2017 ജൂൺ 29, വ്യാഴാഴ്‌ച

ജുനൈദിൻറ്റെ കൊലപാതകത്തിൻറ്റെ പേരിൽ ഉയരേണ്ട വിഷയങ്ങൾ

 ജുനൈദ് എന്ന ഒരു സാധാരണ ട്രെയിന്‍ യാത്രക്കാരനെ കൊന്നതിൻറ്റെ പേരിൽ പ്പോൾ പ്രതിഷേധം ആളി കത്തുകയാണ്. ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധ കൂട്ടയ്മയിൽ ഇന്നലെ ആയിരങ്ങൾ പങ്കെടുത്തു. ഡൽഹി,അലഹാബാദ്, മുംബൈ, തിരുവനന്തപുരം, കൊൽക്കത്ത, ബെംഗളൂരു, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലും മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കും എതിരായ ആക്രമണങ്ങൾക്കെതിരെ 'നോട്ട് ഇൻ മൈ നെയിം' എന്ന പേരിൽ പ്രതിഷേധം നടന്നു. ഇന്ത്യയിൽ പശുവിൻറ്റെ പേരിലും മതത്തിൻറ്റെ പേരിലും ആൾക്കൂട്ടത്തിൻറ്റെ  ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെടുന്നത് വിദേശ മാധ്യമങ്ങൾ വരെ ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഡൽഹി-മഥുര ട്രെയിനിൽവച്ചായിരുന്നു ജുനൈദിനും സഹോദരങ്ങൾക്കും നേരേ ഒരുസംഘം ആളുകൾ അക്രമം നടത്തിയത്. ഇവരെ മർദിച്ചവശരാക്കിയ ശേഷം അസാവതി റെയിൽവേ സ്റ്റേഷനിൽ അവരെ പുറത്തേക്ക് എറിയുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജുനൈദ് അധികം താമസിക്കാതെ മരണത്തിന് കീഴടങ്ങി. "നിങ്ങൾ മുസ്ലിങ്ങളാണ്, ദേശ വിരുദ്ധരാണ്, പാക്കിസ്ഥാനികളാണ്, ബീഫ് കഴിക്കുന്നവരാണ്" എന്നൊക്കെ പറഞ്ഞായിരുന്നു മർദനമെന്ന് ജുനൈദിനൊപ്പം ട്രെയിനിൽ സഞ്ചരിച്ച സഹോദരൻ ഹാഷിം പല മാധ്യമങ്ങളോടും, ടി.വി. ചാനലുകളോടും വെളിപ്പെടുത്തിയിരുന്നു.

ഈ വിഷയത്തിൽ പോസ്റ്റിടുകയും, കമൻറ്റിടുകയും ചെയ്യുന്ന പലർക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കുറിച്ചോ അവിടെ നടമാടുന്ന 'വയലൻസിനെ' കുറിച്ചോ ഒരു പ്രാഥമിക ധാരണ പോലും ഇല്ലാ. ഞാൻ ഈ വിഷയത്തിൽ ഒരു ദീർഘമായ പോസ്റ്റിടണമെന്നു വിചാരിച്ചതാണ്. പിന്നെ വേണ്ടെന്നു വെച്ചു. കാരണം ചില തൽപര കക്ഷികൾ എന്നെ 'മുസ്‌ലിം വിരുദ്ധനാക്കി' ലേബൽ ചെയ്ത് ആക്രമിക്കാൻ ഒരുങ്ങും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അക്രമവും, ആളുകളെ തല്ലലും ഒരു നിത്യ സംഭവമാണ്. 24 വർഷമായി ഡൽഹിയിൽ താമസിക്കുന്ന എനിക്ക് അത് വളരെ കൃത്യതയോടെ പറയുവാൻ സാധിക്കും. ഞാൻ താമസിക്കുന്ന സ്ഥലത്തു പോലും നിസാര സംഭവങ്ങളുടെ പേരിൽ കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ട്. ട്രെയിനിലും, ബസിലും, ക്യൂവിലും ഒക്കെ അടിയും, ഇടിയും നടക്കുന്നതും നിത്യ സംഭവങ്ങൾ മാത്രം.

ഈ പ്രത്യേക സംഭവത്തിൽ വംശീയതയും, മതവും വിഷയമായെങ്കിലും യഥാർത്ഥ പ്രശ്നം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന 'വയലൻസാണ്'. ഈ 'വയലൻസിന്' അപ്പുറം സാധാരണ ജനം തീർത്തും ഒരുമയുടെയും, സൗഹൃദത്തോടെയും ജീവിക്കുന്നുണ്ട്. വാരാണസിയിലെ പ്രസിദ്ധമായ 'കാശി വിശ്വനാഥ് മന്ദിറിനു' ചുറ്റും താമസിക്കുന്നത് മുസ്ലീങ്ങളാണ്. അവരാണ് പ്രസിദ്ധമായ 'ബനാറസ് സിൽക്ക് സാരി' നെയ്യുന്നതും. ഇതു പോലെ തന്നെ പല അമ്പലങ്ങളിലും പൂജാ ദ്രവ്യങ്ങൾ വിൽക്കുന്നതും മുസ്ലീങ്ങളാണ്. ഇതൊക്കെ ആർക്കും കാണാവുന്ന കാര്യങ്ങളാണ്. പണ്ട് നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി വർഗീയ കലാപം ഉണ്ടായപ്പോഴൊക്കെ നിരാഹാര സത്യാഗ്രഹം പോലുള്ള സഹന സമരത്തിലൂടെയാണ് ജനങ്ങൾക്കിടയിലുള്ള സമാധാനം പുനഃ സ്ഥാപിച്ചത്. ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിന്ന് കൊണ്ട് ജനങ്ങളോട് സംസാരിച്ചു. അതാണ് മത സൗഹാർദത്തിന് ഏറ്റവും നല്ലത്. ഇവിടെ ആത്മാർധതയും, സത്യ സന്ധതയും ആണ് വേണ്ടത്. താൻ നിരാഹാരം കിടക്കുന്നതു കൊണ്ട് ജനം മത സൗഹാർദം സ്ഥാപിക്കണമെന്നല്ല ഗാന്ധിജി പറഞ്ഞത്; നേരെ മറിച്ചു മത സൗഹാർദം എന്നും ഇന്ത്യയിൽ നില നിന്നിരുന്നു എന്നാണു ഗാന്ധിജി അവരെ ഓർമിപ്പിച്ചത്. ഗാന്ധിജിയുടെ നിരാഹാര സമരങ്ങൾ മത സൗഹാർദ്ദത്തിൻറ്റെ ആവശ്യകത തിരിച്ചറിയാൻ ജനത്തെ സഹായിക്കുകയാണ് ചെയ്തത്.

ഇന്ന് അങ്ങനെയുള്ള ഗാന്ധിമാരില്ല. എന്തിനെയും, ഏതിനെയും 'സെൻസേഷണലൈസ്' ചെയ്യാനുള്ള മാധ്യമങ്ങളും, മുതലെടുപ്പ് നടത്താനുള്ള രാഷ്ട്രീയക്കാരും ആണ് നമുക്ക് ചുറ്റിലും ഉള്ളത്. അതാണ് ഇന്നത്തെ ഇന്ത്യയുടെ ശാപവും. സാധാരണ ജനങ്ങളുടെ ഇടയിൽ മതത്തിൻറ്റെ പേരിൽ അധികം പ്രശ്നങ്ങളൊന്നുമില്ലെന്നുള്ളതാണ് വാസ്തവം. ഇതു പറഞ്ഞുകൊണ്ട് ഈ പ്രശ്നത്തെ നിസാരവൽക്കരിക്കുവാനല്ല ഇതെഴുതുന്ന ആൾ ശ്രമിക്കുന്നത്. ഉത്തരേന്ത്യൻ സമൂഹങ്ങളിലെ 'വയലൻസിനെതിരെ' ജനങ്ങളുടെ പൊതു ബോധം ഉയർന്നു വരേണ്ടതുണ്ട് - അത് ദുരഭിമാന കൊലകളാണെങ്കിലും, ജാതി സംഘടനങ്ങളാണെങ്കിലും. അതിന് ഈ കൊലപാതകത്തിൻറ്റെ പേരിലുള്ള ജനരോഷം  കാരണമാകുന്നുണ്ടെങ്കിൽ അത് ഭാവിയിലേക്ക് വലിയ ഗുണം ചെയ്യും. ജുനൈദിനെ പോലുള്ളവർ ഭാവിയിൽ ബസിലും, ട്രെയിനിലും കൊല്ലപ്പെടാതിരിക്കുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ