2018 ഡിസംബർ 20, വ്യാഴാഴ്‌ച

വനിതാ മതിലിലൂടെ സാമൂഹ്യ മാറ്റം എന്നതു നടക്കുമോ?


വനിതാ മതിലിലൂടെ സാമൂഹ്യ മാറ്റം എന്ന സങ്കൽപം ശുദ്ധ മണ്ടത്തരമല്ലേ??? CPM എന്ന പാർട്ടി തങ്ങളെന്തോ മഹാകാര്യം നിർവഹിക്കാൻ പോകുന്നു എന്ന മട്ടിലാണ് ഈ വനിതാ മതിൽ പടുത്തുയർക്കുന്നതു തന്നെ. കേരളത്തിലെ സ്ത്രീകൾക്കിടയിൽ സംഭവിച്ച മാറ്റങ്ങൾ മനസ്സിലാക്കണമെങ്കിൽ കേരളത്തിലെ തന്നെ ഏറ്റവും യാഥാസ്ഥിതികമായിരുന്ന നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ സാമൂഹ്യ നിലയിൽ വന്ന മാറ്റങ്ങൾ മാത്രം നോക്കിയാൽ മതി. ലളിതാംബിക അന്തർജനത്തിൻറ്റെയും ദേവകി നിലയങ്ങോടിൻറ്റെയും കൃതികൾ വായിക്കുമ്പോൾ കാണുന്നതെന്താണ്??? നമ്പൂതിരി വിധവകൾ വെറും നിലത്തു കിടക്കണമായിരിന്നു. അവർക്ക് എണ്ണ തേക്കാൻ പറ്റില്ലായിരുന്നു. സ്വർണം, വെള്ളി - ഈ ആഭരണങ്ങൾ ഒന്നും അണിയാൻ അവകാശമില്ലായിരുന്നു. ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. ഇത്തരം ഒരു അവസ്ഥയിൽ നിന്ന് ഇന്ന് ആ സമുദായത്തിലെ സ്ത്രീകൾ എവിടെ നിൽക്കുന്നൂ???

ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ പോലും നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണല്ലോ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നതാണ് റിപ്പോർട്ടുകൾ. പണ്ട് സ്മാർതൻ താത്രിയെ 'സാധനം' എന്നാണല്ലോ വിശേഷിപ്പിച്ചത്. 'അകത്തത്', 'അത്' , 'ഇത്' - എന്നൊക്കെയാണല്ലോ 21 -ആം നൂറ്റാണ്ടിലും ചില നമ്പൂതിരിമാർ സ്ത്രീകളെ പരാമർശിച്ച് എഴുതിയുട്ടുള്ളത്. നമ്പൂതിരി യുവതികൾ പോലും നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാത്തതിലൂടെ നമ്പൂതിരിമാർക്ക് നല്ല ഒരു അടി അവരുടെ സ്ത്രീകളിൽ നിന്ന് തന്നെ കിട്ടി കൊണ്ടിരിക്കയാണ് എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പോലുള്ളവർ കുറച്ചു നാൾ മുമ്പ് പറഞ്ഞത്.

കടുത്ത യാഥാസ്ഥികത്ത്വം ഇപ്പോഴും വെച്ച് പുലർത്തുന്ന കുടുംബങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ താഴ്ന്ന ജാതിക്കാരുടെ കൂടെയും ഇതര മതസ്ഥരുടെ കൂടെയും പോകുന്നത് സാധാരണമായിരിക്കുന്നു. ഇതര മതസ്ഥരു മായി വിവാഹം കഴിച്ച ചിലരെ ഒക്കെ ഇതെഴുതുന്ന ആൾക്ക് അറിയാം. ക്ഷേത്ര പൂജാരിമാരുടെ കൂടെ ഒക്കെ പോയി ജീവിതം ആ രീതിയിലേക്ക് കൊണ്ടുപോകാൻ ഇന്നത്തെ തലമുറയിൽ പെട്ട പെൺകുട്ടികളിൽ പലരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഉയർന്ന ജോലിയും നിലവാരവും ഇല്ലാത്ത യുവാക്കൾക്ക് ആ സമുദായത്തിൽ നിന്ന് തന്നെ വിവാഹം ബാലികേറാ മലയാകുന്നത്.

പക്ഷെ ഈ മാറ്റമൊന്നും ഒറ്റ ദിവസം കൊണ്ടോ, ഒരു മതില് കൊണ്ടോ ഒന്നും സംഭവിച്ചതല്ല എന്നതാണ് ശ്രദ്ധേയം. ജാതിശ്രേണിയിൽ പ്രഥമസ്ഥാനത്ത് നിലനിന്നിരുന്ന നമ്പൂതിരിസമുദായം പുരോഗമനപരമായ സാമൂഹ്യവീക്ഷണം കൈക്കൊള്ളുന്നത് യോഗക്ഷേമ സഭയുടെ രൂപീകരണത്തിനു ശേഷം മാത്രമാണ്. വിദ്യാഭ്യാസം, സാഹിത്യം, കല, രാഷ്ട്രീയം - ഇങ്ങനെയുള്ള അനവധിയായ പ്രക്രിയകളിൽ കൂടിയാണ് നമ്പൂതിരി സമുദായം ഉൾപ്പെടെയുള്ള ഏതൊരു സമുദായവും മാറ്റത്തിന് വിധേയമാകുന്നത്. നമ്പൂതിരി സമുദായത്തിൽ വി.ടി. ഭട്ടതിരിപ്പാട്, എം.ആർ. ഭട്ടതിരിപ്പാട്, എം.പി. ഭട്ടതിരിപ്പാട്, ലളിതാംബിക അന്തർജ്ജനം, ദേവകി നിലയങ്ങോട്, മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരി തുടങ്ങിയവർ സമുദായ നവോത്ഥാനത്തിനുള്ള ശക്തമായ ആയുധമായി സാഹിത്യത്തെ ഉപയോഗിച്ചു. നമ്പൂതിരി സമുദായത്തിനുള്ളിലെ ഇരുണ്ട ഭൂഖണ്ഡത്തെ സമുദായത്തിനും പൊതുസമൂഹത്തിനും മുന്നിൽ അവതരിപ്പിച്ച്, പരിഷ്കരണത്തിൻറ്റെയും നവീകരണത്തിൻറ്റെയും അടിയന്തിര പ്രാധാന്യം ബോദ്ധ്യമാക്കുന്നതിൽ അന്നത്തെ സാഹിത്യ കൃതികൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

ഇനി ജാതി നിർമ്മാർജ്ജനത്തിൻറ്റെ കാര്യം പറയുകയാണെങ്കിൽ ജാതി വ്യവസ്ഥ ഒറ്റ രാത്രി കൊണ്ടൊന്നും ഇല്ലാതാകാൻ പോവുന്നുല്ല. കാരണം അത്രയ്ക്ക് രൂഢമൂലമാണ് ജാതി ചിന്താഗതി. മനസ്സിൻറ്റെ ഉള്ളിൻറ്റെ ഉള്ളിൽ എങ്കിലും ജാതി ചിന്ത ഇല്ലാത്ത ഇന്ത്യക്കാരെ കാണുവാൻ വളരെ പ്രയാസമാണ്. മധ്യ വർഗത്തിന് സാമൂഹ്യമായും, സാമ്പത്തികമായും ഉന്നതി പ്രാപിക്കുമ്പോൾ ജാതി സാമൂഹ്യ യാഥാർഥ്യമായിട്ടുള്ള ഒരു സമൂഹത്തിൽ ജാതി മേൽക്കോയ്മയും സ്ഥാപിക്കാനുള്ള ആഗ്രഹം വരും. ഇതാണ് കേരളത്തിലെ സുറിയാനി, പരമ്പരാഗത ക്രിസ്ത്യാനികളുടെ കാര്യത്തിൽ സംഭവിച്ചത്. സാമ്പത്തികമായും, സാമൂഹ്യമായും അഭിവൃദ്ധി പ്രാപിച്ചപ്പോൾ അവർ ജാതി മേൽക്കോയ്മയും ഉണ്ടാക്കാൻ നോക്കി. അത് കൊണ്ടാണ് അവർ ഇല്ലാത്ത 'നമ്പൂതിരി ബന്ധത്തിൻറ്റെ' അല്ലെങ്കിൽ 'ബ്രാഹ്മണിക്കൽ ജീനിൻറ്റെ' കഥ പറയുന്നത്.

പണ്ട് ഇതെഴുതുന്നയാൾ തൃശൂരിലെ ചാവക്കാട് സർവേ നടത്തിയപ്പോൾ പഞ്ചായത്തു അംഗമായ ഒരു ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഒരു മുസ്‌ലിം ടീച്ചർ എന്നോട് പറഞ്ഞത് അവർക്കു കല്യാണം ആലോചിച്ചപ്പോൾ സമുദായത്തിലെ പലർക്കും കല്യാണാലോചനയുമായി വരാൻ പേടിയായിരുന്നു എന്നാണു. വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സാമൂഹ്യ നില നിശചയിക്കുന്നതാണ് ആ ടീച്ചറുടെ വാക്കുകളിൽ കൂടി പുറത്തു വന്നത്. കഴിഞ്ഞ 20 -30 വർഷം കൊണ്ട് മുസ്ലീങ്ങൾ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ മുന്നേറ്റം എല്ലാ അർത്ഥത്തിലും വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്. പക്ഷെ ഇതൊന്നും ഒറ്റ ദിവസം കൊണ്ടോ, ഒരു മതില് കൊണ്ടോ ഒന്നും സംഭവിച്ചതല്ലാ. ഗൾഫ് പണമാണ് കഴിഞ്ഞ 20 -30 വർഷം കൊണ്ട് കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹ്യ നിലവാരം ഉയർത്തിയത് എന്നു കാണാം. കേരളത്തിൻറ്റെ തന്നെ സാമൂഹ്യ-സാമ്പത്തിക  പുരോഗതിക്കു കാരണം കഴിഞ്ഞ 20 -30 വർഷമായി വന്നു കൊണ്ടിരിക്കുന്ന പുറത്തു നിന്നുള്ള വരുമാനമാണ്.

ഇന്ത്യയിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണല്ലോ കേരളം. പണം കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ഭാവിയിൽ ജാതിക്ക് വലിയ പ്രാധാന്യമില്ലാത്ത കാലം വരുമെന്നു പ്രത്യാശിക്കാം. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കോടെ കേരളത്തിൽ ഇത് കണ്ടതുമാണല്ലോ. ആധുനിക കാലഘട്ടത്തിൽ ഭക്ഷണവും, വെള്ളവും, തൊഴിലും ഒക്കെ ഒരു ജാതിയുടെ മാത്രമായി ചുരുക്കാൻ സാധിക്കില്ലല്ലോ. ഉത്തർ പ്രദേശിലൊക്കെ ഇപ്പോൾ തന്നെ തൂപ്പു ജോലിക്ക് അപേക്ഷിക്കുന്ന ബ്രാഹ്മണരും, ഉന്നത ജാതിക്കാരും അനേകം ഉണ്ടെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്. ജോലികൾ ആധുനികവൽക്കരിക്കപ്പെടുന്നതിലൂടെയും, യന്ത്രവൽക്കപ്പെടുന്നതിലൂടെയും ജാതി ഗ്രൂപ്പുകൾ ചെയ്തിരുന്ന ജോലിക്കു മാറ്റം സംഭവിക്കുകയാണ്. ഇപ്പോൾ 'മാൻഹോൾ' വൃത്തിയാക്കാനൊക്കെ യന്ത്രങ്ങളും , റോബോട്ടുകളും വരാൻ തുടങ്ങി. ജാതി ഗ്രൂപ്പുകൾ ചെയ്തിരുന്ന ജോലിക്കു മാറ്റം സംഭവിച്ചാലും രാഷ്ട്രീയത്തിൽ ഒരു 'പ്രെഷർ ഗ്രൂപ്പായി' ജാതി തുടരുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ BSP അതിൻറ്റെ ശക്തി തെളിയിച്ചത് അതുകൊണ്ടാണ്.  ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ജാതി ഉപയോഗിച്ചുള്ള വോട്ടു ബാങ്ക് രാഷ്ട്രീയം സജീവമാണ്. ജാതി നോക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനെ കുറിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനോട് പണ്ട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, "ഞങ്ങൾ കമ്യൂണിസ്റ്റുകാർ ജാതിക്കെതിരാണ്: പക്ഷെ ജാതി ഒരു സാമൂഹ്യ യാഥാർഥ്യമാണ്. അത് ഞങ്ങൾക്ക് നിഷേധിക്കാനാവില്ല" - എന്നാണു. ഇങ്ങനെ എല്ലാ സാമൂഹ്യ യാഥാർഥ്യങ്ങളും അംഗീകരിക്കുന്ന ഒരു പാർട്ടിയാകുമ്പോൾ CPM എന്ന പാർട്ടിക്കു പിന്നെ എങ്ങനെയാണ് നവോധാനത്തെ കുറിച്ച് പ്രസംഗിക്കുവാൻ സാധിക്കുക???

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ