈംഗിക ആക്രമണങ്ങോൾക്കൊക്കെ രാഷ്ട്രീയ പിന്തുണ കാണും എന്നുറപ്പാണ്. കോൺഗ്രസ് എം.എൽ.എ. -മാരുടെ ബഹളത്തെ തുടർന്ന് ആ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതി അനുസരിച്ചു് എന്തെങ്കിലും ഫലം വരുമെന്ന് തോന്നുന്നില്ല.

കഴിഞ്ഞ ദിവസം റഷ്യൻ ടി.വി. അഹമ്മദാബാദിൽ നിന്ന് സ്ത്രീകളെ സൗദി അറേബിയയിലേക്കു കടത്തുന്നതിനെ കുറിച്ചും അവിടെ അവർ സഹിക്കേണ്ടി വരുന്ന പീഡന മുറകളെ കുറിച്ചും വിശദമായി കാണിച്ചു. നേരത്തെ ഹൈദരാബാദ്, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ നിന്നും ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ സ്ത്രീകളെ കടത്തുന്നതിനും, കുട്ടികളെ കേരളത്തിലേക്ക് വ്യാപകമായി കൊണ്ട് വരുന്നതിനും ഒക്കെ രാഷ്ട്രീയ പിൻബലം ഇല്ലാതെ സാധിക്കുകയില്ല. നേപ്പാൾ, ബഗ്ളാദേശ്‌ - ഈ രാജ്യങ്ങളിൽ നിന്ന് സ്ത്രീകളെ ഇന്ത്യയിലേക്കും ലൈംഗിക വ്യാപാരത്തിനായി കടത്തുന്നു. ഇത്തരം മനുഷ്യ കടത്തുകൾക്കും രാഷ്ട്രീയ പിൻബലം കാണാതിരിക്കാൻ വഴിയൊന്നുമില്ല.

കഴിഞ്ഞ ദിവസം ആണ് പാർട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഭർതൃമതിക്ക് മയക്കുമരുന്നു കലർത്തിയ തക്കാളി സൂപ്പു നൽകി ബോധം കെടുത്തി  ബി.ജെ.പി. മുൻ എം.എൽ.എ.- യും ദേശീയ നിർവാഹക സമിതി അംഗവുമായ വിജയ് ജോളി ബലാത്സംഗം ചെയ്തത്. പല മാധ്യമങ്ങളും ആ വാർത്ത മുക്കിയെന്നു മാത്രമല്ല; ആ ന്യൂസൊക്കെ ആരും കാണാതെ ഒളിച്ചു വെക്കാൻ മറുനാടൻ മലയാളി എന്ന ഓൺലെയിൻ പത്രമടക്കം മറ്റു പല പത്രങ്ങളും കുറെ പാട് പെടുകയും ചെയ്തു.

ബീ. ജെ. പി. നേതാക്കൾ ഇങ്ങനെ ലൈംഗിക ആക്രമണം കാണിക്കുമ്പോൾ അതൊക്കെ ഒളിപ്പിച്ചു വയ്ക്കാമോ? നേരത്തെ വിദ്വേഷ പ്രചാരണങ്ങൾ നടത്തുമ്പോൾ ബീ. ജെ. പി. എന്ന പാർട്ടിയേ ആളുകൾ കുറ്റപ്പെടുത്തിയത് അത് പാർട്ടിയുടെ നയത്തിൻറ്റെ ഭാഗമായത് കൊണ്ടാണ്. വിദ്വേഷണ പ്രചാരണത്തിൻറ്റെ പേരിലും കലാപങ്ങളിൽ പങ്കു വഹിച്ചതിൻറ്റെ പേരിലും ആർക്കെതിരെയും ബീ. ജെ. പി. നടപടി എടുത്തിട്ടില്ല എന്ന് മാത്രമല്ല; അവരെയൊക്കെ സ്ഥാനമാനങ്ങൾ നൽകി ആദരിച്ചു എന്നതാണ് ചരിത്രം. ഇപ്പോൾ ലൈംഗിക അക്രമങ്ങൾ കാണിക്കുന്നവരെയും അങ്ങനെയൊക്കെ ആദരിക്കുമോ?

ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള രാംജാസ് കോളേജിൽ ഉണ്ടായ എബിവിപി-ഐസ സംഘർഷത്തെ തുടർന്ന് എബിവിപി -യ്ക്ക് എതിരേ സോഷ്യൽ മീഡിയയിൽ 'സ്റ്റുഡൻറ്റ്സ് എഗൈൻസ്റ്റ് എബിവിപി' കാമ്പയിന് തുടക്കമിട്ട കാർഗിൽ രക്തസാക്ഷിയായ ധീര ജവാൻറ്റെ മകളായ ഗുർമെഹർ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത് പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ഡൽഹിയിലെ കൂട്ട ബലാത്സംഗത്തിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധം അലയടിച്ചിരുന്നു. അങ്ങനെയുള്ളൊരു രാജ്യത്ത് വ്യത്യസ്ത അഭിപ്രായം പറയുന്നവരെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതൊക്കെ വലിയ തെറ്റാണ്. ഉത്തരവാദിത്ത്വബോധമുള്ള രാഷ്ട്രീയ പാർട്ടിയാണെങ്കിൽ ബി.ജെ.പി.-യും, എ.ബി.വി.പി. -യും ഇത്തരത്തിൽ ഭീഷണി മുഴക്കിയവർക്കെതിരെ കർശന അച്ചടക്ക നടപടി എടുത്തു മാതൃക കാണിക്കണം. അല്ലാതെ രാജ്യസ്നേഹത്തിൻറ്റെ മറവിൽ ബലാത്സംഗ ഭീഷണിയെ ഒരു രീതിയിലും ന്യായീകരിക്കരുത്.

നിർധന കുടുംബത്തിലെ പെൺകുട്ടിയെ പ്രലോഭിപ്പിച്ചു കൊച്ചുണ്ടാക്കിയ പള്ളി വികാരി യെ പുളിച്ച തെറി പറഞ്ഞ പലരും ഇത്തരം വാർത്തകളോട് പ്രതികരിയ്ക്കുവാൻ വരില്ല. മാധ്യമങ്ങൾ സമർത്ഥമായി ഇത്തരം വാർത്തകൾ മുക്കുന്നു. പോണോഗ്രഫി നിരോധിക്കുകയും, നമുക്ക് സംസ്കാരവും, ചരിത്രവും, സദാചാരവും പറഞ്ഞു തരുന്ന സംഘ പരിവാറുകാരിൽ നിന്നാണ് എന്തായാലും സദാചാര വില്ലൻമാർ. പെരുമാൾ മുരുഗൻറ്റെ 'അർദ്ധ നാരീശ്വരൻ' എന്ന നോവലിൽ ലൈംഗികതയെ കുറിച്ച് പ്രദിപാദിച്ചതിനെതിരെ കലാപകൊടി ഉയർത്തിയവരും, പോണോഗ്രഫി നിരോധിക്കുകയും, സണ്ണി ലിയോണിനെതിരെ കലാപകൊടി ഉയർത്തുകയും ചെയ്തവർ 'സെലക്റ്റീവ്‌' ആയി ലൈംഗികാതിക്രമങ്ങളെ സമീപിക്കാമോ? ഉത്തരം വായനക്കാർക്കു വിടുന്നു. 

2017 ഫെബ്രുവരി 23, വ്യാഴാഴ്‌ച

മത മൗലിക വാദികളും സ്ത്രീകളുടെ വസ്ത്രധാരണവും, ആഹാര ക്രമവും

മത മൗലിക വാദികളും സ്ത്രീകളുടെ വസ്ത്രധാരണവും, ആഹാര ക്രമവും

മതം എന്ന് പറയുമ്പോൾ തന്നെ ഓരോ മതത്തിലേയും ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. എളിമ, വിനയം, സത്യസന്ധത, ആത്മാർഥത, സാമൂഹ്യ സേവനം - ഇതൊക്കെയാണ് ഏതു മതത്തിൻറ്റെയും അന്ത സത്ത. പിന്നെ, ആരാധനയിലും, മത പുരോഹിതന്മാരുടെ ഭാഷയിലും വേഷത്തിലും ഒക്കെ വിത്യാസം കാണാം. അതിൽ വലിയ പ്രാധാന്യം ഒന്നുമില്ല. മതത്തിനുപരിയായി മനുഷ്യനെ കാണാൻ ആഗ്രഹിക്കുന്നവർ എല്ലാ ആത്മീയ ആചാര്യന്മാരെയും, മതങ്ങളെയും ബഹുമാനിക്കും. അവർ ഒരു മതത്തെയും നിന്ദിക്കയില്ല; മറിച്ച് എല്ലാ ആത്മീയ നേതാക്കളും, മതങ്ങളും  മനുഷ്യരാശിക്ക് നൽകിയ സംഭാവനകൾ ആദരിക്കും. "ലോകോ സമസ്താ സുഖിനോ ഭവന്തു", "വസുധൈവ കുടുംബകം" - ഇതൊക്കെയാണ് ഋഷിമാർ പഠിപ്പിച്ചത്. ലോകത്തിനു മുഴുവൻ സുഖം വരാനും, ലോകത്തെ മുഴുവൻ കുടുംബം ആയി കാണാനും ഒക്കെയാണ് പഴയ ഋഷിമാർ പറഞ്ഞു തന്നത് .  നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ആ രീതിയിൽ ഉള്ള ആളായിരുന്നു. അദ്ദേഹം എല്ലാ വൈകുനേരവും പ്രാർഥനാ സമ്മേളനം വിളിക്കുമായിരുന്നു. ബൈബിളും, ഗീതയും, ഖുറാനും ഒക്കെ അവിടെ വായിക്കുമായിരുന്നു.

മതം ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങൾക്ക് മുൻഗണന കൊടുക്കുമ്പോൾ എന്തിനാണ് മനുഷ്യരുടെ; പ്രത്യേകിച്ച് സ്ത്രീകളുടെ വസ്ത്രാധാധാരണത്തെ എത്രയധികം വേവലാതി പെടുന്നത്? എന്തിനാണ് ശിരോവസ്ത്രവും, നെടുനീളൻ കറുത്ത കുപ്പായവും സ്ത്രീകൾ ധരിക്കണമെന്നു ശാഠ്യം പിടിക്കുന്നത്? സ്ത്രീകൾ ഇത്ര പ്രസവിക്കണം എന്നൊക്കെ മത മേലധ്യക്ഷന്മാർ അഭിപ്രായം പറയുന്നത് തീർത്തും മോശമല്ലേ? ഗുരുവായൂർ അമ്പലത്തിൽ സാരി കൂടാതെ ചുരിദാറു കൂടി സ്ത്രീകൾക്ക് ഉപയോഗിക്കാം എന്ന് പിറഞ്ഞപ്പോൾ പ്രൊഫെസ്സർ സുകുമാർ അഴിക്കോട് അത് പറഞ്ഞവരെ കളിയാക്കി,"ലീലാ വിലാസനായ കൃഷ്ണൻറ്റെ പേരിലുള്ള അമ്പലത്തിലാണ് ഈ നിബന്ധനകൾ ഒക്കെ വരുന്നത്" എന്ന് പറഞ്ഞു. അത് പോലെ തന്നെ എന്തിനാണ് ആളുകളുടെ ഭക്ഷണ ക്രമത്തിൽ മത നേതാക്കൾ ഇടപെടുന്നത്? സത്യത്തിൽ ചൂടിലും തണുപ്പിലും നിന്ന് രക്ഷിക്കാനുള്ള ഉപകരണമില്ല വസ്ത്രം? അത് പോലെ ദാഹിക്കുമ്പോൾ കുടിയ്ക്കുക; വിശക്കുമ്പോൾ ഭക്ഷിക്കുക - ഇതല്ലേ ഭക്ഷണത്തെയും, വെള്ളത്തെയും സംബന്ധിച്ച് അടിസ്ഥാനപരമായ തത്ത്വം?

ക്രിസ്തുവിൻറ്റെയും, ശ്രി നാരായണ ഗുരുൻറ്റെയും, ഋഷിമാരുടെയും ഒക്കെ യഥാർത്ഥ സന്ദേശങ്ങൾ ഉൾകൊള്ളുന്നവർ ഇന്ന് വളരെ കുറവാണ്. ജാതിമത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു അടിസ്ഥാനപരമായ ഗുരു വചനം. 
"അവനവനാത്മ സുഖത്തിനാചരിപ്പതു
അപരന്നു സുഖത്തിനായ് വരേണം" - ഇതായിരുന്നു പ്രധാനമായ ഗുരു വചനം. തന്നെ പോലെ തന്റ്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് ക്രിസ്തു വചനത്തിന് സമാനമായുള്ള ഒന്നാണിത്. ഈ ഭൂമിയിൽ വെറുതെ ജീവിച്ചു മരിക്കുന്നതിലും ശ്രേഷ്ഠം അശരണർക്ക് നമ്മളെക്കൊണ്ട് കഴിയുന്ന സഹായം അല്ലെങ്കിൽ ഉപകാരം ചെയ്യുക - ഇതാണ് ഇതിന്റ്റെ അർഥം. നൂറ്റാണ്ടുകളിലൂടെ ചൊരിഞ്ഞ സ്നേഹത്തിന്റ്റെയും, ആത്മ ത്യാഗത്തിന്റ്റെയും പ്രതീകമാണ് ക്രൂശിതനായ ക്രിസ്തു. കുരിശു മരണം ആ സ്നേഹവും, ആത്മ ത്യാഗവും വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു. "ക്രിസ്തു വന്നത് ജീർണങ്ങളായ കുടിലുകൾക്കിടയിൽ മനോഹരങ്ങളായ ദേവാലയങ്ങൾ പണിയുവാനല്ല മറിച്ച് ഹൃദയത്തെ ദേവാലയമാക്കാനാണ്; ആത്മാവിനെ പവിത്രീകരിക്കാനാണ്; മനസ്സിനെ അൾതാരയാക്കി മാറ്റാനാണ്" എന്ന് ഖലീൽ ജിബ്രാൻ പാടിയത് അത് കൊണ്ടാണ്.

തുണിയൊന്നും ധരിക്കാത്ത ദിഗംബര സന്യാസിമാരും,നാഗ സന്യാസിമാരും  എത്രയോ ഉള്ള രാജ്യമാണ് ഈ ഇൻഡ്യാ  മഹാരാജ്യം. കോണകം മാത്രം ധരിച്ചിരുന്ന എത്രയോ യോഗിമാരും, സന്യാസിമാരും ഇന്ത്യയിൽ ഉണ്ടായിരുന്നു! രമണ മഹർഷി കോണകം മാത്രമല്ലേ ധരിച്ചിരുന്നുള്ളൂ? എന്നിട്ടും ആധികാര സ്ഥാപനങ്ങളിൽ ഉള്ള എത്രയോ പേർ രമണ മഹർഷിയെ കാണാൻ  വന്നിരുന്നു? തുണിയൊന്നും ധരിക്കാത്ത എത്രയോ ജൈന സന്യാസിമാർ ഇപ്പോഴും ഉള്ള നാടാണല്ലോ ഇന്ത്യാ മഹാരാജ്യം. അവരെയും കാണാൻ ആധികാര സ്ഥാപനങ്ങളിൽ ഉള്ള എത്രയോ പേർ  കാണാൻ വരുന്നൂ? ടി.വി. - യിൽ അവർ നഗ്നരായി തന്നെ പ്രഭാഷണങ്ങൾ നടത്തുന്നു. കുംഭ മേളയിൽ അനേകം സന്യാസിമാർ പരസ്യമായി തന്നെ വളരെ ദൂരം നടന്ന് ഗംഗയിലും, മറ്റ് നദികളിലും വിശുദ്ധമെന്ന് കരുതുന്ന ജലത്തിൽ മുങ്ങുന്നു. തുണിയിലല്ല ഒരാളുടെ മഹത്ത്വം. അത് കാണിച്ചു കൊടുക്കാൻ വേണ്ടിയാണ് നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി വെറും മുണ്ടുടുത്ത് ബ്രട്ടീഷ് രാജാവിനെ കാണാൻ പോയത്.

സത്യം നഗ്നമാണ്; ഭക്തിയും നഗ്നമാണ്. മനുഷ്യർ തുണിയൊന്നും ഇല്ലാതെയാണ് ജനിക്കുന്നത്. മരണ സമയത്ത് എത്ര തുണി ഉടുപ്പിച്ചാലും അതു പിന്നീട് അഴുകി പോകുകയോ, അഗ്നിയിൽ വെന്തെരിയുകയോ  ചെയ്യുകയുള്ളൂ. അതു കൊണ്ട് തന്നെ ദൈവ നാമം ഉൽഘോഷിച്ചു കൊണ്ട് നഗ്ന റായി നടക്കുന്ന പതിവ് ഇൻഡ്യായിൽ പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു.  ഇതുഴുതുന്ന ആൾ  ഇഷ്ടം പോലെ തവണ ഗുരുവായൂർ അമ്പലത്തിൽ പോയിട്ടുണ്ട്. അനേകം ഉത്തരേന്ത്യൻ സുഹൃത്തുക്കളെ ഞാൻ മധുര മീനാക്ഷി ക്ഷേത്രവും, ഗുരുവായൂർ അമ്പലവുമൊക്കെ അവരുടെ താൽപര്യ പ്രകാരം കാണിച്ചിട്ടുണ്ട്. എൻറ്റെ ഉത്തരേന്ത്യൻ സുഹുർത്തുക്കളെ ഈ അമ്പലങ്ങൾ അവരുടെ അഭ്യർത്ഥന പ്രകാരം കാണിക്കുമ്പോൾ അവർക്ക് ഇഷ്ടമില്ലാത്ത പരിപാടിയാണ് ഷർട്ടൂരിക്കുന്നത്. ഒരു തവണ ഗുരുവായൂർ അമ്പലത്തിൽ ക്ഷേത്ര ഭാര വാഹികൾ . ഷർട്ടു മുഴുവൻ ഊരണം എന്നെന്നോട് പറഞ്ഞു. നേരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിധി കണ്ടെടുത്ത വാർത്ത ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ പല ഉത്തരേന്ത്യക്കാരും അവിടെ ദർശനത്തിനു വന്നു. അവർ പലരും വാർത്താ ചാനലുകളിൽ പറഞ്ഞ ഒരു കാര്യമുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങൾ ഇഷ്ടമാണ്. പക്ഷെ ഷർട്ടൂരിക്കുന്നതിനോട് എതിർപ്പുണ്ട്. എൻറ്റെ കൂടെ വന്നിരുന്ന ഉത്തരേന്ത്യൻ സുഹൃത്തുക്കൾക്കും ഷർട്ടൂരിക്കുന്നതിനോട് യാതൊരു താൽപര്യവുമില്ല. ഞാൻ ബദരിനാധിലും, കുടജാദ്രിയിലും പോയിട്ടുണ്ട്. ബദരിനാധിലെ മുടിഞ്ഞ തണുപ്പത്ത് പോലും ഷർട്ടൂരുന്ന മലയാളികളെ കണ്ടിട്ടുണ്ട്.

ഷർട്ടൂരിക്കുന്ന പരിപാടി ശരിക്കു പറഞ്ഞാൽ ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ആചാരമാണ്. കേരളത്തിലേതു പോലെ ഹ്യുമിഡിറ്റി അല്ലെങ്കിൽ ഈർപ്പമുള്ള പ്രദേശങ്ങളില ആളുകൾ പണ്ട് അരക്കു മുകളിലോട്ട് അധികം വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല എന്നതാണ് യാതാർദ്ധ്യം. പണ്ട് സ്ത്രീകളും, പുരുഷൻമാരും അരക്കു താഴെ ഒറ്റ മുണ്ട് മാത്രമേ ധരിച്ചിരിന്നുള്ളൂ. ആ രീതി ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരുന്നു. അത്രയേ ഉള്ളൂ. ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിൽ ഈ ആചാരങ്ങൾ ഒന്നുമില്ലല്ലോ. ബദരീനാഥ് ക്ഷേത്രത്തിൽ കേരളത്തിൽ നിന്നുള്ള നംബൂതിരി ആണല്ലോ പ്രധാന പൂജാരി. അദ്ദേഹം (റാവൽജി) അവിടുത്തെ രീതിയിലുള്ള വസ്ത്രമാണല്ലോ ധരിക്കുന്നത്.

കാല ക്രമേണ ഈർപ്പമുള്ള പ്രദേശങ്ങളില വസ്ത്രധാരണ രീതി ചിലരുടെ യാതാസ്ഥികത്ത്വം സംരക്ഷിക്കുന്നതിലേക്കു നീങ്ങി. കാലം മാറുകയാണ്. കാലത്തിനനുസരിച്ച് കോലവും മാറണം. ഡൽഹിയിൽ മുടിഞ്ഞ തണുപ്പത്തു പാരമ്പര്യം കാത്തു സംരക്ഷിക്കാൻ ഷർട്ടും, കമ്പിളിയും, ജാക്കെറ്റും ധരിക്കാതെ പൂജ ചെയ്യുന്ന അനേകം മലയാളി പൂജാരിമാരെ കണ്ടിട്ടുണ്ട്. ന്യുമോണിയ പിടിക്കുംബോൾ അവർക്ക് ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ചു മനസ്സിലാകുമായിരിക്കും. ആൻറ്റി ബയോട്ടിക് ഗുളികകൾ കഴിക്കേണ്ടി വരുമ്പോൾ മുടിഞ്ഞ തണുപ്പിൽ ശരീര പ്രദർശനം ചെയ്താലുള്ള ഭവിഷ്യത്തുകൾ മനസ്സിലാകുമായിരിക്കും!!! അങ്ങനെ ആശിക്കാൻ അല്ലേ സുബോധമുള്ള അർക്കും കഴിയൂ. കുറെ വർഷങ്ങൾക്കു മുൻപ് ഉടുപ്പിയിലെ പ്രസിദ്ധമായ ശ്രീ ക്രിഷ്ണ ക്ഷേത്രം സന്ദർശിക്കാൻ പോയ ഒരു സുഹുർത്തിനോട് ഷർട്ട് മാത്രമല്ല; ബനിയനും ഊരണെമെന്നു പറഞ്ഞു. അത് കൊണ്ട് അദ്ദേഹം ദർശനം കഴിക്കാതെ തിരിച്ചു പോന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇത്തരം കടും പിടുത്തം തുടരണോ എന്ന് ക്ഷേത്ര ഭാരവാഹികൾ പുനർ വിചിന്തനം ചെയ്യണം. ഷർട്ടൂരിക്കുന്ന പരിപാടി യെ അനുകൂലിക്കുന്നവർ പറയുന്നത് ഉത്തരേന്ത്യകാർ കേരളത്തിലെ ആചാരങ്ങളും, വിശ്വാസവും ഉൾകൊള്ളണമെന്നാണ്. രണ്ടായിരവും, മൂവായിരവും അതിലേറെയും കിലോ മീറ്ററുകൾ സഞ്ചരിച്ചു കേരളത്തിൽ വരുന്ന ഉത്തരേന്ത്യകാർ വിശ്വാസം ഉൾകൊള്ളാതെയാണ് ക്ഷേത്ര ദർശനം നടത്തുന്നത് എന്ന് പറയുന്നത് മോശമാണ്; അതവരെ അപമാനിക്കുന്നതാണ്.

അത് പോലെ തന്നെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചുള്ള വിവേചനങ്ങളും. രാജ്യത്തെ പരമോന്നത കോടതിയായ ബഹുമാനപ്പെട്ട സുപ്രീം കൊടതി സ്ത്രീകൾക്കെതിരായ വിവേചനത്തെ കുറിച്ച് തുറന്നു ചോദിച്ചപ്പോൾ പലർക്കും ഉത്തരമില്ല. അതിനു പകരം സുപ്രീം കൊടതിക്കെതീരേ ആക്ഷേപങ്ങൾ തൊടുക്കുകയാണ് പലരും. ഇനി ഇതൊക്കെ ചോദിച്ചതിന് സുപ്രീം കൊടതിയും ഹിന്ദുവിന് എതിരാണെന്ന് പറഞ്ഞു തുടങ്ങുമോ ആവോ? ഇപ്പോൾ ഹിന്ദുവിന് എതിരാണെന്ന് പറയുന്നതാണല്ലോ ഫാഷൻ. കോട്ടയം താഴത്തങ്ങാടിയിൽ മോസ്ക്കു പോലും സ്ത്രീകൾക്കു തുറന്നു കൊടുത്തു. അത് കൊണ്ട് ഇനീ സ്ത്രീ സ്വാതന്ത്ര്യം പറയുമ്പോൾ മുസ്ലീങ്ങളെ കുറ്റം പറയേണ്ട കാര്യമില്ല. അല്ലെങ്കിലും എന്തിനു  സ്ത്രീകളെ ആരാധനാലയങ്ങളിൽ നിന്ന് അകറ്റി നിർത്തണം എന്ന ചോദ്യത്തിന് സാമാന്യ യുക്തിയിൽ അധിഷ്ടിതമായ മറുപടി ഇല്ല. കാലമെത്രമാറിയാലും മാറാത്ത സങ്കുചിത മനസ്സിനുടമകളായ ആളുകളെ മാറ്റി നിർത്തി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആരാധനാലയങ്ങളെല്ലാം സ്ത്രീകൾക്ക് തുറന്നു കൊടുക്കുകയാണ് വേണ്ടത്. പക്ഷെ ഇതൊക്കെ പറഞ്ഞാൽ വിശാല ഹിന്ദു ഐക്യത്തിനും, ഹിന്ദുക്കളുടെ സർവതോന്മുഖമായ ഉയർച്ചക്കും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ചിലർ ഇതു പറയുന്നവരുടെ നെഞ്ജത്തു കേറാൻ വരും. ഇങ്ങനെ നെഞ്ജത്തു കേറാൻ വരുന്നവർ നായാടി മുതൽ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളെ ഓർത്ത് വിഷമം സഹിക്ക വയ്യാതെ ആണല്ലോ ഇങ്ങനെ നെഞ്ജത്തു കേറാൻ വരുന്നന്നതെന്നോർക്കുംബോഴാണ് ആകെ കൂടി ഒരാശ്വാസം ഉള്ളത്.

ഏതു വികസിത രാജ്യത്തും സ്ത്രീയും, പുരുഷനും തോളോടു തോൾ ചേർന്നാണ് രാഷ്ട്ര നിർമാണ പ്രക്രിയയിൽ അധ്വാനിക്കുന്നത്. ഇന്ത്യയിൽ ആണെങ്കിൽ ഇപ്പോൾ സൈന്യത്തിലെ കോംബാറ്റ് Roles  - ൽ പോലും സ്ത്രീകളെ നിയമിക്കാൻ പോകുന്നു. അപ്പോൾ ആരാധനയുടെ കാര്യത്തിൽ മാത്രം എന്തിനു സ്ത്രീകളോട് വിവേചനം കാണിക്കണം? ശബരി മലയുടെ കാര്യത്തിൽ മാത്രമല്ല; ഒരു സ്ഥലത്തും ആർതവത്തിൻറ്റെ പേരിൽ സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ശരിയല്ല. രാജ്യത്തെ പരമോന്നത കോടതിയായ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇതു ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്. ഇതിൻറ്റെ പേരിൽ സുപ്രീം കോടതിയെ വിമർശിക്കുന്നത് ശരിയല്ല.

ചിലർ ചൂണ്ടി കാണിച്ചത് പോലെ കാനന പാതയായ ശബരി മല സ്ത്രീകൾക്ക് ദുർഖടം പിടിച്ചതാണെങ്കിൽ അതിലും എത്രയോ ദുർഖടം പിടിച്ച കൈലാസ് യാത്ര, ആദി കൈലാസ് യാത്ര, സതോപന്ത് തടാകത്തിലേക്കുള്ള യാത്ര - ഇവയിലൊക്കെ സ്ത്രീകൾ പങ്കെടുക്കുന്നില്ലേ? മലയാളി സ്ത്രീകൾ അടക്കം അനേകം പേർ വളരെയേറെ അപകടം പിടിച്ച ഹിമാലയൻ യാത്രകളിൽ പങ്കെടുക്കുന്നു. പിന്നെയാണോ ശബരി മല യാത്ര?
മറ്റു ചിലർ പറയുന്നത് സ്വാമി അയ്യപ്പൻ ശബരി മലയിൽ ബ്രഹ്മ ചര്യ വ്രതത്തിലാനെന്നാണ്. ബ്രഹ്മചര്യം എന്ന് പറഞ്ഞാൽ ബ്രഹ്മത്തോടു കൂടുത്തൽ അടുത്തിരിക്കുന്നു അല്ലെങ്കിൽ ഉയർന്ന ദൈവാവസ്ഥ പ്രാപിച്ചിരിക്കുന്നു എന്നേ അർത്ഥമുള്ളൂ. ക്രിസ്തുവിനു മഗ്ദലനാ മറിയത്തെ ശിഷ്യയാക്കാനോ , ബുദ്ധനു അമ്രപാലിയെ ശിഷ്യയാക്കാനോ ഒരു പ്രശ്നവും ഇല്ലായിരുന്നു. പിന്നെ ശബരി മല അയ്യപ്പനെ മാത്രം എന്തിനു സ്ത്രീ വിരോധിയാക്കണം?

വസ്ത്രത്തിലെന്നതു പോലെ മത മേലധ്യക്ഷന്മാർ മനുഷ്യർക്കെതിരെ കടന്നു കയറ്റം നടത്തുന്ന മറ്റൊരു മേഖലയാണ് ഭക്ഷണം. 2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിൽ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണെന്നുള്ള കാര്യം ഭക്ഷണ കാര്യത്തിൽ നിർബന്ധബുദ്ധി കാണിക്കുന്നവർ  ഓർമിക്കണം.ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേര് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്. പിന്നെ എന്തിനാണ് ഈ പശുവിൻറ്റെ പേര് പറഞ്ഞു മത സ്പർദ്ധ ഉണ്ടാക്കുന്നത് - അതും 90 ശതമാനത്തിൽ ഏറെയും പേർ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന കേരളത്തിൽ? പശു സ്നേഹത്തിനും, വസ്ത്ര ധാരണത്തിനും, മറ്റ് ആഹാരങ്ങൾക്കും വേണ്ടി എന്തിനാണ് ചിലർ  യേശു ക്രിസ്തുവിനെയും, ഋഷിമാരെയും, ധർമ ശാസ്ത്രങ്ങളെയും  പ്രവാചകൻ മുഹമ്മദ് നബിയെയും കൂട്ട് പിടിക്കുന്നത്?

ഗോമാംസത്തിനെതിരെ ഇത്ര വലിയ പുകിൽ ഉണ്ടാക്കുന്നത് എന്തിനാണെന്ന് വിവേകമുള്ളവർക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണ്. ആയുർവേദത്തിൽ ഗോമാംസം അടക്കമുള്ള പല മാംസ ഭക്ഷണങ്ങളുടെ ഗുണ ഗുണങ്ങളെ കുറിച്ച് കൃത്യമായ വിവരണമുണ്ട്. ആടിൻറ്റെ മാംസം പോലെ തന്നെ വേറെ പല ഗുണങ്ങളും ഉള്ളതാണ് ഗോമാംസവും. ഇറച്ചികൾ വേർ തിരിക്കുമ്പോൾ മതത്തിൻറ്റെ കണ്ണിൽ കൂടി നോക്കുമ്പോഴാണ് കുഴപ്പം മുഴുവനും. വാജീകരണ ചികിത്സയിൽ ഗോമാംസം അത്യുത്തമമാണ്. ഇന്നിപ്പോൾ സസ്യാഹാരത്തെ (vegetarianism ) മഹത്വവൽകരിച്ച് പലരും പലതും പറയുന്നു. അതൊക്കെ ഹിന്ദു സമൂഹത്തിൻറ്റെ അഭിവാജ്യ ഖടകങ്ങളായാണ് പലരും കാണുന്നത്. ഇവിടെ conclusion ഒന്നേയുള്ളൂ. നിങ്ങൾക്ക് ദഹന ശക്തിയുണ്ടോ - എന്തും കഴിക്കാം. കല്ലും ദഹിക്കണം എന്നാണ് ആയുർവേദ ആചാര്യന്മാർ പറയുന്നത്. പണ്ട് ക്ഷാമവും, പ്രളയവും ഒക്കെ വരുമ്പോൾ ആളുകൾ പശുക്കളെ കൊന്നു തിന്നിരുന്നു. പിന്നീടു ക്ഷാമവും, പ്രളയവും ഒക്കെ മാറുമ്പോൾ അവർക്ക് പാലിനും, ചാണകത്തിനും വേറെ മാർഗം ഇല്ലായിരുന്നു. ഇതിനൊരു പോംവഴി ആയിട്ടാണ് ഗോവധ നിരോധനം ഇന്ത്യൻ സംസ്കാരത്തിന്റ്റെ ഭാഗമായത്. അപ്പോഴും മാട്ടിറച്ചി കഴിക്കുന്ന പലരും ഉണ്ടായിരുന്നു. ഇതൊക്കെ പല ചരിത്ര കാരന്മാരും ചൂണ്ടി കാണിച്ചിട്ടുണ്ട്. 21-ആം നൂറ്റാണ്ടിൽ ഗോവധ നിരോധനം ഇന്ത്യയിൽ വേണമെന്ന് വാശി പിടിക്കുന്നത് അബദ്ധ ജടിലമാണ്. ചില രോഗികൾക്ക് ഓജസ്സും, ശക്തിക്കും വേണ്ടി മാംസ ഭക്ഷണം വേണ്ടി വരും. അങ്ങനെയുള്ള രോഗികൾ സസ്യാഹാരികളായ രോഗികൾ ആണെങ്കിൽ അവർ അറിയാതെ മാംസ ഭക്ഷണം കൊടുക്കണമെന്നാണ് അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്. ചരക സംഹിതയിൽ തന്നെ ഗോമാംസത്തിന്റ്റെ ഗുണ ഗുണങ്ങൾ അടങ്ങിയ ഉധരിണികൾ ഉണ്ട്. ഇന്ത്യയിൽ സസ്യാഹാരികൾ (vegetarians ) ആണ് കൂടുതൽ രോഗികൾ. സസ്യാഹാരത്തിൻറ്റെ പേരിൽ ഇവിടെ അങ്ങേയറ്റം , മസാലയുള്ളതും എണ്ണ മയമുള്ളതും ആയിട്ടുള്ള ആഹാരം ആളുകൾ കഴിക്കുന്നു. കൂടാതെ കണ്ടമാനം മധുരം കഴിക്കുന്നതുകൊണ്ട് ലോകത്തിലെ 'പ്രമേഹത്തിൻറ്റെ തലസ്ഥാനം' കൂടിയാണ് ഇന്ത്യ മഹാരാജ്യം. അപ്പോൾ പിന്നെ ഇന്ത്യയിലെ സസ്യാഹാരത്തിന് എന്ത് മഹത്വമാണ് ഉള്ളത്?

കേരളത്തിൽ മിക്ക വീടുകളിലും പണ്ട് കോഴിയും, കോഴി കൂടും ഉണ്ടായിരുന്നു. കുട്ടനാട്ടിൽ മിക്ക വീടുകളിലും താറാവും, താറാവു കൃഷിയും ഉണ്ടായിരിന്നു. കേരളത്തിൽ മിക്ക ആളുകളും, പ്രത്യേകിച്ച് തീര പ്രദേശങ്ങളിൽ ഉള്ളവർ മീൻ കഴിക്കുന്നവരാണല്ലോ. പ്രസവ ശേഷം പല സ്ത്രീകൾക്കും പണ്ട് ആട്ടിൻ സൂപ്പ് കൊടുക്കുമായിരുന്നു. താറാമുട്ടയിൽ മുക്കുറ്റി ചേർത്ത് കൊടുക്കുന്ന രീതി, താറാമുട്ടയിൽ കങ്കായനം ഗുളികയും, കരിയാംബൂവും ചേർത്ത് കൊടുക്കുന്ന രീതി, ആമ ഇറച്ചി, കോഴി മരുന്ന് - അങ്ങനെ എത്രയോ പ്രയോഗങ്ങൾ നമ്മുടെ ആയുർവേദത്തിലും, നാട്ടു വൈദ്യത്തിലും, ആദിവാസി വൈദ്യത്തിലും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഇതൊന്നും പറയാൻ പാടില്ലല്ലോ. സംസ്കാരത്തിൻറ്റെ സംരക്ഷകരായ കുറെ ആളുകളും, സസ്യാഹാരത്തെ (vegetarianism) മഹത്വവൽകരിച്ച് സംസാരിക്കുന്നവരും വന്നിട്ടുണ്ടല്ലോ. ആധുനിക വൽകരിക്കപെട്ട എല്ലാ സമൂഹങ്ങളിലും നോണ് വെജിറ്റെറിയൻ ആഹാരത്തോടും, ഫാസ്റ്റ് ഫുഡ്സ് - നോടും പ്രതിപത്തി കാണിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ പല നഗരങ്ങളിലും നിന്നുള്ള നാഷണൽ സാമ്പിൾ സർവേകൾ ഇതാണ് കാണിക്കുന്നത്. അപ്പോൾ പിന്നെ നാം എന്തിന് ആധുനികതയോടും, ആധുനിക ഭക്ഷണ ശീലങ്ങളോടും പുറം തിരിഞ്ഞു നിൽക്കണം? ഭഗവാൻറ്റെ അവതാരങ്ങൾ ആയ മത്സ്യം, കൂർമം, വരാഹം തുടങ്ങിയവക്ക് ഒന്നും ബാധകം അല്ലാത്ത ഈ ഇളവ് പശുവിനു മാത്രം എന്തിനു കൊടുക്കുന്നു?

പൊതുവെ പശു ഇറച്ചി ആരും കഴിക്കാറ് ഇല്ല എന്നൊക്കെ പറയുന്നത് വലിയ തെറ്റാണ്. മലയാളികളും, ബംഗാളികളും മീൻ കഴിക്കുന്നത് പോലെ ഇന്ത്യയിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ പശു ഇറച്ചി കഴിക്കും. അവരെ സംബന്ധിച്ച് ബീഫ് വില കുറഞ്ഞ മാംസം ആണ്. നല്ല പ്രോട്ടീൻ കിട്ടുന്ന വില കുറവുള്ള ഭക്ഷണം. ബീഫിൽ പശു ഇറച്ചിയും പെടും. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവരും കഴിക്കും. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പശു ഇറച്ചി ഒരു പ്രശ്നമേ അല്ല. അത് കൂടാതെ ഇന്ത്യയിലെ ഗോത്ര വർഗ ജനതകൾക്ക് അവർ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങൾ ഉണ്ട്. നാഷണൽ ജ്യോഗ്രഫിക് ഇതൊക്കെ കാണിച്ചിട്ടുമുണ്ട്. ചരിത്രകാരന്മാർ തന്നെ പറയുന്നത് ദയാനന്ദ സരസ്വതിയുടെ നെത്ര്വത്തത്തിൽ ഈ പശു സംരക്ഷണം ഒരു വലിയ വിഷയം ആക്കുന്നതിനു മുൻപ് ഇതൊരു വലിയ വിഷയമേ ആയിരുന്നില്ല എന്നാണ്.

ബീഫ് കഴിക്കുന്നത് നല്ല ഹിന്ദുവിൻറ്റെ ലക്ഷണമല്ല എന്ന ഉൾവിളി സൃഷ്ടിക്കുന്നത് ചില സന്ഖടനകളാണ്. ഇവരൊക്കെ മറക്കുന്ന ഒരു കാര്യം കേരളത്തിൽ നോൺ വെജിറ്റെറിയൻ വിളമ്പിയിരുന്ന മിക്ക ഹോട്ടെലുകളിലും, തട്ടു കടകളിലും കിട്ടിയിരുന്ന വിഭവം ആയിരുന്നു ബീഫ് എന്നതാണ്. ഇത്തരം ഹോട്ടലുകളും, തട്ട് കടകളും നടത്തിയിരുന്നതിലെ വലിയൊരു വിഭാഗവും ഹിന്ദുക്കൾ തന്നെയായിരുന്നു. ബീഫ് വ്യവസായത്തിൽ നിന്നും 90 ശതമാനവും ലാഭം നേടുന്നത് ബ്രാഹ്മണരാണ്. അമേരിക്കയിലേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന പെപ്സികോ കമ്പനിയുടെ ഗ്ലോബൽ സി. ഇ. ഒ. തമിഴ് നാട്ടിൽ നിന്നുള്ള ഇന്ദിര കൃഷ്ണമൂർത്തി ബ്രാഹ്മണ സ്ത്രീയാണ്. അത് പോലെ തന്നെയാണ് മറ്റു ബീഫ് കയറ്റുമതിക്കാരും. കാർഷിക സംസ്കാരത്തിന് അത്രയൊന്നും പ്രാമുഘ്യമില്ലാത്ത വ്യവസായിക യുഗത്തിൽ ഈ ഗോമാംസത്തിനെതിരെ ഇത്ര വലിയ പുകിൽ ഉണ്ടാക്കുന്നത് എന്തിനാണെന്ന് വിവേകമുള്ളവർക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണ്.

പണ്ട് ക്ഷാമവും, പ്രളയവും ഒക്കെ വരുമ്പോൾ ആളുകൾ പശുക്കളെ കൊന്നു തിന്നിരുന്നു. പിന്നീടു ക്ഷാമവും, പ്രളയവും ഒക്കെ മാറുമ്പോൾ അവർക്ക് പാലിനും, ചാണകത്തിനും വേറെ മാർഗം ഇല്ലായിരുന്നു. ഇതിനൊരു പോംവഴി ആയിട്ടാണ് ഗോവധ നിരോധനം ഇന്ത്യയിലെ കാർഷിക സംസ്കാരത്തിൻറ്റെ ഭാഗമായത്. അപ്പോഴും മാട്ടിറച്ചി കഴിക്കുന്ന പലരും ഉണ്ടായിരുന്നു. ഇതൊക്കെ പല ചരിത്ര കാരന്മാരും ചൂണ്ടി കാണിച്ചിട്ടുണ്ട്. 21-ആം നൂറ്റാണ്ടിൽ ഗോവധ നിരോധനം ഇന്ത്യയിൽ വേണമെന്ന് വാശി പിടിക്കുന്നത് അബദ്ധ ജടിലമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ കാർഷിക സംസ്കാരത്തിൽ അധിഷ്ഠിതമാണോ? ഇപ്പോഴും ചാണകം മെഴുകിയ തറയിലാണോ ഹിന്ദുക്കളെല്ലാവരും കിടക്കുന്നത്? ചാണകം ഉണക്കിയെടുത്താണോ പാചകം ചെയ്യുന്നത്? ഉത്തരേന്ത്യൻ ഗ്രാമ സംസ്കാരം കേരളത്തിലും പറിച്ചു നടാൻ ശ്രമിക്കുകയാണ് ചില സന്ഖടനകൾ. യമനിൽ ആടിനെ മേയ്ക്കാൻ പോകുന്നവരിൽ നിന്ന് വലിയ വിത്യാസം ഒന്നും ഈ പശു സ്നേഹികൾക്കും ഇല്ല.

ആഹാരത്തിൻറ്റെയും, വസ്ത്രത്തിൻറ്റെയും, സ്ത്രീകളുടെ നേർക്കുള്ള കടന്നു കയറ്റത്തിൻറ്റെയും പേരിൽ മത മേലധ്യക്ഷന്മാർ വ്യത്യസ്ത അഭിപ്രായങ്ങൾ പറയുമ്പോൾ തന്നെ പണത്തിൻറ്റെ കാര്യത്തിൽ എല്ലാ മതങ്ങളും ഒന്ന് തന്നെ. നേരത്തേ റിസർവ് ബാങ്ക് ആരാധനാലയങ്ങളിലെ സ്വർണത്തിന്റ്റെ കാര്യത്തിൽ കണക്കെടുപ്പ് വേണം എന്ന് പറഞ്ഞപ്പോൾ എല്ലാ മതങ്ങളും ഒന്നിച്ച് എതിർത്തു. കണക്കെടുപ്പിനെ പോലും ഭയപ്പെടുന്നവരാണ് സന്ഖടിത മതങ്ങളും, ജാതി സന്ഖടനകളും. കണക്കെടുപ്പ് ഒന്നും ഇല്ലാതെ പിരിച്ചാലല്ലേ പള്ളി കമ്മിറ്റികൾക്കും, അമ്പലം കമ്മിറ്റികൾക്കും കയ്യിട്ടു വാരാൻ പറ്റുകയുള്ളൂ.  ഇതൊന്നും മനസ്സിലാക്കാത്ത നിഷ്കളങ്കരായ വിശ്വാസികളുടെ കാര്യമാണ് കഷ്ടം - അവർ ഏതു മതത്തിൽ പെട്ടവർ ആണെങ്കിലും.

കുറച്ചു നാൾ മുമ്പ് ജസ്റ്റിസ് പരിപൂർണ്ണൻ കമ്മീഷൻറ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ദേവസ്വം റിക്രൂട്മെൻറ്റ് ബോർഡ് എന്ന ആശയത്തിനെതിരെ ആളുകൾ വന്നതും ധന സമ്പാദനം ലക്‌ഷ്യം വെച്ചാണെന്നാണ് തോന്നുന്നത്. ജസ്റ്റിസ് പരിപൂർണ്ണൻ കമ്മീഷൻറ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ദേവസ്വം റിക്രൂട്മെൻറ്റ് ബോർഡ് എന്ന ആശയം ഉണ്ടായെതെങ്കിൽ അത് അഴിമതി ഇഷ്ടപ്പെടാത്ത ആരും സ്വാഗതം ചെയ്യണം. ശബരിമല തന്ത്രി കണ്ഠരര് മോഹനരെ നിർത്തിപ്പൊരിച്ച മഹാൻ ആണ് ജസ്റ്റിസ് പരിപൂർണ്ണൻ. പൂജാവിധികളുടെ ബാലപാഠം പോലും പഠിക്കാത്ത, ഗണപതിയുടെ ജന്മ നക്ഷത്രം (അത്തം) ഏതെന്നറിയാത്തയാളാണ് ശബരിമല തന്ത്രിയെന്ന് ഹിന്ദുക്കൾക്ക് മനസിലാക്കിക്കൊടുത്ത ജഡ്ജി ആണ് ജസ്റ്റിസ് പരിപൂർണ്ണൻ. അത് കൊണ്ട് ഈ വിഷയം മതത്തിൻറ്റെ ലേബലിൽ അല്ലാതെ ഒരു സാമൂഹ്യ പ്രശ്നമായ  അഴിമതി ആയിട്ടു കാണാനാണ് എലാവരും  ശ്രമിക്കേണ്ടത്.

പണ്ട് മത്സ്യ മാമ്സാദികൾ കഴിക്കുന്നവരാണെന്നു പറഞ്ഞു ബ്രട്ടീഷുകാരോടു കേരളത്തിലെ നമ്പൂതിരി കൂട്ട് കൂടാതിരുന്നതും, ഇങ്ങ്ലീഷ് പഠിക്കാതിരുന്നതും കൊണ്ട് അവർക്ക് കുറച്ചിലല്ലാതെ നേട്ടം വല്ലതും കിട്ടിയോ? നമ്പൂതിരിമാരിലെ പുതിയ തലമുറ നന്നായി ഇങ്ങ്ലീഷ് കൈകാര്യം ചെയ്യുന്നുണ്ടല്ലോ. അപ്പോൾ അവർ നേട്ടങ്ങൾ കൊയ്യുന്നൂ എന്നല്ലേ അർഥം?

ഭക്ഷണ കാര്യത്തിലെയും, വസ്ത്രധാരണത്തിലെയും ഇന്ത്യയിലെ വൈവിധ്യം മനസ്സിലാക്കിയിട്ടുള്ള ആരും ഒരു പ്രത്യേക രീതിയിലുള്ള ഭക്ഷണമോ, വസ്ത്രമോ ഇന്ത്യയിൽ പൊതുവായുള്ളതാണെന്നു പറയില്ല. ദളിത് പണ്ഡിതനായ കാന്ജാ ഇലയ്യ പറയുന്നത് അവരുടെ ദൈവമായ പോച്ചമ കള്ള് കുടിക്കും; പോത്തിറച്ചി കഴിക്കും. അത് കൊണ്ട് അതൊക്കെ അംഗീകരിക്കാൻ തയാറുള്ള ആർക്കും അവരുടെ മതത്തിലേക്ക് സ്വാഗതം എന്നാണ്. കേരളത്തിൽ പാലക്കാടു മുത്തപ്പനും കള്ളും കുടിക്കും, പോത്തിറച്ചിയും കഴിക്കും എന്ന് എല്ലാവർക്കും അറിവുള്ളതാണ്. ഗോവധ നിരോധനവും, ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാനും പറഞ്ഞുകൊണ്ടിരിക്കുന്നവർക്ക്‌ പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തു കഴിക്കുന്നവരും ഉള്ള വടക്ക് കിഴക്കൻ ഗോത്ര വർഗ വിഭാഗങ്ങളിലെ ആളുകളുടെ   അടുത്തേക്ക് ചെല്ലാൻ പറ്റുമോ?

എല്ലാ അർത്ഥത്തിലും ഇന്ത്യയിലേത് ഒരു Multi Ethnic സമൂഹമാണ്. ഇന്ത്യയിൽ എത്രയോ തവണ മധ്യേഷ്യയിൽ നിന്നും, മറ്റു പലയിടങ്ങളിൽ നിന്നും കുടിയേറ്റം ഉണ്ടായിട്ടുണ്ട്. യഥാർത്ഥത്തിൽ മതത്തിനതീതമായി ഇന്ത്യൻ ഉപഭൂഘണ്ടത്തിൽ (ഹിന്ദുസ്ഥാൻ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ‘ഹിന്ദു’ പ്രധിനിദാനം ചെയ്യുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ യൂറോപ്യൻ കച്ചവടക്കാരും മറ്റ് കോളനി നിവാസികളും ഭാരതീയ മതങ്ങൾ പിന്തുടരുന്നവരെയെല്ലാം ‘ഹിന്ദു’ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങി. പതിയെ ഇത് ഇന്ത്യയിൽ ജനിച്ചിട്ടുള്ള എല്ലാവരേയും ഹിന്ദുവായി കരുതി. അങ്ങനെയാണീ ഇന്നത്തെ ഹിന്ദു ജനിച്ചത്. ഈ ഹിന്ദുവിൽ തന്നെ താന്ത്രിക സമ്പ്രദായവും, മറ്റു പല സമ്പ്രദായങ്ങളിലും ഉള്ളവർ ഉണ്ട്. അതി സൂക്ഷ്മവും, ബൃഹത്തുമായ ചരിത്രപഠനങ്ങളിലൂടെ മാത്രമെ അവയൊക്കെ എങ്ങെനെയൊക്കെയാണ് ചരിത്രത്തിൽ സ്വാംശീകരിക്കപ്പെട്ടത് എന്നത് കണ്ടെത്തുവാൻ സാധിക്കുകയുള്ളു. അത് കൊണ്ടു തന്നെ ഒരേ രീതിയിലോ, ഒരു സമ്പ്രദായം പിന്തുടരുന്നവരോ ആയി ഇന്ത്യാക്കാരെയോ, ഹിന്ദുക്കളെയോ കാണേണ്ട ഒരു ആവശ്യവുമില്ല. മതത്തിനതീതമായി ഇന്ത്യൻ ഉപഭൂഘണ്ടത്തിൽ (ഹിന്ദുസ്ഥാൻ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ‘ഹിന്ദു’ പ്രധിനിദാനം ചെയ്യുന്നു. ഹിന്ദു എന്ന് പറയുമ്പോൾ അതിലെ വ്യത്യസ്തത പലരും മനസ്സിലാക്കുന്നില്ല. മത്സ്യ മാമ്സാദികളെ  ഒഴിവാകുന്ന കേരളത്തിലെ നമ്പൂതിരിയും, വലിയ മീൻ പട്ടിൽ പൊതിഞ്ഞു വിവാഹ വാഗ്ദാനം കൊടുക്കുന്ന ബംഗാളി ബ്രാഹ്മണനും തമ്മിൽ എന്താണ് ഐക്യം? വൈവിധ്യമാണ് ഇന്ത്യയുടെ അടിസ്ഥാനം. അത് മനസ്സിലാക്കാൻ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ഒന്ന് യാത്ര ചെയ്താൽ മാത്രം മതി. ഈ രാജ്യം ഒരു   പ്രത്യേക ജാതിയുടെയോ, മതതിൻറ്റെയോ കുത്തക അല്ല.

പതിനെട്ടാം നൂറ്റാണ്ടിൻറ്റെ  അന്ത്യത്തോടെ യൂറോപ്യൻ കച്ചവടക്കാരും മറ്റ് കോളനി നിവാസികളും ഭാരതീയ മതങ്ങൾ പിന്തുടരുന്നവരെയെല്ലാം ‘ഹിന്ദു’ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങി. പതിയെ ഇത് ഇന്ത്യയിൽ ജനിച്ചിട്ടുള്ള എല്ലാവരേയും ഹിന്ദുവായി കരുതി. അങ്ങനെയാണീ ഇന്നത്തെ ഹിന്ദു ജനിച്ചത്.  പണ്ട് സനാതന ധർമം എന്നാണ് ഇന്നത്തെ ഹിന്ദു മതം അറിയപ്പെട്ടിരുന്നത് തന്നെ. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ധർമം പാലിക്കുന്നതിൽ ആയിരുന്നു മുൻഗണന എന്നത്. ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങൾക്കാണ് മുൻഗണന കൊടുത്തിരുന്നത്. പിന്നീട് ആ ധർമം വർണാശ്രമ ധർമം ആയി മാറി. ജാതി വ്യവസ്ഥ ഇന്ത്യയിൽ അങ്ങേയറ്റം രൂക്ഷതയോടെ നില കൊണ്ടു.

മതം എന്ന് പറയുമ്പോൾ തന്നെ ഓരോ മതത്തിലേയും ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങളാവുമ്പോൾ തന്നെ  പിന്നെ എന്തിനാണീ ഭൂരിപക്ഷവും, ന്യൂനപക്ഷവും? അതിൻറ്റെ പേരില് എന്തിനാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്? Apprenticed to a Himalayan Master – Autobiography of a Yogi’ എഴുതിയ ശ്രി എം. കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ വർഗീയതക്കെതിരെ ‘Walk of Hope’ അല്ലെങ്കിൽ 'പ്രത്യാശയുടെ പദയാത്ര' നടത്തി. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' എഴുതിയ ശ്രി എം. ഈയിടെ ഒരു ഇൻറ്റെർവ്യൂവിൽ ഇന്ത്യയുടെ വൈവിധ്യത്തെ ഓർമിപ്പിച്ചു. ഹിന്ദു എന്നത് അനേകം സമ്പ്രദായങ്ങൾ ഒത്തു ചേരുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 40 വർഷത്തിലേറെ  ഇന്ത്യയിൽ സഞ്ചരിച്ച ആദ്യ അമേരിക്കകാരനായ നാഗ സന്യാസി ബാബാ റാംപുരിയും (വില്യം എ. ഗാൻസ്) ചൂണ്ടി കാട്ടുന്നതും ഈ വൈവിധ്യമാണ്. ആദ്യ അമേരിക്കൻ നാഗ സന്യാസിയായ ബാബാ റാംപൂരിയുടെ ആത്മ കഥ - 'Autobiography of a Sadhu: An Agrez Among Naga Babas’ ഇതു കൃത്യമായി വെളിവാക്കുന്നുണ്ട്.

ഇന്ന് ഗുജറാത്തിലും, മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സ്ത്രീ പുരുഷ അനുപാതം വളരെ മോശമാണ്. പെൺ ഭ്രൂണഹത്യ വ്യാപകമായി നടക്കുന്നു. വിവാഹ പ്രായമായ ആണുങ്ങൾക്ക് ഗുജറാത്തിൽ പെണ്ണു പോലും കിട്ടുന്നില്ല. പട്ടേൽ സമുദായത്തിൽ പെട്ടവർ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ ഗുജറാത്തിൽ ഇറക്കുമതി ചെയ്യുകയാണ്. ഈയിടെ 42 ഒറിയ പെൺകുട്ടികൾക്ക് വേണ്ടി ക്യൂ നിന്നത് 5000 പേരാണ്. മധ്യ പ്രദേശ്, രാജസ്ഥാൻ, ഹരിയാന - ഈ സംസ്ഥാനങ്ങളിലൊക്കെ സ്ഥിതി വിഭിന്നമല്ല.
ജ്ഹാർക്ഖണ്ടിൽ ഇന്നും 50% ആളുകൾ നിരക്ഷരാണ്. ഈ അടുത്ത കാലത്താണ് ചട്ടിസ്ഗർഹിൽ അനേകം സ്ത്രീകൾ ശസ്ത്രക്രിയക്കിടെ മരിച്ചത്. പശ്ചിമ ബെന്ഗാളിലെ ജൈപാൽ ഗുടിയിൽ ഈ അടുത്ത കാലത്ത് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തു. ഒറിസ്സയിലെ കാലഹണ്ടി, ഫുല്ബാനി - എന്നീ സ്ഥലങ്ങളിൽ നിന്നും പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇതൊക്കെ മാറ്റുന്നതിന് പകരം ആഹാരത്തിൻറ്റെയും, വസ്ത്രത്തിൻറ്റെയും പേരിൽ കലഹിക്കണമോ? സ്ത്രീകളുടെ നേർക്കുള്ള കടന്നു കയറ്റം മത മേലധ്യക്ഷന്മാർ നടത്തണമോ? സ്ത്രീകൾ അവർക്ക് ഇഷ്ടമുള്ള വേഷങ്ങൾ ധരിക്കട്ടെ. സ്ത്രീകൾ ഇത്ര പ്രസവിക്കണമെന്നും മറ്റുമുള്ള അഭിപ്രായങ്ങൾ തീർത്തും അനുചിതമാണ്.

ഇതൊക്കെ പറയുമ്പോൾ സംസ്കാരത്തിൻറ്റെയും, സദാചാരത്തിൻറ്റെയും പേര് പറഞ്ഞു ചിലർ വരും. അമേരിക്കയിലൊക്കെയുള്ള ലൈംഗിക സ്വാതന്ത്ര്യവും, വസ്ത്രധാരണത്തിൽ ഉള്ള സ്വാതന്ത്ര്യവും, ഭക്ഷണ കാര്യത്തിൽ ഉള്ള സ്വാതന്ത്ര്യവും ഇവിടെ വേണോ എന്നാണു ചിലരുടെ ചോദ്യം. അമേരിക്കക്കാർ നോബൽ സമ്മാനങ്ങൾ നേടുന്നതും, ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടുന്നതും സദാചാര വാദികൾ കാണില്ല. വിശ്വ പ്രസിദ്ധമായ സർവ്വകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾ - ഇതൊക്കെ അമേരിക്കയിൽ ആണ് ഉള്ളതെന്ന് ചിലർ മറന്നു പോകുന്നു. മൈക്രോസോഫ്റ്റ്, ഗൂഗിൾ, യാഹൂ, - ഇങ്ങനെയുള്ള വലിയ കമ്പനികളുടെ കേന്ദ്രം അമേരിക്കയിലല്ലേ? ഹാർവാർഡ്, യെയിൽ, കൊളംബിയ - ഇവയൊക്കെ അമേരിക്കയിലല്ലേ? ഇതൊന്നും കാണാതെ അവരുടെ ലൈംഗികതയെ മാത്രം വിമർശിക്കുന്നത് യുക്തിക്കു നിരക്കുന്നതാണോ?

2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച

സ്ത്രീ ലൈംഗികതയും മത ഭ്രാന്തും

സ്ത്രീ ലൈംഗികതയും മത ഭ്രാന്തും

ഇപ്പോൾ നടി ഭാവനയെ തട്ടി കൊണ്ട് പോകൽ മലയാള മാധ്യമങ്ങൾക്കു മാത്രമല്ല; ദേശീയ മാധ്യമങ്ങൾക്കു വരെ ഒരു പ്രധാനപ്പെട്ട ചർച്ചാ വിഷയമായി മാറി കഴിഞ്ഞു.  സ്ത്രീ ലൈംഗികതയെ സംബന്ധിച്ച എന്തും ലൈംഗിക ദാരിദ്ര്യമുള്ള നമ്മുടെ സമൂഹത്തിൽ കൊഴുപ്പിക്കുന്ന പതിവാണ് മാധ്യങ്ങൾക്കുള്ളത്. ലൈംഗിക വിഷയങ്ങങ്ങൾക്കാണെങ്കിൽ നല്ല മാർക്കെറ്റാണ്. കുറെ ചാനലുകാരും, ഞരമ്പ് രോഗികളും ഉള്ളപ്പോൾ ലൈന്ഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളിക്കും, പൊതുവിൽ ഇൻഡ്യാക്കാർക്കും ചൂടൻ വാർത്തകൾ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഇത്തരം ഞരമ്പ് രോഗികൾക്ക് കൂട്ടിന് ടി. വി. ചർച്ചയും, മറ്റു മാധ്യമങ്ങളും, സോഷ്യൽ മീഡിയയും, ഓൺ ലൈൻ പത്രങ്ങളും.

സ്ത്രീ ലൈംഗികത യാഥാസ്തികവും മതപരവും ആയിട്ടുള്ള സമൂഹങ്ങളിൽ അഭിമാന ബോധത്തിൻറ്റെ പ്രശ്നം കൂടിയാണ്. പരമ ദരിദ്രനാണെങ്കിൽ കൂടി തങ്ങളുടെ കുടുംബങ്ങളിലും, ജാതിയിലും, മതത്തിലും താനുൾപ്പെട്ട സമൂഹങ്ങളിലും ഉള്ള സ്ത്രീകളെ സംരക്ഷിക്കണം എന്ന പ്രബലമായ ചിന്താഗതി വേരുറയ്ക്കപ്പെട്ടിരിയ്ക്കുന്നു. സ്ത്രീ ഇത്തരക്കാരുടെ സ്വകാര്യ സ്വത്താണ്. അത് കൊണ്ട് തന്നെ സ്ത്രീകളെ ഒന്നു നോക്കിപോയാലോ, അവരോട് ഒന്നു സംസരിച്ചുപോയാലോ മതി നമ്മുടെ രാജ്യത്തിൻറ്റെ പല സ്ഥലത്തും അക്രമവും, കലാപവും ഉണ്ടാകാൻ.  ഇത് നമ്മുടെ രാജ്യത്തിൻറ്റെ മാത്രം പ്രശ്നമല്ല. യാഥാസ്തികവും മതപരവും ആയിട്ടുള്ള ലോകത്തിലുള്ള മിക്ക സമൂഹങ്ങളിലെയും പ്രശ്നമാണ്. സ്ത്രീകൾക്കെതിരെ ഉള്ള അക്രമം മറ്റേതൊരു കുറ്റ കൃത്യത്തെ പോലെ നോക്കി കാണാൻ അത് കൊണ്ട് തന്നെ യാഥാസ്തിക സമൂഹങ്ങളിൽ സാധിക്കാറുമില്ല.

ഈ സ്ത്രീ ലൈംഗികത പല യാഥാസ്തിക സമൂഹങ്ങളിലും മതവുമായി കൂടി ചേർന്നാണിരിയ്ക്കുന്നത്. മത മേലധ്യക്ഷന്മാർ അത് കൊണ്ട് തന്നെ സ്ത്രീകളുടെ വസ്ത്ര ധാരണത്തിലും, സംസാരത്തിലും, പഠനത്തിലും വിവാഹത്തിലും സ്ത്രീ ഉൾപ്പെട്ട കുടുംബ വ്യവസ്ഥിതിയിലും ഒക്കെ കൈ കടത്തുന്നു. പെൺകുട്ടികളെ അടക്കത്തിലും, ഒതുക്കത്തിലും വളർത്തുന്നതാണ് നമ്മുടെ രീതി എങ്കിൽ പർദ്ദയും, ശിരോവസ്ത്രവും ഒക്കെയാണ് വേറെ ചിലരുടെ രീതി. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയിൽ യൂറോപ്പ്യന്മാർ വരുന്നതിനു മുൻപ് സ്ത്രീകൾ മാറ് മറച്ചിരുന്നില്ല. ഗൂഗിളിൽ പഴയ ബ്ളാക് ആൻഡ് വൈറ്റ് ഫോട്ടോകൾ ഇഷ്ടം പോലെയുണ്ട് - മുസ്ലീം സ്ത്രീകൾ കൂളായി യൂറോപ്പ്യന്മാരുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ആ ഫോട്ടോകൾ ഗൂഗിളിൽ തപ്പിയാൽ കാണാം. പക്ഷെ ഇന്നിപ്പോൾ ആ ഇന്തോനേഷ്യയിൽ മതത്തിൻറ്റെ പേരിൽ പർദ്ദ അടിച്ചേൽപ്പിയ്ക്കുകയാണ്. സദാചാര പോലീസുകാർ ഭരണത്തിൽ സ്വാധീനം ചെലുത്തുകയും സദാചാര കുറ്റ കൃത്യങ്ങൾക്ക് സ്ത്രീകളെ പരസ്യമായി ചൂരലിന് അടിയ്ക്കുകയും ചെയ്യുന്നു. ഈയിടെ അങ്ങനെ അടി കൊള്ളുന്ന ഒരു സ്ത്രീ ബോധം കെടുകയും ആ സ്ത്രീയെ താങ്ങിയെടുത്ത് കൊണ്ട് പോകുകയും ചെയ്യുന്ന വീഡിയോ ലോകം മുഴുവൻ കണ്ടതാണ്.

മധ്യ പ്രദേശിലെ ഖജുരാഹോയിൽ മൃഗ രതിയും, സമൂഹ രതിയും, സ്വവർഗ രതിയും ഒക്കെ പരസ്യമായി കൊത്തി വെച്ചിട്ടുണ്ട്. ഖജുരാഹോയിൽ മാത്രമല്ല, മധ്യ പ്രദേശിലെ മറ്റു ക്ഷേത്രങ്ങളിലും, കൊണാർക്കിലും, ചോള ശിൽപങ്ങളിലും രതി കൽപനകൾ ധാരാളം ഉണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിമാലയൻ യാത്ര വിവരങ്ങൾ എഴുതിയ എം. കെ രാമചന്ദ്രൻ തൻറ്റെ 'ദേവഭൂമിയിലൂടെ' എന്ന പുസ്തകത്തിൽ മാണി മഹേഷ് കൈലാസത്തിണ്റ്റെ അടുത്ത് ഇന്ന് - ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ - 'പാഞ്ചാലി സമ്പ്രദായം' അഥവാ ബഹു ഭർതൃത്ത്വം ആചരിക്കുന്ന ഒരു സമുദായത്തെ കുറിച്ച് പറയുന്നുണ്ട്. ബഹു ഭർതൃത്ത്വം ഇന്ത്യയിൽ ഒരു കാലത്ത് ഉണ്ടായിരുന്നതിൻറ്റെ തെളിവാണ് ഇന്നും ഉള്ള ആ 'പാഞ്ചാലി സമ്പ്രദായം'. ഗന്ധർവ വിവാഹങ്ങളും, പ്രേമവും ഈ ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ ചരിത്രത്തിൽ ഉണ്ടായിരുന്നു. ഇന്നും ആസാമിലെ കാമാഖ്യ ക്ഷേത്രത്തിൽ ദേവിയുടെ 'മെൻസസ്' വലിയ ഉത്സവമാണ്. ഇന്ത്യയിലെ 52 ശക്തി പീഠങ്ങളിൽ ഒന്നാണ് ആസാമിലെ കാമാഖ്യ ക്ഷേത്രം. കേരളത്തിൽ തന്നെ, ദേവിയുടെ രക്തം എന്ന രീതിയിൽ ആർതവ രക്തം പുരണ്ട തുണിയെ വന്ദിക്കുന്നതിനെ കുറിച്ച് 'സാഹിത്യ വാരഫലം' എഴുതിയിരുന്ന എം. കൃഷ്ണൻ നായർ വിവരിക്കുന്നുണ്ട്. ഇതൊക്കെ കാണിക്കുന്നത് ലൈംഗികതയെയും, ശരീര പ്രദർശനത്തെയും കുറിച്ച് 'പാപബോധം' പൗരാണികർക്ക് ഇല്ലായിരുന്നു എന്നതാണ്. 'ക്രിസ്ത്യൻ മൊറാലിറ്റി' - യുടെ ഭാഗമായി വികസിച്ചു വന്ന  'പാപബോധം' ആണ് ലൈംഗികതയേയും, സ്ത്രീയെയും പല രീതിയിൽ അടിച്ചമർത്തിയത്. പുരോഹിത വർഗം വളർന്നപ്പോൾ അവർ സ്ത്രീയെ പല രീതിയിലും തളച്ചിട്ടു. ഇന്ത്യയിൽ ബ്രാഹ്മണരുടെ നെത്ര്വത്ത്വത്തിലുള്ള ആ പുരോഹിത വർഗം ആണ് ശരിക്കും പാപബോധം ഉണ്ടാക്കിയതും സ്ത്രീയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതും. ബ്രാഹ്മണർ രാജാക്കന്മാരെ കയ്യിലെടുത്തു. ജാതി വ്യവസ്ഥ അടിച്ചേൽപ്പിച്ചു. ഉപനിഷത്തുകൾ,സ്മൃതികൾ, ഇതിഹാസങ്ങൾ - ഇവയിലെല്ലാം ജാതിവ്യവസ്ഥയെ സാധൂകരിച്ചിരിക്കുന്നവ പലതും ബ്രാഹ്മണർ കൂട്ടി ചേർത്തു. ഇന്ത്യയുടെ പൗരാണിക സാഹിത്ത്യത്തിൽ ജാതിവ്യവസ്ഥയെ സാധൂകരിച്ചിരിക്കുന്നവ കൂട്ടി ചേർത്തും, സ്ത്രീ വിരുദ്ധത അടിച്ചേൽപ്പിച്ചും ബ്രാഹ്മണർ നടത്തിയ ഈ കയ്യേറ്റം ആണ് സെക്സിനെ സംബന്ധിച്ച് പാപ ബോധം വളരാൻ കാരണം.

ലളിതാംബിക അന്തർജനംതിൻറ്റെയും ദേവകി നിലയങ്ങോടിൻറ്റെയും കൃതികൾ വെളിവാക്കുന്നത് സ്ത്രീകൾക്ക് നേരെയുള്ള പല രീതിയിലുള്ള ക്രൂരതകളാണ്. . നമ്പൂതിരി വിധവകൾ വെറും നിലത്തു കിടക്കണമായിരിന്നു. അവർക്ക് എണ്ണ തേക്കാൻ പറ്റില്ലായിരുന്നു. സ്വർണം, വെള്ളി - ഈ ആഭരണങ്ങൾ ഒന്നും അണിയാൻ അവകാശമില്ലായിരുന്നു. ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. ഇന്നും വൃന്ദാവൻ, വാരണാസി തുടങ്ങിയ സ്ഥലങ്ങളിൽ ആയിരക്കണക്കിന് വിധവകൾ നരകയാതന അനുഭവിച്ചു കഴിയുന്നുണ്ട്. ഇന്നാകട്ടെ ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണല്ലോ കേരളത്തിലെ ഇപ്പോഴുള്ള അവസ്ഥ. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നതാണ് റിപ്പോർട്ടുകൾ. പണ്ട് സ്മാർതൻ താത്രിയെ 'സാധനം' എന്നാണല്ലോ  താത്രി കുട്ടിയുടെ സ്മാർത്ത വിചാരണാ വേളയിൽ വിശേഷിപ്പിച്ചത്. 'അകത്തത്' , 'അത്' , 'ഇത്' - എന്നൊക്കെയാണല്ലോ 21 -ആം നൂറ്റാണ്ടിലും ചില നമ്പൂതിരിമാർ സ്ത്രീകളെ പരാമർശിച്ച് എഴുതിയുട്ടുള്ളത്.  നമ്പൂതിരിമാർക്ക് നല്ല ഒരു അടി അവരുടെ സ്ത്രീകളിൽ നിന്ന് തന്നെ കിട്ടി കൊണ്ടിരിക്കയാണ് എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്. വിദ്യാഭ്യാസവും, തൊഴിലും, വരുമാനവും വന്നതോട് കൂടി അങ്ങനെ പണ്ട് അടിച്ചമർത്തപ്പെട്ട സ്ത്രീകൾ തങ്ങളുടെ അവകാശം സ്ഥാപിക്കുന്നു.

ഗൂഗിളിൽ തപ്പിയാൽ പണ്ട് നായർ യുവതികൾ മാറ് മറക്കാതെ താലപ്പൊലിയും പിടിച്ചു നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ ഇഷ്ടം പോലെ കാണാം. മലയാള സാഹിത്യത്തിലെ കാരണവരായ തകഴി ശിവ ശങ്കര പിള്ള 'കയറിൽ' സ്ത്രീകൾ ഒറ്റ മുണ്ട് ധരിക്കുന്നതും, കരക്ക് നാധന്മാർ വരുമ്പോൾ നായർ സ്ത്രീകൾ മേൽമുണ്ട് മാറ്റുന്നതിനെ കുറിച്ചും പറയുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറും 'ഒരു ഭഗവദ് ഗീതയും കുറെ മുലകളും' എന്ന നോവലിൽ ഒരു നമ്പൂതിരി ഇല്ലത്തു പോയതും അവിടെ മാറ് മറയ്ക്കാത്ത സ്ത്രീകളെ കണ്ടതിനെ കുറിച്ചും പറയുന്നുണ്ട്. ഇങ്ങനെ ഒരു ചരിത്രവും, പാരമ്പര്യവും ആണ് നമുക്ക് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ശരീരം പ്രദർശിപ്പിക്കപ്പെടുന്നതിൽ പണ്ട് പല സമുദായക്കാർക്കും പാപബോധത്തിൻറ്റെ അംശം വരില്ലായിരുന്നു. അതായിരുന്നു പണ്ടിവിടെ നില നിന്ന രീതി. അങ്ങനെയുള്ള ശരീര പ്രദർശനം അത് കൊണ്ട് തന്നെ ക്ഷേത്ര കലകളിലും ധാരാളമായി ഉണ്ട്.

ഇന്ത്യയിൽ എന്നല്ല; ലോകത്ത് തന്നെ പുരോഹിത വർഗം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് എല്ലാ മതങ്ങളിലും സ്ത്രീകൾക്ക് തുല്യ നീതി നിഷേധിക്കപ്പെടാൻ തുടങ്ങിയത്. പുരാതന ഗ്രീസിലും, വേദ കാലത്തും സ്ത്രീ പുരോഹിതകൾ ഉണ്ടായിരുന്നു. ഇന്ത്യയിലാണെങ്കിൽ അർത്ഥ നാരീശ്വര സങ്കൽപം ആണ് പണ്ട് മുതലേ ഉള്ള ശിവ സങ്കൽപം. ലോപ മുദ്ര, മീര, ഗാർഗി, മൈത്രേയി - ഇങ്ങനെ ഒള്ള എത്രയോ സ്ത്രീകൾ പുരാതന ഭാരതത്തിൽ ഉന്നതമായ ദൈവിക അനുഭവം ഉള്ളതായി പറയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യ കണ്ട ഏറ്റവും വലിയ ദൈവാനുഭവം സിദ്ധിച്ച ഒരാളായിരുന്നു ബെന്ഗാളിൽ നിന്നുള്ള ശ്രീ ആനന്ദമയി. മാതൃ ദേവതാ സങ്കൽപ്പങ്ങൾ ഇവിടെ ഇഷ്ടം പോലെ ഉണ്ട്.

സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുകയും, സ്ത്രീയെ പല രീതിയിലും തളച്ചിടുകയും ചെയ്തപ്പോൾ തന്നെ പുരോഹിത വർഗം തങ്ങളുടെ അഭിലാഷങ്ങൾ സാധിക്കുവാൻ വേണ്ടി പാരമ്പര്യ സമൂഹങ്ങളിൽ പല അടവുകളും പയറ്റി. 20-30 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺകുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര - എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. പ്രത്യേക സ്ക്വാഡിനെ ഇറക്കിയാണ് മഹാരാഷ്ട്രയിൽ പോലീസ് ദേവദാസി സമ്പ്രദായം അമർച്ച ചെയ്തത്. ഈ പ്രത്യേക സ്ക്വാഡിനോട് പൊരുതാൻ ഗുണ്ടാ സംഘങ്ങളും, തൽപര കക്ഷികളും എത്തി. ഇതൊക്കെ ഈയടുത്ത് നടന്ന സംഭവങ്ങളാണ്. ഇപ്പോഴും ദേവദാസി സമ്പ്രദായത്തിലേക്ക് രഹസ്യമായി പാവപ്പെട്ട പെൺകുട്ടികളെ ചേർക്കുന്നുണ്ട്. 'ദാസി' സമ്പ്രദായം ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ ഭൂവുടമകളുടെ ഇടയിൽ വ്യാപകമായി ഉണ്ടായിരുന്നു. നടി അർച്ചനയ്ക്ക് ദേശീയ വാർഡ് കിട്ടിയത് തന്നെ 'ദാസി' സിനിമയിൽ അഭിനയിച്ചതിനാണ്. 'ദാസി' - കളായ പെൺകുട്ടികളെ ബലാത്സംഘം ചെയ്യുന്നതും, അന്യർക്ക് കാഴ്ച വെയ്ക്കുന്നതും കുറെ വർഷങ്ങൾക്കു മുമ്പ് വരെ ഉണ്ടായിരുന്നു.

യൂറോപ്പിലും, അമേരിക്കയിലും ആധുനിക വൽക്കരണത്തിൻറ്റെ ഭാഗമായി സ്ത്രീ വിദ്യാഭ്യാസത്തിനും, തൊഴിലിനും വളരെ പ്രാധാന്യം നൽകി. ഇരുപതാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ സ്ത്രീകളുടെ അവകാശത്തിനു വേണ്ടി വാദിച്ചു. നോബൽ സമ്മാന ജേതാവായ മേരി ക്യൂരിക്കൊക്കെ വിദ്യാഭ്യാസത്തിൻറ്റെയും, തൊഴിലിൻറ്റെയും കാര്യത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ പോലും അനുഭവിക്കേണ്ടി വന്നത് കടുത്ത വിവേചനമായിരുന്നു. നേരത്തെ പ്രോട്ടെസ്റ്റൻറ്റുകളും, കാത്തലിക് വിഭാഗക്കാരും കലഹിച്ചു കൊണ്ടിരുന്ന നാടാണ് യൂറോപ്പ്. മധ്യ കാലത്ത് യൂറോപ്പിൽ പ്ളേഗ് പടർന്നു പിടിച്ചപ്പോൾ വത്തിക്കാൻറ്റെ നെത്ര്വത്ത്വത്തിൽ വേശ്യകളേയും, സ്വവർഗ രതിക്കാരേയും, വെപ്പാട്ടികളേയുമൊക്കെ കുറ്റ വിചാരണ ചെയ്തു ശിക്ഷിച്ചു; പലരെയും തൂക്കിലേറ്റി. പെരുമാൾ മുരുഗൻറ്റെ 'അർദ്ധ നാരീശ്വരൻ' എന്ന നോവലിൽ ലൈംഗികതയെ കുറിച്ച് പ്രദിപാദിക്കുന്നതു പോലെ പല ചരിത്ര സംഭവങ്ങളും പുരാതന ഗ്രീക്ക് ദേവാലയങ്ങളിലും നടന്നിട്ടുണ്ട്. യൂറോപ്പിലും, ഗ്രീസിലും ആ ചരിത്ര സംഭവങ്ങളെ  കുറിച്ച് തുറന്ന ചർച്ച നടക്കുന്നു. അനേകം പുസ്തകങ്ങൾ എഴുതുന്നു. 'Dangerous  Beauty ' പോലുള്ള പ്രസിദ്ധമായ ഹോളിവുഡ് ചിത്രങ്ങൾ വരുന്നു. ആർക്കും ഒരു കുഴപ്പവുമില്ല. അതിനു കാരണം ഇന്ന് യൂറോപ്പിലും, അമേരിക്കയിലും ഉള്ളത് 'പോസ്റ്റ് ക്രിസ്ത്യൻ' സമൂഹങ്ങളാണ് എന്നത് തന്നെ. വ്യക്തി സ്വാതന്ത്ര്യത്തിനും, സ്ത്രീ സ്വാതന്ത്ര്യത്തിനും പ്രാമുഖ്യം കൊടുക്കുന്നവരാണ് അവർ. മതം അല്ല അവിടെ ഭരണ കൂടത്തിൻറ്റെ നയങ്ങൾ തീരുമാനിക്കുന്നത്. വികസിത രാജ്യങ്ങളിൽ മതവും, മത പരമായ ആചാരങ്ങളും ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യതയുടെ ഭാഗമാണ്.

പക്ഷെ ഇന്ത്യയിൽ ചരിത്ര വസ്തുതകൾ പരാമർശിക്കുമ്പോൾ  വലിയ കോലാഹലമാണ്.  എം. ടി. - യും, തകഴിയും, ബഷീറും, പൊറ്റക്കാടുമേല്ലാം വലിയ സാമൂഹ്യ വിമർശനങ്ങൾ നടത്തിയവരാണ്.  എം. ടി. - യുടെ പെരുന്തച്ചനും, നിർമാല്യവും, പരിണയുവുമെല്ലാം   കടുത്ത സാമൂഹ്യ വിമർശനങ്ങൾ നടത്തുന്നുണ്ട്. നാലുകെട്ടിൻറ്റെ കഥാകാരന് അത് കൊണ്ട് തന്നെ ഇനി വീണ്ടും ഹിന്ദുവാണെന്ന് തെളിയിക്കേണ്ട ഒരു കാര്യവുമില്ല. സെക്സും, കാമവും വ്യാപകമായി  ഇവിടെയും  ഉണ്ടായിരുന്നു.   ഇവിടെ  അതൊന്നും ഇല്ലായിരുന്നു  എന്ന് വാദിക്കുന്നത് ശുദ്ധ വിവരക്കേടാണ്. സദാചാരത്തിൻറ്റെ വക്താക്കൾ ജ്ഞാനപീഠം കിട്ടിയ തഴിയുടെ 'കയറും', പൊറ്റക്കാടിൻറ്റെ 'ഒരു ദേശത്തിൻറ്റെ കഥയും' വായിക്കണം. മലയാളിയുടെ ലൈംഗിക ജീവിതത്തിൻറ്റെ നേർ കാഴ്ച്ചയാണല്ലോ ഈ രണ്ടു നോവലുകളും.

ഇന്ന് ലോകത്തിലെ ലൈംഗിക വൈകൃതത്തിൻറ്റെ ഭീകര രൂപമാണ് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐസിസ്). മതവും, തീവ്രവാദവും ഐസിസ് - ൽ ഒന്നിയ്ക്കുന്നു. ഐസിസ് - ൽ ഒക്കെ ലൈംഗിക കുറ്റവാളികൾ ധാരാളം ഉണ്ട്. ലൈംഗിക അടിമകളെ ഐസിസ് സൃഷ്ടിക്കുന്നു. ഐസിസ് പോരാളികൾ സ്ത്രീകളെ ചങ്ങലയ്ക്കിട്ടു കൊണ്ട് പോകുന്ന വീഡിയോയും, ഫോട്ടോയും ഇൻറ്റെർനെറ്റിൽ ഇഷ്ടം പോലെ ഉണ്ട്. മതത്തേക്കാൾ ഉപരി ലൈംഗിക അടിമത്തം ആണ് തീവ്ര വാദ സംഘടനകളിലേയ്ക്ക് പലരെയും ആകർഷിയ്ക്കുന്നത് എന്നാണ് പല രാജ്യങ്ങളിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ  ലഭ്യമായ വിവരങ്ങൾ വെച്ചുള്ള കണക്കു കൂട്ടൽ. ഇരുനൂറിലധികം സ്ത്രീകളെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന് ഈയിടെ പിടിയിലായ  ഐസിസ് ഭീകരൻറ്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ഒക്ടോബറിൽ ഇറാഖിലെ കിർകുക്കിൽ നടത്തിയ ആക്രമണത്തിൽ പിടികൂടിയ അമർ ഹുസൈൻ എന്ന 21 കാരനായ ഭീകരൻറ്റെതാണ് ഈയിടെ വന്ന വെളിപ്പെടുത്തൽ. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടാണ് ഈയിടെ ഇയാൾ ഇക്കാര്യം പറഞ്ഞത്.

ഇസ്‌ലാമിക് സ്റ്റേറ്റിൻറ്റെ അത്ര വരില്ലെങ്കിലും സാന്മാർഗികതയുടെ കാര്യത്തിൽ ശ്രീ രാം സേന, ബജ്രങ്ങ് ദൾ, ഹനുമാൻ സേന, ആർ.എസ്. എസ്. - ഇവയൊക്കെ താലിബാൻറ്റെ ഇന്ത്യൻ പതിപ്പാണ്. ഇപ്പോൾ ഇന്ത്യയിൽ സംസ്കാരവും, ചരിത്രവും, സദാചാരവും ഇവർ നിശ്ചയിക്കുന്നതാണ്.  ശ്രീ രാം സേന മംഗലാപുരത്ത് പബ്ബിൽ പോകുന്ന പെണ്കുട്ടികളെ മർദിച്ചു കൊണ്ട് തുടക്കമിട്ടു. ബജ്രങ്ങ് ദൾ പ്രവർത്തകർ ആണെങ്കിൽ അനേകം അക്രമ സംഭവങ്ങളിൽ പ്രതികളാണ്. മംഗലാപുരത്ത് ഈയിടെ ഒരു ഹിന്ദു പെൺ കുട്ടിയുടെ കൂടെ കണ്ടതിന് ഒരു മുസ്ലീം യുവാവിനെ പട്ടിയെ പോലെ തല്ലി.  ആർ.എസ്. എസ്.  ആണെങ്കിൽ തമിഴ് നോവലിസ്റ്റ് പെരുമാൾ മുരുഗനെതിരെ പട പുറപ്പാട് നടത്തുകയാണ്. പെരുമാൾ മുരുഗനെ കൊന്നു കൊല വിളിച്ചാൽ ഇവർക്കൊക്കെ ചരിത്രം മൂടി വെയ്ക്കാൻ പറ്റുമോ?

ഈ സദാചാരവും, സന്മാർഗികതയും ഒക്കെ പറയുമെങ്കിലും നീല ചിത്രങ്ങളോടുള്ള അടിമത്തം യാഥാസ്തികവും മതപരവും ആയിട്ടുള്ള രാജ്യങ്ങളിൽ ധാരാളം ഉണ്ട്. ഗൂഗിൾ കണക്കനുസരിച്ച് പാക്കിസ്ഥാൻ നീല ചിത്രങ്ങൾ കാണുന്നതിൽ മുൻപന്തിയിൽ ഉള്ള രാജ്യമാണ്. ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവും തിരഞ്ഞിട്ടുള്ളത് നീല ചിത്ര നടിയായ സണ്ണി ലിയോണിനെയാണ്. മലയാളത്തിലാകട്ടെ ഏറ്റവും തിരഞ്ഞിട്ടുള്ളത് സരിത എസ്. നായരേയും. അപ്പോൾ തന്നെ ആളുകളുടെ കപട സദാചാരം വ്യക്തമല്ലേ? നളിനി ജമീല ഒരിക്കൽ പറഞ്ഞത് പല ആണുങ്ങളും അവരെ കാണാൻ കാശു മുടക്കി വരുന്നത് വെറുതെ ഒന്നു സംസാരിക്കാൻ വേണ്ടി മാത്രമാണെന്നാണ്. കേരളത്തിലും, ഇന്ത്യയിലും മിക്ക വീടുകളിലും ഭാര്യ - ഭർത്താക്കന്മാർ പരസ്പരം മനസ്സ് തുറന്നു സംസാരിക്കുന്നതു പോലുമില്ല. അത്രയ്ക്കുണ്ട് നമ്മുടെ യാതാസ്ഥികത്വം. സ്ത്രീകളെ ഒന്നു നോക്കിപോയാലോ, അവരോട് ഒന്നു  സംസരിച്ചുപോയാലോ മതി നമ്മുടെ രാജ്യത്തിൻറ്റെ പല സ്ഥലത്തും അക്രമവും, കലാപവും ഉണ്ടാകാൻ. ഇതിന് ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വക ഭേദങ്ങളൊന്നുമില്ല. അതെ സമയം തന്നെ ഇവിടെ വേശ്യാവൃത്തിക്കും, ബാലാൽസങ്ങതിനും ഒരു കുറവും ഇല്ല. ഒരു കണക്കു പറയുന്നത് ഇന്ത്യയിൽ  20 ദശ ലക്ഷം പേർ വേശ്യാവൃത്തിയിൽ ഏർപെടുന്നുണ്ടെന്നാണ്. 

പർദ്ദയും, സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെയുള്ള പട പുറപ്പാടും ഒക്കെ സ്ത്രീയെ സ്വകാര്യ സ്വത്തായി കാണുവാനുള്ള യാഥാസ്തികവും, മതപരവും ആയിട്ടുള്ള സമൂഹങ്ങളിലെ പുരുഷന്മാരുടെ ത്വരയാണ്. സ്ത്രീയ്ക്ക് വിദ്യാഭ്യാസവും, തൊഴിലും, വരുമാനവും ഒക്കെ ആയാൽ അവരെ ഭരിയ്ക്കുവാൻ സാധിയ്ക്കുകയില്ല. മുസ്‌ലിം സ്ത്രീകളുടെ വിവാഹ പ്രായം 18 -ൽ നിന്ന് 16 ആയി കുറയ്ക്കണമെന്ന് പറഞ്ഞപ്പോൾ പെൺകുട്ടികൾ തന്നെ പ്രതിഷേധിയ്ക്കുന്നത് നാം കണ്ടതല്ലേ? വൈക്കം മുഹമ്മദ് ബഷീറിൻറ്റെ 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു', ബാല്യ കാല സഖി, പാത്തുമ്മയുടെ ആട് - ഈ കൃതികൾ കാണിക്കുന്ന ഒരു ശരാശരി മുസ്ലീമിൻറ്റെ അവസ്ഥ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ അവസ്ഥ - വളരെ ദയനീയമാണ്. ഇന്നത്തെ മുസ്ലീങ്ങളുടെ അവസ്ഥ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ അവസ്ഥ അന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യാൻ പറ്റുമോ? കഴിഞ്ഞ 20 -30 വർഷം കൊണ്ട് മുസ്ലീങ്ങൾ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ മുന്നേറ്റം എല്ലാ അർത്ഥത്തിലും വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്. അത് കൊണ്ട് തന്നെയാണ് പെൺകുട്ടികളുടെ പ്രതിഷേധം ഉണ്ടായതും.

ക്രിസ്ത്യാനികൾ കേരളത്തിൽ രക്ഷപെട്ടത് കുടിയേറ്റത്തിലൂടെയും, സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെയുമായിരുന്നു. കുട്ടനാട്ടിലെ ആറു തലമുറകളുടെ കഥ പറഞ്ഞ തകഴിയുടെ 'കയറിൽ' തകഴി നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം ക്രിസ്ത്യാനികൾ രക്ഷപെട്ടത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെയായിരുന്നു എന്നതാണ്. ഇനി 'കയറൊന്നും' വായിക്കേണ്ട. മുപ്പതു നാൽപതു വർഷം മുമ്ബത്തെ കേരളത്തിൻറ്റെ അവസ്ഥ അറിയാവുന്ന ആർക്കും അറിയാം - കേരളത്തിലെ പല ക്രിസ്ത്യാനി കുടുംബങ്ങളും രക്ഷപെട്ടത് നേഴ്സുമാരുടെ പണം കൊണ്ടാണെന്നുള്ള കാര്യം. അതിനു വലിയ ഗവേഷണത്തിൻറ്റെ ഒന്നും ആവശ്യം ഇല്ല. മറ്റു സമുദായങ്ങൾ അവരുടെ യാതാസ്ഥികത്വം കാരണം അങ്ങനെ പെൺകുട്ടികളെ നേഴ്സുമാരാക്കാൻ വിട്ടില്ല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും, ജോലിയും ഒക്കെ നിഷേധിച്ചു. ഇപ്പോൾ ആ സമുദായങ്ങൾ തന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും , ജോലിക്കും ഒക്കെ മുൻഗണന കൊടുക്കുന്നു. നേഴ്സുമാരാക്കാനും വിടുന്നു.

വിദ്യാഭ്യാസവും, തൊഴിലും, വരുമാനവും ഒക്കെ കേരളത്തിലെയും, ഇന്ത്യയിലെയും പല സ്ത്രീകൾക്കും ലഭിച്ചെങ്കിലും വിവാഹത്തിലോ, ലൈംഗികതയുടെ കാര്യത്തിലോ ആ സ്വാതന്ത്ര്യമില്ല. യൂറോപ്പിലും, അമേരിക്കയിലും ഒക്കെ സംഭവിച്ചത് പോലെ ലൈംഗികതയുടെ കാര്യത്തിൽ ഒരു തുറന്നു പറച്ചിൽ നമുക്ക് വേണ്ടതാണ്. ആ തുറന്നു പറച്ചിൽ ഉണ്ടായിരുന്നെങ്കിൽ നടി ഭാവനയെ കേവലം ചിത്രങ്ങളെടുക്കാനും അത് കാട്ടി ബ്ളാക് മെയിൽ ചെയ്യുവാനും വേണ്ടി ആരും അക്രമം കാണിക്കുമായിരുന്നില്ല. ഫോട്ടോകൾ കാട്ടി ഭീഷണി പെടുത്തുന്നത് തന്നെ  സ്ത്രീയുടെ മാനം ആ ഫോട്ടോകളിൽ അല്ലെങ്കിൽ അങ്ങനെയുള്ള കാര്യങ്ങളിൽ അടങ്ങിയിട്ടേണ്ടെന്ന മൂഢ സങ്കൽപ്പങ്ങളാണ്. പണ്ട് നമ്മുടെ കുളി കടവുകളിൽ ക്രിസ്ത്യൻ, മുസ്ലീം, നായർ  - എന്നിങ്ങനെ എല്ലാ മത, സാമുദായിക വിഭാഗങ്ങളിലെയുംസ്ത്രീകൾ വളരെ ഉല്ലാസത്തോടെയാണ് നീരാടിയിരുന്നത്. "കിഴക്ക് പൂക്കും മുരിക്കിനെന്തൊരു ചുക ചുകപ്പാണെ പുതുക്ക പെണ്ണിന് കവിളിലെന്തൊരു തുട് തുടുപ്പാണെ" എഴുതിയ കവി റഫീഖ് അഹമ്മദ് പ്രസവ ശേഷം മുസ്ലീം സ്ത്രീകൾ കുളിക്കുന്നതും താൻ ചെറുപ്പത്തിൽ അവരുടെ പുറം തേച്ചു കൊടുത്തതിനെ കുറിച്ചും ഒക്കെ സരസമായി എഴുതിയിട്ടുണ്ട്. മലയാള സാഹിത്യത്തിലെ കാരണവരായ തകഴി ശിവ ശങ്കര പിള്ള 'കയറിൽ' സ്ത്രീകൾ ഒറ്റ മുണ്ട് ധരിക്കുന്നതും, കരക്ക് നാധന്മാർ വരുമ്പോൾ നായർ സ്ത്രീകൾ മേൽമുണ്ട് മാറ്റുന്നതിനെ കുറിച്ചും പറയുന്നുണ്ട്. കെ. പി. എസ്. മേനോൻ ആത്മകഥയിൽ പറയുന്നത് പണ്ട് അവരുടെ ജോലിക്കാരിയെ ബ്ലവ്സ് ധരിപ്പിച്ചത് വളരെ പാട്ടുപെട്ടിട്ടാണ് എന്നാണ്. കാരണം അന്ന് ബ്ലവ്സ് ധരിക്കുന്നത് വളരെ കുറച്ചിലായിരുന്നു. ഇങ്ങനെ ഒരു ചരിത്രവും, പാരമ്പര്യവും ഉള്ളപ്പോൾ,  നാം സ്ത്രീകളുടെ വസ്ത്ര ധാരണ രീതിയെ കുറിച്ചും, അവരുടെ നഗ്ന മേനികളെ കുറിച്ചും എന്തിനിത്ര ഉൽക്കണ്ഠപ്പെടണം? നമ്മുടെ രാജ്യം ജപ്പാൻ മാതൃക വികസനം കൊണ്ട് വരണം എന്ന് പറയുന്നവർ ജപ്പാനിൽ സംഭവിച്ച സാമൂഹ്യ പുരോഗതി ഒന്നു മനസ്സിലാക്കിയെങ്കിൽ നന്നായിരുന്നു. സാമൂഹ്യ പുരോഗതി കൈവരിക്കാതെ നമുക്ക് എങ്ങനെ സാമ്പത്തിക  പുരോഗതി കൈവരിക്കാൻ സാധിക്കും?

2017 ഫെബ്രുവരി 16, വ്യാഴാഴ്‌ച

ഫൈസൽ കൊലപാതകവും, ഭഗവദ് ഗീതയും, സെക്സി ദുർഗയും, കൊടുങ്ങല്ലൂർ ഭരണിയും

ഫൈസൽ കൊലപാതകവും,  ഭഗവദ് ഗീതയും, സെക്സി ദുർഗയും, കൊടുങ്ങല്ലൂർ ഭരണിയും


ഫൈസൽ കൊലപാതകത്തെ ന്യായീകരിക്കാൻ ചിലർ ഭഗവദ് ഗീതയെ ഉദ്ധരിക്കുന്നു!!! ഭഗവദ് ഗീത എന്നല്ല; ഒരു മത ഗ്രന്ഥവും ഒരു നിരപരാധിയെ കോല ചെയ്യാൻ ആഹ്വാനം നൽകിയിട്ടില്ല. വിഷാദിയായ അർജുനനെ ഉണർത്താൻ ശ്രീ കൃഷ്ണൻ ഉപദേശിച്ചു കൊടുത്തതാണ് ഭഗവദ് ഗീത. ബന്ധു ജനങ്ങളെയും, സുഹൃത്തുക്കളെയും കൊല്ലുന്ന കാര്യമോർത്ത് അർജുനൻ വിഷമിക്കുമ്പോൾ മനുഷ്യ ശരീരത്തെയാണ് വധിക്കുന്നത്; അല്ലാതെ ജീവൻറ്റെ കാരണമായ ആത്മാവിനെ അല്ല വധിക്കുന്നത് എന്നാണ് ശ്രീ കൃഷ്ണൻ അർജുനനോട് പറയുന്നത്. ശ്രീ കൃഷ്ണൻ യഥാർത്ഥത്തിൽ മനുഷ്യൻറ്റേയും, ജീവ ജാലങ്ങളുടെയും ആത്മീയമായ അസ്ഥിത്ത്വത്തെ കുറിച്ച് ഉൽബോധിപ്പിക്കുകയാണ് ഗീതയിലെ ചെയ്യുന്നത്. കുരുക്ഷേത്ര യുദ്ധം തന്നെ അധർമത്തിന് മേൽ ധർമം നേടിയ വിജയം ആയിരുന്നു. നിരപരാധികളെ കൊല്ലാൻ ശ്രീ കൃഷ്ണനെന്നല്ല; ഒരു ആത്മീയാചാര്യനും പറഞ്ഞിട്ടില്ല.

പക്ഷെ ഇതൊന്നും മത ഭ്രാന്തന്മാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നമ്മുടെ നാട്ടിൽ മത മൗലിക വാദികളായ ചിലരുണ്ട്. തങ്ങൾ ചിന്തിക്കുന്നതിനപ്പുറം അവർക്കു ലോകമില്ല. ലോകം മുഴുവന് നന്നായാലും, അവരു നന്നാവുമെന്ന് പ്രതീക്ഷിക്കുന്നതിനെക്കാൾ കടുത്ത പാപവുമില്ല. ക്രിസ്ത്യാനികളിലെ ചില പെന്തക്കോസ്തുകാരും, മുസ്ലീങ്ങളിലെ ഐസിസ്, താലിബാൻ അൽ ഖൊയ്ദ അനുകൂലികളും ഇത്തരത്തിൽ മത ഭ്രാന്തൻമാർ തന്നെയാണ്. പെന്തക്കോസ്തുകാർക്ക് അന്യ മതക്കാരെ നിന്ദിക്കുവാൻ ആര് അനുവാദം കൊടുത്തു എന്നത് മനസ്സിലാകുന്നില്ല. ക്രിസ്തു സ്നേഹത്തിൻറ്റേയും, സാഹോദര്യത്തിൻറ്റെയും വലിയ വക്താവായിരുന്നു. ആ ക്രിസ്തുവിൻറ്റെ പേരിലാണ് ചിലർ അന്യ മത വിദ്വേഷം പ്രചരിപ്പിക്കുന്നത്. നൂറ്റാണ്ടുകളിലൂടെ ചൊരിഞ്ഞ സ്നേഹത്തിൻറ്റെയും, ആത്മ ത്യാഗത്തിൻറ്റെയും പ്രതീകമാണ് ക്രൂശിതനായ ക്രിസ്തു. കുരിശു മരണം ആ നിസ്വാർദ്ധമായ സ്നേഹവും, ആത്മ ത്യാഗവും വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു. "ക്രിസ്തു വന്നത് ജീർണങ്ങളായ കുടിലുകൾക്കിടയിൽ മനോഹരങ്ങളായ ദേവാലയങ്ങൾ പണിയാനല്ല; മറിച്ച് ഹൃദയത്തെ ദേവാലയമാക്കാനാണ്, ആത്മാവിനെ പവിത്രീകരിക്കാനാണ്, മനസ്സിനെ അൾതാരയാക്കി മാറ്റാനാണ്" എന്ന് ഖലീൽ ജിബ്രാൻ പാടിയത് അത് കൊണ്ടാണ്. 

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ  "കൊടുങ്ങല്ലൂരമ്മയെ ഭോഗിക്കണമെങ്കിൽ കൊടിമരം പോലൊരു ലിംഗം വേണം" എന്ന പ്രശസ്തമായ കാവ് തീണ്ടൽ പാട്ട് എത്രയോ പേർ ഉറക്കെ പാടിയിട്ടുണ്ട്. പാട്ടു പാടുന്നവർക്ക് തെറ്റിയ തെറിപ്പദങ്ങൾ അടുത്ത് കേട്ടു നിന്നവർ തിരുത്തി തരുന്ന ഒരു രീതിയാണ് അവിടെ പരസ്യമായി ഉണ്ടായിരുന്നത്. ആചാരമായിട്ടും അനാചാരമായിട്ടും ദൈവത്തിനെ വരെ തെറി വിളിക്കുന്ന, ദൈവത്തിന് കള്ളും, മീനും, ഇറച്ചിയും കടിച്ച് തിന്നാൻ ജീവനുള്ള കോഴിയും സമർപ്പിച്ചിരുന്ന നാട്ടിലാണ് നമ്മൾ കുറെ നാൾ മുമ്പ് വരെ സ്വസ്ഥമായ് ജീവിച്ചിരുന്നത്. ആ നാട്ടിലാണ് ക്രിമിനൽ മാനസികാവസ്ഥയുള്ള സംഘങ്ങൾ മത വികാരം വ്രണപ്പെടുന്നു എന്ന പേരിൽ ആളുകളെ കൊല ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്.

ദൈവത്തെ സംരക്ഷിക്കാൻ അക്രമങ്ങൾ നടത്തുന്ന ആളുകളെ ഒക്കെ മുക്കാലിയിൽ കെട്ടി അടിക്കണം - അത് ഹിന്ദുവാണെങ്കിലും, ക്രിസ്ത്യാനി ആണെങ്കിലും, മുസ്ലീം ആണെങ്കിലും. ഇപ്പോൾ വിവരം കെട്ട മനുഷ്യർ ദൈവത്തിനു വേണ്ടി തമ്മിൽ തമ്മിൽ യുദ്ധം ചെയ്യുകയാണ്!!!!. അതിനർത്ഥം ദൈവത്തിനു മനുഷ്യനേക്കാൾ ശക്തി കുറവാണെന്നാണോ? സർവ ശക്തനായ ദൈവത്തെ സംരക്ഷിക്കാൻ ഭൂമിയിൽ കുറെ എണ്ണം ഇറങ്ങിയിരിക്കുന്നു!!! പണ്ട് 'ക്രിസ്തുവിൻറ്റെ ആറാം തിരു മുറിവ്' എന്ന നാടകത്തിനെതിരെ പ്രതിഷേധിക്കാൻ കേരളത്തിലെ ക്രൈസ്തവ സഭ ഒരുങ്ങിയപ്പോൾ "ക്രിസ്തുവിനു നിങ്ങളുടെ സംരക്ഷണം ആവശ്യമില്ല" എന്നാണ് ബിഷപ്പ് പൗലോസ് മാർ പൗലോസ് പറഞ്ഞത്. ഇത്തരത്തിൽ ആത്മീയ ബോധം കൂടേണ്ടതിനു പകരം മത ബോധം അങ്ങേയറ്റം കൂട്ടിയിരിക്കുക ആണ്  ഇപ്പോൾ. ധ്യാന ഗുരുക്കൻമാർക്കും, ആൾ ദൈവങ്ങൾക്കും, ഉസ്താദുമാർക്കും, മൗലവിമാർക്കും  വേണ്ടി കൊല്ലാനും, മരിക്കാനും തയാറായ മനുഷ്യർ ഉള്ളപ്പോൾ ആരോട് പരാതി പറയും?  

 (കടപ്പാട്: സ്വാമി സംവിദാനന്ദിൻറ്റെ ലേഖനം - " സെക്‌സി ദുര്‍ഗയും വിവരമില്ലാത്ത ഭക്തരും; ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടതുണ്ട്‌", ലിങ്ക്: http://www.azhimukham.com/sexy-durga-film-sanal-kumar-sasidharan-threat-from-hindutwa-groups-swami-samvidanand/)


2017 ഫെബ്രുവരി 13, തിങ്കളാഴ്‌ച

ഉള്ളൂരിൻറ്റെ പ്രേമ സംഗീതം

ഉള്ളൂരിൻറ്റെ പ്രേമ സംഗീതം

വർഗീയ വിഷം പല രീതിയിൽ മലയാളികളെ പുണരുമ്പോൾ മലയാളികൾക്ക് ആശ്രിയിക്കാവുന്ന ദൈവികമായ സന്ദേശത്തിൻറ്റെ പൂർണതയുടെ രൂപത്തിലുള്ള ഒരു കവിതയാണ് ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ 'പ്രേമ സംഗീതം'. തീർച്ചയായും ഒരു ദൈവിക പ്രേരണയിൽ ഇതെഴുതിയതാവാനേ തരമുള്ളൂ. സാധാരണ ഗതിയിൽ പാണ്ഡിത്യ പ്രകടനവും, കടു കട്ടി ഭാഷാ പ്രയോഗങ്ങളും നടത്തുന്ന ഉള്ളൂർ വളരെ നല്ല ലളിത, കോമള പദങ്ങൾ കൊണ്ട് മനുഷ്യർ തമ്മിലുള്ള ഐക്യവും, ദൈവിക രഹസ്യങ്ങളും  ഈ കവിതയിലൂടെ അവതരിപ്പിക്കുന്നു. ആദ്യം തന്നെ നോക്കുക:

"ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ

പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.

ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം

പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു" - ജീവൻറ്റെ പ്രകാശം, അല്ലെങ്കിൽ ഇംഗ്ളീഷിൽ പറയുന്ന 'ഗോഡ്സ് ലൈറ്റ്' - എന്നുള്ളത് എത്ര ലളിതമായിട്ടാണ് ഉള്ളൂർ അവതരിപ്പിച്ചിരിക്കുന്നത് തന്നെ!!!

"വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം

വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം" - ഭക്തിയിലും, ആധ്യാത്മികതയിലും ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആന്തരികമായ വിശുദ്ധി ആണെന്ന് ഈ വരികൾ നമ്മെ ഓർമപ്പെടുത്തുന്നു.

"പാഷാണൗഷധിപക്ഷിമൃഗാദികൾ പല പല വടിവുകളിൽ

പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി

പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേഷിപ്പോർക്കെല്ലാം

പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം" - പ്രകൃതി തന്നെയാണ് ഈശ്വരൻ എന്നതാണ് ഭാരതീയ തത്ത്വ ചിന്ത നമ്മെ പഠിപ്പിക്കുന്നത്. പ്രകൃതിയുമായി ഐക്യപ്പെടാൻ മനുഷ്യന് തടസ്സം സൃഷ്ടിക്കുന്നത് അവനവനിലുള്ള 'ഈഗോ' ആണ്. പ്രകൃതിയിലേക്ക് നോക്കിയാൽ ഈശ്വരൻറ്റെ കയ്യൊപ്പ് എല്ലാ രീതിയിലും കാണാം. "ആകാശത്തിലെ പറവകളെ നോക്കുവിൻ; വയലിലെ ലില്ലി പുഷ്പങ്ങളെ നോക്കുവിൻ - സോളമൻറ്റെ കൊട്ടാരത്തേക്കാൾ മനോഹരമായിട്ടല്ലേ എൻറ്റെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ സൃഷ്ടിച്ചിരിക്കുന്നത്?" - എന്ന ക്രിസ്തുവിൻറ്റെ ചോദ്യം വേറൊരു രീതിയിൽ ഉള്ളൂരും ആവർത്തിക്കുകയാണ് ഇവിടെ.

"മോദത്താൽ ആകാശത്തെ വാർത്തെടുത്തവൻ

ഭൂതലത്തെ വെള്ളത്തിൻ മേൽ ഉറപ്പിച്ചവൻ ...

ദീപ്തി നൽകും താര ബിംബത്തെ മോടിയായ് വാനിടത്തിൽ സ്ഥാപിച്ചവൻ

താൻ ഉന്നതനല്ലോ; സ്തുതി ചെയ്തിടുമല്ലോ; തൻ

സന്നിധിയിൽ എന്നും പ്രകാശമുണ്ടല്ലോ"  - എന്നുള്ള ക്രിസ്തീയ ഭക്തി ഗാനവും ഈ പ്രകൃതി ശക്തികളെ സൃഷ്‌ടിച്ച പ്രേമാത്മാവായ് വിലസുന്ന പിതാവിനെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ്. (ഓർമയിൽ നിന്നാണ് ഈ ക്രിസ്തീയ ഭക്തി ഗാനം എഴുതുന്നത്. തെറ്റുണ്ടെങ്കിൽ ക്ഷമിയ്ക്കുക)

"ഏകോദരസോദരർ നാമേവരു,മെല്ലാജ്ജീവികളും

ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ

അടുത്തുനിൽപ്പോരനുജനെനോക്കാനക്ഷികളില്ലാത്തോ-

ർക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?" - - ഈ വരികൾ വീണ്ടും മനുഷ്യർ തമ്മിൽ വേണ്ട ഐക്യത്തിൻറ്റേ സന്ദേശമാണ്.

മനുഷ്യൻറ്റെ ജീവിതത്തിൻറ്റെ പ്രസക്തി എന്താണ്? അവിടെ ഈശ്വരൻറ്റെ പ്രസക്തിയും എന്താണ്? ഈശ്വരേശ്ചയല്ലേ ജീവിതം തന്നെ? ഉള്ളൂർ താഴെ പറയുന്ന വരികളിലൂടെ അത് അല്ലെങ്കിൽ ആ സന്ദേശം വളരെ സുന്ദരമായി അവതരിപ്പിക്കുന്നു:
"നമോസ്തു തേ മജ്ജീവനദായക! നടേശ! പരമാത്മൻ!

നരഖ്യമങ്ങേ നർത്തനഗനമിതിൽ ഞാനുമൊരൽപാംഗം

വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;

വിശ്വപ്രിയമായ് നടനം ചെയ്വതു വിധേയനെൻ കൃത്യം."

അവസാനത്തെ വരികളാണ് ഈ കവിതയിലെ എല്ലാ അർത്ഥത്തിലും 'മാസ്റ്റർ പീസുകൾ'. ശകരാചാര്യരുടെ അഹം ബ്രഹ്‌മാസ്‌മി അല്ലെങ്കിൽ ക്രിസ്തുവിൻറ്റെ 'കിങ്ഡം ഓഫ് ഗോഡ് ഈസ് വിത്തിൻ യു' എന്ന അർഥം വരുന്ന വാക്കുകൾ ആണവ. ഈശ്വരനും, മനുഷ്യനും, പ്രപഞ്ചത്തിലെ മറ്റു ജീവ ജാലങ്ങളും ഒന്നാണെന്ന് തന്നെയാണ് ഈ കവിതയുടെ ആത്യന്തികമായ സന്ദേശം.
"പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ

ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?

പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;

പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?

ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും

പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !"
( പ്രേമസംഗീതം - രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ)

എളിമ, വിനയം, സത്യ സന്ധത, സാമൂഹ്യ സേവനം - ഇവയൊക്കെയാണ് ഏതു സത്യാന്വേഷണത്തിൻറ്റെയും അന്ത സത്ത. ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച ഏതെങ്കിലും ഒരു വ്യക്തിയുടെ പേരിലാണ് ലോകത്തെ എല്ലാ മതങ്ങളും ആവിർഭവിച്ചിട്ടുള്ളത്. പക്ഷെ ആ വ്യക്തിയുടെ മരണ ശേഷം അനേക വർഷങ്ങൾ കഴിയുമ്പോഴാണ് ആ വ്യക്തിയുടെ പേരിലുള്ള മതം ഒരു സംഘടനാ രൂപം കൈവരിക്കുന്നത്. ബുദ്ധ മതവും, ക്രിസ്തു മതവും തന്നെ ഉദാഹരണങ്ങൾ. ശ്രീ ബുദ്ധൻറ്റെയും, ക്രിസ്തുവിൻറ്റെയും മരണ ശേഷം - നൂറ്റാണ്ടുകൾക്കു ശേഷം മാത്രമാണ് അവരുടെ പേരിലുള്ള മതം ഒരു സംഘടനാ രൂപം കൈവരിക്കുന്നത്. ഭക്തിക്കും, ആത്മാർധതക്കും, സത്യസന്ധതക്കും, ആത്മീയാനുഭവത്തിനും ഒരു പഠിത്തത്തിൻറ്റെയും, ഒരു മതത്തിൻറ്റെയും ആവശ്യമില്ല. ഹൃദയ ശുദ്ധി മാത്രം മതി. അതാണ് "ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; എന്തു കൊണ്ടെന്നാൽ അവർ ദൈവത്തെ കാണും" എന്ന് ക്രിസ്തു പറഞ്ഞത്. രാമകൃഷ്ണ പരമഹംസൻ നിരക്ഷരനായിരുന്നു. അദ്ദേഹമാണ് വിവേകാനന്ദനെ സൃഷ്ടിച്ചത്. തുക്ലയിലെ ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച പീർ മുഹമ്മദ് സാഹിബ് അന്ധനും ആയിരുന്നു. മനുഷ്യൻറ്റേയും, ജീവ ജാലങ്ങളുടെയും ആത്മീയമായ അസ്ഥിത്ത്വത്തെ കുറിച്ച് ഉൽബോധിപ്പിക്കുകയാണ് എല്ലാ ആത്മീയാചാര്യന്മാരും ചെയ്യുന്നത്. ഉള്ളൂർ തൻറ്റെ 'പ്രേമ സംഗീതം' എന്ന കവിതയിലൂടെയും അത് നിർവഹിച്ചിരിയ്ക്കുന്നു. ഇത്ര സുന്ദരമായി, ലളിതമായി ദൈവിക രഹസ്യങ്ങൾ അല്ലെങ്കിൽ ആത്മീയ രഹസ്യങ്ങൾ പ്രദിപാദിയ്ക്കുന്ന മറ്റൊരു കവിത മലയാളത്തിൽ ഇല്ലെന്നു തന്നെ പറയാം.

2017 ഫെബ്രുവരി 7, ചൊവ്വാഴ്ച

ലിബറലുകളും ജന വിധിയും

ലിബറലുകളും ജന വിധിയും

ജനങ്ങൾക്ക് ശരിയായ വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള വിവേകമില്ലെന്നും ചില  പണ്ഡിതർക്ക് മാത്രമേ വിവരമുള്ളൂ എന്നാണ് ലിബറലുകൾ പൊതുവേ വിചാരിക്കുന്നത്. അത് കൊണ്ടാണ് ഇന്ത്യയിൽ നരേന്ദ്ര മോദിക്കെതിരെയും, റഷ്യയിൽ വ്ലാദിമിർ പുടിനെതിരേയും, ഇപ്പോൾ അമേരിക്കയിൽ ഡൊണാൾഡ് ട്രംപിനെതിരെയും ലിബറലുകൾ ദിവസവും ഓരോരോ കുറ്റം കണ്ടു പിടിക്കുന്നത്. ഈ ലിബറലുകളിൽ മാധ്യമ പ്രവർത്തകരും, അക്കാദമിക് രംഗത്തുള്ളവരും, പണ്ഡിതന്മാരും, സമൂഹത്തിലെ വരേണ്യ വിഭാഗക്കാരും ഒക്കെ പെടും. ഇവരൊക്കെ പറയുന്നത് കേട്ട് സാധാരണക്കാർ പ്രതിഷേധിക്കുന്നു; തെരുവിൽ ഇറങ്ങുന്നു. സത്യത്തിൽ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെടുന്ന ഭരണാധികരികൾക്കെതിരെ ഇത്തരത്തിൽ പ്രതിഷേധിക്കുന്നത് ജനാധിപത്യത്തിന് നിരക്കുന്നതാണോ? ജനാധിപത്യത്തെ അവഹേളിക്കുന്നതല്ലേ ഇതൊക്കെ?

ഇന്ത്യയിൽ നരേന്ദ്ര മോദിയോ, റഷ്യയിൽ വ്ലാദിമിർ പുടിനോ, അമേരിക്കയിൽ ഡൊണാൾഡ് ട്രംപോ ഓട് പൊളിച്ചു ഓഫിസിൽ കയറിയവരല്ല. തികച്ചും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുകയും, ഭരണഘടനാപരമായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിൽ ഏറിയവരുമാണ്. എന്നിട്ടും ഇപ്പോൾ അമേരിക്കയിൽ ദിവസവും ഡൊണാൾഡ് ട്രംപിനെതിരേ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു. തങ്ങളുടെ അഭിപ്രായങ്ങളാണ് ജനവിധിയേക്കാൾ വലുതെന്ന് ലിബറലുകൾ കരുതുന്നു. തിരഞ്ഞെടുക്കപ്പെട്ടവരോട് ഇത്തരക്കാർക്ക് ബഹുമാനമില്ല. അമേരിക്കയിൽ ഡൊണാൾഡ് ട്രംപിൻറ്റെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും ഇതാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് ഫലത്തിനെതിരായ പ്രതിഷേധം ജനാധിപത്യത്തോട് തന്നെയുള്ള അവഹേളനമാണ്. തങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമല്ലെങ്കിൽ പുതിയ കാലത്തോട് സംവദിക്കുന്നവരെ മാധ്യമങ്ങൾ ലേബൽ ചെയ്യുന്നു. ഇങ്ങനെ ലേബൽ ചെയ്യാൻ തുടങ്ങിയാൽ മാധ്യമങ്ങളുടെ വിശ്വാസ്യത തന്നെയാണ് അവസാനം നഷ്ടപ്പെടുക. ബി.ബി.സി. - യ്ക്കും, CNN  -  ഉം മൊത്തം എതിരെയായിരുന്നു അമേരിക്കയിലെ ജനവിധി. ട്രംപിൻറ്റെ ഭാഷയിൽ പറഞ്ഞാൽ ബി.ബി.സി. ബ്ലെയർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനും, CNN ക്ളിൻറ്റൺ ന്യൂസ് സർവീസും ആയിരുന്നു. സോഷ്യൽ മീഡിയയുടെ വലിയ സ്വാധീനം ഈ മാധ്യമങ്ങളൊക്കെ കാണാതെ പോയി. ഇന്ത്യയിലെ ഇംഗ്ളീഷ് മാധ്യമങ്ങളും, നമ്മുടെ മലയാള ചാനലുകളും കണക്കാണ്.

നമ്മുടെ മലയാളം ചാനലുകളിലെ മിക്കവർക്കും മാന്യമായി ചർച്ചകൾ നടത്താൻ അറിയില്ല. മാതൃഭൂമിയിലെ ഒരു ഹർഷനെയോ, മീഡിയ വണ്ണിലെ ഒരു ഗോപീകൃഷ്ണനെയോ മാറ്റി നിർത്തിയാൽ മിക്കവരുടെയും പ്രകടനം തീർത്തും അരോചകമാണ്. ഒരു തവണ ഡൽഹിയിലെ ബോംബ് സ്ഫോടനവും ആയി ബന്ധപ്പെട്ട് ഒരു മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ തത്സമയം വാർത്തയിൽ സംസാരിച്ചപ്പോൾ വേണു ബാലകൃഷ്ണൻ അവരോട് തട്ടി കേറിയത് ഇപ്പോഴും ഓർമ്മിക്കുന്നു. ഒരു ബോംബ് പൊട്ടിയെന്നു വെച്ച് ഡൽഹിയിലെ ക്രമ സമാധാന നില മൊത്തം തകർന്നു എന്നതല്ല അർഥം എന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ പറഞ്ഞപ്പോൾ വേണു അവരോട് നിങ്ങളൊക്കെ ഇത്ര ലഖുവായിട്ടാണൊ കാര്യങ്ങൾ കാണുന്നത് എന്ന് ചോദിച്ചു കൊണ്ട് അവരോട് തട്ടി കയറി. പോലീസ് ഉദ്യോഗസ്ഥ പറഞ്ഞതല്ലേ അതിൻറ്റെ ശരി? ഒരു ബോംബ് പൊട്ടിയെന്നു കരുതി ഒന്നര കോടി ജനങ്ങൾ അധിവസിക്കുന്ന ഒരു നഗരത്തിലെ ക്രമ സമാധാന നില തകർന്നു എന്നതാണോ അർഥം?  തത്സമയ വാർത്ത ആയതു കൊണ്ടാണെന്നു തോന്നുന്നു മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ വേണുവിൻറ്റെ തന്തക്കു വിളിക്കാതിരുന്നതെന്നാണ് എനിക്കപ്പോൾ തോന്നിയത്.

നമ്മുടെ മാധ്യമങ്ങൾ മിക്കപ്പോഴും റെയിറ്റിങ്ങ് കൂട്ടുന്നതിനും, സെൻസേഷണലിസത്തിനും, സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിനും വേണ്ടി നിറം പിടിപ്പിച്ച കഥകൾ ആണ്  എഴുതി പിടിപ്പിക്കുന്നത്. ജിഷ വധത്തിൽ ജിഷയുടെ അമ്മക്കും, സഹോദരിക്കും കൊലയാളിയെ മുൻ പരിചയം ഉണ്ടായിരുന്നു എന്ന് മാധ്യമങ്ങൾ എഴുതി പിടിപ്പിച്ചു.  അന്വേഷണ ഉദ്യോഗസ്ഥൻമാരാരും അങ്ങനെ പറഞ്ഞിട്ടില്ലായിരുന്നു. ലൈംഗിക അപവാദ കഥകളും, ജിഷ മദ്യപാനിയായിരുന്നു എന്ന കഥയും മാധ്യമ സൃഷ്ടിയായിരുന്നു. റെയിറ്റിങ്ങ് കൂട്ടുന്നതിനും, സെൻസേഷണലിസത്തിനും, സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിനും വേണ്ടി നിറം പിടിപ്പിച്ച കഥകൾ ആണ് മാധ്യമങ്ങൾ എഴുതിയത്. ജിഷ വധത്തിൽ പുക മറകൾ മറുനാടൻ മലയാളി എന്ന ഓൺലെയിൻ പത്രവും, സോഷ്യൽ മീഡിയയും, ഓൺ ലൈൻ പത്രങ്ങളും ആണ് സൃഷ്ടിച്ചു കൊണ്ടിരിന്നത്. കൂട്ടിന് കുറെ തല തിരിഞ്ഞ കമൻറ്റെറ്റർമാരും. ജിഷയേയും, അമ്മ രാജേശ്വരിയെയുടെയും കാര്യത്തിൽ മറുനാടനും മറുനാടനിലെ കുറെ കമൻറ്റെറ്റർമാരും, സോഷ്യൽ മീഡിയയും, ഓൺ ലൈൻ പത്രങ്ങളും യാതൊരു തത്ത്വദീക്ഷയുമില്ലാതെ കള്ള കഥകൾ മെനയുകയായിരുന്നു. എത്ര മോശം കമൻറ്റിടാനും ചിലർക്ക് യാതൊരു മടിയുമില്ലായിരുന്നു. ലൈംഗിക അപവാദ പ്രചാരണങ്ങൾക്കാണെങ്കിൽ നല്ല മാർക്കെറ്റാണ്. കുറെ ചാനലുകാരും, ഞരമ്പ് രോഗികളും ഉള്ളപ്പോൾ ലൈന്ഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളിക്ക് ചൂടൻ വാർത്തകൾ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഇത്തരം ഞരമ്പ് രോഗികൾക്ക് കൂട്ടിന് മറുനാടനും, സോഷ്യൽ മീഡിയയും, ഓൺ ലൈൻ പത്രങ്ങളും. ഇക്കൂട്ടർ സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ച് ഇത്ര മോശം കമൻറ്റിടുമോ? ആരാൻറ്റെ അമ്മക്ക് ഭ്രാന്തു പിടിക്കുംബോൾ കാണാൻ നല്ല ശേലാണല്ലോ. അവനവൻറ്റെ അമ്മയുടെ കാര്യത്തിലാകുമ്പോൾ വിത്യാസം ആരും പറയാതെ തന്നെ അറിയാം. അവസാനം കൊലയാളിയെ പിടിച്ചു കഴിഞ്ഞപ്പോൾ മറുനാടൻ മലയാളി എന്ന ഓൺലെയിൻ പത്രത്തിൻറ്റെ ചീഫ് എഡിറ്റർ ആയ ഷാജൻ സ്കറിയ പറഞ്ഞത് ഇത്രയും നാൾ ഞങ്ങൾ എഴുതി പിടിപ്പിച്ചത് ആകാംക്ഷ നില നിർത്തുവാൻ ആയിരുന്നു എന്നാണ്!!!

മാധ്യമങ്ങൾ ഇതു പോലൊക്കെ തന്നെയാണ് പുതിയ ഭരണാധികാരികളെ വിലയിരുത്തുന്നത്. സത്യത്തിൽ അക്രമവും, മതാന്ധതയും, തീവ്ര ദേശീയ ബോധവും ഒക്കെ ലോകത്ത് കുറഞ്ഞു വരികയാണ്. 24 മണിക്കൂറും ചാനൽ പ്രവർത്തനങ്ങളും, ബ്രെയ്ക്കിങ് ന്യൂസും ഉള്ളത് കൊണ്ട് പലതും പെട്ടെന്ന് തന്നെ വാർത്തയാകുന്നു എന്നേയുള്ളൂ. സോഷ്യൽ മീഡിയയുടെ ഇടപെടലും, ഓൺലയിൻ പത്രങ്ങളും ഉള്ളത് കൊണ്ട് ഏതു ചെറിയ വാർത്തയും ഉടനടി ജനങ്ങളുടെ ഇടയിൽ വരുന്നു. ഫെബ്രുവരി ആറ് 2017 -ൽ ഡൽഹിയിൽ അനുഭവപ്പെട്ട ഭൂമികുലുക്കം തന്നെ ഉദാഹരണം. രാത്രി 11 മണിക്ക് ശേഷം ഉണ്ടായ ആ   ഭൂമികുലുക്കം മലയാള ചാനലുകളിൽ അടക്കം എല്ലായിടത്തും അർദ്ധ രാത്രിയിൽ തന്നെ ഉടനടി വാർത്തയായി.

24 മണിക്കൂറും ചാനൽ പ്രവർത്തനങ്ങളും, ബ്രെയ്ക്കിങ് ന്യൂസും ഉള്ളത് കൊണ്ട് തന്നെ പഴയ പോലെ ജന വിരുദ്ധമായ നടപടികൾ അധികാരികൾക്ക് അത്ര എളുപ്പത്തിൽ എടുക്കാൻ സാധിക്കുകയില്ല. സോഷ്യൽ മീഡിയയും, ഓൺലയിൻ പത്രങ്ങളും എല്ലാ സംഭവങ്ങളെയും തല നാരിഴ കീറി മുറിച്ചെന്ന രീതിയിൽ പരിശോധിക്കുന്നു. അത് കൊണ്ട് തന്നെ പണ്ടത്തെ കമ്യൂണിസ്റ്റ് കൂട്ടക്കൊലകളെ പോലെയോ, നാസികളുടെ കൂട്ട കൊലകളെയോ പോലെ ഇന്നെന്തെങ്കിലും സംഭവിക്കുമെന്ന് കരുതാൻ വയ്യാ.

ജനങ്ങളുടെ വില കുറച്ചു കാണുവാനും, ജനങ്ങളെ വിഡ്ഢികളായി കാണാനും ആർക്കും  അവകാശമില്ല.  അത് കൊണ്ട് തന്നെ ലിബറലുകൾ തങ്ങളുടെ ചിന്താ ധാരകൾക്കനുസരിച്ചല്ലെങ്കിൽ കൂടി ജന വിധിയെ മാനിക്കണം. മാദ്ധ്യമങ്ങൾ ഇവിടുത്തെ വർഗീയ സംഘർഷങ്ങളെ പർവതീകരിച്ച് കാണിക്കുകയും അത് വഴി ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുകയുമാണ്. ഭാവിയിൽ ജന വിധിയെ മാനിക്കാത്ത മാധ്യമ പ്രവർത്തനങ്ങൾ ജനം തമസ്കരിയ്ക്കുക തന്നെ ചെയ്യും. നമ്മുടെ പല പത്രങ്ങളും, മാസികകളും പൂട്ടി പോകുന്നത് ഇതു കൊണ്ടാണെന്നു തോന്നുന്നു.

2017 ഫെബ്രുവരി 3, വെള്ളിയാഴ്‌ച

ഡൊണാൾഡ് ട്രംപ് മുസ്‌ലീം വിരോധിയോ?

ഡൊണാൾഡ് ട്രംപ് മുസ്‌ലീം വിരോധിയോ?

കഴിഞ്ഞ ദിവസം പുതിയ അമേരിക്കൻ പ്രെസിഡൻറ്റ് ഡൊണാൾഡ് ട്രംപ് സിറിയ, ഇറാഖ്, ഇറാൻ, സൊമാലിയ - എന്നീ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തിയതിന് ട്രംപിനെ ഇപ്പോൾ ലിബറലുകൾ കുറ്റം പറയുന്നു; ഡൊണാൾഡ് ട്രംപിനെതിരേ ദിവസവും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു. ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സൊമാലിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അമേരിക്ക താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഭീകരാക്രമണങ്ങളിൽ നിന്ന് അമേരിക്കൻ ജനതയെ രക്ഷിക്കാനാണ് നീക്കമെന്നും ഇസ്‌ലാമിക തീവ്രവാദികൾ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മികച്ച അളവുകോലാണ് ഇതെന്നും ഉത്തരവിൽ ഒപ്പുവച്ച ശേഷം ട്രംപ് പറഞ്ഞു.

മയക്കു മരുന്ന് മാഫിയക്കെതിരെ മെക്‌സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നത്; ഭീകരാക്രമണത്തിന് കാരണക്കാരാവുന്ന മത തീവ്ര വാദികൾ ഉള്ള  ഇസ്ളാമിക രാഷ്ട്രങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലേക്ക് എത്തുന്നത് വിലക്കുക; അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുക; റഷ്യയുമായി മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കുക; അമേരിക്കൻ കമ്പനികൾ അമേരിക്കയിൽ തന്നെ ഉൽപാദനം നടത്തി തൊഴിലവസരങ്ങൾ കൂട്ടുക - ഇതെല്ലാം ട്രംപിൻറ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പെട്ടവ ആയിരുന്നു. ഇപ്പോൾ വെറും വാചകമടി അല്ലായിരുന്നു അവയൊക്കെ എന്നത് വ്യക്തമാക്കാൻ ട്രംപ് അതൊക്കെ നടപ്പാക്കിയും തുടങ്ങി. അതിനൊക്കെ എന്തിനിത്ര പ്രതിഷേധിക്കണം? ഓട് പൊളിച്ചു വൈറ്റ് ഹൌവ്‌സിൽ കടന്ന വ്യക്തിയാണോ ഡൊണാൾഡ് ട്രംപ്? തികച്ചും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രെസിഡൻറ്റ് അല്ലേ? ബൈബിളിൽ കൈ വെച്ച് സത്യാ പ്രതിജ്ഞ നടത്തി അധികാരത്തിലേറിയെ പ്രെസിഡൻറ്റിനെ ബഹുമാനിക്കുവാൻ നിയമ വ്യവസ്ഥയെ ആദരിക്കുന്ന എല്ലാവർക്കും ബാധ്യതയില്ല?

രാജ്യ സുരക്ഷയെ മുൻനിർത്തി പല രാജ്യങ്ങളും ഇത്തരത്തിൽ നടപടികൾ എടുത്തിട്ടുണ്ട്. യു. എ. ഇ. - യിൽ ബംഗ്ളാദേശികൾക്ക്‌ പുതുതായി വിസ അനുവദിക്കാത്തത് ഉദാഹരണം. ഇസ്‌റായേലി പാസ്പോർട്ടുകാർക്ക് മറ്റു മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ പ്രവേശനം നിഷേധിക്കുന്നത് മറ്റൊരുദാഹരണം. പ്രതിഷേധിക്കുന്നവർ മറക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഒബാമ ഭരണകൂടം അടക്കം അമേരിക്കയിലുണ്ടായിരുന്ന പല ഭരണകൂടങ്ങളുടെയും മുന്നിൽ വെച്ച നിർദേശങ്ങൾ നടപ്പാക്കുക മാത്രമാണ് പുതിയ അമേരിക്കൻ പ്രെസിഡൻറ്റ്‌ ഡൊണാൾഡ് ട്രംപ് ചെയ്തിരിക്കുന്നത്. സിറിയ, ഇറാഖ്, പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഇറാൻ - ഈ രാജ്യങ്ങളിലുള്ളവർക്ക് കുവൈറ്റ് വിസ കൊടുക്കുന്നില്ല. എൻറ്റെ അറിവ് ശരിയാണെങ്കിൽ പാക്കിസ്ഥാനികൾക്ക് വിസക്കുള്ള നിയന്ത്രണം അല്ലെങ്കിൽ നിരോധനം കുവൈറ്റ് തുടങ്ങിയിട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് മീതെ ആയി. പാക്കിസ്ഥാനും, യുഎഇ - യും, കുവൈറ്റുമടക്കം ഏഴു രാജ്യങ്ങൾ ഇസ്രയേലികൾക്ക് വിസ നൽകുന്നില്ല. 20 - 25 രാജ്യങ്ങൾ ഇസ്രയേലിനെ രാജ്യമായിട്ടു തന്നെ പരിഗണിക്കുന്നില്ല. GCC രാജ്യങ്ങളിൽ ബെന്ഗ്ലാദേശികള്‍ക്ക് വിസ വിലക്ക് ഉണ്ട്. എന്തേ ട്രംപിനെ വിമർശിക്കുന്നവർ ഇതൊന്നും ഓർക്കുന്നില്ല? "ഞങ്ങള്‍ക്ക് എന്തും ആകാം, പക്ഷെ മറ്റുള്ളവര്‍ക്ക് അത് പാടില്ല" - ഇത് അവസരവാദം അല്ലെങ്കിൽ ഹിപ്പോക്രിസി അല്ലാതെ മറ്റെന്താണ്? സിറിയയിൽ അഭയാർത്ഥി പ്രശ്നം ഉണ്ടായപ്പോൾ ആദ്യം ഇടപെടേണ്ടത് അറബ് രാജ്യങ്ങളല്ലായിരുന്നുവോ? താരതമ്യേനെ സമാധാനവും, സ്റ്റെബിലിറ്റിയും, ഭരണ വ്യവസ്ഥിതിയും ഉള്ള സൗദി അറേബ്യാ, ഒമാൻ, കുവൈറ്റ്, ഇറാൻ, യു.എ.ഇ. - ഈ രാജ്യങ്ങൾ അഭയാർത്ഥി പ്രശ്നത്തിൽ തിരിഞ്ഞു നോക്കിയത് പോലുമില്ല. അതിനേക്കാൾ എത്രയോ വലിയ സഹിഷ്ണുതയും, സഹാനുഭൂതിയും ആണ് യൂറോപ്പിലെ രാജ്യങ്ങളും, ക്യാനഡ, ഓസ്‌ട്രേലിയ - മുതലായ രാജ്യങ്ങളും കാണിക്കുന്നത്? നേരെ മറിച്ച് 1971 - ൽ പാക്കിസ്ഥാൻ ബംഗ്ളാദേശി അഭയാർത്ഥികളോട് പെരുമാറിയത് എങ്ങനെയാണെന്ന് ചരിത്രമറിയാവുന്ന എല്ലാവർക്കും അറിയാം.

താലിബാനും, അൽ ഖൊയ്ദയും ഇപ്പോൾ ഐസിസും സൃഷ്ടിക്കുന്ന മത തീവ്രവാദത്തിൽ അധിഷ്ഠിതമായ  ഭീകരത ഇന്ന് ഒരു ആഗോള പ്രശ്നമായി മാറി കഴിഞ്ഞു. ഇന്ത്യയിൽ മോഡി, റഷ്യയിൽ പുടിൻ, ഫ്രാൻസിൽ വലതു പക്ഷ കക്ഷികൾ, ഇപ്പോൾ അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് - ഇവരെല്ലാം മത ഭീകരതയ്ക്കെതിരെ നഖ ശിഖാന്തം യുദ്ധം പ്രഖ്യാപിച്ചവരാണ്.  ഇസ്ലാമോഫോബിയ ഇന്ന് ആഗോള തലത്തിൽ തന്നെയുള്ള പ്രതിഭാസമായി മാറി കഴിഞ്ഞു. മാധ്യമങ്ങളുടെ കാര്യമാണ് വളരെ കഷ്ടം. ബിബിസി - യ്ക്കും, CNN - ഉം ഇതു വരെ ആ കാര്യങ്ങൾ മനസ്സിലായിട്ടില്ല. ട്രംപിൻറ്റെ ഭാഷയിൽ പറഞ്ഞാൽ നേരത്തെ ബി.ബി.സി. ബ്ലെയർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനും, CNN ക്ളിൻറ്റൺ ന്യൂസ് സർവീസും ആയിരുന്നു. സോഷ്യൽ മീഡിയയുടെ വലിയ സ്വാധീനം ഈ മാധ്യമങ്ങളൊക്കെ കാണാതെ പോയി. ഇന്ത്യയിലെ ഇംഗ്ളീഷ് മാധ്യമങ്ങളും, നമ്മുടെ മലയാള ചാനലുകളും കണക്കാണ്. കസബിനെ പോലെയുള്ള ഭീകരർ വെറുതെ തോക്കുമായി വന്നു റെയിൽവേ സ്റ്റേഷനിലും, ആശുപത്രികളിലും, റെസ്റ്റോറൻറ്റിലും നിസഹായരായ സാധാരണക്കാരായ ആളുകളെ വെടി വെച്ചിടുമ്പോൾ അത് സൃഷ്ടിക്കുന്ന ജന വികാരം കാണാൻ ദന്ത ഗോപുരങ്ങളിൽ ഇരിക്കുന്ന മാധ്യമ പടയ്ക്കു സാധിക്കുന്നില്ല. ഒരു കൂട്ടം തീവ്ര വാദികളും, ആ തീവ്ര വാദികളെ പിന്തുണയ്ക്കുന്നവരും, അവരെ നേരിടാൻ ഭയക്കുന്നവരും ആണ് ട്രംപിനെ പോലുള്ള നേതാക്കളെ സൃഷ്ടിക്കുന്നത്.

ഒബാമയേക്കാളേറെ ട്രംപ് അമേരിക്കയിൽ തന്നെ ഒതുങ്ങുന്ന രീതിയിൽ ഭരിക്കുകയാണെങ്കിൽ അതാണ് ലോകത്തിനും, അമേരിക്കയ്ക്കും നല്ലത്. അഫ്ഗാനിസ്ഥാനിലെയും, ഇറാഖിലെയും തികച്ചും പരാജയപ്പെട്ട യുദ്ധങ്ങൾക്ക് ശേഷം അമേരിക്കൻ സേന അമേരിക്കയിൽ തന്നെ നിൽക്കണം എന്ന ശക്തമായ പൊതുജനാഭിപ്രായം അമേരിക്കയിൽ തന്നെ ഉണ്ട്. അമേരിക്കൻ 'മിലിട്ടറി ഇൻഡസ്ട്രിയൽ കോമ്പ്ലെക്സുകളും' ചില യുദ്ധ ഭ്രാന്തന്മാരും മാത്രമാണ് അതിന് എതിരു നിൽക്കുന്നത്.

ബാരക് ഒബാമ ജയിച്ചപ്പോൾ ലോകം മുഴുവൻ ശുഭ പ്രതീക്ഷയായിരുന്നു. പക്ഷെ എട്ടു വർഷത്തിനപ്പുറം പടിയിറങ്ങിയപ്പോൾ ഒബാമ ആ ശുഭ പ്രതീക്ഷ അധികമൊന്നും നിറവേറ്റിയില്ലഎന്നതാണ് യാഥാർഥ്യം. റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയും, റഷ്യൻ നയ തന്ത്രജ്ഞരെ പുറത്താക്കിയും ഒബാമ ശീത യുദ്ധത്തെ മനസ്ഥിതിയിൽ നിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല എന്നു കൂടി തെളിയിച്ചു. അത് കൂടാതെ 2008 - ലെ സാമ്പത്തിക തകർച്ചയിൽ നിന്ന് അമേരിക്കൻ ജനതയെ രക്ഷിക്കുവാൻ കാര്യമായി ഒന്നും ചെയ്യുവാൻ ഒബാമയ്ക്ക് സാധിച്ചില്ല. വാൾ സ്ട്രീറ്റിലെ ബാങ്കർമാരെ നിലക്ക് നിർത്തുന്നതിൽ ഒബാമ ഭരണകൂടം പരാജയപ്പെട്ടു. അതും കൂടാതെ ആദ്യ കറുത്ത വർഗക്കാരനായ പ്രെസിഡൻറ്റിൽ അമേരിക്കയിലെ കറുത്ത വർഗക്കാർക്കും, കുടിയേറ്റക്കാർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ പിന്നീട് നമ്മൾ കണ്ടത് കറുത്ത വർഗക്കാർ അമേരിക്കയിൽ കൊല്ലപ്പെടുന്നതും, പല അമേരിക്കൻ നഗരങ്ങളിലും വംശീയ ലഹള പടർന്നു പിടിക്കുന്നതുമാണ്.

ലോക പോലീസിൻറ്റെ റോളിൽ അമേരിക്ക അവതരിച്ചില്ലെങ്കിൽ കൂടി അമേരിക്ക കാരണം ഉണ്ടായ ഐസിസ് - നെ നേരിടാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അമേരിക്കയ്ക്ക് മുന്നേറാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഐസിസ് - നെ നേരിടുന്നതിൽ ആണ് ഒബാമ വലിയ പരാജയം ആയി മാറിയത്. ഇങ്ങ്ഗ്ലണ്ടിനെക്കാൾ വലിയൊരു ഭൂ വിഭാഗം ഐസിസ് - ന്റ്റെ പക്കൽ നേരത്തേ ഉണ്ടായിരുന്നു. പല യൂറോപ്പ്യൻ രാജ്യങ്ങളെക്കാൾ വലുതാണ് ഐസിസ് നേരത്തേ കയ്യടക്കി വെച്ചിരിക്കുന്ന പ്രദേശങ്ങൾ. കൂടാതെ അവർ നല്ല സാമ്പത്തിക അടിത്തറയും ഉണ്ടാക്കി. ആദ്യം സൗദിയും, ഖത്തറും, തുർക്കിയുമെല്ലാം ഐസിസ് - നെ പിന്തുണച്ചു. പിന്നീട് ഐസിസ് എണ്ണ കടത്തിയും, ആളുകളെ തട്ടി കൊണ്ടുപോയി മോചന ദ്രവ്യം കൈക്കലാക്കിയും നല്ല സാമ്പത്തിക അടിത്തറ ഉണ്ടാക്കി. ഇപ്പോഴും അവരുടെ മുഖ്യ വരുമാനം ആയ ക്രൂഡോയീൽ കളളക്കടത്തും, കൂടാതെ ഗ്യാസിന്റ്റെ Supply-യും നിർബാധം നടക്കുന്നു. ഞാൻ മനസ്സിലാക്കിയിടത്തോളം മുംബത്തെ അഫ്ഗാൻ മുജാഹീദുകളെക്കാളും, അൽ കൊയ്ദ, താലിബാൻ - എന്നീ സന്ഖടനെകളെക്കാളും സംഘടിതരും, ശക്തരും ആണ് ഐസിസ് തീവ്രവാദീകൾ.

അമേരിക്കയ്ക്കും, യൂറോപ്പിനും, റഷ്യയ്ക്കും, ചൈനയ്ക്കും ഇത്തരം തീവ്രവാദികളാൽ സ്വയം നേരിടുന്ന ഭീഷണി വളരെ വലുതാണ്. ഈജിപ്റ്റിൽ നിന്നുള്ള റഷ്യൻ യാത്രാ വിമാനം ബോംബ് വെച്ചു തകർത്ത 'ഐസിസ് ഭീകരത' ലോകത്തിന് മുഴുവൻ ഉള്ള ഭീകരരുടെ മുന്നറിയിപ്പായിട്ടു വേണം കണക്കാക്കാൻ. ഐസിസ്- നെ ഈ വൈകിയ വേളയിലെങ്കിലും പരിപൂർണമായി നിർമാർജനം ചെയ്തില്ലെങ്കിൽ അൽ കൊയ്ദ, താലിബാൻ - എന്നീ സന്ഖടനുകളുമായി യോജിച്ച് ലോക സമാധാനത്തിന് തന്നെ ഭീഷണിയാകും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇന്ത്യക്കും ഐസിസ് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇപ്പോള് ചെറു സംഘടനകളായി മാറി ലോകത്തിൻറ്റെ പല ഭാഗങ്ങളിലും അവർ പ്രവർത്തിയ്ക്കുന്നു എന്ന തരത്തിലാണ് പല റിപ്പോർട്ടുകളും.

പക്ഷെ അവരെ എങ്ങനെ നേരിടണം എന്ന കാര്യത്തിലാണ് പ്രശ്നം മുഴുവനും. എന്തുകൊണ്ട് ലക്ഷക്കണക്കിനാളുകൾ ഐസിസി-ലേക്ക് ആകൃഷ്ടരാകുന്നു? അതിന് വഴിവെക്കുന്ന സാഹചര്യം എന്താണ് എന്നു മനസ്സിലാക്കി അതില്ലാതാക്കാനുള്ള ശ്രമമാണ് ആദ്യം വേണ്ടത്. അമേരിക്കയും യൂറോപ്യൻ സഖ്യ രാഷ്ട്രങ്ങളും ഇല്ലാത്ത ആയുധങ്ങളുടെ പേര് പറഞ്ഞ് ഇറാക്കിനെ ആക്രമിച്ചതാണ് ഐസിസ്-ൻറ്റെ ഉദയത്തിനു പ്രധാന കാരണം. ലോകം മുഴുവൻ കള്ള പ്രചാരണം നടത്തി. സമ്പന്നമായ ഒരു രാഷ്ട്രത്തെ ദാരിദ്ര്യത്തിലേക്കും അസ്ഥിരതയിലെക്കും തള്ളി വിട്ടു. അഫ്ഘാനിസ്ഥാനിൽ ഒരു സംഘടന ചെയ്ത കുറ്റത്തിന് ആ രാജ്യത്തെ ജനങ്ങളെ മൊത്തം ആക്രമിച്ചു. അമേരിക്ക ഉഗ്ര സ്ഫോടക ശേഷിയുള്ള - Daisy Cutter ബോംബുകൾ, അണു വികരണം സൃഷ്ടിക്കുന്ന ബോംബുകൾ - ഇതൊക്കെയാണ് അഫ്ഗാനിസ്ഥാനിലും, ഇറാക്കിലും ഉപയോഗിച്ചത്. അണു വികരണം ഏറ്റു തിരിച്ചു വരുന്ന അമേരിക്കൻ പട്ടാളക്കാരുടെ കുട്ടികൾക്ക് പോലും ജനിതക വൈകല്യം പിടി പെടുന്നു എന്നതാണ് റിപ്പോർട്ടുകൾ. അഫ്ഘാനിസ്ഥാനെ പോലെ വികസനം എത്തി നോക്കാത്ത പ്രദേശം മുതൽ സമ്പന്നമായിരുന്ന ഇറാക്ക്, ലിബിയ, റഷ്യ - തുടങ്ങിയ അനേകം രാജ്യങ്ങളിൽ നിന്നുള്ളവർ ഇപ്പോൾ ഐസിസ്-ൽ ഉണ്ട്. മതവും, വികസനമില്ലായ്മയും മുതൽ വിദേശാധിനിവേശം വരെ ഒരു പാടു കാര്യങ്ങളടങ്ങിയ സങ്കീർണമായ വിഷയമാണ് ഐസിസി-ലേക്ക് ആളുകൾ ആകൃഷ്ടരാകുന്നതിനു കാരണം.
ഐസിസ്-നെ പരിപൂർണമായി നിർമാർജനം ചെയ്യണമെങ്കിൽ ഐസിസ് - നുള്ള സാമ്പത്തിക സഹായത്തിൻറ്റെ ചിറകരിയണം. പക്ഷെ ഐസിസ്-ൻറ്റെ സാബത്തീക സ്രോതസ് തകർക്കൽ അത്ര എളുപ്പമല്ല. കാരണം അവർക്ക് ഒന്നിലേറെ രാജ്യങ്ങളുമായീ അതിർത്തിയുണ്ട്. അവിടെയോക്കെ ആയുധങ്ങളും, ഭക്ഷണവും എത്തിച്ച് കോടുക്കുന്നവർ ഉണ്ട്. എന്തും എത്തിച്ച് കോടുക്കുന്ന കളളക്കടത്തുകാരെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമാണോ? ചുരുക്കത്തിൽ അങ്ങേയറ്റം സങ്കീർണമായ സ്ഥിതി വിശേഷത്തിലെക്കാണ് കാര്യങ്ങൾ പോയ്ക്കോണ്ടി ഇരിക്കുന്നത്. ഈയിടെ സിറിയയിലെ ആലെപ്പോയിൽ സിറിയൻ സേന വിജയിച്ചെങ്കിലും ലോക സമാധാനത്തിന് ഐസിസ് ഉയർത്തുന്ന ഭീഷണി നിസാരമല്ല.

റഷ്യയുടെ ഇടപെടലിനു ശേഷം ഇസ്ലാമിക് സ്റ്റെറ്റിനെ ( ഐ. സ്.) ഇപ്പം തകർക്കും എന്ന രീതിയിലായിരുന്നു റഷ്യൻ ടി.വി വാർത്ത കൊടുക്കാൻ തുടങ്ങിയത്. പക്ഷെ ഇസ്ലാമിക് സ്റ്റെറ്റ് ഇതു വരെ തകർന്നിട്ടില്ല. കാര്യങ്ങൾ മനസ്സിലാക്കാതെ വാർത്ത കൊടുത്താൽ ഇതായിരിക്കും സ്ഥിതി. സിറിയയിൽ പാശ്ചാത്യരാജ്യങ്ങളും, അമേരിക്കയും കാണിയ്ക്കുന്നത് ഇരട്ടത്താപ്പാണെന്നുള്ളത് ശരി തന്നെയാണ്. ഭീകരവാദികളെ നേരിടുന്നുവെന്ന് പറയുകയും ചില ഭീകരസംഘടനകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് അമേരിക്കയും സഖ്യകക്ഷികളും നടത്തുന്നത്. തങ്ങൾക്ക് താൽപര്യമില്ലാത്ത ഭരണ നേതൃത്വങ്ങളെ പുറത്താക്കുന്നതിനായി ഭീകരസംഘടനകളെ കൂട്ടുപിടിയ്ക്കുകയാണ് അവർ ചെയ്യുന്നത്. ഭീകരവാദികളെ തീവ്ര ഭീകരവാദികളെന്നും മിത ഭീകരവാദികളെന്നും തരം തിരിയ്ക്കേണ്ട കാര്യമില്ല.

റഷ്യൻ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റെറ്റിന് പണ്ടത്തെ അപേക്ഷിച്ച് ആക്രമണശേഷി നഷ്ടപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റെറ്റിന് ആയുധങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയിലായിട്ടുണ്ട്. എണ്ണയുടെ ഒഴുക്കും ആ രീതിയിലുള്ള വരുമാന മാർഗവും കുറഞ്ഞു. ഇറാഖിൽ നിന്ന് സിറിയയിലെ ഭീകരകേന്ദ്രങ്ങളിലേയ്ക്ക് ആയുധമെത്തിയ്ക്കാനായി ഉപയോഗിച്ചിരുന്ന യുഫ്രട്ടീസ് നദിയ്ക്ക് കുറുകെയുള്ള പാലം റഷ്യൻ വ്യോമസേന തകർത്തു. പ്രധാനമായും ഹമ, ഇഡ്ലിബ്, ലടാക്കിയ, ഡമാസ്കസ്, അലെപ്പോ, ഡെയ്ർ എസോർ എന്നീ പ്രദേശങ്ങളെ ലക്ഷ്യം വച്ചാണ് റഷ്യൻ സേനയുടെ ആക്രമണം. ആയുധസംഭരണശാലകളും പരിശീലന കേന്ദ്രങ്ങളും ഉൾപ്പടെ ഐ. സ്. കേന്ദ്രങ്ങൾ 2015 സെപ്റ്റംബർ 30 മുതലുള്ള വ്യോമാക്രമണത്തിൽ തകർത്തതായാണ് റഷ്യ അവകാശപ്പെടുന്നത്. പക്ഷെ ഇത് അവകാശ വാദങ്ങൾ മാത്രം.
പ്രധാനമായും നാല് ശക്തികളാണ് ഇന്ന് ഇറാക്കിലും, സിറിയയിലും പ്രവർത്തിക്കുന്നത്. ഐ. സ്. , അസദിൻറ്റെ നെത്ര്വത്തിലുള്ള സിറിയൻ സേന, കുർദുകൾ, പാശ്ചാത്യരാജ്യങ്ങളും, അമേരിക്കയും പിന്തുണയ്ക്കുന്ന സേനകൾ - ഇവയാണീ നാല് ശക്തികൾ. അത് കൊണ്ട് തന്നെ വളരെ സങ്കീർണമായ സ്ഥിതി വിശേഷത്തിലേക്കാണ് സിറിയയും, ഇറാക്കും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ പ്രശ്നത്തിൽ വളരെ എളുപ്പത്തിൽ ഒരു പരിഹാരം സാധ്യവുമല്ല. അഭയാർഥികൾ സൃഷ്ടിക്കുന്ന മാനുഷിക പ്രശ്നമാണ് ഈ ഇടപെടലിൻറ്റെയെല്ലാം ആത്യന്തിക പരിണിത ഫലം.

റഷ്യ ഐ. സ്. - നെതിരെ പട നയിക്കുന്നത് കൂടുതലും ആയുധ വിപണിയിൽ റഷ്യയുടെ പൊയ് പോയ പ്രതാപം വീണ്ടെടുക്കാനും, സ്വന്തം രാജ്യത്ത് നിന്ന് ഐസിസ് - നുള്ള സഹായം നുള്ളി കളയാനും വേണ്ടി ആണ്. അല്ലാതെ ലോക സമാധാനത്തിനു വേണ്ടി ഒന്നും അല്ല. റഷ്യ ഇപ്പോൾ സിറിയയിൽ പരീക്ഷിക്കുന്നത് അമേരിക്കകാർ അവകാശപ്പെട്ടിരുന്ന Precision ബോംബിംഗ് ആണ്. റഷ്യക്ക് ആയുധ ശേഷിയിൽ അവർ ലോകത്തിലെ ആരുടേയും പിന്നിൽ അല്ലെന്നു തെളിയിക്കുക ആയിരുന്നു ആവശ്യം. അത് അവർ സാധിച്ചു. ഇവിടെ ആയുധ വിപണി ആണ് മുഖ്യ വിഷയം. റഷ്യയുടെ Sukhoi Jet Fighter Planes ആണ് ഇപ്പോൾ ഐസിസ് - നെതിരെ ബോംബിടുന്നത്. ഈ പ്ലെയിനുകളുടെയും, റഷ്യൻ നേവിയുടെ യുദ്ധ കപ്പലുകളുടെയും Specifications ആണ് റഷ്യൻ T .V . വിശദമായി കാണിക്കുന്നത്. അപ്പോൾ തന്നെ ആയുധ കച്ചവടം ആണ് ലക്ഷ്യമെന്നതു വ്യക്തമാണല്ലോ. ആയുധ വിപണിയിൽ അമേരിക്കക്കും, സഖ്യ കക്ഷികൾക്കും ഉണ്ടായിരുന്ന മേൽകോയ്മ നഷ്ടപ്പെടും. അപ്പോൾ അവർക്ക് അത് സഹിക്കാൻ പറ്റുമോ? അതിലുള്ള ചൊരുക്ക് ആണ് അവരുടെ പ്രസ്താവനകളിൽ കൂടി പുറത്തു വരുന്നത്. സത്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് ആയുധം കയറ്റി അയക്കുന്ന വമ്പൻ ബിസിനെസ്സിനു വികസിത രാജ്യങ്ങളിൽ നിരോധനം എർപെടുത്തിയാൽ തന്നെ ലോക സമാധാനം കുറെ ഒക്കെ കൈവരും. പക്ഷെ അതിനു വികസിത രാജ്യങ്ങൾ തയാറല്ല. ലോകമെമ്പാടും ഉള്ള യുദ്ധ കൊതിയൻമാരെ ഈ ആയുധ മത്സരം ത്രിപ്തിപെടുത്താം. അല്ലാതെന്തു പ്രയോജനം?

റഷ്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ വ്യാപാരിയാണ് (മൊത്ത കച്ചവടത്തിന്റെ 26% ലും അധികം റഷ്യയുടേതാണ്). സിറിയ ആണെങ്കിൽ എക്കാലത്തും സോവിയറ്റ് യൂണിയൻ/റഷ്യയുടെ ഏറ്റവും വലിയ ആയുധ മാർക്കറ്റുമാണ്. SIRPI കണക്കനുസരിച്ച് 2013 ൽ മാത്രം റഷ്യ 1.3 ബില്യൺ ഡോളറിൻറ്റെ ആയുധം സിറിയക്ക് നൽകുകയുണ്ടായി. സിറിയ വൻ തോതിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടിയ 2006-2010 കാലഘട്ടത്തിൽ ഏകദേശം 50 ശതമാനത്തോളവും റഷ്യയിൽ നിന്നായിരുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അപ്പോൾ ഇത്രയധികം വരുമാനം തൽകുന്ന, ഭാവിയിൽ ഇതിൽ കൂടുതൽ നൽകാൻ സാധ്യതയുള്ള ഉപഭോക്താവ് കൂടിയാണ് സിറിയ/അസദ്. ലിബിയയുമായുള്ള ആയുധക്കരാർ യു.എൻ ഉപരോധം കാരണം റദ്ദാക്കേണ്ടി വന്നതിലൂടെ ഏകദേശം 4 ബില്യൺ ഡോളറിൻറ്റെ നഷ്ടമാണ് റഷ്യക്ക് വന്നത്. അസദ് താഴെ വീണ് റബലുകൾ കയറിയാൽ സ്വാഭാവികമായും അസദിൻറ്റെ 'സഖ്യകക്ഷിയായ' റഷ്യയുമായുള്ള കച്ചവടമായിരിക്കും ആദ്യം അവസാനിപ്പിക്കുക. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന റഷ്യക്ക് താങ്ങാവുന്നതിലപ്പുറമായിരിക്കുമത്. പുടിന് അസദിനെ നില നിർത്തിയാൽ ഈ കച്ചവടം തുടരാം. (യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചാൽ വരാൻ പോവുന്ന പുനർനിർമ്മാണ കരാറുകളും മറ്റും വേറെ) (കടപ്പാട്: Nasirudheen Chennamangallur )

എന്തായാലും അമേരിക്കക്കും, സഖ്യ കക്ഷികൾക്കും ഒന്നര വർഷമായിട്ടും ഭീകര പ്രവർത്തനത്തിനെതിരെ ഒന്നും ചെയ്യാൻ പറ്റാതെ വന്നപ്പോൾ ഐ. സ്. - നെതിരെ നീങ്ങിയതിനു റഷ്യ പ്രശംസ അർഹിക്കുന്നു. 7000 - ലേറെ പേർ റഷ്യയിൽ നിന്ന് ഐസിസ് - ൽ ചേർന്നു എന്നതാണ് റഷ്യൻ ടി. വി. തന്നെ നൽകുന്ന റിപ്പോർട്ടുകൾ. ആദ്യം സൗദിയും, ഖത്തറും, തുർക്കിയുമെല്ലാം ഐസിസ് - നെ പിന്തുണച്ചു. പിന്നീട് ഐസിസ് എണ്ണ കടത്തിയും, ആളുകളെ തട്ടി കൊണ്ടുപോയി മോചന ദ്രവ്യം കൈക്കലാക്കിയും നല്ല സാമ്പത്തിക അടിത്തറ ഉണ്ടാക്കി. ഇപ്പോൾ റഷ്യയുടെ ഇടപെടൽ അവരെ വെറളി പിടിപ്പിച്ചിട്ടുണ്ട്. പഴയ പോലെ അവകാശ വാദങ്ങളുമായി അവരെ അധികം കാണാനില്ല. നേരത്തെ ഐസിസ് - നെ പിന്തുണച്ചിരുന്ന സൗദിയും, തുർക്കിയും ഇപ്പോൾ തീവ്ര വാദ ഭീഷണികൾ നേരിടുന്നു. പല ബോംബ് സ്ഫോടനങ്ങളും ഈ രാജ്യങ്ങളിൽ നടന്നു. തുർക്കിയിൽ തുടർച്ചയായുണ്ടാകുന്ന ബോംബ് സ്ഫോടനങ്ങളും, കൊലകളും അവരുടെ ടൂറിസം രംഗത്തെ തകർത്തു എന്നാണു റിപ്പോർട്ടുകൾ.

ഈയിടെ തുർക്കിയിൽ ഉണ്ടായ റഷ്യൻ അംബാസഡറിൻറ്റെ കൊലപാതകവും, 2017 പുതുവത്സര പിറവിയുടെ രാത്രിയിൽ ഇസ്താൻബൂൾ നിശാ ക്ലബ്ബിലുണ്ടായ വെടി വെയ്പും നിസാര സംഭവങ്ങളല്ലല്ലോ. അത് കൊണ്ട് തുർക്കി ഐസിസ്- നെതിരെയുള്ള റഷ്യൻ ഇടപെടലിനെ സമീപ ഭാവിയിൽ എതിർക്കാൻ വഴിയില്ല. പല ശക്തികൾ ആധിപത്യം നേടാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച് ഐസിസ്- നെതിരെ യോജിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അത് കൊണ്ട് തന്നെ ബാരക് ഒബാമയെ പോലെ ശീത യുദ്ധത്തിൻറ്റെ വിഴുപ്പും പേറി റഷ്യക്കെതിരെ നില കൊള്ളുന്ന നേതാക്കളല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ ആവശ്യം. ഡൊണാൾഡ് ട്രംപ് ഐസിസ് ഭീകരതയെ നേരിടുവാൻ റഷ്യയോട് സഹകരിക്കുവാൻ തയാറാണെങ്കിൽ അതിനെ ലോക ജനതയും, അമേരിക്കൻ ജനതയും സ്വാഗതം ചെയ്യണം. ഐസിസ് സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നതു കൊണ്ട് നിയുക്ത അമേരിക്കൻ പ്രെസിഡൻറ്റ് ലോകമെങ്ങുമുള്ള പുരോഗമനകാരികളായ സ്ത്രീകളെ ഒപ്പം നിർത്തിയാണ് ഐസിസ്- നെതിരെ പൊരുതേണ്ടത്. ഐസിസ്- നെതിരെയുള്ള പോരാട്ടത്തിൽ സ്ത്രീ ശക്തി വളരെ നിർണായകമാണ്. സ്ത്രീ ശക്തി കൂടാതെ കുർദുകളെ പോലെയുള്ള പ്രാദേശിക ശക്തികളെയും ഐസിസ്- നെതിരെയുള്ള പോരാട്ടത്തിൽ ഒന്നിപ്പിക്കേണ്ടിയിരിക്കുന്നു.

ഇസ്‌ലാമിൻറ്റെ പേരിലുള്ള സമീപ കാല ഭീകര പ്രവർത്തനങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.  കാശ്മീരിൽ തീവ്ര വാദികൾ പണ്ഡിറ്റുകളെ അടിച്ചോടിച്ചു. കേരളത്തിൽ ജോസഫ് സാറിൻറ്റെ കൈ വെട്ടി. താലിബാൻ അധികാരത്തിലേറിയപ്പോൾ പതിനായിരത്തിലേറെ സിക്കുകാരെ അഫ്‌ഗാനിസ്ഥാനിൽ നിന്ന് അടിച്ചോടിച്ചു. ജമ്മു കാശ്മീരിൽ പർദ്ദ ധരിക്കാത്ത സ്ത്രീകളുടെ മുഖത്തു ആസിഡ് ഒഴിയ്ക്കുന്നു. ഇന്ത്യയുടെ സഹോദര രാജ്യങ്ങളായ പാക്കിസ്ഥാനിലും, ബംഗ്ളാദേശിലും ന്യൂന പക്ഷങ്ങൾ ഭീതിയുടെ നിഴലിലാണ്. അവിടെ അവർക്കു പല രീതിയിൽ വിവേചനങ്ങൾ നേരിടേണ്ടി വരുന്നു. ഐസിസ് അവർ ആധിപത്യം സ്ഥാപിച്ച പ്രദേശങ്ങളിൽ യെസീദികളോടും, ന്യൂന പക്ഷങ്ങളോടും കാട്ടി കൂട്ടിയ ക്രൂരതകൾ ലോകം മുഴുവൻ കണ്ടതാണ്. ഐസിസ് - കാർ കണ്ണിൽ കാണുന്നവരെ കൊന്നും, കിട്ടിയ പെണ്ണുങ്ങളെ ഒക്കെ ബലാൽസംഗം ചെയ്ത് ലൈംഗീക അടിമകളായി വിൽക്കുകയും ഒക്കെ ചെയ്തപ്പോൾ ഇവിടെ ന്യൂന പക്ഷങ്ങളുടെ വക്താക്കളും, മത നിരപേക്ഷ വാദികളും മിണ്ടാതിരിക്കുക ആയിരുന്നു. മുസ്‌ലീം തീവ്ര വാദികൾ "ഞങ്ങൾക്ക്‌ എന്തും ആവാം; പക്ഷേ ഞങ്ങൾക്കെതിരെ ആരും ഒന്നും ചെയ്തു കൂടാ" എന്ന രീതിയിൽ അവകാശപ്പെടുന്നത് ഒട്ടും ശരിയല്ല. മുസ്‌ലീം തീവ്ര വാദികൾക്ക് കൊല്ലാം; മുസ്‌ലീം തീവ്ര വാദികൾക്ക് നിരോധനം ഏർപ്പെടുത്താം. പക്ഷേ മുസ്‌ലീം തീവ്ര വാദികളെ തൊട്ടാൽ ന്യൂന പക്ഷ പീഡനം എന്ന് അലറി പറയുന്നതിൽ ഒട്ടും ലോജിക് ഇല്ല. സേവ് ഗാസ; സേവ് സിറിയ എന്നൊക്കെ അലറി വിളിച്ചവർ ലോകത്തെല്ലായിടത്തും മനുഷ്യർ പീഢിക്കപ്പെടുമ്പോൾ ശബ്ദിക്കണമായിരുന്നു. ഈജിപ്റ്റിലുള്ള ക്രിസ്ത്യാനികളെ ബുൾഡോസർ കയറ്റി കൊല്ലുമ്പോൾ തീവ്ര വാദികളായ ന്യൂന പക്ഷ സംരക്ഷകർക്കു ന്യായമൊന്നും തോന്നാറില്ല. ബോക്കോ ഹറാം തട്ടിക്കൊണ്ടു പോയ പെൺകുട്ടികളുടെ കാര്യത്തിലും തീവ്ര വാദികളായ ന്യൂന പക്ഷ സംരക്ഷകർക്കു ന്യായമൊന്നും തോന്നാറില്ല.

സൗദി അറേബ്യാ, യു.എ.ഇ. - പോലുള്ള രാജ്യങ്ങളിൽ ഭീകരതയുടെ എന്തെങ്കിലും ബന്ധം ഉണ്ടായാൽ ആരെയും ശിക്ഷിക്കും. സംശയത്തിൻറ്റെ പേരിൽ പോലും ആ രാജ്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരുണ്ട്. ഇന്ത്യക്കാർ വേണ്ടാത്ത പണി ചെയ്താൽ ഇന്ത്യക്കാരേയും പുറത്താക്കും; വിസ നിഷേധിക്കും. യു.എ.ഇ. അങ്ങനെ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്ന കേവല സംശയത്തിൻറ്റെ പേരിൽ തന്നെ മലയാളികളടക്കം പലരെയും പുറത്താക്കി. അമേരിക്കയിലെ 9/ 11 ആക്രമണത്തിലെ 19 പേരും മുസ്ലീങ്ങൾ ആയിരുന്നു. അതിൽ 15 പേര് സൗദിക്കാരായിരുന്നു. പക്ഷെ അതിനു മുസ്‍ലീം തീവ്രവാദികൾക്ക് പങ്കില്ലെന്നു വരെ ഇവിടെ വാദമുണ്ട്. കാശ്മീരിലായാലും, പാരീസിലായാലും, ബ്രസ്സൽസിലായാലും ലോകത്തെവിടെയൊക്കെ ഇസ്‌ലാം എന്ന മതത്തിൻറ്റെ പേരിൽ ഭീകരാക്രമണമുണ്ടാക്കുന്നത് ഒരു രീതിയിലും ന്യായീകരിക്കുവാൻ സാധിക്കുകയില്ല.

അത് കൊണ്ട് തന്നെ അൽഖൈദ, ISIS തുടങ്ങിയ ഭീകരർ വരുന്ന രാജ്യക്കാരെ അമേരിക്ക നിരോധിച്ചപ്പോൾ അത് ഒരു രീതിയിലും മുസ്‌ലിം നിരോധനം ആവില്ല. അത് കൊണ്ട് തന്നെ പുതിയ അമേരിക്കൻ പ്രെസിഡൻറ്റ്‌ ഡൊണാൾഡ് ട്രംപിനെയോ, റഷ്യൻ പ്രെസിഡൻറ്റ്‌ വ്ലാഡിമിർ പുടിനെയോ, യൂറോപ്പിലെ വലതു പക്ഷ കക്ഷികളെയോ കുറ്റം പറയുന്നതിലോ, അവരെ മുസ്‌ലിം വിരുദ്ധരാക്കുന്നതിലോ യാതൊരു യുക്തിയുമില്ല. മറ്റുള്ളവരെ കുറ്റം പറയുന്നതിന് പകരം തങ്ങളുടെ മതത്തിൻറ്റെ പേരിലുള്ള ഭീകരതയ്ക്കെതിരെ തങ്ങളാൽ ആകുന്ന വിധം പോരാടാനാണ് സമാധാന പ്രിയരായ എല്ലാ മുസ്‌ലീം സഹോദരന്മാരും ചെയ്യേണ്ടത്. പുതിയ അമേരിക്കൻ പ്രെസിഡൻറ്റ് ഡൊണാൾഡ് ട്രംപ് ഭീകരത വിരുദ്ധ പോരാട്ടത്തിനൊപ്പം ലോകമെങ്ങുമുള്ള മുസ്ലീം ജനതയുടെ വിശ്വാസം ആർജിക്കേണ്ട പ്രവർത്തനങ്ങളും തുടങ്ങേണ്ടിയിരിക്കുന്നു. അങ്ങനെ വന്നാലേ ശാശ്വതമായ സമാധാനം നില നിൽക്കൂ.