പ്രതിപക്ഷമില്ലാത്ത ഇന്ത്യ
നവംബർ 8 - ന് നോട്ടു നിരോധനം നടപ്പാക്കിയപ്പോൾ ചെറുകിട മേഖലയെ ഈ കുറിച്ച് നിരോധനം നടപ്പാക്കിയവർ ഓർത്തില്ല. അവർ ഓർത്തത് എല്ലാവരും റിലയൻസ്, ബിഗ് ബസാർ, വിശാൽ മെഗാ മാർട്ട് - ഇതു പോലുള്ള വമ്പൻ സ്റ്റോറുകളിൽ പോയി സാധനങ്ങൾ വാങ്ങിക്കും എന്നാണ്. ഈ സ്റ്റോറുകളുടെ ഒക്കെ വരുമാനം ഉപഭോക്താക്കൾ ഡെബിറ്റ് കാർഡും, ക്രെഡിറ്റ് കാർഡും ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ നിർബന്ധിതരായതു കൊണ്ട് കൂടിയേക്കാം. ബാക്കിയുള്ളവരുടെ കാര്യമോ? 90 ശതമാനം തൊഴിലാളികളും ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. 55 ശതമാനത്തോളം ആളുകൾ കാർഷിക മേഖലയിൽ ഉണ്ട്. അവരൊന്നും 'ക്യാഷ് ലെസ്സ്' സമ്പത് വ്യവസ്ഥയുടെ ഭാഗം അല്ല. അത് കൊണ്ടു തന്നെ ഡോക്ടർ മൻമോഹൻ സിംഗ് രാജ്യ സഭയിൽ പറഞ്ഞത് പോലെ ഈ നോട്ടു നിരോധനം ചരിത്ര പരമായ മണ്ടത്തരം ആയി മാറുമോ? കേന്ദ്ര സർക്കാർ 'കറക്റ്റീവ് Measures' എടുത്ത് മുന്നേറിയില്ലെങ്കിൽ അങ്ങനെ സംഭവിക്കാനാണ് സാധ്യത.
ഇപ്പോൾ എല്ലാ ജന വിഭാഗങ്ങളെയും ഉദ്ധരിക്കുവാനാണ് ഈ നോട്ടു നിരോധനം എന്നാണ് ബി.ജെ.പി. അനുകൂലികൾ പറയുന്നത്. ബി.ജെ.പി. ഭരിക്കുന്ന മധ്യ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് - എന്നീ സംസ്ഥാനങ്ങളിൽ സാധാരണ ജനത്തിൻറ്റെ ജീവിത നിലവാരം വളരെ ഒന്നും ഉയർന്നിട്ടില്ല എന്ന് അവകാശ വാദങ്ങൾ ഉന്നയിക്കുന്നവർ ഒന്ന് ഓർമ്മിക്കുന്നത് നന്നായിരിക്കും. 14 വർഷത്തിലേറെ ഗുജറാത്തിൽ ബി.ജെ.പി. തുടർച്ചയായി ഭരിച്ചിട്ട് കക്കൂസ് ഉണ്ടാക്കാൻ പറ്റാത്തവർ ആണ് അസംഘടിത മേഖലയിലെ 90 ശതമാനം തൊഴിലാളികളേയും കാർഷിക മേഖലയിലെ 55 ശതമാനത്തോളം ആളുകളെയും ഉദ്ധരിക്കാൻ പോകുന്നത്!!!
ഈയിടെ ഇന്ത്യയിലെയും, വിദേശത്തെയും കറൺസി നോട്ടുകൾ അച്ചടിക്കുവാൻ മഹാരാഷ്ട്രയിൽ 700 കോടി രൂപാ ചെലവിൽ പ്ലാൻറ്റ് സ്ഥാപിക്കുവാൻ ഡി ലാ റ്യു കമ്പനിയ്ക്ക് 10 ഏക്കർ ബി.ജെ.പി. സർക്കാർ അനുവദിച്ചു കരാർ ഒപ്പിട്ടതിനെതിരെ കേരളത്തിൻറ്റെ മുൻ മുഖ്യ മന്ത്രി ശക്തമായി വിമർശിച്ചിരിയ്ക്കുകയാണ്. നോട്ട് അച്ചടി വിദേശ കമ്പനിയ്ക്ക് നൽകുന്നത് പാർലമെൻറ്റിൻറ്റെ പബ്ലിക് അണ്ടർടെയ്ക്കിങ് കമ്മിറ്റിയുടെ ശുപാർശകൾക്ക് വിരുദ്ധമാണെന്ന കാര്യം ചൂണ്ടി കാട്ടിയാണ് ശ്രീ ഉമ്മൻ ചാണ്ടിയുടെ വിമർശനം. ഉമ്മൻ ചാണ്ടി പറയുന്നതിൽ കാര്യമുണ്ട്. ഇന്ത്യൻ കറൺസി വിദേശ കമ്പനി അല്ല അച്ചടിക്കേണ്ടത്. 'പേപ്പർ ടെക്‌നോളജി' ഒക്കെ പഠിച്ച അനേകം എൻജിനീയർമാർ ഇന്ത്യയിൽ ഉള്ളപ്പോൾ എന്തിനാണ് രാജ്യ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഈ തീരുമാനം കേന്ദ്ര സർക്കാർ എടുത്തത്? സരിത എസ്. നായരുടെ ആരോപണങ്ങൾ വന്ന് ഉമ്മൻ ചാണ്ടിയുടെ ഇമേജ് പോയില്ലായിരുന്നുവെങ്കിൽ ഉമ്മൻ ചാണ്ടി പറയുന്നത് എല്ലാവരും ശ്രദ്ധിച്ചേനേ. നോട്ടു നിരോധന വിഷയത്തിൽ കോൺഗ്രസിലെ മിക്ക നേതാക്കൾക്കും ക്രിയാത്മകമായ വിമർശനം ഉയർത്തുവാൻ പറ്റിയില്ല എന്നത് കൊണ്ട് ശ്രീ ഉമ്മൻ ചാണ്ടിയുടെ വിമർശനം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. എന്തായാലും വിദേശ കമ്പനി അല്ല ഇന്ത്യൻ കറൺസി നോട്ടുകൾ അച്ചടിക്കേണ്ടത്.
രാഹുൽ ഗാന്ധിക്കോ, മറ്റ് പ്രതിപക്ഷ കക്ഷികൾക്കോ ഈ നോട്ടു നിരോധനത്തിൽ കഷ്ടപ്പെട്ട ജനത്തിൻറ്റെ ദുരിതം ഉയർത്തി കാട്ടാൻ സാധിച്ചില്ല എന്നത് ഒരു വസ്തുതയാണ്. ഇന്ത്യയിൽ ഇന്ന് പ്രതിപക്ഷമില്ല. ഇരുനൂറിനടുത്ത് ആളുകൾ ഈ നോട്ടു നിരോധനം മൂലം മരണപ്പെട്ടിട്ടും, അനേകം പേർക്ക് ക്യൂ നിൽകുമ്പോൾ മർദ്ദനമേറ്റിട്ടും ക്രിയാത്മകമായി പ്രതികരിക്കാൻ കോൺഗ്രെസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. കോൺഗ്രെസിൽ ഇപ്പോഴും തമ്മിൽ തല്ലും, തൊഴുത്തിൽ കുത്തുമാണ്. ബംഗാളിൽ അവർക്കു അധികാരം കിട്ടിയിട്ട് എത്രയോ നാളുകളായി. എന്നാലും കോൺഗ്രെസുകാർ കൂടുമ്പോൾ അവിടെ സ്ഥിരം ചെരുപ്പേറും, തമ്മിൽ തല്ലും, തെറി വിളിയുമാണെന്നാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള പല റിപ്പോർട്ടുകളും. ഭാഗ്യത്തിന് കേരളത്തിലെ കോൺഗ്രെസുകാർ ചെയ്യുന്നതു പോലെ മുണ്ടുരിയുന്നില്ല. മമതാ ബാനർജിക്കും, മായാവതിക്കും, മുലയത്തിനുമെല്ലാം മുടിഞ്ഞ ഈഗോയുമാണ്. അതുകൊണ്ട് പ്രതിപക്ഷം ഒരുമിക്കില്ല. ബി. ജെ. പി. സർക്കാരും, റിസർവ് ബാങ്കും, എന്തിനും ഏതിനും കയ്യടിക്കുന്ന ഭക്തജനസംഘവും - എല്ലാവരും കൂടി ബാങ്കുകളുടെയും, ATM - മ്മുകളുടെയും മുന്നിൽ വെയിലത്ത് ക്യൂ നിന്ന ഇൻഡ്യൻ ജനതയെ വെച്ച് തമാശ കളിച്ചു. 'ചരിത്രപരമായ മണ്ടത്തരം' ആയി ഈ നോട്ടു നിരോധനം മാറും എന്ന് ഡോക്ടർ മൻമോഹൻ സിംഗ് രാജ്യ സഭയിൽ പറഞ്ഞത് മാത്രമായിരുന്നു കോൺഗ്രസിൻറ്റെ ഭാഗത്തു നിന്നുണ്ടായ ശക്തമായ ഏക വിമർശനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ