2018 ഫെബ്രുവരി 5, തിങ്കളാഴ്‌ച

ജാതി സർട്ടിഫിക്കറ്റുകൾ വ്യാജമാകുമ്പോൾ....

മഹാരാഷ്ട്രയിൽ 17,000 പേരുടെ ജാതി സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവരെല്ലാം പിരിച്ചു വിടൽ ഭീഷണിയിലാണിപ്പോൾ. പിരിച്ചു വിടാൻ കോടതിയുത്തരവ് ഉണ്ടായിട്ടു കൂടി മഹാരാഷ്ട്രാ സർക്കാർ മടിക്കുകയാണ്. കാരണം പത്തും, ഇരുപതും സർവീസ് ഉള്ളവരാണ് പലരും. ഡെപ്യുട്ടി സെക്രട്ടറി തൊട്ടു പ്യൂൺ വരെ ഈ 17,000 പേരിൽ ഉണ്ട്.

സത്യത്തിൽ ഇത് ഇംഗ്ളീഷിൽ പറയുന്ന 'ടിപ്പ് ഓഫ് ദി ഐസ്ബെർഗ്' ആണെന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. അഴിമതി സർവ വ്യാപിയായ ഇൻഡ്യാ മഹാരാജ്യത്ത് ഒരു ജാതി സർട്ടിഫിക്കറ്റ് കിട്ടുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. സർക്കാർ ജോലിക്ക് സെക്യൂരിറ്റിയും, ഗ്ളാമറും ഒക്കെ ഉള്ളത് കൊണ്ട് പണം മുടക്കി ജാതി സർട്ടിഫിക്കറ്റും, സർക്കാർ ജോലിയും സ്വന്തമാക്കാൻ അനേകം പേർ തയാറാകും. ശരിയായ രീതിയിൽ അന്വേഷണം നടത്തുകയാണെങ്കിൽ വ്യാജ ജാതി സർട്ടിഫിക്കറ്റിൻറ്റേയും, വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിൻറ്റേയും പേരിൽ അനേകം പേർ നമ്മുടെ സർക്കാർ സർവീസുകളിൽ നിന്ന് പിരിച്ചയക്കപ്പെടും.

സംവരണം എന്ന പോളിസി തന്നെയാണ് ഇത്തരം സംഭവങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ചരിത്രപരമായ നീതി നിഷേധം മാറ്റുക എന്നതായിരുന്നു സംവരണത്തിൻറ്റെ പ്രഥമമായ ഉദ്ദേശ്യം. പക്ഷെ സംവരണം പോലെ തന്നെ ദാരിദ്ര്യ നിർമാർജന പദ്ധതികളും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഉദ്ധരിക്കുന്നതിൽ വളരെ പ്രധാനമാണ്. സംവരണത്തിൻറ്റെ ഉദ്ദേശം തന്നെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യ ധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്നതായിരുന്നു. ഡോക്ടർ അംബേദ്കർ 25 വർഷത്തേക്കാണ് സംവരണം വിഭാവനം ചെയ്തത്.

ഇന്ന് 90 ശതമാനത്തിലേറെ തൊഴിൽ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നത് അസംഘടിത മേഖലയിലാണ്. ജാതീയമായി അവശതിയിലും ദാരിദ്ര്യത്തിലുമായ മഹാഭൂരിപക്ഷത്തെ കര കയറ്റാൻ അവർക്ക് സ്ഥിര വരുമാനമുണ്ടാക്കുന്ന ഒരു തൊഴിൽ ലഭ്യമാക്കുകയാണ് വേണ്ടത്. തൊഴിലും, വിദ്യാഭ്യാസവുമാണ് ഏതു സമൂഹത്തിൻറ്റെയും ഉന്നതിയ്ക്കു നിദാനം. അപ്പോൾ സർക്കാർ തലത്തിൽ മാത്രമുള്ള ഈ സംവരണം എത്ര പേർക്ക് ഉപകരിക്കുന്നുണ്ട്? ദാരിദ്ര്യ നിർമാർജന പദ്ധതികളുടെ പരാജയവും, അഴിമതിയും കാരണം ഇന്നും ദാരിദ്ര്യം ഇന്ത്യയുടെ ഒരു വലിയ പ്രശ്നമായി അവശേഷിക്കുന്നു.

പക്ഷെ ഇതൊന്നും നമ്മുടെ രാഷ്ട്രീയക്കാരോട് പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല. ഡോക്ടർ അംബേദ്കർ 25 വർഷത്തേക്ക്  വിഭാവനം ചെയ്ത സംവരണമാണ് ഇപ്പോൾ അനന്തമായി നീളുന്നത്. അത് കൂടാതെ ഒ.ബി.സി-കളേയും, മറ്റനേകം ഗ്രൂപ്പുകളെയും സംവരണ പട്ടികയിൽ തിരുകി കേറ്റുന്ന പ്രക്രിയയാണ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇപ്പോൾ നടക്കുന്നത്. മണ്ഡൽ കമ്മീഷനിലൂടെ OBC -കൾക്ക് സംവരണം കൊടുത്ത രാഷ്ട്രീയ നടപടി ഒട്ടും ശരിയല്ലായിരുന്നു. അത് തികഞ്ഞ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയായിരുന്നു. കാരണം OBC -കൾ കേരളത്തിലും, ഇന്ത്യയുടെ പല പ്രദേശങ്ങളിലും സാമ്പത്തികമായും, സാമൂഹ്യമായും, രാഷ്ട്രീയമായും പ്രബല ശക്തികളാണ്. BJP വലിയ ദേശീയ വാദം പറയുന്നുണ്ടെങ്കിലും അവരും ശുദ്ധമായ ജാതി രാഷ്ട്രീയം തന്നെയാണ് കളിക്കുന്നത്. കുറെ നാൾ മുമ്പ് നടന്ന ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ ഇതു നാം കണ്ടതാണ്. മുന്നോക്ക ജാതികളുടെ ഏകീകരണവും, യാദവ്-ദളിത് വോട്ട് ബാങ്കുകളിൽ ഉണ്ടായ ഭിന്നിപ്പും ആണ് ബീ.ജെ.പി.-യ്ക്ക് ഗുണമായത്. കുറെ നാൾ മുമ്പ് ഗുജറാത്തിൽ പട്ടേൽ സമുദായക്കാർ വലിയ പ്രക്ഷോഭം നടത്തിയതും അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചതും ഈ ജാതി രാഷ്ട്രീയം കാരണമായിരുന്നു. അത് പോലെ തന്നെ ജാട്ടു സമുദായക്കാർ വലിയ പ്രക്ഷോഭം നടത്തിയതും, അക്രമം കാട്ടിയതും അവരുടെ ആവശ്യങ്ങൾ പരിഗണിക്കും എന്നു പറഞ്ഞതും എന്തിനു വേണ്ടിയായിരുന്നു? ഗുജറാത്തിലെ പട്ടേൽ സമുദായക്കാരും, ഹരിയാനയിലെ  ജാട്ടു സമുദായക്കാരും, ഉത്തർ പ്രദേശിലെ യാദവരും സാമൂഹ്യമായും, സാമ്പത്തികമായും ഉന്നത ശ്രേണിയിൽ ഉള്ളവരാണ്. അവരൊക്കെ ഇപ്പോഴും ജാതി രാഷ്ട്രീയത്തിൻറ്റെ പേരിൽ ആനുകൂല്യങ്ങൾ നേടുന്നു. മണ്ഡൽ കമ്മീഷനിലൂടെ OBC -കൾക്ക് സംവരണം കൊടുത്തതിലൂടെ മുന്നോക്ക ജാതികളുടെ ഏകീകരണവും, OBC -കൾ കൂടുതൽ കൂടുതൽ സംവരണാനുകൂല്യങ്ങൾ ചോദിക്കുന്ന അവസ്ഥയും ആണ് ഇന്ന് സംജാതമായിട്ടുള്ളത്. കേരളത്തിൽ പോലും മണ്ഡൽ കമ്മീഷൻ നടപ്പാക്കും എന്ന് പ്രഖ്യാപനം നടത്തിയതിനു ശേഷം വി.പി.സിംഗ് വന്നപ്പോൾ കോരിചൊരിയുന്ന മഴയത്ത് കൊച്ചിയിൽ അഞ്ചു ലക്ഷം പേർ പ്രകടനം നടത്താൻ പോയി. ഞങ്ങളുടെ വീടിനടുത്ത് കോരി ചൊരിയുന്ന മഴയത്ത് പ്രകടനം നടത്തി മൂക്കടപ്പും, തൊണ്ട വേദനയും പിടിച്ചവരെ എനിക്ക് നേരിട്ടറിയാം. ഇനി ഇത്തരം കൂട്ടർ സംവരണാവകാശം വ്യാജ സർട്ടിഫിക്കറ്റിലൂടെ മറ്റുള്ളവർ സ്വന്തമാക്കുന്നത് കാണേണ്ടി വരും. അപ്പോൾ ഇവരിൽ നിന്ന് തന്നെ സംവരണത്തിന് വിരുദ്ധമായ ഒരഭിപ്രായം രൂപപ്പെടുമെന്നും പ്രതീക്ഷിക്കാം.

ദളിതരുടെയും, ആദിവാസികളുടെയും, പിന്നോക്ക വിഭാഗങ്ങളുടെയും വികസന പ്രശ്നങ്ങൾക്കുള്ള പരിഹാരം സംവരണവും, വെറുതെ വംശീയ വിദ്വേഷം വളർത്തലുമല്ല. ആര്യ ദ്രാവിഡ സങ്കൽപ്പവും, ബ്രാഹ്മണാധിപത്യവും കൂടെ കൂടെ പറഞ്ഞിട്ട് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ഇന്ത്യയിലെ ദളിതരുടെ കോളനികളിലും, ചേരികളിലും, പുനരധിവാസ പ്രദേശങ്ങളിലും, ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും നടപ്പിലാക്കേണ്ട ഒരു വികസന പദ്ധതി നാം സ്വയം വികസിപ്പിക്കേണ്ടിയിരിക്കുന്നു. ദളിത് ആദിവാസി വിഭാഗങ്ങളിൽ സമ്പാദ്യ ശീലം വളർത്തേണ്ടത് അവരുടെ ഉന്നമനത്തിന് വളരെ അത്യാവശ്യമാണ്. ഗ്രാമങ്ങളിലെ കാർഷിക മേഖലകളിൽ നിന്നും, അസംഘടിത ചെറുകിട മേഖലകളിൽ നിന്നും വൻ വ്യവസായ മേഖലകളിലേക്കും, സേവന മേഖലയിലേക്കുമുള്ള കുടിയേറ്റം ദളിത്-ആദിവാസി വിഭാഗത്തിൻറ്റെ ഉന്നമനത്തിന് വളരെ അത്യന്താപേക്ഷിതമാണ്. സംരംഭകത്വം ദളിത് ആദിവാസി വിഭാഗങ്ങളിൽ എല്ലാ രീതിയിലും പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. ഇതിനു വേണ്ടി തൊഴിൽ സൃഷ്ടിക്കപ്പെടുന്ന പ്രക്രിയക്കാണ് വാസ്തവത്തിൽ ആക്കം കൂട്ടേണ്ടത്. ദളിതരെ ബ്രാഹ്മണ മൂല്യങ്ങൾ പറഞ്ഞു ഭയപ്പെടുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കാൻ ആണ് പലർക്കും താൽപര്യം. ഇതിനു പകരം ദളിതരിലേയും, ആദിവാസികളിലേയും യുവ തലമുറയ്ക്ക് തൊഴിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം, മെച്ചപ്പെട്ട വേതനം, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് അവരുടെ ഉന്നമനം ആഗ്രഹിക്കുന്ന എല്ലാവരും ചെയ്യേണ്ടത്. സമഭാവനയോടെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നോക്കി കാണേണ്ട ഒരു സംസ്കാരവും, മനോഭാവവും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇൻഡ്യാക്കാരായ നമുക്കെല്ലാവർക്കും ഉണ്ടാവേണ്ടതും വളരെ അത്യന്താപേക്ഷിതമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ