2019 ഫെബ്രുവരി 5, ചൊവ്വാഴ്ച

കോൺഗ്രസിനെതിരെ വരുന്ന ആരോപണങ്ങൾ

 ബി. ജെ. പി. - യും സംഘ പരിവാർ സംഘടനകളും കോൺഗ്രസിനെ എതിർക്കുന്നത് ഇന്ത്യയിലെ ദാരിദ്ര്യ നിർമാർജനത്തിൻറ്റെ പേരും പറഞ്ഞാണ്. ഈയിടെ യോഗി ആദിത്യനാഥ് പോലും ഇതു പറഞ്ഞു കോൺഗ്രസിനെ വിമർശിച്ചു. പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം,  ഭക്ഷ്യ സുരക്ഷാ - ഇക്കാര്യങ്ങളിൽ മാറി മാറി വന്ന കോൺഗ്രസ് സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ കോൺഗ്രസാണ് രാജ്യത്തിൻറ്റെ പിന്നോക്കാവസ്ഥയ്‌ക്കെന്നു പറയുന്ന യോഗി ആദിത്യനാതിനെ പോലുള്ളവരുടെ ഭരണം വിദ്യാഭ്യാസം,  ആരോഗ്യം,  ഭക്ഷ്യ സുരക്ഷാ - ഇക്കാര്യങ്ങളിൽ വലിയ പരാജയവുമാണ്. യോഗിയുടെ ഭരണത്തിൽ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലെ ആശുപത്രിയിൽ മരിച്ചു വീണ പിഞ്ചു കുഞ്ഞുങ്ങളെ പറ്റിയുള്ള വാർത്ത എല്ലാവരും വായിച്ചതുമാണ്.

ദാരിദ്ര്യം - ഇതാണ് ഇടതു പക്ഷ പാർട്ടികളും കോൺഗ്രസിനെതിരെ ഉയർത്തിയിട്ടുള്ള മുഖ്യമായ ആയുധം. UPA ഭരണ കാലത്ത് ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ഇത്തരം ആരോപണം ഉന്നയിക്കുന്ന ആരും കാണാതിരിക്കരുത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യൺ എന്ന സംഖ്യയിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളർച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികൾ പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ ഇത് കൃത്യമായി വ്യക്തമാക്കുന്നുമുണ്ട്. എനിക്ക് പങ്കെടുക്കുവാൻ സാധിച്ച ഡോക്ടർ മൻമോഹൻ സിങ്ങിൻറ്റെ ഒരു പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞത് "ഉദാരവൽക്കരണത്തിൻറ്റെ ഒരു പ്രധാന ലക്ഷ്യം ശക്തമായ മധ്യ വർഗത്തെ ഇന്ത്യയിൽ സൃഷ്ടിക്കുകയാണ്" എന്നായിരുന്നു. സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ ഫലമായി ശക്തമായ മധ്യ വർഗം ഇന്ത്യയിൽ രൂപം കൊണ്ടു എന്നതും സമീപ കാല ചരിത്ര സത്യമാണ്. പിന്നെങ്ങനെ കോൺഗ്രെസും, ഡോക്ടർ മൻമോഹൻ സിങ്ങും ദാരിദ്ര്യ നിർമാർജനത്തിൽ പരാജയമാകും??? ഇടതു പക്ഷ പാർട്ടികളൊന്നും ഇതു കാണത്തില്ല. ചൈനയിൽ മാവോയ്ക്ക് പോലും ദാരിദ്ര്യ നിർമാർജനത്തിൽ നാടകീയമായ മുന്നേറ്റം ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല എന്ന് മനസിലാക്കുമ്പോഴാണ് UPA ഭരണ കാലത്തെ ദാരിദ്ര്യ നിർമാർജനത്തിൻറ്റെ മഹത്ത്വം മനസിലാക്കേണ്ടത്.

കോൺഗ്രസിനെതിരെ മറ്റൊരു വലിയ ആയുധം അഴിമതിയാണ്. എല്ലാ കോൺഗ്രീസുകാരും വിശുദ്ധരാണെന്നോ, അഴിമതി രഹിതരാണെന്നോ ഇതെഴുതുന്ന ആൾക്ക് അഭിപ്രായമില്ല. പക്ഷെ പല ആരോപണങ്ങളും വിവാദമുണ്ടാക്കാൻ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. UPA ഭരണ കാലത്ത് നേരിട്ട ഏറ്റവും വലിയ അഴിമതിയായിരുന്നു 2G അഴിമതി. അന്ന് "CAG പറഞ്ഞു" - എന്ന് പറഞ്ഞാണ് 2G-യിൽ ഇത്ര വലിയ കോലാഹലം സൃഷ്ടിച്ചത്. CAG ഒരു ലക്ഷത്തി എഴുപത്തി ആറായിരം കോടി രൂപ നഷ്ടം 'സ്റ്റെയിറ്റിനു' സംഭവിച്ചു എന്ന് കണ്ടെത്തിയത് 'Data supplied by statutory institutions" - എന്നാണ് CAG വിനോദ് റായിയുടെ റിപ്പോർട്ടിനെ ന്യായീകരിച്ച് പലരും പറയുന്നത്. പക്ഷെ സത്യത്തിൽ എന്താണ് സംഭവിച്ചത്?  CAG റിപ്പോർട്ടിൽ റെവെന്യു നഷ്ടമല്ല; മറിച്ച് 'പൊട്ടൻഷ്യൽ നഷ്ടം' ആണ് ചൂണ്ടി കാണിച്ചത്. അതായത് ഇന്നത് ഇന്നതുപോലെ സംഭവിച്ചായിരുന്നായിരുന്നെങ്കിൽ ഇത്ര കോടി ലാഭം ഉണ്ടായേനെ എന്ന്!!!! ഇങ്ങനെ അനുമാനം നടത്തുന്നതിനെയാണ് സ്റ്റാറ്റിസ്റ്റിക്സിൽ 'പ്രോബബിലിറ്റി ടെക്നിക്ക്' എന്ന് വിളിക്കുന്നത്. പണ്ട് നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (NACO) ഇത്തരത്തിൽ അനുമാനം നടത്തി നൂറിലൊരു ഇൻഡ്യാക്കാരന് എയിഡ്സ് ഉണ്ടെന്നു വ്യക്തമായി പറഞ്ഞതായിരുന്നു. പിറ്റേ ദിവസം ആ വാർത്ത ടൈമ്സ് ഓഫ് ഇന്ത്യയിലൊക്കെ മെയിൻ ഹെഡ്ഡിങ് ആയി അച്ചടിച്ചു വന്നു. എയിഡ്സ് ഉള്ള ഒരു സ്ത്രീ ഒരു ദിവസം ഇത്ര പേരുമായി ബന്ധപ്പെടുന്നു. അവർ പിന്നീട് വേറെ ഇത്ര ആളുകളുമായി ബന്ധപ്പെടുന്നു. അവസാനം നമ്പറുകളെല്ലാം കൂട്ടി നോക്കി അനുമാനത്തിൽ എത്തുമ്പോൾ നൂറിലൊരു ഇൻഡ്യാക്കാരന് എയിഡ്സ് ഉണ്ടെന്നു തീർപ്പായി. ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (NACO) കാൽക്കുലേറ്റ് ചെയ്തത് പോലെ 'എയിഡ്സ് ഉള്ള ഒരു സ്ത്രീ' ഇത്ര പേരുമായി ലൈംഗികമായി ബന്ധപ്പെട്ടും എന്നതിന് ഒരു ഗ്യാരൻറ്റിയും ഇല്ലാ. തീർച്ചയില്ലാത്ത അനുമാനമാണത്. ഒരുപക്ഷെ സംഭവിക്കാവുന്നത്. ഇനി അഥവാ ആ സ്ത്രീ പലരുമായി ബന്ധപ്പെട്ടാൽ തന്നെ ബന്ധപ്പെടുന്നവർ സുരക്ഷിത മാർഗങ്ങൾ സ്വീകരിച്ചാൽ അവർക്ക് എയിഡ്സ് പകരണമെന്നും ഇല്ലാ. മനുഷ്യൻറ്റെ 'ബിഹേവിയർ' ഏതു രീതിയിലാണെന്നു പ്രവചിക്കാൻ ഒരു കണക്കിനും സാധ്യമല്ല. അതു പോലെ തന്നെയാണ് സമൂഹത്തിലും, രാഷ്ട്രത്തിലും സംഭവിക്കുന്നത്. "നൂറിലൊരു ഇൻഡ്യാക്കാരന് എയിഡ്സ് ഉണ്ട്" - എന്ന നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (NACO) അനുമാനത്തിലുള്ള വിലയിരുത്തൽ പോലെ തന്നെയായിരുന്നു CAG വിനോദ് റായിയുടെ 2G-യിലുള്ള വിലയിരുത്തലും. ഭരണഘടനാനുസൃതമായി കാര്യങ്ങൾ നീങ്ങണമെന്ന് താൽപര്യമുള്ളവർ ഇത്തരം അനുമാന ശാസ്ത്രജ്ഞൻമാരെ അംഗീകരിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതായിരുന്നു. ഒരു അക്കാഡമീഷ്യനോ, ജേണലിസ്റ്റോ CAG വിനോദ് റായ് 2G-യിൽ നടത്തിയ പോലുള്ള ഒരു നിരീക്ഷണം നടത്തിയാൽ കുഴപ്പമില്ലായിരുന്നു. പക്ഷെ ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്നയാൾ ഇത്തരം അനുമാനങ്ങൾ നടത്താൻ പാടില്ലായിരുന്നു.

രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇത്തരം അഴിമതി ആരോപണങ്ങൾ, വ്യക്തിപരമായ അധിക്ഷേപങ്ങൾ, കളിയാക്കൽ, നടപ്പാക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ - ഇവയൊക്കെയല്ലാതെ യാഥാർഥ്യ ബോധത്തോടെയുള്ള വാഗ്ദാനങ്ങളൊന്നും നമ്മുടെ പ്രിയപ്പെട്ട പ്രധാന മന്ത്രിയുടെ തട്ട് തകർപ്പൻ പ്രസംഗങ്ങങ്ങളിലില്ല. ആരോപണങ്ങളുടെ കാര്യം പറയുമ്പോൾ ബിജെ.പി. ഇറ്റാലിയൻ നാവികരുടെ കാര്യം ഉന്നയിച്ചത് മറന്നു പോകരുത്. പണ്ട് ഇറ്റാലിയൻ നാവികരുടെ കാര്യത്തിൽ സോണിയ ഗാന്ധിയെയും, കോൺഗ്രെസ്സിനെയും ഒത്തിരി വിമർശിച്ചവരാണ് ഇപ്പോൾ ഭരിക്കുന്നത്. നെഞ്ച് പറിഞ്ഞു പോകുന്നത് പോലെയായിരുന്നു അന്ന് ഒരാൾ മൽസ്യ തൊഴിലാളികൾക്ക് വേണ്ടി പ്രസംഗിച്ചത്. എന്നിട്ടെന്തായി?? സുഷമാ സ്വരാജ് ആണെങ്കിൽ പാർലമെൻറ്റിൽ വികാര നിർഭരയായി മൽസ്യ തൊഴിലാളികൾക്ക് വേണ്ടി പ്രസംഗിച്ചു. ഇന്ത്യയിലല്ലാതെ ഇതൊന്നും വേറെ ഒരു രാജ്യത്തും നടക്കില്ല എന്നും പറഞ്ഞു. ആ സുഷമാ സ്വരാജ് തന്നെ പിന്നീട് പത്ര സമ്മേളനത്തിൽ ഇറ്റാലിയൻ നാവികരുടെ ജാമ്യത്തിന് സർക്കാർ എതിര് നിൽക്കുകയില്ല എന്ന് പറഞ്ഞത് സഹതാപം അർഹിക്കുന്ന കാഴ്ച ആയിരുന്നു. ആ നാവികർ ഇപ്പോൾ ഇറ്റലിയിലുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ