2018 ഏപ്രിൽ 3, ചൊവ്വാഴ്ച

ബി.ജെ.പി.-യുടെ 'ഡിവൈഡ് & റൂൾ' പോളിസി


നാല് വർഷത്തോളം ബി.ജെ.പി. സർക്കാർ പൂർത്തിയാക്കുമ്പോൾ ദളിതർ, ന്യൂന പക്ഷങ്ങൾ, കാശ്മീരികൾ - ഇവരൊക്കെ ദേശീയ മുഖ്യ ധാരയിൽ നിന്ന് അകലുകയാണ്. അവർക്കൊക്കെ എതിരേ വിഷം വമിക്കുന്ന വൻ കള്ള പ്രചാരണങ്ങൾ സംഘ പരിവാറുകാർ നടത്തുന്നു. സോഷ്യൽ മീഡിയയും, ഓൺലയിൻ പത്രങ്ങളും പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ 'ഡിവൈഡ് & റൂൾ' പോളിസി അല്ലെങ്കിൽ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമായിരുന്നു ബിജെ. പി. ഇത്രയും നാൾ പയറ്റി കൊണ്ടിരുന്നത്. പരിപാടി ശക്തമായി നടപ്പിലാക്കുവാൻ അവർ മതത്തെ കൂട്ട് പിടിച്ചു. കേരളത്തിലെ അണികളെ ഹിന്ദിയിൽ മുദ്രാവാക്യം വിളിപ്പിക്കുക എന്നതൊക്കെ ഹിന്ദി മേധാവിത്വം അന്യ സംസ്ഥാനങ്ങളിൽ കൂടി നടപ്പാക്കാനുള്ള ഹിന്ദി ബെൽറ്റിലെ ബി.ജെ.പി. നേതാക്കളുടെ അടവായിരുന്നു. ദക്ഷിണേന്ത്യയിൽ നിന്ന് ആളുകളെ ബാബരി മസ്ജിദ് പൊളിപ്പിക്കുവാൻ വരെ കൊണ്ട് പോയി. എന്നിട്ട് അവർക്ക് ഊർജം പകരാൻ ഇഡലിയും, സാമ്പാറും വിളമ്പി. പക്ഷെ  ദക്ഷിണേന്ത്യയിൽ പൊളിക്കാൻ സംഘ പരിവാറുകാർക്ക് ഒരു ബാബരി മസ്ജിദും കിട്ടിയില്ല. കേരളത്തിലാണെങ്കിൽ ഗുജറാത്തിലെ പോലെ ഒരു വർഗീയ കലാപം നടത്താനുള്ള സ്കോപ്പില്ല. പശുവിൻറ്റെ പേരിൽ അക്രമത്തിനും സാധ്യതകളില്ല. അതുകൊണ്ട് സോഷ്യൽ മീഡിയയിലും, ഓൺലെയിൻ പത്രങ്ങളിലും നിരന്തരമായി ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളെയും പുളിച്ച തെറി വിളിച്ച് സാമുദായിക ധ്രുവീകരണം ഉണ്ടാക്കുക എന്ന നീചമായ തന്ത്രമാണ് ബി.ജെ.പി. കഴിഞ്ഞ കുറെ നാളായി കേരളത്തിൽ പയറ്റിക്കൊണ്ടിരിക്കുന്നത്.



ഇന്ത്യയിൽ ഒരു വലിയ കലാപത്തിനുള്ള സാഹചര്യം കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ടായിരുന്നു. ഇപ്പോഴത്തെ ദളിത് പ്രക്ഷോഭവും, കർഷക സമരവും കലാപത്തിനുള്ള സാഹചര്യത്തിനനുസരിച്ച്  രൂപപ്പെട്ടതാണ് എന്നാണ് ഇതെഴുതുന്ന ആളുടെ ശക്തമായ തോന്നൽ. കഴിഞ്ഞ കുറേ നാളുകളായി വിഭജിതവും അരക്ഷിതവും ആയിരുന്നു ഇന്ത്യൻ മനസുകൾ. ഇന്ത്യയിലെ ജനത്തെ ഒന്നിപ്പിച്ച് നിറുത്തുന്നതിന് പകരം മതത്തിലും, ജാതീയതയിലും അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും ഒരു ധ്രുവീകരണ സാധ്യത ഭരിക്കുന്ന ബി.ജെ.പി. വിട്ടു കളഞ്ഞിട്ടില്ല. ബി.ജെ.പി. ചെയ്തു കൂട്ടിയതിൻറ്റെ ആകെ തുകയാണ് ഇപ്പോൾ അവർക്കു നേരിടേണ്ടി വന്നിരിക്കുന്ന ദളിത് പ്രക്ഷോഭവും, കർഷക സമരവും.

നാനാത്ത്വത്തിലെ ഏകത്ത്വത്തെ മാറ്റി വെച്ച് ഹിന്ദു ഐഡൻറ്റിറ്റി ഉറപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ബി.ജെ.പി.-യും, സംഘ പരിവാറുകാരും ഇത്രയും നാൾ. ഹിന്ദു ഐഡൻറ്റിറ്റി പോലും വളരെ സങ്കുചിതമായി അവർ ഉയർത്തി കാട്ടി. നാഗ സന്യാസിമാരും, അഘോരികളും, വാമ മാർഗം പിന്തുടരുന്നവരുമൊക്കെയുള്ള ഹിന്ദു സമൂഹത്തെ ഹിന്ദി ബെൽറ്റിലുള്ള പശു സ്നേഹികൾ മാത്രമായി ബി.ജെ.പി.-യും, സംഘ പരിവാറുകാരും നിർവചിച്ചു. അന്നിട്ട് പശുവിൻറ്റെ പേരിൽ രാജ്യം മുഴുവൻ അക്രമവും അഴിച്ചു വിട്ടു. ഇപ്പോൾ പോലീസ് സമരക്കാരെ കായികമായി നേരിടുന്നതൊക്കെ കൂടുതൽ പ്രശ്നത്തിലേക്കേ വഴിതെളിക്കൂ. പട്ടികജാതി-പട്ടികവർഗ നിയമപ്രകാരമുള്ള പരാതികളിൽ സർക്കാർ ഉദ്യോഗസ്ഥരെയും സ്വകാര്യ വ്യക്തികളെയും ഉടൻ അറസ്റ്റ് ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സുപ്രിം കോടതി വിധിയൊന്നുമല്ല യഥാർഥ പ്രശ്നം. യഥാർഥ പ്രശ്നം ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ഒത്തൊരുമിച്ച്  കൊണ്ടുപോകുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ്. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതാണ് യഥാർഥ പ്രശ്നം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ