2017 ഫെബ്രുവരി 13, തിങ്കളാഴ്‌ച

ഉള്ളൂരിൻറ്റെ പ്രേമ സംഗീതം

ഉള്ളൂരിൻറ്റെ പ്രേമ സംഗീതം

വർഗീയ വിഷം പല രീതിയിൽ മലയാളികളെ പുണരുമ്പോൾ മലയാളികൾക്ക് ആശ്രിയിക്കാവുന്ന ദൈവികമായ സന്ദേശത്തിൻറ്റെ പൂർണതയുടെ രൂപത്തിലുള്ള ഒരു കവിതയാണ് ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ 'പ്രേമ സംഗീതം'. തീർച്ചയായും ഒരു ദൈവിക പ്രേരണയിൽ ഇതെഴുതിയതാവാനേ തരമുള്ളൂ. സാധാരണ ഗതിയിൽ പാണ്ഡിത്യ പ്രകടനവും, കടു കട്ടി ഭാഷാ പ്രയോഗങ്ങളും നടത്തുന്ന ഉള്ളൂർ വളരെ നല്ല ലളിത, കോമള പദങ്ങൾ കൊണ്ട് മനുഷ്യർ തമ്മിലുള്ള ഐക്യവും, ദൈവിക രഹസ്യങ്ങളും  ഈ കവിതയിലൂടെ അവതരിപ്പിക്കുന്നു. ആദ്യം തന്നെ നോക്കുക:

"ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ

പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.

ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം

പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു" - ജീവൻറ്റെ പ്രകാശം, അല്ലെങ്കിൽ ഇംഗ്ളീഷിൽ പറയുന്ന 'ഗോഡ്സ് ലൈറ്റ്' - എന്നുള്ളത് എത്ര ലളിതമായിട്ടാണ് ഉള്ളൂർ അവതരിപ്പിച്ചിരിക്കുന്നത് തന്നെ!!!

"വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം

വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം" - ഭക്തിയിലും, ആധ്യാത്മികതയിലും ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആന്തരികമായ വിശുദ്ധി ആണെന്ന് ഈ വരികൾ നമ്മെ ഓർമപ്പെടുത്തുന്നു.

"പാഷാണൗഷധിപക്ഷിമൃഗാദികൾ പല പല വടിവുകളിൽ

പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി

പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേഷിപ്പോർക്കെല്ലാം

പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം" - പ്രകൃതി തന്നെയാണ് ഈശ്വരൻ എന്നതാണ് ഭാരതീയ തത്ത്വ ചിന്ത നമ്മെ പഠിപ്പിക്കുന്നത്. പ്രകൃതിയുമായി ഐക്യപ്പെടാൻ മനുഷ്യന് തടസ്സം സൃഷ്ടിക്കുന്നത് അവനവനിലുള്ള 'ഈഗോ' ആണ്. പ്രകൃതിയിലേക്ക് നോക്കിയാൽ ഈശ്വരൻറ്റെ കയ്യൊപ്പ് എല്ലാ രീതിയിലും കാണാം. "ആകാശത്തിലെ പറവകളെ നോക്കുവിൻ; വയലിലെ ലില്ലി പുഷ്പങ്ങളെ നോക്കുവിൻ - സോളമൻറ്റെ കൊട്ടാരത്തേക്കാൾ മനോഹരമായിട്ടല്ലേ എൻറ്റെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ സൃഷ്ടിച്ചിരിക്കുന്നത്?" - എന്ന ക്രിസ്തുവിൻറ്റെ ചോദ്യം വേറൊരു രീതിയിൽ ഉള്ളൂരും ആവർത്തിക്കുകയാണ് ഇവിടെ.

"മോദത്താൽ ആകാശത്തെ വാർത്തെടുത്തവൻ

ഭൂതലത്തെ വെള്ളത്തിൻ മേൽ ഉറപ്പിച്ചവൻ ...

ദീപ്തി നൽകും താര ബിംബത്തെ മോടിയായ് വാനിടത്തിൽ സ്ഥാപിച്ചവൻ

താൻ ഉന്നതനല്ലോ; സ്തുതി ചെയ്തിടുമല്ലോ; തൻ

സന്നിധിയിൽ എന്നും പ്രകാശമുണ്ടല്ലോ"  - എന്നുള്ള ക്രിസ്തീയ ഭക്തി ഗാനവും ഈ പ്രകൃതി ശക്തികളെ സൃഷ്‌ടിച്ച പ്രേമാത്മാവായ് വിലസുന്ന പിതാവിനെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ്. (ഓർമയിൽ നിന്നാണ് ഈ ക്രിസ്തീയ ഭക്തി ഗാനം എഴുതുന്നത്. തെറ്റുണ്ടെങ്കിൽ ക്ഷമിയ്ക്കുക)

"ഏകോദരസോദരർ നാമേവരു,മെല്ലാജ്ജീവികളും

ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ

അടുത്തുനിൽപ്പോരനുജനെനോക്കാനക്ഷികളില്ലാത്തോ-

ർക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?" - - ഈ വരികൾ വീണ്ടും മനുഷ്യർ തമ്മിൽ വേണ്ട ഐക്യത്തിൻറ്റേ സന്ദേശമാണ്.

മനുഷ്യൻറ്റെ ജീവിതത്തിൻറ്റെ പ്രസക്തി എന്താണ്? അവിടെ ഈശ്വരൻറ്റെ പ്രസക്തിയും എന്താണ്? ഈശ്വരേശ്ചയല്ലേ ജീവിതം തന്നെ? ഉള്ളൂർ താഴെ പറയുന്ന വരികളിലൂടെ അത് അല്ലെങ്കിൽ ആ സന്ദേശം വളരെ സുന്ദരമായി അവതരിപ്പിക്കുന്നു:
"നമോസ്തു തേ മജ്ജീവനദായക! നടേശ! പരമാത്മൻ!

നരഖ്യമങ്ങേ നർത്തനഗനമിതിൽ ഞാനുമൊരൽപാംഗം

വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;

വിശ്വപ്രിയമായ് നടനം ചെയ്വതു വിധേയനെൻ കൃത്യം."

അവസാനത്തെ വരികളാണ് ഈ കവിതയിലെ എല്ലാ അർത്ഥത്തിലും 'മാസ്റ്റർ പീസുകൾ'. ശകരാചാര്യരുടെ അഹം ബ്രഹ്‌മാസ്‌മി അല്ലെങ്കിൽ ക്രിസ്തുവിൻറ്റെ 'കിങ്ഡം ഓഫ് ഗോഡ് ഈസ് വിത്തിൻ യു' എന്ന അർഥം വരുന്ന വാക്കുകൾ ആണവ. ഈശ്വരനും, മനുഷ്യനും, പ്രപഞ്ചത്തിലെ മറ്റു ജീവ ജാലങ്ങളും ഒന്നാണെന്ന് തന്നെയാണ് ഈ കവിതയുടെ ആത്യന്തികമായ സന്ദേശം.
"പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ

ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?

പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;

പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?

ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും

പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !"
( പ്രേമസംഗീതം - രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ)

എളിമ, വിനയം, സത്യ സന്ധത, സാമൂഹ്യ സേവനം - ഇവയൊക്കെയാണ് ഏതു സത്യാന്വേഷണത്തിൻറ്റെയും അന്ത സത്ത. ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച ഏതെങ്കിലും ഒരു വ്യക്തിയുടെ പേരിലാണ് ലോകത്തെ എല്ലാ മതങ്ങളും ആവിർഭവിച്ചിട്ടുള്ളത്. പക്ഷെ ആ വ്യക്തിയുടെ മരണ ശേഷം അനേക വർഷങ്ങൾ കഴിയുമ്പോഴാണ് ആ വ്യക്തിയുടെ പേരിലുള്ള മതം ഒരു സംഘടനാ രൂപം കൈവരിക്കുന്നത്. ബുദ്ധ മതവും, ക്രിസ്തു മതവും തന്നെ ഉദാഹരണങ്ങൾ. ശ്രീ ബുദ്ധൻറ്റെയും, ക്രിസ്തുവിൻറ്റെയും മരണ ശേഷം - നൂറ്റാണ്ടുകൾക്കു ശേഷം മാത്രമാണ് അവരുടെ പേരിലുള്ള മതം ഒരു സംഘടനാ രൂപം കൈവരിക്കുന്നത്. ഭക്തിക്കും, ആത്മാർധതക്കും, സത്യസന്ധതക്കും, ആത്മീയാനുഭവത്തിനും ഒരു പഠിത്തത്തിൻറ്റെയും, ഒരു മതത്തിൻറ്റെയും ആവശ്യമില്ല. ഹൃദയ ശുദ്ധി മാത്രം മതി. അതാണ് "ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; എന്തു കൊണ്ടെന്നാൽ അവർ ദൈവത്തെ കാണും" എന്ന് ക്രിസ്തു പറഞ്ഞത്. രാമകൃഷ്ണ പരമഹംസൻ നിരക്ഷരനായിരുന്നു. അദ്ദേഹമാണ് വിവേകാനന്ദനെ സൃഷ്ടിച്ചത്. തുക്ലയിലെ ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച പീർ മുഹമ്മദ് സാഹിബ് അന്ധനും ആയിരുന്നു. മനുഷ്യൻറ്റേയും, ജീവ ജാലങ്ങളുടെയും ആത്മീയമായ അസ്ഥിത്ത്വത്തെ കുറിച്ച് ഉൽബോധിപ്പിക്കുകയാണ് എല്ലാ ആത്മീയാചാര്യന്മാരും ചെയ്യുന്നത്. ഉള്ളൂർ തൻറ്റെ 'പ്രേമ സംഗീതം' എന്ന കവിതയിലൂടെയും അത് നിർവഹിച്ചിരിയ്ക്കുന്നു. ഇത്ര സുന്ദരമായി, ലളിതമായി ദൈവിക രഹസ്യങ്ങൾ അല്ലെങ്കിൽ ആത്മീയ രഹസ്യങ്ങൾ പ്രദിപാദിയ്ക്കുന്ന മറ്റൊരു കവിത മലയാളത്തിൽ ഇല്ലെന്നു തന്നെ പറയാം.

3 അഭിപ്രായങ്ങൾ: