2017 ഡിസംബർ 5, ചൊവ്വാഴ്ച

മലയാളവും രാജ്യ സ്നേഹവും

കഴിഞ്ഞ ദിവസം ഹിന്ദി ടി.വി. ചാനലായ ആജ് തക്കിൻറ്റെ പരിപാടിയിൽ മുൻ കാശ്മീർ മുഖ്യ മന്ത്രി ഫറൂക്ക് അബ്ദുള്ള അവതാരകൻറ്റെ ചോദ്യത്തോട്  വളരെയേറെ ക്രുദ്ധനായി പ്രതികരിച്ചു. താങ്കൾ സ്വയം ഒരു ഇന്ത്യാക്കാരനായി കരുതുന്നുണ്ടോയെന്ന അവതാകരൻറ്റെ ചോദ്യത്തോടായിരുന്നു അലറി കൊണ്ടുള്ള പ്രതികരണം.

കാശ്മീർ മുൻ മുഖ്യ മന്ത്രി ഫറൂക്ക് അബ്ദുള്ളയുടെ പ്രതികരണത്തിൻറ്റെ സംക്ഷിപ്ത തർജ്ജിമ ഇതാണ്: "ഞാൻ ഒരു ഇന്ത്യാക്കാരനാണെന്ന കാര്യത്തിൽ താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടോ? അക്കാര്യത്തിൽ താങ്കൾക്ക് സംശയമുണ്ടെന്ന് പറയുന്നത് കഷ്ടം തന്നെ! എനിക്കൊരു സംശയവുമില്ല. താങ്കൾക്കാണ് സംശയമുള്ളത്. ഞാൻ ഇന്ത്യാക്കാരനാണോ എന്ന് ചോദിക്കാൻ താങ്കൾക്ക് എന്താണ് അവകാശം? ഞാൻ ഇന്ത്യാക്കാരനാണോ അല്ലയോ എന്ന് ചോദിക്കാൻ താങ്കൾ എങ്ങനെ ധൈര്യപ്പെട്ടു?  താങ്കൾക്ക് എന്തോ മാനസിക രോഗമുണ്ട്. സൈക്യാട്രിസ്റ്റിനെ കാണണം. നോക്കൂ - മേലാൽ എന്നെ വെല്ലുവിളിക്കരുത്." ഫറൂക്ക് അബ്ദുള്ളയുടെ രൂക്ഷമായ പ്രതികരണം അവതാരകനെ നിശ്ശബ്ദനാക്കി. അല്ലെങ്കിലും ഇപ്പോൾ ഇത്തരത്തിൽ രാജ്യ സ്നേഹത്തിൻറ്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ നടക്കുന്ന ആളുകളോട് ഇങ്ങനെയൊക്കെ പ്രതികരിക്കാതിരിക്കുവാനല്ലാതെ വയ്യാ. രാജ്യ സ്നേഹത്തിൻറ്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നവർ കണ്ടമാനം ഉദയം കൊണ്ടിരിക്കുന്നതിനാലാണത്. 

അത് പോലെ തന്നെ ഹിന്ദുവിനും ഇപ്പോൾ പുതിയ നിർവചനം വന്നിരിക്കുന്നു. കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി ചോദിക്കുന്നത് രാഹുൽ ഗാന്ധി ഹിന്ദുവെങ്കിൽ കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പശുവിനെ കൊന്നപ്പോൾ എന്തുകൊണ്ട് മൗനം പാലിച്ചുവെന്നാണ്. കേന്ദ്ര സർക്കാരിൻറ്റെ കശാപ്പ് നിരോധന ഉത്തരവിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാർ പശുവിനെ പരസ്യമായി കശാപ്പ് ചെയ്തതിനെ പരാമർശിച്ചാണ് ഈ ചോദ്യം. കേന്ദ്ര ധന മന്ത്രിയായ അരുൺ ജെയ്റ്റ്‌ലി ചോദിക്കുന്നത് യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയായ ബി.ജെ.പി.-യുള്ളപ്പോള്‍ ക്ലോണ്‍ ഹിന്ദുത്വ പാര്‍ട്ടികളെ എന്തിന് തെരഞ്ഞെടുക്കണമെന്നാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോംനാഥ് ക്ഷേത്രത്തിലെ സന്ദര്‍ശക പട്ടികയില്‍ രാഹുല്‍ ഗാന്ധിയുടെ പേര് ചേർത്തതും ബി.ജെ.പി. മാധ്യമങ്ങളിലൂടെ വൻ വിവാദമാക്കി. രാഹുല്‍ ഗാന്ധിയുടെ മതം ഏതാണെന്ന് വരെ ബി.ജെ.പി. ചര്‍ച്ചയാക്കി. എന്തായാലും മതത്തിൻറ്റെ പേരിൽ  സാമൂഹിക ധ്രുവീകരണം നടത്തുന്നവരോടും, ജനത്തെ മതം  പറഞ്ഞു ഭിന്നിപ്പിക്കുവാൻ ശ്രമിക്കുന്നവരോടും രാഹുല്‍ ഗാന്ധി 'താന്‍ മതവിശ്വാസത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാറില്ലെന്ന്' മറുപടി കൊടുത്തത് നന്നായി.

ഫറൂഖ് അബ്ദുള്ളയുടെ കാര്യത്തിലാണെങ്കിലും, രാഹുൽ ഗാന്ധിയുടെ കാര്യത്തിലാണെങ്കിലും, ഹിന്ദുവിനുള്ള പുതിയ നിർവചനത്തിൻറ്റെ കാര്യത്തിലാണെങ്കിലും അൽപ ജ്ഞാനികളായ ചിലർ രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പറയാതെ വയ്യാ. നാനാത്ത്വത്തിൽ ഏകത്ത്വം അതല്ലെങ്കിൽ വൈവിധ്യത്തിൽ ഏകത്ത്വം എന്നതായിരുന്നു ഇന്ത്യൻ ദേശീയതയെ പറ്റി എന്നും പറഞ്ഞിരുന്നത്. ഹിന്ദിയും, പശുവും, മുസ്‌ലിം വിരോധവും ഒന്നുമല്ല നമ്മുടെ ദേശീയതയും, ദേശ സ്നേഹവും നിർണയിക്കേണ്ട ഘടകങ്ങൾ. വ്യത്യസ്ത ഭാഷകളുള്ള സംസ്ഥാനങ്ങളെ കൂടി യോജിപ്പിക്കുന്ന ഫെഡറൽ  ഭരണ സംവിധാനമാണ് ഇന്ത്യയുടെ കെട്ടുറപ്പ് എന്നും സംരക്ഷിച്ചിട്ടുള്ളത്.

ഹിന്ദു മതത്തിൽ അധിഷ്ഠിതമായി രാജ്യ സ്നേഹത്തെ നിർവചിക്കുന്നവർ പോലും ഹിന്ദു എന്നത് അനേകം സമ്പ്രദായങ്ങൾ ഒത്തു ചേരുന്നതാണെന്ന് കാണുന്നില്ല. ഹിന്ദുവിൽ തന്നെ താന്ത്രിക സമ്പ്രദായവും, മറ്റു പല സമ്പ്രദായങ്ങളിലും ഉള്ളവർ ഉണ്ട്. ഇനി പശുവിനേയും, നോൺ വെജിറ്റേറിയൻ ആഹാര സമ്പ്രദായത്തെ കുറിച്ചും പറയുന്നവർ 2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിലേക്ക് ഒന്ന് നോക്കണം. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണെന്നുള്ള കാര്യം പശു സ്നേഹികൾ ഓർമിക്കണം.ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേര് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്. പിന്നെ എന്തിനാണ് ഈ പശുവിൻറ്റെ പേര് പറഞ്ഞു മത സ്പർദ്ധ ഉണ്ടാക്കുന്നത്?

ഇന്ത്യയിൽ പൊതുവെ പശു ഇറച്ചി ആരും കഴിക്കാറില്ല എന്നൊക്കെ പറയുന്നത് വലിയ തെറ്റാണ്. മലയാളികളും, ബംഗാളികളും മീൻ കഴിക്കുന്നത് പോലെ ഇന്ത്യയിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ പശു ഇറച്ചി കഴിക്കും. അവരെ സംബന്ധിച്ച് ബീഫ് വില കുറഞ്ഞ മാംസം ആണ്. നല്ല പ്രോട്ടീൻ കിട്ടുന്ന വില കുറവുള്ള ഭക്ഷണം. ബീഫിൽ പശു ഇറച്ചിയും പെടും. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവരും കഴിക്കും. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പശു ഇറച്ചി ഒരു പ്രശ്നമേ അല്ല. അത് കൂടാതെ ഇന്ത്യയിലെ ഗോത്ര വർഗ ജനതകൾക്ക് അവർ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങൾ ഉണ്ട്. നാഷണൽ ജ്യോഗ്രഫിക് ഇതൊക്കെ കാണിച്ചിട്ടുമുണ്ട്. ചരിത്രകാരന്മാർ തന്നെ പറയുന്നത് ദയാനന്ദ സരസ്വതിയുടെ നെത്ര്വത്തത്തിൽ ഈ പശു സംരക്ഷണം ഒരു വലിയ വിഷയം ആക്കുന്നതിനു മുൻപ് ഇതൊരു വലിയ വിഷയമേ ആയിരുന്നില്ല എന്നാണ്. ബീഫ് കഴിക്കുന്നത് നല്ല ഹിന്ദുവിൻറ്റെ ലക്ഷണമല്ല എന്ന ഉൾവിളി സൃഷ്ടിക്കുന്നത് ചില സന്ഖടനകളാണ്. ഇവരൊക്കെ മറക്കുന്ന ഒരു കാര്യം കേരളത്തിൽ നോൺ വെജിറ്റെറിയൻ വിളമ്പിയിരുന്ന മിക്ക ഹോട്ടെലുകളിലും, തട്ടു കടകളിലും കിട്ടിയിരുന്ന വിഭവം ആയിരുന്നു ബീഫ് എന്നതാണ്. ഇത്തരം ഹോട്ടലുകളും, തട്ട് കടകളും നടത്തിയിരുന്നതിലെ വലിയൊരു വിഭാഗവും ഹിന്ദുക്കൾ തന്നെയായിരുന്നു.

ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളും, അവയിലധിഷ്ഠിതമായ വൈകാരികതയും സങ്കുചിതമായി ദേശീയതയേയും, രാജ്യ സ്നേഹത്തെയും നിർവചിക്കുന്നവർ കാണുന്നുണ്ടെന്ന് തോന്നുന്നില്ല. എല്ലാ അർത്ഥത്തിലും ഇന്ത്യയിലേത് ഒരു Multi Ethnic സമൂഹമാണ്. ഹിന്ദിയിൽ പോലും ഹര്യാൻവിയും, ഭോജ്പൂരിയും, മൈഥിലിയുമൊക്കെ ഉണ്ട്. നന്നായി ഹിന്ദിയറിയാവുന്നവർക്കു പോലും ചിലപ്പോൾ ഇത്തരം ഗ്രാമീണ ഹിന്ദി കേട്ടാൽ ഒന്നും മനസിലാകാറില്ല. ഈ ഭാഷാ വൈജാത്യങ്ങൾ സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തി ആയിരുന്നു നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. ദക്ഷിണാഫ്രിക്കയിൽ ഐതിഹാസികാമായ സമരം നടത്തി തിരിച്ചു വന്ന ഗാന്ധിയോട് കോൺഗ്രെസ്സ് നെത്ര്വത്വം ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് കോൺഗ്രെസ്സ് ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്നായിരുന്നു. അത് കൊണ്ടാണ് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുൻപ് കേരള പ്രദേശ് കോൺഗ്രെസ്സ് കമ്മിറ്റി നിലവിൽ വന്നത്. ഈ സങ്കീർണതകളിൽ കൂടി ഇന്ത്യയെ കാണുമ്പോഴാണ് നമ്മുടെ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിൻറ്റെ ആവശ്യകത ആർക്കും ബോധ്യപ്പെടുന്നത്. വളരെ അധികം 'ബാലൻസിംഗ്' ഇല്ലാതെ ഇന്ത്യ ഭരിക്കാൻ ആവില്ല. നമ്മുടെ രാഷ്ട്ര ശിൽപികളായ നെഹ്രുവും, പട്ടേലും, അംബേദ്കറും, ശാസ്ത്രിയും ഒക്കെ ഈ വൈവിധ്യം മനസ്സിലാക്കുകയും ആ 'ബാലൻസിങ്ങിനു' വേണ്ടി തങ്ങളാൽ ആകാവുന്ന ശ്രമിക്കുകയും ചെയ്ത ദീർഘ വീക്ഷണമുള്ള നേതാക്കന്മാർ ആയിരുന്നു. ആ ദീർഘ വീക്ഷണവും, ഹൃദയ വിശാലതയുമാണ് ഇന്നത്തെ ഭരണാധികാരികൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ മാതൃഭാഷയായ മലയാളത്തിൻറ്റെ കാര്യം തന്നെ നോക്കൂ. സ്വാതന്ത്ര ലിപി ഉള്ള  ഒരു ഭാഷയെന്ന രീതിയിൽ നമുക്ക് മാതൃഭാഷയെ കുറിച്ച് അഭിമാനിക്കാം. മലയാളി എന്ന 'ഐഡൻറ്റിറ്റി' അല്ലെങ്കിൽ സ്വത്വ ബോധം നമുക്കുണ്ട്. മൗര്യ ചക്രവർത്തിയായ അശോകൻറ്റെ ശിലാ ലിഖിതത്തിൽ പോലും 'കേരള പുത്രാസ്' എന്ന് രേഖപ്പെടുത്തിയതായി ചരിത്രം പറയുന്നു. ആധുനിക മലയാളം രൂപപ്പെടുന്നതിനു വളരെ പണ്ട് മുതലേ ഇവിടെ വട്ടെഴുത്തും, കോലെഴുത്തും ഉണ്ടായിരുന്നു. അത് ഇന്നത്തെ കേരളം മുഴുവൻ ഉള്ള ഭാഷയുമായിരുന്നു. പിന്നീട് മലയാളം രൂപപ്പെട്ടപ്പോൾ നമ്പൂതിരി സ്വാധീനം ഒക്കെ കാരണം സംസ്കൃത പദങ്ങൾ വന്നത് സ്വോഭാവികം മാത്രം. അതുകൊണ്ട് മലയാളത്തിൻറ്റെ തനതു രീതി ഒരിക്കലും നഷ്ടപ്പെട്ടിട്ടുമില്ല. പൂന്താനവും, ചെറുശ്ശേരിയും, തുഞ്ചത്ത് എഴുത്തച്ഛനും ഭക്തി പ്രസ്ഥാനത്തിൻറ്റെ വലിയ ഒരു പ്രസ്ഥാനത്തിനാണ് തുടക്കമിട്ടത്. അത് മലയാള ഭാഷയുടെയും വളർച്ചയ്ക്ക്  മുൻപെങ്ങും ഇല്ലാത്ത രീതിയിൽ സഹായിച്ചു. ഇപ്പോൾ ശ്രേഷ്ഠ ഭാഷാ പദവി മലയാളത്തിന് വെറുതെ കിട്ടിയതല്ല.

ഇത്തരത്തിൽ മറ്റു പല സംസ്ഥാനങ്ങൾക്കും അവരുടെ ഭാഷയിലും, സംസ്കാരത്തിലും അഭിമാനിക്കാം. തമിഴിൽ കണ്ണദാസൻറ്റെ മരുമകളെ 'തമിഴ് കോവിലിലേക്ക്' സ്വാഗതം ചെയ്യുന്ന സിനിമാ ഗാനമുണ്ട്. വധുവിനെ പോലും ഭാഷയുടെ പേരിലാണ് സ്വാഗതം ചെയ്യപ്പെടുന്നത്. ഇങ്ങനെ ചിന്തിക്കുമ്പോൾ മതത്തിൻറ്റെയും, ഹിന്ദിയുടെയും, പശുവിൻറ്റെയും ഒക്കെ പേരിൽ ദേശീയതയേയും, ദേശ സ്നേഹത്തെയും ഒക്കെ നിർവചിക്കുന്നത് ശരിയായ കാര്യമാണോ? ഹിന്ദി ബെൽറ്റിലെ ചില സങ്കുചിത നേതാക്കൾ പറയുന്നത് പോലെ അല്ല ദക്ഷിണേന്ത്യയിലെയും, മറ്റു പ്രദേശങ്ങളിലെയും ആളുകൾ ദേശീയതയെ ഉൾക്കൊള്ളുന്നത്. ഹിന്ദി ബെൽറ്റിലെ ചില നേതാക്കളുടെ കാലു തൊട്ടും, അവർക്ക് പാദസേവ ചെയ്തും സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ നടക്കുന്നവർ ഇതൊക്കെ മനസിലാക്കണമെന്നും ഇല്ലാ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ