ബി. ജെ.പി. രാജ്യത്തു സൃഷ്ടിച്ചിരിക്കുന്ന സാമൂഹ്യ ഭിന്നിപ്പ് ഒരു രീതിയിലും അംഗീകരിക്കുന്നില്ലെങ്കിലും മുത്തലാഖിനെതിരെ കേന്ദ്ര സർക്കാർ നിയമം കൊണ്ട് വന്നത് പുരോഗമനകാരികൾ സ്വാഗതം ചെയ്യേണ്ട ഒന്നാണ്. ബി.ജെ.പി. -യുടെയും, സംഘ പരിവാർ സംഘടനകളുടെയും ഉദ്ദേശ ശുദ്ധി ഇക്കാര്യത്തിൽ സംശയിക്കപെടേണ്ടതാണെങ്കിലും മുത്തലാഖിനെതിരെയുള്ള ഈ ബിൽ കോൺഗ്രസിനോ, ഇടതു പക്ഷ രാഷ്ട്രീയ പാർട്ടികൾക്കോ ഇന്ത്യയിൽ വിജയിപ്പിക്കാനാവില്ല എന്ന വസ്തുത പരിഗണിക്കുമ്പോൾ തീർച്ചയായും ഈ ബില്ലിനെ സ്വാഗതം ചെയ്യണം. ഇസ്‌ലാമിക രാഷ്ട്രങ്ങൾ പോലും നിരോധിച്ചിരിക്കുന്ന ഈ സമ്പ്രദായം ഇന്ത്യയിൽ ഇത്ര നാളും എന്തെ അംഗീകരിക്കപ്പെട്ടു എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴാണ് മത-ജാതി രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ വോട്ടു ബാങ്ക് രാഷ്ട്രീയത്തെ കുറിച്ച് നാം മനസിലാക്കേണ്ടത്. അതുകൊണ്ടു തന്നെ മുത്തലാഖിനെതിരെയുള്ള ഈ ബിൽ രാജ്യ സഭ കടക്കുമെന്നും തോന്നുന്നില്ല.
ഭാര്യയായ യശോദാ ബെന്നിനെ മോഡി ഉപേക്ഷിച്ചു പോയി എന്ന് പറഞ്ഞു മുത്തലാഖിനെ ന്യായീകരിക്കുന്നവർ ശൈശവ വിവാഹങ്ങൾ ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹത്തിലും വ്യാപകമായി ഉണ്ട് എന്നുള്ള കാര്യം സൗകര്യപൂർവം മറക്കുന്നു. വിവാഹ പ്രായം 18 -ൽ നിന്ന് 16 ആക്കണം എന്ന് മുസ്‌ലിം മത മൗലിക വാദികൾ പറഞ്ഞപ്പോൾ കേരളത്തിലെ മുസ്ലീം പെൺകുട്ടികൾ തന്നെ അതിന് എതിരായി പരസ്യമായി രംഗത്തു വന്ന കാര്യം ഒന്നും മറക്കരുത്. അതൊക്കെ കൂടാതെ വിവാഹ മോചനം നേടുന്ന അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീക്ക് സാമ്പത്തികമായ പരിരക്ഷ എന്ന കാതലായ കാര്യം യശോദാ ബെന്നിൻറ്റെ കാര്യത്തിൽ സൗകര്യപൂർവം മറക്കുന്നു. മോഡി നേരത്തെ ഭാര്യയായി അംഗീകരിച്ചിരുന്നില്ലെങ്കിലും യശോദാ ബെന്നിന് തെരുവിൽ അലയേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നു. ജോലിയുണ്ടായിരുന്നു; വരുമാനം ഉണ്ടായിരുന്നു; കുടുംബത്തിൻറ്റെ പരിരക്ഷയും ഉണ്ടായിരുന്നു. മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകൾക്ക് ഇത്തരത്തിലുള്ള സാമ്പത്തികവും, സാമൂഹ്യവും ആയ സുരക്ഷിതത്ത്വം കിട്ടുന്നുണ്ടോ??
1985 - ൽ 'ഷാ ബാനൂ' കേസ് വിധി വന്നപ്പോൾ മുസ്ലീം വ്യക്തിഗത നിയമങ്ങൾ മാറ്റി എഴുതിക്കുവാൻ ഇവുടുത്തെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും കോലാഹലം ഉണ്ടാക്കി. സത്യത്തിൽ അന്ന് സുപ്രീം കോടതി പറഞ്ഞതിൽ എന്തായിരുന്നു തെറ്റ്? 'ഷാ ബാനൂ' കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ തികച്ചും ന്യായമല്ലായിരുന്നുവോ? മുസ്ലീം വിധവകൾക്കും ജീവനാംശവും, സംരക്ഷണവും കൊടുക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റുണ്ടായിരുന്നത്? എന്നിട്ടും മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും 1986 - ൽ രാജീവ് ഗാന്ധി സർക്കാരിൽ കനത്ത സമ്മർദം ചെലുത്തി മുസ്ലീം വ്യക്തിഗത നിയമം മാറ്റി എഴുതി. ഇപ്പോൾ 'മുത്താലാക്ക്' - നെതിരെ വരെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും 'ഷാ ബാനൂ' കേസിനെതിരെ എന്ന പോലെ കോലാഹലം ഉണ്ടാക്കുന്നുണ്ട്. മുസ്ലീം സ്ത്രീകൾ തന്നെയാണ് തങ്ങളുടെ സമുദായത്തിലുള്ള ഈ യാഥാസ്ഥികത്ത്വത്തിനും, സ്ത്രീ വിരുദ്ധതയ്ക്കും എതിരേ മുന്നോട്ടു വരേണ്ടത്. അല്ലാതെ മറ്റുള്ളവരല്ല.
ഇപ്പോൾ മുസ്ലിം സ്ത്രീകളെ ബാധിക്കുന്ന മുത്തലാഖ് രീതി നിയമവിരുദ്ധമാക്കി കൊണ്ടുള്ള ബിൽ മോദി സർക്കാർ പാർലമെൻറ്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. കാലഹരണപ്പെട്ട മുത്തലാഖ് വിഷയം പരിഷ്‌ക്കരിക്കാൻ മുന്നിൽ നിന്നത് അഞ്ച് വനിതകളാണ് - സൈറ ബാനു, ഇസ്രത്ത് ജഹാൻ, ഗുൽഷൻ പർവീൺ, അഫ്രീൻ റഹ്മാൻ, അതിയ സാബ്രി എന്നിവർ. ഇതിൽ ബംഗാൾ സ്വദേശിനിയായ ഇസ്രത്തിനെ ഭർത്താവ് മുർത്താസ ദുബായിൽ നിന്ന് ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. മുർത്താസയ്ക്കും ഇസ്രത്തിനും നാലു മക്കളാണുള്ളത്. ഇസ്രത്ത് ജഹാൻറ്റേതടക്കം മുത്തലാഖിലൂടെ വിവാഹമോചിതരായ അഞ്ച് മുസ്‌ലിം സ്ത്രീകളുടേതുൾപ്പെടെ ഏഴ് ഹർജികൾ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖ് നിരോധിച്ചത്.
1985 - ൽ 'ഷാ ബാനൂ' കേസ് വിധി വന്നപ്പോൾ ഭരണ പരിചയമില്ലാതിരുന്ന രാജീവ് ഗാന്ധിയെ ഉത്തർ പ്രദേശിലെ ഉപ തിരഞ്ഞെടുപ്പുകളിൽ ശക്തമായ തിരിച്ചടികൾ നൽകി കൊണ്ട് സമ്മർദ്ദത്തിലാക്കി. മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും രാജീവ് ഗാന്ധിയെ സ്വാധീനിച്ച് മുസ്ലീം വ്യക്തിഗത നിയമം മാറ്റി എഴുതി. പിന്നീട് ഇതിനെതിരെ വിമർശനം ഉയർന്നപ്പോൾ രാജീവ് ഗാന്ധി ഹിന്ദു വർഗീയതെക്കെതിരെയും മൃദു സമീപനം എടുത്തു. അയോധ്യയിലെ തർക്ക ഭൂമിയിൽ ശിലാ സ്ഥാപനം നടത്തുവാൻ അനുമതി നൽകി. ഇതിനു ശേഷമുള്ള ചരിത്രം നമുക്കറിയാവുന്നതാണ്. 1984 -ൽ ലോക്സഭയിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി. ഇന്ത്യയിൽ വ്യാപകമായ വർഗീയവൽക്കരണം നടത്തി. പക്ഷെ ഇവിടെ ഓർമിക്കേണ്ടത് 1947-ലെ വിഭജനത്തിൻറ്റെ കാര്യമായാലും, 1985 - ൽ 'ഷാ ബാനൂ' കേസിൻറ്റെ കാര്യമായാലും മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ ഇടപെടലിൻറ്റെ തുടക്കം പുരുഷ കേന്ദ്രീകൃതവും, അവസര വാദപരവുമായ മുസ്ലീം യാഥാസ്ഥികരുടെ ഭാഗത്തു നിന്നായിരുന്നു എന്ന വസ്തുതയാണ്. സാധാരണക്കാരായ മുസ്ലീങ്ങൾക്കോ, മുസ്‌ലീം സ്ത്രീകൾക്കോ ഇത്തരം രാഷ്ട്രീയ നിലപാടുകൾ ഒരു പ്രയോജനവും ചെയ്തിട്ടില്ല.
ഹിന്ദു വ്യക്തി നിയമം പരിഷ്കരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ശ്രമം ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ആരംഭിച്ചിരുന്നു. 1947- ൽ തന്നെ രൂപീകരിച്ചിരുന്ന അനേകം കമ്മിറ്റികളുടെ റിപ്പോർട്ടുകൾ പ്രകാരം കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതാക്കുക, ആൺ-പെൺ ഭേദമന്യേ മക്കൾക്ക് സ്വത്തിൽ തുല്യാവകാശം നൽകുക, അന്യ മതത്തിലും, ജാതിയിലുമുള്ള വിവാഹവും വിവാഹ മോചനവും അനുവദിക്കുക, ബഹുഭാര്യാത്വം നിരോധിക്കുക എന്നൊക്കെയായിരുന്നു കമ്മിറ്റി റിപ്പോർട്ടുകളുടെ പ്രധാന ശുപാർശകൾ. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം 1948-ൽ നിയമമന്ത്രി ഡോക്റ്റർ അംബേദ്കർ ആ ശുപാർശകൾ അൽപസ്വൽപം വ്യത്യാസങ്ങളോടെ 'ഹിന്ദു കോഡ് ബില്ലായി' അവതരിപ്പിച്ചു. പക്ഷെ ഹിന്ദുക്കൾക്ക് മാത്രമായി എന്തിനു നിയമം വേണം എന്ന നിർണായക ച്യോദ്യത്തിന് ഉത്തരം പറയാൻ ഡോക്റ്റർ അംബേദ്കർക്ക് പാർലമെൻറ്റിൽ സാധിച്ചില്ല. ഡോക്റ്റർ അംബേദ്കർ ബിൽ പാസാകാത്തതിൻറ്റെ പേരിൽ 1951 സെപ്റ്റംബർ 27-ന് കേന്ദ്രമന്ത്രി സഭയിൽ നിന്ന് രാജിവെക്കുകയും ചെയ്തു.
'ഹിന്ദു കോഡ് ബിൽ' ഡോക്റ്റർ അംബേദ്കറുടെ രാജിയിൽ കലാശിച്ചതിനെ ചൊല്ലി ഹിന്ദു സമൂഹത്തിലെ യാഥാസ്ഥിതിക വാദികൾക്കെതിരെ വ്യാപകമായ വിമർശനം വന്നിട്ടുണ്ട്. ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശം പിന്നീട് അംഗീകരിക്കപ്പെട്ടു. മേരി റോയ് നടത്തിയ നിയമ പോരാട്ടത്തിലൂടെ ക്രിസ്ത്യൻ സ്ത്രീകളുടെയും സ്വത്തവകാശം സുപ്രീം കോടതി അംഗീകരിച്ചു. വിവാഹമോചനം തേടുന്നവർ സ്ത്രീകളുടെയും, കുഞ്ഞുങ്ങളുടെയും ചെലവ് വഹിക്കണം എന്ന് സുപ്രീം കോടതി പല ഉത്തരവുകളിലൂടെയും കൃത്യമായി പറഞ്ഞിട്ടുണ്ട്.
ഹിന്ദു സമൂഹത്തിലെ ജാതീയമായ വിവേചനത്തിനെതിരേ ഡോക്റ്റർ അംബേദ്കറുടെ വിമർശനം പിന്നീട് ഹിന്ദു സമൂഹത്തിലെ പുരോഗമനകാരികൾ പലരും അംഗീകരിച്ചു. ഡോക്റ്റർ അംബേദ്കറുടെ പക്ഷം പിടിക്കുന്ന മറ്റു പലരും മുസ്‌ലീം സമൂഹത്തിലെ യാഥാസ്ഥികത്ത്വത്തിനും, പുരുഷ കേന്ദ്രീകരണത്തിനും എതിരേ ഡോക്റ്റർ അംബേദ്കർ ശക്തമായ വിമർശനം നടത്തിയിട്ടുണ്ട് എന്ന വസ്തുത അംഗീകരിക്കുവാൻ മടിക്കുന്നു. 'മുസ്ലിം ബ്രദർഹുഡ്' എന്ന് പറയുന്നത് വിശാലമായ അർത്ഥത്തിലുള്ള സാഹോദര്യം അല്ല; മറിച്ച് മുസ്ലീങ്ങൾക്കിടയിൽ മാത്രമുള്ള സാഹോദര്യം ആണെന്നാണ് ഡോക്റ്റർ ബി. ആർ. അംബേദ്കർ ചൂണ്ടി കാണിക്കുന്നത്. ഇത്തരത്തിലുള്ള സങ്കുചിതമായ മത ബോധം ആധുനികമായ മൂല്യങ്ങൾക്ക് എതിരാണെന്ന് ഡോക്റ്റർ ബി. ആർ. അംബേദ്കർ 'Pakistan Or The Partition Of India' എന്ന ലേഖനത്തിൽ വളരെ വ്യക്തമായി പറയുന്നുമുണ്ട്. ഒരു മർദ്ദിത സമൂഹം എന്ന രീതിയിൽ മുസ്ലീങ്ങളെ പിന്തുണയ്ക്കുമ്പോഴും മുസ്ലിം മത മൗലിക വാദങ്ങളും, പുരുഷ കേന്ദ്രീകരണവും, ഭീകര പ്രവർത്തനങ്ങളും ഉയർത്തുന്ന ഗുരുതരമായ പ്രശ്നങ്ങൾ പലപ്പോഴും മനസിലാക്കുവാൻ ലിബറലുകൾക്കും, ദളിത് ബുദ്ധിജീവികൾക്കും, ഇടതു പക്ഷത്തിനും, അംബേദ്കറിസ്റ്റുകൾക്കും ഇന്നും സാധിക്കുന്നില്ല. അവരിൽ ചിലരൊക്കെ മുത്തലാഖിനെ ഇന്നും അനുകൂലിക്കുന്നതും അതു കൊണ്ടാണ്.