2017 ഏപ്രിൽ 18, ചൊവ്വാഴ്ച

ബീ.ജെ.പി.-യും, കേരളത്തിലെ ജാതി രാഷ്ട്രീയവും

ബീ.ജെ.പി.-യും, കേരളത്തിലെ ജാതി രാഷ്ട്രീയവും

"ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന് - ജാതി ചോദിക്കരുത്, പറയരുത്, മതമേതായാലും, മനുഷ്യൻ നന്നായാൽ മതി" എന്നാണ് ശ്രീനാരായണ ഗുരു (1856-1928).  പറഞ്ഞത്. "ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാ സ്ഥാനമാണിത്" എന്ന മഹത്തായ മാനവിക ദർശനം ലോകത്തിനു സംഭാവന ചെയ്ത നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരു. "ജാതി ചോദിക്കരുത്" എന്ന്‌ നാരായണ ഗുരു പറഞ്ഞിട്ടുണ്ടെങ്കിലും ഇന്നത്തെ ഈഴവ രാഷ്ട്രീയത്തിലും കേരളത്തിലെ രാഷ്ട്രീയത്തിലും ജാതി നിർണായകമായ ഘടകം ആണ്. കേരളത്തിൽ മാത്രമല്ല; ഇന്ത്യ മുഴുവനും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ജാതി നിർണായകമായ ഒരു ഘടകം ആണ്.

BJP വലിയ ദേശീയ വാദം പറയുന്നുണ്ടെങ്കിലും ശുദ്ധമായ ജാതി രാഷ്ട്രീയം ആണ്  കളിക്കുന്നത്. ഈയിടെ നടന്ന ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ ഇതു നാം കണ്ടതാണ്. മുന്നോക്ക ജാതികളുടെ ഏകീകരണവും, യാദവ്-ദളിത് വോട്ട് ബാങ്കുകളിൽ ഉണ്ടായ ഭിന്നിപ്പും ആണ് ബീ.ജെ.പി.-യ്ക്ക് ഗുണമായത്. കുറെ നാൾ മുമ്പ് ഗുജറാത്തിൽ പട്ടേൽ സമുദായക്കാർ വലിയ പ്രക്ഷോഭം നടത്തിയതും അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചതും ഈ ജാതി രാഷ്ട്രീയം കാരണമായിരുന്നു. അത് പോലെ തന്നെ ജാട്ടു സമുദായക്കാർ വലിയ പ്രക്ഷോഭം നടത്തിയതും, അക്രമം കാട്ടിയതും അവരുടെ ആവശ്യങ്ങൾ പരിഗണിക്കും എന്നു പറഞ്ഞതും എന്തിനു വേണ്ടിയായിരുന്നു? ബീഹാറിൽ നിതീഷും, ലാലുവും കൈ കോർത്തത് എന്തിനു വേണ്ടിയായിരുന്നു? വീണ്ടും ജാതി രാഷ്ട്രീയം. അങ്ങനെ നോക്കുമ്പോൾ കേരളത്തിലും മറ്റു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും മത-ജാതി രാഷ്ട്രീയം വളരെ കുറവാണെന്നു പറയാം. ഗുജറാത്തിലെ പട്ടേൽ സമുദായക്കാരും, ഹരിയാനയിലെ  ജാട്ടു സമുദായക്കാരും, ഉത്തർ പ്രദേശിലെ യാദവരും സാമൂഹ്യമായും, സാമ്പത്തികമായും ഉന്നത ശ്രേണിയിൽ ഉള്ളവരാണ്. അവരൊക്കെ ഇപ്പോഴും ജാതി രാഷ്ട്രീയത്തിൻറ്റെ പേരിൽ ആനുകൂല്യങ്ങൾ നേടുന്നു. കേരളത്തിൽ ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങൾ പ്രബല ശക്തികളാണ്. ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങളെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും, സർക്കാരുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊടുത്തും, മറ്റു പല രീതിയിലും പ്രീണിപ്പിക്കാറുണ്ട്.

ഇവിടെയാണ് ബീ.ജെ.പി. ഇപ്പോൾ കേരളം ലക്ഷ്യമിടുമ്പോൾ നാം നോക്കി കാണേണ്ട സാമൂഹ്യ ഘടന. ഒറീസയിൽ നടന്ന ബീ.ജെ.പി. നെത്ര്വ യോഗത്തിൻറ്റെ ഒരു ലക്‌ഷ്യം കേരളം പോലുള്ള സംസ്ഥാനങ്ങളാണല്ലോ. പക്ഷെ കേരളത്തിൽ ദളിതരും, മുസ്ലീങ്ങളും ബീ.ജെ.പി.-യ്ക്ക് മൊത്തം എതിരാണ്. സോഷ്യൽ മീഡിയയിലുള്ള അവരുടെ കമൻറ്റുകളും, പോസ്റ്റുകളും ശ്രദ്ധിച്ചാൽ തന്നെ ഇതു മനസ്സിലാകും. ആദിവാസികളിൽ ജാനുവിനെ പോലെ ചില സ്ഥാന മോഹികൾ മാത്രമാണ് ബീ.ജെ.പി.-യിൽ എത്തിയിട്ടുള്ളത്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ആദിവാസി സംസ്കാരം ബീ.ജെ.പി. മുന്നോട്ടു വെയ്ക്കുന്ന പശു രാഷ്ട്രീയത്തിനും ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ - മുദ്രാവാക്യത്തിനും എതിരാണ്. കേരളത്തിൽ ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങൾ പ്രബല ശക്തികളാണ്. ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങളെ തങ്ങളുടെ കീഴിൽ ബീ.ജെ.പി. കുറച്ചെങ്കിലും ഒന്നിപ്പിക്കുകയാണെങ്കിൽ മാത്രമേ കേരളത്തിൽ ബീ.ജെ.പി. വിജയിക്കുകയുള്ളൂ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ, മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് UDF  വിജയിച്ചത്. ചിലർ തങ്ങളുടെ വ്യക്തി പ്രഭാവം കൊണ്ട് മറ്റു മണ്ഡലങ്ങളിൽ വിജയിക്കുകയും ചെയ്തു. പരമ്പരാഗതമായി കോൺഗ്രെസിന് കിട്ടി കൊണ്ടിരുന്ന നായർ, ഈഴവ വോട്ടുകളിൽ വലിയ കുറവുണ്ടായി. അത് ബീ.ജെ.പി. കൊണ്ടുപോയി. രമേശ് ചെന്നിത്തലയെ പോലുള്ളവരുടെ കുബുദ്ധിയും, സന്ഖടനാ തലത്തിൽ പാലിക്കേണ്ട അച്ചടക്കമില്ലായ്മയും ആണ് കൊൺഗ്രെസ്സിനു വിനയായത്. അരുവിത്തറ ഉപതെരെഞ്ഞെടുപ്പിൽ സംഭവിച്ചത് പോലെ ഭരണ വിരുദ്ധ വോട്ടുകൾ ബീ.ജെ.പി. കൊണ്ടുപോകും; അതേ സമയം കോൺഗ്രെസ്സിൻറ്റെ പാരമ്പര്യ നായർ, ഈഴവ വിഭാഗങ്ങളിലെ വോട്ടുകൾ കോൺഗ്രെസ്സ് പെട്ടിയിൽ വീഴും എന്നായിരുന്നു അവരുടെ കണക്കു കൂട്ടൽ. പക്ഷെ ഈഴവ വോട്ടുകൾ വെള്ളാപ്പള്ളി പിടിച്ചു. തങ്ങളുടെ ഈഴവ വോട്ടുകൾ മറിയാതിരിക്കാൻ വേണ്ടി അച്യുതാനന്ദൻറ്റെ നെത്ര്വത്ത്വത്തിൽ മൈക്രോ ഫിനാൻസിൻറ്റെ കാര്യത്തിലും, ശാശ്വതീകാനന്ദ വധത്തിൻറ്റെ പേരിലും ശക്തമായ ആക്രമണം CPM വെള്ളാപ്പള്ളിക്കെതിരേ നടത്തി. അതുകൊണ്ട് പാരമ്പര്യ ഈഴവ വോട്ടുകൾ സിപിഎം - ന് നഷ്ടമായില്ല. കോൺഗ്രെസ്സിനായിരുന്നു എല്ലാ രീതിയിലും നഷ്ടം. ഇപ്പോൾ ഉമ്മൻ ചാണ്ടി വെള്ളാപ്പള്ളിയേയും, കേരളാ കോൺഗ്രെസ്സിനേയും തിരിച്ചു പിടിച്ച്  കോൺഗ്രെസ്സിൻറ്റെ നഷ്ടപ്പെട്ട 'വോട്ട് അടിത്തറ തിരിച്ചു പിടിക്കുവാൻ നോക്കുകയാണ്. വെള്ളാപ്പള്ളിയുടെ കഴിവ് കുറച്ചു കാണുന്നത് ശരിയല്ല. ഈഴവരുടെ ഇടയിൽ വെള്ളാപ്പള്ളിയ്ക്ക് ഇന്നും ഗണ്യമായ സ്വാധീനം ഉണ്ട്.

ബീ.ജെ.പി. കേരളത്തിൽ അടിസ്ഥാനമായി ഒരു നായർ പാർട്ടിയാണ്. അവരുടെ സംസ്താന സമിതിയിൽ മിക്കവരും നായന്മാരാണ്. ബി. ജെ. പി.- യുടെ നായർ കേന്ദ്രീകൃതമായ നിലപാട്‌ അവരെ എങ്ങും എത്തിക്കില്ല. നായർ-ഈഴവ സംഘടനത്തിൻറ്റെ വലിയ കഥയുണ്ട് കേരളത്തിൽ.  പി. കേശവദേവിൻറ്റെ 'അയൽക്കാർ' എന്ന നോവലിൽ ഈ നായർ-ഈഴവ സംഘടനത്തിൻറ്റെ സചിത്രമായ വിവരണമുണ്ട്. കേരളത്തിൽ വൈക്കം സത്യഗ്രഹത്തിൻറ്റെയും, ഗുരുവായൂർ സത്യഗ്രഹത്തിൻറ്റെയും, ക്ഷേത്ര പ്രവേശന വിളംബരത്തിൻറ്റെ ചരിത്രവും  ആളുകൾ  പെട്ടെന്ന് മറക്കില്ല.  ഈഴവർക്ക് അവരുടെ മുതു മുത്തച്ചന്മാർ അവർ അനുഭവിച്ച ജാതീയമായ വിവേചനത്തിൻറ്റെ കഥകൾ പറഞ്ഞു കൊടുത്തിട്ടുണ്ടാവണം. വെറുതെയാണോ, ഇഷ്ടം പോലെ അമ്പലങ്ങൾ ഉണ്ടായിട്ടും കേരളത്തിൽ അങ്ങോളം ഇങ്ങോളം ശ്രീ നാരായണ ഗുരുവിൻറ്റെ പ്രതിഷ്ഠയുള്ള ഗുരു മന്ദിരങ്ങൾ ഉയരുന്നത്? ഈ സ്വത്ത്വബോധം വെറുതെ ഒന്നും ആർക്കും ഇല്ലാതാക്കാൻ പറ്റില്ല.

കേരളത്തിലെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ അൽപം പ്രയാസമുള്ള കാര്യമാണ് .രാമക്ഷേത്രം പണിയും എന്നൊന്നും പറഞ്ഞാൽ ഇവിടെ ആരും ഗൗനിക്കില്ല. കേരളത്തിലെ ജനകീയ പ്രശ്നങ്ങളിൽ ബി.ജെ.പി. ഇതുവരെ കാര്യമായി ഇടപെട്ടിട്ടില്ല. കേരളത്തിലെ ജനങ്ങളുടെ പല പ്രശ്നങ്ങളിലും ബി.ജെ.പി.- ക്ക് വ്യക്തമായ അഭിപ്രായം ഇല്ല. താഴെത്തട്ടിലെ പ്രവർത്തനത്തിൽ ഇപ്പോഴും നായർ/മേനോൻ മേധാവിത്തം നിലനിൽക്കുന്നു. സാധാരണക്കാരൻറ്റെ ഒരു പ്രശ്നത്തിൽ കേരളത്തിൽ ബി.ജെ.പി. ഇടപെട്ടാൽ ഈ ജാതീയമായ ഘടന കൊണ്ട് ആ പ്രശ്നം സങ്കീർണ്ണമാകുകയാണ് ചെയ്യുക. ഇവിടെ നിലനിൽക്കുന്ന മുന്നണി സംവിധാനങ്ങൾ ബി.ജെ.പി. -യെ  ജനകീയ പ്രശ്നങ്ങളിൽ ഇടപെടീക്കാൻ വിമുഖത കാട്ടുന്നവരാണ്. കാരണം അത് അവരുടെ വോട്ടു ബാങ്കിനെ സ്വാധീനിക്കും. കണ്ണൂരിൽ നിരന്തരമായി നടന്നു വരുന്ന സി.പി.എം.-ബി.ജെ.പി. സംഘർഷവും, കൊലപാതക രാഷ്ട്രീയവും ഈ വോട്ട് ബാങ്ക് നഷ്ടപ്പെടുമോ എന്നുള്ള ഭയത്താൽ ആണെന്ന് തോന്നുന്നു.

അതുകൊണ്ട് ഇന്ന് നില നിൽക്കുന്ന മുന്നണി സംവിധാനങ്ങളിൽ മാറ്റം വരാതെ  BJP ഒരിക്കലും കേരളത്തിൽ ഒരളവിൽ കൂടുതൽ മുന്നേറില്ല. പണ്ട് ചതയ ദിനാഘോഷത്തിന്  എസ്. എന്. ഡി. പി. യോഗം നടത്തുന്ന ജാഥയില് മുഴങ്ങി കേട്ടിരുന്ന ഒരു മുദ്രാവാക്യം ഇതാണ്:
 “ജാതി വിചാരം പോകണമെങ്കില്
ആര്യ വിചാരം പോയെ തീരൂ
ആര്യ വിചാരം പോകണമെങ്കില്
ഗുരുവിൻ വഴിയെ പോയെ തീരൂ” - ജാതിമത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു അടിസ്ഥാനപരമായ ഗുരു വചനം. ഈഴവർ ഒരിക്കലും വർഗീയതയെ പിന്തുണച്ചിട്ടില്ല. അത് കൊണ്ട് തന്നെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള BJP -യുടെ പ്രചാരണം കേരളത്തിൽ അവർക്കു തന്നെ വിനയാകും. മുസ്ലീങ്ങളും, ക്രിസ്ത്യാനികളും ബി.ജെ.പി.- ക്ക് ഒപ്പം വരാൻ സമീപ ഭാവിയിൽ സാധ്യത ഇല്ല. ക്രിസ്ത്യാനികൾ പിന്തുണച്ചാൽ കൂടി മുസ്ലീങ്ങൾ പിന്തുണയ്ക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല.

ബി. ജെ. പി.-യുടെ സംസ്ഥാന സമിതി നോക്കിയാൽ പെരുന്നയിലെ എൻ.എസ്.എസ്. നായർ കരയോഗ കമ്മിറ്റി ആണൊ എന്ന് സംശയം തോന്നും. ബി. ജെ. പി.-യുടെ സംസ്ഥാന സമിതിയിൽ എത്ര പേരുണ്ട് നായർ അല്ലാത്തവരായി? വെള്ളാപ്പള്ളിയെ തന്നെ ബി. ജെ. പി.-യിൽ എടുത്തത് ദേശീയ നെത്ര്വത്ത്വത്തിൻറ്റെ നിർബന്ധം  മൂലമായിരുന്നു; അല്ലാതെ സംസ്ഥാന നേതാക്കളുടെ താൽപര്യം മൂലമല്ല. പലർക്കും വെള്ളാപ്പള്ളിയെ ഇപ്പോഴും പഥ്യമല്ല എന്നത് പരസ്യമായ രഹസ്യമാണ്. പലരും നിഷേധിക്കുമെങ്കിലും നായർ-ഈഴവ സംഘർഷത്തിൻറ്റെ പശ്ചാത്തലത്തിൽ വേണം ഇതൊക്കെ കാണാൻ. അത് പോലെ മുസ്ലീങ്ങളെ സംഘ പരിവാർ സംഘടനകൾ പെട്ടവർ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കൾ എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിലൂടെയും, ഓൺലയിൻ പത്രങ്ങളിലൂടെയും ആക്രമിക്കുന്നത്. ക്രിസ്ത്യാനികൾക്കെതിരെ അത്രയും ആക്രമണമില്ല. എന്നാലും 'കുരിശു കൃഷി' പദ പ്രയോഗം ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇതൊക്കെ  സോഷ്യൽ മീഡിയയിലും, ഓൺലയിൻ പത്രങ്ങളിലും സജീവമായിട്ടുള്ള ആർക്കും അറിയാവുന്ന കാര്യമാണ്. മണ്ഡൽ കമ്മീഷൻ നടപ്പാക്കിയതിനു ശേഷം ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നടന്നത് മുന്നോക്ക ജാതികളുടെ ഏകീകരണം ആണ്. കേരളത്തിൽ ന്യൂന പക്ഷ വിരോധം കാരണം മുന്നോക്ക ജാതികളിൽ പെട്ട ക്രിസ്ത്യൻ, മുസ്ലീം വിഭാഗത്തെ കൂടെ കൂട്ടാൻ ബി. ജെ. പി.-യ്ക്ക് സാധിച്ചില്ല. അൽഫോൻസ് കണ്ണന്താനത്തെ പോലെ ചിലരെ അല്ലാതെ പ്രായോഗിക വാദികളായ ക്രിസ്ത്യൻ ഭൂരിപക്ഷത്തെ കൂടെ കൂട്ടാൻ  BJP -ക്ക് സാധിച്ചില്ല. കേരളത്തിൽ  ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങൾ പ്രബല ശക്തികളാണ്. ഈ നാല് ഗ്രൂപ്പും ഏതാണ്ട് ജന സംഖ്യയുടെ 20 ശതമാനം വീതം വരും. അവയെ മാറ്റി നിർത്തി BJP -ക്ക് ജയിക്കാനോ, സ്വാധീനമുറപ്പിക്കാനോ പറ്റില്ല എന്നത് കേരളത്തിൻറ്റെ സവിശേഷമായ സാമൂഹ്യ പശ്ചാത്തലത്തിൽ ബി. ജെ. പി. മനസ്സിലാക്കേണ്ട കാര്യമാണ്.

കേരളത്തിൽ ബി. ജെ. പി. പയറ്റുന്ന രാഷ്ട്രീയം മുസ്ലീമിനെയും, ക്രിസ്ത്യാനിയേയും കാണിച്ച് നമ്മള്‍ ഹിന്ദുക്കളെ അവര്‍ നശിപ്പിക്കും; അതുകൊണ്ട് എല്ലാ ഹിന്ദുക്കളും ഒന്നിക്കണം - എന്ന രീതിയില്‍ ഭീതി പരത്തി ഹിന്ദു വോട്ടു നേടുന്ന അടവാണ്. ആ രീതിയിലുള്ള ഭീതി പരത്തുന്ന പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെയും, ഓൺലയിൻ പത്രങ്ങളിലൂടെയും സംഘ പരിവാർ സംഘടനകൾ നടത്തുന്നത്. മുസ്‌ലിം, ക്രിസ്ത്യൻ ന്യൂന പക്ഷങ്ങളെ ഹിന്ദുക്കളുടെ ശത്രുക്കളാണെന്നു വരുത്തി തീർക്കുന്നു. മുന്നോക്ക ജാതികളുടെ ഏകീകരണത്തിലൂടെ അധികാരത്തിൽ ഏറുക എന്ന അടവ് ആണ് ബി. ജെ. പി. ഇന്ത്യയിൽ പൊതുവേ പ്രയോഗിക്കുന്നത്. മണ്ഡൽ കമ്മീഷന് ശേഷമുള്ള ആ ഉത്തരേന്ത്യൻ രാഷ്ട്രീയം കേരളത്തില്‍ എത്ര കണ്ടു വിജയിക്കും എന്ന് കണ്ടറിയേണ്ടിയിരിയ്ക്കുന്നു. BJP വടക്കേ ഇന്ത്യയിൽ പയറ്റിയ മുന്നോക്ക രാഷ്ട്രീയവും, "ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ" മുദ്രാവാക്യവും മാറ്റി പ്രായോഗിക രാഷ്ട്രീയം പയറ്റിയാൽ കേരളത്തിലും രക്ഷപെടും. കേരളത്തിൽ വെറുതെ ന്യൂന പക്ഷ വിരോധവും, ഗോവധ നിരോധനവും ഒക്കെ പയറ്റുന്നതിനു പകരം ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങളെ കുറച്ചെങ്കിലും ഒന്നിപ്പിക്കുകയാണെങ്കിൽ  BJP കേരളത്തിലും വിജയിക്കും. മദനിയോടും വേണമെങ്കിൽ ഒത്തു തീർപ്പാവാം. കേരളത്തിൽ  ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങൾ പ്രബല ശക്തികളാണ്. അവയെ മാറ്റി നിർത്തി BJP -ക്ക് ജയിക്കാൻ പറ്റില്ല. രാഷ്ട്രീയത്തിൽ സ്ഥിരം ബന്ധുക്കളോ, സുഹുർത്തുക്കളോ ഇല്ല. ഇന്നത്തെ ശത്രു നാളത്തെ മിത്രമാകും. അതാണ് രാഷ്ട്രീയം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ