2019 മാർച്ച് 5, ചൊവ്വാഴ്ച

അതി സങ്കീർണമായിക്കൊണ്ടിരിക്കുന്ന കാശ്മീർ വിഷയം.

 ലോകത്തിലെ ഏറ്റവും സങ്കീർണമായ സാമൂഹ്യ വ്യവസ്ഥിതിയാണ് നമുക്കുള്ളത്. ജാതിയും, ഉപ ജാതികളും, മതവും, പ്രാദേശിക വ്യത്യാസങ്ങളും ഒക്കെയായി ലോകത്തൊരിടത്തുമില്ലാത്തത്ര വൈജാത്യങ്ങളാണ് ഇന്ത്യയിലുള്ളത്. അപ്പോൾ ആ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി എല്ലാ ഇന്ത്യക്കാരെയും ഒരുമിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രജ്ഞത ആണ് കാണിക്കേണ്ടത്. ബാബ്‌രി മസ്ജിദ് തകർക്കലും, ഗുജറാത്ത് കലാപവും, മുംബൈ കലാപവും ഒക്കെയായി മുസ്‌ലിം വിരുദ്ധത പണ്ടേ ബി.ജെ.പി. - യിൽ ആരോപിക്കപ്പെടുന്നുണ്ട്. അങ്ങനെയുള്ള ബി.ജെ.പി. കേന്ദ്രം ഭരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആ 'ഇമേജ്' മാറ്റാനായിരുന്നു രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കണമെങ്കിൽ യത്നിക്കേണ്ടിയിരുന്നത്. അതിനു പകരം ബി.ജെ.പി. - യും, സംഘ പരിവാർ സംഘടനകളും കാണിച്ചു കൂട്ടിയത് എന്തൊക്കെയാണ്??? പശു സ്നേഹികൾ ഉയർത്തുന്ന 'ഗോ രക്ഷാ' ക്യാമ്പയിനും, 'ഖർ വാപ്പസിയും' ഒക്കെ ഇന്ത്യയിലെ പോലെ സങ്കീർണമായ സാമൂഹ്യ വ്യവസ്ഥിതി ഉള്ള ഒരു രാജ്യത്ത് തെറ്റായ സന്ദേശം കൊടുക്കും എന്ന് ദീർഘ വീക്ഷണമുള്ള രാഷ്ട്രീയ നേതാക്കന്മാർ തിരിച്ചറിയണമായിരുന്നു. ബി.ജെ.പി. ആ തെറ്റായ സന്ദേശങ്ങളുടെ ദീർഘ വ്യാപകമായ പ്രത്യാഖാതങ്ങൾ ഒരിക്കലും തിരിച്ചറിഞ്ഞില്ല എന്ന് മാത്രമല്ല; കുത്തി തിരിപ്പിനുള്ള എല്ലാ മാർഗങ്ങളും ആരായുകയും ചെയ്തു. അതിൻറ്റെയൊക്കെ ആത്യന്തിക ഫലമാണ് ഇന്ന് മോഡിയുടെ കാശ്മീർ പോളിസി പൂർണ പരാജയമാക്കുന്നത്.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14 .2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 - ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യാ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവെച്ചാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണ്. അപ്പോൾ ആ ജനവിഭാഗത്തെ വിശ്വാസത്തിൽ എടുക്കാതെ ഭരിക്കാൻ സാധിക്കും എന്ന് കരുതുന്നത് എത്ര വലിയ മണ്ടത്തരമാണ്?

ബി.ജെ.പി. കേന്ദ്രത്തിൽ ഭരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആ മുഷ്ക്കിൽ രാജ്യത്തെ മുസ്ലീങ്ങളെ മുഴുവൻ ശത്രുക്കളായി കാണാനാണ് ബി.ജെ.പി. - യും, സംഘ പരിവാർ സംഘടനകളും ശ്രമിച്ചത്. കഴിഞ്ഞ 6-7 വർഷങ്ങളായി കേരളത്തിൽ പോലും നടക്കുന്നതെന്താണെന്ന് സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവർക്കൊക്കെ അറിയാം. ഒരു മുസ്‌ലിം പേര് സോഷ്യൽ മീഡിയയിലോ, ഓൺലയിൻ പത്രങ്ങളിലോ കണ്ടാൽ ഉടനടി അവരെ തീവ്രവാദികളായി ചിത്രീകരിക്കുക; അവരോട് പാക്കിസ്ഥാനിൽ പോകാൻ പറയുക - ഇത്തരം കലാപരിപാടികളാണ് ബി.ജെ.പി. - ക്കാരും, സംഘ പരിവാറുകാരും ചെയ്തു കൊണ്ടിരുന്നത്. എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട്, വെൽഫെയർ പാർട്ടി, മുസ്ലിം ലീഗിലെ ഒരു വിഭാഗം ഇവരോക്കെ നേരത്തെ തന്നെ ചില തീവ്രവാദ സംഘടനകളോട് ആഭിമുഖ്യമുള്ളവരായിരുന്നു കേരളത്തിൽ. പക്ഷെ ബി.ജെ.പി. - യുടേയും, സംഘ പരിവാറുകാരുടേയും പ്രചാരണങ്ങൾ മിതവാദികളെ കൂടി ദേശീയ മുഖ്യധാരയിൽ നിന്നകറ്റി. മുസ്ലീങ്ങൾക്കെതിരെ മാത്രമല്ല; മൊത്തത്തിൽ ന്യൂനപക്ഷ വിരുദ്ധ സമീപനമായിരുന്നു സംഘ പരിവാറിൻറ്റേത്. ഒരു ക്രിസ്ത്യൻ പേര് കണ്ടാൽ ഉടനടി 'കുരിശു കൃഷിക്കാരനായും', ജോഷ്വാ പ്രജക്റ്റിൻറ്റെ ആളായും ചിത്രീകരിക്കുന്ന ഇഷ്ടം പോലെ സംഘ പരിവാറുകാരെ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ 6-7 വർഷങ്ങളിൽ കണ്ടിട്ടുണ്ട്. എന്തായാലും ക്രിസ്ത്യാനികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞിട്ടില്ല; അതിനു പകരം വത്തിക്കാനിലേക്ക് പോകാനായിരുന്നു സംഘ പരിവാറുകാർ പറഞ്ഞിരുന്നത്. മറുനാടൻ മലയാളിയുടെ  കമൻറ്റ് കോളത്തിൽ ഇത്തരത്തിലുള്ള അനേകം കമൻറ്റുകൾ കണ്ടിട്ടുണ്ട്. മറുനാടൻ മലയാളിയിലെ കമൻറ്റ് കോളത്തിലെ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ വായിച്ച് ജാള്യത തോന്നാത്ത വായനക്കാർ അപൂർവം. പല സോഷ്യൽ മീഡിയ സൈറ്റുകളിൽ കൂടിയും ശരിയായ ID ഇല്ലാതെ സാമൂഹ്യ വിദ്വേഷം പ്രചരിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ 6-7 വർഷങ്ങളായി കേരളത്തിൽ തന്നെ നടന്നു കൊണ്ടിരുന്നത്.

കാശ്മീരിൽ 2018 -ൽ കൊല്ലപ്പെട്ടത് ഔദ്യോഗിക കണക്കുകൾ അനുസരിച്ചു തന്നെ 276 പേരാണ്.  2014 -ൽ സംഖ്യാ 114 ആയിരുന്നു. പക്ഷെ അതിനൊപ്പം തന്നെ മറ്റൊരു കണക്കു കൂടി ഉണ്ട്. 2014 -ൽ കൊല്ലപ്പെട്ടത് സൈനികരുടെ സംഖ്യാ 46 ആകുമ്പോൾ 2018 ആകുമ്പോൾ അത് 95 ആയി. കാശ്മീരിൽ കൊല്ലപ്പെട്ട സിവിലിയൻസിൻറ്റെ എണ്ണം 2014 -ൽ 28 ആയിരുന്നപ്പോൾ 2018 ആകുമ്പോൾ 86 ആയി. ഇങ്ങനെ കാശ്മീർ മൊത്തം രക്ത പങ്കിലമാവുകയാണ്.

1947- ൽ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കപ്പെടുമ്പോൾ 600 -ഓളം നാട്ടു രാജ്യങ്ങൾക്ക് ഇന്ത്യയിൽ ചേരാനോ, പാക്കിസ്ഥാനിൽ ചേരാനോ അവകാശമുണ്ടായിരുന്നു. അതുപ്രകാരം ആണ് കാശ്മീർ മഹാരാജാവായിരുന്ന ഹരി സിങ് ഇന്ത്യയിൽ ചേർന്നത്. അതിലേക്ക് നയിച്ച പത്താൻ ആക്രമണകാരികളുടെ മുന്നേറ്റം പാക്കിസ്ഥാൻറ്റെ വ്യക്തമായ അറിവോടും സമ്മതത്തോടെയും ആയിരുന്നു. പിന്നീടങ്ങോട്ട് കാശ്മീരിലും പഞ്ചാബിലെ 'ഖലിസ്ഥാൻ' വാദമുൾപ്പെടെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും പാക്കിസ്ഥാൻ തീവ്രവാദം പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതാണ് കാശ്മീർ വിഷയത്തിൽ ഒരു പ്രശ്ന പരിഹാരം പാക്കിസ്ഥാനുമായി ചേർന്ന് അസാധ്യമാക്കിയത്. 1948-ലെ 'ഇൻസ്ട്രമെൻറ്റ് ഓഫ് അക്സെഷൻ' പ്രകാരവും   ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി നിർണയിച്ച റാഡ്ക്ലിഫ് എഗ്രിമെൻറ്റ് ' പ്രകാരവും പാക്കിസ്ഥാന് കാശ്മീരിൽ ഒരവകാശവും ഇല്ലാ. രാജ്യം മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടപ്പോൾ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീർ ഇന്ത്യയിൽ തുടരുന്നത് കാശ്മീരികളുടെ സമ്മതത്തോടെയായിരിക്കണം എന്ന ജനാധിപത്യ ബോധമാണ് മൗണ്ട്ബാറ്റൺ പ്രഭുവിന് ഉണ്ടായിരുന്നത്. നെഹ്‌റുവിൽ സമ്മർദ്ദം ചെലുത്തി അതുകൊണ്ട് മൗണ്ട്ബാറ്റൺ പ്രഭു കാശ്മീർ പ്രശ്നം ഐക്യരാഷ്ട്ര സമിതിയിലേക്ക് എത്തിച്ചു. പിന്നീട് ഐക്യരാഷ്ട്ര സമിതി ഹിത പരിശോധന എന്ന തീരുമാനത്തിലേക്ക് എത്തിയതും ആ ജനാധിപത്യ ബോധത്തിൻറ്റെ അടിസ്ഥാനത്തിലായിരുന്നു. പക്ഷെ കാശ്മീരിൻറ്റെ പേരിലുള്ള യുദ്ധങ്ങളും, തീവ്രവാദവും, ഇരു രാജ്യങ്ങളിലെ സൈനിക നീക്കങ്ങളും ഹിത പരിശോധന എന്ന തീരുമാനത്തിന് പ്രസക്തി ഇല്ലാതെ ആക്കി. 1965-ലെ യുദ്ധവും, 1971 -ലെ ബംഗ്ളാദേശ് യുദ്ധവും കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ചേർന്ന് ഹിത പരിശോധന എന്ന തീരുമാനം നടപ്പാക്കാൻ ഒരു രീതിയിലും പറ്റാത്ത ഒന്നാക്കി മാറ്റി. നെഹ്‌റുവിൻറ്റെ കാലത്തും ലാൽ ബഹാദൂർ ശാസ്ത്രിയുടെ കാലത്തും കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ചേർന്നുള്ള പ്രശ്ന പരിഹാരത്തിന് സാധ്യത ഉണ്ടായിരുന്നു. പാകിസ്ഥാൻ തന്നെയാണ് ഔചിത്യബോധമില്ലാത്ത നടപടികളിലൂടെ ആ പ്രശ്ന പരിജ്‌ഹാരം അസാധ്യമാക്കിയത്. അനാവശ്യമായി 1965-ൽ പാക്കിസ്ഥാൻ ആക്രമിച്ചതിന് ശേഷം പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ഇനി പാക്കിസ്ഥാനുമായി കാശ്മീർ പ്രശ്നത്തിൽ ചർച്ച സാധ്യമല്ല എന്ന് ഷെയ്ക്ക് അബ്ദുള്ളയോട് പറയുന്നുണ്ട്. ചരിത്രകാരൻ രാമ ചന്ദ്ര ഗുഹ തൻറ്റെ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന പുസ്തകത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയും ഷെയ്ക്ക് അബ്ദുള്ളയുമായുള്ള ചർച്ച സവിസ്തരം പ്രദിപാദിക്കുന്നുണ്ട്. 1988-ൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷം അഫ്ഗാനിസ്ഥാൻ, ചെച്നിയ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള തീവ്ര ഇസ്ലാമിക സംഘടനകളിൽ പെട്ട ആയുധ ധാരികളായ തീവ്ര വാദികളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം ആണ് പിന്നീട് കാശ്മീർ പ്രശ്നം തീർത്തും വഷളാക്കിയത്.

ഇന്നിപ്പോൾ പാക്കിസ്ഥാനിൽ നിന്നും, മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള തീവ്രവാദികൾക്ക് കാശ്മീരിൽ കിട്ടുന്ന ലോക്കൽ സപ്പോർട്ടാണ് മുഖ്യമായ വിഷയം. ഡോക്റ്റർ മൻമോഹൻ സിങ് കേന്ദ്രം ഭരിച്ചു കൊണ്ടിരുന്നപ്പോൾ തീവ്രവാദികളുടെ സംസ്കാര ചടങ്ങുകൾക്ക് പിന്തുണ ആയിരങ്ങളുടേതായിരുന്നെങ്കിൽ ഇന്നിപ്പോൾ അത് പതിനായിരങ്ങളും ലക്ഷങ്ങളും വരെ ആയി. 2014 - ലോടെ കാശ്മീർ മുഖ്യധാരയിലേക്ക്‌ പതുക്കെ പതുക്കെ തിരിച്ച്‌ വരികയായിരുന്നു; കാശ്മീരിലെ ടൂറിസം മേഖല ഉണർന്നതായിരുന്നു; ടൂറിസ്റ്റുകൾ കാശ്മീരിലേക്ക്‌  പോകാൻ തയ്യാറെടുക്കുകയാരുന്നു. അങ്ങനെ കാശ്മീർ താഴ്‌വര ശാന്തതയുടെ ചില ലക്ഷണങ്ങളൊക്കെ കാണിച്ചു തുടങ്ങിയതായിരുന്നു. അപ്പോഴായിരുന്നു മോഡിയുടേയും, ബി.ജെ.പി. -  യുടേയും വരവ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. കാശ്മീരിൽ പി.ഡി.പി. - യുമായി ഉണ്ടാക്കിയ തീർത്തും അവസര വാദപരമായ കൂട്ടുകെട്ട് ജനാധിപത്യത്തിൻറ്റെ വിധിക്ക് എതിരായിരുന്നു.  അത് മൂലം കാശ്മീരിലെ യുവാക്കളിലെ ഒരു വിഭാഗം  പി.ഡി.പി. യിൽ നിന്ന് കൊഴിഞ്ഞു പോയി; തീവ്രവാദികൾക്ക് വഴി തുറന്നു കൊടുക്കുകയും ചെയ്തു. കാശ്മീർ വിഷയത്തിൽ നരേന്ദ്ര മോഡി ഇന്നുവരെ സമാധാനത്തിനായി ശ്രമിച്ചിട്ടില്ല. ജനങ്ങളിൽ അമിത ദേശീയത കത്തിച്ചു നിർത്തി അതിനെ വോട്ട് ആക്കി മാറ്റുന്ന ബി.ജെ.പി. - യുടെ തന്ത്രം ഇന്ത്യയിൽ എല്ലായിടത്തും വിജയിക്കണമെന്നില്ല  എന്നാണ് കാശ്മീരിൻറ്റെ കാര്യത്തിലെങ്കിലും മോഡിയും കൂട്ടരും തിരിച്ചറിയേണ്ടത്. ഗുജറാത്തിൽ നടപ്പിലാക്കിയത് പോലുള്ള സംഘ പരിവാർ അജണ്ടകൾ രാജ്യത്തിൻറ്റെ എല്ലാ ഭാഗത്തും നടപ്പാകില്ല എന്ന വസ്തുതയാണ് ബി.ജെ.പി. നേത്ര്വത്ത്വം മനസിലാക്കേണ്ടത്.

തീവ്രവാദത്തിൻറ്റെ മുഴുവൻ ഉത്തരവാദിത്വവും പാകിസ്ഥാൻറ്റെ തലയിൽ കൊണ്ട് വെച്ച് മോഡിക്കും കൂട്ടർക്കും എപ്പോഴും ഇന്ത്യ ഭരിക്കാനാവില്ല. പുൽവാമയിൽ 40 CRPF ജവാന്മാർ കൊല്ലപ്പെട്ടപ്പോൾ നാം പാക്കിസ്ഥാനെ ആക്രമിച്ചു. അതിനു ശേഷം ഓരോ ദിവസവും പട്ടാളക്കാരും പോലീസുകാരും കാശ്മീരിൽ കൊല്ലപ്പെടുകയാണ് - ഓഫീസർമാർ ഉൾപ്പെടെ. ഇതിനൊക്കെ നാം ആരെ ആക്രമിക്കും??? ലോകത്തിലെ ഏറ്റവും സങ്കീർണമായ സാമൂഹ്യ സംഘടനാ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന ഇന്ത്യയിൽ ജനങ്ങൾ തമ്മിലുള്ള ഒരുമിപ്പിക്കൽ പ്രക്രിയക്ക് ആക്കം കൂട്ടേണ്ടതിന് പകരം വിദ്വേഷ പ്രചാരണങ്ങൾ നടത്തിയാൽ ഒരിക്കലും പ്രശ്ന പരിഹാരങ്ങൾ ഉണ്ടാവുകയില്ലാ. പോലീസിനേയും പട്ടാളത്തെയും ഇറക്കിയല്ല ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കേണ്ടത്. ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കണമെങ്കിൽ ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾ വേണം. അതാണിപ്പോൾ ഇന്ത്യയിൽ ഇല്ലാത്തതും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ