2017 ഡിസംബർ 12, ചൊവ്വാഴ്ച

1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധം

1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധത്തെ കുറിച്ച് ഇന്നും പല കോണുകളിലും ചർച്ചകൾ നടക്കുന്നുണ്ട്. നെഹ്രുവിൻറ്റെ നയതന്ത്ര പാരാജയമായും, ഇന്ത്യൻ സൈന്യത്തിലെ ചില ഓഫിസർമാർ അതിർത്തിയിൽ നടത്തിയ അനാവശ്യ മുന്നേറ്റങ്ങളും യുദ്ധത്തിലേക്ക് വഴി തെളിച്ചു എന്നൊക്കെയായിരുന്നു ഇതുവരെ പലരുടെയും വിലയിരുത്തൽ. പക്ഷെ ആ ധാരണകളൊക്കെ ഇപ്പോൾ തിരുത്തപ്പെടുകയാണ്. സ്വീഡിഷ് എഴുത്തുകാരനായ ബെർട്ടിൻ ലിൻറ്റ്ലർ തൻറ്റെ പുതിയ പുസ്തകമായ 'ചൈനാസ് ഇൻഡ്യാ വാർ'- ൽ 1959 മുതലേ മാവോ ഇന്ത്യക്കെതിരെ കരു നീക്കങ്ങൾ തുടങ്ങിയിരുന്നൂ എന്നാണ് പറയുന്നത്. ബെർട്ടിൻ ലിൻറ്റ്ലർ പുതിയ പുസ്തകത്തിലൂടെ ചൈനയിൽ മാവോയുടെ വലിയ ഭരണ പരാജയങ്ങൾ ചൂണ്ടി കാണിക്കുകയാണ്. ആ ഭരണ പരാജയങ്ങൾ കാരണം നഷ്ടപ്പെട്ട 'ഇമേജ്' വീണ്ടെടുക്കാനായിരുന്നു മാവോ 1962-ലെ യുദ്ധം നടത്തിയതെന്നാണ് ബെർട്ടിൻ ലിൻറ്റ്ലർ തൻറ്റെ പുതിയ പുസ്തകത്തിലൂടെ പറയുന്നത്.

1958-ലാണ് മാവോ തൻറ്റെ 'ഗ്രെയിറ്റ് ലീപ് ഫോർവേഡ്' എന്ന ആശയം അവതരിപ്പിച്ചത്. വ്യവസായികമായും, കാർഷികമായും ഉൽപാദനം ഉയർത്തി ചൈനയെ ലോക രാഷ്ട്രങ്ങളുടെ മുൻപന്തിയിൽ എത്തിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. വ്യവസായികമായി സ്ട്ടീൽ ഉൽപാദനത്തിന് മുൻഗണന കൊടുത്തു. പക്ഷെ ഗ്രാമീണർ ഉൽപാദിപ്പിച്ചു കൂട്ടിയ സ്ട്ടീൽ ഒന്നിനും കൊള്ളില്ലായിരുന്നു. അതിനേക്കാൾ വലിയ ഭീമമായ അബന്ധമായിരുന്നു കാർഷിക രംഗത്തു നടന്നത്. മാവോയുടേത് നല്ല ഉദ്ദേശങ്ങൾ ആയിരുന്നു. പക്ഷെ നടപ്പാക്കിയ രീതികളും അതിൻറ്റെ പിന്നിൽ പ്രവർത്തിച്ച ആശയങ്ങളും ശുദ്ധ മണ്ടത്തരം ആയിരുന്നു. ധാന്യങ്ങൾ ലാഭിക്കാനാണ് അവ തിന്നുന്ന കിളികളെ കൊല്ലാൻ മാവോയും, കമ്യുണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യുറോയും തീരുമാനിച്ചത്. ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനിച്ചു. ചൈനയിൽ ധാന്യങ്ങളുടെ മൊത്തം ഉൽപാദനം കുറയാനുള്ള കാരണം കിളികൾ തിന്നൊടുക്കുന്നതാണെന്ന് ചൈനീസ് കമ്യുണിസ്റ്റ് പാർട്ടി അനുമാനിച്ചപ്പോൾ ആ കിളികൾ തിന്നു തീർക്കുന്ന കീടങ്ങളുടെ കാര്യം മറന്നുപോയി. 'ഫോർ പെസ്റ്റ് ക്യാംപെയിൻ' എന്നറിയപ്പെട്ട ഈ പ്രചാരണത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് 'യൂറോപ്യൻ ട്രീ സ്പാരോ' എന്ന് വിളിപ്പേരുള്ള ചെറിയ കുരുവികളായിരുന്നു. 'ഗ്രെയിറ്റ് ലീപ് ഫോർവേഡ്' എന്ന പദ്ധതിയുടെ ഭാഗമായി കിളികളെ കൊന്നൊടുക്കിയപ്പോൾ നെൽവയലുകളിലും, മറ്റു കൃഷി സ്ഥലത്തും ഉള്ള കീടങ്ങൾ പെരുകി. അവയെ തിന്നൊടുക്കുവാൻ കിളികൾ ഇല്ലാതെ പോയി. പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെട്ടു. കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കൊണ്ടാണ് അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം ചൈനയിൽ 1959-60-കളിൽ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണം ഉണ്ടായത്.

1959 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ലുഷാനിൽ നടന്ന കമ്യുണിസ്റ്റ് പാർട്ടി കോൺഫെറൻസിൽ മാവോയ്‌ക്കെതിരെ ലക്ഷക്കണക്കിനാളുകളുടെ പട്ടിണി മരണം കാരണം കടുത്ത വിമർശനം ഉയർന്നു. ഇപ്പോൾ ബെർട്ടിൻ ലിൻറ്റ്ലർ തൻറ്റെ പുതിയ പുസ്തകമായ 'ചൈനാസ് ഇൻഡ്യാ വാർ'- ൽ പറയുന്നത് പട്ടിണി മരണങ്ങൾ സൃഷ്‌ടിച്ച ആഭ്യന്തര സംഘർഷം രൂക്ഷമായപ്പോൾ മാവോ കണ്ടുപിടിച്ച മാർഗമായിരുന്നു അതിർത്തി തർക്കം എന്നാണ്. പട്ടിണിയിൽ നിന്ന് ചൈനീസ് ജനതയുടെ ശ്രദ്ധ തിരിക്കാൻ ഈ യുദ്ധത്തിലൂടെ മാവോയ്ക്കു സാധിച്ചു. ഇൻഡ്യാ-ചൈനാ അതിർത്തിയിൽ ചൈന നടത്തിയ വൻ സൈനിക നീക്കങ്ങൾ കണ്ടു പിടിക്കാൻ ഇന്ത്യൻ ഇൻറ്റെലിജെൻസ് ഏജൻസികൾക്ക് സാധിക്കാതിരുന്നതും ചൈനക്ക് നേട്ടമായി. ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ പ്രസിദ്ധമായ പുസ്തകമായ - 'India after Gandhi - The History of the World's Largest Democracy'-യിലും 1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധത്തെ കുറിച്ച് സവിസ്തരമായി പ്രദിപാദിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ചൈനീസ് രേഖകൾ കാണിക്കുവാനുള്ള തൻറ്റെ നിരന്തരമായ അഭ്യർത്ഥനകൾ ചൈനീസ് സർക്കാർ തള്ളി കളഞ്ഞതായിട്ടാണ് ചരിത്രകാരൻ രാമചന്ദ്ര ഗുഹ വ്യക്തമാക്കുന്നത്. ഇതു തന്നെ ചൈനയുടെ കള്ള കളികളല്ലേ കാണിക്കുന്നത്? അതിർത്തി തർക്കമായിരുന്നില്ലാ 1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധത്തിലേക്ക് നയിച്ചത് എന്നത് ചൈനയുടെ ഇത്തരം നിലപാടുകളിൽ നിന്ന് വായിക്കാം. യുദ്ധങ്ങൾ മിക്കതും സംഭവിക്കുന്നതൊക്കെ ഈ രീതിയിൽ തന്നെയാണ്. ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ജനത്തിൻറ്റെ ശ്രദ്ധ തിരിക്കാനാണ് അല്ലെങ്കിലും ഭരണാധികാരികൾ അയൽ രാജ്യങ്ങളെ ശത്രുക്കളായി ചിത്രീകരിക്കുന്നതും, അവരെ ആക്രമിക്കുന്നതും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ