ഡൊണാൾഡ് ട്രംപും ഐസിസ് ഭീകര പ്രവർത്തനവും
ഒബാമയേക്കാളേറെ ട്രംപ് അമേരിക്കയിൽ തന്നെ ഒതുങ്ങുന്ന രീതിയിൽ ഭരിക്കുകയാണെങ്കിൽ അതാണ് ലോകത്തിനും, അമേരിക്കയ്ക്കും നല്ലത്. അഫ്‌ഗാനിസ്ഥാനിലെയും, ഇറാഖിലെയും തികച്ചും പരാജയപ്പെട്ട യുദ്ധങ്ങൾക്ക് ശേഷം അമേരിക്കൻ സേന അമേരിക്കയിൽ തന്നെ നിൽക്കണം എന്ന ശക്തമായ പൊതുജനാഭിപ്രായം അമേരിക്കയിൽ തന്നെ ഉണ്ട്. അമേരിക്കൻ 'മിലിട്ടറി ഇൻഡസ്ട്രിയൽ കോമ്പ്ലെക്സുകളും' ചില യുദ്ധ ഭ്രാന്തന്മാരും മാത്രമാണ് അതിന് എതിരു നിൽക്കുന്നത്. അമേരിക്കയിൽ തന്നെ കിഡ്‌നി തകരാറുകളും, തലച്ചോറിൽ രക്ത സ്രാവവും, ക്യാൻസറുകളും, ജനിതക തകരാറുകളും അഫ്‌ഗാനിസ്ഥാനിൽ നിന്നും ഇറാഖിൽ നിന്നും തിരിച്ചു വന്ന പട്ടാളക്കാരിലും അവരുടെ മക്കളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനിതക വൈകല്യങ്ങൾ വരുത്തുന്ന തരത്തിലുള്ള ആയുധങ്ങൾ പ്രയോഗിച്ചാൽ ലോകത്തിലെവിടെയാണെങ്കിലും ഇതൊക്കെ തന്നെയായിരിക്കും ഫലം. അത് കൊണ്ട് ഇതൊക്കെ ഒഴിവാക്കി സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നതാണ് ലോകത്തിന് മുഴുവൻ നല്ലത്. അമേരിക്ക അതിന് മുൻകൈ എടുക്കുകയാണെങ്കിൽ അവർക്കു കൊള്ളാം. കാരണം ഇന്ന് ഏറ്റവും കൂടുതൽ ലോകത്തിൽ വെറുക്കപ്പെട്ട ഒരു ഭരണകൂടം അമേരിക്കൻ ഭരണകൂടമാണല്ലോ. സദ്ദാം ഹുസൈനെതിരെ യുദ്ധത്തിന് പോയിട്ട് സദ്ദാമിനെക്കാൾ വലിയ അപകടം വിളിച്ചു വരുത്തിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് വൻ ശക്തികൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് ലോകത്തു കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും, ശത്രുക്കളെ സൃഷ്ടിക്കാതിരിക്കാനുമാണ് നോക്കേണ്ടത്.
ബാരക് ഒബാമ ജയിച്ചപ്പോൾ ലോകം മുഴുവൻ ശുഭ പ്രതീക്ഷയായിരുന്നു. പക്ഷെ എട്ടു വർഷത്തിനപ്പുറം പടിയിറങ്ങുമ്പോൾ ഒബാമ ആ ശുഭ പ്രതീക്ഷ അധികമൊന്നും നൽകുന്നില്ല എന്നതാണ് യാഥാർഥ്യം. ഇപ്പോൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയും, റഷ്യൻ നയ തന്ത്രജ്ഞരെ പുറത്താക്കിയും ഒബാമ ശീത യുദ്ധത്തെ മനസ്ഥിതിയിൽ നിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല എന്നു കൂടി തെളിയിച്ചിരിക്കുന്നു. അത് കൂടാതെ 2008 - ലെ സാമ്പത്തിക തകർച്ചയിൽ നിന്ന് അമേരിക്കൻ ജനതയെ രക്ഷിക്കുവാൻ കാര്യമായി ഒന്നും ചെയ്യുവാൻ ഒബാമയ്ക്ക് സാധിച്ചില്ല. വാൾ സ്ട്രീറ്റിലെ ബാങ്കർമാരെ നിലക്ക് നിർത്തുന്നതിൽ ഒബാമ ഭരണകൂടം പരാജയപ്പെട്ടു. അതും കൂടാതെ ആദ്യ കറുത്ത വർഗക്കാരനായ പ്രെസിഡൻറ്റിൽ അമേരിക്കയിലെ കറുത്ത വർഗക്കാർക്കും, കുടിയേറ്റക്കാർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ പിന്നീട് നമ്മൾ കണ്ടത് കറുത്ത വർഗക്കാർ അമേരിക്കയിൽ കൊല്ലപ്പെടുന്നതും, പല അമേരിക്കൻ നഗരങ്ങളിലും വംശീയ ലഹള പടർന്നു പിടിക്കുന്നതുമാണ്.
ലോക പോലീസിൻറ്റെ റോളിൽ അമേരിക്ക അവതരിച്ചില്ലെങ്കിൽ കൂടി അമേരിക്ക കാരണം ഉണ്ടായ ഐസിസ് - നെ നേരിടാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അമേരിക്കയ്ക്ക് മുന്നേറാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഐസിസ് - നെ നേരിടുന്നതിൽ ആണ് ഒബാമ വലിയ പരാജയം ആയി മാറിയത്. ഇങ്ങ്ഗ്ലണ്ടിനെക്കാൾ വലിയൊരു ഭൂ വിഭാഗം ഐസിസ് - ന്റ്റെ പക്കൽ നേരത്തേ ഉണ്ടായിരുന്നു. പല യൂറോപ്പ്യൻ രാജ്യങ്ങളെക്കാൾ വലുതാണ് ഐസിസ് നേരത്തേ കയ്യടക്കി വെച്ചിരിക്കുന്ന പ്രദേശങ്ങൾ. കൂടാതെ അവർ നല്ല സാമ്പത്തിക അടിത്തറയും ഉണ്ടാക്കി. ആദ്യം സൗദിയും, ഖത്തറും, തുർക്കിയുമെല്ലാം ഐസിസ് - നെ പിന്തുണച്ചു. പിന്നീട് ഐസിസ് എണ്ണ കടത്തിയും, ആളുകളെ തട്ടി കൊണ്ടുപോയി മോചന ദ്രവ്യം കൈക്കലാക്കിയും നല്ല സാമ്പത്തിക അടിത്തറ ഉണ്ടാക്കി. ഇപ്പോഴും അവരുടെ മുഖ്യ വരുമാനം ആയ ക്രൂഡോയീൽ കളളക്കടത്തും, കൂടാതെ ഗ്യാസിന്റ്റെ Supply-യും നിർബാധം നടക്കുന്നു. ഞാൻ മനസ്സിലാക്കിയിടത്തോളം മുംബത്തെ അഫ്ഗാൻ മുജാഹീദുകളെക്കാളും, അൽ കൊയ്ദ, താലിബാൻ - എന്നീ സന്ഖടനെകളെക്കാളും സംഘടിതരും, ശക്തരും ആണ് ഐസിസ് തീവ്രവാദീകൾ.
അമേരിക്കയ്ക്കും, യൂറോപ്പിനും, റഷ്യയ്ക്കും, ചൈനയ്ക്കും ഇത്തരം തീവ്രവാദികളാൽ സ്വയം നേരിടുന്ന ഭീഷണി വളരെ വലുതാണ്. ഈജിപ്റ്റിൽ നിന്നുള്ള റഷ്യൻ യാത്രാ വിമാനം ബോംബ് വെച്ചു തകർത്ത 'ഐസിസ് ഭീകരത' ലോകത്തിന് മുഴുവൻ ഉള്ള ഭീകരരുടെ മുന്നറിയിപ്പായിട്ടു വേണം കണക്കാക്കാൻ. ഐസിസ്- നെ ഈ വൈകിയ വേളയിലെങ്കിലും പരിപൂർണമായി നിർമാർജനം ചെയ്തില്ലെങ്കിൽ അൽ കൊയ്ദ, താലിബാൻ - എന്നീ സന്ഖടനുകളുമായി യോജിച്ച് ലോക സമാധാനത്തിന് തന്നെ ഭീഷണിയാകും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇന്ത്യക്കും ഐസിസ് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇപ്പോള്‍ ചെറു സംഘടനകളായി മാറി ലോകത്തിൻറ്റെ പല ഭാഗങ്ങളിലും അവർ പ്രവർത്തിയ്ക്കുന്നു എന്ന തരത്തിലാണ് പല റിപ്പോർട്ടുകളും.
പക്ഷെ അവരെ എങ്ങനെ നേരിടണം എന്ന കാര്യത്തിലാണ് പ്രശ്നം മുഴുവനും. എന്തുകൊണ്ട് ലക്ഷക്കണക്കിനാളുകൾ ഐസിസി-ലേക്ക് ആകൃഷ്ടരാകുന്നു? അതിന് വഴിവെക്കുന്ന സാഹചര്യം എന്താണ് എന്നു മനസ്സിലാക്കി അതില്ലാതാക്കാനുള്ള ശ്രമമാണ് ആദ്യം വേണ്ടത്. അമേരിക്കയും യൂറോപ്യൻ സഖ്യ രാഷ്ട്രങ്ങളും ഇല്ലാത്ത ആയുധങ്ങളുടെ പേര് പറഞ്ഞ് ഇറാക്കിനെ ആക്രമിച്ചതാണ് ഐസിസ്-ൻറ്റെ ഉദയത്തിനു പ്രധാന കാരണം. ലോകം മുഴുവൻ കള്ള പ്രചാരണം നടത്തി. സമ്പന്നമായ ഒരു രാഷ്ട്രത്തെ ദാരിദ്ര്യത്തിലേക്കും അസ്ഥിരതയിലെക്കും തള്ളി വിട്ടു. അഫ്ഘാനിസ്ഥാനിൽ ഒരു സംഘടന ചെയ്ത കുറ്റത്തിന് ആ രാജ്യത്തെ ജനങ്ങളെ മൊത്തം ആക്രമിച്ചു. അമേരിക്ക ഉഗ്ര സ്ഫോടക ശേഷിയുള്ള - Daisy Cutter ബോംബുകൾ, അണു വികരണം സൃഷ്ടിക്കുന്ന ബോംബുകൾ - ഇതൊക്കെയാണ് അഫ്ഗാനിസ്ഥാനിലും, ഇറാക്കിലും ഉപയോഗിച്ചത്. അണു വികരണം ഏറ്റു തിരിച്ചു വരുന്ന അമേരിക്കൻ പട്ടാളക്കാരുടെ കുട്ടികൾക്ക് പോലും ജനിതക വൈകല്യം പിടി പെടുന്നു എന്നതാണ് റിപ്പോർട്ടുകൾ. അഫ്ഘാനിസ്ഥാനെ പോലെ വികസനം എത്തി നോക്കാത്ത പ്രദേശം മുതൽ സമ്പന്നമായിരുന്ന ഇറാക്ക്, ലിബിയ, റഷ്യ - തുടങ്ങിയ അനേകം രാജ്യങ്ങളിൽ നിന്നുള്ളവർ ഇപ്പോൾ ഐസിസ്-ൽ ഉണ്ട്. മതവും, വികസനമില്ലായ്മയും മുതൽ വിദേശാധിനിവേശം വരെ ഒരു പാടു കാര്യങ്ങളടങ്ങിയ സങ്കീർണമായ വിഷയമാണ് ഐസിസി-ലേക്ക് ആളുകൾ ആകൃഷ്ടരാകുന്നതിനു കാരണം.
ഐസിസ്-നെ പരിപൂർണമായി നിർമാർജനം ചെയ്യണമെങ്കിൽ ഐസിസ് - നുള്ള സാമ്പത്തിക സഹായത്തിൻറ്റെ ചിറകരിയണം. പക്ഷെ ഐസിസ്-ൻറ്റെ സാബത്തീക സ്രോതസ് തകർക്കൽ അത്ര എളുപ്പമല്ല. കാരണം അവർക്ക് ഒന്നിലേറെ രാജ്യങ്ങളുമായീ അതിർത്തിയുണ്ട്. അവിടെയോക്കെ ആയുധങ്ങളും, ഭക്ഷണവും എത്തിച്ച് കോടുക്കുന്നവർ ഉണ്ട്. എന്തും എത്തിച്ച് കോടുക്കുന്ന കളളക്കടത്തുകാരെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമാണോ? ചുരുക്കത്തിൽ അങ്ങേയറ്റം സങ്കീർണമായ സ്ഥിതി വിശേഷത്തിലെക്കാണ് കാര്യങ്ങൾ പോയ്ക്കോണ്ടി ഇരിക്കുന്നത്. ഈയിടെ സിറിയയിലെ ആലെപ്പോയിൽ സിറിയൻ സേന വിജയിച്ചെങ്കിലും ലോക സമാധാനത്തിന് ഐസിസ് ഉയർത്തുന്ന ഭീഷണി നിസാരമല്ല.
റഷ്യയുടെ ഇടപെടലിനു ശേഷം ഇസ്ലാമിക് സ്റ്റെറ്റിനെ ( ഐ. സ്.) ഇപ്പം തകർക്കും എന്ന രീതിയിലായിരുന്നു റഷ്യൻ ടി.വി വാർത്ത കൊടുക്കാൻ തുടങ്ങിയത്. പക്ഷെ ഇസ്ലാമിക് സ്റ്റെറ്റ് ഇതു വരെ തകർന്നിട്ടില്ല. കാര്യങ്ങൾ മനസ്സിലാക്കാതെ വാർത്ത കൊടുത്താൽ ഇതായിരിക്കും സ്ഥിതി. സിറിയയിൽ പാശ്ചാത്യരാജ്യങ്ങളും, അമേരിക്കയും കാണിയ്ക്കുന്നത് ഇരട്ടത്താപ്പാണെന്നുള്ളത് ശരി തന്നെയാണ്. ഭീകരവാദികളെ നേരിടുന്നുവെന്ന് പറയുകയും ചില ഭീകരസംഘടനകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് അമേരിക്കയും സഖ്യകക്ഷികളും നടത്തുന്നത്. തങ്ങൾക്ക് താൽപര്യമില്ലാത്ത ഭരണ നേതൃത്വങ്ങളെ പുറത്താക്കുന്നതിനായി ഭീകരസംഘടനകളെ കൂട്ടുപിടിയ്ക്കുകയാണ് അവർ ചെയ്യുന്നത്. ഭീകരവാദികളെ തീവ്ര ഭീകരവാദികളെന്നും മിത ഭീകരവാദികളെന്നും തരം തിരിയ്ക്കേണ്ട കാര്യമില്ല.
റഷ്യൻ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റെറ്റിന് പണ്ടത്തെ അപേക്ഷിച്ച് ആക്രമണശേഷി നഷ്ടപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റെറ്റിന് ആയുധങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയിലായിട്ടുണ്ട്. എണ്ണയുടെ ഒഴുക്കും ആ രീതിയിലുള്ള വരുമാന മാർഗവും കുറഞ്ഞു. ഇറാഖിൽ നിന്ന് സിറിയയിലെ ഭീകരകേന്ദ്രങ്ങളിലേയ്ക്ക് ആയുധമെത്തിയ്ക്കാനായി ഉപയോഗിച്ചിരുന്ന യുഫ്രട്ടീസ് നദിയ്ക്ക് കുറുകെയുള്ള പാലം റഷ്യൻ വ്യോമസേന തകർത്തു. പ്രധാനമായും ഹമ, ഇഡ്ലിബ്, ലടാക്കിയ, ഡമാസ്കസ്, അലെപ്പോ, ഡെയ്ർ എസോർ എന്നീ പ്രദേശങ്ങളെ ലക്ഷ്യം വച്ചാണ് റഷ്യൻ സേനയുടെ ആക്രമണം. ആയുധസംഭരണശാലകളും പരിശീലന കേന്ദ്രങ്ങളും ഉൾപ്പടെ ഐ. സ്. കേന്ദ്രങ്ങൾ 2015 സെപ്റ്റംബർ 30 മുതലുള്ള വ്യോമാക്രമണത്തിൽ തകർത്തതായാണ് റഷ്യ അവകാശപ്പെടുന്നത്. പക്ഷെ ഇത് അവകാശ വാദങ്ങൾ മാത്രം.
പ്രധാനമായും നാല് ശക്തികളാണ് ഇന്ന് ഇറാക്കിലും, സിറിയയിലും പ്രവർത്തിക്കുന്നത്. ഐ. സ്. , അസദിൻറ്റെ നെത്ര്വത്തിലുള്ള സിറിയൻ സേന, കുർദുകൾ, പാശ്ചാത്യരാജ്യങ്ങളും, അമേരിക്കയും പിന്തുണയ്ക്കുന്ന സേനകൾ - ഇവയാണീ നാല് ശക്തികൾ. അത് കൊണ്ട് തന്നെ വളരെ സങ്കീർണമായ സ്ഥിതി വിശേഷത്തിലേക്കാണ് സിറിയയും, ഇറാക്കും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ പ്രശ്നത്തിൽ വളരെ എളുപ്പത്തിൽ ഒരു പരിഹാരം സാധ്യവുമല്ല. അഭയാർഥികൾ സൃഷ്ടിക്കുന്ന മാനുഷിക പ്രശ്നമാണ് ഈ ഇടപെടലിൻറ്റെയെല്ലാം ആത്യന്തിക പരിണിത ഫലം.
റഷ്യ ഐ. സ്. - നെതിരെ പട നയിക്കുന്നത് കൂടുതലും ആയുധ വിപണിയിൽ റഷ്യയുടെ പൊയ് പോയ പ്രതാപം വീണ്ടെടുക്കാനും, സ്വന്തം രാജ്യത്ത് നിന്ന് ഐസിസ് - നുള്ള സഹായം നുള്ളി കളയാനും വേണ്ടി ആണ്. അല്ലാതെ ലോക സമാധാനത്തിനു വേണ്ടി ഒന്നും അല്ല. റഷ്യ ഇപ്പോൾ സിറിയയിൽ പരീക്ഷിക്കുന്നത് അമേരിക്കകാർ അവകാശപ്പെട്ടിരുന്ന Precision ബോംബിംഗ് ആണ്. റഷ്യക്ക് ആയുധ ശേഷിയിൽ അവർ ലോകത്തിലെ ആരുടേയും പിന്നിൽ അല്ലെന്നു തെളിയിക്കുക ആയിരുന്നു ആവശ്യം. അത് അവർ സാധിച്ചു. ഇവിടെ ആയുധ വിപണി ആണ് മുഖ്യ വിഷയം. റഷ്യയുടെ Sukhoi Jet Fighter Planes ആണ് ഇപ്പോൾ ഐസിസ് - നെതിരെ ബോംബിടുന്നത്. ഈ പ്ലെയിനുകളുടെയും, റഷ്യൻ നേവിയുടെ യുദ്ധ കപ്പലുകളുടെയും Specifications ആണ് റഷ്യൻ T .V . വിശദമായി കാണിക്കുന്നത്. അപ്പോൾ തന്നെ ആയുധ കച്ചവടം ആണ് ലക്ഷ്യമെന്നതു വ്യക്തമാണല്ലോ. ആയുധ വിപണിയിൽ അമേരിക്കക്കും, സഖ്യ കക്ഷികൾക്കും ഉണ്ടായിരുന്ന മേൽകോയ്മ നഷ്ടപ്പെടും. അപ്പോൾ അവർക്ക് അത് സഹിക്കാൻ പറ്റുമോ? അതിലുള്ള ചൊരുക്ക് ആണ് അവരുടെ പ്രസ്താവനകളിൽ കൂടി പുറത്തു വരുന്നത്. സത്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് ആയുധം കയറ്റി അയക്കുന്ന വമ്പൻ ബിസിനെസ്സിനു വികസിത രാജ്യങ്ങളിൽ നിരോധനം എർപെടുത്തിയാൽ തന്നെ ലോക സമാധാനം കുറെ ഒക്കെ കൈവരും. പക്ഷെ അതിനു വികസിത രാജ്യങ്ങൾ തയാറല്ല. ലോകമെമ്പാടും ഉള്ള യുദ്ധ കൊതിയൻമാരെ ഈ ആയുധ മത്സരം ത്രിപ്തിപെടുത്താം. അല്ലാതെന്തു പ്രയോജനം?
റഷ്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ വ്യാപാരിയാണ് (മൊത്ത കച്ചവടത്തിന്റെ 26% ലും അധികം റഷ്യയുടേതാണ്). സിറിയ ആണെങ്കിൽ എക്കാലത്തും സോവിയറ്റ് യൂണിയൻ/റഷ്യയുടെ ഏറ്റവും വലിയ ആയുധ മാർക്കറ്റുമാണ്. SIRPI കണക്കനുസരിച്ച് 2013 ൽ മാത്രം റഷ്യ 1.3 ബില്യൺ ഡോളറിൻറ്റെ ആയുധം സിറിയക്ക് നൽകുകയുണ്ടായി. സിറിയ വൻ തോതിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടിയ 2006-2010 കാലഘട്ടത്തിൽ ഏകദേശം 50 ശതമാനത്തോളവും റഷ്യയിൽ നിന്നായിരുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അപ്പോൾ ഇത്രയധികം വരുമാനം തൽകുന്ന, ഭാവിയിൽ ഇതിൽ കൂടുതൽ നൽകാൻ സാധ്യതയുള്ള ഉപഭോക്താവ് കൂടിയാണ് സിറിയ/അസദ്. ലിബിയയുമായുള്ള ആയുധക്കരാർ യു.എൻ ഉപരോധം കാരണം റദ്ദാക്കേണ്ടി വന്നതിലൂടെ ഏകദേശം 4 ബില്യൺ ഡോളറിൻറ്റെ നഷ്ടമാണ് റഷ്യക്ക് വന്നത്. അസദ് താഴെ വീണ് റബലുകൾ കയറിയാൽ സ്വാഭാവികമായും അസദിൻറ്റെ 'സഖ്യകക്ഷിയായ' റഷ്യയുമായുള്ള കച്ചവടമായിരിക്കും ആദ്യം അവസാനിപ്പിക്കുക. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന റഷ്യക്ക് താങ്ങാവുന്നതിലപ്പുറമായിരിക്കുമത്. പുടിന് അസദിനെ നില നിർത്തിയാൽ ഈ കച്ചവടം തുടരാം. (യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചാൽ വരാൻ പോവുന്ന പുനർനിർമ്മാണ കരാറുകളും മറ്റും വേറെ) (കടപ്പാട്: Nasirudheen Chennamangallur )
എന്തായാലും അമേരിക്കക്കും, സഖ്യ കക്ഷികൾക്കും ഒന്നര വർഷമായിട്ടും ഭീകര പ്രവർത്തനത്തിനെതിരെ ഒന്നും ചെയ്യാൻ പറ്റാതെ വന്നപ്പോൾ ഐ. സ്. - നെതിരെ നീങ്ങിയതിനു റഷ്യ പ്രശംസ അർഹിക്കുന്നു. 7000 - ലേറെ പേർ റഷ്യയിൽ നിന്ന് ഐസിസ് - ൽ ചേർന്നു എന്നതാണ് റഷ്യൻ ടി. വി. തന്നെ നൽകുന്ന റിപ്പോർട്ടുകൾ. ആദ്യം സൗദിയും, ഖത്തറും, തുർക്കിയുമെല്ലാം ഐസിസ് - നെ പിന്തുണച്ചു. പിന്നീട് ഐസിസ് എണ്ണ കടത്തിയും, ആളുകളെ തട്ടി കൊണ്ടുപോയി മോചന ദ്രവ്യം കൈക്കലാക്കിയും നല്ല സാമ്പത്തിക അടിത്തറ ഉണ്ടാക്കി. ഇപ്പോൾ റഷ്യയുടെ ഇടപെടൽ അവരെ വെറളി പിടിപ്പിച്ചിട്ടുണ്ട്. പഴയ പോലെ അവകാശ വാദങ്ങളുമായി അവരെ അധികം കാണാനില്ല. നേരത്തെ ഐസിസ് - നെ പിന്തുണച്ചിരുന്ന സൗദിയും, തുർക്കിയും ഇപ്പോൾ തീവ്ര വാദ ഭീഷണികൾ നേരിടുന്നു. പല ബോംബ് സ്ഫോടനങ്ങളും ഈ രാജ്യങ്ങളിൽ നടന്നു. തുർക്കിയിൽ തുടർച്ചയായുണ്ടാകുന്ന ബോംബ് സ്ഫോടനങ്ങളും, കൊലകളും അവരുടെ ടൂറിസം രംഗത്തെ തകർത്തു എന്നാണു റിപ്പോർട്ടുകൾ.
ഈയിടെ തുർക്കിയിൽ ഉണ്ടായ റഷ്യൻ അംബാസഡറിൻറ്റെ കൊലപാതകവും, 2017 പുതുവത്സര പിറവിയുടെ രാത്രിയിൽ ഇസ്താൻബൂൾ നിശാ ക്ലബ്ബിലുണ്ടായ വെടി വെയ്‌പും നിസാര സംഭവങ്ങളല്ലല്ലോ. അത് കൊണ്ട് തുർക്കി ഐസിസ്- നെതിരെയുള്ള റഷ്യൻ ഇടപെടലിനെ സമീപ ഭാവിയിൽ എതിർക്കാൻ വഴിയില്ല. പല ശക്തികൾ ആധിപത്യം നേടാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച് ഐസിസ്- നെതിരെ യോജിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അത് കൊണ്ട് തന്നെ ബാരക് ഒബാമയെ പോലെ ശീത യുദ്ധത്തിൻറ്റെ വിഴുപ്പും പേറി റഷ്യക്കെതിരെ നില കൊള്ളുന്ന നേതാക്കളല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ ആവശ്യം. ഡൊണാൾഡ് ട്രംപ് ഐസിസ് ഭീകരതയെ നേരിടുവാൻ റഷ്യയോട് സഹകരിക്കുവാൻ തയാറാണെങ്കിൽ അതിനെ ലോക ജനതയും, അമേരിക്കൻ ജനതയും സ്വാഗതം ചെയ്യണം. ഐസിസ് സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നതു കൊണ്ട് നിയുക്ത അമേരിക്കൻ പ്രെസിഡൻറ്റ് ലോകമെങ്ങുമുള്ള പുരോഗമനകാരികളായ സ്ത്രീകളെ ഒപ്പം നിർത്തിയാണ് ഐസിസ്- നെതിരെ പൊരുതേണ്ടത്. ഐസിസ്- നെതിരെയുള്ള പോരാട്ടത്തിൽ സ്ത്രീ ശക്തി വളരെ നിർണായകമാണ്. സ്ത്രീ ശക്തി കൂടാതെ കുർദുകളെ പോലെയുള്ള പ്രാദേശിക ശക്തികളെയും ഐസിസ്- നെതിരെയുള്ള പോരാട്ടത്തിൽ ഒന്നിപ്പിക്കേണ്ടിയിരിക്കുന്നു. ഒപ്പം ട്രംപ് മുസ്‌ലിം വിരുദ്ധതയും, കുടിയേറ്റ വിരുദ്ധതയും ഒക്കെ മാറ്റി വെച്ചിട്ട് ലോകമെങ്ങുമുള്ള മുസ്ലീം ജനതയുടെ വിശ്വാസം ആർജിക്കേണ്ട പ്രവർത്തനങ്ങളും തുടങ്ങേണ്ടിയിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ