2018 ജൂലൈ 16, തിങ്കളാഴ്‌ച

ഇന്ത്യൻ ജനസംഖ്യയും, വികസനവും

ഇന്ന് നമ്മുടെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ യുവാക്കൾ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യൻ ജനസംഖ്യയിലെ ഈ യുവത്ത്വത്തെയാണ് ഇംഗ്ളീഷിൽ 'ഡെമോഗ്രാഫിക് ഡിവിഡൻറ്റ്' എന്ന് പറയുന്നത്. ചൈനയിൽ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയിൽ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകൾ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വർഷം ഇന്ത്യയുടെ വളർച്ചയെ സംബന്ധിച്ച് നിർണായകമാണ്. പക്ഷെ യുവതീ-യുവാക്കളുടെ ഈ കർമശേഷിയെ രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ രാജ്യത്തെ നയിക്കാൻ ദീർഘ വീക്ഷണമുള്ളവർ ഉണ്ടാവണം. ഇന്ത്യക്ക് നിർഭാഗ്യവശാൽ അത്തരം നല്ല രാഷ്ട്ര ശിൽപികൾ ഇപ്പോൾ ഇല്ലാ.

കേരളത്തെ തന്നെ നോക്കൂ - പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ചിലത് ലോട്ടറിയും, മദ്യ വ്യവസായവുമാണ്. മദ്യ വ്യവസായത്തിൽ നിന്നാണ് നമ്മുടെ റെവന്യൂ എന്ന് സമ്മതിക്കാൻ ഇവിടുത്തെ ഭരണാധികാരികൾക്ക് ഒരു നാണവുമില്ല. നമ്മുടെ കാർഷിക, വ്യാവസായിക, സേവന മേഖലകളെ പുഷ്ടിപ്പെടുത്താൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി അധികമൊന്നും ചെയ്യുവാൻ സാധിക്കുന്നില്ല. ഫോർമാലിൻ തളിച്ച മീനുകളെ കുറിച്ച് നാം വായിക്കുന്നു. ഇത്രയേറെ കുളങ്ങളും, തോടുകളും, കായലുകളും ഒക്കെ ഉള്ള കേരളത്തിൽ ഉൾനാടൻ മൽസ്യ കൃഷി എന്തുകൊണ്ട് വികസിപ്പിച്ചില്ല എന്ന കാര്യത്തിൽ മാത്രം ഉത്തരമില്ല. അത് പോലെ തന്നെ ഇത്രയേറെ തോടുകളും, പുഴകളും, കായലുകളും, നീണ്ട കടൽത്തീരവും ഉള്ള കേരളത്തിൽ ജല ഗതാഗതം എന്തേ പരിപോഷിപ്പിച്ചില്ലാ എന്ന ചോദ്യത്തിനും ഉത്തരമില്ല. നാം നമ്മുടെ വിഭവ ശേഷി വർദ്ധിപ്പിക്കുന്നില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രവാസികളുടെ പണം ഒന്നു കൊണ്ട് മാത്രമാണ് കേരളം പിടിച്ചു നിൽക്കുന്നത്

ഇന്ത്യയിൽ ഇപ്പോൾ സാമ്പത്തിക വളർച്ചാ നിരക്ക് കൂടിയതു കൊണ്ട് മധ്യ വർഗത്തിന് പ്രയോജനം കിട്ടിയോ??? സാമ്പത്തിക വളർച്ചാ നിരക്ക് കൂടുന്നത് അനുസരിച്ച് ബാങ്കിങ് മേഖലയിൽ വായ്പ്പാ പലിശ നിരക്കുകൾ കുറയേണ്ടതാണ്. എന്നാൽ ഇൻഡ്യാ മാഹാരാജ്യത്ത് അതൊന്നും സംഭവിക്കുന്നില്ല. എൻറ്റെ ഹൌസിംഗ് ലോണിൽ ഓരോ മാസവും പിടിക്കുന്നത് പഴേ പോലെ തന്നെയാണ്. അതുകൊണ്ട് തന്നെ ഹൌസിംഗ് ലോണും, കാർ ലോണും ഒക്കെ എടുത്തിരിക്കുന്ന മധ്യ വർഗത്തിന് സാമ്പത്തിക വളർച്ചാ നിരക്കുകൾ കൂടിയിട്ട് വലിയ പ്രയോജനം ഒന്നും ഉള്ളതായി കാണുന്നില്ലാ.

ഇനി രാജ്യത്തെ മൊത്ത വരുമാനത്തിലേക്കും, ജനങ്ങളുടെ ജീവിത നിലവാരത്തിലേക്കും ഒന്ന് നോക്കാം. രാജ്യത്തെ മൊത്ത വരുമാനം അല്ലെങ്കിൽ ജി.ഡി.പി. അളക്കുന്നതിന് പ്രധാനമായും രണ്ടു തരം ജി.ഡി.പി. അളവുകോലാണ് നിലവിലുള്ളത്.
1) ജി.ഡി.പി. (നോമിനൽ)
2) ജി.ഡി.പി. (പി.പി.പി.-അഥവാ 'പർച്ചയ്സിംഗ് പവർ പാരിറ്റി')
നോമിനൽ ജി.ഡി.പി. അഥവാ മൊത്ത ആഭ്യന്തര ഉൽപ്പാദനം എന്ന് പറഞ്ഞാൽ നിലവിലെ മാർക്കറ്റ് വിലകളിൽ ഒരു രാജ്യത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടേയും, സേവനങ്ങളുടേയും ആകെ മൂല്യമാണ്. അതായത് ഒരു വർഷം ഒരു രാജ്യത്ത് ഉൽപ്പാദിപ്പിച്ചിരിക്കുന്ന സാധനങ്ങളുടെയും, സേവനങ്ങളുടെയും മൊത്തം വിപണി മൂല്യം അളക്കുന്ന ഒരു സാമ്പത്തിക സൂചികയാണ് നോമിനൽ ജി.ഡി.പി. അതിലാണ് ഇന്ത്യ ഇപ്പൊൾ ഫ്രാൻസിനെ മറി കടന്നു ആറാം സ്ഥാനത്തേക്ക് എത്തിയത്.

ക്രയ-വിക്രയ ശേഷി കണക്കാക്കിയുള്ള ജി.ഡി.പി.- യാണ് അടുത്തത്. ഇംഗ്ളീഷിൽ പറയുകയാണെങ്കിൽ  'പർച്ചയ്സിംഗ് പവർ പാരിറ്റി' അഥവാ പി.പി.പി. രാജ്യത്തിലെ ജനങ്ങളുടെ സാധനങ്ങൾ വാങ്ങാനുള്ള ശേഷി കണക്കാക്കിയുള്ള ജി.ഡി.പി.- യാണ് അത്. ജനങ്ങൾ സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നതിനനുസരിച്ച് ഈ പി.പി.പി. കൂടും. ശക്തമായ മധ്യ വർഗം ഉദയം കൊണ്ട ഇന്ത്യയിൽ പി.പി.പി. കൂടിയതിൽ അത്ഭുതമില്ല. അത്തരത്തിൽ ജിഡിപി. കൂടിയപ്പോൾ ഇന്ത്യയിൽ ക്രയ-വിക്രയ ശേഷി കൂടി എന്ന് നിസംശയം പറയാം. പി.പി.പി. കണക്കാക്കി 2011- ൽ മൂന്നാം സ്ഥാനമായിരുന്നു ഇന്ത്യക്ക്.

ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങൾ ജി.ഡി.പി. വച്ച് രാജ്യങ്ങളുടെ പൊതു ഉൽപ്പാദനം ആണ് അളക്കുന്നത്; അല്ലാതെ രാജ്യങ്ങളിലെ പൗരന്മാരുടെ ജീവിത നിലവാരം അല്ല. ഫ്രാൻസിനെ ജി.ഡി.പി.- യിൽ മറികടന്നു എന്ന് മേനി നടിക്കാൻ ചിലർ പറയുമ്പോൾ ആളോഹരി വരുമാനത്തിൽ ഫ്രാൻസ് 43,600 ഡോളറും ആയി നാൽപ്പത്തി ഒന്നാം സ്ഥാനത് നിൽക്കുമ്പോൾ ഇന്ത്യ വെറും 7200 ഡോളറും ആയി 157- ആം സ്ഥാനത്താണ് നിൽക്കുന്നതെന്നും കൂടി ഓർക്കണം. അതായത് ഫ്രാൻസിലെ ആളോഹരി വരുമാനം ഇന്ത്യയേക്കാൾ 6 ഇരട്ടിയിൽ കൂടുതൽ. ഇങ്ങനെ രണ്ട് രാജ്യത്തേയും പെർ ക്യാപ്പിറ്റാ ഇൻകം ഒന്ന് കംപയർ ചെയ്യുമ്പോഴാണ് ഈ താരതമ്യത്തിൻറ്റെ ഭോഷ്ക് മനസിലാകുന്നത്. പെർ ക്യാപ്പിറ്റാ ഇൻകം എന്ന് ഗൂഗിളിൽ അടിച്ചു നോക്കിയാൽ ആർക്കും ഇതു മനസിലാകും. സാമ്പത്തിക ശാസ്ത്രത്തിലെ 'ഗിനി കൊയെഫിഷ്യൻറ്റ്' ഉപയോഗിച്ചാണ് രാജ്യത്തെ പണം അതിലെ പൗരന്മാർക്ക് തുല്യമായി വീതിച്ചു പോകുന്നുണ്ടോ എന്ന് സാധാരണ ഗതിയിൽ അളക്കുന്നത്.  അതിനൊപ്പം 'ഹവ്സ്ഹോൾഡ് സർവേകളും' ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം അളക്കുന്നു. ഇന്ത്യയിലെ ശരാശരി ജനത്തിൻറ്റെ ജീവിത നിലവാരം അളക്കുമ്പോഴാണ് നാം വികസിത രാജ്യങ്ങളെക്കാൾ എത്ര പുറകിലാണെന്ന് തിരിച്ചറിയേണ്ടത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർ ഈ രാജ്യത്ത് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കണ്ടമാനം ഉണ്ട്. അവരെയൊന്നും സോഷ്യൽ മീഡിയയിലോ, ഫെയിസ് ബുക്കിലോ അത്ര സജീവമായൊന്നും കാണാറും ഇല്ലാ. അതുകൊണ്ട് ഇന്ത്യയിലെ ദരിദ്ര നാരായണന്മാരുടെ ശബ്ദം പൊതുവേദിയിൽ കേൾക്കപ്പെടുന്നില്ല. മധ്യ വർഗം ആണ് രാജ്യസ്നേഹം പറഞ്ഞു പലപ്പോഴും വീമ്പിളക്കുന്നത്.

ഇതിൻറ്റെയൊക്കെ അർഥം ഇന്ത്യ പുരോഗമിക്കുന്നില്ലാ എന്നല്ല. ഡോക്റ്റർ മൻമോഹൻ സിങ്ങിൻറ്റെ മുൻ ഗവൺമെൻറ്റ് നല്ല കുറേ ക്ഷേമ പദ്ധതികൾ കൊണ്ടു വന്നിട്ടുണ്ട്. ഡോക്റ്റർ മൻമോഹൻ സിങ്ങിൻറ്റെ തൊഴിലുറപ്പു പദ്ധതിയാണ് രാജ്യത്ത് ആദ്യമായി കുറെയൊക്കെ വിജയിച്ച സർക്കാരിൻറ്റെ ക്ഷേമ പദ്ധതി. ഭക്ഷ്യ സുരക്ഷാ നിയമം, വിവരാവകാശ നിയമം, വിദ്യാഭ്യാസാവകാശ നിയമം, പെൺകുട്ടികൾക്ക് വേണ്ടിയുള്ള ബേഠി പഠാവോ ബേഠി ബച്ചാവോ, സുകന്യ സമൃദ്ധി യോജന പദ്ധതികൾ, ആയുഷ്മാൻ ഭാരത് പദ്ധതി, സ്വച്ഛ് ഭാരത് പദ്ധതി ഒക്കെ വികസ്വര രാജ്യമായ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് കുറെയൊക്കെ പ്രയോജനം ചെയ്തിട്ടുണ്ട്. ആധാർ പദ്ധതിയെ ബി.ജെ.പി.-യിലേയും, സംഘ പരിവാറിലേയും പ്രവർത്തകർ CIA പദ്ധതിയാണെന്നു പറഞ്ഞു നഖ ശിഖാന്തം നേരത്തേ എതിർത്തുവെങ്കിലും അധികാരത്തിൽ വന്നപ്പോൾ ആധാർ പദ്ധതിയുടെ ഗുണം അവർക്കു മനസിലായി. അതുകൊണ്ട് പൂർവാധികം ശക്തിയോടെ ആധാർ ഇപ്പോൾ നടപ്പാക്കപ്പെടുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സാമൂഹ്യ ക്ഷേമ പദ്ധതികൾ പണ്ടേ നടപ്പാക്കിയിട്ടുണ്ട്. ഭീമമായ ജനസംഖ്യയും, ജാതി മത സാമുദായിക സംഘർഷങ്ങളും, അതിനെ ചൊല്ലിയുള്ള രാഷ്ട്രീയവും, അഴിമതിയും, മോശം ഭരണ സംവിധാനങ്ങളും, സ്ത്രീ വിരുദ്ധതയും എന്നും നമ്മുടെ വികസന പദ്ധതികൾക്ക് തടസമായി നിൽക്കുന്നു.

ക്ഷേമ പദ്ധതികൾ വഴി രാജ്യം വികസിത രാജ്യമാകാൻ ഏറ്റവും തടസമായി നിൽക്കുന്നത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഭീമമായ ജനസംഖ്യയാണ്. ഫ്രാൻസിൻറ്റെ ജനസംഖ്യ 2016-ലെ കണക്കനുസരിച്ച് കേവലം 6.69 കോടി മാത്രമാണ്. ഇന്ത്യയുടെ ജനസംഖ്യ നൂറ്റി ഇരുപത്തിയഞ്ചു കോടിയേക്കാൾ അധികവും. ലോകത്തിലെ ആറിൽ ഒരു മനുഷ്യൻ ജീവിക്കുന്നത് ഇന്ത്യയിലാണ്. ഈ ജനസംഖ്യ നമുക്ക് ഒരു ശാപവും; അതേസമയം അനുഗ്രഹവുമാണ്. വർധിച്ചു വരുന്ന ജനസംഖ്യയെ നിയന്ത്രിക്കാൻ മാർഗ്ഗമില്ലാത്തതാണ് ഇന്ത്യയുടെ ഏറ്റവും വലിയ വികസന പ്രശ്നമെന്ന് ജവഹർലാൽ നെഹ്റു പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്തായാലും ഏകാധിപത്യ രാജ്യങ്ങളെ പോലെ ജനങ്ങളെ ഇവിടെ കൊന്നൊടുക്കുവാൻ സാധിക്കില്ല. സൻജയ് ഗാന്ധി നടപ്പാക്കിയത് പോലെ നിർബന്ധിത വന്ധ്യംകരണവും നടപ്പാക്കാൻ ഒരു ജനാധിപത്യ രാജ്യത്ത് സാധിക്കില്ല. അപ്പോൾ പിന്നെ രാജ്യത്തെ ജനസംഖ്യയിലെ സിംഹഭാഗത്തെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലേക്ക് വഴിതിരിച്ചു വിടുകയേ നിർവാഹമുള്ളൂ.

ഇന്ത്യയിലെ ഇന്നത്തെ ലേബർ മാർക്കറ്റിൽ 'സ്കിൽസ്' നേടുന്നതാണ് പ്രധാനം. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഗ്രെയിറ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിൽ ഇതെഴുതുന്നയാൾ ഇൻഡസ്ട്രിയൽ സർവേ നടത്തിയപ്പോൾ അവിടെ 'സ്കിൽഡ് തൊഴിലാളിക്ക്' തുടക്കത്തിൽ തന്നെ 40,000 രൂപയായിരുന്നു ശമ്പളം. അഞ്ചു വർഷം മുമ്പത്തെ കാര്യമാണെന്നോർക്കണം. ഇന്ത്യയിലെ ഇൻഡസ്ട്രിയൽ ഏരിയകളിലെല്ലാം ഇത്തരത്തിൽ ശമ്പളം കൂടിയിട്ടുണ്ട്. ഗ്രെയിറ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിലെ HRD മാനേജർ എന്നോട് അന്ന് പറഞ്ഞത്  "10,000-15,000 കൊടുക്കാതെ ഇവിടെ ആരെയും ഒരു പണിക്കും കിട്ടില്ല" - എന്നാണ്. കമ്പനികൾക്ക് 'സ്കിൽഡ്' തൊഴിലാളികൾ കൊഴിഞ്ഞു പോകുന്നതിലാണ് ഉൽക്കണ്ഠ മുഴുവനും. L&T ഒക്കെ 'അപ്പ്രെൻറ്റിസ് ട്രെയിനിങ്' കഴിയുന്ന എല്ലാവരെയും ജോലിക്കെടുക്കും. അതുകൊണ്ട് ഇനിയുള്ള കാലം ശരിക്കും 'സ്കിൽഡ്' ആകാൻ നമ്മുടെ ചെറുപ്പക്കാരും ഉദ്യോഗാർത്ഥികളും ശ്രമിക്കട്ടെ. എന്നാൽ അവർക്കു നല്ല 'നെഗോഷിയേറ്റിങ് പവറും', നല്ല ജോലിയും, ശമ്പളവും ലഭിക്കും. ഇങ്ങനെ ഇന്ത്യയിലെ ജനസംഖ്യയിൽ ഉൾപ്പെട്ട യുവജനങ്ങളുടെ കർമശേഷിയെ തൊഴിൽ നിപുണരാക്കി രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ നമുക്ക് സാധിക്കുമോ??? കണ്ടറിയേണ്ട കാര്യമാണത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ