2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച

സ്ത്രീ ലൈംഗികതയും മത ഭ്രാന്തും

സ്ത്രീ ലൈംഗികതയും മത ഭ്രാന്തും

ഇപ്പോൾ നടി ഭാവനയെ തട്ടി കൊണ്ട് പോകൽ മലയാള മാധ്യമങ്ങൾക്കു മാത്രമല്ല; ദേശീയ മാധ്യമങ്ങൾക്കു വരെ ഒരു പ്രധാനപ്പെട്ട ചർച്ചാ വിഷയമായി മാറി കഴിഞ്ഞു.  സ്ത്രീ ലൈംഗികതയെ സംബന്ധിച്ച എന്തും ലൈംഗിക ദാരിദ്ര്യമുള്ള നമ്മുടെ സമൂഹത്തിൽ കൊഴുപ്പിക്കുന്ന പതിവാണ് മാധ്യങ്ങൾക്കുള്ളത്. ലൈംഗിക വിഷയങ്ങങ്ങൾക്കാണെങ്കിൽ നല്ല മാർക്കെറ്റാണ്. കുറെ ചാനലുകാരും, ഞരമ്പ് രോഗികളും ഉള്ളപ്പോൾ ലൈന്ഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളിക്കും, പൊതുവിൽ ഇൻഡ്യാക്കാർക്കും ചൂടൻ വാർത്തകൾ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഇത്തരം ഞരമ്പ് രോഗികൾക്ക് കൂട്ടിന് ടി. വി. ചർച്ചയും, മറ്റു മാധ്യമങ്ങളും, സോഷ്യൽ മീഡിയയും, ഓൺ ലൈൻ പത്രങ്ങളും.

സ്ത്രീ ലൈംഗികത യാഥാസ്തികവും മതപരവും ആയിട്ടുള്ള സമൂഹങ്ങളിൽ അഭിമാന ബോധത്തിൻറ്റെ പ്രശ്നം കൂടിയാണ്. പരമ ദരിദ്രനാണെങ്കിൽ കൂടി തങ്ങളുടെ കുടുംബങ്ങളിലും, ജാതിയിലും, മതത്തിലും താനുൾപ്പെട്ട സമൂഹങ്ങളിലും ഉള്ള സ്ത്രീകളെ സംരക്ഷിക്കണം എന്ന പ്രബലമായ ചിന്താഗതി വേരുറയ്ക്കപ്പെട്ടിരിയ്ക്കുന്നു. സ്ത്രീ ഇത്തരക്കാരുടെ സ്വകാര്യ സ്വത്താണ്. അത് കൊണ്ട് തന്നെ സ്ത്രീകളെ ഒന്നു നോക്കിപോയാലോ, അവരോട് ഒന്നു സംസരിച്ചുപോയാലോ മതി നമ്മുടെ രാജ്യത്തിൻറ്റെ പല സ്ഥലത്തും അക്രമവും, കലാപവും ഉണ്ടാകാൻ.  ഇത് നമ്മുടെ രാജ്യത്തിൻറ്റെ മാത്രം പ്രശ്നമല്ല. യാഥാസ്തികവും മതപരവും ആയിട്ടുള്ള ലോകത്തിലുള്ള മിക്ക സമൂഹങ്ങളിലെയും പ്രശ്നമാണ്. സ്ത്രീകൾക്കെതിരെ ഉള്ള അക്രമം മറ്റേതൊരു കുറ്റ കൃത്യത്തെ പോലെ നോക്കി കാണാൻ അത് കൊണ്ട് തന്നെ യാഥാസ്തിക സമൂഹങ്ങളിൽ സാധിക്കാറുമില്ല.

ഈ സ്ത്രീ ലൈംഗികത പല യാഥാസ്തിക സമൂഹങ്ങളിലും മതവുമായി കൂടി ചേർന്നാണിരിയ്ക്കുന്നത്. മത മേലധ്യക്ഷന്മാർ അത് കൊണ്ട് തന്നെ സ്ത്രീകളുടെ വസ്ത്ര ധാരണത്തിലും, സംസാരത്തിലും, പഠനത്തിലും വിവാഹത്തിലും സ്ത്രീ ഉൾപ്പെട്ട കുടുംബ വ്യവസ്ഥിതിയിലും ഒക്കെ കൈ കടത്തുന്നു. പെൺകുട്ടികളെ അടക്കത്തിലും, ഒതുക്കത്തിലും വളർത്തുന്നതാണ് നമ്മുടെ രീതി എങ്കിൽ പർദ്ദയും, ശിരോവസ്ത്രവും ഒക്കെയാണ് വേറെ ചിലരുടെ രീതി. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയിൽ യൂറോപ്പ്യന്മാർ വരുന്നതിനു മുൻപ് സ്ത്രീകൾ മാറ് മറച്ചിരുന്നില്ല. ഗൂഗിളിൽ പഴയ ബ്ളാക് ആൻഡ് വൈറ്റ് ഫോട്ടോകൾ ഇഷ്ടം പോലെയുണ്ട് - മുസ്ലീം സ്ത്രീകൾ കൂളായി യൂറോപ്പ്യന്മാരുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ആ ഫോട്ടോകൾ ഗൂഗിളിൽ തപ്പിയാൽ കാണാം. പക്ഷെ ഇന്നിപ്പോൾ ആ ഇന്തോനേഷ്യയിൽ മതത്തിൻറ്റെ പേരിൽ പർദ്ദ അടിച്ചേൽപ്പിയ്ക്കുകയാണ്. സദാചാര പോലീസുകാർ ഭരണത്തിൽ സ്വാധീനം ചെലുത്തുകയും സദാചാര കുറ്റ കൃത്യങ്ങൾക്ക് സ്ത്രീകളെ പരസ്യമായി ചൂരലിന് അടിയ്ക്കുകയും ചെയ്യുന്നു. ഈയിടെ അങ്ങനെ അടി കൊള്ളുന്ന ഒരു സ്ത്രീ ബോധം കെടുകയും ആ സ്ത്രീയെ താങ്ങിയെടുത്ത് കൊണ്ട് പോകുകയും ചെയ്യുന്ന വീഡിയോ ലോകം മുഴുവൻ കണ്ടതാണ്.

മധ്യ പ്രദേശിലെ ഖജുരാഹോയിൽ മൃഗ രതിയും, സമൂഹ രതിയും, സ്വവർഗ രതിയും ഒക്കെ പരസ്യമായി കൊത്തി വെച്ചിട്ടുണ്ട്. ഖജുരാഹോയിൽ മാത്രമല്ല, മധ്യ പ്രദേശിലെ മറ്റു ക്ഷേത്രങ്ങളിലും, കൊണാർക്കിലും, ചോള ശിൽപങ്ങളിലും രതി കൽപനകൾ ധാരാളം ഉണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിമാലയൻ യാത്ര വിവരങ്ങൾ എഴുതിയ എം. കെ രാമചന്ദ്രൻ തൻറ്റെ 'ദേവഭൂമിയിലൂടെ' എന്ന പുസ്തകത്തിൽ മാണി മഹേഷ് കൈലാസത്തിണ്റ്റെ അടുത്ത് ഇന്ന് - ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ - 'പാഞ്ചാലി സമ്പ്രദായം' അഥവാ ബഹു ഭർതൃത്ത്വം ആചരിക്കുന്ന ഒരു സമുദായത്തെ കുറിച്ച് പറയുന്നുണ്ട്. ബഹു ഭർതൃത്ത്വം ഇന്ത്യയിൽ ഒരു കാലത്ത് ഉണ്ടായിരുന്നതിൻറ്റെ തെളിവാണ് ഇന്നും ഉള്ള ആ 'പാഞ്ചാലി സമ്പ്രദായം'. ഗന്ധർവ വിവാഹങ്ങളും, പ്രേമവും ഈ ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ ചരിത്രത്തിൽ ഉണ്ടായിരുന്നു. ഇന്നും ആസാമിലെ കാമാഖ്യ ക്ഷേത്രത്തിൽ ദേവിയുടെ 'മെൻസസ്' വലിയ ഉത്സവമാണ്. ഇന്ത്യയിലെ 52 ശക്തി പീഠങ്ങളിൽ ഒന്നാണ് ആസാമിലെ കാമാഖ്യ ക്ഷേത്രം. കേരളത്തിൽ തന്നെ, ദേവിയുടെ രക്തം എന്ന രീതിയിൽ ആർതവ രക്തം പുരണ്ട തുണിയെ വന്ദിക്കുന്നതിനെ കുറിച്ച് 'സാഹിത്യ വാരഫലം' എഴുതിയിരുന്ന എം. കൃഷ്ണൻ നായർ വിവരിക്കുന്നുണ്ട്. ഇതൊക്കെ കാണിക്കുന്നത് ലൈംഗികതയെയും, ശരീര പ്രദർശനത്തെയും കുറിച്ച് 'പാപബോധം' പൗരാണികർക്ക് ഇല്ലായിരുന്നു എന്നതാണ്. 'ക്രിസ്ത്യൻ മൊറാലിറ്റി' - യുടെ ഭാഗമായി വികസിച്ചു വന്ന  'പാപബോധം' ആണ് ലൈംഗികതയേയും, സ്ത്രീയെയും പല രീതിയിൽ അടിച്ചമർത്തിയത്. പുരോഹിത വർഗം വളർന്നപ്പോൾ അവർ സ്ത്രീയെ പല രീതിയിലും തളച്ചിട്ടു. ഇന്ത്യയിൽ ബ്രാഹ്മണരുടെ നെത്ര്വത്ത്വത്തിലുള്ള ആ പുരോഹിത വർഗം ആണ് ശരിക്കും പാപബോധം ഉണ്ടാക്കിയതും സ്ത്രീയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതും. ബ്രാഹ്മണർ രാജാക്കന്മാരെ കയ്യിലെടുത്തു. ജാതി വ്യവസ്ഥ അടിച്ചേൽപ്പിച്ചു. ഉപനിഷത്തുകൾ,സ്മൃതികൾ, ഇതിഹാസങ്ങൾ - ഇവയിലെല്ലാം ജാതിവ്യവസ്ഥയെ സാധൂകരിച്ചിരിക്കുന്നവ പലതും ബ്രാഹ്മണർ കൂട്ടി ചേർത്തു. ഇന്ത്യയുടെ പൗരാണിക സാഹിത്ത്യത്തിൽ ജാതിവ്യവസ്ഥയെ സാധൂകരിച്ചിരിക്കുന്നവ കൂട്ടി ചേർത്തും, സ്ത്രീ വിരുദ്ധത അടിച്ചേൽപ്പിച്ചും ബ്രാഹ്മണർ നടത്തിയ ഈ കയ്യേറ്റം ആണ് സെക്സിനെ സംബന്ധിച്ച് പാപ ബോധം വളരാൻ കാരണം.

ലളിതാംബിക അന്തർജനംതിൻറ്റെയും ദേവകി നിലയങ്ങോടിൻറ്റെയും കൃതികൾ വെളിവാക്കുന്നത് സ്ത്രീകൾക്ക് നേരെയുള്ള പല രീതിയിലുള്ള ക്രൂരതകളാണ്. . നമ്പൂതിരി വിധവകൾ വെറും നിലത്തു കിടക്കണമായിരിന്നു. അവർക്ക് എണ്ണ തേക്കാൻ പറ്റില്ലായിരുന്നു. സ്വർണം, വെള്ളി - ഈ ആഭരണങ്ങൾ ഒന്നും അണിയാൻ അവകാശമില്ലായിരുന്നു. ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. ഇന്നും വൃന്ദാവൻ, വാരണാസി തുടങ്ങിയ സ്ഥലങ്ങളിൽ ആയിരക്കണക്കിന് വിധവകൾ നരകയാതന അനുഭവിച്ചു കഴിയുന്നുണ്ട്. ഇന്നാകട്ടെ ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണല്ലോ കേരളത്തിലെ ഇപ്പോഴുള്ള അവസ്ഥ. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നതാണ് റിപ്പോർട്ടുകൾ. പണ്ട് സ്മാർതൻ താത്രിയെ 'സാധനം' എന്നാണല്ലോ  താത്രി കുട്ടിയുടെ സ്മാർത്ത വിചാരണാ വേളയിൽ വിശേഷിപ്പിച്ചത്. 'അകത്തത്' , 'അത്' , 'ഇത്' - എന്നൊക്കെയാണല്ലോ 21 -ആം നൂറ്റാണ്ടിലും ചില നമ്പൂതിരിമാർ സ്ത്രീകളെ പരാമർശിച്ച് എഴുതിയുട്ടുള്ളത്.  നമ്പൂതിരിമാർക്ക് നല്ല ഒരു അടി അവരുടെ സ്ത്രീകളിൽ നിന്ന് തന്നെ കിട്ടി കൊണ്ടിരിക്കയാണ് എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്. വിദ്യാഭ്യാസവും, തൊഴിലും, വരുമാനവും വന്നതോട് കൂടി അങ്ങനെ പണ്ട് അടിച്ചമർത്തപ്പെട്ട സ്ത്രീകൾ തങ്ങളുടെ അവകാശം സ്ഥാപിക്കുന്നു.

ഗൂഗിളിൽ തപ്പിയാൽ പണ്ട് നായർ യുവതികൾ മാറ് മറക്കാതെ താലപ്പൊലിയും പിടിച്ചു നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ ഇഷ്ടം പോലെ കാണാം. മലയാള സാഹിത്യത്തിലെ കാരണവരായ തകഴി ശിവ ശങ്കര പിള്ള 'കയറിൽ' സ്ത്രീകൾ ഒറ്റ മുണ്ട് ധരിക്കുന്നതും, കരക്ക് നാധന്മാർ വരുമ്പോൾ നായർ സ്ത്രീകൾ മേൽമുണ്ട് മാറ്റുന്നതിനെ കുറിച്ചും പറയുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറും 'ഒരു ഭഗവദ് ഗീതയും കുറെ മുലകളും' എന്ന നോവലിൽ ഒരു നമ്പൂതിരി ഇല്ലത്തു പോയതും അവിടെ മാറ് മറയ്ക്കാത്ത സ്ത്രീകളെ കണ്ടതിനെ കുറിച്ചും പറയുന്നുണ്ട്. ഇങ്ങനെ ഒരു ചരിത്രവും, പാരമ്പര്യവും ആണ് നമുക്ക് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ശരീരം പ്രദർശിപ്പിക്കപ്പെടുന്നതിൽ പണ്ട് പല സമുദായക്കാർക്കും പാപബോധത്തിൻറ്റെ അംശം വരില്ലായിരുന്നു. അതായിരുന്നു പണ്ടിവിടെ നില നിന്ന രീതി. അങ്ങനെയുള്ള ശരീര പ്രദർശനം അത് കൊണ്ട് തന്നെ ക്ഷേത്ര കലകളിലും ധാരാളമായി ഉണ്ട്.

ഇന്ത്യയിൽ എന്നല്ല; ലോകത്ത് തന്നെ പുരോഹിത വർഗം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് എല്ലാ മതങ്ങളിലും സ്ത്രീകൾക്ക് തുല്യ നീതി നിഷേധിക്കപ്പെടാൻ തുടങ്ങിയത്. പുരാതന ഗ്രീസിലും, വേദ കാലത്തും സ്ത്രീ പുരോഹിതകൾ ഉണ്ടായിരുന്നു. ഇന്ത്യയിലാണെങ്കിൽ അർത്ഥ നാരീശ്വര സങ്കൽപം ആണ് പണ്ട് മുതലേ ഉള്ള ശിവ സങ്കൽപം. ലോപ മുദ്ര, മീര, ഗാർഗി, മൈത്രേയി - ഇങ്ങനെ ഒള്ള എത്രയോ സ്ത്രീകൾ പുരാതന ഭാരതത്തിൽ ഉന്നതമായ ദൈവിക അനുഭവം ഉള്ളതായി പറയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യ കണ്ട ഏറ്റവും വലിയ ദൈവാനുഭവം സിദ്ധിച്ച ഒരാളായിരുന്നു ബെന്ഗാളിൽ നിന്നുള്ള ശ്രീ ആനന്ദമയി. മാതൃ ദേവതാ സങ്കൽപ്പങ്ങൾ ഇവിടെ ഇഷ്ടം പോലെ ഉണ്ട്.

സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുകയും, സ്ത്രീയെ പല രീതിയിലും തളച്ചിടുകയും ചെയ്തപ്പോൾ തന്നെ പുരോഹിത വർഗം തങ്ങളുടെ അഭിലാഷങ്ങൾ സാധിക്കുവാൻ വേണ്ടി പാരമ്പര്യ സമൂഹങ്ങളിൽ പല അടവുകളും പയറ്റി. 20-30 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺകുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര - എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. പ്രത്യേക സ്ക്വാഡിനെ ഇറക്കിയാണ് മഹാരാഷ്ട്രയിൽ പോലീസ് ദേവദാസി സമ്പ്രദായം അമർച്ച ചെയ്തത്. ഈ പ്രത്യേക സ്ക്വാഡിനോട് പൊരുതാൻ ഗുണ്ടാ സംഘങ്ങളും, തൽപര കക്ഷികളും എത്തി. ഇതൊക്കെ ഈയടുത്ത് നടന്ന സംഭവങ്ങളാണ്. ഇപ്പോഴും ദേവദാസി സമ്പ്രദായത്തിലേക്ക് രഹസ്യമായി പാവപ്പെട്ട പെൺകുട്ടികളെ ചേർക്കുന്നുണ്ട്. 'ദാസി' സമ്പ്രദായം ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ ഭൂവുടമകളുടെ ഇടയിൽ വ്യാപകമായി ഉണ്ടായിരുന്നു. നടി അർച്ചനയ്ക്ക് ദേശീയ വാർഡ് കിട്ടിയത് തന്നെ 'ദാസി' സിനിമയിൽ അഭിനയിച്ചതിനാണ്. 'ദാസി' - കളായ പെൺകുട്ടികളെ ബലാത്സംഘം ചെയ്യുന്നതും, അന്യർക്ക് കാഴ്ച വെയ്ക്കുന്നതും കുറെ വർഷങ്ങൾക്കു മുമ്പ് വരെ ഉണ്ടായിരുന്നു.

യൂറോപ്പിലും, അമേരിക്കയിലും ആധുനിക വൽക്കരണത്തിൻറ്റെ ഭാഗമായി സ്ത്രീ വിദ്യാഭ്യാസത്തിനും, തൊഴിലിനും വളരെ പ്രാധാന്യം നൽകി. ഇരുപതാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ സ്ത്രീകളുടെ അവകാശത്തിനു വേണ്ടി വാദിച്ചു. നോബൽ സമ്മാന ജേതാവായ മേരി ക്യൂരിക്കൊക്കെ വിദ്യാഭ്യാസത്തിൻറ്റെയും, തൊഴിലിൻറ്റെയും കാര്യത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ പോലും അനുഭവിക്കേണ്ടി വന്നത് കടുത്ത വിവേചനമായിരുന്നു. നേരത്തെ പ്രോട്ടെസ്റ്റൻറ്റുകളും, കാത്തലിക് വിഭാഗക്കാരും കലഹിച്ചു കൊണ്ടിരുന്ന നാടാണ് യൂറോപ്പ്. മധ്യ കാലത്ത് യൂറോപ്പിൽ പ്ളേഗ് പടർന്നു പിടിച്ചപ്പോൾ വത്തിക്കാൻറ്റെ നെത്ര്വത്ത്വത്തിൽ വേശ്യകളേയും, സ്വവർഗ രതിക്കാരേയും, വെപ്പാട്ടികളേയുമൊക്കെ കുറ്റ വിചാരണ ചെയ്തു ശിക്ഷിച്ചു; പലരെയും തൂക്കിലേറ്റി. പെരുമാൾ മുരുഗൻറ്റെ 'അർദ്ധ നാരീശ്വരൻ' എന്ന നോവലിൽ ലൈംഗികതയെ കുറിച്ച് പ്രദിപാദിക്കുന്നതു പോലെ പല ചരിത്ര സംഭവങ്ങളും പുരാതന ഗ്രീക്ക് ദേവാലയങ്ങളിലും നടന്നിട്ടുണ്ട്. യൂറോപ്പിലും, ഗ്രീസിലും ആ ചരിത്ര സംഭവങ്ങളെ  കുറിച്ച് തുറന്ന ചർച്ച നടക്കുന്നു. അനേകം പുസ്തകങ്ങൾ എഴുതുന്നു. 'Dangerous  Beauty ' പോലുള്ള പ്രസിദ്ധമായ ഹോളിവുഡ് ചിത്രങ്ങൾ വരുന്നു. ആർക്കും ഒരു കുഴപ്പവുമില്ല. അതിനു കാരണം ഇന്ന് യൂറോപ്പിലും, അമേരിക്കയിലും ഉള്ളത് 'പോസ്റ്റ് ക്രിസ്ത്യൻ' സമൂഹങ്ങളാണ് എന്നത് തന്നെ. വ്യക്തി സ്വാതന്ത്ര്യത്തിനും, സ്ത്രീ സ്വാതന്ത്ര്യത്തിനും പ്രാമുഖ്യം കൊടുക്കുന്നവരാണ് അവർ. മതം അല്ല അവിടെ ഭരണ കൂടത്തിൻറ്റെ നയങ്ങൾ തീരുമാനിക്കുന്നത്. വികസിത രാജ്യങ്ങളിൽ മതവും, മത പരമായ ആചാരങ്ങളും ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യതയുടെ ഭാഗമാണ്.

പക്ഷെ ഇന്ത്യയിൽ ചരിത്ര വസ്തുതകൾ പരാമർശിക്കുമ്പോൾ  വലിയ കോലാഹലമാണ്.  എം. ടി. - യും, തകഴിയും, ബഷീറും, പൊറ്റക്കാടുമേല്ലാം വലിയ സാമൂഹ്യ വിമർശനങ്ങൾ നടത്തിയവരാണ്.  എം. ടി. - യുടെ പെരുന്തച്ചനും, നിർമാല്യവും, പരിണയുവുമെല്ലാം   കടുത്ത സാമൂഹ്യ വിമർശനങ്ങൾ നടത്തുന്നുണ്ട്. നാലുകെട്ടിൻറ്റെ കഥാകാരന് അത് കൊണ്ട് തന്നെ ഇനി വീണ്ടും ഹിന്ദുവാണെന്ന് തെളിയിക്കേണ്ട ഒരു കാര്യവുമില്ല. സെക്സും, കാമവും വ്യാപകമായി  ഇവിടെയും  ഉണ്ടായിരുന്നു.   ഇവിടെ  അതൊന്നും ഇല്ലായിരുന്നു  എന്ന് വാദിക്കുന്നത് ശുദ്ധ വിവരക്കേടാണ്. സദാചാരത്തിൻറ്റെ വക്താക്കൾ ജ്ഞാനപീഠം കിട്ടിയ തഴിയുടെ 'കയറും', പൊറ്റക്കാടിൻറ്റെ 'ഒരു ദേശത്തിൻറ്റെ കഥയും' വായിക്കണം. മലയാളിയുടെ ലൈംഗിക ജീവിതത്തിൻറ്റെ നേർ കാഴ്ച്ചയാണല്ലോ ഈ രണ്ടു നോവലുകളും.

ഇന്ന് ലോകത്തിലെ ലൈംഗിക വൈകൃതത്തിൻറ്റെ ഭീകര രൂപമാണ് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐസിസ്). മതവും, തീവ്രവാദവും ഐസിസ് - ൽ ഒന്നിയ്ക്കുന്നു. ഐസിസ് - ൽ ഒക്കെ ലൈംഗിക കുറ്റവാളികൾ ധാരാളം ഉണ്ട്. ലൈംഗിക അടിമകളെ ഐസിസ് സൃഷ്ടിക്കുന്നു. ഐസിസ് പോരാളികൾ സ്ത്രീകളെ ചങ്ങലയ്ക്കിട്ടു കൊണ്ട് പോകുന്ന വീഡിയോയും, ഫോട്ടോയും ഇൻറ്റെർനെറ്റിൽ ഇഷ്ടം പോലെ ഉണ്ട്. മതത്തേക്കാൾ ഉപരി ലൈംഗിക അടിമത്തം ആണ് തീവ്ര വാദ സംഘടനകളിലേയ്ക്ക് പലരെയും ആകർഷിയ്ക്കുന്നത് എന്നാണ് പല രാജ്യങ്ങളിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ  ലഭ്യമായ വിവരങ്ങൾ വെച്ചുള്ള കണക്കു കൂട്ടൽ. ഇരുനൂറിലധികം സ്ത്രീകളെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന് ഈയിടെ പിടിയിലായ  ഐസിസ് ഭീകരൻറ്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ഒക്ടോബറിൽ ഇറാഖിലെ കിർകുക്കിൽ നടത്തിയ ആക്രമണത്തിൽ പിടികൂടിയ അമർ ഹുസൈൻ എന്ന 21 കാരനായ ഭീകരൻറ്റെതാണ് ഈയിടെ വന്ന വെളിപ്പെടുത്തൽ. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടാണ് ഈയിടെ ഇയാൾ ഇക്കാര്യം പറഞ്ഞത്.

ഇസ്‌ലാമിക് സ്റ്റേറ്റിൻറ്റെ അത്ര വരില്ലെങ്കിലും സാന്മാർഗികതയുടെ കാര്യത്തിൽ ശ്രീ രാം സേന, ബജ്രങ്ങ് ദൾ, ഹനുമാൻ സേന, ആർ.എസ്. എസ്. - ഇവയൊക്കെ താലിബാൻറ്റെ ഇന്ത്യൻ പതിപ്പാണ്. ഇപ്പോൾ ഇന്ത്യയിൽ സംസ്കാരവും, ചരിത്രവും, സദാചാരവും ഇവർ നിശ്ചയിക്കുന്നതാണ്.  ശ്രീ രാം സേന മംഗലാപുരത്ത് പബ്ബിൽ പോകുന്ന പെണ്കുട്ടികളെ മർദിച്ചു കൊണ്ട് തുടക്കമിട്ടു. ബജ്രങ്ങ് ദൾ പ്രവർത്തകർ ആണെങ്കിൽ അനേകം അക്രമ സംഭവങ്ങളിൽ പ്രതികളാണ്. മംഗലാപുരത്ത് ഈയിടെ ഒരു ഹിന്ദു പെൺ കുട്ടിയുടെ കൂടെ കണ്ടതിന് ഒരു മുസ്ലീം യുവാവിനെ പട്ടിയെ പോലെ തല്ലി.  ആർ.എസ്. എസ്.  ആണെങ്കിൽ തമിഴ് നോവലിസ്റ്റ് പെരുമാൾ മുരുഗനെതിരെ പട പുറപ്പാട് നടത്തുകയാണ്. പെരുമാൾ മുരുഗനെ കൊന്നു കൊല വിളിച്ചാൽ ഇവർക്കൊക്കെ ചരിത്രം മൂടി വെയ്ക്കാൻ പറ്റുമോ?

ഈ സദാചാരവും, സന്മാർഗികതയും ഒക്കെ പറയുമെങ്കിലും നീല ചിത്രങ്ങളോടുള്ള അടിമത്തം യാഥാസ്തികവും മതപരവും ആയിട്ടുള്ള രാജ്യങ്ങളിൽ ധാരാളം ഉണ്ട്. ഗൂഗിൾ കണക്കനുസരിച്ച് പാക്കിസ്ഥാൻ നീല ചിത്രങ്ങൾ കാണുന്നതിൽ മുൻപന്തിയിൽ ഉള്ള രാജ്യമാണ്. ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവും തിരഞ്ഞിട്ടുള്ളത് നീല ചിത്ര നടിയായ സണ്ണി ലിയോണിനെയാണ്. മലയാളത്തിലാകട്ടെ ഏറ്റവും തിരഞ്ഞിട്ടുള്ളത് സരിത എസ്. നായരേയും. അപ്പോൾ തന്നെ ആളുകളുടെ കപട സദാചാരം വ്യക്തമല്ലേ? നളിനി ജമീല ഒരിക്കൽ പറഞ്ഞത് പല ആണുങ്ങളും അവരെ കാണാൻ കാശു മുടക്കി വരുന്നത് വെറുതെ ഒന്നു സംസാരിക്കാൻ വേണ്ടി മാത്രമാണെന്നാണ്. കേരളത്തിലും, ഇന്ത്യയിലും മിക്ക വീടുകളിലും ഭാര്യ - ഭർത്താക്കന്മാർ പരസ്പരം മനസ്സ് തുറന്നു സംസാരിക്കുന്നതു പോലുമില്ല. അത്രയ്ക്കുണ്ട് നമ്മുടെ യാതാസ്ഥികത്വം. സ്ത്രീകളെ ഒന്നു നോക്കിപോയാലോ, അവരോട് ഒന്നു  സംസരിച്ചുപോയാലോ മതി നമ്മുടെ രാജ്യത്തിൻറ്റെ പല സ്ഥലത്തും അക്രമവും, കലാപവും ഉണ്ടാകാൻ. ഇതിന് ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വക ഭേദങ്ങളൊന്നുമില്ല. അതെ സമയം തന്നെ ഇവിടെ വേശ്യാവൃത്തിക്കും, ബാലാൽസങ്ങതിനും ഒരു കുറവും ഇല്ല. ഒരു കണക്കു പറയുന്നത് ഇന്ത്യയിൽ  20 ദശ ലക്ഷം പേർ വേശ്യാവൃത്തിയിൽ ഏർപെടുന്നുണ്ടെന്നാണ്. 

പർദ്ദയും, സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെയുള്ള പട പുറപ്പാടും ഒക്കെ സ്ത്രീയെ സ്വകാര്യ സ്വത്തായി കാണുവാനുള്ള യാഥാസ്തികവും, മതപരവും ആയിട്ടുള്ള സമൂഹങ്ങളിലെ പുരുഷന്മാരുടെ ത്വരയാണ്. സ്ത്രീയ്ക്ക് വിദ്യാഭ്യാസവും, തൊഴിലും, വരുമാനവും ഒക്കെ ആയാൽ അവരെ ഭരിയ്ക്കുവാൻ സാധിയ്ക്കുകയില്ല. മുസ്‌ലിം സ്ത്രീകളുടെ വിവാഹ പ്രായം 18 -ൽ നിന്ന് 16 ആയി കുറയ്ക്കണമെന്ന് പറഞ്ഞപ്പോൾ പെൺകുട്ടികൾ തന്നെ പ്രതിഷേധിയ്ക്കുന്നത് നാം കണ്ടതല്ലേ? വൈക്കം മുഹമ്മദ് ബഷീറിൻറ്റെ 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു', ബാല്യ കാല സഖി, പാത്തുമ്മയുടെ ആട് - ഈ കൃതികൾ കാണിക്കുന്ന ഒരു ശരാശരി മുസ്ലീമിൻറ്റെ അവസ്ഥ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ അവസ്ഥ - വളരെ ദയനീയമാണ്. ഇന്നത്തെ മുസ്ലീങ്ങളുടെ അവസ്ഥ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ അവസ്ഥ അന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യാൻ പറ്റുമോ? കഴിഞ്ഞ 20 -30 വർഷം കൊണ്ട് മുസ്ലീങ്ങൾ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ മുന്നേറ്റം എല്ലാ അർത്ഥത്തിലും വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്. അത് കൊണ്ട് തന്നെയാണ് പെൺകുട്ടികളുടെ പ്രതിഷേധം ഉണ്ടായതും.

ക്രിസ്ത്യാനികൾ കേരളത്തിൽ രക്ഷപെട്ടത് കുടിയേറ്റത്തിലൂടെയും, സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെയുമായിരുന്നു. കുട്ടനാട്ടിലെ ആറു തലമുറകളുടെ കഥ പറഞ്ഞ തകഴിയുടെ 'കയറിൽ' തകഴി നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം ക്രിസ്ത്യാനികൾ രക്ഷപെട്ടത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെയായിരുന്നു എന്നതാണ്. ഇനി 'കയറൊന്നും' വായിക്കേണ്ട. മുപ്പതു നാൽപതു വർഷം മുമ്ബത്തെ കേരളത്തിൻറ്റെ അവസ്ഥ അറിയാവുന്ന ആർക്കും അറിയാം - കേരളത്തിലെ പല ക്രിസ്ത്യാനി കുടുംബങ്ങളും രക്ഷപെട്ടത് നേഴ്സുമാരുടെ പണം കൊണ്ടാണെന്നുള്ള കാര്യം. അതിനു വലിയ ഗവേഷണത്തിൻറ്റെ ഒന്നും ആവശ്യം ഇല്ല. മറ്റു സമുദായങ്ങൾ അവരുടെ യാതാസ്ഥികത്വം കാരണം അങ്ങനെ പെൺകുട്ടികളെ നേഴ്സുമാരാക്കാൻ വിട്ടില്ല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും, ജോലിയും ഒക്കെ നിഷേധിച്ചു. ഇപ്പോൾ ആ സമുദായങ്ങൾ തന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും , ജോലിക്കും ഒക്കെ മുൻഗണന കൊടുക്കുന്നു. നേഴ്സുമാരാക്കാനും വിടുന്നു.

വിദ്യാഭ്യാസവും, തൊഴിലും, വരുമാനവും ഒക്കെ കേരളത്തിലെയും, ഇന്ത്യയിലെയും പല സ്ത്രീകൾക്കും ലഭിച്ചെങ്കിലും വിവാഹത്തിലോ, ലൈംഗികതയുടെ കാര്യത്തിലോ ആ സ്വാതന്ത്ര്യമില്ല. യൂറോപ്പിലും, അമേരിക്കയിലും ഒക്കെ സംഭവിച്ചത് പോലെ ലൈംഗികതയുടെ കാര്യത്തിൽ ഒരു തുറന്നു പറച്ചിൽ നമുക്ക് വേണ്ടതാണ്. ആ തുറന്നു പറച്ചിൽ ഉണ്ടായിരുന്നെങ്കിൽ നടി ഭാവനയെ കേവലം ചിത്രങ്ങളെടുക്കാനും അത് കാട്ടി ബ്ളാക് മെയിൽ ചെയ്യുവാനും വേണ്ടി ആരും അക്രമം കാണിക്കുമായിരുന്നില്ല. ഫോട്ടോകൾ കാട്ടി ഭീഷണി പെടുത്തുന്നത് തന്നെ  സ്ത്രീയുടെ മാനം ആ ഫോട്ടോകളിൽ അല്ലെങ്കിൽ അങ്ങനെയുള്ള കാര്യങ്ങളിൽ അടങ്ങിയിട്ടേണ്ടെന്ന മൂഢ സങ്കൽപ്പങ്ങളാണ്. പണ്ട് നമ്മുടെ കുളി കടവുകളിൽ ക്രിസ്ത്യൻ, മുസ്ലീം, നായർ  - എന്നിങ്ങനെ എല്ലാ മത, സാമുദായിക വിഭാഗങ്ങളിലെയുംസ്ത്രീകൾ വളരെ ഉല്ലാസത്തോടെയാണ് നീരാടിയിരുന്നത്. "കിഴക്ക് പൂക്കും മുരിക്കിനെന്തൊരു ചുക ചുകപ്പാണെ പുതുക്ക പെണ്ണിന് കവിളിലെന്തൊരു തുട് തുടുപ്പാണെ" എഴുതിയ കവി റഫീഖ് അഹമ്മദ് പ്രസവ ശേഷം മുസ്ലീം സ്ത്രീകൾ കുളിക്കുന്നതും താൻ ചെറുപ്പത്തിൽ അവരുടെ പുറം തേച്ചു കൊടുത്തതിനെ കുറിച്ചും ഒക്കെ സരസമായി എഴുതിയിട്ടുണ്ട്. മലയാള സാഹിത്യത്തിലെ കാരണവരായ തകഴി ശിവ ശങ്കര പിള്ള 'കയറിൽ' സ്ത്രീകൾ ഒറ്റ മുണ്ട് ധരിക്കുന്നതും, കരക്ക് നാധന്മാർ വരുമ്പോൾ നായർ സ്ത്രീകൾ മേൽമുണ്ട് മാറ്റുന്നതിനെ കുറിച്ചും പറയുന്നുണ്ട്. കെ. പി. എസ്. മേനോൻ ആത്മകഥയിൽ പറയുന്നത് പണ്ട് അവരുടെ ജോലിക്കാരിയെ ബ്ലവ്സ് ധരിപ്പിച്ചത് വളരെ പാട്ടുപെട്ടിട്ടാണ് എന്നാണ്. കാരണം അന്ന് ബ്ലവ്സ് ധരിക്കുന്നത് വളരെ കുറച്ചിലായിരുന്നു. ഇങ്ങനെ ഒരു ചരിത്രവും, പാരമ്പര്യവും ഉള്ളപ്പോൾ,  നാം സ്ത്രീകളുടെ വസ്ത്ര ധാരണ രീതിയെ കുറിച്ചും, അവരുടെ നഗ്ന മേനികളെ കുറിച്ചും എന്തിനിത്ര ഉൽക്കണ്ഠപ്പെടണം? നമ്മുടെ രാജ്യം ജപ്പാൻ മാതൃക വികസനം കൊണ്ട് വരണം എന്ന് പറയുന്നവർ ജപ്പാനിൽ സംഭവിച്ച സാമൂഹ്യ പുരോഗതി ഒന്നു മനസ്സിലാക്കിയെങ്കിൽ നന്നായിരുന്നു. സാമൂഹ്യ പുരോഗതി കൈവരിക്കാതെ നമുക്ക് എങ്ങനെ സാമ്പത്തിക  പുരോഗതി കൈവരിക്കാൻ സാധിക്കും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ