2019 ഫെബ്രുവരി 4, തിങ്കളാഴ്‌ച

നമ്മുടെ സമ്പത് വ്യവസ്ഥയിലെ ചില ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ

 അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും ഉത്തർ പ്രദേശ് പൊലീസിലെ 'മെസേഞ്ചർ' പോസ്റ്റിന് അപേക്ഷിച്ച വാർത്തയാണ് കുറച്ചു നാൾ മുമ്പ് പുറത്തു വന്നത്. 2018 മാർച്ച്  30 - ലെ 'ഇന്ത്യ ടി. വി.'  റിപ്പോർട്ട് പ്രകാരം റെയിൽവേയിലെ ഏതാണ്ട് ഒരു ലക്ഷം ജോലിക്ക് അപേക്ഷിച്ചിരിക്കുന്നത് 2 . 12 കോടി ആൾക്കാരാണ്. 2 കോടി  12 ലക്ഷം ജനം ജോലിക്ക് അപേക്ഷിക്കണം എന്നുവെച്ചാൽ അത്രയധികം തൊഴിലില്ലായ്മ ഇന്ത്യയിൽ ഉണ്ടെന്നു സാരം. 2 കോടി  12 ലക്ഷം യുവാക്കക്കൾ  ജോലിക്ക് എന്തിന് അപേക്ഷിക്കണം, കേവലം 62 പ്യൂൺ പോസ്റ്റിന് അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും എന്തിന് അപേക്ഷിക്കണം -  എന്നൊക്കെ  ചോദിക്കുമ്പോഴാണ് നമ്മുടെ സമ്പത് വ്യവസ്ഥയിലെ ചില ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ മനസിലാക്കേണ്ടത്. 

2014 - ലെ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേർക്ക് ആരോപിക്കപ്പെട്ട അഴിമതിയും അതിലൂടെ അവർക്ക് നഷ്ടമായ വിശ്വാസ്യതയും, രാജ്യത്തുണ്ടായ വലിയ വിലകയറ്റവുമാണ് നിര്‍ണായകമായത്. അടിക്കടി പെട്രോളിനും, പാചക വാതകത്തിനും വില വർധിപ്പിച്ചാൽ തീർച്ചയായും ജനം സർക്കാരിന് എതിരെ തിരിയും. അതാണ് ഡോക്റ്റർ മൻമോഹൻ സിങിൻറ്റെ കാലത്തു സംഭവിച്ചതും. കോൺഗ്രസ് വലിയ തോൽവിയിലേക്ക് നീങ്ങാനും ഉണ്ടായ പ്രധാന കാരണം ആ വിലകയറ്റമായിരുന്നു. ഒരു വര്‍ഷം ഒരു കോടി തൊഴില്‍ സൃഷ്ടിക്കുമെന്നാണ് 2014 - ൽ മോദി വാഗ്ദാനം ചെയ്തത്. 135 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് വരുന്ന യുവാക്കളെ അന്ന് ആ വികസന വാഗ്ദാനം കാര്യമായി ആകര്‍ഷിച്ചു.  പക്ഷെ ഇപ്പോൾ കേൾക്കുന്നതെന്താണ്??? 2017 -18 കാലഘട്ടത്തിൽ 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഉണ്ടായിരിക്കുന്നതെന്നാണ് രണ്ടു മാസം കേന്ദ്ര സർക്കാർ പൂഴ്ത്തിവെച്ച നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആറിലൊന്ന് ഗ്രാമീണ യുവാക്കളും തൊഴില്‍ രഹിതരാണ് എന്നും ആ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നേരത്തേ സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) തൊഴിലുണ്ടാക്കുന്നതിൽ രാജ്യത്ത് വളരെ മോശം അവസ്ഥയാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. 2018 - ൽ ഏതാണ്ട് 11 മില്യൺ അതല്ലെങ്കിൽ 1 കോടി 10 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന് പ്രവചിച്ചിരുന്നു. അത് വളരെ കൂടുതലാണെന്നു വിമർശിച്ചിരുന്നവർക്ക് നാഷണൽ സാമ്പിൾ സർവേയുടെ ലേബർ റിപ്പോർട്ട് പുറത്തിറങ്ങിയതോടെ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയായി.

കുറെ നാൾ മുമ്പ് 'ചൈൽഡ് റൈറ്റ്സ് ആൻഡ് യു' എന്ന സംഘടന നടത്തിയ പഠന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. ആ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ബാലവേല ചെയ്യുന്നത് 2.3 കോടി കുട്ടികളാണ്. ഇന്ത്യയിൽ ആകെ ജനസംഖ്യയിലെ 92 ലക്ഷം പെൺകുട്ടികൾ 18 വയസാകും മുമ്പ് വിവാഹിതരാകുന്നു. ഇങ്ങനെ വിവാഹിതരാകുന്നതിൽ 24 ലക്ഷം പേർ പ്രായപൂർത്തി ആകുന്നതിനു മുമ്പ് അമ്മമാരാകുന്നു. 2011 - ലെ സെൻസസ് വെച്ച് കാൽകുലേറ്റ് ചെയ്യുകയാണെങ്കിൽ 65 മില്യൺ ചേരി നിവാസികൾ ഇന്ത്യയിൽ ഉണ്ട്. 28 കോടിയോളം പേർ ഇന്നും ദാരിദ്ര്യ രേഖക്ക് താഴെയാണ്. ആരോഗ്യ മേഖലക്കായി ഇന്ത്യ ചിലവഴിക്കുന്നത് ജി.ഡി.പി. -യുടെ കേവലം 3.9 ശതമാനം മാത്രം. കുറെ നാൾ മുമ്പ് ഡോക്റ്റർ എം. എസ്. വല്യത്താൻ ഒരു ഇൻറ്റർവ്യൂവിൽ പറഞ്ഞത് പല ആഫ്രിക്കൻ രാജ്യങ്ങൾക്കു പോലും ഇന്ത്യയേക്കാൾ നല്ല ആരോഗ്യ സംരക്ഷണ സംവിധാനം ഉണ്ടെന്നാണ്. കർഷകർ ആത്മഹത്യ ചെയ്യുന്നതിൻറ്റെ ഒരു പ്രധാന കാരണം അസുഖം വരുമ്പോൾ ഭൂമി പണയപ്പെടുത്തി ചികിൽസിക്കേണ്ടി വരുന്നതുകൊണ്ടുമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷങ്ങൾ മുടക്കി ചികിൽസിക്കേണ്ട ഒരു സാഹചര്യം വന്നാൽ നമ്മിൽ എത്ര പേർക്ക് അതിനു പാങ്ങുണ്ട് എന്നൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. അതുപോലെ തന്നെ ലക്ഷങ്ങൾ മുടക്കി ഒരു കേസ് നടത്തേണ്ട സാഹചര്യം വന്നാൽ നമ്മിൽ എത്ര പേർക്ക് അത് താങ്ങാൻ പറ്റും എന്നു കൂടി ചിന്തിക്കുന്നത് നന്നായിരിക്കും.

ഇത്തരം പ്രശ്നങ്ങൾക്കൊന്നും നമ്മുടെ ഒരു വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്കും മറുപടി ഇല്ലാ. 'നാഷണൽ ഡിസാസ്റ്റർ' എന്ന് പറഞ്ഞു തൊഴിലില്ലായ്മയെ വിമർശിക്കുന്നതല്ലാതെ രാഹുൽ ഗാന്ധിക്കും തൊഴിൽ സൃഷ്ടിക്കുവാനുള്ള പദ്ധതികളൊന്നും ഇല്ലാ. 2011 മുതൽ തന്നെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറഞ്ഞിരുന്നു എന്നാണ് 'ലേബർ സ്റ്റാറ്റിസ്റ്റിക്സ്' ഉദ്ധരിച്ച് പലരും പറയുന്നത്. കർഷക ആത്മഹത്യ പോലുള്ള പ്രശ്നങ്ങളിൽ വ്യാമോഹിപ്പിക്കുന്ന കുറെ വാഗ്ദാനങ്ങൾ കൊടുക്കുവാനല്ലാതെ നമ്മുടെ ഒരു വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്കും അത്തരം വളരെ ഗൗരവമാർന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള മാർഗങ്ങളില്ല. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 2 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്ര്യം റെക്കോർഡ്സ് ബ്യൂറോ പറയുന്നത്. റഷ്യൻ T .V . പോലും ഇന്ത്യൻ കർഷകരുടെ ദുരിത കഥകൾ പ്രക്ഷേപണം ചെയ്തു. എന്നിട്ടും നമ്മൾ ഇന്ത്യാക്കാർ അറിയുന്നില്ല. രാജ്യത്തിൻറ്റെ നെടും തൂണായ ചെറുകിട കർഷകനെ വിസ്മരിച്ചു കൊണ്ടായിരിക്കരുത് നാം വ്യവസായ വൽകരണം നടപ്പിലാക്കേണ്ടത്. വ്യവസായ വൽകരണം എന്ന് പറയുമ്പോൾ പോലും 90 ശതമാനം തൊഴിലാളികളും ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ് എന്നുള്ള യാഥാർഥ്യവും കൂടി കാണേണ്ടതുണ്ട്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള സമീപനങ്ങളും നമ്മുടെ ഒരു വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്കും ഇല്ലാ. ചുരുക്കം പറഞ്ഞാൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും, പ്രശ്ന പരിഹാരങ്ങൾക്കായി ശ്രമിച്ചാലും മാത്രമേ നമ്മുടെ നാട് നന്നാവുകയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ