2017 ഫെബ്രുവരി 23, വ്യാഴാഴ്‌ച

മത മൗലിക വാദികളും സ്ത്രീകളുടെ വസ്ത്രധാരണവും, ആഹാര ക്രമവും

മത മൗലിക വാദികളും സ്ത്രീകളുടെ വസ്ത്രധാരണവും, ആഹാര ക്രമവും

മതം എന്ന് പറയുമ്പോൾ തന്നെ ഓരോ മതത്തിലേയും ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. എളിമ, വിനയം, സത്യസന്ധത, ആത്മാർഥത, സാമൂഹ്യ സേവനം - ഇതൊക്കെയാണ് ഏതു മതത്തിൻറ്റെയും അന്ത സത്ത. പിന്നെ, ആരാധനയിലും, മത പുരോഹിതന്മാരുടെ ഭാഷയിലും വേഷത്തിലും ഒക്കെ വിത്യാസം കാണാം. അതിൽ വലിയ പ്രാധാന്യം ഒന്നുമില്ല. മതത്തിനുപരിയായി മനുഷ്യനെ കാണാൻ ആഗ്രഹിക്കുന്നവർ എല്ലാ ആത്മീയ ആചാര്യന്മാരെയും, മതങ്ങളെയും ബഹുമാനിക്കും. അവർ ഒരു മതത്തെയും നിന്ദിക്കയില്ല; മറിച്ച് എല്ലാ ആത്മീയ നേതാക്കളും, മതങ്ങളും  മനുഷ്യരാശിക്ക് നൽകിയ സംഭാവനകൾ ആദരിക്കും. "ലോകോ സമസ്താ സുഖിനോ ഭവന്തു", "വസുധൈവ കുടുംബകം" - ഇതൊക്കെയാണ് ഋഷിമാർ പഠിപ്പിച്ചത്. ലോകത്തിനു മുഴുവൻ സുഖം വരാനും, ലോകത്തെ മുഴുവൻ കുടുംബം ആയി കാണാനും ഒക്കെയാണ് പഴയ ഋഷിമാർ പറഞ്ഞു തന്നത് .  നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ആ രീതിയിൽ ഉള്ള ആളായിരുന്നു. അദ്ദേഹം എല്ലാ വൈകുനേരവും പ്രാർഥനാ സമ്മേളനം വിളിക്കുമായിരുന്നു. ബൈബിളും, ഗീതയും, ഖുറാനും ഒക്കെ അവിടെ വായിക്കുമായിരുന്നു.

മതം ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങൾക്ക് മുൻഗണന കൊടുക്കുമ്പോൾ എന്തിനാണ് മനുഷ്യരുടെ; പ്രത്യേകിച്ച് സ്ത്രീകളുടെ വസ്ത്രാധാധാരണത്തെ എത്രയധികം വേവലാതി പെടുന്നത്? എന്തിനാണ് ശിരോവസ്ത്രവും, നെടുനീളൻ കറുത്ത കുപ്പായവും സ്ത്രീകൾ ധരിക്കണമെന്നു ശാഠ്യം പിടിക്കുന്നത്? സ്ത്രീകൾ ഇത്ര പ്രസവിക്കണം എന്നൊക്കെ മത മേലധ്യക്ഷന്മാർ അഭിപ്രായം പറയുന്നത് തീർത്തും മോശമല്ലേ? ഗുരുവായൂർ അമ്പലത്തിൽ സാരി കൂടാതെ ചുരിദാറു കൂടി സ്ത്രീകൾക്ക് ഉപയോഗിക്കാം എന്ന് പിറഞ്ഞപ്പോൾ പ്രൊഫെസ്സർ സുകുമാർ അഴിക്കോട് അത് പറഞ്ഞവരെ കളിയാക്കി,"ലീലാ വിലാസനായ കൃഷ്ണൻറ്റെ പേരിലുള്ള അമ്പലത്തിലാണ് ഈ നിബന്ധനകൾ ഒക്കെ വരുന്നത്" എന്ന് പറഞ്ഞു. അത് പോലെ തന്നെ എന്തിനാണ് ആളുകളുടെ ഭക്ഷണ ക്രമത്തിൽ മത നേതാക്കൾ ഇടപെടുന്നത്? സത്യത്തിൽ ചൂടിലും തണുപ്പിലും നിന്ന് രക്ഷിക്കാനുള്ള ഉപകരണമില്ല വസ്ത്രം? അത് പോലെ ദാഹിക്കുമ്പോൾ കുടിയ്ക്കുക; വിശക്കുമ്പോൾ ഭക്ഷിക്കുക - ഇതല്ലേ ഭക്ഷണത്തെയും, വെള്ളത്തെയും സംബന്ധിച്ച് അടിസ്ഥാനപരമായ തത്ത്വം?

ക്രിസ്തുവിൻറ്റെയും, ശ്രി നാരായണ ഗുരുൻറ്റെയും, ഋഷിമാരുടെയും ഒക്കെ യഥാർത്ഥ സന്ദേശങ്ങൾ ഉൾകൊള്ളുന്നവർ ഇന്ന് വളരെ കുറവാണ്. ജാതിമത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു അടിസ്ഥാനപരമായ ഗുരു വചനം. 
"അവനവനാത്മ സുഖത്തിനാചരിപ്പതു
അപരന്നു സുഖത്തിനായ് വരേണം" - ഇതായിരുന്നു പ്രധാനമായ ഗുരു വചനം. തന്നെ പോലെ തന്റ്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് ക്രിസ്തു വചനത്തിന് സമാനമായുള്ള ഒന്നാണിത്. ഈ ഭൂമിയിൽ വെറുതെ ജീവിച്ചു മരിക്കുന്നതിലും ശ്രേഷ്ഠം അശരണർക്ക് നമ്മളെക്കൊണ്ട് കഴിയുന്ന സഹായം അല്ലെങ്കിൽ ഉപകാരം ചെയ്യുക - ഇതാണ് ഇതിന്റ്റെ അർഥം. നൂറ്റാണ്ടുകളിലൂടെ ചൊരിഞ്ഞ സ്നേഹത്തിന്റ്റെയും, ആത്മ ത്യാഗത്തിന്റ്റെയും പ്രതീകമാണ് ക്രൂശിതനായ ക്രിസ്തു. കുരിശു മരണം ആ സ്നേഹവും, ആത്മ ത്യാഗവും വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു. "ക്രിസ്തു വന്നത് ജീർണങ്ങളായ കുടിലുകൾക്കിടയിൽ മനോഹരങ്ങളായ ദേവാലയങ്ങൾ പണിയുവാനല്ല മറിച്ച് ഹൃദയത്തെ ദേവാലയമാക്കാനാണ്; ആത്മാവിനെ പവിത്രീകരിക്കാനാണ്; മനസ്സിനെ അൾതാരയാക്കി മാറ്റാനാണ്" എന്ന് ഖലീൽ ജിബ്രാൻ പാടിയത് അത് കൊണ്ടാണ്.

തുണിയൊന്നും ധരിക്കാത്ത ദിഗംബര സന്യാസിമാരും,നാഗ സന്യാസിമാരും  എത്രയോ ഉള്ള രാജ്യമാണ് ഈ ഇൻഡ്യാ  മഹാരാജ്യം. കോണകം മാത്രം ധരിച്ചിരുന്ന എത്രയോ യോഗിമാരും, സന്യാസിമാരും ഇന്ത്യയിൽ ഉണ്ടായിരുന്നു! രമണ മഹർഷി കോണകം മാത്രമല്ലേ ധരിച്ചിരുന്നുള്ളൂ? എന്നിട്ടും ആധികാര സ്ഥാപനങ്ങളിൽ ഉള്ള എത്രയോ പേർ രമണ മഹർഷിയെ കാണാൻ  വന്നിരുന്നു? തുണിയൊന്നും ധരിക്കാത്ത എത്രയോ ജൈന സന്യാസിമാർ ഇപ്പോഴും ഉള്ള നാടാണല്ലോ ഇന്ത്യാ മഹാരാജ്യം. അവരെയും കാണാൻ ആധികാര സ്ഥാപനങ്ങളിൽ ഉള്ള എത്രയോ പേർ  കാണാൻ വരുന്നൂ? ടി.വി. - യിൽ അവർ നഗ്നരായി തന്നെ പ്രഭാഷണങ്ങൾ നടത്തുന്നു. കുംഭ മേളയിൽ അനേകം സന്യാസിമാർ പരസ്യമായി തന്നെ വളരെ ദൂരം നടന്ന് ഗംഗയിലും, മറ്റ് നദികളിലും വിശുദ്ധമെന്ന് കരുതുന്ന ജലത്തിൽ മുങ്ങുന്നു. തുണിയിലല്ല ഒരാളുടെ മഹത്ത്വം. അത് കാണിച്ചു കൊടുക്കാൻ വേണ്ടിയാണ് നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി വെറും മുണ്ടുടുത്ത് ബ്രട്ടീഷ് രാജാവിനെ കാണാൻ പോയത്.

സത്യം നഗ്നമാണ്; ഭക്തിയും നഗ്നമാണ്. മനുഷ്യർ തുണിയൊന്നും ഇല്ലാതെയാണ് ജനിക്കുന്നത്. മരണ സമയത്ത് എത്ര തുണി ഉടുപ്പിച്ചാലും അതു പിന്നീട് അഴുകി പോകുകയോ, അഗ്നിയിൽ വെന്തെരിയുകയോ  ചെയ്യുകയുള്ളൂ. അതു കൊണ്ട് തന്നെ ദൈവ നാമം ഉൽഘോഷിച്ചു കൊണ്ട് നഗ്ന റായി നടക്കുന്ന പതിവ് ഇൻഡ്യായിൽ പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു.  ഇതുഴുതുന്ന ആൾ  ഇഷ്ടം പോലെ തവണ ഗുരുവായൂർ അമ്പലത്തിൽ പോയിട്ടുണ്ട്. അനേകം ഉത്തരേന്ത്യൻ സുഹൃത്തുക്കളെ ഞാൻ മധുര മീനാക്ഷി ക്ഷേത്രവും, ഗുരുവായൂർ അമ്പലവുമൊക്കെ അവരുടെ താൽപര്യ പ്രകാരം കാണിച്ചിട്ടുണ്ട്. എൻറ്റെ ഉത്തരേന്ത്യൻ സുഹുർത്തുക്കളെ ഈ അമ്പലങ്ങൾ അവരുടെ അഭ്യർത്ഥന പ്രകാരം കാണിക്കുമ്പോൾ അവർക്ക് ഇഷ്ടമില്ലാത്ത പരിപാടിയാണ് ഷർട്ടൂരിക്കുന്നത്. ഒരു തവണ ഗുരുവായൂർ അമ്പലത്തിൽ ക്ഷേത്ര ഭാര വാഹികൾ . ഷർട്ടു മുഴുവൻ ഊരണം എന്നെന്നോട് പറഞ്ഞു. നേരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിധി കണ്ടെടുത്ത വാർത്ത ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ പല ഉത്തരേന്ത്യക്കാരും അവിടെ ദർശനത്തിനു വന്നു. അവർ പലരും വാർത്താ ചാനലുകളിൽ പറഞ്ഞ ഒരു കാര്യമുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങൾ ഇഷ്ടമാണ്. പക്ഷെ ഷർട്ടൂരിക്കുന്നതിനോട് എതിർപ്പുണ്ട്. എൻറ്റെ കൂടെ വന്നിരുന്ന ഉത്തരേന്ത്യൻ സുഹൃത്തുക്കൾക്കും ഷർട്ടൂരിക്കുന്നതിനോട് യാതൊരു താൽപര്യവുമില്ല. ഞാൻ ബദരിനാധിലും, കുടജാദ്രിയിലും പോയിട്ടുണ്ട്. ബദരിനാധിലെ മുടിഞ്ഞ തണുപ്പത്ത് പോലും ഷർട്ടൂരുന്ന മലയാളികളെ കണ്ടിട്ടുണ്ട്.

ഷർട്ടൂരിക്കുന്ന പരിപാടി ശരിക്കു പറഞ്ഞാൽ ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ആചാരമാണ്. കേരളത്തിലേതു പോലെ ഹ്യുമിഡിറ്റി അല്ലെങ്കിൽ ഈർപ്പമുള്ള പ്രദേശങ്ങളില ആളുകൾ പണ്ട് അരക്കു മുകളിലോട്ട് അധികം വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല എന്നതാണ് യാതാർദ്ധ്യം. പണ്ട് സ്ത്രീകളും, പുരുഷൻമാരും അരക്കു താഴെ ഒറ്റ മുണ്ട് മാത്രമേ ധരിച്ചിരിന്നുള്ളൂ. ആ രീതി ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരുന്നു. അത്രയേ ഉള്ളൂ. ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിൽ ഈ ആചാരങ്ങൾ ഒന്നുമില്ലല്ലോ. ബദരീനാഥ് ക്ഷേത്രത്തിൽ കേരളത്തിൽ നിന്നുള്ള നംബൂതിരി ആണല്ലോ പ്രധാന പൂജാരി. അദ്ദേഹം (റാവൽജി) അവിടുത്തെ രീതിയിലുള്ള വസ്ത്രമാണല്ലോ ധരിക്കുന്നത്.

കാല ക്രമേണ ഈർപ്പമുള്ള പ്രദേശങ്ങളില വസ്ത്രധാരണ രീതി ചിലരുടെ യാതാസ്ഥികത്ത്വം സംരക്ഷിക്കുന്നതിലേക്കു നീങ്ങി. കാലം മാറുകയാണ്. കാലത്തിനനുസരിച്ച് കോലവും മാറണം. ഡൽഹിയിൽ മുടിഞ്ഞ തണുപ്പത്തു പാരമ്പര്യം കാത്തു സംരക്ഷിക്കാൻ ഷർട്ടും, കമ്പിളിയും, ജാക്കെറ്റും ധരിക്കാതെ പൂജ ചെയ്യുന്ന അനേകം മലയാളി പൂജാരിമാരെ കണ്ടിട്ടുണ്ട്. ന്യുമോണിയ പിടിക്കുംബോൾ അവർക്ക് ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ചു മനസ്സിലാകുമായിരിക്കും. ആൻറ്റി ബയോട്ടിക് ഗുളികകൾ കഴിക്കേണ്ടി വരുമ്പോൾ മുടിഞ്ഞ തണുപ്പിൽ ശരീര പ്രദർശനം ചെയ്താലുള്ള ഭവിഷ്യത്തുകൾ മനസ്സിലാകുമായിരിക്കും!!! അങ്ങനെ ആശിക്കാൻ അല്ലേ സുബോധമുള്ള അർക്കും കഴിയൂ. കുറെ വർഷങ്ങൾക്കു മുൻപ് ഉടുപ്പിയിലെ പ്രസിദ്ധമായ ശ്രീ ക്രിഷ്ണ ക്ഷേത്രം സന്ദർശിക്കാൻ പോയ ഒരു സുഹുർത്തിനോട് ഷർട്ട് മാത്രമല്ല; ബനിയനും ഊരണെമെന്നു പറഞ്ഞു. അത് കൊണ്ട് അദ്ദേഹം ദർശനം കഴിക്കാതെ തിരിച്ചു പോന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇത്തരം കടും പിടുത്തം തുടരണോ എന്ന് ക്ഷേത്ര ഭാരവാഹികൾ പുനർ വിചിന്തനം ചെയ്യണം. ഷർട്ടൂരിക്കുന്ന പരിപാടി യെ അനുകൂലിക്കുന്നവർ പറയുന്നത് ഉത്തരേന്ത്യകാർ കേരളത്തിലെ ആചാരങ്ങളും, വിശ്വാസവും ഉൾകൊള്ളണമെന്നാണ്. രണ്ടായിരവും, മൂവായിരവും അതിലേറെയും കിലോ മീറ്ററുകൾ സഞ്ചരിച്ചു കേരളത്തിൽ വരുന്ന ഉത്തരേന്ത്യകാർ വിശ്വാസം ഉൾകൊള്ളാതെയാണ് ക്ഷേത്ര ദർശനം നടത്തുന്നത് എന്ന് പറയുന്നത് മോശമാണ്; അതവരെ അപമാനിക്കുന്നതാണ്.

അത് പോലെ തന്നെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചുള്ള വിവേചനങ്ങളും. രാജ്യത്തെ പരമോന്നത കോടതിയായ ബഹുമാനപ്പെട്ട സുപ്രീം കൊടതി സ്ത്രീകൾക്കെതിരായ വിവേചനത്തെ കുറിച്ച് തുറന്നു ചോദിച്ചപ്പോൾ പലർക്കും ഉത്തരമില്ല. അതിനു പകരം സുപ്രീം കൊടതിക്കെതീരേ ആക്ഷേപങ്ങൾ തൊടുക്കുകയാണ് പലരും. ഇനി ഇതൊക്കെ ചോദിച്ചതിന് സുപ്രീം കൊടതിയും ഹിന്ദുവിന് എതിരാണെന്ന് പറഞ്ഞു തുടങ്ങുമോ ആവോ? ഇപ്പോൾ ഹിന്ദുവിന് എതിരാണെന്ന് പറയുന്നതാണല്ലോ ഫാഷൻ. കോട്ടയം താഴത്തങ്ങാടിയിൽ മോസ്ക്കു പോലും സ്ത്രീകൾക്കു തുറന്നു കൊടുത്തു. അത് കൊണ്ട് ഇനീ സ്ത്രീ സ്വാതന്ത്ര്യം പറയുമ്പോൾ മുസ്ലീങ്ങളെ കുറ്റം പറയേണ്ട കാര്യമില്ല. അല്ലെങ്കിലും എന്തിനു  സ്ത്രീകളെ ആരാധനാലയങ്ങളിൽ നിന്ന് അകറ്റി നിർത്തണം എന്ന ചോദ്യത്തിന് സാമാന്യ യുക്തിയിൽ അധിഷ്ടിതമായ മറുപടി ഇല്ല. കാലമെത്രമാറിയാലും മാറാത്ത സങ്കുചിത മനസ്സിനുടമകളായ ആളുകളെ മാറ്റി നിർത്തി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആരാധനാലയങ്ങളെല്ലാം സ്ത്രീകൾക്ക് തുറന്നു കൊടുക്കുകയാണ് വേണ്ടത്. പക്ഷെ ഇതൊക്കെ പറഞ്ഞാൽ വിശാല ഹിന്ദു ഐക്യത്തിനും, ഹിന്ദുക്കളുടെ സർവതോന്മുഖമായ ഉയർച്ചക്കും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ചിലർ ഇതു പറയുന്നവരുടെ നെഞ്ജത്തു കേറാൻ വരും. ഇങ്ങനെ നെഞ്ജത്തു കേറാൻ വരുന്നവർ നായാടി മുതൽ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളെ ഓർത്ത് വിഷമം സഹിക്ക വയ്യാതെ ആണല്ലോ ഇങ്ങനെ നെഞ്ജത്തു കേറാൻ വരുന്നന്നതെന്നോർക്കുംബോഴാണ് ആകെ കൂടി ഒരാശ്വാസം ഉള്ളത്.

ഏതു വികസിത രാജ്യത്തും സ്ത്രീയും, പുരുഷനും തോളോടു തോൾ ചേർന്നാണ് രാഷ്ട്ര നിർമാണ പ്രക്രിയയിൽ അധ്വാനിക്കുന്നത്. ഇന്ത്യയിൽ ആണെങ്കിൽ ഇപ്പോൾ സൈന്യത്തിലെ കോംബാറ്റ് Roles  - ൽ പോലും സ്ത്രീകളെ നിയമിക്കാൻ പോകുന്നു. അപ്പോൾ ആരാധനയുടെ കാര്യത്തിൽ മാത്രം എന്തിനു സ്ത്രീകളോട് വിവേചനം കാണിക്കണം? ശബരി മലയുടെ കാര്യത്തിൽ മാത്രമല്ല; ഒരു സ്ഥലത്തും ആർതവത്തിൻറ്റെ പേരിൽ സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ശരിയല്ല. രാജ്യത്തെ പരമോന്നത കോടതിയായ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇതു ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്. ഇതിൻറ്റെ പേരിൽ സുപ്രീം കോടതിയെ വിമർശിക്കുന്നത് ശരിയല്ല.

ചിലർ ചൂണ്ടി കാണിച്ചത് പോലെ കാനന പാതയായ ശബരി മല സ്ത്രീകൾക്ക് ദുർഖടം പിടിച്ചതാണെങ്കിൽ അതിലും എത്രയോ ദുർഖടം പിടിച്ച കൈലാസ് യാത്ര, ആദി കൈലാസ് യാത്ര, സതോപന്ത് തടാകത്തിലേക്കുള്ള യാത്ര - ഇവയിലൊക്കെ സ്ത്രീകൾ പങ്കെടുക്കുന്നില്ലേ? മലയാളി സ്ത്രീകൾ അടക്കം അനേകം പേർ വളരെയേറെ അപകടം പിടിച്ച ഹിമാലയൻ യാത്രകളിൽ പങ്കെടുക്കുന്നു. പിന്നെയാണോ ശബരി മല യാത്ര?
മറ്റു ചിലർ പറയുന്നത് സ്വാമി അയ്യപ്പൻ ശബരി മലയിൽ ബ്രഹ്മ ചര്യ വ്രതത്തിലാനെന്നാണ്. ബ്രഹ്മചര്യം എന്ന് പറഞ്ഞാൽ ബ്രഹ്മത്തോടു കൂടുത്തൽ അടുത്തിരിക്കുന്നു അല്ലെങ്കിൽ ഉയർന്ന ദൈവാവസ്ഥ പ്രാപിച്ചിരിക്കുന്നു എന്നേ അർത്ഥമുള്ളൂ. ക്രിസ്തുവിനു മഗ്ദലനാ മറിയത്തെ ശിഷ്യയാക്കാനോ , ബുദ്ധനു അമ്രപാലിയെ ശിഷ്യയാക്കാനോ ഒരു പ്രശ്നവും ഇല്ലായിരുന്നു. പിന്നെ ശബരി മല അയ്യപ്പനെ മാത്രം എന്തിനു സ്ത്രീ വിരോധിയാക്കണം?

വസ്ത്രത്തിലെന്നതു പോലെ മത മേലധ്യക്ഷന്മാർ മനുഷ്യർക്കെതിരെ കടന്നു കയറ്റം നടത്തുന്ന മറ്റൊരു മേഖലയാണ് ഭക്ഷണം. 2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിൽ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണെന്നുള്ള കാര്യം ഭക്ഷണ കാര്യത്തിൽ നിർബന്ധബുദ്ധി കാണിക്കുന്നവർ  ഓർമിക്കണം.ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേര് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്. പിന്നെ എന്തിനാണ് ഈ പശുവിൻറ്റെ പേര് പറഞ്ഞു മത സ്പർദ്ധ ഉണ്ടാക്കുന്നത് - അതും 90 ശതമാനത്തിൽ ഏറെയും പേർ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന കേരളത്തിൽ? പശു സ്നേഹത്തിനും, വസ്ത്ര ധാരണത്തിനും, മറ്റ് ആഹാരങ്ങൾക്കും വേണ്ടി എന്തിനാണ് ചിലർ  യേശു ക്രിസ്തുവിനെയും, ഋഷിമാരെയും, ധർമ ശാസ്ത്രങ്ങളെയും  പ്രവാചകൻ മുഹമ്മദ് നബിയെയും കൂട്ട് പിടിക്കുന്നത്?

ഗോമാംസത്തിനെതിരെ ഇത്ര വലിയ പുകിൽ ഉണ്ടാക്കുന്നത് എന്തിനാണെന്ന് വിവേകമുള്ളവർക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണ്. ആയുർവേദത്തിൽ ഗോമാംസം അടക്കമുള്ള പല മാംസ ഭക്ഷണങ്ങളുടെ ഗുണ ഗുണങ്ങളെ കുറിച്ച് കൃത്യമായ വിവരണമുണ്ട്. ആടിൻറ്റെ മാംസം പോലെ തന്നെ വേറെ പല ഗുണങ്ങളും ഉള്ളതാണ് ഗോമാംസവും. ഇറച്ചികൾ വേർ തിരിക്കുമ്പോൾ മതത്തിൻറ്റെ കണ്ണിൽ കൂടി നോക്കുമ്പോഴാണ് കുഴപ്പം മുഴുവനും. വാജീകരണ ചികിത്സയിൽ ഗോമാംസം അത്യുത്തമമാണ്. ഇന്നിപ്പോൾ സസ്യാഹാരത്തെ (vegetarianism ) മഹത്വവൽകരിച്ച് പലരും പലതും പറയുന്നു. അതൊക്കെ ഹിന്ദു സമൂഹത്തിൻറ്റെ അഭിവാജ്യ ഖടകങ്ങളായാണ് പലരും കാണുന്നത്. ഇവിടെ conclusion ഒന്നേയുള്ളൂ. നിങ്ങൾക്ക് ദഹന ശക്തിയുണ്ടോ - എന്തും കഴിക്കാം. കല്ലും ദഹിക്കണം എന്നാണ് ആയുർവേദ ആചാര്യന്മാർ പറയുന്നത്. പണ്ട് ക്ഷാമവും, പ്രളയവും ഒക്കെ വരുമ്പോൾ ആളുകൾ പശുക്കളെ കൊന്നു തിന്നിരുന്നു. പിന്നീടു ക്ഷാമവും, പ്രളയവും ഒക്കെ മാറുമ്പോൾ അവർക്ക് പാലിനും, ചാണകത്തിനും വേറെ മാർഗം ഇല്ലായിരുന്നു. ഇതിനൊരു പോംവഴി ആയിട്ടാണ് ഗോവധ നിരോധനം ഇന്ത്യൻ സംസ്കാരത്തിന്റ്റെ ഭാഗമായത്. അപ്പോഴും മാട്ടിറച്ചി കഴിക്കുന്ന പലരും ഉണ്ടായിരുന്നു. ഇതൊക്കെ പല ചരിത്ര കാരന്മാരും ചൂണ്ടി കാണിച്ചിട്ടുണ്ട്. 21-ആം നൂറ്റാണ്ടിൽ ഗോവധ നിരോധനം ഇന്ത്യയിൽ വേണമെന്ന് വാശി പിടിക്കുന്നത് അബദ്ധ ജടിലമാണ്. ചില രോഗികൾക്ക് ഓജസ്സും, ശക്തിക്കും വേണ്ടി മാംസ ഭക്ഷണം വേണ്ടി വരും. അങ്ങനെയുള്ള രോഗികൾ സസ്യാഹാരികളായ രോഗികൾ ആണെങ്കിൽ അവർ അറിയാതെ മാംസ ഭക്ഷണം കൊടുക്കണമെന്നാണ് അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്. ചരക സംഹിതയിൽ തന്നെ ഗോമാംസത്തിന്റ്റെ ഗുണ ഗുണങ്ങൾ അടങ്ങിയ ഉധരിണികൾ ഉണ്ട്. ഇന്ത്യയിൽ സസ്യാഹാരികൾ (vegetarians ) ആണ് കൂടുതൽ രോഗികൾ. സസ്യാഹാരത്തിൻറ്റെ പേരിൽ ഇവിടെ അങ്ങേയറ്റം , മസാലയുള്ളതും എണ്ണ മയമുള്ളതും ആയിട്ടുള്ള ആഹാരം ആളുകൾ കഴിക്കുന്നു. കൂടാതെ കണ്ടമാനം മധുരം കഴിക്കുന്നതുകൊണ്ട് ലോകത്തിലെ 'പ്രമേഹത്തിൻറ്റെ തലസ്ഥാനം' കൂടിയാണ് ഇന്ത്യ മഹാരാജ്യം. അപ്പോൾ പിന്നെ ഇന്ത്യയിലെ സസ്യാഹാരത്തിന് എന്ത് മഹത്വമാണ് ഉള്ളത്?

കേരളത്തിൽ മിക്ക വീടുകളിലും പണ്ട് കോഴിയും, കോഴി കൂടും ഉണ്ടായിരുന്നു. കുട്ടനാട്ടിൽ മിക്ക വീടുകളിലും താറാവും, താറാവു കൃഷിയും ഉണ്ടായിരിന്നു. കേരളത്തിൽ മിക്ക ആളുകളും, പ്രത്യേകിച്ച് തീര പ്രദേശങ്ങളിൽ ഉള്ളവർ മീൻ കഴിക്കുന്നവരാണല്ലോ. പ്രസവ ശേഷം പല സ്ത്രീകൾക്കും പണ്ട് ആട്ടിൻ സൂപ്പ് കൊടുക്കുമായിരുന്നു. താറാമുട്ടയിൽ മുക്കുറ്റി ചേർത്ത് കൊടുക്കുന്ന രീതി, താറാമുട്ടയിൽ കങ്കായനം ഗുളികയും, കരിയാംബൂവും ചേർത്ത് കൊടുക്കുന്ന രീതി, ആമ ഇറച്ചി, കോഴി മരുന്ന് - അങ്ങനെ എത്രയോ പ്രയോഗങ്ങൾ നമ്മുടെ ആയുർവേദത്തിലും, നാട്ടു വൈദ്യത്തിലും, ആദിവാസി വൈദ്യത്തിലും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഇതൊന്നും പറയാൻ പാടില്ലല്ലോ. സംസ്കാരത്തിൻറ്റെ സംരക്ഷകരായ കുറെ ആളുകളും, സസ്യാഹാരത്തെ (vegetarianism) മഹത്വവൽകരിച്ച് സംസാരിക്കുന്നവരും വന്നിട്ടുണ്ടല്ലോ. ആധുനിക വൽകരിക്കപെട്ട എല്ലാ സമൂഹങ്ങളിലും നോണ് വെജിറ്റെറിയൻ ആഹാരത്തോടും, ഫാസ്റ്റ് ഫുഡ്സ് - നോടും പ്രതിപത്തി കാണിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ പല നഗരങ്ങളിലും നിന്നുള്ള നാഷണൽ സാമ്പിൾ സർവേകൾ ഇതാണ് കാണിക്കുന്നത്. അപ്പോൾ പിന്നെ നാം എന്തിന് ആധുനികതയോടും, ആധുനിക ഭക്ഷണ ശീലങ്ങളോടും പുറം തിരിഞ്ഞു നിൽക്കണം? ഭഗവാൻറ്റെ അവതാരങ്ങൾ ആയ മത്സ്യം, കൂർമം, വരാഹം തുടങ്ങിയവക്ക് ഒന്നും ബാധകം അല്ലാത്ത ഈ ഇളവ് പശുവിനു മാത്രം എന്തിനു കൊടുക്കുന്നു?

പൊതുവെ പശു ഇറച്ചി ആരും കഴിക്കാറ് ഇല്ല എന്നൊക്കെ പറയുന്നത് വലിയ തെറ്റാണ്. മലയാളികളും, ബംഗാളികളും മീൻ കഴിക്കുന്നത് പോലെ ഇന്ത്യയിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ പശു ഇറച്ചി കഴിക്കും. അവരെ സംബന്ധിച്ച് ബീഫ് വില കുറഞ്ഞ മാംസം ആണ്. നല്ല പ്രോട്ടീൻ കിട്ടുന്ന വില കുറവുള്ള ഭക്ഷണം. ബീഫിൽ പശു ഇറച്ചിയും പെടും. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവരും കഴിക്കും. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പശു ഇറച്ചി ഒരു പ്രശ്നമേ അല്ല. അത് കൂടാതെ ഇന്ത്യയിലെ ഗോത്ര വർഗ ജനതകൾക്ക് അവർ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങൾ ഉണ്ട്. നാഷണൽ ജ്യോഗ്രഫിക് ഇതൊക്കെ കാണിച്ചിട്ടുമുണ്ട്. ചരിത്രകാരന്മാർ തന്നെ പറയുന്നത് ദയാനന്ദ സരസ്വതിയുടെ നെത്ര്വത്തത്തിൽ ഈ പശു സംരക്ഷണം ഒരു വലിയ വിഷയം ആക്കുന്നതിനു മുൻപ് ഇതൊരു വലിയ വിഷയമേ ആയിരുന്നില്ല എന്നാണ്.

ബീഫ് കഴിക്കുന്നത് നല്ല ഹിന്ദുവിൻറ്റെ ലക്ഷണമല്ല എന്ന ഉൾവിളി സൃഷ്ടിക്കുന്നത് ചില സന്ഖടനകളാണ്. ഇവരൊക്കെ മറക്കുന്ന ഒരു കാര്യം കേരളത്തിൽ നോൺ വെജിറ്റെറിയൻ വിളമ്പിയിരുന്ന മിക്ക ഹോട്ടെലുകളിലും, തട്ടു കടകളിലും കിട്ടിയിരുന്ന വിഭവം ആയിരുന്നു ബീഫ് എന്നതാണ്. ഇത്തരം ഹോട്ടലുകളും, തട്ട് കടകളും നടത്തിയിരുന്നതിലെ വലിയൊരു വിഭാഗവും ഹിന്ദുക്കൾ തന്നെയായിരുന്നു. ബീഫ് വ്യവസായത്തിൽ നിന്നും 90 ശതമാനവും ലാഭം നേടുന്നത് ബ്രാഹ്മണരാണ്. അമേരിക്കയിലേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന പെപ്സികോ കമ്പനിയുടെ ഗ്ലോബൽ സി. ഇ. ഒ. തമിഴ് നാട്ടിൽ നിന്നുള്ള ഇന്ദിര കൃഷ്ണമൂർത്തി ബ്രാഹ്മണ സ്ത്രീയാണ്. അത് പോലെ തന്നെയാണ് മറ്റു ബീഫ് കയറ്റുമതിക്കാരും. കാർഷിക സംസ്കാരത്തിന് അത്രയൊന്നും പ്രാമുഘ്യമില്ലാത്ത വ്യവസായിക യുഗത്തിൽ ഈ ഗോമാംസത്തിനെതിരെ ഇത്ര വലിയ പുകിൽ ഉണ്ടാക്കുന്നത് എന്തിനാണെന്ന് വിവേകമുള്ളവർക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണ്.

പണ്ട് ക്ഷാമവും, പ്രളയവും ഒക്കെ വരുമ്പോൾ ആളുകൾ പശുക്കളെ കൊന്നു തിന്നിരുന്നു. പിന്നീടു ക്ഷാമവും, പ്രളയവും ഒക്കെ മാറുമ്പോൾ അവർക്ക് പാലിനും, ചാണകത്തിനും വേറെ മാർഗം ഇല്ലായിരുന്നു. ഇതിനൊരു പോംവഴി ആയിട്ടാണ് ഗോവധ നിരോധനം ഇന്ത്യയിലെ കാർഷിക സംസ്കാരത്തിൻറ്റെ ഭാഗമായത്. അപ്പോഴും മാട്ടിറച്ചി കഴിക്കുന്ന പലരും ഉണ്ടായിരുന്നു. ഇതൊക്കെ പല ചരിത്ര കാരന്മാരും ചൂണ്ടി കാണിച്ചിട്ടുണ്ട്. 21-ആം നൂറ്റാണ്ടിൽ ഗോവധ നിരോധനം ഇന്ത്യയിൽ വേണമെന്ന് വാശി പിടിക്കുന്നത് അബദ്ധ ജടിലമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ കാർഷിക സംസ്കാരത്തിൽ അധിഷ്ഠിതമാണോ? ഇപ്പോഴും ചാണകം മെഴുകിയ തറയിലാണോ ഹിന്ദുക്കളെല്ലാവരും കിടക്കുന്നത്? ചാണകം ഉണക്കിയെടുത്താണോ പാചകം ചെയ്യുന്നത്? ഉത്തരേന്ത്യൻ ഗ്രാമ സംസ്കാരം കേരളത്തിലും പറിച്ചു നടാൻ ശ്രമിക്കുകയാണ് ചില സന്ഖടനകൾ. യമനിൽ ആടിനെ മേയ്ക്കാൻ പോകുന്നവരിൽ നിന്ന് വലിയ വിത്യാസം ഒന്നും ഈ പശു സ്നേഹികൾക്കും ഇല്ല.

ആഹാരത്തിൻറ്റെയും, വസ്ത്രത്തിൻറ്റെയും, സ്ത്രീകളുടെ നേർക്കുള്ള കടന്നു കയറ്റത്തിൻറ്റെയും പേരിൽ മത മേലധ്യക്ഷന്മാർ വ്യത്യസ്ത അഭിപ്രായങ്ങൾ പറയുമ്പോൾ തന്നെ പണത്തിൻറ്റെ കാര്യത്തിൽ എല്ലാ മതങ്ങളും ഒന്ന് തന്നെ. നേരത്തേ റിസർവ് ബാങ്ക് ആരാധനാലയങ്ങളിലെ സ്വർണത്തിന്റ്റെ കാര്യത്തിൽ കണക്കെടുപ്പ് വേണം എന്ന് പറഞ്ഞപ്പോൾ എല്ലാ മതങ്ങളും ഒന്നിച്ച് എതിർത്തു. കണക്കെടുപ്പിനെ പോലും ഭയപ്പെടുന്നവരാണ് സന്ഖടിത മതങ്ങളും, ജാതി സന്ഖടനകളും. കണക്കെടുപ്പ് ഒന്നും ഇല്ലാതെ പിരിച്ചാലല്ലേ പള്ളി കമ്മിറ്റികൾക്കും, അമ്പലം കമ്മിറ്റികൾക്കും കയ്യിട്ടു വാരാൻ പറ്റുകയുള്ളൂ.  ഇതൊന്നും മനസ്സിലാക്കാത്ത നിഷ്കളങ്കരായ വിശ്വാസികളുടെ കാര്യമാണ് കഷ്ടം - അവർ ഏതു മതത്തിൽ പെട്ടവർ ആണെങ്കിലും.

കുറച്ചു നാൾ മുമ്പ് ജസ്റ്റിസ് പരിപൂർണ്ണൻ കമ്മീഷൻറ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ദേവസ്വം റിക്രൂട്മെൻറ്റ് ബോർഡ് എന്ന ആശയത്തിനെതിരെ ആളുകൾ വന്നതും ധന സമ്പാദനം ലക്‌ഷ്യം വെച്ചാണെന്നാണ് തോന്നുന്നത്. ജസ്റ്റിസ് പരിപൂർണ്ണൻ കമ്മീഷൻറ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ദേവസ്വം റിക്രൂട്മെൻറ്റ് ബോർഡ് എന്ന ആശയം ഉണ്ടായെതെങ്കിൽ അത് അഴിമതി ഇഷ്ടപ്പെടാത്ത ആരും സ്വാഗതം ചെയ്യണം. ശബരിമല തന്ത്രി കണ്ഠരര് മോഹനരെ നിർത്തിപ്പൊരിച്ച മഹാൻ ആണ് ജസ്റ്റിസ് പരിപൂർണ്ണൻ. പൂജാവിധികളുടെ ബാലപാഠം പോലും പഠിക്കാത്ത, ഗണപതിയുടെ ജന്മ നക്ഷത്രം (അത്തം) ഏതെന്നറിയാത്തയാളാണ് ശബരിമല തന്ത്രിയെന്ന് ഹിന്ദുക്കൾക്ക് മനസിലാക്കിക്കൊടുത്ത ജഡ്ജി ആണ് ജസ്റ്റിസ് പരിപൂർണ്ണൻ. അത് കൊണ്ട് ഈ വിഷയം മതത്തിൻറ്റെ ലേബലിൽ അല്ലാതെ ഒരു സാമൂഹ്യ പ്രശ്നമായ  അഴിമതി ആയിട്ടു കാണാനാണ് എലാവരും  ശ്രമിക്കേണ്ടത്.

പണ്ട് മത്സ്യ മാമ്സാദികൾ കഴിക്കുന്നവരാണെന്നു പറഞ്ഞു ബ്രട്ടീഷുകാരോടു കേരളത്തിലെ നമ്പൂതിരി കൂട്ട് കൂടാതിരുന്നതും, ഇങ്ങ്ലീഷ് പഠിക്കാതിരുന്നതും കൊണ്ട് അവർക്ക് കുറച്ചിലല്ലാതെ നേട്ടം വല്ലതും കിട്ടിയോ? നമ്പൂതിരിമാരിലെ പുതിയ തലമുറ നന്നായി ഇങ്ങ്ലീഷ് കൈകാര്യം ചെയ്യുന്നുണ്ടല്ലോ. അപ്പോൾ അവർ നേട്ടങ്ങൾ കൊയ്യുന്നൂ എന്നല്ലേ അർഥം?

ഭക്ഷണ കാര്യത്തിലെയും, വസ്ത്രധാരണത്തിലെയും ഇന്ത്യയിലെ വൈവിധ്യം മനസ്സിലാക്കിയിട്ടുള്ള ആരും ഒരു പ്രത്യേക രീതിയിലുള്ള ഭക്ഷണമോ, വസ്ത്രമോ ഇന്ത്യയിൽ പൊതുവായുള്ളതാണെന്നു പറയില്ല. ദളിത് പണ്ഡിതനായ കാന്ജാ ഇലയ്യ പറയുന്നത് അവരുടെ ദൈവമായ പോച്ചമ കള്ള് കുടിക്കും; പോത്തിറച്ചി കഴിക്കും. അത് കൊണ്ട് അതൊക്കെ അംഗീകരിക്കാൻ തയാറുള്ള ആർക്കും അവരുടെ മതത്തിലേക്ക് സ്വാഗതം എന്നാണ്. കേരളത്തിൽ പാലക്കാടു മുത്തപ്പനും കള്ളും കുടിക്കും, പോത്തിറച്ചിയും കഴിക്കും എന്ന് എല്ലാവർക്കും അറിവുള്ളതാണ്. ഗോവധ നിരോധനവും, ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാനും പറഞ്ഞുകൊണ്ടിരിക്കുന്നവർക്ക്‌ പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തു കഴിക്കുന്നവരും ഉള്ള വടക്ക് കിഴക്കൻ ഗോത്ര വർഗ വിഭാഗങ്ങളിലെ ആളുകളുടെ   അടുത്തേക്ക് ചെല്ലാൻ പറ്റുമോ?

എല്ലാ അർത്ഥത്തിലും ഇന്ത്യയിലേത് ഒരു Multi Ethnic സമൂഹമാണ്. ഇന്ത്യയിൽ എത്രയോ തവണ മധ്യേഷ്യയിൽ നിന്നും, മറ്റു പലയിടങ്ങളിൽ നിന്നും കുടിയേറ്റം ഉണ്ടായിട്ടുണ്ട്. യഥാർത്ഥത്തിൽ മതത്തിനതീതമായി ഇന്ത്യൻ ഉപഭൂഘണ്ടത്തിൽ (ഹിന്ദുസ്ഥാൻ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ‘ഹിന്ദു’ പ്രധിനിദാനം ചെയ്യുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ യൂറോപ്യൻ കച്ചവടക്കാരും മറ്റ് കോളനി നിവാസികളും ഭാരതീയ മതങ്ങൾ പിന്തുടരുന്നവരെയെല്ലാം ‘ഹിന്ദു’ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങി. പതിയെ ഇത് ഇന്ത്യയിൽ ജനിച്ചിട്ടുള്ള എല്ലാവരേയും ഹിന്ദുവായി കരുതി. അങ്ങനെയാണീ ഇന്നത്തെ ഹിന്ദു ജനിച്ചത്. ഈ ഹിന്ദുവിൽ തന്നെ താന്ത്രിക സമ്പ്രദായവും, മറ്റു പല സമ്പ്രദായങ്ങളിലും ഉള്ളവർ ഉണ്ട്. അതി സൂക്ഷ്മവും, ബൃഹത്തുമായ ചരിത്രപഠനങ്ങളിലൂടെ മാത്രമെ അവയൊക്കെ എങ്ങെനെയൊക്കെയാണ് ചരിത്രത്തിൽ സ്വാംശീകരിക്കപ്പെട്ടത് എന്നത് കണ്ടെത്തുവാൻ സാധിക്കുകയുള്ളു. അത് കൊണ്ടു തന്നെ ഒരേ രീതിയിലോ, ഒരു സമ്പ്രദായം പിന്തുടരുന്നവരോ ആയി ഇന്ത്യാക്കാരെയോ, ഹിന്ദുക്കളെയോ കാണേണ്ട ഒരു ആവശ്യവുമില്ല. മതത്തിനതീതമായി ഇന്ത്യൻ ഉപഭൂഘണ്ടത്തിൽ (ഹിന്ദുസ്ഥാൻ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ‘ഹിന്ദു’ പ്രധിനിദാനം ചെയ്യുന്നു. ഹിന്ദു എന്ന് പറയുമ്പോൾ അതിലെ വ്യത്യസ്തത പലരും മനസ്സിലാക്കുന്നില്ല. മത്സ്യ മാമ്സാദികളെ  ഒഴിവാകുന്ന കേരളത്തിലെ നമ്പൂതിരിയും, വലിയ മീൻ പട്ടിൽ പൊതിഞ്ഞു വിവാഹ വാഗ്ദാനം കൊടുക്കുന്ന ബംഗാളി ബ്രാഹ്മണനും തമ്മിൽ എന്താണ് ഐക്യം? വൈവിധ്യമാണ് ഇന്ത്യയുടെ അടിസ്ഥാനം. അത് മനസ്സിലാക്കാൻ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ഒന്ന് യാത്ര ചെയ്താൽ മാത്രം മതി. ഈ രാജ്യം ഒരു   പ്രത്യേക ജാതിയുടെയോ, മതതിൻറ്റെയോ കുത്തക അല്ല.

പതിനെട്ടാം നൂറ്റാണ്ടിൻറ്റെ  അന്ത്യത്തോടെ യൂറോപ്യൻ കച്ചവടക്കാരും മറ്റ് കോളനി നിവാസികളും ഭാരതീയ മതങ്ങൾ പിന്തുടരുന്നവരെയെല്ലാം ‘ഹിന്ദു’ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങി. പതിയെ ഇത് ഇന്ത്യയിൽ ജനിച്ചിട്ടുള്ള എല്ലാവരേയും ഹിന്ദുവായി കരുതി. അങ്ങനെയാണീ ഇന്നത്തെ ഹിന്ദു ജനിച്ചത്.  പണ്ട് സനാതന ധർമം എന്നാണ് ഇന്നത്തെ ഹിന്ദു മതം അറിയപ്പെട്ടിരുന്നത് തന്നെ. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ധർമം പാലിക്കുന്നതിൽ ആയിരുന്നു മുൻഗണന എന്നത്. ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങൾക്കാണ് മുൻഗണന കൊടുത്തിരുന്നത്. പിന്നീട് ആ ധർമം വർണാശ്രമ ധർമം ആയി മാറി. ജാതി വ്യവസ്ഥ ഇന്ത്യയിൽ അങ്ങേയറ്റം രൂക്ഷതയോടെ നില കൊണ്ടു.

മതം എന്ന് പറയുമ്പോൾ തന്നെ ഓരോ മതത്തിലേയും ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങളാവുമ്പോൾ തന്നെ  പിന്നെ എന്തിനാണീ ഭൂരിപക്ഷവും, ന്യൂനപക്ഷവും? അതിൻറ്റെ പേരില് എന്തിനാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്? Apprenticed to a Himalayan Master – Autobiography of a Yogi’ എഴുതിയ ശ്രി എം. കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ വർഗീയതക്കെതിരെ ‘Walk of Hope’ അല്ലെങ്കിൽ 'പ്രത്യാശയുടെ പദയാത്ര' നടത്തി. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' എഴുതിയ ശ്രി എം. ഈയിടെ ഒരു ഇൻറ്റെർവ്യൂവിൽ ഇന്ത്യയുടെ വൈവിധ്യത്തെ ഓർമിപ്പിച്ചു. ഹിന്ദു എന്നത് അനേകം സമ്പ്രദായങ്ങൾ ഒത്തു ചേരുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 40 വർഷത്തിലേറെ  ഇന്ത്യയിൽ സഞ്ചരിച്ച ആദ്യ അമേരിക്കകാരനായ നാഗ സന്യാസി ബാബാ റാംപുരിയും (വില്യം എ. ഗാൻസ്) ചൂണ്ടി കാട്ടുന്നതും ഈ വൈവിധ്യമാണ്. ആദ്യ അമേരിക്കൻ നാഗ സന്യാസിയായ ബാബാ റാംപൂരിയുടെ ആത്മ കഥ - 'Autobiography of a Sadhu: An Agrez Among Naga Babas’ ഇതു കൃത്യമായി വെളിവാക്കുന്നുണ്ട്.

ഇന്ന് ഗുജറാത്തിലും, മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സ്ത്രീ പുരുഷ അനുപാതം വളരെ മോശമാണ്. പെൺ ഭ്രൂണഹത്യ വ്യാപകമായി നടക്കുന്നു. വിവാഹ പ്രായമായ ആണുങ്ങൾക്ക് ഗുജറാത്തിൽ പെണ്ണു പോലും കിട്ടുന്നില്ല. പട്ടേൽ സമുദായത്തിൽ പെട്ടവർ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ ഗുജറാത്തിൽ ഇറക്കുമതി ചെയ്യുകയാണ്. ഈയിടെ 42 ഒറിയ പെൺകുട്ടികൾക്ക് വേണ്ടി ക്യൂ നിന്നത് 5000 പേരാണ്. മധ്യ പ്രദേശ്, രാജസ്ഥാൻ, ഹരിയാന - ഈ സംസ്ഥാനങ്ങളിലൊക്കെ സ്ഥിതി വിഭിന്നമല്ല.
ജ്ഹാർക്ഖണ്ടിൽ ഇന്നും 50% ആളുകൾ നിരക്ഷരാണ്. ഈ അടുത്ത കാലത്താണ് ചട്ടിസ്ഗർഹിൽ അനേകം സ്ത്രീകൾ ശസ്ത്രക്രിയക്കിടെ മരിച്ചത്. പശ്ചിമ ബെന്ഗാളിലെ ജൈപാൽ ഗുടിയിൽ ഈ അടുത്ത കാലത്ത് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തു. ഒറിസ്സയിലെ കാലഹണ്ടി, ഫുല്ബാനി - എന്നീ സ്ഥലങ്ങളിൽ നിന്നും പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇതൊക്കെ മാറ്റുന്നതിന് പകരം ആഹാരത്തിൻറ്റെയും, വസ്ത്രത്തിൻറ്റെയും പേരിൽ കലഹിക്കണമോ? സ്ത്രീകളുടെ നേർക്കുള്ള കടന്നു കയറ്റം മത മേലധ്യക്ഷന്മാർ നടത്തണമോ? സ്ത്രീകൾ അവർക്ക് ഇഷ്ടമുള്ള വേഷങ്ങൾ ധരിക്കട്ടെ. സ്ത്രീകൾ ഇത്ര പ്രസവിക്കണമെന്നും മറ്റുമുള്ള അഭിപ്രായങ്ങൾ തീർത്തും അനുചിതമാണ്.

ഇതൊക്കെ പറയുമ്പോൾ സംസ്കാരത്തിൻറ്റെയും, സദാചാരത്തിൻറ്റെയും പേര് പറഞ്ഞു ചിലർ വരും. അമേരിക്കയിലൊക്കെയുള്ള ലൈംഗിക സ്വാതന്ത്ര്യവും, വസ്ത്രധാരണത്തിൽ ഉള്ള സ്വാതന്ത്ര്യവും, ഭക്ഷണ കാര്യത്തിൽ ഉള്ള സ്വാതന്ത്ര്യവും ഇവിടെ വേണോ എന്നാണു ചിലരുടെ ചോദ്യം. അമേരിക്കക്കാർ നോബൽ സമ്മാനങ്ങൾ നേടുന്നതും, ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടുന്നതും സദാചാര വാദികൾ കാണില്ല. വിശ്വ പ്രസിദ്ധമായ സർവ്വകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾ - ഇതൊക്കെ അമേരിക്കയിൽ ആണ് ഉള്ളതെന്ന് ചിലർ മറന്നു പോകുന്നു. മൈക്രോസോഫ്റ്റ്, ഗൂഗിൾ, യാഹൂ, - ഇങ്ങനെയുള്ള വലിയ കമ്പനികളുടെ കേന്ദ്രം അമേരിക്കയിലല്ലേ? ഹാർവാർഡ്, യെയിൽ, കൊളംബിയ - ഇവയൊക്കെ അമേരിക്കയിലല്ലേ? ഇതൊന്നും കാണാതെ അവരുടെ ലൈംഗികതയെ മാത്രം വിമർശിക്കുന്നത് യുക്തിക്കു നിരക്കുന്നതാണോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ