ഇപ്പോൾ റഷ്യ അമേരിക്കയുടെ കഴിഞ്ഞ പ്രെസിഡൻറ്റ് തിരഞ്ഞെടുപ്പ് സ്വാധീനച്ചതാണല്ലോ അമേരിക്കയിൽ നിന്നുള്ള പ്രധാന വാർത്ത. ഈ റഷ്യൻ സ്വാധീനത്തെ കുറിച്ച് വ്യാകുലരാകുന്നവർ സോവിയറ്റ് യൂണിയൻറ്റെ പതനവും, അന്ന് തൊട്ടു ഇന്നുവരെ പാശ്ചാത്യ ശക്തികൾ റഷ്യയിലും, മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിലും നടത്തിയ കുതന്ത്രങ്ങളും കൂടി കാണണം. 1991 ഓഗസ്റ്റ് മാസം ഗോർബച്ചേവിനെ വീട്ടു തടങ്കലിലാക്കിയതിനെ തുടർന്നാണ് സോവിയറ്റ് യൂണിയൻ തകരുന്നത്. 10 വർഷം നീണ്ടു നിന്ന അഫ്ഗാൻ അധിനിവേശവും, അമേരിക്കയുമായുള്ള ആയുധ പന്തയവും സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ലായിരുന്നു.
പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമ പിന്തുണയും, ആ രാഷ്ട്രങ്ങളിലെ കൺസ്യൂമർ ഉൽപന്നങ്ങൾ ഗോർബച്ചേവിൻറ്റെ അവസാന കാലത്ത് സോവിയറ്റ് വിപണിയെ കീഴ്പെടുത്താനും തുടങ്ങിയപ്പോൾ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ഈ ശിഥിലീകരണത്തെ ചെറുക്കാൻ ശക്തി ഇല്ലായിരുന്നു . അത്കൂടാതെ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും രാഷ്ട്രീയ പിന്തുണ കൂടിയായപ്പോൾ സോവിയറ്റ് പതനം പൂർത്തിയായി. ഗോർബച്ചേവിൻറ്റെ പിടിപ്പില്ലായ്മയും, യെൽസിൻറ്റെയും, റിപ്പബ്ലിക്കുകളിൽ ഉയർന്നു വന്ന നേതാക്കന്മാരുടെയും രാഷ്ട്രീയ അതിമോഹം കൂടിയായപ്പോൾ 1991 - ൽ സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കുന്ന അധികം പേരില്ലായിരുന്നു എന്നതാണ് വാസ്തവം. മോസ്കോയിലും, സോവിയറ്റ് യൂണിയനിലെ മറ്റു നഗരങ്ങളിലും തങ്ങളുടെ രാജ്യത്തിൻറ്റെ തകർച്ച കണ്ട് തെരുവിൽ ആളുകൾ പിറുപിറുക്കുകയും കരയുകയും ചെയ്യുമ്പോൾ മറ്റു ചിലർ സ്വർഗം കിട്ടിയ രീതിയിൽ ആഘോഷിക്കുകയായിരുന്നു. സോവിയറ്റ് യൂണിയൻ തകർന്നതും ഗോർബച്ചേവിന് പകരം യെൽട്സിൻ അധികാരത്തിൽ വന്നതും രാജ്യത്തെ സ്ത്രീകളെയാണ് ഏറ്റവും ബാധിച്ചത്.
അപ്രതീക്ഷിതമായി അധികാരമേറ്റ കാര്യപ്രാപ്തി ഇല്ലാത്ത ബോറിസ് യെൽട്സിൻ രാജ്യത്തെ പൂർണ്ണമായും അനാഥത്ത്വത്തിലേക്കും അരാജകത്ത്വത്തിലേക്കും തള്ളി വിട്ടു. മുഴുക്കുടിയനായ യെൽസിന് രാജ്യ താൽപര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരിക്കലും പ്രവർത്തിക്കാൻ സാധിച്ചില്ല. നേതാക്കളും അനുയായികളും തക്കം പാർത്തിരുന്ന ഗുണ്ടകളും രാജ്യത്തിൻറ്റെ പ്രധാനവരുമാന ശ്രോതസ്സായ എണ്ണക്കമ്പനികൾ പിടിച്ചെടുത്തു. രാജ്യം ഛിന്നഭിന്നമായി പോയപ്പോൾ വൻ ശക്തിയായിരുന്ന മുൻ സോവിയറ്റ് യൂണിയനിലെ KGB അടക്കമുള്ള ചാര സംഘടനയിലേയും, സെക്യൂരിറ്റി ഏജൻസികളിലേയും ഒരു കൂട്ടർ മാഫിയാ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. സോവിയറ്റ് യൂണിയൻറ്റെ പതനം കൊണ്ട് ലോകത്ത് പ്രധാനമായി ഗുണമുണ്ടായത് തീവ്രവാദ ഗ്രൂപ്പുകൾക്കും, വിധ്വംസക ശക്തികൾക്കും ആണ്. ആയുധ നിർമ്മാണത്തിലും, ശേഖരണത്തിലും, വിതരണത്തിലും അമേരിക്കയുടെ അടുത്തു വന്നിരുന്ന സോവിയറ്റ് യൂണിയൻറ്റെ വിഘടനം സോവിയറ്റ് റിപ്പബ്ലിക്കുകളിൽ അരാജകത്ത്വത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. കുറച്ചെങ്കിലും കാര്യങ്ങൾ തിരിച്ചു പിടിയ്ക്കാൻ സാധിച്ചത് വ്ളാഡിമിർ പുട്ടിനു മാത്രമാണ്. ആയുധ വ്യാപാരികൾക്ക് വമ്പൻ ആയുധ ശേഖരങ്ങൾ നിസാര വിലക്ക് കരിഞ്ചന്തയിൽ
തീവ്രവാദികൾക്ക് മറിച്ച് വിറ്റ് ധനം സമ്പാദിക്കുവാൻ സോവിയറ്റ് യൂണിയൻറ്റെ പതനത്തിന് ശേഷം കഴിഞ്ഞു. ആണവായുധങ്ങൾ അമേരിക്കയിൽ പോലും എത്തുന്ന രീതിയിലുള്ള പല ഹോളിവുഡ് ചിത്രങ്ങളുമുണ്ട്. റഷ്യൻ മാഫിയയുടെ നെത്ര്വത്തത്തിലുള്ള ആണവ കൈമാറ്റവും, കുറ്റ കൃത്യങ്ങളും പല ഹോളിവുഡ് ചിത്രങ്ങളുടേയും സ്ഥിരം പ്രമേയമായികഴിഞ്ഞു.
ഗോർബച്ചേവിൻറ്റെ അവസാന കാലത്തും, യെൽസിൻറ്റെ ഭരണ
കാലത്തും വരുമാനം കുറഞ്ഞവർക്കായി സർക്കാർ സ്ഥാപിച്ച നിത്യോപയോഗ സാധനങ്ങളുടെ കച്ചവടം പിടിച്ചെടുത്ത് ലാഭക്കച്ചവടമാക്കി തങ്ങളുടെ കച്ചവട സാമ്രാജ്യം അവർ പടുത്തുയർത്തി. രാജ്യത്തിൻറ്റെ സമ്പത്ത് ഒരു ചെറിയ ശതമാനം 'ഒളിഗാർക്കുകളിൽ' നിഷിപ്തമായി. സ്ത്രീകളെ ലൈംഗീക തൊഴിലാളികളാക്കി ലോകനഗരങ്ങളിൽ വിൽപ്പനക്കെത്തിച്ചു. റഷ്യൻ പെൺകുട്ടികൾ ദുബായിലും, UAE-യിലെ മറ്റു ഭാഗങ്ങളിലും ഈ തൊഴിലിൽ ഏർപ്പെട്ടു. 'റഷ്യൻ എസ്കോർട്ട്' എന്ന ഓമനപ്പേരിൽ ഇവരെ കച്ചവടം ചെയ്യുകയായിരുന്നു.
റഷ്യയുടെ തകർച്ചക്ക് ശേഷം ലോകകമ്പോളത്തിൽ വിൽക്കപ്പെട്ടവരാണ് അവിടത്തെ പെൺകുട്ടികൾ. പാശ്ചാത്യ രാജ്യങ്ങളിലേക്ക് പതിനായിരക്കണക്കിന് റഷ്യൻ പെൺകുട്ടികൾ വേശ്യാവൃത്തിക്ക് വേണ്ടി കടത്തപ്പെട്ടു. ഡൽഹിയിലെ പഹാർ ഗഞ്ചിലെ വിലകുറഞ്ഞ ലോഡ്ജുകളിലും, ബോളിവുഡ് സിനിമകളിലും റഷ്യ, ഉക്രയിൻ, ഉസ്ബെക്കിസ്ഥാൻ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ അവരുടെ സജീവ സാന്ന്യധ്യമറിയിച്ചു. വൻ ശക്തിയായിരുന്ന ഒരു രാഷ്ട്രത്തിലെ പെൺകുട്ടികൾക്കാണ് ഈ ഗതികേട് വന്നതെന്ന് ഓർക്കണം!!!
യെൽസിൻറ്റെ ആദ്യ അഞ്ചു വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കമ്യുണിസ്റ്റ് സ്ഥാനാർഥിയായ ഗെന്നഡി സ്യുഗനേവ് ജയിക്കേണ്ടതായിരുന്നു. പക്ഷെ അമേരിക്കയും, പാശ്ചാത്യ ശക്തികളും വൻ തോതിൽ റഷ്യൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടു. പണവും, സൗകര്യങ്ങളും പാശ്ചാത്യ ശക്തികൾ യെൽസിനു കൊടുത്തു. പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റെടുത്തു. ഇങ്ങനെ പരസ്യമായി തന്നെ റഷ്യൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടവരാണ് ഇപ്പോൾ അമേരിക്കൻ തിരഞ്ഞെടുപ്പിനെ റഷ്യ അട്ടിമറിച്ചെന്നുള്ള വൻ കണ്ടുപിടുത്തം നടത്തുന്നത്!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ