2017 ഡിസംബർ 14, വ്യാഴാഴ്‌ച

ഹ്യുമൻ ഡെവലപ്മെൻറ്റിലെ ഇന്ത്യയുടെ ശോചനീയാവസ്ഥ

കുറെ വർഷങ്ങൾക്ക് മുമ്പാണ് മൈസൂറിനടുത്തുള്ള ദാവൻഗെരെയിൽ ഒരു സർവേക്ക് വേണ്ടി പോയത്. തുങ്കഭദ്രാ നദി കരയിലുള്ള ഗസ്റ്റ് ഹവ്‌സിൽ താമസിച്ചത് ഇപ്പോഴും ഓർമിക്കുന്നു. തുങ്കഭദ്രാ നദി രാജകീയമായി ഒഴുകുന്ന അവിടെ ഒരു ഗ്രാമത്തിൽ ചെന്നപ്പോൾ സമ്പൽ സമൃദ്ധി. നദീ തടത്തിൽ നിന്ന് ദൂരെയുള്ള വേറൊരു ഗ്രാമത്തിൽ ചെന്നപ്പോൾ അവിടെ വരൾച്ചയും, പട്ടിണിയും, ദാരിദ്ര്യവും. ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ ഒരു വലിയ കുഴപ്പമാണിത്. ഒരു വശത്ത്‌ നമുക്ക് വലിയ ഷോപ്പിംഗ് മാളുകളും, മെട്രോ സൗകര്യങ്ങളും, ഓവർ ബ്രിഡ്ജുകളും, അണ്ടർ പാസുകളുമൊക്കെ ഉണ്ട്. മറുവശത്ത് പോഷകാഹാര കുറവ്, പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ - ഇവയും ഉണ്ട്. സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും 5 വയസിനു താഴെയുള്ള 44 ശതമാനം കുട്ടികളിലും തൂക്ക കുറവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 72 ശതമാനം കുഞ്ഞുങ്ങളിലും 52 ശതമാനം കുടുംബിനികളിലും രക്തക്കുറവ് കാണപ്പെടുന്നു. പോഷകാഹാര കുറവ് മൂലമാണ് പ്രസവ സംബന്ധമായ മരണവും, നവജാത ശിശുക്കളിലെ വൈകല്യവും ഇന്ത്യയിൽ പ്രധാനമായും ഉണ്ടാകുന്നത്. അനേകം ഹ്യുമൻ ഡെവലപ്മെൻറ്റ് റിപ്പോർട്ടുകൾ ഇന്ത്യയുടെ ഈ ശോചനീയാവസ്ഥ വളരെ നന്നായി വിവരിച്ചിട്ടുണ്ട്.

ഇതൊക്കെ ഇപ്പോൾ എഴുതാനുള്ള കാരണം സുരേഷ് കുഞ്ഞുപിള്ളയുടെ ഇന്ത്യയുടെ ഭക്ഷണ രീതികളെ കുറിച്ചുള്ള വളരെ പ്രസക്തമായ പോസ്റ്റാണ് (https://www.facebook.com/permalink.php?story_fbid=1930639023841783&id=100006871121523). ബി.ജെ.പി. സർക്കാരിൻറ്റെ തലതിരിഞ്ഞ പശു സ്നേഹത്തെ കുറിച്ചും അത് കർഷകർക്കും തുകൽ മേഖലക്കും ഉണ്ടാക്കുന്ന ബുന്ധിമുട്ടുകളെ കുറിച്ചും ഞാനും പല തവണ ദീർഘമായി എഴുതിയിട്ടുണ്ട്. ആധുനിക സമൂഹത്തിൻറ്റെ മൂല്യ ബോധങ്ങൾക്ക്‌ ഒട്ടും നിരക്കാത്തതാണീ പശു സ്നേഹം. പോഷകാഹാര കുറവ് വളരെയേറെ കാണപ്പെടുന്ന ഇന്ത്യയിൽ എല്ലാത്തരം ഭക്ഷണവും കഴിക്കാനാണ് ആളുകളെ പ്രേരിപ്പിക്കേണ്ടത്. കുറെ നാൾ മുമ്പ് വരെ മുട്ട കഴിപ്പിക്കാനായി പരസ്യങ്ങൾ പത്രങ്ങളിൽ കാണാമായിരുന്നു. ബി.ജെ.പി. സർക്കാർ അധികാരത്തിൽ കേറിയതുകൊണ്ടാണെന്നു തോന്നുന്നു - ഇപ്പോൾ മുട്ട പരസ്യങ്ങളും ഇന്ത്യൻ പത്രങ്ങളിൽ നിന്ന് അപ്രത്യക്ഷമായി. അതും കൂടാതെ ഗർഭ നിരോധന മാർഗങ്ങളെ കുറിച്ചുള്ള പരസ്യങ്ങൾ രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണി വരെയുള്ള സമയത്ത് മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണല്ലോ കേന്ദ്ര സര്‍ക്കാറിൻറ്റെ കീഴിലുള്ള വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിൻറ്റെ പുതിയ ഉത്തരവില്‍ പറയുന്നത്. ഇപ്പോഴുള്ള തലമുറ മൂഡ്‌സിൻറ്റേയും, നിരോധിൻറ്റേയും ഒക്കെ പരസ്യങ്ങൾ കണ്ടാണ് വളർന്നത്. അവർക്കതു കൊണ്ട് ഒരു കുഴപ്പവും ഉണ്ടായില്ല. ഇനിയുള്ള തലമുറ ഇത്തരം പരസ്യങ്ങൾ കണ്ടാലാണ് കുഴപ്പം മുഴുവനും!!!! 

ചുരുക്കം പറഞ്ഞാൽ ബി.ജെ.പി. സർക്കാറിന് ജന സംഖ്യ നിയന്ത്രിക്കുവാനോ, ഇന്ത്യയിലെ പോഷകാഹാര കുറവ് പരിഹരിക്കുവാനോ താൽപര്യമില്ല. ലോകത്ത് ബീഫ് ഉപയോഗത്തിൻറ്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനവുമുണ്ട്. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഗോരക്ഷാ സേനാ പ്രവർത്തകർ ഗോവധത്തിനെതിരെ നടത്തുന്ന പ്രചരാണങ്ങളും അതിക്രമങ്ങളും ഇഷ്ടമുള്ള ആഹാരം തിരഞ്ഞെടുക്കുവാൻ ഭരണ ഘടന നൽകുന്ന മൗലികാവകാശത്തിൻറ്റെ ലംഘനമാണെന്നുള്ള കാര്യം പോലും പലരും മനസിലാക്കുന്നില്ല. മൗലികാവകാശത്തെ കുറിച്ചുള്ള ഭരണഘടനയിലെ ആർട്ടിക്കിൾ 21-ൻറ്റെ ലംഘനമാണിത്. പാവപ്പെട്ടവർക്ക് ജീവിക്കാനാവശ്യമായ പ്രോട്ടീൻ കുറഞ്ഞ ചെലവിൽ എളുപ്പം ലഭിക്കുന്ന ഭക്ഷണമാണ് ബീഫ് എന്നതിനാൽ  പോഷകാഹാര കുറവ് ഒരു പരിധി വരെ നിയന്ത്രിക്കാൻ ബീഫിനാവും. കേരളത്തിൽ 250-300-ഉം, അതിനും മുകളിലും ബീഫിന് വിലയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ബീഫിന് വില കുറവാണ്. കേരളവും പശ്ചിമ ബംഗാളും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഒഴിച്ചാൽ മറ്റെല്ലായിടത്തും ഇന്ത്യയിൽ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബീഫിൻറ്റെ ഉപയോഗത്തിന് നിയന്ത്രണമോ, ഗോവധ നിരോധനമോ ഇപ്പോഴുണ്ടെന്നതാണ് സ്ഥിതി. ഇത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ട് അനുകൂല വിധി നേടിയെങ്കിലും ബീഫിൻറ്റെ ഉപഭോഗം ഭീഷണികളിലൂടെയും, ചുവരെഴുത്തുകളിലൂടെയും ഉത്തരേന്ത്യയിൽ സംഘപരിവാർ സംഘടനകൾ തടഞ്ഞിരിക്കയാണ്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബീഫ്‌ നിരോധനം ലംഘിക്കപ്പെട്ടാൽ മൂന്നുവർഷം മുതൽ ഏഴു വർഷം വരെ തടവു ശിക്ഷയും പതിനായിരം രൂപ വരെ പിഴയും ശിക്ഷയുണ്ട്. ഇതല്ലാതെ ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണവും ദളിതർക്കെതിരെയും, മുസ്ലീങ്ങൾക്കെതിരെയും  രാജ്യവ്യാപകമായി നടക്കുന്നു. കേരളത്തിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കൂടാതെ ഇൻഡ്യാ മഹാരാജ്യത്ത് സാമൂഹ്യപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ പെട്ട ദളിതരും, ആദിവാസികളും, മുസ്‌ളീം വിഭാഗത്തിലുള്ളവരുമാണ് സ്ഥിരമായി ഡയറ്റിൽ ബീഫിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ന്യൂട്രീഷ്യസ് ഭക്ഷ്യ വസ്തുവെന്ന നിലയിൽ ഇന്ത്യയിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിൽ ബീഫിന് ഒരു വലിയ പങ്കുണ്ട്.

മതപരമായ വിലക്കുകളാണ് ഇന്ത്യയിലെ പോഷകാഹാരക്കുറവിൻറ്റെ മൂല കാരണം. ഇതിൽ ബീഫ് മാത്രമല്ല; പോർക്കും പെടും. ട്രൈക്കിനോസിസ് എന്ന രോഗം കാരണമാണ് റബ്ബികൾ പണ്ട് പന്നി മാംസം നിരോധിച്ചത്. ആ നിരോധനം കാരണം പിന്നീട് ജറുസലേമിൽ നിന്നും, അറേബിയയിൽ നിന്നും ഉടലെടുത്ത ഇസ്ലാം മതത്തിലും അത് തുടർന്നു. പക്ഷെ ഇന്ന് - ആധുനിക പന്നി വളർത്തു കേന്ദ്രങ്ങളിൽ വളർത്തുന്ന പന്നിയുടെ മാംസം സുരക്ഷിതമാണ്. പ്രഷർ കുക്കറിൽ അര മണിക്കൂർ വേവിച്ചാൽ ചാവാതെ പോകുന്ന ഒരു മൈക്രൊബും, വിരയും പന്നി  മാംസത്തിലെന്നല്ല; ഒരു മാംസത്തിലും ഉണ്ടാവില്ല. പിന്നെ ചിലരുടെ മത മൗലികവാദത്തിനു മാത്രമാണ് പന്നി മാംസം  ഊർജം പകരുന്നത്. നന്നായി വേവിച്ചു കഴിച്ചാൽ ബീഫും പോർക്കും ഒരു കുഴപ്പവും  ഉണ്ടാക്കില്ല.

ലോകത്ത് ബീഫില്ലാത്ത പട്ടാളക്കാരുടെ മെസ്സ് ഒരുപക്ഷേ ഇന്ത്യയിൽ മാത്രമേ കാണുകയുള്ളൂ. പോലീസിനും, പട്ടാളത്തിനും, കായിക താരങ്ങൾക്കും ശാരീരിക ക്ഷമതക്ക് നോൺ വെജിറ്റേറിയൻ ആഹാരം ആവശ്യമാണ്. കാട്ടിലും, മരുഭൂമിയിലും, സമുദ്രങ്ങളിലും സഞ്ചരിക്കുന്ന കമാൻഡോകൾ അവിടെ കിട്ടുന്ന എന്തും ആഹാരമാക്കണമെന്നാണ് പല രാജ്യങ്ങളിലും ഉള്ള രീതി. നാഷണൽ ജിയോഗ്രഫിക് ചാനൽ തയ്യാറാക്കിയ റോമുലസ് വിറ്റേക്കർ എന്ന രാജവെമ്പാല സംരക്ഷകനെ കുറിച്ചുള്ള ഡോക്കുമെൻറ്ററിയിൽ അദ്ദേഹം രാജവെമ്പാലകളെ തിരഞ്ഞു കാടുകളിൽ പോകുമ്പോൾ കാട്ടിൽ കിട്ടുന്ന എന്തും ആഹാരമാക്കുന്നതാണ് കാണിച്ചിട്ടുള്ളത്. 'പ്രൈമൽ സർവൈവർ' എന്ന നാഷണൽ ജ്യോഗ്രഫിക് പരിപാടിയിലാണെങ്കിൽ മരുഭൂമിയിലോ, കാട്ടിലോ, മഞ്ഞു മൂടിയ പ്രദേശങ്ങളിലോ കിട്ടുന്ന എന്തും ഭക്ഷിച്ചു ജീവിതം നയിക്കുന്നവരെയാണ് കാണിക്കുന്നത്. നാഷണൽ ജ്യോഗ്രഫിക് ഇന്ത്യയിലെ ആദിവാസി സമൂഹത്തിൽ പെട്ടവർ എലിയെ ചുട്ടു കഴിക്കുന്നതൊക്കെ കാണിച്ചിട്ടുണ്ട്. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പുഴുക്കളെ വറത്തു തിന്നുന്നതും, പട്ടി ഇറച്ചി കഴിക്കുന്നതും ഒരു സാധാരണ സംഭവം മാത്രം. ജനസംഖ്യ വർദ്ധിക്കുന്നതിനോടൊപ്പം കാർഷിക വിളകൾക്ക് ക്ഷാമം നേരിടുമ്പോൾ ഇത്തരത്തിൽ മനുഷ്യൻറ്റെ ഭക്ഷണ രീതിയിൽ വൈവിധ്യങ്ങൾ കൊണ്ടു വരണം എന്നാണ്‌ യൂനിസെഫ് നൽകുന്ന മുന്നറിയിപ്പ്. പക്ഷെ ഇന്ത്യയിൽ ഇതൊക്കെ ആരു കേൾക്കാൻ??

2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിൽ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണ് ഭൂരിപക്ഷവും. ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേർ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്. പിന്നെ  ഈ പശുവിൻറ്റെ പേര് പറഞ്ഞു പ്രശ്നം ഉണ്ടാക്കേണ്ട ഒരു കാര്യവും ഇല്ലാ. ഭരിക്കുന്നവർ ജന നന്മ കാംഷിക്കുന്നുണ്ടെങ്കിൽ പോഷകാഹാരക്കുറവ് വളരെയധികം ഉള്ള ഇന്ത്യയിൽ എന്തു വില കൊടുത്തും അത് മാറ്റാനാണ് നോക്കേണ്ടത്. ചുരുക്കം പറഞ്ഞാൽ സാധാരണക്കാരുടെ പോഷകാഹാരക്കുറവ് പരിഹരിക്കുവാൻ വിലക്കുറവുള്ള എന്തും കഴിക്കുവാൻ പ്രേരിപ്പിക്കണം.

(കടപ്പാട്:  സുരേഷ് കുഞ്ഞുപിള്ളയുടെ ഇന്ത്യയുടെ ഭക്ഷണ രീതികളെ കുറിച്ചുള്ള വളരെ പ്രസക്തമായ പോസ്റ്റിനോട്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ