2017 ജൂൺ 22, വ്യാഴാഴ്‌ച

ഇന്ത്യയുടെ വികസന പ്രശ്നങ്ങൾ

കമ്മ്യൂണിസ്റ്റ്‌ ഹാംഗ്‌ഓവറായിട്ട് ആരും ഭരണ കൂടങ്ങൾ നടത്തേണ്ട ക്ഷേമ പ്രവർത്തനങ്ങളെ കാണരുത്. യൂറോപ്യൻ 'വെൽഫെയർ സ്റ്റെയ്റ്റുകളിൽ' (ക്ഷേമ രാഷ്ട്രങ്ങളിൽ) തൊട്ടിൽ തൊട്ടു ശ്‌മശാനം വരെ പൗരൻറ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക്‌ സുരക്ഷയുണ്ട്. സ്കാൻഡിനേവിയൻ രാജ്യങ്ങളായ ഡെന്മാർക്, സ്വീഡൻ - ഇവരൊക്കെ 'വെൽഫെയർ സ്റ്റെയ്റ്റ്' സങ്കൽപ്പങ്ങൾ പ്രാവർത്തികമാക്കിയ രാജ്യങ്ങളാണ്. ദാരിദ്ര്യം കൊട് കുത്തി വാഴുന്ന ഇന്ത്യയിലെ പല സ്ഥലങ്ങളിലും കുറെയൊക്കെ ക്ഷേമ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. ഒപ്പം കാർഷിക, വ്യവസായിക വളർച്ച കൂടി വേണം നമ്മുടെ ദാരിദ്ര്യം മാറാൻ. തൊഴിലുറപ്പു പദ്ധതി മാറ്റി നിർത്തിയാൽ നമ്മുടെ മിക്ക വികസന പദ്ധതികളും മുടിഞ്ഞ അഴിമതിയിലും, കെടു കാര്യസ്ഥതയിലും മുങ്ങി പോവുകയാണ് ഉണ്ടായിട്ടുള്ളത്. അഴിമതിയിലും, കെടു കാര്യസ്ഥതയും മാറ്റി ഭരണകൂടം ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചാൽ സമൂഹം പൊതുവായ വികസനത്തിനുള്ള മാർഗം സ്വയം കണ്ടെത്തിക്കൊള്ളും. സർവ്വരുടെയും സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടുത്താൻ സർക്കാറുകൾ പഴേ പോലെ ആസൂത്രണം നടപ്പിലാക്കേണ്ട ഒരു കാര്യവുമില്ല. ദീർഘ കാലാടിസ്ഥാനത്തിൽ ദാരിദ്ര്യം മാറ്റാൻ ജനസംഖ്യയെ നിയന്ത്രിക്കേണ്ടതും വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. ജനസംഖ്യയെ നിയന്ത്രിക്കുവാൻ ഭരണ കൂടങ്ങൾ പൊതു സമൂഹത്തിൽ ഇടപെടേണ്ടതുണ്ട്. വ്യവസായിക വളർച്ചയ്ക്ക് സർക്കാരുകൾ ആസൂത്രണം നടപ്പിലാക്കിയില്ലെങ്കിലും ജനസംഖ്യാ നിയന്ത്രണത്തിന് ആസൂത്രണം കൂടിയേ തീരൂ.

ചിലർ 'ഏഷ്യൻ ടൈഗേഴ്‌സ്'-മായി ഇന്ത്യയുടെ വികസനങ്ങളെ താരതമ്യപ്പെടുത്തുന്നു. ദക്ഷിണ കൊറിയ, ജപ്പാൻ, സിങ്ങപ്പൂർ, ദുബായ് - ഈ രാജ്യങ്ങളെ പോലെ വ്യവസായിക പുരോഗതി ഇന്ത്യ കൈവരിക്കാത്തതിനു പല കാരണങ്ങളും ഉണ്ട്. അതിൽ പ്രധാന കാരണം ഇന്ത്യയുടെ വൈവിധ്യവും, വലിപ്പവും ആണ്. ചരിത്രകാരനായ ബിപൻ ചന്ദ്ര പറയുന്നത് ഒരു ജനാധിപത്യ രാജ്യത്ത് നയങ്ങൾ നടപ്പാക്കാൻ അത്ര എളുപ്പം അല്ല എന്നാണ്. അത് കുറെ ശരിയാണ് താനും. ചൈനയെ പോലെ ഏകാധിപത്യവും, അടിച്ചമർത്തലും ഇവിടെ സാധ്യമല്ല. അമർത്യ സെൻ തന്നെ ചൈനയുടെ ഒറ്റ കുട്ടി എന്ന നയം നടപ്പാക്കിയത്തിലെ ഭീകരത ചൂണ്ടി കാണിക്കുന്നുണ്ട്. അത് കൊണ്ട് ചൈന മോഡലും, കൊറിയൻ മോഡലും പറയാൻ എളുപ്പമാണ്; പക്ഷെ പ്രാവർത്തികമാക്കാൻ ഇന്ത്യയെ പോലുള്ള വൈവിധ്യവും, വലിപ്പവും ഉള്ള രാജ്യത്ത് വളരെ ബുദ്ധിമുട്ടാണ്.

ഇന്ത്യയുടെ വികസനത്തിന് ജനങ്ങളുടെ മനോഭാവം മാറേണ്ടത് വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. അങ്ങേയറ്റം പ്രതിലോമകരമായ മനോഭാവമാണ് ഇന്ത്യയുടെ വികസനത്തിന് തടസ്സം നിൽക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജെർമനിയും, ജപ്പാനും പിന്നീട് ലോകത്തിലെ വൻ സാമ്പത്തിക ശക്തികളായി. രണ്ടാം ലോക മഹാ യുദ്ധത്തിൽ തകർന്നു തരിപ്പണമായ മറ്റു രാജ്യങ്ങളും വൻ ശക്തികളായി. വളരെ ചെറിയ രാജ്യങ്ങളായ ദക്ഷിണ കൊറിയ, ജപ്പാൻ - ഇവരൊക്കെ എത്ര അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചു - L .G ., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ്, ടൊയോട്ട, മിറ്റ് സുബുഷി - അങ്ങനെ പല അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ. ഇവുടുത്തെ ആളുകൾ വാചകമടിയുടെ കാര്യത്തിൽ മാത്രമാണ് ഒട്ടും മോശക്കാർ അല്ലാത്തത്. മതങ്ങളെയും, വിശ്വാസങ്ങളെയും കൂട് പിടിച്ച്  ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്ലാസ്റ്റിക് സർജറിയും, ജെനെറ്റിക് എന്ജിനീറിങ്ങും ഒക്കെ കണ്ടു പിടിച്ചതും, വികസിപ്പിച്ചതും ഇന്ദ്യക്കാരാണെന്നാണ് ഇവുടുത്തെ ചിലർ പറയുന്നതും, പ്രചരിപ്പിക്കുന്നതും. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, infrastructural development - ഇവയൊക്കെ വികസിപ്പിക്കേണ്ടതിനു പകരം നാം വെറുതെ അധര വ്യായാമം നടത്തുകയാണ്. മിത്തും, പുരാണങ്ങളും, ചരിത്രവുമൊന്നും ആർക്കും അന്നം തന്നിട്ടില്ല എന്നത് മതങ്ങളെയും, വിശ്വാസങ്ങളെയും കൂട് പിടിക്കുന്ന പലരും മനസിലാക്കുന്നില്ല.

വികസിത രാജ്യങ്ങളിൽ മതവും, മത പരമായ ആചാരങ്ങളും ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യതയുടെ ഭാഗമാണ്.  അമേരിക്കയും, യൂറോപ്പുമൊക്കെ ആധുനികവൽകരിക്ക പെട്ടപ്പോൾ അവരൊക്കെ മതത്തെയും, മത പരമായ ആചാരങ്ങളെയും മാറ്റി നിർത്തുന്നതാണ് കാണാൻ സാധിച്ചത്. Renaissance, Reformation, Enlightenment - ഈ പ്രസ്ഥാനങ്ങൾ മതത്തിൻറ്റെ സർവാധിപത്യത്തെ എല്ലാ രീതിയിലും വെല്ലു വിളിച്ചു. പക്ഷെ ഇന്ത്യയിൽ നാം ആധുനികവൽകരിക്ക പെട്ടപ്പോൾ കൂടുതൽ കൂടുതൽ മതവൽകരിക്കപെടുകയാണ്. ഭക്തിയും, ആത്മീയതയും ഒക്കെ വളരെ നല്ലതാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കണം. പക്ഷെ ഇവിടെ നടക്കുന്നത് മതത്തിൻറ്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിച്ച് വോട്ടു ബാങ്കുകൾ ഉറപ്പാക്കുന്ന രീതി ആണ്. ദാരിദ്ര്യമോ, വ്യവസായ വൽകരണത്തിലെ പ്രശ്നങ്ങളെയോ നേരിടാതെ രാഷ്ട്രീയ പാർട്ടികൾ മതത്തെയും, വിശ്വാസങ്ങളെയും കൂട്ട് പിടിച്ച് മനുഷ്യനെ വഴി തെറ്റിക്കുകയാണ്. 

ഇന്നും നമുക്ക് നോബൽ സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ല. നമ്മുടെ അത്ലട്ടുകൾക്ക് ഒളിമ്പിക് മെഡലുകൾ ഒന്നും കിട്ടുന്നില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഒന്നും തന്നെയില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്. വെള്ളക്കാർ പോയിട്ട് 70 കൊല്ലം ആയി. എന്നിട്ടും അവരുടെ പേര് പറഞ്ഞു കൊളോണിയലിസം എന്നൊക്കെ പറയേണ്ട കാര്യമുണ്ടോ? വെള്ളക്കാരുടെ പേര് പറഞ്ഞു മോങ്ങേണ്ട കാലം കഴിഞ്ഞില്ലേ? ടൗൺ പ്ലാനിങ് ആയിരുന്നു 5000 വർഷങ്ങൾക്കു മുമ്പുള്ള സിന്ധു നദീതട നാഗരികതയുടെ പ്രധാന സവിശേഷത. മോഹൻജദാരോയിലെ കുളി സ്ഥലത്തെ കുറിച്ചു ചരിത്ര കാരനായ ഡി. ഡി. കൊസാംബി പടം വരച്ചു തന്നെ വിശദീകരിക്കുന്നുണ്ട്. പക്ഷെ ഇന്നും ഇന്ത്യയിൽ 5000 വർഷങ്ങൾക്കു മുമ്പ്  മോഹൻജദാരോയി ൽ നടപ്പിലാക്കിയത് പോലുള്ള പോലുള്ള ടൗൺ പ്ലാനിങ് ഇല്ല. ആകെ ചണ്ഡിഗർ മാത്രമാണ് ആധുനിക ടൗൺ പ്ലാനിങ് ഉള്ള ഒരു നഗരം. ഫലമോ? നമ്മുടെ നഗരങ്ങൾ മാലിന്യ കൂമ്പാരങ്ങളായി മാറുന്നു.ട്രാഫിക് ബ്ലോക്കും, റോഡപകടങ്ങളും ഇന്ത്യൻ നഗരങ്ങളിൽ സ്ഥിരം സംഭവങ്ങളാണ്. ജലവും, വായുവും ഇന്ത്യൻ നഗരങ്ങളിൽ അത്യന്തം മലിനപ്പെട്ടിരിക്കുന്നു.കൊതുകും, പാറ്റയും, എലിയും, ഈച്ചയും അവയുണ്ടാക്കുന്ന രോഗങ്ങളും ഇന്ത്യൻ നഗരങ്ങളുടെ എല്ലാം തന്നെ മുഖ മുദ്രയായി മാറി കഴിഞ്ഞിട്ട് കാലമേറെയായി.

ഇന്ത്യ പുരോഗതിക്കാത്തതിനു കാരണം  മറ്റൊന്നുമല്ല - ജാതിയുടെയും മതത്തിൻറ്റെയും പേരിലുള്ള വേർതിരിവും, സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം എല്ലാ മേഖലകളിലും കൊടുക്കാത്തതുമാണ്. വിശ്വാസങ്ങളെ മുതലാക്കി മതത്തിൻറ്റെയും, ജാതിയുടെയും പേരിൽ രാഷ്ട്രീയ പാർടികൾ ആളുകളെ തമ്മിൽ തല്ലിക്കാൻ നോക്കുന്നു. സ്ത്രീകളെ പലരും വീട്ടിലിരുത്തുന്നു. മത  സ്പർധയും, ജാതി സ്പർധയും,സ്ത്രീ വിരോധവും ആണ് നമ്മുടെ രാജ്യത്തെ പുറകോട്ടടിക്കുന്നത്. വായു മലീനീകരണത്തെയോ, ജല മലീനീകരണത്തെയോ കുറിച്ച് നമ്മുടെ രാഷ്ട്രീയക്കാർ സംസാരിക്കാറേയില്ല. കൊതുകും, പാറ്റയും, എലിയും, ഈച്ചയും അവയുണ്ടാക്കുന്ന രോഗങ്ങളേയും കുറിച്ചും നമ്മുടെ രാഷ്ട്രീയക്കാർ സംസാരിക്കാറേയില്ല. സുബോധമുള്ള ഇന്ത്യാക്കാർ മിധ്യാഭിമാനങ്ങളൊക്കെ മാറ്റി വെച്ച്, മത - ജാതി കോമരങ്ങളെയും, സ്ത്രീ വിരോധികളെയും അവഗണിച്ചു കൊണ്ട് പരിസര ശുചിത്വത്തിൽ ഊന്നി കൊണ്ട് രാഷ്ട്ര നിർമാണ പ്രക്രിയയിൽ എർപെടുകയാണ് വേണ്ടത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ