2017 ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

സണ്ണി ലിയോണിനെ കല്ലെറിയുമ്പോൾ....

ഇന്ന് കൊച്ചിയിലെത്തിയ ബോളിവുഢ് നടി സണ്ണി ലിയോണിനെ കാണാൻ മനുഷ്യർ  മരത്തിലും, കെട്ടിടത്തിലും വരെ അള്ളിപ്പിടിച്ച് കയറിയിരുന്നു. വസ്തമുരിഞ്ഞ്, നഗ്നത കാട്ടി, നീല പടങ്ങളിലൂടെ യുവാക്കളുടെ മൃദുല-ലൈംഗിക വികാരങ്ങള്‍ ചൂഷണം ചെയ്ത സണ്ണി ലിയോണിനെ സദാചാര വാദികൾ പുളിച്ച തെറി വിളിക്കും. ഒറ്റയ്ക്ക് ഒരിക്കലും ഒരു അഭിസാരിക ഉണ്ടാകാറില്ലാ എന്ന കാര്യം ഈ സദാചാര വാദികളൊക്കെ മറക്കുന്നു. സണ്ണി ലിയോണിൻറ്റെ കൂടെ അഭിനയിച്ച ആണുങ്ങളെ പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ ആരും തെളി വിളിക്കാറുമില്ല. നാട്ടുകാരെ മൊത്തം സദാചാരം പഠിപ്പിക്കാൻ നടക്കുന്ന പലരുടെയും വ്യക്തിപരമായ സദാചാരം വളരെ മോശമാണ് എന്ന് ആർക്കാണ് അറിയാത്തത്? സദാചാര വാദികളുടെ ഇൻറ്റെർനെറ്റ് ബ്രൗസിങ് ഹിസ്റ്ററിയും, വാട്സ്അപ് ഹിസ്റ്ററിയും വളരെ മോശം തന്നെ.

സത്യത്തിൽ സെക്സിന് അടിമപ്പെട്ടവരല്ലേ ഭൂമിയിലെ മഹാ ഭൂരിപക്ഷം മനുഷ്യരും? താരാശങ്കർ ബാനർജിയുടെ പ്രസിദ്ധമായ 'ആരോഗ്യ നികേതൻ' നോവലിൽ മകന് വൈദ്യോപദേശം കൊടുത്തുകൊണ്ട് അച്ഛൻ ജഗത് ബന്ധു മശായ് പറയുന്നത് ശ്രദ്ധിക്കുക: "ആരോടും ദേഷ്യപ്പെടരുത് മകനേ. മനുഷ്യൻ കാമത്തിൻറ്റെ, പ്രശസ്തിയുടെ, പണത്തിൻറ്റെ ഒക്കെ അടിമകളാണ്." മകനും, പ്രശസ്ത വൈദ്യനുമായ ജീവൻ മശായ് അത് സ്വന്തം ചികിത്സാ ജീവിതത്തിലൂടെ തിരിച്ചറിയുകയും ചെയ്തു. രോഗികളോട്‌ ഇന്ന ഭക്ഷണം കഴിക്കരുതെന്ന് പറഞ്ഞാൽ രോഗികൾ അത് തന്നെ പോയി കഴിക്കും. മദ്യം ഉപയോഗിക്കരുതെന്നു പറഞ്ഞാലും അവർ മദ്യം കുടിക്കും. വേശ്യാ സംസർഗ്ഗത്തിലൂടെയും, മദ്യാസക്തിയിലൂടെയും പ്രശസ്ത വൈദ്യനായ ജീവൻ മശായുടെ മകൻ തന്നെ യൗവനത്തിൽ മരണത്തിന് അടിമപ്പെട്ടു.

ആഹാരം, വസ്ത്രം, പാർപ്പിടം പോലെ തന്നെ മനുഷ്യന് ഒഴിവാക്കാൻ പറ്റാത്തതല്ല സ്സെക്സ്. ജീവിക്കുമ്പോൾ വികാരങ്ങൾക്ക് അടിമപെടണം എന്ന് ഒരു നിർബന്ധവുമില്ല. വിവാഹം കഴിക്കണമെന്നോ, കുടുംബ ജീവിതം നയിക്കണമെന്നോ, അതോ ബ്രഹ്മചര്യം പാലിക്കണമെന്നോ - എന്നൊക്കെയുള്ളത് ഓരോ വ്യക്തിയുടെ മാത്രം താൽപര്യമാണ്. ലൈങ്ങികതയിലല്ല, മനുഷ്യൻറ്റെ എല്ലാ പ്രവർത്തികളിലും ഒരു മോഡറേഷൻ ഒക്കെ വേണം - അത് ഭക്ഷണത്തിൻറ്റെ കാര്യത്തിലാണെങ്കിലും, ഉറക്കത്തിൻറ്റെ കാര്യത്തിലാണെങ്കിലും, ശാരീരിക അദ്ധ്വാനത്തിൻറ്റെ കാര്യത്തിലാണെങ്കിലും. “Body Calls for Moderation in Everything”  - എന്നാണ് വളരെ പ്രസിദ്ധനായ കുലപതിയായ ഡോക്റ്റർ ഒരിക്കൽ എന്നോട് പറഞ്ഞത്.

ജീവിക്കുമ്പോൾ വികാരങ്ങൾക്ക് അടിമപെടണം എന്ന് പറയുന്നവർ കാട്ടിൽ ജീവിക്കുന്ന ആദിവാസികളേയും സാധാരണ ജീവിതം നയിക്കുന്ന കർഷകരേയും നോക്കണം. അവർക്ക് സെക്സ് ഇത്ര വലിയ സംഭവം അല്ല. മനുഷ്യൻറ്റെ ജന്തു സഹജമായ ഒരു വികാരമാണ് ലൈംഗിക വികാരം. പക്ഷെ  ജന്തുക്കൾക്ക് ഇക്കാര്യത്തിൽ മനുഷ്യന് ഇല്ലാത്ത ഒരു നിയന്ത്രണമുണ്ട്.  ജീവിതത്തിൽ സെക്സിന് ഇത്ര മാത്രം പ്രാധാന്യം ഉണ്ടെങ്കിൽ മനുഷ്യരേക്കാൾ ശക്തിയുള്ള പല മൃഗങ്ങളും എപ്പോഴും സെക്സിൽ ഏർപ്പെടണമല്ലോ. മൃഗങ്ങളിൽ Mating Season - ൽ മാത്രമാണ് സെക്സിനോട് അഭിനിവേശം. ആധുനിക മനുഷ്യരിൽ സെക്സ് ഇത്ര വലിയ സംഭവം ആയത് കണ്ടമാനം Projection ഉള്ളത് കൊണ്ടാണ്. അതാണ് ആധുനിക ലോകത്ത് വേശ്യാ വൃത്തി പെരുകുന്നതും, കേരളത്തിലും, ഇന്ത്യയിലും ഇപ്പോൾ ലൈംഗിക കുറ്റ കൃത്യങ്ങൾ വർദ്ധിക്കുന്നതും. സെക്സിൽ ഏർപ്പെടാതെ എത്രയോ പേർ ജീവിക്കുന്നു. അവർക്കൊക്കെ എന്തെങ്കിലും കുഴപ്പമുണ്ടോ? പിന്നെ വാക്കിലും ചിന്തയിലും സെക്സ് മയം ആയാൽ കുഴപ്പങ്ങൾ വരും. സണ്ണി ലിയോണിൻറ്റെയും, സരിത എസ്. നായരുടെയും ക്ലിപ്പുകൾ കണ്ട് മനുഷ്യൻ ഓരോന്നു ചിന്തിച്ചു കൂട്ടുകയാണെങ്കിൽ പ്രശ്നം വരും. അത് അവനവൻ ഉണ്ടാക്കുന്ന കുഴപ്പം ആണ്. അതിൻറ്റെ ഉത്തരവാദിത്ത്വവും അവനവനു തന്നെ ആണ്.

മതത്തിൻറ്റെയും, പ്രേതങ്ങളുടെയും പേരിലുള്ള തട്ടിപ്പുകാർ

മതത്തിൻറ്റെയും, പ്രേതങ്ങളുടെയും പേരിൽ തട്ടിപ്പുകാർ ഇപ്പോൾ കേരളത്തിൻറ്റെ മുക്കിലും, മൂലയിലും കാണാം. ഇഷ്ടം പോലെ ആളുകൾ പല സ്ഥലത്തായി ബാധ ഒഴിപ്പിക്കാനും, ജിന്നിറക്കലിനും പോകുന്നുണ്ട്. ക്രിസ്ത്യാനികളിൽ അതു ദുഷ്ടാരൂപികൾ ആകുന്നു എന്നേയുള്ളൂ. ഇഷ്ടം പോലെ ആളുകൾ പല സ്ഥലത്തായി ചാത്തൻ സേവക്കും, ഏലസ്സ് കേട്ടുന്നതിനും, ചരട് കെട്ടുന്നതിനും വേണ്ടി പോകുന്നുണ്ട്. എല്ലാ മതങ്ങളിലും പെട്ട ആളുകൾ ഇങ്ങനെ തന്നെ. കേരളത്തിൽ ഇപ്പോൾ ഒരു മതക്കാരും ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കുന്നതിലും, അന്ധ വിശ്വാസങ്ങൾ പിന്തുടരുന്നതിലും മോശക്കാരല്ല.

കേരളത്തിൽ ഇപ്പോൾ മതത്തിൻറ്റെ പേരിൽ എന്തൊക്കെ ശബ്ദ കോലാഹലങ്ങൾ ആണ് ലൗഡ് സ്പീക്കറിലൂടെ സാധാരണ ജനങ്ങൾ കേൾക്കുന്നത്? അമ്പലത്തിൽ പാട്ടു വെക്കുന്നു. പെക്കോസ്തുകാരും, ധ്യാന കേന്ദ്രങ്ങളും കൈകൊട്ടി പാട്ടും, ഹല്ലേലൂയാ വിളിയും. കൂട്ടത്തിൽ പ്രെയ്സ് ദ ലോർഡ് എന്നു കൂടി തൊണ്ട കാറി അലറുന്നു. മസ്ജിദിൽ ബാങ്ക് വിളി. ഇതൊക്കെ കൂടാതെ രാമായണ പാരായണം; ഖുറാൻ ഓത്ത്; ബൈബിൾ പാരായണം; ഭാഗവത പാരായണം - അങ്ങനെ പല ശബ്ദ കോലാഹലങ്ങൾ. ഇതെല്ലാം ലൗഡ് സ്പീക്കറിലൂടെ മനുഷ്യൻറ്റെ ചെവി പൊട്ടുന്നത് പോലെയാണെന്ന് ഓർക്കണം!!! "നിൻറ്റെ തലമുടി നാരിഴ പൊഴിയുന്നത് പോലും ഞാനറിയുന്നു" എന്നു ബൈബിളിൽ പറയുന്ന ദൈവത്തിനു കേൾക്കാൻ വേണ്ടിയാണല്ലോ ഈ ശബ്ദ കോലാഹലങ്ങൾ എല്ലാം എന്ന് ഓർക്കുമ്പോൾ സുബോധമുള്ള ആർക്കും ഈ പണി ചെയ്യുന്നവരോട് സഹതപിക്കാനും, പരിതപിക്കുവാനുമേ സാധിക്കുള്ളൂ.

അക്രമത്തിനും, സ്വാർത്ഥതയ്ക്കും അടിമപ്പെട്ട മനുഷ്യർ തങ്ങളുടെ ആത്മീയമായ അസ്തിത്വം മറക്കുമ്പോൾ അവർക്കു കൂട്ടാകുകയാണ് മതങ്ങളെല്ലാം. വംശീയതയുടേയും, മതത്തിൻറ്റെയും പേരിൽ കുത്തി തിരിപ്പു നടത്തുന്നവരും, പ്രകൃതി ശക്തികളെ ആദരിക്കാത്തവരും, സെക്സിന് അടിമപ്പെട്ടവരും ഒക്കെയാണ് ഭൂമിയിലെ മഹാ ഭൂരിപക്ഷം മനുഷ്യരും. ഇന്ത്യയിൽ തന്നെ നോക്കൂ: ജാതിയുടെയും, മതത്തിൻറ്റെയും പേരിൽ കുത്തിത്തിരിപ്പു നടത്തുന്നവരാണ് ഇവിടുത്തെ മിക്ക രാഷ്ട്രീയ പാർട്ടികളും, മതങ്ങളും.

ഇതിനെ കുറിച്ചൊക്കെ പരാതി ആരോട് പറയും? മത ബോധം അങ്ങേയറ്റം കൂട്ടിയിരിക്കുക അല്ലേ ഇപ്പോൾ? ധ്യാന ഗുരുക്കൻമാർക്കും, ആൾ ദൈവങ്ങൾക്കും, ഉസ്താദുമാർക്കും വേണ്ടി കൊല്ലാനും, മരിക്കാനും തയാറായ മനുഷ്യർ ഉള്ളപ്പോൾ ആരോട് പരാതി പറയും? മന്ത്രിമാരും, ഉദ്യോഗസ്ഥ പ്രമുഖരും, പണ ചാക്കുകളും ഇത്തരക്കാരുടെ കാൽക്കൽ വീഴുമ്പോൾ സാധാരണ മനുഷ്യൻറ്റെ സൊര്യ ജീവിതത്തിന് എന്തു പ്രസക്തി?

മതത്തിൻറ്റെ പേരിൽ മനുഷ്യനെ തമ്മിൽ തല്ലിക്കുവാൻ നോക്കുന്നുണ്ടെങ്കിലും കാശിൻറ്റെ കാര്യം വരുമ്പോൾ എല്ലാ മത നേതാക്കളും ഒറ്റ കേട്ടാണ്. എല്ലാ തീർഥാടന കേന്ദ്രങ്ങളിലും നടക്കുന്നത് പിടിച്ചു പറി തന്നെ. നേരത്തേ റിസർവ് ബാങ്ക് ആരാധനാലയങ്ങളിലെ സ്വർണത്തിൻറ്റെ കാര്യത്തിൽ കണക്കെടുപ്പ് വേണം എന്ന് പറഞ്ഞപ്പോൾ എല്ലാ മത നേതാക്കളും ഒന്നിച്ച് എതിർത്തു. കണക്കെടുപ്പിനെ പോലും ഭയപ്പെടുന്നവരാണ് സന്ഖടിത മതങ്ങളും, ജാതി സന്ഖടനകളും. കണക്കെടുപ്പ് ഒന്നും ഇല്ലാതെ പിരിച്ചാലല്ലേ പള്ളി കമ്മിറ്റികൾക്കും, അമ്പലം കമ്മിറ്റികൾക്കും കയ്യിട്ടു വാരാൻ പറ്റുകയുള്ളൂ.  ഇതൊന്നും മനസ്സിലാക്കാത്ത നിഷ്കളങ്കരായ വിശ്വാസികളുടെ കാര്യമാണ് കഷ്ടം - അവർ ഏതു മതത്തിൽ പെട്ടവർ ആണെങ്കിലും.

ഞാൻ ഇന്ത്യയിലെ പല പ്രമുഖമായ ക്ഷേത്രങ്ങളിലും  തീർഥാടനാ കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. അവിടെ ഒക്കെ പിടിച്ചു പറിക്കാരെയാണ് നേരിട്ട് കണ്ടിട്ടുള്ളത്. ഹരിദ്വാറിൽ ഗംഗ കാണാൻ പോയാൽ അവർ നമ്മളെ നിർബന്ധിച്ച് ബലി ഇടീപ്പിക്കാൻ നോക്കും. അവരുടെ ഒക്കെ കയ്യിൽ നിന്ന് രക്ഷപെട്ടു പോകാൻ നല്ല സാമർത്ഥ്യം വേണം. പിന്നെ പല അമ്പലങ്ങളിലും ചെല്ലുംബോഴേ അവർ പ്രസാദം തൊടുവിക്കും. പിന്നെ കാശിനായിട്ടു കൈ നീട്ടും. കൊടുക്കാതിരിക്കാൻ പറ്റുമോ? കുറെ നാൾ മുമ്പ് കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോയപ്പോൾ ഒരു പണ്ടിറ്റിൻറ്റെ  വലയിലായിപ്പോയി. വെറുതെ ആ സ്ഥലമൊക്കെ ഒന്ന് കാണാൻ പോയ എന്നെ അവർ ഒത്തിരി പിഴിഞ്ഞു. അഞ്ഞൂറും, ആയിരത്തിൻറ്റെയും നോട്ടിൻറ്റെ കെട്ടുകളാണ് ചില ബ്രാഹ്മണ പുരോഹിതരുടെ കയ്യീൽ. ക്രിസ്ത്യൻ പള്ളികളും ഇത്തരത്തിൽ കാശ് പിരിക്കുന്നതിലും, വിശ്വാസികളെ പിഴിയുന്നതിലും മോശക്കാരല്ല.

എളിമ, വിനയം, സത്യ സന്ധത, സാമൂഹ്യ സേവനം - ഇവയൊക്കെയാണ് ഏതു മതത്തിൻറ്റെയും അന്ത സത്ത. ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച ഏതെങ്കിലും ഒരു വ്യക്തിയുടെ പേരിലാണ് ലോകത്തെ എല്ലാ മതങ്ങളും ആവിർഭവിച്ചിട്ടുള്ളത്. പക്ഷെ ആ വ്യക്തിയുടെ മരണ ശേഷം അനേക വർഷങ്ങൾ കഴിയുമ്പോഴാണ് ആ വ്യക്തിയുടെ പേരിലുള്ള മതം ഒരു സംഘടനാ രൂപം കൈവരിക്കുന്നത്. ബുദ്ധ മതവും, ക്രിസ്തു മതവും തന്നെ ഉദാഹരണങ്ങൾ. ശ്രീ ബുദ്ധൻറ്റെയും, ക്രിസ്തുവിൻറ്റെയും മരണ ശേഷം - നൂറ്റാണ്ടുകൾക്കു ശേഷം മാത്രമാണ് അവരുടെ പേരിലുള്ള മതം ഒരു സംഘടനാ രൂപം കൈവരിക്കുന്നത്. ഭക്തിക്കും, ആത്മാർധതക്കും, സത്യസന്ധതക്കും, ആത്മീയാനുഭവത്തിനും ഒരു പഠിത്തത്തിൻറ്റെയും, ഒരു മതത്തിൻറ്റെയും ആവശ്യമില്ല. ഹൃദയ ശുദ്ധി മാത്രം മതി. അതാണ് "ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; എന്തു കൊണ്ടെന്നാൽ അവർ ദൈവത്തെ കാണും" എന്ന് ക്രിസ്തു പറഞ്ഞത്. രാമകൃഷ്ണ പരമഹംസൻ നിരക്ഷരനായിരുന്നു. അദ്ദേഹമാണ് വിവേകാനന്ദനെ സൃഷ്ടിച്ചത്. തുക്ലയിലെ ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച പീർ മുഹമ്മദ് സാഹിബ് അന്ധനും ആയിരുന്നു.

"മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന് നാരായണ ഗുരു പറഞ്ഞത്. എല്ലാ മതങ്ങളുടെയും അന്ത സത്ത ഒന്നു തന്നെയാണ്. പിന്നെ, ആരാധനയിലും, മത പുരോഹിതന്മാരുടെ ഭാഷയിലും വേഷത്തിലും ഒക്കെ വിത്യാസം കാണാം. അതിൽ വലിയ പ്രാധാന്യം ഒന്നുമില്ല. അവനവനിലും, മറ്റുള്ളവരിലും ഈശ്വരനെ ദർശിക്കുവാൻ സാധിക്കുക - അതാണ് ഏറ്റവും വലിയ കാര്യം. ശ്രീ നാരായണ ഗുരു കണ്ണാടി പൂജ നടത്തിയത് അതിനു വേണ്ടിയാണ്. “The Kingdom of God is within You” അല്ലെങ്കിൽ "സ്വർഗ്ഗ രാജ്യം നിൻറ്റെ ഉള്ളിൽ തന്നെയാണ്" എന്ന് ക്രിസ്തു പറഞ്ഞത് ഇതു കൊണ്ടാണ്. ഉള്ളൂർ പ്രേമ സംഗീതത്തിൽ പറയുന്നത് ശ്രദ്ധിക്കുക:
 "പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !"

2017 ഓഗസ്റ്റ് 14, തിങ്കളാഴ്‌ച

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ

രാജ്യം നാളെ എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങളുടെ മൊത്തം ശോഭ കെടുത്തുന്നതായിപ്പോയി ഉത്തർ പ്രദേശിലെ ഗോരഖ്പൂറിൽ നിന്നുള്ള ശിശുമരണത്തെ കുറിച്ചുള്ള വാർത്തകൾ എന്ന് നിഷ്പക്ഷമതികൾക്ക് സമ്മതിക്കാതെ വയ്യാ. ഇതെഴുമ്പോൾ മരണം 72 കവിഞ്ഞു. ഇനിയും മരണനിരക്ക് കൂടാനാണ് സാധ്യത. അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് ഉത്തർ പ്രദേശിലെ ഗോരഖ്പൂറിൽ നടന്നത്. ഈ സംഭവത്തിന് ഉത്തരവാദികളായ കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടുകയും വേണം. പക്ഷെ ഇതു വല്ലതും നടക്കുമോ? ഈ സംഭവത്തിൽ പ്രതികരിക്കുന്ന മിക്കവർക്കും രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. രാഷ്ട്രീയ ലക്ഷ്യങ്ങൾ മാറ്റി നിർത്തി രാജ്യം എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ എന്തുകൊണ്ട് പൊതുജനാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ, ഇൻഫ്രാസ്ട്രക്ചർ വികസനങ്ങൾ - ഇവ ഈ രാജ്യത്തിൻറ്റെ പല പ്രദേശങ്ങളിലും നടക്കുന്നില്ല എന്നതിനെ കുറിച്ച് ഗൗരവ പൂർണവും, ആരോഗ്യകരവും ആയ ചർച്ചകൾ ആണ് നടക്കേണ്ടത്. ഒപ്പം ഇതൊക്കെ പരിഹരിക്കുവാനുള്ള ക്രിയാത്മകമായ നിർദേശങ്ങളും കൂടി വരേണ്ടതുണ്ട്.

ഉത്തർ പ്രദേശിലെ ഉധം സിങ് നഗർ, ബാഗ്പെട്ട്, വാരാണസി, ഹരിദ്വാർ, ഫരീദാവാദ്, ദാദ്രി - ഇവിടെയൊക്കെ പലവട്ടം സന്ദർശിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിൽ ഉത്തർ പ്രദേശിലെ ഗോരഖ്പൂറിൽ നിന്നുള്ള ശിശുമരണത്തെ കുറിച്ചുള്ള വാർത്തകൾ എന്നിൽ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല എന്ന് പറയുന്നതാണ് യാഥാർഥ്യം. ഇതിപ്പോൾ പറയുന്നത് വളരെ ക്രൂരമാണെന്ന് അറിയാഞ്ഞിട്ടല്ല ഇതു പറയുന്നത്. പക്ഷെ പച്ചയായ യാഥാർഥ്യം നാം ചിലപ്പോഴൊക്കെ അംഗീകരിക്കണം. കുറെ നാൾ മുമ്പ് മലയാള നടൻ സുരാജ് വെഞ്ഞാറമ്മൂട് മിമിക്രി പരിപാടിയുടെ ഭാഗമായി ഉത്തർ പ്രദേശിൽ പര്യടനം നടത്തിയതും അലഹബാദിനടുത്തുവെച്ചു വാഹനം അപകടത്തിലായി അലഹബാദ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തതിനെ കുറിച്ചും എഴുതി. ഡോക്ടർമാരുടെ പരിചരണകുറവ് മൂലം കൂട്ടത്തിലൊരാളുടെ കാൽ മുറിച്ചു മാറ്റേണ്ടതായി വന്നു. സുരാജ് വെഞ്ഞാറമ്മൂടിനും ഭയമുണ്ടായിരുന്നു - തൻറ്റെ കാലും പോകുമോ എന്ന കാര്യത്തിൽ. ഡോക്ടർമാരോട് സംവദിക്കാനാണെങ്കിൽ ഹിന്ദിയും, ഇംഗ്ളീഷും അറിയാത്തതു കൊണ്ട് ഒരു രക്ഷയുമില്ല. അവസാനം ഡോക്ടർമാരെ കാണുമ്പോൾ തന്നെ "മേരാ കാൽ" എന്നലറി വിളിച്ച് കരയാൻ തുടങ്ങി. അവസാനം അലഹബാദ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കാര്യം മനസിലായി. ഡോക്ടർമാർക്ക് കാര്യം മനസിലായത് കൊണ്ടാണോ, ദൈവ കൃപയാണോ എന്നറിയില്ല - അവസാനം സുരാജ് വെഞ്ഞാറമ്മൂടിന് കാലു പോകാതെ നാട്ടിൽ തിരിച്ചെത്തുവാൻ സാധിച്ചു!!!!

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാത്ത ഉത്തർ പ്രദേശിലെ പോലെയുള്ള സംസ്ഥാനങ്ങളിലെ തീർത്തും ശോചനീയമായ പൊതുജനാരോഗ്യ പ്രശ്നമാണ് സുരാജ് വെഞ്ഞാറമ്മൂടിൻറ്റെ അനുഭവ കഥയിലൂടെ വെളിപ്പെടുന്നത്. കുറെ നാൾ മുമ്പ് ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യുട്ടിലെ മുൻ ഡയറക്ടർ ഡോക്ടർ വല്യത്താനുമായി ദീർഘമായ ഒരു ടെലിവിഷൻ ഇൻറ്റെർവ്യൂ സംപ്രേക്ഷണം ചെയ്തിരുന്നു. അപ്പോൾ  ഡോക്ടർ വല്യത്താൻ പറഞ്ഞത് ആഫ്രിക്കൻ രാജ്യങ്ങളിൽ വരെ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട ആരോഗ്യ സൂരക്ഷാ പദ്ധതികൾ ഉണ്ടെന്നാണ്!!! നമ്മുടെ കർഷക ആത്മഹത്യകളുടെ ഒരു പ്രധാന കാരണം ആരോഗ്യ സൂരക്ഷാ പദ്ധതികൾ ഇല്ലാത്തതു കൊണ്ടെന്നാണ് എന്നും ഡോക്ടർ വല്യത്താൻ പറഞ്ഞു. രോഗം വരുമ്പോൾ ചികിത്സിക്കാൻ കർഷകർ ഭൂമി പണയപ്പെടുത്തി വായ്പയെടുക്കും. പിന്നീടവർക്കു പണം തിരിച്ചടയ്ക്കാൻ മാർഗമില്ല. കർഷക ആത്മഹത്യകൾ ഇന്ത്യയിൽ പെരുകാൻ മറ്റെന്തു കാരണം വേണം?

സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ പ്രൊഫെസ്സർ അമർത്യ സെൻ പറയുന്നത് ബംഗ്ളാദേശ് പോലും മാനുഷ്യക വിഭവ ശേഷിയുടെ കാര്യത്തിൽ ഇന്ത്യയേക്കാൾ പുരോഗമനം നേടി എന്നാണ്.  2014 - ൽ ഇന്ത്യയുടെ GDP - ൽ നിന്ന് ആരോഗ്യ രംഗത്തിന് കിട്ടിയിരിക്കുന്ന തുക കേവലം 1.4  ശതമാനം മാത്രമാണ്. അതേസമയം യൂറോപ്യൻ വെൽഫെയർ സ്റ്റെയ്റ്റുകളിൽ മുമ്പിൽ നിൽക്കുന്നത് സ്കാൻഡിനേവിയൻ രാഷ്ട്രങ്ങളിലെ കണക്കുകൾ വ്യത്യസ്തങ്ങളാണ്. തൊട്ടിൽ തൊട്ടു ശ്മശാനം വരെ പൗരൻറ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് സുരക്ഷ ഒരുക്കുന്ന ഈ ക്ഷേമ രാഷ്ട്രങ്ങളിൽ ഒന്നായ ഡെന്മാർക്കിൽ 2014 - ൽ ആരോഗ്യ രംഗത്തിന് GDP - ൽ നിന്ന് കിട്ടിയിരിക്കുന്ന തുക 9.2  ശതമാനം ആണ്. സ്വീഡന് 10  ശതമാനവും. നമ്മുടെ പൊതുജനാരോഗ്യ രംഗം ശോചനീയമാകുവാൻ മറ്റെന്തു വേണം? സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോക്ടർ രാകേഷ് മോഹൻ പൊതുജനാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം - ഇവയെ മാറി മാറി വരുന്ന സർക്കാരുകൾ അവഗണിച്ചതിനെ 'ക്രിമിനൽ നെഗ്ളെക്റ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതെഴുതുന്ന ആൾക്കും അത് തന്നെയാണ് തോന്നുന്നത്. സാമ്പത്തിക രംഗത്തെ ഈ അവഗണന കൂടാതെയാണ് നമ്മുടെ എല്ലാ മേഖലകളിലും കണ്ടു വരുന്ന കൊടിയ അഴിമതി കൂടി പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നത്. ഗോരഖ്പൂറിലെ ശിശുമരണം തന്നെ ഓക്സിജൻ സിലിണ്ടർ സപ്ളൈ നടത്തുന്ന കോൺട്രാക്റ്ററെ മാറ്റിയത് കൊണ്ടാണെന്നാണ് ചില റിപ്പോർട്ടുകൾ. സാധാരണ മാറി മാറി വരുന്ന സർക്കാരുകൾ ഇങ്ങനെ സപ്ളൈയർമാരെ മാറ്റുന്നത് തന്നെ കോഴ വാങ്ങിക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനാണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്?

സത്യത്തിൽ നമ്മുടെ വികസന രംഗത്ത് നമുക്കെവിടെയാണ് പാളിച്ചകൾ സംഭവിച്ചത്? 1947-ലെ വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സർക്കാർ ആണ് നെഹ്റു സർക്കാർ. അതിനോട് താരതമ്യപെടുത്തുമ്പോൾ ഇന്നത്തെ യൂറോപ്പ്യലെ രാജ്യങ്ങൾ പോലും സിറിയൻ അഭയാർഥി പ്രശ്നം നേരിടുന്ന രീതി പോലും എത്രയൊ നിസ്സാരം. ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ  - ഇതെല്ലാം നെഹ്റു സർക്കാരിൻറ്റെ കാലത്തുണ്ടായതാണ്. അതും കൂടാതെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാന്റ്റ്, ഭക്രാ നന്ഗൽ ഡാം - ഇവയൊക്കെ നെഹ്റു യാധാർത്യമാക്കിയ ബ്രിഹത് പദ്ധതികളായിരുന്നു. അതും കൂടാതെയാണ് ഒരു കോടി അഭയാർഥികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടായിട്ട് ഒരു വലിയ വർഗീയ കലാപം പോലും വരാതെ ഇന്ത്യയെ പരിപാലിച്ചു എന്ന നെഹ്രുവിന്റ്റെ ഉജ്ജ്വല നേട്ടം. ഇതുകൊണ്ടെക്കെ തന്നെ നമ്മുടെ ഒന്നാമത്തെ പ്രധാന മന്ത്രിയുടെ വികസനത്തിന് വേണ്ടിയുള്ള ആത്മാർത്ഥതയും, അർപ്പണ ബോധവും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ഒന്നാണ്. 1910 മുതൽ സ്വാതന്ത്രം കിട്ടുന്നത് വരെയുള്ള ത്യാഗനിർഭരമായ 37 വർഷത്തെ സ്വാതന്ത്രസമര പോരാട്ടമായിരുന്നു നെഹ്റുവിൻറ്റേത്. ഒൻപത് തവണയായി 3259 ദിവസത്തെ ജയിൽ ജീവിതം. ബ്രിട്ടീഷ് സർക്കാരിൻറ്റെ കൊടിയ മർദ്ദനം ഒക്കെ നേരിട്ട് രാജ്യ സ്വാതന്ത്ര്യത്തിന് പൊരുതുമ്പോൾ പോലും ജയിലിലിരുന്ന്‌ 'ഡിസ്കവറി ഓഫ് ഇന്ത്യ' എന്ന പുസ്തകം എഴുതിയ അദ്ദേഹം തീർച്ചയായും വികസന സങ്കൽപ്പങ്ങളിൽ ദീർഘ വീക്ഷണമുള്ള ഒരാളായിരുന്നു.

നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയും, 1950 ഡിസംബർ പതിനഞ്ചാം തീയതി ഹൃദയാഖാതം മൂലം മരിച്ച പട്ടേലും, സ്വാതന്ത്ര്യം കിട്ടിയ ഓഗസ്റ്റ് 15, 1947 മുതൽ 1964 മെയ് 27 വരെ തുടർച്ചയായി 17 വർഷം രാജ്യം ഭരിച്ച നെഹ്രുവും, പിന്നീട് ഭരണത്തിൽ വന്ന ലാൽ ബഹാദൂർ ശാസ്ത്രിയും, ഭരണ ഘടനാ ശിൽപിയുമായ ഡോക്റ്റർ അംബേദ്കറുമെല്ലാം രാജ്യത്തിൻറ്റെ വികസനത്തെ കുറിച്ച് ദീർഘ വീക്ഷണമുള്ള ആളുകൾ തന്നെയായിരുന്നു. ഈ രാഷ്ട്രശിൽപികളെല്ലാം ഉണ്ടായിട്ടു കൂടി എന്തുകൊണ്ട് പൊതുജനാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ, ഇൻഫ്രാസ്ട്രക്ചർ വികസനങ്ങൾ - ഇവ ഈ രാജ്യത്തിൻറ്റെ പല പ്രദേശങ്ങളിലും ചെന്നെത്തിയില്ല എന്നത് അങ്ങേയറ്റം ഗൗരവപൂർണമായ ചിന്തിക്കേണ്ട ഒരു കാര്യമാണ്. “Education and Health can wait; but not food production” എന്നാണ് രാജ്യത്തു ഹരിത വിപ്ലവം സൃഷ്ടിക്കുന്നതിന് മുൻപ് പ്രധാനമന്ത്രിയായ ശ്രീമതി ഇന്ദിരാ ഗാന്ധി പറഞ്ഞത്. നേരത്തേ അമേരിക്കൻ പ്രെസിഡൻറ്റായ ലിൻഡൻ ജോൺസണിൻറ്റെ മുമ്പിൽ ഭക്ഷ്യ ധാന്യങ്ങൾക്കു വേണ്ടി കേഴേണ്ട അവസ്ഥയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടേത്. ബാങ്കുകളെ ദേശസാൽക്കരിച്ചും, മുൻ നാട്ടു രാജ്യങ്ങളിലെ രാജാക്കന്മാരുടെ 'പ്രിവി പേഴ്‌സ്' നിർത്തലാക്കിയതിലൂടെയും ശക്തമായ ഭരണം തന്നെയായിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധി കാഴ്ച വെച്ചത്.

1971-ലെ ബംഗ്ളാദേശ് വിമോചനത്തിന് വേണ്ടിയുള്ള യുദ്ധത്തിലൂടെ ഇന്ദിരാ ഗാന്ധിയിലെ ശക്തമായ ഭരണാധികാരിയെ ഒരിക്കൽ കൂടി ജനത്തിന് കാണുവാൻ സാധിച്ചു. അമേരിക്കയിലെ നിക്‌സൺ ഭരണകൂടം 1971-ലെ ബംഗ്ളാദേശ് യുദ്ധ സമയത്ത്‌ ആണവായുധം വഹിക്കുന്ന ഏഴാം കപ്പൽപ്പടയെ ബംഗ്ളാദേശ് ഉൾക്കടലിലേക്കു വിട്ടതിനെ 1974-ൽ രാജസ്ഥാനിലെ പൊഖ്‌റാൻ ആണവ പരീക്ഷണത്തിലൂടെയാണ് പ്രധാനമന്ത്രിയായ ശ്രീമതി ഇന്ദിരാ ഗാന്ധി എതിരിട്ടത്‌. 1984 ജൂണിൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലേക്ക് ഭീകര പ്രവർത്തനത്തെ അമർച്ച ചെയ്യാൻ സൈന്യത്തെ അയക്കുവാനും ഇന്ദിരാ ഗാന്ധി മടി കാണിച്ചില്ല. ഈ നടപടിയുടെ ഭവിഷ്യത്തുകൾ  ഇന്ദിരാ ഗാന്ധിക്ക്‌ നന്നായി അറിയുകയും ചെയ്യാമായിരുന്നു. ഇങ്ങനെയെല്ലാം ശക്തി കാണിച്ച ഇന്ദിരാ ഗാന്ധിയും, നെഹ്രുവുമെല്ലാം എന്തുകൊണ്ട് പൊതുജനാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ  - ഇവയൊക്കെ അവഗണിച്ചു? പിന്നീട് വന്ന രാജീവ് ഗാന്ധി കംബ്യുട്ടറൈസേഷൻ പോലുള്ള വൻ നവീകരണ പദ്ധതിയ്ക്ക് തുടക്കമിട്ടു. പക്ഷെ പൊതുജനാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം - ഈ മേഖലകളിൽ കാര്യമായ നേട്ടമൊന്നും അദ്ദേഹത്തിനും അവകാശപ്പെടാനില്ല.

ജനതാ പാർട്ടിയും, വി.പി. സിങ്ങും, വാജ്‌പേയ് സർക്കാരും ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാരുമെല്ലാം പൊതുജനാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ - ഇക്കാര്യങ്ങളിൽ ഒരു വിപ്ലാവാത്മകരമായ നടപടിക്കും തുടക്കമിട്ടില്ല. ഇതു വരെ ഇന്ത്യ ഭരിച്ചവരെല്ലാം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഏതാണ്ടൊക്കെ ഒരു പോലെയായിരുന്നു എന്ന് വേണം പറയാൻ. ഇൻഫ്രാസ്ട്രക്ചർ വികസനത്തിനു പണം വേണം. നല്ല 'ഇൻവെസ്റ്റ്മെൻറ്റ്' ഉണ്ടെങ്കിൽ മാത്രമേ ആധുനിക രീതിയിലുള്ള ഇൻഫ്രാസ്ട്രക്ചർ വികസനം സാധ്യമാകൂ. പക്ഷെ പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, പൊതുവിതരണ സമ്പ്രദായത്തിൽ കൂടി നേടാവുന്ന ഭക്ഷ്യ സുരക്ഷ- ഇവയൊക്കെ വലിയ  'ഇൻവെസ്റ്റ്മെൻറ്റ്' ഇല്ലാതെ തന്നെ സായത്തമാക്കാവുന്ന കാര്യങ്ങളാണ്. പല രാജ്യങ്ങളും അതൊക്കെ നേടിയിട്ടുമുണ്ട്. പക്ഷെ ആധുനിക ഇന്ത്യക്കെന്തു പറ്റി ഇക്കാര്യത്തിൽ?

“Education and Health can wait; but not food production” എന്നു പറഞ്ഞ ഇന്ദിരാ ഗാന്ധിയും, ഇക്കാര്യത്തിൽ ശുഷ്‌കാന്തി കാണിക്കാതിരുന്ന മറ്റു ഭരണാധികാരികളും ഫ്യുഡൽ, വരേണ്യ മനസ്ഥിതിയെ അല്ലേ പ്രതിനിധാനം ചെയ്യുന്നത്? ജന സാമാന്യത്തിന് ബോധപൂർവം പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, പൊതുവിതരണ സമ്പ്രദായത്തിൽ കൂടി നേടാവുന്ന ഭക്ഷ്യ സുരക്ഷ- ഇവയൊക്കെ ലഭ്യമാക്കാതിരിക്കുക അല്ലായിരുന്നോ ഇവരൊക്കെ? നമ്മുടെ പ്രമുഖ ഭക്ഷ്യ ശാസ്ത്രജ്ഞനായ എം.എസ്. സ്വാമിനാഥൻ പറഞ്ഞ ഒരു കഥയുണ്ട്. അദ്ദേഹം ഒരിക്കൽ തമിഴ്‌നാട് സർക്കാരിന് വേണ്ടി സ്‌കൂൾ കുട്ടികൾക്കിടയിൽ ഉച്ച ഭക്ഷണത്തിനു വേണ്ടിയുള്ള ഒരു പ്രോജക്റ്റ് റിപ്പോർട്ട് മുഖ്യ മന്ത്രിക്കു സമർപ്പിച്ചു. പലപ്പോഴും തൻറ്റെ ഇത്തരത്തിലുള്ള പ്രോജക്റ്റ് റിപ്പോർട്ടുകൾ വെളിച്ചം കാണാതെ പോയതിനെ കുറിച്ചുള്ള ആശങ്കയും ഈ അവസരത്തിൽ അദ്ദേഹം മുഖ്യ മന്ത്രിയായ എം. ജി. രാമചന്ദ്രനോട് പങ്കു വെച്ചു. അപ്പോൾ മുഖ്യ മന്ത്രി എം. ജി. രാമചന്ദ്രൻ അദ്ദേഹത്തോട് ധര്യമായി മുന്നേറിക്കോളാൻ പറഞ്ഞു. കാരണം ഇതാണ്: "ഞാൻ വിശക്കുന്ന വയറുമായിയാണ് ചെറുപ്പത്തിൽ സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്നത്; വിശപ്പിൻറ്റെ വിളി എനിക്ക് നന്നായി അറിയാം" എന്നായിരുന്നു എം. ജി. രാമചന്ദ്രൻ എം.എസ്. സ്വാമിനാഥനോട് പറഞ്ഞത്. പിന്നീട് അനേക വർഷത്തിന് ശേഷവും തമിഴ്‌നാട് മോഡലിൽ രാജ്യം മുഴുവൻ ഉച്ച ഭക്ഷണം വിതരണം ചെയ്യാൻ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. തമിഴ്‌നാട് മുഖ്യ മന്ത്രിയായ എം. ജി. രാമചന്ദ്രൻ കാണിച്ച ആ രാഷ്ട്രീയ ഇച്ഛാ ശക്തിയുടെ അഭാവം അല്ലേ പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, പൊതുവിതരണ സമ്പ്രദായത്തിൽ കൂടി നേടാവുന്ന ഭക്ഷ്യ സുരക്ഷ- ഇവയൊക്കെ നേടുന്നതിൽ നിന്ന് ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത്? എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും നമ്മുടെ ഭരണാധികാരികൾ ജനകീയ പ്രശനങ്ങൾ പരിഹരിക്കുന്നതിൽ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഉത്തർ പ്രദേശിലെ ഗോരഖ്പൂറിൽ സംഭവിച്ച ശിശുമരണം പോലുള്ള അനേകം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും ആവർത്തിച്ചു കൊണ്ടേയിരിക്കും.

2017 ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച

'കവർ സ്റ്റോറി' -യും അതിൻറ്റെ ഭവിഷ്യത്തും

 ഇതെഴുതുന്ന ആൾക്ക് ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാർ അവതരിപ്പിക്കുന്ന 'കവർ സ്റ്റോറി' പരിപാടിയോട് വലിയ മതിപ്പൊന്നും ഇല്ല. സിന്ധു സൂര്യകുമാർ ആഗോള വൽക്കരണം, കമ്പോള വൽക്കരണം, കോർപറേറ്റിസം എന്നൊക്കെ  'കവർ സ്റ്റോറി'-യിലൂടെ സ്ഥിരം പറയുമ്പോൾ  അത് പഴയ എസ്. എഫ്. ഐ. ട്രെയിനിങ് ആണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. സിന്ധു സൂര്യകുമാർ മാത്രമല്ല; മലയാളത്തിലെ മിക്ക മാധ്യമ പ്രവർത്തകരും ഇരുപത്തൊന്നാം നൂണ്ടിലേക്കു കാലു കുത്തിയിട്ടില്ല എന്നത് ഇവരുടെ പ്രകടനങ്ങളിൽ നിന്ന് വിലയിരുത്താം. പക്ഷെ കാര്യം ഇതൊക്കെയാണെങ്കിലും സിന്ധു സൂര്യകുമാർ ബി.ജെ.പി.-യെ പിടിച്ചുലക്കിയ മെഡിക്കൽ കോഴ വിവാദം അവതരിപ്പിച്ചത് തികഞ്ഞ 'പ്രൊഫെഷണൽ ടച്ചോടു' കൂടിയായിരുന്നു എന്ന് നിസംശയം പറയാം. ബി.ജെ.പി.-യുടെ തന്നെ അന്വേഷണ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ, പരാതി ഉന്നയിച്ച ആളുമായുള്ള അഭിമുഖം - ഇങ്ങനെ അവശ്യം വേണ്ട കാര്യങ്ങളെല്ലാം വളരെ വിശദമായി തികച്ചും 'കൺവിൻസിങ്ങായി' ആ  'കവർ സ്റ്റോറി' പരിപാടിയിൽ കൊടുത്തിരുന്നു.

ആ 'കവർ സ്റ്റോറി' പരിപാടി അതുകൊണ്ടു തന്നെ കൊള്ളേണ്ടിടത്തു കൊണ്ടു എന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന റിപ്പോർട്ടുകൾ. കേരളത്തിലെ ബി.ജെ.പി.-യുടെ വളർച്ചയക്ക് വിഘാതമായ നേതാക്കൾ ഉണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിച്ച് പുറത്താക്കണമെന്ന നിലപാടാണ് കേന്ദ്ര നെത്ര്വത്ത്വത്തിന് ഉള്ളത് എന്ന് ചില നേതാക്കൾ പറയുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഇതിൻറ്റെ ഭാഗമായാണ് വി. വി. രാജേഷിനെ ബി.ജെ.പി.-യുടെ ചുമതലകളിൽ നിന്ന് നീക്കിയത്. വി.വി. രാജേഷ് വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാന് നൽകിയതിൻറ്റെ തെളിവുകൾ അമിത്ഷായ്ക്ക് ലഭിച്ചതിനാലാണ് നടപടിയെന്നാണ് ബി.ജെ.പി. സോഴ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരം എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബി.ജെ.പി.-യെ പിടിച്ചുലക്കിയ വിവാദമായിരുന്നു മെഡിക്കൽ കോഴ. വർക്കല എസ്. ആർ. കോളേജിലെ അനുമതിയുമായി ബന്ധപ്പെട്ട അഴിമതി കഥ കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തു. ഇപ്പോൾ ഇതിന് സമാനമായ മറ്റൊരു അഴിമതിയാണ് ജൻ ഔഷധിയുടെ ഇടപാടിലും നടക്കുന്നത്. അതും മലയാളത്തിലെ മാധ്യമങ്ങൾ ആഘോഷിക്കുമോയെന്ന് കാത്തിരുന്നു കാണാം. കുറഞ്ഞ ചെലവിൽ പാവപ്പെട്ട രോഗികൾക്ക് ജീവൻ രക്ഷ മരുന്നുകൾ ഉൾപ്പടെയുള്ളവ എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമിട്ടാണ് ജൻ ഔഷധി പദ്ധതി വിപുലപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയത്. അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് അയ്യായിരത്തോളം ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കാനായിരുന്നു ലക്ഷ്യം.

ജൻ ഔഷധി പദ്ധതിയുടെ മറവിൽ വൻ അഴിമതി നടക്കുന്നുണ്ടെന്ന് ഇപ്പോൾ മലയാളത്തിലെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. കള്ളനോട്ടടി, ഹവാല, കോഴ മേടിക്കൽ പരിപാടി - ഇങ്ങനെ കേരളത്തിലെ ബി.ജെ.പി.-യുടെ മൊത്തം ഇമേജ് പോകുന്ന പല വാർത്തകളും ആണ് ഈയിടെ പുറത്തു വരുന്നത്. എന്തായാലും കോഴ വിവാദങ്ങൾ പ്രതിസന്ധിയിലാക്കുന്നത് മാരാർജി ഭവനെന്ന ആസ്ഥാന മന്ദിര സ്വപ്‌നമാണ്‌. തിരുവനന്തപുരത്ത് ബി.ജെ.പി. ആസ്ഥാന മന്ദിരത്തിന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ വന്ന് തറക്കില്ലിട്ടിട്ട് പോയിട്ട് രണ്ടു മാസം കഴിയുന്നു. 15 കോടി നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിൻറ്റെ പണി എന്നു തുടങ്ങുമെന്ന് പറയാനാകാതെ കുഴയുകയാണ് സംസ്ഥാന നേതൃത്വം. ഇപ്പോഴത്തെ സാഹചര്യത്തിൽ കെട്ടിട നിർമ്മാണ ഫണ്ട് പൊതു ജനങ്ങളിൽ നിന്നും പിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നേരത്തെ സംസ്ഥാനത്തെ പല പ്രമുഖരെയും വ്യവസായികളെയും പാർട്ടി അദ്ധ്യക്ഷനും ചില മുതിർന്ന നേതാക്കളും നേരിട്ടു വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നെങ്കിലും അവരുടെ മുന്നിൽ പോലും ഇപ്പോൾ പോകാനാകാത്ത സ്ഥിതിയാണ്എന്നും റിപ്പോർട്ടുകൾ ഉണ്ട്. വ്യാജ രസീത് പിരിവ് മാധ്യമങ്ങൾ വാർത്തയാക്കിയ സാഹചര്യത്തിൽ ഫണ്ടിനായി പൊതു ജനങ്ങളെ സമീപിച്ചാൽ തെറിയഭിഷേകം ഉറപ്പാണ്.

കേരളത്തിൽ മാത്രമല്ല ബി.ജെ.പി. ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിൽ നിന്നും കൊടിയ അഴിമതിയുടെ കഥകൾ വരുന്നുണ്ട്. പല സി. എ. ജി. റിപ്പോർട്ടുകളിലും രൂക്ഷമായ പരാമർശങ്ങളും, വിമർശനങ്ങളും ബി.ജെ.പി. സർക്കാരുകൾക്കെതിരെ ഉണ്ട്. അത് കൊണ്ടാവണം ആദ്യമേ തന്നെ അരുൺ ജെയ്റ്റിലി സി. എ. ജി. മിതത്ത്വം പാലിക്കണം എന്ന് ഓർമപ്പെടുത്തിയത്!!! ദേശ സ്നേഹത്തിൻറ്റെ പേരും പറഞ്ഞു നടന്നിട്ട് ധീര ജവാന്മാരുടെ മൃതദേഹം കൊണ്ട് പോകാനുള്ള ശവപ്പെട്ടിയിൽ വരെ അഴിമതി നടത്തിയ ആളുകൾ വരെ ബി.ജെപി.-യിൽ ഉണ്ട്. അതിനെ കുറിച്ചുള്ള ഒരു റിപ്പോർട്ടിൻറ്റെ പ്രസക്ത ഭാഗങ്ങൾ നോക്കൂ: "After the Kargil war that took place in 1999 between India and Pakistan in the Kargil sector of India, there were allegations of corruption in the purchase of coffins by the then BJP-led Government Of India. The government had incurred a heavy loss of 1,87,000 dollars in the entire transaction. Comptroller and Auditor General of India's report had found several fraud in the transaction of coffins. The caskets were purchased from Buitron and Baiza, a company based in United States Of America rendering funeral services. The then ruling government National Democratic Alliance had purchased 500 caskets worth $2500 each which was presumed to be thirteen times the original amount."

കേരളത്തിലെ ബി.ജെ.പി.-യുടെ തന്നെ അന്വേഷണ റിപ്പോർട്ട് മെഡിക്കൽ കൗൺസിലുമായി ബന്ധപ്പെട്ട കോഴ സ്ഥിതീകരിച്ചെങ്കിലും നമ്മുടെ മിക്ക ഇംഗ്ളീഷ് പത്രങ്ങളും, ചാനലുകളും ഇങ്ങനെയൊരു വാർത്ത കണ്ട ലക്ഷണമേ കാണിച്ചില്ല. ഉത്തരേന്ത്യൻ വാർത്താ മാധ്യമങ്ങൾ മിക്കതും ബി.ജെ.പി.-യുടെയും, കേന്ദ്ര സർക്കാരിൻറ്റെയും ഏറാന്മൂളികൾ ആണെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം? മുൻ ഗുജറാത്ത് വനിതാ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പല ഭൂമി ഇടപാടുകളും പുറത്തു വന്നതുമാണ്. പക്ഷെ ഇതൊന്നും ആയുധമാക്കാൻ ഇന്ന് പ്രതിപക്ഷമില്ല.  വ്യാപം അഴിമതി കേസിൽ നീളുന്ന കൊല പാതകങ്ങൾ പോലൊരു സംഭവം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. 75 ലക്ഷം ഉദ്യോഗാർഥികളെ കബളിപ്പിക്കുകയും 60 ഓളം പേരുടെ ദുരൂഹ മരണത്തിന് വഴിവെക്കുകയും ചെയ്ത വ്യാപം കുംഭകോണം അപസർപ്പക കഥകളെ പോലും വെല്ലുന്ന ഒന്നാണ്.  ഇതും കൂടാതെയാണ് കള്ളപണത്തിൻറ്റെ ആശാനായ ലളിത് മോടിയുമായുള്ള ബന്ധം. മുഖ്യമന്ത്രിമാരായ വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാൻ), ശിവരാജ് സിംഗ് ചൗഹാൻ (മധ്യപ്രദേശ്), രമൺ സിംഗ് (ചത്തീസ്ഗഡ്), മുൻ ഗുജറാത്ത് മുഖ്യ മന്ത്രി - തുടങ്ങിയവർ വലിയ അഴിമതി ആരോപണങ്ങൾ ആണ് നേരിട്ടത്. ഛത്തീസ്ഗഡിലെ രമൺ സിംഗ് അരി മില്ലുടകളിൽ നിന്നും സിവിൽ സപ്ലൈസ് കോർപ്പറേഷന് കൈക്കൂലിയായി നൂറുകണക്കിന് കോടി രൂപ പിരിച്ചത്മായി ബന്ധപ്പെട്ടായിരുന്നു കോഴ വിവാദം. നേരത്തേ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ കോൺഗ്രസിനെതിരെ വാളോങ്ങിയ ബി.ജെ.പി. പിന്നീട് ശരിക്കും വെട്ടിലായി. സോണിയ ഗാന്ധിയേയും, കുടുംബത്തെയും കേസിൻറ്റെ വരുതിയിൽ നിർത്താമെന്ന വിചാരിച്ചിരുന്ന BJP - കാർക്കും, സന്ഖ പരിവാറുകാർക്കും ചത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ രമൺ സിങ്ങിനും മകനും പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ മുതിർന്ന അഭിഭാഷകനും സ്വരാജ് അഭിയാൻ നേതാവുമായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ചേർന്ന് പുറത്തു വിട്ടപ്പോൾ മുതൽ ഒന്നും മിണ്ടാനില്ല. മൻമോഹൻ സിംഗിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും മൻമോഹൻ സിങ്ങ് അഴിമതി ആരോപിതരായ പല മന്ത്രിമാരോടും രാജി വെയ്ക്കുവാൻ പറഞ്ഞു. രാജയും, ടെലികോം സെക്രട്ടറിയും ജെയിലിൽ പോയി. നമ്മുടെ ശശി തരൂർ പോലും വെറും ആരോപണത്തിൻറ്റെ പേരിൽ പോലും രാജി വെച്ചു.

കേരളത്തിൽ ബി.ജെ.പി.-യ്ക്ക് ഭരണം കിട്ടാഞ്ഞിട്ട് ഇതാണ് അവസ്ഥ. ഇനി ഇവർക്കൊക്കെ ഭരണം കൂടി കിട്ടിയാലോ? ഇതുവരെയുള്ള ഇവരുടെ പ്രകടനം കണ്ടിട്ട് ഇവർ മൊത്തം ഉടായിപ്പ് ടീമാണന്നാണ് തോന്നുന്നത്. എന്തായാലും മൊത്തത്തിലുള്ള ഹിന്ദുക്കളുടെ പേര് പറഞ്ഞും, സർവോതുൻമുഖമായ അവരുടെ നന്മയ്ക്കും, വികസനത്തിനും വേണ്ടിയും ആണല്ലോ ഈ കോഴകളെല്ലാം വാങ്ങിക്കുന്നത് എന്നോർക്കുമ്പോൾ ചിരിക്കണോ അതോ കരയണോ എന്ന സന്നിഗ്ധാവസ്ഥയിലാണ് പാവം ഹിന്ദുവിൻറ്റെ കാര്യം. പിന്നെ ഹിന്ദു കോസ്മോളജി അനുസരിച്ചു തന്നെ ഇത് കലികാലമാണല്ലോ എന്നോർത്ത്‌ ആശ്വസിക്കാം. കലികാലത്തിൽ സത്യത്തിനും, ധർമ്മത്തിനും ഒരു പ്രസക്തിയും ഇല്ലെന്നാണല്ലോ പണ്ടേ എഴുതി വെച്ചിരിക്കുന്നത്!!!!

2017 ഓഗസ്റ്റ് 9, ബുധനാഴ്‌ച

അഹമ്മദ് പട്ടേലിൻറ്റെ രാജ്യ സഭയിലേക്കുള്ള ജയം

അഹമ്മദ് പട്ടേൽ രാജ്യ സഭയിലേക്ക് ജയിക്കേണ്ടിയിരുന്നത് ഇന്ത്യൻ ജനാധിപത്യത്തിൻറ്റെ ആവശ്യമായിരുന്നു. ജനാധിപത്യം എന്നൊരു സാധനം ഈ മഹാരാജ്യത്തെവിടെയോ പണത്തിനും, ചാക്കിട്ടു പിടിത്തത്തിനും അപ്പുറത്തായി ഒളിഞ്ഞു കിടപ്പുണ്ടെന്ന് വോട്ടു ചെയ്യുന്ന പ്രജകൾക്ക് ഓർക്കാൻ ഈ ജയം ഉപകരിച്ചു. 2 -1 എന്നുള്ള രീതിയിൽ തീർന്നു പോകുമായിരുന്ന ഒരു രാജ്യ സഭാ തിരഞ്ഞെടുപ്പാണ് ബി.ജെ.പി.-യിലെ ചില കുശാഗ്ര ബുദ്ധികൾ ദുർവാശിയും അഹങ്കാരവും കാരണം ഒരു അഭിമാന പ്രശ്‌നം  പോലെ ആക്കി തീർത്തത്. ഒടുവിൽ ബി.ജെ.പി.-ക്ക് നാണക്കേട് മാത്രം ബാക്കി. നിക്ഷ്പക്ഷത പുലർത്തിയ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീർച്ചയായും അനുമോദനം അർഹിക്കുന്നു.

അമിത ആത്മവിശ്വാസം അമിത് ഷായ്ക്ക് സ്വന്തം തട്ടകത്തിൽ ആപത്തായി മാറി. ഉത്തർ പ്രദേശിലെ വിജയവും ബീഹാറിൽ നിന്ന് നീതീഷ് കുമാറിനെ അടർത്തിയെടുത്തതുമെല്ലാം ഈ പരാജയത്തോടെ അമിത് ഷായുടെ പാർട്ടി പ്രെസിഡൻറ്റ് പദവിയുടെ ശോഭ കെടുത്തുന്നതായി മാറി. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ വിജയമാകാം ഒരു പക്ഷെ അമിത് ഷായെ ഇത്തരമൊരു അങ്കത്തിനും, തിണ്ണമിടുക്ക് കാട്ടുന്നതിനും പ്രേരിപ്പിച്ചത്.

ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലു പേരാണു മത്സരിച്ചത്. അമിത് ഷാ, സ്മൃതി ഇറാനി എന്നിവരെ കൂടാതെ മുൻ കോൺഗ്രസുകാരൻ കൂടിയായ ബൽവന്ത്സിങ് രജ്പുത്താണ് ബി.ജെ.പി.-ക്കു വേണ്ടി അങ്കത്തട്ടിലിറങ്ങിയത്. നേരത്തെ തന്നെ കോൺഗ്രസിൽനിന്നു വഗേലയടക്കം ഇരുപതോളം എം.എൽ.എ.-മാരെ അടർത്താൻ ബി.ജെ.പി. കരുനീക്കം ആരംഭിച്ചിരുന്നു. വഗേല കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനം ഉയർത്തുന്നത് ബി.ജെ.പി. പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പക്ഷെ ഇത്തവണ ഗോവയിലും, മണിപ്പൂറിലും കണ്ടത് പോലെ അഹമ്മദ് പട്ടേൽ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. 43 എം.എൽ.എ.-മാരെ കർണ്ണാടകത്തിൽ എത്തിച്ച് കാത്തു സൂക്ഷിച്ചു. തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യത്തിൽ തികച്ചും നീതിപൂർവമായ നിലപാടെടുത്തു. കേന്ദ്രമന്ത്രിമാരുടെ ഒരു പട തന്നെ വന്നു സമ്മർദം ചെലുത്തിയെങ്കിലും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ അചൽ കുമാർ ജോതി രണ്ടു എം.എൽ.എ.-മാരുടെ വോട്ട് റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കുവാൻ തയാറായില്ല. 2016 ജൂൺ 11-ന് ഹരിയാനയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനു തത്തുല്യമായ സാഹചര്യത്തിൽ രൺധീപ് സിങ് സുർജേവാലയുടെ വോട്ട് അസാധുവാക്കിയ അതേ ചട്ടം തന്നെ ഇവിടെയും കൈക്കൊണ്ടു.

എന്തായാലും മുങ്ങി കൊണ്ടിരിക്കുന്ന കോൺഗ്രസിന് ഒരു പിടിവള്ളിയാണ് രാജ്യ സഭയിലേക്കുള്ള അഹമ്മദ് പട്ടേലിൻറ്റെ വിജയം. വഗേലയെ കൊണ്ട് ഇതുവരെ കോൺഗ്രസിന് ദോഷമല്ലാതെ ഗുണമൊന്നും ഉണ്ടായിട്ടില്ല. ഇനി പുള്ളി ബി.ജെ.പി.-യിൽ ചെന്നാലും അവിടെയും പച്ച പിടിക്കുമെന്നു തോന്നുന്നില്ല. കഴിഞ്ഞ 15 വർഷത്തിനിടെ എത്രയോ തിരഞ്ഞെടുപ്പുകൾ ഗുജറാത്തിൽ നടന്നു. ഇതുവരെ വഗേലയ്ക്ക് ശക്തി തെളിയിക്കുവാൻ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഒരു കണക്കിൽ വഗേല പോയത് കോൺഗ്രസിന് നന്നായി. "ഉർവശീ ശാപം ഉപകാരം" എന്ന രീതിയിൽ കോൺഗ്രസ്സ് ഇനിയെങ്കിലും പഴയ മാധവ് സിംഗ് സോളങ്കിയുടെ കാലത്തെ എന്നത് പോലെ തങ്ങളുടെ നഷ്ട പ്രതാപം ഗുജറാത്തിൽ വീണ്ടെടുക്കുവാനാണ് നോക്കേണ്ടത്.