2018 മാർച്ച് 29, വ്യാഴാഴ്‌ച

ശുദ്ധ മലയാള ഭാഷയും, വിവാദങ്ങളും

ബാലചന്ദ്രൻ ചുള്ളിക്കാടും, എം. ടി. - യും ശുദ്ധമായ മലയാള ഭാഷ ഉപയോഗിക്കണമെന്ന് പറയുന്നതിൽ കാര്യമില്ല. ഈ മലയാള ഭാഷ ഉണ്ടായത് എങ്ങനെയാണ്??? ആധുനിക മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛൻ ആണ് (ജനനം 1495-ൽ). എ. ഡി. പത്താം നൂറ്റാണ്ട്‌ മുതലാണ് ഇന്ന് കാണുന്ന മലയാള ഭാഷയിലേക്ക് പരിണാമം തുടങ്ങിയത്.  30 ഓളം  അക്ഷരം  ഉള്ള ലിപി ആയിരുന്നു  പഴയ  മലയാളം. 12-ാം നൂറ്റാണ്ടില്‍  ചീരാമന്‍ രചിച്ച രാമചരിതമാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും പുരാതന മലയാള കൃതി. 30 അക്ഷരങ്ങള്‍ മാത്രമുണ്ടായിരുന്ന വട്ടെഴുത്ത് ലിപിയെ 51 അക്ഷരങ്ങളുള്ള ഇന്നത്തെ മലയാള ഭാഷയാക്കി മാറ്റി എന്ന നിലക്കാണ് എഴുത്തച്ഛന്‍ ഭാഷാ പിതാവ് എന്ന പേരിനര്‍ഹനായത്. വട്ടെഴുത്ത്, കോലെഴുത്ത്‌, തമിഴ്, സംസ്കൃതം - ഇതെല്ലാം ചേർന്നാണ് ആധുനിക മലയാള ഭാഷയിലേക്കുള്ള മാറ്റം തുടങ്ങുന്നത്. എഴുത്തച്ഛനേക്കാള്‍ ഒരു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ചെറുശ്ശേരി നമ്പൂതിരിയുടെ കൃഷ്ണഗാഥ നമ്മളൊക്കെ സ്കൂളില്‍ പഠിച്ചിട്ടുള്ളതാണ്. കൃഷ്ണഗാഥ ആധുനിക  മലയാളം ലിപിയിൽ ആണ് നമ്മളൊക്കെ പഠിച്ചത്. ലിപി ചിട്ടപ്പെടുത്തി എന്നത് ആയിരിക്കാം എഴുത്തച്ഛന്റെ സംഭാവന. ഭാഷയെ ഉണ്ടാക്കുകയല്ല എഴുത്തച്ഛൻ ചെയ്തത്; മറിച്ച് ഭാഷയ്ക്ക് നിയതമായ അടുക്കും ചിട്ടയും ഉണ്ടാക്കുകയാണ്. ഇന്ത്യയിലെ നിരവധി ഭാഷകളിലെ പദങ്ങളെ സംസക്കരിച്ച് സംസ്കൃത ഭാഷയുണ്ടായത് പോലെ മലയാളത്തിലെ വിവിധ പദങ്ങളെ സംസ്ക്കരിച്ചുണ്ടാക്കിയതാണ് എഴുത്തച്ഛന്റെ മലയാളം.

വട്ടെഴുത്തും, കോലെഴുത്തും, തമിഴും സംസ്കൃതവും ഒക്കെ മലയാളഭാഷയുടെ ഉദയത്തിന്‌ കാരണമായത് പോലെ ആധുനിക ലോകത്തിൽ അറബികളും, പോർച്ചുഗീസുകാരും, ചൈനാക്കാരുമായും, ഇംഗ്ളീഷുകാരുമൊക്കെയുള്ള സമ്പർക്കം നമ്മുടെ ഭാഷക്കും സംസ്കാരത്തിനും കരുത്ത് നൽകിയിട്ടുണ്ട്. ഇപ്പോഴാകട്ടെ ഡിജിറ്റൽ സംസ്കാരമാണല്ലോ. ഇതെഴുതുന്നയാൾ പ്രവാസി ആയതിൽ പിന്നെ അമ്മക്ക് കത്തെഴുതാൻ മാത്രമേ മലയാളം ഉപയോഗിച്ചിരുന്നുള്ളൂ. മിക്ക പ്രവാസികളുടേയും അവസ്ഥ ഇതൊക്കെ തന്നെ ആയിരിക്കുമല്ലോ. ഇന്നിപ്പോൾ മംഗ്ളീഷിൽ എഴുതുന്നു. മംഗ്ളീഷിൽ ബാലചന്ദ്രൻ ചുള്ളിക്കാടും എം. ടി. - യും ഒക്കെ ആവശ്യപ്പെടുന്നത് പോലെ ശുദ്ധ മലയാളം എഴുതാൻ സാധിക്കില്ലല്ലോ. മിക്ക പ്രവാസികളും എഴുതുവാൻ ഉപയോഗിക്കുന്നതും മംഗ്ളീഷാണ്. പിന്നെ എന്തിനാണ് ഭാഷാ പണ്ഡിതർ ശുദ്ധ മലയാള ഭാഷയ്ക്ക്‌ വേണ്ടി വാശി പിടിക്കുന്നത്??? ശുദ്ധ മലയാള ഭാഷ എന്നൊന്ന് ഉണ്ടോ?? വായിക്കുന്ന ആൾക്ക് കാര്യം മനസ്സിലായാൽ പോരേ???

2018 മാർച്ച് 25, ഞായറാഴ്‌ച

വ്ലാദിമിർ പുട്ടിൻറ്റെ റഷ്യ

പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് ഗോർബച്ചേവ്, യെൽസിൻ - എന്നിങ്ങനെയുള്ള നേതാക്കന്മാർ മാത്രമാണ് റഷ്യയിൽ നിന്നുള്ള വലിയ നേതാക്കൾ. ഇവരെയൊക്കെ ഇങ്ങനെ പ്രകീർച്ചതിന് പിന്നിൽ  പാശ്ചാത്യ രാഷ്ട്രങ്ങളിലേയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് സ്ഥാപിത താൽപര്യം ഉണ്ടായിരുന്നു എന്ന കാര്യം പകൽ പോലെ വ്യക്തമാണ്. 1985 - ൽ ഗോർബച്ചേവ് അധികാരമേറ്റെടുത്തപ്പോൾ സോവിയറ്റ് സാമ്പത്തിക ഉൽപാദനം (GDP) 2000 ബില്യൺ ഡോളറായിരുന്നു. എന്ന് വെച്ചാൽ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി. 1990 --ൽ പോലും സോവിയറ്റ് യൂണിയൻ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു. പക്ഷെ സോവിയറ്റ് സമ്പത് വ്യവസ്ഥ തീർത്തും മോശമാണെന്ന പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ അഴിച്ചു വിട്ടു. ഗോർബച്ചേവും, അദ്ദേഹത്തിൻറ്റെ ഭാര്യ റെയിസ ഗോർബച്ചേവും റഷ്യയിൽ ഏറ്റവും വെറുക്കപ്പെട്ട ആളുകൾ ആയിരുന്നു. പക്ഷെ സി. എൻ. എൻ., ബി. ബി.സി, ഇക്കോണമിസ്റ്റ് - പോലുള്ള യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾക്ക് ഏറ്റവും പ്രിയങ്കരർ ആയിരുന്നു ഗോർബച്ചേവും, അദ്ദേഹത്തിൻറ്റെ ഭാര്യ റെയിസ   ഗോർബച്ചേവും. ഇന്ത്യൻ മാധ്യമങ്ങളും ആ പാത പിന്തുടർന്നു. കാര്യപ്രാപ്തി ഇല്ലാതിരുന്ന ഗോർബച്ചേവിൽ നിന്നും, മുഴുക്കുടിയനായ യെൽസിനിൽ നിന്നും വ്ലാദിമിർ പുടിൻ തീർത്തും വ്യത്യസ്‍തനാണ്. ഗോർബച്ചേവിൻറ്റെ ഭരണം മുൻ സോവിയറ്റ് യൂണിയനെ ശിഥിലീകരണത്തിലേക്ക് കൊണ്ടുപോയപ്പോൾ, യെൽസിൻറ്റെ ഭരണത്തിൽ റഷ്യൻ സമ്പത് വ്യവസ്ഥ കുളം തോണ്ടി. ഇവരിൽ നിന്നും വ്യത്യസ്തനായി രാജ്യത്തിൻറ്റെ പൊതുസ്വത്ത് കൊള്ളയടിച്ച് വിദേശത്തേക്ക് കടത്തിയ 'ഒളിഗാർക്കുകൾ'-ക്കെതിരേ പുടിൻ നിലപാടെടുത്തു. പലരെയും അറസ്റ്റു ചെയ്തു; പലരുടെയും സ്വത്തുക്കൾ കണ്ടു കെട്ടി. അപ്പോൾ മുതൽ പുടിൻ പടിഞ്ഞാറൻ രാജ്യങ്ങളുടെ ശത്രുവായി!!!! പക്ഷെ റഷ്യയിൽ പുടിൻ ഹീറോയാണ്. 1992 മുതൽ 1999 വരെ റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമായിരുന്നു. എൺപതു ശതമാനം ജനങ്ങളും പരമ ദരിദ്രരായി. ആഭ്യന്തര ഉൽപാദനം പത്തുകൊല്ലം കൊണ്ട് മൂന്നിലൊന്നായി ചുരുങ്ങി. റഷ്യയിലെ ആയുർ ദൈർഖ്യം കൂപ്പുകുത്തി. റഷ്യയുടെ ഈ പതനത്തിൽ നിന്ന് രാജ്യത്തെ ശക്തിപ്പെടുത്തിയ നേതാവാണ് പുടിൻ. അതുകൊണ്ട് തന്നെ റഷ്യയിൽ പുട്ടിന് വൻ ജനസമ്മിതി ഉണ്ട്.

പാശ്ചാത്യ രാജ്യങ്ങൾ സ്ഥിരം പുലമ്പുന്ന മനുഷ്യാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം - ഇതൊക്കെ ശുദ്ധ തട്ടിപ്പാണ്. ലോകത്തിലെ സകല സാമ്പത്തിക കുറ്റങ്ങളുടെയും പ്രഭവ സ്ഥാനം യൂറോപ്യൻ യൂണിയനിൽ പെട്ട പല ചെറു രാജ്യങ്ങളാണ്. കള്ളപ്പണത്തിൻറ്റെ സൂക്ഷിപ്പുകാരും ബ്രിട്ടനും, യൂറോപ്യൻ യൂണിയനിൽ പെട്ട രാജ്യങ്ങളുമാണ്. തട്ടിപ്പുകാർക്കും, രാജ്യദ്രോഹികൾക്കും അഭയം കൊടുത്തിട്ട് എന്ത് മനുഷ്യാവകാശത്തേയും, ജനാധിപത്യത്തേയും, സ്വാതന്ത്ര്യത്തേയും കുറിച്ചാണ് ഇവരൊക്കെ പുലമ്പുന്നത്??? നീരവ് മോഡിയും, ലളിത് മോഡിയും, വിജയ് മല്ലയ്യയും, ജതിൻ മേഹ്ത്തയും ഒക്കെ പാശ്ചാത്യ രാജ്യങ്ങളുടെ ഈ ഇരട്ടതാപ്പിൻറ്റെ ഗുണഭോക്താക്കളാണ്. പണ്ട് എയർ ഇന്ത്യയുടെ 'കനിഷ്ക' വിമാനം ക്യാനഡയിൽ നിന്നുള്ള സിഖ് തീവ്രവാദികൾ ബോംബ് വെച്ച് തകർത്തു. വിമാനത്തിൽ സഞ്ചരിച്ചിരുന്ന എല്ലാ യാത്രക്കാർക്കും ജീവൻ നഷ്ടമായി. ക്യാനഡ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടി എടുത്തില്ല. ഇങ്ങനെയുള്ള തീവ്രവാദികളേയും,  ക്രിമിനലുകളേയും, സ്വന്തം രാജ്യം കൊള്ളയടിച്ചവരേയും, സ്വന്തം രാജ്യത്തെ വഞ്ചിച്ചു ചാരപ്പണി നടത്തിയവരേയും ബ്രിട്ടനെ പോലുള്ള അന്യ രാജ്യത്ത് ചെന്ന് വധിച്ചാൽ റഷ്യയെ കുറ്റം പറയാൻ സാധിക്കില്ല. രാജ്യദ്രോഹം കാണിക്കുന്നവർക്ക് വധശിക്ഷയാണ് മിക്ക രാജ്യങ്ങളിലും. റഷ്യ അത് ബ്രിട്ടനിൽ ചെന്ന് നടപ്പാക്കുന്നു എന്നേയുള്ളൂ. ഇന്ത്യയിലുള്ള രാഷ്ട്രീയ നേതാക്കന്മാരെ പോലെ നട്ടെല്ലില്ലാത്തയാളല്ല റഷ്യൻ പ്രെസിഡൻറ്റ് എന്നാണ് അദ്ദേഹം ഇതിലൂടെ തെളിയിക്കുന്നത്.

2018 മാർച്ച് 12, തിങ്കളാഴ്‌ച

കാർഷിക പ്രശ്നങ്ങൾ

മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്ന കർഷക സമരത്തിൽ കാണുന്ന ആളുകൾ മുഴുവൻ കമ്യൂണിസ്‌റ്റുകാരല്ലാ. അതുകൊണ്ട് കേരളത്തിലെ സൈബർ സഖാക്കൾ അമിത ആവേശം കൊള്ളേണ്ട കാര്യവുമില്ല. ശരദ് പവാറിൻറ്റെ എൻ. സി. പി., ആം ആദ്മി പാർട്ടിക്കാർ, ശിവസേന, കോൺഗ്രസ്സ് എന്നീ സംഘടനകളിൽ പെട്ടവർ പിന്തുണ പ്രഖ്യാപിച്ചു വന്നത് കൊണ്ടാണ് കർഷക സമരത്തിന് ഇത്ര വലിയ ബഹുജന പിന്തുണ മുംബൈ അടുത്തപ്പോൾ കിട്ടിയത്.

ഇന്നത്തെ ഇന്ത്യയിൽ മഹാരാഷ്ട്രയിൽ മാത്രമല്ല; മറ്റു പല ഭാഗങ്ങളിലും ചെറുകിട കർഷകരുടെ അവസ്ഥ വളരെ മോശമായതുകൊണ്ടാണ് അവർക്കു ഇത്ര വലിയ പിന്തുണ കിട്ടുന്നത്. ചോറുരുട്ടി കഴിക്കുമ്പോൾ നാം നിലം ഒരുക്കി, വിത്ത് വിതച്ച്, കൊയ്ത്, അരിയാക്കി തരുന്ന കർഷകനെ ഓർമിക്കണം. മണ്ണിൽ അധ്വാനിക്കുന്ന കർഷകനോട് നന്ദി വേണം. കർഷകരെ കല്യാണം കഴിക്കാൻ ഇന്നത്തെ പല പെൺകുട്ടികളും തയാറാകുന്നില്ല. ആന്ധ്രയിൽ നിന്നുള്ള ഒരു സർവേ പറയുന്നത് അവിടുത്തെ കർഷകർക്ക് പെണ്ണ് കിട്ടുന്നില്ലെന്നാണ്. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 2 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്ര്യം റെക്കോർഡ്സ് ബ്യൂറോ പറയുന്നത്. റഷ്യൻ T .V . പോലും ഇന്ത്യൻ കർഷകരുടെ ദുരിത കഥകൾ പ്രക്ഷേപണം ചെയ്തു. എന്നിട്ടും നമ്മൾ ഇന്ത്യാക്കാർ അറിയുന്നില്ല.

അന്നദാതാക്കാളായ കർഷകരുടെ ആവശ്യങ്ങൾ കേൾക്കണം; പരിഹരിയ്ക്കണം; ലോൺ തിരിച്ചടവിനു സാവകാശം നൽകണം എന്നൊക്കെ പറയാം. പക്ഷെ ഇതൊന്നും ഇന്ത്യയിലെ കാർഷിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം അല്ല. ആധുനിക വ്യവസായിക മേഖലയിലെന്നതു പോലെ കാർഷിക മേഖലയിലും നിക്ഷേപം വരണം; യന്ത്രവൽക്കരണം ത്വരിത ഗതിയിൽ നടപ്പാക്കണം. ആധുനികവൽക്കരിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും ഇതാണ്‌ അനുവർത്തിച്ച മാർഗം. അതേപോലെ വലിയൊരു ശതമാനം കർഷകരെ വ്യാവസായിക, സേവന മേഖലകളിലേക്ക് തിരിച്ചുവിട്ടേ പറ്റൂ. ഗവൺമെൻറ്റ് കടം എഴുതിതള്ളുന്നതൊക്കെ താൽക്കാലിക പരിഹാരം മാത്രമാണ്. UPA ആദ്യം ഭരണത്തിലേറിയപ്പോൾ എല്ലാ എതിർപ്പുകളേയും മറി കടന്നാണ് കാർഷിക കടങ്ങൾ എഴുതി തള്ളാൻ മൻമോഹൻ സിംഗ് തയാറായത് എന്ന് സഞ്ജയ് ബാറു തൻറ്റെ 'Accidental Prime Minister' എന്ന പുസ്തകത്തിൽ പറയുന്നത്. കാർഷിക കടങ്ങൾ എഴുതി തള്ളൂമ്പോൾ 'Social Good' എന്ന മഹത്തായ ആശയം ആണ് മുൻ പ്രധാന മന്ത്രി മുന്നോട്ടു വെച്ചത്. ഇതുപോലെ സംസ്ഥാന സർക്കാരുകളും ചെയ്തിട്ടുണ്ട്. പക്ഷെ ഇതൊന്നും ശാശ്വത പരിഹാരമല്ല.

ഇന്ത്യയിലെ കുടുംബത്തിൽ ഊന്നിയുള്ള കാർഷിക രീതിയിൽ നിന്ന് വ്യത്യസ്തമായി ഭാവിയിൽ കമ്പനികളും, ട്രസ്റ്റുകളും യന്ത്ര വൽകൃതമായ വൻ തോതിലുള്ള കൃഷി രീതികൾ ആരംഭിക്കേണ്ടിയിരിക്കുന്നു. അച്ഛൻ കർഷകനാണെങ്കിലും മക്കൾ വ്യവസായിക, സേവന മേഖലകളിലേക്ക് തിരിയുന്ന കാലം വരണം. നോട്ടു നിരോധനത്തിന്‍റെ രൂപത്തില്‍ കേന്ദ്ര സർക്കാർ ചെറുകിട കർഷകരോട് ഒത്തിരി ദ്രാഹം ചെയ്തു. കര്‍ഷകര്‍ ആശ്രയിച്ചിരുന്ന സഹകരണ ബാങ്കുകളുടെ പണം ഇപ്പോഴും പുതിയ നോട്ടിലെക്ക് മാറ്റിക്കൊടുക്കാതെ അവരെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു. പ്രായം ചെന്ന പശുക്കളെ കന്നുകാലി ചന്തയില്‍ വില്‍ക്കാന്‍ കഴിയാതെ പാവപ്പെട്ട കര്‍ഷകര്‍ വലയുന്നു. സമ്പൂർണ പശുക്ഷേമ രാഷ്ട്രത്തിൽ കർഷകർ ഇന്ന് പുറത്താണ്. ഇത്തരത്തിൽ ദ്രോഹങ്ങളുടെ ഒരു നീണ്ട പട്ടികയാവാം മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്ന കർഷക സമരത്തിന് കാരണം. അളമുട്ടിയാൽ ചേരയും കടിക്കും എന്നു തന്നെയാണിത് വ്യക്തമാക്കുന്നത്. മുംബൈ നഗരത്തിൽ വലിയ സ്വീകരണം കർഷക മാർച്ചിന് ലഭിക്കുന്നു എന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. വിവിധ സംഘടനകളടെ നേതൃത്വത്തിൽ കുടിവെള്ളവും ലഖുഭക്ഷണങ്ങളും വിതരണം ചെയ്യുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. പാക്കിസ്ഥാൻ വിരോധം മാത്രം പ്രചരിപ്പിക്കുന്ന നമ്മുടെ ഇംഗ്ളീഷ് ടി.വി. ന്യൂസ് ചാനലുകൾ ഇതൊക്കെ കാണുമോ ആവോ??

രാജ്യസ്നേഹികളായ ജതിൻ മേഹ്ത്താ, വിജയ് മല്യ, നീരവ് മോഡി, ചോംസ്‌കി, കോത്താരി തുടങ്ങിയവർക്ക്‌ കോടികൾ പറ്റിച്ചു രാജ്യം വിടാൻ അവസരമൊരുക്കിയതിൻറ്റെ ആത്മാർത്ഥതയുടെ ആയിരത്തിൽ ഒന്ന് കാണിച്ചാൽ മതി ഈ കർഷക പ്രശ്നം പരിഹരിക്കാൻ. പക്ഷെ ഇന്ത്യയുടെ ഭരണ വർഗം അത് കാണിക്കുമെന്ന് തോന്നുന്നില്ലാ. കർഷകരുടെ പ്രശ്നം ഏത് സർക്കാർ വന്നാലും തീരുമെന്നും തോന്നുന്നില്ല. കാരണം കൃഷി ഇന്ത്യയിൽ ലാഭകരമല്ലാതായിരിക്കുന്നു. കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാരുകൾ പരിഹരിക്കേണ്ടിയിരിക്കുന്നു. അവരുടെ വിളകൾക്ക് നല്ല വില ഉറപ്പാക്കണം. രാസ വളത്തിൻറ്റെ അമിതമായ ഉപയോഗവും, ഇടനിലക്കാരുടെ കൊള്ളയും അവസാനിപ്പിച്ച് കർഷകർ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യം മാറ്റിയെടുക്കാൻ മാറി മാറി വരുന്ന എല്ലാ സർക്കാരുകളും ശ്രദ്ധിക്കണം. അന്നം തരുന്ന കർഷകരെ അവഗണിച്ച് എങ്ങനെ നമ്മുടെ രാജ്യത്തിന് മുമ്പോട്ടു പോകാൻ സാധിക്കും?

2018 മാർച്ച് 8, വ്യാഴാഴ്‌ച

സ്ത്രീ ശക്തിയിലൂടെ ജാതീയതയിൽ നിന്നുള്ള മോചനം

ഇന്ത്യയിലെ ജാതി സംബ്രദായത്തിൻറ്റെ ആവിർഭാവവും, ജാതീയമായ വിവേചനങ്ങളും കഴിഞ്ഞ നൂറ്റാണ്ടിലും, ഇന്നും വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഇപ്പോൾ ഇ.വി.രാമസ്വാമി നായ്ക്കർ എന്ന പെരിയാറിൻറ്റെ പ്രതിമകൾ തകർക്കപ്പെടുമ്പോൾ അത് കൂടുതലായി ചർച്ച ചെയ്യപ്പെടും. സത്യത്തിൽ ഇന്ത്യയിൽ മാത്രമല്ല; ലോകം മുഴുവനും ഉണ്ടായിരുന്നതാണ് തൊഴിൽ പരമായ വിഭജനം. അടിമ സമ്പ്രദായവും ലോകം മുഴുവനും ഉണ്ടായിരുന്നു. വിഖ്യാത ഗ്രീക്ക് ചിന്തകനായ പ്ളേറ്റോയും, അരിസ്റ്റോട്ടിലും, സോക്രട്ടീസും, ത്രാഷിമാക്കുസുമൊന്നും അടിമ സമ്പ്രദായത്തിനെതിരേ  ശക്തമായ നിലപാടുകൾ ഏടുത്തില്ലാ എന്നുള്ളത് വളരെ അതിശയിപ്പിക്കുന്ന ഒന്നാണ്. ഇന്ത്യയിലും, കേരളത്തിലും അടിമ സമ്പ്രദായങ്ങൾ ഉണ്ടായിരുന്നുവെങ്കിലും  പുരാതന ഈജിപ്റ്റിലും, ഗ്രീസിലും ഒക്കെ നിലനിന്നിരുന്ന അടിമ സംബ്രദായത്തിൻറ്റെ അടുത്തു പോലും അതൊന്നും വരില്ല. 

ഈ അടിമ സംബ്രദായമാണോ ജാതീയമായ ജീർണതക്ക് വിത്ത് പാകിയത്?? തീർച്ചയായും അല്ല. ഈ അടിമ സമ്പ്രദായം തന്നെ തുടങ്ങിയത് ഗോത്ര സമ്പ്രദായത്തിലെ സാമ്പത്തിക അസമത്ത്വത്തിൽ നിന്നും, യുദ്ധ വിജയങ്ങളിൽ നിന്നുമാണെന്നാണ് വില ഡ്യൂറൻറ്റിനെ പോലുള്ള ചരിത്രകാരന്മാർ പറയുന്നത്. വിൽ ഡ്യൂറൻറ്റിൻറ്റെ 'നാഗരികതയുടെ ചരിത്രം' - 13 വോളിയങ്ങളിലെ ആദ്യ വോളിയമായ ‘Our Oriental Heritage’-ലെ പ്രസിദ്ധമായ അധ്യായമാണ് ‘From Hunting to Industry’. ഗോത്ര ജനതകൾ തമ്മിൽ യുദ്ധമുണ്ടാകുമ്പോൾ കീഴ്പ്പെടുത്തിയവരുടെ രക്തം കുടിക്കുകയും, മാംസം ഭക്ഷിക്കുകയും ചെയ്യുന്നതും സർവ സാധാരണം ആയിരുന്നു എന്നാണ് ആഫ്രിക്കൻ വനാന്തരങ്ങളിലെ കാഴ്ചകൾ വിവരിച്ചു കൊണ്ട് വിൽ ഡ്യൂറൻറ്റ് പറയുന്നത്. നാഷണൽ ജ്യോഗ്രഫിക്കും ഇപ്പോൾ പോലും മനുഷ്യ മാംസം ഭക്ഷിക്കുന്നവർ ആഫ്രിക്കയിലെ ഉൾ ഭാഗങ്ങളിൽ ഉണ്ടെന്നാണ് പറയുന്നത്. ഇത്തരം മൃഗീയമായ അടിച്ചമർത്തലുകൾ ആകാം അടിമ സംബ്രദായത്തിലേക്ക് ആദിമ മനുഷ്യനെ നയിച്ചത്. പക്ഷെ ഇന്ത്യയിൽ ആൻഡമാൻ ദ്വീപുകളിൽ നിന്നും മനുഷ്യ മാംസം ഭക്ഷിക്കുന്നവരെ കുറിച്ച് വാർത്തകൾ വന്നിട്ടുണ്ടെന്നതല്ലാതെ ആഫ്രിക്കയിലൊക്കെ ഉണ്ടായിരുന്നത് പോലുള്ള മൃഗീയമായ അടിച്ചമർത്തലുകളെ പറ്റിയൊന്നും തെളിവുകൾ കിട്ടിയിട്ടില്ല.

ഗോത്ര ജനതയിൽ നിന്ന് കൃഷിയും, വ്യവസായവും ഒക്കെയായി മാനവിക സംസ്കാരം വളർന്നപ്പോൾ സംഭവിച്ചതാകാം തൊഴിൽപരമായ വിഭജനവും എന്നാണ്‌ പല നരവംശ ശാസ്ത്രജ്ഞന്മാരുടെയും കണക്കു കൂട്ടൽ. ഇന്ത്യയിലെ ജാതിയും അങ്ങനെ ആവിർഭവിച്ചതാകാം. തുടക്കത്തിൽ പിന്നീടുണ്ടായത് പോലെ ശക്തമായ വിഭജനം ഒന്നുമില്ലായിരുന്നു. മഹാഭാരത കഥകൾ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാജകുമാരന്മാരുടെ ആയുധ മത്സരത്തിൽ നിന്ന് കുലം ചൊദിച്ച്  കർണ്ണനെ വിലക്കിയപ്പോൾ ദുര്യോധനൻ തനിക്കു പാരമ്പര്യമായി ലഭിച്ച അംഗ രാജ്യം കർണന് ദാനം കൊടുക്കുന്നു. അപ്പോൾ പ്രശ്നം അവിടെ തീരുന്നു. പിന്നീട് മഹാഭാരത യുദ്ധം വന്നപ്പോൾ കുന്തീ പുത്രനാണ് കർണൻ എന്ന് അറിയാവുന്നതു കൊണ്ട് ജ്യേഷ്ഠ പദവി കൊടുത്ത് കർണ്ണനെ പാണ്ഡവ പക്ഷത്തേക്കാക്കാൻ നീക്കം നടത്തുന്നുണ്ട് ശ്രീകൃഷ്ണൻ. കർണൻ പാണ്ഡവ പക്ഷത്തു വരികയും, യുദ്ധം ജയിക്കുകയും ചെയ്‌താൽ രാജാവ് തീർച്ചയായും കർണൻ തന്നെ. ശ്രീകൃഷ്ണൻറ്റെ പദ്ധതി പൊളിഞ്ഞെങ്കിലും ഇവിടെ മനസിലാക്കേണ്ട കാര്യം കുലമഹിമ അന്ന് വലിയ സംഭവമല്ലായിരുന്നു എന്നതാണ്.  

ജാതീയതക്കെതിരെ ശ്രീബുദ്ധൻ പിന്നീട് വലിയ ജനകീയ മുന്നേറ്റം നയിച്ചു എന്ന് ഡോക്ടർ അംബേദ്കറെ പോലുള്ളവർ സമർത്ഥിക്കാൻ ശ്രമിച്ചിട്ടുണ്ട്. സത്യത്തിൽ ബുദ്ധൻറ്റെ കാലത്തും ഇന്ത്യയിൽ ശക്തമായ ജാതി വേർതിരിവ് വന്നില്ലായിരുന്നു എന്നതാണ് യാഥാർഥ്യം. ഡോക്ടർ അംബേദ്കർ തൻറ്റേതായ രീതിയിൽ ഒരു സാമൂഹ്യ വിപ്ലവകാരിയായ ബുദ്ധനെ തൊട്ടു കൂടായ്മയ്ക്കും, ജാതി ചിന്തയ്ക്കും എതിരേ പ്രതിരോധിക്കുവാൻ വേണ്ടി സൃഷ്ടിക്കുകയായിരുന്നു. ഡോക്ടർ അംബേദ്കറുടെ ഈ ബുദ്ധ സങ്കൽപത്തിൽ ആധ്യാത്മികതയ്ക്കു പ്രാധാന്യം ഇല്ലായിരുന്നു. ഭൗതികവാദത്തിൻറ്റെ അടിസ്ഥാനത്തിൽ ഒരിക്കലും ബുദ്ധനെ കണ്ടെത്താൻ ആവില്ല. ബുദ്ധൻ അടിസ്ഥാനപരമായി അത്യന്തം തീഷ്ണമായ ധ്യാനത്തിലൂടെ ഉന്നതമായ ആത്മ സാക്ഷാത്കാരം നേടിയ വ്യക്തിയായിരുന്നു. അമേരിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നും ഇന്ത്യയിലേയും, ടിബറ്റിലെയും യോഗാശ്രമങ്ങളിലും, ബുദ്ധിസ്റ്റ് സന്യാസാശ്രമങ്ങളിലും അനേകം വർഷങ്ങളോളം താമസിച്ചു കാര്യങ്ങൾ പഠിച്ചവരുടെ ഇഷ്ടം പോലുള്ള പുസ്തകങ്ങൾ ഇന്നുണ്ട്. അവരൊക്കെ ഡോക്ടർ അംബേദ്കറിൽ നിന്ന് വിഭിന്നമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. സിദ്ധ യോഗികളെ കുറിച്ച് അനേകം പുസ്തകങ്ങൾ എഴുതിയ അമേരിക്കക്കാരനായ മാർഷൽ ഗോവിന്ദനും, ബ്രിട്ടനിൽ ജനിച്ചു വളർന്ന ബുദ്ധ ഭിക്ഷുണിയായ ടെൻസിൻ പാൽമോയും സിദ്ധ യോഗ സങ്കൽപ്പങ്ങളിലും, ബുദ്ധിസ്റ്റ് ചരിത്രത്തിലും ജാതി ഉള്ളതായി പറയുന്നില്ല. മുമ്പ് ഡയാൻ പെറി ആയിരുന്ന ടെൻസിൻ പാൽമോ 13 വർഷമാണ് ഹിമാചൽ പ്രാദേശിലുള്ള ലഹോളിയിലെ ഒരു ഗുഹയിൽ ഏകാന്ത ധ്യാനം അനുഷ്ഠിച്ചത്. 'കേവ് ഇൻ ദ സ്നോ' എന്ന പുസ്തകത്തിൽ ടെൻസിൻ പാൽമോയുടെ ഏകാന്ത ധ്യാനത്തെ കുറിച്ചുള്ള സചിത്ര വിവരണമുണ്ട്. മാർഷൽ ഗോവിന്ദൻ മുപ്പതു വർഷത്തോളം കഠിനമായ ആധ്യാത്മിക സാധന നടത്തി. ഡോക്ടർ അംബേദ്കറിൽ നിന്ന് ഇവർക്കൊക്കെയുള്ള വിത്യാസം ഇവരൊക്കെ ആത്മബോധം അല്ലെങ്കിൽ ആത്മജ്ഞാനം സിദ്ധിച്ചവർ ആണെന്നുള്ളതാണ്. അതുകൊണ്ടു തന്നെ അവരുടെ വീക്ഷണങ്ങളും വ്യത്യസ്തമാണ്.

ബുദ്ധൻറ്റെ കാലത്ത്‌ നിന്ന് പിന്നീട് മധ്യ കാലമായപ്പോഴാണ് ശരിക്കും ജാതീയമായ ജീർണത ഇന്ത്യയെ ഭരിക്കുന്നത്. ഇതിന് പല കാരണങ്ങളുമുണ്ട്. ഹിന്ദു മതത്തിലെ പുരോഹിത വർഗത്തിൻറ്റെ അപചയം, പൊതു സമൂഹത്തിൽ രാജാക്കന്മാരുടെയും യുദ്ധ പ്രഭുക്കളുടെയും സ്വാധീനം, ഫ്യുഡൽ മാടമ്പിമാരുടെ ഗുണ്ടായിസം, സർവോപരി സ്ത്രീകളുടെ സാമൂഹിക നിലയിൽ വന്ന മാറ്റം - ഇതൊക്കെയാകാം ജാതീയമായ ജീർണതക്ക് ഇന്ത്യൻ സമൂഹം അടിമപ്പെടാനുള്ള കാരണം. അതിലേറ്റവും പ്രധാനമായി ഇതെഴുതുന്ന ആൾക്ക് തോന്നുന്നത് സ്ത്രീകളുടെ പദവിയിൽ വന്ന മാറ്റമാണ്. അത് ഇന്ത്യയിൽ മാത്രമല്ല സംഭവിച്ചതും. പണ്ട് ഗ്രീസിലെ അപ്പോളോയുടെ ദേവാലയത്തിൽ സ്ത്രീ പുരോഹിതരെ കാണാം; വേദകാലത്ത്‌ ഇന്ത്യയിലും സ്ത്രീ പുരോഹിതരെ കാണാം. പക്ഷെ പുരോഹിത വർഗം ശക്തി പ്രാപിച്ചപ്പോൾ മുതൽ സ്ത്രീകളെ പൊതുരംഗത്ത് നിന്ന് മാറ്റി നിർത്തുന്നതാണ് കാണുവാൻ സാധിക്കുന്നത്.

മലയാളത്തിൽ പണ്ടത്തെ സ്ത്രീ വിവേചനത്തെ കുറിച്ചുള്ള ഒത്തിരി കഥകൾ ലളിതാംബികാ അന്തർജ്ജനത്തിൻറ്റെയും, ദേവകി നിലയങ്ങോടിൻറ്റെയും എഴുത്തുകളിൽ കൂടി കാണാം. നമ്പൂതിരി വിധവകൾ വെറും നിലത്തു കിടക്കണമായിരിന്നു. അവർക്ക് എണ്ണ തേക്കാൻ പറ്റില്ലായിരുന്നു. സ്വർണം, വെള്ളി - ഈ ആഭരണങ്ങൾ ഒന്നും അണിയാൻ അവകാശമില്ലായിരുന്നു. ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. വൃന്ദാവൻ, വാരണാസി തുടങ്ങിയ സ്ഥലങ്ങളിൽ ആയിരക്കണക്കിന് വിധവകൾ സമീപകാലത്ത് വരെ നരകയാതന അനുഭവിച്ചു കൊണ്ട് ജീവിച്ചു. ഇത്തരത്തിൽ സ്ത്രീകളുടെ പദവിയിൽ വന്ന മാറ്റമാണ് ജാതി ചിന്ത ശക്തിപ്പെടാൻ കാരണം എന്നത് സംശയലേശമന്യേ പറയാം.

മലയാളിയുടെ വീര ശൂര പരാക്രമി ആയിരുന്ന തച്ചോളി ഒതേനൻ പറയുന്നതായ വടക്കൻ പാട്ട് ഒന്ന് ശ്രദ്ധിക്കുക:
“ആണിന്നടങ്ങാത്ത പെണ്ണുണ്ടിന്ന്
അങ്ങനെയൊരു പെണ്ണുണ്ടെങ്കിൽ
ഓളെ ഞാൻ നന്നാക്കിക്കൊണ്ട്വരല്ലോ…
ഒന്നിങ്ങു കേൾക്കണം പെറ്റോരമ്മേ
ഞാനിന്നടക്കാത്ത പെണ്ണുമില്ല
ഞാനിന്നു കേറാത്ത വീടുമില്ല” – ഇതാണ് തച്ചോളി ഒതേനൻറ്റെ വീര വാദം. മാടമ്പിത്തരത്തിൻറ്റയും ആണഹന്തയുടെയും അങ്ങേയറ്റമാണ് ഈ വാക്കുകളിൽ മുഴങ്ങുന്നത്.

ഇത് കേരളത്തിൽ മാത്രമുണ്ടായിരുന്ന ആണഹന്തയുടെ കഥയല്ല. 20-30 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺകുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര - എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. 'ദാസി' സമ്പ്രദായം ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ ഭൂവുടമകളുടെ ഇടയിൽ വ്യാപകമായി ഉണ്ടായിരുന്നു. നടി അർച്ചനയ്ക്ക് ദേശീയ വാർഡ് കിട്ടിയത് തന്നെ 'ദാസി' സിനിമയിൽ അഭിനയിച്ചതിനാണ്. 'ദാസി' - കളായ പെൺകുട്ടികളെ ബലാത്സംഘം ചെയ്യുന്നതും, അന്യർക്ക് കാഴ്ച വെയ്ക്കുന്നതും കുറെ വർഷങ്ങൾക്കു മുമ്പ് വരെ ഉണ്ടായിരുന്നു.

ഇത്തരത്തിലുള്ള ആണഹന്തയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു സമീപനമാണ് പ്രകൃതിയോടിണങ്ങിയ ജീവിതം നയിച്ച പൗരാണിക മനുഷ്യർക്കുണ്ടായിരുന്നത്. ആദി കാവ്യമായ രാമായണം തന്നെ നോക്കുക. "രാമായണം രാമൻറ്റെ അയനം മാത്രമല്ല; അത് സീതായനം കൂടിയാണ്" - എന്നാണ് 'രാമായണത്തിലെ നായികാ നായകന്മാർ' എന്ന പ്രസിദ്ധ ലേഖനത്തിൽ പ്രൊഫെസ്സർ സുകുമാർ അഴീക്കോട് പറയുന്നത്. കാരണം പുരുഷൻറ്റെ പൂർണത സ്ത്രീയെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ടാണ് ഗുണവാനും, വീര്യവാനുമായിരുന്നു ശ്രീരാമൻ എന്ന മാതൃകാ പുരുഷനെ സൃഷ്ടിച്ചതിനു ശേഷം പൂർണതക്ക് വേണ്ടി സീതാദേവിയേയും സൃഷ്ട്ടിച്ചത്. അർത്ഥ നാരീശ്വര സങ്കൽപം ആണ് പണ്ട് മുതലേ ഉള്ള ശിവ സങ്കൽപം. ലോപ മുദ്ര, മീര, ഗാർഗി, മൈത്രേയി - ഇങ്ങനെ ഒള്ള എത്രയോ സ്ത്രീകൾ പുരാതന ഭാരതത്തിൽ ഉന്നതമായ ദൈവിക അനുഭവം ഉള്ളതായി പറയപ്പെടുന്നു. മാതൃ ദേവതാ സങ്കൽപ്പങ്ങൾ അനേകം ഇവിടെ ഉണ്ടായിരുന്നു.

മധ്യകാലമാകുമ്പോൾ സ്ത്രീകളുടെ സാമൂഹ്യ പദവിയിൽ വലിയ ഇടിവ് വരുന്നതായി കാണാം. ബ്രാഹ്മണർ അധികാരം കൈവശപെടുത്തിയതിനു ശേഷം വളരെ വലിയ മാറ്റങ്ങളാണ് മുഖ്യ ധാരാ സമൂഹത്തിൽ വന്നത്. ബ്രാഹ്മണർ രാജാക്കന്മാരെ കയ്യിലെടുത്തു. അതു വഴി അവർ നിർണായകമായ സാമൂഹ്യ ശക്തിയായി മാറി. ബ്രാഹ്മണർ പുരാതന ഭാരതത്തിൻറ്റെ ആത്മീയ ചൈതന്യത്തിനും, സംസ്കാരത്തിനും വലിയ അപചയങ്ങൾ വരുത്തി. സ്ത്രീ-പുരുഷ വിവചനം രൂപം കൊടുത്തതും, പൌരോഹിത്ത്യത്തിന് പ്രാധാന്യം കൊടുത്തതും, ജാതി വ്യവസ്ഥ അടിച്ചേൽപ്പിച്ചതും ബ്രാഹ്മണരാണ്. ഇതിഹാസങ്ങളിലും, പുരാണങ്ങളിലും, ഉപനിഷത്തുകളിലും ജാതി വ്യവസ്ഥിതിയെ സാധൂകരിക്കുന്ന പലതും പിന്നീട് കൂട്ടി ചേർത്തു. കറുപ്പും, വെളുപ്പും തമ്മിലുള്ള വിത്യാസം പിന്നീട് ഇന്ത്യയിൽ വളരെ വലുതായി. മംഗളകരമായ ചടങ്ങുകളിൽ വിധവകൾ പങ്കെടുക്കുന്നത് വിലക്കപ്പെട്ടു. വിധവകൾ അപശകുനമാണെന്ന് വിശ്വസിപ്പിച്ചതും, കുടുംബത്തിലെ പുരുഷന്മാർ  ഭക്ഷണം കഴിച്ചതിന് ശേഷം മാത്രം ആഹാരം കഴിക്കുവാൻ സ്ത്രീകളെ പ്രേരിപ്പിച്ചതും തുടങ്ങി ഒട്ടനവധി സ്ത്രീവിരുദ്ധമായ നടപടികൾ ഇക്കാലത്ത്‌ കാണാം.

ഇന്ത്യയിൽ എന്നല്ല; ലോകത്ത് തന്നെ പുരോഹിത വർഗം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് എല്ലാ മതങ്ങളിലും സ്ത്രീകൾക്ക് തുല്യ നീതി നിഷേധിക്കപ്പെടാൻ തുടങ്ങിയത്. പുരാതന ഗ്രീസിലും, വേദ കാലത്തും സ്ത്രീ പുരോഹിതകൾ ഉണ്ടായിരുന്നു. പക്ഷെ ഇതെല്ലാം ആധുനിക കാലത്ത് മാറുകയാണ്. ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണല്ലോ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. നമ്പൂതിരിമാർക്ക് നല്ല ഒരു അടി അവരുടെ സ്ത്രീകളിൽ നിന്ന് തന്നെ കിട്ടി കൊണ്ടിരിക്കയാണ് എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്. 

സ്ത്രീയെന്നാൽ പുരുഷൻ ഉടമസ്ഥാവകാശം പുലർത്തേണ്ട ഒരു വസ്തു അല്ലെന്നും, തന്നെ പോലെ തന്നെ സ്വന്തമായി വ്യക്തിത്വവും ഇഷാനിഷ്ട്ടങ്ങളും ഉള്ള ഒരു സ്വാതന്ത്ര വ്യക്തിയാണന്നും പുരുഷൻ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഏതു വികസിത രാജ്യത്തും സ്ത്രീയും, പുരുഷനും തോളോടു തോൾ ചേർന്നാണ് രാഷ്ട്ര നിർമാണ പ്രക്രിയയിൽ അധ്വാനിക്കുന്നത്. ഇന്ത്യയിൽ ആണെങ്കിൽ ഇപ്പോൾ സൈന്യത്തിലെ കോംബാറ്റ് Roles - ൽ പോലും സ്ത്രീകളെ നിയമിക്കുന്നു. ഈയിടെയാണ് അവാനി ചതുർവേദിയെന്ന ഇന്ത്യയുടെ ആദ്യ ഫൈറ്റർ പൈലറ്റ് ഇന്ത്യൻ വ്യോമ സേനയിൽ ചേർന്നത്.

സത്യത്തിൽ ഇനിയുള്ള കാലം പെൺകുട്ടികളുടേതാണ്. ഉന്നത വിദ്യാഭ്യാസവും, സാമ്പത്തിക സുരക്ഷിതത്ത്വവും നേടുന്ന പെൺകുട്ടികൾ ജാതിക്കും, മതത്തിനും ഉപരിയായി ഒരു വലിയ സാമൂഹ്യ വിപ്ലവം ഇന്ത്യയിൽ സൃഷ്ടിക്കും. അതിൻറ്റെ ലക്ഷണങ്ങൾ ഇപ്പോൾ തന്നെയുണ്ട്. സത്യത്തിൽ ഇപ്പോഴത്തെ സാമൂഹ്യ ഘടന നോക്കിയാൽ ദക്ഷിണേന്ത്യയിലുള്ള മുന്നോക്ക ജാതികളിൽ ആ മാറ്റം പ്രകടമാണ്. പ്രൊഫഷണൽ വിദ്യാഭ്യാസത്തിനും, ജോലിക്കും വേണ്ടി പെൺകുട്ടികൾ രാത്രിയും, പകലും ഒരുപോലെ സഞ്ചരിക്കുന്നു. വിവാഹത്തിലും തങ്ങളെ പോലെ തന്നെ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കാണ് മിടുക്കികളായ പെൺകുട്ടികൾ മുൻഗണന കൊടുക്കുന്നത്. ഉത്തരേന്ത്യയിൽ അത്‌ അധികം കാണാത്തത് കൊണ്ടാണെന്നു തോന്നുന്നു അവിടെയൊക്കെ ദുരഭിമാന കൊലകൾ പോലെയുള്ള സംഭവങ്ങൾ നടക്കുന്നത്. OBC, ദളിത്, മുസ്‌ലിം - ഈ സമുദായങ്ങളിലുള്ള പെൺകുട്ടികളാണ് അധികം പൊതുരംഗത്തേക്ക് ഇറങ്ങാത്തത്. ഉത്തരേന്ത്യയിൽ സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാ ദൾ, BSP - ഈ പാർട്ടികളിലൊന്നും അധികം സ്ത്രീ പ്രാതിനിധ്യമില്ല. കേരളത്തിലെ മുസ്‌ലിം ലീഗിലും അധികം സ്ത്രീ പ്രാതിനിധ്യമില്ല. ഇപ്പോൾ ഇന്ത്യ അതിവേഗം 'വെൽഫെയർ' സ്റ്റെയിറ്റ്' എന്ന സങ്കൽപ്പത്തോട് അടുക്കുകയാണ്. ഏതൊരു 'വെൽഫെയർ സ്റ്റെയിറ്റിലും' 'ക്വാളിറ്റി ഓഫ് ലയിഫ്' അളക്കുന്നത് ആ രാജ്യത്തെ സ്ത്രീകളുടെ ജീവിത നിലവാരമനുസരിച്ചാണ്. അതുകൊണ്ട് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സാമൂഹ്യ വിപ്ലവം സൃഷ്ടിക്കുന്നത് പെൺകുട്ടികളാണെന്നത് കണ്ട്‌ ഇനിയുള്ള കാലത്ത് ആണ്‍മക്കളെക്കുറിച്ചെന്നതുപോലെ പെണ്‍മക്കളെക്കുറിച്ചും അഭിമാനം കൊള്ളാം എന്ന ബോധമാണ് ജനങ്ങളിൽ ഊട്ടിയുറപ്പിക്കേണ്ടിയിരിക്കുന്നത്. പുരുഷകേന്ദ്രീകൃതമായ പല മൂല്യങ്ങളുമാണ് ലോകത്തെ മിക്ക കുഴപ്പങ്ങൾക്കും കാരണം എന്നാണ്‌ പലരും പറയുന്നത്. അതിനു പകരം സ്ത്രീ സഹജമായ 'കെയറിങ്', 'നർച്ചറിങ്' - ഇത്തരം ഗുണങ്ങൾ  ഉൾക്കൊണ്ടാൽ തന്നെ ലോകത്തിലെ പല പ്രശ്നങ്ങളും മാറും എന്നും ഇക്കൂട്ടർ പറയുന്നു.

2018 മാർച്ച് 6, ചൊവ്വാഴ്ച

ലെനിൻ മഹാനായിരുന്നോ???

വ്ളാഡിമീർ ഇലിയച്ച് ഉല്യാനോവ് എന്ന ലെനിൻ വലിയ മഹാനൊന്നും അല്ലായിരുന്നു. ഇത് വെറുതെ പറയുന്നതല്ല; ശരിക്കും പഠിച്ചിട്ട് തന്നെ പറയുന്നതാണ്. ഇത് പറയുമ്പോൾ തന്നെ ധൈഷണിക മണ്ഡലത്തിൽ ലെനിൻ വലിയ സംഭാവനകൾ നൽകിയിരുന്നു എന്ന് അംഗീകരിക്കുവാനും ഇതെഴുതുന്ന ആൾക്ക് ഒരു മടിയും ഇല്ലാ. പക്ഷെ ധിഷണാ വൈഭവമുള്ള എഴുത്തുകാരൊക്കെ വ്യക്തി ജീവിതത്തിൽ മഹത്ത്വം പ്രകടിപ്പിക്കണം എന്നൊന്നില്ല. ഏകാധിപതിയും, രക്ത ദാഹിയുമായിരുന്നു യഥാർത്ഥത്തിലുള്ള ലെനിൻ. ആ ലെനിനിസ്റ്റ് രീതി തന്നെയാണ് പിന്നീട് തികഞ്ഞ ഏകാധിപതിയായ സ്റ്റാലിന് ജന്മം കൊടുത്തത്.

ലെനിൻറ്റെ ഏകാധിപത്യ സ്വൊഭാവം കമ്യൂണിസ്റ്റുകാർ സൗകര്യപൂർവം മറച്ചു വെച്ച് ലെനിനെ മഹാനാക്കി. സ്‌കൂളിൽ നമ്മളിൽ പലരും പഠിച്ച ലെനിനിനെ കുറിച്ചുള്ള ഒരു കഥയുണ്ട്. സൈബീരിയയിൽ നിന്ന് ഒരു കർഷകൻ ലെനിനെ കാണാൻ വരുന്നതും ലെനിൻ സാദാ കഞ്ഞി കുടിക്കുന്നത് കണ്ട് അതിശയിച്ചു പോയതും. ഇപ്പോൾ ത്രിപുരയിലെ മണിക് സർക്കാരിനെ കുറിച്ചും ഇത്തരം അതിശയോക്തി കലർന്ന ലാളിത്യത്തിൻറ്റെ കഥകളാണ് കമ്യൂണിസ്റ്റുകാർ പ്രചരിപ്പിക്കുന്നത്. ഉയർന്നു നിൽക്കുന്ന ലെനിൻ പ്രതിമകൾ കണ്ടാൽ ലെനിൻ ആജാനുബാഹുവായിരുന്നു എന്ന തോന്നൽ ഉണ്ടാകും. പക്ഷെ സത്യത്തിൽ ലെനിൻറ്റെ രൂപഘടന എപ്രകാരമായിരുന്നു?? പൊക്കം കുറഞ്ഞു ഒരു കാലിന്‌ മുടന്തും ഉള്ള മനുഷ്യനായിരുന്നു ലെനിൻ. ഇതൊക്കെ മറച്ചു വെച്ച് ആജാനുബാഹുവാവായ ലെനിനെ സൃഷ്ടിക്കുവാൻ കമ്യൂണിസ്റ്റുകാർക്കേ കഴിയൂ.   

ലെനിൻ അടിസ്ഥാനപരമായി രാഷ്ട്രമീമാംസകനായിരുന്നു. നല്ല വിശകലനങ്ങൾ നടത്തിയിട്ടുണ്ട്. ലെനിൻറ്റെ ‘Nations Right to Self Determination’, ‘Imperialism – Highest Stage of Capitalism’ എന്ന കൃതികളൊക്കെ ഇന്നും വേണമെങ്കിൽ ക്ലാസിക്കുകൾ ആയി അംഗീകരിക്കപ്പെടും. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ എല്ലാവരും അംഗീകരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല; ലെനിൻ സ്ഥാപിച്ചത് പോലെയൊന്നും അല്ല പിന്നീട് കാര്യങ്ങൾ നടന്നതും. ലെനിൻ തന്നെ സ്വന്തം പുസ്തകത്തിൽ പറയുന്നത് പോലെയൊന്നും പ്രവർത്തിച്ചിട്ടില്ല. സാറിസ്റ്റ് റഷ്യയിലെ റിപ്പബ്ലിക്കുകൾക്ക്‌ സ്വയം നിർണായവകാശം ആയിരുന്നു ലെനിൻറ്റെ വലിയൊരു വാഗ്ദാനം. പക്ഷെ ലെനിൻ നേതൃത്വം നൽകിയ ബോൾഷെവിക് പാർട്ടി വിപ്ലത്തിന് ശേഷം അധികാരമേറ്റെടുത്തുകഴിഞ്ഞപ്പോഴാണ് ലെനിന് യാഥാർഥ്യ ബോധം വന്നത്. മുൻ സോവിയറ്റ് യൂണിയനിൽ റഷ്യക്ക് ചുറ്റുമായിരുന്നു 14 റിപ്പബ്ലിക്കുകളുടെ കിടപ്പ്. ഇതിൽ ചിലതൊക്കെ പിന്നീട് വന്നതാണ്. ഈ റിപ്പബ്ലിക്കുകൾ 'സ്‌ട്രാറ്റെജിക് ' ആയി വളരെ പ്രാധാന്യമുള്ളവയായിരുന്നു. അതുകൊണ്ട് ലെനിൻ താൻ പറഞ്ഞതെല്ലാം സൗകര്യപൂർവം വിഴുങ്ങി റിപ്പബ്ലിക്കുകളെ ബലപ്രയോഗത്തിലൂടെ അല്ലെങ്കിൽ ഭീഷണിയിലൂടെ കൂടെ നിർത്തി. പിന്നീട് സ്റ്റാലിന് റിപ്പബ്ലിക്കുകളുടെ കാര്യത്തിൽ ഉരുക്കു മുഷ്ടി കാണിക്കാൻ ഒരു മടിയും ഉണ്ടായില്ല. സോവിയറ്റ് യൂണിയൻ 1993 -ൽ ഛിന്നഭിന്നമാകുവാൻ കാരണമായത് ഈ നയവൈകല്യമായിരുന്നു. ഈ നയവൈകല്യങ്ങൾ തുടങ്ങിവെച്ചത് ലെനിൻ തന്നെയായിരുന്നു; പൂർത്തീകരിച്ചത് സ്റ്റാലിനും. ലെനിൻറ്റെ ഈ നയം മാറ്റത്തെ കുറിച്ച് റഷ്യനിൽ എഴുതപ്പെട്ട ‘Utopia in Power’ എന്ന ദീർഘമായ ഗ്രന്ഥത്തിൽ പറയുന്നത് ഇപ്രകാരമാണ്: “Socrates was asked, What he will do when he gets power. The wise Man answered: I will act to the true meaning of the words. And when Lenin started ruling, words lost it’s true meaning.” ക്യാപ്പിറ്റലിസം പിന്നീട് സാമ്രാജ്യത്ത രൂപം കൈവരിക്കുന്നത് ലെനിൻ ‘Imperialism – Highest Stage of Capitalism’ എന്ന പുസ്തകത്തിൽ പറഞ്ഞുവെങ്കിലും യൂറോപ്പിലും, മറ്റ് 'വെൽഫെയർ' രാജ്യങ്ങളിലും ശക്തമായ മധ്യ വർഗം വരുന്നത് കാണാൻ ലെനിനും, മാർക്‌സും അമ്പേ പരാജയപ്പെട്ടു. 

രാഷ്ട്രീയ വിശകലനത്തെക്കാൾ വലിയ പരാജയമായിരുന്നു ലെനിൻ ഭരണത്തിൽ. തൻറ്റെ ഭരണ പരാജയം മറച്ചു വെക്കുവാൻ നര നായാട്ട് നടത്തുവാൻ ലെനിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. സർഗ്ഗവൈഭവം ഉള്ള ഒരു എഴുത്തുകാരൻ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന് പലരും സംശയിക്കും. പക്ഷെ അങ്ങനെയൊക്കെ സംഭവിച്ചു. കെ. വേണു തൻറ്റെ 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകത്തിൽ പറയുന്നത് ലെനിനെ എങ്ങനെയെങ്കിലും സംരക്ഷിക്കുവാനാണ് ലെനിൻറ്റെ സമ്പൂർണ കൃതികൾ പരിശോധിക്കുവാൻ തുടങ്ങിയതെന്നാണ്. പക്ഷെ മുഴുവൻ കൃതികളും പരിശോധിച്ച് കഴിഞ്ഞപ്പോൾ ലെനിനെ സംരക്ഷിക്കുവാൻ ഒരു മാർഗവും ഇല്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. മുൻ സോവിയറ്റ് യൂണിയൻറ്റെ ചരിത്രം പരിശോധിക്കുന്ന ആർക്കും ഇത് വ്യക്തമാകും. ശരിക്കും ലെനിനായിരുന്നു പിന്നീട് വന്ന സ്റ്റാലിൻറ്റെ ഉരുക്കു മുഷ്ടിക്കും, ഏകാധിപത്യത്തിനും തുടക്കമിട്ടത്. 

"The October Revolution was not what you call in America the 'Russian Revolution.' It was an invasion and conquest over the Russian people. More of my countrymen suffered horrific crimes at their bloodstained hands than any people or nation ever suffered in the entirety of human history. It cannot be understated. Bolshevism was the greatest human slaughter of all time. The fact that most of the world is ignorant of this reality is proof that the global media itself is in the hands of the perpetrators." - Aleksandr Solzhenitsyn (1918-2008). ഇതാണ് നോബൽ സമ്മാനിതനും, 'ഗുലാക് ആർക്കിപ്പെലോഗോ'  എഴുതിയ അലക്‌സാണ്ടർ സോൾഷ്നിസ്‌റ്റിൻ ഒക്ടോബർ വിപ്ലവത്തെ കുറിച്ച് പറയുന്നത്. പല ആരാധനാലയങ്ങളും ഒക്ടോബർ വിപ്ലവത്തോട് കൂടി ലേബർ ക്യാമ്പുകളാക്കി മാറ്റി; പള്ളികളിൽ നിന്ന് വിഗ്രഹങ്ങൾ എടുത്തു മാറ്റി. ഇങ്ങനെ പിൽക്കാലത്ത് സ്റ്റാലിൻ നടത്തിയ പല ക്രൂരതക്കും, അടിച്ചമർത്തലിനും തുടക്കമിട്ടത് ലെനിനായിരുന്നു. സിഫിലിസ് പിടിച്ചാണ് മരിച്ചതെന്നും പറയപ്പെടുന്നു. അതുകൊണ്ട് അത്തരത്തിലുള്ള ലെനിൻറ്റെ പ്രതിമ ത്രിപുരയിൽ മാറ്റുമ്പോൾ യഥാർത്ഥ കമ്യുണിസ്റ്റുകാർ ആശ്വസിക്കുകയാണ് വേണ്ടത്. 1993 -ൽ മോസ്‌കോയിൽ ലെനിൻറ്റെ പ്രതിമ ബുൾഡോസർ കൊണ്ട് നീക്കം ചെയ്തപ്പോൾ ആർപ്പു വിളിച്ചത് ജനലക്ഷങ്ങളാണ്. ലൈവ് ടെലികാസ്റ്റായി അത് ഇതെഴുതുന്ന ആളും കണ്ടതാണ്. റഷ്യക്കാർക്കു പോലും വേണ്ടാത്ത ലെനിനെ ഇന്ത്യക്കാർ എന്തിന് അംഗീകരിക്കണം???

2018 മാർച്ച് 1, വ്യാഴാഴ്‌ച

കേരളത്തിൽ നിലനിൽക്കുന്ന സ്ത്രിവിരുദ്ധത

കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾ ഒട്ടു മിക്കതും അങ്ങേയറ്റത്തെ സ്ത്രീ വിരുദ്ധതയാണ് പ്രദർശിപ്പിക്കുന്നത്. ഈ പുരോഗമന പ്രസ്ഥാനങ്ങളിൽ ഏറ്റവും മോശം ഇവിടുത്തെ മാക്സിസ്റ്റുകാരാണെന്നാണ് തോന്നുന്നത്. ഒരുപക്ഷെ ഈ സ്ത്രീ വിരുദ്ധത കാറൽ മാർക്സിൽ നിന്ന് തന്നെ തുടങ്ങിയതും ആകാം. മാർക്സ് സ്ഥാപിച്ച പ്രസ്ഥാനം 'ഇൻറ്റർ നാഷണൽ വർക്കിങ് മെൻസ് അസോസിയേഷൻ' എന്നല്ലേ?? അവിടെ 'വിമൻസ്' വരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികൾ 'കേരളാ മോഡൽ' സ്ത്രീ ശാക്തീകരണത്തിൽ വലിയ പങ്കു വഹിച്ചതായി പലയിടത്തും പ്രസ്താവിച്ചു കണ്ടിട്ടുണ്ട്. പക്ഷെ കേരളത്തിലേയോ, ഇന്ത്യയിലേയോ ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ ‘Decision Making Positions’ -ൽ സ്ത്രീ സാന്നിധ്യം ഒട്ടുമേ ഇല്ലാ.

ഈ സ്ത്രീ വിരുദ്ധതയുടെ പശ്ചാത്തലത്തിൽ നിന്ന് വേണം 'ഗൃഹലക്ഷ്മിയിലെ' മുലയൂട്ടുന്ന ഫോട്ടോ കാണാൻ. ഗൃഹലക്ഷ്മിയുടെ ആശയത്തെ അംഗീകരിക്കുന്നവർ തന്നെ ഇതിലെ കച്ചവട വൽക്കരണത്തെയും മാർക്കറ്റിങ് തന്ത്രത്തെയും ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. താൽപര്യമില്ലെങ്കിൽ ആ ഭാഗത്തേക്ക് നോക്കാതിരുന്നാൽ പോരേ?? അപ്പോൾ കാരണം വ്യക്തം. പരസ്യമായി മുലയൂട്ടുക എന്നത് ഇപ്പോഴും സദാചാര പോലീസുകാർക്ക് അലോസരം ഉണ്ടാകുന്ന ഒന്നാണ്. "ഇങ്ങനെയും മുലയൂട്ടാൻ സാധിക്കും" സാധിക്കും എന്ന് പറഞ്ഞു കൊണ്ട് ചുവന്ന കാൻജീപുരം പട്ടുസാരി കൊണ്ട് തല മറച്ച ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോൾ പുരുഷൻറ്റെ സദാചാര വാഞ്ജ തന്നെയാണ് പ്രതിഫലിക്കുന്നത്.

മുലയൂട്ടുന്ന അമ്മയും കുഞ്ഞിൻറ്റേയും ചിത്രം അതിമനോഹരമായി ലോകത്ത് എത്രയോ തവണ വന്നിട്ടുണ്ട്. അന്നൊന്നുമില്ലാത്ത സദാചാര ബോധം ഇന്നെന്തിനാണ്?? ഇവിടെയാണ് കേരളത്തിൽ നിലനിൽക്കുന്ന സ്ത്രിവിരുദ്ധത മനസിലാക്കേണ്ടത്. സ്ത്രിവിരുദ്ധത കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും, ചർച്ചാ വേദികളിലും ഉണ്ട്. ദളിത് പ്രസ്ഥാനങ്ങളെ തന്നെ നോക്കൂ. ബ്രാഹ്മണ മേധാവിത്വം, രോഹിത് വെമൂല, ഹിന്ദു ഫാസിസം, സവർണ മേധാവിത്ത്വം - എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ചർച്ചകളിലൂടെ അവർ പലപ്പോഴും പുരുഷൻറ്റെ അധികാര വാഞ്ജയാണ് കാണിക്കുന്നത്. സ്ത്രീ വിരുദ്ധത കേരളത്തിലെ മറ്റെല്ലാ പ്രസ്ഥാനങ്ങളിലുമുള്ളത് പോലെ ജാതി പറയുന്നവരിലും ഉണ്ട്. കുടുംബങ്ങളിൽ പുലരേണ്ട സമാധാനത്തേയോ ശാന്തതയയോ കുറിച്ചോ, സ്ത്രീകളുടെയും, കുട്ടികളുടെയും അവകാശങ്ങളെ കുറിച്ചോ ഉള്ള പ്രശ്നങ്ങളെല്ലാം ഇവിടെ തീർത്തും അവഗണിക്കപ്പെടുന്നു. വിവാഹിതയായ ഏതു സ്ത്രീയോട് ചോദിച്ചാലും സ്വസ്ഥതയുള്ള കുടുംബ ജീവിതമാണ് അവർ ആദ്യത്തെ ആവശ്യമായി പറയുക. പക്ഷെ എല്ലുമുറിയെ പണിയെടുത്ത് കിട്ടിയ പണവും, വീട്ടിലെ സ്ത്രീകൾ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തിൽ തിരുകി പുരുഷന്മാർ നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോർപറേഷൻ വിൽപനശാലകൾക്ക് മുന്നിലെ ക്യൂവിൽ സ്ഥാനം പിടിക്കുന്നതിനെ കുറിച്ച് ഇവിടെ ജാതിബോധം പ്രചരിപ്പിക്കുന്ന ആരും ചർച്ച ചെയ്യുന്നില്ല. മദ്യത്തിൻറ്റെ ലഹരി പോരാത്തവർ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടെയും ബസ്സ്റ്റാൻറ്റുകളുടെയും പിന്നാമ്പുറങ്ങൾ തേടിപ്പോകുന്നതിനെ കുറിച്ചും ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല. ഇവിടെയെല്ലാം സ്ത്രീയാണ് ഏറ്റവും തിക്ത ഫലങ്ങൾ അനുഭവിക്കുന്നതെന്ന ലളിതമായ സത്യം പുരോഗമനം പറയുന്ന ആരും തിരിച്ചറിയുന്നില്ല. അതുകൊണ്ടു തന്നെ ഇവർക്കൊക്കെ എന്ത് പുരോഗമനമാണ് ഉള്ളത്??