2018 ഡിസംബർ 14, വെള്ളിയാഴ്‌ച

കോൺഗ്രസിലെ ഗ്രൂപ്പിസം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ

ഹിന്ദി ബെൽറ്റിലെ നിയമസഭാ തിരഞ്ഞെടുപ്പ് റിസൾട്ടുകൾ ജനങ്ങൾ മറിച്ചു ചിന്തിക്കുന്നു എന്നതിൻറ്റെ സൂചകങ്ങളാണ്. രാജ്യത്തെ പ്രതിസന്ധിയിലാക്കുന്ന രീതിയിലാണ് രാമ ക്ഷേത്രവും, ശബരിമല വിഷയവും, ടിപ്പു സുൽത്താനും ഒക്കെ ഉയർത്തിയുള്ള വർഗീയ വൽക്കരണം. നോട്ട് നിരോധനവും, ജി.എസ്.ടി.-യും മൂലം അസംഘടിത മേഖല പിന്നോക്കം പോയതും, അസംഘടിത മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടതും, തന്മൂലം കയറ്റുമതി കുറഞ്ഞതും, രൂപയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞതും ആരും കാണാതിരുന്നു കൂടാ. ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ഉടനെ ചെയ്തത് ധാന്യങ്ങളുടേയും, കാർഷിക വിഭവങ്ങളുടേയും  സംഭരണത്തിന് പരിധി എടുത്തു കളഞ്ഞതാണ്. അതിൻറ്റെ ഗുണഫോക്താക്കൾ ഇന്ത്യയിലെ ചെറുകിട കർഷകനായിരുന്നില്ല. ഇത്തരം കർഷക വിരുദ്ധ നയങ്ങളിലൂടെ നേട്ടം കൊയ്തവരാണ് ശത കോടികൾ മുടക്കി ഇപ്പോൾ ആഡംബര കല്യാണം നടത്തുന്നത്; ആയിരത്തോളം ചാർട്ടേർഡ് ഫ്‌ളൈറ്റുകളിലൂടെ അതിഥികളെ സൽക്കരിക്കുന്നത്. ഇതിനൊക്കെ എതിരേ ജനം പ്രതികരിക്കാൻ തയ്യാറാണ്. പക്ഷെ നല്ല ഒരു പ്രതിപക്ഷം ഇന്ത്യയിൽ വേണം. അതാണ് നമുക്ക് ഇല്ലാത്തതും.

ബി.ജെ.പി. കുറെ നാളായി മതവർഗ്ഗീയത ഇളക്കി വിട്ടപ്പോൾ ഇന്ത്യയിലെ സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യമാണ് നഷ്ടപ്പെട്ടത്. അതിൻറ്റെ പ്രതിഫലനമാണ് ഇപ്പോൾ കാശ്മീരിൽ കണ്ടുകൊണ്ടിരിക്കുന്നതും. ബി. ജെ. പി. സമീപ കാലത്ത് മതവർഗ്ഗീയത ഇളക്കി വിടുന്നത് കൊണ്ടുള്ള ശരിക്കുള്ള കുഴപ്പം ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്കാൾ കാശ്മീരിലാണ് കാണുന്നത്. നേരത്തേ തീവ്രവാദികൾ കൊല്ലപ്പെടുമ്പോൾ പ്രതിഷേധത്തിന് പങ്കെടുക്കുന്ന സാധാരണ ജനത്തിൻറ്റെ എണ്ണം ആയിരങ്ങളായിരുന്നുവെങ്കിൽ ഇപ്പോൾ അത് പതിനായിരങ്ങളും, ലക്ഷവും കടന്നു. കാശ്മീരിൽ തീവ്രവാദികൾക്ക്‌ നല്ല ജനപിന്തുണ കിട്ടുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഒരുവശത്ത് സൗദിയിൽ നിന്നുള്ള ഫണ്ടിങ് ഉപയോഗിച്ച് സലഫികൾ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുമ്പോൾ മറുവശത്ത് ഇന്ത്യൻ സൈന്യത്തിന് ജനപിന്തുണ ആർജിക്കാൻ കഴിയാത്ത സാഹചര്യമാണ് കാശ്മീരിലുള്ളത്. ഇനി അഞ്ചു വർഷം കൂടി ബി. ജെ. പി. ഭരിച്ചാൽ സംഭവിക്കാവുന്ന സാമൂഹ്യ വിപത്ത് അല്ലെങ്കിൽ സാമൂഹ്യ സംഘർഷം ഓർക്കാൻ തന്നെ പേടിയാണ്. പക്ഷെ കോൺഗ്രസിന് ആഹ്ലാദിക്കാൻ വലിയ വകയൊന്നുമില്ല.

ഇനി വരാൻ പോകുന്ന കാലത്ത് കോൺഗ്രസ് നേരിടേണ്ടത് സംഘ പരിവാറുകാരുടെ സംഘടനാ ശക്തിയോടും, സോഷ്യൽ മീഡിയയിലുള്ള അവരുടെ മേധാവിത്ത്വത്തോടുമാണ് എന്ന് നിസംശയം പറയാം. സംഘ പരിവാറുകാരുടെ ചിട്ടയായ സംഘടനാ പ്രവർത്തനത്തോട് താരതമ്യപ്പെടുത്തുമ്പോൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഒന്നിക്കുകയും മറ്റു സമയങ്ങളിൽ തമ്മിൽ തല്ലും, പാരവെപ്പും കാഴ്ച വെക്കുന്ന കോൺഗ്രസ് പ്രവർത്തന ശൈലി ഒന്നുമല്ല.

കോൺഗ്രസിനെ സമൂലമായ അഴിച്ചു പണിക്ക് വിധേയമാക്കാത്തിടത്തോളം കാലം കോൺഗ്രസിന് ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും വളരെ ശ്രമകരമാണ്. കഴിഞ്ഞ നാലര വർഷം കോൺഗ്രസ് എന്ന പാർട്ടിയെ ഉടച്ചു വാർക്കാൻ രാഹുൽ ഗാന്ധിയോ, സോണിയാ ഗാന്ധിയോ ഒന്നും ചെയ്തില്ല. ഇപ്പോൾ നല്ല ഒരു 'ഫൈറ്റിൻറ്റെ' പ്രതീതി സൃഷ്ടിക്കുവാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞു. പക്ഷെ അത് മാത്രം പോരാ. ബി.ജെ.പി. കോൺഗ്രസിനേയും, രാഹുൽ ഗാന്ധിയേയും ആക്രമിക്കുമ്പോൾ പ്രത്യാക്രമണം തന്നെ വേണം. തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ സോഷ്യൽ മീഡിയയും, ഇലക്രോണിക് മീഡിയയും വഴിയും ശക്തമായ പ്രചാരണവും രാഷ്ട്രീയ എതിരാളികൾക്കെതിരെ ആക്രമണവും നടത്തേണ്ടതുണ്ട്. ഒപ്പം 'ഫീൽഡ് വർക്' ചെയ്യേണ്ടതുണ്ട്. പ്രശ്നങ്ങൾ അനവധി ഉള്ളപ്പോഴും ബി.ജെ.പി. ഒറ്റക്കെട്ടായി ആണ് മുന്നേറുന്നത്. സംഘടനാപരമായ അച്ചടക്കം പാലിക്കാത്തിടത്തോളം കാലം കോൺഗ്രസിന് ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും വളരെ ശ്രമകരമാണ്. കാരണം ഇത് സോഷ്യൽ മീഡിയയുടെയും, 24 മണിക്കൂർ ചാനലുകളുടെയും കാലമാണ്. കോൺഗ്രസുകാരുടെ തമ്മിൽ തല്ല് പരസ്യമായി കാണുന്ന ജനങ്ങളിൽ അവരോട് അവമതിപ്പ് ഉണ്ടാകുന്നത് സ്വോഭാവികം മാത്രം. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്വയം വിഴുപ്പലക്കി കോൺഗ്രെസ്സുകാർ ജനങ്ങളുടെ മുമ്പിൽ അപഹാസ്യരാകുകയാണ്. 24 മണിക്കൂറും ചാനലുകളും, ഓൺലെയിൻ പത്രങ്ങളും, ഫെയ്സ്ബുക്കും ഒക്കെ ഉള്ളപ്പോൾ ശ്കതമായ സംഘടനാ സംവിധാനം തീർത്തില്ലെങ്കിൽ പാർട്ടിയുടെ നില നിൽപ്പ് തന്നെ അപകടത്തിലാവുമെന്ന കാര്യം ഇനിയും കോൺഗ്രെസ്സുകാർ തിരിച്ചറിയുന്നില്ല.

കോൺഗ്രസ് ഗ്രൂപ്പിസം മൂലം നേതാക്കൾ തമ്മിൽ തല്ലിയപ്പോഴാണ് രാജസ്ഥാനിലും മധ്യപ്രദേശിലും കേവല ഭൂരിപക്ഷം ഉറപ്പിക്കാനാവാതെ വന്നത്. ഹിന്ദി ഹൃദയഭൂമിയിലെ ബി.ജെ.പി. തോൽവി സമ്പൂർണ്ണമാക്കാത്തതിൽ ഈ ഗ്രൂപ്പിസം വലിയ പങ്കു വഹിച്ചു. കടുത്ത ഭരണവിരുദ്ധ വികാരം മൂലം അനായാസമായി വിജയം കാണുമെന്നു കരുതിയ രാജസ്ഥാനിൽ കോൺഗ്രസിനു നന്നായി പൊരുതേണ്ടി വന്നു. അവിടെ സച്ചിൻ പൈലറ്റിൻറ്റേയും മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിൻറ്റേയും ഗ്രൂപ്പുകളാണ് ആധിപത്യത്തിനു മൽസരിച്ചത്. ഗ്രൂപ്പു സമവാക്യങ്ങളുടെ പേരിൽ പലർക്കും സീറ്റ് നിഷേധിച്ചു. ഇതെല്ലാം വിജയത്തിലെ തിളക്കും കുറച്ചു. നിരവധി റിബലുകളെ കോൺഗ്രസിന് നേരിട്ടേണ്ട സ്ഥിതി വന്നു. ജയിച്ച സ്വതന്ത്രരിൽ ഏറെയും കോൺഗ്രസ് റിബലുകളാണ്. ഇനി ഭൂരിപക്ഷം ഉറപ്പാക്കാൻ അവരുടെ കാലു പിടിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുകയാണ്. മധ്യപ്രദേശിൽ കമൽനാഥ്, ജ്യോതിർ രാജ സിന്ധ്യ - ഇവരുടെ ഗ്രൂപ്പുകളാണ് ആധിപത്യത്തിനു മൽസരിച്ചത്. ഇപ്പോൾ മുഖ്യ മന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിലും ഗ്രൂപ്പിസം കളി തുടരുകയാണ്. ചുരുക്കം പറഞ്ഞാൽ കോൺഗ്രസ് ഇനി രക്ഷപ്പെടണമെങ്കിൽ ഇത്തരം ഗ്രൂപ്പ് കളികൾക്ക് അന്ത്യമിട്ടേ തീരൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ