2017 ജനുവരി 5, വ്യാഴാഴ്‌ച

നോബൽ സമ്മാനത്തിന് 100 കോടി!!!!

നോബൽ സമ്മാനത്തിന് 100 കോടി!!!!


കഴിഞ്ഞ ദിവസം നൂറ്റി നാലാം ഇന്ത്യൻ സയൻസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി ഒരു നോബൽ സമ്മാനം ഇന്ത്യയിലേക്ക് കൊണ്ട് വന്നാൽ ശാസ്ത്രജ്ഞന് 100 കോടി സമ്മാനം പ്രഖ്യാപിച്ചിരിക്കയാണ്! എന്ന് വെച്ചാൽ ശരിക്കുള്ള നോബൽ സമ്മാനത്തിൻറ്റെ 17 ഇരട്ടി. പക്ഷെ പണത്തിലല്ല കാര്യം. ഒരു സംസ്ഥാന മുഖ്യ മന്ത്രിക്ക് ഇത്രയും ഹൃദയ വിശാലതയും, ദീർഘ വീക്ഷണവും ഉണ്ടായല്ലോ എന്ന് കരുതി ആരും ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി ചന്ദ്ര ബാബു നായിഡുവിനെ അഭിനന്ദിക്കണം. ജാതിയുടെയും, മതത്തിൻറ്റെയും പേരിൽ സ്ഥിരം മുണ്ടു പൊക്കി കാണിക്കുന്ന രീതിയിൽ പ്രസ്താവനയും, പ്രസംഗങ്ങളും നടത്തുന്ന നമ്മുടെ മൂന്നാം കിട രാഷ്ട്രീയ നേതാക്കന്മാരുടെ ശ്രദ്ധ  ഇതു പോലുള്ള വാഗ്ദാനങ്ങളിലേക്കു തിരിഞ്ഞിരുന്നെങ്കിൽ! ആശിക്കാനല്ലേ നമുക്കൊക്കെ കഴിയൂ. മോഹങ്ങൾ കുതിരകളായാൽ അവ കടിഞ്ഞാണില്ലാത്ത പായുമല്ലോ.

ഇന്നു വരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു കേന്ദ്ര മന്ത്രിയോ, സംസ്ഥാന മുഖ്യ മന്ത്രിയോ ഇതു പോലൊരു വാഗ്ദാനം നടത്തിയിട്ടില്ല. എന്തിന് ഒരു പ്രധാന മന്ത്രി പോലും ഒരു നോബൽ സമ്മാന ജേതാവിനെ സൃഷ്ടിക്കുവാൻ വേണ്ടി ഇന്ത്യയിൽ പേരിനു പോലും ഇങ്ങനേ ഒരു പ്രസ്താവന നടത്തുവാൻ ധൈര്യം കാണിച്ചിട്ടില്ല. അത് കൊണ്ടാണ് ചന്ദ്ര ബാബു നായിഡുവിൻറ്റെ ഈ പ്രസ്താവന പ്രാധാന്യം  അർഹിക്കുന്നത്. ഇൻഡ്യാക്കാരെ നോബൽ സമ്മാനം പോലുള്ള വിഷയങ്ങളിലൊന്നും സാധാരണ അടുപ്പിക്കാറേ ഇല്ലാ. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്. അത് തന്നെ നെഹ്‌റു വിക്രം സാരാഭായുടെ കൂടെ ബഹിരാകാശ ഗവേഷണ പദ്ധതികൾക്ക് തുടക്കമിട്ടത് കൊണ്ട് ഉണ്ടായതാണ്.

നെഹ്‌റുവിന് ശേഷം ദീർഘ വീക്ഷണത്തോടു കൂടി ബഹിരാകാശ ഗവേഷണ പദ്ധതികൾ പോലെ പദ്ധതികൾ വിഭാവനം ചെയ്യുന്നത്തിലോ, നല്ല ആസൂത്രണത്തിലൂടെ അത് നടപ്പിലാക്കുന്നതിലോ നമ്മുടെ ഭരണാധികാരികൾ പരാജയപ്പെട്ടു. ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ  - ഇതെല്ലാം നെഹ്റു സർക്കാരിന്റ്റെ കാലത്തുണ്ടായതാണ്. അതും കൂടാതെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാന്റ്റ്, ഭക്രാ നന്ഗൽ ഡാം - ഇവയൊക്കെ നെഹ്റു യാധാർത്യമാക്കിയ ബ്രിഹത് പദ്ധതികളായിരുന്നു. അതും കൂടാതെയാണ് ഒരു കോടി അഭയാർഥികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടായിട്ട് ഒരു വലിയ വർഗീയ കലാപം പോലും വരാതെ ഇന്ത്യയെ പരിപാലിച്ചു എന്ന നെഹ്രുവിന്റ്റെ ഉജ്ജ്വല നേട്ടം. വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സർക്കാർ ആണ് നെഹ്റു സർക്കാർ. അതിനോട് താരതമ്യപെടുത്തുമ്പോൾ ഇന്നത്തെ യൂറോപ്പ്യലെ രാജ്യങ്ങൾ പോലും അഭയാർഥി പ്രശ്നം നേരിടുന്ന രീതി  പ്രവർത്തനം പോലും എത്രയൊ നിസ്സാരം.

നെഹ്‌റുവിന് ഇങ്ങനെയൊക്കെ പ്രവർത്തിക്കുവാൻ സാധിച്ചു എന്നത് അദ്ദേഹത്തിൻറ്റെ ദീർഘ വീക്ഷണത്തിൻറ്റെ തെളിവാണ്. കേന്ദ്ര സാഹിത്യ അക്കാഡമിയിൽ പ്രവർത്തിച്ച  ഡോക്ടർ കെ. എം. ജോർജ് ഒരു ഇൻറ്റെർവ്യൂവിൽ പറഞ്ഞത് പ്രധാന മന്ത്രിയായ നെഹ്രു ചിലപ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ ഡൽഹിയിലെ കേന്ദ്ര സാഹിത്യ അക്കാഡമിയിലേക്ക് വരും; വിവരങ്ങൾ തിരക്കും; അവിടെയുള്ള ആളുകളോട് സംസാരിക്കും എന്നാണ്. മഹലനോബിസിൻറ്റെ നെത്ര്വത്തത്തിൽ ആയിരുന്നു ആസൂത്രണ കമ്മീഷൻ.  മഹലനോബിസ് ആസൂത്രണ കമ്മീഷൻറ്റെ യശസ് ഉയർത്താൻ അനേകം രാജ്യങ്ങൾ സന്ദർശിച്ചു. അവിടങ്ങളിലുള്ള 'ഡേറ്റാ സംവിധാനങ്ങൾ' പഠിച്ചു. അത് കൊണ്ട് തന്നെ മറ്റ് വികസ്വര രാഷ്ട്രങ്ങളിലേക്കാൾ ശക്തമായ 'ഡേറ്റാ ബാങ്ക്' ഇന്ത്യയിൽ ഉണ്ട്. നമ്മുടെ 'ഡേറ്റ സംവിധാനം' ഏതൊരു വികസിത രാജ്യത്തിൻറ്റെ പോലും അടുത്തു വരുന്ന ഒന്നാണ്. ഡോക്ടർ അംബേദ്‌കർ കോൺഗ്രസിൻറ്റെ കടുത്ത വിമർശകൻ ആയിരിക്കുമ്പോൾ തന്നെ നെഹ്‌റു അദ്ദേഹത്തെ തൻറ്റെ ആദ്യ മന്ത്രി സഭയിലേക്കു ക്ഷണിച്ചു. കാരണം പ്രതിഭാ ധനന്മാർ തൻറ്റെ മന്ത്രിസഭയിൽ വേണം എന്നായിരുന്നു നെഹ്രുവിൻറ്റെ ആഗ്രഹം. ഡോക്ടർ അംബേദ്‌കർ നെഹ്രുവിൻറ്റെ മന്ത്രിസഭയിൽ വന്നതു കൊണ്ട് തന്നെ ദക്ഷിണേഷ്യയിലെ മറ്റേതൊരു രാജ്യത്തെക്കാളും നല്ല ഭരണ ഘടനയും, ഭരണ സംവിധാനവും ഇന്ത്യയിൽ ഉണ്ട്.

ഈ പ്രതിഭാ ധനന്മാരുടെ കൂട്ട് സാധാരണക്കാരെ സഹായിക്കുമോ? തീർച്ചയായും. പക്ഷെ ആസൂത്രണത്തിൻറ്റെ മികവ് സാധാരണ ജനം അനുഭവിക്കുവാൻ കുറെ കാല താമസം എടുക്കും എന്നത് മാത്രം. വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിക്കുവാൻ നെഹ്‌റു സർക്കാരിന് കഴിഞ്ഞത് ഭക്രാ നന്ഗൽ ഡാം വഴിയുള്ള കനാലുകൾ യാഥാർഥ്യമാക്കിയതിനു ശേഷമായിരുന്നു. ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറയുന്നത് പഞ്ചാബിലെ ജനത്തിൻറ്റെ സംസാരം പോലും കനാൽ വന്നതിനു ശേഷം, കനാൽ വരുന്നതിനു മുമ്പ് എന്നായി മാറി എന്നാണ്. അത്ര മാത്രമാണ് കനാൽ വഴിയുള്ള ജല സേചന സംവിധാനം അവരുടെ ജീവിതത്തെ മാറ്റി മറിച്ചത്. സ്വാതത്ര്യം കിട്ടിയതിനു ശേഷം 2017 ഓഗസ്റ്റ് 15 ആകുമ്പോൾ 70  വർഷം തികയും. അപ്പോൾ നമുക്ക് പ്രതിഭാ ധനന്മാർ ഉണ്ടാകുമോ? നമ്മുടെ അത്ലട്ടുകൾക്ക് ഒളിമ്പിക് മെഡലുകൾ കിട്ടുമോ? നമുക്ക് ചാമ്പ്യൻ ഷിപ് പട്ടങ്ങൾ കിട്ടുമോ? ഇൻഡ്യാക്കാർക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിക്കുവാൻ സാധിക്കുമോ? നമ്മുടെ ശാസ്ത്രജ്ഞന്മാർക്ക് നോബൽ സമ്മാനങ്ങൾ കിട്ടി തുടങ്ങുമോ? ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി ചന്ദ്ര ബാബു നായിഡുവിൻറ്റെ കയ്യിൽ നിന്നും ഏതെങ്കിലും ശാസ്ത്രജ്ഞന് 100 കോടി ഭാഗ്യം ലഭിക്കുമോ? നമുക്ക് കാത്തിരുന്നു കാണാം.

2 അഭിപ്രായങ്ങൾ:

  1. ച്ന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം പുരോഗമനപരമാണെന്നു തോന്നുമെങ്കിലും അതിന്റെ പിന്നിൽ ഒരു സ്വേച്ച്ഛാധിപത്യ മനസ്തിതി ഒളിഞ്ഞിരിപ്പിണ്ടു. ചാരിറ്റി നടത്തേണ്ടതു പൊതുഖജനാവിൽനിന്നല്ല. പണം ജനത്തിന്റെയാകുമ്പോൾ എന്തു തോന്ന്യാസം വേണെമെങ്കിലും ചെയ്യാമല്ലൊ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചന്ദ്ര ബാബു നായിഡു ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലേ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്? ഭരണകൂടത്തിൻറ്റെ പണം തന്നെയല്ലേ കേന്ദ്ര, സംസ്ഥാന സാഹിത്യ അവാർഡുകൾക്കും, മറ്റു പല അവാർഡുകൾക്കും കൊടുക്കുന്നത്? അത് പോലെ തന്നെ ഹജ്ജ്, കൈലാസ യാത്ര - ഇവയ്ക്കൊക്കെ വേണ്ടി ഭരണ കൂടം പണം ചെലവഴിക്കുന്നുണ്ടല്ലോ. ഏഷ്യാഡിലും, ഒളിമ്പിക്സിലും മെഡൽ ജേതാക്കൾക്ക് പണമായി പാരിതോഷികങ്ങൾ പ്രഖ്യാപിക്കുകയും, കൊടുക്കുകയും ചെയ്യാറുണ്ടല്ലോ. പിന്നെ നോബൽ സമ്മാനിതർക്കു പണം കൊടുത്താൽ എന്താണ് കുഴപ്പം?

      ഇല്ലാതാക്കൂ