2017 ഏപ്രിൽ 20, വ്യാഴാഴ്‌ച

അന്ന ദാനവും ഇന്ത്യൻ ജനതയിലെ നന്മയും

അന്ന ദാനവും ഇന്ത്യൻ ജനതയിലെ നന്മയും

കഴിഞ്ഞ വർഷം (2016 -ൽ) മാർച്ച് മാസത്തിലാണ് അമൃത് സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ചത്. പതിനായിരകണക്കിന് ഭക്തർ ആയിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. ഒപ്പം സൗജന്യ ഭക്ഷണ വിതരണവും ഉണ്ടായിരുന്നു. ആയിരകണക്കിന് ആളുകൾ ഒഴുകുമ്പോൾ എങ്ങനെ ഭക്ഷണം കഴിക്കും എന്ന് കൂടെയുള്ളവർ ചോദിച്ചു. പക്ഷെ ഒരു കുഴപ്പവും ഉണ്ടായില്ല. കാരണം നൂറ്റാണ്ടുകളായി സൗജന്യമായി പതിനായിരകണക്കിനാളുകളെ ഊട്ടുന്ന ഒരു ഭക്ഷണ വിതരണ സമ്പ്രദായം ആണ് അമൃത് സറിലെ സുവർണ ക്ഷേത്രത്തിലേത്.

ഈ മഹത്തായ അന്നദാനത്തിൻറ്റെ കാര്യത്തിൽ സിക്കുകാരാണ് ഇന്ത്യയിലെ ഏറ്റവും നല്ല മാതൃക. എല്ലാ ഗുരുദ്വാരയിലും ഫ്രീ ഭക്ഷണം ഉണ്ട്. ഗുരുദ്വാര സന്ദർശിക്കുന്ന ആരും വിശക്കുന്ന വയറോടെ പോകരുത് എന്ന സിക്ക് ഗുരുക്കന്മാരുടെ അനുശാസനം ഇന്നും സിക്കുകാർ ഉൾകൊള്ളുന്നു. അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ ദിവസവും പതിനായിര കണക്കിന് ആളുകളാണ് ഫ്രീ ആയി ഭക്ഷണം കഴിക്കുന്നത്. ഉത്സവ ദിനങ്ങളിൽ ഇത് ലക്ഷങ്ങൾ ആകും. സമ്പന്നരായ സിക്ക് സ്ത്രീകളും, പുരുഷന്മാരും അവിടെ ഫ്രീ ആയി പണിയെടുക്കുന്നു. പാത്രം കഴുകുകയും, ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്ന സമ്പന്നരായ ലോകത്തിൻറ്റെ പല ഭാഗങ്ങളിൽ നിന്നുള്ള സിക്കുകാരെ അവിടെ കാണാം. അക്ബർ ചക്രവർത്തി സുവർണ ക്ഷേത്രത്തിൽ വന്നു ഭക്ഷണം കഴിച്ചതിൻറ്റെ പെയിൻറ്റിങ് അവിടെ ഉണ്ട്. അക്ബർ ചക്രവർത്തി മാത്രമല്ല; പല പ്രമുഖ ലോക നേതാക്കളും, ഇന്ത്യൻ നേതാക്കളും സുവർണ ക്ഷേത്രത്തിൽ വന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്.

"വിശക്കുന്നവനു ദൈവം ഭക്ഷണത്തിൻറ്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു" - എന്നാണ് പണ്ട് മുതലേ ഉള്ള ചൊല്ല്. പക്ഷെ വിശപ്പ് ശമിപ്പിക്കുക എന്നത് മാത്രമാണോ ഈ അന്നദാനത്തിൻറ്റെ ലക്‌ഷ്യം? തീർച്ചയായും അല്ല. ജാതി-മത-വർണ-വർഗ ഭേദമന്യേ ഭക്ഷിക്കുകയും, അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ഉണ്ടാക്കിയെടുക്കാനായിരിക്കണം ഈ അന്നദാനം മിക്ക ആരാധനാലയങ്ങളുടെയും ഭാഗമായി മാറിയത്. മനുഷ്യനെ ഭക്ഷണത്തിൽ കൂടി ഒന്നിപ്പിക്കുക എന്ന മഹത്തായ സന്ദേശം ഈ അന്നദാനത്തിൽ ഉണ്ട്.

ബാങ്ഗ്ളൂരിലെ മഞ്ജുനാഥ് ക്ഷേത്രത്തിലും ഉത്സവ ദിനങ്ങളിൽ ലക്ഷ കണക്കിന് ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ട്. കുറെ നാൾ മുമ്പ് 'നാഷണൽ ജ്യോഗ്രഫിക്' ഇതിനെ കുറിച്ച് ഒരു ഡോക്കുമെൻറ്ററി പ്രക്ഷേപണം ചെയ്തിരുന്നു. ലക്ഷ കണക്കിന് സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കുന്ന 'അക്ഷയ് പാത്ര' സംരംഭവും ഇന്ത്യയിൽ ഉണ്ട്.  നാഷണൽ ജ്യോഗ്രഫിക് 'അക്ഷയ് പാത്ര' സംരംഭത്തെ  കുറിച്ചും വിശദമായ ഒരു ഡോക്കുമെൻറ്ററി പ്രക്ഷേപണം ചെയ്തിരുന്നു. ഇപ്പോഴുള്ള അവരുടെ ലക്ഷ്യം 'അക്ഷയ് പാത്ര' സംരംഭത്തിലൂടെ പത്തു ലക്ഷം സ്കൂൾ കുട്ടികൾക്ക്  ഫ്രീ ആയി പോഷകാഹാരങ്ങളാൽ സമ്പന്നമായ ഉച്ച ഭക്ഷണം കൊടുക്കാനാണ്. അതിനു വേണ്ടി വ്യാപകമായ ഫണ്ട് ശേഖരിക്കുന്നു. യന്ത്രവൽകൃതമായ ഭക്ഷ്യ ഉൽപാദനവും 'അക്ഷയ് പാത്ര' സംരംഭം ലക്ഷ്യമിടുന്നു.

നാഷണൽ ജ്യോഗ്രഫിക് ചാനൽ ഈയിടെ അനന്തപുർ സാഹിബ് ഗുരുദ്വാരയിലെ 'ഹോലാ മൊഹല്ല' ഉത്സവത്തെ കുറിച്ചും  ഒരു ഡോക്കുമെൻറ്ററി പ്രക്ഷേപണം ചെയ്തിരുന്നു. ആ ഉത്സവത്തിൽ പല ദിവസങ്ങളായി എല്ലാ വർഷവും അഞ്ചു ലക്ഷം പേരാണ് ഫ്രീ ആയി ഭക്ഷണം കഴിക്കുന്നത്!!! ഈ അഞ്ചു ലക്ഷം പേർക്ക് ഭക്ഷണം ഒരുക്കാൻ എത്ര പേര് അദ്ധ്വാനിക്കണം? അരിയും, ഗോതമ്പും, ധാന്യങ്ങളും, പാലും, പച്ചക്കറിയും ഒക്കെ എത്ര വേണം? ഇങ്ങനെ ഫ്രീ ആയി ഭക്ഷണം കൊടുക്കണമെങ്കിൽ എത്ര കോടിയുടെ ചെലവ് വരും? ഇതിനെ കുറിച്ചൊക്കെ ആലോചിക്കുമ്പോഴാണ് നാം ഇന്ത്യൻ ജനതയിലെ നന്മ കാണേണ്ടത്.

കൊളോണിയൽ പണ്ഡിതരും, പല ഇന്ത്യൻ എഴുത്തുകാരും, നമ്മുടെ യൂണിവേഴ്‌സിറ്റി പ്രൊഫെസ്സർമാരും ഒക്കെ ഇന്ത്യൻ സമൂഹത്തെ  അപരിഷ്‌കൃതവും, ജാതി-മത-വർണ-വർഗ ശ്രേണികളാൽ വിഭജിക്കപ്പെട്ട ഒരു സമൂഹം മാത്രമായിട്ടാണ് കണ്ടിട്ടുള്ളത്. ഇന്ത്യൻ ഫ്യുഡൽ വ്യവസ്ഥിതിയെ കുറിച്ചും, ജാതീയമായ വിഘടനത്തെ കുറിച്ചും എണ്ണിയാൽ ഒടുങ്ങാത്ത പഠനങ്ങൾ ഉണ്ട്. പക്ഷെ നാഷണൽ ജ്യോഗ്രഫിക് ചാനൽ കാണിച്ചു തരുന്ന അന്ന ദാനത്തെ കുറിച്ചും  ഇന്ത്യൻ ജനതയിലെ നന്മയെ കുറിച്ചും എത്ര പഠനങ്ങൾ ഉണ്ട്? മദർ തെരേസ പല ഇൻറ്റെർവ്യൂകളിലും ഈ നന്മയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു പരിചയവും ഇല്ലാത്ത സ്ത്രീ പുരുഷന്മാർ മദർ തെരേസയുടെ അഗതികൾക്കായി ഭക്ഷണവുമായി വന്ന കാര്യം. അരിയും, ഗോതമ്പും, ധാന്യങ്ങളും, പാലും, പച്ചക്കറിയും ഒക്കെ പലരിൽ നിന്ന് സൗജന്യമായി ലഭിക്കുന്നത് കൊണ്ടാണ് ഇന്ത്യയിലൊട്ടാകെ പല ആരാധനാലയങ്ങളിലും ഈ സൗജന്യ ഭക്ഷണ വിതരണം നടക്കുന്നത്. അന്ന ക്ഷേതങ്ങളും ഇന്ത്യയുടെ പല ഭാഗത്തും ഉണ്ട്. അവിടെയൊക്കെ സ്ത്രീ പുരുഷന്മാർ വലിപ്പ ചെറുപ്പമില്ലാതെ തങ്ങളുടെ സേവനവും പല രീതിയിൽ ലഭ്യമാക്കുന്നു. അതുകൊണ്ടു തന്നെ തീർച്ചയായും ഈ പാരമ്പര്യത്തെയും, നന്മയെ ഓർത്തും നമുക്ക് അഭിമാനിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ