2018 ജൂൺ 26, ചൊവ്വാഴ്ച

കേരളത്തിലെ നായൻമാരുടെ പാർട്ടി

മുഖ്യമന്ത്രിക്കെതിരെ ഫെയിസ്‌ ബുക്ക് വഴി വധഭീഷിണി മുഴക്കിയ കേസിലെ പ്രതി കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായരെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു കഴിഞ്ഞ ദിവസം കേരളത്തിലേക്ക് കൊണ്ടു വന്നു. കൃഷ്ണകുമാർ നായർ ഫേസ്‌ബുക്കിലൂടെ ലൈവായി പറഞ്ഞ പല കാര്യങ്ങളും വിശദമായി പരിശോധിക്കപെടേണ്ടവയാണ്. മദ്യ ലഹരിയിൽ ആണ് ഈ കാര്യങ്ങളൊക്കെ പറഞ്ഞതെന്നുള്ള വാദം കേവലം ബാലിശമാണ്. കൃഷ്ണകുമാർ നായർ മുഖ്യ മന്ത്രിയുടെ ഭാര്യക്കും, മകൾക്കുമെതിരെ ബലാത്സംഗ ഭീഷണി മുഴക്കുന്നതും, ജാതി അധിക്ഷേപം നടത്തുന്നതുമൊക്കെ കേവലം മദ്യലഹരിയുടെ പുറത്തല്ല എന്ന് മനസിലാക്കുവാൻ സാമാന്യ ബോധം ധാരാളം മതി. കെട്ടിക്കിടന്ന 'ഫ്രസ്റ്റ്രേഷൻ'  ഒക്കെ മദ്യ ലഹരിയിൽ പുറത്തു വന്നു എന്ന് മാത്രം. സിമ്പതി പിടിച്ചു പറ്റാനായി ഞാൻ ചെറുപ്പം മുതലേ ശാഖയിൽ പോയിരുന്ന ആളാണെന്നും മരണം വരെ ഞാൻ ആർ. എസ്സ്. എസ്സ്.-കാരനായിരിക്കുമെന്നും പിന്നീട് കൃഷ്ണകുമാർ നായരുടെ പ്രസ്താവനയും വന്നു.

സത്യത്തിൽ കൃഷ്ണകുമാർ നായരെ പോലെ തന്നെ ഒരു കൂട്ടം 'ഫ്രസ്റ്റ്രേറ്റഡ്' നായൻമാരുടെ പാർട്ടിയല്ലേ കേരളത്തിലെ ബി.ജെ.പി.??? ഓൺലയിൻ പത്രങ്ങളിലും, സോഷ്യൽ മീഡിയയിലും സംഘ പരിവാറുകാരുടേതായി വരുന്ന കമൻറ്റുകളും, പോസ്റ്റുകളും വായിച്ചാൽ ഈ 'ഫ്രസ്റ്റ്രേഷൻ' വളരെ എളുപ്പത്തിൽ തിരിച്ചറിയാം. കൃഷ്ണകുമാർ നായരെ പോലെ തന്നെ അന്യ മത വിദ്വേഷവും, അന്യ സമുദായ വിദ്വേഷവും അല്ലാതെ ക്രിയാത്മകമായ ഒരു നിർദേശവും പലപ്പോഴും സംഘ പരിവാറുകാർ മുന്നോട്ടു വെക്കാറില്ല എന്നത് ദുഃഖകരമായ ഒരു സത്യമാണ്.

കേരളത്തിൻറ്റെ പ്രത്യേക സാമൂഹ്യ സാഹചര്യത്തിൽ നായർ, ഈഴവർ, ക്രിസ്ത്യാനി, മുസ്‌ലിം - ഇവരാണ് കേരളത്തിലെ പ്രമുഖ സമുദായങ്ങൾ. കുറച്ച് ഏറ്റ കുറച്ചിലുകളുണ്ടെങ്കിലും ഈ എല്ലാ സമുദായങ്ങളും ഏതാണ്ട് 20 ശതമാനത്തോളം വരും. രാജ്യത്തെ പല ഭാഗങ്ങളും വർഗീയ സംഘർഷം കൊണ്ട് പ്രക്ഷുദ്ധമായപ്പോൾ പോലും കഴിഞ്ഞ ഒരു നൂറ്റാണ്ടോളം തികഞ്ഞ മത സൗഹാർദം പുലർത്തുന്ന ഒരു ജനതയാണെന്നുള്ളതിൽ കേരളീയർക്ക് അതിയായി അഭിമാനിക്കാം. മനു എസ്. പിള്ള 'ദന്തസിംഹാസനത്തിൽ' ചൂണ്ടി കാട്ടുന്നത് പോലെ തിരുവിതാംകൂർ ഭരിച്ച റാണി സേതു ലക്ഷ്മി ഭായിയുടെ കാലത്തായിരിക്കണം സ്ഥാന മാനങ്ങൾക്കു വേണ്ടി നായർ, ഈഴവർ, ക്രിസ്ത്യാനി - എന്നിവർക്കിടയിൽ മത്സരം വർധിച്ചത്. പിന്നീട് മലബാറും കൂടി ഉൾപ്പെടുത്തി കേരളം സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം മുസ്‌ലിം സമുദായവും കേരള രാഷ്ട്രീയത്തിൽ ശക്തമായ ഒരു 'പ്രഷർ ഗ്രൂപ്പായി' മാറി.

ഒരു സമുദായം ജനായത്ത ഭരണത്തിൽ 'പ്രഷർ ഗ്രൂപ്പായി' മാറുന്നതിൽ ഒരു തെറ്റുമില്ല. അന്യ മത വിദ്വേഷവും, അന്യ സമുദായ വിദ്വേഷവും പ്രചരിപ്പിക്കുന്നതാണ് തെറ്റായ കാര്യം. കൃഷ്ണകുമാർ നായർ ചെയ്തത് പോലെ സത്യ സന്ധമായി പറഞ്ഞാൽ കേരളത്തിൽ ഏറ്റവും അധികം അന്യ മതങ്ങളോടും, ജാതികളോടും മാനസിക അസഹിഷ്ണുത വെച്ചു പുലർത്തുന്ന ചിലരുള്ള സമുദായമാണ് നായർ സമുദായം എന്ന് നിർഭാഗ്യവശാൽ തുറന്നു പറയേണ്ടിയിരിക്കുന്നു. സ്വാമി വിവേകാനന്ദൻ വിളിച്ച 'ഭ്രാന്താലയത്തിന്' ജാതി വ്യവസ്ഥയിൽ കൃത്യമായി ഒരിടം ഇല്ലാത്ത നായന്മാർ ആയിരുന്നു പ്രധാന കാരണം. ഇപ്പോഴും ഇവരിൽ പലരുടെയും, മുഷ്കിനും, ജാതി ബോധത്തിനും ഒരു മാറ്റവും വന്നിട്ടില്ല. കേരളത്തിൽ ജാതിഭ്രാന്തന്മാരുടേയും, സമുദായ സ്നേഹികളുടേയും  എണ്ണം കൂടി കൂടി വരികയാണ് ഈയടുത്ത കാലത്ത്. സോഷ്യൽ മീഡിയയിലൂടെയും, ചില ഓൺലയിൽ പത്രങ്ങളിലൂടെയും ആണ് ഈ ജാതി ബോധവും, മത ബോധവും കൂടുതലും പുറത്തു വരുന്നത്. 'കീ ബോർഡ് വർഗീയ വാദികൾ' മലയാളികളിൽ കണ്ടമാനം ഉണ്ട്. ഓൺലയിൻ മാധ്യമങ്ങളിലൂടെ വ്യക്തിപരമായ ആക്രമണവും, 'അപ്പനും അമ്മയ്ക്കും പറയുക' എന്നതും സംഘ പരിവാറുകാരുടെ സ്ഥിരം പരിപാടിയാണ്. 'ഫെയിക് ഐഡൻറ്റിറ്റി' -യിൽ വന്നിട്ട് ആളുകളെ മതം നോക്കി വ്യക്തിപരമായി പൊതുമദ്ധ്യത്തിൽ വളരെ മോശമായ ഭാഷയിൽ ആക്രമിക്കുന്നതൊക്കെ  'മറുനാടൻ മലയാളി' പോലുള്ള ഓൺലയിൻ പത്രങ്ങളിൽ ഒരു സ്ഥിരം കാഴ്ചയാണ്.

അന്യ മത വിദ്വേഷവും, അന്യ സമുദായ വിദ്വേഷവും പ്രചരിപ്പിക്കുന്നവർ വസ്തു നിഷ്ഠമായി കാര്യങ്ങളെ മനസിലാക്കുന്നുണ്ടോ??? ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിലെ നായർ സമുദായത്തിനുണ്ടായ തകർച്ചയുടെ കഥയാണ് പ്രൊഫസർ റോബിൻ ജെഫ്രിയുടെ പ്രഖ്യാതമായ 'The Decline of Nayar Dominance: Society and Politics in Travancore' എന്ന പുസ്തകം. എം. ടി. വാസുദേവൻ നായരുടെ 'നാലുകെട്ട്', തകഴിയുടെ ജ്ഞാനപീഠം കിട്ടിയ 'കയർ', എസ്. കെ. പൊറ്റക്കാടിൻറ്റെ 'ഒരു ദേശത്തിൻറ്റെ കഥ' - ഈ പുസ്തകങ്ങളെല്ലാം നായർ സമുദായത്തിനുള്ളിലെ അന്തർ ഛിദ്രങ്ങളുടെ കഥ പറയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ജനസംഖ്യ കൂടിയതും, കാർഷിക വ്യവസ്ഥിതിയിൽ നിന്നുള്ള വരുമാനം കൂട്ടു കുടുംബങ്ങളിലെ അംഗങ്ങളുടെ ആവശ്യത്തിന് തികയാതെ വന്നതുമാണ് നായർ തറവാടുകളിലെ അന്തർ ഛിദ്രങ്ങൾക്ക് തുടക്കം കുറിച്ചത്. മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേക്കുള്ള മാറ്റവും, കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണു കുടുംബത്തിലേക്കുള്ള മാറ്റവും പല തറവാടുകളുടെയും അന്ത്യം കുറിച്ചു. ഒപ്പം മലയാളി തന്നെ പ്രവാസി ആയി മാറുകയും ചെയ്തു. പി. പദ്മരാജൻറ്റെ 'തിങ്കളാഴ്ച നല്ല ദിവസം' ഈ പ്രവാസിയുടെ സംഘർഷങ്ങൾ കാണിച്ചു തരുന്നുണ്ട്. 

ഇവിടെ മനസിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം മലയാളിയുടെ ദാരിദ്ര്യമാണ്. പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാന ദശകങ്ങളിൽ പോലും കേരളത്തിൽ ജീവിച്ചിരുന്ന മഹാ ഭൂരിപക്ഷം പേരും ഓടു മേഞ്ഞ വീടുകളിൽ താമസിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വളരെ ചുരുക്കം പ്രഭു കുടുംബങ്ങളെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും ഓല മേഞ്ഞ വീടുകളിൽ ആയിരിന്നു താമസം. ദളിതരും, ആദിവാസികളും, പാവപ്പെട്ടവരും കുടിലുകളിലും, പുല്ലു മേഞ്ഞ ചെറ്റ പുരകളിലും ആയിരിന്നു താമസം എന്നാണു സെൻസസ് റിപ്പോട്ടുകൾ വ്യക്തമായി പറയുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ആയിരിന്നു ക്രിസ്ത്യാനികളുടെ ഉയർച്ചക്ക് ഒരു കാരണം. മത്സ്യ മാംസാദികൾ കഴിക്കുന്നവരാനെന്നുള്ള കാരണത്താൽ ഇംഗ്ലീഷുകാരുമായി കേരളത്തിലെ നമ്പൂതിരികൾ കൂട്ടു കൂടാൻ മടിച്ചു. വിദ്യാഭ്യാസവും, തൊഴിലും, കാർഷിക, വ്യാവസായിക മേഖലകളിലെ വളർച്ചയുമാണ് ഏതു സമുദായത്തിൻറ്റെയും ഉന്നതിക്ക് നിദാനം. കേരളത്തിൽ വന, തോട്ടം മേഖലകളിലേക്കുള്ള കുടിയേറ്റവും, റബർ, ഏലം, കാപ്പി - എന്നിങ്ങനെ നാണ്യ വിളകളിൽ നിന്നുള്ള സമ്പത്തുമാണ് ക്രിസ്ത്യാനികളെ സംബന്നരാക്കിയത്. കൂടാതെ സ്ത്രീ വിദ്യാഭ്യാസത്തിനു ഊന്നൽ നല്കിയിരുന്നത് കൊണ്ട് അനേകം ക്രിസ്ത്യൻ പെൺകുട്ടികൾ നേഴ്സുമാർ ആയി കേരളത്തിലും, അന്യ സംസ്ഥാനങ്ങളിലും, ഗൾഫിലും, വിദേശ രാജ്യങ്ങളിലും ജോലി ചെയ്തു. സാമുദായികമായി ചിന്തിച്ചാൽ നായർ/മേനോൻ വിഭാഗങ്ങളിൽ ഉള്ള പലരും സിലോൺ, സിൻഗപ്പൂർ മേഖലകളിലേക്ക് 1950 - നു ശേഷം പോയി ജോലി ചെയ്തു. പിന്നീടു ഡെൽഹി, ബോംബെ, മദ്രാസ്, ബാൻഗ്ലൂർ എന്നെ സ്ഥലങ്ങളിലേക്ക് വൻപിച്ച തോതിൽ ആളുകൾ ജോലിക്ക് പോയി. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. കേരളത്തിലെ മുസ്ലീങ്ങൾ കഴിഞ്ഞ കുറെ ദശകങ്ങളായി ഗൾഫിൽ നിന്നുള്ള വരുമാനം കൊണ്ട് അവരുടെ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം മെച്ച പെടുത്തി കൊണ്ടിരിക്കയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ സാമ്പത്തിക അടിത്തറ. അതിനെ സാമുദായികമായി കാണേണ്ട കാര്യമില്ല. "ചദ്രനിൽ പോയാലും നായരുടെ ചായ കട കാണാം" - എന്ന് തമാശ പറയാറുണ്ടെങ്കിലും, അതിൽ കാര്യമുണ്ട്. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്.

പാരമ്പര്യമായി കിട്ടിയ ഭൂമി പോലും പല രീതിയിൽ കൈവിട്ടു പോയതിനു ശേഷം അന്യ സമുദായങ്ങളേയും, അന്യ മതങ്ങളേയും കുറ്റം പറയുന്നതിലെ യുക്തി എന്താണ്??? മന്നത്ത് പദ്മനാഭൻ തന്നെ പറഞ്ഞിട്ടുള്ളത് നായർ തറവാടുകൾ മിക്കവയും തകർന്നിട്ടുള്ളത് 'മൂന്നു കെട്ടുകൾ' കാരണമാണെന്നാണ് - 'താലി കെട്ട്, നാല് കെട്ട്, കേസ് കെട്ട്'. പി. കെശവദേവിൻറ്റെ പ്രശസ്തമായ 'അയൽക്കാർ' എന്ന നോവലിൽ കാണിച്ചു തരുന്നത് പോലെ തറവാടുകൾ തമ്മിലുള്ള പ്രശ്നങ്ങൾ തല്ലിലും, വെട്ടിലും ഒക്കെ അവസാനിപ്പിച്ചിട്ട് പോലീസ് സ്റ്റെഷനിലും, കോടതിയിലും കൊണ്ട് പോയി പോലീസിനും, വക്കീലിനും കാശ് കൊടുത്ത് മുടിഞ്ഞതിന് ആരാണ് ഉത്തരവാദി???

കേരളത്തിൻറ്റെ വികസന ചരിത്രത്തിലേക്ക് നോക്കിയാൽ ബഹു ഭൂരിപക്ഷം കേരളത്തിലെ മുസ്ലീം സ്ത്രീകൾ ഈയടുത്ത കാലം വരെ നിരക്ഷരർ ആയിരുന്നു എന്നു കാണാം. വൈക്കം മുഹമ്മദ് ബഷീറിൻറ്റെ നോവലുകളിലും, കഥകളിലും അനേകം ദരിദ്രരും, നിരക്ഷരുമായ മുസ്ലീം കഥാപാത്രങ്ങളെ കാണാം. ഇത്തരം ദൈന്യതയാർന്ന അനേകം മുസ്ലീം കുടുംബങ്ങളെ രക്ഷിച്ചത് ഗൾഫ് പണമാണ്. ഗൾഫ് പണമാണ് കേരളത്തിലെ ബഹു ഭൂരിപക്ഷം മുസ്ലീങ്ങളുടെ ജീവിതം മാറ്റി മറിച്ചത്. അതും ആദ്യ കാലത്ത് കല്യാണങ്ങൾക്കും, വീടിനുമൊക്കെയാണ് പണം മുടക്കിയത്. പിന്നീടാണ് മുസ്ലീങ്ങൾ വിദ്യഭ്യാസത്തിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ കുറെ ദശകങ്ങളായി ഗൾഫിൽ നിന്നുള്ള വരുമാനം കൊണ്ട് മുസ്ലീങ്ങൾ അവരുടെ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം മെച്ചപെടുത്തി കൊണ്ടിരിക്കയാണ്. ഇഷ്ടം പോലെ പഠനങ്ങൾ ഈ കാര്യത്തിലുണ്ട്. വൈക്കം മുഹമ്മദ് ബഷീറിൻറ്റെ 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു', ബാല്യ കാല സഖി, പാത്തുമ്മയുടെ ആട് - ഈ കൃതികൾ വായിച്ചിട്ട് ഇന്നത്തെ മുസ്ലീങ്ങളുടെ അവസ്ഥ ഒന്ന് അന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്താൽ മുസ്ലീമുകളുടെ സ്ഥിതി വളരെ മോശമായിരുന്നു എന്ന് കാണാം. ഗൾഫ് പണമാണ് അവരെ കഴിഞ്ഞ 20 -30 വർഷം കൊണ്ട് രക്ഷിച്ചത് എന്നും കാണാം. സത്യത്തിൽ കഴിഞ്ഞ 20 -30 വർഷം കൊണ്ട് മുസ്ലീങ്ങൾ; പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ പുരോഗതി എല്ലാ അർത്ഥത്തിലും വിപ്ലാവാത്മകരമായ ഒന്നാണ്. മുസ്ലീങ്ങളിലെ ഒരു വിഭാഗം തീവ്രവാദത്തിൽ ആകൃഷ്ടരാകുന്നുണ്ടെങ്കിലും ബഹു ഭൂരിപക്ഷം പേരും വിദ്യാഭ്യാസത്തിലൂടെയും, സംരഭകത്ത്വത്തിലൂടെയും തങ്ങളുടെ സാമൂഹ്യ, സാമ്പത്തിക നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കയാണ്.

ഇനി ക്രിസ്ത്യാനികളുടെ കാര്യം പറയുകയാണെങ്കിൽ, ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യ പകുതിയിൽ പോലും ക്രിസ്ത്യാനികൾ ഭൂരിപക്ഷവും ദരിദ്രരായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം ആയിരിന്നു ക്രിസ്ത്യാനികളുടെ ഉയർച്ചക്ക് ഒരു കാരണം. കഞ്ഞിരപ്പള്ളി, മുണ്ടക്കയം - എന്നിങ്ങനെ ഇന്നു പല തോട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെല്ലാം പണ്ട് കൊടും കാടുകളായിരുന്നു. മലംബനിയോടും, മലംബാബിനോടും, മദയാനയോടും ഒക്കെ പൊരുതിയാണ് ക്രിസ്ത്യാനികൾ വന, തോട്ടം, കുടിയേറ്റ മേഖലകളിൽ വിജയിച്ചത്. എത്രയോ പേർ മലമ്പനി വന്നു തുള്ളി വിറച്ചു മരിച്ചു? എത്രയോ പേർ പാമ്പ് കടിച്ചു മരിച്ചു? എത്രയോ പേരെ ആന ചവിട്ടി കൊന്നു? എന്നിട്ടും അവരുടെ അധ്വാന ശേഷി ക്രിസ്ത്യാനികളെ വന, തോട്ടം, കുടിയേറ്റ മേഖലകളിൽ മുന്നോട്ടു നയിച്ചു. അതൊക്കെ കാണാതെയാണ് ചിലർ ക്രിസ്ത്യാനികളെ കുറ്റം പറയുന്നത്; അന്യ മത വിദ്വേഷം പ്രചരിപ്പിക്കുന്നത്. ക്രിസ്ത്യാനികളെ മൊത്തം 'കുരിശു കൃഷിക്കാരായി' അടച്ചാക്ഷേപിക്കുന്ന സംഘ പരിവാറുകാരുടെ ഇഷ്ടം പോലെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഇങ്ങനെ അന്യ മത വിദ്വേഷം പ്രചരിപ്പിക്കാതെ ക്രിസ്ത്യാനികൾ നടത്തിയ ക്രിയാത്മകമായ പ്രവർത്തനങ്ങൾ സംഘ പരിവാറുകാർ കാണുന്നുണ്ടോ??? കുട്ടനാട്ടിലെ ആറു തലമുറയുടെ കഥ പറഞ്ഞ തകഴി 'കയറിൽ' നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം ക്രിസ്ത്യാനികളുടെ സാമ്പത്തിക വളർച്ചയ്ക്ക് പ്രധാന കാരണം സ്ത്രീകളുടെ പങ്കാണെന്നാണ്. മുപ്പതു നാൽപതു വർഷം മുമ്ബത്തെ കേരളത്തിൻറ്റെ അവസ്ഥ അറിയാവുന്ന ആർക്കും അറിയാം -  കേരളത്തിലെ പല ക്രിസ്ത്യാനി കുടുംബങ്ങളും രക്ഷപെട്ടത് നേഴ്സുമാരുടെ പണം കൊണ്ടാണെന്നുള്ള കാര്യം. അതങ്ങീകരിച്ചു കൊണ്ടാണെന്നു തോന്നുന്നു - യാഥാസ്ഥികത്ത്വം മാറ്റി വെച്ച് ഇപ്പോൾ മറ്റു സമുദായങ്ങളും പെൺകുട്ടികളെ നേഴ്സുമാരാക്കാനൊക്കെ വിടുന്നു.

ഇനി വോട്ടു ബാങ്ക് രാഷ്ട്രീയം. സന്ഖടിതമായ ബാർഗെയിനിങ്ങും, വോട്ട് ബാങ്ക് സ്ട്രാറ്റജി -യുമൊക്കെ ഇവിടെ ക്രിസ്ത്യാനിയും, മുസ്ലീമും മാത്രമല്ല ഈഴവനും നായരും, പുലയരും, പറയരും ഒക്കെ ചെയ്യുന്നതാണ്. പക്ഷെ എല്ലായിടത്തും അതിൻറ്റെ ഗുണഭോക്താക്കൾ ആ സമുദായത്തിൻറ്റെ നേതാക്കൻമാർക്കോ അല്ലെങ്കിൽ അങ്ങിനെ ആണെന്ന് നടിക്കുന്ന കുറിച്ചു പേർക്കോ മാത്രമാണ്. സ്ഥാപനവൽകരിക്കപെട്ട ക്രൈസ്തവ സന്ഘടനകളെ പോലെ തന്നെ പ്രവർത്തിക്കുന്നവയാണ് SNDP - യും, NSS - ഉം. SNDP - യും, NSS - ഉം അവർ പ്രതിനിഥാനം ചെയ്യുന്ന സമുദായങ്ങളിലെ പാവപ്പെട്ടവരെ ഉദ്ധരിക്കുന്നില്ല. ഇതു പോലെ തന്നെയാണ് ക്രിസ്ത്യൻ, മുസ്ലീം സംഘടനകളുടെയും അവസ്ഥ. ക്രിസ്ത്യൻ ,മുസ്ലിം സമുദായങ്ങൾ സാമൂഹികപരമായും, സാമ്പത്തികപരമായും നേട്ടങ്ങൾ ഉണ്ടാക്കിയത് ഭരണപരമായ നേട്ടങ്ങൾ കൊണ്ടാണെന്ന് മാത്രം വിശ്വസിക്കുന്നതും, പ്രചരിപ്പിക്കുന്നതും ശുദ്ധ മണ്ടത്തരം ആണ്. വിദേശ പണം ആണ് അവരെ എല്ലാ മേഖലയിലും ഉയർച്ച നേടാൻ സഹായിച്ചത്.

ഇവിടെ അടിസ്ഥാനപരമായി മനസിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ വിദ്യാഭ്യാസത്തിലൂടെയും, തൊഴിലിലൂടെയും ആണ് ഒരു വ്യക്തിയുടെയും, സമുദായത്തിൻറ്റേയും ഉന്നമനം എന്നതാണ്. സാധ്യതകൾ കണ്ടെത്തുന്നതിലും ഉപയോഗപ്പെടുന്നതിലും  മുന്നിലുള്ളവരേ സാമൂഹ്യമായും, സാമ്പത്തികമായും വിജയിക്കൂ. മുസ്ലീങ്ങളോട് പാക്കിസ്ഥാനിലേക്കും, ക്രിസ്ത്യാനികളോട് റോമിലേക്കും പോകാൻ പറഞ്ഞാൽ ഇവിടെ ആരും സാമൂഹ്യമായും, സാമ്പത്തികമായും വിജയിക്കില്ല. ഇത്തരത്തിലുള്ള വെറുപ്പിക്കൽ പ്രക്രിയ തുടർന്ന് കൊണ്ടിരുന്നാൽ കേരളത്തിൽ 'താമര' വിരിയാനും പോകുന്നില്ല. വ്യക്തിയുടെയും, സമുദായത്തിൻറ്റേയും ഉന്നമനം ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസത്തിലൂടെയും, സംരഭകത്ത്വത്തിലൂടെയും അത് നേടുവാനാണ് നോക്കേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ