2019 ജനുവരി 16, ബുധനാഴ്‌ച

നരേന്ദ്ര മോഡിയെ കുറിച്ചുള്ള പഠനം

ഗ്രന്ഥകർത്താവ്: ഇന്ദു ശേഖർ
പ്രസാധകർ: മാനക് പബ്ലിക്കേഷൻസ്, ന്യൂ ഡൽഹി
165 പേജുകൾ
വില: 750 രൂപാ .


നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് ഗൗരവമാർന്ന അക്കാഡമിക്ക് പഠനങ്ങളൊന്നും തന്നെ വന്നിട്ടില്ല. അതിനൊരു അപവാദമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് ഡോക്റ്റർ ഇന്ദു ശേഖർ രചിച്ച 'ആൻ എപ്പൊളിറ്റിക്കൽ ബയോഗ്രഫി ഓഫ് നരേന്ദ്ര മോഡി' എന്ന പുസ്തകം. ന്യൂ ഡൽഹിയിലെ മാനക് പബ്ലിക്കേഷൻസ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 165 പേജുകൾ ഉള്ള ഈ പുസ്തകത്തിൻറ്റെ വില 750 രൂപയാണ്. ഈ പുസ്തകം രചിച്ചിരിക്കുന്ന ഡോക്റ്റർ ഇന്ദു ശേഖർ ഡൽഹിയിലെ ആസൂത്രണ കമ്മീഷനു കീഴിലുള്ള (ഇപ്പോൾ നീതി ആയോഗ്) നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കണോമിക്സ് റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിൽ അസിസ്റ്റൻറ്റ് ഡയറക്ടറായി ജോലി നോക്കുന്ന ആളാണ്. ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിലും, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ദീർഘ നാൾ സോഷ്യോളജി പഠിച്ച ഡോക്റ്റർ ഇന്ദു ശേഖർ തൻറ്റെ സോഷ്യോളജിയിലുള്ള അറിവ്  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിത്ത്വത്തെ പഠിക്കാനായി ഉപയോഗിക്കുന്നു.  ഈ പുസ്തകം അടിസ്ഥാനപരമായി ആർ. എസ്. എസ്സിൽ കൂടി വളർന്ന മോഡിയുടെ വ്യക്തിത്ത്വ പഠനമാണ്. അതല്ലാതെ പ്രധാനമന്ത്രി എന്നുള്ള രീതിയിൽ മോഡിയുടെ പ്രകടനമല്ല പുസ്തകത്തിൽ വിലയിരുത്തുന്നത്.

1950 സെപ്റ്റംബർ 17-നു ഗുജറാത്തിലെ വഡനഗറിലുള്ള ഒരു സാധാരണ വ്യാപാരി കുടുംബത്തിലാണ് നമ്മുടെ  പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനിച്ചത്. മൂൽചന്ദ് മോഡിയുടെയും ഹീരാബെൻ മോഡിയുടെയും 6 മക്കളിൽ മൂന്നാമനായിരുന്നു നരേന്ദ്ര ദാമോദർദാസ് മോഡി. പ്രായപൂർത്തി ആകുന്നതിനു മുൻപ് ജസോദ ബെന്നുമായി വിവാഹം നിശ്ചയിച്ചെങ്കിലും പതിനേഴാം വയസിൽ മോഡി നാട് വിട്ടു. രാമകൃഷ്ണാശ്രമത്തിൽ ഒരിക്കൽ ഉണ്ടായിരുന്ന മോഡി പിന്നീട് 1971-ൽ ആർ. എസ്. എസ്. - ൻറ്റെ  പ്രചാരകനായി മാറുന്നു. 1987-ൽ ബി. ജെ. പി. - യിൽ ചേർന്ന നരേന്ദ്ര മോഡി 1995-ൽ ബി. ജെ. പി. -യുടെ നാഷണൽ സെക്രട്ടറിയായിരുന്നു. പിന്നീട് 2001 മുതൽ 2014 വരെ ഗുജറാത്‌ മുഖ്യ മന്ത്രിയും. മെയ് 26-നു ഇന്ത്യയുടെ പ്രധാന മന്ത്രി പദവി ഏറ്റെടുക്കുന്നത് വരെ ഗുജറാത്‌ മുഖ്യ മന്ത്രിയായിരുന്ന വ്യക്തി കൂടി ആണ് നരേന്ദ്ര ദാമോദർദാസ് മോഡി.

ഇങ്ങനെ  നരേന്ദ്ര മോഡിയുടെ ചരിത്രം ഗ്രന്ഥകർത്താവ് സംക്ഷിപ്തമായി പറയുന്നുണ്ടെങ്കിലും നരേന്ദ്ര മോഡി എന്ന വ്യക്തിയെ മനസിലാക്കാൻ അദ്ദേഹത്തിന് സാധിച്ചോ??? ഇല്ലെന്നു വേണം പറയാൻ. വിവാദ വിഷയങ്ങളിലേക്ക് പോവാതെ നരേന്ദ്ര മോദിയുടെ ബ്രഹ്മചര്യവും, ആർ. എസ്. എസ്. - ലൂടെ അദ്ദേഹം രൂപപ്പെടുത്തിയ വ്യക്തിത്ത്വവും ഡോക്റ്റർ ഇന്ദു ശേഖർ പഠന വിധേയമാക്കുന്നുണ്ട്. ഇവിടെ ആർ. എസ്. എസ്. - നെ നന്നായി വിലയിരുത്തുവാൻ ഗ്രന്ഥകർത്താവിനു സാധിച്ചു എന്ന് പറയുന്നതായിരിക്കും നല്ലത്. ആർ. എസ്. എസ്. - നെ കുറിച്ചും ആ സംഘടനയുടെ ഐഡിയോളജിയെ കുറിച്ചും 'Ethno-Nationalism" എന്നാണു ഗ്രന്ഥകർത്താവ് പറയുന്നത്. മലയാളത്തിൽ പറഞ്ഞാൽ ഇതിനെ വംശീയമായ കടുത്ത ദേശീയത എന്ന് നിർവചിക്കാം. ബജരംഗ്‌ ദൾ പോലുള്ള അനേകം സംഘങ്ങളുമായുള്ള ആർ. എസ്. എസ്. - ൻറ്റെ ബന്ധവും, ആർ. എസ്. എസ്. - ൻറ്റെ മുസ്‌ലിം വിരോധവും, സ്വതന്ത്ര ഇന്ത്യയിലെ പല വർഗീയ ലഹളകളിൽ ആർ. എസ്. എസ്. വഹിച്ച പങ്കും ഗ്രന്ഥകർത്താവ് ചൂണ്ടി കാട്ടുന്നു.

ഒരുപക്ഷെ തൻറ്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മോഡി  പുലർത്തുന്ന 'സീക്രസി' ആയിരിക്കാം അദ്ദേഹത്തിൻറ്റെ വ്യക്തിത്ത്വ വിശകലനത്തിന് തടസമായി നിൽക്കുന്നത്.  പാർട്ടി അണികളും, സർക്കാരും നയിക്കുന്ന പ്രചാരണത്തിനിടയിൽ വസ്തുത എന്താണ്; വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്താണ് എന്നറിയുക എളുപ്പമല്ല. ഇതൊക്കെ പറയുമ്പോഴും ഇത്തരത്തിൽ ഒരു 'അറ്റംപ്റ്റ്' ഗ്രന്ഥകർത്താവിൻറ്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതു ശ്ലാഖനീയമാണെന്ന് പറയാതെ വയ്യാ. 

നരേന്ദ്ര മോഡിയുടെ വിമർശകർ എന്തൊക്കെ പറഞ്ഞാലും സസ്യ എണ്ണ വിൽക്കുന്ന ഒരു സാധാരണ വ്യാപാരി കുടുംബത്തിൽ നിന്ന് പ്രധാനമന്ത്രി പദവിയിലേക്ക് വന്ന മോഡിയുടെ വ്യക്തിത്ത്വം തീർച്ചയായും പഠനം അർഹിക്കുന്നു. ദരിദ്രമെന്ന് പറയാനാകില്ലെങ്കിലും കേവലം ഒരു ഇടത്തരം കുടുംബത്തിലാണ് മോഡി ജനിച്ചു വളർന്നത്. ഒരു ചെറിയ ടൗണിൽ ഇങ്ങനെ ജീവിച്ചു വളർന്ന എത്ര പേർക്ക് പ്രധാനമന്ത്രി കസേര സ്വപ്നം കാണാനാകും??? ഇന്ത്യയുടെ പ്രധാനമന്ത്രി ആവുക എന്നതും, രാജ്യത്തെ ഒരു വലിയ രാഷ്ട്രീയ പാർട്ടിക്ക് നെത്ര്വത്ത്വം കൊടുക്കുക എന്നതും ചില്ലറ കാര്യമല്ല. മോഡി ആർ. എസ്. എസ്സിൻറ്റെ പ്രതിനിധിയാണോ അതോ ഉത്തരേന്ത്യൻ വർത്തക സമൂഹത്തിൻറ്റെ പ്രതിനിധിയാണോ എന്നുള്ള കാര്യമൊക്കെ പഠന വിഷയമാക്കേണ്ട കാര്യം തന്നെയാണ്. നരേന്ദ്ര മോഡി എന്ന വ്യക്തിയുടെ ചില വൈകല്യങ്ങളെ മാത്രം ചൂണ്ടി കാട്ടി അദ്ദേഹത്തെ നിരന്തരം പരിഹസിക്കേണ്ടതില്ല എന്നാണ്‌ ഇതെഴുതുന്ന ആൾക്ക് പറയാനുള്ളത്. ആളുകളെ കളിയാക്കുക എന്നത് അല്ലെങ്കിലും മലയാളിയുടെ സ്ഥിരം പരിപാടിയാണല്ലോ. ഇതെഴുതുന്നയാൾ ഇവിടെ ഈ പുസ്തകത്തിൻറ്റെ റിവ്യൂ മാത്രമാണ് കൊടുത്തിട്ടുള്ളത്. കൂടുതൽ 'Value Judgement' അതല്ലെങ്കിൽ മൂല്യവിചാരം വായനക്കാർ പുസ്തകം വായിച്ചു കഴിഞ്ഞതിന് ശേഷം മാത്രം നിർവഹിക്കേണ്ട ഒന്നാണെന്നാണ് ഇതെഴുതുന്ന ആൾക്ക് പറയാനുള്ളത്.

ഈ പുസ്തകത്തിൻറ്റെ വിലയെ കുറിച്ച് പലർക്കും സംശയങ്ങൾ വരാം. ഇതു ചിലരെങ്കിലും വിചാരിക്കുന്നത് പോലെ 'പോപ്പുലർ ക്യാറ്റഗറിയിൽ' പെടുത്താവുന്ന പുസ്തകമല്ലാ. നോട്ടുകളും റഫറൻസുകളും വെച്ചിട്ടുള്ള തികഞ്ഞ അക്കാഡമിക്ക് പഠനമാണ്. അതാണ് നരേന്ദ്ര മോഡിയുടെ വ്യക്തിത്ത്വത്തെ മനസിലാക്കുവാൻ വേണ്ടി അനേകം സോഷ്യോളജിക്കൽ തിയറികളെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അക്കാഡമിക്ക് പുസ്തകങ്ങൾക്കും ജേണലുകൾക്കും വില വളരെ കൂടുതലാണ്. അധികം വായനക്കാർ ഉണ്ടാകാത്തത് തന്നെ കാരണം. റിവ്യൂ നടത്തുന്ന കൺസൾട്ടൻറ്റുകൾക്കും, എഡിറ്റർക്കും ഒക്കെ കാശ് കൊടുക്കുകയും വേണം. ഇതിനെല്ലാം പുറമെ അക്കാഡമിക്ക് പുസ്തകങ്ങൾക്കും ജേണലുകൾക്കും 'പ്രിൻറ്റ് ക്വാളിറ്റിയിൽ' വീഴ്ച കാണിക്കാൻ സാധിക്കില്ല. ദീർഘ നാൾ റഫറൻസിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതു കൊണ്ടാണത്. റിവ്യൂ നടത്തിയിരിക്കുന്ന ഈ പുസ്തകത്തിൻറ്റെ കാര്യത്തിലും എഡിറ്റിങ്ങിലോ, പ്രിൻറ്റ് ക്വാളിറ്റിയിലോ വിട്ടു വീഴ്ച നടത്തിയിട്ടില്ല. 'പ്രിൻറ്റ്' ചെയ്തിരിക്കുന്നത് നല്ല പേപ്പറിലാണ്. അക്കാഡമിക്ക് പുസ്തകങ്ങൾക്ക് അധികം കോപ്പികൾ വിറ്റ് പോകില്ല എന്ന കാര്യം മനസിലാക്കുകയാണെങ്കിൽ ഈ പുസ്തകത്തിനു വില 750 രൂപയായതിൽ അതിശയപ്പെടാനൊന്നുമില്ല. വില കൂടുതലാണെന്നത് പോലെ തന്നെ കണ്ടമാനം സോഷ്യോളജിക്കൽ തിയറികൾ ഉള്ളത് കൊണ്ട് ഈ പുസ്തകം വായിച്ചു മനസിലാക്കുക എളുപ്പമല്ലെന്ന് കൂടെ ഓർമപ്പെടുത്തട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ