2018 ഓഗസ്റ്റ് 7, ചൊവ്വാഴ്ച

'ഭാഷാ ദേശീയതയും' തീവ്ര തമിഴ് ദേശീയതയും

"തമിഴറിയാത്ത ദൈവങ്ങളൊക്കെ തമിഴ്‌നാട്ടിൽ നിന്ന് വെളിയിൽ പോകണം" - സംസ്‌കൃത മന്ത്രങ്ങൾ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിനെതിരേ നിലപാടെടുത്തുകൊണ്ട് ഇപ്പോൾ അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധി പറഞ്ഞ വാക്കുകളാണിത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രാർത്ഥന തമിഴിൽ മാത്രം മതി എന്നായിരുന്നു തീവ്ര തമിഴ് ദേശീയതയുടെ വക്താവായിരുന്ന കരുണാനിധിയുടെ നിലപാട്. സത്യത്തിൽ ഇത്തരം തീവ്ര മാതൃഭാഷാ വികാരവും, 'മണ്ണിൻറ്റെ മക്കൾ' വാദവും നല്ലതാണോ??? നല്ലതല്ലെന്നാണ് ഇതെഴുതുന്നയാളിന് പറയാനുള്ളത്. ഹിന്ദിയറിയാതെ ഉത്തരേന്ത്യയിൽ കഷ്ട്ടപ്പെട്ട അനേകം തമിഴരെ ഇതെഴുതുന്നയാളിന് നേരിട്ട് അറിയാം. കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിൽ ഞങ്ങളുടെ അടുത്ത സെക്റ്ററിൽ താമസിക്കുന്ന തമിഴൻറ്റെ ഭാര്യക്ക് പാല് വാങ്ങണം; പക്ഷെ ഫ്‌ളാറ്റ്‌ ഏരിയക്ക് വെളിയിൽ ഭർത്താവിൻറ്റെ സഹായമില്ലാതെ പോകാനാവുന്നില്ല. 'റാപ്പിഡെക്സ്' തമിഴ്-ഹിന്ദി ഗെയിഡൊക്കെ വായിച്ചു നോക്കി. പക്ഷെ രക്ഷയില്ല. കാരണം പ്രൈമറി ലെവലിൽ പോലും ഹിന്ദി പഠിച്ചിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് മറ്റു പല തമിഴർക്കും. ബാക്കി കുടുംബിനികളൊക്കെ കൂളായി അടുത്തുള്ള ഗ്രാമവാസികളോട് എരുമപ്പാൽ വാങ്ങിക്കുന്നു; പക്ഷെ നമ്മുടെ തമിഴ് സുഹൃത്തിൻറ്റെ ഭാര്യക്ക് മാത്രം സാധിക്കുന്നില്ല. കരുണാനിധിയുടെ ഹിന്ദി വിരോധമാകാം ഒരുപക്ഷെ നമ്മുടെ തമിഴ് സുഹൃത്തിൻറ്റെ ഭാര്യയുടെ ദുരവസ്ഥക്ക് കാരണം.

രാഷ്ട്രീയക്കാർ പലപ്പോഴും മതവും, ജാതിയും, ഭാഷയും ഒക്കെ തങ്ങളുടെ ഹ്രസ്വകാല രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുമ്പോൾ പൗരന്മാർക്ക് അവയൊക്കെ ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കാണുന്നതേയില്ല. അഥവാ കണ്ടാൽ തന്നെ അവർ രാഷ്ട്രീയ നെട്ടത്തിനായി അതൊക്കെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപ് "അമേരിക്ക അമേരിക്കക്കാർക്ക് വേണ്ടി" എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ അമേരിക്കയിൽ കുടിയേറിയ ഉന്നത വിദ്യാഭ്യാസവും, 'ടെക്നിക്കൽ നോളെജ്ജും' ഉള്ള കുടിയേറ്റക്കാരെ കുറിച്ച് ചിന്തിക്കുന്നില്ല. അത്തരത്തിലുള്ള ലക്ഷകണക്കിന് ഇൻഡ്യാക്കാർ തിരിച്ചു പോന്നാൽ ആർക്കാണ് നഷ്ടം??? അമേരിക്കക്ക് തന്നെ. പണ്ട് മലേഷ്യയിലും ഇതു പോലെ 'ഭൂമിപുത്രർ' എന്ന് പറയുന്ന മുദ്രാവാക്യം മുഴക്കി 'മണ്ണിൻറ്റെ മക്കൾ' വാദം ഉയർന്നായിരുന്നു. ശിവസേന പണ്ട് ബോംബെയിൽ ദക്ഷിണേന്ത്യക്കാരേയും 'മണ്ണിൻറ്റെ മക്കൾ' വാദം ഉയർത്തി നേരിട്ടു. ഈയടുത്തും കുറെ പാവപ്പെട്ട ബീഹാറുകാരെ മഹാരാഷ്ട്രക്കാരുടെ പേര് പറഞ്ഞു ശിവസേനക്കാർ തല്ലി. പാക്കിസ്ഥാൻ പട്ടാളത്തിൻറ്റെ അടിച്ചമർത്തലും, ബലാത്സംഗവും ഒക്കെ പേടിച്ച് 1970-കളിൽ ഇന്ത്യയിലേക്ക് വന്ന ബംഗ്ളാദേശി അഭയാർത്ഥികൾക്കെതിരേ 47 വർഷം കഴിഞ്ഞു ബി.ജെ.പി.-യും, സംഘ പരിവാറുകാരും ആസാമിൽ ഉയർത്തുന്നതും 'മണ്ണിൻറ്റെ മക്കൾ' വാദം തന്നെ. കരുണാനിധിയുടെ ഹിന്ദി വിരോധത്തിനെതിരെ നിലകൊണ്ട ബി.ജെ.പി.-യും, സംഘ പരിവാറുകാരും ആസാമിൽ 'മണ്ണിൻറ്റെ മക്കൾ' വാദം ഉയർത്തുന്നത് തീർത്തും അവസരവാദം തന്നെയാണ്. അതിലേറെ രസകരമാണ് ജന്മനാ പ്രവാസിയാണെങ്കിലും ചില മലയാളികളെങ്കിലും ഈ ബംഗ്ളാദേശി അഭയാർത്ഥികൾക്കെതിരേ നിലകൊള്ളുന്നത്.

ഭാഷാ ദേശീയത അംഗീകരിച്ചാൽ ആദ്യം ബുദ്ദിമുട്ടുന്നത് അടിസ്ഥാനപരമായി പ്രവാസി ആയ മലയാളികൾ തന്നെ ആയിരിക്കും. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മദ്രാസ്, ബാൻഗ്ലൂർ, ഹൈദരാബാദ് - ഇവിടങ്ങളിൽ ഒക്കെ ലക്ഷകണക്കിന് മലയാളികൾ ഉണ്ട്. ഗൾഫിലും, യൂറോപ്പിലും, അമേരിക്കയിലും ഒക്കെയുള്ള മലയാളികൾക്കെതിരെ ഭാഷാ വികാരമോ, പ്രാദേശിക വികാരമോ ഉണ്ടായാൽ അവർ എന്ത് ചെയ്യും? പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ സാമ്പത്തിക അടിത്തറ. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് മലയാളികളിൽ ചിലർ 'ഭാഷാ ദേശീയത' വലിയ സംഭവമായി അവതരിപ്പിക്കുന്നതും, അതിനു വേണ്ടി പ്രസംഗിക്കുന്നതും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ