2018 ജൂലൈ 12, വ്യാഴാഴ്‌ച

സാംസങ്ങിൻറ്റെ ഫാക്റ്ററിയും, ഇന്ത്യയുടെ മാറേണ്ട വിദേശ ബന്ധങ്ങളും

ഇതെഴുതുന്നയാൾക്ക് ബി.ജെ.പി. നെത്ര്വത്ത്വത്തിലുള്ള കേന്ദ്ര സർക്കാരിൻറ്റെ വിദേശ നയങ്ങളോട് ഒട്ടുമേ നല്ല അഭിപ്രായമില്ല. 'സാർക്കിനെ' അവഗണിച്ചതും, ചുറ്റുമുള്ള അയൽ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയതും, വെറുതെ പാക്കിസ്ഥാൻ വിരോധം പ്രചരിപ്പിക്കുന്നതും ആരോഗ്യകരമായ വിദേശ നയമായി സുബോധമുള്ളവർക്ക് കാണാൻ കഴിയില്ല. പക്ഷെ ഇതെഴുതുമ്പോഴും കഴിഞ്ഞ ദിവസം വൻ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന നോയിഡയിലെ സാംസങ് ഫാക്റ്ററി നമ്മുടെ പ്രധാന മന്ത്രിയും, ദക്ഷിണ കൊറിയൻ പ്രധാന മന്ത്രിയും ചേർന്ന് തുറന്നത് വളരെ നല്ല ഒരു കാൽവെയ്പാണ് എന്ന് പറയാൻ ഒരു മടിയും ഇല്ലാ.

ലോകത്തെ മൊബൈൽ കമ്പനികളുടെ ഏറ്റവും വലിയ ഒരു മാർക്കറ്റ് ഇന്ത്യയാണ്. ഇന്ത്യൻ വിപണിയിൽ വിറ്റഴിയുന്നതു പോലെ സ്മാർട്ട് ഫോണുകൾ മറ്റെവിടെയും വിറ്റഴിയുന്നില്ല.   ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം 5G വരുന്നതോട് കൂടി ഇനിയും വിശാലമായ സാധ്യതകളാണ് ഇന്ത്യയിൽ മൊബൈൽ കമ്പനികൾക്ക് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ വിദേശ നിർമ്മിത ഫോണുകൾ ഇറക്കുമതി ചെയ്ത് വിൽക്കുന്ന രീതി മാറ്റി ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് തുടങ്ങി മൊബൈൽ ഫോണുകൾ വിപണിയിൽ എത്തിക്കുക എന്ന തന്ത്രത്തിലേക്ക് പല പ്രമുഖ കമ്പനികളും മാറിക്കഴിഞ്ഞു. ചൈനീസ് കമ്പനിയായ 'ഷവോമിയുടെ' ഫാക്റ്ററി ഇന്ത്യയിൽ ഇതിനോടകം തന്നെ ഉണ്ട്.  പ്രമുഖങ്ങളായ മറ്റു പല കമ്പനികളും ഇതിനോടകം ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് തുറന്നു കഴിഞ്ഞു. അതിൻറ്റെ ഭാഗമായാണ് സാംസങ് ഇത്ര വലിയ ഫാക്റ്ററി ഇന്ത്യയിൽ ആരഭിച്ചിരിക്കുന്നതും.

പക്ഷെ സംഘ പരിവാറുകാർ പ്രചരിപ്പിക്കുന്നത് പോലെ കേന്ദ്ര സർക്കാറിൻറ്റെ 'മെയ്‌ക്ക്‌ ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിച്ചതല്ല ഈ ഏറ്റവും വലിയ മൊബൈൽ ഫോൺ ഫാക്ടറി. ദക്ഷിണ കൊറിയ ചൈനീസ് മാർക്കറ്റ് ആശ്രയിക്കുന്നതിന് പകരം മറ്റു രാജ്യങ്ങളിലേക്ക് അവരുടെ വിപണി വിപുലീകരിക്കുകയാണ്. അതിൻറ്റെ ഭാഗമാണ് ഇന്ത്യയിൽ വലിയ ഫാക്റ്ററി തുറന്നിരിക്കുന്നതും. ഇതിനുള്ള തയാറെടുപ്പുകൾ വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചതുമായിരുന്നു. കേന്ദ്ര സർക്കാർ സാംസങ് കമ്പനിയുടെ ഈ വിപുലീകരണ പദ്ധതിക്ക് ഇടങ്കോലിട്ടില്ല എന്ന് മാത്രം.

1990-കളിൽ തുടങ്ങിയതാണ് ഡെൽഹിക്കടുത്തുള്ള ഗ്രെയിറ്റർ നോയിഡയിലെ ഈ സാംസങ് ഫാക്ടറി. ഇൻഡസ്ട്ട്രിയൽ സർവേയുടെ ഭാഗമായി ഇതെഴുതുന്നയാൾ ഈ സാംസങ് ഫാക്റ്ററി കുറെ വർഷങ്ങൾക്ക് മുമ്പ് സന്ദർശിച്ചിട്ടുമുണ്ട്.  ഇപ്പോൾ പ്രതിമാസം 50 ലക്ഷം ഫോൺ ഉൽപാദനം. 2020-ൽ എക്സ്പാൻഷൻ കഴിയുമ്പോൾ പ്രതിമാസം 1 കോടി സ്മാര്‍ട്ട്‌ ഫോണ്‍ ഉൽപാദനം ആകും. ഇത് കേവലം ഒരു മുന്‍നിര സ്മാര്‍ട്ട്‌ ഫോണ്‍ കമ്പനി തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നത് മാത്രം അല്ലാ. ടെക്‌നോളജിയിൽ മുമ്പന്തിയിൽ നിൽക്കുന്ന ദക്ഷിണ കൊറിയയുമായുള്ള ഇന്ത്യയുടെ അടുത്ത ബന്ധം കൂടിയാണിത്. 1960-കളിൽ തികഞ്ഞ കാർഷിക രാജ്യമായിരുന്ന ദക്ഷിണ കൊറിയയാണ് പിന്നീട് ലോക പ്രശസ്തമായ L .G., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ് - എന്നീ ബ്രാൻഡുകളെ സൃഷ്ടിച്ചത്. ഇത് ഇന്ത്യക്ക് ഒരു വലിയ പാഠമാണ്. ഏഷ്യൻ രാജ്യമായ ജപ്പാനും ടൊയോട്ട, മിറ്റ്സുബുഷി, സോണി - എന്നിങ്ങനെയുള്ള അനേകം അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചു. ഹൈ സ്പീഡ് ട്രെയിൻ അനേകം വർഷങ്ങളായി ജപ്പാനിൽ ഓടിക്കൊണ്ടിരിക്കുന്നു.

ഇത്തരത്തിൽ ടെക്നൊളജിയിലും, സംസ്കാരത്തിലും ഇന്ത്യയോടടുത്തു നിൽക്കുന്ന ഇത്തരം ഏഷ്യൻ രാജ്യങ്ങളുമായി സ്വന്തം താൽപര്യം മുൻനിർത്തി ഇന്ത്യ കൂടുതൽ അടുക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ ഇന്ത്യ വിദേശ ബന്ധങ്ങളിൽ സ്വന്തം താൽപര്യങ്ങൾക്കനുസൃതമായി ഒരു പൊളിച്ചെഴുത്ത് നടത്തുന്നത് നല്ലതാണ്. സ്ഥിരം സുഹൃത്തുക്കളായ അമേരിക്ക, റഷ്യാ, യൂറോപ്യൻ യൂണിയൻ - ഇവരോടോന്നും വലിയ വിധേയത്ത്വം കാണിക്കാതെ ഒരു ന്യൂട്രൽ സ്റ്റാൻഡിൽ നിന്നുകൊണ്ട് ടെക്നൊളജിക്കും, 'റിസോഴ്സസിനും' വേണ്ടി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതായിരിക്കും ബുദ്ധി എന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. ടെക്നൊളജിക്ക് വേണ്ടി ജപ്പാനേയും, ദക്ഷിണ കൊറിയയേയും സമീപിക്കുക; 'റിസോഴ്സസി നു' വേണ്ടി ബ്രസീൽ, അർജെൻറ്റിന, ദക്ഷിണാഫ്രിക്ക - ഈ രാജ്യങ്ങളെ സമീപിക്കുക. നമ്മുടെ വർദ്ധിച്ചു വരുന്ന ജനസംഖ്യയിൽ കൃഷിയിൽ താൽപര്യമുള്ളവരെ ആഫ്രിക്കൻ രാജ്യങ്ങൾ, റഷ്യ, ഉക്രെയിൻ - ഇങ്ങനെ ഫലഭൂയിഷ്ഠമായ കൃഷി സ്ഥലങ്ങളുള്ള രാജ്യങ്ങളിലേക്ക് അവരുടെ സമ്മതത്തോടെ അയക്കുകയാണെങ്കിൽ ആ രാജ്യങ്ങൾക്കും, ഇന്ത്യക്കും വിദൂര ഭാവിയിൽ പ്രയോജനമുണ്ടാകുകയും ചെയ്യും. ഇതൊക്കെ ദീർഘ വീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ