2018 ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം

1970-കളിലെ ബംഗ്ളാദേശി അഭയാർത്ഥി പ്രവാഹം ഇന്ത്യക്കിന്നും തീരാത്ത തലവേദനയാണ്. ഒരു കോടിയിൽ മിച്ചം അഭയാർത്ഥികളാണ് അന്ന് അതിർത്തി കടന്നു ഇന്ത്യയിലെത്തിയത്. 47 വർഷം കഴിഞ്ഞപ്പോൾ ഏതൊരു അഭയാർത്ഥിക്കും സംഭവിക്കുന്നതുപോലെ അവരിൽ പലർക്കും ഇന്ത്യയിൽ വീടും, കുടുംബവും, കുട്ടികളും ഒക്കെയായി. പലരും ഇന്ത്യയുടെ പല ഭാഗത്തേക്കും താമസം മാറ്റി. ഇന്ത്യയിൽ പല തൊഴിലുകളിൽ ഏർപ്പെട്ടു ടാക്സ് അടച്ചു ജീവിക്കുന്നവരോട് 47 വർഷം കഴിഞ്ഞു ഒരു സുപ്രഭാതത്തിൽ അവർ ഇന്ത്യൻ പൗരന്മാരല്ല എന്ന് പറയുന്നത് നീതിയാണോ??? ബി.ജെ.പി. സർക്കാർ ഇപ്പോൾ ചെയ്യുന്നത് അതാണ്. അന്നിട്ട്‌ ബംഗ്ളാദേശി അഭയാർത്ഥികളെ മുഴുവൻ സാമൂഹ്യ വിരുദ്ധരായും, ക്രിമിനലുകളായും, വേശ്യകളായുമൊക്കെ ചിത്രീകരിക്കുകയും ചെയ്യുന്നു. അവർക്കെതിരെ സംഘടിതമായ പ്രചാരണം നയിക്കുന്നു.

കോൺഗ്രസും, ബി.ജെ.പി.-യും, മമതാ ബാനർജിയും ഒക്കെയായി ഈ കാര്യത്തിൽ ശക്തമായ വാക്‌പോര് തുടങ്ങി കഴിഞ്ഞു. 2005 മുതൽ 2013 വരെയുള്ള എട്ടു വർഷത്തിനിടെ യു.പി.എ. സർക്കാർ അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാരായ  82728 പേരെ തിരിച്ചയച്ചു എന്നാണ്‌ കോൺഗ്രസ് വക്താവ് ഇപ്പോൾ പറയുന്നത്. പക്ഷെ ബി.ജെ.പി. സർക്കാരാകട്ടെ കഴിഞ്ഞ നാലുവർഷത്തിനിടെ തിരിച്ചയച്ചത് 1822 പേരെ മാത്രമാണെന്നാണെന്നും ആണ് കോൺഗ്രെസിൻറ്റെ വാദം.

എൻ.ആർ.സി. രജിസ്റ്റർ-ലെ അവസാന കരട് പട്ടിക പുറത്തുവന്നപ്പോൾ 40 ലക്ഷം പേർ പട്ടികയ്ക്ക് പുറത്തായി. 1951-ന് ശേഷം ഇതാദ്യമായിട്ടാണ് പൗരത്വ രജിസ്റ്റർ പുതുക്കി പ്രസിദ്ധീകരിക്കുന്നത്. 1971 മാർച്ച് 25 ന് മുമ്പ് മുതൽ ആസാമിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടായിരുന്നത്. 1970-കളുടെ അവസാനവും 80-കളിലും അസമിൽ അനധികൃത കുടിയേറ്റത്തിനെതിരെ വൻ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. ഓൾ ആസാം സ്റ്റുഡൻറ്റ്സ് യൂണിയനും, പിന്നീട് ആസാം ഗണ പരിഷത് ആയി മാറിയ ഓൾ ആസാം ഗണ സംഗ്രാം പരിഷത്തുമായിരുന്നു ഇതിൻറ്റെ മുൻനിരയിൽ. പൗരത്വ വിഷയം വലിയ പ്രശ്നമായി ആസാം ഗണ പരിഷത് പാർട്ടി ഉയർത്തിയപ്പോൾ സത്യത്തിൽ 1984-ൽ രാജീവ് ഗാന്ധി സർക്കാർ ആണ് അതൊന്നു തണുപ്പിക്കാനായി ആസാം ഉടമ്പടി ഒപ്പു വെച്ചത്. പക്ഷെ ഉടമ്പടി നടപ്പാക്കാനായി രാജീവ് ഗാന്ധി സർക്കാരോ, പിന്നീട് വന്ന സർക്കാരുകളോ ഒന്നും ചെയ്തില്ല. കഴിഞ്ഞ മൂന്നു വർഷമായി ബി.ജെ.പി.-യാണ് അനധികൃത കുടിയേറ്റം വലിയ വിഷയമാക്കി മാറ്റുന്നത്. 2015 മുതലാണ് അവർ പുതിയ രജിസ്റ്റർ ഉണ്ടാക്കാൻ വലിയ ശുഷ്‌കാന്തി കാട്ടി തുടങ്ങിയതും. ആസാം മണ്ണിൽ വർഷങ്ങളായി കഴിയുന്ന ഒരു കോടിയിലേറേ പേരുടെ ജീവിതം തുലാസിലായിരിക്കുകയാണ്. നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസിന്റെ പുതുക്കിയ രേഖ പ്രസിദ്ധീകരിച്ചതോടെയാണ് ആശങ്കയും ഭീതിയും കൂടിയത്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം വരും വർഷങ്ങളിൽ വലിയ ഇഷ്യൂ ആകുമെന്ന് സാരം.

ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ കുടിയേറിയ ഇന്ത്യക്കാരെ ഇതുപോലെ നാൽപതും, അമ്പതും വർഷങ്ങൾക്ക്‌ ശേഷം നാട് കടത്തണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും??? യൂറോപ്പിലും, അമേരിക്കയിലും കുടിയേറിയ ഇന്ത്യക്കാരെ മൊത്തം പുറത്താക്കണമെന്ന് അവിടുത്തെ ഭരണാധികാരികൾ പറഞ്ഞാൽ എന്ത് ചെയ്യും??? ഒന്നും വേണ്ടാ - മുംബൈയിലും, ഡെൽഹിയിലുമൊക്കെ ലക്ഷകണക്കിന് മലയാളികൾ ഉണ്ടല്ലോ. അവിടുന്നൊക്കെ മലയാളികളെ പുറത്താക്കണമെന്ന് പ്രാദേശിക സർക്കാരുകൾ തീരുമാനിച്ചാൽ എന്ത് ചെയ്യും???

ബംഗ്ലാദേശ് ബംഗ്ളാദേശി കുടിയേറ്റക്കാരെ 47 വർഷം കഴിഞ്ഞു സ്വീകരിക്കില്ലെന്ന് എല്ലാവർക്കും അറിയാം. ബി. ജെ. പി.-ക്കും നന്നായി അറിയാം. ചുരുക്കം പറഞ്ഞാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ചില ഉടായിപ്പുകളുമായി സംഘ പരിവാറുകാർ സ്ഥിരം വരുന്നതാണ്. ഇത്തരം കുളം കലക്കി മീൻ പിടിക്കുന്നതാണ് ബി.ജെ.പി.-യുടെ സ്ഥിരം പരിപാടി. അയോധ്യയിൽ രാമ ക്ഷേത്രം നിർമിക്കും എന്ന് പറയാൻ  തുടങ്ങിയിട്ട് 26 വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും ഏതെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ബി.ജെ.പി.-ക്കും, സംഘ പരിവാറുകാർക്കും ശ്രീ രാമനേയും, അയോധ്യയിലെ രാമക്ഷേത്രത്തേയും കുറിച്ച് ഓർമ വരിക. തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ ഉളുപ്പില്ലാത്തത് കൊണ്ട് രാമ ക്ഷേത്രത്തെ കുറിച്ച് ഇവർ വീണ്ടും വീണ്ടും വാചാലരാകും. ഇതൊക്കെ വിശ്വസിക്കാൻ വിവരം ഇല്ലാത്ത കുറെ ആളുകളും!!!! തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കില്ല. കുടിയേറ്റവും ഇല്ലാ; നുഴഞ്ഞു കയറ്റവും ഇല്ലാ; രാമ ക്ഷേത്രവും ഇല്ലാ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ