2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

നമ്മുടെ സമ്പത് വ്യവസ്ഥയുടെ 'കീ പെർഫോമൻസ് ഇൻഡിക്കേറ്റർ'

അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും ഉത്തർ പ്രദേശ് പൊലീസിലെ 'മെസേഞ്ചർ' പോസ്റ്റിന് അപേക്ഷിച്ച വാർത്തയാണ് ഈയിടെ പുറത്തു വന്നത്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനം (ജി.ഡി.പി.) നടപ്പ് സാമ്പത്തിക വർഷത്തിൻറ്റെ ആദ്യ പാദത്തിൽ 8.2 ശതമാനത്തിൽ എത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് തൊഴിൽ തേടുന്നവരെ കുറിച്ച് ഉത്തർ പ്രദേശിൽ നിന്നുള്ള ഈ വാർത്ത. കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിലെ ശരാശരി ജി. ഡി.പി. വളർച്ചാ നിരക്കായ 7.35 ശതമാനം ഭേദപ്പെട്ട വളർച്ചാ നിരക്കാണ് എന്ന് ഇതെഴുതുന്ന ആൾ നേരത്തേയും എഴുതിയിട്ടുണ്ട്. എന്നിട്ടും കേവലം 62 പ്യൂൺ പോസ്റ്റിന് അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും എന്തിന് അപേക്ഷിക്കണം എന്ന് ചോദിക്കുമ്പോഴാണ് നമ്മുടെ സമ്പത് വ്യവസ്ഥയിലെ ചില ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ മനസിലാക്കേണ്ടത്. 

തൊഴിലവസരങ്ങൾ കൂടുന്നതും, വരുമാനം കൂടുന്നതും, വിലക്കയറ്റം നിയന്ത്രിക്കുന്നതിലുമൊക്കെയാണ് ഒരു സാധാരണ പൗരനെ സംബന്ധിച്ച് സമ്പത് വ്യവസ്ഥയുടെ  പ്രയോജനങ്ങൾ വരുന്നത്. ഇതിൽ തൊഴിലവസരങ്ങൾ കൂട്ടുന്നതിൽ ഇപ്പോഴത്തെ കേന്ദ്ര സർക്കാർ അമ്പേ പരാജയപ്പെട്ടു. ഒരു കോടിയിൽ പരം തൊഴിലവസരങ്ങൾ ഓരോ വർഷവും സൃഷ്ടിക്കും എന്നതായിരുന്നു നേരത്തേ ബി.ജെ.പി.-യുടെ വാഗ്ദാനം. 2011 മുതൽ തന്നെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറഞ്ഞിരുന്നു എന്നാണ് 'ലേബർ സ്റ്റാറ്റിസ്റ്റിക്സ്' ഉദ്ധരിച്ച് പലരും പറയുന്നത്. നോട്ടു നിരോധനവും, ജി.എസ്.ടി-യും ഒക്കെ വന്നതിൽ പിന്നെ സ്ഥല കച്ചവടവും, കെട്ടിട വിൽപ്പനയും ഒന്നും കാര്യമായി നടന്നില്ല. വസ്തു വിൽക്കാനോ, വാങ്ങാനോ പലർക്കും ധൈര്യമുണ്ടായില്ല. നിർമാണ മേഖലയിൽ പണം മുടക്കാൻ പലരും തയാറല്ലായിരുന്നു. നിർമാണ മേഖല മൊത്തത്തിൽ പ്രസന്ധിയിലേക്കും മാന്ദ്യത്തിലേക്കും പോകാൻ മറ്റെന്തു വേണം??? റിയൽ എസ്റ്റേറ്റിലായിരുന്നല്ലോ പണ്ട് ഏറ്റവും കൂടുതൽ കള്ളപ്പണം ഒഴുകിയിരുന്നത്.  കള്ളപ്പണത്തിൻറ്റെ പേരിൽ ബിൽഡർമാരും, റിയൽ എസ്റ്റേറ്റ് എജെൻറ്റുകളും പിടിയിലാകും എന്ന് കണ്ടാൽ പിന്നെ ആര് പണം മുടക്കും? സമീപ കാലത്ത് ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തി എന്ന പേരിൽ പല ബിൽഡർമാരും കോടതി കയറിയതും നിർമാണ മേഖലയിലെ ഈ മാന്ദ്യത്തെ തുടർന്നായിരുന്നു.

തുകൽ മേഖലയിലും (ലെതർ ഇൻഡസ്ട്ട്രി) വൻ പ്രതിസന്ധി രൂപപ്പെട്ടു. മുംബയിലെ ധാരാവി, ഉത്തർ പ്രദേശിലെ കാൺപൂർ - ഈ സ്ഥലത്തെയൊക്കെ ജീവനാഡി തന്നെ ലെതർ ഇൻഡസ്ട്ട്രിയാണ്. ഈ തുകൽ മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ബി.ജെ.പി.-യുടേയും, സംഘ പരിവാറുകാരുടേയും പശു രാഷ്ട്രീയമാണ്. ബി.ജെ.പി. പല സംസ്ഥാനങ്ങളിലും അധികാരത്തിൽ എത്തിയപ്പോൾ നടപ്പാക്കിയ ഗോവധ നിരോധനം മൂലം തുകൽ വ്യവസായത്തിന് വൻ പ്രതിസന്ധി നേരിട്ടു. രാജ്യത്തിൻറ്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുണ്ടായിരുന്ന തുകൽ വ്യവസായത്തിൻറ്റെ നട്ടെല്ലൊടിക്കുന്ന സ്ഥിതിയാണ് ഇതുമൂലം ഉണ്ടായത്. ലോകത്ത് തുകൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കാര്യത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം ഉണ്ടായിരുന്നു. ഇതിൽ അനുദിനം ഇടിവുണ്ടായി. പാദരക്ഷകളുടെ കയറ്റുമതിയിൽ  ഇടിവുണ്ടായി.  കൃത്യമായ സപ്ളൈ ഉറപ്പില്ലാതെ ആയതോടെ ഇന്ത്യയിൽ നിന്ന് തുകൽ ഇറക്കുമതി ചെയ്തിരുന്ന ആഗോള ബ്രാൻറ്റുകളെല്ലാം ചൈന, ബംഗ്ളാദേശ്, ഇൻഡോനേഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി തുടങ്ങുകയും ചെയ്തു. മാംസത്തിൻറ്റേയും തുകലിൻറ്റേയും കയറ്റുമതി കേന്ദ്രങ്ങൾ മിക്കവയും പൂട്ടി. തൊഴിലില്ലായ്മയും ഈ മേഖലയിൽ വ്യാപകമായി. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ തിരുപ്പൂരിലും നോട്ടു നിരോധനം ടെക്സ്റ്റയിൽ മേഖലയെ വൻ പ്രതിസന്ധിയിലാക്കി. പകുതിയിലേറെ തൊഴിലാളികളെ തിരിപ്പൂരിലെ ടെക്സ്റ്റയിൽ മേഖലയിൽ നിന്ന് പറഞ്ഞു വിട്ടെന്നാണ് അവിടുന്നുള്ള റിപ്പോർട്ടുകൾ. നോട്ടു നിരോധനത്തിന് ശേഷം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൻറ്റെ റെഡി മെയ്ഡ് തുണിത്തരങ്ങളിലെ കയറ്റുമതിയുടെ കണക്കുകൾ പ്രകാരം കയറ്റുമതി ഇനത്തിൽ 2017-18 ഒക്ടോബർ മാസത്തിൽ മുൻ മാസങ്ങളേക്കാൾ 39 .2 ശതമാനം ഇടിവ് വന്നതായിട്ടാണ് കാണിക്കുന്നത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജി.എസ്.ടി. നടപ്പാക്കിയതിലെ ആശയക്കുഴപ്പം മൂലം ടെക്സ്റ്റയിൽ മേഖലയിൽ സംഭവിച്ച കയറ്റുമതിയിലെ വൻ ഇടിവ് പോലെ തന്നെ വാരാണസിയിലെ വിശ്വ പ്രസിദ്ധമായ ബനാറസ് സിൽക്ക് സാരി നെയ്യുന്ന നെയ്ത്തുകാരും ദുരിതത്തിലാണെന്നു കാണിച്ചു മുമ്പ് ടി.വി. റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാൻജീപുരം സാരികളും, പോച്ചംപള്ളി സാരി നെയ്യുന്നവരിലും കഥ വ്യത്യസ്തമാകാൻ വഴിയില്ല. ചുരുക്കത്തിൽ നാല് വർഷം പൂർത്തിയാക്കിയ മോദി സർക്കാറിന് രാജ്യത്തെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാൻ ഒട്ടും സാധിച്ചിട്ടില്ല.

90 ശതമാനം തൊഴിലാളികളും ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. 55 ശതമാനത്തോളം ആളുകൾ കാർഷിക മേഖലയിൽ ഉണ്ട്. അവരൊന്നും  'ക്യാഷ് ലെസ്സ്' സമ്പത് വ്യവസ്ഥയുടെ ഭാഗം അല്ല. പണ്ട് ഗോർബച്ചേവിൻറ്റെ സമയത്ത് പാവ്ലോവ് പരിഷ്കാരത്തിൻറ്റെ (Pavlov Reform) ഭാഗമായി സോവിയറ്റ് യൂണിയനിൽ നോട്ടു നിരോധനം നടത്തിയപ്പോർ ഹൈപ്പർ ഇൻഫ്ളേഷൻ ആയിരുന്നു. ഭാഗ്യവശാൽ ഇന്ത്യയിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ നോട്ടു നിരോധനവും, ജി.എസ്.ടി. നടപ്പാക്കിയതിലെ അപാകതയും അസംഘടിത മേഖലയെ വളരെ പ്രതികൂലമായ രീതിയിൽ തന്നെ ബാധിച്ചു. ടെക്സ്റ്റൈൽ മേഖലയിൽ 67 വലിയ യൂണിറ്റുകളാണ് സമീപകാലത്ത് പ്രവർത്തനം അവസാനിപ്പിച്ചത്. 17,600 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടതെന്ന് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിൻറ്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചെറുകിട മില്ലുകൾ കൂടി കണക്കിലെടുക്കുമ്പോൾ തൊഴിൽ നഷ്ടവും പ്രതിസന്ധിയും കൂടുതൽ രൂക്ഷമാണെന്ന് തന്നെ പറയാം. 

2018-19 -ൻറ്റെ ആദ്യ പാദത്തിൽ രാജ്യത്തെ തൊഴിൽ രഹിതരുടെ കണക്ക് 5.5 ശതമാനമാണ്. എന്നാൽ കഴിഞ്ഞ വർഷം ഇത് 4 ശതമാനമായിരുന്നു. രാജ്യത്ത് അസമത്വമെന്നത് ശക്തമായി നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികരായ 1 ശതമാനം വിഭാഗമാണ് രാജ്യത്തെ ആകെ വരുമാനത്തിലെ 22 ശതമാനം കൈയടക്കിയിരിക്കുന്നത്. 19 ശതകോടീശ്വരന്മാരെ ഇപ്പോഴത്തെ സമ്പത് വ്യവസ്ഥ സൃഷ്ടിക്കുമ്പോൾ 124 മില്യൺ ആളുകൾ ദാരിദ്ര്യത്തിലാണെന്നും ഓർക്കണം.

കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 2 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്ര്യം റെക്കോർഡ്സ് ബ്യൂറോ പറയുന്നത്. റഷ്യൻ T .V . പോലും ഇന്ത്യൻ കർഷകരുടെ ദുരിത കഥകൾ പ്രക്ഷേപണം ചെയ്തു. എന്നിട്ടും നമ്മൾ ഇന്ത്യാക്കാർ അറിയുന്നില്ല. രാജ്യത്തിൻറ്റെ നെടും തൂണായ ചെറുകിട കർഷകനെ വിസ്മരിച്ചുകൊണ്ടായിരിക്കരുത് നാം വ്യവസായ വൽകരണം നടപ്പിലാക്കേണ്ടത്. ഈയിടെ രാജ്യത്തിൻറ്റെ പല ഭാഗത്തുമുണ്ടായ പ്രളയ ദുരന്തവും വില തകർച്ചയും നോട്ടു നിരോധനവും ഒക്കെ ചെറുകിട കർഷകനെ തകർത്തു കൊണ്ടിരിക്കയാണെന്നു തന്നെ പറയാം. ഇപ്പോൾ ഇന്ത്യയിൽ കർഷകർ നട്ടം തിരിയുകയാണ്. പക്ഷെ കാർഷീക മേഖലയെ എന്നും ആശ്രയിച്ചു കഴിഞ്ഞാൽ ഒരു പ്രദേശവും രക്ഷപ്പെടില്ല. തൊഴിലും, ഉൽപാദനവും കാർഷീക മേഖലയിൽ പരിമിതമാണ് എന്നത് തന്നെ കാരണം. കാർഷീക മേഖലയിലെ ഉൽപാദനം വ്യവസായ മേഖലയിലേക്ക് പോയാൽ മാത്രമേ കൂടുതൽ തൊഴിലവരസങ്ങളും, വികസനവും ഏതു പ്രദേശത്തും ഉണ്ടാവുകയുള്ളൂ. കാർഷിക മേഖലയിൽ 'പൗൾട്രിയും', കാലി വളർത്തലും, പന്നി വളർത്തലും, മീൻ വളർത്തലുമൊക്കെയായി 'ഡൈവേഴ്‌സിഫിക്കേഷൻ' കൊണ്ട് വരാനും നമ്മുടെ കർഷകർക്ക് സാധിക്കണം. എങ്കിലേ വളർച്ചയും, തൊഴിലവസരങ്ങളും കാർഷിക മേഖലയിൽ കൂടുകയുള്ളൂ. ഔഷധ സസ്യങ്ങളുടെ കൃഷിയും, പുഷ്പങ്ങളുടെ കൃഷിയും ഒക്കെയായി 'ഡൈവേഴ്‌സിഫിക്കേഷൻ' ചില കർഷകരൊക്കെ കൊണ്ടുവന്നു വിജയിക്കുന്ന കാര്യവും നാം കാണണം.

ചുരുക്കം പറഞ്ഞാൽ നമ്മുടെ സമ്പത് വ്യവസ്ഥയിൽ ജി.ഡി.പി. വളർച്ചയെ കുറിച്ച് പറയുന്നവരോട്  വരുമാനത്തിലെ തുല്യതയോ അസമത്വമോ ജി.ഡി.പി.-യിൽ രേഖപ്പെടുത്തുന്നില്ല എന്നത് ചൂണ്ടിക്കാട്ടാം. തോഴിലവസരങ്ങളുടെ കുറവും ചൂണ്ടിക്കാട്ടാം. കർഷകരുടേയും, അസംഘടിത മേഖലയിലെ തൊഴിലാളികളുടേയും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാം. 450 ബില്യൺ ഡോളറിൻറ്റെ ഇന്ത്യയുടെ വിദേശ നിക്ഷേപം സാധാരണക്കാരന് പ്രത്യേകിച്ചൊന്നും സമ്മാനിക്കുന്നില്ല. നമ്മുടെ സമ്പത് വ്യവസ്ഥയുടെ 'കീ പെർഫോമൻസ് ഇൻഡിക്കേറ്റർ' ഇന്ത്യയിലെ സാധാരണക്കാരൻറ്റെ ജീവിത നിലവാരത്തിൽ എന്ത് പുരോഗതിയാണ് ഉണ്ടായതെന്ന് വിലയിരുത്തുമ്പോൾ മാത്രമാണ് സാധ്യമാകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ