2017 ഏപ്രിൽ 20, വ്യാഴാഴ്‌ച

ജസ്റ്റീസ് കട്ജുവിൻറ്റെ ഇസ്‌ലാമിനെ കുറിച്ചുള്ള അഭിപ്രായം

ജസ്റ്റീസ് കട്ജുവിൻറ്റെ ഇസ്‌ലാമിനെ കുറിച്ചുള്ള അഭിപ്രായം 


തൻറ്റെ അഭിപ്രായങ്ങൾ ശക്തവും, ധീരവും ആയി അവതരിപ്പിക്കുന്ന വ്യക്തിയാണ് സുപ്രീം കോടതിയിലെ ശ്രദ്ധേയനായ മുൻ ന്യായാധിപനായിരുന്ന ജസ്റ്റീസ് മാർകണ്ഡേയ കട്ജു. തുറന്നെഴുത്തലുകളിലൂടെ പലപ്പോഴും അദ്ദേഹം വിവാദ നായകനാകുകയും ചെയ്തു. ലോകത്ത് രണ്ട് തരത്തിലെ ഇസ്ലാമുണ്ടെന്നും അതിൽ ഒന്ന് കിരാതവും ഭ്രാന്ത് പിടിച്ചതുമാണെന്ന് കട്ജു ഇപ്പോൾ പറയുന്നു. ഇതിനെ വഹാബി സലഫി ഇസ്ലാമാണെന്നാണ് പോസ്റ്റിൽ വിശേഷിപ്പിക്കുന്നത്. മനുഷ്യത്വവും സഹിഷ്ണതയുമുള്ള സൂഫി ഇസ്ലാമിനെ കട്ജു വാക്കുകളിലൂടെ പുകഴ്‌ത്തുകയും ചെയ്യുന്നു. ആദ്യത്തെ തരത്തിലുള്ള സലഫി ഇസ്ലാമിനെ ലോകത്ത് നിന്ന് തൂത്തെറിയണമെന്നാണ് കട്ജുവിൻറ്റെ അഭിപ്രായം. കട്ജുവിൻറ്റെ ഈ അഭിപ്രായം വലിയ ചർച്ചകൾക്ക് വഴി വെക്കുകയാണ്. ഇസ്ലാമിക തീവ്രവാദത്തിൻറ്റെ രീതികളിലേക്കു ശ്രദ്ധ തിരിക്കുകയാണ് തൻറ്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ കട്ജു ചെയ്യുന്നത്.

കട്ജു പറയുന്നത് കുറെയൊക്കെ ശരിയാണെന്ന് നിഷ്പക്ഷമതികൾക്ക് അംഗീകരിക്കേണ്ടതായി വരും. മുജാഹിദ്, സലഫി, ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് എന്നിവരടങ്ങുന്ന വഹാബികളാണ് മുസ്‌ലീം യുവാക്കളെ തീവ്ര വാദത്തിലേക്ക് നയിക്കുന്നത്. സൂഫി പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവർ എല്ലാ മതങ്ങളോടും സ്നേഹത്തിലും ഐക്യത്തിലും കഴിഞ്ഞു പോകുന്ന കാഴ്ചയാണ് നമ്മുടെ മുമ്പിൽ ഉള്ളത്. ഇന്ത്യയിൽ സിക്ക് മതത്തിൽ സൂഫികൾ വമ്പൻ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഫക്കീറായിരുന്ന ഷിർദി സായി ബാബയും, അജ്മീറിലെ ക്വാജ മൊയ്നുദ്ദീൻ ചിഷ്ടിയും ഒക്കെ സൂഫി പാരമ്പര്യത്തിൽ പെട്ടവർ ആണ്. ഇവരെയൊക്കെ ആരാധിക്കുന്ന അന്യ മതക്കാർ ആയിട്ടുള്ളവർ ആയിരങ്ങളാണ്. ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച തുക്ലയിലെ അന്ധനായ പീർ മുഹമ്മദ് സാഹിബിനെ പോലെ അനേകം സൂഫി വര്യന്മാർ ഇന്ത്യയുടെ പല ഭാഗത്തും ഉണ്ടായിരുന്നു. ആദ്യ അമേരിക്കകാരനായ നാഗ സന്യാസി ബാബാ റാംപുരി (വില്യം എ. ഗാൻസ്) നാഗ സന്യാസിമാരും സൂഫികളുമായുള്ള ബന്ധം ചൂണ്ടി കാട്ടുന്നുണ്ട്. ഉജ്ജെയിനിലെ നാഗ സന്യാസിമാരുടെ 'ദത്ത് ആഖാരയിലെ' പീർ പദവി ഇന്ന് പാക്കിസ്ഥാനിലെ മൾട്ടണിലുള്ള സൂഫി ആചാര്യന്മാരുമായുള്ള ബന്ധത്തിൽ നിന്നു വന്നതാണ്. തൻറ്റെ ആത്മ കഥയായ 'Autobiography of a Sadhu: An Agrez Among Naga Babas’ ഇതു കൃത്യമായി വെളിവാക്കുന്നുണ്ട്.

സുഫിസത്തോട് ചേർന്ന് നിൽക്കുന്ന കേരള സുന്നികളെ സൗദി വഹാബികളുടെ തൊഴുത്തിൽ കെട്ടാൻ ആരംഭിച്ചതോടെ ആണ് കേരളത്തിൽ ഇത്രയും മത വർഗീയതയും ഐസിസ് ആട്മേയ്ക്കലും ആയി കേരളത്തിലെ മുസ്ലിം ചെറുപ്പക്കാർ അറിയപ്പെടാൻ ആരംഭിച്ചത്. മലയാളികളുടെ ഐ.എസ് ബന്ധമെന്ന ദുരവസ്ഥ ഇന്ന് ദേശീയ ചർച്ചയാണ് എന്നതും സമാധാന പ്രേമികളായ മുസ്ലീങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തെ ലഘൂകരിക്കാനുള്ള ചില മുസ്‌ലിം സംഘടനകളുടെ ശ്രമവും, അതിനെ പിന്തുണയ്ക്കുന്ന മുഖ്യധാര മാധ്യമങ്ങളുടെ അപഹാസ്യമായ ശ്രമവും തീർച്ചയായും ലജ്‌ജാകരം തന്നെ. ഏതൊരു പ്രശ്നവും പരിഹരിക്കാനുള്ള ആദ്യപടി അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കലാണ്. അങ്ങനെ അംഗീകരിച്ചു പ്രശ്ന പരിഹാരം തേടിയില്ലെങ്കിൽ ഈ തീവ്രവാദത്തിലൊന്നും പെടാത്ത വെറും സാധാരണക്കാരായിരിക്കും ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുന്നതും.

2011 മെയ് 2ന് ഒസാമ ബിൻ ലാദൻ വധിക്കപ്പെട്ടതോടെ അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും ഭയത്തിലാഴ്ത്തിയ ഇസ്ലാമിക ഭീകരവാദം അവസാനിച്ചെന്നു കരുതിയവർക്കു തെറ്റി എന്നതാണ് ഇസ്ലാമിക് സ്റ്റേറ്റ് കാണിക്കുന്നത്. തൻറ്റെ ആയുഷ് കാലത്ത് യാഥാർഥ്യമാവുമെന്ന് ലാദന് പോലും സ്വപ്നം കാണാത്ത അവകാശവാദങ്ങളുമായിട്ടാണ് അൽ ഖ്വെയ്ദയുടെ പിൻഗാമിയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് അൽഷം (ഐ.എസ്.ഐ.എസ്.) മുന്നേറുന്നത്. സൗദി അറേബ്യയിൻ നിന്ന് അമേരിക്ക പുറത്തുപോവുക, ഇസ്രായേലിനെ ഇല്ലാതാക്കുക തുടങ്ങിയ മിനിമം ലക്ഷ്യങ്ങളേ ലാദനും അൽ ഖ്വെയ്ദയ്ക്കുമുണ്ടായിരുന്നുള്ളൂ. എന്നാൽ, പാകിസ്താൻ മുതൽ പൂർവ യൂറോപ്പു വരെയും പശ്ചിമേഷ്യ മുതൽ വടക്കനാഫ്രിക്ക വരെയും പരന്നുകിടക്കുന്ന ഖിലാഫത്ത് രൂപവൽകരിക്കുകയും, അവിശ്വാസികളെ മുഴുവൻ കൊന്നൊടുക്കുകയുമാണ് ഇസ്ലാമിക് സ്റ്റേറ്റിൻറ്റെ ലക്ഷ്യം.

ഇത്തരത്തുലുള്ള ഇസ്ലാമിക് സ്റ്റേറ്റ് തീവ്ര വാദവും, വഹാബി-സലഫിസവും തിന്മയെ പ്രതിനിധാനം ചെയ്യുന്നതാണ് എന്ന് സമാധാന പ്രേമികളായ മുസ്ലീങ്ങള്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ജീവിത രീതിയും സാമൂഹിക രീതിയുമല്ല, മറിച്ച് ടെക്നോളജിയും ജനാധിപത്യവും, മാനുഷികതയും ആണ് ഇന്നത്തെ ജീവിത രീതിയെന്നും മുസ്ലീമുകള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ സമ്മാനിക്കുന്ന ഏതൊരു സംഘടനയും തിന്മയെ പ്രതിനിധാനം ചെയ്യുന്നു. ഐ. എസ്സിനെ ആർ.എസ്.എസ്സിനോട് ഉപമിക്കുന്നതൊന്നും ഒരിക്കലും പ്രശ്ന പരിഹാരത്തിനുള്ള ഒരു ശ്രമമായി കാണുവാൻ വയ്യാ.

ഇന്ന് ലോകത്തിൻറ്റെ തന്നെ ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമായിരിക്കുകയാണ് ഇസ്ലാമിക തീവ്രവാദത്തിൻറ്റെ ഏറ്റവും ഭീകര മുഖമായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടന. പെൺകുട്ടികളെ ലൈംഗിക അടിമകൾ ആയി വിൽക്കുന്നു. ഭാര്യക്ക് പുറമെ അടിമ സ്ത്രീകളെ വച്ചു പൊറുപ്പിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും, പിന്നീട് കൈമാറ്റം ചെയ്യാനും ഇസ്ലാമിക് സ്റ്റേറ്റ് അനുവാദം കൊടുത്തിട്ടുണ്ട്. മതഭ്രാന്ത് മൂലം ഈ പ്രവൃത്തി വരെ ദൈവത്തോട് അടുപ്പിക്കുന്നു എന്നാണ് ഇസ്ലാമിക് സ്റ്റേറ്റിൻറ്റെ വാദം.

ശാസ്ത്രം ഇന്ന് ഇത്രയേറെ വളർന്നിട്ടുണ്ടെങ്കിലും ആറാം നൂറ്റാണ്ടിലെയും, മധ്യ കാലത്തെയും അന്നത്തെ യുദ്ധങ്ങളുടെയും മറ്റും സാഹചര്യത്തിൽ എഴുതപ്പെട്ട പുസ്തകങ്ങളിലെ പ്രമാണങ്ങൾ ഇന്നത്തെ ആധുനിക കാലത്തെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു മാറ്റവും കൂടാതെ സ്വീകരിക്കണോ? അതിൽ പറഞ്ഞിട്ടുണ്ടെന്ന് പറയപ്പെടുന്ന ബഹുഭാര്യാത്വവും, മുത്തലാക്കും, അവിശ്വാസിയെ കൊല്ലുന്നതും, മതം മാറ്റുന്നതും ഒരു വിശ്വാസിയുടെ മതപരമായ ചുമതലയാണ് എന്നു പറഞ്ഞു വിശ്വസിപ്പിക്കുന്ന രീതിയെ അംഗീകരിക്കണമോ? അതിലൂടെ അവനു സ്വർഗം ലഭിക്കുമെന്നും, അങ്ങനെ ലഭിക്കുന്ന സ്വർഗത്തിൽ സുന്ദരികളായ ഹൂറിമാർ തങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നുവെന്നും സെക്സിന് അടിമപ്പെട്ടവരെയും, ഇന്നത്തെ ലോക, ദേശീയ, പ്രാദേശിക വ്യവസ്ഥിതികളിൽ വിശ്വാസം നഷ്ടപ്പെട്ട മത ഭ്രാന്തന്മാരെ പറഞ്ഞു വിശ്വസിപ്പിക്കുന്നതിൽ ഇസ്ലാമിക് സ്റ്റേറ്റ് കുറച്ചൊക്കെ വിജയിച്ചിട്ടുണ്ട്. സാമ്പത്തികമായും വിദ്യഭ്യാസപരമായും ഉന്നതിയിൽ എത്തിയ മുസ്ലിം ചെറുപ്പക്കാർ വരെ ഈ കെണിയിൽ അകപ്പെടുന്നത് രാഷ്ട്രീയ വ്യവസ്ഥിതികളിലെ പ്രശ്നങ്ങൾ കൊണ്ടാണെന്നും കാണാം.

ഇസ്ലാമിക സ്റ്റേറ്റ് സൈറ്റ്കൾ വിസിറ്റ് ചെയ്യുന്ന ഏഷ്യക്കാരിലധികവും സെക്സിനുള്ള സാധ്യതയാണ് ആരായുന്നതെന്നുള്ള റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിരുന്നു. എന്താണ് ഇതിന് കാരണം? അടിച്ചമർത്തപ്പെട്ട ലൈംഗികതയാണോ മത തീവ്രവാദ സംഘടനകളുടെ ആൾബലം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതപരമായി യാഥാസ്ഥികരായ പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്നത് വികൃതമായ ലൈഗികബോധം ആണ്. മതം എത്രത്തോളം കഠിനമാകുന്നോ വിശ്യാസികൾ അത്രത്തോളം വൈകൃതം ആകുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

തീവ്ര വാദത്തിൻറ്റെയും, ഭീകര വാദത്തിൻറ്റെയും മതമായാണ് പലരും ഇപ്പോൾ ഇസ്‌ലാമിനെ കാണുന്നത് തന്നെ. പക്ഷെ ഭീകരതയല്ല സമാധാനമാണ് ഇസ്ലാമിൻറ്റെ സന്ദേശമെന്ന് ഇസ്ലാമിക മിതവാദികൾക്കു കഴിയണം. സ്ഫോടനം നടത്തേണ്ടത് സ്വന്തം മനസ്സുകളിലാണ്; അല്ലാതെ അന്യരുടെ ദേഹങ്ങളിലല്ല. 'ജിഹാദിൻറ്റെ' ശരിയായ അർത്ഥം സ്വന്തം മനസ്സിലുള്ള അഹങ്കാരത്തിനും, അത്യാഗ്രഹത്തിനും, മോഹങ്ങൾക്കും എതിരായുള്ള യുദ്ധമാണെന്നാണ് മലയാളിയായ ആത്മീയ ആചാര്യൻ ശ്രീ എം - ഉം (മുംതാസ് അലി ഖാൻ) പറയുന്നത്. പക്ഷെ തീവ്ര വാദികളും, യാഥാസ്ഥിതികരും അത് മറ്റു മതങ്ങൾക്കും, മറ്റു മതസ്ഥർക്കെതിരെയും ഉള്ള യുദ്ധമാണെന്നു ദുർ വ്യാഖ്യാനം കൊടുത്തു. സമാധാനമാണ് ഇസ്ലാമിൻറ്റെ സന്ദേശമെന്ന് അഭിപ്രായപ്പെടുന്ന ഇസ്ലാമിക പണ്ഡിതൻ അബ്ദുസ്സലാം മോങ്ങത്തെ പോലെയും, ശ്രീ എം (മുംതാസ് അലി ഖാൻ) - നെ പോലെയും കൂടുതൽ ആളുകൾ ഈ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ ഇവിടെ സമാധാനവും, സഹിഷ്ണുതയും, സഹവർത്തിത്ത്വവും പുലർന്നേനെ. വിവിധ മത വിശ്വാസത്തിലുള്ള സമാധാന പ്രേമികളായ ജനങ്ങളുടെ ഒരുമ, സാധാരണക്കാരായ എല്ലാവരെയും വിശ്വാസത്തിലെടുക്കൽ, മത തീവ്രവാദത്തിനെതിരെ ഭരണ കൂടങ്ങൾ പൗര സമൂഹത്തിൽ ശക്തമായി ഇടപെടൽ - ഇതൊക്കെയാണ് ശാശ്വതമായ ലോക സമാധാനത്തിനു വേണ്ടി ചെയ്യേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ