2017 ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

മതത്തിൻറ്റെയും, പ്രേതങ്ങളുടെയും പേരിലുള്ള തട്ടിപ്പുകാർ

മതത്തിൻറ്റെയും, പ്രേതങ്ങളുടെയും പേരിൽ തട്ടിപ്പുകാർ ഇപ്പോൾ കേരളത്തിൻറ്റെ മുക്കിലും, മൂലയിലും കാണാം. ഇഷ്ടം പോലെ ആളുകൾ പല സ്ഥലത്തായി ബാധ ഒഴിപ്പിക്കാനും, ജിന്നിറക്കലിനും പോകുന്നുണ്ട്. ക്രിസ്ത്യാനികളിൽ അതു ദുഷ്ടാരൂപികൾ ആകുന്നു എന്നേയുള്ളൂ. ഇഷ്ടം പോലെ ആളുകൾ പല സ്ഥലത്തായി ചാത്തൻ സേവക്കും, ഏലസ്സ് കേട്ടുന്നതിനും, ചരട് കെട്ടുന്നതിനും വേണ്ടി പോകുന്നുണ്ട്. എല്ലാ മതങ്ങളിലും പെട്ട ആളുകൾ ഇങ്ങനെ തന്നെ. കേരളത്തിൽ ഇപ്പോൾ ഒരു മതക്കാരും ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കുന്നതിലും, അന്ധ വിശ്വാസങ്ങൾ പിന്തുടരുന്നതിലും മോശക്കാരല്ല.

കേരളത്തിൽ ഇപ്പോൾ മതത്തിൻറ്റെ പേരിൽ എന്തൊക്കെ ശബ്ദ കോലാഹലങ്ങൾ ആണ് ലൗഡ് സ്പീക്കറിലൂടെ സാധാരണ ജനങ്ങൾ കേൾക്കുന്നത്? അമ്പലത്തിൽ പാട്ടു വെക്കുന്നു. പെക്കോസ്തുകാരും, ധ്യാന കേന്ദ്രങ്ങളും കൈകൊട്ടി പാട്ടും, ഹല്ലേലൂയാ വിളിയും. കൂട്ടത്തിൽ പ്രെയ്സ് ദ ലോർഡ് എന്നു കൂടി തൊണ്ട കാറി അലറുന്നു. മസ്ജിദിൽ ബാങ്ക് വിളി. ഇതൊക്കെ കൂടാതെ രാമായണ പാരായണം; ഖുറാൻ ഓത്ത്; ബൈബിൾ പാരായണം; ഭാഗവത പാരായണം - അങ്ങനെ പല ശബ്ദ കോലാഹലങ്ങൾ. ഇതെല്ലാം ലൗഡ് സ്പീക്കറിലൂടെ മനുഷ്യൻറ്റെ ചെവി പൊട്ടുന്നത് പോലെയാണെന്ന് ഓർക്കണം!!! "നിൻറ്റെ തലമുടി നാരിഴ പൊഴിയുന്നത് പോലും ഞാനറിയുന്നു" എന്നു ബൈബിളിൽ പറയുന്ന ദൈവത്തിനു കേൾക്കാൻ വേണ്ടിയാണല്ലോ ഈ ശബ്ദ കോലാഹലങ്ങൾ എല്ലാം എന്ന് ഓർക്കുമ്പോൾ സുബോധമുള്ള ആർക്കും ഈ പണി ചെയ്യുന്നവരോട് സഹതപിക്കാനും, പരിതപിക്കുവാനുമേ സാധിക്കുള്ളൂ.

അക്രമത്തിനും, സ്വാർത്ഥതയ്ക്കും അടിമപ്പെട്ട മനുഷ്യർ തങ്ങളുടെ ആത്മീയമായ അസ്തിത്വം മറക്കുമ്പോൾ അവർക്കു കൂട്ടാകുകയാണ് മതങ്ങളെല്ലാം. വംശീയതയുടേയും, മതത്തിൻറ്റെയും പേരിൽ കുത്തി തിരിപ്പു നടത്തുന്നവരും, പ്രകൃതി ശക്തികളെ ആദരിക്കാത്തവരും, സെക്സിന് അടിമപ്പെട്ടവരും ഒക്കെയാണ് ഭൂമിയിലെ മഹാ ഭൂരിപക്ഷം മനുഷ്യരും. ഇന്ത്യയിൽ തന്നെ നോക്കൂ: ജാതിയുടെയും, മതത്തിൻറ്റെയും പേരിൽ കുത്തിത്തിരിപ്പു നടത്തുന്നവരാണ് ഇവിടുത്തെ മിക്ക രാഷ്ട്രീയ പാർട്ടികളും, മതങ്ങളും.

ഇതിനെ കുറിച്ചൊക്കെ പരാതി ആരോട് പറയും? മത ബോധം അങ്ങേയറ്റം കൂട്ടിയിരിക്കുക അല്ലേ ഇപ്പോൾ? ധ്യാന ഗുരുക്കൻമാർക്കും, ആൾ ദൈവങ്ങൾക്കും, ഉസ്താദുമാർക്കും വേണ്ടി കൊല്ലാനും, മരിക്കാനും തയാറായ മനുഷ്യർ ഉള്ളപ്പോൾ ആരോട് പരാതി പറയും? മന്ത്രിമാരും, ഉദ്യോഗസ്ഥ പ്രമുഖരും, പണ ചാക്കുകളും ഇത്തരക്കാരുടെ കാൽക്കൽ വീഴുമ്പോൾ സാധാരണ മനുഷ്യൻറ്റെ സൊര്യ ജീവിതത്തിന് എന്തു പ്രസക്തി?

മതത്തിൻറ്റെ പേരിൽ മനുഷ്യനെ തമ്മിൽ തല്ലിക്കുവാൻ നോക്കുന്നുണ്ടെങ്കിലും കാശിൻറ്റെ കാര്യം വരുമ്പോൾ എല്ലാ മത നേതാക്കളും ഒറ്റ കേട്ടാണ്. എല്ലാ തീർഥാടന കേന്ദ്രങ്ങളിലും നടക്കുന്നത് പിടിച്ചു പറി തന്നെ. നേരത്തേ റിസർവ് ബാങ്ക് ആരാധനാലയങ്ങളിലെ സ്വർണത്തിൻറ്റെ കാര്യത്തിൽ കണക്കെടുപ്പ് വേണം എന്ന് പറഞ്ഞപ്പോൾ എല്ലാ മത നേതാക്കളും ഒന്നിച്ച് എതിർത്തു. കണക്കെടുപ്പിനെ പോലും ഭയപ്പെടുന്നവരാണ് സന്ഖടിത മതങ്ങളും, ജാതി സന്ഖടനകളും. കണക്കെടുപ്പ് ഒന്നും ഇല്ലാതെ പിരിച്ചാലല്ലേ പള്ളി കമ്മിറ്റികൾക്കും, അമ്പലം കമ്മിറ്റികൾക്കും കയ്യിട്ടു വാരാൻ പറ്റുകയുള്ളൂ.  ഇതൊന്നും മനസ്സിലാക്കാത്ത നിഷ്കളങ്കരായ വിശ്വാസികളുടെ കാര്യമാണ് കഷ്ടം - അവർ ഏതു മതത്തിൽ പെട്ടവർ ആണെങ്കിലും.

ഞാൻ ഇന്ത്യയിലെ പല പ്രമുഖമായ ക്ഷേത്രങ്ങളിലും  തീർഥാടനാ കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. അവിടെ ഒക്കെ പിടിച്ചു പറിക്കാരെയാണ് നേരിട്ട് കണ്ടിട്ടുള്ളത്. ഹരിദ്വാറിൽ ഗംഗ കാണാൻ പോയാൽ അവർ നമ്മളെ നിർബന്ധിച്ച് ബലി ഇടീപ്പിക്കാൻ നോക്കും. അവരുടെ ഒക്കെ കയ്യിൽ നിന്ന് രക്ഷപെട്ടു പോകാൻ നല്ല സാമർത്ഥ്യം വേണം. പിന്നെ പല അമ്പലങ്ങളിലും ചെല്ലുംബോഴേ അവർ പ്രസാദം തൊടുവിക്കും. പിന്നെ കാശിനായിട്ടു കൈ നീട്ടും. കൊടുക്കാതിരിക്കാൻ പറ്റുമോ? കുറെ നാൾ മുമ്പ് കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോയപ്പോൾ ഒരു പണ്ടിറ്റിൻറ്റെ  വലയിലായിപ്പോയി. വെറുതെ ആ സ്ഥലമൊക്കെ ഒന്ന് കാണാൻ പോയ എന്നെ അവർ ഒത്തിരി പിഴിഞ്ഞു. അഞ്ഞൂറും, ആയിരത്തിൻറ്റെയും നോട്ടിൻറ്റെ കെട്ടുകളാണ് ചില ബ്രാഹ്മണ പുരോഹിതരുടെ കയ്യീൽ. ക്രിസ്ത്യൻ പള്ളികളും ഇത്തരത്തിൽ കാശ് പിരിക്കുന്നതിലും, വിശ്വാസികളെ പിഴിയുന്നതിലും മോശക്കാരല്ല.

എളിമ, വിനയം, സത്യ സന്ധത, സാമൂഹ്യ സേവനം - ഇവയൊക്കെയാണ് ഏതു മതത്തിൻറ്റെയും അന്ത സത്ത. ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച ഏതെങ്കിലും ഒരു വ്യക്തിയുടെ പേരിലാണ് ലോകത്തെ എല്ലാ മതങ്ങളും ആവിർഭവിച്ചിട്ടുള്ളത്. പക്ഷെ ആ വ്യക്തിയുടെ മരണ ശേഷം അനേക വർഷങ്ങൾ കഴിയുമ്പോഴാണ് ആ വ്യക്തിയുടെ പേരിലുള്ള മതം ഒരു സംഘടനാ രൂപം കൈവരിക്കുന്നത്. ബുദ്ധ മതവും, ക്രിസ്തു മതവും തന്നെ ഉദാഹരണങ്ങൾ. ശ്രീ ബുദ്ധൻറ്റെയും, ക്രിസ്തുവിൻറ്റെയും മരണ ശേഷം - നൂറ്റാണ്ടുകൾക്കു ശേഷം മാത്രമാണ് അവരുടെ പേരിലുള്ള മതം ഒരു സംഘടനാ രൂപം കൈവരിക്കുന്നത്. ഭക്തിക്കും, ആത്മാർധതക്കും, സത്യസന്ധതക്കും, ആത്മീയാനുഭവത്തിനും ഒരു പഠിത്തത്തിൻറ്റെയും, ഒരു മതത്തിൻറ്റെയും ആവശ്യമില്ല. ഹൃദയ ശുദ്ധി മാത്രം മതി. അതാണ് "ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; എന്തു കൊണ്ടെന്നാൽ അവർ ദൈവത്തെ കാണും" എന്ന് ക്രിസ്തു പറഞ്ഞത്. രാമകൃഷ്ണ പരമഹംസൻ നിരക്ഷരനായിരുന്നു. അദ്ദേഹമാണ് വിവേകാനന്ദനെ സൃഷ്ടിച്ചത്. തുക്ലയിലെ ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച പീർ മുഹമ്മദ് സാഹിബ് അന്ധനും ആയിരുന്നു.

"മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന് നാരായണ ഗുരു പറഞ്ഞത്. എല്ലാ മതങ്ങളുടെയും അന്ത സത്ത ഒന്നു തന്നെയാണ്. പിന്നെ, ആരാധനയിലും, മത പുരോഹിതന്മാരുടെ ഭാഷയിലും വേഷത്തിലും ഒക്കെ വിത്യാസം കാണാം. അതിൽ വലിയ പ്രാധാന്യം ഒന്നുമില്ല. അവനവനിലും, മറ്റുള്ളവരിലും ഈശ്വരനെ ദർശിക്കുവാൻ സാധിക്കുക - അതാണ് ഏറ്റവും വലിയ കാര്യം. ശ്രീ നാരായണ ഗുരു കണ്ണാടി പൂജ നടത്തിയത് അതിനു വേണ്ടിയാണ്. “The Kingdom of God is within You” അല്ലെങ്കിൽ "സ്വർഗ്ഗ രാജ്യം നിൻറ്റെ ഉള്ളിൽ തന്നെയാണ്" എന്ന് ക്രിസ്തു പറഞ്ഞത് ഇതു കൊണ്ടാണ്. ഉള്ളൂർ പ്രേമ സംഗീതത്തിൽ പറയുന്നത് ശ്രദ്ധിക്കുക:
 "പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ