ബാലചന്ദ്രൻ ചുള്ളിക്കാടും, എം. ടി. - യും ശുദ്ധമായ മലയാള ഭാഷ ഉപയോഗിക്കണമെന്ന് പറയുന്നതിൽ കാര്യമില്ല. ഈ മലയാള ഭാഷ ഉണ്ടായത് എങ്ങനെയാണ്??? ആധുനിക മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛൻ ആണ് (ജനനം 1495-ൽ). എ. ഡി. പത്താം നൂറ്റാണ്ട് മുതലാണ് ഇന്ന് കാണുന്ന മലയാള ഭാഷയിലേക്ക് പരിണാമം തുടങ്ങിയത്. 30 ഓളം അക്ഷരം ഉള്ള ലിപി ആയിരുന്നു പഴയ മലയാളം. 12-ാം നൂറ്റാണ്ടില്‍ ചീരാമന്‍ രചിച്ച രാമചരിതമാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും പുരാതന മലയാള കൃതി. 30 അക്ഷരങ്ങള്‍ മാത്രമുണ്ടായിരുന്ന വട്ടെഴുത്ത് ലിപിയെ 51 അക്ഷരങ്ങളുള്ള ഇന്നത്തെ മലയാള ഭാഷയാക്കി മാറ്റി എന്ന നിലക്കാണ് എഴുത്തച്ഛന്‍ ഭാഷാ പിതാവ് എന്ന പേരിനര്‍ഹനായത്. വട്ടെഴുത്ത്, കോലെഴുത്ത്, തമിഴ്, സംസ്കൃതം - ഇതെല്ലാം ചേർന്നാണ് ആധുനിക മലയാള ഭാഷയിലേക്കുള്ള മാറ്റം തുടങ്ങുന്നത്. എഴുത്തച്ഛനേക്കാള്‍ ഒരു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ചെറുശ്ശേരി നമ്പൂതിരിയുടെ കൃഷ്ണഗാഥ നമ്മളൊക്കെ സ്കൂളില്‍ പഠിച്ചിട്ടുള്ളതാണ്. കൃഷ്ണഗാഥ ആധുനിക മലയാളം ലിപിയിൽ ആണ് നമ്മളൊക്കെ പഠിച്ചത്. ലിപി ചിട്ടപ്പെടുത്തി എന്നത് ആയിരിക്കാം എഴുത്തച്ഛന്റെ സംഭാവന. ഭാഷയെ ഉണ്ടാക്കുകയല്ല എഴുത്തച്ഛൻ ചെയ്തത്; മറിച്ച് ഭാഷയ്ക്ക് നിയതമായ അടുക്കും ചിട്ടയും ഉണ്ടാക്കുകയാണ്. ഇന്ത്യയിലെ നിരവധി ഭാഷകളിലെ പദങ്ങളെ സംസക്കരിച്ച് സംസ്കൃത ഭാഷയുണ്ടായത് പോലെ മലയാളത്തിലെ വിവിധ പദങ്ങളെ സംസ്ക്കരിച്ചുണ്ടാക്കിയതാണ് എഴുത്തച്ഛന്റെ മലയാളം.
വട്ടെഴുത്തും, കോലെഴുത്തും, തമിഴും സംസ്കൃതവും ഒക്കെ മലയാളഭാഷയുടെ ഉദയത്തിന് കാരണമായത് പോലെ ആധുനിക ലോകത്തിൽ അറബികളും, പോർച്ചുഗീസുകാരും, ചൈനാക്കാരുമായും, ഇംഗ്ളീഷുകാരുമൊക്കെയുള്ള സമ്പർക്കം നമ്മുടെ ഭാഷക്കും സംസ്കാരത്തിനും കരുത്ത് നൽകിയിട്ടുണ്ട്. ഇപ്പോഴാകട്ടെ ഡിജിറ്റൽ സംസ്കാരമാണല്ലോ. ഇതെഴുതുന്നയാൾ പ്രവാസി ആയതിൽ പിന്നെ അമ്മക്ക് കത്തെഴുതാൻ മാത്രമേ മലയാളം ഉപയോഗിച്ചിരുന്നുള്ളൂ. മിക്ക പ്രവാസികളുടേയും അവസ്ഥ ഇതൊക്കെ തന്നെ ആയിരിക്കുമല്ലോ. ഇന്നിപ്പോൾ മംഗ്ളീഷിൽ എഴുതുന്നു. മംഗ്ളീഷിൽ ബാലചന്ദ്രൻ ചുള്ളിക്കാടും എം. ടി. - യും ഒക്കെ ആവശ്യപ്പെടുന്നത് പോലെ ശുദ്ധ മലയാളം എഴുതാൻ സാധിക്കില്ലല്ലോ. മിക്ക പ്രവാസികളും എഴുതുവാൻ ഉപയോഗിക്കുന്നതും മംഗ്ളീഷാണ്. പിന്നെ എന്തിനാണ് ഭാഷാ പണ്ഡിതർ ശുദ്ധ മലയാള ഭാഷയ്ക്ക് വേണ്ടി വാശി പിടിക്കുന്നത്??? ശുദ്ധ മലയാള ഭാഷ എന്നൊന്ന് ഉണ്ടോ?? വായിക്കുന്ന ആൾക്ക് കാര്യം മനസ്സിലായാൽ പോരേ???
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ